History is not melodrama, even if it usually reads like that.
Robert Penn Warren
ചരിത്രമെന്നത് അവ്യക്തത നിറഞ്ഞ ഭൂതകാലത്തിന്റെ നേര്‍ രേഖയും ആവര്‍ത്തനം അതിന്റെ നിയോഗവുമാണ് , നായകനും പ്രതിനായകനും എന്നിങ്ങനെ രണ്ട് ചേരിയായി വിഭജിക്കപ്പെടാതെ ചരിത്രത്തില്‍ വ്യക്തികള്‍ നില നില്‍ക്കുന്നില്ല , അത് ചരിത്രത്തിന്റെ നിയതമായ ബാധ്യതയുമാണ് .
വിഭജന കാലത്തെ ദയനീയമായ പലായനങ്ങള്‍ക്കും ക്രൂരമായ ആട്ടിപ്പായിക്കലുകള്‍ക്കും പഴി ചാരാന്‍ ഒരാള്‍ വേണമായിരുന്നു , ഏത് ദുരന്തത്തിനും ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഒരു വില്ലന്‍ ആവശ്യമായി വരുന്നുണ്ടല്ലോ , എതിര്‍ ടീമിന്റെ കാപ്റ്റന്‍ വില്ലനാകുന്നത് വളരെ സ്വാഭാവികവും ഏറെ പരിചയമുള്ളതുമാണ് അത് കൊണ്ട് തന്നെ മുഹമ്മദ് അലി ജിന്ന ആ കര്‍ത്തവ്യം നമുക്ക് വേണ്ടി ഭംഗിയായി നിറവേറ്റി . ചരിത്രത്തില്‍ ഭൂതകാലത്തെ സത്യങ്ങളെക്കാള്‍ പ്രാധാന്യം വര്‍ത്തമാന കാലത്തിന്റെ നില നില്‍പ്പിനായത് കൊണ്ട് മുസ്ലീം മതമൌലിക വാദിയും വിഘടനവാദിയുമായ ഒരു ജിന്നയെ നമ്മള്‍ ചരിത്രത്തില്‍ പഠിച്ചു , പഠിച്ച് കൊണ്ടേ ഇരിക്കുന്നു .
മുഹമ്മദ് അലി ജിന്നാ എന്ന പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് ഇന്‍ഡ്യന്‍ പൊതു സമൂഹത്തിന്റെ മനസ്സാക്ഷിക്ക് മുന്നില്‍ വെറുക്കപ്പെട്ട ഒരു കഥാപാത്രമാണ് , അത് തിരുത്താന്‍ ശ്രമിക്കരുത് , അത് കൊണ്ട് ജസ്വന്ത് സിങ്ങ് എന്ന പഴയ ഭാജ്പാക്കാരന്‍ എഴുതിയ "Jinnah-India, Partition, Independence". എന്ന പുസ്തകം നിരോധിക്കണമെന്ന് ആര്‍.എസ് എസ് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ഗുജറാത്ത് സര്‍ക്കാര്‍ അത് നിരൊധിച്ച് കഴിഞ്ഞിരുന്നു .രാഷ്ട്രത്തിന്റെ പൊതു മനസ്സാക്ഷിക്ക് കളങ്കമേല്‍ക്കാതിരിക്കാനായി രാജ്യവ്യാപകമായി നിരോധിക്കപ്പെടാനിനി അധിക നാളുകള്‍ കാത്തിരിക്കേണ്ടി വരില്ല എന്ന് തന്നെ കരുതാം.
