Like
...........
Saturday, 29 January 2011
അധിനിവേശത്തിന്റെ വേദാന്തം .
ഓരോ അധിനിവേശങ്ങള്‍ക്കും നിയതമായ ലക്ഷ്യങ്ങളുണ്ടാകും , കൃത്യമായ ന്യായങ്ങളും .യുദ്ധരഹിതമായ എല്ലാ അധിനിവേശങ്ങളുടെയും അടിസ്ഥാനം വാണിജ്യ - നയതന്ത്രങ്ങളിലൂടെയാണെന്ന് കഴിഞ്ഞ ചരിത്രങ്ങളെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നു . എല്ലാ അധിനിവേശങ്ങളുടെയും തുടക്കം നിശബ്ദമായിരിക്കും.യാതൊരു കോലാഹലങ്ങളുമില്ലാതെ മാതൃവൃക്ഷത്തിന്റെ തായ്തടിയില്‍ വേരുറപ്പിച്ച് പടര്‍ന്ന് കയറുന്നൊരു പരാദ സസ്യത്തെപ്പോലെ അത് പതിയെ പടരും പിന്നെ പടര്‍ന്ന് പടര്‍ന്ന് അതിനിടയില്‍ ദുര്‍ബലമായിപ്പോയ തായ്തടിയെയും നിഷ്പ്രഭമാക്കി നില നില്‍ക്കും , അതാണ് അധിനിവേശത്തിന്റെ നീതിശാസ്ത്രം .
വേദാന്തയെന്ന ബഹുരാഷ്ട്ര ഭീമന്‍ നിശബ്ദമായി നടത്തുന്ന അധിനിവേശങ്ങള്‍ , രാഷ്ട്രീയ അധികാരങ്ങളുടെ മറയില്ലാത്ത സഹായ സഹകരണങ്ങളുമായി ഒരു പരാദസസ്യത്തിന്റെ കൌശലത്തോടെ നമ്മെ വലയം ചെയ്യുമ്പോഴും നമുക്കതിനെക്കുറിച്ച് ആശങ്കകളില്ലാതെയാകുന്നത് അത് നമ്മെ ബാധിക്കുന്നതല്ലെന്ന ആശ്വാസം കൊണ്ടാവണം .ഇന്‍ഡ്യയിലെ ചുവന്ന ഇടനാഴിയെന്നും മാവോയിസ്റ്റ് താവളമെന്നും മാധ്യമങ്ങള്‍ എക്സക്ലുസീവ് റിപ്പോര്‍ട്ടുകള്‍ കൊണ്ട് ആഘോഷിക്കുന്ന ഛത്തിസ് ഗഡ് ,ഝാര്‍ഖണ്ട് , ഒറീസ്സാ , ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ മലകളും അരുവികളും വനങ്ങളും ഭൂരിഭാഗവും അധീനമാക്കി വെച്ചിരിക്കുന്ന ദശലക്ഷം കോടി ആസ്ഥിയുള്ള, അനില്‍ അഗര്‍വാളെന്ന ഇന്‍ഡ്യക്കാരന്റെ ഉടമസ്ഥതയിലുള്ള ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈനിങ്ങ് കമ്പനി അതാണ് വേദാന്ത.ഒരു ബഹുരാഷ്ട്ര മൈനിങ്ങ് കമ്പനിയെ സംബന്ധിച്ച് എത്ര മാത്രം അര്‍ത്ഥവ്യാപ്തിയുള്ള പേരാണത് - വേദാന്ത !
വേദാന്ത എന്ന മൈനിങ്ങ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പരമായി പ്രധാനപ്പെട്ടതായി വിവക്ഷിക്കപ്പെടാന്‍ പ്രസക്തമായ ഒരു കാരണമുണ്ട് - നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരം 2004 ല്‍ യൂ പി എ മന്ത്രിസഭയില്‍ ധനമന്ത്രിയായി ചാര്‍ജെടുക്കുന്നതിന് തൊട്ട് മുമ്പ് വരെ വേദാന്ത എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളും നിയമോപദേഷ്ടാവും കൂടിയായിരുന്നു .വേദാന്തയുടെ തന്നെ sterlite Energies മായി ബന്ധപ്പെട്ട കോടികളുടെ നികുതിതട്ടിപ്പ് കേസ് ചിദംബരം ധനമന്ത്രിയായതിന് ശേഷം അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാവുകയായിരുന്നു അതിന് ശേഷമാണ് അദ്ദേഹം ആഭ്യന്തരമന്ത്രി പദത്തിലേക്ക് കളം മാറ്റിചവിട്ടിയത് , ആ രീതിയിലും അദ്ദേഹത്തിന്റെ സേവനം കമ്പനിക്ക് ആവശ്യമായിരുന്നിരിക്കണം .പളനിയപ്പന്‍ ചിദംബരം ആഭ്യന്തരമന്ത്രിയാകുന്നതിന്റെ മുന്നൊരുക്കങ്ങളായാണ് ആദിവാസി - ഖനന മേഘലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം മാവോവാദികളും നക്സലൈറ്റുകളും പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതും ഈ മേഘലയിലെ ആഭ്യന്തരസുരക്ഷക്കായി പ്രത്യേകം സേനകള്‍ രൂപീകരിക്കുന്നതും , ഇടക്കിടെ സംഘട്ടനങ്ങള്‍ ഉണ്ടാകുന്നതും , ചിന്തിക്കേണ്ട ഒരു വിഷയമാണത് .
കോടികളുടെ ഇടപാടുകള്‍ നടക്കുമ്പോഴും ഇന്‍ഡ്യയുടെ പ്രകൃതി വിഭവങ്ങളുടെ മൊത്തം കുത്തകയായി തീരുമ്പോഴും സാധാരണ ബിസിനസ്സ് ഗ്രൂപ്പുകളുടെ സ്വാഭാവിക താല്പര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മീഡിയാ കവറേജില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നിശബ്ദമായിരിക്കാനാണ് വേദാന്ത ഗ്രൂപ്പ് എന്നും ശ്രദ്ധിച്ചിട്ടുള്ളത്, ഒരു തരം നിശബ്ദമായ പ്രവര്‍ത്തനങ്ങള്‍ പക്ഷെ ഇടക്കൊക്കെ അവരറിയാതെ തന്നെ ചില ചെറു കോളം വാര്‍ത്തകളില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട് .
ഇക്കഴിഞ്ഞ ദിവസം അങ്ങനെയൊരു ചെറിയ കോളം വാര്‍ത്ത കണ്ടു - വേദാന്ത സര്‍വ്വകലാശാലക്ക് വേണ്ടി പുരിയില്‍ ഒറീസ്സാ സര്‍ക്കാര്‍ ഏറ്റെടുത്ത 4000 ഏക്കര്‍ ഭൂമിയിന്മേല്‍ ഒറീസ്സാ ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നു .വളരെ ചെറിയ വാര്‍ത്തയായി മുഖ്യധാരാ മാധ്യമങ്ങളില്‍ ഒതുങ്ങിക്കൂടിയ ഈ വാര്‍ത്തയുടെ പ്രാധാന്യം വളരെ വലിയ മാനങ്ങളുള്ളതാണ് .
ഒറീസയിലെ പുണ്യനഗരമായ പുരിയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ വിധ പരിരക്ഷകളും നല്‍കികൊണ്ട് അനുഗ്രഹിച്ചാശീര്‍വാദിച്ച് പ്രധാന മന്ത്രി മന്‍ മോഹന്‍ ജി ഉല്‍ഘാടനം ചെയ്ത അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന്റെ [ AAF ] ആഭിമുഖ്യത്തില്‍ സ്ഥാപിക്കാനുദ്ദേശിച്ച “വേദാന്ത സര്‍വ്വകലാശാല “ എന്ന 15000 കോടി രൂപയുടെ പദ്ധതികയാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ഓര്‍ഡറിന് പുറത്ത് സുപ്രീം കോടതിയിലേക്ക് അപ്പീലിനായി പോയിരിക്കുന്നത് .
നിയുക്ത സര്‍വ്വകലാശാലക്ക് വേണ്ടി 4000 ഏക്കറോളം ഭൂമിയാണ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച എല്ലാ നിയമങ്ങളെയും തൃണവല്‍ക്കരിച്ച് കൊണ്ട് അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന് ഒറിസ്സാ ഗവണ്മെന്റ് ഒരു ഇടനിലക്കാരനായി നിന്ന് ഏറ്റെടുത്തത് .സ്വദേശി ജാഗരന്‍ മഞ്ച് അടക്കം നിരവധി ഹര്‍ജിക്കാരുടെ പരാതിയിന്മേലാണ് ഒറീസാ ഹൈക്കോടതി ഭൂമി അതിന്റെ ഉടമകള്‍ക്ക് തിരിച്ച് നല്‍കാനുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത് .[സംഘപരിവാറിലെ അല്പം കൊള്ളാവുന്ന ഒരു സംഗതിയാണ് ഈ സ്വദേശി ജാഗരണ്‍ മഞ്ചെന്ന് തോന്നുന്നു , മണ്ടത്തരങ്ങള്‍ ഒരുപാടുണ്ടെങ്കിലും ആഗോളവല്‍ക്കരണത്തിനും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കുമെതിരെ ഉത്തരേന്ത്യയില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളത് ജാഗരണ്‍ മഞ്ച് തന്നെ ]. നിരവധി ഹര്‍ജ്ജിക്കാരിലൊരാളായ അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത് പ്രകാരം ഒരു പ്രൈമറി സ്കൂള്‍ പോലും നടത്തി പരിചയമില്ലാത്ത വേദാന്തയെന്ന മൈനിങ്ങ് കമ്പനിക്കാരുടെ വിശ്വസര്‍വ്വകലാശാലയെന്ന ലക്ഷ്യത്തിന് പിന്നില്‍ തീര്‍ച്ചയായും മറ്റ് പല അജണ്ടകളുമുണ്ടാകും .
വേദാന്ത സര്‍വ്വകലാശാല ഒറീസ്സയില്‍ വിശ്വസര്‍വ്വകലാശാല തുടങ്ങുന്നതിന് മുമ്പ് തന്നെ വേദാന്തയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത കൂടി വന്നിരുന്നു , അന്താരാഷ്ട തലത്തില്‍ തന്നെ ഏറെ വിവാദവിഷയമായെങ്കിലും ഇന്‍ഡ്യയില്‍ അത് അത്രയധികം കേട്ടിരുന്നില്ല . ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നു .
ദക്ഷിണ ഒറീസയിലെ ഡൊങ്ക്രിയാ കോന്താ [Dongria Kondh ] വിഭാഗത്തിലുള്ള നിരക്ഷരരായ ആദിമ ഗോത്ര നിവാസികള്‍ മാത്രം താമസിക്കുന്ന നിയമഗിരിയെന്ന മലനിരകള്‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ടാണ് വേദാന്തക്ക് ബോക്സൈറ്റ് ഖനനത്തിന് വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് നിയമഗിരിയിലെ ഡോങ്ക്രിയ കോന്താ ആദിവാസികള്‍ നിയമഗിരി അവരുടെ പുണ്യസ്ഥലമാണ് , അവരുടെ ദൈവമാണ് നിയമഗിരിക്ക് മുകളില്‍ കുടിയിരിക്കുന്നത് എന്നതാണ് അവരുടെ വിശ്വാസം. അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു അത്,അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു , നിയമഗിരി അവര്‍ക്ക് വെറും വിശ്വാസം മാത്രമല്ല ജീവിതം കൂടിയാണ് , ആവാസവ്യവസ്ഥയാണ്. ജന്മനാ തന്നെ ദാരിദ്ര്യത്തിലും കഷ്ടതയിലും ജീവിക്കുന്ന ഒരു ജനത ആ ദൈവത്തെക്കൊണ്ട് ആയുധമെടുക്കാനോ , അക്രമമുണ്ടാക്കാനോ തുനിയാതെ ഒരു ജീവിതവിശ്വാസമായി മാത്രം കൊണ്ട് പോകുന്ന ദൈവം അതാണ് കോന്താ വര്‍ഗ്ഗക്കാര്‍ക്ക് നിയമഗിരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണത് ,ആ പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ജീവിതം പോലും അവര്‍ക്ക് ചിന്തിക്കാനാവില്ല , അങ്ങനെയുള്ള നിയമഗിരി കുന്നുകളാണ് വേദാന്ത കമ്പനിക്കാര്‍ ഇടിച്ച് തകര്‍ത്ത് ഖനനം ചെയ്യാന്‍ പോകുന്നത് , അവരുടെ ആവാസ വ്യവസ്ഥയാണത് , ജീവിതമാണ് , ദൈവം പോലുമാണ് .
കര്‍ണ്ണാടകയിലെ ആദിവാസികളുടെ ഇടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ജ്ഞാനപീഠം ജേതാവായ ശിവരാമകാരന്തിന്റെ ചോമന്റെ തുടി എന്ന നോവലില്‍ - ചോമനെന്ന അടിയാളന്റെ ജീവിതസ്വപ്നം തന്നെ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുക എന്നതാണ് , അതീന് വേണ്ടി മാത്രമാണ് കഷ്ടതകളിലും ദുഖങ്ങളിലും അയാള്‍ ജീവിക്കുന്നത് , തന്റെ ജന്മി അത് നിഷേധിക്കുമ്പോള്‍ പാതിരി മതത്തില്‍ ചേര്‍ന്നാല്‍ ഭൂമി തരാമെന്ന സ്വപ്നതുല്യമായ വാഗ്ദാനത്തെ അയാള്‍ നിരസിച്ച് കൊണ്ട് തന്നെ കുലദൈവമെന്ന് കരുതുന്ന ഒരു കല്ലില്‍ വീണ് കരയുന്നുണ്ട് .ഏത് ദാരിദ്ര്യത്തിലും കഷ്ടതയിലും അവരുടെ വിശ്വാസങ്ങള്‍ , പ്രകൃതി , ഇത് തന്നെയാണ് അവരുടെയൊക്കെ ജീവിതം, അതില്‍ നിന്ന് വേറിട്ടൊരു ജീവിതമവര്‍ക്കില്ല
നിസ്സഹായരായ നിയമഗിരിയിലെ ആദിവാസികള്‍ മനുഷ്യസ്നേഹികളുടെയും പരിസ്ഥിതി വാദികളുടെയും സഹകരണത്തോടെ നിയമത്തെ തന്നെ ആശ്രയിച്ചു പക്ഷെ സുപ്രീം കോടതി വിധിയും അവരെ കൈവിടുകയായിരുന്നു - ഖനനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് ആദിവാസികളുടെ വികസനത്തിനായി മാറ്റി വെക്കണമെന്ന അതിവിചിത്രമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ദേശീയ പാതാ വികസനത്തിനെവിടെയെങ്കിലും വഴിവക്കില്‍ ഒരു ക്ഷേത്ര ഭണ്ഡാരമുണ്ടെങ്കില്‍ , ജാറമുണ്ടെങ്കില്‍ , പള്ളിയുണ്ടെങ്കില്‍ പ്രൊജക്റ്റ് പ്ലാന്‍ മാറ്റി വരക്കുന്ന നാടാണിത് ,അല്ലാക്കും ജീസസ്സിനും കൃഷ്നുമായിരുന്നു ഈ ദുര്‍ഗതിയെങ്കില്‍ ആരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുക ? കത്തിയെരിയില്ലെ ഈ ഭാരത ഭൂവ് ? .
അപ്പോള്‍ പതിനായിരക്കണക്കിന് വരുന്ന ഒരു ജനതയുടെ ആകെയുള്ള ഒരു വിശ്വാസം , ആവാസ വ്യവസ്ഥിതി , ആ പ്രകൃതി ഇതിനെയെല്ലാം ഇടിച്ച് നിരത്തി ഖനനം നടത്താന്‍ നമുക്ക് കഴിയുന്ന ഇരട്ടത്താപ്പിനെ എന്ത് വിളിക്കണം ? വിശ്വാസത്തെ കൂട്ടു പിടിച്ച് പരിസ്ഥിതിയെക്കുരിച്ച് ഇങ്ങനെ സംസാരിക്കുന്നതിലൊരനൌചിത്യമുണ്ട് എങ്കിലും വിശ്വാസമെന്നത് നമ്മള്‍ കരുതുന്നത്ര സങ്കുചിതമല്ലാതെ ജീവിതവുമായി കൂട്ടിയിണക്കി പ്രകൃതിയെ തന്നെ വിശ്വസിക്കുന്ന ഒരു ജനതയെ കൂട്ടക്കൊല നടത്തുന്നതിന് തുല്യമാണ് അവര്‍ വസിക്കുന്ന ആ പ്രകൃതിയെ നശിപ്പിക്കുന്നത് .വിശ്വാസത്തെ ഒഴിച്ച് നിര്‍ത്തിയാലും ഖനനം മൂലം ആ പര്‍വ്വതങ്ങള്‍ നശിക്കുന്നു , പ്രകൃതിയുടെ സന്തുലിതാവസ്ഥ ഇല്ലാതെയാവുന്നു ,വനങ്ങള്‍ നശിക്കുന്നു , പുഴകള്‍ , അരുവികള്‍ എല്ലാം ദിശ മാറിയൊഴുകേണ്ടി വരുന്നു അങ്ങനെ അവിടെ കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന പതിനായിരങ്ങള്‍ക്ക് അഭയം നഷ്ടപ്പെടുന്നു ,
ഇത്തരം വൈകാരിക പ്രകടനങ്ങള്‍ ഒരു രാജ്യത്തിന്റെ പുരൊഗതിയെ തടസ്സപ്പെടുത്തില്ലെ ? ദൈവം , മല , ആദിവാസികള്‍ എന്നൊക്കെ പറഞ്ഞാല്‍ രാജ്യത്തിന്റെ സാമ്പത്തിക പുരൊഗതിക്കെന്ത് സംഭവിക്കും ?
ന്യായമായ ഒരു ചോദ്യമാണിത് ഇന്നത്തെ പല വികസിത രാജ്യങ്ങളും ഇത്തരത്തില്‍ തന്നെയാണ് പുരോഗതി കൈവരിച്ചിട്ടുള്ളത് , റെഡ് ഇന്‍ഡ്യന്‍സിനെ നിഷ്കരുണം ഇല്ലാതാക്കി അതിന്റെ മൃതദേഹങ്ങളിലാണ് ഇന്നത്തെ അമേരിക്കയുടെ നില നില്‍പ്പ് , അത് പോലെയൊക്കെ നമുക്കും ദുര്‍ബലരും ചോദിക്കാനും പറയാനും , എന്തിന് ഇങ്ങനൊരു ജീവികളുണ്ടോ എന്ന് പോലും സംശയിക്കുന്നത്ര ദുര്‍ബലമായ ഇവരെയൊക്കെ ഒഴിവാക്കാവുന്നതെ ഉള്ളൂ .ബ്രിട്ടനില്‍ താമസിക്കുന്ന അനില്‍ അഗര്‍വാളെന്ന കോടീശ്വരനായ ഇന്‍ഡ്യന്‍ ഖനി മുതലാളിക്കും അത്തരത്തിലുള്ള മറ്റ് കുത്തകക്കമ്പനികള്‍ക്കും കോടികളുടെ ബിസിനസ്സ് ഉണ്ടാക്കി കൊടുക്കലാണ് പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തെക്കാള്‍ അധികാരികള്‍ക്ക് വലുത് , ഇവിടെ ഇവര്‍ സമാധാനപരമായി സുപ്രീം കോടതിവരെ പോയി കേസ് നടത്തി , പള്ളി പൊളിച്ചതിന് വാര്‍ഷിക ബോംബ് സ്ഫോടനം നടത്തുന്ന , അമ്പലങ്ങള്‍ തിരിച്ച് പിടിക്കാന്‍ ലക്ഷക്കണക്കിനാളുകളെ കര്‍സേവയെന്ന അക്രമത്തിന് പ്രേരിപ്പിക്കുന്ന അധികാരികളുമുള്ള നാടാണിതെന്ന ചെറിയ പരിഗണന മനസ്സില്‍ വെച്ച് കൊണ്ടാവണം , നിരാലംബരും ദരിദ്ദ്രരും ആശ്രയമില്ലാത്തവരുമായ ഈ ആദിവാസികളെക്കുറിച്ച് ചിന്തിക്കേണ്ടത് .ഇവിടെയാണ് ചിദംബരത്തിന്റെ ഗ്രീന്‍ ഹണ്ട് ഓപറേഷന്റെ ഏറ്റവും ശക്തമായ പ്രവര്‍ത്തനം .
ആയിരക്കണക്കിന് വരുന്ന ഒരു ജനതയെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് തുരത്തിയോടിക്കുക അതിന് അവിടത്തെ ഗവണ്മെന്റ് എല്ലാ വിധ ഒത്താശകളും ചെയ്ത് കൊടുക്കുക അങ്ങനെ ഒരു ജനതയെ ഉന്മൂലനം ചെയ്യുക എന്നിട്ട് സമ്പത്തിന്റെ മുഴുവന്‍ കേന്ദ്രീകരണവും ഏതാനും പേരുടെ കൈകളിലൊതുക്കുക ഇതല്ലെ ശരിയായ അധിനിവേശം ?
പക്ഷെ എല്ലാ അധികാര സ്ഥാപനങ്ങളും നിയമവും കൈവിട്ടിട്ടും നിയമഗിരിയിലെ ആദിവാസികള്‍ അവരുടെ പ്രകൃതിയെ കൈവിട്ടില്ല നിരക്ഷരരായ ആദിവാസികളുടെ ഇച്ഛാ ശക്തിയുടെയും ചെറുത്ത് നില്‍പ്പിന്റെയും കഥ അവിടെ നിന്ന് ആരംഭിക്കുന്നു .ആ പോരാട്ട വീര്യത്തെയും ഇച്ഛാശക്തിയെയും ലോകത്തെ മുഴുവന്‍ മനുഷ്യസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഏറ്റെടുക്കുകയായിരുന്നു ,ലോകത്ത് പലയിടത്തും നിയമഗിരിയിലെ ആദിവാസികള്‍ക്ക് വേണ്ടി , അവരുടെ മണ്ണ് തിരിച്ച് പിടിക്കാന്‍ , പ്രകൃതി ന്നഷ്ടപ്പെടാതിരിക്കാന്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നു , നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ലോകത്ത് പലയിടത്തും നടന്ന പ്രക്ഷോഭങ്ങള്‍ നമ്മളറിഞ്ഞില്ല , മാധ്യമങ്ങള്‍ സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതിന്റെ ഉത്തമോദാഹരണങ്ങളാണിത് .
ഇതിനെല്ലാം കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ പൂര്‍ണ്ണ സഹകരണവുമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .എല്ലാ അധികാരസ്ഥാപനങ്ങളുടെ ഉപജാപങ്ങളും ആശീര്‍വാദവും കൂട്ടിനുണ്ടായിട്ടും നിയമഗിരിയിലെ ആദിവാസികള്‍ക്ക് അവസാനം നീതി ലഭിച്ചു . കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന് നന്ദി പറയാം കേന്ദ്രമന്ത്രിസഭയിലെ ഈ ഒറ്റയാള്‍ പെരുമാറ്റത്തിന് , ഇനി അധികകാലം ഈ നിലപാടില്‍ ഉറച്ച് നിലനില്‍ക്കുമോ എന്ന സംശയം ബാക്കിയുണ്ട് .ഈ വിധി താല്‍ക്കാലികം മാത്രമാണ് ചത്തിസ്ഗഡിലെയും ഝാര്‍ഖണ്ടിലെയും വനമേഘലകളും പര്‍വ്വതനിരകളും ഇപ്പോഴും വേദാന്തയുടെ ഖനന യന്ത്രങ്ങളുടെ മുരള്‍ച്ചയില്‍ തന്നെയാണ് .
ഒരു രാജ്യത്തിന്റെ പുരോഗതി അവിടത്തെ ഷെയര്‍ മാര്‍ക്കറ്റിന്റെ ഉണര്‍വ്വും കെട്ടിടങ്ങളുടെ ഉയരവും മാത്രമല്ല , ജനാധിപത്യ രാജ്യത്തില്‍ അവിടെയുള്ള ജനത്തിന്റെ ജീവിതം കൂടിയായിരിക്കണം മാനദണ്ടം .
അധിനിവേശങ്ങള്‍ക്കെതിരായ വിജയങ്ങള്‍ താല്‍ക്കാലികം മാത്രമാണ് , അധിനിവേശത്തിന്റെ ഭീഷണികള്‍ നിതാന്തവും .അതില്‍ നിന്ന് ഒരിക്കല്‍ രക്ഷപ്പെടുകയെന്നാല്‍ അടുത്ത അധിനിവേശത്തെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കാനുള്ള സമയം മാത്രമാണ് അത് ഏത് നിമിഷവും .നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും വലിയ വ്യാപ്തികള്‍ ഇത്തരം കടന്ന് കയറ്റങ്ങള്‍ക്കുണ്ട് ,ഭരണകൂടങ്ങള്‍ , നീതിന്യായ വ്യവസ്ഥകള്‍ , ബ്യൂറോക്രസി എല്ലാം ഭരിക്കപ്പെടുന്നത് , നിയന്ത്രിക്കപ്പെടുന്നത് എല്ലാം ഇത്തരം നിശബ്ദമായ കടന്ന് കയറ്റങ്ങളുടെ അധികാര കേന്ദ്രങ്ങളില്‍ നിന്നാണ് .ഭരണകൂടങ്ങള്‍ മാറാം പക്ഷെ ഭരണകൂടങ്ങളെ ഭരിക്കുന്നവര്‍ മാറുന്നില്ല എന്നത് തന്നെയാണ് ഇത്തരം അധിനിവേശങ്ങളുടെ നൈരന്തര്യം വെളിപ്പെടുത്തുന്നത് .
അനുബന്ധം .
വസ്തുതകള്‍ക്ക് വിരുദ്ധമോ പൊതുജനവിരുദ്ധമോ മതവിരുദ്ധതയോ അങ്ങനെ യാതൊരു ആരോപണവുമില്ലാതെ , ,യാതൊരു വിവാദവും സൃഷ്ടിക്കാതെ രണ്ട് കൃതികളാണ് ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടുള്ളത് .
1. വേദാന്ത എന്ന കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി പഠിച്ചെഴുതിയ രോഹിത്ത് പൊഡ്ഡാറിന്റെ "Vedanta's Billions" .
2.അംബാനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള , ഭരണകൂടങ്ങളെ എങ്ങനെ നിയന്ത്രിക്കുന്ന എന്ന് വിശദമാക്കുന്ന
Hamish McDonald ന്റെ The Polyester Prince: The Rise of Dhirubhai Ambani
ഈ കൃതികള്‍ നിരോധിക്കാന്‍ കാരണമെന്തെന്ന് ഇന്നും അജ്ഞാതമാണ് . ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കും വേണ്ടി ഘോരഘോരം പ്രസംഗിക്കുമ്പോഴും അതജ്ഞാതമാണ് .
Ref: http://www.forum4ca.com/book-review-the-polyester-prince-%E2%80%93-the-banned-biography-of-dhirubhai-ambani/
http://www.survivalinternational.org/tribes/dongria
http://www.minesandcommunities.org/article.php?a=9278
Subscribe to:
Post Comments (Atom)
പളനിയപ്പന്‍ ചിദംബരം ആഭ്യന്തരമന്ത്രിയാകുന്നതിന്റെ മുന്നൊരുക്കങ്ങളായാണ് ആദിവാസി - ഖനന മേഘലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം മാവോവാദികളും നക്സലൈറ്റുകളും പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതും ഈ മേഘലയിലെ ആഭ്യന്തരസുരക്ഷക്കായി പ്രത്യേകം സേനകള്‍ രൂപീകരിക്കുന്നതും , ഇടക്കിടെ സംഘട്ടനങ്ങള്‍ ഉണ്ടാകുന്നതും , ചിന്തിക്കേണ്ട ഒരു വിഷയമാണത് .
ReplyDeleteനേരത്തെ വായിച്ച ചില ലേഖനങ്ങള്‍ വഴി വളരെ,
ReplyDeleteആഴത്തില്‍ വിരലുകളൂന്നിയ ഖനനമാഫിയയും വലിയൊരു
വിഭാഗം രാഷ്ടീയക്കാരും- പ്രത്യേകിച്ച്, നിറവ്യത്യാസം കൂടാതെ
ഇടതു വലതു, മദ്ധ്യഭാഗങ്ങള്‍ ഒന്നായിത്തന്നെ,
ധാതു സമ്പുഷ്ടമായൊരു പ്രദേശത്തെ തങ്ങളൂടെ കൈപ്പിടിയില്‍
ഒതുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ആദിവാസികള്‍ക്കൊപ്പം
മാവോവിസ്റ്റുകളെന്ന് വിളിക്കപ്പെടുന്നവര്‍ നടത്തുന്ന ചെറുത്തുനില്പ്പ്
പൊതുസമൂഹത്തിന്റെ ശ്രദ്ധപതിയേണ്ട് ഒന്നു തന്നെ.
നമ്മുടെ സൈന്യത്തെതന്നെ പൗരന്മ്മാരുടേ ഉന്മൂലനത്തിന്റെ
ചുമതലയേല്പ്പിക്കുന്ന ഘട്ടം വരെ എത്തിനിന്നിരുന്നു അത്.
മുഖ്യധാരമാധ്യമങ്ങള്‍ പോലും മുഖം തിരിച്ചുനില്‍ക്കുന്ന
ഈ പോരാട്ടത്തെക്കുറീച്ച്, അതിന്റെ രാഷ്ടീയ,സമൂഹ്യ
പ്രസകതിയെക്കുര്‍റിച്ച്, നന്നായി ഗൃഹപാഠം നടത്തിത്തന്നെ
എഴുതിയിരിക്കുന്നു.
ഇതും ഒന്നു കാണുക...ഒട്ടും പൂര്‍ണ്ണതയെത്തിയില്ലെങ്കിലും ഒരു ശ്രമം..
http://sookshmadarshini.blogspot.com/2009/12/blog-post.html
സത്യത്തില്‍ വിസ്താരഭയം കൊണ്ട് മാവോയിസവും നക്സലിസവും ഡണ്ടേവാടയുമൊന്നും പരാമര്‍ശിക്കാതെ നോക്കുകയായിരുന്നു , വേദാന്തയെന്ന മൈനിങ്ങ് ഭീമനെ പറഞ്ഞ് നിര്‍ത്താമെന്നായിരുന്നു ധാരണ പക്ഷെ ചിദംബരത്തിലേക്കും ഗ്രീന്‍ ഹണ്ടിലേക്കുമൊക്കെ തിരിയുമ്പോള്‍ കുറച്ച് കൂടി വ്യക്തമാക്കേണ്ടി വരുന്നുണ്ട് .
ReplyDeleteചിദംബരത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് അല്പം കൂടി സാധുത തെളിയിക്കേണ്ടതുമുണ്ട് .
പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങളില്‍ എത്താതെ പോകുന്ന നിരവധി സംഭവങ്ങള്‍ ഇന്ത്യയെന്ന മഹാരാജ്യത്തു നടക്കുന്നുണ്ട്. അധികാരികളും, മുതലാളികളും കൂടി ഈ ഇന്ത്യതന്നെ ആര്‍ക്കെങ്കിലും തീറെഴുതിക്കൊടുത്താലും അതിശയിക്കാനില്ല. അറിയപ്പെടാതെ പോകുന്ന ഇത്തരം സംഭവങ്ങളെ പൊതുജനമദ്ധ്യത്തില്‍ എത്തിക്കാനുള്ള ശ്രമത്തെ അഭിനന്ദിക്കുന്നു...
ReplyDeleteവലിപ്പം ഉള്ളവയെ ഭയക്കുക എന്ന മനുഷ്യ/ ജന്തു സഹജമായ എന്ന കാഴ്ചപ്പാട് അടിമുടി പിടികൂടിയ ഒരു ബ്ലോഗ് .....
ReplyDeleteഒറ്റ നോട്ടത്തില്‍ തോന്നിയത് അതാണ് .
വേദാന്ത സര്‍വ്വകലാശാല്‍ ആരംഭിക്കുന്നത് ആകെ പറയുന്ന എതിര്‍ന്യായം അവര്‍ക്ക് പ്രൈമറി സ്കൂള്‍ പോലും നടത്തി പരിചയമില്ല എന്നതാണ് !! എത്ര ബാലിശം ...
പിന്നൊന്ന് , വേദാന്ത പരസ്യ പ്രകടനങ്ങള്‍ നടത്തുന്നില്ല എന്ന ആരോപണം .
സാമ്രാജ്യത്വത്തിന്റെ മുഖമുദ്രയാണ് പരസ്യം എന്ന ക്ലീഷേ പ്രയോഗം ആവര്‍ത്തിക്കാന്‍ അവര്‍ ഇട കൊടുക്കാതത്തില്‍ ഉള്ള പരിഭവം എന്നേ അതിനെ കാണാനാകൂ .
terlite Energies -എന്ന കംപനിയുടെത് എന്നല്ല ഒരു കേസും അങ്ങനെയങ്ങ് അന്തരീക്ഷത്തില്‍ അലിഞ്ഞു ഇല്ലാതാകില്ല. കുറഞ്ഞ പക്ഷം ആ കേസിന്റെ നിലവിലെ സ്ഥിതി അന്വേഷിക്കാന്‍ ഉള്ള ശ്രമം എങ്കിലും ലേഖകന്‍ ഈ പ്രസ്താവനക്ക് മുന്പായി നടത്തേണ്ടി ഇരുന്നു. വിവരാകാശ നിയമം റദ്ദു ചെയ്യപ്പെട്ടിട്ടില്ലല്ലോ !!!
ഒരു നോവലിലെ കഥാപാത്രത്തിന്റെ ബിംബ പ്രേമത്തെ കൂട്ട് പിടിച്ചു, ഒരു രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഒരു വികസനപ്രവര്‍ത്തനത്തെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നത് പരിഹാസ്യം എന്നല്ലാതെ എന്താണ് പറയേണ്ടത് ? അങ്ങനെ നോക്കിയാല്‍ ഓരോ സ്ഥലവും ഓരോ മനുഷ്യനും വൈകാരിക പ്രത്യേകതകള്‍ കൊണ്ടുള്ള അടുപ്പങ്ങള്‍ ഉള്ളതാവും...!! കടലില്‍ വലയിട്ടു നോക്കിയാല്‍ ബോക്സ്‌സൈറ്റ് കിട്ടില്ലല്ലോ... അതുള്ളിടം തന്നെയല്ലേ കുഴിക്കേണ്ടത് !!
അതിനെ സ്വയം ന്യായീകരിക്കാന്‍ ബ്ലോഗര്‍ കണ്ട മാര്‍ഗ്ഗം കൊള്ളാം .... ബോംബു പൊട്ടിക്കലും, പള്ളി പൊളിയും !!!
ഒടുവില്‍ ജയറാം രമേഷിന് തലോടലും തല്ലും...
തലോടലിന്റെ കാരണം വ്യക്തം... പക്ഷെ തല്ലു എന്തിന് എന്നറിയാന്‍ വായനക്കാര്‍ പ്രശ്നം വെപ്പിക്കണം !!
അധിനിവേശം എന്ന വാക്കിന്റെ നിലവിലെ പ്രയോഗ ക്ഷമത മനപ്പൂര്‍വ്വം നശിപ്പിക്കാനെന്നവണ്ണം ബ്ലോഗില്‍ ഉടനീളം അത് ആവര്‍ത്തിച്ചു പ്രയോഗിച്ചിരിക്കുന്നു.
ഇതും ഒരു ഗൂഡാലോചനയോ ....!!
ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കൃത്യമായ തെളിവുകളോടെ പിന്താങ്ങിയില്ല എങ്കില്‍ , ആരോപണം അതായി തന്നെ തുടരും.
ഒപ്പം അടിസ്ഥാനമില്ലാത്ത എന്നൊരു പ്രെഫിക്സോടെ.
നല്ല വിശകലനം..! തുടരുക..
ReplyDelete