Like

...........

Thursday 27 January 2011

അറവാണികള്‍




ഒരു നീണ്ട ട്രെയിന്‍ യാത്രയുടെ ആലസ്യത്തോടെ സേലം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ തിരക്കിട്ട് പുറത്ത് കടക്കുമ്പോഴാണ് കടും നിറത്തിലുള്ള ചേലകള്‍ ചുറ്റി ഒരുപാട് സ്ത്രീകള്‍ വല്ലാത്ത ബഹളം വെക്കുന്നത് കാണുന്നത് ,ചെന്നൈ മുതല്‍ കൂടെയുണ്ടായിരുന്ന സഹയാത്രികനോട് എന്താ സംഗതിയെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പുച്ഛത്തോടെ പറഞ്ഞു

“അത് അറവാണികളാണ് , കൂവാഗത്ത് അവരുടെ ഉത്സവമാണത്രെ , അഴിഞ്ഞാട്ടം തന്നെ ഉത്സവം ,അസത്തുക്കള്‍ “.

അറവാണികള്‍ എന്ന അശ്ലീലപ്രയോഗം തെറിയല്ലാത്ത അര്‍ത്ഥത്തില്‍ ആദ്യമായി കേട്ടപ്പോള്‍ അമ്പരപ്പ് തോന്നി , അറവാണികളുടെ ഉത്സവമായ കൂവാഗം ഫെസ്റ്റിവലില്‍ അണിഞ്ഞൊരുങ്ങി പോകുന്നവര്‍ അഭിമാനത്തോടെ പറയുന്നു അറവാണികളാണ് തങ്ങളെന്ന് , തങ്ങള്‍ അങ്ങനെ അറിയപ്പെടാനാഗ്രഹിക്കുന്നുവെന്ന് .അറവാനെന്ന ദേവന്റെ ഒരു ദിവസത്തെ ഭാര്യയും ജീവിതകാലത്തെ മുഴുവന്‍ വിധവയുമാകാനാണ് അണിഞ്ഞൊരുങ്ങി പോകുന്നത് , അങ്ങനെയാണ് അറവാന്റെ ഐതിഹ്യം , അറവാണികളുടെയും .

മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ അറവാനെന്ന ദൈവത്തെ പറ്റി കേള്‍ക്കാത്തതില്‍ അല്‍ഭുതമൊന്നുമില്ല , പക്ഷെ കുരുക്ഷേത്ര യുദ്ധത്തില്‍ അറവാന്റെ ഐതിഹ്യം അത്ര അപ്രസക്തമല്ലാത്തതാണ് .ഐതിഹ്യങ്ങള്‍ അറവാനെക്കുറിച്ച് പറയുന്നതിങ്ങനെ .

അറവാന്റെ പുരാണം

കുരുക്ഷേത്ര യുദ്ധത്തില്‍ കൌരവരുടെ മുന്നേറ്റം , പാണ്ഡവപക്ഷത്തെ ആശങ്കയകറ്റാന്‍ അര്‍ജ്ജുനന്‍ യുദ്ധദേവതയായ കാളിയെ ഉപാസിക്കുന്നു , കാളി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു - എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പരിപൂര്‍ണ്ണനായ ഒരു പുരുഷനെ ബലി നല്‍കാന്‍ - അങ്ങനെ പരിപൂര്‍ണ്ണമായ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയവര്‍ മൂന്ന് പേരാണ് പാണ്ഡവപക്ഷത്ത് ഒന്ന് സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ രണ്ടാമത്തേത് അര്‍ജ്ജുനന്‍ , പിന്നെയുള്ളത് ഇരവാന്‍ - നാഗരാജാ‍വായ കൌരവ്യയുടെ മകളായ ഉലൂപിയില്‍ അര്‍ജ്ജുനനുണ്ടായ മകനാണ് ഇരവാന്‍ - ശ്രീകൃഷ്ണനും അര്‍ജ്ജുനനും പാണ്ഡവ പക്ഷത്തിന്റെ അനിവാര്യതകള്‍ അവരെ ബലിക്ക് നല്‍കിയാല്‍ യുദ്ധം ആര് നയിക്കും ,ഇരവാന്‍ സ്വയം ബലിസന്നദ്ധനായി പക്ഷെ മരിക്കും മുമ്പ് ചില നിബന്ധനകള്‍ വെച്ചു - എല്ലാം തികഞ്ഞ ഒരു പൂര്‍ണ്ണപുരുഷനെന്ന നിലക്ക് ബ്രഹ്മചാരിയായി മരിക്കാന്‍ കഴിയില്ല , ലൌകിക സുഖങ്ങള്‍ എല്ലാം അറിഞ്ഞിട്ട് മാത്രം മരിക്കാം , അതായത് സ്ത്രീസുഖം, അതും സുന്ദരിയും കുലീനയുമായിരിക്കണം .അറിഞ്ഞ് കൊണ്ട് ചാവേറായി പോകുന്നവനെയേത് പെണ്ണ് സ്വീകരിക്കും ?ജീവിതകാലം മുഴുവന്‍ വൈധവ്യം ചുമക്കാനാര് തയ്യാറാവും ? പാണ്ഡവപക്ഷത്തിന്റെ വിജയത്തിനായി സ്വയം ബലിദാനിയാകുന്നവന്റെ ആഗ്രഹം പോലും നിവര്‍ത്തിച്ച് കൊടുക്കാനാവില്ലെ ഭഗവാന്‍ ആശങ്കാകുലനായി , ഇരവാന്റെ മരണം അനിവാര്യമാണ് അത് വിധിയുമാണ് അതിനെ നിഷേധിക്കാനാവില്ല പക്ഷെ അത് അനാവശ്യമായ ഒരു വൈധവ്യത്തിലേക്കാണ് നയിക്കുന്നതിനെയെങ്ങനെ സാധൂകരിക്കും .ധാര്‍മ്മിക - നൈതിക ചിന്തകള്‍ക്കൊടുവില്‍ ഭഗവാനൊരിക്കല്‍ കൂടി മോഹിനീവേഷത്തിലവതരിക്കാന്‍ തീരുമാനിച്ചു - സുന്ദരിയും കുലീനയും സര്‍വ്വഗുണസമ്പന്നയുമായി സ്ത്രൈണതയുടെ പാരമ്യത്തില്‍ ഭഗവാന്‍ ഇരവാന് വധുവായി , ഒരു രാത്രി , അതിന് ശേഷം ബലിദാനിയാകുന്നവന്റെ ഭാര്യയായി , ഒരു സങ്കല്പം പോലെയോ ഒരു രാത്രി കഴിഞ്ഞാല്‍ അവസാനിച്ചേക്കാവുന്ന നിഗൂഡമായ ഒരു സ്വപ്നമാണെന്നറിഞ്ഞിട്ടും മോഹിനി ഇറവാനെ പ്രണയിച്ചു , ആ രാത്രിയുടെ അവസാനം അനിവാര്യമായ മരണമേറ്റ് വാങ്ങാന്‍ ഇരവാന്‍ യുദ്ധക്കളത്തിലേക്ക് പോകുമ്പോള്‍ ഇരവാനോടുള്ള പ്രണയം വെറുമൊരു താല്‍ക്കാലികപരിഹാരം മാത്രമായിരുന്നില്ലെന്ന് തിരിച്ചറിയുന്നു ,ഇരവാന്‍ യുദ്ധക്കളത്തില്‍ ശത്രുവിന്റെ അമ്പേറ്റ് പിടഞ്ഞ് മരിക്കുമ്പോള്‍ അന്തപുരത്തില്‍ മോഹിനി വിധവയായി മാറിക്കഴിഞ്ഞിരുന്നു , എല്ലാം അറിയുന്ന ഭഗവാന്റെ അവതാരമായിട്ട് പോലും പ്രണയത്തിന്റെ തീക്ഷ്ണതയില്‍ നിന്ന് രക്ഷപ്പെടാന്‍ മോഹിനിക്ക് കഴിയുന്നില്ല , ശിഷ്ടകാലം ഇറവാനോടുള്ള പ്രണയം കൊണ്ട് ഇറവാന്റെ വിധവയായി കഴിയുന്നു പുരാണത്തില്‍.


