Like

...........

Sunday 24 April 2011

ദൈവങ്ങള്‍ മരിക്കുമ്പോള്‍ .To believe in God is impossible - to not believe in Him is absurd” - Voltair“ദൈവം മരിച്ചു“ എന്ന് പ്രഖ്യാപിച്ചത് ഒരു കാലഘട്ടത്തിന്റെ ബൌദ്ധിക ചിന്താ സരണികളെ സ്വാധീനിച്ച ഫ്രെഡറിക് നീത്ഷെ ആണ് .സ്രഷ്ടാവായ ദൈവം മരിച്ചു എന്നല്ല മറിച്ച് നില നിന്നിരുന്ന ദൈവം എന്ന സങ്കല്പം അവസാനിച്ചു എന്നാണ് നീത്ഷെയുടെ പ്രഖ്യാപനത്തിന്റെ വ്യാഖ്യാനം .മതമേലധ്യക്ഷന്മാരുടെ മേല്‍ക്കോയ്മ മൂലം അരക്ഷിതാവസ്ഥ നില നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ചിന്താവിപ്ലവവുമായി നീത്ഷെയുടെ ദൈവത്തിന്റെ മരണ പ്രഖ്യാപനം .പക്ഷെ പ്രതീകാത്മകമല്ലാതെ തന്നെ എല്ലാ ദൈവങ്ങളും ദൈവ പ്രതിപുരുഷന്മാരും മരണപ്പെട്ടിട്ടുണ്ട് .ദൈവങ്ങള്‍ മരിക്കും എന്നത് വിശ്വാസത്താല്‍ അടിസ്ഥാനമാക്കിയെടുത്ത വാദഗതി തന്നെയാണ് .ദൈവത്തിന്റെ പ്രതിപുരുഷനായ പ്രവാചകനും ദൈവപുത്രനായ ക്രിസ്തുവും ദൈവത്തിന്റെ അവതാരമായ കൃഷ്ണനും മരിച്ചതായി വിശ്വസിക്കുന്നത് അമരനായ ഒരാളുണ്ടാവുമെന്നത് നമ്മുടെ ഉപബോധമനസ്സിന് പോലും അംഗീകരിക്കാനാവാത്തത് കൊണ്ടാണ് .

നീണ്ട് നിന്ന രോഗപീഡകള്‍ക്കൊടുവില്‍ സായിബാബ മരിക്കുമ്പോള്‍ അങ്ങേയറ്റം വ്യത്യസ്തമായ രണ്ട് വിരുദ്ധ ധ്രുവങ്ങളിലാണ് സമൂഹം ആ മരണം രേഖപ്പെടുത്തുന്നത് .ഒരു വശത്തു കപടദൈവം മരിച്ചുവെന്ന ആഘോഷങ്ങളുമായി അസാധാരണമാം വിധം ഒത്തു ചേര്‍ന്ന 'യഥാര്‍ത്ഥ ദൈവവിശ്വാസികളും‘ യുക്തിവാദികളും‍ മറുവശത്തു ഒരേയൊരാശ്രയം ഇല്ലാതായെന്ന് വിലപിക്കുന്ന സായിബാബയുടെ അനുയായികളും .അങ്ങനെ ‍ സായിബാബ എന്ന മനുഷ്യന്‍ 86 ആം വയസ്സില്‍ മരിക്കുമ്പോള്‍ മറ്റൊരു ദൈവത്തിന്റെ മരണം കൂടി സാങ്കേതികമായി സംഭവിച്ചിരിക്കുന്നു .

യഥാര്‍ത്ഥ ദൈവവിശ്വാസികളും നിരീശ്വരവാദികളും ആരോപിക്കുന്ന പോലെ സായിബാബ വാര്‍ദ്ധക്യത്തിന്റെ അവശത കൊണ്ട് കയ്യടക്കം നഷ്ടപ്പെട്ട് പോയ ഒരു കപട മായാജാലക്കാരനാകാം ,അല്ലെങ്കില്‍ അവ്യക്തമായി നിങ്ങള്‍ പറയുന്ന പോലെ സ്വവര്‍ഗ്ഗ രതിക്കാരനുമാകാം പക്ഷെ നിരുപദ്രവകരമായ ഒരു മാജിക്കോ ഒരാളുടെ സ്വകാര്യ ജീവിതത്തിലെ ലൈംഗികതയോ ഒരു മനുഷ്യന്റെ നന്മകളെ വിലയിരുത്തുമ്പോള്‍ എന്നെ ബാധിക്കുന്നതല്ല അങ്ങനെ മറ്റൊരു മനുഷ്യന്റെ ലൈംഗികമായ ചോദനകളെ വിമര്‍ശന ബുദ്ധിയോടെ നോക്കാന്‍ മാത്രം സദാചാരബോധം എനിക്കാവശ്യമില്ല . ആയിരക്കണക്കിന് ആളുകള്‍ക്ക് സൌജന്യ ചികിത്സയിലൂടെ ജീവനും ജീവിതവും തിരിച്ചു കൊടുക്കുന്ന , സായി സേവാ സമിതിയിലൂടെ ഒരു പാട് പേര്‍ക്ക് ജീവിക്കാനുള്ള ആശയവും പ്രേരണയും നല്‍കുന്ന ഒരു സത്യസായിബാബ ഇന്നു മരണപ്പെട്ടപ്പോള്‍‍ അദ്ദേഹം ചെയ്ത നന്മകളെയോര്‍ത്ത് ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു .

സായിബാബയുടെ ദൈവീക പരിവേഷത്തിന് വേണ്ടിയുള്ള മായാജാലങ്ങളാണ് യുക്തിവാദികളെ പ്രകോപിപ്പിക്കുന്നത് .ബഹിരാകാശ കേന്ദ്രത്തില്‍ വരെ കൂടോത്രം നടത്തുന്ന ഒരു രാജ്യത്ത് ആത്മീയത എന്നത് ഏറ്റവും ഉപഭോകാസക്തിയുള്ള ഉല്‍പ്പന്നമാണ് അത് ഏറ്റവും ഫലപ്രദമായി വിറ്റഴിക്കാന്‍ ശ്രമിച്ചതാണ് സായി ബാബ ചെയ്തത് .ഈ ആത്മീയ പരിവേഷമില്ലാതെ ഒരു സേവന പ്രവര്‍ത്തനം ചെയ്യാനൊരുത്തന്‍ തുനിഞ്ഞിട്ടുണ്ടെങ്കില്‍ പൊതുജനമവനെ ഭ്രാന്തനെന്ന് മുദ്ര കുത്തും , അവസാനം ഏതെങ്കിലും കടത്തിണ്ണയില്‍ പട്ടിണി കിടന്ന് മരിക്കും .ആത്മീയത ഒരു പരിവേഷമാണ് അതുപയോഗിച്ച് ധനികന്മാരില്‍ നിന്ന് 40000 കോടി സമാഹരിച്ച് അതില്‍ നിന്ന് അഞ്ച് ശതമാനം കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ടെങ്കില്‍ ആ സോഷ്യലിസത്തെ ഞാന്‍ മാനിക്കുന്നു . ജനങ്ങളുടെ നികുതിപ്പണം കട്ട് സ്വിസ്സ് ബാങ്കില്‍ എക്കൌണ്ടാക്കിയിടുന്ന ഭരണാധിപന്മാരെ വന്ദിക്കുന്ന നാട്ടില്‍ അത്രയെങ്കിലും മതി ഒരാളെ ബഹുമാനിക്കാന്‍ . സൌജന്യ ചികിത്സക്ക് അവസരമൊരുക്കുന്ന ആശുപത്രികള്‍ ,പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള ഫൌണ്ടേഷനുകള്‍ അങ്ങനെ കള്ളപ്പണം കൊണ്ടെങ്കിലും അത്രയും പേര്‍ക്ക് ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍ അത് ഒരു മനുഷ്യന്റെ നന്മയായി മാത്രമേ എനിക്ക് കാണാനാവൂ . അങ്ങനെയൊരു കാലത്താണ് നമ്മുടെ ജീവിതം .

സ്വയം ദൈവപരിവേഷം ചാര്‍ത്തുന്ന കപടനാണ് സായിബാബ എന്നാക്രോശിക്കുന്ന മതഭേദമില്ലാത്ത ദൈവവിശ്വാസികളെ എനിക്ക് കാണാം .കപടമല്ലാത്ത ഒരു ദൈവത്തെ നിങ്ങള്‍ കാണിച്ചു തരാന്‍ പറയുന്നിടത്ത് ഈ മതഭേദമില്ലായ്മ അപ്രത്യക്ഷമാകുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് .ഓരോ പരമ്പരാഗത ദൈവവിശ്വാസിയും ഒരു നിരീശ്വരവാദി കൂടിയാണ് , മറ്റുള്ള ദൈവങ്ങളുടെ അസ്ഥിത്വത്തെ യുക്തിപരമായി അവര്‍ക്ക് ചോദ്യം ചെയ്യാന്‍ കഴിയും .ബഹുദൈവാരാധനക്കാര്‍ ഏകദൈവാരാധനയില്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍ ഏകദൈവാരാധനക്കാര്‍ ബഹുദൈവക്കാരെ പുച്ഛിക്കുന്നു .ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസം പരിഹാസ്യവും വിചിത്രവുമായിത്തീരുന്നത് പരമ്പരാഗതമായ മറ്റേതെങ്കിലും ഒരു വിശ്വാസത്തിന്റെ മാറാപ്പുകള്‍ അയാള്‍ പേറുന്നത് കൊണ്ടു തന്നെയാണ് .ഓരോ വിശ്വാസത്തിനും അതില്‍ വിശ്വസിച്ചാല്‍ മാത്രമെ ദൃഷ്ടാന്തം ലഭിക്കൂ .അത് കൊണ്ടു തന്നെ ആരാണ് യഥാര്‍ത്ഥ ദൈവം എന്ന ചോദ്യം വിഡ്ഡിത്തം നിറഞ്ഞ ഒന്നാണ് .

വിശ്വാസം അതിന്റെ വിചിത്രവും വൈകൃതവുമായി രൂപങ്ങളില്‍ നമ്മളെ അല്‍ഭുതപ്പെടുത്താറുണ്ട്.ഹിമാലയ താഴ്വരയിലെ അവന്തം എന്ന സ്ഥലത്ത് ടിബറ്റന്‍ വാസ്തുശില്പ മാതൃകയില്‍ ഒരു കൊച്ചു ക്ഷേത്രമുണ്ട് . അതിന്റെ ശ്രീകോവിലിനുള്ളില്‍ ഓംകാര ശബ്ദത്തെ ധ്വനിപ്പിക്കുന്നത് നിരന്തരം മൂളുന്ന കൊതുകുകളാണ് കാരണം അവിടെ ആരാധിക്കുന്നത് കൊതുകുകളെയാണ് .ഹിമാലയതാഴ്വരയിലെ താരതമ്യേന വിജനമായ ഒരു ഭൂപ്രദേശത്ത് കൊതുകുകളുണ്ടാകാനുള്ള സാധ്യതകള്‍ക്കപ്പുറത്താണതിന്റെ സാന്ദ്രത .ക്ഷുദ്രജീവികളെ ആരാധിക്കുന്ന ഒരേയൊരു ക്ഷേത്രമൊന്നുമല്ല അവന്തത്തിലേത് . ഭോപ്പാലില്‍ ഈച്ചകളെ ആരാധിക്കുന്ന മഖി മന്ദിറും തമിഴ് നാട്ടിലെ കണക്ക് വാര്‍ പെട്ടിയിലെ തേള്‍ അമ്പലവും ഈ പട്ടികയിലുണ്ട് .പ്രാചീന കാലം മുതല്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും അസ്വസ്ഥമാക്കുന്നതിനെയും ആരാധിച്ച് കൊണ്ട് ഇരിക്കുന്നതാണ് മനുഷ്യപ്രകൃതി .മനുഷ്യാരംഭം മുതല്‍ മനുഷ്യന്‍ ഉത്തരം കിട്ടാത്ത സമസ്യകളെയും ഭയപ്പെടുത്തുന്നതിനെയും ആരാധിച്ചു കൊണ്ടിരുന്നു .അഗ്നിയെ , കാറ്റിനെ അങ്ങനെ പ്രകൃതിയില്‍ മനുഷ്യനെ ഭയപ്പെടുത്തുന്നതിനെയും നിയന്ത്രിക്കാന്‍ കഴിയാത്തതിനെയും ആരാധിക്കാനും ദൈവമായി പരിഗണിക്കാനും തുടങ്ങിയതില്‍ നിന്നാണ് മനുഷ്യന്റെ ദൈവ വിശ്വാസത്തിന്റെ നാന്ദി .ഹൈന്ദവ പുരാണങ്ങളിലും കെല്‍റ്റിക് മതങ്ങളിലും കാറ്റിനെയും നദിയെയും ഇടിമിന്നലിനെയും അഗ്നിയെയും ആരാധിക്കുന്ന ജനതയുടെ സംസ്കാരമാണ് ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളത് .പിന്നീട് അത്തരം പ്രകൃതി ശക്തികളില്‍ നിന്ന് സംരക്ഷണം നേടാനോ നിയന്ത്രിക്കാനോ സാധിച്ചത് മുതല്‍ ജനതയുടെ വിശ്വാസപരിണാമത്തില്‍ മാറ്റം വന്ന് ‍ ബഹുസ്വരങ്ങളായി വേര്‍പിരിഞ്ഞു പോയി .


മനുഷ്യന്റെ അസ്വസ്ഥതകളെയും അശാന്തികളെയും പരിഹരിക്കാന്‍ അവന്‍ വിശ്വാസത്തിന്റെ വഴിയില്‍ അഭയം പ്രാപിക്കുന്നു . മനുഷ്യന്‍ അവന്റെ ആത്മീയമായ അശാന്തിയെ തരണം ചെയ്യാന്‍ പലവഴികള്‍ തേടുന്നു. അന്തരീക്ഷത്തിലെ അജ്ഞാതനായ സര്‍വ്വശക്തന്‍ മുതല്‍ കല്ല്, കരട് കാഞ്ഞിരക്കുറ്റി വരെ ആരാധനക്ക് പാത്രമായി . ഒരു വിശ്വാസം യുക്തിപരം മറ്റൊന്ന് അന്ധവിശ്വാസമെന്നില്ല ഒന്നുകില്‍ എല്ലാം അന്ധവിശ്വാസം അല്ലെങ്കില്‍ എല്ലാം വിശ്വാസം. വിശ്വാസങ്ങളെ യുക്തിയുടെ ഒരു പൊതുമാനദണ്ഡമുപയോഗിച്ച് അളക്കാന്‍ ശ്രമിക്കുന്നത് അപ്രായോഗികമാണ് .ശ്രീനഗറില്‍ ഹസ്രത്ത് ബാല്‍ എന്നൊരു പള്ളിയുണ്ട് . തിരുശേഷിപ്പുകള്‍ ആരാധിക്കുന്നത് പാപമെന്നുല്‍ബോധിപ്പിച്ച പ്രവാചകന്റെ മുടിയാണ് ഇവിടത്തെ ആരാധ്യവസ്തു . സൌദി അറേബ്യയില്‍ നിന്ന് മുടി എങ്ങനെ ശ്രീനഗറിലെത്തിയെന്നോ അതിനെ ഇസ്ലാം വിശ്വാസികള്‍ അംഗീകരിക്കുന്നുണ്ടോ എന്നതല്ല പ്രശ്നം കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മുടി പള്ളിയില്‍ നിന്ന് മോഷണം പോയി ഭക്തര്‍ പരിഭ്രാന്തരും അക്രമാസക്തരുമായി സ്ഥലത്ത് വലിയൊരു ആഭ്യന്തര പ്രശ്നമോ ആയി വളരാന്‍ തുടങ്ങുമ്പോള്‍ മോഷണം പോയ മുതല്‍ ഉടന്‍ തന്നെ തിരിച്ചു കിട്ടി .വിശ്വാസികള്‍ പൂര്‍വ്വാധികം വിശ്വസികളാവുകയും ചെയ്തു .ബുദ്ധിയുള്ള ഏതോ പോലീസുകാരന്റെ മുടിയായിരിക്കും ഇപ്പോളവിടെ ആരാധിച്ചു കൊണ്ടിരിക്കുകയെന്ന കാര്യത്തില്‍ എനിക്കു സംശയമൊന്നുമില്ല വിശ്വാസികള്‍ക്കു അതില്‍ ശാസ്ത്രീയാന്വേഷണങ്ങള്‍ ആവശ്യമില്ല അവരുടെ വിശ്വാസം അവിടെ പുനസ്ഥാപിക്കപ്പെട്ടു .40 കോടിക്ക് മുടി സൂക്ഷിക്കാനുള്ള ആരാധനാലയങ്ങള്‍ പണിയുന്നതും അതേ വിശ്വാസത്തിന്റെ ഭാഗമാ‍യാണ് .

മനുഷ്യന്റെ ഏത്‌ പ്രവര്‍ത്തിയും ഒരു അസ്വാസ്ഥ്യം പരിഹരിക്കല്‍ തന്നെയാണ്.വിശപ്പയാലും, ലൈംഗികത ആയാലും, സാഹിത്യ പ്രവര്‍ത്തനം ആയാലും ഒക്കെ തന്നെ ഇത്തരം അസ്വാസ്ത്യങ്ങള്‍ക്ക് ഒപ്പം തന്നെ ഉള്ള മറ്റൊരു അശാന്തിയാണ് ആത്മീയഅശാന്തി .അതിനുള്ള നിവൃത്തി ആണ് ദൈവവും മതവും ആചാരങ്ങളും ഒക്കെ തന്നെ.സാധാരണ മനുഷ്യര്‍ എല്ലാ ആസ്വാസ്ത്യങ്ങള്‍ക്കും എത്രയും എളുപ്പത്തില്‍ കഴിയുമോ അത്രയും എളുപ്പത്തില്‍ പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നു ശ്രമിക്കുന്നു .ആത്മീയ അശാന്തിയുടെ കാര്യത്തിലും അതെ. അത്തരം എളുപ്പവഴിയാണ് ആള്‍ദൈവങ്ങള്‍ .

അമേരിക്കന്‍ മനശാസ്ത്രജ്ഞനായ എബ്രഹാം മാസ്ലോ മനുഷ്യമനസ്സിന്റെ ആവശ്യങ്ങളെയും സംതൃപ്തി ഘട്ടങ്ങളെയും ഒരു ശ്രേണീ രൂപത്തില്‍ അവതരിപ്പിച്ചിട്ടുണ്ട് . Need Hirarchy theory എന്ന വളരെ പ്രസിദ്ധമായ മനശാസ്ത്രപരികല്പനയില്‍ മനുഷ്യന്റെ സംതൃപ്തിക്ക് ആധാരമായ ആവശ്യങ്ങളെ അഞ്ച് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു .ആദ്യത്തെ രണ്ട ഘട്ടങ്ങള്‍ ശാരീരികമായും അടുത്ത രണ്ട് ഘട്ടങ്ങള്‍ മാനസികമായും ബന്ധപ്പെട്ടതാണ് അവസാനത്തെ അവസ്ഥ ഈ ആദ്യഘട്ടങ്ങളുടെ പൂര്‍ണ്ണതയില്‍ പരിപൂര്‍ണ്ണത ാഅഗ്രഹിക്കുന്ന മനുഷ്യന്റെ ത്വരയാണ് കാണിക്കുന്നത് .ഒന്നാമത്തെ ഘട്ടം മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങളായ ഭക്ഷണം , വായു , ജലം , ലൈംഗികത എന്നിവയാണ് , ഈ ഘട്ടത്തിന്റെ പൂര്‍ണ്ണതയിലോ ഇത് പൂര്‍ത്തീകരിക്കാനുള്ള ത്വരയിലോ ആണ് അടുത്ത ഘട്ടമായ സുരക്ഷാ ആവശ്യങ്ങളിലേക്ക് മനുഷ്യന്‍ ശ്രദ്ധ വെക്കുന്നത് വീട്, അഭയം അങ്ങനെ അതിജീവനത്തിനായുള്ള ശാരീരികാ സുരക്ഷാ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെട്ട് കഴിയുമ്പോള്‍ സ്വാഭാവികമായും മാനസികമായ ആവശ്യങ്ങള്‍ കടന്ന് വരുന്നു‍ പ്രണയം ,സ്നേഹം , വാത്സല്യം ‍ എന്നിങ്ങനെ അടിസ്ഥാന മാനസികാവശ്യങ്ങള്‍ക്ക് ശേഷം സാമൂഹ്യ അംഗീകാരം, പരിഗണന എന്നീ കാര്യങ്ങളിലാവും മനുഷ്യന്റെ സംതൃപ്തി . ഈ നാല് ഘട്ടങ്ങള്‍ ഭൂരിഭാഗം സാധാരണ മനുഷ്യര്‍ക്കും കൈവരിക്കാന്‍ കഴിയാറില്ല - അതിന് ശേഷം ആത്മസാക്ഷാല്‍ക്കാരം എന്ന അവസാന ഘട്ടം കടന്ന് വരുന്നു .ഇത് ശാരീരികവും മാനസികവുമായ ഘട്ടങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ആത്മീയമായ ഒരു ഉണര്‍വ്വിലേക്കുള്ള പ്രയാണമാണ്.
ആത്യന്തികമായ ഒരു സാക്ഷാല്‍ക്കാരം .ഈയൊരു ഘട്ടത്തിലാണ് ആള്‍ ദൈവങ്ങളും മയക്കു മരുന്നുകളും അത് പോലെയുള്ള ലഹരികളും കടന്ന് വരുന്നത് .പാശ്ചാത്യരാ‍യ സമ്പന്നര്‍ എല്ലാമുപേക്ഷിച്ച് ഹരേകൃഷ്ണ പ്രസ്ഥാനത്തിലും അമൃതാനന്ദ മയി മഠങ്ങളിലഭയം പ്രാപിക്കുന്നതും സായിബാബാ ഭക്തന്മാരുമെല്ലാമാകുന്നത് ഈ ആത്മസാക്ഷാത്കാര ഘട്ടത്തിലാണ് .

പക്ഷെ ദരിദ്രനാരായണന്മാരായ ഇന്‍ഡ്യക്കാര്‍ക്ക് ഒരു പക്ഷെ ആദ്യ രണ്ട് ഘട്ടങ്ങള്‍ പോലും പൂര്‍ത്തിയാക്കാനാവാത്ത നിസ്സഹായതയില്‍ അവര്‍ ആശ്രയിക്കുന്നതും ഇത്തരം അഭയങ്ങളിലാണ് . ഈ രണ്ട് ഘട്ടങ്ങളിലുള്ള ആളുകള്‍ തമ്മിലുള്ള ബന്ധിപ്പിക്കലാണ് ആള്‍ദൈവങ്ങളുടെ പ്രസക്തി .ധനികരായ ഭക്തന്മാരുടെ ആത്മസാക്ഷാല്‍ക്കാരത്തിനുള്ള ത്വര ദരിദരുടെ അടിസ്ഥാനാവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനായി ഉപയോഗിക്കുന്നതിലൂടെ അനുയായികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നെങ്കില്‍ അത് പരമ്പരാഗത മതങ്ങളുടെ ഏകകേന്ദ്രീകൃതമല്ലാത്ത ഒരു വ്യവസ്ഥയുടെ പരാജയം തന്നെയാണ് .അത്തരമൊരു വീക്ഷണ കോണില്‍ പരമ്പരാഗത മതങ്ങളെക്കാള്‍ സോഷ്യലിസ്റ്റുകളാണ് ആള്‍ദൈവങ്ങളെന്ന് എനിക്ക് തോന്നുന്നു .ഞാനെപ്പോഴും കരുതുന്നത് അജ്ഞാതനായ ഒരു ദൈവത്തെക്കാള്‍ നന്മയുള്ള ഒരു സുഹൃത്താണ് കൂടുതല്‍ നല്ലതെന്നാണ് .

അരാഷ്ട്രീയതയുടെ പാരമ്യം വിപ്ലവത്തിലെത്തിക്കുന്നത് പോലെ ആത്മീയമായ അശാന്തി ജനതയെ ചിലപ്പോള്‍ വിശ്വാസ വൈകൃതങ്ങളിലേക്ക് നയിക്കാറുണ്ട് .സങ്കീര്‍ണ്ണമായ ജീവിതപ്രയാണത്തിനിടക്ക് ഇടനെഞ്ചിലെ ഒരു കൈപ്പിടിയോളം പോന്ന ഒരവയവം അതിന്റെ വലുപ്പത്തിനെക്കാള്‍ പല മടങ്ങ് ഭാരം വെക്കുമ്പോള്‍ ഒരാശ്രയത്തിനായി ഒരു ദൈവമുണ്ടെങ്കിലെന്ന് ആശിച്ചിട്ടുണ്ട് . എന്നെപ്പോലെ പരാജയപ്പെട്ട ഒരു ദൈവവിശ്വാസിക്ക് എല്ലാ ദൈവങ്ങളെയും അവിശ്വസിക്കുന്നതില്‍ യുക്തിയുണ്ടെങ്കില്‍ അതേ യുക്തി ഉപയോഗിച്ച് ഏത് ദൈവത്തെയും വിശ്വസിക്കാന്‍ മറ്റൊരു മനുഷ്യന് അവകാശമുണ്ട് .വിശ്വാസിയാകുന്നതും അവിശ്വാസിയാകുന്നതും മൌലികാവകാശമാണ് അത് പൊതുസമൂഹത്തെ അലോസരപ്പെടുത്തുന്നത് വരെ അത് രണ്ടും തെറ്റാണെന്ന് പറയാനാകില്ല .

സത്യവും സമാധാനവും സ്നേഹവും പരത്തുന്ന യഥാര്‍ത്ഥ ദൈവത്തോടുള്ള വിശ്വാസത്തിന്റെ ഫലമായി ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട് .അതില്‍ ഹിന്ദുവും ക്രിസ്ത്യനും ഇസ്ലാമുമെല്ലാം ഭാഗഭാക്കായിട്ടുമുണ്ട് .അനുയായികളുടെ എണ്ണം കൂട്ടിയുള്ള ശക്തിപ്രകടനവുമാണ് എല്ലാ മതങ്ങളുടെയും അടിസ്ഥാനപരമായ അജണ്ട , അത്തരം അജണ്ടകള്‍ക്ക് ആള്‍ദൈവങ്ങള്‍ പലപ്പോഴും ഭീഷണിയാണ് അത് കൊണ്ട് തന്നെ യഥാര്‍ത്ഥ ദൈവവിശ്വാസികള്‍ ആള്‍ ദൈവങ്ങളെ പഴിക്കുന്നു .

ദൈവീക പരിവേഷമുപയോഗിച്ച് ജിഹാദ് നടത്താനോ പള്ളി പൊളിക്കാനോ മതപരിവര്‍ത്തനം ചെയ്യാനോ ശ്രമിക്കാതെ കുറച്ച് മനുഷ്യര്‍ക്ക് നന്മ ചെയ്ത ഒരു മനുഷ്യന് എന്റെ ഐക്യദാര്‍ഡ്യമുണ്ട് , ആദരാഞ്ചലികളും .

8 comments:

 1. ഭയം തോന്നുന്ന വസ്തുക്കളെ ആരാധിക്കാന്‍ വഴിയില്ല .എന്തിനോടു ഭയം വന്നാലും അതില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ആണ് മനസ്സ് ശ്രമിക്കുക .മറിച്ച് അത്ഭുതത്തില്‍ നിന്ന് ആരാധന ഉണ്ടാകും .അതാവണം തനിക്ക് അതീതമായ ശക്തികളെ അല്ലെങ്കില്‍ അതിനു കാരണക്കാരനായ ഒരു ശക്തിയെ ആരാധിക്കാന്‍ പ്രേരിപ്പിച്ചത്‌.
  എബ്രഹാം മാസോ തന്നെ പറയുന്നുണ്ട് അത്മാസക്ഷാത്‌കാരത്തിന്റെ ഒരു ഘട്ടത്തില്‍ താനും ഈ പ്രപഞ്ചവും ഒന്നാണ് എന്നാ അവസ്ഥ ഉണ്ടാകും എന്ന്.അദ്വൈത സിദ്ധാന്ധവും അത് തന്നെയാണ് പറയുന്നത്.
  പിന്നെ മാനവസേവ നടപ്പാക്കാന്‍ എന്ത് മാജിക്ക്‌ കാണിചിട്ടായാലും തയ്യാറായാല്‍ അതില്‍ തെറ്റ് പറയാന്‍ ആകില്ല .സ്വാമി വിവേകാനന്ദന്‍ പറഞ്ഞപോലെ വിശക്കുന്നവന് ഭക്ഷണം തന്നെ ആണ് ആവശ്യവും .ആത്മസാക്ഷാത്കാരവും ആത്മീയതയും എല്ലാം മനുഷ്യന് തികച്ചും വ്യക്തിപരമായ തോന്നല്‍ ഉണ്ടാകുമ്പോള്‍ അതും സ്വമേധയാ ഉണ്ടാകുമ്പോള്‍ കഴിയുന്ന കാര്യം മാത്രമാണ് .
  ദൈവം ആയാലും ആള്‍ ദൈവം ആയാലും ചെയ്യാന്‍ ഉള്ളത് സേവനം മാത്രമാണ് എന്നാണ് എന്റെ പക്ഷം .
  എഴുത്ത് നന്നായിട്ടുണ്ട് .

  ReplyDelete
 2. ആള്‍ദൈവങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ ശ്രമിക്കുന്ന ഞാന്‍ പക്ഷേ ഈ സത്യസ്ന്ധമായ വിലയിരുത്തലുകളോട് 100% യോജിക്കുന്നു...

  ReplyDelete
 3. ആള്‍ദൈവങ്ങളാണ് ഒറിജിനല്‍ ദൈവങ്ങളേക്കാള്‍
  നല്ലതെന്ന് എഴുതി തെളിയിച്ചിരിക്കുന്നു.

  ReplyDelete
 4. സാമൂഹ്യസേവകനായിരുന്ന സായിബാബക്ക് ആദരാഞ്ജലികള്‍ !!
  എഴുത്ത് നന്നായിട്ടുണ്ട്.

  ReplyDelete
 5. ദാരിദ്ര്യം,തൊഴിലില്ലായ്മ, ആരോഗ്യക്ഷേമം തുടങ്ങിയ ജീവല്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ക്രിയാത്മകമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച്‌ നടപ്പാക്കുന്നതില്‍ അദ്ദേഹം ഉജ്ജ്വല മാതൃകയായിരുന്നു. സത്യസായിബാബയുടെ സ്മരണയ്ക്ക്‌ മുന്നില്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു.

  ReplyDelete
 6. "ഒരു പാട് പേര്‍ക്ക് ജീവിക്കാനുള്ള ആശയവും പ്രേരണയും നല്‍കുന്ന ഒരു സത്യസായിബാബ ഇന്നു മരണപ്പെട്ടപ്പോള്‍‍ അദ്ദേഹം ചെയ്ത നന്മകളെയോര്‍ത്ത് ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ ഖേദിക്കുന്നു."
  - ആ നല്ല ‘മനുഷ്യനെ’ ഓർത്തു ഞാനും.

  ReplyDelete
 7. ആത്മീയത ഒരു പരിവേഷമാണ് അതുപയോഗിച്ച് ധനികന്മാരില്‍ നിന്ന് 40000 കോടി സമാഹരിച്ച് അതില്‍ നിന്ന് അഞ്ച് ശതമാനം കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി ചിലവഴിച്ചിട്ടുണ്ടെങ്കില്‍ ആ സോഷ്യലിസത്തെ ഞാന്‍ മാനിക്കുന്നു .

  സായിബാബക്ക് ആദരാഞ്ജലികള്‍ !!

  ReplyDelete
 8. നന്നായി പറഞ്ഞു. 4000 കോടി സ്വിസ്സ് ബാങ്കില്‍ ഉണ്ടെന്നു പറയപ്പെടുന്ന ജന സേവക കുടുംബാങ്ങങ്ങളെക്കാളും എന്ത് കൊണ്ടും ഭേദം ആള്‍ ദൈവം എന്ന് വിളിക്കപ്പെട്ടയാള് തന്നെ.

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .