Like

...........

Tuesday 22 May 2012

മോഹന്‍ ലാലിനൊരു അടഞ്ഞ കത്ത്





മിസ്റ്റര്‍ മോഹന്‍ ലാല്‍ താങ്കളിന്നലെ ഒരു കത്തെഴുതിയെന്നറിഞ്ഞു ? താങ്കളെന്നു മുതലാണ് ഇങ്ങനെ ഒരു സാമൂഹ്യ പ്രവര്‍ത്തകനായി മാറിയത് ? താങ്കളോട് കുറച്ചു ചോദ്യങ്ങളുണ്ട് . [ഇത് ചോദിച്ചതിന്റെ പേരില്‍ മോഹന്‍ ലാല്‍ ഫാന്‍സ് എന്നെ തെറി പറഞ്ഞാലും ആന്റണി പെരുമ്പാവൂര്‍ എന്നെ കൊന്നാലും സാരമില്ല. ]



1. മഹാഭാരത യുദ്ധത്തില്‍ ആര്‍ എസ് എസുകാരായ പാണ്ഡവരുടെ ആക്രമണത്തില്‍ എത്രയോ ലക്ഷങ്ങള്‍ മരിച്ചു വീണിരിക്കുന്നു , അവരുടെ അമ്മമാരുടെ കണ്ണീര്‍ താങ്കള്‍ കണ്ടില്ലെ ?
2. രണ്ടാം ലോക മഹായുദ്ധത്തിലും കുരിശ് യുദ്ധത്തിലുമെല്ലാം എത്ര പേര്‍ മരിച്ചു - അതിനെ അപലപിച്ചിട്ടുണ്ടോ ?
3 സദ്ദാംഹുസ്സെയിന്‍ കുവൈറ്റ് ആക്രമിച്ചപ്പോള്‍ എവിടെ പോയി ഈ പ്രതികരണ ശേഷി ?
4. റഷ്യയ്ക്കെതിരെ അമേരിക്ക നടത്തുന്ന ഗൂഡ നീക്കങ്ങളില്‍ ഇന്നു വരെ താങ്കള്‍ പ്രതിഷേധിച്ചിട്ടുണ്ടോ ?
5. ലിബിയയിലെ സ്വേച്ഛാധിപത്യത്തിനെതിരെ താങ്കള്‍ എന്താണ് പറഞ്ഞത് ?
6. ഗ്വണ്ടനാമോ ജയിലില്‍ അമേരിക്ക നടത്തുന്ന പീഡനങ്ങള്‍ താങ്കള്‍ കാണുന്നില്ലെ ?
7 1948 ല്‍ ഗാന്ധിജി വെടിയേറ്റു മരിച്ചിട്ടു അതിനെതിരെ ഒരു ചെറുവിരലനക്കിയോ താങ്കള്‍ ?

ഇതെല്ലാം പോട്ടെ സാമ്രാജ്യത്വ മൂരാച്ചികള്‍ പിണറായിയെന്ന പാവത്തിനെ ലാവ്ലിന്‍ കേസില്‍ പെടുത്തിയപ്പോള്‍ എവിടെയായിരുന്നെടാ പുല്ലേ നിന്റെ പ്രതിഷേധം [കണ്ട്രോള്‍ കണ്ട്രോള്‍ ] .. ഓകെ ഓകെ ദെണ്ണം കൊണ്ടാണ് .


ലാല്‍ സലാം എന്ന സിനിമയില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ തിരിഞ്ഞപ്പോള്‍ തന്നെ താങ്കളെ ഞങ്ങള്‍ നോട്ടപ്പുള്ളിയാക്കിയതാണ് ,അതു കഴിഞ്ഞു കൊടിയേരി സഖാവിന്റെ മകനെ താങ്കള്‍ കേണലോ കോപ്പോ ആയ ഒരു സിനിമയില്‍ വെറും പട്ടാളക്കാരനാക്കി കൊണ്ടു പോയി കൊന്നു -അതും ക്ഷമിച്ചു , ഇങ്ങനെ ക്ഷമിക്കുന്ന ഒരു പാരമ്പര്യമാണ് ഈ പ്രസ്ഥാനത്തിനുള്ളത് .പക്ഷെ എന്നു കരുതി മെക്കിട്ടു കയറരുത് . നിനക്കൊക്കെ ഇവിടെ ജീവിക്കാന്‍ പേടിയാകുന്നു എന്നൊക്കെ ഗീര്‍വാണമടിച്ചു ദുബായിലെ ആഡംബര ഫ്ലാറ്റ് കണ്ടു കൊണ്ടാണെന്നൊക്കെ ഞങ്ങള്‍ക്കറിയാം ,ദുബായില്‍ ആഡംബര ഫ്ലാറ്റില്‍ താമസിക്കുന്ന തനിക്കെന്തു യോഗ്യതയാടോ ഇതൊക്കെ പറയാന്‍ ? ഞങ്ങളുടെ നേതാക്കളുടെ മക്കളും അവിടെ ജീവിക്കുന്നുണ്ട് ആഡംബരം പോയിട്ട് നിത്യവൃത്തിക്കു വക പോലുമില്ല ആ പാവങ്ങള്‍ക്ക് ദുബായി മുനിസിപ്പാലിറ്റിയുടെ പുറമ്പോക്കില്‍ ഒരു ഓലക്കുടിലിലാണ് സഖാക്കളുടെ മക്കള്‍ താമസിക്കുന്നത് .അതൊക്കെ ആലോയിക്കുമ്പോള്‍ തന്നെ കണ്ണീന്ന് വെള്ളം വരുന്നു .അങ്ങനെ ത്യാഗത്തിലും സഹനത്തിലുമൊക്കെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനത്തെക്കുറിച്ചു നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല .

മരിച്ചു കഴിയുമ്പോള്‍ പുണ്യാളരാക്കുന്ന ഒരു സമ്പ്രദായം അത്ര നല്ലതൊന്നുമല്ല . ഈ ടി പി ചന്ദ്രശേഖരന്‍ നിങ്ങള്‍ കരുതുന്ന പോലെ അത്ര പുണ്യാളനൊന്നുമല്ല - അയാള്‍ മരിക്കുന്നതിനു തൊട്ടു മുമ്പു വരെ ജീവിച്ചിരുന്നു എന്നതിനു തെളിവുണ്ട് . മാത്രവുമല്ല പലചരക്കു കടയില്‍ 726 ഉറുപ്പികയോളം കടക്കാരനുമായിരുന്നു എന്നതിനു ജില്ലാ കമ്മിറ്റിയുടെ പക്കല്‍ കൃത്യമായ രേഖകളുമുണ്ട് . പാര്‍ല്യമെന്ററി വ്യാമോഹത്തിന്റെ പുറത്താണ് അയാള്‍ പാര്‍ട്ടി വിട്ടത് പ്രധാനമന്ത്രിയാകണമെന്നതായിരുന്നു ആഗ്രഹം , പ്രധാന മന്ത്രി ഒന്നും നമുക്കു ശര്യാവില്ല മോനെ അടുത്ത തവണ മുഖ്യമന്ത്രി ആക്കാമെന്നൊക്കെ കെഞ്ചി പറഞ്ഞതാണ് - കേക്കണ്ടേ , ആദ്യമൊക്കെ ഉപദേശിച്ചു നോക്കി ,പിന്നെ സമാധാന ശ്രമങ്ങളുടെ ഭാഗമായി വെള്ളത്തുണിയില്‍ പൊതിഞ്ഞു കിടത്തും എന്നു വരെ പറഞ്ഞു , വെള്ള നിറം സമാധാനത്തിന്റെ പ്രതീകമാണല്ലോ - അതാണ് ചില തല്പര കക്ഷികള്‍ ഭീഷണിപ്പെടുത്തി എന്നൊക്കെ പ്രചരിപ്പിക്കുന്നത് - ഇതാണോ ഭീഷണി , ഇങ്ങനെയാണോ ഞങ്ങള്‍ ഭീഷണിപ്പെടുത്തുക ? ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്നു പറയുന്ന കലികാലമാണിത് .

സാംസ്കാരിക പ്രവര്‍ത്തകരെന്ന് പറയുന്ന ചില തെണ്ടികള്‍ ചില പ്രസ്താവനകളൊക്കെ ഇറക്കിയിട്ടൂണ്ട് , അവരോടു ഒന്നേ പറയാനുള്ളൂ സക്കറിയയുടെയും സി ആര്‍ നീലകണ്ടന്റെയുമൊക്കെ ഗതി നിങ്ങള്‍ വരുത്തരുത് , സ്നേഹം കൊണ്ടാണീ പറയുന്നത് . കഴിഞ്ഞ ദിവസം എളമരം കരീം സഖാവ് ചില സാംസ്കാരിക പ്രവര്‍ത്തകരുടെ മുഖം മൂടി വലിച്ചു കീറിയത് കണ്ടു കാണുമല്ലോ , ഇങ്ങനെയൊക്കെ പ്രതികരിക്കുന്ന പത്രമുതലാളിമാരുടെ അവിഹിതത്തെക്കുറിച്ചും സ്ത്രീ താല്പര്യത്തെക്കുറിച്ചും അദ്ദേഹം വ്യക്തമായി പറഞ്ഞതാണ് . ഇത്തരത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സാമ്രാജ്യത്വ ശത്രുക്കളുടെ അവിഹിതം അന്വേഷിക്കാന്‍ സ്പെഷ്യല്‍ വിങ്ങ് തന്നെ രൂപീകരിക്കുന്നതിനെക്കുറിച്ചും ഞങ്ങള്‍ ഗൌരവമായി ആലോചിക്കുന്നുണ്ട് - ഇതും താങ്കള്‍ ഓര്‍ക്കണം മിസ്റ്റര്‍ മോഹന്‍ ലാല്‍


ആരോഗ്യകരമായ താത്വികാവലോകനങ്ങള്‍ കൊണ്ടും ആശയ പ്രചരണങ്ങള്‍ കൊണ്ടുമാണ് പ്രസ്ഥാനത്തിനു നേരെ വരുന്ന വിമര്‍ശനങ്ങളെ നേരിടുന്നത് അല്ലാതെ വിമര്‍ശനങ്ങളെ ശാരീരികമായി നേരിടുന്ന പ്രസ്ഥാനമല്ല ഇത് , പക്ഷെ നിന്റെയീ കോപ്പിലെ ബ്ലോഗും എഴുത്തും ഒക്കെ ഇന്നത്തോടെ നിര്‍ത്തിക്കോളണം അതാണ് നിനക്കു നല്ലത് ചത്തവന്‍ ചത്തു ...ഇനി അവന്റെ കാര്യം പറഞ്ഞു നിന്റെ കാര്യം കൂടി പ്രശ്നത്തിലാക്കണ്ടാ..മനസ്സിലാകുന്നുണ്ടല്ലോ അല്ലെ മനസ്സിലായാല്‍ കൊള്ളാം .



---------------------------------------------------------

9 comments:

  1. നന്നായിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന 'മെയില്‍ ഷോവനിസ്റ്റ് മാലാഖമാര്‍ക്കും' കൂടിയുള്ള കൊട്ടാണിതെന്നു വിശ്വസിക്കുന്നു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
    Replies
    1. This comment has been removed by the author.

      Delete
  3. മുല്ലപെരിയാര്‍ പൊട്ടി ലക്ഷകണക്കിന് അമ്മമാരും കുഞ്ഞുങ്ങളും അച്ചന്മാരും ഒക്കെ മരിക്കട്ടെ അവര്‍ക്ക് ആര്‍ക്കും അന്‍പത്തി രണ്ടു വയസ്സ് ആകാഞ്ഞാ മതി എന്നെ എനിക്ക് പ്രാര്‍ത്ഥന ഉള്ളൂ ..പിന്നെ കേരളത്തിന്റെ കാര്യം ഇവിടെ ജീവിക്കാന്‍ പേടി തോന്നാന്‍ ദുബായില്‍ ഫ്ലാറ്റ് ഒന്നും വേണ്ട എല്ലാവരും ഒന്ന് പെടിചിരിക്കുന്നത് നല്ലതാ


    ഇനി ബ്ലോഗ്‌ : നല്ല ഹാസ്യം നല്ല അവതരണം

    ReplyDelete
  4. അഭിനന്ദനീയം ..ഈ പോസ്റ്റ്‌.. വിമര്‍ശിക്കുന്നവരെ ശത്രുക്കളായി കാണാന്‍ പറയുന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് വല്ല കാര്യമുണ്ടോ ?
    ആശംസകള്‍..
    ഇതേ വിഷയത്തെ കുറിച്ച് മറ്റൊരു പോസ്റ്റ്‌ ഇതാ..


    http://praveen-sekhar.blogspot.com/2012/05/blog-post_23.html

    ReplyDelete
  5. പ്രതികരിച്ചാലും പ്രതികരിച്ചില്ലെങ്കിലും കുറ്റം പറയുന്ന മലയാളിയുടെ നിലപാടിനെതിരെ ഞാന്‍ എന്‍റെ വിയോജിപ്പ് രേഖപ്പെടുത്തുന്നു. മോഹന്‍ ലാലിന് ഇപ്പോള്‍ ആയിരിക്കാം പ്രതികരിക്കാന്‍ തോന്നിയത് ..ഓരോരുത്തര്‍ക്കും തോന്നുമ്പോള്‍ പ്രതികരിക്കുന്നതിനു നമ്മള്‍ എന്ത് ചെയ്യാനാ..? പിന്നെ ഒരു കാര്യത്തില്‍ ആശ്വസിക്കാം..ഇപ്പോഴും ഇതിനെ കുറിച്ചു പ്രതികരിച്ചിട്ടില്ലാത്ത നേതാക്കന്മാരും സാംസ്ക്കാരിക നായകന്മാരും ഇവിടെ ഇപ്പോഴും ജീവിക്കുന്നില്ലെ.?.അവരെക്കാളും എന്ത് കൊണ്ടും മുന്തിയ ആള് തന്നെയാണ് വൈകി പ്രതികരിക്കുന്ന ലാലിനെ പോലെയുള്ള ആളുകള്‍..

    വേറെ കുറച്ചു ആളുകള്‍ , സഖാവ് മരിച്ച ദിവസം തന്നെ പ്രതികരിച്ച വിശേഷങ്ങള്‍ ടി വി യില്‍ കൂടിയും പത്രങ്ങളില്‍ കൂടിയും നമ്മള്‍ വായിച്ചതല്ലേ..എന്തായിരുന്നു ആ പ്രതികരണങ്ങള്‍ ..ഒന്നോര്‍ത്തു നോക്കൂ..കുലംകുത്തികള്‍ എന്നും കുളം കുത്തികള്‍ തന്നെ, വേറൊരു കൂട്ടം കേസ് അന്വേഷണം തുടങ്ങും മുന്‍പേ തന്നെ പറയുന്നു കൊല ചെയ്തത് സി പി എമ്മുകാര്‍ തന്നെ, അങ്ങനെ രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തിക്കൊണ്ടുള്ള പ്രതികരണങ്ങള്‍ എത്ര നമ്മള്‍ കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്തു..ആ നിലക്ക് ഇത്തരം കാഹളങ്ങള്‍ കഴിഞ്ഞ ശേഷം ഒരാള്‍ പ്രതികരിച്ചെങ്കില്‍ അതില്‍ വിമര്‍ശിക്കാന്‍ എന്തിരിക്കുന്നു.? ആ പ്രതികരണം ലാല്‍ പറഞ്ഞത് മേല്‍പ്പറഞ്ഞ ആളുകളെ പോലെ സ്വാര്‍ത്ഥ ചിന്താഗതികള്‍ കൊണ്ടുമല്ല എന്ന് മനസിലാക്കാന്‍ മലയാളിക്ക് എന്തോരം വിദ്യാഭ്യാസം വേണം ?

    പിന്നെ, നെഞ്ചില്‍ കൈ വച്ച് കൊണ്ട് നമുക്കാര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ ..ഇന്നത്തെ അക്രമ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ കേരളത്തില്‍ ജീവിക്കാന്‍ പേടിയില്ല എന്ന്..?

    ReplyDelete
  6. "ഇനി അവന്റെ കാര്യം പറഞ്ഞു നിന്റെ കാര്യം കൂടി പ്രശ്നത്തിലാക്കണ്ടാ..മനസ്സിലാകുന്നുണ്ടല്ലോ അല്ലെ മനസ്സിലായാല്‍ കൊള്ളാം .." :)

    ReplyDelete
  7. അല്പം വൈകിയാണെങ്കിലും ഇപ്പോഴാണ് കണ്ടത്... വളരെ നന്നായിരിക്കുന്നു.. അങ്ങേര്‍ക്കു അങ്ങനെ തന്നെ വേണം. :)

    ReplyDelete
  8. സഖാവ് ദുഫായിലല്ലേ. ബിനീഷ് കോടിയേരിയും ആ ഏരീയായില്‍ ഒക്കെത്തന്നെയുണ്ട്‌.

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .