Like

...........

Sunday, 1 May 2011

അങ്ങനെ ലാദന്‍ പിന്നേം മരിച്ചു !!!




ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു !!! .ലോകത്തെ മുഴുവന്‍ ഭീകരവാദികളുടെയും പ്രതീകമായിരുന്ന ഒസാമാ ബിന്‍ ലാദന്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള അബോട്ടാബാദില്‍ വെച്ചു കൊല്ലപ്പെട്ടു . കൂടെ താലിബാന്‍ പോരാളികളൊന്നുമില്ലാതെ പുത്രകളത്രാദികളുമായി സ്വസ്ഥമായി കഴിയുന്നിടത്തു നിന്നാണ് ലാദനെന്ന കൊടും ഭീകരനെ വധിച്ചത്.ഇതോടെ സകല തീവ്രവാദങ്ങളില്‍ നിന്നും ലോകം മോചിപ്പിക്കപ്പെട്ടു .അമേരിക്ക സെപ്തംബര്‍ 11 ലെ കൊടും ക്രൂരതക്കു പകരം വീട്ടി, ലോകം മുഴുവന്‍ ആശ്വാസ നിശ്വാസങ്ങളുതിര്‍ത്തു .

ഒസാമാ ബിന്‍ ലാദന്‍ സങ്കല്പമോ യാഥാര്‍ത്ഥ്യമോ എന്നൊക്കെയുള്ള വ്യാപകമായ സംശയത്തെതുടര്‍ന്നു ബി ബി സി ചാനല്‍ ഒസാമാ ബിന്‍ ലാദന്‍ ആരാണെന്നതിനെക്കുറിച്ചും അയാള്‍ കടന്നു വന്ന നാള്‍ വഴികളെക്കുറിച്ചും ഒരു ഡോക്യുമെന്ററി ഫിലിം ചെയ്തിരുന്നു , അതില്‍ ഒസാമ ബിന്‍ ലാദനുമായുള്ള അഭിമുഖങ്ങളും സംഭാഷണങ്ങളുമെല്ലാം ഉണ്ടായിരുന്നു . പക്ഷെ സെപ്റ്റംബര്‍ 11 ന് ശേഷം ഒസാമാ ബിന്‍ ലാദന്റേതെന്നു പറയാന്‍ മാത്രം വിശ്വസനീയമായ ഒരു പ്രസ്ഥാവനയോ ദൃശ്യങ്ങളൊ തിയ്യതി തെളിയിക്കപ്പെട്ട് മാധ്യമങ്ങളില്‍ വന്നിട്ടില്ല ,അതായത് ഒസാമാ ബിന്‍ ലാദന്‍ എന്ന ആഗോള ഭീകരന്‍ ഇക്കാലയളവ് വരെ ജീവിച്ചിരുന്നുവോ എന്നു ആര്‍ക്കും ഉറപ്പില്ല . കഴിഞ്ഞ ദിവസം ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്നു അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ നേര്‍ത്ത അവിശ്വസനീയതയുടെ ഒരു ആവരണം അതിനെ ബാധിക്കുന്നു .കൊല്ലപ്പെട്ട ഒസാമാ ബിന്‍ ലാദന്റേതായി ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിക്കപ്പെടുന്ന ഒരു വ്യാജ ഫോട്ടോഗ്രാഫിനെ ആധാരമാക്കിയല്ല ഈ അവിശ്വാസം .തീരെ പ്രൊഫഷണലല്ലാത്ത ഒരു ഫോട്ടോഗ്രാഫ് കൊണ്ടു അത് സ്ഥാപിക്കാന്‍ മാത്രം ബുദ്ധിശൂന്യരല്ല അമേരിക്കന്‍ ഇന്റലിജന്‍സ്. പക്ഷെ 24 മണിക്കൂറിനകം മൃതദേഹം മറവ് ചെയ്യണമെന്നുള്ള ഇസ്ലാമിക വിശ്വാസത്തെ മാനിച്ചാണ് ഉടന്‍ തന്നെ മറവ് ചെയ്തതെന്ന ഔദ്യോഗിക ഭാഷ്യം അല്പം കടന്ന് പോയി . കടലില്‍ മൃതദേഹം മറവ് ചെയ്യുന്നത് ഇസ്ലാമിക ആചാരമാണോ ?. ഇനി അതല്ല ലാദന്റെ അനുയായികള്‍ ശവകുടീരം പുണ്യസ്ഥലമായി ആരാധിക്കപ്പെടുമെന്ന ഭയം കൊണ്ടാണെങ്കില്‍ താലിബാനെക്കുറിച്ച് അമേരിക്കക്കു ഒരു ചുക്കുമറിയില്ലന്ന് പറയേണ്ടി വരും കാരണം താലിബാന്‍ വിശ്വാസ പ്രമാണങ്ങളില്‍ സര്‍വ്വേശ്വരനല്ലാത്ത ഒരു ആരാധന കടുത്ത ശിക്ഷക്കര്‍ഹമാകുന്ന കുറ്റമാണ് അതൊന്നും അറിയാഞ്ഞിട്ടാവില്ല.മൃതദേഹം മറവ് ചെയ്യുന്നതിനു മുമ്പു ഡി എന്‍ എ ടെസ്റ്റ് നടത്തി സ്ഥിരീകരിച്ചുവെന്നും പറയുന്നു ആരാണ് സ്ഥിരീകരിച്ചത് ?

ഏകദേശ കണക്കു വെച്ചു ഒസാമാ ബിന്‍ ലാദന്‍ അഞ്ചാമത്തെ തവണയാണ് മരിക്കുന്നത്. വ്യക്തികള്‍ക്കു മാത്രമെ ഒരിക്കല്‍ മരിക്കാന്‍ കഴിയൂ .ഒസാമ എന്നതു ഒരു പ്രതീകമായതു കൊണ്ടു ഒന്നിലേറെ തവണ മരിക്കുന്നതില്‍ അതിശയോക്തിയൊന്നുമില്ല .
2001 ല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ അഫ്ഘാന്‍ മലനിരകളില്‍ വെച്ചു ലാദന്‍ ഒരിക്കല്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു .അടുത്ത ഊഴം പാക് പ്രസിഡണ്ട് പര്‍വേസ് മുഷറഫിന്റേതായിരുന്നു 2002 ല്‍ വൃക്കരോഗം കലശലായി ഒസാമാ ബിന്‍ ലാദന്‍ അന്തരിച്ചുവെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. വര്‍ഷങ്ങളായി ഗുരുതരമായ വൃക്കരോഗം ഒസാമയെ ബാധിച്ചിരുന്നുവെന്നും 1999 ലോ മറ്റോ ല്‍ ഫ്രാന്‍സില്‍ ഇതിന് ചികിത്സ നടത്തിയതായും ഈ വാദത്തെ അംഗീകരിക്കുന്നവര്‍ പറയുന്നു .പിന്നീട് 2003 ലോ മറ്റോ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാം എന്നൊരു അഭ്യൂഹം ശക്തമായി തന്നെ ഉയര്‍ന്നു വന്നു .2007 ല്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ബേനസീര്‍ ഭുട്ടോ ബി ബി സി ക്കു കൊടുത്ത ‍ ഇന്റര്‍ വ്യൂവില്‍ ഒസാമാ ബിന്‍ ലാദന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കൊല്ലപ്പെട്ടുവെന്ന് പ്രസ്ഥാവിക്കുകയുണ്ടായി.ഇങ്ങനെ മരണങ്ങള്‍ പലതു കഴിഞ്ഞിരുന്നെങ്കിലും ഈ വാര്‍ത്തകളിലൊന്നും തന്നെ അമേരിക്ക പ്രതികരിച്ചിരുന്നില്ല .

ഒസാമാ ബിന്‍ ലാദന്‍ എന്ന ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കാന്‍ വേണ്ടി കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ച രാജ്യമാണ് അമേരിക്ക .ഒസാമാ ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കേണ്ടതു അമേരിക്കയുടെ മാത്രം ആവശ്യമായിരുന്നു കാരണം അഫ്ഘാനിസ്ഥാനിലെ അധിനിവേശത്തിന് മറ്റൊരു കാരണവും ലോകത്തോടു ബോധിപ്പിക്കാനുണ്ടായിരുന്നില്ല . ഇറാക്ക് അധിനിവേശത്തിന് നുണയാണെങ്കില്‍ കൂടി , സ്വേച്ഛാധിപതിയായ സദ്ദാം ഹുസ്സൈന്‍ ആണവായുധങ്ങള്‍ കൈവെച്ചിരിക്കുന്നത് ലോകത്തിനു മുഴുവന്‍ ഭീഷണിയാണ് അതു കൊണ്ടു ലോകത്തെ രക്ഷിക്കണമെന്നൊരു ന്യായമുണ്ടായിരുന്നു. അതു പോലെ അഫ്ഘാനിസ്ഥാനില്‍ അമേരിക്കയുടെ താല്പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ബിന്‍ ലാദന്‍ ജീവിച്ചിരിക്കണമായിരുന്നു . അഫ്ഘാനിസ്ഥാനില്‍ അമേരിക്കക്കെന്ത് താല്പര്യം ?


അഫ്ഘാനിസ്ഥാനില്‍ അമേരിക്ക പ്രകടമായ തരത്തില്‍ ഇടപെടാന്‍ തുടങ്ങിയത് 1979 ല്‍ റഷ്യയുടെ നിയന്ത്രണത്തില്‍ അഫ്ഘാനിസ്ഥാനിലെ ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഗവണ്മെന്റ്റ് വന്നപ്പോഴാണ് .ലോകത്താകമാനമുള്ള മുജാഹിദുകള്‍ ഏകോപനത്തോടെ ദൈവവിരൊധികളായ റഷ്യക്കാരുടെ ഈ കടന്നു കയറ്റത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചു .കത്തി നിന്നിരുന്ന ഈ എതിര്‍പ്പിനെ ഒരു യുദ്ധമാക്കാനും ശക്തമാക്കാനും സമ്പത്ത് കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും സഹായിച്ചത് അമേരിക്കയായിരുന്നു . ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കക്കു റഷ്യയെ തകര്‍ക്കണമായിരുന്നു .ഈ ഘട്ടത്തിലാണ്‍ സൌദി പൌരനായ ഒസാമാ ബിന്‍ ലാദനെ മുജാഹിദുകളുടെ യുദ്ധത്തില്‍ മുന്നില്‍ നിര്‍ത്തി അമേരിക്ക വളര്‍ത്തി വലുതാക്കിയത് .ഈ അവസരം ഒസാമാ ബിന്‍ ലാദന്‍ നന്നായി ഉപയോഗിക്കുകയും തന്റേതായ സ്വാധീന വലയത്തില്‍ ഒരു വലിയ പറ്റം അണികളെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു .1989 ഓടെ സോവിയറ്റ് യൂണിയന്‍ അഫ്ഘാനിസ്ഥാനില്‍ നിന്നു പിന്‍ വാങ്ങി .ഇക്കാലമത്രയും അമേരിക്ക പരോക്ഷമായി മുജാഹിദുകളുടെ നേതൃത്വത്തില്‍ ഒരു ഇസ്ലാമിക മൂമെന്റിന് കളമൊരുക്കുകയായിരുന്നു , അതിന്റെ നേതാവായി ഒസാമാ ബിന്‍ ലാദനെയും .

പക്ഷെ റഷ്യയുടെ പിന്മാറ്റത്തോടെ ഇസ്ലാമിക വിശുദ്ധ യുദ്ധത്തിനായി ഒരുക്കപ്പെട്ട ഒരു വലിയ പറ്റം അണികള്‍ ഒസാമാ ബിന്‍ ലാദന്റെ നിയന്ത്രണത്തിലായി തീര്‍ന്നിരുന്നു , പിന്നീട് ബിന്‍ ലാദന്റെ നീക്കങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ തിരിഞ്ഞതോടെ അമേരിക്ക ഇസ്ലാമികമുന്നേറ്റമെന്ന ഭീഷണി മനസ്സിലാക്കി . 1994 ല്‍ ഇറങ്ങിയ ആര്‍ണോള്‍ഡ് ഷോസ്നറിന്റെ True lies ലൂടെയാണ് ഇസ്ലാം മതം അമേരിക്കയുടെ ശത്രുക്കളായി അമേരിക്കന്‍ പൊതു സമൂഹത്തിന് മുമ്പില്‍ അവതരിക്കുന്നതും ഇസ്ലാമിക ഭീകരര്‍ എന്ന സംഞ്ജ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതും.ആ ചിന്താഗതിക്കു പിന്നീടു അനുക്രമമായ വികാസം സംഭവിക്കുവാന്‍ തക്കതായ കാരണങ്ങള്‍ പാന്‍ ഇസ്ലാമിക മുന്നേറ്റം കൊണ്ടുണ്ടാവുകയും ഇസ്ലാമിക മത മൌലിക വാദത്തിന്റെ അന്താരാഷ്ട്രീയമായ പ്രവര്‍ത്തനങ്ങള്‍ അതിനെ ബലപ്പെടുത്തുകയും ചെയ്തു. റഷ്യയുമായുള്ള ശീതയുദ്ധം മാത്രമല്ലായിരുന്നു അഫ്ഘാനിസ്ഥാനില്‍ അമേരിക്ക ഇടപെടാന്‍ കാരണം , വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ടായിരുന്നു .തന്ത്ര പ്രധാനമാ‍യ മധ്യേഷ്യയില്‍ ഒരു നിയന്ത്രണം അമേരിക്ക ആഗ്രഹിച്ചിരുന്നു .

അഫ്ഘാനിസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന മധ്യേഷ്യയുടെ ഭൂമിശാസ്ത്രവുമായി അല്ലെങ്കില്‍ അതിന്റെ ഇന്ധനലഭ്യതയുമായി ബന്ധപ്പെട്ടതാണ് ആ താല്പര്യം. ഇനിയും ഖനനം ചെയ്തെടുക്കാന്‍ മാത്രം വന്‍ പ്രകൃതി വാതക ശേഖരമുള്ള ഭൂപ്രദേശമാണ് കിര്‍ഗിസ്ഥാനും ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനും തുര്‍ക്ക്മെനിസ്ഥാനും അടങ്ങുന്ന മധ്യേഷ്യ. റഷ്യന്‍ അതിര്‍ത്തി പ്രദേശമായ മധ്യേഷ്യയിലേക്കു ഏറ്റവും പ്രായൊഗികമായ വഴി അഫ്ഘാനിസ്ഥാന്‍ ആയത് കൊണ്ടു തന്നെ അഫ്ഘാനിസ്ഥാനില്‍ ഒരു അധിനിവേശം അമേരിക്കക്കു അനിവാര്യമായിരുന്നു .ഈ സാഹചര്യത്തിലാണ് പൈപ് ലൈന്‍ രാഷ്ട്രീയം അഫ്ഘാന്‍ അധിനിവേശവുമായി ബന്ധപ്പെടുന്നത് .

പൈപ്പ് ലൈന്‍ പൊളിറ്റിക്സ് .

International Politics എന്ന ബൃഹദ് വിഷയത്തിന്റെ ഒരു അരികു പിടിച്ചു കൊണ്ടു അന്താരാഷ്ട്ര കാര്യങ്ങളില്‍ ഒരു നിഗമനത്തിലെത്തുക എന്നതു തികച്ചും അസാധ്യമായ കാര്യമാണ് .പൂര്‍ണ്ണമായും ശരിയായ വസ്തുതകള്‍ വെച്ചു കൊണ്ടു മാത്രമല്ല ഒരു സിദ്ധാന്തം രൂപീകരിക്കുന്നത് പലപ്പോഴും Hypothesis നെയും സാഹചര്യങ്ങളെയും ആശ്രയിക്കേണ്ടി വരും .

ഏതൊരു സാമ്പത്തിക വിശകലനത്തിലും ഭാവിയില്‍ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ പോകുന്നത് ഇന്ധനങ്ങളാണ് എന്ന് വ്യക്തമാണ് .ഇപ്പോഴത്തെ ഉപഭോഗക്രമം തുടരുകയാണെങ്കില്‍ 2020 ഓടെ രൂക്ഷമായ ഇന്ധന ക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോകുന്നത് .അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാവിയിലേക്കു കൃത്യമായ ഒരു സ്രോതസ്സ് കണ്ടെത്തേണ്ടതു അത്യാവശ്യമാണ് .മധ്യേഷ്യയിലെ ഇന്ധന നിക്ഷേപം OPEC [Organization of the Petroleum Exporting Countries ] നിയന്ത്രണമില്ലാത്തതും അതിന്റെ വ്യാപ്തി വളരെ വലുതുമാണ് .ഇപ്പോള്‍ ഇന്ധന വില നിയന്ത്രിക്കുന്നത് ഒപെക് രാഷ്ട്രങ്ങളായതു കൊണ്ടു തന്നെ കരുതല്‍ നിക്ഷേപത്തിനും ഇന്ധന വില നിര്‍ണ്ണയത്തിനും അമേരിക്കക്കു പരിമിതികളുണ്ട് .തുര്‍ക്ക്മെനിസ്ഥാനും കിര്‍ഗിസ്താനും അടങ്ങുന്ന മധ്യേഷ്യന്‍ രാജ്യങ്ങളിലെ എണ്ണയുടെ വിലനിലവാരം അന്താരാഷ്ട്ര വിലനിലവാരത്തിനെക്കാളും താഴ്ന്നതാണ് .എന്നിട്ടും ഈ എണ്ണസ്രോതസ്സിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത് ഇതിനു കാരണം എണ്ണ വിപണനം വിതരണം ചെയ്യാന്‍ മതിയായ ഗതാഗത സൌകര്യങ്ങള്‍ ഇല്ലാത്തതാണ് .

ഇപ്പോഴുള്ള രണ്ടു സാധ്യതകളിലൊന്നു ചെച്നിയ വഴി റഷ്യന്‍ തുറമുഖമായ നോവൊറൊസിസ്കിലേക്കുള്ളതാണ്. റഷ്യക്കു പൂര്‍ണ്ണ നിയന്ത്രണമുള്ള ഇതു അമേരിക്കയെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്. മറ്റൊന്ന് നേരിട്ട് ജോര്‍ജിയന്‍ തുറമുഖമായ സുപ്സ വഴി തുര്‍ക്കിയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കുമാണ് .ഇത് വളരെ ചിലവ് കൂടിയ പാതയാണ് കൂടാതെ തുര്‍ക്കിയിലൂടെയുള്ള ടാങ്കര്‍ കപ്പല്‍ ഗതാഗതത്തിനെതിരെ തുര്‍ക്കി ആശങ്ക അറിയിച്ചിട്ടുമുണ്ട് . ഈ ഘട്ടത്തില്‍ അമേരിക്കയെ സംബന്ധിച്ച് താരതമ്യേന ചിലവു കുറഞ്ഞതുമായ ഒരു വഴിയാണ് തുര്‍ക്ക് മെനിസ്ഥാനില്‍ നിന്നും അഫ്ഘാന്‍ വഴി പാക്കിസ്ഥാനിലേക്കും അവിടെ നിന്നും ഇന്‍ഡ്യയിലേക്കും ഉള്ള ഒരു പൈപ്പ് ലൈന്‍ പദ്ധതി .The Trans-Afghanistan Pipeline - TAPI [1,680 kilometre ] എന്നറിയപ്പെടുന്ന ഈ പദ്ധതിയിലെ പങ്കാളികള്‍ - തുര്‍ക്ക്മെനിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , പാക്കിസ്ഥാന്‍ , ഇന്‍ഡ്യ എന്നീ രാജ്യങ്ങളാണ് ഇതിന്റെ ചുരുക്കെഴുത്താണ് TAPI .1996 ല്‍ ആരംഭിച്ച ഈ പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത് UNOCAL എന്ന അമേരിക്കന്‍ കമ്പനിയാണ് ,ഫലത്തില്‍ അമേരിക്ക തന്നെ . ഈ ഒരു ഗ്യാസ് പൈപ്പ് ലൈന്‍ പ്രൊജക്റ്റിനായി അമേരിക്ക തയ്യാറെടുക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും അമേരിക്കക്കു നിയന്ത്രണമില്ലാത്ത താലിബാന്‍ ഭരണമുള്ള അഫ്ഘാനിസ്ഥാനാണ് ഈ പദ്ധതിക്കു വിഘാതമായി നിന്നിരുന്നത് . പാക്കിസ്ഥാനും ഇന്‍ഡ്യയും ഭരിക്കുന്നത് അമേരിക്കയായതു കൊണ്ടു അഫ്ഘാനിസ്ഥാന്റെ നിയന്ത്രണം കൈവരുക വഴി ഭാവിയിലെ ഇന്ധന നിക്ഷേപത്തിന്റെ പൂര്‍ണ്ണ അധികാരം അമേരിക്കക്കു കൈവരും .1997 ല്‍ UNOCOL ന്റെ നിയന്ത്രണത്തിലുള്ള Central Asia gas Pipeline Ltd എന്ന കണ്‍സോര്‍ഷ്യം ഈ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടെങ്കിലും അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഈ പദ്ധതി 1998 ജൂണില്‍ ല്‍ Bridas corporation എന്ന അര്‍ജന്റീനിയന്‍ കമ്പനിക്കു നല്‍കുകയുണ്ടായി 1998 അവസാന പാദത്തോടെ അമേരിക്കന്‍ കമ്പനിയായ UNOCOL പദ്ധതിയില്‍ നിന്നു പിന്മാറി .Bridas corporation പദ്ധതിയുമായി മുന്നോട്ടു പോയെങ്കിലും ഇതില്‍ പങ്കാളികളായ ഇന്‍ഡ്യ , പാക്കിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഭരണകൂട അസ്ഥിരത പദ്ധതിയുടെ നിര്‍മ്മാണത്തെ കാര്യമായി തന്നെ തടസ്സപ്പെടുത്തീക്കൊണ്ടു പദ്ധതി നിര്‍ജ്ജീവാവസ്ഥയില്‍ തുടര്‍ന്നു .

അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ലോകജനതയെ ഞെട്ടിച്ചു കൊണ്ടു സെപ്റ്റംബര്‍ 11 ഭീകരാക്രമണമുണ്ടാകുന്നത് .അല്‍ ക്വൈദ എന്ന ഭീകര സംഘടന നടത്തിയ ഈ ആക്രമണം ലോകത്തെ ഞെട്ടിച്ചു .ആക്രമണത്തിന് ശേഷം വളരെ പെട്ടെന്നു തന്നെ അല്‍ക്വൈദയുടെ നേതൃത്വം വഹിക്കുന്ന ഒസാമാ ബിന്‍ ലാദന്‍ അഫ്ഘാനിസ്ഥാനിലെ തോറാ ബോറാ മലനിരകളില്‍ ഒളിച്ച് താമസിക്കുകയാണെന്ന് ബോധ്യം വന്ന അമേരിക്ക സെപ്റ്റംബര്‍ 11 ന്റെ നടുക്കം മാറുന്നതിന് മുമ്പു അതായതു 2001 ഒക്ടോബര്‍ മാസത്തില്‍ തന്നെ അഫ്ഘാനിസ്ഥാനിലേക്കു സൈനിക വിന്യാസം നടത്തി. Cospiracy theorist കള്‍ പറയുന്ന പോലെ സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണം അമേരിക്ക തന്നെ സൃഷ്ടിച്ച ഒരു നാടകമാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല അതു ചെയ്തതു അല്‍ ക്വൈദ എന്ന തീവ്രവാദ സംഘടന തന്നെയാകണം പക്ഷെ അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ ഭീകരാക്രമണത്തെതുടര്‍ന്നുള്ള ലോകപിന്തുണ അഫ്ഘാനിസ്ഥാനില്‍ അധിനിവേശം നടത്താനുള്ള മികച്ച അവസരമായിരുന്നു .

2001 ഒക്ടോബര്‍ മാസത്തില്‍ തുടങ്ങിയ അധിനിവേശം കഷ്ടിച്ചു ഒരു മാസം തികഞ്ഞപ്പോഴെക്കും താലിബാന്‍ ഭരണകൂടത്തെ പുറത്താക്കി ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള പാവ ഭരണം വന്നു കഴിഞ്ഞിരുന്നു .അമേരിക്കന്‍ നിയന്ത്രണത്തിലായതോടെ പൈപ് ലൈന്‍ പദ്ധതിയില്‍ നിന്നും Bridas corporation പിന്‍ വാങ്ങി.2002 ല്‍ Trans-Afghanistan Pipeline പദ്ധതി തുര്‍ക്ക്മെനിസ്ഥാനും പാക്കിസ്ഥാനും അഫ്ഘാനിസ്ഥാനും ചേര്‍ന്ന് ഉടമ്പടി കരാര്‍ നവീകരിക്കുകയും അമേരിക്കന്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ പദ്ധതി ഏകോപനം നടത്തുകയും ചെയ്തു .പക്ഷെ കാര്യങ്ങള്‍ അമേരിക്ക കരുതിയ പോലെ എളുപ്പം പുരൊഗമിക്കാന്‍ താലിബാന്‍കാര്‍ സമ്മതിച്ചില്ല .ഭരണം കൈവിട്ടു പോയെങ്കിലും അഫ്ഘാന്റെ ദക്ഷിണ പ്രവിശ്യയില്‍ താലിബാന്റെ അനൌദ്യോഗിക ഭരണമായിരുന്നു അതു കൊണ്ടു തന്നെ പദ്ധതി തുടങ്ങി വെക്കേണ്ട തുര്‍ക്ക് മെനിസ്ഥാനെ സംബന്ധിച്ചിടത്തോളം ദക്ഷിണമേഘലയിലെ ഈ താലിബാന്‍ നിയന്ത്രണം ഏറെ അപകടകരമായിരുന്നു .പക്ഷെ അതു കണ്ടറിഞ്ഞ അമേരിക്കന്‍ ഭരണകൂടം തോറാ ബോറയില്‍ ഇല്ലാത്ത ഒസാമാ ‍ബിന്‍ലാദനെ പിടിക്കാന്‍ സൈനിക വിന്യാസം വീണ്ടും ശക്തമാക്കി. ലക്ഷക്കണക്കിന് സൈനികര്‍ അണീ നിരന്നിട്ടും ലഭ്യമായ സാങ്കേതിക വിദ്യകള്‍ എല്ലാം ഉപയോഗിച്ചിട്ടും ഒസാമ ബിന്‍ ലാദനെന്ന കൊടും ഭീകരനെ കിട്ടുന്നില്ല .പക്ഷെ ദക്ഷിണ പ്രവിശ്യയെ താലിബാന്‍ നിയന്ത്രണത്തില്‍ നിന്നും അമേരിക്ക മോചിപ്പിച്ചു .അഫ്ഘാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ കൊടും ഭീകരരായ താലിബാനികളെ ‍ ഉന്മൂലനം ചെയ്ത് ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമാക്കുന്നതിനെ ലോകം അമേരിക്കയെ അഭിനന്ദിച്ചു കൊണ്ടിരുന്നു . 2001 സെപ്റ്റംബറിലെ ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസം തന്നെ ബിന്‍ ലാദന്‍ അഫ്ഘാന്‍ മലനിരകളിലുണ്ടെന്ന് കണ്ടെത്തിയ അമേരിക്കന്‍ ഇന്റലിജന്‍സിന് വര്‍ഷം പലതു കഴിഞ്ഞിട്ടും ഒസാമ എവിടെയുണ്ടെന്ന് പോലും നിശ്ചയമില്ലാതെയായി. എന്തായാലും ഇതിനിടക്ക് 2008 ല്‍ തുര്‍ക്ക് മെനിസ്ഥാന്‍ - അഫ്ഘാനിസ്ഥാന്‍ - പാക്കിസ്ഥാന്‍ - ഇന്‍ഡ്യാ സംയുക്ത കരാറില്‍ ഒപ്പു വെച്ചു .

2010 ഡിസംബര്‍ മൂന്നാം തിയ്യതി അഫ്ഘാനിസ്ഥാനിലേക്ക് ലോകം അല്‍ഭുതത്തോടെ നോക്കി .പരിവാരങ്ങളും അനേക നാളത്തെ തയ്യാറെടുപ്പുകളുമായി മാത്രം വിദേശ സന്ദര്‍ശനത്തിന് തയ്യാറാവുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഒബാമാ വളരെ രഹസ്യമായി പ്രത്യേകിച്ചു രാഷ്ട്രീയ കാരണങ്ങളൊന്നും തന്നെയില്ലാതെ അഫ്ഘാനിസ്ഥാന്‍ സന്ദര്‍ശിക്കുന്നു .തന്റെ സൈനികരെ അഭിസംബോധന ചെയ്തു കൊണ്ടു അദ്ദേഹം പറഞ്ഞു -

“നമുക്കഭിമാനിക്കാം താലിബാന്റെ കൈവശം ഇപ്പോള്‍ വളരെ കുറച്ച് പ്രദേശങ്ങളെ ഉള്ളൂ .നിങ്ങളുടെയെല്ലാം പരിശ്രമ ഫലമായി പുതിയൊരു അഫ്ഘാനെ അടുത്ത വര്‍ഷം കാണാന്‍ കഴിയും .” വളരെ രഹസ്യമായ ഈ സന്ദര്‍ശനവും സൈനിക അഭിസംബോധനയും രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും കൃത്യമായ വിശദീകരണം കിട്ടിയിരുന്നില്ല .

പ്രസിഡണ്ട് ഒബാമയുടെ സന്ദര്‍ശനത്തിന് കൃത്യം ആറ് ദിവസത്തിന് ശേഷം ഡിസംബര്‍ 9 ന് ഊര്‍ജ്ജോല്പാദന സംബന്ധിയായ വാര്‍ത്തകള്‍ മാത്രം വരുന്ന ഗ്ലൊബല്‍ എനര്‍ജി മാഗസിനില്‍ ഒരു പ്രധാന വാര്‍ത്ത വന്നിരുന്നു . The Trans-Afghanistan Pipeline - TAPI എന്ന പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു .അപ്രതീക്ഷിതമായ തടസ്സങ്ങളില്ലെങ്കില്‍ പദ്ധതി ലക്ഷ്യം വെച്ചത് പോലെ തന്നെ 2014 ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും റഷ്യന്‍ ചാനലിലൂടെയല്ലാതെ സുഗമമായ ഇന്ധന നീക്കം ഇതു മൂലം സാധ്യമാകും എന്നും വാര്‍ത്തയില്‍ പറയുന്നു.2008 നവംബര്‍ 26 ലെ ഇന്‍ഡ്യയിലെ ഭീകരാക്രമണത്തോടെ കൊടും ശത്രുതയിലാണെന്നു നമ്മളൊക്കെ വിശ്വസിക്കുന്ന ഇന്‍ഡ്യയും പാക്കിസ്ഥാനും ആ സംഭവത്തിനു ശേഷം സംയുക്തമായി ഒപ്പു വെച്ച ഏക കരാറാണിത് .

അഫ്ഘാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്‍ഡ്യയിലും അമേരിക്ക ചെല്ലും ചെലവും കൊടുത്തു നിയന്ത്രിക്കുന്ന , അമേരിക്കയുടെ വിനീതവിധേയരാണ് ഭരിക്കുന്നതെന്നതിനാല്‍ 2014 ല്‍ തുര്‍ക്ക് മെനിസ്ഥാനില്‍ നിന്നുള്ള ഈ വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിക്കുന്നതോടെ മധ്യേഷ്യയിലെ ഇനിയും പര്യവേക്ഷണം ചെയ്യപ്പെടാനുള്ള ഇന്ധന നിക്ഷേപത്തിന്മേല്‍ അമേരിക്കക്കു പൂര്‍ണ്ണ നിയന്ത്രണം കൈവരുന്നു. ഈയൊരു അനുമാനം വെച്ചു കൊണ്ടു പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്ന 2014-ല്‍ ഒസാമയെ കീഴടക്കി കൊന്നാല്‍‍ മതിയായിരുന്നു .പക്ഷെ അഫ്ഘാനിസ്ഥാനിലെ സൈനിക വിന്യാസത്തിന് വേണ്ടി അമേരിക്കയുടെ പ്രതിരോധ ബഡ്ജറ്റില്‍ ഗണ്യമായ ഒരു ഭാഗം നീക്കി വെക്കേണ്ടി വന്നിട്ടുണ്ട് .അമേരിക്കന്‍ പ്രതിരോധ ബഡജറ്റ് ഭീമമായ ഒരു തുകയാണ് അഫ്ഘാനിസ്ഥാനിലെ സൈനിക വിന്യാസത്തിനായി ചിലവഴിച്ചിരിക്കുന്നത് . അത് കൂടാതെ സൈനികരുടെ കുടുംബങ്ങളില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നുമുള്ള സമ്മര്‍ദ്ദവും .ഇപ്പോഴത്തെ ഹമീദ് കര്‍സായിയുടെ അഫ്ഘാന്‍ ഗവണ്മെന്റ് അമേരിക്ക പറയുന്നതിനപ്പുറം ഒരു വാക്കു പറയില്ല , താലിബാന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളെല്ലാം ഒരു പരിധി വരെ കയ്യടക്കി കഴിഞ്ഞു . 1995 ല്‍ തുടങ്ങിയ The Trans-Afghanistan Pipeline - TAPI പദ്ധതി പൂര്‍ത്തീയാകാന്‍ പോകുന്നു .അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പു അടുത്തു വരുന്നു ഇതാണ് പറ്റിയ സമയം ഇനി ലാദനെ അങ്ങ് കൊന്നു കളഞ്ഞേക്കാം . അങ്ങനെ പണ്ടെങ്ങോ ചത്തു മണ്ണടിഞ്ഞ ലാദനെ ഒന്നു കൂടി കൊന്നു കളഞ്ഞു കൊണ്ട് അമേരിക്ക സെപ്റ്റംബര്‍ 11 ന് പകരം വീട്ടി !!!.

മനുഷ്യരെപ്പോലെ തന്നെ രാജ്യങ്ങള്‍ക്കും മനസ്സുണ്ടെന്നു പറഞ്ഞത് എം എന്‍ വിജയന്‍ മാഷാണ്.കഥകളിലെ ഭീമാകാരന്മാരായ ജീവികളുമായി സാങ്കല്‍പ്പിക യുദ്ധം നടത്തുന്ന കൊച്ചുകുട്ടികളെയാണ് ചിലപ്പോള്‍ അമേരിക്കക്കാര്‍ ഓര്‍മ്മിപ്പിക്കുക .
ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ അന്യഗ്രഹ ജീവികള്‍ മുതല് ഗൊറില്ല വരെയുള്ള‍ അജ്ഞാത ഭീകര ശക്തികള്‍ എപ്പോഴും അമേരിക്കക്കാരുടെയും ലോകത്തിന്റെയും ശത്രുക്കളാണ് അവസാനം ധീരോദാത്തനായ ഒരു രക്ഷകന്‍ വന്ന് ഈ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്തു കൊണ്ടു ലോകത്തെ മുഴുവന്‍ രക്ഷിക്കും. ഹോളിവുഡ് ചിത്രങ്ങള്‍ ലോകത്തു മുഴുവന്‍ പ്രചാരത്തിലായ കാലം മുഴുവന്‍ ഈ ഒരു സന്ദേശമാണ് എല്ലാ സിനിമകളിലും മാറിയും മറിഞ്ഞും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍ അന്യഗ്രഹജീവികളും അജ്ഞാത ജീവികളെയുമെല്ലാം പ്രതീകാത്മക ശത്രുക്കളാക്കി പോരാടാം പക്ഷെ യഥാര്‍ത്ഥലോകത്തില്‍ അതു പറ്റില്ലല്ലോ .സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയൊടെ ശീത യുദ്ധത്തിന്ന്റെ അന്ത്യമായി അതിനു ശേഷം എടുത്തു കാണിക്കാനൊരു ശത്രു ഇല്ലാതെയായിപോയപ്പോഴാണ് അമേരിക്കന്‍ ഭരണകൂടം ശത്രുക്കളെ സ്വയം സൃഷ്ടിച്ചു തുടങ്ങിയത്. ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സ്വന്തം താല്പര്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന മാനസികാവസ്ഥ .

അഫ്ഘാനിസ്ഥാനില്‍ 10 വര്‍ഷം പോരാടി ഭീകരവാദം തുടച്ചു നീക്കി ലോകത്തെ ഒരു പരിധി വരെ രക്ഷിച്ചു കഴിഞ്ഞു .ഇനി അടുത്ത ഊഴം ഇറാന്‍ ആണ് .അതിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴെ തുടങ്ങിയിട്ടുണ്ട് . ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന അഹ്മദി നെജാദെന്ന കൊടും ക്രൂരനില്‍ നിന്നും വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ലോകത്തെ രക്ഷിക്കാനൊരു അമേരിക്കന്‍ അധിനിവേശം നമുക്കു പ്രതീക്ഷിക്കാം. കാരണം പ്രകൃതി വാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനവും പെട്രോളിയം നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്തു മൂന്നാം സ്ഥാനവും ഇറാനുണ്ട് !!!

അനുബന്ധം :
ഒസാമാ ബിന്‍ ലാദനുമായി ബന്ധപ്പെട്ടു കാണാന്‍ പറ്റുന്ന രണ്ടു ഹിന്ദി ചിത്രങ്ങളുണ്ട് :
2008 ല്‍ ഇറങ്ങിയ മിഷന്‍ ഇസ്താംബൂള്‍ എന്ന ആക്ഷന്‍ മസാലയും 2010 ല്‍ ഇറങ്ങിയ തേരെ ബിന്‍ ലാദന്‍ എന്ന കോമഡി പടവും . എങ്ങനെ എളുപ്പത്തില്‍ ബിന്‍ ലാദന്റെ ഡ്യൂപ്പിനെ സൃഷ്ടിക്കാമെന്ന് ഈ രണ്ടു ചിത്രങ്ങളും നമുക്കു പറഞ്ഞു തരും .!!!

ആവര്‍ത്തിക്കപ്പെടുന്ന ചരിത്രങ്ങള്‍




പഴമക്കാര്‍ പറയാറുണ്ട് ലോകത്തില്‍ വിജയിക്കാന്‍ ബുദ്ധിയും പണവും മാത്രം പോരാ ദൈവാധീനവും കൂടി വേണമെന്ന് .എന്തൊക്കെയുണ്ടായാലും ഒരു പ്രതിസന്ധി ഘട്ടത്തില്‍ ദൈവ സഹായം ഉണ്ടായില്ലെങ്കില്‍ പിന്നെന്തുണ്ടായിട്ടും കാര്യമില്ലല്ലോ . ഓരോരോ സംഭവങ്ങള്‍ കാണുമ്പോള്‍ നമ്മുടെ അംബാനിമാരോളം ദൈവാനുഗ്രഹമുള്ള ആരെങ്കിലും ലോകത്തുണ്ടോ എന്നു പോലും നമ്മള്‍ സംശയിച്ചു പോകും . നിര്‍ണ്ണായക ഘട്ടത്തിലെല്ലാം തന്നെ ദൈവം നേരിട്ട് സഹായിക്കുന്നതു പോലെയാണ് . അവസാനമായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ഡോര്‍ജി ഖാണ്ടു ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷമായിരിക്കുന്ന ദുഖകരമായ സാഹചര്യത്തില്‍ പോലും അംബാനിമാരുടെ ദൈവാനുഗ്രഹത്തെ പറ്റിയാണ് ഓര്‍ത്തു പോയത് .

അരുണാചല്‍ പ്രദേശ് എന്ന അതിര്‍ത്തി സംസ്ഥാനം നമുക്കൊന്നും അത്ര പ്രാധാന്യമുള്ളതല്ലെങ്കിലും അന്താരാഷ്ട്ര തലത്തില്‍ ചൈനയുമായുള്ള ഉരസലുകള്‍ മൂലം ഏറെ പ്രാധാന്യമുള്ള സംസ്ഥാനമാണ് .നമ്മള്‍ നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന ഒരു സ്ഥലം . മലനിരകളും നദികളും കൊണ്ട് ജലവൈദ്യുത പദ്ധതികള്‍ക്കു ഭൂമിശാസ്ത്രപരമായി ഇത്ര അനുകൂലമായ മറ്റൊരു സംസ്ഥാനവുമില്ല .അത് കൊണ്ടു തന്നെ ഇന്‍ഡ്യയിലെ ജലവൈദ്യുത പദ്ധതികളുടെ ആസ്ഥാനം കൂടിയാണ് അരുണാചല്‍ പ്രദേശ് .ലക്ഷക്കണക്കിന് കോടി രൂപ ബഹുരാഷ്ട്ര കമ്പനികള്‍ ഊര്‍ജ്ജോല്പാദനത്തിനു വേണ്ടിയുള്ള വന്‍ കിട ജലവൈദ്യൂത പദ്ധതികള്‍ക്കായി അരുണാചല്‍പ്രദേശില്‍ നിക്ഷേപിച്ചിട്ടുണ്ട് . റിലയന്‍സ് ആണ് ഏറ്റവുമധികം നിക്ഷേപം അരുണാചല്‍ പ്രദേശില്‍ നടത്തിയിട്ടുള്ളത് , പ്രാരംഭ നിക്ഷേപമായി 12000 കോടി രൂപ നിക്ഷേപിച്ചു കൊണ്ടു 1999 മെയ് മാസത്തില്‍ 2520 മെഗാവാട്ട് ജലവൈദ്യുതിക്കായുള്ള ഒരു പദ്ധതിയില്‍ റിലയന്‍സ് ഒപ്പു വെച്ചിരുന്നു .

ഡോര്‍ജി ഖണ്ടു 2007 ലാണ് അരുണാചലിന്റെ മുഖ്യമന്ത്രിയായത് . മുന്‍ ഗാമിയായ ജിയാങ്ങ് അപാങ്ങിന്റെ 19 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് ശേഷം വന്ന ഡോര്‍ജി ഖണ്ടുവിനെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ നോക്കിക്കണ്ടത് .ഓഫീസിലെ ഒരു അഴിമതിക്കാരനെ തെളിവോടെ പോലീസിന് ഏല്‍പ്പിച്ചു കൊടുത്ത് കൊണ്ടാണ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്ത ആദ്യ ദിവസം തുടങ്ങിയത് . ഈ അപ്രത്യക്ഷമാകലില്ലെങ്കില്‍ ഡോര്‍ജി ഖണ്ടു എന്ന മുഖ്യമന്ത്രിയെക്കുറിച്ചു നമ്മളിലധികം പേരും കേള്‍ക്കുക പോലുമില്ലായിരുന്നു .പക്ഷെ ആള് പുലിയാണ് .ഇന്‍ഡ്യന്‍ സൈന്യത്തിലെ ഇന്റലിജന്‍സ് വിഭാഗത്തില്‍ സ്തുത്യര്‍ഹമായ സേവനത്തിന് സുവര്‍ണ്ണ പതക്കം വാങ്ങിയ ആളാണ് .സൈന്യത്തില്‍ നിന്നു വിരമിച്ചതിന് ശേഷം ഗ്രാമങ്ങളില്‍ അല്പം സാമൂ‍ഹ്യ സേവനമൊക്കെ നടത്തുന്നതിടയിലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് . വിട്ടു വീഴ്ചയില്ലാത്ത സൈനിക കാര്‍ക്കശ്യം പുലര്‍ത്തിയെങ്കിലും സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമങ്ങള്‍ക്കു മുന്‍ തൂക്കം കൊടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു .

"സ്വകാര്യ സംരംഭകര്‍ക്കു ഗവണ്മെന്റിന്റെ ഭാഗത്തു നിന്നു എല്ലാ വിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു കൊണ്ട് തന്നെ MoU [മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്റിങ്ങ്] വില്‍ പറഞ്ഞിരിക്കുന്ന കാലപരിധിക്കുള്ളില്‍ , സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാത്ത പക്ഷം സ്വകാര്യ കമ്പനികളില്‍ നിന്നു പദ്ധതിയുടെ അംഗീകാരം റദ്ദ് ചെയ്തു കൊണ്ടു പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കൊടുക്കുകയോ സ്വകാര്യ മേഖലയില്‍ തന്നെ പുതിയ സംരഭകരെ ക്ഷണിക്കുകയോ ചെയ്ത് കൊണ്ട് പൊതുമേഖലാ കമ്പനികള്‍ക്കു കൊടുക്കുകയോ പുതിയ സ്വകാര്യ സംരഭകരെ ക്ഷണിക്കുകയോ ചെയ്യും - 2010 ഏപ്രില്‍ മാസത്തില്‍ നടന്ന ഇന്‍ഡ്യാ ടെക്ക് ഫൌണ്ടേഷന്റെ അഞ്ചാമത് വാര്‍ഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള ഡോര്‍ജി ഖണ്ടുവിന്റെ പ്രസംഗത്തില്‍ നിന്നു. 2008 ജലവൈദ്യുത നയമനുസരിച്ചു സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ക്കു മുന്‍ ഗണന നല്‍കണമെന്നു പറഞ്ഞിട്ടുണ്ടെങ്കിലും പല സ്വകാര്യ കമ്പനികള്‍ അക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

ആറ് ഭീമന്‍ പദ്ധതികളിലായി 4220 മെഗാവാട്ട് പദ്ധതിയുടെ നിക്ഷേപമാണ് റിലയന്‍സ് പവറിന് അരുണാചല്‍പ്രദേശിലുള്ളത് .
സമയ ബന്ധിതമായി പദ്ധതി തീര്‍ത്തില്ലെങ്കില്‍ പദ്ധതി റദ്ദ് ചെയ്യുമെന്നതൊക്കെ റിലയന്‍സിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണ്. ചൈനീസ് അതിര്‍ത്തിയില്‍ സുരക്ഷാ പരമായ കാരണങ്ങളാല്‍ വിചാരിച്ചത്ര എളുപ്പത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കുക ബുദ്ധിമുട്ടാണ് സുരക്ഷാ കാര്യങ്ങളിലുള്ള ചിലവുകള്‍ അതത് കമ്പനികള്‍ തന്നെ വഹിക്കണമെന്നു കൂടി മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് പദ്ധതി റദ്ദ് ചെയ്താല്‍ എത്രയോ ആയിരം കോടികളാണ് റിലയന്‍സിന് നഷ്ടം .ഇത്തരമൊരു നിര്‍ണ്ണായക ഘട്ടം നില നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി ഡോര്‍ജീ ഖണ്ടുവിന് ഈ ആപത്തു പിണഞ്ഞത് . ഇതിനെയൊക്കെ ദൈവാധീനമെന്നല്ലാതെ എന്തു പറയാന്‍ ?.ഇനിയിപ്പോള്‍ പുതിയ മുഖ്യമന്ത്രി വരും അയാള്‍ മുന്‍ ഗാമിയെപ്പോലെ ഇത്തരത്തില്‍ വിഡ്ഡിത്തം നിറഞ്ഞ തീരുമാനമെടുക്കില്ലെന്ന് സമാധാനിക്കാം .

18 മാ‍സങ്ങള്‍ക്കു മുമ്പു സമാനമായ ഒരപകടത്തിലൂടെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി കൊല്ലപ്പെട്ടത് .മോശം കാലാവസ്ഥയും പഴയ കോപ്റ്ററുമൊക്കെയാണ് അപകട കാരണം എന്നിട്ടും ചില ദുഷ്ടശക്തികള്‍ അത് റിലയന്‍സ് കമ്പനിക്കാര്‍ ചെയ്യിച്ചതാണെന്ന് കിംവദന്തി പരത്തി .എക്സൈല്‍ എന്നൊരു റഷ്യന്‍ വെബ്സൈറ്റായിരുന്നു ഇത്തരത്തിലൊരു വാര്‍ത്ത പുറത്തു വിട്ടത് .വാര്‍ത്ത കേട്ട ആവേശത്തില്‍ അണികള്‍ റിലയന്‍സിന്റെ ഓഫീസും ഔട്ട് ലെറ്റുമെല്ലാം അടിച്ച് പൊളിക്കാന്‍ ഒന്നു ശ്രമിച്ചു ,അതു പെട്ടെന്ന് തന്നെ ആ ആവേശം തണുക്കുകയും ചെയ്തു .നേതാവോ സിനിമാ നടനോ ഹേര്‍ട്ട് അറ്റാക്ക് വന്നു മരിച്ചാലും ബസും ഓഫീസും തല്ലിപ്പൊളിക്കുന്ന ആന്ധ്രാക്കാര്‍ പെട്ടെന്നു തന്നെ ശാന്തരായി .സംഭവം ഹര്‍ത്താലോ ബന്ധോ ഒക്കെ നടത്തിക്കോളൂ പക്ഷെ കളി റിലയന്‍സിനോട് വേണ്ട .

രാജശേഖര റെഡ്ഡി ഗാരു മരിക്കുന്നതിന് മുന്നായി റിലയന്‍സുമായി ഒന്നു ഉടക്കിയിരുന്നു .ഗോദാവരീ തീരത്തെ പ്രകൃതി വാതക നിക്ഷേപം സംബന്ധിച്ച തര്‍ക്കം അംബാനി സഹോദരന്മാരുടെ കുടുംബ കാര്യമാവുകയും അത് അമ്മ കോകിലാ ബെന്‍ തീരുമാനിക്കും ആര്‍ക്കു കൊടുക്കണമെന്നൊക്കെ പത്രങ്ങള്‍ അടിച്ചു വിട്ടപ്പോള്‍ ഞാനൊക്കെ കരുതിയിരുന്നത് ധീരുഭായി അംബാനിക്കു പരമ്പരയായി കിട്ടിയ പൈതൃക സ്വത്താണ് അതെന്നായിരുന്നു .ഒരു രാജ്യത്തിലെ പ്രകൃതി വാതകത്തിന്റെ കുത്തക ചേട്ടനും അനിയനും കൂടി തല്ലു കൂടി അമ്മ തീര്‍പ്പു കല്‍പ്പിക്കാന്‍ അവരുടെ കുടുംബസ്വത്തോ മറ്റോ ആണോ ?. ഇതൊക്കെ തന്നെയാണ് റെഡ്ഡി ഗാരുവും അന്നു പറഞ്ഞത് .അമ്മ തീരുമാനിക്കുന്നതൊക്കെ അങ്ങ് വീട്ടില്‍ ഇത് എങ്ങനെ വിതരണം ചെയ്യണമെന്നും അതേതു വിലക്കു വില്‍ക്കണമെന്നും ഗവണ്മെന്റ് തീരുമാനിക്കുമെന്ന് .

ധാര്‍ഷ്ട്യമല്ലെ അത് ,ഇങ്ങനെയൊക്കെയാണോ മുഖ്യമന്ത്രിമാര്‍ പറയേണ്ടത് ? .ഇങ്ങനെയൊക്കെ പറയുന്നതിന് മുമ്പു തന്നെ സോണിയാ ഗാന്ധി അരുത് രാജാ നീ ഇങ്ങനെയൊന്നും പറയരുതെന്നു കൂടി ഉപദേശിച്ചതാണ് എന്നിട്ടും കേട്ടില്ല .എന്തായാലും അധികം താമസിയാതെ വൈ എസ് രാജശേഖര റെഡ്ഡി സുഖ സുഷുപ്തിയിലായി .റോസയ്യ എന്ന കര്‍മ്മ ധീരന്‍ മുഖ്യമന്ത്രിയായി .മൂപ്പര്‍ ഇത്തരം കാര്യങ്ങളില്‍ പോയിട്ടു സ്വന്തം കാര്യം വരെ നോക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് . റിലയന്‍സുമായി ഒടക്കി എന്നതും റെഡ്ഡി ഉണ്ടായിരുന്നെങ്കില്‍ റിലയന്‍സിന്റെ കളി നടക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നതു കൊണ്ടു മാത്രം ശുദ്ധരില്‍ ശുദ്ധരായ അംബാനിമാരെ സംശയിച്ച റഷ്യന്‍ വെബ് സൈറ്റൊക്കെ നശിച്ച് പോകും അല്ലേലും ഈ റഷ്യക്കാരൊക്കെ പണ്ടേ ഇന്‍ഡ്യക്കാര്‍ നന്നാവുന്നത് സഹിക്കാത്ത ആളുകളാണ് .

നമ്മുടെ നാട്ടില്‍ ചിലപ്പോഴൊക്കെ അവിശ്വസനീയമായ ട്വിസ്റ്റുകള്‍ നില നിര്‍ത്തുന്ന ഹോളിവുഡ് പടത്തെക്കാള്‍ അസാധാരണമായ സംഭവഗതികളുണ്ടാവും .അത് അങ്ങനെയല്ലെന്നു വിശ്വസിക്കുകയും അതില്‍ അസാധാരണത്വമൊന്നുമില്ലന്ന് സമാധാനിക്കുകയും ചെയ്യുക . ഡോര്‍ജി ഖണ്ടുവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുണ്ട് . തിരച്ചിലിന്റെ അന്ത്യം ശുഭകരമായി തീരട്ടെ എന്നു ആഗ്രഹിക്കുന്നു - may -1 -2011 .

--------------------------------------------------------------------------

ഡോര്‍ജി ഖണ്ടുവിനെ കാണാതായതിന്റെ പിറ്റേ ദിവസം എഴുതിയ ബ്ലോഗ് ആണിത് .മൂന്നു ദിവസങ്ങള്‍ക്കു ശേഷം അദ്ദേഹം മരിച്ചുവെന്നറിയിപ്പു കിട്ടുമ്പോള്‍ വലിയ അല്‍ഭുതം തോന്നാത്തത് കടുത്ത കാലാവസ്ഥയില്‍ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചത് കൊണ്ടു മാത്രമല്ല , വൈ എസ് ആറിന്റെ ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന ആശങ്ക ഉള്ളിലുണ്ടായിരുന്നത് കൊണ്ടു കൂടിയാണ്

Friday, 29 April 2011

പശുവിന്റെ കടിയും കാക്കയുടെ വിശപ്പും .




നാലു ത്മിഴ് സിനിമയില്‍ നായകനായ ഓരോ തമിഴ് നടനും അടുത്ത മുഖ്യമന്ത്രിയാവാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുന്ന ദ്രാവിഡരാഷ്ട്രീയത്തില്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു 1960 കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു വിഷയം തിരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചത് ഇത്തവണയാണ് .തമിഴ് നാടിന് പുറത്തു എന്തു സംഭവിച്ചാലും ഒരു മൂന്നാം തരം ഡപ്പാം കൂത്ത് പടം റിലീസ് ആവുന്നതിനെക്കാള്‍ പ്രാധാന്യമൊന്നും കല്‍പ്പിക്കാത്ത തമിഴരുടെ ഇടയില്‍ ഇത്തവണത്തെ പ്രധാന പ്രചരണ വിഷയമായി വന്നത് 2 ജി സ്പെക്ട്രം അഴിമതിയാണ് .


തിരഞ്ഞെടുപ്പ് കഴിഞ്ഞു തികച്ചും ശാന്തമായ അന്തരീക്ഷത്തിലാണ് തമിഴ് രാഷ്ട്രീയത്തില്‍ ഒരു ഭൂകമ്പമുയര്‍ത്തിക്കൊണ്ട് കനിമൊഴിയെ സി ബി ഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് .ഈ ഒരു നടപടിയോടെ തമിഴ് രാഷ്ട്രീയം സംഘര്‍ഷ കലുഷിതമായിത്തീര്‍ന്നെന്ന് പൊതു വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ഒരു നീക്കം പരസ്പര ധാരണ പ്രകാരം മാത്രമാവാനാണ് സാധ്യത .കാരണം നീരാ റാഡിയയുടെ ടേപ്പില്‍ 2 ജി സ്പെക്ട്രം ഇടപാടില്‍ കനിമൊഴിയുടെയും ദയാലു അമ്മാളുടെയും സാന്നിധ്യം നിസ്സംശയം തെളിഞ്ഞിട്ടും തിരഞ്ഞെടുപ്പ് കഴിയുന്ന വരെ കനിമൊഴിയെ പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയിരുന്നില്ല മാത്രമല്ല ദയാലു അമ്മാളെ പ്രായാധിക്യത്തിന്റെ പേരില്‍ ഇപ്പോള്‍ ഒഴിവാക്കിയിട്ടുമുണ്ട് . ഇത് ഡി എം കെയും കോണ്‍ഗ്രസ്സും തമ്മിലുള്ള ഉഭയ സമ്മത പ്രകാരം തന്നെയാവും .2 ജി സ്പെക്ട്രം അഴിമതിയില്‍ ഏതെങ്കിലും ബലിയാടിനെ കരുവാക്കി ബാക്കിയെല്ലാം തെളിവുകളില്ലാതെ അവസാനിപ്പിക്കാനാവും കോണ്‍ഗ്രസ്സിന്റെ നീക്കം . അതിന് വേണ്ടി തന്നെയാണ് പബ്ലിക് എക്കൌണ്ട്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവര്‍ തന്നെ ചോര്‍ത്തി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് .അതിനു വേണ്ടി ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയെയും സമാജ് വാദി പാര്‍ട്ടിയെയുമെല്ലാം വിലക്കെടുത്തു ക്ഴിഞ്ഞു .വിലക്കെടുക്കുക എന്ന തന്ത്രത്തില്‍ കോണ്‍ഗ്രസ്സിനെ കവച്ചു വെക്കാന്‍ ആര്‍ക്കുമാവില്ലല്ലോ .കുറെ ആരൊപണ പ്രത്യാരോപണങ്ങള്‍ - അവസാനം കാലപ്പഴക്കത്തില്‍ 2 ജി അഴിമതി എന്നൊരു സംഭവമേ ഇല്ലാതെയാകും .


രാജീവ് ഗാന്ധി വധത്തില്‍ ഡി എം കെ ക്കു വ്യക്തമായ പങ്കുണ്ടെന്ന് ജയിന്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടു പോലും സോണിയാ ഗാന്ധിക്കു മുത്തുവേല്‍ കരുണാ നിധി അഭിമതനാകുന്നത് ദേശീയ രാഷ്ട്രീയത്തില്‍ തമിഴ് നാട്ടിലെ ദ്രാവിഡ പാര്‍ട്ടികള്‍ക്ക് വില പേശാന്‍ തക്ക സ്വാധീനമുള്ളത് കൊണ്ടാണ് . ദേശീയ പാര്‍ട്ടികള്‍ക്കൊന്ന് ആഗ്രഹിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ പ്രാദേശിക ദ്രാവിഡ കക്ഷികള്‍ മാത്രം മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് തമിഴ് നാടു .ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സ് ഏറ്റവും ശക്തി കുറഞ്ഞത് തമിഴ് നാട്ടില്‍ തന്നെയാണ് .ആന്ധ്രയിലും കര്‍ണ്ണാടകയിലും കേരളത്തിലുമെല്ലാം കോണ്‍ഗ്രസ്സിന് അതിന്റേതായ സ്വാധീനം ഉണ്ട് പക്ഷെ തമിഴ് നാട്ടില്‍ ഏതെങ്കിലും ദ്രാവിഡ കക്ഷിയുടെ പങ്കുകാരാവാതെ കോണ്‍ഗ്രസ്സിന് രക്ഷയില്ല ആഭ്യന്തര മന്ത്രിയായ പി ചിദംബരം പോലും തമിഴ് നാട്ടില്‍ ജയിക്കുന്നത് ഡി എം കെ യുടെ ഔദാര്യം കൊണ്ടാണ് .ദേശീയ കക്ഷികള്‍ക്ക് കാര്യമായ സ്വാധീനമില്ലാത്ത തമിഴ് നാട്ടിലെ 40 ലോക് സഭാ സീറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരണത്തിനുള്ള പ്രലോഭിപ്പിക്കുന്ന വാഗ്ദാനം തന്നെയാണ് .ആ പ്രലോഭനം ഉപയോഗിച്ച് ഡി എം കെ യും എ ഐ ഡി എം കെ യും പലപ്പോഴും ദേശീയ രാഷ്ട്രീയത്തില്‍ വില പേശല്‍ നടത്താറുമുണ്ട് , ഇക്കഴിഞ്ഞ കേന്ദ്ര സര്‍ക്കാറില്‍ ഡി എം കെ ക്കു ലഭിച്ച അതിപ്രധാന വകുപ്പുകള്‍ ഈ ബാര്‍ഗെയിനിങ്ങ് പവറിന്റെ തെളിവാണ് .1963 ല്‍ കാമരാജ് തമിഴ് നാട് മുഖ്യമന്ത്രി പദം എം ഭക്തവത്സലന് കൈമാറി ദേശീയ രാഷ്ട്രീയത്തിലേക്ക് പോയതോട് കൂടി തമിഴ് നാട്ടില്‍ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതാവുകയായി എം ഭക്തവത്സലന്‍ തമിഴ് നാട്ടിലെ അവസാ‍ന കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായി മാറി , കോണ്‍ഗ്രസ് ഭരണം എന്നന്നേക്കുമായി അവസാനിക്കുകയായിരുന്നു അതിന് ശേഷമിന്നോളം കോണ്‍ഗ്രസ്സിന് സ്വന്തമായൊരു നില നില്‍പ്പ് തമിഴ് നാട്ടിലുണ്ടായിരുന്നിട്ടില്ല , ജി കെ മൂപ്പനാരുടെ കാലത്തു പോലും .

പക്ഷെ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു ,മുന്നണിമീറ്റിങ്ങില്‍ ദ്രാവിഡ കക്ഷികള്‍ക്ക് മുമ്പില്‍ വാ പൊത്തി ഓച്ഛാനിച്ച് നില്‍ക്കാറുള്ള ദുര്‍ബലരായ കോണ്‍ഗ്രസ്സ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ 45 സീറ്റ് കൂടാതെ 18 സീറ്റാണ് അധികം വേണമെന്ന് കല്‍പ്പിച്ചത് അതും ഏറ്റവും വിജയ സാധ്യതയുള്ള സീറ്റുകള്‍ .ഇത്തരമൊരു ആവശ്യത്തിന് മുമ്പില്‍ തമിഴ്നാട്ടില്‍ വെറും ഏഴാം കൂലികളായ കോണ്‍ഗ്രസ്സിനെ മുന്നണിയില്‍ നിന്ന് ഒഴിവാക്കുകയാണ് ഡി എം കെ ചെയ്യുകയെന്ന രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചന ശേഷിയെ തകര്‍ത്ത് കൊണ്ട് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ട 63 സീറ്റും നിരുപാധികം കൊടുത്ത് ഡി എം കെ മഹാമനസ്കരായി. ഈ മഹാമനസ്കതക്ക് പിന്നില്‍ 300 കോടിയെങ്കിലും ചിലവഴിച്ച കൊച്ചുമോന്റെ കല്യാണമാമാങ്കത്തിന്റെ ആഘോഷം തീരുന്നതിന് മുമ്പേ അന്വേഷണപുലിവാലു പിടിച്ചു രണ്ടു പൊണ്ടാട്ടികളുമായി ജയിലില്‍ കഴിയേണ്ടന്ന് ഏഴൈതോഴന്‍ മുത്തുവേല്‍ കരുണാനിധി കരുതിപ്പോയിരിക്കും കുറ്റം പറയാനൊക്കില്ല .


വാക്കിലും നോക്കിലും കവിത മാത്രം കളിയാടുന്ന കനിമൊഴി മാഡം കോര്‍പറേറ്റ് പിമ്പ് നീരാ റാഡിയക്ക് ബുദ്ധി ഉപദേശിച്ച് കൊടുക്കുന്ന ടെലഫോണ്‍ സംഭാഷണം ചോരുന്നത് വരെ 2 ജി അഴിമതി ഒരു ആരോപണം മാത്രമായിരുന്നു .സ്ഥിതിവിവരക്കണക്കുകളും വസ്തുതകളും പരിശോധിച്ച് അതില്‍ അഴിമതിയുണ്ടെന്ന് മനസ്സിലാക്കി സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായപ്പോള്‍ നിവൃത്തികേട് കൊണ്ട് മാത്രമാണ് കേന്ദ്രസേര്‍ക്കാര്‍ നടത്തുന്ന 2 ജി സ്പെക്ട്രം അന്വേഷണം ആരംഭിച്ച് വെച്ചത് പക്ഷെ ഇപ്പോഴത്തെ രാഷട്രീയ സഹചര്യത്തില്‍ ഉര്‍വ്വശീ ശാപം ഉപകാരമെന്ന് നിലയിലേക്ക് കാര്യങ്ങള്‍ നീക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു .അഴിമതിക്കെതിരെ കോണ്‍ഗ്രസ്സിന്റെ കുരിശ് യുദ്ധം എന്ന മട്ടിലാണ് എ.രാജയെയും ഇപ്പോള്‍ കനിമൊഴിയെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .പക്ഷെ യാഥാര്‍ത്ഥ്യം ഈ നീക്കങ്ങള്‍ ഡി എം കെ യും കോണ്‍ഗ്രസ്സുമായുള്ള ഒരു ഒത്തു തീര്‍പ്പു വ്യവസ്ഥയിലാവാനേ സാധ്യതയുള്ളൂ . ഈ ആരോപണത്തിലുള്‍പ്പെട്ട ടെലികോം കമ്പനികളുടെ താല്പര്യങ്ങള്‍ കോണ്‍ഗ്രസ്സിന്റെ കൂടെ താല്പര്യമാണ് അത് കൊണ്ടു തന്നെ ഒരു ബലിയാടും കുറച്ചു കോലാഹലങ്ങളും കൊണ്ടു അല്പം പൊടി പറത്തി രംഗം ഒന്ന് പൊതുജനങ്ങളില്‍ നിന്നു മറയക്കേണ്ടതുണ്ണ്ടെന്നു ചിദംബരത്തിനും സോണിയാ ഗാന്ധിക്കും നന്നായറിയാം .

2006 ലെ പൊതുതിരഞ്ഞെടുപ്പില്‍ ഡി എം കെ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടിങ്ങ് ശതമാനം വെറും 26.4 % ആണ്. ജയലളിതയുടെ അണ്ണാ ഡി എം കെ ക്ക് 32.52 % വോട്ട് ലഭിച്ചിരുന്നു അതായത് പരാജയത്തില്‍ പോലും ജെ ജയലളിത ശക്തയായിരുന്നു . ഭരണ വിരുദ്ധ തരംഗവും അഴിമതി ആരോപണങ്ങളും കുടുംബ ഭരണവും എല്ലാം കൊണ്ടും അടുത്ത തവണ ഡി എം കെ അധികാരത്തില്‍ വരാനുള്ള സാധ്യത വിരളമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. ഈ തിരഞ്ഞെടുപ്പില്‍ ഡി എം കെ പച്ച തൊടില്ലെന്ന് കോണ്‍ഗ്രസ്സിനും മനസ്സിലായി തുടങ്ങി , ഭരണ വിരുദ്ധ തരംഗത്തില്‍ ജയലളിത തൂത്തുവാരാനുള്ള സാധ്യതയും കാണുന്നു .അപ്പോള്‍ പിന്നെ കോണ്‍ഗ്രസ്സിന് ചെയ്യാനുള്ള കാര്യം ഡി എം കെ യെ പരമാവധി കഷ്ടപ്പെടുത്തുക എന്നിട്ടു മുന്നണിയില്‍ നിന്നു പുറത്തു പോവുക , ഇതാണ് കോണ്‍ഗ്രസ്സിന്റെ തന്ത്രം പക്ഷെ എന്തു ചെയ്താലും ഡി എം കെ ക്കു ഇപ്പോള്‍ കോണ്‍ഗ്രസ്സിനെ പിണക്കാനും വയ്യ .2 ജി അഴിമതിയില്‍ അന്വേഷണം നടത്തിയാല്‍ നിരുപാധികമായ പിന്തുണ വാഗ്ദാനം ചെയ്തു ജയലളിതാമ്മ ചുവപ്പു പരവതാനി വിരിച്ച് കാത്തു നില്‍ക്കുന്നുമുണ്ട് അതു കൊണ്ടു തന്നെ ഇനി ഡി എം കെ യെ നമ്പുന്നതില്‍ വലിയ കാര്യമില്ലെന്ന് കോണ്‍ഗ്രസ്സിന് മനസ്സിലായിട്ടുണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞാലോ അടുത്ത ലോക് സഭാ തിരഞ്ഞെടുപ്പിന് മുമ്പായെങ്കിലുമോ കോണ്‍ഗ്രസ്സ് എ ഐ ഡി എം കെ യുമായി സഖ്യമുണ്ടാക്കാനാണ് സാധ്യത .

തമിഴ് രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ അഴിമതി കേസുകള്‍ കൊണ്ടു വില പേശി പരമാവധി മുതലെടുപ്പു നടത്തുന്നത് കോണ്‍ഗ്രസ്സിന്റെ സ്ഥിരം ഏര്‍പ്പാടാണെന്ന് കാണാം . അഴിമതിയാരോപണങ്ങള്‍ക്കു ശേഷമുള്ള ഈ ചുവടു മാറ്റങ്ങള്‍ കേവല ആവര്‍ത്തനങ്ങളായിരിക്കും .1972 ല്‍ ഡി എം കെ പിളര്‍ന്ന് എം ജി ആര്‍ അണ്ണാ ഡി എം കെ ഉണ്ടാക്കിയത് മുതല്‍ - അതായത് ഇപ്പോഴുള്ള ഈ രണ്ടു ദ്രാവിഡ കക്ഷികളുടെ ആവിര്‍ഭാവം മുതല്‍ ഇരുകക്ഷികളെയും മാറി മാറി വില പേശി ആവശ്യം കഴിയുമ്പോള്‍ കറിവേപ്പില പോലെ എടുത്തു കളയുന്നതാണ് കോണ്‍ഗ്രസ്സ് തുടര്‍ന്ന് വന്നിരുന്ന രാഷ്ട്രീയ അടവ് നയം .പക്ഷെ ഈ സമയത്തിനുള്ളില്‍ ഡി എം കെ ആയാലും അണ്ണാ ഡി എം കെ ആ‍യാലും അവര്‍ക്ക് വേണ്ടതു സ്വരൂപിച്ചിട്ടുണ്ടാവുമെന്നതിനാല്‍ ഈ കളി രണ്ടു കൂട്ടര്‍ക്കും പരാതിയില്ലാത്ത വിധം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു .പശുവിന്റെ കടിയും മാറും കാക്കയുടെ വിശപ്പും തീരും .

1972 കരുണാനിധിയുമായുള്ള അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് ‍ ഡി എം കെ യില്‍ നിന്ന് എം ജി ആര്‍ വേറിട്ടു കൊണ്ടു അണ്ണാ ഡി എം കെ രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസ്സ് തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കു ഈ രണ്ടു പാര്‍ട്ടികളെയും മാറി മാറി ഉപയോഗിച്ചു കൊണ്ടിരുന്നു .അത് രാഷ്ട്രീയ നിലപാടുകളുടെ പേരിലോ ആദര്‍ശത്തിന്റെ പേരിലോ ഒന്നുമായിരുന്നില്ല അധികാരം മാത്രം ലക്ഷ്യം വെച്ചു കൊണ്ടായൈരുന്നു.1976 ല്‍ വീരാണം നദീ ജല പദ്ധതിയുമായി ബന്ധപ്പെട്ട് കരുണാ നിധി മന്ത്രി സഭക്കെതിരെ എം ജി ആര്‍ കേന്ദ്രസര്‍ക്കാറിന് അയച്ച പരാതിയിന്മെല്‍ ല്‍ കരുണാ നിധി സര്‍ക്കാറിനെ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്താക്കി പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തുകയായിരുനു [വീരാണം പദ്ധതി ചിദംബരത്തു നിന്ന് മദ്രാസ് സിറ്റിയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള ഒരു ബൃഹദ് പദ്ധതിയായിരുന്നു .ഈ പദ്ധതിക്കു വേണ്ടി ചിലവഴിച്ച പണത്തില്‍ ഭൂരിഭാഗവും ഡി എം കെ കുടുംബ ഫണ്ടിലേക്കാണ് പോയത് ഈ അഴിമതിയാരോപണത്തെതുടര്‍ന്നാണ് അടിയന്തിരാവസ്ഥാ കാലത്തു ഡി എം കെ മന്ത്രി സഭയെ പുറത്താക്കി പ്രസിഡണ്ട് ഭരണം [1976 ജനുവരി 31 മുതല്‍ - 1977 ജുണ്‍ 30 വരെ ]ഏര്‍പ്പെടുത്തിയത് . അതായത് ഡി എം കെ - മുത്തുവേല്‍ കരുണാ നിധി കുടുംബത്തിന്റെ അഴിമതികള്‍ക്കെതിരെ സി ബി ഐ അന്വേഷണം എന്നൊക്കെ പറയുന്നത് വെടിക്കെട്ടുകാരന്റെ പട്ടിയെ ഉടുക്കു കൊട്ടി പേടിപ്പിക്കുന്ന പോലെയെ ഉള്ളൂ ,പ്രസിഡണ്ട് ഭരണം വന്നിട്ടു പേടിച്ചില്ല പിന്നെയാ തുക്കട സി ബി ഐ .വീരാണം പദ്ധതിയില്‍ അഴിമതി നടത്തിയെന്ന് തെളിഞ്ഞ് പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നാലു വര്‍ഷം കഴിഞ്ഞു അടുത്ത തിരഞ്ഞെടുപ്പ് വന്നപ്പോള്‍ .പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ്സ് തന്നെ വീരാണം പ്രജക്റ്റില്‍ ഡി എം കെ ക്കു എതിരെയുള്ള സി ബി ഐ കേസ് തള്ളിക്കളയുകയായിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹ്ചര്യത്തില്‍ ഡി എം കെ യുമായുള്ള സഖ്യം അനിവാര്യമായതിനാലായിരുന്നു ഇത് കാരണം അടിയന്തിരാവസ്ഥക്കു ശേഷം എം ജി ആര്‍ തന്റെ നിരുപാധിക പിന്തുണ ജനതാ പാര്‍ട്ടിക്കു നല്‍കിയിരുന്നു. 1980 ലെ ഇടക്കാല ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെ - കോണ്‍ഗ്രസ്സ് സഖ്യം അത്തവണത്തെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ 39 സീറ്റില്‍ 37 ഉം കരസ്ഥമാക്കി , അത്രയേ കോണ്‍ഗ്രസ്സിനും വേണ്ടിയിരുന്നുള്ളൂ .അതിന് ശേഷം പല തവണ തരത്തിനനുസരിച്ചു മാറിയും മറിഞ്ഞും ഡി എം കെ യും എ ഐ ഡി എം കെ യും കോണ്‍ഗ്രസ്സ് സഖ്യത്തില്‍ വന്നു . ഇങ്ങനെ രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി മാത്രം കേന്ദ്ര സര്‍ക്കാറിനെ ഉപയോഗിച്ചു ബ്ലാക്ക് മെയില്‍ ചെയ്തും ദ്രാവിഡ കക്ഷികളുമായുള്ള സഖ്യബന്ധത്തില്‍ കോണ്‍ഗ്രസ്സ് സംസ്ഥാന രാഷ്ട്രീയത്തില്‍ എപ്പോഴും ഒരു ശകുനിയുടെ ഭാവത്തോടെ നിറഞ്ഞു നിന്നിരുന്നു .

ദളിതര്‍ക്കു ചെരുപ്പ് ധരിക്കാനും ഗ്രാമങ്ങളിലൂടെ സ്വതന്ത്രമായി നടക്കാനും അവകാശമില്ലാത്ത നിരവധി കുഗ്രാമങ്ങള്‍ ഇന്നും തമിഴ് നാട്ടില്‍ നില നില്‍ക്കുന്നുണ്ട് . ദിനംപ്രതി കോടികള്‍ ഒഴുകുന്ന തമിഴ് സിനിമാ മേഘലയുടെ 90 % കരുണാ നിധി കുടുംബത്തിന്റെ കീഴിലാണ് , ഒന്നുമില്ലാതെ രാഷ്ട്രീയത്തിലേക്കു വന്ന കരുണാനിധി കുടുംബം ഇന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമാണ് ഫോര്‍ബ്സ് മാഗസിന്റെ ലിസ്റ്റില്‍ സമ്പന്നരായ ഇന്‍ഡ്യക്കാരില്‍ ആദ്യ 20 കളിലൊന്നില്‍ കരുണാ നിധിയുടെ കൊച്ചുമകനായ കലാ നിധി മാരനുമുണ്ട് .തമിഴ് മക്കള്‍ക്കു ഈ കഥകളിലൊന്നും വലിയ താല്‍പര്യമില്ല .തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഓരോ പാര്‍ട്ടിയിലും നാല് സിനിമാ നടന്മാരും വാഗ്ദാന പത്രികയില്‍ ഏഴൈകള്‍ക്കായി കേബിള്‍ കണക്ഷനോടെ ടി വി , മിക്സി , ലാപ് ടോപ്പ് പ്രഖ്യാപനത്തോടെ തമിഴ് മക്കള്‍ ഹാപ്പിയാണ് .ഇടക്ക് തമിഴ് ഭാഷാപ്രേമികള്‍ക്കായി തമിഴ് ദേശീയതയെക്കുറിച്ചു ഒരു കവിതയോ സെമിനാറോ വെച്ചാല്‍ മതി ഇതോടെ തമിഴന്മാര്‍ വീണ്ടും സ്വത്വ ബോധത്തിലാ‍റാടി മറ്റു കഥകളെല്ലാം മറന്നോളും .


തമിഴ് ദേശീയതയെന്നും തമിഴ് ഭാഷയെന്നുമുള്ള അതിവൈകാരികത മുതലെടുത്തു ഭരണത്തിലിരുന്നു പൊതുമുതല്‍ കട്ടു സമ്പത്തുണ്ടാക്കാന്‍ മാത്രമാണ് ഇരു ദ്രാവിഡ കക്ഷികളും ഇതു വരെ ശ്രമിച്ചിട്ടുള്ളത്. അതിന് വേണ്ടി അവരുടെ പിന്തുണ വേണ്ടുന്ന സന്ദര്‍ഭത്തിലൊക്കെ ഈ അഴിമതികള്‍ക്കൊക്കെ ഒത്താശ നിന്നിട്ടുള്ളത് എന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടി തന്നെയാണ് , ഒരു തരം രാഷ്ട്രീയ കൂട്ടിക്കൊടുപ്പ് .2 ജി സ്പെക്ട്രം കേസില്‍ പോലുംസുപ്രീം കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിന് മുമ്പ് വരെയുള്ള അന്വേഷണത്തില്‍ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ ഇടപെടലുകള്‍ ശക്തമായിരുന്നു .അടുത്ത ഭരണമാറ്റമായി എ ഐ ഡി എം കെ വരും കോണ്‍ഗ്രസ്സുമായി സഖ്യത്തിലേര്‍പ്പെടും കേന്ദ്രമന്ത്രി പിന്നെ 2 ജി സ്പെക്ട്രം അഴിമതി തെളിയാതെ പോകുന്ന മുറക്ക് ഡി എം കെ - കോണ്‍ഗ്രസ്സ് സഖ്യം നില നിര്‍ത്തും വീണ്ടും അധികാരത്തില്‍ വരും , അതങ്ങനെ തുടര്‍ന്ന് പോകും .



അനുബന്ധം .

1976 ല്‍ അടിയന്തിരാവസ്ഥാ കാലത്തു കരുണാ നിധി ഗവണ്മെന്റിനെ പിരിച്ചു വിട്ടു പ്രസിഡണ്ട് ഭരണം ഏര്‍പ്പെടുത്താന്‍ കാരണമായ വീരാണം നദീജല പദ്ധതി പല പല ഗവണ്മെന്റുകള്‍ മാറി മാറി വന്നു അവര്‍ക്കു ആവശ്യമുള്ളതെല്ലാം ഈ പദ്ധതിയുടെ പേരില്‍ സമ്പാദിച്ചു അവസാനം 2004 ല്‍ ജെ ജയലളിതയുടെ മന്ത്രിസഭ പൂര്‍ത്തീകരിച്ചു . പക്ഷെ ഇപ്പോള്‍ നദീജലം ഒഴുക്കാനുള്ള ആ പൈപ്പില്‍ ഒരു തുള്ളി വെള്ളം പോലും ഇല്ല .അതു കൊണ്ടു കുഴല്‍ക്കിണര്‍ കുഴിച്ചു ആ പൈപ്പിലേക്കു അടിച്ചു കയറ്റിയാണ് ജലസേചനം .

Monday, 25 April 2011

ഒരു ഇന്‍ഡ്യക്കാരനായതില്‍ ലജ്ജിക്കുന്നു

എന്റോസള്‍ഫാനെതിരെ ലോകമെങ്ങും ഉയര്‍ന്ന ജാഗ്രതക്കു മുമ്പില്‍ ഇന്‍ഡ്യ പരിഹാസ്യവും ക്രൂരവുമായ നിലപാടെടുത്തതിന്റെ ദൃക്സാക്ഷി വിവരണം .ഇന്‍ഡ്യയിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും എങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് അടിമപ്പണി ചെയ്യുന്നു എന്ന് ജനീവയില്‍ കഴിഞ്ഞ വര്‍ഷം ജനീവയില്‍ നടന്ന പോപ് കണ്‍ വെന്‍ഷനില്‍ പങ്കെടുത്ത സി.ജയകുമാറിന്റെ അനുഭവവിവരണം .1998 ല്‍ പെരിയയിലെ ലീലാകുമാരിയമ്മയുടെ നേതൃത്വത്തില്‍ എന്റോസള്‍ഫാനെതിരെ കാസര്‍ഗോട്ടെ ജനത സമരം തുടങ്ങിയിട്ട് 12 വര്‍ഷത്തിലേറെയായി എന്നിട്ടും മാറാവ്യാധികളുമായി ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ , തീരാദുരിതത്തില്‍ മാത്രം ജീവിച്ച് തീര്‍ക്കുന്ന മനുഷ്യജീവനുകളെ നോക്കി ഭരണകൂടം പരിഹസിച്ചു ചിരിക്കുന്നു

ഒരു ഇന്‍ഡ്യക്കാരനായതില്‍ ഞാന്‍ ലജ്ജിക്കുന്നു .ലോകരാഷ്ട്രങ്ങളെല്ലാം കാസര്‍ഗോട്ടെ ജനങ്ങളെ പ്രതീകമാക്കി എന്റോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ പരിഹാസ്യവും ക്രൂരവുമായ തരത്തില്‍ ഇത്തവണയും ജനീവ അന്താരാഷ്ട്ര കണ്വെന്‍ഷനില്‍ എന്റോ സള്‍ഫാന് അനുകൂല നിലപാടെടുത്ത ഒരു രാജ്യത്തെ പൌരനാണെന്ന് പറയാന്‍ ലജ്ജ തോന്നുന്നു .




Sunday, 24 April 2011

ദൈവങ്ങള്‍ മരിക്കുമ്പോള്‍ .



To believe in God is impossible - to not believe in Him is absurd” - Voltair



“ദൈവം മരിച്ചു“ എന്ന് പ്രഖ്യാപിച്ചത് ഒരു കാലഘട്ടത്തിന്റെ ബൌദ്ധിക ചിന്താ സരണികളെ സ്വാധീനിച്ച ഫ്രെഡറിക് നീത്ഷെ ആണ് .സ്രഷ്ടാവായ ദൈവം മരിച്ചു എന്നല്ല മറിച്ച് നില നിന്നിരുന്ന ദൈവം എന്ന സങ്കല്പം അവസാനിച്ചു എന്നാണ് നീത്ഷെയുടെ പ്രഖ്യാപനത്തിന്റെ വ്യാഖ്യാനം .മതമേലധ്യക്ഷന്മാരുടെ മേല്‍ക്കോയ്മ മൂലം അരക്ഷിതാവസ്ഥ നില നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ചിന്താവിപ്ലവവുമായി നീത്ഷെയുടെ ദൈവത്തിന്റെ മരണ പ്രഖ്യാപനം .പക്ഷെ പ്രതീകാത്മകമല്ലാതെ തന്നെ എല്ലാ ദൈവങ്ങളും ദൈവ പ്രതിപുരുഷന്മാരും മരണപ്പെട്ടിട്ടുണ്ട് .ദൈവങ്ങള്‍ മരിക്കും എന്നത് വിശ്വാസത്താല്‍ അടിസ്ഥാനമാക്കിയെടുത്ത വാദഗതി തന്നെയാണ് .ദൈവത്തിന്റെ പ്രതിപുരുഷനായ പ്രവാചകനും ദൈവപുത്രനായ ക്രിസ്തുവും ദൈവത്തിന്റെ അവതാരമായ കൃഷ്ണനും മരിച്ചതായി വിശ്വസിക്കുന്നത് അമരനായ ഒരാളുണ്ടാവുമെന്നത് നമ്മുടെ ഉപബോധമനസ്സിന് പോലും അംഗീകരിക്കാനാവാത്തത് കൊണ്ടാണ് .

നീണ്ട് നിന്ന രോഗപീഡകള്‍ക്കൊടുവില്‍ സായിബാബ മരിക്കുമ്പോള്‍ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് വിരുദ്ധ ധ്രുവങ്ങളിലാണ് സമൂഹം ആ മരണം രേഖപ്പെടുത്തുന്നത് .ഒരു വശത്തു കപടദൈവം മരിച്ചുവെന്ന ആഘോഷങ്ങളുമായി അസാധാരണമാം വിധം ഒത്തു ചേര്‍ന്ന 'യഥാര്‍ത്ഥ ദൈവവിശ്വാസികളും‘ യുക്തിവാദികളും‍ മറുവശത്തു ഒരേയൊരാശ്രയം ഇല്ലാതായെന്ന് വിലപിക്കുന്ന സായിബാബയുടെ അനുയായികളും .അങ്ങനെ ‍ സായിബാബ എന്ന മനുഷ്യന്‍ 86 ആം വയസ്സില്‍ മരിക്കുമ്പോള്‍ മറ്റൊരു ദൈവത്തിന്റെ മരണം കൂടി സാങ്കേതികമായി സംഭവിച്ചിരിക്കുന്നു .

യഥാര്‍ത്ഥ ദൈവവിശ്വാസികളും നിരീശ്വരവാദികളും ആരോപിക്കുന്ന പോലെ സായിബാബ വാര്‍ദ്ധക്യത്തിന്റെ അവശത കൊണ്ട് കയ്യടക്കം നഷ്ടപ്പെട്ട് പോയ ഒരു കപട മായാജാലക്കാരനാകാം ,അല്ലെങ്കില്‍ അവ്യക്തമായി നിങ്ങള്‍ പറയുന്ന പോലെ സ്വവര്‍ഗ്ഗ രതിക്കാരനുമാകാം പക്ഷെ നിരുപദ്രവകരമായ ഒരു മാജിക്കോ ഒരാളുടെ സ്വകാര്യ ജീവിതത്തിലെ ലൈംഗികതയോ ഒരു മനുഷ്യന്റെ നന്മകളെ വിലയിരുത്തുമ്പോള്‍ എന്നെ ബാധിക്കുന്നതല്ല അങ്ങനെ മറ്റൊരു മനുഷ്യന്റെ ലൈംഗികമായ ചോദനകളെ വിമര്‍ശന ബുദ്ധിയോടെ നോക്കാന്‍ മാത്രം സദാചാരബോധം എനിക്കാവശ്യമില്ല . ആയിരക്കണക്കിന് ആളുകള്‍ക്ക് സൌജന്യ ചികിത്സയിലൂടെ ജീവനും ജീവിതവും തിരിച്ചു കൊടുക്കുന്ന , സായി സേവാ സമിതിയിലൂടെ ഒരു പാട് പേര്‍ക്ക് ജീവിക്കാനുള്ള ആശയവും പ്രേരണയും നല്‍കുന്ന ഒരു സത്യസായിബാബ ഇന്നു മരണപ്പെട്ടപ്പോള്‍‍ അദ്ദേഹം ചെയ്ത നന്മകളെയോര്‍ത്ത് ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു .

സായിബാബയുടെ ദൈവീക പരിവേഷത്തിന് വേണ്ടിയുള്ള മായാജാലങ്ങളാണ് യുക്തിവാദികളെ പ്രകോപിപ്പിക്കുന്നത് .ബഹിരാകാശ കേന്ദ്രത്തില്‍ വരെ കൂടോത്രം നടത്തുന്ന ഒരു രാജ്യത്ത് ആത്മീയത എന്നത് ഏറ്റവും ഉപഭോകാസക്തിയുള്ള ഉല്‍പ്പന്നമാണ് അത് ഏറ്റവും ഫലപ്രദമായി വിറ്റഴിക്കാന്‍ ശ്രമിച്ചതാണ് സായി ബാബ ചെയ്തത് .ഈ ആത്മീയ പരിവേഷമില്ലാതെ ഒരു സേവന പ്രവര്‍ത്തനം ചെയ്യാനൊരുത്തന്‍ തുനിഞ്ഞിട്ടുണ്ടെങ്കില്‍ പൊതുജനമവനെ ഭ്രാന്തനെന്ന് മുദ്ര കുത്തും , അവസാനം ഏതെങ്കിലും കടത്തിണ്ണയില്‍ പട്ടിണി കിടന്ന് മരിക്കും .ആത്മീയത ഒരു പരിവേഷമാണ് അതുപയോഗിച്ച് ധനികന്മാരില്‍ നിന്ന് 40000 കോടി സമാഹരിച്ച് അതില്‍ നിന്ന് അഞ്ച് ശതമാനം കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ടെങ്കില്‍ ആ സോഷ്യലിസത്തെ ഞാന്‍ മാനിക്കുന്നു . ജനങ്ങളുടെ നികുതിപ്പണം കട്ട് സ്വിസ്സ് ബാങ്കില്‍ എക്കൌണ്ടാക്കിയിടുന്ന ഭരണാധിപന്മാരെ വന്ദിക്കുന്ന നാട്ടില്‍ അത്രയെങ്കിലും മതി ഒരാളെ ബഹുമാനിക്കാന്‍ . സൌജന്യ ചികിത്സക്ക് അവസരമൊരുക്കുന്ന ആശുപത്രികള്‍ ,പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഫൌണ്ടേഷനുകള്‍ അങ്ങനെ കള്ളപ്പണം കൊണ്ടെങ്കിലും അത്രയും പേര്‍ക്ക് ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഒരു മനുഷ്യന്റെ നന്മയായി മാത്രമേ എനിക്ക് കാണാനാവൂ . അങ്ങനെയൊരു കാലത്താണ് നമ്മുടെ ജീവിതം .

സ്വയം ദൈവപരിവേഷം ചാര്‍ത്തുന്ന കപടനാണ് സായിബാബ എന്നാക്രോശിക്കുന്ന മതഭേദമില്ലാത്ത ദൈവവിശ്വാസികളെ എനിക്ക് കാണാം .കപടമല്ലാത്ത ഒരു ദൈവത്തെ നിങ്ങള്‍ കാണിച്ചു തരാന്‍ പറയുന്നിടത്ത് ഈ മതഭേദമില്ലായ്മ അപ്രത്യക്ഷമാകുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് .ഓരോ പരമ്പരാഗത ദൈവവിശ്വാസിയും ഒരു നിരീശ്വരവാദി കൂടിയാണ് , മറ്റുള്ള ദൈവങ്ങളുടെ അസ്ഥിത്വത്തെ യുക്തിപരമായി അവര്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയും .ബഹുദൈവാരാധനക്കാര്‍ ഏകദൈവാരാധനയില്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ ഏകദൈവാരാധനക്കാര്‍ ബഹുദൈവക്കാരെ പുച്ഛിക്കുന്നു .ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസം പരിഹാസ്യവും വിചിത്രവുമായിത്തീരുന്നത് പരമ്പരാഗതമായ മറ്റേതെങ്കിലും ഒരു വിശ്വാസത്തിന്റെ മാറാപ്പുകള്‍ അയാള്‍ പേറുന്നത് കൊണ്ടു തന്നെയാണ് .ഓരോ വിശ്വാസത്തിനും അതില്‍ വിശ്വസിച്ചാല്‍ മാത്രമെ ദൃഷ്ടാന്തം ലഭിക്കൂ .അത് കൊണ്ടു തന്നെ ആരാണ് യഥാര്‍ത്ഥ ദൈവം എന്ന ചോദ്യം വിഡ്ഡിത്തം നിറഞ്ഞ ഒന്നാണ് .

വിശ്വാസം അതിന്റെ വിചിത്രവും വൈകൃതവുമായി രൂപങ്ങളില്‍ നമ്മളെ അല്‍ഭുതപ്പെടുത്താറുണ്ട്.ഹിമാലയ താഴ്വരയിലെ അവന്തം എന്ന സ്ഥലത്ത് ടിബറ്റന്‍ വാസ്തുശില്പ മാതൃകയില്‍ ഒരു കൊച്ചു ക്ഷേത്രമുണ്ട് . അതിന്റെ ശ്രീകോവിലിനുള്ളില്‍ ഓംകാര ശബ്ദത്തെ ധ്വനിപ്പിക്കുന്നത് നിരന്തരം മൂളുന്ന കൊതുകുകളാണ് കാരണം അവിടെ ആരാധിക്കുന്നത് കൊതുകുകളെയാണ് .ഹിമാലയതാഴ്വരയിലെ താരതമ്യേന വിജനമായ ഒരു ഭൂപ്രദേശത്ത് കൊതുകുകളുണ്ടാകാനുള്ള സാധ്യതകള്‍ക്കപ്പുറത്താണതിന്റെ സാന്ദ്രത .ക്ഷുദ്രജീവികളെ ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമൊന്നുമല്ല അവന്തത്തിലേത് . ഭോപ്പാലില്‍ ഈച്ചകളെ ആരാധിക്കുന്ന മഖി മന്ദിറും തമിഴ് നാട്ടിലെ കണക്ക് വാര്‍ പെട്ടിയിലെ തേള്‍ അമ്പലവും ഈ പട്ടികയിലുണ്ട് .പ്രാചീന കാലം മുതല്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും അസ്വസ്ഥമാക്കുന്നതിനെയും ആരാധിച്ച് കൊണ്ട് ഇരിക്കുന്നതാണ് മനുഷ്യപ്രകൃതി .മനുഷ്യാരംഭം മുതല്‍ മനുഷ്യന്‍ ഉത്തരം കിട്ടാത്ത സമസ്യകളെയും ഭയപ്പെടുത്തുന്നതിനെയും ആരാധിച്ചു കൊണ്ടിരുന്നു .അഗ്നിയെ , കാറ്റിനെ അങ്ങനെ പ്രകൃതിയില്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും നിയന്ത്രിക്കാന്‍ കഴിയാത്തതിനെയും ആരാധിക്കാനും ദൈവമായി പരിഗണിക്കാനും തുടങ്ങിയതില്‍ നിന്നാണ് മനുഷ്യന്റെ ദൈവ വിശ്വാസത്തിന്റെ നാന്ദി .ഹൈന്ദവ പുരാണങ്ങളിലും കെല്‍റ്റിക് മതങ്ങളിലും കാറ്റിനെയും നദിയെയും ഇടിമിന്നലിനെയും അഗ്നിയെയും ആരാധിക്കുന്ന ജനതയുടെ സംസ്കാരമാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് .പിന്നീട് അത്തരം പ്രകൃതി ശക്തികളില്‍ നിന്ന് സംരക്ഷണം നേടാനോ നിയന്ത്രിക്കാനോ സാധിച്ചത് മുതല്‍ ജനതയുടെ വിശ്വാസപരിണാമത്തില്‍ മാറ്റം വന്ന് ‍ ബഹുസ്വരങ്ങളായി വേര്‍പിരിഞ്ഞു പോയി .


മനുഷ്യന്റെ അസ്വസ്ഥതകളെയും അശാന്തികളെയും പരിഹരിക്കാന്‍ അവന്‍ വിശ്വാസത്തിന്റെ വഴിയില്‍ അഭയം പ്രാപിക്കുന്നു . മനുഷ്യന്‍ അവന്റെ ആത്മീയമായ അശാന്തിയെ തരണം ചെയ്യാന്‍ പലവഴികള്‍ തേടുന്നു. അന്തരീക്ഷത്തിലെ അജ്ഞാതനായ സര്‍വ്വശക്തന്‍ മുതല്‍ കല്ല്, കരട് കാഞ്ഞിരക്കുറ്റി വരെ ആരാധനക്ക് പാത്രമായി . ഒരു വിശ്വാസം യുക്തിപരം മറ്റൊന്ന് അന്ധവിശ്വാസമെന്നില്ല ഒന്നുകില്‍ എല്ലാം അന്ധവിശ്വാസം അല്ലെങ്കില്‍ എല്ലാം വിശ്വാസം. വിശ്വാസങ്ങളെ യുക്തിയുടെ ഒരു പൊതുമാനദണ്ഡമുപയോഗിച്ച് അളക്കാന്‍ ശ്രമിക്കുന്നത് അപ്രായോഗികമാണ് .ശ്രീനഗറില്‍ ഹസ്രത്ത് ബാല്‍ എന്നൊരു പള്ളിയുണ്ട് . തിരുശേഷിപ്പുകള്‍ ആരാധിക്കുന്നത് പാപമെന്നുല്‍ബോധിപ്പിച്ച പ്രവാചകന്റെ മുടിയാണ് ഇവിടത്തെ ആരാധ്യവസ്തു . സൌദി അറേബ്യയില്‍ നിന്ന് മുടി എങ്ങനെ ശ്രീനഗറിലെത്തിയെന്നോ അതിനെ ഇസ്ലാം വിശ്വാസികള്‍ അംഗീകരിക്കുന്നുണ്ടോ എന്നതല്ല പ്രശ്നം കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മുടി പള്ളിയില്‍ നിന്ന് മോഷണം പോയി ഭക്തര്‍ പരിഭ്രാന്തരും അക്രമാസക്തരുമായി സ്ഥലത്ത് വലിയൊരു ആഭ്യന്തര പ്രശ്നമോ ആയി വളരാന്‍ തുടങ്ങുമ്പോള്‍ മോഷണം പോയ മുതല്‍ ഉടന്‍ തന്നെ തിരിച്ചു കിട്ടി .വിശ്വാസികള്‍ പൂര്‍വ്വാധികം വിശ്വസികളാവുകയും ചെയ്തു .ബുദ്ധിയുള്ള ഏതോ പോലീസുകാരന്റെ മുടിയായിരിക്കും ഇപ്പോളവിടെ ആരാധിച്ചു കൊണ്ടിരിക്കുകയെന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല വിശ്വാസികള്‍ക്കു അതില്‍ ശാസ്ത്രീയാന്വേഷണങ്ങള്‍ ആവശ്യമില്ല അവരുടെ വിശ്വാസം അവിടെ പുനസ്ഥാപിക്കപ്പെട്ടു .40 കോടിക്ക് മുടി സൂക്ഷിക്കാനുള്ള ആരാധനാലയങ്ങള്‍ പണിയുന്നതും അതേ വിശ്വാസത്തിന്റെ ഭാഗമാ‍യാണ് .

മനുഷ്യന്റെ ഏത്‌ പ്രവര്‍ത്തിയും ഒരു അസ്വാസ്ഥ്യം പരിഹരിക്കല്‍ തന്നെയാണ്.വിശപ്പയാലും, ലൈംഗികത ആയാലും, സാഹിത്യ പ്രവര്‍ത്തനം ആയാലും ഒക്കെ തന്നെ ഇത്തരം അസ്വാസ്ത്യങ്ങള്‍ക്ക് ഒപ്പം തന്നെ ഉള്ള മറ്റൊരു അശാന്തിയാണ് ആത്മീയഅശാന്തി .അതിനുള്ള നിവൃത്തി ആണ് ദൈവവും മതവും ആചാരങ്ങളും ഒക്കെ തന്നെ.സാധാരണ മനുഷ്യര്‍ എല്ലാ ആസ്വാസ്ത്യങ്ങള്‍ക്കും എത്രയും എളുപ്പത്തില്‍ കഴിയുമോ അത്രയും എളുപ്പത്തില്‍ പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നു ശ്രമിക്കുന്നു .ആത്മീയ അശാന്തിയുടെ കാര്യത്തിലും അതെ. അത്തരം എളുപ്പവഴിയാണ് ആള്‍ദൈവങ്ങള്‍ .

അമേരിക്കന്‍ മനശാസ്ത്രജ്ഞനായ എബ്രഹാം മാസ്ലോ മനുഷ്യമനസ്സിന്റെ ആവശ്യങ്ങളെയും സംതൃപ്തി ഘട്ടങ്ങളെയും ഒരു ശ്രേണീ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് . Need Hirarchy theory എന്ന വളരെ പ്രസിദ്ധമായ മനശാസ്ത്രപരികല്പനയില്‍ മനുഷ്യന്റെ സംതൃപ്തിക്ക് ആധാരമായ ആവശ്യങ്ങളെ അഞ്ച് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു .ആദ്യത്തെ രണ്ട ഘട്ടങ്ങള്‍ ശാരീരികമായും അടുത്ത രണ്ട് ഘട്ടങ്ങള്‍ മാനസികമായും ബന്ധപ്പെട്ടതാണ് അവസാനത്തെ അവസ്ഥ ഈ ആദ്യഘട്ടങ്ങളുടെ പൂര്‍ണ്ണതയില്‍ പരിപൂര്‍ണ്ണത ാഅഗ്രഹിക്കുന്ന മനുഷ്യന്റെ ത്വരയാണ് കാണിക്കുന്നത് .ഒന്നാമത്തെ ഘട്ടം മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളായ ഭക്ഷണം , വായു , ജലം , ലൈംഗികത എന്നിവയാണ് , ഈ ഘട്ടത്തിന്റെ പൂര്‍ണ്ണതയിലോ ഇത് പൂര്‍ത്തീകരിക്കാനുള്ള ത്വരയിലോ ആണ് അടുത്ത ഘട്ടമായ സുരക്ഷാ ആവശ്യങ്ങളിലേക്ക് മനുഷ്യന്‍ ശ്രദ്ധ വെക്കുന്നത് വീട്, അഭയം അങ്ങനെ അതിജീവനത്തിനായുള്ള ശാരീരികാ സുരക്ഷാ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ട് കഴിയുമ്പോള്‍ സ്വാഭാവികമായും മാനസികമായ ആവശ്യങ്ങള്‍ കടന്ന് വരുന്നു‍ പ്രണയം ,സ്നേഹം , വാത്സല്യം ‍ എന്നിങ്ങനെ അടിസ്ഥാന മാനസികാവശ്യങ്ങള്‍ക്ക് ശേഷം സാമൂഹ്യ അംഗീകാരം, പരിഗണന എന്നീ കാര്യങ്ങളിലാവും മനുഷ്യന്റെ സംതൃപ്തി . ഈ നാല് ഘട്ടങ്ങള്‍ ഭൂരിഭാഗം സാധാരണ മനുഷ്യര്‍ക്കും കൈവരിക്കാന്‍ കഴിയാറില്ല - അതിന് ശേഷം ആത്മസാക്ഷാല്‍ക്കാരം എന്ന അവസാന ഘട്ടം കടന്ന് വരുന്നു .ഇത് ശാരീരികവും മാനസികവുമായ ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ആത്മീയമായ ഒരു ഉണര്‍വ്വിലേക്കുള്ള പ്രയാണമാണ്.
ആത്യന്തികമായ ഒരു സാക്ഷാല്‍ക്കാരം .ഈയൊരു ഘട്ടത്തിലാണ് ആള്‍ ദൈവങ്ങളും മയക്കു മരുന്നുകളും അത് പോലെയുള്ള ലഹരികളും കടന്ന് വരുന്നത് .പാശ്ചാത്യരാ‍യ സമ്പന്നര്‍ എല്ലാമുപേക്ഷിച്ച് ഹരേകൃഷ്ണ പ്രസ്ഥാനത്തിലും അമൃതാനന്ദ മയി മഠങ്ങളിലഭയം പ്രാപിക്കുന്നതും സായിബാബാ ഭക്തന്മാരുമെല്ലാമാകുന്നത് ഈ ആത്മസാക്ഷാത്കാര ഘട്ടത്തിലാണ് .

പക്ഷെ ദരിദ്രനാരായണന്മാരായ ഇന്‍ഡ്യക്കാര്‍ക്ക് ഒരു പക്ഷെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പോലും പൂര്‍ത്തിയാക്കാനാവാത്ത നിസ്സഹായതയില്‍ അവര്‍ ആശ്രയിക്കുന്നതും ഇത്തരം അഭയങ്ങളിലാണ് . ഈ രണ്ട് ഘട്ടങ്ങളിലുള്ള ആളുകള്‍ തമ്മിലുള്ള ബന്ധിപ്പിക്കലാണ് ആള്‍ദൈവങ്ങളുടെ പ്രസക്തി .ധനികരായ ഭക്തന്മാരുടെ ആത്മസാക്ഷാല്‍ക്കാരത്തിനുള്ള ത്വര ദരിദരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനായി ഉപയോഗിക്കുന്നതിലൂടെ അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നെങ്കില്‍ അത് പരമ്പരാഗത മതങ്ങളുടെ ഏകകേന്ദ്രീകൃതമല്ലാത്ത ഒരു വ്യവസ്ഥയുടെ പരാജയം തന്നെയാണ് .അത്തരമൊരു വീക്ഷണ കോണില്‍ പരമ്പരാഗത മതങ്ങളെക്കാള്‍ സോഷ്യലിസ്റ്റുകളാണ് ആള്‍ദൈവങ്ങളെന്ന് എനിക്ക് തോന്നുന്നു .ഞാനെപ്പോഴും കരുതുന്നത് അജ്ഞാതനായ ഒരു ദൈവത്തെക്കാള്‍ നന്മയുള്ള ഒരു സുഹൃത്താണ് കൂടുതല്‍ നല്ലതെന്നാണ് .

അരാഷ്ട്രീയതയുടെ പാരമ്യം വിപ്ലവത്തിലെത്തിക്കുന്നത് പോലെ ആത്മീയമായ അശാന്തി ജനതയെ ചിലപ്പോള്‍ വിശ്വാസ വൈകൃതങ്ങളിലേക്ക് നയിക്കാറുണ്ട് .സങ്കീര്‍ണ്ണമായ ജീവിതപ്രയാണത്തിനിടക്ക് ഇടനെഞ്ചിലെ ഒരു കൈപ്പിടിയോളം പോന്ന ഒരവയവം അതിന്റെ വലുപ്പത്തിനെക്കാള്‍ പല മടങ്ങ് ഭാരം വെക്കുമ്പോള്‍ ഒരാശ്രയത്തിനായി ഒരു ദൈവമുണ്ടെങ്കിലെന്ന് ആശിച്ചിട്ടുണ്ട് . എന്നെപ്പോലെ പരാജയപ്പെട്ട ഒരു ദൈവവിശ്വാസിക്ക് എല്ലാ ദൈവങ്ങളെയും അവിശ്വസിക്കുന്നതില്‍ യുക്തിയുണ്ടെങ്കില്‍ അതേ യുക്തി ഉപയോഗിച്ച് ഏത് ദൈവത്തെയും വിശ്വസിക്കാന്‍ മറ്റൊരു മനുഷ്യന് അവകാശമുണ്ട് .വിശ്വാസിയാകുന്നതും അവിശ്വാസിയാകുന്നതും മൌലികാവകാശമാണ് അത് പൊതുസമൂഹത്തെ അലോസരപ്പെടുത്തുന്നത് വരെ അത് രണ്ടും തെറ്റാണെന്ന് പറയാനാകില്ല .

സത്യവും സമാധാനവും സ്നേഹവും പരത്തുന്ന യഥാര്‍ത്ഥ ദൈവത്തോടുള്ള വിശ്വാസത്തിന്റെ ഫലമായി ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് .അതില്‍ ഹിന്ദുവും ക്രിസ്ത്യനും ഇസ്ലാമുമെല്ലാം ഭാഗഭാക്കായിട്ടുമുണ്ട് .അനുയായികളുടെ എണ്ണം കൂട്ടിയുള്ള ശക്തിപ്രകടനവുമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനപരമായ അജണ്ട , അത്തരം അജണ്ടകള്‍ക്ക് ആള്‍ദൈവങ്ങള്‍ പലപ്പോഴും ഭീഷണിയാണ് അത് കൊണ്ട് തന്നെ യഥാര്‍ത്ഥ ദൈവവിശ്വാസികള്‍ ആള്‍ ദൈവങ്ങളെ പഴിക്കുന്നു .

ദൈവീക പരിവേഷമുപയോഗിച്ച് ജിഹാദ് നടത്താനോ പള്ളി പൊളിക്കാനോ മതപരിവര്‍ത്തനം ചെയ്യാനോ ശ്രമിക്കാതെ കുറച്ച് മനുഷ്യര്‍ക്ക് നന്മ ചെയ്ത ഒരു മനുഷ്യന് എന്റെ ഐക്യദാര്‍ഡ്യമുണ്ട് , ആദരാഞ്ചലികളും .

Friday, 22 April 2011

മലര്‍പ്പൊടിക്കാരുടെ മനോനിലയുള്ള രാജ്യം .





രാഷ്ട്രീയ സാമൂഹിക നീതിന്യായങ്ങളിലെല്ലാം ആദര്‍ശാധിഷ്ടിതമായ വ്യവസ്ഥ പുലര്‍ത്തുന്ന ഒരു രാജ്യമെന്ന സങ്കല്പമാണ് തോമസ്മൂര്‍ തന്റെ കൃതിയായ ഉട്ടോപ്യയിലൂടെ മുന്നോട്ട് വെച്ചിട്ടുള്ളത് അങ്ങനെയാണ് ഉട്ടോപ്യന്‍ ആശയമെന്ന പ്രയോഗം നിലവില്‍ വന്നത് . നിഷ്ഫലമാകുന്ന ആഗ്രഹങ്ങള്‍ക്കു വേണ്ടി സ്വപ്നം കാണുന്ന മനോവികാരത്തെയാണ് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന നാടന്‍ പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത് .ഉട്ടോപ്യ എന്നത് ഈ ലോകത്തു ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത സങ്കല്പരാജ്യമാണെങ്കില്‍ ‍മലര്‍പ്പൊടിക്കാരന്റെ രാജ്യം എന്ന സങ്കല്പത്തോട് ഏറ്റവും നീതി പുലര്‍ത്തുന്ന ഒരു ജനതയുള്ള ഒരു രാജ്യമുണ്ട് ഈ ലോകത്ത് അതാണ് ഇന്‍ഡ്യ, മലര്‍പ്പൊടിക്കാരുടെ മനോനിലയുള്ള ഒരു ജനതയാണ് നമ്മള്‍ .

സ്വിസ്സ് ബാങ്കുകളില്‍ നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച ‍ രാഷ്ട്രീയക്കാരുടെയും ഇന്‍ഡ്യയില്‍ നിന്ന് നികുതി വെട്ടിച്ച ബിസിനസ്സുകാരുടെയും 1400 ബില്യണ്‍ ഡോളര്‍ കള്ളപ്പണമുണ്ട് എന്ന് പത്രങ്ങളിലൂടെ വായിച്ചും കേട്ടും നമുക്കെല്ലാമറിയാം . ഇന്‍ഡ്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 6300000,00,00,000 രൂപ എന്ന് കുത്ത് മതിപ്പ് കണക്ക് കിട്ടും .നമ്മുടെ പൊതു കടത്തിന്റെ 13 മടങ്ങ് അധികം .ഇത് സ്വിസ്സ് ബാങ്കിലുള്ള ഏറ്റവും ചുരുങ്ങിയ കള്ളപ്പണത്തിന്റെ ഏകദേശരൂപം മാത്രമാണ് ഒരു പക്ഷെ ഇതിന്റെ പല മടങ്ങ് കൂടിയുണ്ടായേക്കാം .ഇന്‍ഡ്യാ മഹാരാജ്യത്തെ ഓരോ പൌരനും അവകാശപ്പെട്ട നികുതിപ്പണം വെട്ടിച്ച് സ്വിസ്സ് ബാങ്കില്‍ നിക്ഷേപമാക്കിയിട്ടുള്ള അനധികൃത സമ്പാദ്യം ഇന്‍ഡ്യയിലേക്ക് തിരികെ കൊണ്ട് വന്നാല്‍ നിലവിലുള്ള വിദേശ കടം മുഴുവന്‍ വീട്ടി ,അടുത്ത 30 വര്‍ഷത്തേക്ക് നമുക്ക് നികുതിരഹിത ബഡ്ജറ്റ് ഉണ്ടാക്കാം.എല്ലാ ഗ്രാമങ്ങളിലും നിരവധി വിദ്യാലയങ്ങളും ആശുപത്രികളും സ്ഥാപിക്കാം .ഗ്രാമങ്ങളില്‍ സൌജന്യ വൈദ്യുതി നല്‍കാം .ഇന്‍ഡ്യയിലെ എല്ലാ ചെറുപട്ടണങ്ങളില്‍ നിന്നും ദെല്‍ഹിയിലേക്ക് റോഡ് നിര്‍മ്മിക്കാം അങ്ങനെയങ്ങനെ അന്തമില്ലാത്ത ആയിരം സ്വപ്നങ്ങള്‍ നമുക്കുണ്ട് .പക്ഷെ ഇത് ആരൊക്കെയാണെന്നോ ഏതൊക്കെയാണ് ഈ പൈസയുടെ ഉറവിടമെന്നോ ഇന്‍ഡ്യാ ഗവണ്മെന്റ് പുറത്ത് വിടില്ല , അത് നമ്മുടെ ബഹുമാനപ്പെട്ട ധനമന്ത്രി പ്രണബ് മുഖര്‍ജി തന്നെ പറഞ്ഞിട്ടുള്ളതാകുന്നു .

മുന്‍ നിയമ കാര്യ മന്ത്രി രാം ജത്ത് മലാനി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിന്മേല്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ട് പോലും ഇതിനെ സംബന്ധിച്ച മുഴുവന്‍ രേഖകളും കൈമാറിയിട്ടില്ല .സീല്‍ ചെയ്ത കവറിനുള്ളില്‍ ഭദ്രമായി ഏതോ അഞ്ചാറ് പേരുടെ പേര് വിവരങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു .ഇത് പുറത്ത് വിടാന്‍ തടസ്സമായി പറയുന്ന കാര്യങ്ങള്‍ ഉഭയകക്ഷി ബന്ധം , നയതന്ത്ര ഉടമ്പടി എന്നൊക്കെയുള്ള ഗീര്‍വാണങ്ങളാണ് .പക്ഷെ സ്വിറ്റ്സര്‍ലാന്റ് പാര്‍ലിമെന്റില്‍ ഭേദഗതി ചെയ്ത ഉഭയകക്ഷി ഉടമ്പടി പ്രകാരം സ്വിസ്സ് ബാങ്കുകളില്‍ നിന്നുള്ള ഇന്‍ഡ്യന്‍ കള്ളപ്പണത്തിന്റെ മുഴുവന്‍ രഹസ്യരേഖകളും ഇന്‍ഡ്യന്‍ ഗവണ്മെന്റിന് ലഭ്യമാക്കാനുള്ള സംവിധാനങ്ങള്‍ ചെയ്തിട്ടുണ്ട് .

ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ കള്ളപ്പണത്തെ ഇല്ലാതാക്കാന്‍ അതികഠിനമായ അഞ്ചിന പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട് .നെഹൃവിന്റെ പഞ്ചശീല തത്വങ്ങള്‍ക്ക് ശേഷം അതീവ പ്രാധാന്യമുള്ള ഒരു അഞ്ചിന പരിപാടിയാണിത് .
കള്ളപ്പണത്തിനെതിരെയുള്ള ആഗോള കുരിശ് യുദ്ധത്തില്‍ ഭാഗഭാക്കാവുക ,കള്ളപ്പണം തടയാന്‍ ആവശ്യമായ നിയമഭേദ ഗതികള്‍ വരുത്തുക , അനധികൃത സമ്പാദ്യത്തെ നിയന്ത്രിക്കാന്‍ സ്ഥാപനങ്ങളെ നിയോഗിക്കുക ,കള്ളപ്പണത്തെ തടയാന്‍ ഫലപ്രദമായ മനുഷ്യശേഷി വിനിയോഗിക്കുക ,നടപ്പിലാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക .എന്നിങ്ങനെ കള്ളപ്പണം എന്ന വാക്കു തന്നെ നിഘണ്ടുവില്‍ നിന്നു ഒഴിവാക്കാന്‍ പര്യാപ്തമായ അതി കഠിന പദ്ധതികളാണിത് സംശയമില്ല തന്നെ .പക്ഷെ നികുതി വെട്ടിപ്പ് നടത്തി ലക്ഷക്കണക്കിന് കോടി കള്ളപ്പണം കൈവശം വെച്ചിരിക്കുന്ന ആളുകളെ ഒരിക്കലും വെളിപ്പെടുത്താന്‍ പറ്റില്ല .നമ്മുടെ ജനാധിപത്യത്തിന് എന്തൊക്കെ കുറവുകള്‍ ഉണ്ടായാലും നമ്മള്‍ ഇന്‍ഡ്യക്കാര്‍ ഫലിതപ്രിയരായ നേതാക്കന്മാരെക്കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരാണ് .

“ഞാന്‍ മനുഷ്യന്റെ മുതുകത്തിരിക്കുന്നു. അവന്റെ കഴുത്ത് ഞെക്കിക്കൊണ്ട് എന്നെ ചുമക്കാന്‍ അവനെ ശാസിക്കുമ്പോഴും ഞാന്‍ എന്നോടും മറ്റുള്ളവരോടും ആണയിടുന്നു .അവനെ പറ്റി എനിക്ക് ദുഖമുണ്ട് .അവന്റെ ഭാരം കുറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .അതിന് വേണ്ടി പുറത്ത് നിന്ന് ഇറങ്ങുക എന്നതൊഴിച്ചുള്ള മറ്റെല്ലാ മാര്‍ഗ്ഗങ്ങളും ഞാന്‍ നോക്കുന്നുണ്ട് .”പ്രണബ് മുഖര്‍ജിയുടെ അഞ്ചിന പ്രസ്താവന കേട്ടപ്പോള്‍ ടോള്‍സ്റ്റോയിയുടെ ഈ വാക്കുകകളാണ് ഓര്‍മ്മ വന്നത്. സുപ്രീം കോടതി വിധിയോ ലോക് പാല്‍ ബില്ലോ വന്നാല്‍ തന്നെയും കോടിക്കണക്കിന് രൂപയുടെ ഈ കള്ളപ്പണം അജ്ഞാതമായി തന്നെ തുടരുമെന്ന് വിശ്വസിക്കാന്‍ വ്യക്തമായ കാരണങ്ങളുണ്ട് .

സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും ജനപ്രീതിയുള്ള മാഗസിന്‍ ആണ് ,Schweizer Illustrierte നവംബര്‍ 1991 നവംബര്‍ 11 ആം തിയതിയില്‍ സ്വിസ്സ് ബാങ്കില്‍ അനധികൃത സമ്പാദ്യമുള്ള മൂന്നാം ലോക രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും 14 നേതാക്കന്മാരുടെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു അതില്‍ 2.5 ബില്ല്യണ്‍ സമ്പാദ്യവുമായി ഒരു ഇന്‍ഡ്യന്‍ നേതാവിന്റെ പേരും ഉണ്ടായിരുന്നു , രാജീവ് ഗാന്ധി ആയിരുന്നു അത് .

സ്വിറ്റ്സര്‍ ലാന്റില്‍ മാത്രം പ്രചാരത്തിലുള്ള ഒരു മാഗസിനു ഭൂരിഭാഗം സ്വിറ്റ്സര്‍ലാന്റുകാര്‍ക്കും അറിയാത്ത ഒരു ഇന്‍ഡ്യന്‍ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി ആ വിവാദത്തില്‍ പ്രചാരം കൂട്ടണമെന്നോ ജര്‍മ്മന്‍ ഭാഷയില്‍ മാത്രം അച്ചടിക്കുന്ന ആ മാഗസിന്‍ ഇന്‍ഡ്യയില്‍ ചിലവാക്കണമെന്നോ ഉള്ള ദുരുദ്ദേശം ഉണ്ടായിരുന്നിരിക്കില്ല എന്ന് മാത്രമല്ല രാജീവ് ഗാന്ധി വളരെ കൊല്ലപ്പെട്ടിരിക്കുന്ന ദുഖകരമായ സാഹചര്യത്തില്‍ ഒരു വ്യാജ വാര്‍ത്ത ചമച്ച് പുലിവാല്‍ പിടിക്കാനും മാന്യതയുള്ള ഒരു മാധ്യമവും ആഗ്രഹിക്കുകയില്ല .യഥാര്‍ത്ഥത്തില്‍ ഒരു ബാങ്കില്‍ നിന്ന് വെളിപ്പെട്ട വസ്തുതകള്‍ അവര്‍ പ്രസിദ്ധീകരിക്കുക മാത്രമാണുണ്ടായത് .സ്വേച്ഛാധിപതികളായ ഇന്റോനേഷ്യന്‍ പ്രസിഡണ്ട് സുകാര്‍ണോയും സദ്ദാം ഹുസ്സൈനും അടക്കം വികസ്വര രാജ്യങ്ങളിലെ പത്തിലേറെ നേതാക്കന്മാരുടെ പട്ടികയില്‍ ഒരാളായി മാത്രമാണ് രാജീവ് ഗാന്ധിയുടെ സമ്പാദ്യത്തിന്റെ വാര്‍ത്തയും വന്നത് അതായത് രാജീവ് ഗാന്ധിയെ ഉന്നം വെച്ച് പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയൊന്നുമല്ല ഇത് .രാജീവ് ഗാന്ധി 1991 മെയ് മാസത്തില്‍ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ വിധവയിലേക്കും ഇളയ മകനിലേക്കും ഈ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതായും മാഗസിനില്‍ പറയുന്നു . സോണിയാ ഗാന്ധിയോ ഉപജാപങ്ങളോ ഇത് വരെ ഈ വാര്‍ത്ത നിഷേധിക്കുകയോ അതിനെതിരെ എന്തെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല .ഓഹരിക്കമ്പോളത്തിന്റെ നിക്ഷേപ സാധ്യതകളുടെ അടിസ്ഥാനത്തിലോ സ്വിസ്സ് ബാങ്കിലെ പലിശ നിരക്കിലോ കണക്ക് കൂട്ടിയാല്‍ 50000 കോടിക്കും 80000 കോടിക്കും മധ്യേയാണ് ഈ സമ്പത്തിന്റെ വര്‍ത്തമാനകാലമൂല്യം .

രാജീവ് ഗാന്ധിക്ക് എവിടെ നിന്നാണീ പണം ലഭിച്ചിട്ടുണ്ടാകുക എന്നതിലേക്കുള്ള അന്വെഷണമാണ് കൂടുതല്‍ അല്‍ഭുതപ്പെടുത്തുന്നത് . കാരണം ഈ 2.5 ബില്ല്യണ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് രാജീവ് ഗാന്ധി പ്രധാന മന്ത്രിയാകുന്നതിനും മുമ്പാണ് .അതായത് ബൊഫോഴ്സ് ഇടപാടിന്റെ ബാക്കി പത്രമല്ല ഇതെന്ന് .

“The State Within a State: The KGB in the Soviet Union”,റഷ്യന്‍ ചാര സംഘടനയായ കെ ജി ബി ക്ക്(Komitet gosudarstvennoy bezopasnosti or Committee for State Security). റഷ്യന്‍ ഗവണ്മെന്റിന്റെ മേലും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിലും ഉള്ള സ്വാധീനവും അതിന്റെ പ്രവര്‍ത്തന രീതികളെയും പരാമര്‍ശിച്ചുള്ള ഒരു കൃതിയാണ് .
റഷ്യന്‍ ഗവണ്മെന്റില്‍ വളരെയധികം സ്വാധീനമുള്ള , ഉന്നതാധികാര സമിതികളില്‍ അംഗമായിരുന്ന Dr. Yevgenia Albats, Ph.D[Harvard] എന്ന പത്രപ്രവര്‍ത്തകയാണ് ഈ കൃതിയുടെ കര്‍ത്താവ് . കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഗോര്‍ബച്ചേവിനെതിരെ നടന്ന ഒരു ആഭ്യന്തരനീക്കത്തില്‍ കെ ജി ബി ക്കുള്ള പങ്കിനെക്കുറിച്ച് റഷ്യന്‍ ഗവണ്മെന്റ് 1992 ല്‍ നിയോഗിച്ച ഒരു അന്വേഷണക്കമ്മീഷനില്‍ അംഗമായിരുന്നു യെവ്ജീനിയ .കെ ജി ബി യുടെ ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചു തെളിവെടുക്കാനും കെ ജി ബി യുടെ അതീവ രഹസ്യ രേഖകള്‍ പരിശോധിക്കാനും ഉള്ള അധികാരം ഈ കമ്മീഷനുണ്ടായിരുന്നു .ഇതിനെ ആസ്പദമാക്കിയാണ് അവര്‍ ഈ കൃതി രചിച്ചിട്ടുള്ളത് . ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയുടെ , ലണ്ടനില്‍ പഠിച്ച് കൊണ്ടിരുന്ന മകനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് .അമേരിക്കയുമായുള്ള കിടമത്സരത്തില്‍ ഇന്‍ഡ്യന്‍ ഗവണ്മെന്റ് സോവിയറ്റ് യൂണിയന് നല്‍കേണ്ട നല്‍കേണ്ട പിന്തുണ വളരെ അത്യന്താപേക്ഷികമാണ് അതിന് വേണ്ടി അടുത്ത പ്രധാനമന്ത്രിയാവാന്‍ [ഇന്‍ഡ്യയില്‍ പിന്തുടര്‍ച്ചാ രാജവാഴ്ചയാണല്ലോ ] ലണ്ടനില്‍ പഠിച്ച് കൊണ്ടിരിക്കുന്ന രാജീവ് ഗാന്ധിയെ കരുവാക്കാനായാണ് കെ ജി ബി ഈ പൈസ ചിലവഴിച്ചതത്രെ അതിനെ സംബന്ധിച്ച് അവരെഴുതിയ ഈ കൃതിയില്‍ കെ ജി ബി രാജീവ് ഗാന്ധിക്ക് സംഖ്യ കൊടുത്തതും അതിന് റഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളുടെ ക്രമ നമ്പര്‍ സഹിതമാണ് .ഇത് ഇത് വരെ റഷ്യന്‍ സര്‍ക്കാര്‍ ഈ വിവരങ്ങള്‍ നിഷേധിക്കുകയോ പുസ്തകത്തിനെതിരെ രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട ആരും പരാതിപ്പെടുകയോ ചെയ്തിട്ടില്ല .

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റ്യില്‍ രാജീവ് ഗാന്ധി പഠിച്ച് കൊണ്ടിരിക്കുന്ന കാലത്ത് അന്റോണിയോ മേയ്നോ എന്ന യുവതിയെയാണ് കെ ജി ബി ഇതിനെ ഇതിനായി നിയോഗിച്ചത് .രാജീവ് ഗാന്ധിയുടെ സഹപാഠിയോ ആ കോളേജിലെ വിദ്യാര്‍ത്ഥിയോ അല്ലാത്ത , കേംബ്രിഡ്ജ് സിറ്റിയില്‍ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിയായിരുന്ന ഈ അന്റോണിയോ മെയ്നോ ആണ് നമ്മുടെ സോണിയാ ഗാന്ധി !!!

സ്വന്തം ഇച്ഛാ ശക്തി കൊണ്ട് രാഷ്ട്രീയത്തില്‍ നേതൃപാടവം കാട്ടിയ ഒരു വിധവയായ സ്ത്രീയെക്കുറിച്ച് വൃത്തികെട്ട ആരോപണങ്ങളാണിതെല്ലാമെന്ന് വേണമെങ്കില്‍ വാദിക്കാം പക്ഷെ ഇന്‍ഡ്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ ജനതാപാര്‍ട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഈ വിവരങ്ങളെല്ലാം കൊടുത്തിട്ടും ഒരു മാനനഷ്ടക്കേസോ അതല്ലെങ്കില്‍ ഒരു പ്രതിഷേധ പ്രസ്താവനയോ എങ്കിലും നടത്താത്തത് വളരെ കഷ്ടമാണ് എന്നെ പറയാനുള്ളൂ .പക്ഷെ സുബ്രമുണ്യന്‍ സ്വാമി കെ ജി ബിയുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ ഒരു പരാതി കൊടുത്തിരുന്നു അന്നത്തെ വാജ്പേയി മന്ത്രി സഭ ഈ അന്വേഷണത്തില്‍ നിന്ന് പിന്തിരിയുകയാണുണ്ടായത് .പക്ഷെ പിന്നീട് സി ബി ഐ യുടെ ചുമതലയുണ്ടായിരുന്ന വസുന്ധര രാ‍ജ സിന്ധ്യ ഈ കേസ് സി ബി ഐ ക്ക് കൈമാറിയെങ്കിലും വാജ്പേയി ഇടപ്പെട്ട് രണ്ട് വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ ഒരു എഫ് ഐ ആര്‍ പോലും ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നില്ല .

ബൊഫോഴ്സ് കേസ് കോണ്‍ഗ്രസ്സുകാര്‍ ഭരിക്കുമ്പോള്‍ തെളിവില്ല എന്ന രസകരമാ‍യ കാരണം പറഞ്ഞു പിന്‍ വലിച്ചതിലൊരു ന്യായമുണ്ടെന്നു നമുക്ക് തമാശക്കെങ്കിലും പറയാം പക്ഷെ രാഷ്ട്രീയ എതിരാളികളാ‍യ സോണീയാ ഗാന്ധിക്കെതിരെയുള്ള കേസില്‍ അടല്‍ ബിഹാരി വാജ്പേയി എന്ന സത്യസന്ധനെന്തു താല്പര്യമെന്നത് ഒരല്‍ഭുതമാണ് . ഇക്കഴിഞ്ഞ തിരഞ്ഞെട്ടുപ്പില്‍ ഒരൂ കോണ്‍ഗ്രസ് നേതാവ് - ആന്റണിയാണോ ഉമ്മനാണോ എന്നു ഓര്‍മ്മയില്ല - ‍പ്രചരണത്തിനിടെ പറഞ്ഞു അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണ കാലത്ത് മരുമകന്‍ രഞ്ചന്‍ ഭട്ടാചാര്യ ചെയ്ത അഴിമതിക്ക് കയ്യും കണക്കുമില്ലായിരുന്നത്രെ , എന്നിട്ടും അതൊന്നും ഉന്നയിക്കാത്തത് കോണ്‍ഗ്രസ്സുകാരുടെ മാന്യത മൂലമായിരുന്നുവെന്ന് .ജനങ്ങളോട് എത്ര ഉളുപ്പില്ലാതെയാണ് ഇവര്‍ ഇങ്ങനെ പറയുന്നത് ? സത്യത്തില്‍ ഉളുപ്പില്ലാത്തത് നമുക്കല്ലെ അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നാമവരെ അനുവദിക്കുമായിരുന്നോ ?

രാഷ്ട്രീയം ഒരു പരസ്പര സഹായ സഹകരണ സംഘമാണ് . കടുത്ത ശത്രുതയുള്ള ആരൊപണത്തില്‍ പോലും നില നില്‍പ്പ് അപകടത്തിലാക്കാന്‍ പര്യാപ്തമായ ഒന്നും സംഭവിക്കാതെ ആ ധാരണ മാന്യമായി തന്നെ പരിപാലിക്കപ്പെടുന്നത് മാത്രമാണ് രാഷ്ട്രീയം. കോണ്‍ഗ്രസ്സുകാരനായ കെ ജി ബാലകൃഷ്ണനെന്ന ചീഫ് ജസ്റ്റിസിനും യൂത്ത് കോണ്‍ഗ്രസ്സുകാരനായ മരുമകന്‍ ശ്രീനിജനെതിരെയും വസ്തുതാ പരമായ അനവധി ആരോപണങ്ങള്‍ വന്നിട്ടും ജഡ്ജിമാരെന്ന് കേട്ടാല്‍‍ ഉറഞ്ഞ് തുള്ളുന്ന പിണറായി -ജയരാജന്‍ ത്രിമൂര്‍ത്തികളും ദേശാഭിമാനി പ്രഭൃതികളും യൂത്ത് കോണ്‍ഗ്രസ്സുകാരുടെ അഴിമതിക്കെതിരെ ധാര്‍മ്മികരോഷം കൊണ്ട് രക്തം തിളപ്പിക്കുന്ന ഡിഫിക്കുട്ടന്മാരും തെളിവ് പോരെന്ന് പറഞ്ഞ് നിശബ്ദമായി ഇരുന്നതും ഇതേ ധാരണകള്‍ കാരണമാണ് . ദോഷം പറയരുതല്ലോ ശ്രീനിജന്‍ കേസ് വന്ന ആദ്യ ദിവസങ്ങളില്‍ ഡിഫി നേതാക്കളുടെ ആത്മവീര്യം ഒന്നുണര്‍ന്നതാണ് പിന്നെ അതങ്ങ് തണുത്ത് പോയി .പിണറായി സഖാവിന്റെ ലാവ്ലിന്‍ കേസില്‍ കെ ജി ബാലകൃഷ്ണന് ഇടപ്പെട്ടിട്ടുണ്ട് എന്ന് ഒരു ആരോപണം നിലവിലുള്ളത് കൊണ്ടൊന്നുമാവില്ല അതെന്ന് നമുക്ക് സമാധാനിക്കാം .

ഉത്തരേന്ത്യന്‍ കുഗ്രാമങ്ങളില്‍ മുറുക്കിത്തുപ്പി ,പുലഭ്യം പറഞ്ഞ് വരുന്ന നിരക്ഷരരായ പ്രാദേശിക ഗുണ്ടാ രാഷ്ട്രീയക്കാര്‍ക്ക് പോലും ഇത്തരം പരസ്പര സഹകരണ സംഘത്തെക്കാള്‍ രാഷ്ട്രീയ സത്യ സന്ധതയുണ്ടാവും.നമുക്ക് ഇത്തരത്തില്‍ മാന്യന്മാ‍രായ രാഷ്ട്രീയക്കാര്‍ ഒരധികപ്പറ്റാണ് .നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ് , നോക്കൂ ഇന്നലെ കാബിനറ്റ് മന്ത്രിയായ രാജ ജയിലിലെ വെറും തറയില്‍ കിടന്നുറങ്ങുന്നു ,ഇന്നലെ വരെ രാജകീയ അത്താഴം കഴിച്ചിരുന്നവന്‍ ജയിലിലെ ഭക്ഷണം കഴിക്കുന്നു , നമ്മുടെ ജനാധിപത്യം എത്ര ശ്രേഷ്ടമാണ് അല്ലെ ആനന്ദ ലബ്ദിക്കിനി എന്ത് വേണം ? രാജ വെറുമൊരു ഇടനിലക്കാരന്‍ മാത്രമാണെന്ന് ആരും ഓര്‍ക്കുന്നില്ല എന്നതാണ് ദുരന്തം .

പ്രാദേശിക രാഷ്ട്രീയത്തില്‍ പോലും വലിയ കളി കളിക്കാത്ത രാജയെപ്പോലെ ഒരു ശരാശരിയില്‍ താഴ്ന്ന രാഷ്ട്രീയക്കാരന്‍ 176000 കോടി രൂപയുടെ ഇടപാട് ഡി എം കെ മുന്നണി അറിയാതെയും പ്രധാന മന്ത്രിയുടെ ഓഫീസ് അറിയാതെയും ചെയ്തു എന്ന് വിശ്വസിക്കണമെങ്കില്‍ നമ്മുടെ തലയില്‍ സാമാന്യം നല്ല അളവില്‍ കളിമണ്ണുണ്ടായിരിക്കണം .2009 മുതല്‍ കൃത്യമായ തെളിവുകള്‍ സഹിതം സീതാറാം യെച്ചുരി പാര്‍ല്യമെന്റില്‍ തെളിവുകളോടും സ്ഥിതിവിവരക്കണക്കുകളോടും കൂടി ഈ വസ്തുതകള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിട്ട് 2 ജി സ്പെക്ട്രം കേസില്‍ അഴിമതിയില്ലെന്ന് മന്മോഹന്‍ സിങ്ങിന് തോന്നിയിട്ടുണ്ടെങ്കില്‍‍ മന്മോഹന്‍ സിങ്ങ് പഠിച്ച കേംബ്രിഡ്ജിനെക്കാള്‍ നല്ലതാണ് എന്റെ അഞ്ചാം ക്ലാസ്സ് എന്ന് ഒരു കോണ്‍ഗ്രസ്സുകാരനും പറഞ്ഞില്ല എന്ന് മാത്രമല്ല അങ്ങനെയൊരു സംഭവമെ ഇല്ല എല്ലാം പ്രതിപക്ഷത്തിന്റെ ആരോപണമാണ് എന്നുറച്ച് വിശ്വസിച്ച് ആശ്വസിക്കാന്‍ ഓരോരുത്തരും ശ്രമിച്ചു .കോമണ്‍ വെല്‍ത്ത് അഴിമതിയിലെ സുരേഷ് കല്‍മാഡി , ആദര്‍ശ് ഫ്ലാറ്റ് വിവാദം , ഐ പി എല്‍ ക്രിക്കറ്റിലേക്കൊഴുകുന്ന പണക്കൊഴുപ്പ് ,പതിനായിരങ്ങളുടെ ജീവന് വില പറയുന്ന എന്റോസള്‍ഫാന്‍ കമ്പനികളുടെ ബിനാമിയായ ശരത് പവാര്‍ .നമ്മളെവിടെയാണ് നില്‍ക്കുന്നത് ? നമുക്ക് ഇത്തരത്തില്‍ വലിയ കാര്യങ്ങളോര്‍ത്ത് തല പുണ്ണാക്കേണ്ട കാര്യമില്ല നാളത്തെ കളിയില്‍ കൊല്‍ക്കത്ത് നൈറ്റ് റൈഡേഴ്സ് ജയിക്കുമോ എന്നുള്ള പന്തയത്തില്‍ പങ്കെടുക്കാം , കത്രീന കൈഫിന്റെയും കരീനാ കപൂറിന്റെയും മാറിന്റെ അഴകളവുകള്‍ താരതമ്യം ചെയ്യാം -അങ്ങനെ മനസ്സിന് സുഖം തരുന്ന ഒരുപാട് കാര്യങ്ങളില്‍ വ്യാപരിക്കാം.

അഴിമതിക്കെതിരെയുള്ള തന്റെ ലോക്പാല്‍ സമരം അട്ടിമറിക്കാന്‍ ചില തല്പര കക്ഷികള്‍ ശ്രമിക്കുന്നുവെന്ന് സോണിയാ ഗാന്ധിക്കു പരാതി കത്തെഴുതിയ അണ്ണാ ഹസാരെയുടെ നിഷ്കളങ്കതയോര്‍ത്തു സഹതാപം തോന്നിപ്പോകുന്നു . പാവം ഹസാരെ , ആടറിയുമോ അങ്ങാടി വാണിഭം .നമുക്ക് കഴിയുന്ന ഒരു കാര്യമുണ്ട് - ഈജിപ്റ്റിലെ , ലിബിയയിലെ , ഹായ്ത്തിയിലെ, ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്വേച്ഛാധിപതികളെ ഓര്‍ത്ത് രോഷം കൊള്ളാം അവിടത്തെ ദരിദ്രരായ ജനതയെ ഓര്‍ത്ത് സഹതപിക്കാം എന്നിട്ട് നമുക്ക് സ്വപ്നം കാണാം സ്വിസ്സ് ബാങ്കിലെ കള്ളപ്പണക്കാരെ മുഴുവന്‍ കൊണ്ട് വന്ന് നിയമത്തിന് മുന്നില്‍ നിര്‍ത്തി ആ പണം കൊണ്ട് ഐശ്വര്യവും സമാധാനവും സമ്പത്തും നിറഞ്ഞ ഒരു ആദര്‍ശ രാജ്യമായി ഇന്‍ഡ്യ മാറുന്നതും കാത്ത് കാരണം നമ്മള്‍ മലര്‍പ്പൊടിക്കാരായ ജനതയാണല്ലോ .


അനുബന്ധം :

ഈ ബ്ലോഗില്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെയും ഡോക്ടര്‍ സുബ്രമുണ്യന്‍ സ്വാമി ഇതേ വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു 2001 ല്‍ ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ കൊടുത്ത പരാതിയെയും അടിസ്ഥാനമാക്കിയാണ് . വിവരങ്ങള്‍ പലതും കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുന്നത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട Facts and evidence മറ്റൊരു ബ്ലോഗില്‍ റെഫറന്‍സാക്കിയിട്ടുണ്ട് .


Picture courtesy - getskill.org

Monday, 18 April 2011

ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനം

ഓരോ കാലത്തെയും ചരിത്രം സൃഷ്ടിക്കുന്നത് അതത് കാലങ്ങളില്‍ നിലവിലിരിക്കുന്ന അധികാരവര്‍ഗ്ഗമാണ് , പിന്നീട് അതായിത്തീരുന്നു ചരിത്രം എങ്കിലും പുനര്‍വായനയില്‍ പലപ്പോഴും പിഴച്ച് പോകുന്ന ചില ഭൂതകാലസത്യങ്ങള്‍ അത് ചരിത്രത്തെ തിരുത്താന്‍ പ്രേരിപ്പിച്ചു കൊണ്ടിരിക്കും .സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമി ഇത്തരമൊരു പുനര്‍വായനയാണ് .ചരിത്രം ആസ്പദമാക്കി കഥ പറയുമ്പോള്‍ അത് വ്യാഖ്യാനിക്കപ്പെടുന്നതിന്റെ മികവ് കൊണ്ട് ചരിത്രത്തെക്കാള്‍ ഭാവന വിശ്വസനീയമാകുന്നത് നാം വടക്കന്‍ വീര ഗാഥയില്‍ കണ്ടിട്ടുണ്ട് പക്ഷെ അതില്‍ എം ടി വാസുദേവന്‍ നായര്‍ എന്ന പ്രതിഭയുടെ കരവിരുതാണ് അത്രത്തോളം പ്രതീക്ഷിക്കാനാവില്ലെങ്കിലും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന തിരക്കഥാകൃത്ത് ചരിത്രവും ഭാവനയും ഇടകലര്‍ത്തി കൊണ്ട് അജ്ഞാതമായ ഒരു ചരിത്രത്തെ അഭ്രപാളികളിലേക്കെത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ ആ ശ്രമം പാളിപ്പോയിട്ടില്ല എന്ന് തന്നെ പറയാം .

മലയാള സിനിമയുടെ ചരിത്രത്തില്‍ ഏറ്റവുമധികം നിര്‍മ്മാണ ചിലവെന്ന ഖ്യാതിയോടെയോ അപഖ്യാതിയോടെയോ ആണ് ഉറുമി നമ്മുടെ കാഴ്ചക്കായി എത്തുന്നത് .ഓരോ കാഴ്ചയും കവിത പോലെ ക്യാമറയിലാക്കുന്ന സന്തോഷ് ശിവന്റെ സംവിധാനമികവ് , ശങ്കര്‍ രാമകൃഷ്ണന്റെ ഫാന്റസിയും ചരിത്രവും ഇടകലര്‍ന്ന ശക്തമായ തിരക്കഥ ദേശീയ പുരസ്കാര ജേതാവായ അഞ്ചലി ശുക്ലയുടെ ക്യാമറ ഈ അണിയറ മികവിനൊപ്പം തിരശീലയില്‍ തെളിയുന്ന പൃഥ്വിരാജിന്റെ പൌരുഷം നിറഞ്ഞ യൌവ്വനവും പ്രഭുദേവയുടെ നടന താളവും , ജനീലിയ , തബു , വിദ്യാ ബാലന്‍ , നിത്യാമേനോന്‍ എന്നിങ്ങനെയുള്ള സൌന്ദര്യധാമങ്ങളുടെ സാന്നിധ്യവും ഉറുമിയെ നവ്യമായൊരു കാഴ്ചാനുഭവമാക്കുന്നുണ്ട് .

താരപ്രഭക്കും സാങ്കേതിക മികവ് അഭ്രപാളിയിലുളവാക്കുന്ന ദൃശ്യചാരുതക്കുമപ്പുറം വര്‍ത്തമാന കാല യാഥാര്‍ത്ഥ്യങ്ങളുടെ അസാമാന്യമായ സാമ്യം കൊണ്ടു ഉറുമി എന്ന ചിത്രം ഉയര്‍ത്തുന്ന ഒരു രാഷ്ട്രീയ പ്രഖ്യാപനമുണ്ട് .കക്ഷിരാഷ്ട്രീയത്തിന്റെ പ്രകടമായ തെളിവുകളില്ലെങ്കില്‍ അരാഷ്ട്രീയമായ സിനിമയായി പരിഗണിക്കുകയാണ് മലയാളി പ്രേക്ഷകരുടെ ശീലം .മലയാള ചലചിത്ര രംഗത്ത് രാഷ്ട്രീയം കടന്ന് വരുന്നതു കക്ഷിരാഷ്ട്രീയത്തിന്റെ നാറുന്ന വിഴുപ്പലക്കുകളുടെ ഇടമുറിയാത്ത സംഭാഷണ ചാതുരി കൊണ്ടും നിലവിലെ രാഷ്ട്രീയ നേതാക്കന്മാരെ മിമിക്രി കാണിച്ചുമാണ് .തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിലെ അധികാരത്തിന്റെ ഇടനാഴികളോ അതിനുമപ്പുറം ആ ഇട്ടാവട്ടത്ത് തായം കളിക്കാതെ ഹൈടെക്ക് ഡല്‍ഹിയുടെ ബ്ലൂചിപ്പിലും കംബ്യുട്ടറിലും ബ്രെയിന്‍ ബാങ്കിലുമെല്ലാം രാഷ്ട്രീയ സമസ്യകള്‍ക്കുതരം കണ്ടെത്തുന്ന , കോടികള്‍ കൊണ്ടമ്മാനമാടുന്ന ഡല്‍ഹി വരെ പരമാവധി പോകുന്ന പോകുന്ന കച്ചവട സിനിമയും . 80 കളിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ ഗൃഹാതുരതയും അടിയന്തിരാവസ്ഥകാലത്തിന്റെ ഓര്‍മ്മയില്‍ സ്ഖലിച്ച് കൊണ്ടിരിക്കുന്ന ആത്മരതിയടങ്ങിയ സമാന്തര സിനിമയും . ഇങ്ങനെ കച്ചവട സിനിമയുടെ കക്ഷിരാഷ്ട്രീയത്തിന്റെയും സമാന്തര സിനിമയുടെ ഭൂതകാല കുളിരിന്റെയും വിരുദ്ധ ധ്രുവങ്ങള്‍ക്കിടയില്‍ നിന്നാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ പ്രസക്തി .

വര്‍ത്തമാന കാലത്തില്‍ നിന്ന് 400 വര്‍ഷം പഴക്കമുള്ള ഒരു സാങ്കല്പിക പ്രതികാര കഥയുടെ പ്രമേയ പരിസരത്തില്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണ് കടന്ന് വരിക എന്ന ചോദ്യം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട് .മുഖ്യധാരാ സിനിമയില്‍ നാം പ്രതീക്ഷിക്കാത്ത ഒരു ആശയത്തിലൂടെയാണ് ഉറുമി മുന്നോട്ട് വെക്കുന്ന ചെയ്യുന്ന രാഷ്ട്രീയത്തെ ഞാന്‍ കാണുന്നത് .

സാമൂഹികാവബോധം അധികപറ്റാണെന്ന കാഴ്ചപ്പാടുള്ള പുതുതലമുറയുടെ പ്രതിനിധിയായ കൃഷ്ണദാസെന്ന ചെറുപ്പക്കാരന്‍ തന്റെ പൂര്‍വ്വിക സ്വത്ത് ആഭ്യന്തര മന്ത്രിക്കു കൂടി പങ്കാളിത്തമുള്ള നിര്‍വ്വാണ എന്ന ബഹുരാഷ്ട്ര ഖനന കമ്പനിക്ക് വേണ്ടി കൊടുക്കാന്‍ തയ്യാറാകുന്നിടത്താണ് കഥ ആരംഭിക്കുന്നത് .അതിന്റെ ആവശ്യങ്ങള്‍ക്കായി സുഹൃത്തുമൊത്ത് ആ സ്ഥലത്തെത്തിപ്പെടുമ്പോള്‍ അവന്റെ പൂര്‍വ്വിക പരമ്പരയിലേക്കു കഥ നമ്മളെ നയിക്കുന്നു .

എല്ലാ ചരിത്രങ്ങളും മഹാനായ നാവികനെന്ന് രേഖപ്പെടുത്തിയ വാസ്കോഡഗാമയുടെ കടല്‍ കടന്നുള്ള അധിനിവേശങ്ങളുടെയും ക്രൂരമായ കൊള്ളയടിക്കലുകളുടെയും ചരിത്രമാണ് കൃഷ്ണദാസിന്റെ പൂര്‍വ്വിക പരമ്പരയുടെ ചരിത്രത്തിലൂടെ കാണാന്‍ കഴിയുക . ആ ചരിത്രത്തോടൊപ്പം കേളുനായനാരെന്ന കല്‍പ്പിത കഥാപാത്രത്തിന്റെ പ്രതികാരത്തിന്റെയും ആത്മരോഷത്തിന്റെയും ഊര്‍ജ്ജം കൈക്കൊള്ളുന്നതിലൂടെ ചിത്രം മറ്റൊരു തലത്തിലേക്കുയരുന്നു . കൊള്ളയടിക്കാനെത്തുന്ന വിദേശ പടത്തലവന് ഒത്താശ ചെയ്ത് കൊടുക്കുന്ന ചേണിക്കല്‍ കുറുപ്പ് കാലം കടന്നെത്തുമ്പോള്‍ വിദേശ ബഹുരാഷ്ട്ര ഖനന കമ്പനികളില്‍ ഓഹരിപങ്കാളിത്തമുള്ള , അവര്‍ക്ക് വേണ്ടി നാടിനെ തീറെഴുതിക്കൊടുക്കാന്‍ കൂട്ടു നില്‍ക്കുന്ന ആഭ്യന്തരമന്ത്രിയായിതീരുന്നു. അങ്ങനെ അതേ ചരിത്രം തന്നെ നൂറ്റാണ്ടുകള്‍ക്ക് ശേഷമുള്ള പരമ്പരയിലും ആവര്‍ത്തിക്കപ്പെടുന്നു. ഈ ഭാവനയും ചരിത്രവും കെട്ട് പിണഞ്ഞു കിടക്കുന്ന ഈ കഥയില്‍ വര്‍ത്തമാന കാലത്തിന്റെ യാദൃശ്ചികമല്ലാത്ത സാമ്യം അനുഭവപ്പെട്ടു തുടങ്ങുന്നിടത്ത് നിന്നാണ് സിനിമയുടെ രാഷ്ട്രീയം ആരംഭിക്കുന്നത് .


ദക്ഷിണ ഒറീസയിലെ നിയമഗിരി കുന്നുകളില്‍ വസിക്കുന്ന ഡോങ്ക്രിയ കോന്താ വിഭാഗത്തിലുള്ള ആദിവാസികള്‍ മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് .അവര്‍ അധിവസിക്കുന്ന നിയമഗിരി കുന്നുകള്‍ അവരുടെ പുണ്യസ്ഥലമാണ് . അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു അത്,അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു , നിയമഗിരി അവര്‍ക്ക് വെറും വിശ്വാസം മാത്രമല്ല ജീവിതം കൂടിയാണ് , അവരുടെ ദൈവമാണ് നിയമഗിരിക്ക് മുകളില്‍ കുടിയിരിക്കുന്നത് എന്നതാണ് വിശ്വാസം. 2005 ല്‍ ഈ മലനിരകള്‍ ഇടിച്ച് പൊളിച്ചു ഖനനം ചെയ്യാനായി ‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ട് വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിക്കു വേണ്ടി കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .ഈ ഖനനത്തിലൂടെ അവിടെയുള്ള മലനിരകള്‍ ,നദികള്‍ അടക്കമുള്ള എല്ലാ പ്രകൃതി സമ്പത്തുകളും നാമാവശേഷമാകും .കോര്‍പ്പറേറ്റുകളെ പ്രീതിപ്പെടുത്തി പുലരുന്ന അധികാര സംവിധാനത്തില്‍ അധിനിവേശങ്ങള്‍ക്കു ആധികാരികത നല്‍കി വികസനത്തിന്റെ ഉദാത്തമാര്‍ഗ്ഗമായി അവതരിപ്പിക്കുകയായിരുന്നു നിയമഗിരിയില്‍ . ഒരു ജനതയുടെ ജീവനും ജീവിതത്തിനും വില കല്‍പ്പിക്കാതെ vedanta എന്ന കമ്പനി നടത്തുന്ന നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ക്കെതിരെ നിരക്ഷരരായ ആദിവാസികള്‍ ചെറുത്തു . അവസാനം നിരവധി അന്താരാഷ്ട്ര സംഘടനകളുടെയും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും ഇടപെടലിനെ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് ഈ നിയമവിരുദ്ധ ഖനനത്തിനുള്ള അനുമതി റദ്ദ് ചെയ്യുകയായിരുന്നു .

പി.ചിദംബരം എന്ന നമ്മുടെ ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി 2004 ല്‍ കേന്ദ്രമന്ത്രി സഭയില്‍ ധനകാര്യമന്ത്രിയായി ചുമതലയേല്‍ക്കാന്‍ വരുന്നത് വരെ കുപ്രസിദ്ധമായ വേദാന്ത കമ്പനിയുടെ ഡയറക്ടര്‍മാരിലൊരാളും നിയമോപദേഷ്ടാവും കൂടിയായിരുന്നു .ധനമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് വേണ്ടി മാത്രമാണ് അദ്ദേഹം ആ പദവി രാജി വെച്ചത് എന്നത് കൂടി കൂട്ടി വായിക്കുമ്പോഴാണ് ഉറുമി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന്റെ നീതി നമുക്ക് മനസ്സിലാവുക .ഉറുമിയിലെ നിര്‍വ്വാണ എന്ന ഖനന കമ്പനിക്ക് വേദാന്തയുമായുള്ള സാമ്യം പേരില്‍ മാത്രമല്ല നിര്‍വ്വാണയില്‍ ഓഹരി പങ്കാളിത്തമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ജഗതി അവതരിപ്പിക്കുന്ന ആഭ്യന്തര മന്ത്രിയില്‍ പോലുമുണ്ട് .അത് കൊണ്ടെല്ലാം തന്നെ സിനിമയില്‍ വര്‍ത്തമാന കാലയാഥാര്‍ത്ഥ്യത്തിന്റെ അനുരണനങ്ങള്‍ കടന്നു വരുന്നത് കേവല യാദൃശ്ചികതയാവാന്‍ സാധ്യതയില്ല .അവസാനം ആഭ്യന്തരമന്ത്രിയെ ആദിവാസികള്‍ ചെരുപ്പെറിയുന്നിടത്ത് പോലും ഈ സാദൃശ്യം കടന്ന് വരുന്നുണ്ട് ചെരുപ്പേറ് കൊണ്ട് ഏക ആഭ്യന്തര മന്ത്രിയാണ് പി. ചിദംബരം .

അധിനിവേശങ്ങള്‍ അവസാനിക്കുന്നില്ല അത് പുതിയ പേരിലും പുതിയ രൂപത്തിലും നിസ്സഹായരായ ജനതയുടെ മേല്‍ അധീശത്വം സ്ഥാപിക്കാനൊരുങ്ങുമ്പോള്‍ അതിന് ഒത്താശ ചെയ്ത് കൊടുക്കുന്ന നപുംസകങ്ങളായ അധികാര വര്‍ഗ്ഗം സ്വന്തം ജനതയെ വിസ്മരിച്ചു അവരുടെ ജീവനും സ്വത്തിനും വില അവരുടെ മണ്ണും വെള്ളവും ആ സാമ്രാജ്യത്വ ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കും .ദണ്ടേവാഡയടക്കമുള്ള വനമേഖലകളില്‍ നടക്കുന്ന ഖനനവും അത് മൂലം ജനിച്ച നാടില്‍ നിന്നു കുടിയൊഴിക്കപ്പെട്ടു നിരാശ്രയരായിപ്പോകുന്ന ദശലക്ഷക്കണക്കിന് ജനങ്ങളും ബഹുരാഷ്ട്രകുത്തകകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കപ്പെടുന്ന ഗ്രീന്‍ ഹണ്ട് ഓപറേഷനും എല്ലാം ചരിത്രത്തിന്റെ തുടര്‍ച്ചയാണ് , അളവില്ലാത്ത സമ്പത്തിന് വേണ്ടി രാജ്യത്തെ ജനങ്ങളെ കൊന്ന് കൊള്ളയടിച്ച വാസ്കോഡ ഗാമയെ സഹായിച്ച ചേണിക്കല്‍ കുറുപ്പിന്റെ ചരിത്രമാണ് ആ തുടര്‍ച്ച. നമ്മളെ ഇത് ബാധിക്കുന്നില്ലല്ലോ എന്ന നിസ്സംഗമായ മുഖ്യധാരാ സമൂഹത്തിന്റെ ആശ്വസിക്കലാണ് ഓരോ അധിനിവേശത്തിന്റെയും ആണിക്കല്ല് .


ചത്തിസ് ഗഡിലെയും ഝാര്‍ഖണ്ടിലെയും വന മേഖലകളില്‍ സ്വന്തം ഭൂമി കയ്യേറിയ വിദേശ കുത്തകകള്‍ക്കെതിരെ ആയുധമെടുക്കുന്ന നക്സലൈറ്റുകളുടെ വാര്‍പ്പ് മാതൃകയിലാണ് കേളു നായനാരെ ചിത്രത്തില്‍ രൂപപ്പെടുത്തിയിട്ടുള്ളത് .മണി രത്നം രാവണ എന്ന ചിത്രത്തിലൂടെ അവ്യക്തമായി ഈ വിഷയം ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പുരാണകഥയുടെ പ്രമേയം പശ്ചാത്തലമായത് കൊണ്ടു തന്നെ ആ സിനിമയില്‍ ചൂണ്ടിക്കാട്ടാവുന്ന രാഷ്ട്രീയത്തെ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ അതൊരു അരാഷ്ട്രീയ സിനിമയായി അവസാനിക്കുകയായിരുന്നു.രാവണയുടെ ക്യാമറാ ചലിപ്പിച്ച സന്തോഷ് ശിവന്‍ അത് കുറച്ചു കൂടി നീതി പൂര്‍വ്വകമായി അവതരിപ്പിച്ചു എന്നതിന്റെ തെളിവാണ് മണി രത്നം ചിത്രം കണ്ടിട്ട് സന്തോഷ് ശിവനെ അഭിനന്ദിച്ചത് .

തന്റെ പൂര്‍വ്വിക പരമ്പരയോട് അവരോട് അധിനിവേശം നടത്തിയെത്തിയ വൈദേശിക ശക്തികള്‍ ചെയ്തു കൂട്ടുന്ന ക്രൂരതകള്‍ക്കെതിരെ കേളു നായനാര്‍ നടത്തുന്ന ആത്മരോഷം നിറഞ്ഞ പോരാട്ടത്തിന്റെ കഥ മനസ്സിലാക്കുന്നതോടെ കൃഷ്ണദാസെന്ന മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ പ്രതിനിധി ബഹുരാഷ്ട്രകുത്തകകള്‍ക്ക് തന്റെ ഭൂമി വിട്ടു നല്‍കുക എന്ന തീരുമാനം പുനപരിശോധിച്ചു കൊണ്ടു പുതിയൊരു ഒരു രാഷ്ട്രീയത്തിന്റെ വക്താവായി മാറുന്നു .അങ്ങനെ ഖനനത്തിന് നിര്‍വ്വാണക്ക് സ്വന്തം ഭൂമി വിട്ട് കൊടുക്കുക എന്ന തീരുമാനം പിന്‍ വലിക്കുന്നതിലൂടെ ഉറുമി ശക്തമായ ഒരു സന്ദേശം അവശേഷിപ്പിക്കുന്നുണ്ട് .

മലയാളത്തിലെ മധ്യവര്‍ത്തി സിനിമാ പ്രേക്ഷകര്‍ക്കു അവര്‍ കൊടുക്കുന്ന പണത്തിന് തുല്യമായ വിനോദോപാധിയില്‍ കവിഞ്ഞ് ചത്തിസ് ഗഡിലോ ഒറീസയിലോ നടക്കുന്ന വന്‍ കിട ഖനനങ്ങളെക്കുറിച്ചും തദ്ദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും വലിയ താല്പര്യമുണ്ടാകുമെന്ന് ധരിക്കുന്നത് വിഡ്ഡിത്തമാകും അത് കൊണ്ടു തന്നെ മുഖ്യധാരാ സിനിമയിലൂടെ ഇത്തരമൊരു സന്ദേശം പരോക്ഷമായെങ്കിലും അവതരിപ്പിക്കുക എന്ന വെല്ലുവിളി തന്നെയാണ് ഉറുമി ഏറ്റെടുത്തത് . മലയാളം കൂടാതെ മറ്റ് ഭാഷകളിലും കൂടി ഈ ചിത്രം മൊഴിമാറ്റം ചെയ്യപ്പെടുന്നുണ്ട് .

ബുദ്ധിജീവി ചലചിത്ര പ്രവര്‍ത്തകര്‍ ഇറാനിയന്‍ സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ജാഫര്‍ പനാഹിക്ക് വേണ്ടി ഒപ്പ് ശേഖരണം നടത്തുമ്പോഴും പാലസ്തീന്‍ അധിനിവേശങ്ങളെക്കുറിച്ചു കണ്ണീരൊഴുക്കുമ്പോഴും കാണാതെ പോകുന്നത് കുടിയൊഴിക്കപ്പെട്ടും , നിരാശ്രയരായും പോകുന്ന ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതമാണ് . ഒരിക്കല്‍ ടി വി ചന്ദ്രന്‍ ഒരഭിമുഖ സംഭാഷണത്തില്‍ പറഞ്ഞതോര്‍ക്കുന്നു അദ്ദേഹത്തിനെ ഇപ്പോഴും വേദനിപ്പിച്ച് കൊണ്ടിരിക്കുന്നത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയാണത്രെ . സോവിയറ്റ് റഷ്യക്കാര്‍ പോലും അതെല്ലാം മറന്ന് പോയ കാലത്ത് ആ ദുഖമാണ് ഇന്നും ബുദ്ധിജീവി ചലചിത്രകാരന്മാരെ ഭരിക്കുന്നത് .വര്‍ത്തമാന കാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളില്‍ വര്‍ഗ്ഗീയതയല്ലാതെ മറ്റൊരു വിഷയം തിരഞ്ഞെടുക്കാന്‍ നമ്മുടെ സിനിമാ പ്രവര്‍ത്തകര്‍ക്ക് ഇനിയും കാലമായിട്ടില്ല എന്നു വേണം കരുതാന്‍ .

ചത്തിസ് ഗഡിലും ഝാര്‍ഖണ്ടിലും ഓറീസയിലുമെല്ലാം നടക്കുന്ന മനുഷ്യത്വ രഹിതമായ ഇത്തരം അധിനിവേശങ്ങളും അതിന് ഒത്താശ ചെയ്യുന്ന അധികാരികളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചരിത്രത്തിന്റെ തുടര്‍ച്ച തന്നെയാണ് .മനുഷ്യന് നേര്‍ക്കുള്ള ക്രൂരതകളും അതിനെതുടര്‍ന്നുള്ള പലായനങ്ങളും വികസനത്തിന്റെ പുറം മോടിയണിയിച്ചു പുറം ലോകത്തവതരിപ്പിക്കുമ്പോള്‍ പ്രതിരോധിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളെ മാവോയിസ്റ്റുകളും രാജ്യദ്രോഹികളുമാക്കി മുദ്ര കുത്തുന്ന അധികാരത്തിന്‍ കീഴില്‍ ഇത്തരമൊരു വിഷയം പരോക്ഷമായെങ്കിലും ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ ഈ ഉറുമിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിമാനിക്കാം ,മറ്റൊരു കാഴ്ചയും കാണാനാവാത്ത സിനിമക്കാര്‍ക്കിടയില്‍ നിന്ന് വാണിജ്യ സിനിമയുടെ ഭാഗമായിട്ടെങ്കിലും അങ്ങനെയൊരു ജനതയെക്കുറിച്ച് ഓര്‍മ്മിപ്പിച്ച ഉറുമിയുടെ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നു .