Like

...........

Tuesday, 13 September 2011

പുരുഷ മരണങ്ങള്‍



ഒരു പ്രത്യേക കാലയളവിനു ശേഷം പിന്തിരിഞ്ഞു നോക്കുമ്പോള്‍ കേട്ടതും കണ്ടതുമായ അസ്വാഭാവികമായ ചില കാര്യങ്ങള്‍ക്കൊരു കൊറിലേഷന്‍ [correlation ] നമുക്കു
അനുഭവപ്പെടാറുണ്ട് , അത പ്രകടമായി പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ പോലും സൂക്ഷ്മമായി ഒരളവു വരെ അത്തരം ബന്ധങ്ങള്‍ ആ അസ്വാഭാവികതയില്‍ നമുക്കാരോപിക്കാന്‍ കഴിയും . എന്റെ കേള്‍വിയിലും കാഴ്ചയിലും അനുഭവപ്പെട്ട മൂന്നു മരണങ്ങള്‍ , അതു സംഭവിച്ച കാല ദേശങ്ങളെല്ലാം പരസ്പരം ബന്ധമില്ലാതിരുന്നിട്ടു കൂടി അവയെ പരസ്പരം ചേര്‍ത്തു വെക്കാവുന്ന ഒരു കാരണം അതില്‍ പരോക്ഷമായി കാണാവുന്ന പുരുഷ ലൈംഗികതയുടെ നൈരാശ്യമോ ഉണര്‍വ്വോ ഒക്കെയാണ് .കാല ഗണനക്കനുസരിച്ച് അവരോഹണ ക്രമത്തില്‍ അത് ദേവദാസ്സിലൂടെ , അബ്ദുക്കുട്ടനിലൂടെ തൊത്തോത്തെ ചന്ദ്രേട്ടനിലേക്കെത്തുന്നു .

ദേവദാസ്.


യൌവ്വനത്തിന്റെ തീതിളപ്പില്‍ തന്നെ തലച്ചോറില്‍ അര്‍ബുദം ബാധിച്ചാണ് ദേവദാസ് മരിക്കുന്നത് , ഒരാഘോഷം പോലെ ജീവിതം ജീവിച്ചു തീര്‍ത്ത അരാജകവാദിയെന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാം . മരിക്കുമെന്നു മുന്‍ കൂട്ടിയറിഞ്ഞിരുന്നെങ്കില്‍ ഒരല്പം കൂടി നന്നാക്കാമായിരുന്നു എന്നു പോലും തോന്നിപ്പിക്കാതെയാണ് അയാള്‍ ജീവിച്ചത് , ഒരു പക്ഷെ അധിക കാലം ജീവിച്ചിരിക്കില്ലെന്നുറപ്പോടെ ജീവിതത്തെ ആഘോഷിച്ചൂ തീര്‍ക്കുകയുമായിരുന്നിരിക്കാം . ആഘോഷങ്ങള്‍ മാത്രം നിറഞ്ഞു നിന്നിരുന്ന സൊഹൃദങ്ങള്‍ , മദ്യം , മദിരാക്ഷി, സമ്പത്തു - അയാള്‍ സൌഹൃദങ്ങള്‍ക്കിടയില്‍ അല്പം അസൂയ ഉളവാക്കുന്ന ഒരാളായി ജീവിച്ചു .

സ്ത്രീകളുടെ വിയര്‍പ്പിന്റെ ഗന്ധം ....അതായിരുന്നു അയാളുടെ ജീവിതവും ഉണര്‍വ്വും , അതില്‍ കുലീനരാ‍യ വീട്ടമ്മമാരും കോളേജ് കുമാരികളും മുതല്‍ വില കുറഞ്ഞ തെരുവു വേശ്യകള്‍ വരെ വേര്‍ തിരിവില്ലാതെ ഇടം പിടിച്ചു , പക്ഷെ അയാളെക്കുറിച്ചു ആര്‍ക്കും ഒരു കടന്നാക്രമണത്തിന്റെയോ ലൈംഗികാതിക്രമണത്തിന്റെയോ കഥകള്‍ പറയാനുണ്ടായിരുന്നില്ല ചിലവഴിക്കാന്‍ ആവശ്യത്തിലേറെ പണവും ആരോഗ്യവും യൌവനവും ഉള്ള ഒരാള്‍ക്കു സ്വാഭാവികമായി വന്നു ചേരുന്നത് മാത്രമേ അയാള്‍ സ്വീകരിച്ചിരുന്നുള്ളൂ . നാട്ടിലെ പ്രമുഖരുടെ വീടുകളിലെ കുലീനകളായ സ്ത്രീകളെയെല്ലാം തന്റെ കൈവരുതിക്കു നിര്‍ത്തുമെന്ന വീരവാദങ്ങള്‍ക്കു തെളിവായി രാത്രികളിലെ വേഴ്ചകള്‍ക്കു ശേഷം ആ വീടുകളില്‍ നിന്ന് കൂട്ടുകാര്‍ക്കു ഫോണ്‍ ചെയ്ത് , ആ സ്ത്രീകളെക്കൊണ്ട് സംസാരിപ്പിക്കുന്നതായിരുന്നു അയാളുടെ ഏറ്റവും വലിയ ആനന്ദം . കൂട്ടുകാര്‍ക്കിടയില്‍ അസൂയ ജനിപ്പിക്കും വിധം അയാള്‍ ജീവിച്ചു , ഭോഗിച്ചു അത് പരസ്യമാക്കുന്നതില്‍ അയാള്‍ക്കു സന്ദേഹമുണ്ടായിരുന്നില്ല . ദേവദാസ്സ് വിവാഹിതനായിരുന്നു അയാളുടെ ഭാര്യ പ്രസവിക്കില്ലായിരുന്നു എന്നാണ് ദേവദാസ്സ് പറഞ്ഞിരുന്നത് , ഈയൊരു അറിവ് കൂടി അയാളുടെ അവിഹിത ബന്ധങ്ങള്‍ക്കു വലിയ ന്യായീകരണമായിരുന്നു, അതൊരു സഹതാപാര്‍ഹമായിരുന്ന ന്യാ‍യീകരണം തന്നെയായിരുന്നു .
മുപ്പതുകളിലെത്തിയ യൌവനം , ജീവിതത്തിന്റെ തീത്തിളപ്പ് , ആ ആഘോഷത്തിന്റെ പാരമ്യത്തില്‍ ആണ് അയാള്‍ക്കു തലവേദന അനുഭവപ്പെട്ടു തുടങ്ങുന്നത് . തലവേദനയുടെ അസ്വസ്ഥതകളയാളെ വിടാതെ പിന്തുടര്‍ന്നിട്ടും അയാളതിനെ അവഗണിച്ചു ,ചിലപ്പോള്‍ അസഹനീയമായ വേദനയില്‍ കൂട്ടുകാരോടിതിനെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ - പാതി കളിയായി അവര്‍ പറഞ്ഞു - “രാത്രി ഒളിസേവ നിര്‍ത്തീട്ട് കെടന്നുറങ്ങാന്‍ നോക്ക് ..ഉറക്കമില്ലാഞ്ഞിട്ടാവും ,അല്ലെങ്കില്‍ ഏതെങ്കിലും കെട്ട്യോന്മാരുടെ പ്രാക്കാവും ” അയാളും അങ്ങനെയൊരു തമാശയില്‍ ആ തലവേദനയെ നിസ്സാര വല്‍ക്കരിച്ചു , അളവില്ലാത്ത മദ്യപാനം , സുഖലോലുപതയൊക്കെയാവുമിതിനു കാ‍രണമെന്ന് അയാളും ധരിച്ചു . മാസങ്ങള്‍ക്കു ശേഷം കാഴ്ച മങ്ങിത്തുടങ്ങിയപ്പോഴാണ് അയാളതിനെക്കുറിച്ചു ബേജാറാകുന്നത് , അപ്പോള്‍ മാത്രമാണൊരു പരിശോധനയുടെ അനിവാര്യതയെക്കുറിച്ചയാള്‍ക്കു ചിന്തിക്കാന്‍ തോന്നുന്നത് പക്ഷെ അപ്പോഴെക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍ ഗുരുതരമായി അര്‍ബുദം ബാധിച്ചു കഴിഞ്ഞിരുന്നു .


30 വയസ്സിനുള്ളില്‍ തന്നെ അയാളുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു , കാന്‍സര്‍ വാര്‍ഡില്‍ അന്ത്യ ദിനങ്ങള്‍ എണ്ണപ്പെട്ട് ദയനീയമായി കഴിഞ്ഞിരുന്ന ദേവദാസ്സിനെ കാണാന്‍ അയാളുടെ ജീവിതം കൂടെ നിന്നു അറിഞ്ഞവരെല്ലാം ഭയപ്പെട്ടു ,കാഴ്ച ഇല്ലാതായിക്കൊണ്ടിരിക്കുന്നു , അര്‍ബുദം പൂര്‍ണ്ണമായി തന്നെ അയാളെ കീഴടക്കിയിരുന്നു . മരണത്തിനും ജീവിതത്തിനുമിടയിലുള്ള നിമിഷങ്ങള്‍ . കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്ന ബോധത്തില്‍ പഴയ സൌഹൃദങ്ങളുടെ നിസ്സഹായമായ മുഖങ്ങളിലേക്കു പൊട്ടിക്കരഞ്ഞു കൊണ്ടു അയാള്‍ ചോദിച്ചു - “എനിക്കു സിസിലിയെ ഒന്നു കാണണം ,അവളെ ഒരു തുണിക്കീറു പോലും ശരീരത്തിലില്ലാത്ത വിധത്തിലൊന്നു കൂടി കാണണം , എന്റെ അവസാനത്തെ കാഴ്ച അതാവണം”.
തീവ്ര പരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ , മരണവും കാത്തു കിടക്കുന്ന ഒരാള്‍ക്കു വേണ്ടി കുപ്രസിദ്ധയായ ഒരു വേശ്യയെ എത്തിക്കുക എന്നത് അയാളോട് എത്ര മാത്രം സഹതാപമുണ്ടായാല്‍ പോലും അസാധ്യമാണെന്നയാള്‍ക്കറിയാമായിരുന്നു . ഷണ്ടന്റെ ഉദ്ധരിക്കാത്ത ലിംഗം പോലെ ആ ആഗ്രഹത്തിന്റെ ഭാവി അശുഭാപ്തി നിറഞ്ഞു പോകുമെന്നറിഞ്ഞിട്ടും മരണത്തിന്റെ അവസാന നിമിഷത്തിലും അയാളതാഗ്രഹിച്ചു പോയി , കൂട്ടുകാരന്റെ അവസാനത്തെ ആഗ്രഹമായിട്ടു പോലും അതു നിവര്‍ത്തിച്ചു കൊടുക്കാനാവാത്ത സങ്കടത്തില്‍ അവര്‍ പൊട്ടിക്കരഞ്ഞു , ആ ആഗ്രഹമൊരു അശ്ലീലമായി ഗണിക്കപ്പെടാതിരിക്കാന്‍ അവരതവഗണിച്ചു .


ദേവദാസ്സ് ജീവിതം ആഘോഷിച്ചു മരിച്ചു , പക്ഷെ പരിണാമഗുപ്തിയില്‍ അയാളുടെ അവിഹിത വേഴ്ചകളുടെ പരോക്ഷമായ ന്യായീകരണമായ ഭാര്യയുടെ വന്ധ്യത ഒരു കളവായി തെളിയിച്ചു കൊണ്ട് ദേവദാസ്സ് മരിച്ചു ഒരു വര്‍ഷത്തീന് ശേഷം അവര്‍ പുനര്‍വിവാഹം ചെയ്തു , അവര്‍ പ്രസവിക്കുകയും ചെയ്തു , ദേവദാസ്സിന്റെ അസൂയയുളവാക്കുന്ന പൌരുഷം ഒരു സംശയത്തിന്റെ ശേഷിപ്പായി .



അബ്ദുകുട്ടന്‍

എന്റെ ബാല്യത്തിന്റെ ഓര്‍മ്മയില്‍ ഒരു ആത്മഹത്യ കയ്ച്ചു നില്‍ക്കുന്നത് അബ്ദുകുട്ടന്റേതായിരുന്നു . വീടിന്റെ കിഴക്കേ തൊടിയിലുള്ള മാവിന്മേലായിരുന്നു , മഞ്ഞിന്റെ കരിമ്പടം പുതച്ച ഒരു ഡിസംബര്‍ പ്രഭാതത്തില്‍ ഉടുത്തിരുന്ന നീല ലുങ്കിയിന്മേല്‍ അബ്ദു കുട്ടന്‍ തൂങ്ങിയാടിയത് .പലപ്പോഴും പല ആത്മഹത്യകളും അവിശ്വസനീയവും അപ്രതീക്ഷിതവുമാണെന്ന പൊതുതത്വത്തെ മാനിച്ചാല്‍ പോലും അബ്ദുകുട്ടന്റെ മരണം വല്ലാത്ത അവിശ്വസനീയത സൃഷ്ടിച്ചത് ചങ്കൂറ്റത്തിന്റെ , നെഞ്ചുറപ്പിന്റെ ഒക്കെ ആള്‍ രൂപമായി നാട്ടുകാര്‍ അവരോധിച്ചത് കൊണ്ടാകണം .

ചെത്തുകാരന്‍ കുമാരച്ചോന്റെ മകനാണ് അബ്ദുകുട്ടന്‍ , അങ്ങനെ പറയുന്നതൊരു വലിയ കളവാണെങ്കിലും ഒരു അവതരണത്തില്‍ അങ്ങനെയേ പറയാനാകൂ , അബ്ദുകുട്ടന്‍ ജനിക്കുന്നതിനും മുമ്പു തന്നെ കുമാരച്ചോന്‍ ചെത്താന്‍ കയറിയ തെങ്ങില്‍ നിന്നു വീണ് മരിച്ചിരുന്നു .പിന്നീട് നാട്ടിലെ ജന്മിയായ അബ്ദുള്ളയുടെ ആശ്രിതത്തിലായിരുന്നു കുമാരച്ചോന്റെ വിധവ നീലി , അബ്ദുള്ള പെണ്‍ വിഷയത്തില്‍ അസാമാന്യമായ രീതിയില്‍ പേരുദോഷം കേള്‍പ്പിച്ച ഒരാളായിരുന്നു ,മൂന്നു ബീവിമാരെകൂടാതെ തന്നെ നാട്ടില്‍ പലയിടത്തും ഒളി സേവയുണ്ടായിരുന്നു പക്ഷെ അയാള്‍ ക്രൂരനായിരുന്നില്ല എല്ലാവരെയും സംരക്ഷിച്ചിരുന്നു .അബ്ദുള്ളയുടെ ആശ്രിതയായ ഒരു വിധവക്കു കുഞ്ഞുണ്ടാവുമ്പോള്‍ അതിന്റെ പിതൃത്വം തെളിയിക്കപ്പെടാന്‍ അവന്‍ വളര്‍ന്നു അബ്ദുള്ളയുടെ നീണ്ട മൂക്കും പൂച്ചക്കണ്ണും തെളിഞ്ഞു വരുന്നതു വരെ കാത്തു നില്‍ക്കേണ്ടി വന്നില്ല . അവന്റെ അമ്മ അവനെ കുട്ടനെന്നു വിളിച്ചു അച്ഛന്‍ കുമാരച്ചോനാണെന്നു ആരും വിശ്വസിക്കാത്ത ഒരു കളവ് അവനോട് പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചു .പക്ഷെ മറച്ചു വെക്കാനാകാത്ത വിധത്തില്‍ അവന്റെ രൂപം ആ കളവിനെ പൊളിച്ചു കളഞ്ഞ് കൊണ്ട് വളര്‍ന്നു വരുകയായിരുന്നു .അബ്ദുള്ളക്കുട്ടിയുടെ നീണ്ട മൂക്ക് , പൂച്ചക്കണ്ണുകള്‍ ആ നടപ്പിലെ ഏന്തല്‍ പോലും അവന്റെ ജൈവീകമായ പാരമ്പര്യത്തില്‍ അലിഞ്ഞു ചേര്‍ന്നു , അവന്റെ അമ്മ അവനെ കുട്ടന്‍ എന്നാണ് വിളിച്ചത് പക്ഷെ അവന്റെ പൈതൃകത്തെ പരിഹസിച്ചു കൊണ്ട് അബ്ദുക്കുട്ടന്‍ എന്ന് നാട്ടില്‍ വിളിപ്പേരായി ,പിതാവിന്റെ പേര് പേരിന് മുന്നില്‍ വരുന്നതൊരു വലിയ അസഭ്യമായി തോന്നിത്തുടങ്ങി .ഒരു കളവിനും യാഥാര്‍ത്ഥ്യുത്തിനുമിടക്കു അവന്റെ ബാല്യം പരിഹാസത്തിലും കുത്തുവാക്കിലും പൊതിഞ്ഞു .


ജീവിതത്തിന്റെ കയ്പ്പു നിറഞ്ഞ അനുഭവങ്ങളിലൂടെ , പൈതൃകത്തിന്റെ യാഥാര്‍ത്ഥ്യവും നുണകളും ഉയര്‍ത്തിയ വ്യഥകളിലൂടെ അബ്ദുകുട്ടന്‍ വളര്‍ന്നു . പരിഹാസങ്ങള്‍ , പുച്ഛരസം കലര്‍ന്ന നോട്ടങ്ങള്‍ എല്ലാം അയാളെ വല്ലാത്ത നിഷേധത്തിന്റെ ഒരു വലിയ പര്‍വ്വതമാക്കി വളര്‍ത്തി , പക നിറഞ്ഞ ജീവിതം .വളര്‍ന്നു വരുമ്പോള്‍ അയാള്‍ അബ്ദുള്ളയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു അബ്ദുള്ളയായി മാറി ,ഒത്ത പൊക്കം , വെളുത്ത നിറം ,നീണ്ട മൂക്ക് , പൂച്ചക്കണ്ണുകള്‍ അതൊരു അടയാളം തികഞ്ഞ അബ്ദുള്ള തന്നെയായിരുന്നു , കുട്ടന്‍ അബ്ദുക്കുട്ടന്‍ തന്നെയായിത്തീര്‍ന്നു , സ്വഭാവത്തില്‍ പോലും .

കൌമാരത്തില്‍ തന്നെ വേഴ്ചയുടെ പാഠങ്ങള്‍ , അഗമ്യ ഗമനങ്ങള്‍ , അവിഹിതങ്ങള്‍ അയാള്‍ പഠിച്ചെടുത്തു . ആരോഗ്യമുള്ള ശരീരം , വല്ലാത്ത കരുത്ത് , ഒറ്റയാന്‍ അയാളാരെയും വക വെച്ചില്ല . ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലും തൃഷ്ണയുടെ പരകോടിയിലും അയാള്‍ക്ക് ആരോടും പ്രണയം തോന്നിയില്ല , അയാള്‍ക്കു കന്യകമാരെ വേണ്ടായിരുന്നു ഭര്‍തൃമതികളായ സ്ത്രീകളായിരുന്നു അയാളുടെ ലക്ഷ്യം . ബാല്യത്തില്‍ പരിഹസിച്ചവരുടെ പെണ്ണുങ്ങളെ പ്രാപിക്കുമ്പോള്‍ രതിയെക്കാള്‍ പക നിറഞ്ഞ പ്രതികാരമായി അയാള്‍ വളര്‍ത്തി , അതിന്റെ ആനന്ദത്തില്‍ വല്ലാതെയായി , പ്രാപിച്ച പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പകയും പ്രതികാരവും വര്‍ദ്ധിച്ചു .അബ്ദുക്കുട്ടന്റെ നില വിട്ടൂള്ള കളി അപകടം തന്നെയായിരുന്നു പക്ഷെ അയാളെ എതിര്‍ക്കാന്‍ തക്ക ധൈര്യമാര്‍ക്കുമില്ലായിരുന്നു . ഒരിക്കല്‍ അബ്ദുള്ള ബാപ്പയാണെന്നു പരസ്യമായി സമ്മതിക്കാന്‍ കൂടി ഒരുങ്ങിയതായിരുന്നു പക്ഷെ അബ്ദുക്കുട്ടന്‍ ആ ഔദാര്യത്തെ നിഷ്കരുണം തള്ളിക്കളഞ്ഞു .

പുരുഷവീര്യത്തിന്റെ കുതിപ്പ് , അതിന്റെ ആവേഗം നിയന്ത്രണമില്ലാത്ത അലച്ചില് ..അത് ഒടുവില്‍ ചെന്നെത്തിക്കുന്നതിന്റെ പാരമ്യത്തില്‍ തന്നെ അബ്ദുക്കുട്ടന്റെ പ്രയാണം ചെന്നെത്തി .പ്രതികാരത്തിന്റെ തീക്ഷ്ണമായ ഗൂഡാലോചനകളില്‍ അയാളുടെ ശരീരത്തിന് കീഴ്പ്പെട്ട് , അനുഭൂതി അനുഭവിച്ച പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പ്രതികാരം നിറഞ്ഞ അസഹിഷ്ണുത ഗൂഡാലോചനയായി , തല്ലിക്കൊല്ലാന്‍ തന്നെ തീരുമാനമായി .പക്ഷെ എന്തിനും പോന്ന തന്തയായ അബ്ദുള്ള ഹാജിയുടെ മകനെന്ന സങ്കോചമവരെ ഒട്ടു പുറകോട്ടു വലിച്ചു പക്ഷെ ഒടുവില്‍ അബ്ദുള്ള ഹാജിയുടെ മൂന്നാം ബീവിയുടെ അറയിലും അബ്ദുക്കുട്ടന്റെ ശരീരം കണ്ട് തുടങ്ങിയെന്ന വാര്‍ത്ത പരന്നു തുടങ്ങിയപ്പോള്‍ അബ്ദുള്ള തന്നെയാവണം ആ തീരുമാനത്തിന് അനുമതി കൊടുത്തത് - തല്ലിക്കൊല്ലുക . പക്ഷെ ചത്തില്ല നട്ടെല്ല് തളര്‍ന്ന് , കൈകാലുകള്‍ മരവിച്ച് , ചലന ശേഷിയില്ലാതെ , .അബ്ദുള്ളാ ഹാജി തന്നെ അയാളെ സംരക്ഷിക്കാന്‍ തയ്യാറായെങ്കിലും ആ അവസ്ഥയിലും അയാള്‍ വിധേയനായില്ല . അബ്ദുക്കുട്ടന്റെ പൌരുഷം അനുഭവിച്ചറിഞ്ഞ ഒരു വിധവ ആരെയും കൂസാതെ അയാളെ സംരക്ഷിച്ചു , ചികിത്സിച്ചു . നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷംചികിത്സകളുടെ ഒക്കെ പരിണിത ഫലമായി ഒരു പുനര്‍ജന്മം പോലെ അബ്ദുക്കുട്ടന്‍ എണീറ്റു , നടക്കാന്‍ തുടങ്ങി , പഴയ പോലെ ആരോഗ്യമുള്ള ഒരുമനുഷ്യനാകും എന്ന് എല്ലാവരും കരുതി , പക്ഷെ തന്റെ വര്‍ഷങ്ങള്‍ നീണ്ട നിസ്സഹായതയെ അവസാനിപ്പിക്കുകയായിരുന്നു .



തൊത്തോത്തെ ചന്ദ്രേട്ടന്‍

തൊത്തോത്തെ ചന്ദ്രേട്ടന്‍ ഒരു ഹൃദയ സ്തംഭനം വന്നാണ് മരിക്കുന്നത് , ഹൃദയസ്തംഭനം സാധാരണമാണെങ്കിലും ചന്ദ്രേട്ടന്റെ കാര്യത്തീല്‍ അതില്‍ വലിയ അസ്വാഭാവികതയുണ്ട് .ആകാശം ഇടിഞ്ഞു വീണാലും ഒന്നുമില്ലെന്ന് ഭാവിക്കുന്ന ആളുകളുടെ രാജാവാക്കാന്‍ പറ്റുന്നത്ര നിസ്സംഗത നിറഞ്ഞ ജീവിതമായിരുന്നു അത് . ചന്ദ്രേട്ടനെ എനിക്കറിയുന്ന കാലം ഒരു ഒരു സാധാരണ ജീവിതം നയിക്കുന്ന മധ്യ വയസ്കന്റേതു മാത്രമായിരുന്നു , എപ്പോഴും പുഞ്ചിരിക്കുന്ന ഒരു കുടുംബസ്ഥന്‍ പക്ഷെ അതായിരുന്നില്ല ചന്ദ്രേട്ടന്‍ , മൂപ്പരുടെ കഥയില്‍ പലതും പഴമക്കാര്‍ പറഞ്ഞാണ് ഞാനറിഞ്ഞിട്ടുള്ളത് .

ആദ്യം കേള്‍ക്കുന്നവര്‍ തൊത്തോത്ത് എന്നത് ചന്ദ്രേട്ടന്റെ കുടുംബപേരാണെന്ന് ധരിക്കാനാണ് ഏറെയും സാധ്യതയെങ്കിലും അതൊരു ഇരട്ടപ്പേരാണ് .എന്റെ ബാല്യം ചന്ദ്രേട്ടന്റെ ജീവിതത്തിന്റെ അവസാന പാദം മാത്രം കണ്ടതു കൊണ്ടു കാര്‍ന്നോന്മാര്‍ പറഞ്ഞ കഥകളിലൂടെയാണ് അതിനെ രേഖപ്പെടുത്തേണ്ടത് , അതിങ്ങനെ പറഞ്ഞു തുടങ്ങാം .


അച്ഛനു മദ്രാസില്‍ കടയും കുടുംബ വക ഭൂസ്വത്തു മൊക്കെയുള്ള സാമാന്യം സമ്പന്നമായ കുടുംബത്തില്‍ മൂന്നു സഹോദരിമാര്‍ക്കു ഇളയതായാണ് ചന്ദ്രേട്ടന്‍ വളര്‍ന്നു വന്നത് . ഇളയ കുട്ടിയായത് കൊണ്ടുണ്ടായ മൂന്നു സഹോദരിമാരുടെ അമിത ലാളനയാലാണോ അതോ മറ്റെന്തെങ്കിലും അസുഖം കൊണ്ടാണൊ എന്നുമറിയില്ല കൊഞ്ഞപ്പോടെയായിരുന്നു വളര്‍ന്നു വന്നത് , അപ്പുക്കിളിയുടെ ചെറിയൊരു പതിപ്പായിരിക്കണം - ബാല്യം കടന്നപ്പോള്‍ തന്നെ മൂത്ത ചേച്ചിമാരെയൊക്കെ വിവാഹം കഴിച്ചയച്ചത് കൊണ്ടു ഒറ്റപ്പെട്ട് പോയ ഒരു കൌമാരകാലമായിതീര്‍ന്നു , പിന്നീടാണ് കാണുന്ന സ്ത്രീകളെയൊക്കെ തൊടണമെന്ന ഒരു തരം ആര്‍ത്തിയോ അഭിവാഞ്ചയോ ഒക്കെ ചന്ദ്രേട്ടനില്‍ പ്രകടമായത് - വേറെ ഒന്നും വേണ്ടാ കയ്യിലോ മുഖത്തോ ഒന്നു തൊട്ടാല്‍ മാത്രം മതിയെന്നായിരുന്നു - അതിനു അനുവാദവും ചോദിക്കും “ ഒന്നു തൊത്തോത്തെ “ എന്നു , ആദ്യമൊക്കെ അല്‍ഭുതം കലര്‍ന്ന ഭാവത്തോടെ നോക്കിയിരുന്ന പെണ്ണുങ്ങള്‍ക്കു ഈ ചോദ്യവും ഈ തൊടലും അതിനു ശേഷമുള്ള ആത്മനിര്‍വൃതിയുടെ മുഖഭാവവുമൊക്കെ വലിയ തമാശയായി , അവര്‍ പരസ്പരം പറഞ്ഞു ചിരിച്ചു .ബാല്യത്തില്‍ നിറഞ്ഞു നിന്നിരുന്ന സഹോദരിമാരുടെ ലാളനകള്‍ നഷ്ടമായ ഒരാളുടെ വ്യഥയാണോ ലൈംഗികമായ ഉണര്‍വ്വാണൊ എന്നറിയാനാവാത്ത വിധം ആ കൌമാരം ധര്‍മ്മസങ്കടത്തിന്റെ ചുഴിയില്‍ ഉഴറിയലഞ്ഞു . ആളുകളുടെ തമാശകള്‍ ഇരട്ടപ്പേരുകളും കഥകളുമായൊക്കെ നാട്ടില്‍ തന്നെ വട്ടം തിരിഞ്ഞു വന്നപ്പോള്‍ ചന്ദ്രേട്ടനെ മദ്രാസില്‍ അച്ഛന്റെ കടയിലേക്കു പറഞ്ഞയക്കുകയായിരുന്നു , പിന്നീടു കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചന്ദ്രേട്ടന്‍ നാട്ടിലേക്കു തിരിച്ചു വരുന്നത് - അപ്പോഴെക്കും ഒരു നവയുവാവിന്റെ എല്ലാ ഗാംഭീര്യവും കൈവന്ന ഒരാളായി മാറിയിരുന്നു , പഴയ തൊത്തോത്തെ കഥകളൊക്കെ ആളുകള്‍ ആ പ്രഭാവത്തില്‍ മറന്നു പോയിരുന്നു .


പിന്നീട് വിവാഹമായിരുന്നു അന്നത്തെ നിലയ്ക്കും വിലയ്ക്കും യോജിച്ച രീതിയില്‍ തന്നെ ആര്‍ഭാടമായ വിവാഹം , അടക്കവും ഒതുക്കവും സൌന്ദര്യവുമുള്ള കുട്ടി . വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ചന്ദ്രേട്ടന്‍ വീണ്ടും പഴയ തൊത്തോത്തെ ചന്ദ്രേട്ടനിലേക്കു പരിണമിച്ചത് - സുന്ദരിയായ ഒരു ഭാര്യയെ വീട്ടിലിരുത്തി വീട്ടു വാല്യക്കാരെയും പാടത്തെ പണിക്കു വരുന്ന പെണ്ണുങ്ങളെയും “ഒന്ന് തൊത്തോത്തെ “ എന്ന അപേക്ഷയുമായി പരിഹാസ പാത്രമായി തീര്‍ന്നത് - ആളുകള്‍ കഥകള്‍ പലത് മെനഞ്ഞു ,ഊഹാപോഹങ്ങളും ഉപജാപങ്ങളും വക വെക്കാതെ , നിസ്സംഗതയുടെ കനത്ത ആവരണത്തിന്മേല്‍ ചന്ദ്രേട്ടന്‍ വെറുതെ നാട്ടുവെയിലില്‍ അലഞ്ഞു നടന്നു , മഴ കൊണ്ട് , വല്ലപ്പോഴുമൊക്കെ വീട്ടില്‍ വന്നു , അതിനിടയ്ക്കു ചിലരെങ്കിലും കൂട്ടുകാരായി ചമഞ്ഞു ചന്ദ്രേട്ടന്റെ അസംതൃപ്തയായ ഭാര്യയെ സ്നേഹിക്കാന്‍ ഒരുങ്ങിയെങ്കിലും അവരും അപ്പോഴെക്കും ഇതു വിധിയെന്ന മട്ടില്‍ നിര്‍മമതയുടെ അടയാളമായി ജീവിച്ചു തുടങ്ങിയിരുന്നു , സംതൃപ്തിയും അസംതൃപ്തിയുമൊക്കെ വേര്‍ തിരിച്ചറിയാനാവാത്ത വിധം ആ പെണ്‍കുട്ടി തളര്‍ന്നു പോയിരിക്കണം . കൃത്യതയില്ലാത്ത അലച്ചിലുകള്‍ , നിസ്സംഗമായ ജീവിതം വര്‍ഷങ്ങള്‍ കൊണ്ടൊന്നും മാറ്റമുണ്ടായില്ല - മകന്റെ ജീവിതത്തിന്റെ ഒഴുക്കിന്റെ ഗതിയറിയാതെ പകച്ചു നിന്ന അമ്മയും അച്ഛനും ഇതിനിടയ്ക്കു മറ്റൊരു ഇല്ലായ്മയിലേക്കു പോയി , ദൂരെയെവിടെയോ കെട്ടിച്ചു സഹോദരിമാര്‍ അകലെ നിന്നു സഹതപിച്ചു .ജീവിതത്തിലെ ഇല്ലായ്മകളും ദുരന്തങ്ങളും ആഘോഷങ്ങളും ഒന്നും ചന്ദ്രേട്ടനെ അലട്ടിയില്ല , കുടുംബ സ്വത്തുള്ളതു കൊണ്ട് ദാരിദ്ര്യമറിഞ്ഞില്ല ഇനി അഥവാ ദാരിദ്ര്യമായിരുന്നാല്‍ കൂടി അത് ബാധിക്കുന്ന ഒരു മാനസികാവസ്ഥയൊന്നുമായിരുന്നില്ല .

ടാ ചന്ദ്രാ നമുക്കു വല്ല ഡോക്ടറേം കാണിച്ചാലോ “ എന്നു ചോദിച്ച അഭ്യുദയ കാംക്ഷികളോടു ചോദ്യത്തിന്റെ അര്‍ത്ഥശൂന്യതയെ പരിഹസിച്ചു കൊണ്ടു ചിരിച്ചു - അവരുടെ പെണ്ണുങ്ങളോടും ചന്ദ്രേട്ടന്‍ അതു തന്നെ ചോദിച്ചു - “ ഒന്നു തൊത്തോത്തെ ” എന്ന് . സുന്ദരിയായ ഒരു ഭാര്യ വീട്ടിലുള്ളപ്പോള്‍ ഇത്തരത്തിലൊരു അലച്ചിലിനു ഷണ്ഠനാണ് എന്ന ഒരേയൊരു വ്യാഖ്യാനമേ നില നിന്നിരുന്നുള്ളൂ , പുരുഷത്വം നഷ്ടപ്പെട്ട ഒരാളായി അയാള്‍ വീണ്ടും അലഞ്ഞു .

കാലം അങ്ങനെ പലതു കഴിഞ്ഞു പോയി , ചന്ദ്രേട്ടന്റെ “തൊത്തോത്തെ “ ചോദ്യം ഒരു ഉപചാരമായും ആചാരമായും നാട്ടുകാര്‍ ശീലിച്ചെടുത്തു , അതിന്റെ അശ്ലീലത്തെ ഒരു തരം സ്നേഹമായി കരുതി ,നീണ്ട വര്‍ഷങ്ങള്‍ക്കപ്പുറം മധ്യവയസ്സിലെത്തി നില്‍ക്കുമ്പോഴാണ് ചന്ദ്രേട്ടന്റെ അലച്ചില്‍ പോലെ തന്നെ അല്‍ഭുതമായി ആണ് ചന്ദ്രേട്ടന്റെ ഭാര്യ ഗര്‍ഭിണിയായി എന്ന വാര്‍ത്ത നാട്ടുകാര്‍ കേട്ടത് - അത് വല്ലാത്തൊരു സംഭവം തന്നെയായിരുന്നു . കാലപ്പഴക്കം ചന്ദ്രേട്ടന്റെ ഭാര്യയായ സ്ത്രീയെ ആര്‍ക്കും അപവാദം പറയാനാകാത്ത തരത്തില്‍ നിഷ്കളങ്കയെന്നോ പതിവ്രതയെന്നോ തെളിയിച്ചതു കൊണ്ടു മാത്രം ചന്ദ്രേട്ടനില്‍ നിന്നു പിതൃത്വത്തിന്റെ അവകാശം നാട്ടുവഴികളിലെ പരദൂഷണങ്ങളില്‍ കൂടി മറ്റാരിലേക്കും സംക്രമിച്ചില്ല .

നിസ്സംഗത മാത്രം അനുവദിച്ചിരുന്ന ഒരു മുഖഭാവത്തില്‍ നിന്നും ചന്ദ്രേട്ടന്‍ വളരെ പെട്ടെന്ന് ആഹ്ലാദവും ആഘോഷവും എങ്ങനെയാണെന്നു തെളിയിച്ചു തന്നു , വലിയ വീടിന്റെ ഇടനാഴിയിലെ ഇരുട്ടില്‍ മാത്രം ഒതുങ്ങി നിന്ന ചന്ദ്രേട്ടന്റെ ഭാര്യ മധ്യവയസ്സിനോടടുത്ത പ്രായത്തില്‍ നവയുവതിയായി ,

ചന്ദ്രേട്ടനു കുഞ്ഞു ജനിച്ചു , ഒരാണ്‍ കുഞ്ഞ് .ചന്ദ്രേട്ടന്‍ പഴയ അലച്ചിലുകള്‍ ഉപേക്ഷിച്ചു , “തൊത്തോത്തെ” എന്ന ചോദ്യം പോലും മറന്നു .കഴിഞ്ഞ കാലത്തെ നിസ്സംഗമായ ജീവിതത്തോടുള്ള പ്രായശ്ചിത്തമെന്ന മട്ടില്‍ അവര്‍ അതിരു വിട്ട് സന്തോഷിച്ചു .മധ്യവയസ്സില്‍ ഒരു സാധാരണ ദാമ്പത്യം പോലെ തന്നെ അത് വീണ്ടും തളിര്‍ത്തു പുഷ്പിച്ചു ,ചന്ദ്രേട്ടന്റെ മകന് മൂന്നു വയസ്സിന്റെ പിറന്നാള് കഴിഞ്ഞതിന് ശേഷമാണ് ഒരു ചെറിയ നെഞ്ച് വേദന വരുന്നത് , ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് തന്നെ ഇടനെഞ്ചിലെ ആ ചലനം നിലച്ചിരുന്നു ,ചന്ദ്രേട്ടനും .

ചന്ദ്രേട്ടന്റെ മരണ ശേഷം ആ സ്ത്രീ വലിയ ദുഖപുത്രി ചമയാതെ തന്നെ മകനെ വളര്‍ത്തി , രൂപത്തില്‍ ചന്ദ്രേട്ടന്റെ തനിപ്പകര്‍പ്പായിരുന്നു ചന്ദ്രേട്ടന്റെ മകന്‍ .പക്ഷെ അയാള്‍ വളര്‍ന്നതും മുതിര്‍ന്നതും തികഞ്ഞ പക്വതയോടെ , വിശേഷ ബുദ്ധിയോടെ എല്ലാരെയും അതിശയിപ്പിച്ചു കൊണ്ടായിരുന്നു , പഴയ കഥകളുടെ ക്ലൈമാക്സ് പോലെ ആ മകന്‍ പഠിച്ച് വലിയ ഉദ്യോഗത്തിലെത്തി അങ്ങനെ ആ അമ്മയും മകനും സന്തോഷമായി ശേഷം ജീവിതം കഴിച്ചു കൂട്ടി . ആ കഥയും അങ്ങനെ അവിടെ തീരുന്നു .

പക്ഷെ അവശേഷിപ്പിക്കുന്ന ചോദ്യമിതായിരുന്നു അസ്വാഭാവികത തോന്നും വിധത്തിലൊരു വിചിത്രമായ ഭാവം തന്റെ യൌവനത്തെ നശിപ്പിച്ചു കൊണ്ട് സ്വയം സ്വീകരിച്ചത് , മധ്യവയസ്സില്‍ മാത്രം ഉണര്‍ന്ന വന്ന പൌരുഷത്തിന്റെ ഊര്‍ജ്ജത്തിന്മേല്‍ നഷ്ടപ്പെട്ടു പോയ ജീവിതത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞ ഒരാള്‍ സ്വയമെന്തിന് അത്ര കാലം വേഷംകെട്ടി നടന്നു ?






Saturday, 3 September 2011

എം പി നാരായണപ്പിള്ളയുടെ “കള്ളന്‍ “ .





ഒരൊറ്റ നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ മാനം സൃഷ്ടിച്ച ഒരു സാഹിത്യകാരനുണ്ട് നമുക്ക് , ഓ വി വിജയനല്ല , വിജയന്‍ പോലും പലപ്പോഴും വലിയ ബഹുമാനത്തോടെ പരാമര്‍ശിച്ചിട്ടുള്ള എം പി നാരായണ പിള്ള എന്ന പുല്ലുവഴി നാണപ്പന്‍ . ബൌദ്ധിക അരാജകത്വം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു പാട് കഥകളുടെ കര്‍ത്താവ് ,ഉരുളക്കുപ്പേരി എന്ന പംക്തിയെഴുതി സമകാലിക സംഭവങ്ങളെ നര്‍മ്മത്തോടെ നിശിതമായി വിമര്‍ശിച്ചിരുന്ന നാണപ്പനെ മലയാളം വേണ്ട വിധത്തില്‍ പരിഗണിച്ചിട്ടില്ല എന്നതാണ് സത്യം .പറയന്റെയും പുലയന്റെയും നായരുടെയും നമ്പൂതിരിയുടെയും സോഴ്സ് ഒന്നു തന്നെയാണ് എന്ന ഡി എന്‍ എ പഠനത്തിനും എത്രയോ കാലം മുമ്പേ പണിയെടുക്കാത്ത പുലയനാണ് നായരായി പരിണമിച്ചതെന്ന് എം പി നാരായണപിള്ള പറഞ്ഞു വെച്ചിരിക്കുന്നു .


ഒരു നായയെ കേന്ദ്ര കഥാപാത്രമാക്കി “പരിണാമം “ എഴുതുമ്പോള്‍ അത് മലയാളത്തിലെ നോവല്‍ ചരിത്രത്തിന്റെ നവീകരണത്തിന്റെ തുടക്കമായിരുന്നു , പിന്നീട് അതിനെ പിന്‍ പറ്റി ആരും എഴുതാതിരുന്നത് ഒരു പക്ഷെ നാണപ്പനോളം വൈഭവം ആ ഒരു മേഖലയില്‍ ആര്‍ക്കും ഇല്ലാതിരുന്നത് കൊണ്ടാകണം .തലച്ചോറിന്റെ ദഹന ശക്തിയെ പരമാവധി പരീക്ഷിക്കുന്ന ബൌദ്ധിക അരാജകത്വം തന്നെയാണ് എം പി നാരായണ പിള്ളയുടെ കഥകള്‍ അനുവാചകന് പകര്‍ന്നു നല്‍കിയത് .മുരുകന്‍ എന്ന പാമ്പാട്ടിയും ജോര്‍ജ്ജ് ആറാമന്റെ കോടതിയും മൃഗാധിപത്യവുമൊക്കെ താരതമ്യപ്പെടുത്തലിന് പോലും കഴിയാത്ത വിധം മലയാള ചെറുകഥാ സാഹിത്യത്തില്‍ സവിശേഷമായി നില നില്‍ക്കുന്നു .പക്ഷെ ഉത്തരാധുനികതയും അതി ബൌദ്ധികതയുമൊക്കെ നിറഞ്ഞ് നില്‍ക്കുന്ന നാണപ്പന്റെ മിക്കവാറും കഥകളെല്ലാം തന്നെ വായിച്ചിട്ടുള്ള ഒരാളെന്ന നിലയ്ക്കു ആദ്യ കഥയായ “കള്ളന്‍ “ വായിക്കുമ്പോള്‍ തോന്നുന്നത് അളവില്ലാത്ത ഒരല്‍ഭുതമാണ് . ഉത്തരാധുനികതയുടെ അസ്ക്യത തലയില്‍ കയറിക്കൂടുന്നതിനു മുമ്പേ എഴുതിയതിനാലാവണം മലയാളത്തിലെ ഏറ്റവും ഹൃശദസ്പര്‍ശിയായ , റിയലിസ്റ്റിക്കായ “കള്ളനെ “ പരിചയപ്പെടുത്താന്‍ നാണപ്പന് കഴിഞ്ഞത് .


“ കള്ളന്‍ എന്റെ ആദ്യത്തെ കഥയാണ് .ആദ്യം പ്രസിദ്ധീകരിച്ചതും പ്രായപൂര്‍ത്തിയായതിന് ശേഷം ആദ്യം എഴുതിയതും .അതു കൊണ്ടീ കഥയോടു എനിക്കല്പം കൂടുതല്‍ പ്രേമം തോന്നുകയെന്നത് സ്വാഭാവികമാണ് , ക്ഷന്തവ്യവുമാണ് .അറിയാതെ ഒരു ദിവസം മുണ്ടലക്കുന്ന വെളുത്തെടത്തി യമുനയില്‍ ഇതടിച്ചു നനച്ചേനെ .എന്റെ രോഗം സാഹിത്യത്തില്‍ നിന്നു മറ്റു വല്ല ഉന്മാദത്തിലേക്കും തിരിഞ്ഞേക്കാമായിരുന്നു . ”
എം പി നാരായണ പ്പിള്ള തന്റെ ആദ്യകഥയെക്കുറിച്ചും അതിനു ശേഷമുള്ള സാഹിത്യ ജീവിതത്തെക്കുറിച്ചും ഇങ്ങനെയാണ് പറയുന്നത് ..

മലയാള ചെറുകഥാ ചരിത്രത്തില്‍ കള്ളന്മാരുടെ ഒരു പാട് കഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ടാ‍കണം . ആദ്യ ചെറുകഥയായ “വാസനാ വികൃതി“ പോലും ഒരു കള്ളന്റെ ആത്മകഥയില്‍ പെടുത്താവുന്ന ഒന്നാണ് . സാഹിത്യത്തിലായാലും ജീവിതത്തിലായാലും ഗ്ലോറിഫൈ ചെയ്യപ്പെടുന്ന , അല്ലെങ്കില്‍ നീതികരിക്കാനാകുന്ന രണ്ട് തരം കള്ളന്മാരുണ്ട് - പണക്കാരെ കൊള്ളയടിച്ച് പാവങ്ങളെ സഹായിക്കുന്ന റോബിന്‍ ഹുഡിനെ പോലെയോ കായം കുളം കൊച്ചുണ്ണിയെ പോലെയോ ധീര -വീര പരിവേഷമുള്ള ഒരു നാടോടി കള്‍ട്ട് കള്ളന്‍ അതല്ലെങ്കില്‍ സാഹചര്യങ്ങളുടെ അനിവാര്യത കൊണ്ട് കള്ളനാകേണ്ടി വരുന്ന പാവങ്ങളിലെ ജീന്‍ വാല്‍ ജീനിനെ [ഫ്രഞ്ച് ഉച്ചാരണം ഴീന്‍ വാള്‍ ഴീന്‍ എന്ന് എം കൃഷ്ണന്‍ നായര്‍ സര്‍ :) ] പോലെയുള്ള ദുഖകരമാ‍യ അവസ്ഥ കൊണ്ട് - ഈ രണ്ടവസ്ഥകളെയും സ്വാഭാവികമായി തന്നെയും ഏറെ കാരുണ്യത്തോടെയും സ്നേഹത്തോടെയും പരിഗണിക്കപ്പെടുന്നത് കൊണ്ടാണ് റോബിന്‍ ഹുഡ്ഫിന്റെ കള്ളനെ വീര പുരുഷനായും ജീന്‍ വാല്‍ ജീനെന്ന കള്ളനെ മനുഷ്യന്റെ അടിസ്ഥാന പ്രതിനിധിയായും ഇന്നും വായിക്കപ്പെടുന്നത് .പക്ഷെ എം പി നാരായണ പിള്ളയുടെ കള്ളന്‍ ഈ രണ്ട് ജനുസ്സിലും പെടുന്നില്ല അയാള്‍ ജീവിക്കാന്‍ അത്യാവശ്യം മാര്‍ഗ്ഗമുള്ളയിടത്തു നിന്നു അധ്വാനിക്കാനുള്ള വൈമനസ്യം കൊണ്ട് ചെറിയ കളവ് നടത്തി തുടങ്ങിയവനാണ് ,കാണുന്നവര്‍ക്കു ഒരു അനുതാപവും തോന്നേണ്ടാത്ത അത്തരമൊരു കഥാപാത്രത്തെ എഴുതിയെഴുതി അനുവാചകരുടെ കണ്ണുകളില്‍ നനവു പടര്‍ത്തുന്ന ഒരു കഥയാക്കി മാറ്റിയ ആ സര്‍ഗ്ഗാത്മകത തന്നെയാണ് ഏതൊരു ഭാഷയുടെയും മുതല്‍ക്കൂട്ടു



സ്വഗതാഖ്യാനത്തിലാണ് കഥ എഴുതിയിരിക്കുന്നത് - ഒരു കള്ളന്റെ ആത്മ കഥ തന്നെയെന്നു പറയാം . നായകന്റെ പേര് , വിലാസം ഒന്നും കഥയിലില്ല .അഞ്ചിടങ്ങഴി വിത്തിന്റെ നിലം വിറ്റു തിന്നു, ഒരു പുരയുണ്ടായിരുന്നതും വിറ്റു തിന്നു , ആ വയസ്സിത്തള്ളയെയും ചുട്ടു തിന്നു , അതു കൊണ്ടും തീരാത്ത വിശപ്പാണ് , ഇനി കട്ടു തിന്നിട്ട് തീരണം . ആദ്യമായി കട്ടത് ഒരു ഏത്തക്കുലയാണ് , 14 അണയാണ് അതിനു കിട്ടിയത് മൂന്നു മൈല്‍ ദൂരം ടാറിട്ട റോഡിലൂടെ നടത്തിച്ചു കള്ളുഷാപ്പിലും കടത്തിണ്ണയിലുമെല്ലാമുള്ളവര്‍ ആര്‍ത്തു വിളിച്ചു കള്ളനെന്ന് ഒരു കെട്ട് ബീഡി പോലും തരാത്തവന്മാരാണ് . മൂത്രക്കുടം ചുമത്തിപ്പിച്ചു ,കാലിന്റെയും കൈയിന്റെയും നഖത്തിനിടയില്‍ മൊട്ടു സൂചി കയറ്റി , തുട വരഞ്ഞു കുരുമുളകു തേച്ചു , മൂത്രദ്വാരത്തില്‍ തീപ്പെട്ടിക്കൊള്ളി കയറ്റി . കടഞ്ഞെടുത്ത പോലെയുള്ള ശരീരം ഇടിച്ച് പിഴിഞ്ഞ് പണിയെടുക്കാന്‍ പറ്റാത്ത വിധത്തിലാക്കിതീര്‍ത്തു ."

ചെയ്ത് പോയ തെറ്റിനെക്കുറിച്ചോര്‍ത്തു പശ്ചത്തപിക്കുമ്പോഴും അതില്‍ നിന്നു പിന്മാറാനാകാത്ത വിധം മുദ്ര കുത്തപ്പെട്ടു കഴിഞ്ഞ ജീവിതത്തെക്കുറിച്ച് നിസ്സംഗമായ വേദനയോടെ തിരിച്ചറിയുന്നു .സ്വന്തമായി ഒരമ്മയും അല്ലലില്ലാതെ ജീവിക്കാന്‍ കുറച്ച് ഭൂമിയും ഉണ്ടായിരുന്ന കഥാനായകന്‍ ചെറിയ ഒരു മോഷണത്തില്‍ പിടിക്കപ്പെടുന്നതോടെയാണ് പോലീസിന്റെ സ്ഥിരം മോഷ്റ്റാവായി തീരുന്നത് , കാലഘട്ടം ഏതായിരുന്നാലും യാഥാര്‍ത്ഥ്യം ഇന്നും ഇങ്ങനെ ഒക്കെ തന്നെയാണ് .മകന്റെ അവസ്ഥയില്‍ മനം നൊന്ത് ആകെയുള്ള തള്ളയും കൂടി ചാകുമ്പോള്‍ പിന്നെ പറയത്തക്ക ലക്ഷ്യമൊന്നുമില്ലാതെ ഒഴുക്കില്‍ വീണ ഒരിലയെ പോലൊരു ജീവിതം ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങള്‍ക്കെല്ലാം പോലീസ് പിടിച്ചു പീഡിപ്പിച്ചു ,സമ്മതിപ്പിച്ചു ദാരിദ്ര്യവും കൊടും പട്ടിണിയും നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മക്കുറിപ്പു കൂടിയാണീ കഥ .


ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങളുടെ പേരിലുള്ള ജയില്‍ വാസം .അവിടെ നിന്നു പുറത്തിറങ്ങുമ്പോള്‍ പണിയെടുത്തു കിട്ടിയ കുറച്ച് രൂപയുമായാണ് .ഉടുമുണ്ടിന്റെ തുമ്പില്‍ കെട്ടിയിട്ടൊന്നുറങ്ങിയെണീറ്റപ്പോള്‍ ഉടുമുണ്ടിന്റെ തുമ്പടക്കം ഏതോ ദ്രോഹികള്‍ മുറിച്ചു കൊണ്ട് പോയിരിക്കുന്നു .പിന്നെ ആകെയുള്ള തോര്‍ത്തു പണയം വെച്ച് ഒരു നേരത്തെ ഭക്ഷണം കഴിച്ചെന്നു വരുത്തി . വീണ്ടും പട്ടിണിയാണ് .കള്ളനാരു പണി കൊടുക്കും .രണ്ടു ദിവസം കൊടും പട്ടിണിക്കു ശേഷം നിവൃത്തികേടിന്റെ പാരമ്യത്തിലാണയാള്‍ അയാള്‍ വീണ്ടും മോഷണത്തിനിറങ്ങുന്നത് , ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി .

മാവിലൂടെ ഊര്‍ന്നിറങ്ങി വീട്ടിലെത്തി വയറിന്റെ ആന്തലൊന്നു മാറ്റാനുള്ള തത്രപ്പാടുകള്‍ -,ചോറിനു വേണ്ടി തിരയുന്നതും അതു കിട്ടുമ്പോഴുള്ള അത്യാഹ്ലാദവും ആ വെപ്രാളത്തില്‍ നാലഞ്ച് ചോറിന്‍ വറ്റുകള്‍ നിലത്തു വീണു പോകുമ്പോള്‍ തോന്നുന്ന അസുഖകരമായ അവസ്ഥയുമെല്ലാം ചലിക്കുന്ന ഒരു ചിത്രമായി നമുക്കു മുന്നില്‍ തെളിയുന്നത്ര വ്യക്തമാണ് വിവരണങ്ങള്‍ .രണ്ട് ദിവസത്തെ പട്ടിണിയില്‍ ചില മോഷണ ശ്രമങ്ങള്‍ കൂടെ നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം , അങ്ങനെയാണ് ഈ വീട്ടില്‍ എത്തിപ്പെടുന്നത് .യഥാര്‍ത്ഥത്തില്‍ വിശപ്പിന്റെ , പട്ടിണിയുടെ ഒക്കെ ചിത്രം നമ്മള്‍ ഊഹിക്കുന്നതിനെക്കാള്‍ ദയനീയമാണ് .ഒരു നേരത്തെ അന്നത്തിനു വേണ്ടി കക്കുന്നവന്റെ മനോനിലയെ ഉദാത്തവല്‍ക്കരിക്കാതെ തന്നെ പറയുന്നു .

നിറച്ചൂണു കഴിച്ചപ്പോള്‍ അടിവയറ്റില്‍ ചെറിയൊരു വേദന .ഒരു വിലക്കം നടക്കാന്‍ വയ്യ .മച്ചിന്‍ പുറത്തു കൂടി ഇനി തൂങ്ങി പുറത്തു കടക്കാന്‍ നിവൃത്തിയില്ല , അടുക്കളക്കൊരു വാതിലേയുള്ളൂ അതു നടുമുറ്റത്തേക്കാണ് .നടുമുറ്റത്തേക്കിറങ്ങുന്നത് ആപത്താണ് .

കണ്‍ പോളകള്‍ക്കു കട്ടി കൂടുകയാണ് .

ഒരു മന്ദത .
മരോട്ടിയുടെ തണലില്‍ വയറും വരിഞ്ഞു കെട്ടി കിടന്നപ്പോള്‍ വിശപ്പു കൊണ്ടുറങ്ങിയില്ല.പക്ഷെ ഇപ്പോഴെന്തൊരുറക്കം . മുന്‍ വശത്തെ വാതില്‍ തുറക്കരുത് , നടുമുറ്റത്തു നിലാവുണ്ട് .നിലാവുള്ളപ്പോള്‍ ഈ പണിക്കിറങ്ങരുതായിരുന്നു .പക്ഷെ എന്തൊരു ക്രൂരമായ വിശപ്പ് .വിശന്നു വിശന്നു പൊറുതി മുട്ടിയപ്പോഴാണിറങ്ങിയത് .
തല പൊക്കാന്‍ വയ്യ കണ്ണടഞ്ഞു പോകുന്നു ,
ഇരുന്നാലുറങ്ങും , ഉറങ്ങരുത് .

ദിവസങ്ങളിലെ അലച്ചിലുകളുടെ , പട്ടിണിയുടെ എല്ലാം ശേഷിപ്പു കൊണ്ട് വയറു നിറയെ ഭക്ഷണം കഴിച്ചവന്റെ അവശത , ആലസ്യം കൊണ്ട് തിരിച്ചു പോകാനാവാത്ത വിധം അവശത ബാധിച്ചു കൊണ്ട് , നിസ്സഹായതയോടെ അയാള്‍ ആ അടുക്കളയില്‍ കിടന്നുറങ്ങുന്നു .ഉറക്കത്തില്‍ നിന്നു ഒരു തൊഴി കൊണ്ടാണയാള്‍ എഴുന്നേല്‍ക്കുന്നത് നോക്കുമ്പോള്‍ വീട്ടുടമസ്ഥനും രണ്ട് സ്ത്രീകളും .കമ്മട്ടിപ്പത്തലും കൊണ്ടു അയാളുടെ മറുപടിക്കായി കാത്തുനില്‍ക്കുകയാണ് ആ ബലിഷ്ടനായ ആ വീട്ടുടമസ്തന്‍ .


"നീയാരാ ?"
ഞാന്‍...ഞാന്‍ ഒന്നും പറയാന്‍ വരുന്നില്ല. നിലത്തേക്കു നോക്കിക്കൊണ്ടിരുന്നു എന്തു പറയാനാണ്.
നീയാരാ
“കള്ളന്‍ “

ആ ഇരുണ്ട മനുഷ്യന്റെ മുഖത്തു അല്‍ഭുതം കയ്യിലിരുന്ന കമ്മട്ടിപ്പത്തല്‍ മൂലയെലേക്കെറിഞ്ഞു കൊണ്ട് അയാള്‍ മണ്ണെണ്ണ വിളക്കു ആ കള്ളന്റെ മുഖത്തേക്കടുപ്പിച്ചു കൊണ്ട് ചോദിച്ചു .
"നീയെന്തെടുക്കാനാണിവിടെ വന്നത് ?"

തലയുയര്‍ത്തി നോക്കാതെ സത്യം പറഞ്ഞു
“ രണ്ടു വറ്റു പെറുക്കിത്തിന്നാന്‍ .കരിം പഷ്ണിയായിരുന്നു .വിശന്നു വിശന്നു........
എന്നിട്ടു തിന്നോ ? " ആതിഥേയന്‍ ജിജ്ഞാസയോടെ ചോദിച്ചു .
ഉവ്വു "
ശരിക്കുറങ്ങിയോ ?"
ഉം " .
ഒരു നിമിഷത്തെ നിശബ്ദത .
വാതില്‍ക്കല്‍ നിന്നിരുന്ന സ്ത്രീകള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി .
നടക്ക് ".
നടന്നു .

വെട്ടുകല്ലുകള്‍ കൊണ്ടുള്ള കല്പടികളും പുഴമണല്‍ വിരിച്ച മുറ്റവും കടന്നു .തല താഴ്ത്തി നടന്നു പടിക്കലെത്തിയപ്പോള്‍ തിരിഞ്ഞൊന്നു നോക്കി .പുറത്തേക്കുള്ള വാതില്‍ക്കല്‍ രണ്ടു സ്ത്രീകള്‍ മണ്ണെണ്ണ വിളക്കുമായി നില്‍ക്കുന്നു .ഇറയത്തു പടിക്കലേക്കുറ്റു നോക്കിക്കൊണ്ടു ആ മനുഷ്യനും

കരിയിലകള്‍ ചവിട്ടി ഞെരിച്ചു കൊണ്ടു ഇരുട്ടില്‍ മൂടിക്കിടക്കുന്ന ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ നഖത്തിനിടയില്‍ മൊട്ടൂസൂചി കയറ്റിയപ്പോഴും തുട വരഞ്ഞു കുരുമുളകു പൊടി തേച്ചപ്പോഴും തോന്നാത്ത ഒരു വേദന മനസ്സില്‍ നിറഞ്ഞു .


കഥ വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ വിശപ്പു അതു സൃഷ്ടിക്കുന്ന ദയനീയമായ അവസ്ഥകള്‍ പിന്നെ ആ കള്ളനും അജ്ഞാതനായ ആ വീട്ടുടമസ്തന്റെ മനുഷ്യത്വവും അത് ആ കള്ളനില്‍ സൃഷ്ടിച്ച നിസ്സഹായതയില്‍ നീറുന്ന മനസ്സും ഒരു വല്ലാത്ത ഭാരമായി ഇടനെഞ്ചില്‍ അവശേഷിക്കും .




Thursday, 28 July 2011

ചാപ്പാ കുരിശ് - മലയാളിയുടെ സിനിമ




സദുദ്ദേശത്തോടെ തന്നെ വ്യവസായമായും കലയായും വിശേഷിപ്പിക്കപ്പെടുന്ന ഒരേ ഒരു സംഭവമാണ് ചലച്ചിത്ര വ്യവസായം അല്ലെങ്കില്‍ ചലച്ചിത്ര കല .എല്ലാ കലാരൂപങ്ങള്‍ക്കും നിശ്ചിത മാതൃകകള്‍ ഉണ്ട് നൃത്തമായാലും സംഗീതമായാലും ഈ അഴകളവുകള്‍ അല്ലെങ്കില്‍ ലക്ഷണങ്ങള്‍ ഏറെ കുറെ ഒത്തു വരുന്നതിനെയാണ് “ലക്ഷണമൊത്ത” എന്നു നിര്‍വചിക്കപ്പെടുന്നത് . സന്തോഷ് പണ്ഡിറ്റ് സാര്‍ പറയുന്ന പോലെ എട്ടു പാട്ടു , എട്ടു തല്ലു , പിന്നെ ഒരു വീര നായകന്‍ ,നായകനെ ചുറ്റിപ്പറ്റി ഒന്നോ രണ്ടോ പതിവ്രത നായികമാര്‍ , നാലു തെറി ഡയലോഗ് , അതിനിടക്കു തലങ്ങും വെലങ്ങും കോമഡി - നിര്‍ഭാഗ്യവശാല്‍ മലയാള സിനിമയുടെ ഈ ലക്ഷണമൊപ്പിക്കല്‍ കഴിഞ്ഞ കുറെ കാലങ്ങളായി ഏകദേശം ഇങ്ങനെയായിരുന്നു .കലാപരമായ മൂല്യച്യുതി സിനിമയെക്കൊണ്ടു ചെന്നെത്തിച്ചതു വ്യവസായം എന്ന നിലയിലുള്ള പരാജയം കൂടി ആയിരുന്നു .

പ്രതിസന്ധിയുടെ ആഴങ്ങളില്‍ മലയാള സിനിമ വീണുഴറിയപ്പോള്‍ അണിയറക്കാരോടൊപ്പം തന്നെ വലിയൊരു കൂട്ടം പ്രേക്ഷകരും ദുഖിച്ചു .അത്തരമൊരു ഘട്ടത്തിലേക്കാണ് നവ സിനിമയുടെ പ്രതിനിധാനവുമായി പുതിയ ചില സിനിമകള്‍ കടന്നു വരുന്നത് .പാസ്സഞ്ചര്‍ , പ്രാഞ്ചിയേട്ടന്‍ , ട്രാഫിക് , സാല്‍ട്ട് & പെപ്പര്‍ അതേ ജനുസ്സിലേക്കു ചാപ്പാ കുരിശ് കൂടി കടന്നു വരുന്നതോടെ മലയാള സിനിമ പരമ്പരാഗത ഏച്ചു കെട്ടലില്‍ നിന്നു വിമുക്തമായി ഒരു നവോത്ഥാനത്തിന് മുതിര്‍ന്നു തുടങ്ങി എന്നു ആശ്വസിക്കാം .അത്തരമൊരു പരീക്ഷണത്തിന്റെ വിജയം എത്ര മാത്രമാകും എന്നതിനെക്കാള്‍ അതിനു തയ്യാറാവുന്ന ഒരാര്‍ജ്ജവം നില നില്‍ക്കുന്നുണ്ട് എന്നതു ഒരു സാധാരണ പ്രേക്ഷകനെന്ന നിലയില്‍ സിനിമ കാണുന്നതിന് ഏറെ ശുഭാപ്തി നല്‍കുന്നുണ്ട് .

മലയാള സിനിമയുടെ പരമ്പരാഗത സൂത്ര വാക്യങ്ങളില്‍ നിന്നു വിഭിന്നമായി ഏതെങ്കിലും സിനിമ വന്നാല്‍ ഉടന്‍ അതിബുദ്ധിമാന്മാരാ‍യ സിനിമാ ഗവേഷകന്മാര്‍ അതിന്റെ “വിദേശ ഉറവിടം “ കണ്ടെത്തും .ആ സിനിമ പ്രേക്ഷകനെ സംബന്ധിച്ചു നല്ലതാണോ , അതുയര്‍ത്തുന്ന വിഷയം സ്വീകാര്യമാണൊ എന്നതിനെക്കാള്‍ ഏതു വിദേശ ചിത്രത്തിന്റെ “മോഷണം “ ആണ് എന്നതിലാവും അവരുടെ ആശങ്കകള്‍ .ഒരു സാധാരണ സിനിമാ പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ പിടിക്കാനുള്ളവരോട് പറയാനുള്ളത് - നിങ്ങള്‍ എവിടെ നിന്നു വേണമെങ്കിലും പ്രചോദനം കടം കൊള്ളൂ , മോഷ്ടിച്ചോളൂ എന്നിട്ട് അതു ഞങ്ങള്‍ പ്രേക്ഷകരുടെ യുക്തിക്കും രസനക്കും രുചിക്കുന്ന തരത്തിലൊരു സിനിമയാക്കി തരൂ ഞങ്ങള്‍ കണ്ടോളാം . ചാപ്പാ കുരിശിന്റെ ഇതിവൃത്തം ഒരു കൊറിയന്‍ ഫിലിമില്‍ നിന്നാണ് എങ്കിലും സമകാലിക സാഹചര്യത്തില്‍ ഇത്ര “ മലയാളിത്തം “ നിറഞ്ഞ ഒരു ചിത്രം സമീപ കാലത്തു മലയാളത്തില്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ല .സിനിമയിലെ മലയാളിത്തം Redefine ചെയ്യേണ്ട കാലം കഴിഞ്ഞു .നെല്‍പ്പാടങ്ങളും പട്ടു പാവാടയിട്ട നിഷ്കളങ്ക നായികമാരും ലോകത്തൊരിടത്തുമില്ലാത്ത കാര്യസ്ഥ ജോലിക്കാരും നാലുകെട്ടും അടക്കമുള്ള കാല്പനിക ഊടായിപ്പുകള്‍ കാലങ്ങളായി മലയാളിത്തമെന്ന പേരില്‍ നമുക്കു വെച്ചു വിളമ്പുകയാണ് നമ്മുടെ സിനിമാക്കാര്‍ .ലൈംഗിക അക്രമങ്ങള്‍ , ബ്ലൂ ടൂത്ത് സെക്സ് വിവാദങ്ങള്‍ , ഒളിഞ്ഞു നോട്ടങ്ങള്‍ കപട സദാചാരക്കാര്‍ ,ഇതൊക്കെയാണ് സമകാലിക മലയാളിത്തത്തിന്റെ ആകെത്തുക , ആ നിലയ്ക്കാണ് ചാപ്പാ കുരിശിന്റെ പ്രസക്തിയും .

ചാപ്പാകുരിശു “ എന്ന സിനിമ അഭ്രപാളികളിലെഴുതിയ അതിമഹനീയമായ കലാസൃഷ്ടി ഒന്നുമല്ല , ഒരു പാട് യഥാര്‍ത്ഥ ജീവിതങ്ങളുമായി ബന്ധപ്പെട്ട ഒരു നേര്‍ക്കാഴ്ച .ഒളിഞ്ഞു നോട്ടത്തിന്റെ , ലൈംഗിക വിശപ്പിന്റെയെല്ലാം മലയാളി മാതൃകകളുടെ സത്യ സന്ധമായ പുനാരാഖ്യാനം .
അടിസ്ഥാന പരമായി സിനിമ പങ്കു വെക്കുന്ന ആശയം സമകാലിക കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സാമൂഹിക വിഷയമാണ് . മൊബൈലും ബ്ലൂ ടൂത്തും കമ്പോളവല്‍ക്കരിക്കുന്ന ജീവിതങ്ങളുടെ സ്വകാര്യതകള്‍ , ആ സ്വകാര്യതകളെ ആഘോഷമാക്കുന്ന സമൂഹം .അര്‍ജുനും അന്‍സാരിയും സമൂഹത്തിന്റെ രണ്ട് ധ്രുവങ്ങളില്‍ , സമ്പന്നതയുടെയും ദാരിദ്ര്യത്തിന്റെയും രണ്ട് തട്ടുകളില്‍ ജീവിക്കുന്ന രണ്ടു യുവാക്കളാണ് , യാദൃശ്ചികമായി ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കാരണം സിനിമയില്‍ കടന്നു വരുന്നു .അര്‍ജുന്റെ കാമുകിയുമായുള്ള ലൈംഗിക ബന്ധത്തിന്റെ ഒരു സ്വകാര്യ നിമിഷം അര്‍ജുന്‍ ഫോണില്‍ സൂക്ഷിക്കുന്നു ആ ഫോണ്‍ നഷ്ടപ്പെടുന്നതും അത് അന്‍സാരിക്കു കിട്ടുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ പരമ്പരകളുമാണ് സിനിമയുടെ കാതല്‍ . കാഴ്ചക്കാരന്റെ യുക്തിയെയും ബോധത്തെയും പരിഹസിക്കാതെ തന്നെ ആ സംഭവങ്ങള്‍ ഒരു തുടര്‍ച്ചയോടെ കാഴ്ചയാക്കുന്നതില്‍ മൊത്തം ടീമും വിജയിച്ചു എന്നു പറയാം .തികച്ചും വിരോധാഭാസമെന്നു പറയട്ടെ മലയാളത്തിന്റെ കപട സദാചാരത്തെക്കുറിച്ച് പറയാന്‍ ശ്രമിച്ച ഒരു ചിത്രത്തെക്കുറിച്ചു പൊതു സമൂഹത്തില്‍ ഉയര്‍ന്നു വന്ന ആശങ്കകളിലൊന്ന് രമ്യാ നമ്പീശനും ഫഹദും തമ്മിലുള്ള ചുംബന രംഗമായിരുന്നു .ആ രംഗത്തിനു പകരമെന്തു വെച്ചാലാണ് ആ സിനിമയുടെ ഇതിവൃത്തത്തോടു നീതി പുലര്‍ത്താനാകുക ? ആ സിനിമയുടെ കഥയ്ന്ുടെ ഗൌരവം ആ ക്ലിപ്പിങ്ങ് പുറത്തായാലുള്ള അപകടത്തെക്കുറിച്ചാകുമ്പോള്‍ അതിലും നിസ്സാരമായതെങ്ങനെ കാണിക്കും ?

ഉണ്ണി ആര്‍ എന്ന ചെറുകഥാകൃത്ത് സാഹിത്യത്തിന്റെ അത്യാഡംബരങ്ങളൊന്നുമില്ലാതെ തന്നെ ഒരു കഥ പറയുന്നു , കഥാപാത്രങ്ങളുടെ ആധിക്യമില്ലാതെ , കോമഡിക്കു വേണ്ടി സമാന്തര കഥ പാതയൊരുക്കാതെ ആ കഥ ഋജുവായി നമുക്കു കാണിച്ചു തരികയാണ് സമീര്‍ താഹിര്‍ എന്ന പുതുമുഖ സംവിധായകന്‍ .ഇവിടെ താരങ്ങളില്ല കോലാഹലങ്ങളില്ല , കഥാപാത്രങ്ങള്‍ മാത്രം .വിനീത് ശ്രീനിവാസനും ഫഹദും രമ്യയുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ ഏറ്റവും വൈകാരികമായി തന്നെ അവതരിപ്പിച്ചു .ഫാസില്‍ മലയാള സിനിമയോട് ചെയ്ത ഏറ്റവും വലിയ പുണ്യം എന്നത് കയ്യെത്തും ദൂരത്ത് എന്ന മനോഹര പ്രണയ കാവ്യത്തിനു ശേഷം മകനെ അദ്ദേഹത്തിന്റെ മറ്റു പ്രണയ കാവ്യങ്ങളില്‍ അഭിനയിപ്പിച്ചില്ല എന്നുള്ളതാണ് അതു കൊണ്ടുണ്ടായ ഗുണമെന്താന്ന് വെച്ചാല്‍ ഫഹദ് സാമാന്യം നന്നായി അഭിനയിക്കാന്‍ തുടങ്ങിയിട്ടുണ്ട് .വിനീതും മനോഹരമായി അഭിനയിച്ചിരിക്കുന്നു . സാങ്കേതിക തികവ് , മികച്ച ചിത്രീകരണം . പുതുമയുള്ള അവതരണം .


ഈ ചിത്രത്തിന്റെ കലാമേന്മയെക്കാളേറെ എന്ന ആകര്‍ഷിക്കുന്നത് സിനിമ മുന്നോട്ടു വെക്കുന്ന സത്യസന്ധമായ ആവിഷ്കാര രീതിയാണ് , അതു ആര്‍ജ്ജവം നിറഞ്ഞ ഒരു പരീക്ഷണം തന്നെയാണ് .കുറെ “പിള്ളേഴ്സ് “ നവ സിനിമയുടെ പുതു തലമുറ സൃഷ്ടിക്കാന്‍ അരയും തലയും മുറുക്കി , തല പുകക്കുന്നുണ്ടെങ്കില്‍ , അവര്‍ പരമ്പരാഗത ചിട്ടവട്ടങ്ങളില്‍ നിന്നു വ്യത്യസ്ഥമായി മൌലികമായ എന്തെങ്കിലും കൊണ്ടു വരുന്നുണ്ടെങ്കില്‍ അതു പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട് .

Saturday, 23 July 2011

മദനിയെ തൂക്കിക്കൊല്ലുക !!!



കുറ്റവിചാരണയുടെ “കാഫ്കേയിയന്‍ സിദ്ധാന്തം “ രൂപപ്പെടുത്തിയ ഫ്രാന്‍സ് കഫ്കയുടെ പ്രശസ്തമായ നോവലാണ് The Trial ഇതിലെ നായകന്‍ ഒരു പ്രതീകമാണ് ,ഭരണകൂടത്തിന്റെ ഗൂഡാലോചനയുടെയും അടിച്ചമര്‍ത്തലിന്റെയും ഫലമായി കടുത്ത നൈരാശ്യത്തോടെ ജീവിതമവസാനിപ്പിക്കേണ്ടി വന്ന ഒരു മനുഷ്യന്‍ .ഒരു സുപ്രഭാതത്തില്‍ അജ്ഞാതരായ അധികാരികള്‍ അകാരണമായി അയാളെ തടവിലാക്കുന്നു , .അയാള്‍ ചെയ്ത കുറ്റം എന്താണെന്ന് അയാളോടോ മറ്റുള്ളവരോടോ വ്യക്തമാക്കാതെ അയാള്‍ നിരന്തരം വിചാരണ ചെയ്യുപ്പെടുന്നു , അജ്ഞാതമായ അധികാരികള്‍ നടത്തുന്ന അശുഭാപ്തിയും അശരണതയും നിറഞ്ഞ ആ വിചാരണ ജീവിതത്തിനൊടുവില്‍ ആത്മഹത്യ ചെയ്യാന്‍ വിസമ്മതിക്കുന്ന അയാളെ അജ്ഞാതരായ ആ അധികാരികള്‍ കൊലപ്പെടുത്തുന്നു , അവസാന ശ്വാസത്തില്‍ അയാള്‍ തന്റെ ക്രൂരമായ വിധിയെ ഒരൊറ്റ വാക്കു കൊണ്ട് വിശേഷിപ്പിക്കുന്നു - ഒരു നായയെ പോലെ “.

അബ്ദു നാസര്‍ മദനി എന്ന മനുഷ്യന്റെ ദുര്‍ വിധിക്കു ആക്കം കൂട്ടിക്കൊണ്ട് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ആസൂത്രിതമായ ഗൂഡാലോചനയുടെ ഫലമായി വീണ്ടുമൊരു വിചാരണ പ്രഹസനം കൂടി അരങ്ങേറുമ്പോള്‍ , ഒറ്റപ്പെടലിന്റെ പീഡനങ്ങളുടെ , ആത്മ സംഘര്‍ഷങ്ങളുടെയെല്ലാം പാരമ്യത്തില്‍ ഒരു മനുഷ്യനെ അവശേഷിപ്പിച്ചു കൊണ്ട് കൊല്ലാക്കൊല ചെയ്തു കൊണ്ടിരിക്കുമ്പോള്‍ അബ്ദു നാസര്‍ മദനി മുമ്പു പറഞ്ഞത് പോലെ ഇങ്ങനെ പീഡിപ്പിക്കുന്നതിനെക്കാള്‍ ഭേദം തൂക്കിക്കൊല്ലുന്നതാണ്

“ നിങ്ങളെന്തിനാണ് ഹേ ഇങ്ങനെ വൈകാരിക കുത്തിനിറച്ച വാക്കുകളാല്‍ നിയമത്തിന്റെ സ്വാഭാവിക നടപടി ക്രമങ്ങളെ അപലപിക്കണം ?നിയമത്തിനു അതിന്റേതായ നടപടി ക്രമങ്ങള്‍ ഉണ്ട് , അതു പാലിക്കേണ്ടത് ഏതൊരു പൌരന്റെയും കടമയാണ് . ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദ വല്‍ക്കരിച്ച ഭീകര വാദിയാണയാള്‍ , അയാളുടെ വിചാരണ തടവ് അയാള്‍ ചെയ്ത കുറ്റത്തിന് ലഭിച്ച ശിക്ഷ തന്നെയാണ് , അതു ചരിത്രത്തിന്റെ കാവ്യ നീതിയാണ് .

എന്റെ വാക്കുകള്‍ വായിക്കുന്നവര്‍ ഇങ്ങനെയോ ഇതിലും കടുത്ത വാക്കുകളിലോ പ്രതി വചിക്കാനിടയുണ്ടെന്നറിയാം . അതിന് എനിക്കു പറയാനുള്ള മറുപടി ഇതാണ് - കാവ്യ നീതിയോ ദൈവ വിധിയോ അനുസരിച്ചല്ല നമ്മുടെ നീതിന്യായ വ്യവസ്ഥ നില നില്‍ക്കുന്നത് , അതു ഭരണ ഘടനയും നിയമ സംഹിതകളും അനുസരിച്ചാണ് .അതു കൊണ്ടു തന്നെ ഒരു ജനാധിപത്യ മതേതര രാഷ്ട്രമായ ഇന്‍ഡ്യയില്‍ നീതിപൂര്‍വ്വകമായ ഒരു കുറ്റ വിചാരണക്കു കുറ്റവാളിയായി ആരോപിക്കപ്പെടുന്ന ഏതൊരു വ്യക്തിക്കും അവകാശമുണ്ട് .

ബാബറി മസ്ജിദ് ധ്വംസനത്തെതുടര്‍ന്നു രാജ്യത്തെമ്പാടും സൃഷ്ടിക്കപ്പെട്ട വര്‍ഗ്ഗീയ ധ്രുവീകരണത്തില്‍ തികഞ്ഞ മതേതരരായ കേരളീയ ജനതയെ കൂടി പങ്കാളി ആക്കി എന്നതാണ് മദനിയുടെ പേരിലുള്ള പ്രധാന കുറ്റം . അക്കാലങ്ങളില്‍ മുസ്ലീം യുവതയില്‍ പടര്‍ന്നു പിടിച്ച അരക്ഷിതാവസ്ഥയെയും അസഹിഷ്ണുതയെയും ഏകീകരിച്ചു ഒരു പ്രസ്ഥാനത്തിനുള്ളിലാക്കിയെന്നതു മാത്രമാണ് മദനി ചെയ്തത് .അതല്ലായിരുന്നെങ്കില്‍ ആ അസഹിഷ്ണുത മറ്റു മുഖ്യധാരാ പ്രസ്ഥാനങ്ങളില്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗീയ വിഷ ബീജങ്ങളായി [ഇപ്പോള്‍ പകല്‍ ലീഗും രാത്രി എന്‍ ഡി എഫുമാകുന്ന മതേതര ലീഗ് പോലെ ] മുള പൊട്ടുമായിരുന്നു , അങ്ങനെ സൃഷ്ടിക്കപ്പെടുന്ന പ്രതിലോമകരമായ അവസ്ഥാ വിശേഷത്തിന്റെ വ്യാപ്തി ഇന്നുള്ള വര്‍ഗ്ഗീയ ധ്രുവീകരണത്തെക്കാള്‍ ഏറെ ഗൌരവതരമാകുമായിരുന്നു .അതിനു പകരം മുസ്ലീം അരക്ഷിതാവസ്ഥയുടെ ഫലമായി ഇത്തരമൊരു അസഹിഷ്ണുത നിറഞ്ഞ മത മൌലിക വാദം ഇവിടെ നില നില്‍ക്കുന്നുണ്ട് എന്നു പ്രകടമായ ഒരു സമ്മത പ്രകടനം മാത്രമായിരുന്നു മദനിയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട ആ സംഘടനയിലൂടെ തെളിഞ്ഞു വന്നത് .അക്കാലങ്ങളില്‍ പുകഞ്ഞു നിന്ന ആ അസഹിഷ്ണുത മുഖ്യധാരയിലേക്കു പ്രചരിക്കുന്നതില്‍ നിന്നും മനപൂര്‍വ്വമല്ലാതെ തന്നെ തടഞ്ഞു നിര്‍ത്തുകയായിരുന്നു ചെയ്തത് .നീറി പുകയുന്ന അഗ്നിയാണ് ആളിക്കത്തിയൊടുങ്ങുന്നതിനെക്കാള്‍ അപകടകരം .

പീഡനപര്‍വ്വത്തിന്റെ രണ്ടാമൂഴം .

കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസില്‍ മദനിയുടെ പങ്കു ആരോപിച്ചു നീണ്ട പത്തു വര്‍ഷത്തെ വിചാരണ പീഡനങ്ങള്‍ക്കു ശേഷം മദനി പുറത്തു വന്നു ആ ദുരിതങ്ങളുടെ ഓര്‍മ്മകളില്‍ നിന്നു വിമുക്തനാകുന്നതിനു മുമ്പു തന്നെ വീണ്ടും അതേ വിധിയുടെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത് . ഒരു കുറ്റാരോപണത്തിന്റെ പേരില്‍ - കുറ്റത്തിന്റെ പേരിലല്ല , ആരോപണത്തിന്റെ പേരിലാണ് - ഒരു വ്യക്തിയെ തടവിലാക്കുകയും ഭരണകൂടത്തിന്റെയും രാജ്യത്തു നിലവിലുള്ള എല്ലാ നിയമ സംവിധാനങ്ങളെയും ഉപയോഗിച്ചു അന്വേഷണം നടത്തുകയും വിചാരണ ചെയ്യുകയും ചെയ്തിട്ടും അയാളെ കുറ്റവാളിയാക്കാന്‍ സാധിക്കാതെ വിചാരണ തടവെന്ന പേരില്‍ നീണ്ട പത്തു വര്‍ഷത്തെ കാരാഗൃഹ വാസം , ശാരീരിക മാനസിക പീഡനങ്ങള്‍ . ഒരു ഭരണ കൂടവും നീതി ന്യായ വ്യവസ്ഥയും ഒരു വ്യക്തിയുടെ നിരപരാധിത്വത്തിനു മുമ്പില്‍ പരാജയപ്പെട്ടിട്ടൂം വീണ്ടും അത് തന്നെ ആവര്‍ത്തിക്കുന്നത് ഒരു നീതിയുടെയും പേരില്‍ ന്യായീകരിക്കാനാവില്ല .

ബാങ്ക്ലൂരു സ്ഫോടനം .

2008 ജൂലായ് 25 തിയ്യതിയാണ് ബാങ്ക്ലൂരു നഗരത്തിനെ ഞെട്ടിച്ചു കൊണ്ട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ 9 സ്ഫോടനങ്ങള്‍ ഉണ്ടാകുന്നത് . ഏറ്റവും ജന സാന്ദ്രതയേറിയ പ്രദേശങ്ങളിലായിരുന്നു ഈ ഒമ്പതു സ്ഫോടനങ്ങളും നടന്നതെങ്കിലും ആരെയെങ്കിലും കൊല്ലാന്‍ പര്യാപ്തമായ ശക്തിയേറിയ സ്ഫോടനങ്ങള്‍ ആയിരുന്നില്ല ഇത് . low-intensity blast ആയിരുന്നു ഈ ഒമ്പതു സ്ഫോടനങ്ങളും .ഒന്നു ഭയപ്പെടുത്താനോ അല്ലെങ്കില്‍ സ്ഫോടനം ഉണ്ടായി എന്നു കാണിക്കാന്‍ വേണ്ടിയോ മാത്രമുള്ള “സ്ഫോടനങ്ങള്‍ “ മാത്രം . സ്ഫോടനം നടന്ന 2008 ലെ ജൂണ്‍ ജൂലായ് മാസങ്ങളില്‍ കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ടു കന്നഡിക - തമിഴര്‍ സംഘര്‍ഷം ശക്തമായി നില നിന്നിരുന്ന സന്ദര്‍ഭമായിട്ടു പോലും അന്വേഷണം അതിവേഗം “ഇസ്ലാമിക ഭീകരിലേക്കു “ തിരിച്ചു വിട്ടത് വളരെ ആസൂത്രിതമായിട്ടായിരുന്നു എന്നു ആദ്യ ദിനങ്ങളിലെ പ്രസ്താവനകള്‍ കൊണ്ടു മാത്രം നമുക്കു മനസ്സിലാക്കാമായിരുന്നു .കുറ്റം നടക്കുന്നതിനു മുമ്പു തന്നെ കുറ്റവാളിയെ സൃഷ്ടിക്കുന്ന രീതി ചരിത്രത്തില്‍ പല തവണ സംഭവിച്ചതുമാണ് . 2008 ല്‍ യെദിയുരപ്പയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ ഗവണ്മെന്റ് കര്‍ണ്ണാടകയില്‍ സ്ഥാനമേറ്റപ്പോള്‍ തന്നെ വിവരമുള്ള പലരും മദനിയുടെ ഭാവിയെക്കുറിച്ചു ഊഹിച്ചതാണ് .കാരണം കേരളത്തിലെ സംഘ പരിവാറിന്റെ എക്കാലത്തെയും ഏറ്റവും വലിയ ശത്രു മദനി തന്നെയാണ് .മദനിയെ ഒരു പാഠം പഠിപ്പിക്കുക എന്നത് അവരുടെ പ്രാഥമികമായ ആവശ്യമാണ് .ബാങ്ക്ലൂരു സ്ഫോടനത്തിന്റെ അന്വേഷണം സിമിയിലൂടെ , ഇന്‍ഡ്യന്‍ മുജാഹിദിനിലൂടെ അവസാനം മദനിയിലേക്കെത്തി , കൊടകിലെ ഇഞ്ചിത്തോട്ടത്തില്‍ തടിയന്റവിട നസീറുമായി ഗൂഡാലോചനയും ക്യാമ്പും നടത്തി മദനി ബാങ്ക്ലൂരു നഗരത്തില്‍ സ്ഫോടനം നടത്തി . മദനി തന്നെ അതു ചെയ്തത് ഒറ്റ നോട്ടത്തില്‍ തന്നെ അന്വേഷണോദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു !!! .

അങ്ങനെയാണ് ദിവസങ്ങളോളം നീണ്ട അനിശ്ചിതാവസ്ഥക്കും സംഘര്‍ഷങ്ങള്‍ക്കും അന്ത്യം വരുത്തിക്കൊണ്ട് അന്‍ വാറശേരിയില്‍ നിന്നു അനുയായികളുടെ പ്രതിഷേധങ്ങള്‍ക്കും വിലാപങ്ങള്‍ക്കുമിടയില്‍ നിന്നു 2010 august 17 ആം തിയ്യതി അബ്ദു നാസര്‍ മദനിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തത് , ആ സംഭവം കഴിഞ്ഞിട്ടിപ്പോള്‍ ഒരു വര്‍ഷം തികയാറാകുന്നു .ഇതു വരെ ജാമ്യമോ കേസുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല . ബാങ്ക്ലൂരു സ്ഫോടന വിചാരണയും കോയമ്പത്തൂര്‍ സ്ഫോടന വിചാരണ കേസിന്റെ ഒരു തനിയാവര്‍ത്തനമാകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും നിസ്സംഗമായ മനസ്സോടെ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നു , കേട്ടു കൊണ്ടിരിക്കുന്നു .

എന്തു കൊണ്ട് മദനിയോട് ഐക്യദാര്‍ഡ്യം .


രാജ്യത്തു രണ്ടര ലക്ഷത്തോളം ആളുകള്‍ വിചാരണ തടവുകാരായി പല ജയിലുകളിലായി കഴിയുന്നുണ്ട് ഇവരോടൊന്നുമില്ലാത്ത ഒരു സഹതാപവും ഐക്യദാര്‍ഡ്യവും മദനിയോട് പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണ് ? മദനിയെന്താ അത്രക്കു പുണ്യാളനായിരുന്നു എന്നാണോ കരുതുന്നത് ?


മദനി ഒരു പ്രതീകമാണ് , നീതിനിഷേധത്തിന്റെ , ആസൂത്രിതമായ ഭരണ കൂട ഭീകരതയുടെ ഭീകരവാദത്തിന്റെ പേരില്‍ പീഡനമനുഭവിക്കപ്പെടുന്ന നിരപരാധികളായ നൂറു കണക്കിന് മുസ്ലീം യുവാക്കളുടെ ഒക്കെ പ്രതീകം . ഒരു വ്യക്തിയുടെ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിപ്പിക്കപ്പെട്ടു , ശാരീരിക മാനസിക പീഡനങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരാളാണ് മദനി . മദനി വര്‍ഗ്ഗീയത വമിപ്പിക്കുന്ന പ്രസംഗങ്ങള്‍ ചെയ്തിട്ടുണ്ട് ,ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം മുസ്ലീം യുവാക്കളില്‍ ആ പ്രസംഗങ്ങള്‍ ഒരു വര്‍ഗ്ഗീയ ധ്രുവീകരണത്തിനു കാരണമായിട്ടുണ്ട് , ഇല്ലെന്നല്ല പക്ഷെ അതു കൊണ്ടു മാത്രം ഉടലെടുത്തതല്ല കേരളത്തിലെ ഇസ്ലാം യുവാക്കള്‍ക്കിടയില്‍ ഉണ്ടായ മത മൌലികവാദത്തോടുള്ള അഭിനിവേശം അതു ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹിക മാനങ്ങളുമായി ഏറെ ബന്ധപ്പെട്ടതാണ് .അതു കൊണ്ട് തന്നെ ആ ഭൂത കാലത്തിന്റെ മാറാലകളില്‍ ഒരാളെ പൊതിഞ്ഞു വെച്ചു പിന്നീടുള്ള ജീവിതം മുഴുവന്‍ അതുമായി ബന്ധപ്പെട്ടു ജീവിച്ചു കൊള്ളണമെന്നു പറയുന്നത് മനുഷ്യത്വമില്ലായ്മയാണ് .മാത്രമല്ല ഈ കുറ്റങ്ങള്‍ മറ്റാരും ചെയ്യാത്തതുമല്ല ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നത് തന്റെ വാഗ്മിത്വം വിനിയോഗിച്ചു പ്രകടമായി ചെയ്തു എന്നതാണ് മദനി ചെയ്ത തെറ്റ് . കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ നീണ്ട പത്തു വര്‍ഷത്തെ വിചാരണ തടവിനു ശേഷം നീതിപീഠം തന്നെ കുറ്റവിമുക്തനാക്കിയ ഒരാളാണ് മദനി . അയാള്‍ കുറ്റവാളിയായിരുന്നെങ്കില്‍ അതു തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്നു ഉണ്ടായിരുന്നു .കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ എന്ന പോലെ തന്നെ ബാങ്ക്ലൂരു സ്ഫോടന കേസിലും വിചാരണ തടവിലൂടെ മദനിക്കു നീതി പീഠത്തിന്റെ മുന്നില്‍ കുറ്റം തെളിയിക്കാനുള്ള അവസരങ്ങള്‍ പരിമിതപ്പെടുത്തുകയാണ് കര്‍ണ്ണാടക പോലീസ് ചെയ്യുന്നത് .അന്വേഷണത്തിന്റെ പേരും പറഞ്ഞു നിരന്തരം നീട്ടി വെക്കുന്ന വിചാരണയിലൂടെ പരമാവധി സമയം ഒരാളെ തടവറക്കുള്ളില്‍ തളക്കാമെന്ന സിദ്ധാന്തം .എന്തു കൊണ്ടാണ് മദനിയെ കോടതിക്കു മുമ്പില്‍ ഹാജരാക്കാത്തത് ?



ആസൂത്രിതമായ കെണിയില്‍ പെടുത്തലിന്റെ തെളിവുകള്‍ .

ബാങ്ക്ലൂരു സ്ഫോടന കേസിന്റെപ്രധാന സാക്ഷികളായി കര്‍ണ്ണാടകാ പോലീസ് രേഖപ്പെടുത്തിയ സാക്ഷി മൊഴികള്‍ പ്രധാനപ്പെട്ടതെല്ലാം കെട്ടിച്ചമച്ച കൃത്രിമ സാക്ഷി മൊഴികളാണ് . ഭരണ കൂട ഭീകരതയുടെ പ്രത്യക്ഷ ഉദാഹരണമാണ് വ്യക്തമായ ഗൂഡാലോചന മദനിക്കെതിരെ നടന്നിട്ടുണ്ട് എന്നു വ്യക്തമാക്കുന്നതാണ് ബാങ്ക്ലൂര്‍ സ്ഫോടന കേസില്‍ മദനിക്കെതിരെ ഹാജരാക്കിയ തെളിവുകളില്‍ പലതും .


കൊച്ചിക്കാരനായ ജോസ് വര്‍ഗീസ് ബാങ്ക്ലൂരു സ്ഫോടന കേസില്‍ പ്രധാന സാക്ഷിയാണെന്ന തിരിച്ചറിയുന്നത് ചാനല്‍ വാര്‍ത്തകളിലൂടെയാണ് അവിശ്വസനീയത നിറഞ്ഞ ഈ സാക്ഷി മൊഴിയില്‍ ജോര്‍ ജ് വര്‍ഗീസിനെ കൊണ്ട് ഒപ്പു വെച്ച സ്റ്റേറ്റ് മെന്റില്‍ ഇങ്ങനെ പറയുന്നു . മദനി താമസിച്ചിരുന്ന വീട്ടില്‍ വാടക വാങ്ങാന്‍ വന്ന ജോസ് വര്‍ഗ്ഗീസ് തടിയന്റവിട നസീറും അബ്ദു നാസര്‍ മദനിയും സംസാരിക്കുമ്പൊള്‍ “ബാങ്ക്ലൂര്‍” എന്നും “സ്ഫോടനം “ എന്നുമുള്ള വാക്കുകള്‍ കേള്‍ക്കാനിടയായി എന്നാണ് .അതീവ രഹസ്യ സ്വഭാവമുള്ള ഒരു “സ്ഫോടന പരമ്പര “ വാതിലും തുറന്നിട്ട് ഉമ്മറത്തു ചായയും കുടിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ വാടക വാങ്ങാന്‍ വന്ന വാടകക്കാരന്‍ കേല്‍ക്കുന്നു . എന്താ കഥ ? ഒരു മൂന്നാം കിട കുറ്റാന്വേഷണ സിനിമയില്‍ പോലും ഇത്രക്കു “ലോജിക്ക്” ഇല്ലാത്ത വാദഗതികള്‍ നില നില്‍ക്കില്ല. പക്ഷെ കര്‍ണ്ണാടക പോലീസ് അതും ചെയ്തു .

ജോസ് വര്‍ഗീസും മദനിയുമായുള്ള ഏകബന്ധം ജോസ് വര്‍ഗീസിന്റെ സഹോദരിയുടെ ഉടമസ്ഥതതയില്‍ കൊച്ചിയില്‍ ഉള്ള ഒരു വീട്ടില്‍ മദനി അല്പ കാലം വാടകക്കാരനായി കഴിഞ്ഞു കൂടിയിട്ടുണ്ട് എന്നത് മാത്രമാണ് .2010 ജനുവരി ആറാം തിയതി ജോസ് വര്‍ഗീസിന് ഓംകാരയ്യാ എന്ന കര്‍ണ്ണാടകാ പോലീസിലെ ഒരു Deputy Commissioner കന്നട ഭാഷയില്‍ ഉള്ള ഒരു സാക്ഷ്യ പത്രത്തില്‍ ഒപ്പു വെപ്പിക്കുകയായിരുന്നു .ഇതില്‍ എന്താണെന്നറിയാതെ ഒപ്പു വെക്കില്ലെന്നു പറഞ്ഞപ്പോള്‍ ഇതു തെളിവെടുപ്പിനിടെയുള്ള വെറുമൊരു ഔപചാരിക നടപടിയാണെന്നു പറഞ്ഞു നിര്‍ബന്ധിച്ചായിരുന്നു ഒപ്പു വെപ്പിച്ചത് .

മദനി കുറ്റക്കാരനാണോ അല്ലയോ എന്നറിയില്ല പക്ഷെ ഇത്തരം സംഭവങ്ങള്‍ നേരില്‍ കാണുമ്പോള്‍ മദനിയെ മനപൂര്‍വ്വം കുടുക്കുകയാണൊ എന്നു താന്‍ സംശയിക്കുന്നു , തന്നെ തെറ്റിദ്ധരിപ്പിച്ചാണ് അത്തരമൊരു പ്രസ്ഥാ‍വനയില്‍ ഒപ്പു വെപ്പിച്ചതെന്നും താന്‍ തടിയന്റവിട നസീറിനെ കണ്ടിട്ടില്ല എന്നും ജോസ് വര്‍ഗ്ഗീസ് പറയുന്നു . ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചു കൊണ്ട് കോടതിയില്‍ ഒരു സ്വകാര്യ അന്യായം ഫയല്‍ ചെയ്തിട്ടുണ്ട് . [ജോസ് വര്‍ഗീസ് ഒരു പി ഡി പി കാരനോ ഇസ്ലാമിക തീവ്രവാദിയോ അല്ല ]

മദനിക്കു ജാമ്യം നിഷേധിക്കാനായി കോടതിയില്‍ ഹാജരാക്കപ്പെട്ട തെളിവുകളില്‍ പ്രധാന സാക്ഷി മൊഴികള്‍ നല്‍കിയിരിക്കുന്നത് മൂന്നു പേരുടേതാണ് . ജി പ്രഭാകര്‍ , യോഗാനന്ദ് , റഫീക് കെ ബി . ഇതില്‍ യോഗാനന്ദ് - കുടകിലെ ഒരു സാധാരണ ബി ജെ പി പ്രവര്‍ത്തകനാണ് തെഹല്‍ക്കാ .കോമിലെ ലേഖിക ആയ ഷാഹിനാ കെ കെ നടത്തിയ ഒരന്വേഷണത്തില്‍ യോഗാനന്ദില്‍ നിന്നു വെളിപ്പെട്ടത് മദനിയുടെ കേസുമായാണ് അയാള്‍ ബന്ധപ്പെട്ടിരിക്കുന്നതെന്ന് അപ്പോഴാണ് അയാള്‍ക്കു മനസ്സിലാകുന്നത് . ഈ അന്വേഷണം നടക്കുന്നതിനിടെ പുറത്തു നിന്നു പത്രലേഖകര്‍ സ്ഥലത്തെത്തി എന്നറിഞ്ഞ ലോക്കല്‍ പോലീസ് അസ്വാഭാവികമായ വിധത്തില്‍ പരിഭ്രാന്തരാവുകയും ടെഹല്‍ക്കാ ടീമിനെ നിര്‍ബന്ധിച്ചു തിരിച്ചയക്കുകയുമായിരുന്നു .അതിര്‍ത്തി കടത്തി വിട്ട ടെഹല്‍ക്കാ ടീം മറ്റൊരു വാഹനത്തില്‍ തിരിച്ചെത്തി മറ്റൊരു സാക്ഷിയായ റഫീക്കിനോടു സംസാരിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് - ഉസ്താദിന്റെ പേരു പറയാന്‍ വേണ്ടി മാത്രം ഇലക്ട്രിക് ഷോക്കു പോലെയുള്ള കടുത്ത ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നുവെന്നാണ് .മദനി കുറ്റവാളിയോ നിരപരാധിയോ എന്നു നമുക്കറിയില്ല പക്ഷെ അതറിയാമെന്നും മദനിയാണ് ബാങ്ക്ലൂരു സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നും “അന്വേഷിച്ചു “ കണ്ടെത്തിയ കര്‍ണ്ണാടക പോലീസെന്തിന് ഈ കൃത്രിമ സാക്ഷികളെ , കൃത്രിമ തെളിവുകളെ ഉണ്ടാക്കണം ?

കര്‍ണ്ണാടക പോലീസ് സൃഷ്ടിച്ചെടുത്ത സാക്ഷികളില്‍ ടെഹല്‍ക്കാ .കോം അന്വേഷണം പൂര്‍ത്തിയാക്കി എന്നു മനസ്സിലാക്കിയ ലോക്കല്‍ പോലീസ് ഉടനെ തന്നെ സ്ഥലത്തെത്തി ടെഹല്‍ക്കാ റിപ്പൊര്‍ട്ടറായ ഷാഹിനയെ അറസ്റ്റ് ചെയ്യുകയായിരുന്നു .ഷാഹിനയുടെ പേരില്‍ ആരോപിപ്പിക്കപ്പെട്ട കേസ് - സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കാന്‍ ശ്രമിക്കുന്നു എന്ന് . അന്യ സംസ്ഥാനത്തു , മറ്റൊരു ഭാഷ സംസാരിക്കുന്ന ഒരു സ്ഥലത്തു ഒരു സ്ത്രീ തനിയെ ചെന്നു ഒരു നിര്‍ണ്ണായകമായ കേസിലെ സാക്ഷികളെ മൊഴി മാറ്റിക്കാന്‍ ശ്രമിക്കുന്നു . എന്തൊരു കേസാണിത് ???ഷാഹിന ഒരു ഭീകര വാദിയാണെന്നായി പിന്നീട് പോലീസ് വാദം . ടെഹല്‍ക്കയുടെ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിട്ടും ടെഹല്‍ക്കാ എഡിറ്ററുമായി സംസാരിച്ചിട്ടു പോലും ഷാഹിനയെ തീവ്രവാദ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുകയായിരുന്നു , . ഇതൊക്കെ നടക്കുന്നത് ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ ,ജനപ്രതിനിധികള്‍ ഭരിക്കുന്ന ഒരു സംസ്ഥാനത്താണെന്നോര്‍ക്കണം . മറ്റൊരു പത്ര പ്രവര്‍ത്തകനും ഇനി അത്തരമൊരു അന്വേഷണത്തിനു കടന്നു ചെല്ല്ലാന്‍ പറ്റാത്ത വിധത്തില്‍ ഭീകരവാദി മുദ്ര പതിപ്പിച്ച വലിയ ഭീതിയുടെ ആവരണം ഈ കേസിലുണ്ട് .ഷാഹിനക്കു ആ കേസില്‍ ജാമ്യം ലഭിച്ചത് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് .അതായത് ബാങ്ക്ലൂര്‍ സ്ഫോടന കേസിനെ സംബന്ധിച്ചോ അതില്‍ മദനിയുടെ പങ്കിനെക്കുറിച്ചോ കര്‍ണ്ണാടക സര്‍ക്കാര്‍ അല്ലാതെയുള്ള മറ്റൊരന്വേഷണവും അവര്‍ വെച്ചു പൊറുപ്പിക്കില്ല , സ്വതന്ത്രമായ ഒരന്വേഷണത്തിനു പകരം അവര്‍ മുന്‍ കൂട്ടി നിശ്ചയിച്ച കുറ്റവാളികളെ മാത്രം അവതരിപ്പിക്കുന്നു അവരെ ശിക്ഷക്കു വിധിക്കുന്നു . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മദനിയെ ആസൂത്രിതമായി കുടുക്കുകയായിരുന്നു വിശ്വസിക്കാനാണ് കൂടുതല്‍ സാധ്യത .

മനുഷ്യാവകാശ ലംഘനങ്ങള്‍ .

മദനിയുടെ കേസില്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തോത് വളരെ വലുതാണ് . കേസിന്റെ ഗതി അകാരണമായി നീട്ടിക്കൊണ്ടു പോകുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം . മദനിയെപ്പോലെ ശാരീരികാസ്വസ്ഥതകള്‍ നേരിടുന്ന ഒരാള്‍ക്കു ജാമ്യം പോലും അനുവദിക്കാതെ വിചാരണ തടവുകാരനായി നില നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ അന്വേഷണങ്ങള്‍ക്കും രേഖകള്‍ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ സാവകാശം എടുക്കുന്നു . വിചാരണ തടവില്‍ സുരക്ഷാ കാരണങ്ങളുടെ പേരില്‍ 24 മണിക്കൂറും ലൈറ്റ് ഓഫാക്കാതെയുള്ള ഒരു മുറിയിലാണ് മദനിയെ പാര്‍പ്പിച്ചിരിക്കുന്നത് . സ്വസ്ഥമായി ഉറങ്ങാനോ മറ്റു സ്വകാര്യാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനോ പോലും പറ്റാത്ത അവസ്ഥ .വികലാംഗനും സ്പോണ്ടിലോസിസ് രോഗ ബാധിതനുമായ ഒരാള്‍ക്കു കൊടുക്കേണ്ട യാതൊരു പരിഗണനയും ജയിലില്‍ മദനിക്കു ലഭിക്കുന്നില്ല .

മദനി ഒരു ഇന്‍ഡ്യന്‍ പൌരന്‍ എന്ന നിലയില്‍ സ്വതന്ത്രവും നീതിപ്പൂര്‍വ്വവുമായ ഒരു വിചാരണ അര്‍ഹിക്കുന്നുണ്ട് . അത്തരമൊരു വിചാരണയില്‍ മദനി കുറ്റക്കാരനാണെങ്കില്‍ അയാള്‍ ശിക്ഷിക്കപ്പെടട്ടെ അതിലാര്‍ക്കും എതിര്‍പ്പില്ല .മദനിയുടെ ജാമ്യാപേക്ഷ നിരസിക്കാന്‍ കോടതിക്കു മുമ്പില്‍ പ്രൊസിക്യൂഷന്‍ സമര്‍പ്പിച്ച ഒരു തെളിവ് - മദനിയുടെ അറസ്റ്റിനോടനുബന്ധിച്ച അനുയായികളുടെ അതി വൈകാരികത നിറഞ്ഞ ആര്‍പ്പു വിളികളുടെ വീഡിയോ ആയിരുന്നു .ഇത്തരത്തില്‍ ഒരു പ്രത്യേക മത വിഭാഗം ഹിസ്റ്റീരിയാ ബാധിതരെ പോലെ ഉറഞ്ഞു തുള്ളുന്നുവെങ്കില്‍ മദനിക്കു ജാമ്യം കൊടുത്താലുള്ള അപകടത്തെക്കുറിച്ചാണ് പ്രോസിക്യൂഷന്‍ വാദിച്ചത് . അതു കൊണ്ട് തന്നെ മദനിയുടെ വിഷയം ഒരു മതാവകാശ പ്രശ്നം എന്നതിലുപരി മനുഷ്യാവകാശ പ്രശ്നം എന്ന നിലയിലാണ് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് . കുറെ “മാപ്ലാര് “ സംഘം ചേര്‍ന്നു അതി വൈകാരികത നിറഞ്ഞ പ്രഖ്യാപനങ്ങള്‍ നടത്തുന്നതിനു പകരം പൊതു സമൂഹത്തിന്റെ ഇടപെടലുണ്ടാകുന്നതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത് .മറ്റൊരു സംസ്ഥാനത്തിന്റെ നിയമ പരിധിയിലുള്ള ഒരു കേസിനെ സംബന്ധിച്ചു കേരളത്തില്‍ സെമിനാറും പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നതിനു പകരം കേരളാ ഗവണ്മെന്റ് മദനിയുടെ കാര്യത്തില്‍ നീതിപൂര്‍വ്വകമായ ഒരു വിചാരണക്കു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ ആവശ്യപ്പെടുകയാണ് വേണ്ടത് . . ഓരോരോ തിരഞ്ഞെടുപ്പിനും മദനിയുടെ സഹായം തേടിയ നിരവധി നിയമ സഭാ സാമാജികര്‍ ഇരു മുന്നണികളിലും ഉണ്ട് .അതിനു സാധിക്കുന്നില്ലെങ്കില്‍ മദനി പറഞ്ഞതു പോലെ അദ്ദേഹത്തെ തൂക്കിക്കൊല്ലാനുള്ള എന്തെങ്കിലും വഴിയാണ് നമ്മള്‍ തേടേണ്ടത് .കാഫ്കേയിയന്‍ കുറ്റ വിചാരണയിലെ വെറുമൊരു നായയായി ഒരു മനുഷ്യനെ അവസാനിപ്പിക്കുന്നതിനെക്കാള്‍ ന്യായമാണ് ആ വിധി .

Tuesday, 12 July 2011

ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെട്ട നീല ഞരമ്പുകള്‍ .




അവളുടെ സമൃദ്ധമായ പിന്‍പുറത്തേക്ക് അയാള്‍ നോക്കിയില്ല , അതിന്റെ ഓര്‍മ്മ നുണഞ്ഞ് കൊണ്ട് പള്ളിത്തണുവിന് ആലിലയില്‍ അയാള്‍ കിടന്നു - ഖസാക്കിന്റെ ഇതിഹാസം .


മൈമുനയുടെ ആലസ്യമാര്‍ന്ന തിരിഞ്ഞ് നടപ്പില്‍ നിതംബത്തിന്റെ താളത്തില്‍ തിങ്ങിയ , കുളിച്ചീറനായ ഉടുമുണ്ടും - അതില്‍ പള്ളിപ്പറമ്പിലെ മണ്ണ് പറ്റിപ്പിടിച്ചിട്ടുണ്ടാവണം , ഈറനിറ്റു വീഴുന്ന തലമുടിയുടെ കറുപ്പും തെറുത്ത് കയറ്റിയ കൈത്തണ്ടയിലെ നീല ഞരമ്പുകളും ഒരു പാട് രാത്രികളിലെ ഇരുട്ടില്‍ എന്റെ കണ്ണില്‍ തെളിഞ്ഞിരുന്നു . ഒരു വാചകത്തിന്റെ സങ്കല്പ ചിത്രത്തിനായി ഒരു പാ‍ട് രാത്രികളെ നിദ്രാവിഹീനമാക്കിയിട്ടുണ്ട് എന്ന് പറയാന്‍ ജാള്യം തോന്നേണ്ടതുണ്ടോ ? ഒരു പക്ഷെ അക്കാലത്തതൊരു വിചിത്രമായ ഭാവനയുടെ അരികു ചേര്‍ന്നു പോകുന്ന ഒരു വികാരം മാത്രമായിരുന്നിരിക്കണം പക്ഷെ മരുഭൂമിയുടെ താപത്തെ ശമിപ്പിക്കാനായി വളഞ്ഞു പുളഞ്ഞൊഴുകുന്ന അറ്റമില്ലാത്ത മരു ഉറവകള്‍ പോലെ മൈമുനയുടെ ശരീരത്തിലെ നീലഞരമ്പുകള്‍ ഓര്‍മ്മകളായി നില നില്ക്കുന്നുണ്ടിപ്പോഴും .

സ്ത്രീത്വത്തിന്റെ ഏറ്റവും നീചമാ‍യ മാ‍നങ്ങളാല്‍ ആവിഷ്കരിക്കപ്പെട്ട ഒരു കഥാപാത്രം . പ്രണയത്തെയും കാമുകനെയും നിസ്സാരമായി തിരസ്കരിച്ചു കൊണ്ടു വിവാഹിതയാ‍കുന്ന , വൃദ്ധനായ ഭര്‍ത്താവിനെ കബളിപ്പിച്ചു കൊണ്ടു പലരോടൊപ്പം ശയിക്കുന്ന , മദ്യപിക്കുന്ന , പരദൂഷണം ഇഷ്ട നേരമ്പോക്കാക്കിയ , രണ്ടാനമ്മയുടെ എല്ലാ ക്രൂര ഭാവങ്ങളും ഉള്ളിലുറഞ്ഞ ഒരു കഥാപാത്രമെങ്ങനെയാണ് ഇത്ര മാത്രം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നതെന്നതൊരു അല്‍ഭുതമാണ് .

മലയാള സാഹിത്യ ചരിത്രത്തില്‍ ഒരു പാടു സ്ത്രീ കഥാപാത്രങ്ങള്‍ നമ്മളെ തഴുകിത്തലോടിയും നൊമ്പരമുണര്‍ത്തിയും കടന്നു പോയിട്ടുണ്ടെങ്കിലും വായനക്കാരന്റെ സ്ഥിതപ്രജ്ഞയെ ഉണര്‍ത്തി ഒരു നിതാന്ത ഓര്‍മ്മയായി നില നിന്ന കഥാപാത്രങ്ങള്‍ വിരളമാണ് . ഉമ്മാച്ചുവും അഗ്നിസാക്ഷിയിലെ ദേവകി അന്തര്‍ജനവും ബാല്യകാല സഖിയിലെ സുഹറയും മാറ്റാത്തിയിലെ ലൂസിയും മഞ്ഞിലെ വിമലയുമെല്ലാം ഓര്‍മ്മയില്‍ നില നില്‍ക്കുന്ന ചുരുക്കം കഥാ‍പാത്രങ്ങളില്‍ പ്രധാനപ്പെട്ടതു തന്നെയാണ് പക്ഷെ അവരെല്ലാം സഹനത്തിന്റെയും കദനത്തിന്റെയും ഉമിത്തീയില്‍ ജീവിച്ചു തീര്‍ന്ന ജീവിതങ്ങളായിരുന്നു , പറഞ്ഞു ശീലിച്ച പെണ്മയുടെ ത്യാഗനിര്‍ഭര ജീവിതത്തിന്റെ നേര്‍ പതിപ്പുകള്‍ .


ഇന്ദുലേഖയും കള്ളിച്ചെല്ലമ്മയും രാച്ചിയമ്മയും പെണ്മയുടെ വിനീത വിധേയ സങ്കല്പത്തെ ത ന്റേടം കൊണ്ടു അല്പമൊന്നു മാറ്റി എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷെ അവരും വ്യവസ്ഥാപിതമായ പെണ്‍ സങ്കല്പങ്ങളിലെ പ്രണയത്തിന്റെയും ത്യാഗത്തിന്റെയും ഒക്കെ ഉദാത്ത മാതൃകകള്‍ തന്നെയായിരുന്നു . പക്ഷെ മൈമുന പെണ്മയുടെ എല്ലാ പരമ്പരാഗത നായികാ സങ്കല്‍പ്പങ്ങളെയെല്ലാം തച്ചുടച്ചു കൊണ്ടു ഖസ്സാക്കിന്റെ വലിയ ക്യാന്‍വാസില്‍ സ്ത്രൈണമായ അരാജകത്വത്തിന്റെ ഒരു ഛായാചിത്രമായി തെളിഞ്ഞു നിന്നു . മദ്യം നുണഞ്ഞു , ഇഷ്ടപ്പെട്ടവരോടോത്തെല്ലാം രമിച്ചു , കണ ങ്കൈ വരെ തെറുത്തു വെച്ച കൈകളുമായി , പരമ്പരാഗത സദാചാര സങ്കല്പങ്ങളെയെല്ലാം വെല്ലുവിളിച്ചു കൊണ്ടു ഖസ്സാക്കിന്റെ നടുപ്പറമ്പിലൂടെ തളയ്ക്കാനാവാത്ത ഒരു യാഗാശ്വമായി അലഞ്ഞ തിരിഞ്ഞു .


ബിരുദത്തിന്റെ ആദ്യ വര്‍ഷങ്ങളിലെന്നോ വല്ലാതെ ഇഷ്ടം തോന്നിയ ഒരു കൂട്ടുകാരിയോട് , വെളുത്തു മെലിഞ്ഞ അവളുടെ കൈകളിലെ നീല ഞരമ്പുകള്‍ കണ്ടപ്പോള്‍ സങ്കല്പത്തിലെ മൈമുനയെ കണ്ട ഓര്‍മ്മയില്‍ ഒരല്പം കളിയായി ചോദിച്ചു - ഞാന്‍ നിന്നെ മൈമുനയെന്നു വിളിച്ചോട്ടെ എന്ന് - അതു വരെ പ്രണയം നിറഞ്ഞു നിന്ന കണ്ണില്‍ രോഷം കത്തി പിന്നെ ഉരുണ്ടു കൂടിയ കണ്ണീരിന്റെ അകമ്പടിയോടെ , പരിഭവത്തോടെ അവള്‍ പറഞ്ഞു - അങ്ങനെ കണ്ണീക്കണ്ട പെണ്‍കുട്ട്യോള്‍ട പേരൊന്നുമെന്നെ വിളിക്കണ്ടാ - ഖസാക്കിലെ മൈമുനയെ എന്നല്ല ഓ വി വിജയനെ പോലും അറിയാനുള്ള സാധ്യത വിരളമായത്ര സാഹിത്യാവബോധമായിരുന്നു അവള്‍ക്കെന്നറിയാമായിരുന്നതു കൊണ്ട് കൈത്തണ്ടയോളം തെറുത്തു വെച്ചു കുപ്പായമിട്ട, ആരെയും കൂസാതെ , തന്റേടത്തോടെ ഖസ്സാക്കിലൂടെ നടന്ന ഒരു സുന്ദരിപ്പെണ്ണിന്റെ കഥ വിവരിച്ചു കൊടുക്കാന്‍ നിന്നില്ല , കഥ കേട്ടാലൊരു പക്ഷെ അങ്ങനെയൊരു ഒരുമ്പെട്ടോളുമായി താരതമ്യപ്പെടുത്തിയെന്നു പറഞ്ഞു ആ പരിഭവം നിതാന്ത ശത്രുതയായേക്കുമെന്നു അവളുടെ നിഷ്കളങ്കമായ കണ്ണുകള്‍ എന്നെ താക്കീതു ചെയ്തതു കൊണ്ടു മാ‍ത്രം ഞാന്‍ നിശബ്ദനായി അവളുടെ പരിഭവത്തിനെ മാനിച്ചു .


ഖസാക്കിനോടുള്ള പ്രണയം അതിതീവ്രമായ ആ ബിരുദ കാ‍ലഘട്ടത്തില്‍ തന്നെയാണ് തസ്രാക്കിലേക്കു യാത്ര തിരിക്കുന്നത് , അന്നതൊരു അനിവാര്യതയായി ശ്വാസം മുട്ടിച്ചു കൊണ്ടിരുന്നു .പാലക്കാടന്‍ കാറ്റും നരച്ച വെയിലും ആരെയോ പ്രതീക്ഷിച്ചെന്ന പോലെ ഒറ്റക്കൊറ്റക്കു നില്‍ക്കുന്ന കരിമ്പനകളും അങ്ങനെ ഭാവനകളില്‍ വല്ലാതെ ഭ്രമിപ്പിച്ച ഭൂമികയായിലായിരുന്നിട്ടു പോലും എന്റെ അസ്വസ്ഥത നിറഞ്ഞ മനസ്സു തിരഞ്ഞത് മുഴുവന്‍ നടുപ്പറമ്പിലൂടെ കൈത്തണ്ടയോളം തെറുത്തു കയറ്റിയ കുപ്പായക്കയ്യുമായി നടന്നു നീങ്ങുന്ന മൈമുനയെ ആയിരുന്നു .നിരര്‍ത്ഥകമായ ആ അന്വേഷണത്തിന്റെ അന്ത്യം വ്യര്‍ത്ഥമായ വ്യാമോഹമാണെന്നറിഞ്ഞു കൊണ്ടു തന്നെയായിരുന്നു ഖസ്സാക്കിലെ പാതി തണുത്ത വെയിലിന്റെ ചൂടിലൂടെ ഞാന്‍ നടന്നു നീങ്ങിയത് .


ഖസ്സാക്കിന്റെ ഇതിഹാസത്തിലെ മറ്റെല്ലാ കഥാപാത്രങ്ങളും പൂര്‍വ്വ മാതൃകയുടെ ഒരു അച്ചില്‍ രൂപപ്പെടുത്തിയപ്പോള്‍ മൈമുന മാത്രം വെറും സങ്കല്‍പ്പമായിരുന്നു . എല്ലാ കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്ന നിശ്ചിത മാതൃകകള്‍ രവിയും അപ്പുക്കിളിയും ഖാലിയാരും മാധവന്‍ നായരുമെല്ലാം കണ്ട കാഴ്ചകളില്‍ നിന്നു വാര്‍ത്തെടുത്ത കഥാപാത്രങ്ങളായപ്പോള്‍ മൈമുന മാത്രം ഒരിക്കലും അനുഭവിക്കാത്ത, കാണാത്ത ഒരു ഇതിഹാസ കഥാപാത്രമായി .
ഖസാക്കിനെ കുറിച്ചു എഴുതിയ ഇതിഹാസത്തിന്റെ ഇതിഹാസമെന്ന കൃതിയില്‍ ഓ വി വിജയന്‍ പറയുന്നുണ്ട്

"സ്ത്രൈണ സൌന്ദര്യത്തിന്റെ മൂര്‍ച്ഛ സങ്കല്‍പ്പത്തിലാണ് .പ്രതിമയില്‍ , കവിതയില്‍ , ഇതിഹാസത്തില്‍ . മജ്ജയിലും മാംസത്തിലും സ്ത്രീയെ നാം ഉള്‍ക്കൊള്ളുമ്പോള്‍ ആ ഉള്‍ക്കൊള്ളലിന്റെ അനുഭവം പലപ്പോഴും അപൂര്‍ണ്ണമായിരിക്കും .എന്നാല്‍ എനിക്കു മൈമുന പൂര്‍ണ്ണിമയായിരുന്നു .അപസ്വരമോ വിഗന്ധമോ സ്പര്‍ശ ഭംഗമോ ഇല്ലാത്ത രതി നായിക .അങ്ങനെയൊരു സാലഭഞിക ഖസാക്കിന്റെ മൂലഗ്രാമത്തിലൂടെ നടന്നിരിക്കാന്‍ വയ്യ .അവളുടെ കാലടി വീണത് ഇതിഹാസത്തിലാണ് , ഇതിഹാസത്തില്‍ മാത്രം .”



അറുപതേ തോന്നിക്കൂ എന്നു കുപ്പുവച്ചന്‍ പരിഹാസത്തില്‍ പറയുന്ന അമ്പതുകാരനായ , വികൃതരൂപിയായ ചുക്രു റാവുത്തരുമായി മൈമുനയുടെ വിവാഹം ഉറപ്പിക്കുമ്പോള്‍ പലരും പ്രവചിക്കുന്നുണ്ട് ഈ വിവാഹം നടക്കില്ലെന്നു പക്ഷെ എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചു കൊണ്ട് മൈമുന ചുക്രു റാവുത്തരുടെ മണവാട്ടിയായി ,മൈമുന പ്രണയങ്ങളെ അതിന്റെ വന്യമായ ഭാവങ്ങളില്‍ അനുഭവിച്ചു , അവള്‍ക്കാരോടും പരിഭവമോ പരാതിയോ തോന്നിയില്ല
വൃദ്ധനും വിരൂപനുമായ ഒരാളായിരുന്നിട്ട് പോലും പാതിരക്കു പായലു പിടിച്ചു കൂടു പറ്റുന്ന മുങ്ങാങ്കുഴിയായ ചുക്രു റാവുത്തറെ അവള്‍ മടിയില്‍ കിടത്തുകയും കൊഞ്ചിക്കുകയും ചെയ്ത .അതേ മൈമുന തന്നെ സയ്യിദ് മിയാന്‍ ഷെയ്ക്കിന്റെപ്രതി പുരുഷനായ നൈസാമലിക്കു മുന്നില്‍ ഈറനഴിച്ചു വെച്ചു കൊണ്ടു ഇണ ചേര്‍ന്നു . പിഴച്ചു പോകാതിരിക്കാനായി നൈസാമലി അരയില്‍ ജപിച്ചു കെട്ടിയ രക്ഷ അഴിച്ചു വെച്ച് ആലസ്യമാര്‍ന്ന അരക്കെട്ടുമായി രവിയുടെ മുന്നില്‍ നില്‍ക്കുമ്പോഴും അശേഷം കുറ്റബോധം തോന്നാതെ അവള്‍ പ്രണയിച്ചു .പ്രണയത്തിന്റെ വിവിധ ഭാവങ്ങളായിരുന്നു അത് . പകലന്തിയോളം കിണറുകളില്‍ ഊളിയിട്ടു അന്തിക്കു കൂടണയുന്ന ഭര്‍ത്താവിനെ വാത്സല്യത്തോടെ , പഴയ കാമുകനായ നൈസാമലിക്കു മുന്നില്‍ പാരവശ്യത്തോടെ .ഏകാധ്യപക വിദ്യാലയത്തിലെ “ മാഷ്ടറെ “ സ്നേഹബഹുമാനത്തോടെ അങ്ങനെ വിവിധ ഭാവങ്ങളില്‍ സ്ത്രീത്വത്തിന്റെ നിറവായി മാറി .

രവിയും മാധവന്‍ നായരും അള്ളാ പ്പിച്ചാ മൊല്ലാക്കയും അടക്കമുള്ള ഖസ്സാ‍ക്കിലെ കഥാപാത്രങ്ങളെല്ലാം പങ്കു വെക്കുന്ന ഏക താനമായ വിഷാദ ഭാവത്തില്‍ നിന്നു വിഭിന്നയാണ് മൈമുന . പാപ ബോധത്തിന്റെ അകാരണമായ വിഷാദത്തിന്റെ തടവിലകപ്പെട്ട കഥാപാത്രങ്ങള്‍ക്കിടയില്‍ മൈമുന ജീവിതത്തിന്റെ ഓരോ നിമിഷത്തെയും പ്രണയിക്കുകയും ആസ്വദിക്കുകയും ചെയ്തു .കര്‍മ്മ ബന്ധത്തിന്റെ സമസ്യകളില്ലാതെ നിമിഷങ്ങളില്‍ ജീവിച്ചു കൊണ്ടൂ മൈമുന മാത്രംഖസ്സാക്കിലെ ഇരുണ്ട കരിമ്പന കൂട്ടത്തിലൊരു നിശാഗന്ധിയായി വേറിട്ടു നിന്നു .

നിസ്സംഗതയും നിര്‍മമതയുമായിരുന്നു പ്രണയത്തിന്റെ , വികാരത്തിന്റെ എല്ലാം പാരമ്യത്തിലും മൈമുനയുടെ സ്വത്വം .
സുരതക്രിയയുടെ അന്ത്യത്തില്‍ അള്ളാപ്പിച്ചാമൊല്ലാക്കയുടെ ശവശരീരം വഹിച്ചുള്ള വിലാപ യാത്രയിലും വല്ലാത്ത നിസ്സംഗതയോടെ മൈമുന പ്രതിവചിച്ചു - ശവം “ . പിതാവ് ഇഷ്ടമില്ലാത്ത വിവാഹത്തിന് പ്രേരിപ്പിച്ചപ്പോഴും വൃദ്ധനായ ഒരാളെ വിവാഹം കഴിക്കേണ്ടി വന്നപ്പോഴും നിറഞ്ഞു നിന്ന അതേ നിസ്സംഗത തന്നെയായിരുന്നു അവിടെയും പ്രകടമായത്

രാജാവിന്റെ പള്ളിയില്‍ ഇരുട്ടത്ത് .പൊടിയുടെ ഗന്ധം .ചന്ദനത്തിരിയുടെ ഗന്ധം .വാറ്റു ചാരായം നിറച്ച സ്ഫടിക ക്കുപ്പി രവി മൈമുനയുടെ നേര്‍ക്കു ചെരിച്ചു .അവള്‍ ചുണ്ടുകള്‍ വിടര്‍ത്തി .അവയുടെ ചുവപ്പും ദൈര്‍ഘ്യവും രവിക്കു കാണാന്‍ വയ്യായിരുന്നു .അവയുടെ നനവറിഞ്ഞതേയുള്ളൂ .
"ഇനീം ?"
"ഉം "
"എങ്ങനിരിക്കണൂ ?"
" ചൂടു സൊഹം !"

രവി ചുമരു ചാരിയിരുന്നു .പുറത്തു മീസാന്‍ കല്ലുകളില്‍ രാത്രി നീലച്ചു .
"കേട്ടോ ?" മൈമുന പെട്ടെന്നു പറഞ്ഞു .
രവി ചെകിടോര്‍ത്തു
"എന്താത് ?"
മൈമുന എണീറ്റു.. നിലത്തെ പൊടിയില്‍ നിന്നും നിഴലില്‍ നിന്നും ഉടുപുടയില്ലാതെ അവളുയര്‍ന്നു . പള്ളി വാതിലിലൂടെ അവള്‍ അകലേയ്ക്കു നോക്കി . അകലെ : “ലായിലാഹ ഇല്ലല്ലാഹ് ലായിലാഹ ഇല്ലല്ലാഹ് വാറ്റു ചാരായത്തിന്റെ തെളിമയോടെ ആ വിളി വന്നു. “എന്താത് ? രവി വീണ്ടും ചോദിച്ചു മൈമുന പറഞ്ഞു “ശവം “


തീക്ഷ്ണമായ അനുഭവ പരിസരങ്ങളിലൂടെയെല്ലാമുള്ള സഞ്ചാരത്തിലും തന്റേതായ വ്യക്തിത്വം അതിവൈകാരികതയുടെ നിറക്കൂട്ടുകളില്ലാത്ത നിര്‍മമതയായി കാത്തു സൂക്ഷിക്കാന്‍ മൈമുനക്കു കഴിഞ്ഞു , ധ്യാനം നിറഞ്ഞ ഒരു പ്രണയാനുഭവമായി മൈമുന നില നില്‍ക്കുന്നു . ആ സങ്കല്പ ലോകത്തില്‍ മൈമുന നിത്യയൌവനത്തിന്റെ പ്രസരിപ്പില്‍ ഇപ്പോഴും ഒരു യാഗാശ്വമായി ഏതൊക്കെയോ നാട്ടിടവഴികളില്‍ നടന്നു നീങ്ങുന്നുണ്ടാകണം , പ്രലോഭനം നിറച്ചു വെച്ച നീല ഞരമ്പുകളുമായി .



Picture - Beutiful women by Misti Pavlov

Thursday, 7 July 2011

സാല്‍ വാ ജുദൂം : സര്‍ക്കാര്‍ സ്പോണ്‍സേഡ് തീവ്രവാദം




ചിലപ്പോഴൊക്കെ നമ്മുടെ നീതിന്യായ പീഠങ്ങള്‍ നീതിക്കും ന്യായത്തിനും വേണ്ടി ഭരണ കൂടങ്ങളെ വിമര്‍ശിക്കുന്നതു നമുക്കു കാണാന്‍ കഴിയുന്നു എന്നതു വല്ലാത്തൊരു ശുഭാപ്തിയാണ് നല്‍കുന്നത് . നക്സലുകളെ നേരിടാനെന്ന പേരില്‍ നിരക്ഷരരായ ആദിവാസികള്‍ക്കു ആയുധങ്ങള്‍ കൊടുത്തു ഒരു രാജ്യത്തെ പൌരന്മാരെ പരസ്പരം കൊല്ലിക്കുന്ന “സാല്വാ ജുദൂം എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂഹ്യ പ്രവര്‍ത്തകരായ നന്ദിനി സുന്ദര്‍ , രാമചന്ദ്ര ഗുഹ എന്നിവര്‍ നല്‍കിയ പൊതു താല്പര്യ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതിയാണ് ഭരണ കൂടങ്ങളുടെ നടപടിയെ വിമര്‍ശിച്ചു കൊണ്ടു നക്സലുകളെ നേരിടാന്‍ എന്ന പേരില്‍ തദ്ദേശീയരായ ആദിവാസികള്‍ക്കു ആയുധം നല്‍കുന്ന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ നടപടി ഭരണ ഘടനാ വിരുദ്ധമാണെന്നുള്ള സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചിട്ടുള്ളത് .

സാല്വാ ജുദൂം എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് സായുധ സംഘം .

സാല്വാ ജുദൂം എന്ന പദത്തിനു തദ്ദേശീയ ഭാഷയിലെ അര്‍ത്ഥം സമാധാന മാര്‍ച്ച് എന്നാണെങ്കിലും സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന ആയുധങ്ങളും പരിശീലനങ്ങളുമാണ് ഈ “സമാധാന മാര്‍ച്ചിന്റെ “ പിന്‍ ബലം . Forum for Fact-finding Documentation and Advocacy (FFDA) ഒരന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പതിനായിരത്തോളം കുട്ടികള്‍ സാല്വാ ജുദൂമിനു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു കണ്ടെത്തുകയുണ്ടായി .ഒരു രാജ്യത്തെ കുട്ടികള്‍ക്കു അര്‍ഹമായ വിദ്യാഭ്യാസവും സൌകര്യങ്ങളും കൊടുക്കേണ്ടതിനു പകരം ആയുധം കൊടുത്തു യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരു ഭരണ കൂടത്തെ എന്തു ന്യായത്തിന്റെ പേരിലായാലും എങ്ങനെയാണ് ന്യായീകരിക്കുക ?. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള 2008 ,2009 ,2010 റിപ്പോര്‍ട്ടുകളില്‍ ഗവണ്മെന്റ് സ്പോണ്‍സേഡ് തീവ്രവാദമായ സാല് വാ ജുദൂമിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും മാവോയിസ്റ്റുകളും സാല്‍ വാ ജുദൂം അംഗങ്ങളും തമ്മിലുള്ള ഏറ്റ് മുട്ടലില്‍ കൊല്ലപ്പെടുകയും പാലായനം ചെയ്യപ്പെടുകയും ചെയ്യുന്ന ആദിവാസികളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് .ഏകദേശം അമ്പതിനായിരത്തോളം ആളുകള്‍ ഡന്റേവാഡയില്‍ നിന്ന് മാത്രം പാലായനം ചെയ്യപ്പെടുകയോ കുടിയൊഴിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു .

ഇന്‍ഡ്യയിലെ ഏറ്റവുംദരിദ്രമായ ജനങ്ങള്‍ ജീവിക്കുന്ന ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് നക്സല്‍ ശക്തികേന്ദ്രമായ ഡന്റേവാഡ കൂടി അടങ്ങുന്ന ചത്തിസ് ഗഡ് . പ്രകൃതി ധാതു വിഭവങ്ങളുടെ അമൂല്യമായ കലവറ .ഈയൊരു പ്രത്യേകത തന്നെയാണ് ആ മേഖലയിലെ കോര്‍പ്പറേറ്റ് - ഗവണ്മെന്റ് താല്പര്യങ്ങളുടെയും അധിനിവേശങ്ങളുടെയും കാരണം . ആ മേഘലയില്‍ ഇടക്കിടെ സംഭവിച്ച് കൊണ്ടിരിക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങളുടെ വാര്‍ത്തകള്‍‍ പൊതുജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ട് . ഭാവിയില്‍ ഉണ്ടായേക്കാവുന്ന വന്‍ മാവോയിസ്റ്റ് സായുധ കലാപത്തിന്റെ ഭീതിതമായ ആശങ്കകള്‍ സൃഷ്ടിക്കുന്നു . പക്ഷെ ഇന്‍ഡ്യയിലെ സമാന്തര ഗവണ്മെന്റെന്നൊക്കെ പറയുന്ന മാവോവാദികളുടെ ആസ്ഥാനമായ ചുവന്ന ഇടനാഴിയുടെ ഭൂമിശാസ്ത്രപരമായ അപനിര്‍മ്മാണത്തിനൊടുവില്‍ കിട്ടുന്ന സ്ഥിതി വിവരക്കണക്കുകളുടെ ഏകദേശ രൂപമിങ്ങനെയാണ് -

ചുവപ്പു പരവതാനിയുടെ കോര്‍പ്പറേറ്റ് ഭൂമിശാസ്ത്രം

ഡന്തേവാഡ [ചത്തിസ് ഗഡ് ] - ടാറ്റാ സ്റ്റീല്‍ & എസ്സാര്‍ , നിയമഗിരി - മല്‍ക്കാന്‍ ഗിരി - ലഞ്ചിഗഡ് - ജാര്‍സ് ഗുഡ {ഒറീസ ] -വേദാന്ത , കൊല്‍ഹാന്‍ -ഝാര്‍ഖണ്ട് - ജിണ്ടാല്‍ സ്റ്റീല്‍ &വേദാന്ത , ലാല്‍ഗഡ് - ജിണ്ടാല്‍ സ്റ്റീല്‍ & ടാറ്റാ ,കോര്‍ബാ ചത്തിസ് ഗഡ് - വേദാന്ത , ആന്ധ്രാപ്രദേശിലെ നക്സല്‍ ഭീഷണി സജീവമായി നില നില്‍ക്കുന്ന മേഖലകളെല്ലാം ഖനിവ്യവസായികളുടെ അധീനതയിലുമാണ്. സാധാരണക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും പോലും പ്രവേശിക്കാന്‍ സാധ്യമല്ലാത്തത്ര മാവോയിസ്റ്റ് ആക്രമണ ഭീതി നിലനില്‍ക്കുന്ന നക്സല്‍ മേഖലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതും പ്രവര്‍ത്തനാനുമതി ലഭിച്ചതുമായ ബഹുരാഷ്ട്ര കമ്പനികളാണ് മേല്‍പ്പറഞ്ഞത് .


ഇന്‍ഡ്യയൊട്ടാകെ പിടിച്ചെടുക്കുമെന്ന് മാധ്യമങ്ങളെല്ലാം ഭീതി പരത്തുന്ന കരുതപ്പെടുന്ന മാവോയിസ്റ്റ് ഭീകരന്മാരുടെ താവളങ്ങളിലാണ് വര്‍ഗ്ഗ ശത്രുക്കളായ ബഹുരാഷ്ട്ര കുത്തകകള്‍ വര്‍ഷങ്ങളായി സുഗമമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് . മാവോയിസ്റ്റുകളുടെ ഉന്മൂലന സിദ്ധാന്തത്തിന്റെ വലിയ ആദര്‍ശങ്ങളെ ഒഴിച്ച് നിര്‍ത്തി സാമാന്യ യുക്തിയില്‍ നോക്കിയാല്‍ പോലും സ്വാഭാവികമായും ഇത്തരം ബഹുരാഷ്ട്ര കുത്തകകള്‍ മാവോവാദികളുടെ സ്വാധ്വീനശക്തിയായ‍ ഈ പ്രദേശങ്ങളില്‍ നിന്ന് നിരന്തര ഭീഷണി നേരിട്ട് കൊണ്ട് എല്ലാ പരിപാടികളും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടതാണ് ,പക്ഷെ ഇതപര്യന്തമുള്ള മാവോയിസ്റ്റ് - നക്സലൈറ്റ് ആക്രമണങ്ങളിലൊന്നും തന്നെ ഈ ബഹുരാഷ്ട്ര കമ്പനികളിലെ തൊഴിലാളികള്‍ക്കൊ ഉദ്യോഗസ്ഥര്‍ക്കോ എന്തിന് കമ്പനികളുടെ എന്തെങ്കിലും സ്വത്ത് വകകള്‍ക്ക് പോലുമോ അപായം സംഭവിച്ചതായി കേട്ട് കേള്‍വിയില്ല , അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പതിനാറ് കോളം വാര്‍ത്തയാവേണ്ടതാണല്ലോ മാവോവാദികളുടെ പ്രധാന പണി കാടിറങ്ങി വന്ന് ഏതെങ്കിലും ലോക്കല്‍ പോലീസ് സ്റ്റേഷന് തീയിടുകയോ , പാവപ്പെട്ട ഗ്രാമീണരെ വെടി വെച്ച് കൊല്ലുകയോ മാത്രമാണ് ,പിന്നെ കൊടും കാട്ടില്‍ എന്തിനെന്നറിയാതെ പെട്ട് പോകുന്ന സി ആര്‍ പി എഫുകാരെയും മറ്റ് സൈനികരെയും തരം കിട്ടുമ്പോള്‍ തട്ടുക .കാട്ടില്‍ സ്വന്തമായി ചവിട്ടി മെതിക്കാന്‍ കരിമ്പിന്‍ തോട്ടമുള്ള ആനക്കൂട്ടം നാട്ടില്‍ വന്ന് ഉണക്കപ്പുല്ല് തിന്ന് വിശപ്പടക്കുന്നു എന്ന് പറയുന്ന പോലെ നമ്മുടെയൊക്കെ യുക്തിബോധത്തിന് കാര്യമായ തകരാറ് സംഭവിച്ചുവെന്ന് സംശയം തോന്നെണ്ട കാര്യങ്ങളാണിതെല്ലാം .


ഇതിനെക്കുറിച്ച് രണ്ട് വാദങ്ങളാണ് നിലനില്‍ക്കുന്നത് ഒന്ന് - അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്‍ഡ്യ പിടിച്ചടക്കാന്‍ സജ്ജരായ അതിഭീകരരായ മാവോവാദികള്‍ക്ക് അവരുടെ പ്രഖ്യാപിത താവളമായ ചുവപ്പന്‍ ഇടനാഴിയില്‍ വെച്ച് ഒന്ന് തൊടാന്‍ പോലും പറ്റാത്തത്ര ശക്തരാണ് ഈ ബഹുരാഷ്ട കമ്പനികള്‍ അല്ലെങ്കില്‍ അതിന് കഴിയാത്ത ദുര്‍ബലരാണ് മാവോവാദികള്‍ രണ്ടാമത്തെ വാദം നിഷ്പക്ഷമതികളായ ചിലര്‍ പറയുന്ന പോലെ ആദിവാസികളുടെ പേര് പറഞ്ഞ് ബഹുരാഷ്ട്ര കമ്പനികളുടെ കപ്പം വാങ്ങി അവരുമായി അവിശുദ്ധമോ വിശുദ്ധമോ ആയ ഒരു ബന്ധം കാത്ത് സൂക്ഷിച്ച് കാട്ടിനകത്ത് ദശകോടി സമ്പത്തുമായി കഴിയുന്നവരാണ് മാവോവാദികള്‍ , രണ്ടായാലും ഇതിനിടക്ക് നിരാലംബരായ ലക്ഷക്കണക്കിന് ആദിവാസികളുണ്ട് , ഓരോ വലിയ പദ്ധതിയുടെയും പിന്നാലെ എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യപ്പെടുന്ന നിരക്ഷരരായ ദരിദ്രനാരായണന്മാര്‍ . ഓരോ പദ്ധതികള്‍ക്കുമൊപ്പം അഭയാര്‍ത്ഥികളാകേണ്ടി വന്ന നാല് കോടിയിലേറെ ആളുകള്‍ ഇന്‍ഡ്യയിലുണ്ടെന്നാണ് ഏറ്റവും ലളിതമായ കണക്ക് ഇത് കൂടാതെ ഏത് നിമിഷവും അഭയാര്‍ത്ഥികളാകേണ്ടി വരുമെന്ന ഭീഷണിയില്‍ നില നില്‍ക്കുന്ന വേറെയും കുറച്ച് കോടികള്‍‍ . ഈ ജനങ്ങള്‍ക്ക് മാവോയെയുമറിയില്ല ചിദംബരത്തെയുമറിയില്ല ഒരു നേരത്തെ ഭക്ഷണത്തിന് തല ചായ്ക്കാനൊരു കൂരക്ക് എന്താണൊരു പോംവഴി എന്നത് മാത്രമാണ് നിരക്ഷരരായ അവരുടെ മുന്നിലുള്ള ദാര്‍ശനികമായ ഏക സമസ്യ .

രാജ്യത്തിന്റെ സമാന്തര ഭരണകൂടം നില നില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന ഈ വന മേഖലകളില്‍ ഖനനത്തിനും വന്‍ കിട വ്യവസായങ്ങള്‍ക്കുമായി 100 കണക്കിന് അനുമതി പത്രങ്ങളാണ് ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുമായി രഹസ്യമായും പരസ്യമായും ഗവണ്മെന്റ് യു പി എ ഗവണ്മെന്റും അതത് സംസ്ഥാന ഗവണ്മെന്റുകളും ഒപ്പ് വെച്ചിരിക്കുന്നത് .ഇതിന്റെ പ്രയോഗവല്‍ക്കരണത്തിന് തദ്ദേശീയരായ വനവാസികളെയും ദളിതരെയും ഒഴിവാക്കാതെ സാധ്യമല്ല എന്നത് ഭരണകൂടങ്ങള്‍ക്ക് വ്യക്തമായറിയാം .അത് കൊണ്ട് അവരെ കുടിയൊഴിപ്പിക്കാനുള്ള ന്യായമായ തന്ത്രങ്ങള്‍ മാത്രമാണ് ഈ മാവോവാദികളില്‍ നിന്നുള്ള സൈനിക സംരക്ഷണവും സാല്‍ വാ ജുദുമും .പൊതു സമൂഹത്തില്‍ ചുവപ്പന്‍ ഭീകരതയെക്കുറിച്ചുള്ള ഭീതി നിര്‍മ്മിക്കുക , അത് പ്രചരിപ്പിക്കുക അത്തരം മേഖലകളില്‍ സാമാന്യമായുണ്ടാകുന്ന ബാഹ്യ ഇടപെടലുകളെ തടഞ്ഞ് മേഖലകളെ പ്രാന്തവല്‍ക്കരിക്കക എന്നതാണിതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം .ചിദംബരത്തിനറിയുമോ എന്നറിയില്ല നാട്ടുമ്പുറത്തൊരു ചൊല്ലുണ്ട് “വെടക്കാക്കി തനിക്കാക്കുക “ , രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ധാതു നിക്ഷേപങ്ങളുടെ ഭൂമിശാസ്ത്ര പരമായ ഒരു വിശകലനത്തിലൂടെ ലളിതമായി മനസ്സിലാക്കാനാവുന്നതാണ് ഗ്രീന്‍ ഹണ്ട് ഓപറേഷന്റെയും സാല്‍ വാ ജുദൂം എന്ന തമ്മില്‍ തല്ലിക്കല്‍ പൊറാട്ട് നാടകത്തിന്റെയും നാനാര്‍ത്ഥങ്ങള്‍ .

മാവോവാദികളുടെ ഏറ്റവും ശക്തമായ താവളമായി വിവക്ഷിക്കപ്പെടുന്ന ഡന്റേവാഡയിലാണ് ഗ്രീന്‍ ഹണ്ട് ഓപ്പറേഷനും സാല്വാ ജുദൂമും ഏറ്റവും ശക്തം . ഡന്റേവാഡയിലെ നിരന്തര സംഘര്‍ഷങ്ങള്‍ക്കും പാലായനങ്ങള്‍ക്കുമിടയില്‍ കൂട്ടി വായിക്കാവുന്ന ഒരു സംഭവമുണ്ട് .നിയമഗിരിയിലെ ഖനനത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്വേദാന്തയെ സംബന്ധിച്ച വലിയ തിരിച്ചടി തന്നെയായിരുന്നു കാരണം നിയമഗിരിയിലെ ബോക്സൈറ്റ് ഖനനത്തിന്റെ പ്രതീക്ഷയിലാണ് ലഞ്ചിഗഡിലെ വേദാന്തയുടെ അലുമിനിയം പ്ലാന്റ് 6 മടങ്ങ് വര്‍ദ്ധിപ്പിച്ചത് . നിയമഗിരിയില്‍ അന്താരാഷ്ട്ര ശ്രദ്ധ കിട്ടിയത് കൊണ്ട് തന്നെ സമീപ ഭാവിയില്‍ അവിടെയൊരു ഖനനത്തിന് സാധ്യത കുറവാണ് ലഞ്ചിഗഡിലെ വിപുലീകരിച്ച അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ലഭിക്കാനുള്ള അടുത്ത പോംവഴി ഡന്റേവാഡയിലെ സമ്പന്നമായ ഖനനഭൂമി മാത്രമാണ് .പക്ഷെ മാവോവാദികളുടെ പ്രതിരോധങ്ങള്‍ക്ക് മുമ്പില്‍ അത് സാധ്യമാകില്ലെന്ന നിലയാണ് നിലവിലുള്ളത് .അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക ഡന്റേവാഡയിലെ പ്രതിരോധങ്ങളെ ഏറ്റവും പെട്ടെന്ന് തന്നെ അടിച്ചമര്‍ത്തുക . പറയത്തക്ക പ്രകോപനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഒഴിപ്പിക്കലിന് ഫലപ്രാപ്തി പെട്ടെന്നുണ്ടാകാനായിരിക്കണം ഡന്റേവാഡയില്‍‍ സൈനിക വിന്യാസവും ധ്രുതഗതിയിലാക്കിയത് . 76 ഇന്‍ഡ്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഡന്റേവാഡ കൂട്ടക്കൊലക്ക് ശേഷം ഔദ്യോഗികമായ ദുഖപ്രകടനത്തിന് പോലും നില്‍ക്കാതെയാണ് ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി വന്നാല്‍ വായു സേനയെ നിയോഗിക്കും എന്ന് പ്രഖ്യാപിച്ചത് പക്ഷെ തന്റെ രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വായുസേനയെ ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്ന വായു സേനാ തലവന്റെ ധീരമായ തീരുമാനത്തിന് മുമ്പില്‍ ആ തീരുമാനം ഉപേക്ഷിക്കപ്പെടുകയായിരുന്നു . ഒരു രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ആഭ്യന്തര മന്ത്രി ആ രാജ്യത്തെ തന്നെ ജനങ്ങള്‍ക്ക് മേല്‍ ആകാശത്ത് നിന്ന് ബോംബുകള്‍ വര്‍ഷിച്ച് ഉന്മൂലനം ചെയ്യാന്‍ തിടുക്കം കൂട്ടുന്ന വികാരം രാജ്യസ്നേഹത്തിന്റെ ഏത് നിര്‍വചനത്തിലാണ് വരിക ? .

മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍

ഹിമാംശു കുമാര്‍ അറിയപ്പെടുന്ന ഒരു ഗാന്ധിയനാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 1992 മുതല്‍ ചത്തിസ് ഗഡിലെ ആദിവാസി മേഖലയായ ഡന്റേവാഡയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കുമായി വനവാസി ചേതനാ ആശ്രമം എന്നൊരു സംഘടന സ്ഥാപിച്ച് കൊണ്ട് ഗാന്ധിയന്‍ പ്രവര്‍ത്തന മാതൃകകളുമായി അവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ യത്നിച്ചിരുന്നു . പക്ഷെ 2009 മേയ് മാസത്തില്‍ യാതൊരു വിധ മുന്നറിയിപ്പുകളുമില്ലാതെ ചത്തിസ് ഗഡ് പോലീസ് ഈ ആശ്രമം തകര്‍ത്ത് കളഞ്ഞു . 2005 മുതല്‍ സാല്‍ വാ ജുദൂം എന്ന സംസ്ഥാന സര്‍ക്കാര്‍ പരിശീലനം കൊടുക്കുന്ന തീവ്രവാദ പദ്ധതിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് ഹിമാംശു കുമാര്‍ നല്‍കിയ 600 ഓളം പരാതികളാണ് സംസ്ഥാന ഗവണ്മെന്റിനെ പ്രകോപിപ്പിച്ചത് . പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പോലും ആയുധം കൊടുത്തും അവരെ അക്രമത്തിന് പ്രേരിപ്പിച്ചും മേഖലയില്‍ സംഘര്‍ഷം നില നിറ്ത്തുക , ഇത പര്യന്തമുള്ള മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരിച്ചതിലേറെ ജനങ്ങള്‍ സാല്‍ വാ ജുദൂമുമായുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഡന്റേവാഡയില്‍ നടക്കുന്ന വ്യാജ ഏറ്റ് മുട്ടലുകളെക്കുറിച്ച് പോലീസ് അതിക്രമങ്ങളെക്കുറിച്ച് പുറം ലോകം അറിയരുത് , അത്തരം സാധ്യതകളെ ഒഴിവാക്കി ഏറ്റവും പെട്ടെന്ന് ഡന്റേവാഡയിലെ പ്രതിരോധങ്ങളുടെ ഒച്ചയടപ്പിച്ച് തദ്ദേശീയരെ ഒഴിപ്പിച്ചെടുക്കേണ്ടതുണ്ട് . ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റിന് മറ്റ് സാധ്യതകളൊന്നും തല്‍ക്കാലം നിലവിലില്ലല്ലൊ . നാളെ ഗാന്ധിയനായ ഹിമാംശു കുമാര്‍ അറസ്റ്റിലായി ജീവപര്യന്തത്തിന് വിധിക്കപ്പെട്ടാലും അല്‍ഭുതമൊന്നുമില്ല ഗാന്ധിജിയും ബാബാ ആംതെയും മരിച്ച് പോയതെത്ര നന്നായി !!!

സ്വാമി അഗ്നിവേശിനെപ്പോലെയുള്ള സാമൂഹ്യ പ്രവര്‍ത്തകര്‍ ചത്തിസ്ഗഡിലെ ആദിവാസി മേഖലകള്‍ സന്ദര്‍ശിക്കുന്നതിനിടെ സാല്വാ ജുഡൂമിന്റെയും പോലീസിന്റെയും സംയുക്ത ആക്രമണത്തിനിരയായെന്നു സ്വാമി അഗ്നിവേശ് കോടതിയെ സമീപിച്ചിരുന്നു . ആ മേഖലകളില്‍ ഗവണ്മെന്റു അനുവര്‍ത്തിക്കുന്ന തന്ത്രമാണ് പുറത്തു നിന്നു ആരെയും അവിടേക്കു പ്രവേശിപ്പിക്കാതിരിക്കുക , അവിടെയുള്ളവരെ പുറം ലോകത്തിനു പരിചയപ്പെടുത്താതിരിക്കുക അതു ഒറ്റപ്പെട്ട ഒരു ഭീകര ലോകമായി നില നിര്‍ത്തുക .

ആദിവാസികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ, സമരങ്ങളിലേര്‍പ്പെടുന്നവരെ രാജ്യത്തിനെതിരായാണ് എന്ന ധാരണ പരത്തുന്നു , ആ നിഴലിന്റെ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട് ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന് മുദ്രണം ചാര്‍ത്തി ഏത് നിമിഷവും രാജ്യദ്രോഹിയാക്കി മാറ്റാനുള്ള ഒരു സംവിധാനത്തെ വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിക്കൊണ്ട് ഓരോ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു . ചത്തിസ് ഗഡും ഝാര്‍ഖണ്ടും ഒറീസ്സയുമാണ് ഇന്ന് രാജ്യത്തെ ഏറ്റവും സമ്പന്നമായ ഭൂമിയുള്ളതും ഏറ്റവും ദരിദ്രരായ ജനതയുള്ളതും അവിടത്തെ ഭൂമി കൈക്കലാക്കുക എന്നത് മാത്രമാണ് ബഹുരാഷ്ട്ര കുത്തകകളുടെ ഉദ്ദേശം അതിന് വേണ്ടി ചുവപ്പന്‍ ഇടനാഴിയെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പാലായനം ചെയ്യിക്കുക അതിനെതിരെ ശബ്ദിക്കുന്നവരെ മാവോയിസത്തിന്റെ പേരില്‍ തടവിലാക്കുക .

കോടികളുടെ പ്രകൃതി വിഭവങ്ങള്‍ക്ക് മുകളില്‍ അധിവസിക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടേണ്ടി വരുകയും , പുറമെ നിന്നാരൊക്കെയോ വന്ന് അവരുടെ പ്രകൃതിയെ അപഹരിച്ച് കൊണ്ട് പോകുന്ന കാഴ്ച കണ്ട് നിസ്സഹയാരായി പോകുന്ന ആദിവാസികള്‍ കാത്ത് വെച്ച നിധിക്കൊപ്പം ജീവിതവും ചിലപ്പോള്‍ ജീവനും നഷ്ടപ്പെടുന്ന നാഗത്താന്മാരുടെ കെട്ട് കഥയുടെ വേദനിപ്പിക്കുന്ന പുനരാഖ്യാനമാണ് .

ഗ്രീന്‍ ഹണ്ട് ഓപറേഷനില്‍ കൊല്ലപ്പെടുന്നവരുടെ ഒക്കെ കണക്ക് പുറത്ത് വരുമ്പോള്‍ മാവോവാദികള്‍ കൊല്ലപ്പെട്ട കണക്ക് മാത്രമാണ് വരിക . സാധാരണ ആദിവാസികളില്‍ നിന്നും എങ്ങനെ വേര്‍തിരിച്ചറിഞ്ഞു കൊല്ലാം ? വളരെ നിസ്സാരമാണത് കൊല്ലപ്പെട്ട് കഴിയുമ്പോള്‍ ഏത് സാധാരണ ആദിവാസിയും മാവോ വാദികളാവും അല്ലെന്ന് പറയാന്‍ തെളിവൊന്നുമില്ലല്ലൊ . ഇന്ന് വരെ മാവോവാദിയല്ലാത്ത ഒരു സാധാരണ ആദിവാസി പോലും ഇത്തരം ഓപറേഷനുകളില്‍ കൊല്ലപ്പെടാത്തതും ഇത് കൊണ്ട് തന്നെയാണ് , കൊല്ലപ്പെടുന്നവരെല്ലാം അതിഭീകരന്മാരായ നക്സലുകളായി പരിണമിക്കുന്ന ജനിതക പ്രക്രിയ ഇതിനിടയില്‍ നടക്കുന്നുണ്ട് .

മാവോയിസ്റ്റുകള്‍ ഗാന്ധിയന്‍ സത്യാഗ്രഹമുറ സ്വീകരിക്കുന്ന അഹിംസാ വാദികളല്ല , തീര്‍ച്ചയായും അവരുടേത് സായുധ സമരം തന്നെയാണ് പക്ഷെ അത്തരമൊരു സായുധ സമരത്തിലേക്കു അവരെ നയിക്കുന്നതു നിവൃത്തികേടും നില നില്‍പ്പും അടങ്ങിയ രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളാണ് അതിനാല്‍ ഈ നക്സല്‍ പോരാട്ടങ്ങളെ രാഷ്ട്രീയമായാണ് നേരിടേണ്ടത് കാരണം മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്ന ഏതാനും ആയിരങ്ങളല്ലാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മേഘലകളില്‍ ജീവിച്ചിരിക്കുന്നുണ്ട് .സൈനിക -സായുധ നീക്കം കൊണ്ട് ഈ മേഖലകളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുനിയുന്നത് നിസ്സഹായരായ ഈ ജനങ്ങളുടെ ദുര്‍വിധിക്കിടയിലേക്ക് ലക്ഷം കോടി രൂപ പ്രതിരോധ ബഡ്ജറ്റില്‍ കണക്ക് കൊള്ളിച്ച് കൊല്ലാക്കൊല ചെയ്യുന്നതിനു തുല്യമാണ് . എന്തായാലും സുപ്രീം കോടതി വിധിയിലൂടെ അവിടെയുള്ള കുഞ്ഞുങ്ങളുടെ കയ്യില്‍ ആയുധം കൊടുക്കുന്ന ഏര്‍പ്പാടിനു പകരം പുസ്തകവും പേനയും കൊടുക്കാന്‍ ഉള്ള സന്മനസ്സ് ഭരണ കൂടങ്ങള്‍ക്കു തോന്നട്ടെ .

Friday, 24 June 2011

രതിലീലയുടെ കുട്ടിയപ്പൻ മാതൃകകൾ

സത്യം ഭാവനയെക്കാള്‍ വിചിത്രമാണ് എന്നു പറഞ്ഞത് ഹാസ്യ സാമ്രാട്ടായ മാര്‍ക് ട്വയിനാണെങ്കിലും അതില്‍ ഫലിതം ലവലേശമില്ല . സര്‍ഗ്ഗാത്മകതയുടെ സത്യസന്ധത ശൂന്യതയില്‍ നിന്നു സൃഷ്ടിക്കപ്പെടുന്നതോ അജ്ഞാതമായ അന്തരീക്ഷത്തില്‍ നിന്നു ഉരുത്തിരിയുന്നതോ അല്ല , അതു സമൂഹ യാഥാര്‍ത്ഥ്യത്തിന്റെ പരിച്ഛേദമാണ് അതു കൊണ്ടു തന്നെ എഴുത്തുകാരന്‍ പ്രവചന ശേഷിയുള്ള ക്രാന്ത ദര്‍ശിയാവണമെന്നു നിര്‍ബന്ധമില്ല , മറിച്ചു വര്‍ത്തമാന കാല സമൂഹത്തെ ശരിയായി നിരീക്ഷിക്കുന്നവനായാല്‍ മാത്രം മതി .പക്ഷെ കഥാകൃത്ത് അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാകുന്നു , കഥയിലെ കഥാപാത്രങ്ങള്‍ നമ്മളല്ല എന്നു സ്വയം വാദിച്ചു ജയിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു .

"തങ്കപ്പന്‍നായര് ചേട്ടാ നിങ്ങളുടെ മകളെ എനിക്കൊന്നു വേണം . ഒരു ആനയുടെ തുമ്പിക്കയ്യില്‍ ചാരി നിര്‍ത്തി എനിക്കൊന്നു ഭോഗിക്കാനാ “

ഉണ്ണി ആര്‍. എഴുതിയ “ലീല “ എന്ന കഥയിലെ കുട്ടിയപ്പന്‍ എന്ന നായക കഥാപാത്രം ഒരു അച്ഛനോടു അയാളുടെ മകളെ പ്രാപിക്കാന്‍ തരുമോ എന്നു യാതൊരു വിധ സങ്കോചവുമില്ലാതെ ചോദിക്കുമ്പോള്‍
സദാചാര പ്രിയരും നന്മ നിറഞ്ഞവരുമായ മലയാളി വായനക്കാര്‍ വായിച്ചത് വിശ്വസിക്കാനാകാതെ പെട്ടെന്ന് തലയൊന്ന് പിന്നോട്ടു വെട്ടിച്ചു , കണ്ണു തുറിച്ചു കൊണ്ട് ആ വാചകങ്ങളെ അറപ്പോടെ , സെന്‍സേഷണലാകാനുള്ള എഴുത്തുകാരന്റെ അഭിവാന്‍ച്ഛയെ പുച്ഛത്തോടെ നോക്കി . പൊതു സദാചാരത്തിന്റെ കൃത്യമായ പരിധിക്കുള്ളില്‍ നിന്നു അസ്വാദകനെ സുഖിപ്പിക്കുന്ന വാക്കുകളൊരുക്കാത്തത് കൊണ്ടാകണം ലീല മലയാളിയുടെ സദാചാര ബോധത്തെ മുറിവേല്‍പ്പിച്ച കൊണ്ടു കടുത്ത വിമര്‍ശനം ഏറ്റു വാങ്ങിയത് . കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ മധുരം നിറഞ്ഞ മൃദു വാക്കുകളില്‍ അവതരിപ്പിച്ചില്ലെങ്കില്‍ സൃഷ്ടി വിമര്‍ശനമേറ്റു വാങ്ങുമെന്നത് മലയാള സാഹിത്യ ലോകത്തെ അലിഖിത നിയമമാണ് . അടിയന്തിരാവസ്ഥയുടെ അരാജകത്വത്തെ കറുത്ത ഫലിതമാക്കി അവതരിപ്പിച്ച “ധര്‍മ്മപുരാണത്തെ“ പലപ്പോഴും അസഭ്യവും അശ്ലീലവുമായി ഗണിക്കുന്നതും ഈയൊരു പതിവു പിന്തുടര്‍ന്നാണ് .

വന്യമായ ലൈംഗിക ഭാവനകളും മനോവൈകല്യമെന്നു സംശയിക്കാവുന്ന പെരുമാറ്റ രീതികളുമുള്ള സമ്പന്നനായ ഒരു മധ്യതിരുവിതാംകൂറുകാരനാണ് കുട്ടിയപ്പന്‍ . അയാളുടെ സന്തത സഹചാരിയായ പിള്ളച്ചന്‍ എന്ന കഥാപാത്രത്തിലൂടെയാണ് കഥ ആഖ്യാനം ചെയ്യപ്പെടുന്നത് . കുട്ടിയപ്പന്‍ ഏകനായ ഒരു അരാജക വാദിയാണ് ചിലപ്പോഴൊക്കെ അയാളുടെ ഭാവനകള്‍ക്കു വേണ്ടി അയാള്‍ വിലക്കെടുക്കുന്ന പെണ്ണിനു മേലാസകലം എണ്ണ തേച്ചു , നഗ്നയായി അയാളൊരുക്കുന്ന സംഗീതത്തിനനുസരിച്ചു നൃത്തം വെക്കേണ്ടി വരാറുണ്ട് , മറ്റു ചിലപ്പോള്‍ അയാളുടെ സാങ്കല്‍പ്പിക മൃതദേഹത്തിനു മുകളില്‍ അലമുറയിട്ടു കരയാന്‍ പ്രേരിപ്പിക്കപ്പെടാറുണ്ട് . പിള്ളച്ചന്‍ ഭാര്യയും മകളുമൊത്തു സ്വസ്ഥ ഗൃഹ ഭരണം നയിക്കുന്നയാളാണ് . കുട്ടിയപ്പനുമായുള്ള “ഇടപാടുകള്‍ “ പിള്ളയുടെ ഭാര്യയ്ക്കു അത്രയ്ക്കു രുചിക്കുന്നില്ലെങ്കിലും പിള്ളയ്ക്കു ആ സൌഹൃദത്തിന്റെ ആഴത്തില്‍ നിന്നു മോചിതനാകാനാവാത്തതിനാല്‍ കുട്ടിയപ്പന്റെ വിചിത്ര ഭാവനകള്‍ക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്നു . ഇപ്പോള്‍ കുട്ടിയപ്പനു ഒരു ലക്ഷ്യമുണ്ട് ഒരു പെണ്ണിനെ ആനയുടെ രണ്ടു കൊമ്പുകള്‍ക്കിടയിലായി , തുമ്പിക്കയ്യില്‍ ചേര്‍ത്തു നിര്‍ത്തി ഭോഗിക്കണം .ആ ഒരു കാഴ്ച ആനയ്ക്കു നെറ്റിപ്പട്ടം അഴിച്ചു വെച്ചതു പോലെ ഇരിക്കും എന്നു കുട്ടിയപ്പന്‍ തന്നെ ഭാവനയില്‍ കാണുന്നുണ്ട് . വിചിത്രമായ ഭോഗാസക്തിയുടെ അന്വേഷണം ചെന്നു നില്‍ക്കുന്നത് തങ്കപ്പന്‍ നായര്‍ എന്ന അച്ഛനിലാണ് .അയാളുടെ പ്രായ പൂര്‍ത്തിയാകാത്ത മകളെയാണ് കുട്ടിയപ്പന്‍ തന്റെ ലൈംഗിക വൈകൃതങ്ങള്‍ക്കായി നിസ്സങ്കോചം ആവശ്യപ്പെടുന്നത് . ഈ ഘട്ടത്തിലാണു മലയാളിയുടെ സദാചാരം പൊള്ളിയടര്‍ന്നു പുറത്തേക്കു വരുന്നത് .കുട്ടിയപ്പന്റെ വിചിത്ര ലൈംഗിക ഭാവനകളല്ല മറിച്ചു അച്ഛനോടു മകളെ ഭോഗിക്കാന്‍ ആവശ്യപ്പെടുന്ന ഒരു മലയാളി നായകനെ സങ്കല്‍പ്പിക്കാന്‍ നമുക്കു സാധിക്കുന്നില്ല . അതു കഥാകൃത്തിന്റെ അതിരു കടന്ന രതി ഭാവനകളുടെ പരിണിത ഫലമാണെന്നും അയാളുടെ അരാജകത്വം നിറഞ്ഞ സാഹിത്യ ജീവിതത്തിന്റെ പ്രതിഫലനമാണിത്തരം അത്യുക്തി പ്രസ്താവനകളെന്ന് [Hyperbolic statement ] നാം വിധിയെഴുതി, പക്ഷെ സമകാലിക യാഥാര്‍ത്ഥ്യത്തില്‍ 16 വയസ്സായ ഒരു പെണ്‍കുട്ടിയെ ഇരുന്നൂറോളം പേര്‍ക്കു സ്വന്തം അച്ഛന്‍ തന്നെ കാഴ്ച വെച്ചുവെന്ന വാര്‍ത്ത “ലീല “ എന്ന കഥയെ വെറും ന്യൂനോക്തി [Under statemate ] മാത്രമാക്കി മാറ്റുന്നു .അച്ഛനോടു മകളെ ഭോഗിക്കാന്‍ ആവശ്യപ്പെടുന്ന ലൈംഗിക വൈകൃതമുള്ള ഒരു കുട്ടിയപ്പനു പകരം ചുരുങ്ങിയ സമയം കൊണ്ട് 200 കുട്ടിയപ്പന്മാരാണ് നമ്മുടെ കണ്മുന്നിലെ യാഥാര്‍ത്ഥ്യത്തില്‍ നാം കാണുന്നത് .

പ്രായപൂര്‍ത്തിയാകാത്ത മകളെ സ്വന്തം അച്ഛന്‍ ലൈംഗികമായി ഉപദ്രവിക്കുന്നു [ഉപയോഗിക്കുന്നു എന്ന വാക്കു ഇവിടെ ചേരില്ല ] അതിനു ശേഷം ആ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മറ്റു പലര്‍ക്കും കാഴ്ച വെക്കുന്നു .പറവൂരിലെ ഈ പെണ്‍കുട്ടിയ്ക്കു സംഭവിച്ച ഈ ദുരന്തം ഇത്തരത്തിലുള്ള ആദ്യത്തെ സംഭവമല്ല . ഇപ്പോള്‍ തന്നെ ഒന്നിലേറെ സമാന സംഭവങ്ങള്‍ ഓരൊ സ്ഥല നാമങ്ങളുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളില്‍ വാര്‍ത്തയായും പോലീസ് റെക്കോര്‍ഡുകളില്‍ കേസായും രേഖപ്പെടുത്തിക്കഴിഞ്ഞു .എന്നിട്ടും ഇത്തരം കാര്യങ്ങള്‍ മലയാളികള്‍ ചെയ്യുന്നു എന്നു വിശ്വസിക്കാന്‍ നമുക്കു സാധിക്കുന്നില്ല അതു കൊണ്ടു തന്നെ അത്തരം കാര്യങ്ങള്‍ കഥകളിലും ചലച്ചിത്രങ്ങളിലും അവതരിപ്പിക്കാന്‍ അന്യ നാട്ടുകാരനും അതിക്രൂരനുമായ ഒരു വില്ലനെയാണ് നാം ഉപയോഗിക്കുക . ചിന്താമണി കൊലക്കേസ് എന്ന മലയാള ചിത്രത്തില്‍ മകളെ ലൈംഗികമായി ഉപയോഗിക്കുന്ന അതിക്രൂരനായ ഒരു വില്ലനാക്കാന്‍ സിനിമയുടെ കഥാ പശ്ചാത്തലത്തിലോ നിയമ പരിധിയിലോ വരേണ്ടാത്ത ഒരു തമിഴനെ കൊണ്ടു വരേണ്ടി വന്നു ഇവിടെ ഈ സ്വന്തം മകളെ ഉപദ്രവിക്കുന്ന “ അന്യനാട്ടുകാരനായ വൃത്തികെട്ട ജന്തുവിനു മരണ ശിക്ഷ നല്‍കിയാണ് നായകന്‍ നീതി നടപ്പാക്കുന്നത് . നമുക്കു നമ്മളില്‍ ഇതൊന്നും ആരോപിക്കുന്നതിഷ്ടമല്ല . തമിഴന്മാര്‍ പെങ്ങളുടെ മകളെ വിവാഹം കഴിക്കുന്നതും കാമിക്കുന്നതുമെല്ലാം അവരുടെ സംസ്കാര രാഹിത്യത്തിന്റെ തെളിവുകളായി , അതു നിഷിദ്ധ ഗമനം [Incest relationship ] എന്ന കൊടും പാപമായി കരുതുന്ന മലയാളിയാണ് തരം കിട്ടുമ്പോള്‍ സ്വന്തം രക്തത്തെ തന്നെ അന്യനു കാഴ്ച വെച്ചു പണം സമ്പാദിക്കുന്നത് . കേള്‍ക്കുമ്പോള്‍ അറപ്പു തോന്നുന്നുണ്ട് പക്ഷെ ഇതു പുറത്തു വന്നതും വരാത്തതുമായ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് .

വ്യഭിചാരം അധാര്‍മികമാണെന്നും അതു നിര്‍ത്തലാക്കണമെന്നൊക്കെയുള്ള കാല്പനികവും അപ്രായോഗികവുമായ വാദമുഖങ്ങള്‍ ചര്‍വ്വിത ചര്‍വണമാണെന്നതു കൊണ്ടു തന്നെ അത്തരം സംവാദങ്ങള്‍ തല്‍ക്കാലം മാറ്റി വെച്ചു കൊണ്ടു ഈ സംഭവത്തെ നമുക്കു പരിശോധിക്കാം . അച്ഛന്‍ മകളെ ലൈംഗികമായി ഉപയോഗിച്ചു എന്നതു പോലെ ഇതില്‍ ഭീതി പടര്‍ത്തുന്നത് തന്നെ പെണ്‍കുട്ടിയെ ഉപദ്രവിച്ച ഈ 200 പേരിലൊരാളും തന്നെ ഇതൊരു പ്രാ‍യപൂര്‍ത്തിയെത്താത്ത , ആരുടെയൊക്കെയോ ഭീഷണി ഭയന്നു കൊണ്ടു മാത്രം ഇതിനിരയായതാവാമെന്നു ചിന്തിച്ചില്ല എന്നുള്ളതാണ് . ഒരച്ഛന്‍ മകളെ വേശ്യാ വൃത്തിക്കു പ്രേരിപ്പിക്കുമ്പോള്‍ അതില്‍ അസ്വാഭാവികയൊന്നുമില്ലാതെ തന്നെ അതു ആസ്വദിക്കുകയായിരുന്നു ഇത്രയും പേര്‍ എന്നതു അത്ര നിസ്സാരമായ സംഗതിയല്ല . ഇവരാരും കഥയിലെ
കുട്ടിയപ്പനെ പോലെ പോലെ മാനസിക വൈകല്യമുള്ള , വികൃത സ്വഭാവത്തിനുടമയായ ഒരു ഏകനായ മനുഷ്യനായിരുന്നില്ല മറിച്ചു സമൂഹത്തിലെ ഉന്നത സ്ഥാനീയരായ , കുടുംബവും കുട്ടികളുമെല്ലാമുള്ള വ്യക്തികളായിരുനു .ഒരു വാദത്തിനു ഇവരാരും ഈ പെണ്‍കുട്ടിയുടെ അച്ഛനാണ് ഈ കൂട്ടിക്കൊടുപ്പുകാരന്‍ എന്നറിഞ്ഞിരിക്കില്ല എന്നു വിശ്വസിക്കാം പക്ഷെ ബാല്യത്തിന്റെ നിഷ്കളങ്കത പൂര്‍ണ്ണമായും വിട്ടുമാറാത്ത ഒരു പെണ്‍കുട്ടിയുടെ മുഖം അവര്‍ക്കൊരു ദുസൂചനയും നല്‍കിയില്ല എന്നു വിശ്വസിക്കാനാവില്ല .

കഥയില്‍ ലീല എന്നത് ഒരു സാങ്കല്പിക നാമമാണ് . പേര് ചോദിക്കുമ്പോള്‍ നിശബ്ദയാകുന്ന പെണ്‍കുട്ടിയുടെ അനുവാദമില്ലാതെ തന്നെ കുട്ടിയപ്പന്‍ ആ പെണ്‍കുട്ടിക്കു ലീല എന്നു നാമകരണം ചെയ്യുന്നു . നമ്മള്‍ വിതുര പെണ്‍കുട്ടിയെന്നും സൂര്യനെല്ലിയിലെ പെണ്‍കുട്ടിയെന്നും നാമകരണം ചെയ്യുന്നതു പോലെ . ലീലയ്ക്കു സ്വന്തമായി ഒരു തീരുമാനവുമില്ല . ഒരു പെണ്‍കുട്ടിയ്ക്കു ജീവാപായം സംഭവിച്ചേക്കാവുന്ന ആനയുടെ തുമ്പിക്കയ്യില്‍ ചേര്‍ത്തു വെച്ചുള്ള സുരത ക്രിയ എന്ന ഭീതി കലര്‍ന്ന ഭാവനയില്‍ പോലും ഒരു നേരിയ എതിര്‍പ്പു പ്രകടിപ്പിക്കാതെ
നിര്‍മമതയോടെ യാന്ത്രികമായി അവള്‍ പെരുമാറുന്നു . എല്ലാ പീഡന കഥകളിലും ചില ബുദ്ധിമാന്മാരായ അന്വേഷകരുടെ ഒരു ന്യായമുണ്ട് -ഇതില്‍ ഇരയാകുന്ന പെണ്‍കുട്ടികള്‍ എതിര്‍ത്തിരുന്നെങ്കില്‍ അവര്‍ക്കു രക്ഷപ്പെടാനാവുമായിരുന്നു എന്നു , അവരിതു ആസ്വദിക്കുന്നതു കൊണ്ടാകില്ലേ എന്നു . പെണ്‍കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ തൊട്ടാല്‍ പോലും കടുത്ത വേദനയുണ്ടാകുമെന്ന പരിശോധനാ റിപ്പോര്‍ട്ടു മുമ്പില്‍ വെച്ചു കൊണ്ടു ഒരു ജഡ്ജിക്കു പോലും തോന്നിയ സംശയമാണ് ശാരീരികവും മാനസികവുമായി പ്രായ പൂര്‍ത്തിയാകാത്ത ഒരു പെണ്‍ കുട്ടിക്കു അപരിചിതരായ ആളുകളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ അനുഭൂതിയാണുണ്ടാകുന്നതെന്ന കണ്ടു പിടുത്തം പലരും നടത്തിയിട്ടുമുണ്ട് . പറവൂരിലെ ഈ പെണ്‍കുട്ടിയുടെ കാര്യത്തിലും ഈ സംശയം ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ട് . സ്വന്തം അച്ഛന്‍ പീഡിപ്പിക്കുകയും കാഴ്ച വെക്കുകയും ജീവഹാനി ഭയന്നു അമ്മയുടെ മൌന സമ്മതം കൂടിയാകുമ്പോള്‍ പെണ്‍ കുട്ടിയ്ക്കെവിടെയാണ് പ്രതീക്ഷ , ഏതു വിധത്തിലാണു അവള്‍ എതിര്‍പ്പു പ്രകടിപ്പിക്കേണ്ടത് ?

കുട്ടിയപ്പന്‍ എന്ന കഥാപാത്രത്തിന്റെ പെരുമാറ്റ രീതികളെ മാനസിക വൈകൃതമുള്ളവരുടെ ഒറ്റപ്പെട്ട സ്വഭാവമായി ന്യൂനീകരിക്കുകയാണ് .വ്യത്യസ്ഥവും വന്യവുമായ സുരത ക്രിയയെ ധ്യാനിക്കുന്ന അപൂര്‍വ്വ ജനുസ്സില്‍ പെട്ട ഒരാളായാണ് കുട്ടിയപ്പനെ പരമ്പരാഗത വായനക്കാര്‍ കാണുന്നത് . അതു ഈ മലയാളികള്‍ക്കന്യമായ പ്രത്യേക തരം വിചിത്ര ജീവിയാണു എന്നു നമ്മള്‍ ഉറപ്പിക്കുന്നു .ടി വി കൊച്ചുബാവ ബംഗ്ലാവ് എന്ന കഥയില്‍ പരസ്പരം വെച്ചു മാറുന്ന ദമ്പതികളെ കുറിച്ചെഴുതിയപ്പോള്‍ അന്നും വായനക്കാര്‍ എഴുത്തുകാരന്റെ വന്യമായ ഭാവനയെ വിമര്‍ശിച്ചു , സദാചാര സമ്പന്നരായ മലയാളികളുടെ ഇടയിലേക്കു പാശ്ചാത്യന്റെ വൃത്തികെട്ട ലൈംഗിക അരാജകത്വങ്ങള്‍ ആരോപിക്കുന്നതിനെതിരെ ക്ഷോഭിച്ചു പിന്നെ അധികം വൈകാതെ കൊച്ചിയിലെയും ബാംഗ്ലൂരിലെയും ദുബായിലെയും അത്തരം ക്ലബ്ബുകളില്‍ മലയാളി ദമ്പതിമാര്‍ അഭിമാനത്തോടെ പരസ്പരം വെച്ചു മാറുന്ന കഥ നാം നിസ്സംഗതയോടെ ആസ്വദിച്ചു .എഴുത്തുകാര്‍ പ്രവചന ശേഷിയുള്ള ക്രാന്ത ദര്‍ശികളാണെന്നു ഞാന്‍ പറയില്ല , ആകേണ്ട കാര്യവുമില്ല പക്ഷെ ഓരോ എഴുത്തുകാരനും സമൂഹത്തെ നിരന്തരം നിരീക്ഷിക്കുന്നുണ്ട് , ആ നിരീക്ഷണങ്ങളാണ് ചിലപ്പോഴെങ്കിലും കഥയായി കടന്നു വരുന്നത് ,
അപ്രിയ സത്യങ്ങളെ ആദ്യം അവിശ്വസിക്കുകയും പിന്നീട് നിസ്സംഗതയോടെ അംഗീകരിക്കുകയും ചെയ്യുന്നത് നമ്മുടെ ശീലമാണ് .

കഥയുടെ അന്ത്യത്തില്‍ കുട്ടിയപ്പനു ആ പെണ്‍കുട്ടിയോടു ദയ തോന്നുന്നു , ഭോഗാസക്തിയില്‍ നിന്നു പിന്തിരിഞ്ഞു കൊണ്ടയാള്‍ പെണ്‍ കുട്ടിയുമായി പിന്തിരിഞ്ഞു നടക്കുന്നു .
"പരിണാമ ദശയിലെ വിചിത്രമായ ഒരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍ , അതിനു പിന്നില്‍ നഗ്നയായ ലീല , അതിനു പിന്നില്‍ ഏറ്റവും വലിയ മൃഗം .നടക്കുന്നതിനിടയില്‍ പെട്ടെന്നാണ് ലീല തിരിഞ്ഞു നിന്നത് . ഒരു നിമിഷത്തിന്റെ അര്‍ദ്ധമാത്രയില്‍ തന്റെ ഇണയെ ചേര്‍ത്ത് പിടിക്കും പോലെ നീണ്ടു വന്നൊരു കൈ ലീലയെ ചുറ്റി നിന്നു .അതു ആകാശത്തേക്കു അവളെ ഉയര്‍ത്തിയിട്ടു കൊമ്പിന്റെ മൂര്‍ച്ചയില്‍ രാകിയെടുത്തു .പിന്നെ കാലുകള്‍ക്കിടയിലേക്കു കിടത്തിയിട്ടു ഇരുട്ടിന്റെ മഹാ‍കാരം പൂണ്ട ആ വലിയ ജീവി ഉപരി സുരതത്തിനെന്ന പോലെ ലീലയിലേക്കു തന്റെ ഭാരത്തെ ഇറക്കി വെച്ചു “ ആനയുടെ സ്ഥൂല ശരീരം ബിംബ വല്‍ക്കരിക്കുന്നതു നമ്മുടെ സമൂഹത്തെയും നീതി വ്യവസ്ഥയെയുമാണ് എന്നു സമകാലിക യാഥാര്‍ത്ഥ്യങ്ങളിലൂടെ നാം വായിച്ചെടുക്കേണ്ടതുണ്ട് . ഉപയോഗത്തിന്റെ ആവര്‍ത്തനം കൊണ്ടു അപ്രസക്തമായ ഇര എന്ന പ്രയോഗം അക്ഷരാര്‍ത്ഥത്തില്‍ യോജിക്കുക പീഡനത്തിനിരയാകുന്ന പെണ്‍ കുട്ടികളുടെ വിചാരണയിലാണ് . മാധ്യമങ്ങളുടെ , കോടതികളുടെ , പൊതുജനങ്ങളുടെ ഒക്കെ വിചാരണ ആനയുടെ സ്ഥൂല ശരീരമായി പരിണമിച്ചു കൊണ്ടു ലീലമാരെ ആ കൊമ്പുകളുടെ മൂര്‍ച്ചയില്‍ രാകി മിനുക്കുന്നുണ്ട് .


കഥയില്‍ ആവിഷ്കരിച്ചിരിക്കുന്ന ലീലയും തങ്കപ്പന്‍ നായരും കുട്ടിയപ്പനും പിള്ളേച്ചനും സാങ്കല്പിക കഥാപാത്രങ്ങളല്ല . ആരുടെയൊക്കെയോ മകളെ ഭോഗിക്കാന്‍ അലഞ്ഞു നടക്കുന്ന ഒരു കുട്ടിയപ്പനും കുട്ടിയപ്പന്റെ ഭാവനകളെ പൂര്‍ത്തീകരിക്കാന്‍ സന്തത സഹചാരിയായി നില്‍ക്കുന്ന പിള്ളേച്ചനും സ്വന്തം മകളെ വെച്ചു വില പേശുന്ന ഒരച്ഛനും
അതിനെല്ലാം നിശബ്ദയായ ഇരയായി മാറുന്ന ലീലമാരും നമ്മുടെ സമൂഹത്തിലെ തന്നെ അന്തേവാസികളാണ് അതു എഴുത്തുകാരന്റെ വന്യമായ ലൈംഗിക ഭാവനകള്‍ മാത്രമാകുന്നില്ല എന്ന അറിവു എഴുത്തുകാരന്റെ വിജയത്തോടൊപ്പം സമൂഹത്തിന്റെ പരാജയം കൂടിയാണ് .




Picture Courtesy - Google