ലാല്‍ കൃഷ്ണ അദ്വാനി , വാജ്പെയി മാറിയ ഒഴിവിലേക്കുള്ള മതനിരപേക്ഷ സീറ്റിനായുള്ള പരിശ്രമത്തിന്റെ ഭാഗമായി പാക്കിസ്ഥാന്‍ സന്ദര്‍ശന വേളയില്‍ “ ജിന്ന മതേതരവാദിയാണ് “ എന്നൊന്ന് പറഞ്ഞ് നോക്കിയത് വലിയ വിവാദമായെങ്കിലും “ ബാബറി മസ്ജിദ് പൊളിച്ച ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും ദുഖകരമായ ദിവസം “ എന്ന് പറഞ്ഞ അതേ മെയ്‌വഴക്കത്തോടെ ഇന്ത്യയില്‍ തിരിച്ചെത്തിയ ഉടനെ മലക്കം മറിഞ്ഞു കളഞ്ഞു അദ്ദേഹം , എങ്കിലും നാഗ് പൂരില്‍ ഒരു അസ്വാരസ്യത്തിനും പുകച്ചിലിനും കുറച്ച് നാളത്തെക്കെങ്കിലും അത് കാരണമായി . ജസ്വന്ത് സിങ്ങിന്റെ പുസ്തകത്തില്‍ ജിന്നയെക്കുറിച്ചുള്ള പരാമര്‍ശങ്ങളെല്ലാം ഇന്ത്യയിലെ പാക്കിസ്ഥാന്‍ ലോബിയുടെ കൈ കടത്തലാണ് എന്ന് ആര്‍.എസ്.എസ്സ് അസ്സന്ദിഗ്ദമായി പ്രഖ്യാപിച്ച് കളഞ്ഞത് ഇന്നലെയാണ് [23.08 .2009 ] .
മുഹമ്മദ് അലി ജിന്ന എന്നും ഇന്ത്യന്‍ ചരിത്രത്തില്‍ ക്രൂരനായ മതമൌലിക വാദിയും ഒറ്റ്കാരനുമായി നില നില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ് മറിച്ച് ചിന്തിക്കുന്നത് നിഷ്കപടമായ നമ്മുടെ ദേശസ്നേഹത്തിന്റെ പവിത്രതക്ക് മങ്ങലേല്‍പ്പിക്കും . പക്ഷെ ചില നേരത്തെങ്കിലും പഴയ ചില കഥകളും ചരിത്രക്കുറിപ്പുകളും എഴുതിയെഴുതി എഴുത്തുകാരന്റെ അനുവാദമില്ലാതെ ചരിത്രത്തിന്റെ നേരിലേക്ക് കടന്ന് ചെല്ലുന്നു .
എച്ച് . വൈ ശേഷാദ്രി എന്ന സംഘ പരിവാറിന്റെ ചരിത്രകാരന്‍ 1982 ല്‍ ഇംഗ്ലീഷിലെഴുതിയ പുസ്തകമാണ് . “ വിഭജനത്തിന്റെ ദുഖ കഥ “ പ്രസിദ്ധീകരിച്ചത് ജാഗരണ പ്രകാശനും പിന്നീട് പല ഭാഷകളിലായി പല പതിപ്പുകള്‍ ഇറങ്ങിയ പുസ്തകം അതത് ഭാഷകളിലെ സംഘപ്രസിദ്ധീകരണ സ്ഥാപനങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്
" കാലക്രമേണ നാം ഭൂരിപക്ഷം , ന്യൂന പക്ഷം ഹിന്ദു സമുദായം , മുസ്ലീം സമുദായം എന്നിങ്ങനെയുള്ള വിഭിന്നതകള്‍ അപ്രത്യക്ഷമാകാന്‍ വേണ്ടി പ്രയത്നിക്കണം .വാസ്തവത്തില്‍ ഇവയായിരുന്നു സ്വാതന്ത്ര്യവും സ്വരാജ്യവും ലഭിക്കുന്നതിന് ഏറ്റവും തടസ്സമായിരുന്നത് , ഇവയില്ലായിരുന്നെങ്കില്‍ നാം ഇതിലും വളരെ മുമ്പ് സ്വാതന്ത്ര്യപ്രാപ്തി കൈവരിച്ചേനെ , നിങ്ങള്‍ക്ക് ഏത് ജാതിക്കാരനും മതക്കാരനുമാകാം സമ്പ്രദായക്കാരനുമാകാം , അത് രാജ്യകാര്യങ്ങളെ ബാധിക്കുന്നില്ല “
1947 സെപ്തംബര്‍ 11 ന് പാക്കിസ്ഥാനെന്ന ഇസ്ലാമിക തനിമയുള്ള രാജ്യത്തിന്റെ നിയുക്ത ഗവര്‍ണര്‍ എന്ന നിലക്ക് മുഹമ്മദ് അലി ജിന്ന നടത്തിയ ആദ്യത്തെ പ്രസംഗമാണ് മേല്‍ പറഞ്ഞത് , തനിമയും ശുദ്ധിയുമുള്ള ഒരു മുസ്ലീം രാഷ്ട്രമെന്ന ലക്ഷ്യം കൈവരിച്ചതിന് ശേഷം അതിന്റെ തലവന്‍ പറഞ്ഞ വാക്കുകളാണിത് . ഇതിലും വലിയ മതേതരത്വം എന്താണ് ഒരു മതത്തിലധിഷ്ടിതമായി രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ തലവന്‍ പറയേണ്ടത് ?
ജിന്നയുടെ മതേതരത്വ സ്വഭാവത്തെക്കുറിച്ചുള്ള നിരവധി ഉദ്ധരണികളും വിഭജനത്തില്‍ ജിന്നയുടെ പങ്കിന് കാരണഭൂതമായത് ദേശീയ രാഷ്ട്രീയത്തില്‍ ആവേശത്തോടെ അലിഞ്ഞ് ചേര്‍ന്ന മുസ്ലീങ്ങളെ അവഗണിച്ച് കൊണ്ട് മതമൌലിക വാദികളെ മുസ്ലീം നേതൃത്വ നിരയിലേക്കുയര്‍ത്തിയതിന്റെ പരിണിതമാണ് എന്നും ഹിന്ദു മുസ്ലീം മതധ്രുവീകരണത്തില്‍ ജിന്ന കാര്യമായ പങ്ക് വഹിച്ചിരുന്നില്ല എന്നും തെളിവുകളോടെ കാര്യ കാരണ സഹിതം വ്യക്തമായി പറയുന്നുണ്ട് എച്ച്. വൈ ശേഷാദ്രി .
1876 ലെ ഒരു ക്രിസ്മസ് ദിനത്തില്‍ ഗുജറാത്തിലെ ഒരു മുസ്ലീം കച്ചവട കുടുംബത്തില്‍ മൂത്ത പുത്രനായി ജനിച്ചു , ഒരു ക്രീസ്ത്യന്‍ മിഷനറി സ്കൂളില്‍ ഹൈ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും പിന്നീട് ബ്രിട്ടനില്‍ ഉന്നത വിദ്യഭ്യാസത്തിന് വേണ്ടി പോയതു അദ്ദേഹത്തില്‍ വിശാലമായ ഒരു മതേതര ദേശീയ ചിന്താഗതി വളര്‍ത്തി .മുസ്ലിം എന്ന നിലയില്‍ മതത്തോട് യാതൊരു ആഭിമുഖ്യവുമില്ലാതെ , മത നിരപേക്ഷയില്‍ വിശ്വസിക്കുന്ന , ഇസ്ലാമിന് ഹറാമായ മദ്യം കഴിക്കുകയും പുരോഗമന ചിന്താധാരകളിലൂടെ യഥാസ്ഥിതിക നിലപാടുകളിലെ സങ്കുചിതത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം വളരെ അപൂര്‍വ്വമായി മാത്രമേ മുസ്ലീം എന്ന നിലയില്‍ സംസാരിച്ചിരുന്നു എന്നും തനിമയുള്ള , കലര്‍പ്പില്ലാത്ത മുസ്ലീം സംസ്കാരത്തെക്കുറിച്ചുള്ള വാദങ്ങളെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തിരുന്നു , ഒരിക്കല്‍ മുല്ലമാരെ കൂടെക്കൊണ്ട് നടക്കുന്നതിനെക്കുറിച്ച് “ ആ വിഡ്ഡികളെ കൂടെക്കൊണ്ട് നടക്കേണ്ടി വരുന്നുണ്ടെങ്കിലും അവരുടെ തോന്ന്യാസങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും “ പറയുക വരെ ചെയ്തു .