എല്ലാ വിധവകളെയും പോലെ തന്നെ പുരാണത്തില്‍ ജയിച്ചവരുടെയും തോറ്റവരുടെയും ഇടയില്‍ പോലുമല്ലാതെ അജ്ഞാതയായി മോഹിനി ജീവിച്ചിരിക്കണം ഇറവാന്റെ വിധവയായി .

ഐതിഹ്യം ഇവിടെ അവസാനിക്കുന്നു , ഭഗവാന്റെ മോഹിനീ വേഷം ട്രാന്‍സ്ജെന്റര്‍ സങ്കല്പങ്ങളുടെ ഉദാത്ത മാതൃകയായി , പ്രണയത്തിന്റെ ഔന്നത്യവുമായി തമിഴ് നാട്ടിലെ വിഴുപുരത്ത് കൂവാഗത്ത് നില നില്‍ക്കുന്നു തമിഴരുടെ തനത് “അകാര” പ്രീതി കൊണ്ടാകാം ഇവിടെ ഇരവാന്‍ അറവാന്‍ ആണ് അങ്ങനെ അറവാന്റെ ഭാര്യമാര്‍ അറവാണികളായി .ഐതിഹ്യത്തിലെ അപ്രസക്തനായ അറവാന്‍ ഇവിടെ ദൈവമാണ് കൂത്താണ്ടവരായി ആരാധിക്കപ്പെടുന്നു .അറവാണികള് എന്നത്‍ പവിത്രമായ ഒരു സ്ഥാനമായി , അതില്‍ അഭിമാനിച്ചു , ദൈവീകമായ പരിണയത്തെയും അതിന്റെ വൈധവ്യത്തെയും അവര്‍ ആരാധിച്ചു പക്ഷെ അറവാണികള്‍ സമൂഹത്തില്‍ അശ്ലീലമായിതീര്‍ന്നു .

അനുയോജ്യമല്ലാത്ത ശരീരത്തില്‍ ഒതുക്കിവെക്കപ്പെട്ട ഒരു ലൈംഗികതയുമായി ജനിക്കുന്നവര്‍ , കുടുംബത്തിന്റെ , സമുദായത്തിന്റെ , നാടിന്റെ അവഗണനകള്‍ , ക്രൂരമായ പരിഹാസങ്ങളേറ്റ് വേദനിക്കുന്നവര്‍ ആരും മനസ്സിലാക്കാതെ പോകുമ്പോള്‍ സ്വയം തിരഞ്ഞെടുക്കുന്ന വഴികളിലൊന്ന് അറവാ‍ന്റെ വിധവകളായി സ്വയം സമര്‍പ്പിക്കുക , വര്‍ഷത്തിലൊരിക്കല്‍ കൂത്താണ്ടവര്‍ കോവിലില്‍ നടക്കുന്ന ആഘോഷത്തില്‍ ഒരു രാത്രി മാത്രം നീളുന്ന പതിവ്രതകളായ ഭാര്യമാരായി മഞ്ഞള്‍താലി അണിയുകയും പിറ്റേന്ന് അനിവാര്യമായ വിധിയുടെ ആവര്‍ത്തനം പോലെ വൈധവ്യം സ്വയം വരിക്കുന്നു.

