Like
...........
Saturday 23 October 2010
വെയില്‍ തിന്നുന്ന പക്ഷി എങ്ങോ പറന്ന് പോയി
അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്‍റെ ക്രൂരത കഴിഞ്ഞു “
അതെ വേടന്റെ ക്രൂരത കഴിഞ്ഞു , അമ്പ് തറച്ച് കഴിഞ്ഞു .
അറം പറ്റുന്നതെഴുതുന്നവര്‍ ക്രാന്തദര്‍ശികളായിരിക്കണം അല്ലെങ്കില്‍ അവസാനമായി ഒരു തുണ്ട് കടലാസ്സില്‍ ഇങ്ങനെ എഴുതി വെച്ച് എ. അയ്യപ്പന്‍ കടന്ന് പോകില്ലായിരുന്നു . എ . അയ്യപ്പന്റെ കവിതകളെക്കാള്‍ നാം പാടിപ്പുകഴ്ത്തിയത് മദ്യപാനവും അരാജകത്വവും നിറഞ്ഞ വ്യക്തിജീവിതമായിരുന്നു , ഭ്രാന്തനെന്നും അവധൂതനെന്നും തരം പോലെ നമ്മള്‍ മാറി മാറി വിളിച്ചു .
“ഞാന്‍ ലഹരിയുപയോഗിക്കില്ല ഞാനാണ് ലഹരി “ എന്ന് പറഞ്ഞതത് സാലവദോര്‍ ദാലി എന്ന ചിത്രകാരന്‍ ആയിരുന്നു .
എ. അയ്യപ്പന്റെ ജീവിതം നിരാശാ ഭരിതമായ ഒരു ലഹരിയായിരുന്നു , സ്വയം ലഹരിയായി അതിലാണ്ട് പോയ ആ ജീവിതം
ഒരു കാവ്യലോകത്തെ ഇതിഹാസമായിരുന്നില്ല , അദ്ദേഹം ഒരു ഒരു മഹാകവിയുമായിരുന്നില്ല .
വെറുമൊരു മരണം കൊണ്ട് അങ്ങനെയാകാനും തെരുവിന്റെ സുരക്ഷിതത്വത്തില്‍ കഴിയുന്നൊരാളാഗ്രഹിച്ചിരുന്നിരിക്കില്ല , ജീവനെക്കാള്‍ വില ചിലപ്പോഴെങ്കിലും അരക്കുപ്പി മദ്യത്തിന്റെ ലഹരിയെക്കാള്‍ ചെറുതായി കണ്ടിരുന്ന മനുഷ്യന്‍.
യഥാര്‍ത്ഥത്തില്‍ എ അയ്യപ്പന്‍ ഒരു മനുഷ്യനായിരുന്നു , വെറുമൊരു മനുഷ്യന്‍ മാത്രം, നമ്മളൊക്കെ പലപ്പോഴും അല്ലാത്തതും അതാണ് .
മരണത്തിന്റെ തൊട്ട് മുമ്പുള്ള നിമിഷങ്ങളില്‍ സമയം പോരാതെ വരുമെന്ന് പ്രവചനശക്തിയൊടെ പറഞ്ഞ് തന്റെ കവിതകളില്‍ ഒസ്യത്ത് എഴുതി വെച്ച് അപ്രതീക്ഷിതമായി എന്ന് പോലും പറയാനാകാതെ കടന്ന് പോകുമ്പോള്‍ ഇടനെഞ്ചിലൊരു കനപ്പ് തോന്നുന്നുണ്ട് , ഉപാധികളില്ലാതെ എപ്പോഴും സ്നേഹിച്ച് നമ്മോട് എപ്പോഴും കലഹിച്ച് കൊണ്ടിരുന്ന ഒരാള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുമ്പോഴുള്ള ശൂന്യത തൊന്നുന്നുണ്ട് .
പ്രിയപ്പെട്ട കവീ...മരിക്കുമ്പോള്‍ വാഴ്ത്താന്‍ മാത്രമായാണ് നിന്റെ കവിതകളെയും സ്വപ്നങ്ങളെയും നിന്റെ ജീവിതകാലമത്രയും ഞങ്ങള്‍ കാത്ത് വെച്ചത് , കലാലയത്തിലെ ഓട്ടോഗ്രാഫുകളില്‍ നിന്റെ വരികളെഴുതി ഗര്‍വ്വ് കാണിക്കുമ്പൊഴും ആ വരികളുടെ കര്‍ത്താവിനെ അജ്ഞാതനാക്കി വെച്ചു .അവധൂതന്മാരെ അകന്ന് നിന്ന് മാത്രം വിമര്‍ശിക്കാനും ഭ്രാന്തന്മാരെന്ന് ആക്ഷേപിക്കാനുമായിരുന്നു ഞങ്ങള്‍ക്കെന്നും താല്പര്യം , സിനിമയില്‍ ഒരു ജോണ്‍ എബ്രഹാം , കവിതയില്‍ എ അയ്യപ്പന്‍ അങ്ങനെ ഭ്രാന്തന്മാരുടെ നിരയിലേക്ക് പണ്ടെ ഞങ്ങള്‍ നീക്കി നിര്‍ത്തിയിരുന്നുവല്ലോ.
തെരുവില്‍ അനാഥനായി അലയുമ്പോഴെല്ലാം ഭൂതകാലത്തിന്റെ വിസ്മൃതിയാഗ്രഹിച്ച് കൊണ്ടായിരിക്കണം വൃത്തവും അലങ്കാരവുമൊന്നുമില്ലാതെ കവിതകള്‍ എഴുതിയിരുന്നത് , ഭൂതകാലത്തില്‍ പരാജയപ്പെട്ടവര്‍ക്കെല്ലാം അയ്യപ്പന്റെ പൊള്ളുന്ന ഓര്‍മ്മകളാവുന്നത് അതില്‍ അനുഭവത്തിന്റെ തീക്ഷ്ണത അതിലുള്ളത് കൊണ്ടാണ് .
വീടില്ലാതൊരുവനോട് വീടിന്നൊരു പേരിടാനും
മക്കളില്ലാതൊരുവനോട് കുട്ടിക്ക് ഒരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ രണ്ടുമില്ലതൊരുവന്റെ
നെഞ്ചിലെ തീ കണ്ടോ
ഇല്ലാത്തവന്റെ വേദനയാണ് ഓരോ വാക്കിലും ഓരോ വരിയിലും , അതാണ് ഇല്ലാത്തവനെയും ഉള്ളവനെയും ഒരു പോലെ പൊള്ളിക്കുന്നതും . തെരുവുകള്‍ സാമ്രാജ്യമാക്കി , കടത്തിണ്ണകളും വഴിയോരങ്ങളും അന്തപുരമാക്കി , ആകാശം മേല്‍ക്കൂരയാക്കി സ്വന്തം ലോകത്തെ ചക്രവര്‍ത്തിയായിരുന്നു അവസാന ശ്വാസം വരെയും അയ്യപ്പന്‍
വൃത്തവും ഛന്ദസ്സുമില്ലാത്ത കവിതകളില്‍ വിശപ്പും പ്രണയവും ദാരിദ്ര്യവുമെല്ലാം അഗ്നിബിംബങ്ങളായി വായനക്കാരനെ ചുട്ട് പൊള്ളിച്ചു , പ്രണയത്തില്‍ പച്ചമനുഷ്യന്റെ അരാജകത്വമായിരുന്നു എ അയ്യപ്പന്‍ . വല്ലപ്പോഴുമൊരിക്കല്‍ വീടെന്ന സങ്കല്പത്തില്‍ താമസിക്കാനഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നിയെന്ന് ആ സുഹൃത്തിനോട് തന്നെ പറയുമ്പോള്‍ ആ നിഷ്കളങ്കതയില്‍ അവര്‍ അല്‍ഭുതപ്പെട്ടിരിക്കണം , എന്നിട്ടും അയ്യപ്പന്‍ അവരുടെ സുഹൃത്തായി ഏത് പാതിരാത്രിയിലും കയറി ചെല്ലാവുന്ന അഭയ സ്ഥാനമായി തന്നെ തുടര്‍ന്നത് അയ്യപ്പനെന്ന വലിയ മനസ്സിനെ അവര്‍ക്കറിയാവുന്നത് കൊണ്ടാണ് . പ്രണയം അയ്യപ്പന് ശരീരമായിരുന്നില്ല , പ്രണയം ജീവിതം തന്നെയായിരുന്നു .
എന്റെ ഹൃദയത്തിന്റെ
സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മ തത്വം
പറഞ്ഞ് തന്നവളുടെ ഉപഹാരം
പ്രണയത്തെ ദാര്‍ശനികമായ ഔന്നത്ത്യത്തില്‍ ബിംബ വല്‍ക്കരിക്കുകയും കാല്പനികമായ ഭാഷയില്‍ അവതരിപ്പിക്കുകയുമായിരുന്നു കവി .പ്രായോഗികതയെന്തെന്ന് ചിന്തിക്കാന്‍ പോലും കൂട്ടാക്കാതെ , ഭാവിയെക്കുറിച്ചോര്‍ക്കാതെ
ഭൂതകാലത്തിന്റെ ഓര്‍മ്മയില്‍ മാത്രം ജീവിച്ചു , ദുരന്തം നിറഞ്ഞതായിരുന്നു അയ്യപ്പേട്ടന്റെ ജീവിതം കുട്ടിക്കാലത്ത് തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ട് പോയി , പിന്നെ പ്രയാണമായിരുന്നു , ലക്ഷ്യബോധമില്ലാത്ത പ്രയാണം .
ദാരിദ്ര്യം , അതിന്റെ നിസ്സഹായമായ വറുതി , അതൊക്കെയായിരുന്നു എ.അയ്യപ്പന്റെ കവിതകളുടെ ഇതിവൃത്തം , ആരെയും കൂട്ടാക്കാതെ നിഷേധിയായി ജീവിച്ച മനുഷ്യന്റെ ഉള്ളിലെപ്പോഴും സ്നേഹമായിരുന്നു ,സ്നേഹത്തിന്റെ വരികളായിരുന്നു ആ കവിതകളെല്ലാം .ഒരു മനുഷ്യന്‍ അരാജകവാദിയായി ജീവിച്ചു , ഒടുവില്‍ അരാജകവാദിയായി മരിച്ചു അങ്ങനെ
വെയില്‍ തിന്ന് തിന്ന് ഒരു പക്ഷി എങ്ങോ പറന്ന് പോയി .
ഓരോ മരണത്തിന് ശേഷവും അവരെക്കുറിഞ്ഞ് അറിഞ്ഞതും പറഞ്ഞ് കേട്ടതൂം കണ്ടതും ഒരുമിച്ചിരുന്ന് കള്ള് കുടിച്ചതും കവിത പാടിയതുമായ സ്വകാര്യ പൊങ്ങച്ചങ്ങളെ കൂട്ടിയെഴുതി വെക്കുന്ന ഒരു കാറ്റഗറി അനുസ്മരണമായി ഞാനും എന്റെ ഓര്‍മ്മകളെ കുറിക്കുന്നു ,
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteആത്മാറ്ത്ഥമായ ഓറ്മക്കുരിപ്പു. മനുഷ്യന്‍ മനുഷ്യരെ തിരിച്ചറിയുന്നില്ല എന്നതാണിന്നിന്റെ ശാപം.
ReplyDeleteഅഭിനന്ദനങ്ങള്‍.
മോഹന്‍ ദാസ്
നല്ല റിവ്യൂ..!
ReplyDeleteതാങ്കളുടെ പോസ്റ്റുകൾ ഓരോന്നായി വായിക്കുന്നു ..നന്ദി പുതിയ ഒരുപാട് അറിവുകൾക്ക് .
ReplyDeleteഅയ്യപ്പൻ,ഹൃദയത്തിൽ കയറിവരുന്നത് പോലെ......
ReplyDelete