മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഭാഷാ പരമായ ഔന്നത്യവും സമകാലിക വിഷയങ്ങളിലുള്ള വ്യക്തമായ അവലോകനങ്ങളുമായി സാമാന്യം നിലവാരം പുലര്‍ത്തുന്ന ഒരു പ്രസിദ്ധീകരണമാണ് മാധ്യമം ആഴ്ചപ്പതിപ്പ് . മതേതരത്വം - സാമ്രാജ്യത്വ വിരുദ്ധ - ദളിത് ആദിവാസി അനുകൂല - പരിസ്ഥിത പ്രണയം അങ്ങനെ ഒന്നിലധികം പ്രഖ്യാപിത നിലപാടുകള്‍ ഓരോ ലക്കത്തിലും ലേഖനമായും മുഖ പ്രസംഗമായും ഒക്കെ അവതരിപ്പിക്കുകയും മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകകളായി സ്വയം വിലയിരുത്തുകയും ചെയ്യുന്ന പ്രസിദ്ധീകരണം കൂടിയാണത് . കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നവസാമൂഹിക ഗ്രൂപ്പുകളുടെയും മുഖ പത്രം .നവ സാമൂഹിക ഗ്രൂപ്പെന്നാല്‍ അത്യാവശ്യം ജമാ അത്തെ ഇസ്ലാമികാര്‍, അതി തീവ്ര മുസ്ലീം ഇടതു പക്ഷക്കാര്‍ , പിന്നെ ദളിത് സ്നേഹികള്‍ ഇതാണ് നവ സാമൂഹിക ഗ്രൂപ്പ് . പി കെ പൊക്കര്‍ സായിബ് , കെ ഇ എന്‍ കുഞ്ഞയമ്മദ് സായിബ് , മുതലായ ഇര സംരക്ഷണക്കാരും ബി ആര്‍ പി ഭാസ്കര്‍ , സി ആര്‍ നീലകണ്ടന്‍ ഇത്യാദി അഞ്ചാം തൂണുകാരുമെല്ലാം പെടും . ഇതില്‍ കെ ഇ എന്‍ കുഞ്ഞയമ്മദ് സായിബാണ് ജമാ അത്തെ ഇസ്ലാമി സ്പോണ്‍സേഡ് “ സ്വത്വവാദം “ എന്ന പൊട്ടാതെ പോയ ഗുണ്ടിന്റെ ഉപജ്ഞാതാവ്
മാധ്യമം ദിനപത്രം മുസ്ലീങ്ങള്‍ പോലും വായിക്കാന്‍ മടിക്കുന്ന കാലത്തും മാധ്യമം ആഴ്ചപ്പതിപ്പ് അതിന്റെ ഭാഷാ നിലവാരം കൊണ്ടും ഉയര്‍ത്തുന്ന വിഷയങ്ങള്‍ കൊണ്ടും മുഖ്യധാരയില്‍ ശ്രദ്ധേയമായിരുന്നു .ജമാ അത്തെ ഇസ്ലാമിയുടെ പ്രഖ്യാപിത കാഴ്ചപ്പാടുകളില്‍ നിന്നു വ്യത്യസ്ഥമായി ആഴ്ചപ്പതിപ്പിനു നല്‍കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു .ഒരേ മാതാ പിതാക്കള്‍ക്കളില്‍ നിന്നുണ്ടായ മക്കള്‍ രണ്ടു തരത്തില്‍ പെരുമാറിയാലും അവരുടെ അടിസ്ഥാന സ്വഭാവം എപ്പോഴും ഒന്നു തന്നെയായിരിക്കുമെന്നത് ശാസ്ത്രീയ സത്യമാണ് . അതു കൊണ്ടു തന്നെ ജമാ അത്തെ ഇസ്ലാമി മാധ്യമത്തിലൂടെ പരത്തുന്ന ബൌദ്ധിക ജിഹാദിസം മനസ്സിലാകാത്തവര്‍ പ്രബോധനം വായിച്ചു പ്രബോധിതരാകുവാന്‍ ശ്രമിക്കുക , ആദ്യ രണ്ടു പേജു വായിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ക്കൊക്കെ ഏകദേശമൊരു തീര്‍പ്പു കിട്ടും തീര്‍ച്ച. ഇനി പ്രബോധനം വായിക്കാന്‍ മാത്രം ക്ഷമ നമ്മുടെ കയ്യിലില്ലെങ്കില്‍ ചുരുങ്ങിയത് മലര്‍ വാടി ബാല മാസികയെങ്കിലും വായിക്കുക , ബാല്യം മുതല്‍ ഒരു കുട്ടിയെ എങ്ങനെ പ്രബോധിപ്പിച്ചെടുക്കുന്നതെന്നു കാണാം .പക്ഷെ മാധ്യമം തുടക്കം മുതല്‍ അതിന്റെ പ്രഖ്യാപിത നിലപാടുകളെ ഗോപ്യമായി , ബുദ്ധിപരമായി അവതരിപ്പിക്കുന്നതില്‍ അസാധാരണമായ കയ്യടക്കം കാട്ടിയെന്നു സമ്മതിക്കേണ്ടി വരും അതിന്റെ തുടക്കക്കാലത്ത് അക്കാലത്തെ ഏറ്റവും ധിഷണാശാലിയായ പി കെ ബാലകൃഷ്ണനെയും പിന്നീട് പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷനെയും ഒക്കെ സ്ഥാനീയ എഡിറ്റര്‍ പദവി കൊടുത്തു കൊണ്ടാണ് മുഖ്യധാരയിലെ പ്രതിച്ഛായ സൃഷ്ടിച്ചെടുത്തത് .
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഒടുക്കത്തെ അത്താണിയാണ് ജമാ അത്തെ ഇസ്ലാമിയും അതിന്റെ പ്രസിദ്ധീകരണങ്ങളുമെന്നാണ് അവര്‍ തന്നെ പറയുന്നത് . ജമാ അത്തെ ഇസ്ലാമി കേരള യുടെ ഭരണ ഘടനയില്‍ [അവരുടെ വെബ് സൈറ്റില്‍ നല്ല പച്ച യൂണീക്കൊഡ് മലയാളത്തില്‍ അതെഴുതി വെച്ചിട്ടുണ്ട് ] തന്നെ പറയുന്നുണ്ട് ഇഖാമതുദ്ദീന്‍ ആണ് അവരുടെ ലക്ഷ്യം എന്നു , അതായത് ഇന്നു ലോകത്തു പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക ദീന്‍ ഇസ്ലാം ആണ് അനുസരിച്ചു ജീവിക്കുക അങ്ങനെ അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും കരസ്ഥമാക്കുക ഇതു മാത്രമാണ് ഇഹലോകത്തെ ജീവിതത്തിന്റെ ലക്ഷ്യം . അതൊക്കെ ശരി തന്നെയായിരിക്കും അല്ലെന്നു പറയാന്‍ മാത്രമുള്ള വിവരമൊന്നും എനിക്കില്ല. ഒരു സംഘടനയ്ക്കു അങ്ങനെ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള എല്ലാ അവകാശങ്ങളും ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ ഉണ്ട് .പക്ഷെ അങ്ങനെയൊരു സംഘടന ജനാധിപത്യക്കുറിച്ചു , നിയമത്തെക്കുറിച്ചൊക്കെ വല്ലാതെ ആകുലപ്പെടുന്നതു അല്പം കടന്ന കൈയ്യല്ലെ ?ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ കോടതികളില്‍ ജമാ അത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകര്‍ക്കു ജോലിക്കു പോകണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണമെന്നാണ് അറിവ് .സംഗതി ഇവ്വിധമുള്ള പൊരുത്തക്കേടുകളെക്കുറിച്ചൊക്കെ എം എന്‍ കാരശ്ശേരിയും ഹമീദ് ചേന്ദമംഗലൂരുമൊക്കെ പലയാവൃത്തി ലേഖനങ്ങളും പുസ്തകങ്ങളും വരെ എഴുതിയിട്ടുണ്ട് , പക്ഷെ അവരൊക്കെ നാഗ് പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തു നിന്നു നേരിട്ടു പണം പറ്റുന്ന സംഘ പരിവാര്‍ പിണിയാളുകളാണെന്നൊക്കെ മാധ്യമത്തിനു അറിയാം അതു കൊണ്ടു പ്രശ്നമില്ല .
അരക്ഷിതരായ കേരളാ മുസ്ലീങ്ങള്‍ .
ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായ പുരോഗമന ചിന്താഗതിയുള്ള , ഉല്പതിഷ്ണുക്കളായ ഒരു വലിയ വിഭാഗം കേരളത്തിലുണ്ട് , അതു കൊണ്ടു തന്നെ ശക്തമായ ഒരു മതേതര പാരമ്പര്യവും നമുക്കവകാശപ്പെടാം അതു ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീന ഫലമാണ് .ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ ആ ഒരു സ്ഥിതി വിശേഷത്തിനു വലിയ കേടുപാടുകളൊന്നും കൂടാതെ ഇന്നും നിലനില്‍ക്കുന്നുണ്ട് .പൊതുവില്‍ കേരളത്തില്‍ ഏതെങ്കിലും മത വിഭാഗത്തിനോട് എന്തെങ്കിലും അനീതിയോ അടിച്ചമര്‍ത്തലോ ഉണ്ടെന്നു പറയാനാകാത്ത സാഹചര്യമാണ് , എന്നു മാത്രമല്ല ശക്തമായ ഒരു ഇടത് പക്ഷ വിശ്വാസത്തില്‍ [സി പി എം മാത്രമല്ല ] കുറെക്കൂടി പുരോഗമനപരമായ രാഷ്ട്രീയ നിലവാരം അവകാശപ്പെടുക കൂടി ചെയ്യാം .ഇനി ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു മത വിഭാഗത്തിനു എന്തെങ്കിലും തരത്തില്‍ അത്തരമൊരു Bargaining or Negotiation സാധ്യമാകുന്നത് മുസ്ലീം മത വിഭാഗത്തിനു മാത്രമാണ് .ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്ലീം മത വിഭാഗത്തെ ടാര്‍ജെറ്റ് ചെയ്തു കൊണ്ടു കേരളാ സര്‍ക്കാര്‍ [മുസ്ലീം ലീഗ് മുള്ളിയാലും തുമ്മിയാലും ഓച്ചാനിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ ആണെന്ന് ഓര്‍ക്കണം] ഈ മെയില്‍ ചോര്‍ത്തല്‍ നടത്തിയിരിക്കുന്നത് .258 മുസ്ലീം നാമ ധാരികളുടെ E mail data & log in details ആണ് സര്‍ക്കാര്‍ ചോര്‍ത്തിയിരിക്കുന്നതായി മാധ്യമം പത്രം വാര്‍ത്ത കൊണ്ടു വന്നത് , അതുംമുസല്‍മാന്മാരുടെ മാത്രം . പ്രത്യക്ഷത്തില്‍ തന്നെ നമ്മളൊന്നു ഞെട്ടുന്നു , അല്പ സമയത്തിനു ശേഷം സമചിത്തത വീണ്ടെടുത്ത് വീണ്ടും വീണ്ടും ഞെട്ടുന്നു - ഹോ പടച്ചോനെ മാപ്പളാര്‍ക്കൊരു നാട്ടിലും രക്ഷയില്ലല്ലോ എന്നു ആത്മഗതം മുഴക്കുന്നു , ഇസ്ലാമിനെ ഭീകരവാദിയാക്കാനുള്ള ആഗോള കുത്സിത ശ്രമങ്ങള്‍ക്കു കേരളവും വേദിയായെന്നോര്‍ത്തു ധാര്‍മ്മിക രോഷം കൊള്ളുന്നു . എല്ലാ കലിപ്പും അടങ്ങിക്കഴിഞ്ഞു നോക്കുമ്പോള്‍ വാര്‍ത്ത ഒന്നു കൂടി വായിക്കുമ്പോഴാണ് ചില സംശയങ്ങള്‍ ഉയരുന്നത് .