മഞ്ഞചരടില്‍ കോര്‍ത്ത പരിപാവനമായ താലിയെ അറുത്തുമാറ്റുന്നു , സിന്ദൂരം മായ്ച്ച് കളയുന്നു , പലവര്‍ണ്ണങ്ങളിലുള്ള കുപ്പിവളകള്‍ പൊട്ടിച്ചിതറുന്നു , ശുഭ്രവസ്ത്രം ധരിച്ച് അകൃത്രിമമായ ദുഖത്തോടെ അലമുറയിട്ട് കരയുന്ന അറുവാണിച്ചികള്‍ അറവാന്റെ വിധവകള്‍ .കൂത്താണ്ടവര്‍ കോവിലിന്റെ ചരിത്രമറിയില്ല കാലാകാലങ്ങളായി മൂന്നാം ലിംഗത്തിന്റെ സത്വപ്രകാശനം വൈധവ്യത്തിന്റെ രോദനം കൊണ്ട് വിഴുപുരത്തെ തെരുവുകളില്‍ അലയടിച്ച് കൊണ്ടിരിക്കുന്നു , ആരുമല്ലാതെയായി പോകുന്ന , ആരുമില്ലാതെയായിപോകുന്ന ഒരു പാട് ജന്മങ്ങള്‍ , ജന്മം കൊടുത്തവര്‍ക്ക് അസ്വസ്ഥതയായി തീരുമ്പോള്‍ സ്വയം ഇറങ്ങിപുറപ്പെട്ട് തെരുവുകളില്‍ പരിഹാസപാത്രമാകുന്നവര്‍ അവരൊക്കെയാണ് അറവാന്റെ വിധവകളാകാന്‍ വരുന്നത് . അവരൊന്ന് കരഞ്ഞ് കൊണ്ട് എങ്കിലും സ്വയം തെളിയിക്കട്ടെ അവരാരെന്ന് , സ്വയം വിശ്വസിക്കട്ടെ അനുയോജ്യമല്ലാത്ത ശരീരത്തില്‍ നിറഞ്ഞ് ‍ നിറഞ്ഞ് നില്‍ക്കുന്ന സ്ത്രൈണതയുടെ രൂപം .

അറവാണികള്‍ നമ്മുടെ സമൂഹത്തില്‍ അശ്ലീലമാണ് , മലയാളം നിഘണ്ടുവില്‍ അറവാണിയെന്നാല്‍ കുലടയെന്നാണ് , പലപുരുഷന്മാരോടൊന്ന് ശയിക്കുന്നവളെന്നാണ് പക്ഷെ പുരാണത്തിലെ അറവാണി ഭഗവാന്‍ കൃഷ്ണന്റെ മോഹിനി അവതാരമാണ് , ദൈവീകമാണ് , പതിവ്രതയായ വിധവയാണ് അതെങ്ങനെ കുലടയായി തീര്‍ന്നെന്ന് അറിയില്ല , മലയാള ഭാഷാപുരാണത്തില്‍ അശേഷം അറിവില്ല അത് കൊണ്ട് മലയാളി അറവാണികള്‍ക്ക് മറ്റൊരു ചരിത്രമുണ്ടാകുമായിരിക്കും .


മൂന്നാം ലിംഗത്തിന്റെ സ്വത്വവാദങ്ങളെ അവജ്ഞയോടെ , സാന്നിധ്യത്തെപ്പോലും വെറുപ്പോടെ കണ്ടിരുന്ന കാലത്താണ് തമിഴ് നാട്ടില്‍ പഠിച്ചിരുന്നത് ,കറുത്ത ശരീരങ്ങളെ അസഹനീയമായ രീതിയില്‍ ചായം പൂശി സാരിക്കുള്ളില്‍ നിറച്ച് വെച്ച കൃത്രിമ സ്ത്രൈണതാ ബിംബങ്ങളുമായി ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ അസ്വസ്ഥതകളായി ഭിക്ഷ ചോദിച്ച് വരുന്ന വികൃതരൂപങ്ങളെ അവജ്ഞയോടെ മാത്രം നോക്കി ,ഭിക്ഷ കൊടുത്തില്ലെങ്കില്‍ കേള്‍ക്കാവുന്ന ശാപവാക്കുകളും അശ്ലീല ചേഷ്ടകളെയും ഭയന്നത് കൊണ്ട് മാത്രം പൈസ കൊടുക്കേണ്ടി വന്നു . അരണ്ട വെളിച്ചമുള്ള ബസ് സ്റ്റാന്റുകളില്‍ , റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമുകളുടെ അറ്റത്തെ വിജനമായ ഓരത്ത് അങ്ങനെ പലയിടത്തും പരസ്യമായി തന്നെ അശ്ലീലചേഷ്ടകളോടെ ക്ഷണിക്കുന്ന കാഴ്ചകള്‍ ഇവരിങ്ങനെയൊക്കെ മാത്രമാണെന്ന് ഉള്ള ധാരണകളെ ശരിയെന്ന് വിശ്വസിപ്പിച്ചു .


പിന്നീട് ഹോസ്റ്റല്‍ ജീവിതത്തിനിടക്ക് മൂന്നാം ലിംഗത്തിന്റെ നിസ്സഹായത , അനുയോജ്യമല്ലാത്ത ശരീരത്തില്‍ പിറന്നവന്റെ /പിറന്നവളുടെ ആകുലതകള്‍ നേരിട്ട് കാണേണ്ടി വന്നു , ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ പുതുതായി വന്ന ഒരു പയ്യന്‍ - അക്കാഡമിക് ബ്രില്ല്യന്റ് , ഗണിത പാഠങ്ങള്‍ എല്ലാം മനപാഠമാക്കിയവന്‍ ,സഹപാഠികളെ കണക്ക് പറഞ്ഞ് കൊടുത്ത് സഹായിക്കുന്ന ഒരു അപ്പാവി പക്ഷെ അവന്റെ നടത്തയും നോട്ടവും ഭാവവുമെല്ലാം അവനറിയാതെ തന്നെ സ്ത്രൈണത നിറഞ്ഞതായിരുന്നു. തെറ്റായ ശരീരത്തില്‍ പിറക്കേണ്ടി വന്നവന്‍ , ആര്‍ത്തവം വരാത്ത ഒരു ശരീരത്തെക്കുറിച്ച് ഉലക്ണ്ഠപ്പെട്ട ഒരു കൌമാരകാലത്തെയോര്‍ത്ത് സ്വയം ശപിച്ചിരിക്കണം എന്നിട്ടുമവന്‍ ഒന്നും പ്രകടിപ്പിക്കാതെ ഒതുങ്ങിക്കൂടി പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു ,അന്തര്‍മുഖനായി .

ഹോസ്റ്റലിലെ തിളച്ചവന്മാരുടെ പരിഹാസങ്ങള്‍ , ഉപദ്രവങ്ങള്‍ , ഒമ്പതെന്ന വിളികള്‍ , ഞരമ്പുകളുടെ തോണ്ടല്‍ - ഗതികെട്ട് പരാതിപ്പെടുമ്പോള്‍ നീയതിന് വിധിക്കപ്പെട്ടവനെന്ന തരത്തിലുള്ള ഹോസ്റ്റല്‍ വാര്‍ഡന്റെ മറുപടികള്‍ അവനെ തളര്‍ത്തി, അവന്റെ നിസ്സഹായമായ മുഖം വിഷാദത്തിന്റെ ആവരണം പുതച്ച് ആള്‍ക്കൂട്ടത്തെ നോക്കാന്‍ ഭയപ്പെട്ടു നടന്നു .അവന്റെ നിസ്സഹായതയെ ഞങ്ങള്‍ നിസ്സംഗരായി കണ്ടു നിന്നു ,അവസാനമൊരിക്കല്‍ പരാജയപ്പെട്ട ഒരു ആത്മഹത്യാ ശ്രമത്തിന് ശേഷം പഠനം നിര്‍ത്തി അവന്‍ നാട്ടിലേക്ക് തിരിച്ചു , പിന്നീടവന്‍ വിജയിച്ചിരിക്കാം ആത്മഹത്യയില്‍ .തന്റേതല്ലാത്ത ഒരു തെറ്റിന് ഭാവിയും ജീവിതവുമെല്ലാം നഷ്ടപ്പെട്ട് പോയ ഒരു ജീവന്‍ , ഞങ്ങള്‍ക്കവനെ സംരക്ഷിക്കാമായിരുന്നു ,അവനെതിരെയുള്ള പരിഹാസങ്ങളെ പ്രതിരോധിക്കാമായിരുന്നു ...പക്ഷെ ചെയ്തില്ല , നിസ്സംഗമായ ഒരോര്‍മ്മയായി അവന്‍ അജ്ഞാതനായി പോയി .

സമൂഹത്തില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടവര്‍ , അവഗണിക്കപ്പെട്ടവര്‍ , തിരസ്കൃതരാക്കപ്പെട്ടവര്‍
പരിഹാസം മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ , വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ ജീവിക്കാന്‍ വേണ്ടി ഭിക്ഷയെടുക്കുന്നു , ജീവിക്കാന്‍ വേണ്ടി സെക്സ് വര്‍ക്കറാകുന്നു , മറ്റൊരു തൊഴിലിന് അനുവദിക്കാത്തിടത്തോളം അവരങ്ങനെയല്ലാതെ എങ്ങനെ ജീവിക്കും ? പുനര്‍വിചിന്തനങ്ങളില്‍ മുന്‍ധാരണകള്‍ തെറ്റായും മൂന്നാം ലിംഗത്തിന്റെ സ്വത്വവാദത്തിന്റെ മാനുഷികത ശരിയായും വന്നു .


മൂന്നാം ലിംഗത്തോട് ഞാനടക്കം കാണിക്കുന്ന വിവേചനത്തിന്റെ ആഴമോ തോതോ അളക്കാനാവില്ല അതിന്റെ നൈതികതയും ധാര്‍മ്മികതയെയും കുറിച്ചെനിക്കൊന്നും പറയാനുമില്ല പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മൂന്നാം ലിംഗത്തിന്റെ അവസ്ഥകള് മൂന്നാം ലോകത്തിന്റെ‍ ആശങ്കകള്‍ പോലെ തുടരും , അവര്‍ മറ്റൊരു ലോകമാണ് അവരെ നമ്മുടെ ലോകത്തില്‍ കൂട്ടണ്ട , അവരുടെ ലോകത്തിലെങ്കിലും ജീവിക്കാന്‍ വെറുതെ വിടുക സദാചാരത്തിന്റെ കാവല്‍ മാലാഘകള്‍ .ജനിച്ച് പോയത് ഒരു കുറ്റമല്ലല്ലോ .അങ്ങനെ കരുതാന്‍ ശ്രമിക്കാം .

അനുബന്ധം .

ഇത്തവണത്തെ കൂവാഗം ഫെസ്റ്റിവലിനോടനുബന്ദിച്ച് അറവാണികള്‍ എന്ന സംബോധന മാറ്റി തിരുനങ്കൈ എന്ന് വിളിക്കാന്‍ തീരുമാനമായി .അപ്പോള്‍ അറവാന്റെ വിധവകള്‍ ഇനി മുതല്‍ തിരുനങ്കകളായിരിക്കും .

Picture courtesy - Flickr

42 comments:

  1. ലൈംഗികന്യൂനപക്ഷങ്ങൾ സഹതാപമല്ല; അംഗീകാരമാണർഹി ക്കുന്നത്..! അവരെക്കുറിച്ചുള്ള ഭയവും മുൻവിധികളും മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.! നല്ല ലേഖനം വിഷ്ണൂ..

    ReplyDelete
  2. മുജീബ്‌20 February 2011 at 21:33

    നന്നായിരിക്കുന്നു നല്ലവിഷയം തന്‍റെതാല്ലാത്തകുറ്റത്തിന് ശിഷിക്ക പെടുന്നവര്‍ സമൂഹം ചിന്തിക്കട്ടെ

    ReplyDelete
  3. സുഹൃത്തേ അരവാണി എന്നാല്‍ അത് ഒരു തമിഴ് വാക്കാണ്‌. അതിന്നു മലയാളവുമായി ഒരു ബന്ധവും ഇല്ല . പക്ഷെ അരവാണി എന്ന വാക്ക് ഇപ്പോള്‍ അധികം പറയാറില്ല . തിരു നഗൈ എന്നാ വാക്ക് ആണ് ഉപയോഗിക്കുന്നത് .താങ്കള്‍ പറഞ്ഞപോലെ അരവാണി എന്ന വാക്കിന് പുരാണവും ആയി ഒരു ബന്ധവും ഇല്ല.എന്തിനെയും ഹൈന്ദവ വല്കരിക്കാനുള്ള ത്വര നല്ലതല്ല .. അര വാണി എന്നാല്‍ പകുതി സ്ത്രീ എന്ന് അര്‍ഥം അത് ദ്രാവിഡ വാക്കാണ്‌ ഇരവാന്‍ എന്നാല്‍ തമിഴില്‍ യുദ്ധം വീരന്‍ അല്ലെങ്കില്‍ കോപാകുലന്‍ എന്ന് അര്‍ഥം ഇത്തരം വിഷയങ്ങള്‍ അറിയാതെ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തുന്നത്‌ ബാലിശമാണ് ....

    ReplyDelete
  4. ബ്ലോഗ് വായിക്കാതെ അഭിപ്രായം പറയുന്ന മണ്ടന്മാര്‍ക്ക് മറുപടി കൊടുക്കേണ്ട ബാധ്യത ഇല്ല :).

    എങ്കിലും ബ്ലോഗ് വായിക്കാന്‍ സാധിക്കാത്തത്ര തിരക്കുള്ള മനുഷ്യനാവും എന്ന ധാരണയിലാണ് ഇത് പറയുന്നത് .

    ഹിജഡകളുടെ ഉത്സവം നടക്കുന്ന കൂവാഗത്തെ ക്ഷേത്രത്തിലെ പ്രതിഷ്ട പുരാണത്തിലെ ഇറവാന്‍ എന്ന അര്‍ജ്ജുന പുത്രന്‍ തന്നെയാണ് . തമിഴര്‍ക്ക് “ അ” കാര പ്രയോഗം കൂടുതലായത് കൊണ്ട് അത് അറവാന്‍ ആയി മാറിയതുമാകാം എന്നത് ഒരു ഊഹമെന്ന നിലയിലാണ് ഞാന്‍ അവതരിപ്പിച്ചത് .

    ഇനി പുരാണം -

    കൂവാഗത്തെ ക്ഷേത്രത്തില്‍ അന്നേ ദിവസം നടക്കുന്ന ആചാരം അറവാന്റെ ഒരു ദിവസത്തെ വിധവകളാവുന്ന ചടങ്ങാണ് , അതിന്റെ ഐതിഹ്യത്തെക്കുറിച്ച് ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട് - വീണ്ടും എഴുതാന്‍ സൌകര്യപ്പെടില്ല പറ്റിയാല്‍ വായിച്ച് നോക്കൂ .എന്ത് കൊണ്ടാണ് ആ ചടങ്ങില്‍ ഒരു ദിവസം വിവാഹിതരാകുന്നതായി നടിക്കുന്നതെന്നും വിധവകളായി സ്വയം തീരുന്നതെന്നും ഈ ബ്ലോഗില്‍ പറയുന്നുണ്ട് . പറ്റിയാല്‍ വായിച്ച് നോക്കൂ .കമന്റില്‍ ഇതൊക്കെ പറയാന്‍ അല്പം ബുദ്ധിമുട്ടുണ്ട് :)

    ReplyDelete
  5. ഇറാവാനെ ബലികൊടുക്കുന്ന കഥ ഏതു മഹാഭാരതത്തിലെയാണ് മാഷെ. ബലി കൊടുക്കേണ്ട ആള് പിന്നെങ്ങനെ യുദ്ധം ചെയ്യാൻ പോയി. അത് വീരമൃത്യു അല്ലെ, ബലിയല്ലല്ലൊ. 18 അക്ഷൌഹിണിപ്പടയിൽ വിരലിലെണ്ണാവുന്നവർ മാത്രമെ ബാക്കിയായുള്ളൂ. അതെല്ലാം ഈ കണക്കിൽ കൊള്ളിക്കണോ?

    അനോണി:
    എന്തിനെയും ഹൈന്ദവ വൽക്കരിക്കുക എന്നല്ല ഇതിനർത്ഥം. എല്ലാ പേക്കൂത്തുകളും ഹൈന്ദവം എന്നു പറഞ്ഞ് ദുർവ്യാഖ്യാനം ചെയ്യാനുള്ള അജണ്ടയാണ്.

    ReplyDelete
  6. ബ്ലോഗ് വായിക്കാതെ അഭിപ്രായം പറയുന്ന മണ്ടന്മാര്‍ക്ക് മറുപടി കൊടുക്കേണ്ട ബാധ്യത ഇല്ല :). മണ്ടന്മാര്‍ക്ക്.....
    താങ്കളുടെ സഹിഷ്ണുതയെ ഞാന്‍ പാടി പുകഴ്ത്താന്‍ ആഗ്രഹിക്കുന്നു ...താങ്കള്‍ക്ക് ഉള്ളില്‍ കിടക്കുന്ന ഒരു വലതു പക്ഷ ജന്മി മനോഭാവം ഉണ്ട് അത് താങ്കളുടെ എല്ലാ വിഷയങ്ങളിലും പ്രതിഫലിക്കുന്നു