സുരേന്ദ്രനാഥ ബാനര്‍ജിയുടെ കാല്‍ചുവട്ടിലിരുന്നാണ് താന്‍ രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചതെന്ന് അഭിമാനത്തോടെ പറയുന്ന ജിന്നയെക്കുറിച്ച് ദേശീയ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കന്മാര്‍ക്കും അതീവ പ്രതീക്ഷ ഉണ്ടായിരുന്നു , “സകല വിഭാഗീയ ചിന്തകളില്‍ നിന്നും മുക്തനായ അദ്ദേഹം ഹിന്ദു മുസ്ലീം ഐക്യത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയായിത്തീരും “ ജിന്നയെക്കുറിച്ച് ഗോഖലെ പറഞ്ഞ വാക്കുകളാണിത് , മുസ്ലീം ലീഗില്‍ ചേരുമ്പോഴും ദേശീയ കാര്യങ്ങളോടായിരുന്നു ജിന്ന കൂടുതല്‍ പ്രതിപത്തി കാണിച്ചത് , തന്റെ അനുചരന്മാരോട് അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉപദേശിക്കുകയുണ്ടായി .മുസ്ലീങ്ങള്‍ക്ക് പ്രത്യേക സാമുദായിക പ്രധാന്യം നല്‍കുന്നത് ദേശീയരാഷ്ട്രീയത്തില്‍ ഹിന്ദു മുസ്ലീം ഐക്യത്തെ തകര്‍ക്കുമെന്നും അതിനാല്‍ മുസ്ലീങ്ങള്‍ക്കുള്ള പ്രത്യേക സമുദായിക താല്പര്യങ്ങള്‍ക്കെതിരായിട്ടായിരുന്നു അദ്ദേഹം 1919 ല്‍ ഇന്ത്യാ റിഫോംസ് ബില്ലിനെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സെലക്റ്റ് കമ്മിറ്റിക്ക് മുമ്പാകെ തെളിവ് നല്‍കിയത് . പരിഷ്കൃതാശയനും മത നിരപേക്ഷനുമായ ജിന്ന മത മൌലിക വാദം കൊണ്ട് മാത്രം ദേശീയ സ്വാതന്ത്ര്യ സമരത്തിലിടം നേടിയ ഖിലാഫത്ത് പ്രസ്ഥാനത്തിനെതിരായിരുന്നു , പക്ഷെ കോണ്‍ഗ്രസ്സാകട്ടെ ദേശീയ വാദികളായ മുസ്ലീങ്ങളെ മാറ്റി നിര്‍ത്തി മത മൌലിക വാദികളായ മുല്ലമാരരെയും മൌലവിമാരെയും പ്രീണീപ്പിച്ച് മുസ്ലീങ്ങളെ പ്രതിനിധീകരിച്ച് ഉയര്‍ത്തിക്കൊണ്ട് വര്‍ഗ്ഗീയ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചത് . ഇത്തരമൊരു പരിതസ്ഥിതിയില്‍ കഴിവുള്ള ഒരു നേതാവും ദേശീയ പ്രസ്ഥാനത്തോടെ കൂറും പ്രകടിപ്പിച്ചിരുന്ന ജിന്ന നിരന്തരമായി അവഗണിക്കപ്പെട്ട് കൊണ്ടിരുന്നു .