കൈ വെട്ടു കേസില്‍ പോലീസ് വ്യാപകമായ തിരച്ചിl നടത്തിയിരുന്നു , ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ വീടുകളില്‍ റെയിഡ് നടത്തിയിരുന്നു , ഇതൊക്കെ സ്വാഭാവികമാണ് - ഒരു രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോഴും ഇതൊക്കെ തന്നെ നടക്കുന്നുണ്ട് . ഉടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാപക പ്രചരണം - മുസ്ലീങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് - പോലീസ് വേട്ടയാടുന്നു - പിന്നെ പോലീസ് എന്തു ചെയ്യണമായിരുന്നു - കൈ വെട്ടു കേസില്‍ സംശയം തോന്നുന്ന എല്ലാ അവന്മാരെയും പിടിച്ചു ഒരുമ്മയും കൊടുത്തു നന്ദി പറഞ്ഞു തിരിച്ചയക്കണമായിരുന്നോ ? പക്ഷെ ഈയൊരു മുസ്ലീം പീഡനം - മുസ്ലീം അരക്ഷിതാവസ്ഥ എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചരണം വ്യാപകമായതു കൊണ്ട് അന്നു സുഡാപ്പി ബാനറില്‍ മത്സരിച്ച കൈ വെട്ടു കേസിലെ പ്രതി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു - അപ്പോള്‍ ഈ അരക്ഷിതാവസ്ഥ പ്രചരണത്തിനും മുസ്ലീം മതമൌലിക ഏകീകരണത്തിനും വലിയ ശക്തിയുണ്ട് എന്നു നമുക്കു മനസ്സിലാക്കാം . അതു തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്ന ആശയം .
സമകാലിക സംഭവങ്ങളെ അല്പം കൂടി ശ്രദ്ധിച്ചു വിലയിരുത്തിയാല്‍ ഈ “അരക്ഷിതാവസ്ഥ - ഒറ്റപ്പെടല്‍ “ പ്രചരണത്തിന്റെ പരിണിത ഫലമാണ് എന്‍ ഡി എഫ് - സുഡാപ്പി -സിമി എന്നീ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ശക്തിപ്പെടുന്നതെന്നു കാണാം .മുസ്ലീം ഏകീകരണമല്ലാതെ ഈ പ്രസ്ഥാനങ്ങള്‍ക്കു മറ്റെന്തു അജണ്ടയാണുള്ളത് ? മുസ്ലീം ഏകീകരണത്തിനു , മുസ്ലീം ഉള്‍ വലിയലിനു ഏറ്റവും നല്ല വിഷയമാണ് ഈ അരക്ഷിതാവസ്ഥ
ഭൂരിഭാഗവും മുസ്ലീം മതസ്ഥരാകുമ്പോള്‍ മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വെച്ചാണെന്നു പറയുന്നതിലെന്തു തെറ്റ് എന്നു മാധ്യമം പത്രാധിപര്‍ തിരിച്ചു ചോദിച്ചു കഴിഞ്ഞു . പക്ഷെ ഒരാള്‍ ഇടപഴകുന്നതില്‍ ഭൂരിഭാഗവും മുസ്ലീം നാമധാരികളാവുമ്പോള്‍ പോലീസ് എന്തു ചെയ്യാനാണ് ?ഉദാഹരണമായി നടത്തറ ബോയ്സ് യു പി സ്കൂളില്‍ പഠിക്കുന്ന ടിന്റുമോന്റെ സുഹൃത്തുക്കള്‍ ആ സ്കൂളില്‍ തന്നെയാകുന്നത് സ്വാഭാവികമാണ് , അതു പോലെ തന്നെ ഇസ്ലാം വിശ്വാസങ്ങളോട് അമിത വിധേയത്വം പുലര്‍ത്തുന്ന ഒരാളുടെ മെയില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ 100 ഹിന്ദു , 75 ക്രിസ്ത്യന്‍ ,50 മുസ്ലീം എന്നിങ്ങനെ ജന സംഖ്യാനുപാതികമായി കാണാന്‍ സാധ്യതയില്ല അതിനു പോലീസെന്തു ചെയ്യും എന്റെ വിജു നായരെ ?
നമുക്കീ ഹിന്ദു - ക്രിസ്ത്യന്‍ - മുസ്ലീം ജനസംഖ്യാ കണക്കെടുപ്പു നിര്‍ത്തി കാര്യങ്ങളിലേക്കു വരാം - കേരളത്തില്‍ ഇസ്ലാം തീവ്രവാദം അല്ലെങ്കില്‍ മൌലിക വാദം ഇല്ല , അതൊക്കെ ഭരണകൂട ഭീകരതയാണ് എന്നു സ്ഥാപിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് പോപ്പുലര്‍ ഫ്രണ്ട് തൊടുപുഴയില്‍ കൈവെട്ടു പരാക്രമം നടത്തിയത് . വ്യക്തമായ ആസൂത്രണവും വിദേശ സഹായവും ഉണ്ടായിരുന്ന ഒരു സംഭവമായിരുന്നു അത് , ആ സംഭവം നടന്നു എന്നതിലുപരി അതിനെ ന്യായീകരിക്കുന്ന ഒരു നിലപാട് പല സ്ഥലത്തു നിന്നും ഉണ്ടായി .പ്രവാചകനെ നിന്ദിച്ചോ ഇല്ലയോ എന്നുള്ള ഹൈപ്പോതെറ്റിക്കല്‍ ചോദ്യത്തിനുമപ്പൂറത്തു വളരെ ആസൂത്രിതമായി അതിനൊരു പകരം വീട്ടല്‍ ഉണ്ടാകാന്‍ മാത്രമൊരു മത മൌലിക വാദത്തീന്റെ ദല്ലാളന്മാര്‍ കേരളത്തില്‍ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തെളിഞ്ഞതാണ് . അതിനും മുമ്പാണ് കേരളത്തിലെ മുസ്ലീം ചെറുപ്പക്കാര്‍ ജിഹാദില്‍ ആകൃഷ്ടരായി പാക്കിസ്ഥാനിലേക്കു കടക്കുന്നുവെന്നെല്ലാമുള്ള വലിയ വാര്‍ത്താ പ്രചരണങ്ങളുണ്ടായത് .അന്നു ഏറെ പഴി കേട്ടത് സര്‍ക്കാറിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളായിരുന്നു . ഇപ്പോള്‍ അത്തരത്തില്‍ സിമി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന ഒരാളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ നിരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ് ? അഹിതമായി എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പെ അതു തടയുന്നതല്ലെ ഉചിതം .
പത്രാധിപരെ നിങ്ങള്‍ക്കു അംനീഷ്യ ഉണ്ടോ ?
മാധ്യമം ഈ-മെയില്‍ സ്കൂപ്പിനെ അവതരിപ്പിക്കുന്നത് ഇത് വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാത്ത ജനാധിപത്യ വിരുദ്ധമെന്നും ലോകത്തു മുമ്പെങ്ങും നടക്കാത്ത നികൃഷ്ടവുമാണെന്നാണ് . 2010 ഡിസംബര്‍ ലക്കം “പത്രാധിപരെ താങ്കളും നഗ്നനാണ് “ എന്ന കവര്‍ സ്റ്റോറിയുമായി ഇറങ്ങിയ മാധ്യമം ആ ലക്കത്തില്‍ പ്രധാനമായും ഊന്നല്‍ കൊടുത്തതു ഒരേ ഒരു കാര്യത്തിനായിരുന്നു .നീരാ റാഡിയയുമായി ബന്ധപ്പെട്ട നിരവധി പേരുടെ ടെല ഫോണ്‍ ചോര്‍ത്തിയതും അങ്ങനെ പത്രാധിപരും രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളുമടങ്ങിയ അവിശുദ്ധ കൂട്ടു കെട്ട് സൃഷ്ടിച്ച ജീര്‍ണ്ണാവസ്ഥയെക്കുറിച്ചുമാണ് വാരിക ഒന്നിലേറെ ഫീച്ചറുകളുമായി ധാര്‍മ്മിക രോഷം കൊണ്ടത് . അന്നത്തെ സംഭവത്തില്‍ നീരാ റാഡിയയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ ഫോണ്‍ ചോര്‍ത്തപ്പെട്ട വ്യക്തികള്‍ - എന്‍ ഡി ടി വി എഡിറ്ററും പദ്മശ്രീ ജേതാവുമായ ബര്‍ഖാ ദത്ത , hindusthan times ന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാംഘ്വി ,അംബാനി , റിലയന്‍സിന്റെ ടോപ്പ് ഒഫിഷ്യത്സ് , രത്തന്‍ ടാറ്റ , അടല്‍ ബിഹാരി ബാജ്പേയിയുടെ മരു മകന്‍ രഞ്ചന്‍ ഭട്ടാചാര്യ തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേരുടെ ഫോണ്‍ ചോര്‍ത്തുകയും അതെല്ലാം തെളിവെടുപ്പിനായി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു . ആ ഒരു വാര്‍ത്തയെ ആണ് മാധ്യമം “പത്രാധിപരെ താങ്കളും നഗ്നനാണ് “ എന്ന സ്പെഷ്യല്‍ കവര്‍ സ്റ്റോറിയിലൂടെ ധാര്‍മ്മിക രോഷത്തില്‍ മുക്കിയെടുത്തത് .
ഈ മെയില്‍ വിവാദത്തില്‍ മാധ്യമം പറയുന്നു - വ്യക്തികളുടെ സ്വകാര്യതയില്‍ ഭരണ കൂടം ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണ് , കുറ്റവാളിയാണ് എന്നു തെളിവില്ലാത്തവരെ ഇത്തരത്തില്‍ നിരീക്ഷിക്കുന്നത് അധാര്‍മ്മികമാണ് , ഈ മെയില്‍ ലിസ്റ്റില്‍ പത്ര പ്രവര്‍ത്തകരുണ്ട് , പ്രൊഫഷണത്സ് ഉണ്ട് , ഉന്നതരുണ്ട് - ഇതൊക്കെ അധാര്‍മ്മികമാണ് - 2010 ഡിസംബര്‍ ലക്കത്തിലെ കവര്‍ സ്റ്റോറിയില്‍ ഇതൊന്നും എഴുതിക്കണ്ടില്ല ബര്‍ഖാ ദത്തോ , രത്തന്‍ ടാറ്റയോ , വീര്‍ സാംഘ്വിയോ മുമ്പു ക്രിമിനല്‍ കേസില്‍ പെട്ടിട്ടുള്ളവരല്ല എന്നു മാത്രമല്ല സമൂഹത്തിലെ ആദരണീയര്‍ കൂടിയായിരുന്നു ,അവരുടെ സ്വകാര്യതകളില്‍ ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമായിരുന്നില്ലെ ? അവര്‍ പ്രൊഫഷണത്സ് ആയിരുന്നു - അപ്പോള്‍ മാധ്യമത്തിന്റെ ജനാധിപത്യത്തോടുള്ള , സ്നേഹവും വ്യക്തിസ്വാതന്ത്ര്യത്തോടുള്ള അഭിനിവേശവും മുസ്ലീങ്ങളുടെ മെയില്‍ പരിശോധനക്കു വിധേയമാക്കുമ്പോള്‍ മാത്രമേ ഉണരുവെങ്കില്‍ അതിന്റെ പേര് ജനാധിപത്യമെന്നല്ല . 2010 ഡിസംബര്‍ കഴിഞ്ഞിട്ടു കാലം ഇശ്ശി ഒന്നും ആയിട്ടില്ലല്ലോ ഓ. അബ്ദു റഹിമാന്‍ സാഹിബേ അതൊക്കെ മറന്നു പോകാന്‍ ?
നിഷ്കളങ്കമായ മാധ്യമ പ്രവര്‍ത്തനം
ഈ മെയില്‍ വിഷയത്തില്‍ ഈ മെയില്‍ ചോര്‍ത്തിയോ പോലീസിന്റെ ഭാഗത്തു വീഴ്ച വന്നോ എന്നുള്ള കാര്യത്തില്‍ എനിക്കും അസന്ദിഗ്ദമായ ഒരു അഭിപ്രായം ഒന്നുമില്ല , പക്ഷെ ഈയൊരു സംഭവത്തെ മാധ്യമം Exploit ചെയ്ത വിധം സംശയാകുലമാണ് . ഈയൊരു വാര്‍ത്തയില്‍ എന്തു മത സ്പര്‍ദ്ധ ?ഞങ്ങള്‍ മറ്റു മതക്കാര്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നു മാധ്യമം പത്രാധിപര്‍ നിഷ്കളങ്കതയോടെ നമ്മോടു ചോദിക്കുന്നു - . മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മറ്റു മതത്തെക്കുറിച്ചു എന്തു പറയുന്നു എന്നല്ല തങ്ങളുടെ മതത്തെക്കുറിച്ചു , മതവിശ്വാസികളെക്കുറിച്ചു എന്തു പറയുന്നു /എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ വൈകാരിക പ്രതിബദ്ധത ഉണരുന്നത് . ഉദാഹരണമായി കൈ വെട്ടു കേസ് - അതു ഒരു ക്രിസ്ത്യാനി പറഞ്ഞതു കൊണ്ടല്ല വിഷയമാകുന്നത് മറിച്ചു തന്റെ വിശ്വാസത്തെ , തന്റെ നില നില്‍പ്പിനെ ബാധിക്കുന്നുവെന്ന ഒരറിവാണ് , വിശ്വാസിയായ മുഹമ്മദ് അസറുദ്ദീന്‍ നൈക്കി ഷൂവിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോഴും ഉണ്ടായല്ലൊ ഈ പ്രശ്നം പ്രവാചകന്റെ പേരുള്ള ഒരാള്‍ പാദരക്ഷയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പാടില്ല - അതായത് തന്റെ മൌലിക വിശ്വാസത്തെ പോറലേല്‍പ്പിക്കാനോ തങ്ങള്‍ അരക്ഷിതരാണെന്ന ധാരണ പരത്താനോ മറ്റൊരു മതത്തിന്റെ സ്വാധീനം ആവശ്യമില്ല .
എല്ലാ വര്‍ഗ്ഗീയ ധ്രുവീകരണവും ആരംഭിക്കുന്നത് - തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്ന ആശയം സ്ഥാപിച്ചെടുക്കുന്നതിലൂടെയാണ് .ഗോധ്ര കലാപത്തിന്റെ അടിസ്ഥാനം തന്നെ 56 കര്‍സേവകര്‍ ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു , തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെട്ടിരിക്കുന്നു [അതാരാണ് ചെയ്തതെന്നു എനിക്കുറപ്പൊന്നുമില്ല - ഒരു പക്ഷെ സംഘപരിവാര്‍ തന്നെ ചെയ്തതാവാം ]
തന്റെ മത വിശ്വാസം , താന്‍ വിശ്വസിക്കുന്ന മത വിഭാഗം അരക്ഷിതരാണ് , ഞങ്ങള്‍ ഒറ്റപ്പെടുന്നു , ഞങ്ങളെ ഒറ്റപ്പെടുത്തുന്നു , ഞങ്ങള്‍ സംഘടിക്കേണ്ടിയിരിക്കുന്നു - ഇതാണ് മാധ്യമത്തിന്റെ ഈ മെയില്‍ വിവാദം സൃഷ്ടിക്കുന്ന അജണ്ട , അതല്ലെന്നിപ്പോ ഓ അബ്ദു റഹിമാന്‍ ആണയിട്ടു പറഞ്ഞാലും വിശ്വസിക്കാന്‍ ഞാന്‍ ജമാ അത്തെ ഇസ്ലാമിക്കാരനല്ല . അങ്ങനെ തന്നെയാണ് ചര്‍ച്ചകളും പ്രചരണങ്ങളും നടക്കുന്നത് .
ഞങ്ങള്‍ ഒറ്റപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ഒറ്റപ്പെടുന്നത് ? ഞങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ടാര്‍ജെറ്റ് ചെയ്യപ്പെടുന്നത് ? എന്താ സംശയം മറ്റു മത വിഭാഗങ്ങളില്‍ നിന്നാണ് നമ്മള്‍ ഒറ്റപ്പെടുന്നത് , മറ്റു മത വിഭാഗങ്ങള്‍ക്കു വേണ്ടിയാണ് ഭരണ കൂടം നമ്മളെ ടാര്‍ജെറ്റ് ചെയ്യുയ്ന്നത് . അതു കൊണ്ട് നമ്മള്‍ അരക്ഷിതരാണ് , നമ്മള്‍ സംഘടിക്കേണ്ടിയിരിക്കുന്നു .
നോക്കൂ എത്ര ലളിതമായാണ് ഇസ്ലാമിക മൌലിക വാദം മാധ്യമം അതിന്റെ വായനക്കാരിലേക്കെത്തിക്കുന്നത് .എഴുതിയിരിക്കുന്നതേതോ ഒരു നായരും ഇനീപ്പോ എന്തു വേണം കൂടുതല്‍ വിശ്വാസ്യതയ്ക്ക് ?
മുസ്ലീം ലീഗിലെ ഔദ്യോഗിക നേതൃത്വം സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കുമ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി അന്വേഷണം ആവശ്യപ്പെടുന്നു . ഇ ടി മുഹമ്മദ് ബഷീര്‍ അങ്ങനെ ആവശ്യപ്പെട്ടില്ലെങ്കിലേ അല്‍ഭുതമുള്ളൂ , കാരണം അധ്യാപകന്റെ കൈ വെട്ടു കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നടപടിയെ ശ്ലാഘിച്ച മഹനീയ മതേതരത്വ വാസന അദ്ദേഹത്തിന്റെ ഉള്ളിലുണ്ട് .മാധ്യമത്തിന്റെ പ്രധാന എഴുത്താളനാണ് വിജു വി നായര്‍ , അദ്ദേഹത്തിന്റെ ധിഷണാശക്തിയും എഴുത്തിന്റെ ശൈലിയും ആദ്യമായി ശ്രദ്ധിക്കുന്നത് മുംബെയ് ഭീകരാക്രമണത്തോടനുബന്ധിച്ച് സന്ദീപ് ഉണ്ണികൃഷ്ണന്‍ രക്ത സാക്ഷിത്വം വരിച്ചു ആ സംഭവത്തെ അദ്ദേഹം വിവരിച്ച സര്‍ക്കാസ്റ്റിക് സ്റ്റയില് കണ്ടാണ് .“ വെറുതെ തിന്നിരുന്നു ഉണ്ട കൊള്ളാന്‍ പോയി “ എന്നോ മറ്റോ ആയിരുന്നു ആ വാചകം [ഓര്‍മ്മയില്‍ നിന്നാണ് പഴയ ലക്കമൊന്നും സൂക്ഷിച്ചു വച്ചിട്ടുമില്ല ] .അങ്ങനെയൊരാള്‍ എന്തെഴുതിയാലും ആ ഒരു ശൈലി വന്നു പോകുന്നതു സ്വാഭാവികമാണ് , വ്യക്തമായ അജണ്ടയുള്ള ഒരു പത്രമാകുമ്പോള്‍ പ്രത്യേകിച്ചും . പക്ഷെ നാട്ടാരെന്തിനാ ഇത്ര കണ്ട് ബേജാറാകണത് ? ലവ് ജിഹാദ് പോലെ തന്നെ ഈ വാര്‍ത്തയും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി വിവേചനം സൃഷ്ടിക്കാനുള്ള വ്യക്തമായ അജണ്ടയുള്ള ഒരു വാര്‍ത്താ നിര്‍മ്മിതിയാണ് അതിനെ പിന്‍ പറ്റി വലിയ ആശങ്കകള്‍ സമൂഹത്തില്‍ നില നിര്‍ത്തേണ്ട കാര്യമില്ല .
ഉപദംശം .
ഒരു സ്കൂപ്പ് വിവാദം .
കടുത്ത വയറു വേദന കൊണ്ട് കരയുന്ന മകനെയും കൊണ്ട് രാമചന്ദ്രന്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു ജബ്ബാര്‍ .
ഡോക്ടര്‍ : എപ്പോഴാ ജബ്ബാറേ വയറു വേദന തുടങ്ങീത് ?
ജബ്ബാര്‍ : അസര്‍ ബാങ്ക് കൊടുത്തെ പിന്നെ ആണ് ഡോക്ടറെ
ഡോക്ടര്‍ : എന്നാലിനി ആ സാധനം കൊടുക്കണ്ടാ
ജബ്ബാര്‍ : അയ്യോ ഡോക്ടറെ അത് മോയ്ല്യാര് കൊടുക്കനതാണല്ലോ
ഡോക്ടര്‍ : ആരായാലും അതിനി കൊടുക്കണ്ടാന്ന് പറഞ്ഞേക്ക് , വെറുതെ ഓരോന്ന് കുട്ടിക്ക് കൊടുത്തിട്ടാണ് ഈ വയറു വേദന മാറാത്തത് .
പിറെന്നത്തെ മാധ്യമം സ്കൂപ്പ് വാര്‍ത്ത - ഹിന്ദു ഫാസിസ്റ്റ് ആയ രാമചന്ദ്രന്‍ ഡോക്ടര്‍ അസര്‍ ബാങ്ക് കൊടുക്കണ്ടാ എന്ന് .