    ReplyDelete
  7. @പാര്‍ത്ഥന്‍ - ഇരവാനെ ബലി കൊടുക്കുന്ന കഥ നമ്മളെല്ലാമറിയുന്ന ഒരേയൊരു മഹാഭാരതത്തിലേത് തന്നെയാണ് .അത്യാവശ്യം പുരാണങ്ങള്‍ അറിയാമെന്ന് കരുതിയിരുന്ന കാലത്താണ് ഇറവാന്റെ കഥ കൂവാഗത്തെ ആഘോഷവുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നത് .പൊതുവില്‍ ദ്രാവിഡര്‍ മഹാഭാരതത്തെയോ രാമായണത്തെയോ അടിസ്ഥാനമാക്കി ഒരു ആഘോഷം നടത്തുമെന്ന സങ്കല്പത്തിലെനിക്ക് അവിശ്വാസമുണ്ടായിരുന്നു പ്രത്യേകിച്ച് ഇരവാനെന്ന മഹാഭാരത കഥാപാത്രത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും അറിയാത്ത ഒരു സമയമായത് കൊണ്ട് പക്ഷെ പുരാണത്തില്‍ ഇരവാന്റെ ഭാഗം വരുന്ന ഭാഗം പുനര്‍വായനക്ക് വിധേയമാക്കിയപ്പോള്‍ അര്‍ജ്ജുനന്റെ മകനായ ഇരവാന്റെ ബലിദാനം , [അറിഞ്ഞ് കൊണ്ട് ചാവേറായത് തന്നെയാണ് ]അതിന് വേണ്ടി ഭഗവാന്‍ മോഹിനീരൂപം പൂണ്ട കഥ ,ഇതെല്ലാം പുരാണത്തിലുള്ളത് തന്നെയാണെന്ന് മനസ്സിലായി . പിന്നെ ഓരോ ഐതിഹ്യവും പുരാണവും പ്രാദേശികമായ ചില നീക്കുപോക്കുകള്‍ക്ക് വിധേയമാകാറുണ്ടല്ലൊ അത് പോലെ ഇരവാന്‍ തമിഴര്‍ക്ക് അറവാനായി മാറിയതാകണം .

    @ അനോണീ - ആദ്യ കമന്റിലെ അസഹിഷ്ണുതക്ക് ക്ഷമ ചോദിക്കുന്നു :)
    അറവാണി എന്ന തമിഴ് വാക്കിന്റെ ചരിത്രമാണ് ഞാന്‍ ഇരവാന്റെ ഐതിഹ്യമായി പറഞ്ഞത് , ഇത് എന്റെ കണ്ടെത്തലല്ല തമിഴ് ഭാഷയിലും പുരാണത്തിലും സാമാന്യം ജ്ഞാനമുള്ള ഒരു തമിഴ് സുഹൃത്ത് പറഞ്ഞതാണ് .അറവാണി എന്ന വാക്കിന് മലയാളവുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞാന്‍ പറഞ്ഞില്ല എന്ന് മാത്രമല്ല മലയാള ഭാഷയിലെ അറവാണികള്‍ക്ക് മറ്റൊരു ചരിത്രമുണ്ടായേക്കാം എന്ന് മുങ്കൂറായി പറയുകയും ചെയ്തിട്ടുണ്ട് .2010 കൂവാഗം ഫെസ്റ്റിവലിനൊടനുബന്ധിച്ച് അതിന്റെ പ്രവര്‍ത്തകര്‍ എടുത്ത തീരുമാനമാണ് മൂന്നം ലിംഗക്കാര്‍ ഇതിന് ശേഷം തിരുനഗൈ എന്ന സംബോധന ചെയ്യപ്പെടണമെന്നുള്ളത് .ഇത് അനുബന്ധമായി ബ്ലോഗില്‍ കൊടുത്തിട്ടുമുണ്ട് . ഇത്രയുമൊക്കെ വ്യക്തമായി എഴുതിയിട്ടും അതൊന്നും വായിക്കാതെ എന്തര്‍ത്ഥത്തിലാണ് താങ്കള്‍ അത്തരത്തിലൊരു കമന്റ് എഴുതിയതെന്നുള്ള അല്‍ഭുതം കൊണ്ടാണ് അത്തരമൊരു പരാമര്‍ശമുണ്ടായത് .ജുബ്ബയിട്ട ഫോട്ടോ കണ്ടത് കൊണ്ടാണോ വലത് പക്ഷ ജന്മിസ്വഭാവം എന്ന് പറയുന്നത് ഫോട്ടോ എടുക്കാന്‍ വേണ്ടി ജുബ്ബ കടം വാങ്ങിയതാണ് . :) തെറ്റിദ്ധരിക്കണ്ട .

    ഇനി പാര്‍ത്ഥനോടും അനോണിയോടൂം കൂടി - ഹൈന്ദവതയെക്കുറിച്ച് പറയുന്നത് എന്തെങ്കിലും അജണ്ട വെച്ചാണെന്നോ ഞാന്‍ എന്തോ അജണ്ട നടപ്പാക്കാന്‍ വേണ്ടിയാണ് ബ്ലോഗെഴുതുന്നത് എന്ന ധാരണ കുറച്ച് കടുപ്പാമാണ് .ഒന്നാമതായി എന്റെ ബ്ലോഗ് വായനക്കാര്‍ വളരെ പരിമിതമാണ് രണ്ടാമതായി ഈ ബ്ലോഗിലൂടെ എന്റെ അജണ്ട പ്രചരിപ്പിക്കാനോ എന്തിന് ഈ ബ്ലോഗ് പ്രചരിപ്പിക്കാനോ തമാശയായോ കാര്യമായോ ഒരു ശ്രമവും ഞാന്‍ നടത്തുന്നില്ല . മറ്റുള്ള ബ്ലോഗുകളില്‍ കമന്റിട്ട് ശ്രദ്ധയാ‍ാകര്‍ഷിക്കുകയോ മറ്റു ബ്ലോഗുകളുടെ ഫോളോവറാവുകയോ ഒക്കെ ചെയ്താല്‍ ഇപ്പോഴുള്ളതിനെക്കാള്‍ എക്സ്പോഷര്‍ കിട്ടുമെന്നെനിക്കറിയാം അതിനൊന്നും തുനിയാത്തത് സമയമില്ല എന്ന കാരണം കൊണ്ടാണ് .വായിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ കുറിച്ച് വെക്കുന്നു മറന്ന് പോകാതിരിക്കാനോ എന്റെ തന്നെ ഒരു ആത്മസംതൃപ്തിക്കോ ആയി . എഴുതിയത് ആരെങ്കിലും വായിച്ചാല്‍ അത് ബോണസെന്നെ കരുതുന്നുള്ളൂ . പ്രത്യേകിച്ച് ഒരു അജണ്ടയുമില്ല :)

    ReplyDelete
  8. @ ആൽകെമിസ്റ്റ്:

    രാമായണത്തിലെയും മഹാഭാരതത്തിലെയും ചില ഒറ്റവാക്കിൽ നിന്നും നിരവധി പ്രാദേശിക മിത്തുകളും പാഠഭേദങ്ങളും നിലവിലുണ്ട്. തീർപ്പു കല്പിച്ച് വിശദീകരിക്കാൻ മഹാഭാരതം എന്റെ കയ്യിലില്ല. പക്ഷെ മഹാഭാരതത്തിന്റെ കാലഘട്ടത്തിൽ നിന്നു നോക്കുമ്പോൾ ഒരു മനുഷ്യബലിയുടെ കാര്യം വിശ്വസിക്കാൻ കഴിയുന്നില്ല. മഹാഭാരത കാലഘട്ടത്തിനുശേഷമാണ് വേദങ്ങളിൽ വിദേശികളായ സംസ്കാരമില്ലാത്തവരുടെ കടന്നുകയറ്റവും ദുർവ്യാഖ്യാനങ്ങളും ഉണ്ടായിട്ടുള്ളത്. അതിനുശേഷം ജന്തുബലിയും നരബലിയും ഒക്കെ ആചാരങ്ങളാക്കി മാറ്റി എന്നത് നിഷേധിക്കുന്നില്ല. ആ കാലഘട്ടത്തിലാണ് ബുദ്ധന്റെ ആവിർഭാവം ഉണ്ടായത്. കഥയിലായാലും എന്തു തോന്ന്യാസവും വിശ്വസിക്കാനുള്ള ന്യായവും ഉണ്ടാകണം. അത്ര്യേ ഉദ്ദേശിച്ചുള്ളൂ.

    ReplyDelete
  9. @പാര്‍ത്ഥന്‍ - ഞാന്‍ പറയാനുദ്ദേശിച്ചത് പുരാണമോ ഐതിഹ്യമോ ഒന്നുമല്ല .മൂന്നാം ലിംഗക്കാരായ ചില ജീവിതങ്ങളോട് നമ്മള്‍ കാണിക്കുന്ന അവജ്ഞയുടെ തോതിനെക്കുറിച്ചാണ് അതിന് അനുബന്ധമായി മാത്രമാണ് ആ പുരാണത്തിന്റെ കഥ ചേര്‍ത്തത് .അതും എന്റെ കയ്യില്‍ നിന്നെടുത്ത് മനപ്പൂര്‍വ്വം തിരുകികയറ്റിയതല്ല കൂവാഗത്തെ ക്ഷേത്രത്തില്‍ നടക്കുന്ന ആ ചടങ്ങിന്റെ ഐതിഹ്യം ഇതായത് കൊണ്ടാണ് .പിന്നെ പുരാണങ്ങള്‍ എല്ലാം കഥകള്‍ മാത്രമാണ് ഒന്ന് ശരി മറ്റേത് തെറ്റ് എന്ന ധാരണകളൊന്നും എനിക്കില്ല .

    സന്തോഷ് ശിവന്റെ “നവരസ “ എന്നൊരു ഫിലിമുണ്ട് .പറ്റിയാല്‍ കാണൂ .അതില്‍ അഭിനയിച്ചിരിക്കുന്നതെല്ലാം [അല്ലെങ്കില്‍ ജീവിക്കുന്ന] യഥാര്‍ത്ഥത്തില്‍ തന്നെയുള്ള തിരുനങ്ക കളാണ് .ഐതിഹ്യവും ചടങ്ങുമെല്ലാം കുറച്ച് കൂടി വ്യക്തമായി കാണിക്കുന്നുണ്ട് .

    ReplyDelete
  10. Overwhelmed with Joy or excitement after reading your blog. Seeing such a marvelous, crisp writing after years. Keep going....

    ReplyDelete
  11. ഈ ബുജികളൊക്കെ വിഷയത്തില്‍ നിന്നുമാറി സംസാരിക്കുന്നതെന്താ?.........പുരാണത്തെ ആരെങ്കിലും തെറ്റായി വ്യാഖ്യാനിചാലോ എന്നുള്ള ബേജാറാണോ?

    ReplyDelete
  12. കുറച്ചു കാലമായി ബ്ലോഗുകളുമായി അടുത്ത ബന്ധം നില നിര്‍ത്താന്‍ സാധിക്കാഞ്ഞതിനാല്‍ ഈ ബ്ലോഗ് കാണാന്‍ വൈകി... ( നല്ലൊരു ബ്ലോഗ് ഇത്രയും നാള്‍ മിസ്സാക്കിയതില്‍ ഖേദിക്കുന്നു).

    ആശംസകള്‍,....

    ReplyDelete
  13. please go to this link

    http://en.wikipedia.org/wiki/Iravan

    ReplyDelete
  14. very good one

    ReplyDelete
  15. മനോഹരമായിരിക്കുന്നു. വായിക്കുവാന്‍ താമസിച്ചുപോയതിലേയുള്ളു വിഷമം.

    ReplyDelete
  16. ഈ ഉത്സവത്തിനെ പറ്റിയും അറവാണികളെ പറ്റിയും ഒക്കെ അറിയാന്‍ കഴിഞ്ഞു. നല്ല ലേഖനം.

    ReplyDelete
  17. നല്ല ഒരു ലേഖനം..

    ഇതിനെ എന്തിനു ആളുകള്‍ ഒരു അജണ്ടയുടെ ഭാഗമായി കാണുന്നു എന്ന് മനസ്സിലാകുന്നില്ല ...നല്ല ഒരു പോസ്റ്റ്‌ , അറിയാവുന്ന വിവരങ്ങള്‍ വച്ച് നന്നായി അവതരിപ്പിച്ചിരിക്കുന്നു .

    എല്ലാ ആശംസകളും...വീണ്ടും വരാം..

    ReplyDelete
  18. This comment has been removed by the author.

    ReplyDelete
  19. നല്ല ലേഖനം.
    എല്ലാം തികഞ്ഞ മൂന്നു പേരിൽ എങ്ങനെയാണ്‌ ഇരവാൻ പെടുക?
    ഇരവാൻ സ്ത്രീസുഖമറിഞ്ഞിട്ടില്ലല്ലോ? അപ്പോൾ ആ ലിസ്റ്റിൽ വരാൻ ഒരു സാദ്ധ്യതയുമില്ലല്ലോ(പൂർണ്ണനാവുകയില്ല) :)

    ഒരു പക്ഷെ പൂർണ്ണനാക്കി, ബലി കൊടുത്തതാവാം..

    ReplyDelete
  20. പോസ്റ്റ് വായിക്കാന്‍ വൈകി..ഇന്‍ഫര്‍മെറ്റീവ് പോസ്റ്റ്

    ReplyDelete
  21. @Vishu....Ninakku ithrayum vivarmundu ennu ariyaan vaikipoyi aliyaa...collegil nammolu onnichu padichappozhum...enikku manasilaayilla.....I really enjoyed reading this......really informative....continue writing like tjis....really gud...

    ReplyDelete
  22. അഭിനന്ദനങ്ങള്‍.. ഒട്ടും മടുപ്പിക്കാത്ത ശൈലി.
    നന്ദി.. അറിയാത്ത ഒരു വിഷയത്തില്‍ ഇത്ര അറിവ് തന്നതിന്.

    ReplyDelete
  23. മൂന്നാം ലിഗത്തോട് സമൂഹം കാണിക്കുന്ന അവഗണനയും അവഹേളനവും നമ്മുടെ സാമൂഹ്യാവസ്തയുടെ ഭാഗമെന്നപോലെ തുടരുന്നു. എന്തോ പാപ്പ ഭാരവും കൊണ്ട് പിറന്നു വീഴുന്നവരാണെന്നാണു ഈ വിഭാഗത്തെ കുറിച്ചുള്ള സാമൂഹിക കഴ്ചപ്പാട്

    ReplyDelete
  24. നല്ല എഴുത്ത് അസാധ്യം .......

    ReplyDelete
  25. അറിവുകള്‍ പകര്‍ന്നു തരുന്നവരെ
    അന്ഗീകരിക്കുക..സംശയങ്ങള്‍ ഉണ്ടെങ്കില്‍
    ദൂരീകരിക്കുക...ആരോഗ്യപരമായ ചര്‍ച്ചകള്‍ക്ക്
    വേദിയാവട്ടെ ഓരോ പോസ്റ്റും....

    അഭിനന്ദനങ്ങള്‍ വിഷ്ണു..നല്ല ലേഖനം..കാതലായ
    വിഷയത്തില്‍ നിന്നും കമന്റുകള്‍ വഴി ശ്രദ്ധ തിരിക്കപെട്ടു
    എങ്കിലും വലിയൊരു സന്ദേശം അടങ്ങിയ ഈ ലേഖനം
    കൂടുതല്‍ പേര്‍ വായിക്കട്ടെ എന്ന് ആശംസിക്കുന്നു...

    ReplyDelete
  26. ഇതിനെക്കുറിച്ച് എവിടെയോ വായിച്ചിട്ടുണ്ട് . അതിനു പിന്നിലെ കഥ കൂടി അറിഞ്ഞതില്‍ സന്തോഷം . മഹാഭാരതത്തിലേയും രാമായണത്തിലെയും കഥകള്‍ പലപ്പോഴും പല ദിക്കുകളില്‍ പല തരത്തില്‍ കേള്‍ക്കാറുണ്ട് . (എന്റെ നാട്ടിലെ കാടാമ്പുഴ അമ്പലത്തിലെ ഐതിഹ്യം അര്‍ജുനന്‍ പാശുപതാസ്ത്രത്തിനു വേണ്ടി തപസു ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് . അതെ ഐതിഹ്യം തന്നെയാണ് വിജയവാടയിലെ കനകദുര്‍ഗ ക്ഷേത്രത്തിനും .)

    വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു. അതാണ്‌ പ്രധാനം . കഥ എന്തുമായിക്കൊള്ളട്ടെ .
    തീവണ്ടിയില്‍ പക്ഷെ ഇതൊരു വരുമാനമാര്‍ഗമെന്നു കരുതി വേഷം കെട്ടി വരുന്നവരും ധാരാളമുണ്ട് .

    ReplyDelete
  27. നല്ല ഒരു പോസ്റ്റ്‌ , അറിയാവുന്ന വിവരങ്ങള്‍ വച്ച് നന്നായി അവതരിപ്പിച്ചിരിക്കുന്നു .

    ReplyDelete
  28. വായിക്കാന്‍ വൈകി..ഇന്‍ഫര്‍മെറ്റീവ് പോസ്റ്റ്

    ReplyDelete
  29. Very informative..Good post ...Expecting more...

    ReplyDelete
  30. എന്തിനെയുമ് ഹൈന്ദവമാക്കുമ് പോലെ തന്നെ തെ‍റ്റാണ് എല്ലാറ്റിനെയും അഹൈന്ദവമാകി ഹൈന്ദവമെന്ന വാക്ക് പോലും അശ്ലീലമാക്കാനുള്ള ശ്രമവും.

    മനസിലുറച്ച് പോയ കൊളോണിയൽ അടിമത്തം പ്രവർത്തിക്കുന്നതിനു തടയിടാൻ അറ്റ്ലീസ്റ്റ് വിക്കി എങ്കിലും നോക്കുന്നത് നന്നായിരിക്കും

    http://en.m.wikipedia.org/wiki/Iravan

    പോസ്റ്റിലെ വിഷയം പോലും നോക്കാതെ ഹൈന്ദവം കുത്തിത്തിരുകുന്നതിലെ രാഷ്ട്രീയത്തെ കരുതിയിരിക്കുക!

    ആ അര+വാണി ഡഫനിഷന്റെ റഫറൻസ് കിട്ടിയാൽ കൊള്ളാം.

    ReplyDelete
  31. ഈ വാക്കിന്അർഥം നോക്കി വന്നതാ, വളരെ നല്ലതുപോലെ വിവരിച്ചിട്ടുണ്ട്, പുതിയ അറിവ്. All the best

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .