Like

...........

Monday 9 January 2012

പ്രതിമയും രാജകുമാരിയും .


ഒട്ടുമിക്ക മലയാളികളെയും പോലെ തന്നെ ഇഷ്ടപ്പെട്ട ചലച്ചിത്രകാരനെന്നു ചോദിച്ചാല്‍ പി പദ്മരാജനെന്നു തന്നെയാണ് ഞാനും പറയുക , പ്രതിഭകള്‍ അകാലത്തില്‍ പൊലിഞ്ഞു പോകുന്നത് ഒരു പ്രതിഭാസമായിരിക്കണം . പദ്മരാജന്‍ മലയാള ചലച്ചിത്ര ലോകത്തു സൃഷ്ടിച്ച ഇടം പുന സ്ഥാപിക്കാന്‍ മറ്റൊരാള്‍ ഇനി കടന്നു വരില്ലെന്നറിയുമ്പോഴാണ് ആ വിടവ് നമുക്കു കൂടുതല്‍ ദൃശ്യമാകുന്നത് .പി പദ്മരാജനെന്ന സാഹിത്യകാരനായ സിനിമാക്കാരന്‍ 1991 ജനുവരി 21 നു നമ്മെ വിട്ടു പോയിട്ടു 21 വര്‍ഷങ്ങളാകുന്നു . പി പദ്മരാജന്റെ സിനിമകള്‍ ഇപ്പോഴും സാധാരണ പ്രേക്ഷകരെയും ബുദ്ധിജീവി പ്രേക്ഷകരെയും ഒരേ പോലെ ഭ്രമിപ്പിക്കുകയും തൃപ്തരാക്കുകയും ചെയ്യുന്നുണ്ട് . പക്ഷെ സാഹിത്യകാരനായ പദ്മരാജന്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നത് സിനിമ കീഴാള സാഹിത്യത്തിന്റെ പരിധിയില്‍ വരുന്നതു കൊണ്ടാകണം .

പദ്മരാജന്റെ നോവല്ലകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് പ്രതിമയും രാജകുമാരിയും . കുറെ വര്‍ഷങ്ങള്‍ക്കു മുമ്പു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ സമ്മാനമായി ലഭിച്ചത് ഈ പുസ്തകമായിരുന്നു , അതിനു മുമ്പെ വായിച്ചിരുന്നെങ്കില്‍ കൂടിയും ആ ചെറിയ നോവല്‍ എങ്ങനെ വായിക്കണമെന്നു എനിക്കു പറഞ്ഞു തന്നത് ആ നോവലിനൊപ്പം ചേര്‍ത്തു തന്ന ഒരു ചെറുകുറിപ്പിലൂടെയായിരുന്നു . ആ കുറിപ്പ് എഴുതിയതു ഇന്നു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് .അതായത് ഈ ചെറിയ ആസ്വാദനത്തിന്റെ ഉടമ ഞാനല്ല , ഇക്കാര്യത്തില്‍ ഞാനൊരു വള്ളി പുള്ളി വിടാതെ എഴുതിയ പകര്‍ത്തിയെഴുത്തുകാരന്‍ മാത്രമാണ് .പ്രതിമയും രാജകുമാരിയും
.

മായികമായ ഒരു രചനാ ഇതിവൃത്തമാണ് പ്രതിമയും രാജകുമാരിയും എന്ന കൃതിയെ മറ്റു പദ്മരാജന്‍ കൃതികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത് . സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാനാവാത്ത വിധം അമ്പരക്കുന്ന ദൃശ്യങ്ങള്‍ ധീരുലാലിന്റെ മായിക ലോകത്തു നിറയുന്നു . അറിഞ്ഞുകൊണ്ടു പ്രതിമയാകല്‍ ഒരാനന്ദമാണ് , മഞ്ഞു പോലെ സ്വയമുറയാനാകുക . കരളിലൊരു കടലിരമ്പുമ്പോഴും നിര്‍വികാരമായി ചക്രവാളത്തില്‍ മിഴിയര്‍പ്പിച്ച് നില്‍ക്കാനാവുക നിലാവുദിച്ചസ്തമിക്കും വരെ , പിന്നെ കിട്ടുന്ന സ്വാതന്ത്ര്യം വന്യമൃഗത്തെപ്പോലെ ഒരുത്സവമാക്കുക ! .

സമയമളന്ന് ജീവിക്കുന്നവരാണു നാമെല്ലാം അപകടകരമായ യാതൊന്നും ചെയ്യാതെ അനുഭവങ്ങളുടെ മൂര്‍ച്ചകളില്‍ നിന്നും തെന്നി മാറി നെറുകയില്‍ മുറിപ്പാടുകള്‍ വീഴ്ത്താനിഷ്ടമില്ലാതെ ഒരനുഷ്ടാനം പോലെ ജീവിതത്തെ മെരുക്കിയെടുക്കുന്നവര്‍ . സമയം ഗണിച്ച് ഉണര്‍ന്ന് ഒരുങ്ങി യാത്ര ചെയ്ത് കൃത്യസമയത്ത് ഇരിപ്പിടങ്ങളിലമര്‍ന്ന് സായാഹ്നസൌഹൃദങ്ങള്‍ക്കായി മൊബൈലിലും കീബോര്‍ഡിലും പരതി വര്‍ത്തമാനങ്ങളീല്‍ സ്വയം നഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ എല്ലാവരും പ്രതിമകള്‍ തന്നെയാണ് , ചലിക്കുന്ന പ്രതിമകള്‍ .യാന്ത്രീകമായി ജീവിക്കുന്നവര്‍ .

ധീരുലാലിന്‍റെ പ്രതിമയെപ്പോലെ നമ്മളും ചിലപ്പോ ഈ തമാശക്കോട്ടയ്ക്കപ്പുറത്തെ ദ്വീപിലെ സ്വര്‍ഗ്ഗത്തെ സ്വപ്നം കാണും . പ്രലോഭനത്തിന്‍റെ ആദിമസ്മൃതികളുണര്‍ത്തിക്കൊണ്ട് ആ സ്വര്‍ഗം സ്വപ്നം കണ്ട് കഴിയും രാത്രിയുടെ അനിശ്ചിതത്വതിലേക്ക് പ്രതിമയെ കയറഴിച്ചു വിടുന്ന ധീരുലാലിനെപ്പോലെ ചില നേരത്തു ജീവിതം നമ്മളെയും കയറഴിച്ചു വിടും ആ സ്വാതന്ത്ര്യത്തെ നമ്മളും ഉതസവമാക്കും. ഓരോ ധീരുലാലിനുമറിയാം സൂര്യനുദിക്കും മുന്നേ പ്രതിമ തിരിച്ചെത്തുമെന്ന് .അനുഷ്ടാനങ്ങള്‍ക്കു മാറ്റം വരുക നിയമ ലംഘനമാണല്ലോ , പ്രതിമയുടെ ചിരി , കരച്ചില്‍..ഇതൊക്കെ കാഴ്ചക്കാരന്‍റെ സ്വപ്നമാണ് ,വ്യാമോഹങ്ങളാണ് . പ്രതിമ ധീരുലാലിന്‍റെ മായക്കോട്ടയിലെ നിലയ്ക്കാത്ത വിസ്മയമാകുന്നത് അതു കൊണ്ടാണ് .പ്രതിമയിലും വികാരങ്ങളുണരുമോ ?

അങ്ങനെയിരിക്കുമ്പോ കിനാവിന്‍റെ ഏതെങ്കിലുമൊരു ചില്ലയില്‍ തളിരില വിരിയുന്നു ,ഏതു കഥയ്ക്കും വഴിത്തിരിവു വേണമല്ലോ പ്രതിമയ്ക്കും വേണം വഴിത്തിരിവ് .അതു രാജകുമാരി തന്നെയായിത്തീരുന്നു . ഉടല്‍ നിറയെ പുതുനാമ്പുകളുടെ കിരുകിരുപ്പ് ഒറ്റയ്ക് ഒരു പൂക്കാലം .പ്രതിമ വെറും പ്രതിമയല്ലെന്നു ആദ്യമായി കണ്ടെത്തുന്നതു രാജകുമാരിയാണ് . തുടക്കത്തില്‍ രാജകുമാരിയുടേത് വെറും കൌതുകം മാത്രമാണ് വിശിഷ്ടമായതെന്തും തന്‍റേതാവണമെന്ന കൌതുകം ശാഠ്യം. വിലപ്പെട്ടതായി കരുതുന്നത് വിലക്കപ്പെട്ടതു കൂടിയാകുമ്പോഴാണു ആ ശാഠ്യം മൂര്‍ച്ച പ്രാപിക്കുന്നത് പ്രതിമ ഒരച്ചുതണ്ടായും രാജകുമാരി അതിനെ ചുറ്റിക്കറങ്ങുന്ന് അഒരു ഗ്രഹമായും രൂപം പ്രാപിക്കുന്നു . ഈ ഭമണം തന്നെയല്ലേ പ്രണയം ?

പ്രണയം ഏതൊരു സ്ത്രീയേയും രാജകുമാരിയാക്കും, അതു തന്നെ അവളെ രാക്ഷസിയുമാക്കാം . പുരാണത്തില്‍ സത്യവതിയും ശൂര്‍പണഖയുമെല്ലാം ഈ ചിന്തകളില്‍ ഉദാഹരണമായി നമുക്കു മുന്നില്‍ തെളിയുന്നുണ്ട് .എന്തായാലും പ്രണയത്തിലാണു അവളേറ്റവും ധീരയാകുന്നത് .ധീരുലാലും അയാളുടെ മായികലോകവും ചേര്‍ന്നൊരുക്കുന്ന പ്രതിരോധങ്ങളെല്ലാം മറികടന്നു വേണം രാജകുമാരിക്ക് പ്രതിമയെ സ്വന്തമാക്കാന്‍ . അതിനേതു മത്സരവും അവള്‍ നേരിടാനൊരുക്കമാണ് പ്രതിമയുടെ ഇമയൊന്നനങ്ങിയാല്‍ അവളുടെ അംഗലാവണ്യത്തില്‍ അവന്‍റെ മനമിളകിയാല്‍ അതു മതി രാജകുമാരിക്കവന്‍ സ്വന്തമാകും എന്നിട്ടും മത്സരം മുറുകുമ്പോള്‍ രാജകുമാരിമാര്‍ പരാജയപ്പെടാറുണ്ട് . തിരകളടങ്ങിയ കടല്‍ പോലെ , കാര്‍കൊണ്ടു തീരെ മിണ്ടാത്തൊരു കൊണ്ടല്‍ പോലെ , കാറ്റിൽപ്പെടാ ദീപമെന്ന പോലെ പ്രതിമകള്‍ ചലനമറ്റു നിന്നു പോകാറുമുണ്ട് .വെളിച്ചതിന്‍റെ നിര്‍വികാരതയ്ക്ക് ചിലപ്പോള്‍ ഇരുട്ടിന്‍റെ ആര്‍ദ്രതയില്‍ കടമൊടുങ്ങേണ്ടി വന്നെക്കാം പറന്നു പാറാന്‍ കൊതിക്കുന്ന ആകാശം ആരെങ്കിലും ഒടിച്ചു മടക്കിയേക്കാം. കയ്യിലിരുന്ന കുന്തം ഒടിച്ചു മടക്കിയാണ് നോവലില്‍ പ്രതിമ തന്‍റെ വിഡ്ഡിവേഷത്തിന്‍റെ വിജയമാഘോഷിക്കുന്നത് .

സ്വന്തം ചുറ്റുപാടുകളൊട് കലഹിക്കുന്നവന്‍ ഒന്നുകില്‍ കലാപകാരിയാകും അല്ലെങ്കില്‍ കലാകാരനാകും . പ്രതികരിക്കുന്ന പ്രതിമയുടെ അന്ത്യം ധീരുലാലിന്‍റെ ശിക്ഷാ മുറികളിലാണ് അവസാനിക്കുന്നത് . രക്ഷയും ശിക്ഷയും സമാന്തരരേഖകളാകുമ്പോളസാമന്യനായ പ്രതിമ മറ്റുള്ളവരുടെ ചെങ്കോലും ചട്ടുകവുമായി മാറുന്നു . പ്രച്ഛന്നവേഷങ്ങളുടെ ലോകത്ത് പ്രണയം ഓരോരുത്തരുടേയും തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ കൂടിയാണ് . ജീവിതത്തിലാദ്യമായി സ്നേഹം ലഭിച്ചു തുടങ്ങുമ്പോല്‍ ഗോവിന്ദ് ആകെ തളിര്‍ക്കുനു പിടി കിട്ടാത്ത ആകാംക്ഷകള്‍ അവനെ അലട്ടുന്നു രാജകുമാരുടേ അസാന്നിധ്യവേളകള്‍ അവനു താങ്ങാനാവുന്നില്ല .ഒരു തെരുവുനായയെത്തിരഞ്ഞു പോകുമ്പോഴും അജ്ഞാതമായ ഒരാരാധന നമുക്കതിനോടുണ്ടാകുന്നു . അതിനു അന്വേഷിക്കപ്പെടുന്ന ഓരോന്നും നല്‍കുന്ന ദുരൂഹതകളുടെ ഭയം സന്ദേഹങ്ങളുടെ സൌന്ദര്യം , അപ്രാപ്യതയിലെ വശ്യത , നിഴല്‍ ലേശമില്ലാത്ത പ്രതിബിംബം,കൈ വെള്ളയിലെ മാണിക്യം എല്ലാം നിര്‍ഗുണമാകുന്നതെപ്പോഴാണ് ?

കൈയില്‍ കിട്ടുമ്പോള്‍ അതു കൊണ്ടു തന്നെയാണ് ദ്വീപിലെ സ്വര്‍ഗപ്രലോഭനത്തില്‍ പ്രതിമ തന്നെ വിട്ടു പോയേക്കുമോ എന്ന് രാജകുമാരി ഇടയ്ക്കു ഭയക്കുന്നതും . സ്വപ്നസാഫല്യങ്ങളില്‍ പ്രതിമ പ്രണയിനെയെ മറന്നാലോ?അതു കൊണ്ടല്ലേ ഇടയ്ക്ക് രാജകുമാരുയുടെ കണ്ണു നിറയുന്നതും. ദ്വീപിലെ സ്വര്‍ഗത്തെ പ്രതിമ തന്നേക്കാള്‍ സ്നെഹിക്കുന്നുണ്ടോ എന്നെ അസ്വസ്ഥത രാജകുമാരിയെ കണ്ണുകളെ ഈറനാക്കുന്നു. കാത്തിരിപ്പുകളെ അനിവാര്യമായ വേര്‍പാടുകളായി തൊട്ടറിയാത്ത ഓരോ പ്രണയിനിയും മുഖം പൂഴ്ത്തുന്നത് ഒരു ഒത്തുതീര്‍പ്പിലേക്കാണ് .

പ്രണയമൊഴിഞ്ഞ് ശരീരത്തില്‍ നെടുവീര്‍പ്പുകളെ ഹരിച്ച്.വേര്‍പാടില്‍ മാത്രം കാണാവുന്ന ഒരു സമഗ്രലാവണ്യമാണ് പദ്മരാജന്‍റെ പ്രതിമയെ മനോഹരമാക്കുന്നത് ഇതിന്‍റെ മൊഴിയടക്കത്തേയും രചനയിലെ തത്വശാസ്ത്രത്തേയും കുറിച്ച് പറഞ്ഞവര്‍ ധാരാളം എന്നാല്‍ അതിനുമപ്പുറം ഓരോ പ്രണയത്തിലും ഒരു പ്രതിമയും രാജകുമാരിയുമുണ്ടെന്ന സത്യം ഈ കൃതി വിളിച്ചോതുന്നുണ്ട് . അവരുടെ നെറുകയില്‍ തിരുമുറിവു പോലെ ആസന്നമായ വെളിപാടു പോലെ പ്രണയവേര്‍പാടിന്‍റെ ഒരു മുദ്രയുണ്ടാകുമെന്നും.

ഉപദംശം


പ്രതിമയും രാജകുമാരിയുംഎന്ന നോവലിന്റെ വായന ഞാനെഴുതുമായിരുന്നെങ്കില്‍ ഊഷരമായിപ്പോയേക്കുമായിരുന്നതു കൊണ്ടാണ് ഈ പകര്‍ത്തിയെഴുത്തിനു തുനിഞ്ഞത് . ഇതിനെ തുടര്‍ന്നു പദ്മരാ‍ജന്‍ സിനിമകളെക്കുറിച്ചും കഥകളെക്കുറിച്ചും എഴുതണമെന്നു കരുതുന്നു

13 comments:

 1. ഇതിനെ തുടര്‍ന്നു പദ്മരാ‍ജന്‍ സിനിമകളെക്കുറിച്ചും കഥകളെക്കുറിച്ചും എഴുതണമെന്നു കരുതുന്നു

  ReplyDelete
 2. ചിലപ്പോള്‍ ഒരു മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള ഒരു കോപ്പുള്ള നോവല്ലയാണ് അത്. അത് പോലെ തന്നെ ചൂണ്ട എന്നാ കഥ..ഒരു അഞ്ചു മിനുറ്റ് അനിമെഷനാക്കിയാല്‍ സായിപ്പന്മാര്‍ പോലും കഥയുടെ ആഴം കണ്ടു കണ്ണ് തള്ളിയെക്കും.

  പത്മരാജന്‍ അകാലത്തില്‍ പൊലിഞ്ഞത് ഒരു വേദനയാണ്. ആ സ്വരമാധുരിയില്‍ പാട്ട് നിര്‍ത്തിയത് കൊണ്ടാവാം നമ്മള്‍ അദ്ദേഹത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

  ReplyDelete
 3. പ്രിയപ്പെട്ട പുസ്തകങ്ങളില്‍ ഒന്ന് തന്നെയാണ് പ്രതിമയും രാജകുമാരിയും .ഇപ്പോള്‍ ഇത് വായിച്ചപ്പോള്‍ ഒരിക്കല്‍ കൂടി വായിക്കാന്‍ തോന്നുന്നു .നന്ദി

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. @ഷാരോണ്‍ - ആനിമേഷന്‍ ചിത്രത്തെക്കാളുപരി അതൊരു പരീക്ഷണാത്മകമായ ഫാന്റസി ഫിലിം ആകുന്നതാണ് കൂടുതല്‍ അനുയോജ്യം .പക്ഷെ എന്നിരുന്നാലും വിജയിച്ച കൃതികളുടെ ചലച്ചിത്ര ഭാഷ്യമെപ്പോഴുമൊരു വലിയ ബാധ്യതയാണ് , അത്രയും വലിയ റിസ്ക് എടുക്കാന്‍ മറ്റൊരു ചലച്ചിത്രകാരന്‍ എപ്പോഴും ഭയപ്പെടുന്നുണ്ട് . എം ടിയുടെ വാനപ്രസ്ഥം തീര്‍ത്ഥാടനമായപ്പോള്‍ അതിന്റെ പരിമിതി നമ്മള്‍ കണ്ടതാണ് .കൃതിയോട് അല്പമെങ്കിലും നീതി പുലര്‍ത്തി എന്നു വിശ്വസിക്കാവുന്ന ഒരു ചലച്ചിത്ര ഭാഷ്യം -എം മുകുന്ദന്റെ ദൈവത്തിന്റെ വികൃതികള്‍ ആണ് . ബാക്കിയെല്ലാം എഴുത്തുകാരന്‍ ചലച്ചിത്രകാരനാവുകയോ എഴുത്തുകാരനോട് മാനസികമായി യോജിക്കുന്ന ചലച്ചിത്രകാരന്മാരാവുകയോ ആണ് പതിവ് .ഉദാഹരണമായി എം ടി യുടെ ക്ലാസ്സ് ചിത്രങ്ങളിലെല്ലാം തന്നെ ആദ്യാവസാനം എം ടി യുടെ ഇടപെടലുകളുണ്ടാകും അല്ലെങ്കില്‍ എം ടിക്കു വിശ്വാസമുള്ള ഹരിഹരനാകും അതു ചെയ്യുക , അതു പോലെ തന്നെ പദ്മരാ‍ജന്‍ - ഭരതന്‍ കൂട്ടുകെട്ട് ഒക്കെ അതാണ് തെളിയിക്കുന്നത്

  ReplyDelete
 6. സാഹിത്യ കൃതികള്‍ക്കു ചലച്ചിത്ര ഭാഷ്യമൊരുക്കുമ്പോള്‍ അതിന്മേലുള്ള അമിത പ്രതീക്ഷ മൂലം കരിയര്‍ തന്നെ ഇല്ലാതെ പോയവരുണ്ട് .അജയന്‍ എന്നൊരു സംവിധായകനെ ഓര്‍മ്മയുണ്ടോ ? പെരുന്തച്ചനെന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രതിഭയുടെ മാറ്ററിയിച്ച , തോപ്പില്‍ ഭാസിയുടെ മകനായ അജയന്റെ രണ്ടാമത്തെ ഡ്രീം പ്രൊജക്റ്റ് എം ടി യുടെ മാണിക്യ കല്ലു ആയിരുന്നു . അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ അതിന്മേലുള്ള അമിത പ്രതീക്ഷയും ഭാരിച്ച ഉത്തരവാദിത്തവും മൂലം വല്ലാതെ തളര്‍ന്നു പോവുകയും മൂപ്പരുടെ കരിയര്‍ ആ ഒരു ഓട്ടപ്പാച്ചിലില്‍ അവസാനിക്കുകയും ചെയ്തു എന്നാണ് കേട്ടിട്ടുള്ളത് .കുറ്റം കഥയുടേതല്ല , എം ടി യുടേതുമല്ല അതിന്മേല്‍ കെട്ടിയുയര്‍ത്തുന്ന പ്രതീക്ഷയുടേതാണ് .

  ReplyDelete
 7. അരപ്പട്ടകെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമ കഴിഞ്ഞാഴ്ചയാണ്‌ കാണുന്നത്.
  സിനിമകണ്ട് ഞെട്ടിപ്പോയി. വേറൊന്നും പറയാന്‍ തൊന്നുന്നില്ല.
  പദ്മരാജനെക്കുറിച്ചെഴുതുമെന്ന് പറഞ്ഞത് പാലിക്കുമല്ലോ

  ReplyDelete
 8. അജയന്‍ പിന്നീട് തോപ്പില്‍ ഭാസിയുടെ "ഒളിവിലെ ഓര്‍മ്മകള്‍" സിനിമയാക്കാന്‍ പോകുന്നതായി കേട്ടിരുന്നു. അതും പാതിയില്‍ അവസാനിച്ചു.

  ഈയിടെ ഒരിടത്തൊരു ഫയല്‍വാന്‍ ഒന്നൂടെ കണ്ടു. എന്ത് നല്ല സ്ക്രിപ്ടാ. പക്ഷെ എന്തോ ആ പടത്തിലെ ചില കഥാപാത്രങ്ങള്‍ ചെയ്തവരുടെ അഭിനയം മഹാ ബോറാ. പ്രത്യേകിച്ച് നായിക.

  അത് പോലെ തന്നെയാണ് തകരയിലെ സുഭാഷിണി, തകരയായി അഭിനയിച്ച പ്രതാപ് പോത്തന്‍..ഇങ്ങനെ തീരെ കൊള്ളാത്ത കാസ്റ്റിംഗ് മൂലം ആ പടങ്ങള്‍ക്ക് ഇമ്പാക്റ്റ് കുറഞ്ഞു പോയില്ലേ എന്നാണു സംശയം.

  ReplyDelete
 9. മനോഹരമായ കുറിപ്പു. ആ പുസ്തകം ഇതു വരെ വായിക്കാഞ്ഞതില്‍ നിരാശ തോന്നുന്നു. ഇതെഴുതിയ ആള്‍ ഇനിയും എഴുതുമെന്നു പ്രത്യാശിക്കുന്നു. നന്ദി

  ReplyDelete
 10. പത്മരാജന്റെ പ്രതിമയും രാജകുമാരിയും ഉദകപ്പോള പോലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല... എങ്കിലും അതിന്റെ മായികമായ ഒരു കഥാപശ്ചാത്തലം കഥാപാത്രങ്ങള്‍ എല്ലാം ഒരു പുത്തന്‍ കാഴ്ച്ചകളായിരുന്നു.. ഫാന്റസിയുടെ ഒരു വിശാല തലം നോവലിലുണ്ട്..
  പ്രതിമയായി കമലഹാസനെയും രാജകുമാരിയായി ശ്രീദേവിയും സങ്കല്‍പ്പിച്ചാണ് ഞാനാ നോവല്‍ വായിച്ചു തീര്‍ത്തത്... :)
  നിശ്ചലതയില്‍ നിന്നും പ്രതിമയുടെ ചലനത്തിന്റെ ആഘോഷത്തിലേക്കും നോവല്‍ കടന്നു പോകുന്നുണ്ട്.. പ്രതിമയുടെ സ്വപ്നദീപിലെ ഭാഗങ്ങളും കടലിന്റെ അടിത്തട്ടിലെ പ്രണയരംഗങ്ങളും എല്ലാം വായനയില്‍ പ്രത്യേക അനുഭവമാണ് കിട്ടിയത്....

  ReplyDelete
 11. ഈ അടുത്ത് ഒരു മോഹന്‍ലാല്‍ ഇന്റെര്‍വ്യൂ കാണാന്‍ ഇടയായി അതില്‍ ‍ പറയുന്നതു കേട്ടു ഞാന്‍ ഗന്ധര്‍വനു ശേഷം പത്മരാജന് പ്രതിമയും രാജകുമാരിയും സിനിമ ആക്കണമെന്ന ആഗ്രഹത്തെ പറ്റി പക്ഷെ ..

  ReplyDelete
 12. ഒരിക്കല്‍ മമ്മൂട്ടിയോട് "ഒരിക്കല്‍ അഭിനയിച്ച ഏതെന്കിലും കഥാപാത്രം വീണ്ടും അഭിനയിക്കുവാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ അത് ഏതു കഥാപാത്രമാണ് ? " എന്നൊരാള്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് "അരപട്ട കെട്ടിയ ഗ്രാമത്തില്‍ എന്ന സിനിമയിലെ സക്കറിയ എന്നാ കഥാപാത്രത്തെ തന്നെയാണ് .

  ReplyDelete
 13. വായിച്ചിട്ടില്ല.

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .