Like

...........

Monday, 14 February 2011

പ്രണയത്തെക്കുറിച്ച് ചില കഥകള്‍





വാലന്റൈന്‍സ് ഡേകളില്‍ പ്രണയം മൊട്ടിടുമെന്ന് വിശ്വസിക്കുന്ന എല്ലാ മണ്ടന്‍ കാല്പനികരെയും പരിഹസിച്ച് കൊണ്ട് നടന്നിരുന്ന കോളേജിലെ റിബല്‍ കാലഘട്ടത്തിന്റെ ഓര്‍മ്മയിലൊന്നും ഫെബ്രുവരി 14 ന് ഒരു സ്ഥാനവുമില്ലായിരുന്നു , ഇന്നുമില്ല പക്ഷെ മഹാസംഭവത്തിന്റെ പ്രതീതിയോടെ നിരന്തരം വന്ന് കൊണ്ടിരിക്കുന്ന പ്രണയ സന്ദേശങ്ങള്‍ , പ്രണയ മാഹാത്മ്യങ്ങള്‍ എല്ലാം പ്രണയത്തെക്കുറിച്ച് തികട്ടി വരുന്ന ചില ഓര്‍മ്മകളിലെത്തിക്കുന്നു .സ്വാനുഭവത്തിന്റെ മടുപ്പിക്കുന്ന ആത്മരതിയില്‍ കൌതുകങ്ങളൊന്നുമില്ലാത്തത് കൊണ്ട് മറ്റാരുടെയൊക്കെ ഓര്‍മ്മകളാണ് നിറഞ്ഞ് നിന്ന് ഹൃദയം കയ്പ്പിക്കുന്നത് .


“പ്രേമത്തിന്‍റെ പുതിയ ഭാഷ പിടികിട്ടാതെ പിന്നെയും പിന്നെയും പ്രപഞ്ചം പരിഭ്രമിക്കുന്നു
നീ പണ്ട് അരുവിയിലെറിഞ്ഞ നോട്ടങ്ങള്‍ ഈ അഴിമുഖത്ത് ആദ്യം പൂവിട്ട മരങ്ങളായി “
എന്ന് ഡി വിനയ ചന്ദ്രന്‍ , പ്രപഞ്ചസത്യങ്ങള്‍ക്കപ്പുറത്തൊരു രഹസ്യമുണ്ടെങ്കില്‍ പ്രണയിക്കുന്ന മനസ്സാണ് , അതിനെ നിര്‍വചിക്കാനാര്‍ക്കുമിത് വരെ കഴിഞ്ഞിട്ടില്ല . ഒരു ദിവസം മാത്രം നീളുന്ന തല്‍ക്കാല പ്രണയങ്ങളും കോഴ്സ് കഴിയുന്ന വരെ മാത്രമെന്ന പരസ്പര ഉപാധി പ്രണയങ്ങളുടെയും ധാരാളിത്തം നിരന്തരം കണ്ടും ശീലിച്ചും മടുക്കുന്നൊരാളുടെ ഓര്‍മ്മകളുടെ നിഗൂഡമായ ചില വേദനകളുണ്ട് , സ്വാനുഭവത്തിന്റെ ആത്മരതിയില്ലെങ്കിലും ചില ഓര്‍മ്മകള്‍ അഗാധമായ വേദനയായി അവശേഷിക്കും , എവിടെയോ ഒക്കെയുള്ള ചില ആളുകള്‍ ഒരു ഓര്‍മ്മപ്പെടുത്തലുകളാവാന്‍ വേണ്ടി മാത്രം അങ്ങനെ കടന്ന് വരും , അങ്ങനെ ചില കഥകള്‍ ആരുടെയൊക്കെയോ ജീവിതത്തിന്റെ സാക്ഷ്യമായി മനസ്സില്‍ ശേഷിക്കുന്നു .

കഥ - 1

ഒരു സ്വകാര്യ ആശുപത്രിയുടെ നീണ്ട ഇടനാഴികളിലൊന്നില്‍ രാത്രിയുടെ മടുപ്പിക്കുന്ന നിശബ്ദതയില്‍ അകത്ത് ഐ സി യു വില്‍ കിടക്കുന്ന ബന്ധുവിന് കൂട്ടായി ഇരിക്കുകയാണ് ഞാന്‍ . ആശുപത്രികള്‍ക്കൊരു സ്വഭാവമുണ്ട് അതിന്റെ അസ്വസ്ഥതകളും അന്തരീക്ഷവും നമ്മളെയും ഗ്രസിച്ച് പോകും, പടരുന്ന ഒരു വ്യാധി പോലെ അത് അസ്വസ്ഥമാക്കികൊണ്ടിരിക്കും , ആ അവസ്ഥയെ ഇല്ലാ‍താക്കാനുള്ള നടത്തത്തിനൊടുവിലാണ് ആ മനുഷ്യനെ ഞാന്‍ കാണുന്നത് , ഇടനാഴിയുടെ അന്ത്യത്തിലൊരു മൂലയില്‍ ജീവിതത്തിന്റെ എല്ലാ സ്വര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടത് പോലെ ഒരു മനുഷ്യന്‍ നിര്‍വ്വികാരനായിരിക്കുന്നു , ഒരു അമ്പത് വയസ്സ് പ്രായം കാണുമായിരിക്കും പക്ഷെ വിഷാദം നിറഞ്ഞ ആ അവസ്ഥയില്‍ അയാള്‍ കൂടുതല്‍ വൃദ്ധനും അവശനുമായിരുന്നു തീവ്ര പരിചരണ വിഭാഗത്തിന് മുന്നില്‍ അത്തരം കാഴ്ചകള്‍ സ്വാഭാവികമാണെന്നത് കൊണ്ട് തന്നെ അതിലല്‍ഭുതം തോന്നിയില്ല....നീണ്ട നിമിഷങ്ങളുടെ നിശബ്ദതക്കപ്പുറം സാന്നിധ്യമറിയിക്കാനായിട്ടോ എനിക്ക് മറ്റൊന്നും ചോദിക്കാനില്ലാതിരുന്നത് കൊണ്ടോ ഞാനയാളോട് ചോദിച്ചു

" ആരാണ് അകത്ത് “

മരവിച്ച ഒരു നോട്ടം മാത്രമായിരുന്നു മറുപടി , അപ്പോഴത്തെ അന്തരീക്ഷത്തില്‍ ആ ചോദ്യം അപക്വമാണെന്നറിയാമായിരുന്നിട്ടൂം മറ്റൊന്നും ചോദിക്കാനില്ലാതിരുന്നത് കൊണ്ട് മാത്രം ചോദിച്ച് പോയതാണ് എന്നില്‍ നിന്നും തിരിച്ചെടുത്ത നോട്ടം വീണ്ടും നീണ്ട ഇടനാഴിയിലെക്ക് അനന്തമായി നോക്കിക്കൊണ്ടയാള്‍ നിന്നു -ഒരു പ്രതിമ പോലെ. സമയം ഒരു തരം കൊല്ലുന്ന മടുപ്പോടെ ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരുന്നു ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഐ സി യു വിന്റെ അകത്ത് നിന്ന് വെള്ളത്തുണി പുതച്ച ഒരു സ്ത്രീ ശരീരം പുറത്തേക്ക് കൊണ്ട് വന്നു അപ്പോള്‍ മാത്രം അയാള്‍ പ്രജ്ഞ വീണ്ടെടുത്തവനെ പോലെ ഒന്ന് തേങ്ങിയെന്ന് തോന്നി , നിസ്സംഗത നിറഞ്ഞ് നിന്ന ആ കണ്ണുകളില്‍ നിന്ന് അയാളറിയാതെയെന്ന പോലെ കണ്ണീരൊഴുകുന്നുണ്ടായിരുന്നു , എന്നിട്ടും അയാള്‍ ആ മൃദദേഹത്തിനടുത്തേക്ക് പോവുകയോ അതിനൊപ്പം പോവുകയോ ചെയ്തില്ല , ഏറ്റ് വാങ്ങാന്‍ നിരവധി ബന്ധുക്കള്‍ ആശുപത്രി വരാന്തയില്‍ നിന്നിരുന്നു ,ഒരു പാട് ബന്ധുക്കള്‍ -ഒരു രാത്രി മുഴുവന്‍ ജീവിതത്തിന്റെ എല്ലാ വിഷാദങ്ങളും കൂട്ടി വെച്ച് നിന്ന് ആ ജീവന്റെ കാവലായി നിന്ന ആ മനുഷ്യനെന്ത് കൊണ്ടാണ് ഒന്ന് കാണാന്‍ പോലും നില്‍ക്കാതെ അകലെ അന്യനെ പോലെ മാറി നിന്ന് കരയുന്നതെന്ന ജിജ്ഞാസ കൊണ്ട് പഴയ ആ ചോദ്യം ഞാനൊന്ന് കൂടി ചോദിച്ചു

" ആരാണ് അത് ? " ഇടറുന്ന ശബ്ദത്തോടെ “ ഞാന്‍ സ്നേഹിച്ചിരുന്ന പെണ്ണാണ് , 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് “ അത് പറഞ്ഞിട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ ആ ഇടനാഴിയിലൂടെ നടന്നയാള്‍ അപ്രത്യക്ഷനായി , മുമ്പെങ്ങോ വായിച്ച സച്ചിദാനന്ദന്റെ ഒരു കവിത എന്നിലവശേഷിപ്പിച്ച് കൊണ്ട് .

"മുപ്പതുവര്‍ഷം കഴിഞ്ഞു കണ്ടുമുട്ടിയാലും
പുരുഷന് തന്‍റെ ആദ്യകാമുകിയെ തിരിച്ചറിയാനാവും
ഏറെ പുതിക്കിപ്പണിതിട്ടും പണ്ട് താമസിച്ചിരുന്ന
നാട്ടിന്‍പുറത്തെ വീട് തിരിച്ചറിയും പോലെ ,
കെട്ടിടങ്ങളും ശബ്ദങ്ങളും നിറഞ്ഞുകഴിഞ്ഞിട്ടും മുമ്പ് ചെന്നിരിക്കാറുള്ള കുന്നിന്പുറത്തിന്റെ
പൂക്കള്‍ നിറഞ്ഞ വിജനത തിരിച്ചറിയും പോലെ " - സച്ചിദാനന്ദന്‍ .


കഥ - 2

പ്രശസ്തമായ ഒരു കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം കഴിഞ്ഞ പെണ്‍കുട്ടി , കൂട്ടുകാരന്റെ സഹപാഠിയെന്ന നിലയില്‍ പരിചയമുണ്ട് - സുന്ദരി , സല്‍സ്വഭാവി ,“ആ കുട്ടി അത്ര പെട്ടെന്നൊന്നും ആര്‍ക്കും ലൈനാവില്ലെന്ന“ കൂട്ടുകാരന്റെ സാക്ഷ്യപത്രവും .ബിരുദാനന്തര ബിരുദമെന്ന അവസാന നാഴികക്കല്ലും പൂര്‍ത്തിയാക്കുന്ന ഏതൊരു പെണ്‍കുട്ടിയുടെയും അടുത്ത തട്ടകമായ വിവാഹം ആര്‍ഭാടപൂര്‍വ്വം നടന്നു . ഞങ്ങള്‍ കൂട്ടുകാരെല്ലം അതും പോയല്ലോ എന്ന് ഫലിതരൂപേണ കഷ്ടം വെച്ചു . വരന്‍ സുന്ദരന്‍ , സമ്പന്നന്‍ , സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അവര്‍ രണ്ട് പേരും നല്ല ചേര്‍ച്ചയെന്ന് കണ്ടവരെല്ലാം വാഴ്ത്തി .വിവാഹ ശേഷം ബാംഗ്ലൂരിലെ ജോലി സ്ഥലത്തേക്ക് ,ഏതാനും മാസങ്ങള്‍ക്കപ്പുറം കൂട്ടുകാരന്‍ പറഞ്ഞറിയുന്നു - അവര്‍ വേര്‍ പിരിഞ്ഞെന്ന് -ഇത്ര പൊരുത്തമുള്ള രണ്ട് പേര്‍ തമ്മില്‍ വേറ് പിരിയുകയോ ? അതിന്റെ കാരണമെന്തെന്ന അവിശ്വസനീയമായ നോട്ടത്തിനുത്തരമായവന്‍ പറഞ്ഞു - പെണ്‍ കുട്ടി ആദ്യമൊക്കെ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല , പ്രണയമോ മറ്റ് കാരണങ്ങളോ പ്രത്യക്ഷത്തില്‍ ഇല്ലെന്നതിനാല്‍ വിവാഹം കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്ന നിഗമനത്തില്‍ വീട്ടുകാര്‍ പെണ്‍കുട്ടിക്ക് യോജിച്ച് ഒരാളെ കണ്ടെത്തി വിവാഹം കഴിച്ച് കൊടുത്തു - പക്ഷെ വിവാഹ ദിവസം മുതല്‍ പെണ്‍കുട്ടി ഒരു ഭര്‍ത്താവിനെ ഒന്ന് തൊടാന്‍ പോലും സമ്മതിക്കുന്നില്ല ,എല്ലാം ശരിയാവുമെന്ന ധാരണയില്‍ കുറച്ച് ദിവസം ക്ഷമിച്ച ഭര്‍ത്താവ് പിന്നീട് ബലപ്രയോഗത്തിന് മുതിര്‍ന്നു അത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി , പെണ്‍ കുട്ടി പിന്നീട് വിഷക്കുപ്പിയുമായായി നടപ്പ് ,എന്നെ തൊട്ടാല്‍ അപ്പോള്‍ മരിക്കുമെന്ന ഭീഷണിയുമായി .ഒരു സോഫ്റ്റ് വയര്‍ എഞ്ചിനീയറുടെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ ജോലി സാഹചര്യങ്ങള്‍ക്കപ്പുറം ദാമ്പത്യം ഇങ്ങനെ , അവസാനം പയ്യന്‍ പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു - എന്താണ് കാര്യമെന്ന അമ്മയുടെ കരച്ചിലുകള്‍ക്കും അച്ഛന്റെ ഭീഷണികള്‍ക്കുമപ്പുറം പെണ്‍കുട്ടി പറഞ്ഞു - “ എനിക്ക് ജോസഫ് സാറിനൊപ്പമല്ലാതെ മറ്റാരുടെയുമൊപ്പം ജീവിക്കണ്ട , എനിക്ക് അദ്ദേഹത്തോട് പ്രണയമാണ് “ ജോസഫ് സര്‍ അച്ഛനുമമ്മക്കുമറിയുന്ന ആളാണ് -പെണ്‍കുട്ടിയുടെ അധ്യാപകന്‍ അതിലുപരി അവരുടെ കുടുംബ സുഹൃത്ത് , വിവാഹം കഴിഞ്ഞ മക്കളുള്ളയാള്‍ , അടുത്ത വര്‍ഷം പെന്‍ഷന്‍ പറ്റാന്‍ കാത്തിരിക്കുന്നയാള്‍ - ഒരു ഭൂകമ്പം വന്നാല്‍ പോലും ആരും ഇത്ര തകര്‍ന്ന് പോകില്ലായിരുന്നു - നീ മരിച്ച് പോയിരുന്നെങ്കില്‍ ഞങ്ങളിത്ര സങ്കടപ്പെടില്ലായിരുന്നു മോളെയെന്ന് അമ്മ , ഇനി ഇങ്ങനെയൊരു മകളില്ലെന്ന് അച്ഛന്‍ - പക്ഷെ പെണ്‍കുട്ടി ആര്‍ക്കും വഴങ്ങിയില്ല - വൃദ്ധനും അനാരോഗ്യവാനുമായ ഒരാള്‍ക്ക് വേണ്ടി സുന്ദരനായ ഒരു ചെറുപ്പക്കാരനെ ഉപേക്ഷിക്കാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം . ഡിവോഴ്സില്‍ ഉറച്ച് നിന്നു - ആ കഥയുടെ പരിണാമ ഗുപ്തിയറിയെന്തെന്നറിയാന്‍ വല്ലാത്ത ആകാംക്ഷയുണ്ടായിരുന്നെങ്കിലും പിന്നീട് ഒന്നുമറിഞ്ഞില്ല - മൂന്നാം കിട പൈങ്കിളി നോവലിലെ ആകാംക്ഷാ നിര്‍മ്മിതി പോലെ ഇടക്കിടെ ഞാന്‍ സ്വയം ചോദിക്കുമായിരുന്നു - ആ പെണ്‍കുട്ടി ജോസഫ് സാറുമായി ജീവിക്കുമോ അതോ ആത്മഹത്യ ചെയ്തിരിക്കുമോ എന്നൊക്കെ .

സ്വന്തം ജീവിതവും സൌഭാഗ്യങ്ങളും എല്ലാം ഉപേക്ഷിക്കുന്ന ഓരോ പ്രണയത്തിന്റെ തീവ്രമായ അഭിനിവേശം എന്തെന്ന് അന്നുമറിയില്ല , ഇന്നുമറിയില്ല .


ഡെസ്ടിമോണ :അങ്ങയുടെ മനസ്സിലാണ് ഞാനങ്ങയുടെ മുഖം കണ്ടത് , അറിയാമല്ലോ മുഖത്തല്ല മനസ്സ് , തൊലിയിലല്ല സൗന്ദര്യം .
ഒഥല്ലോ: ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നെങ്കില്‍ ആഴിയിലെ കണ്ണഞ്ചിപ്പിക്കുന്ന നിധികള്‍ക്ക് പോലും ഞാനെന്‍റെ സ്വാതന്ത്ര്യം വച്ചുമാറുമായിരുന്നില്ല


കഥ - 3

ബിരുദത്തിന്റെ അവസാന വര്‍ഷത്തിലെ ഒരു പരീക്ഷാകാലം ആദ്യ വര്‍ഷത്തെ തോല്‍ വി പട്ടികയിലെ ഭയപ്പെടുത്തുന്ന സ്റ്റാറ്റിസ്റ്റിക്സ് എങ്ങനെ മറികടക്കുമെന്ന ചിന്തയില്‍ വെളുപ്പാന്‍ കാലത്തെ തണുപ്പിനിടയിലും ഉഷ്ണിച്ച് കൊണ്ട് വരാന്തയിലിരിക്കുമ്പോഴാണ് ഒരു ഭ്രാന്തനെപ്പോലെ അവന്‍ കടന്ന് വന്നത് , ഒന്ന് പുറത്തേക്ക് വരണമെന്ന അപേക്ഷക്ക് ശേഷം മുഖവുരയില്ലാതെ തന്നെ അവന്‍ പറഞ്ഞ് തുടങ്ങി -

"എനിക്ക് സ്വപ്നയെ ഇഷ്ടമാണ് ,
ഞങ്ങള്‍ ഒരുമിച്ച് ജീവിക്കും അല്ലെങ്കില്‍ ഒരുമിച്ച് മരിക്കും “

സ്വപ്ന എന്റെ അയല്‍ക്കാരിയാണ് , മറ്റൊരു കോളേജില്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നത് കൊണ്ട് പറയത്തക്ക അടുപ്പമില്ല , അറിഞ്ഞിടത്തോളം അടക്കവും ഒതുക്കവും സമം ചേര്‍ത്ത പരമ്പരാഗത സല്‍ സ്വഭാവി , സുന്ദരി - ആ പെണ്‍കുട്ടിയാണ് ഒരുമിച്ച് മരിക്കാന്‍ തയാറായ പ്രണയ കഥയിലെ സ്ത്രീ കഥാപാത്രം. ഹൈസ്കൂള്‍ കാലത്ത് അമ്മവീട്ടില്‍ നിന്ന് പഠിക്കുമ്പോള്‍ പങ്കെടുത്തിരുന്ന ഒരു നാടക കളരിയില്‍ വെച്ചാണ് അവനെ എനിക്ക് പരിചയം - നന്നായി അഭിനയിക്കും , നന്നായി പാടും , നന്നായി വരക്കും , സാമാന്യം സുന്ദരന്‍ , സമ്പന്നന്‍ - മിക്കവാറും എല്ലാ പെണ്ണുങ്ങള്‍ക്കും ഇഷ്ടപ്പെടുന്ന കോമ്പിനേഷന്‍ . അന്ന് നാടകകളരിയിലെ താരമവനായിരുന്നു ,അത് കൊണ്ട് തന്നെ ലേശം അസൂയയുണ്ടായിരുന്നു പക്ഷെ പെമ്പീള്ളേരോട് ഒരു മൃദുലഭാവവും കാട്ടാത്ത കഠിന മനസ്കന്‍ - അവനാണീ വെളുപ്പാന്‍ കാലത്ത് എന്റെ മുന്നില്‍ നിന്ന് കരയുന്നത് .സംഭവം ഇത്ര മാത്രം സങ്കീര്‍ണ്ണമാകാതെ വിവാഹത്തില്‍ കലാശിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ടായിരുന്ന പ്രണയമായിരുന്നു , യഥാര്‍ത്ഥത്തില്‍ അവന്റെ വീട്ടുകാര്‍ പെണ്ണ് ചോദിക്കാന്‍ പോലും പോയിരുന്നു അവിടെ വെച്ച് “ നിങ്ങളുടെ മകളെന്റെ മോനെ വലവീശിപ്പിടിക്കുകയായിരുന്നു “ എന്നോ മറ്റോ ഉള്ള അവന്റെ അമ്മയുടെ സ്ത്രീ സഹജമായ കുന്നായ്മതരത്തിന്റെ പരിണിത ഫലമായി മുറിവേറ്റ പെണ്‍കുട്ടിയുടെ വീട്ടുകാര്‍

“ഇനി എന്റെ മകളെ ഏതെങ്കിലും തെണ്ടിക്ക് കൊടുത്താല്‍ പോലും നിങ്ങളുടെ കുടുംബത്തയക്കില്ല “

എന്ന പ്രതിജ്ഞയെടുത്തു. അങ്ങനെ കൊടും ശത്രുതയിലായ രണ്ട് വീട്ടുകാരാണ് രണ്ട് ധ്രുവങ്ങളില്‍ അതിനിടക്ക് ഈ രണ്ട് പേര്‍ ഒരിക്കലും പിരിയില്ലെന്ന വാശിയില്‍ നില്‍ക്കുന്നത് -

“അടുത്താഴ്ച ഞങ്ങള്‍ ഒരുമിച്ച് ഒളിച്ചോടാന്‍ തീരുമാനിച്ചിരിക്കുകയാണ് , നീയായിരിക്കണം എല്ലാത്തിനും ഒപ്പം നില്ക്കേണ്ടത് ,നടന്നില്ലെങ്കില്‍ ഒരുമിച്ച് മരിക്കും “

പ്രതീക്ഷാനിര്‍ഭരമായ മിഴികള്‍ എന്റെ മുഖത്തെക്കുറ്റ് അവനത് പറയുമ്പോള്‍ വെളുപ്പാന്‍ കാലത്തെ മഞ്ഞ് കാറ്റിനിടയിലും എന്റെ തലയിലൊരുല്‍ക്ക വീണത് പോലെ തോന്നി ,അവസാന വര്‍ഷ ബിരുദ പരീക്ഷ തലക്ക് മുകളില്‍ ഡെമോക്ലീസിന്റെ വാള് പോലെ തൂങ്ങിയാടുന്നു ,ആ പെണ്‍കുട്ടിയുടെ വീട്ടുകാരും എന്റെ വീട്ടുകാരും തമ്മില്‍ നല്ല ബന്ധം , അവളുടെ അച്ഛന്‍ വളരെ നല്ല ഒരു മനുഷ്യന്‍ , സഹോദരന്‍ എന്റെ സുഹൃത്ത് ഈ കളിയില്‍ ഞാന്‍ പങ്കെടുത്താല്‍ ? എന്നെ ഒഴിവാക്കണം , ഞാനെന്റെ ധര്‍മ്മ സങ്കടം പറഞ്ഞ് ബോധ്യപ്പെടുത്തി ,
“ കുഴപ്പമില്ലെടോ “ എന്നെന്നെ സമാധാനിപ്പിച്ചു കൊണ്ട് അവന്‍ പോയി .

പക്ഷെ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരക്കിട്ട് അവളുടെ കല്യാണം നടന്നു അവരുടെ ഒളിച്ചോടല്‍ പ്ലാന്‍ എങ്ങനെയോ അച്ഛന്‍ അറിഞ്ഞു . അമ്മയുടെ പെറ്റ് വളര്‍ത്തി സ്നേഹം തന്ന 20 കൊല്ലക്കാലത്തെക്കുറിച്ചുള്ള ഉപന്യാസവും അച്ഛന്റെ കയ്യിലെ ഒരു കുപ്പി വിഷവും പെണ്‍കുട്ടിയുടെ ഒളിച്ചോടല്‍ തീരുമാ‍നം മാറ്റി അവസാനം പെണ്‍കുട്ടി വിവാഹത്തിന് സമ്മതിച്ചു ,ഒളിച്ചോടാമെന്ന് പറഞ്ഞിരുന്ന ആ രാത്രിയില്‍ അവന്‍ മഞ്ഞത്ത് കാറുമായി കാത്ത് നിന്ന് തിരിച്ച് പോയി നാട് വിട്ടു. ഒന്ന് രണ്ട് കൊല്ലക്കാലത്തിന് ശേഷം അവളെ കാണുമ്പോള്‍ മാരുതി സെന്നില്‍ അവളും ഭര്‍ത്താവും ഒരു കുഞ്ഞുമടക്കം സന്തുഷ്ട കുടുംബത്തിന്റെ പരസ്യം പോലെ സന്തോഷമായി ചിരിച്ച് കാണിച്ചു പോയി,അവന്‍ നാട് വിട്ട് അലഞ്ഞ് തിരിഞ്ഞൊരിക്കല്‍ തിരിച്ച് വന്നു .പിന്നെയുമൊരിക്കല്‍ കൂടി അവന്‍ പഴയ പോലെ പെട്ടെന്നൊരു ദിവസം വീട്ടിലേക്ക് കടന്ന് വന്നു - “ എന്റെ കല്യാണമാണ് എല്ലാവരും വരണം , ഒറ്റ മകനായത് കൊണ്ട് എല്ലായിടത്തും അവന്‍ തന്നെ പോകണമെന്ന പങ്കപ്പാട് അല്പം തമാശ കലര്‍ത്തി പറഞ്ഞു സന്തോഷവാനായിരുന്നു - എല്ലാം ശുഭപര്യവസാനിയായല്ലോ എന്നോര്‍ത്ത് എനിക്കും സന്തോഷം തോന്നി .പക്ഷെ ആ സന്തോഷം വെറും കാപട്യമായിരുന്നുവെന്ന് കല്യാണ ദിവസമാണറിഞ്ഞത് , അവന്‍ കല്യാണ ദിവസം നാട് വിട്ടു . അന്ന് കല്യാണ പന്തലില്‍ തല കുനിച്ച് നിന്ന പെണ്‍കുട്ടിയെ വേലയും കൂലിയുമില്ലാത്ത അവളുടെ ഒരു മുറച്ചെക്കന്‍ വിവാഹം കഴിച്ചു ,കുടുംബത്തിന്റെ മാനം രക്ഷിച്ചു . അവന്റെ ജീവിതം ഇല്ലാതാക്കിയ അച്ഛനുമമ്മയോടുമുള്ള പ്രതികാരത്തില്‍ , അവരെ ആളുകള്‍ക്ക് മുമ്പില്‍ അപമാനിക്കാന്‍ , കല്യാണ പെണ്ണിന്റെ വീട്ടുകാര്‍ക്ക് മുമ്പില്‍ തല കുനിപ്പിക്കാന്‍ വേണ്ടി മാത്രം അവന്‍ നാട് വിട്ടുവെന്ന് എല്ലാവരും എളുപ്പത്തില്‍ ഊഹിച്ചു , അത് പ്രചരിപ്പിച്ച് ആഘോഷമാക്കി, ശപിച്ചു . കുറച്ച് നാള്‍ക്ക് ശേഷം പെണ്‍കുട്ടി തന്നെ വെളിപ്പെടുത്തി “മുറച്ചെക്കനുമായി പ്രേമത്തിലായിരുന്നു ,സാമ്പത്തിക സ്ഥിതി കുറഞ്ഞതിനാല്‍ വീട്ടുകാര്‍ സമ്മതിച്ചില്ല ഇത് അവനോട് പറഞ്ഞിരുന്നു “ എല്ലാ ശാപങ്ങളും ഏറ്റ് വാങ്ങി അത്ര കാലവും വില്ലനായിരുന്നവന്‍ പിന്നെ രക്തസാക്ഷിയായി , പ്രണയത്തിന്റെ രക്തസാക്ഷി പക്ഷെ ഒരിക്കലും നായകനാകാന്‍ കഴിയാതെ അവനജ്ഞാതനായി പോയി , ഇപ്പോഴും അവനെവിടെയെന്ന് ആര്‍ക്കുമറിയില്ല . പ്രണയത്തില്‍ മരണമല്ല വേര്‍പെട്ടിട്ടും ജീവിച്ചിരിക്കുന്നതാണ് ഏറ്റവും ദുരന്തം . അവന്‍ ജീവിച്ചിരിക്കുന്നുണ്ടാവും എവിടെയെങ്കിലുമൊരു ദുരന്തസാക്ഷ്യമായി .

പ്രണയം നഷ്ടപ്പെടലിന്റേതാണ് പലപ്പോഴും , ജീവനും ജീവിതവും സാമ്രാജ്യവും സമ്പത്തുമെല്ലാം പ്രണയത്തിന്റെ ഭ്രമിപ്പിക്കുന്ന സൌന്ദര്യത്തില്‍ അലിഞ്ഞില്ലാതെയാവും ,എല്ലാം നഷ്ടമായാലും എല്ലാം ത്യജിക്കേണ്ടി വന്നാലും പ്രണയത്തെ ഞാന്‍ പ്രണയിക്കുന്നു എന്നാണ് ഭൂരിപക്ഷം പ്രണയിതാക്കളും പറയുക . കരകാണാനാകാത്ത ആഴക്കടലില്‍ പെട്ട് പോകുന്ന നാവികന്‍ ദ്വീപ് തിരയുന്നത് പോലെയോ മരുഭൂമിയിലെ യാത്രികന്‍ മരുപ്പച്ച തിരയുന്നത് പോലെയോ ആണ് ഓരോ പ്രണയത്തിന്റെ രഹസ്യവും പിടികിട്ടാതെ പോകുന്നത് , കണ്ടെത്തി എന്ന് നമ്മള്‍ നടിക്കുമ്പോഴേക്കും അകന്നകന്ന് പോകുന്ന മായക്കാഴ്ചകള്‍

എന്റെ ജീവിതവുമായി ഒരു ബന്ധമില്ലാത്തെ കുറെ ആളുകള്‍ രാത്രികളില്‍ ഉറക്കമില്ലാത്ത ഓര്‍മ്മകളായി എന്റെ ചുറ്റും പ്രദക്ഷിണം ചെയ്യാറുണ്ട് ,എന്തിനെന്നറിയാതെ അലഞ്ഞ് തിരിയാറുണ്ട് പ്രണയത്തിന്റെ സാക്ഷ്യപ്പെടുത്തലുകളായി

Sunday, 6 February 2011

വിശ്വാസത്തിന്റെ മാസ്സ് ഹിസ്റ്റീരിയ



For those who believe , no proof is necessary .For those who dont believe, no proof is possible

വിശ്വാസത്തിന്റെ ധാര്‍മ്മികതയും യുക്തിയും അളന്ന് തിട്ടപ്പെടുത്തി തീര്‍ച്ച കല്‍പ്പിക്കുന്നത് കടലിലെ തിരയെണ്ണുന്നതിനെക്കാള്‍ അര്‍ത്ഥരഹിതമാണ് ,അതറിഞ്ഞിട്ടും ക്ഷീരബല പോലെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നതിലൊരു പുരോഗമനവാദമുണ്ട് , പറഞ്ഞ് പഴകിയ ഒരു യുക്തിവാദവും .

വിശ്വാസം അതിന്റെ വിചിത്രവും വൈകൃതവുമായി രൂപങ്ങളില്‍ നമ്മളെ അല്‍ഭുതപ്പെടുത്താറുണ്ട്.ഹിമാലയ താഴ്വരയിലെ അവന്തം എന്ന സ്ഥലത്ത് ടിബറ്റന്‍ വാസ്തുശില്പ മാതൃകയില്‍ ഒരു കൊച്ചു ക്ഷേത്രമുണ്ട് . അതിന്റെ ശ്രീകോവിലിനുള്ളില്‍ ഓംകാര ശബ്ദത്തെ ധ്വനിപ്പിക്കുന്നത് നിരന്തരം മൂളുന്ന കൊതുകുകളാണ് കാരണം അവിടെ ആരാധിക്കുന്നത് കൊതുകുകളെയാണ് .ഹിമാലയതാഴ്വരയിലെ താരതമ്യേന വിജനമായ ഒരു ഭൂപ്രദേശത്ത് കൊതുകുകളുണ്ടാകാനുള്ള സാധ്യതകള്‍ക്കപ്പുറത്താണതിന്റെ സാന്ദ്രത .ക്ഷുദ്രജീവികളെ ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമൊന്നുമല്ല അവന്തത്തിലേത് . ഭോപ്പാലില്‍ ഈച്ചകളെ ആരാധിക്കുന്ന മഖി മന്ദിറും തമിഴ് നാട്ടിലെ കണക്ക് വാര്‍ പെട്ടിയിലെ തേള്‍ അമ്പലവും ഈ പട്ടികയിലുണ്ട് .പ്രാചീന കാലം മുതല്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും അസ്വസ്ഥമാക്കുന്നതിനെയും ആരാധിച്ച് കൊണ്ട് ഇരിക്കുന്നതാണ് മനുഷ്യപ്രകൃതി .മനുഷ്യാരംഭം മുതല്‍ മനുഷ്യന്‍ ഉത്തരം കിട്ടാത്ത സമസ്യകളെയും ഭയപ്പെടുത്തുന്നതിനെയും ആരാധിച്ചു കൊണ്ടിരുന്നു .അഗ്നിയെ , കാറ്റിനെ അങ്ങനെ പ്രകൃതിയില്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും നിയന്ത്രിക്കാന്‍ കഴിയാത്തതിനെയും ആരാധിക്കാനും ദൈവമായി പരിഗണിക്കാനും തുടങ്ങിയതില്‍ നിന്നാണ് മനുഷ്യന്റെ ദൈവ വിശ്വാസത്തിന്റെ നാന്ദി .ഹൈന്ദവ പുരാണങ്ങളിലും കെല്‍റ്റിക് മതങ്ങളിലും കാറ്റിനെയും നദിയെയും ഇടിമിന്നലിനെയും അഗ്നിയെയും ആരാധിക്കുന്ന ജനതയുടെ സംസ്കാരമാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് .പിന്നീട് അത്തരം പ്രകൃതി ശക്തികളില്‍ നിന്ന് സംരക്ഷണം നേടാനോ നിയന്ത്രിക്കാനോ സാധിച്ചത് മുതല്‍ ജനതയുടെ വിശ്വാസപരിണാമത്തില്‍ മാറ്റം വന്ന് ‍ ബഹുസ്വരങ്ങളായി വേര്‍പിരിഞ്ഞു പോയി .


മനുഷ്യന്റെ അസ്വസ്ഥതകളെയും അശാന്തികളെയും പരിഹരിക്കാന്‍ അവന്‍ വിശ്വാസത്തിന്റെ വഴിയില്‍ അഭയം പ്രാപിക്കുന്നു . മനുഷ്യന്‍ അവന്റെ ആത്മീയമായ അശാന്തിയെ തരണം ചെയ്യാന്‍ പലവഴികള്‍ തേടുന്നു. അന്തരീക്ഷത്തിലെ അജ്ഞാതനായ സര്‍വ്വശക്തന്‍ മുതല്‍ കല്ല്, കരട് കാഞ്ഞിരക്കുറ്റി വരെ ആരാധനക്ക് പാത്രമായി . ഒരു വിശ്വാസം യുക്തിപരം മറ്റൊന്ന് അന്ധവിശ്വാസമെന്നില്ല ഒന്നുകില്‍ എല്ലാം അന്ധവിശ്വാസം അല്ലെങ്കില്‍ എല്ലാം വിശ്വാസം. വിശ്വാസങ്ങളെ യുക്തിയുടെ ഒരു പൊതുമാനദണ്ഡമുപയോഗിച്ച് അളക്കാന്‍ ശ്രമിക്കുന്നത് അപ്രായോഗികമാണ് .ശ്രീനഗറില്‍ ഹസ്രത്ത് ബാല്‍ എന്നൊരു പള്ളിയുണ്ട് . തിരുശേഷിപ്പുകള്‍ ആരാധിക്കുന്നത് പാപമെന്നുല്‍ബോധിപ്പിച്ച പ്രവാചകന്റെ മുടിയാണ് ഇവിടത്തെ ആരാധ്യവസ്തു . സൌദി അറേബ്യയില്‍ നിന്ന് മുടി എങ്ങനെ ശ്രീനഗറിലെത്തിയെന്നോ അതിനെ ഇസ്ലാം വിശ്വാസികള്‍ അംഗീകരിക്കുന്നുണ്ടോ എന്നതല്ല പ്രശ്നം കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മുടി പള്ളിയില്‍ നിന്ന് മോഷണം പോയി ഭക്തര്‍ പരിഭ്രാന്തരും അക്രമാസക്തരുമായി സ്ഥലത്ത് വലിയൊരു ആഭ്യന്തര പ്രശ്നമോ ആയി വളരാന്‍ തുടങ്ങുമ്പോള്‍ മോഷണം പോയ മുതല്‍ ഉടന്‍ തന്നെ തിരിച്ചു കിട്ടി .വിശ്വാസികള്‍ പൂര്‍വ്വാധികം വിശ്വസികളാവുകയും ചെയ്തു .ബുദ്ധിയുള്ള ഏതോ പോലീസുകാരന്റെ മുടിയായിരിക്കും ഇപ്പോളവിടെ ആരാധിച്ചു കൊണ്ടിരിക്കുകയെന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല വിശ്വാസികള്‍ക്കു അതില്‍ ശാസ്ത്രീയാന്വേഷണങ്ങള്‍ ആവശ്യമില്ല അവരുടെ വിശ്വാസം അവിടെ പുനസ്ഥാപിക്കപ്പെട്ടു .40 കോടിക്ക് മുടി സൂക്ഷിക്കാനുള്ള ആരാധനാലയങ്ങള്‍ പണിയുന്നതും അതേ വിശ്വാസത്തിന്റെ ഭാഗമാ‍യാണ് .
.

മനുഷ്യന്റെ ഏത്‌ പ്രവര്‍ത്തിയും ഒരു അസ്വാസ്ഥ്യം പരിഹരിക്കല്‍ തന്നെയാണ്.വിശപ്പയാലും, ലൈംഗികത ആയാലും, സാഹിത്യ പ്രവര്‍ത്തനം ആയാലും ഒക്കെ തന്നെ ഇത്തരം അസ്വാസ്ത്യങ്ങള്‍ക്ക് ഒപ്പം തന്നെ ഉള്ള മറ്റൊരു അശാന്തിയാണ് ആത്മീയഅശാന്തി .അതിനുള്ള നിവൃത്തി ആണ് ദൈവവും മതവും ആചാരങ്ങളും ഒക്കെ തന്നെ.സാധാരണ മനുഷ്യര്‍ എല്ലാ ആസ്വാസ്ത്യങ്ങള്‍ക്കും എത്രയും എളുപ്പത്തില്‍ കഴിയുമോ അത്രയും എളുപ്പത്തില്‍ പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നു ശ്രമിക്കുന്നു .ആത്മീയ അശാന്തിയുടെ കാര്യത്തിലും അതെ. അത്തരം എളുപ്പവഴിയാണ് ആള്‍ദൈവങ്ങള്‍ .

അമേരിക്കന്‍ മനശാസ്ത്രജ്ഞനായ എബ്രഹാം മാസ്ലോ മനുഷ്യമനസ്സിന്റെ ആവശ്യങ്ങളെയും സംതൃപ്തി ഘട്ടങ്ങളെയും ഒരു ശ്രേണീ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് . Need Hirarchy theory എന്ന വളരെ പ്രസിദ്ധമായ മനശാസ്ത്രപരികല്പനയില്‍ മനുഷ്യന്റെ സംതൃപ്തിക്ക് ആധാരമായ ആവശ്യങ്ങളെ അഞ്ച് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു .ആദ്യത്തെ രണ്ട ഘട്ടങ്ങള്‍ ശാരീരികമായും അടുത്ത രണ്ട് ഘട്ടങ്ങള്‍ മാനസികമായും ബന്ധപ്പെട്ടതാണ് അവസാനത്തെ അവസ്ഥ ഈ ആദ്യഘട്ടങ്ങളുടെ പൂര്‍ണ്ണതയില്‍ പരിപൂര്‍ണ്ണത ാഅഗ്രഹിക്കുന്ന മനുഷ്യന്റെ ത്വരയാണ് കാണിക്കുന്നത് .ഒന്നാമത്തെ ഘട്ടം മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളായ ഭക്ഷണം , വായു , ജലം , ലൈംഗികത എന്നിവയാണ് , ഈ ഘട്ടത്തിന്റെ പൂര്‍ണ്ണതയിലോ ഇത് പൂര്‍ത്തീകരിക്കാനുള്ള ത്വരയിലോ ആണ് അടുത്ത ഘട്ടമായ സുരക്ഷാ ആവശ്യങ്ങളിലേക്ക് മനുഷ്യന്‍ ശ്രദ്ധ വെക്കുന്നത് വീട്, അഭയം അങ്ങനെ അതിജീവനത്തിനായുള്ള ശാരീരികാ സുരക്ഷാ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ട് കഴിയുമ്പോള്‍ സ്വാഭാവികമായും മാനസികമായ ആവശ്യങ്ങള്‍ കടന്ന് വരുന്നു‍ പ്രണയം ,സ്നേഹം , വാത്സല്യം ‍ എന്നിങ്ങനെ അടിസ്ഥാന മാനസികാവശ്യങ്ങള്‍ക്ക് ശേഷം സാമൂഹ്യ അംഗീകാരം, പരിഗണന എന്നീ കാര്യങ്ങളിലാവും മനുഷ്യന്റെ സംതൃപ്തി . ഈ നാല് ഘട്ടങ്ങള്‍ ഭൂരിഭാഗം സാധാരണ മനുഷ്യര്‍ക്കും കൈവരിക്കാന്‍ കഴിയാറില്ല - അതിന് ശേഷം ആത്മസാക്ഷാല്‍ക്കാരം എന്ന അവസാന ഘട്ടം കടന്ന് വരുന്നു .ഇത് ശാരീരികവും മാനസികവുമായ ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ആത്മീയമായ ഒരു ഉണര്‍വ്വിലേക്കുള്ള പ്രയാണമാണ്.


ആത്യന്തികമായ ഒരു സാക്ഷാല്‍ക്കാരം .ഈയൊരു ഘട്ടത്തിലാണ് ആള്‍ ദൈവങ്ങളും മയക്കു മരുന്നുകളും അത് പോലെയുള്ള ലഹരികളും കടന്ന് വരുന്നത് .പാശ്ചാത്യരാ‍യ സമ്പന്നര്‍ എല്ലാമുപേക്ഷിച്ച് ഹരേകൃഷ്ണ പ്രസ്ഥാനത്തിലും അമൃതാനന്ദ മയി മഠങ്ങളിലഭയം പ്രാപിക്കുന്നതും സായിബാബാ ഭക്തന്മാരുമെല്ലാമാകുന്നത് ഈ ആത്മസാക്ഷാത്കാര ഘട്ടത്തിലാണ്
വിശ്വാസങ്ങളിലെ യുക്തിയെയും യുക്തിരാഹിത്യത്തെക്കുറിച്ചും പറയുമ്പോഴെല്ലാം ഓര്‍മ്മ വരുന്നൊരു കഥയുണ്ട് , കഥയല്ല കഥയെക്കാള്‍ അവിശ്വസനീയമായ ഒരു യാഥാര്‍ത്ഥ്യം പലപ്പോഴും യാഥാര്‍ത്ഥ്യമങ്ങനെ തന്നെയാവും - അവിശ്വസനീയം . മാസ്സ് ഹിസ്റ്റീരിയയുടെ പ്രത്യക്ഷ പരോക്ഷ ഉദാഹരണങ്ങളെല്ലാം പാമ്പിനെയും പഴുതാരയെയും ആരാധിക്കുന്ന ഇന്‍ഡ്യന്‍ മാനസിക വൈകല്യങ്ങളിലാവുകയാണ് പതിവ് - ആള്‍ ദൈവങ്ങള്‍ , നഗ്ന സന്ന്യാസിമാര്‍ , അഘോരികള്‍ , പാല് കുടിക്കുന്ന ഗണപതി അങ്ങനെ പോകുന്നു നിഗൂഡമായ അസംബന്ധ വിശ്വാസങ്ങളുടെ വന്യമായ ഇന്‍ഡ്യന്‍ ഭാവങ്ങള്‍ .

പീപ്പിള്‍സ് ടെമ്പിള്‍ 
more than 900 Americans died at the Peoples Temple .


സംഘടിത രൂപങ്ങളുടെ ഏകതാനമായ മനസ്സാണ് കൂട്ട ഉന്മാദങ്ങളുടെ കാരണം , ഇന്‍ഡ്യ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഞെരിപൊരി കൊള്ളുന്ന മനസ്സുമായി ആര്‍പ്പ് വിളിക്കുന്ന ലക്ഷക്കണക്കിനാളുകളും മൈക്കല്‍ ജാക്സന്റെ ഡെയ്ഞ്ചറസ് കാണുമ്പോള്‍ ഉന്മാദത്താല്‍ ബോധരഹിതരായി പോകുന്ന ആയിരക്കണക്കിനാളുകളുമെല്ലാം ഈ മാസ്സ് ഹിസ്റ്റീരിയയുടെ ലളിതമായ ഉല്പന്നങ്ങള്‍ തന്നെയാണ് .

ലോകത്തെ ഞെട്ടിച്ച ഒരു ദുരന്തം , പ്രകൃതി ദുരന്തമോ യുദ്ധമോ ഉണ്ടാകാതെ ഒരേ സമയം , ഒരേ സ്ഥലത്ത് വെച്ച് ഏറ്റവുമധികമാളുകള്‍ ദുരൂഹമായ രീതിയില്‍ മരണപ്പെട്ട സംഭവമാണ് പീപ്പിള്‍സ് ടെമ്പിള്‍ .സ്ത്രീകളും കുട്ടികളുമടക്കം 918 ആളുകള്‍ ഒരേ സമയം ആത്മഹത്യ ചെയ്തു .ഒരാളുടെ ആത്മഹത്യ പോലും നിരവധി ആത്മസംഘര്‍ഷങ്ങളുടെ , ഒരു പാട് പ്രതിസന്ധികളുടെ അവസാന തീരുമാനമാണെങ്കില്‍ യാതൊരു വിധ പ്രകടപ്രശ്നങ്ങളുമില്ലാതെ തന്നെ ഇത്രയധികം ആളുകള്‍ ആത്മഹത്യ ചെയ്തെങ്കില്‍ അവരുടെ മനോനിലയുടെ സംഘടിതരൂപം എന്തായിരുന്നിരിക്കും ?

1955 ല്‍ ജെയിംസ് വാറന്‍ ജോണ്‍സ് അഥവാ ജിം ജോണ്‍സ് എന്ന അമേരിക്കക്കാരനാണ് പീപ്പിള്‍സ് ടെമ്പിള്‍ സ്ഥാപിച്ചത് , ബട്ട്ലര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇന്‍ഡ്യാനാ യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദമെടുത്ത വിദ്യാസമ്പന്നന്‍, സുമുഖന്‍ , കരിസ്മാറ്റിക് കഴിവുകളുള്ളവന്‍ , മനുഷ്യസ്നേഹി , സമത്വവാദി .

ഇടത് പക്ഷ ചിന്താഗതികളുടെ സ്വാധീനത്തില്‍ ഒരു തികഞ്ഞ കമ്യൂണിസ്റ്റായാണ് ജിം ജോണ്‍സ് രംഗത്തെത്തിയത് , സാമുദായിക ഉദ്ഗ്രഥനം , മാനവികത ഇതൊക്കെയായിരുന്നു ആദര്‍ശങ്ങള്‍ , പക്ഷെ വളരെ പെട്ടെന്ന് തന്നെ കമ്യൂണിസത്തില്‍ നിന്ന് ആത്മീയതയിലേക്ക് നിഗൂഡമായി കളം മാറ്റി .വിചിത്രമായ വിശ്വാസങ്ങളും രീതികളുമായി പുതിയൊരു കള്‍ട്ട് രൂപീകരിക്കുകയായിരുന്നു ജിം ജോണ്‍സിന്റെ ലക്ഷ്യം , ,അല്ലെങ്കില്‍ തന്റെ ലക്ഷ്യത്തിലേക്ക് വേണ്ടി അങ്ങനെയൊക്കെ ആവുകയായിരുന്നു എന്നും ഊഹിക്കാം, പ്രാരംഭത്തില്‍ ക്രിസ്തീയ സഭകളുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും വിചിത്രമായ ആശയഗതികള്‍ കൊണ്ട് പാരമ്പര്യവിശ്വാസികള്‍ ജിം ജോണ്‍സിനെയും കൂട്ടരെയും ബഹിഷ്കരിക്കുകയും പിന്നീട് സ്വാഭാവികമായി സംഭവിക്കാവുന്ന ഭീഷണികള്‍ നേരിടേണ്ടി വരികയും ചെയ്തു , അത്തരമൊരു സാഹചര്യം പെട്ടെന്ന് തന്നെ സ്വതന്ത്രമായൊരു കള്‍ട്ട് രൂപവല്‍ക്കരിക്കുന്നതിലേക്ക് നയിച്ചു , മാത്രമല്ല ജിം ജോണ്‍സിന്റെ വംശ - വര്‍ഗ്ഗ സമത്വമെന്ന വിപ്ലവകരമായ ആദര്‍ശം അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ നില നില്‍ക്കുന്നതുമായിരുന്നില്ല ,അന്ന് കറുപ്പിന്റെയും വെളുപ്പിന്റെയും സാമൂഹികാന്തരം ഇന്നത്തെക്കാള്‍ എത്രയോ മടങ്ങ് വലുതായിരുന്നു . പരമ്പരാഗത പൊതു സമൂഹത്തില്‍ നിന്ന് വന്ന ബഹിഷ്കരണവും ഭീഷണിയും ജിം ജോണ്‍സിനെ ഒരു “വാഗ്ദത്ത ഭൂമി “‘ യിലേക്കുള്ള തിരച്ചില്‍ തീര്‍ത്ഥാടനത്തിലേക്കാണ് നയിച്ചത് , ഗയാനയില്‍ ഇത്തരമൊരു സ്ഥലം കണ്ടെത്തുകയും അവിടെ ജോണ്‍സ്ടൌണ്‍ എന്ന പേരില്‍ വിപുലമായ വാസസ്ഥലം ഒരുക്കുകയും ചെയ്തു .


വീടില്ലാത്തവരെ , തൊഴിലില്ലാത്തവരെ , ദരിദ്രരെ , സാമ്രാജ്യത്ത്വം കൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ഏകോപിപ്പിച്ച് വിചിത്രവും നവീനവുമായ ഒരു ജീവിതക്രമം, ഒറ്റപ്പെട്ട ഒരു ഭൂപ്രദേശത്ത് അവരുടേതായ ഒരു ലോകം , ഒരു കൃത്രീമ ലോകം അതായിരുന്നു ജോണ്‍സ് ടൌണിലെ പീപ്പിള്‍സ് ടെമ്പിള്‍ .കൃഷിയും അനുബന്ധ തൊഴിലുകളുമായിരുന്നു അന്തേവാസികളുടെ ജീവിതമാര്‍ഗ്ഗം .ജിം ജോണ്‍സിന്റെ പ്രഭാഷണ മികവും കരിസ്മാറ്റിക് പവറും വളരെ പെട്ടെന്ന് തന്നെ അന്തേവാസികളില്‍ അന്ധമായ വിശ്വാസം രൂപപ്പെടുത്തുന്നതില്‍ സഹായിച്ചു . നിലവിലുള്ള എല്ലാ ദൈവശാസ്ത്രങ്ങളെയും നിരാകരിച്ച് കൊണ്ടായിരുന്നു ജിം ജോണ്‍സ് തന്റെ മതം രൂപവല്‍ക്കരിച്ചത് ഈ ലോകത്തിലെ ജീവിതം താല്‍ക്കാലികം മാത്രമാണെന്നും അന്ത്യദിവസത്തില്‍ മറ്റൊരു ലോകത്ത് നിന്ന് രക്ഷാപേടകങ്ങള്‍ വന്ന് പീപ്പിള്‍സ് ടെമ്പിള്‍ അനുയായികളെ മാത്രം രക്ഷപ്പെടുത്തുമെന്നും ജിം ജോണ്‍സും അനുയായികളും വിശ്വസിച്ചു , പ്രചരിപ്പിച്ചു .പക്ഷെ ജിം ജോണ്‍സ് ഒരിക്കലും ദൈവമായില്ല ദൈവത്തിന്റെ പ്രതിനിധി മാത്രമായി , അല്ലെങ്കില്‍ പ്രവാചകനായി മാത്രം നില കൊണ്ടു , ഇഹലോകത്തിലെ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനത്തിനായി ഭൂമിയിലെ അന്ത്യദിനത്തിനായി മാത്രം അവര്‍ പ്രതീക്ഷയോടെ കാത്തിരുന്നു .

ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നെങ്കിലും വിചിത്രമായ ആചാരങ്ങളും വിശ്വാസങ്ങളും കൊണ്ട് പൊതുസമൂഹത്തില്‍ പീപ്പിള്‍സ് ടെമ്പിള്‍ ചര്‍ച്ചാ വിഷയമായി കഴിഞ്ഞിരുന്നു , പള്ളികളുടെ സ്വാധീനം കൊണ്ട് ഗവണ്മെന്റ് ജിം ജോണ്‍സിന്റെയും അനുയായികളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തുടങ്ങിയിരുന്നു , 1970 കളോടെ പീപ്പിള്‍സ് ടെമ്പിള്‍ കൂടുതല്‍ ശക്തമായി , അനുയായികള്‍ മറ്റൊരു ലോകത്തേക്കുള്ള പ്രതീക്ഷയോടെ ഇടക്കാലവാസം മാത്രമായി കണക്കാക്കി അന്ത്യദിനത്തിനും അന്യഗ്രഹത്തിലെ രക്ഷാപേടകത്തിനുമായി പ്രതീക്ഷയോടെ കാത്തിരിക്കാന്‍ തുടങ്ങി , ഗവണ്മെന്റ് നിയന്ത്രണം കൂടുതല്‍ ശക്തമാക്കുകയുണ്ടായി , ഈയവസരത്തില്‍ എത്രയും പെട്ടെന്ന് തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അനുയായികളെ ജിം ജോണ്‍സ് പ്രബോധിപ്പിച്ചു .

അങ്ങനെ സ്വാഭാവികമായ അന്ത്യദിനത്തിന് കാത്ത് നില്‍ക്കാതെ 1978 നവംബര്‍ 18 ന് സ്ത്രീകളും കുട്ടികളും അടങ്ങുന്ന പീപ്പിള്‍സ് ടെമ്പിള്‍ അന്തേവാസികളായ 918 ഓളം പേര്‍ ഒരു കൂട്ട ആത്മഹത്യയിലൂടെ മോക്ഷമാര്‍ഗ്ഗം തേടി .

ഇത് ലോകത്തിലിന്നേ വരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ കൂട്ട ആത്മഹത്യയാണിത് .കൂട്ട ആത്മഹത്യകളുടെ മനശാസ്ത്രമെന്താണ് , ഓരോ ആത്മഹത്യയും ഓരോ വ്യക്തികളുടെ വൈകാരിക ബാധ്യതകളുടെ അസന്തുലിതാവസ്ഥയോ നിമിഷ നേരത്തെ ചാപല്യമോ ഒക്കെയാവാം , പക്ഷെ 900 ല്‍ അധികം പേര്‍ അജ്ഞാതമായ ഒരു വിശ്വാസത്തിന് വേണ്ടി ജീവിതം വെടിഞ്ഞു എന്നത് അസംബന്ധമായൊരു നിഗൂഡതയായി അവശേഷിക്കുന്നു . വിശ്വാസം ജീവനെക്കാളും ജീവിതത്തെക്കാളും വലുതാണ് .

ഉപകഥകള്‍ :

ഇതാണ് ജിം ജോണ്‍സിന്റെ പീപ്പിള്‍സ് ടെമ്പിളിനെക്കുറിച്ച് പ്രചരിച്ചിരിക്കുന്ന കഥ .പക്ഷെ എല്ലാ കഥകള്‍ക്കും ഒരു പിന്നാമ്പുറ കഥയുണ്ടാവുമല്ലോ അതിലൊന്നിങ്ങനെ -

1.ജിം ജോണ്‍സ് ഒരു ഇടത് പക്ഷ അനുയായിയും നിരീശ്വരവിശ്വാസിയുമായിരുന്നു , അദ്ദേഹം പരമ്പരാഗത വിശ്വാസങ്ങളെ വെല്ലുവിളിച്ച് കൊണ്ട് വര്‍ഗ്ഗ - വംശ സമത്വത്തിലും മാനവികതയിലും വിശ്വസിച്ച് കൊണ്ട് പുതിയൊരു ലോകം കെട്ടിപ്പെടുക്കാന്‍ യത്നിച്ചു , കറുത്തവനും വെളുത്തവനുമില്ലാത്ത സമത്വസുന്ദരമായ ഒരു ലോകം ,അത്തരമൊരു സാമൂഹികാവസ്ഥയിലേക്കക്ക് കൂടുതല്‍ പേര്‍ സ്വാധീനിക്കപ്പെടുന്നതില്‍ പള്ളിക്കും അധികാരികള്‍ക്കുമുള്ള ആശങ്കകള്‍, സമത്വവാദത്തിലധിഷ്ടിതമായ ഒരു ലോകത്തെ ഭയന്ന് കൊണ്ട് ഗവണ്മെന്റ് നടത്തിയ കൂട്ടക്കൊലയാണ് പീപ്പിള്‍സ് ടെമ്പിള്‍ സംഭവം . മാധ്യമങ്ങളും അധികാര സ്ഥാപനങ്ങളും കൂടി കെട്ടിച്ചമച്ച കഥയാണ് വിചിത്രമായ വിശ്വാസത്തിന്റെ യുക്തിയെല്ലാം
2. കൂട്ടമായി ജീവിക്കുന്ന ഒരു പറ്റം ആളുകള്‍ക്കിടയില്‍ ചില പ്രത്യേക സംഭവങ്ങള്‍ ഉളവാക്കുന്ന പരിണിതഫലങ്ങളുടെ മനശാസ്ത്ര വിശകലനത്തിന് വേണ്ടി സി ഐ ഐ പ്രത്യേകം തയ്യാറാക്കിയെടുത്ത ഒരു കൃത്രിമ മനുഷ്യലാബാണ് പീപ്പിള്‍സ് ടെമ്പിള്‍ എന്ന വാദവും നില നില്‍ക്കുന്നുണ്ട് , കുറെ വര്‍ഷങ്ങള്‍ക്കപ്പുറം വാര്‍ദ്ധക്യത്തിലെ ആത്മീയ ചിന്തകളാല്‍ സൃഷ്ടിക്കപ്പെടുന്ന പാപ ബോധം ഫാക്ടര്‍ ഏതെങ്കിലും സി ഐ ഐ ഏജന്റിനെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുന്നത് വരെ അതും ഒരു ഊഹം തന്നെയാണ് .


ഉപദംശം .

ആര്‍ക്കറിയാം ജയിംസ് ജോണ്‍സും അനുയായികളും മരണശേഷം മോക്ഷപ്രാപ്തി കിട്ടി ഏതെങ്കിലും അന്യഗ്രഹത്തില്‍ സുഖിച്ച് കഴിയുന്നുണ്ടോ എന്ന് ? പരലോകത്തില്‍ വിശ്വസിക്കുന്നുന്ന ഭൂരിപക്ഷം ഈ ലോകത്തുള്ളപ്പോള്‍ പീപ്പിള്‍സ് ടെമ്പിളിലെ ആളുകള്‍ ഒരല്പം മുമ്പ് സ്വര്‍ഗ്ഗത്തിലെത്തി എന്ന് കരുതിയാല്‍ മതിയാവും


picture courtesy - Google

Saturday, 5 February 2011

ജീവിതാസക്തി Lust for Life


.

ഒരു ഡച്ച് ചിത്രകാരനെക്കുറിച്ച് അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ Irving Stone എഴുതിയ നോവലാണ് Lust for life , ജീവിച്ചിരിക്കുമ്പോള്‍ ദരിദ്രനും ഒരു നേരത്തെ അന്നത്തിന് വകയില്ലാതെയും ഉന്മാദിയായലഞ്ഞ ആ ചിത്രകാരനെക്കുറിച്ചുള്ള ഈ നോവല്‍ ലോക പ്രശസ്തമായി , ബെസ്റ്റ് സെല്ലറായി . Lust for life എന്ന പേരിന്റെ അവകാശത്തിനായി അടിവസ്ത്ര കമ്പനികളും മദ്യവ്യവസായികളും ലക്ഷക്കണക്കിന് ഡോളര്‍ മുടക്കാന്‍ തയ്യാറായി വന്നു. പ്രണയിനിക്ക് സ്വന്തം ചെവിമുറിച്ച് നല്‍കിയ ഉന്മാദിയായ ആ ചിത്രകാരന്റെ പേര് വിന്‍സന്റ് വാന്‍ ഘോഗ് എന്നായിരുന്നു .ക്ലേശം നിറഞ്ഞ ബാല്യ കൌമാരങ്ങള്‍ക്കൊടുവില്‍ ചിത്രകാരനെന്ന് പേരെടുത്ത് തുടങ്ങുമ്പോഴായിരുന്നു വാന്‍ ഘോഗ് ഉന്മാദിയായി മാറിയത് . മാനസിക വിഭ്രാന്തികളെ തരണം ചെയ്ത് വരുന്ന ഘട്ടത്തില്‍ , ഇനിയും വരക്കാന്‍ ഒരു പാട് മനോഹരങ്ങളായ ചിത്രങ്ങള്‍ ബാക്കി വെച്ച് കൊണ്ട് ഒരു ദിവസം സ്വയം അവസാനിപ്പിച്ച് കൊണ്ട് അവ്യക്തമായ ഒരു ചിത്രമായി വിന്‍സന്റ് അകന്ന് പോയി ; ചോദ്യങ്ങള്‍ ബാക്കി വെച്ച് കൊണ്ട്

ജീവിതത്തെ ഒരു പാട് പ്രണയിച്ചിരുന്ന വാന്‍ ഘോഗ് എന്തിനാണ് ആത്മഹത്യ ചെയ്തത് ?
എന്താണ് ഒരു മനുഷ്യന് ജീവിതത്തോടുള്ള ആസക്തി ?അല്ലെങ്കില്‍ അനാസക്തി ?

ഡാനി ബോയിലിന്റെ 127 Hours എന്ന ചലചിത്രം ആരോണ്‍ റാള്‍സ്റ്റണ്‍ എന്ന പര്‍വ്വതാരോഹകന് യഥാര്‍ത്ഥജീവിതത്തില്‍ നേരിട്ട ഒരു ദുരന്താനുഭവത്തിന്റെ ചിത്രീകരണമാണ് , മുന്‍ ചിത്രങ്ങളിലേത് പോലെ തന്നെ തന്മയത്തത്തോടെ ഈ ചിത്രവും ഡാനി ബോയില്‍ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് , ചിത്രത്തിന്റെ സാങ്കേതികതയെക്കാള്‍ അതില്‍ നിന്ന് കണ്ടെടുക്കാവുന്ന ഒരു സന്ദേശം , ഒരു പ്രചോദനം , ഏത് പ്രതിസന്ധിയിലും ജീവിതത്തെ പ്രണയിക്കുന്ന ഒരഭിനിവേശം അതാണീ സിനിമയിലെന്നെ ആകര്‍ഷിച്ചത് . ,പര്‍വ്വതാരോഹണത്തിനിടെ വിജനമായ ഒരു മലയിടുക്കില്‍ ഒരു പാറയുടെ അടിയില്‍ ഒരു കൈ കുടുങ്ങി അവിടെ നിശ്ചലമാകേണ്ടി വരുന്ന 127 മണിക്കൂറുകള്‍ , ഭക്ഷണമില്ലാതെ , മതിയായ വെള്ളമില്ലാതെ , രക്തമുറയുന്ന ശീതത്തില്‍ ചതഞ്ഞരഞ്ഞ കൈ പുറത്തെടുക്കാനാവാതെ ജീവിതത്തിനും മരണത്തിനുമിടക്ക് പെട്ട് പോകുന്ന ഒരു മനുഷ്യജീവന്‍ , വീണ്ടെടുക്കാനാവാത്ത വലത് കൈ മുറിച്ച് മാറ്റാനുള്ള ശ്രമം പല വട്ടം പരാജയപ്പെടുന്നുണ്ടെങ്കിലും 127 ആം മണിക്കൂറില്‍ അത് സംഭവിക്കുന്നു , പാറക്കുള്ളില്‍ പെട്ട് പോയ കൈ മുറിച്ചെടുത്ത് ആരോണ്‍ റാള്‍സ്റ്റണ്‍ രക്ഷപ്പെടുന്നു . മരിക്കുമെന്ന് തോന്നിപ്പിക്കുന്ന ഓരോ നിമിഷത്തിലും ജീ‍വിതത്തോട് വര്‍ദ്ധിക്കുന്ന ആസക്തി -ആ പ്രമേയമാണ് Lust for life നെ കുറിച്ച് വീണ്ടും ഓര്‍ക്കാന്‍ പ്രേരിപ്പിച്ചത് .

എന്താണ് ജീവിക്കാനുള്ള പ്രേരകശക്തി ? എന്തായിരിക്കും ഓരോ പ്രതിസന്ധിയിലും നമ്മെ മുന്നോട്ട് കൊണ്ട് പോകുന്ന ആ മഹാ പ്രലോഭനം ? സൌഭാഗ്യങ്ങളുടെ നടുവില്‍ നിന്ന് ഒരു വാക്കും പറയാതെ ഒരു സൌന്ദര്യ പിണക്കത്തിന്റെ അനന്തര ഫലമായി ജീ‍വിതത്തില്‍ നിന്ന് വിലപിച്ച് കൊണ്ട് പോകുന്നവര്‍ക്കും ഒരു ജീവിതകാലം മുഴുവന്‍ ദുരിതങ്ങളുമായി ജീവിച്ച് ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നവര്‍ക്കും ജീവിതത്തിലൊരു പ്രേരകശക്തിയുണ്ടാവും അത് നഷ്ടപ്പെടുമ്പോള്‍ ജീവിതത്തോടുള്ള ആസക്തിയും നഷ്ടപ്പെടും .

“ പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക,
സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക,
ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക “ ഇതൊക്കെയാണ് ജീവിതത്തിന്റെ അര്‍ത്ഥങ്ങളെന്ന് പറഞ്ഞ് വെച്ചിട്ട് ഇടപ്പള്ളി ഒരു മുഴം കയറിലൊടുങ്ങി , ആത്മഹത്യ ചെയ്യുന്നവരില്‍ പലരും ഒറ്റപ്പെട്ട് പോകുന്നുവെന്നോ സ്നേഹിക്കാനാരുമില്ല എന്ന മിഥ്യാധാരണയുടെ പുറത്താണ് അങ്ങനെ ചെയ്യാറുള്ളത് . ഒരു പ്രതീക്ഷയും ജീവിതത്തില്‍ അവശേഷിക്കുന്നില്ലെന്ന ചിന്ത , ഇനി ഈ ജീവിതം നിരര്‍ത്ഥകമാണെന്ന നിരാശ അവിടേക്ക് ഒരു നനുത്ത പുഞ്ചിരി പോലും വല്ലാത്ത മാറ്റമുണ്ടാക്കും . ടി പദ്മനാഭന്റെ പ്രശസ്തമായ “പ്രകാശം പരത്തുന്ന പെണ്‍കുട്ടി “ യില്‍ ഒറ്റപ്പെട്ട് പോകുന്ന ,ഒരാളുടെ നിരാശാഭരിതമായ ഒരു ജീവിതത്തെ തിരിച്ചെടുക്കാന്‍ അജ്ഞാതയായ ഒരു പെണ്‍കുട്ടിയുടെ ഒരു സാനിധ്യം കൊണ്ട് കഴിയുന്നുണ്ട് ,അത് പോലെ തന്നെ ചിലപ്പോഴൊക്കെ നല്ല ഒരു വാക്ക് , ഒരു നോട്ടം ഒരു പുഞ്ചിരി പോലും ജീവിതത്തിന്റെ അജ്ഞാതമായ വിഷാദങ്ങളെ ഉരുക്കിതീര്‍ക്കാറുണ്ടെന്നത് സത്യമാണ് , അടുത്ത് വേണ്ട അകലെയെവിടെയെങ്കിലും തനിക്കായൊരാള്‍ ഉണ്ടെന്ന സാക്ഷ്യം പോലും ജീവിതത്തെ പ്രതീക്ഷാ നിര്‍ഭരമാക്കും .

കാസ്റ്റ് എവേ എന്ന ചിത്രത്തില്‍ ടോം ഹാങ്ക്സ് തകര്‍ത്തഭിനയിച്ച ഒരു കഥാപാത്രമുണ്ട് ഒരു വിമാനാപകടത്തില്‍ പെട്ട് വിജനമായ ദ്വീപില്‍ എത്തിപ്പെടുന്ന ഒരു ഫെഡക്സ് ജീവനക്കാരന്‍ , ഇനി ഒരിക്കലും പുറം ലോകം കാണാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തിന് മുന്നിലും അയാള്‍ ജീവിതത്തെ പ്രതീക്ഷയോടെ നോക്കുന്നു, തനിക്ക് വേണ്ടി കാത്തിരിക്കുന്ന കാമുകി , വീട് , തന്റെ ലോകം എല്ലാം അയാളെ പ്രലോഭിപ്പിക്കുന്നു , ഉന്മാദിയായിപ്പോയേക്കാവുന്ന ഓരോ നിമിഷത്തിലും പ്രത്യാശയോടെ അയാള്‍ ജീവിതത്തെ സ്നേഹിക്കുന്നു , ജീവിക്കാന്‍ വേണ്ടി മാത്രം അയാള്‍ ‍ സ്വയം പര്യാപ്തനാകുന്നു ,വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു ചരക്ക് കപ്പലിന്റെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തുന്ന അയാളെ സ്വീകരിക്കുന്നത് പഴയ ജീവിതമല്ല ,അയാള്‍ മരിച്ചുവെന്ന് വിശ്വസിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും അതേ ധാരണയില്‍ മറ്റൊരു ജീവിതത്തിലേക്ക് പോകുന്ന കാമുകി , നീണ്ട വര്‍ഷങ്ങളില്‍ ഓരോ നിമിഷവും അനുഭവിച്ച സഹനങ്ങള്‍ , ദുരിതങ്ങള്‍ , കാത്തിരിപ്പ് എല്ലാം ഒരൊറ്റ നിമിഷത്തില്‍ ഇല്ലാതെയായി വഴി തിരിഞ്ഞ് പോകുന്ന ഒരു പാതവക്കില്‍ എന്ത് ചെയ്യണമെന്നറിയാതെ ‍ അലക്ഷ്യമായി നില്‍ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത് . സുകൃതമെന്ന ചലചിത്രത്തിലും അര്‍ബുദത്തില്‍ നിന്ന് രക്ഷപ്പെട്ട് വരുന്ന നായകന്‍ ഏത് ജീവിതത്തിന് വേണ്ടിയാണോ മരണം തരണം ചെയ്ത് വരുന്നത് അത് നഷ്ടപ്പെട്ടത് തിരിച്ചറിയുമ്പോള്‍ മരണത്തെ ജയിച്ച് ജേതാവായവന്‍ വീണ്ടും മരണത്തിലേക്ക് തന്നെ തിരിച്ച് പോകുന്നു .

ജീവിതത്തിന്റെ ഉന്മാദം നിറഞ്ഞ സൌന്ദര്യത്തെക്കുറിച്ച് ഒരു പ്രവാചകനെ പോലെ എഴുതിയിട്ടുണ്ടാവുക പൌലോ കൊയ്ലോ ആണ് , veronika decides to die ല്‍ വെറോണിക്കയെന്ന ചെറുപ്പക്കാരിയെ ജീവിതത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നുണ്ട് , നിസ്സംഗമായ ജീവിതം വെറോണിക്കയില്‍ ഒരു പ്രത്യാശയും സൃഷ്ടിക്കുന്നില്ല അതവളെ മരിക്കാന്‍ പ്രേരിപ്പിക്കുന്നു,പരാജയപ്പെട്ട ഒരാത്മഹത്യാ ശ്രമത്തിന്റെ ഫലമായി അവള്‍ ഒരു മനോരോഗാശുപത്രിയില്‍ എത്തിപ്പെടുന്നുണ്ട് അവിടെ വെച്ച് അവളുടെ ചികിത്സകന്‍ അവളെ അറിയിക്കുന്നു - ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് വെറോണിക്കയുടെ ഹൃദയം തകരാറിലാണ് ഇനി വളരെ കുറച്ച് നാളുകള്‍ മാത്രമെ അവള്‍ ജീവിക്കൂ എന്ന് ആ അറിവ് അവളെ ജീവിതത്തെ സ്നേഹിക്കാനും ഓരോ നിമിഷവും ഉത്സവമാക്കാനും പ്രേരിപ്പിക്കുന്നു , അവസാനം അവള്‍ ജീവിതത്തെ ഇനിയൊരിക്കലും വിട്ട് കൊടുക്കില്ലെന്ന വണ്ണം സ്നേഹിച്ച് തുടങ്ങുമ്പോള്‍ ചികിത്സകന്‍ പറയുന്നു , അവളുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ല അങ്ങനെ പറഞ്ഞത് ചികിത്സയുടെ ഭാഗം മാത്രമായിരുന്നു എന്ന് .എന്തും കൈവിട്ട് പോകുമെന്നറിയുമ്പോള്‍ കൂടുതല്‍ പ്രണയിച്ച് പോകുമെന്ന സ്വാഭാവിക തത്വം .


ജീവിതത്തിന്റെ ഓരോ കാലഘട്ടവും സുഖ ദുഖ സമ്മിശ്രമായിരിക്കും , കൌമാരകാലത്തെ പ്രണയനഷ്ടങ്ങള്‍ ,ചെറിയ സൌന്ദര്യപിണക്കങ്ങള്‍ , പരീക്ഷാ പരാജയങ്ങള്‍ കാലം ചെല്ലുമ്പോള്‍ ചിലപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഭൂതകാലത്തിന്റെ രസങ്ങളായി ‍ നേര്‍ത്ത ഒരു പുഞ്ചിരിയോടെ ഓര്‍ക്കാനാകുന്ന പലതിനും ഒരു നിമിഷത്തിന്റെ ആവേശത്തില്‍ നഷ്ടപ്പെടുന്ന ജീവിതങ്ങളെത്രയാകും . കൌമാര പ്രണയത്തിന്റെ ചപലതകളെക്കുറിച്ചാണ് പറഞ്ഞത് അതിലപ്പുറം പ്രണയത്തിന്റെ വന്യമായ ഒരു പാട് ഭാവങ്ങളുണ്ട് , നഷ്ടപ്പെട്ട് പോയാല്‍ മറ്റൊന്ന് പകരം വെക്കാതെ ഒരു ജീവിതം മുഴുവന്‍ ജീവിച്ച് തീര്‍ക്കുന്നവര്‍ , ജീവിതത്തില്‍ ഏറ്റവും പ്രലോഭിപ്പിക്കുന്ന ലൈംഗികത സ്വയം നിഷേധിച്ചവര്‍ - അങ്ങനെ ജീവിക്കുന്നവരില്‍ കാമുകരും കാമുകിമാരുമുണ്ട് ,മരണം കൊണ്ട് നഷ്ടപ്പെടുന്നതിനെ ജീവിതം തനിയെ ജീവിച്ച് പകരം വീട്ടുന്നവര്‍ - അങ്ങനെ പലരുമുണ്ട് കാമുകനൊത്ത് കഴിയാന്‍ സ്വന്തം കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും വിഷം കൊടുത്ത് കൊന്നവള്‍ ,കാമുകിയുമായി ജീവിക്കാന്‍ ഭാര്യയെ ചവിട്ടിക്കൊല്ലുന്നവര്‍ അങ്ങനെ ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ ഭയപ്പെടുത്തുന്നതും അജ്ഞാതവുമാണ്.
വൈകാരികമായ ഒരു ഋണബാധ്യതയാണ് പലരിലും ജീവിതത്തെ സ്വയം നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നത് , വൈകാരികതയുടെ ഏറ്റക്കുറച്ചിലാണ് ഓരോ വൈവിധ്യത്തിന്റെയും പ്രേരണയും . മനസ്സിലാവാത്ത പലതുമുണ്ട് ഈ ലോകത്ത് - അതിനെയാവും മനുഷ്യ മനസ്സ് എന്ന് പറയുന്നത് .

ജീവിതത്തോടുള്ള കാഴ്ചപ്പാടുകളാണ് ഓരോ ജീവിതത്തെയും വ്യത്യസ്ഥമാക്കുന്നത് . പഠനകാലത്ത് നിര്‍ബന്ധമായി വായിക്കേണ്ടീ വരുന്ന ഓരോ പ്രചോദനഗ്രന്ഥങ്ങളിലും കാഴ്ചപ്പാടുകളെക്കുറിച്ചാണ് പറയുന്നത് .ബന്യാമിന്റെ “ആട് ജീവിത”ത്തില്‍ നജീബിന് നേരിടേണ്ടി വരുന്ന ദുരന്തത്തില്‍ അയാള്‍ തകര്‍ന്ന് പോകുന്നുണ്ടെങ്കിലും ജീവിതത്തെ അയാള്‍ കൈവിടുന്നില്ല , അതിനെ തരണം ചെയ്യാന്‍ അയാളുടെ വിശ്വാസമയാളെ പ്രേരിപ്പിക്കുന്നു , ചിലര്‍ക്ക് വിശ്വാസങ്ങള്‍ , ചിലര്‍ക്ക് ചില ലക്ഷ്യങ്ങള്‍ , ചിലര്‍ക്ക് ചില വ്യക്തികള്‍ അങ്ങനെ ഓരോ പ്രതിസന്ധിയിലും ജീവിതത്തെ അതിജീവിക്കാനുള്ള പ്രേരണ പലതാണ് .

ചില ആളുകള്‍ അവിശ്വസനീയമാം വിധം നമുക്ക് മുന്നില്‍ വന്ന് നില്‍ക്കാറുണ്ട് , എന്നിട്ട് ജീവിതം ജീവിച്ച് കാണിച്ച് തരും . ദാരിദ്ര്യം ,ബാധ്യതകള്‍ , പ്രാരാബ്ദങ്ങള്‍ എന്നിങ്ങനെ ഒരു ശരാശരി ഇന്‍ഡ്യന്‍ സ്ത്രീയുടെ എല്ലാ വിധ മാനദണ്ഡങ്ങളും ഒരല്പം കൂടിയ അളവില്‍ ജനനം തൊട്ട് അനുഭവിക്കുന്ന ഒരു സ്ത്രീയെ ഒരു പാട് വര്‍ഷങ്ങളായറിയാം . മദ്യപാനിയായ അച്ഛന്‍ , രോഗശയ്യയിലായ അമ്മ , താഴെയുള്ള കൂടപ്പിറപ്പുകളെ നോക്കെണ്ട ചുമതലയും സാമ്പത്തിക ക്ലേശങ്ങളും കൊണ്ട് പഠിക്കാന്‍ മോശമല്ലാതിരുന്നിട്ടും ഹൈസ്കൂളിനപ്പുറം പോയില്ല , സാമാന്യം സുന്ദരിയായിരുന്നത് കൊണ്ടും സ്വഭാവ ഗുണം കൊണ്ടും വന്ന കൊള്ളാവുന്ന പ്രണയ - വിവാ‍ഹാഭ്യര്‍ത്ഥനകളെല്ലാം വീട്ടിലെ അവസ്ഥയോര്‍ത്ത് നിരാകരിച്ചു , അവസാനം തൊഴില്‍ രഹിതനും മദ്യപാനിയുമായ ഒരു അകന്ന ബന്ധുവിനെ വിവാഹം കഴിക്കേണ്ടി വന്നു ,തൊഴിലില്ലാത്ത , മദ്യപാനിയും കൂടിയായ അയാളുടെ മര്‍ദ്ദനങ്ങള്‍ക്കൊപ്പമുള്ള ജീവിതം ദുരിതമയമായിരുന്നു ,നീണ്ട ദാമ്പത്യത്തിനിടക്ക് രണ്ട് പെണ്‍കുട്ടികള്‍ , രണ്ടും ബുദ്ധിവൈകല്യങ്ങളുള്ള കുട്ടികള്‍ -ഇവിടെ വരെ പഴയ കാല മലയാള സിനിമയിലെ ദുഖപുത്രിയായ നായികയുടെ അതേ കഥ തന്നെയാണ് പക്ഷെ കഥയുടെ കാതലതല്ല ഈ സ്ത്രീയെ ഒരിക്കലും സങ്കടത്തോടെ , പരാതി പറയുന്ന മുഖത്തോടെ കണ്ടിട്ടില്ല എപ്പോഴും പുഞ്ചിരിച്ച് കൊണ്ട് ചിലപ്പോള്‍ മറ്റുള്ളവരുടെ സങ്കടങ്ങള്‍ കൂടി പകുത്തെടുത്ത് സമാധാനിപ്പിക്കുന്ന ഒരാള്‍ .

കിട്ടാതെ പോയ ജീവിത സൌഭാഗ്യങ്ങളെക്കുറിച്ച് , നഷ്ടപ്പെട്ട് പോയ കൌമാര സ്വപ്നങ്ങളെക്കുറിച്ച് ഒരു ആവലാതിയും ആ മുഖത്തില്ല . എന്തിനിങ്ങനെ ജീവിക്കുന്നു “ എന്ന് മറ്റുള്ളവര്‍ സഹതാപത്തോടെ നോക്കുമ്പോഴും ദുരന്തങ്ങള്‍ മാത്രം ബാക്കിയാവുന്ന ജീവിതത്തെക്കുറിച്ച് പരിദേവനം പറഞ്ഞിട്ടില്ല ചിരിച്ച് കൊണ്ട് ഓരോ നിമിഷവും ജീവിതത്തിന്റെ ചെറിയ ചെറിയ സന്തോഷങ്ങളില്‍ അവര്‍ ജീവിക്കുന്നു , കുട്ടികള്‍ക്ക് ഒരു മാസത്തെ മരുന്ന് വാങ്ങാന്‍ പണം തികഞ്ഞാല്‍ അവര്‍ തൃപ്തരാകുന്നു അതിന് വേണ്ടി രാപകല്‍ കഷ്ടപ്പെടാന്‍ അവര്‍ തയ്യാറാകുന്നു , മറ്റ് വീടുകളില്‍ അടുക്കള പണീ ചെയ്തും , പാ നെയ്തും അവരതിന് പൈസ സ്വരൂപിക്കുന്നു , അത് മാത്രമാണ് അവരുടെ ജീവിതത്തിന്റെ ലക്ഷ്യമെന്ന് തോന്നിപ്പോകും - ഓര്‍മ്മയിലെ ഇപ്പോഴും നിലനില്‍ക്കുന്ന ഒരു ആത്മഹത്യ ഭര്‍ത്താവ് സാരി വാങ്ങിക്കൊടുക്കാത്തതിലുള്ള സൌന്ദര്യപ്പിണക്കം വളര്‍ന്ന് കുടുംബവഴക്കായതിന്റെ പേരിലായിരുന്നു , ഒരു നിമിഷത്തിന്റെ ചാഞ്ചാട്ടം , - ജീവിതത്തോട് ഓരോരുത്തര്‍ക്കുള്ള കാഴ്ചപ്പാടുകളാണ് .


ജീവിതത്തില്‍ പ്രതിസന്ധികളും ദുരന്തങ്ങളും അതിജീവിക്കാന്‍ പ്രേരണ നല്‍കുന്നത് ലക്ഷ്യങ്ങളാണ് , അതില്ലാതെ നിരര്‍ത്ഥകമായ ജീവിതത്തില്‍ ‍ സാമാന്യം സുഖജീവിതമാണെങ്കില്‍ പോലും ജീവിതത്തോടുള്ള ആസക്തി നഷ്ടപ്പെട്ട് പോകുന്നു .

ഏതോ ഒരു ആത്മീയാചാര്യന്‍ പറഞ്ഞതോര്‍ക്കുന്നു - ജീവിതത്തില്‍ ആരോടും ഒന്നിനോടും മമതയോ പ്രതിപത്തിയോ ഇല്ലാതിരിക്കുക , എങ്കില്‍ ജീവിതം സന്താപങ്ങളില്ലാതെയാകുമെന്ന് , അങ്ങനെ നിസ്സംഗമായി ജീവിച്ചിരിക്കുന്നതിലെന്ത് കാര്യമെന്ന് മറുചോദ്യമുണര്‍ന്നതാണ് - തിങ്ങി നിറഞ്ഞ ആരാധകര്‍ക്കിടയില്‍ അത് മുങ്ങിപ്പോവുമല്ലോയെന്നോര്‍ത്തപ്പോളുപേക്ഷിച്ചു. ജീവിതത്തെ സ്നേഹിക്കുന്നത് നിസ്സംഗതയോടെയാകുമ്പോള്‍ സന്തോഷ - സന്താപങ്ങളുടെ അതിര്‍ത്തി രേഖ ഋജുവും കൃത്യവുമാകുന്നു , എണ്ണയിട്ട് ക്രമപ്പെടുത്തിയ അഒരു യന്ത്രത്തെപ്പോലെ അതെപ്പോഴും ഒരേ വികാരത്തിലധിഷ്ടിതമായി കൃത്യമായി മുന്നോട്ട് ചലിക്കുന്നു , ജീവിതം ഉന്മാദമാണ് ആ ഉന്മാദത്തിന്റെ അസ്ഥിരതയാണ് ജീവിതത്തിന്റെ സൌന്ദര്യം .

പ്രണയിക്കുന്ന പെണ്ണിന്റെ വിടര്‍ന്ന കണ്ണിന്റെ തിളക്കം , വീടിന്റെ വരാന്തയിലിരുന്ന് ഇടവപ്പാതിയില്‍ ചാഞ്ഞ് പെയ്യുന്ന ഒരു മഴയുടെ കാഴ്ച , ഡിസംബറിലെ മഞ്ഞ് കാലത്ത് അതിരാവിലെ മഞ്ഞില്‍ കുതിര്‍ന്ന ആകാശം നോക്കി ചൂടുള്ള ഒരു കാപ്പിയുടെ രുചി , അരണ്ട ഇരുട്ടുള്ള വൈകുന്നേരങ്ങളില്‍ കൂട്ടുകാരുമൊത്ത് കലുങ്കിലിരുന്ന് പറയുന്ന രസക്കഥകളുടെ ഓര്‍മ്മകള്‍ , കോളേജ് ഹോസ്റ്റലിലെ മട്ടുപ്പാവില്‍ അരണ്ട നിലാവില്‍ കുടിച്ച ചാരായത്തിന്റെ ലഹരി , ഉച്ചക്ക് നരച്ച വെയിലില്‍ നിന്ന് കയറി വരുമ്പോള്‍ താളിച്ച കൂട്ടാന്റെ മണമുള്ള ഒരൂണ് , സ്വന്തം മുറിയില്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകവുമായി ചടഞ്ഞിരിക്കുമ്പോഴുള്ള മടി - അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര കൊച്ച് കാര്യങ്ങളാണ് ജീവിതത്തിന്റെ സൌന്ദര്യം നിറഞ്ഞ് നില്‍ക്കുന്നത്.


എങ്കിലുമറിയില്ലിപ്പോഴും അതിലുപരി എന്താണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന , ചിലപ്പോള്‍ ജീവിതം തന്നെ ഇല്ലാതെയാക്കുന്ന ആ ആസക്തിയെന്ന് അതൊരു അജ്ഞാതമായ സത്യമായിരിക്കട്ടെ ഒരിക്കലും മനസ്സിലാകാതെ പോകട്ടെ .

ഉപദംശം:-

ചിരിക്കാന്‍ വഹയുള്ള രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ . എന്താണ് ജീവിതത്തോടുള്ള അഭിനിവേശം -

ഈ ചോദ്യത്തിന് അവിവാഹിതനും കന്യകനുമായ ഒരു സുഹൃത്ത് പറഞ്ഞത് - Fucking
വിവാഹിതനും സാമാന്യം അവിഹിത വേഴ്ചാ വാഴ്ചകളുള്ളവനുമായ ഒരു സുഹൃത്ത് പറഞ്ഞത് - Drinking




Picture courtsy : -www.staroilpainting.com -{Allegory of lust for life - a famous oil painting by Hans makart ]

Tuesday, 1 February 2011

ഗ്രീന്‍ ഹണ്ടിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ .




2009 നവംബര്‍ മാസത്തോടെയായിരുന്നു Operation Green hunt എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് ആഭ്യന്തര യുദ്ധത്തിന്റെ ആര്‍ഭാടം നിറഞ്ഞ ആരംഭം .ഒരല്പം കൂടി വ്യക്തമായി പറഞ്ഞാല്‍ 2008 നവംബര്‍ 26 ല്‍ രാജ്യത്തെ ഞെട്ടിച്ച വിദേശ ഭീകരാക്രമണത്തിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷം , അപ്പോഴും തെളിയാതെ കിടക്കുന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക സ്മരണക്കായി ഇന്‍ഡ്യക്കാരുടെ മേല്‍ നമ്മുടെ ബഹുമാന്യനായ ആഭ്യന്തര മന്ത്രി ശ്രീ പളനിയപ്പന്‍ ചിദംബരം പ്രഖ്യാപിച്ച യുദ്ധം .

പക്ഷെ അതിനും മുമ്പെ തന്നെ അണിയറയില്‍ കൃത്യമായ ആസൂത്രണത്തോടെ വ്യക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടായിരുന്നു - 2009 ജനുവരി മാസത്തിലാണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രി - രാജ്യത്തെ ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന് പ്രഖ്യാപിച്ചത് , അതിന് ഒരാറ് മാസത്തിന് ശേഷം 2009 ജൂണ്‍ 18 ന് അതിന്റെ കാരണവും അദ്ദേഹം പാര്‍ല്യമെന്റില്‍ വ്യക്തമാക്കി , “രാജ്യത്തെ ഇടത് പക്ഷ തീവ്രവാദം ശക്തിപ്പെടുമ്പോള്‍ അത് നില നില്‍ക്കുന്ന സ്ഥലങ്ങളിലെ പ്രകൃതി സമ്പത്തും ധാതുക്കളും കൊണ്ടുള്ള വന്‍ കിട മൂലധന നിക്ഷേപത്തെ പ്രകടമായി ബാധിക്കും “ രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെക്കാള്‍ പ്രധാനമന്ത്രിയുടെ ആശങ്ക അത്തരം മേഘലകളിലെ വന്‍ കിട ഖനനങ്ങളുടെ ഭാവിയെക്കുറിച്ചായിരുന്നു . രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലക്ക് അത്തരം ആശങ്കകളില്‍ കുറ്റകരമായ അസ്വാഭാവികതകളൊന്നും തന്നെയില്ല , പക്ഷെ ഇത്തരം ഖനനങ്ങള്‍ക്ക് വേണ്ടി ഭൂരഹിതരാകുന്ന , ഭവന രഹിതരാകുന്ന പതിനായിരക്കണക്കിന് മനുഷ്യജീവികളെകുറിച്ച്, നശിച്ച് പോകുന്ന പരിസ്ഥിതി‍യെക്കുറിച്ച് ഒക്കെ വരണാത്മകമായ ഒരു മൌനം പുലര്‍ത്തുന്നുണ്ട് .

ബ്യൂറോക്രസിയില്‍ കാവ്യബോധമില്ലാത്ത അരസികരാണെന്ന് ആരാണ് പറഞ്ഞത് ? അങ്ങനെ ഇല്ലായിരുന്നെങ്കില്‍ നാഗരികതയുടെ അര്‍ത്ഥങ്ങളറിയാത്ത , പ്രകൃതിയില്‍ ജീ‍വിക്കുന്ന കാടിന്റെ മക്കളായ പച്ചമനുഷ്യരെന്ന് ആലങ്കാരികമായി നമ്മള്‍ വിശേഷിപ്പിക്കുന്ന ആദിവാസികള്‍ക്കിടയില്‍ നടത്തുന്ന സൈനിക വേട്ടയെ “ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ “ എന്ന് പേരിടുമോ ?

2008 നവംബര്‍ 26 ലെ മുംബയ് ഭീകരാക്രമണത്തിന്റെ പരിണിതഫലമായാണ് പി ചിദംബരം ആഭ്യന്തര മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് , അതും ധനമന്ത്രി സ്ഥാനത്ത് നിന്ന് .ഭീകരാക്രമണത്തിന് ശേഷം പല തവണ കോട്ട് മാറി മാധ്യമങ്ങളില്‍ സുന്ദരവിഡ്ഡിയായി സ്വയം പ്രത്യക്ഷപ്പെട്ട ശിവരാജ് പട്ടീലിനെ മാധ്യമങ്ങള്‍ കണക്കറ്റ് പരിഹസിച്ചു ,‍ ഒന്നും ചെയ്യുന്നില്ലാത്ത നിര്‍ഗുണനാണെന്നതായിരുന്നു ശിവരാജ് പാട്ടീലിന്റെ സ്ഥാനഭ്രംശത്തിന് കാരണമെങ്കില്‍ തങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യുന്ന ഒരാളാണ് ചിദംബരം എന്ന വന്‍ കിട കമ്പനികളുടെ ബോധ്യമായിരിക്കണം ആഭ്യന്തര മന്ത്രിയാക്കാനായി കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ടാവുക അല്ലെങ്കില്‍ പിന്നെ അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ വിദേശകാര്യമന്ത്രിയായും പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തന പരിചയമുള്ള പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി ധനകാര്യവകുപ്പിലേക്ക് പകരം വെച്ചിട്ട് കോണ്‍ഗ്രസ്സ് വിട്ട് റിബലായി തമിഴ് മാനിലാ കോണ്‍ഗ്രസ്സില്‍ കോണ്‍ഗ്രസ്സില്‍ നിന്ന് വിട്ട് പല തവണ കോണ്‍ഗ്രസ്സിനെതിരെ പ്രവര്‍ത്തിച്ച ചരിത്രമുള്ള പളനിയപ്പന്‍ ചിദംബരം ആഭ്യന്തര മന്ത്രിയായി മാറില്ലല്ലോ , എന്തായാലും അതിന് ശേഷമാണ് ഖനനപ്രക്രിയ ശക്തമായി നടക്കുന്ന - പ്രകൃതിയെയും മനുഷ്യനെയും ഊറ്റിക്കൊണ്ടിരിക്കുന്ന ചത്തിസ് ഗഡ് ,ഝാര്‍ഖണ്ട് , ഒറീസ്സാ സംസ്ഥാനങ്ങളുടെ വനമേഘലയിലേക്ക് സൈനിക നീക്കം ശക്തമായത് .

ചിദംബരം ആഭ്യന്തര മന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷം വളരെ കൃത്യമായ ആസൂത്രണത്തോടെയായിരുന്നു മാവോയിസ്റ്റുകള്‍ക്കെതിരെ എന്ന വ്യാജേന ഒറീസ്സാ , ചത്തിസ് ഗഡ് , ഝാര്‍ഖണ്ട് സംസ്ഥാനങ്ങളിലെ വനമേഘലയില്‍ ഗവണ്മെന്റ് പിടിമുറുക്കിയത് .വനത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഭീരുക്കളാണ് മാവോയിസ്റ്റുകള്‍ എന്ന പ്രകോപന പരമായ പ്രസ്ഥാവനകള്‍ ഇടക്കിടെ നടത്താനും അദ്ദേഹം മറന്നില്ല . ആഭ്യന്തര മന്ത്രാലയത്തിന്റെ സേനാ കടന്ന് കയറ്റങ്ങളെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ധീരമായ നീക്കമായി മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെട്ടു . പക്ഷെ അതിന് പിന്നിലുള്ള രാഷ്ട്രീയ വാണിജ്യ താല്പര്യങ്ങള്‍ മനപ്പൂര്‍വ്വം വിസ്മരിക്കാനായിരുന്നു എല്ലാ മാധ്യമങ്ങള്‍ക്കും താല്പര്യം .


യഥാര്‍ത്ഥ ചിത്രങ്ങള്‍‍ പലപ്പോഴും സങ്കല്പചിത്രങ്ങളെക്കാള്‍ അവിശ്വസനീയമായി തോന്നാം ,ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ കുലീനനും മാന്യനുമായ പളനിയപ്പന്‍ ചിദംബരത്തെക്കുറിച്ച് ഉള്ള പ്രത്യക്ഷജ്ഞാനവുമായി അദ്ദേഹത്തിന്റെ ഭൂത കാല രാഷ്ട്രീയ - വാണിജ്യ പശ്ചാത്തലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് .ശിവഗംഗയിലെ ഒരു സമ്പന്ന ചെട്ടിയാര്‍ കുടുംബത്തിലാണ് പളനിയപ്പ ചിദംബരം ജനിച്ചത് , വായില്‍ സ്വര്‍ണ്ണകരണ്ടിയുമായെന്ന പഴയ പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്ന സമ്പന്ന കുടുംബം . മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയതിന് ശേഷം അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം ബി എ ബിരുദവും ചെന്നെയിലെ ലയോളാ കോളേജില്‍ നിന്ന് മറ്റൊരു ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയതിന് ശേഷമാണ് ചെന്നൈ ഹൈക്കോര്‍ട്ടില്‍ അഭിഭാഷകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു .


രാഷ്ട്രീയത്തിലും ഔദ്യോഗിക രംഗത്തും വന്‍ കിട കോര്‍പറേറ്റുകള്‍ക്കായിരുന്നു എന്നും ചിദംബരത്തിന്റെ മുന്‍ ഗണന . ഒരു അഭിഭാഷകനെന്ന നിലയില്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍ കിട വ്യവസായികള്‍ക്കും വേണ്ടി ഹാജരാവുക എന്നത് ഔദ്യോഗികമായ കാര്യമാണ് പക്ഷെ രാജ്യത്തിന്റെ സുപ്രധാനമായ പദവിയിലിരിക്കുന്ന ഒരാളുടെ അത്തരം പ്രതീലോമകരമായ താല്പര്യങ്ങള്‍ തീര്‍ച്ചയായും രാജ്യദ്രോഹങ്ങള്‍ തന്നെയാണ് . 1992 ല്‍ ചിദംബരം കേന്ദ്ര മന്ത്രിസഭയില്‍ വാണിജ്യ മന്ത്രി ആയിരിക്കുമ്പൊഴാണ് ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്താല്‍ കുപ്രസിദ്ധി നേടിയ Fairgrowth Financial Services ല്‍ പി ചിദംബരത്തിനും ഭാര്യ അഡ്വോക്കേറ്റ് നളിനി ചിദംബരത്തിനും 10000 ഷെയറുകള്‍ ഉണ്ടെന്ന് തെളിഞ്ഞത് . യഥാര്‍ത്ഥത്തില്‍ ഓഹരി കുംഭകോണത്തില്‍ ഹര്‍ഷദ് മേത്ത തെറ്റുകാരനാണെങ്കില്‍ പി ചിദംബരവും തെറ്റുകാരന്‍ തന്നെയാവേണ്ടതായിരുന്നു , പക്ഷെ അതില്‍ നിന്നെല്ലാം അതി സാമര്‍ത്ഥ്യത്തോടെ തന്നെ ഒഴിഞ്ഞ് മാറാന്‍ ചിദംബരത്തിന് കഴിഞ്ഞു . 2005 ല്‍ ഥമിഴ് നാട്ടിലെ തുണി മില്ല് ഉടമകളുമായുണ്ടായ ഒരു നിയമ പ്രശ്നത്തില്‍ തമിഴ് നാട് income tax Dept . ന്റെ അഭിഭാഷകയായി ചിദംബരം തന്റെ സ്വാധീനമുപയോഗിച്ച് ഭാര്യ നളിനിയെ നിയമിക്കുകയുണ്ടായി , income tax Dept ന് അനുകൂലമായി വരേണ്ടിയിരുന്ന ആ നിയമപ്രശ്നത്തില്‍ നളിനി ദയനീയമായി പരാജയപ്പെടുകയും തുണി മില്‍ ഉടമകള്‍ വിജയിക്കുകയും ചെയ്തു ,ചെട്ട്യാര്‍ സമുദായത്തില്‍ പെട്ട ചിദംബരത്തിന് തമിഴ് നാട്ടിലെ തുണി മില്‍ ഉടമകളുമായുള്ള ബന്ധത്തിന്റെ പുറത്ത് ഗവണ്മെന്റിന് ജയിക്കാവുന്ന ഒരു കേസ് മനപ്പൂര്‍വ്വം തോറ്റ് കൊടുക്കുകയായിരുന്നു എന്ന ആരോപണമുണ്ടായിരുന്നു .വസ്തുതകള്‍ പരിശോധിച്ചാല്‍ ആരോപണം ശരിയാണെന്ന് മനസ്സിലാവുകയും ചെയ്യും . വിവാദ അമേരിക്കന്‍ കമ്പനിയായ Enron ന്റെ കാര്‍മ്മികത്വത്തില്‍ ആരംഭമെടുത്ത് , കോടിക്കണക്കിന് രൂപ രാജ്യത്തിന് നഷ്ടപ്പെടുത്തിയ കുപ്രസിദ്ധരായ Dabhol Power Company യെ പുനരുജ്ജീവിപ്പിക്കാനായി എല്ലാ വിധ ഒത്താശകളും ചെയ്ത് കൊടുത്തത് പി ചിദംബരമായിരുന്നു .


“On 22 May 2004, Mr P. Chidambaram resigned from the Board, following his appointment as Finance Minister in the new Indian Government. I would like to thank him for his contribution and I am sure he will play a pivotal role in the continuing development of India.”

വേദാന്ത എന്ന ബഹുരാഷ്ട്ര ഖനന കമ്പനിയുടെ 2004 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ ബ്രയാന്‍ ഗില്‍ബര്‍ട്ടസണ്‍ പ്രസ്ഥാവിക്കുന്നതാണ് , ചിദംബരത്തിന് ശേഷം ഡയറക്ടര്‍ സ്ഥാനത്ത് വന്നത് നരേഷ് ചന്ദ്ര മുന്‍ കാബിനറ്റ് സെക്രട്ടറിയാണ് , ഇദ്ദേഹത്തിന് ഇപ്പോഴത്തെ ഗവണ്മെന്റിന്മേലുള്ള പരിചയവും പിടിപാടും കൂടി ബ്രയാന്‍ ഗില്‍ബര്‍ട്ട്സ് എടുത്ത് പറയുന്നുണ്ട് , 2007 ല്‍ പദ്മവിഭൂഷണ്‍ അവാര്‍ഡ് കൊടുത്താണ് നരേഷ് ചന്ദ്രയെ ഗവണ്മെന്റ് ആദരിച്ചത് ].

അങ്ങനെ ല്‍ അദ്ദേഹം വേദാന്ത എന്ന കമ്പനിയില്‍ നിന്ന് രാജി വെച്ച് ധന മന്ത്രിയാകാന്‍ വരുമ്പോള്‍ വേദാന്തയുടെ സഹോദരസ്ഥാപനമായ Sterlite ന്റെ പേരില്‍ 243.30 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസ് നില നില്‍ക്കുന്നുണ്ടായിരുന്നു , സ്വാഭാവികമായും രാജ്യത്തിന് ലഭിക്കേണ്ടുന്ന ആ നികുതി ധനമന്ത്രി എന്ന നിലക്ക് മുന്‍ കൈ എടുത്ത് വാങ്ങുകയായിരുന്നു വേണ്ടത് , പക്ഷെ അതിന് മുമ്പെ തന്നെ ആ കേസില്‍ Sterlite ന് നിയമോപദേശം നല്‍കി ആ നികുതി അടക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയത് ചിദംബരമായിരുന്നു .

മേല്‍പ്പറഞ്ഞതെല്ലാം തെലുങ്ക് സിനിമയിലെ ഒരു രാഷ്ട്രീയ വില്ലനെക്കുറിച്ചുള്ള സങ്കല്‍പ്പ കഥകളല്ല , ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ മാന്യനും സര്‍വ്വോപരി ആദര്‍ശധീരനുമായ ആഭ്യന്തര മന്ത്രി പി ചിദംബരത്തെക്കുറിച്ചുള്ള വസ്തുതകളാണ് , ഇദ്ദേഹം ആഭ്യന്തര മന്ത്രിയായി രാജ്യം ഭരിക്കേണ്ടത് ആരുടെ ആവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം വസ്തുതകള്‍ .

ഒരു കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനമോ നിയമോപദേഷ്ടാവോ ആയ സ്ഥാനം വഹിച്ചിരുന്ന ആള്‍ ഒരു രാജ്യത്തെ മന്ത്രിയാകാന്‍ പാടില്ല എന്ന് നിയമമില്ല , പക്ഷെ ആ കമ്പനിയുടെ കുപ്രസിദ്ധമായ നിലപാടുകള്‍, കുത്സിതമായ പ്രവര്‍ത്തനങ്ങള്‍ മുഖേന കൊള്ള ലാഭം നേടാനുള്ള തത്രപ്പാടില്‍ രാജ്യത്തെ ജനങ്ങളെയും അവിടത്തെ വിഭവങ്ങളെയും കുറ്റകരമായ രീതിയില്‍ ചൂഷണം ചെയ്യുകയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് രാജ്യദ്രോഹമാണ് , ആ രാജ്യദ്രോഹത്തിന് കൂട്ട് നില്‍ക്കാന്‍ ആ രാജ്യത്തെ സൈന്യത്തെയും നിയമ വ്യവസ്ഥയെയും ഉപയോഗിക്കുന്ന എന്ന തലത്തിലേക്കാണ് പി ചിദംബരത്തിന്റെ സൈനിക ഓപ്പറേഷനുകള്‍ എത്തി നില്‍ക്കുന്നത് .ഇന്‍ഡ്യന്‍ വനമേഘലയില്‍ വ്യാപകമായ പരിസ്ഥിതിനശീകരണവും അത്യന്തം ഹീനമായ രീതിയില്‍ തദ്ദേശീയരെ കുടിയൊഴിപ്പിക്കുകയും അതിന് വേണ്ടി രാജ്യത്തെ അധികാര സ്ഥാപനങ്ങളെ അവിഹിതമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് വേദാന്ത .ഇന്‍ഡ്യയില്‍ കമ്പനി നടത്തുന്ന പരിസ്ഥിതി നാശങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പ്രക്ഷോഭത്തില്‍ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട കമ്പനിയാണ് വേദാന്ത എന്ന് വിലയിരുത്തുകയുണ്ടായി , നടനും എഴുത്തുകാരനുമായ ‍ മൈക്കേല്‍ പാലിന്റെ നേതൃത്വത്തില്‍ 30000 പേരോളം ഒപ്പിട്ട ഒരു ഭീമ ഹര്‍ജി ആംനെസ്റ്റി ഇന്റര്‍നാഷണ്‍ലിലേക്ക് അയക്കുകയുണ്ടായി , Church of England ന്റെ കീഴിലുണ്ട്‍ായിരുന്ന ഒരു പെന്‍ഷന്‍ ഫണ്ട് വേദാന്ത കമ്പനിയില്‍ നിക്ഷെപിച്ചിരുന്നത് കമ്പനി ഇന്‍ഡ്യയില്‍ നടത്തുന്ന അധാര്‍മ്മികമായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പിന്‍ വലിക്കുകയുണ്ടായി - എന്നിട്ടും നമ്മള്‍ ഇതൊന്നും അറിയുന്നില്ല , നമ്മുടെ മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വരുന്നില്ല .

ഇത്തരം വസ്തുതകളുടെ വിശകലനത്തിലാണ് ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്റെ യഥാര്‍ത്ഥ രാഷ്ട്രീയ - വാണിജ്യ സമവാക്യം നമുക്ക് മനസ്സിലാകുന്നത് .ഒരു ലക്ഷത്തോളം [ഔദ്യോഗികമായി 50000 + 20000 എന്നാണ്] സൈനിക - അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിക്കാന്‍ മാത്രം എന്തെന്ത് അക്രമങ്ങളാണ് ഈ മേഘലയില്‍ നടക്കുന്നത് ? ഖനന പ്രക്രിയകള്‍ക്ക് ഭംഗം വരാതെ തദ്ദേശീയരുടെ എതിര്‍പ്പുകള്‍ ഉണ്ടാവാതെ ഗവണ്മെന്റിന്റെ ചിലവില്‍ സംരക്ഷിക്കുക , റോഡുകള്‍ മുതലായ അനുബന്ധ സൌകര്യങ്ങള്‍ ഒരുക്കുക , നിബിഡ വനങ്ങളില്‍ വന വിഭവങ്ങളും കാര്‍ഷിക വൃത്തിയുമായി കഴിയുന്ന വനവാസികള്‍ക്ക് തുറമുഖങ്ങളിലേക്ക് ലക്ഷ്യം വെച്ചുള്ള വിശാലമായ റോഡുകള്‍ ആവശ്യമില്ലെന്നത് മനസ്സിലാക്കാന്‍ ആന ബുദ്ധി വേണമെന്നില്ലല്ലോ .

ഒറീസയിലെ ഝാര്‍സ്ഗുഡയില്‍ പരിസ്ഥിതി - വനം മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ തന്നെ തുടങ്ങിയ ഭീമന്‍ (2,50,000TPA) ലോഹശുദ്ധീകരണ ശാല മലിനീകരണ ബോര്‍ഡിന്റെ പ്രാഥമിക പരിശോധന പോലും പൂര്‍ത്തിയാക്കാതെയാണ് തുടങ്ങിയത് . ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റ് അനുമതി കൂടാതെ തന്നെ 6 മടങ്ങ് വലുതാക്കിയതും ക്രമക്കേടുകളുടെയും ഭരണ കേന്ദ്രങ്ങളിലുള്ള വലിയ സ്വാധീനങ്ങളുടെയും ചിത്രം നമുക്ക് നല്‍കുന്നുണ്ട് , നിയമപരമല്ലാത്ത ഖനനം - ഇതടക്കം നിരവധി ക്രമക്കേടുകള്‍ കമ്പനി നടത്തുന്നുണ്ട് - ചിലതെല്ലാം പൊതു താല്പര്യ ഹര്‍ജിയും പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡും മനുഷ്യ സ്നേഹികളും ഏറ്റെടുത്തിട്ടുണ്ടെങ്കിലും അതിന്റെയൊക്കെ ഭാവി എന്തായിരിക്കുമെന്ന് നമുക്കൂഹിക്കാവുന്നതെ ഉള്ളൂ .

വേദാന്ത എന്ന ഖനനഭീമന്‍ നടത്തുന്ന നിയമവിരുദ്ധ ഖനനങ്ങള്‍ക്കും പരിസ്ഥിതി നശീകരണത്തിനും കേന്ദ്ര - സംസ്ഥാന മന്ത്രി സഭകള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട് , പലപ്പോഴും നിയമ വ്യവസ്ഥ കൂടി അധികാരത്തിന്റെ ഒപ്പം നില്‍ക്കുന്നു പക്ഷെ ആകെക്കൂടി സ്വന്തമായുള്ള ഒരു തരി ഭൂമി , വെള്ളം ,ജീവിക്കാനുള്ള പ്രകൃതി ഇതെല്ലാം ഇല്ലാതാവുമ്പോള്‍ ഒരു പക്ഷെ നിസ്സഹയരായ ആ മനുഷ്യര്‍ പ്രതികരിച്ചെന്ന് വരും അത്തരം പ്രതികരണങ്ങളെ ഉന്മൂലനം ചെയ്യാന്‍ അവര്‍ സംഘടിക്കുന്നത് , അവരെ ബോധവല്‍ക്കരിക്കുന്നത് തടയാന്‍ അതിന് വേണ്ടിയാണ് സാല്‍ വാ ജുദൂമും ഓപറേഷന്‍ ഹണ്ടും അടക്കമുള്ള സൈനിക അര്‍ദ്ധ സൈനിക അഭ്യാസങ്ങള്‍ അവിടെ നടത്തുന്നത് - മാവോയിസ്റ്റുകളുടെ അക്രമത്തിന് ധാര്‍മ്മിക പിന്തുണ കൊടുക്കാനോ അവരുടെ ഉന്മൂലന സിദ്ധാന്തങ്ങളുടെ നൈതികത പരിശോധിക്കലോ ഒന്നുമല്ല എന്റെ ലക്ഷ്യം മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്ന ഏതാനും ആയിരങ്ങളല്ലാതെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മേഘലകളില്‍ ജീവിച്ചിരിക്കുന്നുണ്ട് , അവരുടെ ആവാസ വ്യവസ്ഥ , അവരുടെ ജീവിതം അവരുടെ ജീവന്‍ ഇതെല്ലാം തൃണവല്‍ക്കരിച്ച് കൊണ്ട് വന്‍ കിട കുത്തകകളെ ഭൂമിയും പ്രകൃതിയും അധിനിവേശം ചെയ്യാന്‍ അനുവദിക്കുന്ന നമ്മുടെ ഭരണകൂട സംവിധാനങ്ങളെ , അവയെ നിയന്ത്രിക്കുന്നവരുടെ സ്ഥാപിത ലക്ഷ്യങ്ങളെ തിരിച്ചറിയാതെ പോകുന്നത് .

മാവോയിസ്റ്റുകളുടെ അക്രമങ്ങളെ പ്രതിരോധിക്കേണ്ടത് തന്നെ , പക്ഷെ ഈ മേഘലയില്‍ സംഭവിക്കുന്നത് വളരെ ചുരുക്കം ചില ആദര്‍ശവാദികള്‍ ഒഴിച്ച് ബാക്കി നക്സലൈറ്റുകള്‍ ഖനി മുതലാളികളുമായി ഒത്ത് തീര്‍പ്പ് വ്യവസ്ഥയില്‍ അവരുടെ ധനമുപയോഗിച്ച് ജീവിക്കുന്നതാണ് , ഇവിടെയും വഞ്ചിക്കപ്പെടുന്നത് പാവപ്പെട്ട ആദിവാസികളാണ് .ഗ്രീന്‍ ഹണ്ട് ഓപറേഷനില്‍ കൊല്ലപ്പെടുന്നവരുടെ ഒക്കെ കണക്ക് പുറത്ത് വരാറുണ്ടോ ? ഉണ്ടാവില്ല .മാവോവാദികളെ സാധാരണ ആദിവാസികളില്‍ നിന്നും എങ്ങനെ വേര്‍തിരിച്ചറിഞ്ഞു കൊല്ലാം ? വളരെ നിസ്സാരമാണത് കൊല്ലപ്പെട്ട് കഴിയുമ്പോള്‍ ഏത് സാധാരണ ആദിവാസിയും അവര്‍ മാവോ വാദികളാവും റെക്കോഡില്‍ അല്ലെന്ന് പറയാന്‍ തെളിവൊന്നുമില്ലല്ലൊ , ഇന്ന് വരെ മാവോവാദിയല്ലാത്ത ഒരു സാധാരണക്കാരന്‍ പോലും ഇത്തരം ഓപറേഷനുകളില്‍ കൊല്ലപ്പെടാത്തതും ഇത് കൊണ്ട് തന്നെയാണ് , അവരുടെ ഒക്കെ ജീവന്‍ നമ്മളെക്കാളും വില കുറഞ്ഞതാണ് .

കോടികളുടെ പ്രകൃതി വിഭവങ്ങള്‍ക്ക് മുകളില്‍ അധിവസിക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടേണ്ടി വരുകയും , പുറമെ നിന്നാരൊക്കെയോ വന്ന് അപഹരിച്ച് കൊണ്ട് പോകുന്ന കാഴ്ച കണ്ട് തരിച്ചിരിക്കാനാണ് അവരുടെ വിധി . കാത്ത് വെച്ച നിധിക്കൊപ്പം ജീവിതവും ചിലപ്പോള്‍ ജീവനും നഷ്ടപ്പെടുന്ന നാഗത്താന്മാരുടെ കെട്ട് കഥയുടെ വേദനിപ്പിക്കുന്ന പുനരാഖ്യാനമാണ് ചുവന്ന ഇടനാഴിയിലെ ഓരോ ആദിവാസിയുടെതും . പ്രകൃതിയാണവരുടെ ദൈവം , പ്രകൃതി ഉന്മൂലനം ചെയ്യപ്പെടുമ്പോള്‍ കൂടെ ഇല്ലാതാകുന്നത് ഈ മനുഷ്യജീവികള്‍ കൂടിയാണ് നിസ്സഹായരായ ഈ ജനങ്ങളുടെ ദുര്‍വിധിക്കിടയിലേക്ക് , അവരുടെ പട്ടിണിയിലേക്ക് ലക്ഷം കോടി രൂപയുടെ പ്രതിരോധ ബഡ്ജറ്റില്‍ കണക്ക് കൊള്ളിച്ച് നമ്മുടെ സേനയെ അയച്ച് നമുക്കഭിമാനിക്കാം .

ഉപദംശം -

വേദാന്ത ഒരു വന്‍ കിട മൈനിങ്ങ് കമ്പനി ആണ് , ചെറുകിടക്കാര്‍ അനവധിയുണ്ട് , ചെറുകിടക്കാരില്‍ നിന്ന് കൈക്കൂലി വാങ്ങിച്ചിട്ട് പോലും നമ്മുടെ മധുകോട 4000 കോടിയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാക്കിയത് .അപ്പോള്‍ ഇത്തരം ഖനനങ്ങളിലൂടെ നമ്മുടെ രാജ്യത്ത് നിന്ന് ബഹുരാഷ്ട്രകുത്തകകള്‍ മോഷ്ടിക്കുന്ന സമ്പത്തിന്റെ അളവെത്രയായിരിക്കും




Ref : http://www.vedantaresources.com/uploads/vedantara07.pdf
http://www.thestatesman.net/index.php?option=com_content&view=article&id=325504:special-article&catid=38:editorial&from_page=search

Saturday, 29 January 2011

അധിനിവേശത്തിന്റെ വേദാന്തം .




ഓരോ അധിനിവേശങ്ങള്‍ക്കും നിയതമായ ലക്ഷ്യങ്ങളുണ്ടാകും , കൃത്യമായ ന്യായങ്ങളും .യുദ്ധരഹിതമായ എല്ലാ അധിനിവേശങ്ങളുടെയും അടിസ്ഥാ‍നം വാണിജ്യ - നയതന്ത്രങ്ങളിലൂടെയാണെന്ന് കഴിഞ്ഞ ചരിത്രങ്ങളെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നു . എല്ലാ അധിനിവേശങ്ങളുടെയും തുടക്കം നിശബ്ദമാ‍യിരിക്കും.യാതൊരു കോലാഹലങ്ങളുമില്ലാതെ മാതൃവൃക്ഷത്തിന്റെ തായ്തടിയില്‍ വേരുറപ്പിച്ച് പടര്‍ന്ന് കയറുന്നൊരു പരാദ സസ്യത്തെപ്പോലെ അത് പതിയെ പടരും പിന്നെ പടര്‍ന്ന് പടര്‍ന്ന് അതിനിടയില്‍ ദുര്‍ബലമായിപ്പോയ തായ്തടിയെയും നിഷ്പ്രഭമാക്കി നില നില്‍ക്കും , അതാണ് അധിനിവേശത്തിന്റെ നീതിശാസ്ത്രം .

വേദാന്തയെന്ന ബഹുരാഷ്ട്ര ഭീമന്‍ നിശബ്ദമായി നടത്തുന്ന അധിനിവേശങ്ങള്‍ , രാഷ്ട്രീയ അധികാരങ്ങളുടെ മറയില്ലാത്ത സഹായ സഹകരണങ്ങളുമായി ഒരു പരാദസസ്യത്തിന്റെ കൌശലത്തോടെ നമ്മെ വലയം ചെയ്യുമ്പോഴും നമുക്കതിനെക്കുറിച്ച് ആശങ്കകളില്ലാതെയാകുന്നത് അത് നമ്മെ ബാധിക്കുന്നതല്ലെന്ന ആശ്വാസം കൊണ്ടാവണം .ഇന്‍ഡ്യയിലെ ചുവന്ന ഇടനാഴിയെന്നും മാവോയിസ്റ്റ് താവളമെന്നും മാധ്യമങ്ങള്‍ എക്സക്ലുസീവ് റിപ്പോര്‍ട്ടുകള്‍ കൊണ്ട് ആഘോഷിക്കുന്ന ഛത്തിസ് ഗഡ് ,ഝാര്‍ഖണ്ട് , ഒറീസ്സാ , ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ‍ മലകളും അരുവികളും വനങ്ങളും ഭൂരിഭാഗവും അധീനമാക്കി വെച്ചിരിക്കുന്ന ദശലക്ഷം കോടി ആസ്ഥിയുള്ള, അനില്‍ അഗര്‍വാളെന്ന ഇന്‍ഡ്യക്കാരന്റെ ഉടമസ്ഥതയിലുള്ള ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈനിങ്ങ് കമ്പനി അതാണ് വേദാന്ത.ഒരു ബഹുരാഷ്ട്ര മൈനിങ്ങ് കമ്പനിയെ സംബന്ധിച്ച് എത്ര മാത്രം അര്‍ത്ഥവ്യാപ്തിയുള്ള പേരാണത് - വേദാന്ത !



വേദാന്ത എന്ന മൈനിങ്ങ് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ പരമായി പ്രധാനപ്പെട്ടതായി വിവക്ഷിക്കപ്പെടാന്‍ പ്രസക്തമായ ഒരു കാരണമുണ്ട് - നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രി പളനിയപ്പന്‍ ചിദംബരം 2004 ല്‍ യൂ പി എ മന്ത്രിസഭയില്‍ ധനമന്ത്രിയായി ചാര്‍ജെടുക്കുന്നതിന് തൊട്ട് മുമ്പ് വരെ വേദാന്ത എന്ന കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളും നിയമോപദേഷ്ടാവും കൂടിയായിരുന്നു .വേദാന്തയുടെ തന്നെ sterlite Energies മായി ബന്ധപ്പെട്ട കോടികളുടെ നികുതിതട്ടിപ്പ് കേസ് ചിദംബരം ധനമന്ത്രിയായതിന് ശേഷം അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാവുകയായിരുന്നു അതിന് ശേഷമാണ് അദ്ദേഹം ആഭ്യന്തരമന്ത്രി പദത്തിലേക്ക് കളം മാറ്റിചവിട്ടിയത് , ആ രീതിയിലും അദ്ദേഹത്തിന്റെ സേവനം കമ്പനിക്ക് ആവശ്യമായിരുന്നിരിക്കണം .പളനിയപ്പന്‍ ചിദംബരം ആഭ്യന്തരമന്ത്രിയാകുന്നതിന്റെ മുന്നൊരുക്കങ്ങളായാണ് ആദിവാസി - ഖനന മേഘലയില്‍ മുമ്പെങ്ങുമില്ലാത്ത വിധം മാവോവാദികളും നക്സലൈറ്റുകളും പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നതും ഈ മേഘലയിലെ ആഭ്യന്തരസുരക്ഷക്കായി പ്രത്യേകം സേനകള്‍ രൂപീകരിക്കുന്നതും , ഇടക്കിടെ സംഘട്ടനങ്ങള്‍ ഉണ്ടാകുന്നതും , ചിന്തിക്കേണ്ട ഒരു വിഷയമാണത് .


കോടികളുടെ ഇടപാടുകള്‍ നടക്കുമ്പോഴും ഇന്‍ഡ്യയുടെ പ്രകൃതി വിഭവങ്ങളുടെ മൊത്തം കുത്തകയായി തീരുമ്പോഴും സാധാരണ ബിസിനസ്സ് ഗ്രൂപ്പുകളുടെ സ്വാഭാവിക താല്പര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മീഡിയാ കവറേജില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നിശബ്ദമായിരിക്കാനാണ് വേദാന്ത ഗ്രൂപ്പ് എന്നും ശ്രദ്ധിച്ചിട്ടുള്ളത്, ഒരു തരം നിശബ്ദമായ പ്രവര്‍ത്തനങ്ങള്‍ പക്ഷെ ഇടക്കൊക്കെ അവരറിയാതെ തന്നെ ചില ചെറു കോളം വാര്‍ത്തകളില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട് .

ഇക്കഴിഞ്ഞ ദിവസം അങ്ങനെയൊരു ചെറിയ കോളം വാര്‍ത്ത കണ്ടു - വേദാന്ത സര്‍വ്വകലാശാലക്ക് വേണ്ടി പുരിയില്‍ ഒറീസ്സാ സര്‍ക്കാര്‍ ഏറ്റെടുത്ത 4000 ഏക്കര്‍ ഭൂമിയിന്മേല്‍ ഒറീസ്സാ ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നു .വളരെ ചെറിയ വാര്‍ത്തയായി മുഖ്യധാരാ മാധ്യമങ്ങളില്‍ ഒതുങ്ങിക്കൂടിയ ഈ വാര്‍ത്തയുടെ പ്രാധാന്യം വളരെ വലിയ മാനങ്ങളുള്ളതാണ് .


ഒറീസയിലെ പുണ്യനഗരമായ പുരിയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ വിധ പരിരക്ഷകളും നല്‍കികൊണ്ട് അനുഗ്രഹിച്ചാശീര്‍വാദിച്ച് പ്രധാന മന്ത്രി മന്‍ മോഹന്‍ ജി ഉല്‍ഘാടനം ചെയ്ത അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന്റെ [ AAF ] ആഭിമുഖ്യത്തില്‍ സ്ഥാപിക്കാനുദ്ദേശിച്ച “വേദാന്ത സര്‍വ്വകലാശാ‍ല “ എന്ന 15000 കോടി രൂപയുടെ പദ്ധതികയാണ് ഇപ്പോള്‍ ഹൈക്കോടതി സ്റ്റേ ഓര്‍ഡറിന് പുറത്ത് സുപ്രീം കോടതിയിലേക്ക് അപ്പീലിനായി പോയിരിക്കുന്നത് .

നിയുക്ത സര്‍വ്വകലാശാലക്ക് വേണ്ടി 4000 ഏക്കറോളം ഭൂമിയാണ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച എല്ലാ നിയമങ്ങളെയും തൃണവല്‍ക്കരിച്ച് കൊണ്ട് ‍ അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന് ഒറിസ്സാ ഗവണ്മെന്റ് ഒരു ഇടനിലക്കാരനായി നിന്ന് ഏറ്റെടുത്തത് .സ്വദേശി ജാഗരന്‍ മഞ്ച് അടക്കം നിരവധി ഹര്‍ജിക്കാരുടെ പരാതിയിന്മേലാണ് ഒറീസാ ഹൈക്കോടതി ഭൂമി അതിന്റെ ഉടമകള്‍ക്ക് തിരിച്ച് നല്‍കാനുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത് .[സംഘപരിവാറിലെ അല്പം കൊള്ളാവുന്ന ഒരു സംഗതിയാണ് ഈ സ്വദേശി ജാഗരണ്‍ മഞ്ചെന്ന് തോന്നുന്നു , മണ്ടത്തരങ്ങള്‍ ഒരുപാടുണ്ടെങ്കിലും ആഗോളവല്‍ക്കരണത്തിനും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കുമെതിരെ ഉത്തരേന്ത്യയില്‍ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളത് ജാഗരണ്‍ മഞ്ച് തന്നെ ]. നിരവധി ഹര്‍ജ്ജിക്കാരിലൊരാളായ അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത് പ്രകാരം ഒരു പ്രൈമറി സ്കൂള്‍ പോലും നടത്തി പരിചയമില്ലാത്ത വേദാന്തയെന്ന മൈനിങ്ങ് കമ്പനിക്കാരുടെ വിശ്വസര്‍വ്വകലാശാലയെന്ന ലക്ഷ്യത്തിന് പിന്നില്‍ തീര്‍ച്ചയായും മറ്റ് പല അജണ്ടകളുമുണ്ടാകും .

വേദാന്ത സര്‍വ്വകലാശാല ഒറീസ്സയില്‍ വിശ്വസര്‍വ്വകലാശാല തുടങ്ങുന്നതിന് മുമ്പ് തന്നെ വേദാന്തയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത കൂടി വന്നിരുന്നു , അന്താരാഷ്ട തലത്തില്‍ തന്നെ ഏറെ വിവാദവിഷയമായെങ്കിലും ഇന്‍ഡ്യയില്‍ അത് അത്രയധികം കേട്ടിരുന്നില്ല . ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്ന് തോ‍ന്നുന്നു .

ദക്ഷിണ ഒറീസയിലെ ഡൊങ്ക്രിയാ കോന്താ [Dongria Kondh ] വിഭാഗത്തിലുള്ള നിരക്ഷരരായ ആദിമ ഗോത്ര നിവാസികള്‍ മാത്രം താമസിക്കുന്ന നിയമഗിരിയെന്ന മലനിരകള്‍‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ടാണ് വേദാന്തക്ക് ബോക്സൈറ്റ് ഖനനത്തിന് വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് നിയമഗിരിയിലെ ഡോങ്ക്രിയ കോന്താ ആദിവാസികള്‍ നിയമഗിരി അവരുടെ പുണ്യസ്ഥലമാണ് , അവരുടെ ദൈവമാണ് നിയമഗിരിക്ക് മുകളില്‍ കുടിയിരിക്കുന്നത് എന്നതാണ് അവരുടെ വിശ്വാസം. അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു അത്,അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു , നിയമഗിരി അവര്‍ക്ക് വെറും വിശ്വാസം മാത്രമല്ല ജീവിതം കൂടിയാണ് , ആവാസവ്യവസ്ഥയാണ്. ജന്മനാ തന്നെ ദാരിദ്ര്യത്തിലും കഷ്ടതയിലും ജീവിക്കുന്ന ഒരു ജനത ആ ദൈവത്തെക്കൊണ്ട് ആയുധമെടുക്കാനോ , അക്രമമുണ്ടാക്കാനോ തുനിയാതെ ഒരു ജീവിതവിശ്വാസമായി മാത്രം കൊണ്ട് പോകുന്ന ദൈവം അതാണ് കോന്താ വര്‍ഗ്ഗക്കാര്‍ക്ക് നിയമഗിരി പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധമാണത് ,ആ പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ജീവിതം പോലും അവര്‍ക്ക് ചിന്തിക്കാനാവില്ല , അങ്ങനെയുള്ള നിയമഗിരി കുന്നുകളാണ് വേദാന്ത കമ്പനിക്കാര്‍ ഇടിച്ച് തകര്‍ത്ത് ഖനനം ചെയ്യാന്‍ പോകുന്നത് , അവരുടെ ആവാസ വ്യവസ്ഥയാണത് , ജീവിതമാണ് , ദൈവം പോലുമാണ് .

കര്‍ണ്ണാടകയിലെ ആദിവാസികളുടെ ഇടയില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ജ്ഞാനപീഠം ജേതാവായ ശിവരാമകാരന്തിന്റെ ചോമന്റെ തുടി എന്ന നോവലില്‍ - ചോമനെന്ന അടിയാളന്റെ ജീവിതസ്വപ്നം തന്നെ സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യുക എന്നതാണ് , അതീന് വേണ്ടി മാത്രമാണ് കഷ്ടതകളിലും ദുഖങ്ങളിലും അയാള്‍ ജീവിക്കുന്നത് , തന്റെ ജന്മി അത് നിഷേധിക്കുമ്പോള്‍ പാതിരി മതത്തില്‍ ചേര്‍ന്നാല്‍ ഭൂമി തരാമെന്ന സ്വപ്നതുല്യമായ വാഗ്ദാനത്തെ അയാള്‍ നിരസിച്ച് കൊണ്ട് തന്നെ കുലദൈവമെന്ന് കരുതുന്ന ഒരു കല്ലില്‍ വീണ് കരയുന്നുണ്ട് .ഏത് ദാരിദ്ര്യത്തിലും കഷ്ടതയിലും അവരുടെ വിശ്വാസങ്ങള്‍ , പ്രകൃതി , ഇത് തന്നെയാണ് അവരുടെയൊക്കെ ജീവിതം, അതില്‍ നിന്ന് വേറിട്ടൊരു ജീവിതമവര്‍ക്കില്ല

നിസ്സഹായരായ നിയമഗിരിയിലെ ആദിവാസികള്‍ മനുഷ്യസ്നേഹികളുടെയും പരിസ്ഥിതി വാദികളുടെയും സഹകരണത്തോടെ‍ നിയമത്തെ തന്നെ ആശ്രയിച്ചു പക്ഷെ സുപ്രീം കോടതി വിധിയും അവരെ കൈവിടുകയായിരുന്നു - ഖനനത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് ആദിവാസികളുടെ വികസനത്തിനായി മാറ്റി വെക്കണമെന്ന അതിവിചിത്രമായ വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. ദേശീയ പാതാ വികസനത്തിനെവിടെയെങ്കിലും വഴിവക്കില്‍ ഒരു ക്ഷേത്ര ഭണ്ഡാരമുണ്ടെങ്കില്‍ , ജാറമുണ്ടെങ്കില്‍ , പള്ളിയുണ്ടെങ്കില്‍ പ്രൊജക്റ്റ് പ്ലാന്‍ മാറ്റി വരക്കുന്ന നാടാണിത് ,അല്ലാക്കും ജീസസ്സിനും കൃഷ്നുമായിരുന്നു ഈ ദുര്‍ഗതിയെങ്കില്‍ ആരാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുക്കുക ? കത്തിയെരിയില്ലെ ഈ ഭാരത ഭൂവ് ? .

അപ്പോള്‍ പതിനായിരക്കണക്കിന് വരുന്ന ഒരു ജനതയുടെ ആകെയുള്ള ഒരു വിശ്വാസം , ആവാസ വ്യവസ്ഥിതി , ആ പ്രകൃതി ഇതിനെയെല്ലാം ഇടിച്ച് നിരത്തി ഖനനം നടത്താന്‍ നമുക്ക് കഴിയുന്ന ഇരട്ടത്താപ്പിനെ എന്ത് വിളിക്കണം ? വിശ്വാസത്തെ കൂട്ടു പിടിച്ച് പരിസ്ഥിതിയെക്കുരിച്ച് ഇങ്ങനെ സംസാരിക്കുന്നതിലൊരനൌചിത്യമുണ്ട് എങ്കിലും വിശ്വാസമെന്നത് നമ്മള്‍ കരുതുന്നത്ര സങ്കുചിതമല്ലാതെ ജീവിതവുമായി കൂട്ടിയിണക്കി പ്രകൃതിയെ തന്നെ വിശ്വസിക്കുന്ന ഒരു ജനതയെ കൂട്ടക്കൊല നടത്തുന്നതിന് തുല്യമാണ് അവര്‍ വസിക്കുന്ന ആ പ്രകൃതിയെ നശിപ്പിക്കുന്നത് .വിശ്വാസത്തെ ഒഴിച്ച് നിര്‍ത്തിയാലും ഖനനം മൂലം ആ പര്‍വ്വതങ്ങള്‍ നശിക്കുന്നു , പ്രകൃതിയുടെ സന്തുലിതാവസ്ഥ ഇല്ലാതെയാവുന്നു ,വനങ്ങള്‍ നശിക്കുന്നു , പുഴകള്‍ , അരുവികള്‍ എല്ലാം ദിശ മാറിയൊഴുകേണ്ടി വരുന്നു അങ്ങനെ അവിടെ കാടിനോട് ചേര്‍ന്ന് ജീവിക്കുന്ന പതിനായിരങ്ങള്‍ക്ക് അഭയം നഷ്ടപ്പെടുന്നു ,

ഇത്തരം വൈകാരിക പ്രകടനങ്ങള്‍ ഒരു രാജ്യത്തിന്റെ പുരൊഗതിയെ തടസ്സപ്പെടുത്തില്ലെ ? ദൈവം , മല , ആദിവാസികള്‍ എന്നൊക്കെ പറഞ്ഞാല്‍ രാജ്യത്തിന്റെ സാമ്പത്തിക പുരൊഗതിക്കെന്ത് സംഭവിക്കും ?

ന്യായമായ ഒരു ചോദ്യമാണിത് ഇന്നത്തെ പല വികസിത രാജ്യങ്ങളും ഇത്തരത്തില്‍ തന്നെയാണ് പുരോഗതി കൈവരിച്ചിട്ടുള്ളത് , റെഡ് ഇന്‍ഡ്യന്‍സിനെ നിഷ്കരുണം ഇല്ലാതാക്കി അതിന്റെ മൃതദേഹങ്ങളിലാണ് ഇന്നത്തെ അമേരിക്കയുടെ നില നില്‍പ്പ് , അത് പോലെയൊക്കെ നമുക്കും ദുര്‍ബലരും ചോദിക്കാനും പറയാനും , എന്തിന് ഇങ്ങനൊരു ജീവികളുണ്ടോ എന്ന് പോലും സംശയിക്കുന്നത്ര ദുര്‍ബലമായ ഇവരെയൊക്കെ ഒഴിവാക്കാവുന്നതെ ഉള്ളൂ .ബ്രിട്ടനില്‍ താമസിക്കുന്ന അനില്‍ അഗര്‍വാളെന്ന കോടീശ്വരനായ ഇന്‍ഡ്യന്‍ ഖനി മുതലാളിക്കും അത്തരത്തിലുള്ള മറ്റ് കുത്തകക്കമ്പനികള്‍ക്കും കോടികളുടെ ബിസിനസ്സ് ഉണ്ടാക്കി കൊടുക്കലാണ് പതിനായിരക്കണക്കിന് ആളുകളുടെ ജീവിതത്തെക്കാള്‍ അധികാരികള്‍ക്ക് വലുത് , ഇവിടെ ഇവര്‍ സമാധാനപരമായി സുപ്രീം കോടതിവരെ പോയി കേസ് നടത്തി , പള്ളി പൊളിച്ചതിന് വാര്‍ഷിക ബോംബ് സ്ഫോടനം നടത്തുന്ന , അമ്പലങ്ങള്‍ തിരിച്ച് പിടിക്കാന്‍ ലക്ഷക്കണക്കിനാളുകളെ കര്‍സേവയെന്ന അക്രമത്തിന് പ്രേരിപ്പിക്കുന്ന അധികാരികളുമുള്ള നാടാണിതെന്ന ചെറിയ പരിഗണന മനസ്സില്‍ വെച്ച് കൊണ്ടാവണം , നിരാലംബരും ദരിദ്ദ്രരും ആശ്രയമില്ലാത്തവരുമായ ഈ ആദിവാസികളെക്കുറിച്ച് ചിന്തിക്കേണ്ടത് .ഇവിടെയാണ് ചിദംബരത്തിന്റെ ഗ്രീന്‍ ഹണ്ട് ഓപറേഷന്റെ ഏറ്റവും ശക്തമായ പ്രവര്‍ത്തനം .
ആയിരക്കണക്കിന് വരുന്ന ഒരു ജനതയെ അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് തുരത്തിയോടിക്കുക അതിന് അവിടത്തെ ഗവണ്മെന്റ് എല്ലാ വിധ ഒത്താശകളും ചെയ്ത് കൊടുക്കുക അങ്ങനെ ഒരു ജനതയെ ഉന്മൂലനം ചെയ്യുക എന്നിട്ട് സമ്പത്തിന്റെ മുഴുവന്‍ കേന്ദ്രീകരണവും ഏതാനും പേരുടെ കൈകളിലൊതുക്കുക ഇതല്ലെ ശരിയായ അധിനിവേശം ?


പക്ഷെ എല്ലാ അധികാര സ്ഥാപനങ്ങളും നിയമവും കൈവിട്ടിട്ടും നിയമഗിരിയിലെ ആദിവാസികള്‍ അവരുടെ പ്രകൃതിയെ കൈവിട്ടില്ല നിരക്ഷരരായ ആദിവാസികളുടെ ഇച്ഛാ ശക്തിയുടെയും ചെറുത്ത് നില്‍പ്പിന്റെയും കഥ അവിടെ നിന്ന് ആരംഭിക്കുന്നു .ആ പോരാട്ട വീര്യത്തെയും ഇച്ഛാശക്തിയെയും ലോകത്തെ മുഴുവന്‍ മനുഷ്യസ്നേഹികളും പരിസ്ഥിതി പ്രവര്‍ത്തകരും ഏറ്റെടുക്കുകയായിരുന്നു ,ലോകത്ത് പലയിടത്തും നിയമഗിരിയിലെ ആദിവാസികള്‍ക്ക് വേണ്ടി , അവരുടെ മണ്ണ് തിരിച്ച് പിടിക്കാന്‍ , പ്രകൃതി ന്നഷ്ടപ്പെടാതിരിക്കാന്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നടന്നു , നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി ലോകത്ത് പലയിടത്തും നടന്ന പ്രക്ഷോഭങ്ങള്‍ നമ്മളറിഞ്ഞില്ല , മാധ്യമങ്ങള്‍ സംഭവങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നതിന്റെ ഉത്തമോദാഹരണങ്ങളാണിത് .

ഇതിനെല്ലാം കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ പൂര്‍ണ്ണ സഹകരണവുമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം .എല്ലാ അധികാരസ്ഥാപനങ്ങളുടെ ഉപജാപങ്ങളും ആശീര്‍വാദവും കൂട്ടിനുണ്ടായിട്ടും നിയമഗിരിയിലെ ആദിവാസികള്‍ക്ക് അവസാനം നീതി ലഭിച്ചു . കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന് നന്ദി പറയാം കേന്ദ്രമന്ത്രിസഭയിലെ ഈ ഒറ്റയാള്‍‍ പെരുമാറ്റത്തിന് , ഇനി അധികകാലം ഈ നിലപാടില്‍ ഉറച്ച് നിലനില്‍ക്കുമോ എന്ന സംശയം ബാക്കിയുണ്ട് .ഈ വിധി താല്‍ക്കാലികം മാത്രമാണ് ചത്തിസ്ഗഡിലെയും ഝാര്‍ഖണ്ടിലെയും വനമേഘലകളും പര്‍വ്വതനിരകളും ഇപ്പോഴും വേദാന്തയുടെ ഖനന യന്ത്രങ്ങളുടെ മുരള്‍ച്ചയില്‍ തന്നെയാണ് .
ഒരു രാജ്യത്തിന്റെ പുരോഗതി അവിടത്തെ ഷെയര്‍ മാര്‍ക്കറ്റിന്റെ ഉണര്‍വ്വും കെട്ടിടങ്ങളുടെ ഉയരവും മാത്രമല്ല , ജനാധിപത്യ രാജ്യത്തില്‍ അവിടെയുള്ള ജനത്തിന്റെ ജീവിതം കൂടിയായിരിക്കണം മാനദണ്ടം .

അധിനിവേശങ്ങള്‍ക്കെതിരായ വിജയങ്ങള്‍ താല്‍ക്കാലികം മാത്രമാണ് , അധിനിവേശത്തിന്റെ ഭീഷണികള്‍ നിതാന്തവും .അതില്‍ നിന്ന് ഒരിക്കല്‍ രക്ഷപ്പെടുകയെന്നാല്‍ അടുത്ത അധിനിവേശത്തെ പ്രതിരോധിക്കാന്‍ തയ്യാറെടുക്കാനുള്ള സമയം മാത്രമാണ് അത് ഏത് നിമിഷവും .നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും വലിയ വ്യാപ്തികള്‍ ഇത്തരം കടന്ന് കയറ്റങ്ങള്‍ക്കുണ്ട് ,ഭരണകൂടങ്ങള്‍ , നീതിന്യായ വ്യവസ്ഥകള്‍ , ബ്യൂറോക്രസി എല്ലാം ഭരിക്കപ്പെടുന്നത് , നിയന്ത്രിക്കപ്പെടുന്നത് എല്ലാം ഇത്തരം നിശബ്ദമായ കടന്ന് കയറ്റങ്ങളുടെ അധികാര കേന്ദ്രങ്ങളില്‍ നിന്നാണ് .ഭരണകൂടങ്ങള്‍ മാറാം പക്ഷെ ഭരണകൂടങ്ങളെ ഭരിക്കുന്നവര്‍ മാറുന്നില്ല എന്നത് തന്നെയാണ് ഇത്തരം അധിനിവേശങ്ങളുടെ നൈരന്തര്യം വെളിപ്പെടുത്തുന്നത് .

അനുബന്ധം .


വസ്തുതകള്‍ക്ക് വിരുദ്ധമോ പൊതുജനവിരുദ്ധമോ മതവിരുദ്ധതയോ അങ്ങനെ യാതൊരു ആരോപണവുമില്ലാതെ , ,യാതൊരു വിവാദവും സൃഷ്ടിക്കാതെ രണ്ട് കൃതികളാണ് ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടുള്ളത് .

1. വേദാന്ത എന്ന കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായി പഠിച്ചെഴുതിയ രോഹിത്ത് പൊഡ്ഡാറിന്റെ "Vedanta's Billions" .
2.അംബാനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള , ഭരണകൂടങ്ങളെ എങ്ങനെ നിയന്ത്രിക്കുന്ന എന്ന് വിശദമാക്കുന്ന
Hamish McDonald ന്റെ The Polyester Prince: The Rise of Dhirubhai Ambani

ഈ കൃതികള്‍ നിരോധിക്കാന്‍ കാരണമെന്തെന്ന് ഇന്നും അജ്ഞാതമാണ് . ആവിഷ്കാരസ്വാതന്ത്ര്യത്തെക്കുറിച്ചും സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്കും വേണ്ടി ഘോരഘോരം പ്രസംഗിക്കുമ്പോഴും അതജ്ഞാതമാണ് .


Ref: http://www.forum4ca.com/book-review-the-polyester-prince-%E2%80%93-the-banned-biography-of-dhirubhai-ambani/
http://www.survivalinternational.org/tribes/dongria
http://www.minesandcommunities.org/article.php?a=9278

Thursday, 27 January 2011

അറവാണികള്‍




ഒരു നീണ്ട ട്രെയിന്‍ യാത്രയുടെ ആലസ്യത്തോടെ സേലം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിലൂടെ തിരക്കിട്ട് പുറത്ത് കടക്കുമ്പോഴാണ് കടും നിറത്തിലുള്ള ചേലകള്‍ ചുറ്റി ഒരുപാട് സ്ത്രീകള്‍ വല്ലാത്ത ബഹളം വെക്കുന്നത് കാണുന്നത് ,ചെന്നൈ മുതല്‍ കൂടെയുണ്ടായിരുന്ന സഹയാത്രികനോട് എന്താ സംഗതിയെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പുച്ഛത്തോടെ പറഞ്ഞു

“അത് അറവാണികളാണ് , കൂവാഗത്ത് അവരുടെ ഉത്സവമാണത്രെ , അഴിഞ്ഞാട്ടം തന്നെ ഉത്സവം ,അസത്തുക്കള്‍ “.

അറവാണികള്‍ എന്ന അശ്ലീലപ്രയോഗം തെറിയല്ലാത്ത അര്‍ത്ഥത്തില്‍ ആദ്യമായി കേട്ടപ്പോള്‍ അമ്പരപ്പ് തോന്നി , അറവാണികളുടെ ഉത്സവമായ കൂവാഗം ഫെസ്റ്റിവലില്‍ അണിഞ്ഞൊരുങ്ങി പോകുന്നവര്‍ അഭിമാനത്തോടെ പറയുന്നു അറവാണികളാണ് തങ്ങളെന്ന് , തങ്ങള്‍ അങ്ങനെ അറിയപ്പെടാനാഗ്രഹിക്കുന്നുവെന്ന് .അറവാനെന്ന ദേവന്റെ ഒരു ദിവസത്തെ ഭാര്യയും ജീവിതകാലത്തെ മുഴുവന്‍ വിധവയുമാകാനാണ് അണിഞ്ഞൊരുങ്ങി പോകുന്നത് , അങ്ങനെയാണ് അറവാന്റെ ഐതിഹ്യം , അറവാണികളുടെയും .

മുപ്പത്തിമുക്കോടി ദൈവങ്ങളില്‍ അറവാനെന്ന ദൈവത്തെ പറ്റി കേള്‍ക്കാത്തതില്‍ അല്‍ഭുതമൊന്നുമില്ല , പക്ഷെ കുരുക്ഷേത്ര യുദ്ധത്തില്‍ അറവാന്റെ ഐതിഹ്യം അത്ര അപ്രസക്തമല്ലാത്തതാണ് .ഐതിഹ്യങ്ങള്‍ അറവാനെക്കുറിച്ച് പറയുന്നതിങ്ങനെ .

അറവാന്റെ പുരാണം

കുരുക്ഷേത്ര യുദ്ധത്തില്‍ കൌരവരുടെ മുന്നേറ്റം , പാണ്ഡവപക്ഷത്തെ ആശങ്കയകറ്റാന്‍ അര്‍ജ്ജുനന്‍ യുദ്ധദേവതയായ കാളിയെ ഉപാസിക്കുന്നു , കാളി പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചു - എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ പരിപൂര്‍ണ്ണനായ ഒരു പുരുഷനെ ബലി നല്‍കാന്‍ - അങ്ങനെ പരിപൂര്‍ണ്ണമായ എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയവര്‍ മൂന്ന് പേരാണ് പാണ്ഡവപക്ഷത്ത് ഒന്ന് സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണന്‍ രണ്ടാമത്തേത് അര്‍ജ്ജുനന്‍ , പിന്നെയുള്ളത് ഇരവാന്‍ - നാഗരാജാ‍വായ കൌരവ്യയുടെ മകളായ ഉലൂപിയില്‍ അര്‍ജ്ജുനനുണ്ടായ മകനാണ് ഇരവാന്‍ - ശ്രീകൃഷ്ണനും അര്‍ജ്ജുനനും പാണ്ഡവ പക്ഷത്തിന്റെ അനിവാര്യതകള്‍ അവരെ ബലിക്ക് നല്‍കിയാല്‍ യുദ്ധം ആര് നയിക്കും ,ഇരവാന്‍ സ്വയം ബലിസന്നദ്ധനായി പക്ഷെ മരിക്കും മുമ്പ് ചില നിബന്ധനകള്‍ വെച്ചു - എല്ലാം തികഞ്ഞ ഒരു പൂര്‍ണ്ണപുരുഷനെന്ന നിലക്ക് ബ്രഹ്മചാരിയായി മരിക്കാന്‍ കഴിയില്ല , ലൌകിക സുഖങ്ങള്‍ എല്ലാം അറിഞ്ഞിട്ട് മാത്രം മരിക്കാം , അതായത് സ്ത്രീസുഖം, അതും സുന്ദരിയും കുലീനയുമായിരിക്കണം .അറിഞ്ഞ് കൊണ്ട് ചാവേറായി പോകുന്നവനെയേത് പെണ്ണ് സ്വീകരിക്കും ?ജീവിതകാലം മുഴുവന്‍ വൈധവ്യം ചുമക്കാനാര് തയ്യാറാവും ? പാണ്ഡവപക്ഷത്തിന്റെ വിജയത്തിനായി സ്വയം ബലിദാനിയാകുന്നവന്റെ ആഗ്രഹം പോലും നിവര്‍ത്തിച്ച് കൊടുക്കാനാവില്ലെ ഭഗവാന്‍ ആശങ്കാകുലനായി , ഇരവാന്റെ മരണം അനിവാര്യമാണ് അത് വിധിയുമാണ് അതിനെ നിഷേധിക്കാനാവില്ല പക്ഷെ അത് അനാവശ്യമായ ഒരു വൈധവ്യത്തിലേക്കാണ് നയിക്കുന്നതിനെയെങ്ങനെ സാധൂകരിക്കും .ധാര്‍മ്മിക - നൈതിക ചിന്തകള്‍ക്കൊടുവില്‍ ഭഗവാനൊരിക്കല്‍ കൂടി മോഹിനീവേഷത്തിലവതരിക്കാന്‍ തീരുമാനിച്ചു - സുന്ദരിയും കുലീനയും സര്‍വ്വഗുണസമ്പന്നയുമായി സ്ത്രൈണതയുടെ പാരമ്യത്തില്‍ ഭഗവാന്‍ ഇരവാന് വധുവായി , ഒരു രാത്രി , അതിന് ശേഷം ബലിദാനിയാകുന്നവന്റെ ഭാര്യയായി , ഒരു സങ്കല്പം പോലെയോ ഒരു രാത്രി കഴിഞ്ഞാല്‍ അവസാനിച്ചേക്കാവുന്ന നിഗൂഡമായ ഒരു സ്വപ്നമാണെന്നറിഞ്ഞിട്ടും മോഹിനി ഇറവാനെ പ്രണയിച്ചു , ആ രാത്രിയുടെ അവസാനം അനിവാര്യമായ മരണമേറ്റ് വാങ്ങാന്‍ ഇരവാന്‍ യുദ്ധക്കളത്തിലേക്ക് പോകുമ്പോള്‍ ഇരവാനോടുള്ള പ്രണയം വെറുമൊരു താല്‍ക്കാലികപരിഹാരം മാത്രമായിരുന്നില്ലെന്ന് തിരിച്ചറിയുന്നു ,ഇരവാന്‍ യുദ്ധക്കളത്തില്‍ ശത്രുവിന്റെ അമ്പേറ്റ് പിടഞ്ഞ് മരിക്കുമ്പോള്‍ അന്തപുരത്തില്‍ മോഹിനി വിധവയായി മാറിക്കഴിഞ്ഞിരുന്നു , എല്ലാം അറിയുന്ന ഭഗവാന്റെ അവതാരമായിട്ട് പോലും പ്രണയത്തിന്റെ തീക്ഷ്ണതയില്‍ നിന്ന് രക്ഷപ്പെടാന്‍ മോഹിനിക്ക് കഴിയുന്നില്ല , ശിഷ്ടകാലം ഇറവാനോടുള്ള പ്രണയം കൊണ്ട് ഇറവാന്റെ വിധവയായി കഴിയുന്നു പുരാണത്തില്‍.


എല്ലാ വിധവകളെയും പോലെ തന്നെ പുരാണത്തില്‍ ജയിച്ചവരുടെയും തോറ്റവരുടെയും ഇടയില്‍ പോലുമല്ലാതെ അജ്ഞാതയായി മോഹിനി ജീവിച്ചിരിക്കണം ഇറവാന്റെ വിധവയായി .

ഐതിഹ്യം ഇവിടെ അവസാനിക്കുന്നു , ഭഗവാന്റെ മോഹിനീ വേഷം ട്രാന്‍സ്ജെന്റര്‍ സങ്കല്പങ്ങളുടെ ഉദാത്ത മാതൃകയായി , പ്രണയത്തിന്റെ ഔന്നത്യവുമായി തമിഴ് നാട്ടിലെ വിഴുപുരത്ത് കൂവാഗത്ത് നില നില്‍ക്കുന്നു തമിഴരുടെ തനത് “അകാര” പ്രീതി കൊണ്ടാകാം ഇവിടെ ഇരവാന്‍ അറവാന്‍ ആണ് അങ്ങനെ അറവാന്റെ ഭാര്യമാര്‍ അറവാണികളായി .ഐതിഹ്യത്തിലെ അപ്രസക്തനായ അറവാന്‍ ഇവിടെ ദൈവമാണ് കൂത്താണ്ടവരായി ആരാധിക്കപ്പെടുന്നു .അറവാണികള് എന്നത്‍ പവിത്രമായ ഒരു സ്ഥാനമായി , അതില്‍ അഭിമാനിച്ചു , ദൈവീകമായ പരിണയത്തെയും അതിന്റെ വൈധവ്യത്തെയും അവര്‍ ആരാധിച്ചു പക്ഷെ അറവാണികള്‍ സമൂഹത്തില്‍ അശ്ലീലമായിതീര്‍ന്നു .

അനുയോജ്യമല്ലാത്ത ശരീരത്തില്‍ ഒതുക്കിവെക്കപ്പെട്ട ഒരു ലൈംഗികതയുമായി ജനിക്കുന്നവര്‍ , കുടുംബത്തിന്റെ , സമുദായത്തിന്റെ , നാടിന്റെ അവഗണനകള്‍ , ക്രൂരമായ പരിഹാസങ്ങളേറ്റ് വേദനിക്കുന്നവര്‍ ആരും മനസ്സിലാക്കാതെ പോകുമ്പോള്‍ സ്വയം തിരഞ്ഞെടുക്കുന്ന വഴികളിലൊന്ന് അറവാ‍ന്റെ വിധവകളായി സ്വയം സമര്‍പ്പിക്കുക , വര്‍ഷത്തിലൊരിക്കല്‍ കൂത്താണ്ടവര്‍ കോവിലില്‍ നടക്കുന്ന ആഘോഷത്തില്‍ ഒരു രാത്രി മാത്രം നീളുന്ന പതിവ്രതകളായ ഭാര്യമാരായി മഞ്ഞള്‍താലി അണിയുകയും പിറ്റേന്ന് അനിവാര്യമായ വിധിയുടെ ആവര്‍ത്തനം പോലെ വൈധവ്യം സ്വയം വരിക്കുന്നു.

മഞ്ഞചരടില്‍ കോര്‍ത്ത പരിപാവനമായ താലിയെ അറുത്തുമാറ്റുന്നു , സിന്ദൂരം മായ്ച്ച് കളയുന്നു , പലവര്‍ണ്ണങ്ങളിലുള്ള കുപ്പിവളകള്‍ പൊട്ടിച്ചിതറുന്നു , ശുഭ്രവസ്ത്രം ധരിച്ച് അകൃത്രിമമായ ദുഖത്തോടെ അലമുറയിട്ട് കരയുന്ന അറുവാണിച്ചികള്‍ അറവാന്റെ വിധവകള്‍ .കൂത്താണ്ടവര്‍ കോവിലിന്റെ ചരിത്രമറിയില്ല കാലാകാലങ്ങളായി മൂന്നാം ലിംഗത്തിന്റെ സത്വപ്രകാശനം വൈധവ്യത്തിന്റെ രോദനം കൊണ്ട് വിഴുപുരത്തെ തെരുവുകളില്‍ അലയടിച്ച് കൊണ്ടിരിക്കുന്നു , ആരുമല്ലാതെയായി പോകുന്ന , ആരുമില്ലാതെയായിപോകുന്ന ഒരു പാട് ജന്മങ്ങള്‍ , ജന്മം കൊടുത്തവര്‍ക്ക് അസ്വസ്ഥതയായി തീരുമ്പോള്‍ സ്വയം ഇറങ്ങിപുറപ്പെട്ട് തെരുവുകളില്‍ പരിഹാസപാത്രമാകുന്നവര്‍ അവരൊക്കെയാണ് അറവാന്റെ വിധവകളാകാന്‍ വരുന്നത് . അവരൊന്ന് കരഞ്ഞ് കൊണ്ട് എങ്കിലും സ്വയം തെളിയിക്കട്ടെ അവരാരെന്ന് , സ്വയം വിശ്വസിക്കട്ടെ അനുയോജ്യമല്ലാത്ത ശരീരത്തില്‍ നിറഞ്ഞ് ‍ നിറഞ്ഞ് നില്‍ക്കുന്ന സ്ത്രൈണതയുടെ രൂപം .

അറവാണികള്‍ നമ്മുടെ സമൂഹത്തില്‍ അശ്ലീലമാണ് , മലയാളം നിഘണ്ടുവില്‍ അറവാണിയെന്നാല്‍ കുലടയെന്നാണ് , പലപുരുഷന്മാരോടൊന്ന് ശയിക്കുന്നവളെന്നാണ് പക്ഷെ പുരാണത്തിലെ അറവാണി ഭഗവാന്‍ കൃഷ്ണന്റെ മോഹിനി അവതാരമാണ് , ദൈവീകമാണ് , പതിവ്രതയായ വിധവയാണ് അതെങ്ങനെ കുലടയായി തീര്‍ന്നെന്ന് അറിയില്ല , മലയാള ഭാഷാപുരാണത്തില്‍ അശേഷം അറിവില്ല അത് കൊണ്ട് മലയാളി അറവാണികള്‍ക്ക് മറ്റൊരു ചരിത്രമുണ്ടാകുമായിരിക്കും .


മൂന്നാം ലിംഗത്തിന്റെ സ്വത്വവാദങ്ങളെ അവജ്ഞയോടെ , സാന്നിധ്യത്തെപ്പോലും വെറുപ്പോടെ കണ്ടിരുന്ന കാലത്താണ് തമിഴ് നാട്ടില്‍ പഠിച്ചിരുന്നത് ,കറുത്ത ശരീരങ്ങളെ അസഹനീയമായ രീതിയില്‍ ചായം പൂശി സാരിക്കുള്ളില്‍ നിറച്ച് വെച്ച കൃത്രിമ സ്ത്രൈണതാ ബിംബങ്ങളുമായി ട്രെയിന്‍ യാത്രകള്‍ക്കിടയില്‍ അസ്വസ്ഥതകളായി ഭിക്ഷ ചോദിച്ച് വരുന്ന വികൃതരൂപങ്ങളെ അവജ്ഞയോടെ മാത്രം നോക്കി ,ഭിക്ഷ കൊടുത്തില്ലെങ്കില്‍ കേള്‍ക്കാവുന്ന ശാപവാക്കുകളും അശ്ലീല ചേഷ്ടകളെയും ഭയന്നത് കൊണ്ട് മാത്രം പൈസ കൊടുക്കേണ്ടി വന്നു . അരണ്ട വെളിച്ചമുള്ള ബസ് സ്റ്റാന്റുകളില്‍ , റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമുകളുടെ അറ്റത്തെ വിജനമായ ഓരത്ത് അങ്ങനെ പലയിടത്തും പരസ്യമായി തന്നെ അശ്ലീലചേഷ്ടകളോടെ ക്ഷണിക്കുന്ന കാഴ്ചകള്‍ ഇവരിങ്ങനെയൊക്കെ മാത്രമാണെന്ന് ഉള്ള ധാരണകളെ ശരിയെന്ന് വിശ്വസിപ്പിച്ചു .


പിന്നീട് ഹോസ്റ്റല്‍ ജീവിതത്തിനിടക്ക് മൂന്നാം ലിംഗത്തിന്റെ നിസ്സഹായത , അനുയോജ്യമല്ലാത്ത ശരീരത്തില്‍ പിറന്നവന്റെ /പിറന്നവളുടെ ആകുലതകള്‍ നേരിട്ട് കാണേണ്ടി വന്നു , ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ പുതുതായി വന്ന ഒരു പയ്യന്‍ - അക്കാഡമിക് ബ്രില്ല്യന്റ് , ഗണിത പാഠങ്ങള്‍ എല്ലാം മനപാഠമാക്കിയവന്‍ ,സഹപാഠികളെ കണക്ക് പറഞ്ഞ് കൊടുത്ത് സഹായിക്കുന്ന ഒരു അപ്പാവി പക്ഷെ അവന്റെ നടത്തയും നോട്ടവും ഭാവവുമെല്ലാം അവനറിയാതെ തന്നെ സ്ത്രൈണത നിറഞ്ഞതായിരുന്നു. തെറ്റായ ശരീരത്തില്‍ പിറക്കേണ്ടി വന്നവന്‍ , ആര്‍ത്തവം വരാത്ത ഒരു ശരീരത്തെക്കുറിച്ച് ഉലക്ണ്ഠപ്പെട്ട ഒരു കൌമാരകാലത്തെയോര്‍ത്ത് സ്വയം ശപിച്ചിരിക്കണം എന്നിട്ടുമവന്‍ ഒന്നും പ്രകടിപ്പിക്കാതെ ഒതുങ്ങിക്കൂടി പഠനത്തില്‍ മാത്രം ശ്രദ്ധിച്ചു ,അന്തര്‍മുഖനായി .

ഹോസ്റ്റലിലെ തിളച്ചവന്മാരുടെ പരിഹാസങ്ങള്‍ , ഉപദ്രവങ്ങള്‍ , ഒമ്പതെന്ന വിളികള്‍ , ഞരമ്പുകളുടെ തോണ്ടല്‍ - ഗതികെട്ട് പരാതിപ്പെടുമ്പോള്‍ നീയതിന് വിധിക്കപ്പെട്ടവനെന്ന തരത്തിലുള്ള ഹോസ്റ്റല്‍ വാര്‍ഡന്റെ മറുപടികള്‍ അവനെ തളര്‍ത്തി, അവന്റെ നിസ്സഹായമായ മുഖം വിഷാദത്തിന്റെ ആവരണം പുതച്ച് ആള്‍ക്കൂട്ടത്തെ നോക്കാന്‍ ഭയപ്പെട്ടു നടന്നു .അവന്റെ നിസ്സഹായതയെ ഞങ്ങള്‍ നിസ്സംഗരായി കണ്ടു നിന്നു ,അവസാനമൊരിക്കല്‍ പരാജയപ്പെട്ട ഒരു ആത്മഹത്യാ ശ്രമത്തിന് ശേഷം പഠനം നിര്‍ത്തി അവന്‍ നാട്ടിലേക്ക് തിരിച്ചു , പിന്നീടവന്‍ വിജയിച്ചിരിക്കാം ആത്മഹത്യയില്‍ .തന്റേതല്ലാത്ത ഒരു തെറ്റിന് ഭാവിയും ജീവിതവുമെല്ലാം നഷ്ടപ്പെട്ട് പോയ ഒരു ജീവന്‍ , ഞങ്ങള്‍ക്കവനെ സംരക്ഷിക്കാമായിരുന്നു ,അവനെതിരെയുള്ള പരിഹാസങ്ങളെ പ്രതിരോധിക്കാമായിരുന്നു ...പക്ഷെ ചെയ്തില്ല , നിസ്സംഗമായ ഒരോര്‍മ്മയായി അവന്‍ അജ്ഞാതനായി പോയി .

സമൂഹത്തില്‍ നിന്ന് ബഹിഷ്കരിക്കപ്പെട്ടവര്‍ , അവഗണിക്കപ്പെട്ടവര്‍ , തിരസ്കൃതരാക്കപ്പെട്ടവര്‍
പരിഹാസം മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ , വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും പുറത്താക്കപ്പെടുമ്പോള്‍ ജീവിക്കാന്‍ വേണ്ടി ഭിക്ഷയെടുക്കുന്നു , ജീവിക്കാന്‍ വേണ്ടി സെക്സ് വര്‍ക്കറാകുന്നു , മറ്റൊരു തൊഴിലിന് അനുവദിക്കാത്തിടത്തോളം അവരങ്ങനെയല്ലാതെ എങ്ങനെ ജീവിക്കും ? പുനര്‍വിചിന്തനങ്ങളില്‍ മുന്‍ധാരണകള്‍ തെറ്റായും മൂന്നാം ലിംഗത്തിന്റെ സ്വത്വവാദത്തിന്റെ മാനുഷികത ശരിയായും വന്നു .


മൂന്നാം ലിംഗത്തോട് ഞാനടക്കം കാണിക്കുന്ന വിവേചനത്തിന്റെ ആഴമോ തോതോ അളക്കാനാവില്ല അതിന്റെ നൈതികതയും ധാര്‍മ്മികതയെയും കുറിച്ചെനിക്കൊന്നും പറയാനുമില്ല പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മൂന്നാം ലിംഗത്തിന്റെ അവസ്ഥകള് മൂന്നാം ലോകത്തിന്റെ‍ ആശങ്കകള്‍ പോലെ തുടരും , അവര്‍ മറ്റൊരു ലോകമാണ് അവരെ നമ്മുടെ ലോകത്തില്‍ കൂട്ടണ്ട , അവരുടെ ലോകത്തിലെങ്കിലും ജീവിക്കാന്‍ വെറുതെ വിടുക സദാചാരത്തിന്റെ കാവല്‍ മാലാഘകള്‍ .ജനിച്ച് പോയത് ഒരു കുറ്റമല്ലല്ലോ .അങ്ങനെ കരുതാന്‍ ശ്രമിക്കാം .

അനുബന്ധം .

ഇത്തവണത്തെ കൂവാഗം ഫെസ്റ്റിവലിനോടനുബന്ദിച്ച് അറവാണികള്‍ എന്ന സംബോധന മാറ്റി തിരുനങ്കൈ എന്ന് വിളിക്കാന്‍ തീരുമാനമായി .അപ്പോള്‍ അറവാന്റെ വിധവകള്‍ ഇനി മുതല്‍ തിരുനങ്കകളായിരിക്കും .

Picture courtesy - Flickr

Saturday, 23 October 2010

വെയില്‍ തിന്നുന്ന പക്ഷി എങ്ങോ പറന്ന് പോയി


അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്‍റെ ക്രൂരത കഴിഞ്ഞു “


അതെ വേടന്റെ ക്രൂരത കഴിഞ്ഞു , അമ്പ് തറച്ച് കഴിഞ്ഞു .

അറം പറ്റുന്നതെഴുതുന്നവര്‍ ക്രാന്തദര്‍ശികളായിരിക്കണം അല്ലെങ്കില്‍ അവസാനമായി ഒരു തുണ്ട് കടലാസ്സില്‍ ഇങ്ങനെ എഴുതി വെച്ച് എ. അയ്യപ്പന്‍ കടന്ന് പോകില്ലായിരുന്നു . എ . അയ്യപ്പന്റെ കവിതകളെക്കാള്‍ നാം പാടിപ്പുകഴ്ത്തിയത് മദ്യപാനവും അരാജകത്വവും നിറഞ്ഞ വ്യക്തിജീവിതമായിരുന്നു , ഭ്രാന്തനെന്നും അവധൂതനെന്നും തരം പോലെ നമ്മള്‍ മാറി മാറി വിളിച്ചു .


“ഞാന്‍ ലഹരിയുപയോഗിക്കില്ല ഞാനാണ് ലഹരി “ എന്ന് പറഞ്ഞതത് സാലവദോര്‍ ദാലി എന്ന ചിത്രകാരന്‍ ആയിരുന്നു .
എ. അയ്യപ്പന്റെ ജീവിതം നിരാശാ ഭരിതമായ ഒരു ലഹരിയായിരുന്നു , സ്വയം ലഹരിയായി അതിലാണ്ട് പോയ ആ ജീവിതം
ഒരു കാവ്യലോകത്തെ ഇതിഹാസമായിരുന്നില്ല , അദ്ദേഹം ഒരു ഒരു മഹാകവിയുമായിരുന്നില്ല .

വെറുമൊരു മരണം കൊണ്ട് അങ്ങനെയാകാനും തെരുവിന്റെ സുരക്ഷിതത്വത്തില്‍ കഴിയുന്നൊരാളാഗ്രഹിച്ചിരുന്നിരിക്കില്ല , ജീവനെക്കാള്‍ വില ചിലപ്പോഴെങ്കിലും അരക്കുപ്പി മദ്യത്തിന്റെ ലഹരിയെക്കാള്‍ ചെറുതായി കണ്ടിരുന്ന മനുഷ്യന്‍.
യഥാര്‍ത്ഥത്തില്‍ എ അയ്യപ്പന്‍ ഒരു മനുഷ്യനായിരുന്നു , വെറുമൊരു മനുഷ്യന്‍ മാത്രം, നമ്മളൊക്കെ പലപ്പോഴും അല്ലാത്തതും അതാണ് .

മരണത്തിന്റെ തൊട്ട് മുമ്പുള്ള നിമിഷങ്ങളില്‍ സമയം പോരാതെ വരുമെന്ന് പ്രവചനശക്തിയൊടെ പറഞ്ഞ് തന്റെ കവിതകളില്‍ ഒസ്യത്ത് എഴുതി വെച്ച് അപ്രതീക്ഷിതമായി എന്ന് പോലും പറയാനാകാതെ കടന്ന് പോകുമ്പോള്‍ ഇടനെഞ്ചിലൊരു കനപ്പ് തോന്നുന്നുണ്ട് , ഉപാധികളില്ലാതെ എപ്പോഴും സ്നേഹിച്ച് നമ്മോട് എപ്പോഴും കലഹിച്ച് കൊണ്ടിരുന്ന ഒരാള്‍ പെട്ടെന്ന് അപ്രത്യക്ഷമാകുമ്പോഴുള്ള ശൂന്യത തൊന്നുന്നുണ്ട് .


പ്രിയപ്പെട്ട കവീ...മരിക്കുമ്പോള്‍ വാഴ്ത്താന്‍ മാത്രമായാണ് നിന്റെ കവിതകളെയും സ്വപ്നങ്ങളെയും നിന്റെ ജീവിതകാലമത്രയും ഞങ്ങള്‍ കാത്ത് വെച്ചത് , കലാലയത്തിലെ ഓട്ടോഗ്രാഫുകളില്‍ നിന്റെ വരികളെഴുതി ഗര്‍വ്വ് കാണിക്കുമ്പൊഴും ആ വരികളുടെ കര്‍ത്താവിനെ അജ്ഞാതനാക്കി വെച്ചു .അവധൂതന്മാരെ അകന്ന് നിന്ന് മാത്രം വിമര്‍ശിക്കാനും ഭ്രാന്തന്മാരെന്ന് ആക്ഷേപിക്കാനുമായിരുന്നു ഞങ്ങള്‍ക്കെന്നും താല്പര്യം , സിനിമയില്‍ ഒരു ജോണ്‍ എബ്രഹാം , കവിതയില്‍ എ അയ്യപ്പന്‍ അങ്ങനെ ഭ്രാന്തന്മാരുടെ നിരയിലേക്ക് പണ്ടെ ഞങ്ങള്‍ നീക്കി നിര്‍ത്തിയിരുന്നുവല്ലോ.
തെരുവില്‍ അനാഥനായി അലയുമ്പോഴെല്ലാം ഭൂതകാലത്തിന്റെ വിസ്മൃതിയാഗ്രഹിച്ച് കൊണ്ടായിരിക്കണം വൃത്തവും അലങ്കാരവുമൊന്നുമില്ലാതെ കവിതകള്‍ എഴുതിയിരുന്നത് , ഭൂതകാലത്തില്‍ പരാജയപ്പെട്ടവര്‍ക്കെല്ലാം അയ്യപ്പന്റെ പൊള്ളുന്ന ഓര്‍മ്മകളാവുന്നത് അതില്‍ അനുഭവത്തിന്റെ തീക്ഷ്ണത അതിലുള്ളത് കൊണ്ടാണ് .


വീടില്ലാതൊരുവനോട് വീടിന്നൊരു പേരിടാനും
മക്കളില്ലാതൊരുവനോട് കുട്ടിക്ക് ഒരു പേരിടാനും
ചൊല്ലവേ നീ കൂട്ടുകാരാ രണ്ടുമില്ലതൊരുവന്റെ
നെഞ്ചിലെ തീ കണ്ടോ

ഇല്ലാത്തവന്റെ വേദനയാണ് ഓരോ വാക്കിലും ഓരോ വരിയിലും , അതാണ് ഇല്ലാത്തവനെയും ഉള്ളവനെയും ഒരു പോലെ പൊള്ളിക്കുന്നതും . തെരുവുകള്‍ സാമ്രാജ്യമാക്കി , കടത്തിണ്ണകളും വഴിയോരങ്ങളും അന്തപുരമാക്കി , ആകാശം മേല്‍ക്കൂരയാക്കി സ്വന്തം ലോകത്തെ ചക്രവര്‍ത്തിയായിരുന്നു അവസാന ശ്വാസം വരെയും അയ്യപ്പന്‍


വൃത്തവും ഛന്ദസ്സുമില്ലാത്ത കവിതകളില്‍‍ വിശപ്പും പ്രണയവും ദാരിദ്ര്യവുമെല്ലാം അഗ്നിബിംബങ്ങളായി വായനക്കാരനെ ചുട്ട് പൊള്ളിച്ചു , പ്രണയത്തില്‍ പച്ചമനുഷ്യന്റെ അരാജകത്വമായിരുന്നു എ അയ്യപ്പന്‍ . വല്ലപ്പോഴുമൊരിക്കല്‍ വീടെന്ന സങ്കല്പത്തില്‍ താമസിക്കാനഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയോട് പ്രണയം തോന്നിയെന്ന് ആ സുഹൃത്തിനോട് തന്നെ പറയുമ്പോള്‍ ആ നിഷ്കളങ്കതയില്‍ അവര്‍ അല്‍ഭുതപ്പെട്ടിരിക്കണം , എന്നിട്ടും അയ്യപ്പന്‍ അവരുടെ സുഹൃത്തായി ഏത് പാതിരാത്രിയിലും കയറി ചെല്ലാവുന്ന അഭയ സ്ഥാനമായി തന്നെ തുടര്‍ന്നത് അയ്യപ്പനെന്ന വലിയ മനസ്സിനെ അവര്‍ക്കറിയാവുന്നത് കൊണ്ടാണ് . പ്രണയം അയ്യപ്പന് ശരീരമായിരുന്നില്ല , പ്രണയം ജീവിതം തന്നെയായിരുന്നു .


എന്റെ ഹൃദയത്തിന്റെ
സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ ആത്മ തത്വം
പറഞ്ഞ് തന്നവളുടെ ഉപഹാരം

പ്രണയത്തെ ദാര്‍ശനികമായ ഔന്നത്ത്യത്തില്‍ ബിംബ വല്‍ക്കരിക്കുകയും കാല്പനികമായ ഭാഷയില്‍ അവതരിപ്പിക്കുകയുമായിരുന്നു കവി .പ്രായോഗികതയെന്തെന്ന് ചിന്തിക്കാന്‍ പോലും കൂട്ടാക്കാതെ , ഭാവിയെക്കുറിച്ചോര്‍ക്കാതെ
ഭൂതകാലത്തിന്റെ ഓര്‍മ്മയില്‍ മാത്രം ജീവിച്ചു , ദുരന്തം നിറഞ്ഞതായിരുന്നു അയ്യപ്പേട്ടന്റെ ജീവിതം കുട്ടിക്കാലത്ത് തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ട് പോയി , പിന്നെ പ്രയാണമായിരുന്നു , ലക്ഷ്യബോധമില്ലാത്ത പ്രയാണം .


ദാരിദ്ര്യം , അതിന്റെ നിസ്സഹായമായ വറുതി , അതൊക്കെയായിരുന്നു എ.അയ്യപ്പന്റെ കവിതകളുടെ ഇതിവൃത്തം , ആരെയും കൂട്ടാക്കാ‍തെ നിഷേധിയായി ജീവിച്ച മനുഷ്യന്റെ ഉള്ളിലെപ്പോഴും സ്നേഹമായിരുന്നു ,സ്നേഹത്തിന്റെ വരികളായിരുന്നു ആ കവിതകളെല്ലാം .ഒരു മനുഷ്യന്‍ അരാജകവാദിയായി ജീവിച്ചു , ഒടുവില്‍ അരാജകവാദിയായി മരിച്ചു അങ്ങനെ
വെയില്‍ തിന്ന് തിന്ന് ഒരു പക്ഷി എങ്ങോ പറന്ന് പോയി .

ഓരോ മരണത്തിന് ശേഷവും അവരെക്കുറിഞ്ഞ് അറിഞ്ഞതും പറഞ്ഞ് കേട്ടതൂം കണ്ടതും ഒരുമിച്ചിരുന്ന് കള്ള് കുടിച്ചതും കവിത പാടിയതുമായ സ്വകാര്യ പൊങ്ങച്ചങ്ങളെ കൂട്ടിയെഴുതി വെക്കുന്ന ഒരു കാറ്റഗറി അനുസ്മരണമായി ഞാനും എന്റെ ഓര്‍മ്മകളെ കുറിക്കുന്നു ,