വിഭജനമെന്നത് യാഥാര്‍ത്ഥ്യത്തില്‍ കുറഞ്ഞ ഒന്നല്ല എന്ന സാഹചര്യം അപ്പോഴെക്കും ഉടലെടുത്ത് കഴിഞ്ഞിരുന്നു ബ്രിട്ടീഷ് ഗവണ്മെന്റ് അതിന് വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊണ്ടിര്‍ക്കുന്ന സമയവും അത് കൊണ്ട് തന്നെ ബ്രിട്ടീഷ് ഉന്നത വിദ്യഭ്യാസം ലഭിച്ച , വാഗ്മിയായ ഒരു അഭിഭാഷകനെ മുസ്ലീം പ്രതിനിധിയായി ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് അവര്‍ മുന്‍ ഗണന നല്‍കി.
ദ്വിരാഷ്ട്ര വാദത്തിന്റെ ഉപജ്ഞാതാവ് ജിന്നയാണെന്ന് ഒരു ചരിത്രവും പറയുന്നില്ലെങ്കിലും അതാണ് വാസ്തവമെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു , സങ്കുചിതമായ മത -രാഷ്ട്രസങ്കല്‍പ്പങ്ങളെ തികഞ്ഞ അവജ്ഞയോടെ നോക്കിക്കണ്ടിരുന്ന ജിന്ന പിന്നീട് സംഭവിച്ച വിഘടന വാദത്തിന്റെ സങ്കീര്‍ണ്ണമായ രാഷ്ട്രീയത്തിലേക്ക് നയിക്കപ്പെടുകയായിരുന്നു , അനിവാര്യമായ വിഭജനം എന്ന ആ നിര്‍ണ്ണായക സന്ധിയില്‍ ചുക്കാന്‍ പിടിക്കാന്‍ ചരിത്രം നിയോഗിച്ചത് ഹിന്ദു മുസ്ലീം ഐക്യത്തിലൂടെ ഏകരാഷ്ട്രമെന്ന സ്വപ്നം താലൊലിച്ച മൊഹമ്മദ് ആലി ജിന്നയിലൂടെ ആയത് ചരിത്രത്തിന്റെ മുന്‍ നിശ്ചയിക്കപ്പെട്ട നിയോഗമായിരുന്നിരിക്കണം .
മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഉടലെടുത്ത ഇത്തരം സാഹചര്യങ്ങളുടെ പരിണിത ഫലമായിരുന്നു മത നിരപേക്ഷതയിലൂന്നിയുള്ള ദേശീയ രാഷ്ട്രം എന്ന സങ്കല്‍പ്പത്തില്‍ നിന്ന് തന്റെ ഉത്തമ താല്പര്യങ്ങളെ പോലും ബലി കഴിച്ച് മുസ്ലീം രാഷ്ടവാദമെന്ന ജിന്നയുടെ പെട്ടെന്നുള്ള രൂപാന്തരം , ഒരു പക്ഷെ മറുവശത്ത് മതനിരപേക്ഷതയില്‍ വീര്‍ സവര്‍ക്കര്‍ ഹിന്ദു രാഷ്ട്രവാദത്തിന്റെ വക്താവായി മാറിയതും ഏകദേശം ഒരേ സമയത്തായത് യാദൃശ്ചികം മാത്രമായിരുന്നില്ല .പ്രീണന രാഷ്ട്രീയത്തിന്റെ കോണ്‍ഗ്രസ്സ് മുഖങ്ങളും വിഭജനത്തിലൂടെയല്ലാതെ സ്വാതന്ത്ര്യം ലഭിക്കുക ആയാസകരമാണെന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സൂചനകളും ഏറെക്കുറെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിഭജനത്തിലധിഷ്റ്റിതമായ സ്വതന്ത്ര്യപ്പോരാട്ടത്തിനും പ്രക്ഷോഭത്തിനും തുടക്കം കുറിച്ച് മുസ്ലീങ്ങള്‍ക്ക് കലര്‍പ്പില്ലാത്ത ഏക രാഷ്ട്രം വേണമെന്ന മുദ്രാവാക്യം ഉയര്‍ന്ന് ഏറെക്കഴിഞ്ഞ് മാത്രമാണ് മുഹമ്മദ് അലി ജിന്ന നേതൃസ്ഥാനത്തേക്ക് വരികയും “ഖായിദ് എ അസ്സം “ ആയിമാറുകയും ചെയ്യുന്നത് .കോണ്‍ഗ്രസ്സിന്റെ കീഴില്‍ മുസ്ലിം മത വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും നീതിയും ലഭിക്കില്ല എന്നുള്ള രാഷ്ട്രീയമായ ഒരു അരക്ഷിതാവസ്ഥ അതിനകം തന്നെ ഉടലെടുത്ത് കഴിഞ്ഞിരുന്നു , മറു ഭാഗത്ത് ഹിന്ദു രാഷ്ട്രവാദവുമായി വീര്‍ സവര്‍ക്കറിന്റെ നേതൃത്വത്തിലുള്ള പടയൊരുക്കത്തിന്റെ ആക്കം കൂടിക്കഴിഞ്ഞിരുന്നു , നിരന്തരമായ കലാപങ്ങളും കൂട്ടക്കുരുതികളും ഹിന്ദു - മുസ്ലീം ഐക്യത്തിലൂടെ ഏകരാഷ്ട്രമെന്ന സ്വപ്നവും ഏറെക്കുറെ അവസാനിച്ച ഘട്ടത്തില്‍ അത് വരെ വിഭജനത്തിനെതിരെ ശക്തമായി വാദിച്ച സര്‍ദാര്‍ പട്ടേല്‍ പോലും അനുകൂലഭാവത്തിലെത്തുകയായിരുന്നു ,വിഭജനം അനിവാര്യമായ ഒരു പ്രക്രിയയാകുമെന്ന് സ്വാതന്ത്ര്യ ലബ്ദിക്ക് ഏറെ മുമ്പെ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നതാണ് , ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ച് മുന്നൊരുക്കങ്ങളും ശരിയായ ആസൂത്രണങ്ങളും ചെയ്തിരുന്നെങ്കില്‍ ആ നാളുകളിലെ ക്രൂരമായ പലായനങ്ങളും കൊടും ദുരിതവും ഒഴിവാക്കാന്‍ കഴിഞ്ഞേനെ .
എച്ച് .വൈ ശേഷാദ്രി ഒരു സംഘ പരിവാറുകാരന്റെ കടുത്ത നിയന്ത്രണ രേഖക്കുള്ളില്‍ നിന്ന് പറയാതെ പറഞ്ഞത് ജിന്നയുടെ മതേതരത്വവും വിഭജനത്തിന്റെ പിന്നില്‍ അറിയാതെ പോയ നിരവധി സത്യങ്ങളുമായിരുന്നു , അന്ന് ഉയരാത്ത ബീജെപി - സംഘപരിവാര്‍ രാഷ്ട്രസങ്കല്‍പ്പത്തിലെ “കോര്‍ വാല്യൂ “ ഇന്നുയര്‍ത്തണമെങ്കില്‍ കൃത്യമായ അജണ്ട അതിന് പിന്നിലുണ്ട് എന്ന് മനസ്സിലാക്കാന്‍ അത്ര കൂടിയ ഐ ക്യൂ നിലവാരം ഒന്നും വേണ്ടി വരുന്നില്ല .
എന്തായാലും “ജിന്നാവിവാദം “ അവസാനിപ്പിച്ച് കൊണ്ട് സര്‍ദാര്‍ വല്ലഭായി പട്ടേലിനെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് വിവാദത്തിന് കാരണമെന്നും ഉരുക്ക് മനുഷ്യനെക്കുറിച്ച് മോശമായി പ്രദിപാദിച്ചു എന്നും അതാണ് ഭാജ് പാ യുടെ കോര്‍ വാല്യൂവില്‍ മങ്ങലേല്‍പ്പിച്ചതെന്ന ബീ ജെ പി നേതാവിന്റെ വാദത്തിന് മുന്നില്‍ കയ്യിലിരുന്ന ജസ്വന്ത് സിങ്ങിന്റെ പുസ്തകം ഉയര്‍ത്തിക്കാണിച്ച് കൊണ്ട് ടൈംസിലെ വാര്‍ത്താ അവതാരകന്‍ ചൊദിച്ചു
“ ഞാന്‍ ഈ പുസ്തകം വായിച്ചതാണ് , ഇതില്‍ ആറോ ഏഴോ തവണ സര്‍ദാര്‍ പട്ടേലിനെ പരാമര്‍ശിച്ചിട്ടുണ്ട് പക്ഷെ ഒരിടത്ത് പോലും പട്ടേലിനെ മോശമായി ചിത്രീകരിച്ച് കണ്ടില്ല , താങ്കള്‍ ഈ പുസ്തകം വായിച്ചതാണോ “ ആ ചൊദ്യത്തിന് മുന്നില്‍ പാര്‍ട്ടിയുടെ കോര്‍ വാല്യൂ എന്ന് പറഞ്ഞ് പരുങ്ങുന്ന നേതാവിനെ കണ്ടപ്പോള്‍ പണ്ട് റുഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ക്കെതിരെ പ്രക്ഷോബം നടത്തിയ ഷഹാബുദ്ദീനോട് പത്ര പ്രവര്‍ത്തകന്‍ താങ്കള്‍ ഈ ഈ പുസ്തകം വായിച്ചതാണൊ ?” എന്ന ചോദ്യത്തിന് “എന്തിനാ ഇതൊക്കെ വായിക്കുന്നത് , ഓടയിലെ വെള്ളത്തില്‍ അഴുക്കാണെന്ന് ഊഹീച്ചാല്‍ പോരെ “ എന്ന മറുപടിയോട് അടുത്ത സാമ്യം തോന്നി .
ഇന്ത്യ്യില്‍ ചരിത്രവും കലയും സാഹിത്യവുമെല്ലാം ഊഹാപോഹങ്ങളുടെ മതമൌലികവാദങ്ങള്‍ കൊണ്ട് അടച്ച് മൂടേണ്ടി വരുന്ന അതിനിസ്സാരങ്ങളായ സ്വാതന്ത്ര്യങ്ങളാണ്, അത് തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യും . ചരിത്രത്തിന്റെ പുനര്‍ വായനയല്ല നേര്‍വായന പോലും അനുവദനീയമല്ലാത്ത ഒരു സ്വാതന്ത്ര്യം തന്നെയാണ് , അത് കൊണ്ട് തന്നെയാണ് ദേശീയ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷതയും ദേശീയത എന്ന ആവേശവും ഒഴിവാക്കിക്കൊണ്ട് കടന്ന് വന്ന ഖിലാഫത് പ്രസ്ഥാനം ഇന്നും സ്വാതന്ത്ര്യ സമരത്തിന്റെ ഉന്നതമായി മാതൃകയായി ഇന്നും നിലകൊള്ളുന്നത് .
മത നിരപേക്ഷതയല്ല മത പ്രീണനം നമ്മുടെ നയമായി നമ്മള്‍ സ്വീകരിച്ചിരിക്കുന്ന കാലത്തോളം അതിലല്‍ഭുതപ്പെടാന്‍ ഒന്നുമില്ല . വാക്കും വരയും ശബ്ദവും താളവും രൂപവും ചരിത്രവുമെല്ലാം ആരെയെങ്കിലും വ്രണപ്പെടുത്തുകയും വ്രണിതഹൃദയരെ സമാശ്വസിപ്പിക്കാന്‍ അത് നിരോധിക്കുകയും നിഷേധിക്കുകയും തീയിട്ട് ചുടുകയും ചെയ്യും അതാണ് നമ്മുടെ അതാണ് നമ്മുടെ ചരിത്രം .
Ref : വിഭജനത്തിന്റെ ദുഖ കഥ - എച്ച്.വൈ ശേഷാദ്രി
സ്വാതന്ത്ര്യം അര്‍ത്ഥരാത്രിയില്‍ - ലാപിയര്‍ , കോളിന്‍സ്
picture courtesy - www.indohistory.com
നമ്മുടെ വിഭജനത്തിന് ഒരു വില്ലന്‍ വേണമായിരുന്നു ,മതമൌലിക വാദിയായ ഒരു മുഹമ്മദ് അലി ജിന്ന ആ കര്‍ത്തവ്യം നമുക്ക് വേണ്ടി ഭംഗിയായി നിറവേറ്റി ,
ReplyDeleteജിന്ന മതേതരവാദിയാണോ അല്ലയോ എന്ന വിവാദങ്ങങ്ങള്‍ക്കിടയില്‍ 1982 - ല്‍ സംഘപ്രരിവാര്‍ പ്രസിദ്ധീകരണം പുറത്തിറക്കിയ ആര്‍.എസ്.എസ്സിന്റെ ദക്ഷിണ ക്ഷേത്രീയ പ്രചാരക് ആയ എച്ച്.വൈ ശേഷാദ്രി എഴുതിയ “ വിഭജനത്തിന്റെ ദുഖകഥ” എന്ന പുസ്തകം പറയുന്നത് മതേതര വാദിയായ ഒരു ജിന്നയെക്കുറിച്ചാണ്
കുറേ അറിവ് കിട്ടി..
ReplyDeleteതാങ്ക്സ്
പണ്ടൊക്കെ പറഞ്ഞു കേട്ടിരുന്നതു രാജ്യത്തെ സർക്കാർ(അതു ഭാരതസർക്കാർ ആയാലും പാകിസ്ഥാൻ സർക്കാർ ആയാലും...)
ReplyDeleteരാഷ്ട്രീയമായ വെല്ലുവിളികൾ നേരിടുമ്പോൾ അതിർത്തിയിൽ കലാപങ്ങൾ
ഉണ്ടാക്കി ജനശ്രദ്ധ തിരിക്കാറുണ്ടായിരുന്നു എന്നാണു എന്തായാലും
ഇനി നമുക്കു പാകിസ്ഥാന്റെ സഹായമില്ലാതെ തന്നെ ഇന്ത്യയ്ക്കകത്തു
ഇത്തരം നാടകങ്ങൾ തട്ടിക്കൂട്ടി ജനശ്രദ്ധതിരിക്കാനുള്ള സ്വയമ്പര്യാപ്തത ആയല്ലോ....
ഇന്ത്യ പാക്ക് വിഭജനത്തിനു വേണ്ടി വാദിക്കുകയും അത് നടത്തുകയും ചെയ്തത് ജിന്ന ആണ് ....
ReplyDeleteഇന്ന് എതിര്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയതും അത് കൊണ്ട് മാത്രമാണ് ...
മറിച് ആയിരുന്നെങ്ങില്‍ അദ്ദേഹം എതിര്‍ ടീമിന്റെ ക്യാപ്റ്റന്‍ ആവില്ലായിരുന്നു ...
ഭിന്നിപ്പിച്ചു ഭരിക്കുക എന്നാ ബ്രിട്ടീഷ് തന്ത്രത്തിന്‍റെ നടത്തിപ്പുകാരന്‍ ആയി അദ്ദേഹം മാറി ഗാന്ധിജി രക്തസാക്ഷി ആയി ...
ഇന്നും ഇന്ത്യയും പാകിസ്ഥാനും ശത്രുക്കളായി തുടരുന്നു ...
ഇന്ന് കശ്മീരിന് വേണ്ടി കടിപിടി കൂടുന്നു ...
ReplyDeleteകശ്മീരികള്‍ ശ്രീനഗറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ വിസമ്മതിക്കുന്നു
കേരളത്തില്‍ നിന്ന് പോലും അവിടേക്ക് വിഗാദന വാദികള്‍ പോകുന്നു ...
ഇതൊന്നും കാണാത്ത കുറെ അന്ധന്മാര്‍ ഇപ്പോളും ഇന്ത്യയില്‍ ഉണ്ടെന്നുള്ള തെളിവായി ഈ ലേഘനം ....