Like
...........
Friday, 20 January 2012
Saturday, 14 January 2012
അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍

പദ്മരാജന്റെ തന്നെ അതേ പേരിലുള്ള ഒരു ചെറുകഥയെ അനുകല്പനമാക്കി 1986 ല്‍ പുറത്തു വന്ന ചിത്രമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ .തന്റെ ഏറ്റവും മികച്ച ചിത്രമായി പദ്മരാജന്‍ തന്നെ വിലയിരുത്തിയ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ അദ്ദേഹത്തിനു വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ക്കനുസരിച്ചു പ്രേക്ഷക ശ്രദ്ധയോ ബോക്സ് ഓഫീസ് വിജയമോ നേടാന്‍ ആ ചലച്ചിത്രത്തിനു കഴിഞ്ഞില്ല . ഒരു വലിയ പൂങ്കുലയപ്പാടെ മുഴുവന്‍ തന്റെ കയ്യടക്കം കൊണ്ടു ഒളിപ്പിച്ചു വെക്കാനും ഒരു അനിശ്ചിതാവസ്ഥയുടെ ഇടവേളക്കു ശേഷം അപ്രതീക്ഷിതമായി വെളിപ്പെടുത്തി കാണികളെ വിസ്മയിപ്പിക്കാനുമുള്ള ആ കയ്യടക്കമാണ് ഒരു മാന്ത്രികന്റെ പ്രതിഭയെന്നു പറയാറുണ്ട് - അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ ആ കയ്യടക്കത്തിന്റെ മനോഹരമായ ചിത്രം നമുക്കു ലഭിക്കും .ഒരു പെണ്ണിന്റെയും അര്‍ദ്ധ നഗ്ന മേനിയില്ലാതെ , അശ്ലീലം ചുവക്കുന്ന ദ്വയാര്‍ത്ഥ വാചകങ്ങളില്ലാതെ ,കണ്ണുകളില്‍ കാമം നിറച്ച വിടന്മാരായ പുരുഷ കഥാപാത്രങ്ങളില്ലാതെ ഒരു വേശ്യാലയത്തിന്റെ കഥ പറയുവാന്‍ പദ്മരാജനേ കഴിയൂ .
നഗരവാസികളായ സക്കറിയ , ഹിലാല്‍ , ഗോപി എന്നിങ്ങനെ മൂന്നു സുഹൃത്തുക്കള്‍ ഒരു വിഷുത്തലേന്നു രാത്രി ബാറില്‍ സംഗമിക്കുന്നിടത്തു നിന്നാണ് കഥയുടെ ആരംഭം .സക്കറിയ ഒരു അരാജക വാദിയുടെ മട്ടും ഭാവവും സൂക്ഷിക്കുന്ന മദ്യത്തെ മാത്രം സ്നേഹിക്കുന്ന ഒരു rough & tough ടൈപ്പാണ് , ഗോപി കേസില്ലാ വക്കീലും അല്പം രസികത്തവുമൊക്കെയുള്ള കുടുംബസ്ഥനും ഹിലാല്‍ ഈ സൌഹൃദത്തിലെ ഇളമുറക്കാരനും പതിവ്രതനുമാണ് . ഈ മൂവര്‍ക്കൊപ്പം ചേരുന്ന ഇവരുടെ മറ്റൊരു സുഹൃത്തായ ജോസഫിന്റെ “ കുറച്ചു സുന്ദരിമാരെ കണി കൊണ്ടു ആസ്വദിച്ചു കൊണ്ടു വിഷുക്കണി ആഘോഷിച്ച് കളയാമെന്നുള്ള “ ഫാന്റസി നിറഞ്ഞ ക്ഷണം ഒരു ഗ്രാമീണ വേശ്യാലയത്തിലേക്കുള്ളതാണ് . ഒരു മാളുവമ്മയാണ് അതിന്റെ നടത്തിപ്പുകാരി , ഒരിക്കല്‍ സക്കറിയയും ജോസഫും ഈ മാളുവമ്മയുടെ സ്ഥലത്തേക്കു പോയിട്ടുമുണ്ട് .അങ്ങനെ ആ രാത്രി തന്നെ നാല്‍ വര്‍ സംഘം മാളുവമ്മയുടെ “കുട്ടികളെ “ കാണാനായി തിരിക്കുകയാണ് . ജോസഫിനു അവിടെ പോകുന്നതില്‍ സ്വകാര്യവും സ്വാര്‍ത്ഥവുമായ ഒരാഗ്രഹം കൂടിയുണ്ട് - മാളുവമ്മയുടെ അടുത്തു പുതിയ ഒരു പെണ്‍കുട്ടി വന്നിട്ടുണ്ട് - ഗൌരിക്കുട്ടി , അവളെ അയാള്‍ക്കു വേണം .അങ്ങനെ ആ യാത്ര ആരംഭിക്കുകയും ഇടയ്ക്കു വെച്ചു ജോസഫും സക്കറിയായും തമ്മിലുണ്ടായ പിണക്കത്തില്‍ തന്റെ ഔദാര്യത്തിലാണ് യാത്രയെന്നു ജോസഫ് പറയുന്നിടത്തു വെച്ചു ജോസഫിന്റെ സമ്പത്തിന്റെ ധാര്‍ഷ്ട്യത്തിനു തങ്ങളെ കിട്ടില്ലെന്നറിയിച്ചു കൊണ്ട് സക്കറിയയും ഹിലാലും ഗോപിയും ജോസഫില്ലാതെ തന്നെ മാളുവമ്മയുടെ വീട്ടിലേക്കു യാത്ര തിരിക്കുന്നു. അവിടെ നിന്നാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്നത് .
അരപ്പട്ട കെട്ടുന്ന “മാപ്പിളമാരെ “ പ്രകടമായി തന്നെ കാണിക്കുന്നതു കൊണ്ടു അരപ്പട്ട കെട്ടിയ ഗ്രാമം എന്ന പേരു ഒരു മുസ്ലീം ആധിപത്യ ഗ്രാമത്തെക്കുറിച്ചാണെന്നു ചില നിരീക്ഷണങ്ങളുണ്ടെങ്കിലും നായര്‍ പ്രമാണിയായ പണിക്കരുടെ അനുചരനായ നാരായണനും അരപ്പട്ട [ബെല്‍റ്റ് ] കെട്ടൂന്നതായി കാണുന്നുണ്ട് അതു കൊണ്ടൂ തന്നെ യുദ്ധസജ്ജരായ ഗ്രാമീണര്‍ എന്നതിന്റെ കാവ്യാത്മകമായ പ്രയോഗമാവാനേ സാധ്യതയുള്ളൂ . , ഈ ഗ്രാമത്തിന്റെ സംരക്ഷണവും ആധിപത്യവും മൂപ്പന്‍ എന്നു പേരുള്ള മുസ്ലീം പ്രമാണിയുടെ അനുചരര്‍ക്കാണ് . മാളുവമ്മയുടെ ഇടപാടുകള്‍ മൂപ്പന്റെ സമ്മതത്തിലും സംരക്ഷണത്തിലുമാണ് നടക്കുന്നത് , പുതുതായി എത്തുന്ന പെണ്‍ കുട്ടികളുടെ ആദ്യാവകാശം മൂപ്പനാണ് എന്നൊരു അലിഘിത നിയമം ഈയൊരു സംരക്ഷണ ഉടമ്പടിയിലുണ്ട് . ഒരുള്‍ നാടന്‍ ഗ്രാമത്തിലെ നഷ്ടപ്രതാപത്തിന്റെ സൂചനകള്‍ നിറഞ്ഞു നില്‍ക്കുന്ന ചാലക്കുടി വീട്ടില്‍ എന്ന നായര്‍ തറവാട്ടിലെ മാളുവമ്മ തന്റെ പ്രതാപം നില നിര്‍ത്താനും ഉപജീവനത്തിനുള്ള മാര്‍ഗ്ഗമായുമാണ് ഈയൊരു വേശ്യാലയം നടത്തുന്നത് അതു കൊണ്ട് തന്നെ മൂപ്പന്റെ സംരക്ഷണവും കാവലും മാളുവമ്മയ്ക്കു ആവശ്യമാണ് .ഗ്രാമത്തിലേക്കു മൂവര്‍ സംഘം പ്രവേശിക്കുമ്പോള്‍ തന്നെ അരപ്പട്ട കെട്ടിയ ഗ്രാമീണ മുസല്‍മാന്മാര്‍ ശ്രദ്ധയോടെ ഈ അപരിചിതരെ നിരീക്ഷിക്കാന്‍ തുടങ്ങുന്നു , അവരാണ് ആ ഗ്രാമത്തിന്റെ കാവല്‍ക്കാരും സദാചാര സംരക്ഷകരും.സദാചാര കാവല്‍ക്കാര്‍ ഏതു കാലത്തും ഏതു ദേശത്തും ഒരേ മാനസിക നില കാത്തു സൂക്ഷിക്കുന്നവരാണ് ,അവര്‍ക്കാവശ്യമുള്ളത് കിട്ടുന്നതു വരെ മാത്രമാണ് ഈ സദാചാരം സംരക്ഷിക്കപ്പെടുന്നത് . മാളുക്കുട്ടിയമ്മയുടെ വീട്ടിലെ സന്ദര്‍ശകരായി എത്തുന്ന മൂവര്‍ സംഘത്തെ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മൂപ്പന്റെ ആളുകളായ തദ്ദേശീയരുടെയും സദാചാര സംരക്ഷണത്തിന്റെ .മൂപ്പനാണെങ്കില്‍ ഗൌരിക്കുട്ടിയുടെ കാര്യത്തില്‍ മാളുക്കുട്ടിയമ്മയുമായി അല്പം രസക്കേടു നില നില്‍ക്കുന്നുണ്ട് , അതു കൊണ്ട് മാത്രമാണ് സന്ദര്‍ശകരെ തടസ്സപ്പെടുത്തുകയും തടഞ്ഞു വെക്കുകയും ചെയ്യുന്നത്. അവരുടെ നേതാവായ മൂപ്പന്റെ ഇച്ഛാനുസരണമാണ് അവിടെ ഓരോ കാര്യങ്ങളും നടക്കുന്നതെന്നു ഗ്രാമത്തില്‍ പ്രവേശിച്ചതിനു ശേഷം പതിയെ നഗരവാസികള്‍ക്കു ബോധ്യപ്പെടുന്നു .
പദ്മരാജന്റെ മുന്‍ ചിത്രങ്ങളായ കള്ളന്‍ പവിത്രനിലും ഒരിടത്തൊരു ഫയല്‍ വാനിലും നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണമായ ലാളിത്യവും ഗ്രാമ വാസികളുടെ വിശേഷങ്ങളും അന്യമായ തികച്ചും ഗൌരവതരമായ , വ്യത്യസ്തമായ ഒരു ഗ്രാമമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെ ചിത്രീകരിക്കപ്പെടുന്നത് . കണ്ടു പരിചയിച്ച പരമ്പരാഗതമായ സിനിമാ സങ്കല്പത്തില്‍ ഗ്രാമവിശുദ്ധിയില്‍ നിന്നു നഗരത്തിലെത്തുന്ന നിഷ്കളങ്കരായ ഗ്രാമീണതയെ നഗരത്തിന്റെ മുഷ്കും കുടിലതകളും ഭയപ്പെടുത്തുകയും ചതിയില്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത് നഗരം എപ്പോഴും ദുഷ്ടന്മാരും സ്വാര്‍ത്ഥരും മര്യാദയില്ലാത്തവരുമായ ഒരു പറ്റം ആളുകളുടെ സങ്കേതമാണ് ഗ്രാമം വിശുദ്ധിയും നിഷ്കളങ്കതയും നിറഞ്ഞതും . ഈ സങ്കല്പങ്ങളില്‍ നിന്നു വിഭിന്നമായി നന്മ നിറഞ്ഞതല്ലാത്ത ഒരു ഗ്രാമ പശ്ചാത്തലവും നിഷ്കളങ്കരായ നഗരവാസികളെയും ഒരുക്കുകയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെ . ചിട്ടവട്ടങ്ങളനുസരിച്ചു വ്യഭിചരിക്കാന്‍ ഗ്രാമത്തില്‍ നിന്നു നഗരത്തിലേക്കാണ് പോകേണ്ടത് , ഗ്രാമവും ഗ്രാമ വാസികളും അത്തരം കാര്യങ്ങളിലൊക്കെ വല്ലാത്ത യഥാസ്ഥിതികമാണ് എന്നു പല മുന്‍ കാല ചിത്രങ്ങളിലും പദ്മരാജന്റെ തന്നെ തൂവാനത്തുമ്പികളിലും അതിനു നമ്മള്‍ സാക്ഷികളായിട്ടുണ്ടല്ലൊ .
സൌഹൃദത്തിലെ ചില്ലറ രസക്കൂട്ടുകള്‍ക്കപ്പുറം കുടിലമായ ഒരു ചിന്തകളും നഗരവാസികളായ സക്കറിയ , ഗോപി , ഹിലാല്‍ എന്നീ ത്രിമൂര്‍ത്തികളിലില്ല .ബാറിലെ ക്യാബറേ നര്‍ത്തകിയോടു പോലും മാന്യതയോടെ , അവളുടെ ജോലിയെ മാനിച്ചു കൊണ്ടാണ് അവര്‍ പെരുമാറുന്നത് . നഗരവാസികളുടെ സ്റ്റീരിയോ ടൈപ്പ് പണത്തിനോടുള്ള ആര്‍ത്തിയോ സ്വാര്‍ത്ഥതയോ ഒരിക്കല്‍ പോലും കാണുന്നുമില്ല , പണക്കാരനായ ജോസഫിന്റെ ധാര്‍ഷ്ട്യത്തോടു പ്രതികരിക്കുന്ന സക്കറിയക്കൊപ്പമാണ് ബാക്കിയുള്ള രണ്ടു പേരും .അവര്‍ക്കിടയില്‍ ജാതിയോ മതമോ ഒരിക്കല്‍ പോലും കടന്നു വരുന്നില്ല .ഹിന്ദുക്കളുടെ പുണ്യദിനമായ “ വിഷുവിനാണ് വിര്‍ജിനിറ്റി ലോസിനു ഏറ്റവും ബെസ്റ്റ് “ എന്നു ഹിലാലിനോടു പറയുന്നത് ഹിന്ദുവായ ഗോപിയാണ് അതായത് അവരെ സംബന്ധിച്ചു ജാതി മത കേന്ദ്രീകൃതമായ ഒരു വിഭജനം അസാധ്യമാണ് . നഗരവാസികളായ സക്കറിയെയും ഹിലാലിനെയും ഗോപിയെയും യോജിപ്പിക്കുന്നത് കളങ്കമില്ലാത്ത ഈ ഗാഡ സൌഹൃദം മാത്രമാണ് , നിഷ്കളങ്കരും നന്മ നിറഞ്ഞവരുമായ നഗരവാസികള്‍ അവിടെ നിന്നു നിന്നു ഗ്രാമത്തിന്റെ ഭീതിതമായ ഒരു ജനപഥത്തിലേക്കെത്തി കുഴപ്പത്തിലകപ്പെടുന്ന നഗരവാസികളെയാണ് സക്കറിയ , ഗോപി , ഹിലാല്‍ എന്നീ ത്രിമൂര്‍ത്തികളിലൂടെ അവതരിപ്പിക്കുന്നത് .
പദ്മരാജന്റെ സിനിമകള്‍ പ്രാഥമികമായ വെറും കാഴ്ചകളെക്കാള്‍ ഉള്‍ക്കാഴ്ചയോടെ വിലയിരുത്തപ്പെടേണ്ടവയാണ് , അരപ്പട്ട കെട്ടിയ ഗ്രാമം വിവിധ മാനങ്ങളുള്ള ഒരു കാഴ്ചയാണ് .ഒരു ഗ്രാമത്തിലെ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ ഭരിതമായ അന്തരീക്ഷം , കണ്ടു മടുത്ത പരമ്പരാഗത ഗ്രാമ സങ്കല്പം അത്രയൊന്നും പവിത്രമല്ല ,മരുമക്കത്തായം നില നിന്നിരുന്ന കാലത്തെ നായര്‍ തറവാടുകളിലെ കുടുംബാധികാര ഘടനയില്‍ സ്ത്രീകള്‍ക്കനുകൂലമായ സാമ്പത്തിക ശക്തിയും സംബന്ധമെന്ന ആചാരവും തമ്മിലുള്ള പാരാസ്പര്യം ,കാമം , പ്രണയം പ്രതികാരം ഈ ത്രയങ്ങളുടെ സമ്മേളനം , ഉദാത്തമായ സൌഹൃദത്തിന്റെ ആവിഷ്കാരം അങ്ങനെ നിരവധി മാനങ്ങളില്‍ നിന്നു കൊണ്ടുള്ള ഒരു കാഴ്ച സാധ്യമാണ് പക്ഷെ സിനിമയുടെ ആദ്യാവസാനത്തിനു നിദാനമാകുന്നതും അതിന്റെ ഏറ്റവും പ്രധാനപ്പെട്ടതുമായ കാഴ്ച - പെണ്ണിന്റെ കന്യകാത്വം അപകടകരമാണ് എന്നതാണ് .
കന്യകാത്വം അപകടകരമായ പ്രലോഭനമാണ്
ഏതൊക്കെ വീക്ഷണകോണിലൂടെ നോക്കിയാലും ആത്യന്തികമായി ഗൌരിക്കുട്ടിയുടെ കന്യകാത്വമാണീ ചലച്ചിത്രത്തിന്റെ കേന്ദ്ര ബിന്ദുവും പ്രലോഭനവും, രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ , മൂവര്‍ സംഘത്തിന്റെ ഗ്രാമ പ്രവേശം , ഒരു കലാപം അതിന്റെ ദാരുണമായ അന്ത്യം എല്ലാം ഗൌരിക്കുട്ടിയുടെ കന്യകാത്വത്തിന്മേലുള്ള അഭിനിവേശത്തിന്മേലാണ് . ഒരു ഗ്രാമം അടക്കി ഭരിക്കുന്ന മൂപ്പനും പണിക്കരും തമ്മില്‍ ഗൌരിക്കുട്ടിക്കു വേണ്ടിയുള്ള ഒരു വാശിയുടെ പരിണാമമാണല്ലോ ആ ഗ്രാമത്തിലെ സാമുദായിക കലാപം പോലും .
ഗ്രീക്കു പുരാണമായ ഇലിയഡായാലും രാമായണമായാലും ഇതിഹാസങ്ങളുടെ ബഹുമുഖ ഭാവങ്ങള്‍ക്കപ്പുറത്തു ഏകകേന്ദ്രീകൃതമായ ഒരു അവസ്ഥ അതു ഒരു സ്ത്രീക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു .സ്പാര്‍ട്ടയിലെ സൌന്ദര്യധാമമായ ഹെലനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് പാരീസ് രാജകുമാരന്‍ യുദ്ധത്തിനു തയ്യാറാകുന്നത് .അതിങ്ങു രാമായണത്തിലേക്കു വരുമ്പോള്‍ സീതയുടെ പാതിവ്രത്യത്തിനു വേണ്ടിയായിത്തീരുന്നു . നമ്മുടെ സദാചാര സങ്കല്പത്തിലെ ഏറ്റവും ഉദാത്തമായ ഭാവനയാണ് കന്യകാത്വം അഥവാ ഭേദിക്കപ്പെടാത്ത കന്യാചര്‍മ്മം .പദ്മരാജന്റെ മറ്റു സിനിമകളിലും കന്യകാത്വം എന്ന സങ്കല്പം ഒരു കഥാപാത്രത്തോളം തന്നെ കഥയെ സ്വാധീനിച്ചിട്ടുണ്ട് . നമുക്കു പാര്‍ക്കാം മുന്തിരിത്തോപ്പുകളിലെ പ്രണയം പവിത്രമാകുന്നതും ഉല്‍കൃഷ്ടമാകുന്നതും സോഫിയ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നറിഞ്ഞിട്ടൂം അവളെ സ്വീകരിക്കുന്നിടത്താണ് . തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ ക്ലാരയെ വേശ്യാവൃത്തിയ്ക്കായി കൊണ്ടു വരുന്നതില്‍ കുറ്റബോധം കാണിക്കുന്നില്ലെങ്കിലും ആദ്യ സംഗമത്തിനു ശേഷം അവള്‍ കന്യകയായിരുന്നെന്നറിയുമ്പോള്‍ വല്ലാത്ത കുറ്റബോധവും അവളോടു പ്രണയവും തോന്നിത്തുടങ്ങുന്നു ,ക ജയകൃഷ്ണനെ തന്നില്‍ നിന്നു രക്ഷപ്പെട്ടൂ നല്ല ജീവിതത്തിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്നത് അയാളും ഒരു “വിര്‍ജിന്‍ “ ആയിരുന്നു എന്നു ബോധ്യപ്പെടുന്നിടത്തു നിന്നാണ് . പദ്മരാജന്റെ കാല്പനിക സങ്കല്പങ്ങളില്‍ സ്ത്രീ വിര്‍ജിനിറ്റി പോലെ തന്നെ പുരുഷ വിര്‍ജിനിറ്റിക്കും ഒരു സവിശേഷ സ്ഥാനമുണ്ട് എന്നു മറ്റു സിനിമകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും [മലയാളത്തില്‍ പുരുഷന്റെ വിര്‍ജിനിറ്റിക്കൊരു വാക്കില്ല , കന്യക മാത്രമേയുള്ളൂ ] തൂവാനത്തുമ്പികളിലെ ഋഷിയും ജയകൃഷ്ണനും അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ ഹിലാലും രതിനിര്‍വേദത്തിലെ പപ്പുവും ഈയൊരു പുരുഷ വിര്‍ജിനിറ്റി സങ്കല്പത്തിലെ കഥാപാത്രങ്ങളാണെന്നു കാണാം അതു കൊണ്ടു തന്നെ ഇതൊരു സ്ത്രീ വിരുദ്ധ നിലപാട് എന്നൊരു കാഴ്ച അധികപറ്റാണ് .
ഒരു സ്ത്രീയുടെ കന്യകാത്വമെന്ന പ്രലോഭനം പുരുഷനെ അലോസരപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നു ,പക്ഷെ ഗൌരിക്കുട്ടിയുടെ ഇച്ഛാശക്തിക്കു മുമ്പില്‍ അത് പുരുഷ മേധാവിത്തത്തീന്റെ എല്ലാ ധാര്‍ഷ്ട്യവും കടുത്ത ഇച്ഛാഭംഗത്തിലവസാനിച്ചു അതൊരു പ്രതികാരത്തിലേക്കെത്തിക്കുന്നു . ഗൌരിക്കുട്ടി അസാധാരണയായ ഒരു സൌന്ദര്യ ധാമമൊന്നുമായിട്ടല്ല സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് എന്നു തന്നെയല്ല ഗൌരിക്കുട്ടിയെക്കാള്‍ സുന്ദരിയും ലാവണ്യവതിയുമായ [ദേവകി] സ്ത്രീകളെയും ഉന്നത കുലജാതകളും വിദ്യാഭ്യാസമുള്ളവരുമായ പെണ്‍കുട്ടികളെ കൊണ്ടു വരാന്‍ മാളുവമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പവുമാണ് എന്നു ശ്രീദേവി വാരസ്യാരെ കാണിച്ചു കൊണ്ട് തെളിയിക്കുന്നുമുണ്ട് . എന്നിട്ടൂം അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സ്ത്രീ സംസര്‍ഗ്ഗത്തിനു ആഗ്രഹമുള്ള എല്ലാ പുരുഷ കഥാപാത്രങ്ങളെയും ഗൌരിക്കുട്ടിയാണ് ഭ്രമിപ്പിക്കുന്നുണ്ട് . സക്കറിയക്കു മദ്യത്തിലല്ലാതെ മറ്റൊരു കമ്പവുമില്ല , ഗോപിയാണെങ്കില്‍ “ചിലരെ മാത്രം ഇഷ്ടപ്പെടുന്ന ഒരാളാണ് “ .മൂപ്പന്റെ അനുചരനായ സുലൈമാനും പണിക്കരുടെ അനുചരനായ നാരായണനും ഇവിടെ വിധേയത്വത്തിന്റെ അതിരുകളില്‍ സ്ത്രീയെ ആഗ്രഹിക്കാന്‍ പാടില്ലാത്തതുമാണ് , മാളുവമ്മയുടെ ഭര്‍ത്താവ് ആത്മീയതയില്‍ മുഴുകിയ ഒരു നിസ്സംഗന്‍ , മകനായ ഭാസി കുടുംബ ജീവിതം മാത്രം കാംക്ഷിക്കുന്ന ഒരാളാണ് .ജോസഫ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലേക്കു വിഷുക്കണിയുടെ ഫാന്റസി പറയുമ്പോഴും അയാളുടെ ഉള്ളിലെ പ്രലോഭനം ഒരിക്കല്‍ പോലും കാണാത്ത , പുതുതായി വന്ന ആ ഗൌരിക്കുട്ടിയാണ് . അവള്‍ക്കു വേണ്ടി മാത്രം ആരും കലഹം വെക്കരുതെന്ന് മറ്റു സുഹൃത്തുക്കളെ താക്കീത് ചെയ്യുമ്പോള്‍ , അത്തരമൊരു ആവശ്യം മറ്റു മൂന്നു പേരെയും നീരസപ്പെടുത്തുന്നു .മാളുവമ്മയുടെ വീട്ടില്‍ വെച്ചു സുന്ദരിയായ ദേവകി [ഉണ്ണിമേരി ]മുന്നില്‍ നില്‍ക്കുമ്പോഴും ഹിലാല്‍ ചോദിക്കുന്നതു ഗൌരിക്കുട്ടിയെ ആണ് അവളോടു പ്രേമം തോന്നുമ്പോള്‍ പോലും ഹിലാല്‍ പറയുന്നത് പരിക്കു പറ്റാതെ ഇവിടെ നിന്നു പരിക്കു പറ്റാതെ രക്ഷിക്കാന്‍ പറ്റിയാല്‍ അവളെ വിവാഹം കഴിക്കാമെന്നാണ് , അതായത് പരിക്കു പറ്റാതെ എന്നു വെച്ചാല്‍ കന്യകാത്വം നഷ്ടപ്പെടാതെ കിട്ടിയാല്‍ എന്നര്‍ത്ഥം . ഗ്രാമത്തിലെ രണ്ടു ശക്തികളായ മൂപ്പനും പണിക്കര്‍ക്കും മറ്റേതു പെണ്‍കുട്ടിയെ വേണമെങ്കിലും നല്‍കാന്‍ മാളുവമ്മ സന്നദ്ധയാണെങ്കിലും ഗൌരിക്കുട്ടിയെ ആണ് അവര്‍ക്കു വേണ്ടത് .
പുതിയതായി എത്തുന്ന എല്ലാ പെണ്ണുങ്ങളും മൂപ്പന്‍ അനുഭവിച്ചതിനു ശേഷം മാത്രമെന്ന അലിഘിത നിയമത്തിലുണ്ടാകുന്ന വീഴ്ചയാണ് മൂപ്പനെ സംബന്ധിച്ചു അലോസരമുണ്ടാക്കുന്നത് .മൂപ്പനു വഴങ്ങാത്ത ഒരു “പുതിയ പെണ്ണ് “ മാളുവമ്മയുടെ അധീനതയില്‍ ഉണ്ടെന്നും അതിനു വേണ്ടി മൂപ്പന്‍ ബല പ്രയോഗത്തിനു വരെ തുനിയുന്നു എന്ന അറിവാണ് പണിക്കരെ ഗൌരിക്കുട്ടിയില്‍ തല്പരനാക്കുന്നത് .
താന്‍ മൂലം ഗ്രാമം രണ്ടു ചേരിയായി കലാപമുണ്ടാക്കാന്‍ പോകുന്നു എന്നറിയുമ്പോഴും ഗൌരിക്കുട്ടിക്കു ഭാവഭേദമൊന്നുമില്ല , “വെട്ടി മരിയ്ക്കട്ടെ “ എന്നാണവള്‍ പറയുന്നത് . അതു വരെ നിസ്സംഗനായിരിക്കുന്ന സക്കറിയ ഗൌരിക്കുട്ടിയുടെ “ആര്‍ക്കും വഴങ്ങില്ലെന്ന” ഇച്ഛാശക്തി കണ്ട് കൊണ്ടാണ് ഹിലാലിനു പിന്തുണ വാഗ്ദാനം ചെയ്യുന്നത് .ഗൌരിക്കുട്ടിക്കു വേണ്ടി ഗ്രാമത്തിലെ രണ്ടു പ്രബല വിഭാഗങ്ങള്‍ പരസ്പരം പോരടിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് , ഒരിക്കല്‍ കലഹിച്ചു പോയ ജോസഫ് മറ്റു ചില സുഹൃത്തുക്കളുമായി മാളുവമ്മയുടെ വീട്ടിലേക്കു വരുന്നത് .അതോടെ തയ്യാറെടുത്തു നില്‍ക്കുന്ന ഇരു ചേരികളും ഏറ്റു മുട്ടുന്നു .ആ ഒരു ഇടവേളയില്‍ മാളുവമ്മയുടെ മകനായ ഭാസിയെ കുത്തി പരിക്കേല്‍പ്പിച്ചു ശ്രദ്ധ തിരിച്ചു കൊണ്ടു സക്കറിയയും ഹിലാലും ഗോപിയും ഗൌരിക്കുട്ടിയെയും കൊണ്ടു രക്ഷപ്പെടുന്നു .ഹിലാലിനെയും ഗൌരിക്കുട്ടിയെയും സംരക്ഷിക്കാന്‍ വേണ്ടി സക്കറിയ പണിക്കരുടെ അനുചരന്‍ നാരായണനുമായി ഏറ്റുമുട്ടുലിനിടെ സക്കറിയ കുത്തേറ്റു മരിയ്ക്കുന്നു . തിരിച്ചു പോക്കിനിടയ്ക്കു ഗോപി വക്കീല്‍ സക്കറിയയെ വിളിച്ചു കൊണ്ട് മറുപടിയ്ക്കായി നിഷ്ഫലമായി കാത്തു നില്‍ക്കുന്നതോടെ സിനിമ അവസാനിക്കുന്നു .
അഹമ്മദ് റസീമിന്റെ “ ഒരു ഭൂപ്രദേശത്തിന്റെ സൌന്ദര്യം കുടികൊള്ളുന്നത് അതിന്റെ വിഷാദത്തിലാണ് “ എന്ന വാചകങ്ങള്‍ ആമുഖമായി എഴുതിയാണ് ഓര്‍ഹാന്‍ പാമുഖ് ഇസ്താംബൂള്‍ :ഒരു നഗരത്തിന്റെ ഓര്‍മ്മക്കുറിപ്പ് എന്ന കൃതി ആരംഭിക്കുന്നത് . പദ്മരാജന്‍ ആ വാക്കുകള്‍ പറയാതെ തന്നെ അരപ്പട്ട കെട്ടിയ ഗ്രാമത്തിന്റെ സൌന്ദര്യത്തിലേക്കു വിഷാദം നിറച്ചു വെച്ചു കൊണ്ടവസാനിപ്പിക്കുന്നു .
അനുബന്ധം .
അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ - ഏറ്റവുമധികം പരാമര്‍ശിക്കേണ്ടത് സുകുമാരിയുടെ മാളുവമ്മയെ തന്നെയാണ് .മാളുവമ്മയെ കേന്ദ്രമാക്കി ഒരു ആസ്വാദനമാണ് കുറെക്കൂടി നീതിപൂര്‍വ്വകമായിട്ടുള്ളത് . സുകുമാരിയ്ക്കു ഈ സിനിമയിലെ അഭിനയത്തിനു അക്കൊല്ലത്തെ സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു [എന്ത് കൊണ്ടാണ് മുഖ്യ നടിക്കുള്ള അവാര്‍ഡ് കിട്ടാതെ പോയത് ?]
പദ്മരാജന്‍ തന്റെ നായര്‍ മാടമ്പിത്തരം തന്റെ സിനിമകളില്‍ ആവേശിപ്പിച്ചിരുന്നു എന്നു പദ്മരാജന്റെ സിനിമകളെ അതിവായിക്കുന്നവര്‍ ഒരു പക്ഷെ മാളുവമ്മയെ കണ്ടു കാണില്ല .കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലെ ആദ്യപാദത്തിലുമെല്ലാം ചില നായര്‍ തറവാടുകളിലെങ്കിലും നില നിന്നിരുന്ന സംബന്ധവും അതുമായി ബന്ധപ്പെട്ട് കുടുംബാധികാര ഘടനയില്‍ സ്ത്രീകള്‍ക്കനുകൂലമായ സാമ്പത്തിക ശക്തിയും തമ്മിലുള്ള പാരാസ്പര്യം ഈ സിനിമയില്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് .മാളുക്കുട്ടിയമ്മ തന്റെ “കുട്ടികളെ “ വെച്ചു ചെയ്യുന്ന ഏര്‍പ്പാട് വലിയ പാതകമാണെന്നോ അപമാനമാണെന്നോ കരുതുന്നില്ല എന്നു മാത്രമല്ല പട്ടണത്തില്‍ നിന്നും കൂടുതല്‍ ആളുകള്‍ അവിടേക്കു വരുന്നതില്‍ അവര്‍ അഭിമാനിക്കുക കൂടി ചെയ്യുന്നു . അതു നമ്പൂതിരി സമുദായാംഗങ്ങള്‍ നായര്‍ തറവാടുകളില്‍ വന്നു സംബന്ധം ചെയ്യുന്നതിനെ അഭിമാനത്തോടെ കരുതിയിരുന്ന ഒരു കാലഘട്ടത്തിന്റെ ശേഷിപ്പാണ് .
കഥാപാത്ര രൂപീകരണത്തില്‍ തന്നെ ഈയൊരു കാര്യത്തെ സാധൂകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . മാളുക്കുട്ടിയമ്മയാണ് കുടുംബത്തിലെ അധികാര കേന്ദ്രം ഭര്‍ത്താവ് നിസ്സഹയാനും കുടുംബത്തിലെ ഒരു കാര്യത്തിലും ഇടപെടാത്ത ഒരാളും .മകനായ ഭാസി [ജഗതി ] തറവാട്ടു വീട്ടില്‍ താമസിക്കുന്നില്ല എന്നു തന്നെയല്ല , ഭാര്യവീട്ടിലാണ് താമസം .കൂടാതെ കുടുംബത്തിലെ കാര്യങ്ങളില്‍ യാതൊരു നിയന്ത്രണങ്ങളും ഭാസിക്കില്ല . ഭര്‍ത്താവ് എന്ന പുരുഷപ്രജയുടെ നിസ്സഹായതയും അത്തരമൊരു ദായക്രമത്തെ ഒന്നു കൂടി ഉറപ്പിക്കുന്നു .അതേ കാലത്തു തന്നെ നായര്‍ സമുദായത്തില്‍ നില നിന്നിരുന്ന സംബന്ധമെന്ന ഏര്‍പ്പാടിന്റെ പിന്തുടര്‍ച്ചയായിട്ടാണ് മാളുക്കുട്ടിയമ്മയും കുട്ട്യോളും കുറ്റബോധമില്ലാതെ തന്നെ അതിഥികളെ സ്വീകരിക്കുന്നതും അതു ഉപജീവനമായി കൊണ്ട് നടക്കുന്നതും .ഇത്രയും കാര്യങ്ങള്‍ യാതൊരു വ്യാഖ്യാനങ്ങളുമില്ലാതെ തന്നെ ആദ്യ കാഴ്ചയില്‍ പ്രകടമാണ് .എന്നിട്ടൂം സ്വസമുദായത്തെ കരി വാരിത്തേച്ചതായി ഒരു അപഖ്യാതിയില്‍ പദ്മരാജന്‍ പെട്ടില്ല എന്നത് പദ്മരാജനിലെ എഴുത്തുകാരന്റെ സത്യ സന്ധത കൊണ്ടാണ് . സമൂഹത്തില്‍ നില നില്‍ക്കുന്നതിന്റെ പരിച്ഛേദമാണ് യഥാര്‍ത്ഥ കല - അതു വ്യാഖ്യാനിക്കപ്പെടുന്ന രീതി കാല്പനികമാകാം യഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതാകാം അതു കലാകാരന്റെ സ്വാതന്ത്ര്യമാണ് .
ഉപദംശം .
മമ്മൂട്ടി ഈ സിനിമ റി മേക്ക് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതായി കേട്ടു .മമ്മൂട്ടിയുടെ ആഗ്രഹത്തില്‍ തെറ്റില്ല മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നല്ല കഥാപാത്രങ്ങളിലൊന്നായിരുന്നു സക്കറിയ - ഒരു പക്കാ റഫ് & ടഫ് .അതു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതില്‍ നിരാശയുണ്ടാകണം .പക്ഷെ മൂപ്പര് ഈയൊരു സംരംഭത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത് .ഒന്നാമതായി പഴയ ആ മുരടന്‍ സക്കറിയ ആകാന്‍ ഇപ്പോള്‍ മമ്മൂട്ടിയെ കൊണ്ടു സാധിക്കില്ല , പദ്മരാജന്റെ എഴുത്തിനെ സിനിമയാക്കാന്‍ മാത്രം കാലിബറുള്ള ഒരു സംവിധായകന്‍ ഇന്നില്ല . സുകുമാരിയമ്മയുടെ മാളുവമ്മയായി ഇനി ആര്‍ക്കും പറ്റില്ല . ഇതു സിനിമ നടക്കുന്നതിനു മുമ്പുള്ള കാര്യങ്ങള്‍ .എങ്ങാനും സിനിമ നടന്നാല്‍ തിയറ്ററിലെത്തില്ല - കാരണം അരപ്പട്ട കെട്ടിയ ഗ്രാമമെന്ന പേരിലെ മുസ്ലീം വിരുദ്ധത , സിനിമയിലെ നായര്‍ വിരുദ്ധത എന്നിവ കൊണ്ടു സിനിമ കല്പാന്ത കാലത്തോളം കോടതിയില്‍ കിടക്കാനുള്ള സാധ്യത കാണുന്നുണ്ട്. ശുഭം .
Monday, 9 January 2012
പ്രതിമയും രാജകുമാരിയും .

ഒട്ടുമിക്ക മലയാളികളെയും പോലെ തന്നെ ഇഷ്ടപ്പെട്ട ചലച്ചിത്രകാരനെന്നു ചോദിച്ചാല്‍ പി പദ്മരാജനെന്നു തന്നെയാണ് ഞാനും പറയുക , പ്രതിഭകള്‍ അകാലത്തില്‍ പൊലിഞ്ഞു പോകുന്നത് ഒരു പ്രതിഭാസമായിരിക്കണം . പദ്മരാജന്‍ മലയാള ചലച്ചിത്ര ലോകത്തു സൃഷ്ടിച്ച ഇടം പുന സ്ഥാപിക്കാന്‍ മറ്റൊരാള്‍ ഇനി കടന്നു വരില്ലെന്നറിയുമ്പോഴാണ് ആ വിടവ് നമുക്കു കൂടുതല്‍ ദൃശ്യമാകുന്നത് .പി പദ്മരാജനെന്ന സാഹിത്യകാരനായ സിനിമാക്കാരന്‍ 1991 ജനുവരി 21 നു നമ്മെ വിട്ടു പോയിട്ടു 21 വര്‍ഷങ്ങളാകുന്നു . പി പദ്മരാജന്റെ സിനിമകള്‍ ഇപ്പോഴും സാധാരണ പ്രേക്ഷകരെയും ബുദ്ധിജീവി പ്രേക്ഷകരെയും ഒരേ പോലെ ഭ്രമിപ്പിക്കുകയും തൃപ്തരാക്കുകയും ചെയ്യുന്നുണ്ട് . പക്ഷെ സാഹിത്യകാരനായ പദ്മരാജന്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നത് സിനിമ കീഴാള സാഹിത്യത്തിന്റെ പരിധിയില്‍ വരുന്നതു കൊണ്ടാകണം .
പദ്മരാജന്റെ നോവല്ലകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് പ്രതിമയും രാജകുമാരിയും . കുറെ വര്‍ഷങ്ങള്‍ക്കു മുമ്പു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ സമ്മാനമായി ലഭിച്ചത് ഈ പുസ്തകമായിരുന്നു , അതിനു മുമ്പെ വായിച്ചിരുന്നെങ്കില്‍ കൂടിയും ആ ചെറിയ നോവല്‍ എങ്ങനെ വായിക്കണമെന്നു എനിക്കു പറഞ്ഞു തന്നത് ആ നോവലിനൊപ്പം ചേര്‍ത്തു തന്ന ഒരു ചെറുകുറിപ്പിലൂടെയായിരുന്നു . ആ കുറിപ്പ് എഴുതിയതു ഇന്നു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് .അതായത് ഈ ചെറിയ ആസ്വാദനത്തിന്റെ ഉടമ ഞാനല്ല , ഇക്കാര്യത്തില്‍ ഞാനൊരു വള്ളി പുള്ളി വിടാതെ എഴുതിയ പകര്‍ത്തിയെഴുത്തുകാരന്‍ മാത്രമാണ് .
പ്രതിമയും രാജകുമാരിയും .
മായികമായ ഒരു രചനാ ഇതിവൃത്തമാണ് പ്രതിമയും രാജകുമാരിയും എന്ന കൃതിയെ മറ്റു പദ്മരാജന്‍ കൃതികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത് . സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാനാവാത്ത വിധം അമ്പരക്കുന്ന ദൃശ്യങ്ങള്‍ ധീരുലാലിന്റെ മായിക ലോകത്തു നിറയുന്നു . അറിഞ്ഞുകൊണ്ടു പ്രതിമയാകല്‍ ഒരാനന്ദമാണ് , മഞ്ഞു പോലെ സ്വയമുറയാനാകുക . കരളിലൊരു കടലിരമ്പുമ്പോഴും നിര്‍വികാരമായി ചക്രവാളത്തില്‍ മിഴിയര്‍പ്പിച്ച് നില്‍ക്കാനാവുക നിലാവുദിച്ചസ്തമിക്കും വരെ , പിന്നെ കിട്ടുന്ന സ്വാതന്ത്ര്യം വന്യമൃഗത്തെപ്പോലെ ഒരുത്സവമാക്കുക ! .
സമയമളന്ന് ജീവിക്കുന്നവരാണു നാമെല്ലാം അപകടകരമായ യാതൊന്നും ചെയ്യാതെ അനുഭവങ്ങളുടെ മൂര്‍ച്ചകളില്‍ നിന്നും തെന്നി മാറി നെറുകയില്‍ മുറിപ്പാടുകള്‍ വീഴ്ത്താനിഷ്ടമില്ലാതെ ഒരനുഷ്ടാനം പോലെ ജീവിതത്തെ മെരുക്കിയെടുക്കുന്നവര്‍ . സമയം ഗണിച്ച് ഉണര്‍ന്ന് ഒരുങ്ങി യാത്ര ചെയ്ത് കൃത്യസമയത്ത് ഇരിപ്പിടങ്ങളിലമര്‍ന്ന് സായാഹ്നസൌഹൃദങ്ങള്‍ക്കായി മൊബൈലിലും കീബോര്‍ഡിലും പരതി വര്‍ത്തമാനങ്ങളീല്‍ സ്വയം നഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ എല്ലാവരും പ്രതിമകള്‍ തന്നെയാണ് , ചലിക്കുന്ന പ്രതിമകള്‍ .യാന്ത്രീകമായി ജീവിക്കുന്നവര്‍ .
ധീരുലാലിന്‍റെ പ്രതിമയെപ്പോലെ നമ്മളും ചിലപ്പോ ഈ തമാശക്കോട്ടയ്ക്കപ്പുറത്തെ ദ്വീപിലെ സ്വര്‍ഗ്ഗത്തെ സ്വപ്നം കാണും . പ്രലോഭനത്തിന്‍റെ ആദിമസ്മൃതികളുണര്‍ത്തിക്കൊണ്ട് ആ സ്വര്‍ഗം സ്വപ്നം കണ്ട് കഴിയും രാത്രിയുടെ അനിശ്ചിതത്വതിലേക്ക് പ്രതിമയെ കയറഴിച്ചു വിടുന്ന ധീരുലാലിനെപ്പോലെ ചില നേരത്തു ജീവിതം നമ്മളെയും കയറഴിച്ചു വിടും ആ സ്വാതന്ത്ര്യത്തെ നമ്മളും ഉതസവമാക്കും. ഓരോ ധീരുലാലിനുമറിയാം സൂര്യനുദിക്കും മുന്നേ പ്രതിമ തിരിച്ചെത്തുമെന്ന് .അനുഷ്ടാനങ്ങള്‍ക്കു മാറ്റം വരുക നിയമ ലംഘനമാണല്ലോ , പ്രതിമയുടെ ചിരി , കരച്ചില്‍..ഇതൊക്കെ കാഴ്ചക്കാരന്‍റെ സ്വപ്നമാണ് ,വ്യാമോഹങ്ങളാണ് . പ്രതിമ ധീരുലാലിന്‍റെ മായക്കോട്ടയിലെ നിലയ്ക്കാത്ത വിസ്മയമാകുന്നത് അതു കൊണ്ടാണ് .പ്രതിമയിലും വികാരങ്ങളുണരുമോ ?
അങ്ങനെയിരിക്കുമ്പോ കിനാവിന്‍റെ ഏതെങ്കിലുമൊരു ചില്ലയില്‍ തളിരില വിരിയുന്നു ,ഏതു കഥയ്ക്കും വഴിത്തിരിവു വേണമല്ലോ പ്രതിമയ്ക്കും വേണം വഴിത്തിരിവ് .അതു രാജകുമാരി തന്നെയായിത്തീരുന്നു . ഉടല്‍ നിറയെ പുതുനാമ്പുകളുടെ കിരുകിരുപ്പ് ഒറ്റയ്ക് ഒരു പൂക്കാലം .പ്രതിമ വെറും പ്രതിമയല്ലെന്നു ആദ്യമായി കണ്ടെത്തുന്നതു രാജകുമാരിയാണ് . തുടക്കത്തില്‍ രാജകുമാരിയുടേത് വെറും കൌതുകം മാത്രമാണ് വിശിഷ്ടമായതെന്തും തന്‍റേതാവണമെന്ന കൌതുകം ശാഠ്യം. വിലപ്പെട്ടതായി കരുതുന്നത് വിലക്കപ്പെട്ടതു കൂടിയാകുമ്പോഴാണു ആ ശാഠ്യം മൂര്‍ച്ച പ്രാപിക്കുന്നത് പ്രതിമ ഒരച്ചുതണ്ടായും രാജകുമാരി അതിനെ ചുറ്റിക്കറങ്ങുന്ന് അഒരു ഗ്രഹമായും രൂപം പ്രാപിക്കുന്നു . ഈ ഭമണം തന്നെയല്ലേ പ്രണയം ?
പ്രണയം ഏതൊരു സ്ത്രീയേയും രാജകുമാരിയാക്കും, അതു തന്നെ അവളെ രാക്ഷസിയുമാക്കാം . പുരാണത്തില്‍ സത്യവതിയും ശൂര്‍പണഖയുമെല്ലാം ഈ ചിന്തകളില്‍ ഉദാഹരണമായി നമുക്കു മുന്നില്‍ തെളിയുന്നുണ്ട് .എന്തായാലും പ്രണയത്തിലാണു അവളേറ്റവും ധീരയാകുന്നത് .ധീരുലാലും അയാളുടെ മായികലോകവും ചേര്‍ന്നൊരുക്കുന്ന പ്രതിരോധങ്ങളെല്ലാം മറികടന്നു വേണം രാജകുമാരിക്ക് പ്രതിമയെ സ്വന്തമാക്കാന്‍ . അതിനേതു മത്സരവും അവള്‍ നേരിടാനൊരുക്കമാണ് പ്രതിമയുടെ ഇമയൊന്നനങ്ങിയാല്‍ അവളുടെ അംഗലാവണ്യത്തില്‍ അവന്‍റെ മനമിളകിയാല്‍ അതു മതി രാജകുമാരിക്കവന്‍ സ്വന്തമാകും എന്നിട്ടും മത്സരം മുറുകുമ്പോള്‍ രാജകുമാരിമാര്‍ പരാജയപ്പെടാറുണ്ട് . തിരകളടങ്ങിയ കടല്‍ പോലെ , കാര്‍കൊണ്ടു തീരെ മിണ്ടാത്തൊരു കൊണ്ടല്‍ പോലെ , കാറ്റിൽപ്പെടാ ദീപമെന്ന പോലെ പ്രതിമകള്‍ ചലനമറ്റു നിന്നു പോകാറുമുണ്ട് .വെളിച്ചതിന്‍റെ നിര്‍വികാരതയ്ക്ക് ചിലപ്പോള്‍ ഇരുട്ടിന്‍റെ ആര്‍ദ്രതയില്‍ കടമൊടുങ്ങേണ്ടി വന്നെക്കാം പറന്നു പാറാന്‍ കൊതിക്കുന്ന ആകാശം ആരെങ്കിലും ഒടിച്ചു മടക്കിയേക്കാം. കയ്യിലിരുന്ന കുന്തം ഒടിച്ചു മടക്കിയാണ് നോവലില്‍ പ്രതിമ തന്‍റെ വിഡ്ഡിവേഷത്തിന്‍റെ വിജയമാഘോഷിക്കുന്നത് .
സ്വന്തം ചുറ്റുപാടുകളൊട് കലഹിക്കുന്നവന്‍ ഒന്നുകില്‍ കലാപകാരിയാകും അല്ലെങ്കില്‍ കലാകാരനാകും . പ്രതികരിക്കുന്ന പ്രതിമയുടെ അന്ത്യം ധീരുലാലിന്‍റെ ശിക്ഷാ മുറികളിലാണ് അവസാനിക്കുന്നത് . രക്ഷയും ശിക്ഷയും സമാന്തരരേഖകളാകുമ്പോളസാമന്യനായ പ്രതിമ മറ്റുള്ളവരുടെ ചെങ്കോലും ചട്ടുകവുമായി മാറുന്നു . പ്രച്ഛന്നവേഷങ്ങളുടെ ലോകത്ത് പ്രണയം ഓരോരുത്തരുടേയും തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ കൂടിയാണ് . ജീവിതത്തിലാദ്യമായി സ്നേഹം ലഭിച്ചു തുടങ്ങുമ്പോല്‍ ഗോവിന്ദ് ആകെ തളിര്‍ക്കുനു പിടി കിട്ടാത്ത ആകാംക്ഷകള്‍ അവനെ അലട്ടുന്നു രാജകുമാരുടേ അസാന്നിധ്യവേളകള്‍ അവനു താങ്ങാനാവുന്നില്ല .ഒരു തെരുവുനായയെത്തിരഞ്ഞു പോകുമ്പോഴും അജ്ഞാതമായ ഒരാരാധന നമുക്കതിനോടുണ്ടാകുന്നു . അതിനു അന്വേഷിക്കപ്പെടുന്ന ഓരോന്നും നല്‍കുന്ന ദുരൂഹതകളുടെ ഭയം സന്ദേഹങ്ങളുടെ സൌന്ദര്യം , അപ്രാപ്യതയിലെ വശ്യത , നിഴല്‍ ലേശമില്ലാത്ത പ്രതിബിംബം,കൈ വെള്ളയിലെ മാണിക്യം എല്ലാം നിര്‍ഗുണമാകുന്നതെപ്പോഴാണ് ?
കൈയില്‍ കിട്ടുമ്പോള്‍ അതു കൊണ്ടു തന്നെയാണ് ദ്വീപിലെ സ്വര്‍ഗപ്രലോഭനത്തില്‍ പ്രതിമ തന്നെ വിട്ടു പോയേക്കുമോ എന്ന് രാജകുമാരി ഇടയ്ക്കു ഭയക്കുന്നതും . സ്വപ്നസാഫല്യങ്ങളില്‍ പ്രതിമ പ്രണയിനെയെ മറന്നാലോ?അതു കൊണ്ടല്ലേ ഇടയ്ക്ക് രാജകുമാരുയുടെ കണ്ണു നിറയുന്നതും. ദ്വീപിലെ സ്വര്‍ഗത്തെ പ്രതിമ തന്നേക്കാള്‍ സ്നെഹിക്കുന്നുണ്ടോ എന്നെ അസ്വസ്ഥത രാജകുമാരിയെ കണ്ണുകളെ ഈറനാക്കുന്നു. കാത്തിരിപ്പുകളെ അനിവാര്യമായ വേര്‍പാടുകളായി തൊട്ടറിയാത്ത ഓരോ പ്രണയിനിയും മുഖം പൂഴ്ത്തുന്നത് ഒരു ഒത്തുതീര്‍പ്പിലേക്കാണ് .
പ്രണയമൊഴിഞ്ഞ് ശരീരത്തില്‍ നെടുവീര്‍പ്പുകളെ ഹരിച്ച്.വേര്‍പാടില്‍ മാത്രം കാണാവുന്ന ഒരു സമഗ്രലാവണ്യമാണ് പദ്മരാജന്‍റെ പ്രതിമയെ മനോഹരമാക്കുന്നത് ഇതിന്‍റെ മൊഴിയടക്കത്തേയും രചനയിലെ തത്വശാസ്ത്രത്തേയും കുറിച്ച് പറഞ്ഞവര്‍ ധാരാളം എന്നാല്‍ അതിനുമപ്പുറം ഓരോ പ്രണയത്തിലും ഒരു പ്രതിമയും രാജകുമാരിയുമുണ്ടെന്ന സത്യം ഈ കൃതി വിളിച്ചോതുന്നുണ്ട് . അവരുടെ നെറുകയില്‍ തിരുമുറിവു പോലെ ആസന്നമായ വെളിപാടു പോലെ പ്രണയവേര്‍പാടിന്‍റെ ഒരു മുദ്രയുണ്ടാകുമെന്നും.
ഉപദംശം
പ്രതിമയും രാജകുമാരിയുംഎന്ന നോവലിന്റെ വായന ഞാനെഴുതുമായിരുന്നെങ്കില്‍ ഊഷരമായിപ്പോയേക്കുമായിരുന്നതു കൊണ്ടാണ് ഈ പകര്‍ത്തിയെഴുത്തിനു തുനിഞ്ഞത് . ഇതിനെ തുടര്‍ന്നു പദ്മരാജന്‍ സിനിമകളെക്കുറിച്ചും കഥകളെക്കുറിച്ചും എഴുതണമെന്നു കരുതുന്നു
Subscribe to:
Posts (Atom)