Like

...........

Saturday 12 November 2011

ഏഴാം അറിവ് : തമിഴ് നാട് ഒരു രാഷ്ട്രമാണ് .തമിഴന്റെ രാഷ്ട്രീയവും സിനിമയും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട് ,ലോകത്തെ മറ്റൊരു ജനതക്കുമില്ലാത്ത വിധം അതിശയിപ്പിക്കുന്ന ഒരു കൊറിലേഷന്‍ ഈ രണ്ടു ദ്വന്തവും തമ്മില്‍ തമിഴ് വംശം കൊണ്ടാടുന്നുണ്ട് . അതു കൊണ്ടാണ് ജയിച്ചാല്‍ എല്ലാ വീട്ടുകാര്‍ക്കും ഓരോ കളര്‍ ടെലിവിഷനെന്ന നമുക്കു ഫലിതമായിത്തീരുന്ന തിരഞ്ഞെടുപ്പു വാഗ്ദാ‍നം തിരഞ്ഞെടുപ്പു വിജയങ്ങളില്‍ ഏറ്റവും വലിയ ഘടകമാകുന്നത് . സിനിമയില്‍ തല കാണിക്കുന്ന ഓരോ പുതുമുഖ താരവും ഭരത് അവാര്‍ഡിനെക്കാള്‍ വലിയ സ്വപ്നമായി അടുത്ത തമിഴ് നാടു മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്നതും തങ്ങളുടെ ചിത്രങ്ങളിലെ നായക രൂപത്തെ ഏഴൈ മക്കളെ പരിപാലിക്കുന്ന സര്‍വ്വ ഗുണ സമ്പന്നനും ത്യാഗ നിധിയുമായി പരുവപ്പെടുത്തുന്നതും ഈ രാഷ്ട്രീയ - സിനിമാ ദ്വന്തങ്ങളുടെ സമന്വയത്തിന്റെ തെളിവാണ് . കടുത്ത പ്രാദേശിക വാദത്തിന്റെ പാരമ്യത്തിലുള്ള തമിഴ് മക്കള്‍ വാദം നില നിന്നിരുന്ന കാലത്തു അതായത് തമിഴ് ദേശീയതക്കു വേണ്ടി ആത്മഹത്യകള്‍ നടക്കുന്ന കാലത്താണ് മലയാളിയായ എം ജി രാമ ചന്ദ്രന്‍ [എം ജി ആര്‍ ]എന്ന സിനിമാ നടന്‍ തമിഴന്റെ ദൈവമാകുന്നതും അതിനും ശേഷം കര്‍ണ്ണാടകക്കാരിയായ ജയലളിത എന്ന സിനിമാ നടി പുരട്ച്ചി തലൈവി അല്ലെങ്കില്‍ അമ്മ ദൈവം ആകുന്നതും , സിനിമ ഒഴിച്ചു നിര്‍ത്തിയാല്‍ തമിഴനു രാഷ്ട്രീയവും ജീവിതവും പോലുമില്ല എന്നു പ്രഖ്യാപിക്കുന്ന അവസ്ഥകളായിരുന്നു അത് .

മിഷ്കിന്‍ , അമീര്‍ സുല്‍ത്താന്‍ , ബാല , സീമാന്‍ എന്നിങ്ങനെ നിരവധി മുഖ്യധാരാ സിനിമാ പ്രവര്‍ത്തകര്‍ ഇത്തരമൊരു തമിഴ് ദേശീയതയെ ശക്തമായ രീതിയില്‍ ചലച്ചിത്രരൂപത്തിലും അതിനു പുറത്തേക്കു പൊതുജനങ്ങളുടെ ഇടയിലേക്കും സംക്രമിപ്പിക്കുന്നതില്‍ വല്ലാതെ പ്രയത്നിക്കുന്നവരാണ് . തമിഴ് സ്ത്രീത്വത്തെ അപമാനിച്ചെന്നു പറഞ്ഞു ജയറാമെന്ന നടന്റെ വീടാക്രമിച്ചതും ചലച്ചിത്ര പ്രവര്‍ത്തകര്‍ തന്നെയായിരുന്നു . അത്രയൊന്നും പ്രാധാന്യമില്ലാത്ത നിര്‍ദോഷമായ ഒരു ഫലിതത്തിനു ജയറാമിനു വലിയ നഷ്ടങ്ങള്‍ സഹിക്കേണ്ടി വരുകയും നിരുപാധികം മാപ്പു പറയുകയും ചെയ്യുമ്പോള്‍ തന്നെയാണ് മലയാളി പെണ്ണുങ്ങളെ മുഴുവന്‍ ലക്ഷ്മിക്കുട്ടി , അമ്മുക്കുട്ടി എന്നീ ടിപ്പിക്കല്‍ പേരുകളില്‍ “ന്റെ ഗുരുവായൂരപ്പാ “എന്ന മലയാളി സ്ലാങ്ങിലുള്ള തമിഴ് വിളിയുമായി ഷക്കീലയുടെയോ മറ്റ് ഏതെങ്കിലും എക്സ്ട്രാ നടിമാരുടെയോ മാദക ശരീരങ്ങളില്‍ “ പെശകും “ വെടിയുമായി “ അവതരിപ്പിക്കുന്ന തമിഴ് സിനിമ കണ്ട് നമ്മള്‍ ചിരിച്ചു കയ്യടിക്കുന്നത് . നമ്മള്‍ മലയാളിക്കു സിനിമ എന്റര്‍ ടെയ്ന്മെന്റും തമിഴര്‍ക്കത് രാഷ്ട്രീയവും ജീവിതവും ആകുന്നത് കൊണ്ടാണ് ഇത്തരമൊരു വ്യത്യാസം .തമിഴ് സിനിമയിലെ വീരത്വം പ്രധാനമായും പ്രകടമാകുന്ന ഡയലൊഗിലെപ്പോഴും തമിഴ് പൈതൃകത്തിന്റെ ഉദ്ഘോഷണമാണ് , വെടിയുണ്ടയെ തടത്ത് നിര്‍ത്തുകയോ 100 ആയുധ ധാരികളെ അടിച്ചു വീഴ്ത്തുകയോ ചെയ്യുന്ന അമാനുഷിക പ്രവര്‍ത്തനത്തിനു ശേഷം നായകന്‍ ആക്രോശിക്കുന്നു - “ നാന്‍ തമിഴന്‍ ടാ , എന്‍ ഉടമ്പിലെ രത്തം തമിഴ് രത്തം ഡാ “ . ഇത്തരമൊരു വാചകം മലയാള സിനിമയില്‍ ഉണ്ടായാല്‍ അതു വലിയ ഫലിതമാവുകയും തമിഴില്‍ പഞ്ചാവുകയും ചെയ്യുന്നത് നേരത്തെ പറഞ്ഞ രാഷ്ട്രീയ - പൈതൃക തമിഴ് സ്വാധീനം കൊണ്ടാണ് .

എ. ആര്‍ മുരുഗ ദോസ്സിന്റെ [മുരുഗ ദാസ്സല്ല എന്നു കട്ടായം] ഏഴാം അറിവ് അല്ലെങ്കില്‍ Seventh sense [മനോജ് നൈറ്റ് ശ്യാമളന്‍ എന്ന മലയാളി Sixth sense എടുത്താല്‍ ഞങ്ങളതിലും വലുതെടുക്കും , എടുത്തിരിക്കും ആങ്ഹാ എന്നൊ മറ്റോ കരുതിയിരിക്കും ] എന്ന വന്‍ ബഡ്ജറ്റ് പടത്തിന്റെ നിര്‍മ്മിതിയും ഇത്തരമൊരു തമിഴ് പൈതൃകത്തിന്റെ മൂല്യവും അതു സമകാലിക രാഷ്ട്രീയത്തിലേക്കും തമിഴ് ജീവിതത്തിലേക്കും സംക്രമിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തുക എന്ന വംശീയ അജണ്ടയെ ഗുപ്തമാക്കി സൃഷ്ടിക്കപ്പെട്ടതാണ് . സിനിമയുടെ വെറും കാഴ്ചക്കപ്പുറം “ഏഴാം അറിവ് “ എന്ന സിനിമ മുന്നോട്ടു വെക്കുന്ന ഒരു രാഷ്ട്രീയമുണ്ട് അല്ലെങ്കില്‍ ഒരു ദേശീയതയുണ്ട് അത് കൃത്യമായ അജണ്ടയോടെ തീര്‍ത്തതാണ് .രണ്ട് വര്‍ഷത്തെ ഗവേഷണവും തയ്യാറെടുപ്പും ഈ സിനിമക്കുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത് ഇത്തരമൊരു അജണ്ടാരൂപീകരണത്തിനല്ലാതെ സിനിമയുടെ നിലവാരമുയര്‍ത്താനൊന്നുമാവില്ലെന്നു സിനിമ കണ്ടാലുറപ്പാണ് .സിനിമയില്‍ ചൈനയും തമിഴ് നാടും തമ്മില്‍ നേരിട്ടാണ് അങ്കം വെട്ട് . അതില്‍ ഇന്‍ഡ്യ എന്ന ഒരു രാജ്യം കടന്നു വരുന്നില്ല അതായത് തമിഴ് നാട് ഒരു രാജ്യമാണ് അത് കഴിഞ്ഞിട്ടെ ഇന്‍ഡ്യ വരുന്നുള്ളൂ , അല്ലെങ്കില്‍ തന്നെയും തമിഴര്‍ക്കു തമിഴ് ഇട്ടാ വട്ടത്തിനപ്പുറത്തേക്കുള്ള അന്താരാഷ്ട്ര - ദേശീയ കാര്യങ്ങളില്‍ വലിയ താല്പര്യമൊന്നുമില്ല .ഏഴാം അറിവു പോലെയുള്ള ഒരു വന്‍ ബഡ്ജറ്റ് സിനിമയിലൂടെ സംവിധായകനായ മുരുഗദോസ്സ് ലോകത്തുള്ള എല്ലാ തമിഴന്മാരോടും ആഹ്വാനം ചെയ്യുന്നത് തമിഴ് നാട് ഒരു രാഷ്ട്രമാണെന്നാണ് .

മുരുഗദോസ്സിന്റെ കഴിഞ്ഞ ചിത്രമായ ഗജിനി അഥവാ ഗസ്നിയും തമിഴല്ലാതെ മറ്റൊരു ദേശീയത തമിഴ് നാട്ടുകാര്‍ക്കന്യമാണെന്നു പ്രഖ്യാപിക്കുന്ന ഒന്നായിരുന്നു . തമിഴ് അക്ഷരമാലയുടെ പരിമിതികള്‍ കൊണ്ടാണ് മുഹമ്മദ് ഘസ്നി ഗജിനി ആയിത്തീരുന്നത് സീറോ ജീറോ ആകുന്നതു പോലെ തന്നെയുള്ള ഒരു സാദാ പരിണാമം . ഗജിനി എന്ന ചലച്ചിത്രത്തിന്റെ പ്രമേയം അതു മുഹമ്മദ് ഘസ്നി എന്ന ആക്രമണകാരിയായ അഫ്ഘാന്‍ മുസ്ലീം ചക്രവര്‍ത്തിയുടെ ഇച്ഛാശക്തിയെ ആസ്പദമാക്കിത്തന്നെയാണ് . 15 പ്രാവശ്യം ഭാരത ദേശം ആക്രമിക്കാന്‍ ശ്രമിച്ചു പതിനഞ്ചു പ്രാവശ്യവും പരാജയപ്പെട്ട അഫ്ഘാന്‍ ചക്രവര്‍ത്തിയാണ് ഘസ്നി , പരാജയങ്ങളില്‍ തളരാതെ ഇച്ഛാശക്തി കൊണ്ട് പതിനാറാം തവണ പട നയിച്ചു ഭാരത ദേശം പിടിച്ചടക്കി സോമനാഥ ക്ഷേത്രങ്ങളടക്കമുള്ള നിരവധി ഹിന്ദു ദേവാലയങ്ങള്‍ തകര്‍ത്തു കൊള്ളയടിക്കുകയും ഹിന്ദു കൂട്ടകൊല നടത്തുകയും ചെയ്ത ചക്രവര്‍ത്തിയാണ് മുഹമ്മദ് ഘസ്നി , പരാജയങ്ങളില്‍ തളരാതെ അവസാന ഘട്ടത്തില്‍ വിജയിക്കുന്ന ആ മുഹമ്മദ് ഘസ്നിയാണ് ഗജിനി എന്ന നായകന്റെയും സിനിമയുടെയും പ്രചോദനമാകുന്നതെന്നു സിനിമയുടെ ചിത്രീകരണ വേളയില്‍ സംവിധാ‍യകന്‍ പറഞ്ഞിരുന്നു . ഇന്‍ഡ്യന്‍ ദേശീയതയുടെ എക്കാലത്തെയും കടുത്ത വില്ലനായിരുന്ന ഒരാളെ നായക പ്രചൊദനമാക്കുന്നത് അത്തരമൊരു ഇന്‍ഡ്യന്‍ ദേശീയതയില്‍ തമിഴന്‍ അജ്ഞനാണ് അല്ലെങ്കില്‍ അവനത് പരിഗണിക്കുന്നില്ല എന്ന വസ്തുത കൊണ്ടാണ് .പക്ഷെ ഈ കഥ തന്നെ ഹിന്ദിയിലെത്തുമ്പോള്‍ എന്താണ് കാണുന്നത് ?ഘസ്നിയുടെ കഥയുടെ ലാഞ്ചന പോലുമില്ലാതെ മുഹമ്മദ് ഘസ്നി വെറും ഗജിനി ആകുന്നു , ഗജിനി എന്ന നായകപ്രതിരൂപം വില്ലന്റെ പേരായി തീരുന്നു , ഒരു ഹിന്ദി സിനിമയില്‍ ആദ്യമായി വില്ലന്റെ പേരു സിനിമയുടെ ടൈറ്റില്‍ തന്നെയാവുകയും ചെയ്യുന്ന അല്‍ഭുതം സംഭവിക്കുന്നത് തമിഴ് രാജ്യത്തു നിന്നും സിനിമ ഇന്‍ഡ്യാ മഹാരാജ്യത്തിലെത്തുന്നതു കൊണ്ടാണ് .


ഒരു കലാകാരന്‍ തന്റെതായ വൈദഗ്ദ്യങ്ങളുടെ പാരമ്യത്തിലെടുത്ത സൃഷ്ടികളില്‍ മാസ്റ്റര്‍ പീസ് എന്നു വിളിക്കാവുന്ന സംഗതി കഴിഞ്ഞാല്‍ പിന്നീട് അതിന്റെ ആവര്‍ത്തനം മാത്രമാകുന്നുവെങ്കില്‍ അതു ആ കലാകാരന്റെ പരാജയം എന്നു വിളിക്കേണ്ടി വരും അത്തരമൊരു വ്യാഖ്യാനത്തില്‍ ഏഴാം അറിവു ഒരു പരാജയമാണ് കാരണം ഏഴാം അറിവു പ്രമേയത്തിലും അവതരണത്തിലും മുരുഗദൊസ്സിന്റെ തന്നെ മെഗാഹിറ്റ് “ഗജിനി” യെ അനുസ്മരിപ്പിക്കുന്നതായിരുന്നു . ഒരല്പം ശാസ്ത്രം ആ ശാസ്ത്രത്തെ കോമഡിയാക്കുന്ന ഫിക്ഷന്‍ , മേമ്പൊടിക്കു ഒരു ഗവേഷണ പ്രബന്ധമോ വിക്കി പീഡിയയോ [വിക്കിപീഡിയയിലൊക്കെ നല്ല അമണ്ടന്‍ മണ്ടത്തരങ്ങള്‍ ഉണ്ടെന്നാണീ സിനിമാക്കാര്‍ ഒന്നു പഠിക്കുക ] ദ്വന്ത സമീപനമുള്ള നായകന്‍ അതു കൂടാതെ നായകന്റെ ശരീര പ്രദര്‍ശനം , വിദ്യാര്‍ത്ഥിനിയായ നായികയുടെ പഠനാര്‍ത്ഥംകണ്ടെത്തുന്ന നായകന്‍ പിന്നീട് നായകന്റെ ലക്ഷ്യത്തെ ഇടക്കിടക്കു ഓര്‍മ്മപ്പെടുത്താനും സഹായിക്കാനും മാത്രം ജീവിക്കുന്ന നായിക . നായികയെയും നായകനെയും കൊല്ലുക എന്ന ജീവിത വ്രതമായി നടക്കുന്ന അതിക്രൂരനും സാമൂഹ്യ വിപത്തുമായ അമാനുഷിക വില്ലന്‍ , ആ പ്രയാണത്തിനിടക്കു നായികയെയോ നായകനെയൊ കൊല്ലാതെ നായികയുടെ സുഹൃത്തുക്കളെ നിഷ്കരുണം കൊലപ്പെടുത്തുകയും ചെയ്യുന്നു , ക്ലൈമാക്സിലുള്ള നായക - പ്രതിനായക സംഘട്ടനം പോലും ഗജിനിയുടേതാണ് .ഗജിനിയുമായുള്ള സമാനതകള്‍ നോക്കുകയാണെങ്കില്‍ അതു മാത്രമായിരിക്കും ഏഴാം അറിവ് .


സിനിമയിലേക്കു വരാം .

സിനിമ ആരംഭിക്കുന്നത് അഞ്ചാം നൂറ്റാണ്ടിലെ തമിഴ് നാട്ടിലെ പല്ലവ രാജ വംശത്തിന്റെ കഥ കാണിച്ചു കൊണ്ടാണ് . പല്ലവ രാജാവിന്റെ പുത്രനും തന്ത്ര - മന്ത്ര - ആയോധന കലകളിലെല്ലാം നിപുണനുമായ ബോധി ധര്‍മ്മന്‍ [സൂര്യ ] തന്റെ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം ചീനയിലേക്കു പോകുന്നു . ചീനയില്‍ പൊട്ടിപ്പുറപ്പെട്ടു പല്ലവരാജ്യത്തേക്കു വ്യാപിക്കാന്‍ സാധ്യതയുള്ള വലിയ പകര്‍ച്ചവ്യാധി അവിടെ വെച്ചു തന്നെ സുഖപ്പെടുത്തുക എന്ന വലിയ ദൌത്യമാണ് ബോധി ധര്‍മ്മനുള്ളത് .ആദ്യം ബോധി ധര്‍മ്മനെ അന്യനായി കാണുന്ന ചീനക്കാര്‍ അപൂര്‍വ്വ ജനിതക രോഗം ബാധിച്ച ഒരു കുട്ടിയെ ചികിത്സിച്ചു ഭേദപ്പെടുത്തുന്നതോടെ ദിവ്യനായും ശത്രുക്കളില്‍ നിന്നു രക്ഷപ്പെടുത്തുന്നതോടെ രക്ഷകനായും കണക്കാക്കുന്നു .തന്റെ ദൌത്യത്തിനു ശേഷം പല്ലവരാജ്യത്തിലേക്കു തിരിച്ചു വരാന്‍ തുനിയുന്ന ബോധിധര്‍മ്മനെ ,ബോധിധര്‍മ്മന്റെ മൃതദേഹമെങ്കിലും ചൈനീസ് മണ്ണില്‍ കിടക്കണമെന്നാഗ്രഹിക്കുന്ന ചീനക്കാര്‍ വിഷം കൊടുത്തു കൊല്ലുന്നു , പിന്നീട് അവരുടെ ആത്മീയാചാര്യനായി സ്ഥാപിക്കുന്നു . ഇവിടെ കഥയുടെ ഒരു ഘട്ടം കഴിയുന്നു .

ജനറ്റിക് എഞ്ചിനീയറിങ്ങില്‍ ഗവേഷണം നടത്തുന്ന ശുഭ ശ്രീനിവാസന്‍ എന്ന പെണ്‍കുട്ടി അരവിന്ദന്‍ എന്ന സര്‍ക്കസ്സുകാരനില്‍ ബോധിധര്‍മ്മന്റെ ജനിതക ഗുണങ്ങള്‍ പഠനാവശ്യത്തിനായി കണ്ടെത്തുന്ന വര്‍ത്തമാന കാലത്തിലാണ് രണ്ടാം ഭാഗം ആരംഭിക്കുന്നത് , പാരമ്പര്യ തനിമയും തമിഴ് ശുദ്ധിവാദവുമെല്ലാം എല്ലാം അടങ്ങിയ കൃത്യമായ അജണ്ടകളുടെ ഏകോപനം സംഭവിക്കുന്നത് . ജനറ്റിക്ക് എഞ്ചിനീയറിങ്ങിനെ പറ്റിയുള്ള ഒരു ഇന്റര്‍ നാഷണല്‍ സെമിനാറില്‍ തമിഴില്‍ സംസാരിക്കണമെന്നാവശ്യപ്പെടുകയും അതു നിരാകരിക്കപ്പെടുമ്പോള്‍ തമിഴിന്റെ മഹത്വത്തെ പറ്റി വികാരഭരിതയായി നാലഞ്ചു വാചകങ്ങള്‍ പറഞ്ഞു ഇറങ്ങിപ്പോവുകയും ചെയ്യുന്നതോടെ സിനിമയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ആരംഭിക്കുകയായി . ജനറ്റിക് എഞ്ചിനീയറിങ്ങ് മുതല്‍ ബയോളജിക്കല്‍ വെപ്പണ്‍ വരെയുള്ള സംഗതികള്‍ ബോധി ധര്‍മ്മന്റെ ഗ്രന്ഥത്തില്‍ ഉണ്ടെന്നും തമിഴ് മക്കളെ അതെക്കുറിച്ചു ബോധവല്‍ക്കരിക്കേണ്ടതിനെക്കുറിച്ചും നിരവധി സന്ദര്‍ഭങ്ങളില്‍ പല കഥാപാത്രങ്ങളെക്കൊണ്ട് സംസാരിപ്പിക്കുന്നുണ്ട് . സിദ്ധവൈദ്യമുപയോഗിച്ചു ആധുനിക വൈദ്യ ശാസ്ത്രം പോലും പരാജയപ്പെട്ടിടത്തു നായികയുടെ അച്ഛന്‍ വിജയിക്കുകയും അതിന്റെ പേരില്‍ മൂന്നു വര്‍ഷം ജയില്‍ വാസമനുഭവിച്ച് വിഷണ്ണനായി മരിക്കുകയും ചെയ്യുന്ന നായികയുടെ അ ച്ഛന്റെ കദനകഥ കൂടി പശ്ചാത്തലത്തിലുണ്ട് .

ചൈനീസ് ഗവണ്മെന്റ് ബയോളജിക്കല്‍ വെപ്പണ്‍ ഉപയോഗിച്ച് തമിഴ് നാടിനെ തകര്‍ക്കാനും [ഇന്‍ഡ്യയെ അല്ല തമിഴ് നാടിനെ !!! ] ബോധിധര്‍മ്മനെ കുറിച്ച് ഗവേഷണം നടത്തുന്ന നായികയെ കശാപ്പു ചെയ്യാനും വേണ്ടി അതിമാനുഷികനായ ഒരു വില്ലന്‍ വരുന്നു ചൈനക്കാരന്‍ ഡോങ്ക് ലീ . ഹിപ്നോട്ടിസം ഉപയോഗിച്ചു പുള്ളിക്കു ആരെയും നിയന്ത്രിക്കാം [ഹിപ്നോട്ടിസം എന്നു വെച്ചാലെന്താണാവോ എന്തോ ] ലോകത്തു ഒരാളെ മാത്രെ അങ്ങനെ നിയന്ത്രിക്കാന്‍ സാധിക്കാത്തതായുള്ളൂ , അതാണ് നമ്മുടെ ബോധിവര്‍മ്മന്റെ പിന്മുറക്കാരനായ അരവിന്ദന്‍ ,

സിനിമയില്‍ കോമഡിക്കു വേണ്ടി ഉണ്ടപ്പ്ക്രുവിനെയും മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നുമല്ല യഥാര്‍ത്ഥ കോമഡിയായി പ്രേക്ഷകര്‍ക്കു തോന്നുന്നത് - ജനറ്റിക് എഞ്ചിനീയറിങ്ങ് വഴി ആയിരക്കണക്കിനു വര്‍ഷം മുന്നത്തെ ബോധിവര്‍മ്മന്റെ ജനിതകരൂപം സൃഷ്ടിക്കാനുള്ള സര്‍ജറിയാണ് . വലിയ ഗ്ലാസ്സ് ടാങ്കില്‍ ഇട്ടു പുഴുങ്ങിയെടുക്കലും , സര്‍ജറിക്കു വേണ്ട സാധനങ്ങള്‍ ഗ്രോസറിയില്‍ നിന്നും ലോക്കല്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങുകയും ഇടക്കിടെ മോണീട്ടറില്‍ ഡി എന്‍ എ യുടെ പിരിയന്‍ ഗോവണിയുടെ ചിത്രം മിന്നി മിന്നി കാണിക്കുകയും ചെയ്യുന്നതാണ് ജനറ്റിക്ക് സര്‍ജറി , അതിനു ശേഷം വെയില്‍ കൊള്ളിക്കാന്‍ പാടില്ല എന്നും പറയുന്നുണ്ട് , രണ്ട് വര്‍ഷത്തെ സിനിമാ തയ്യാറെടുപ്പുകളില്‍ ജനറ്റിക്ക് എഞ്ചിനീയറിങ്ങ് എന്താണെന്നൊന്നു പഠിക്കാന്‍ സംവിധായകന്‍ തുനിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയുള്ള കോമഡി സീന്‍സ് സിനിമയില്‍ നമുക്കു നഷ്ടപ്പെട്ടേനെ .

പരിസമാപ്തി .

സിനിമയുടെ രണ്ടു വര്‍ഷത്തോളം നീണ്ട് നിന്ന അണിയറ പ്രവര്‍ത്തനങ്ങളുടെ ആ കാലഘട്ടത്തില്‍ തന്നെയാണ് ശ്രീലങ്കയില്‍ തമിഴര്‍ക്കു നേരെയുള്ള വംശീയ ആക്രമണങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തുന്നതും ഇന്‍ഡ്യന്‍ ഗവണ്മെന്റ് അതിനു നേരെ നിസ്സംഗരായിരുന്നതും തമിഴ് ദേശീയത എന്ന വികാരം ആഗോള തലത്തില്‍ വീണ്ടും ശക്തി പ്രാപിച്ചതും അതു കൊണ്ടു തന്നെ തമിഴ് സിനിമയില്‍ മുമ്പെങ്ങും പരാമര്‍ശിക്കാത്ത ചൈന എന്തു കൊണ്ടാണ് പെട്ടെന്ന് തമിഴരുടെ അന്താരാഷ്ട്ര ശത്രുവായി ഉയര്‍ന്നു വന്നതു എന്ന ചോദ്യത്തിനുത്തരം ലഭിക്കുന്നത് ശ്രീലങ്കയില്‍ നിന്നാണ് . തമിഴ് പുലികളുമായുള്ള പോരാട്ടത്തിന് ശ്രീലങ്കന്‍ ഗവണ്മെന്റിന് ആയുധവും പണവും തന്ത്രങ്ങളും നല്‍കുന്നത് ചൈനീസ് ഗവണ്മെന്റാണ് . എല്‍ ടി ടി യുമായുള്ള പോരാട്ടത്തില്‍ ശ്രീലങ്കന്‍ ഗവണ്മെന്റിന് അവിചാരിതമായ രീതിയില്‍ വിജയം കൈവരിക്കാനായതും ചൈനയുടെ വലിയ തോതിലുള്ള സാമ്പത്തിക സൈനിക സഹായങ്ങള്‍ കൊണ്ടാണ് , അതിന്‍ പ്രത്യുപകാരമായി ശ്രീലങ്കയില്‍ ചൈനയുടെ വലിയൊരു സൈനിക താവളവും ഉണ്ട് . അപ്പോള്‍ തമിഴ് ദേശീയതക്കൊരു അന്താരാഷ്ട ശത്രു ഉണ്ടാകുമെങ്കില്‍ അതു ചൈനയല്ലാതെ മറ്റാരാകാനാണ് സാധ്യത ? സിനിമയുടെ സ്വാധീനത്തില്‍ ഒരു ചെറിയ പ്രവചനത്തിനു സാധ്യത ഉണ്ട് - ഇപ്പോള്‍ തകര്‍ന്നു തരിപ്പിണമായിക്കിടക്കുന്ന എല്‍ ടി ടി ഇ എന്ന തമിഴ് പുലികള്‍ ഇനിയൊരു അങ്കത്തിനു സജ്ജരായാല്‍ അവരുടെ ആദ്യ ലക്ഷ്യം ശ്രീലങ്കയാവില്ല മറിച്ച് ചൈനയായിരിക്കും .

സിനിമയിലെ രാഷ്ട്രീയവും ദേശീയതയും പോസിറ്റീവായോ നെഗറ്റീവായോ പരിഗണിക്കപ്പെടേണ്ടത് എന്ന പ്രേക്ഷകന്‍ ധര്‍മ്മ സങ്കടത്തിലാകും വിധത്തില്‍ സങ്കീര്‍ണ്ണത നിറഞ്ഞ ആശയങ്ങളാണ് സിനിമ മുന്നോട്ടു വെക്കുന്നത് ശ്രീലങ്കന്‍ തമിഴരുടെ കഷ്ടപ്പാടുകള്‍ പരാമര്‍ശിക്കുന്നതോടൊപ്പം തന്നെ , തമിഴ് ദേശീയത എന്ന സങ്കല്പം തമിഴനായിരുന്നാല്‍ മാത്രം പോരാ മത പരിവര്‍ത്തനമില്ലാത്ത നല്ല “തങ്ക തമിഴന്‍ “ കൂടിയായിരിക്കണം എന്നൊരു സന്ദേശം കൂടി ഈ സിനിമ മുന്നോട്ടു വെക്കുന്നുണ്ട് . ശ്രീലങ്കയില്‍ തമിഴ് ഈഴം പോരാട്ടങ്ങളില്‍ മുസ്ലീം തമിഴരെ ഒഴിച്ചു നിര്‍ത്തുന്നതും ശ്രീലങ്കയില്‍ തന്നെ തമിഴ് മുസ്കീങ്ങളെ ആക്രമിക്കുന്നതും ഇതേ ശുദ്ധ തമിഴ് വാദത്തിന്റെ അടിസ്ഥാനത്തിലാണ് , ശ്രീലങ്കന്‍ മുസ്ലീം തമിഴരെ മറ്റു തമിഴര്‍ ഒഴിച്ചു നിര്‍ത്തുന്നതിനെക്കുറിച്ചു തമിഴര്‍ക്കിടയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് അതു കൊണ്ട് തന്നെ തമിഴ് ദേശീയ വാദമുയര്‍ത്തുന്നവര്‍ക്കു അതിനു കൃത്യമായ ഒരു മറുപടി നല്‍കേണ്ടതുണ്ടായിരുന്നു അവിടെയാണ് മത പരിവര്‍ത്തനം ചെയ്യപ്പെടാത്ത തനി തമിഴന്റെ ശുദ്ധിയെക്കുറിച്ച് ബോധി വര്‍മ്മന്റെ പിന്മുറക്കാരന്‍ തമിഴ് മക്കളോട് അവസാന വാക്കില്‍ ഉല്‍ബോധിപ്പിക്കുന്നതും . ഒരു ചലചിത്രത്തിന്റെ രാഷ്ട്രീയം നിര്‍വചിക്കപ്പെടുമ്പോള്‍ ഏഴാം അറിവ് തമിഴ് നാട് ഒരു രാജ്യമാണെന്ന അറിവാണ് നമുക്കു നല്‍കുന്നത് .


ഉപദംശം .

കേരളത്തിലെ തിയറ്ററുകള്‍ അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും പക്ഷെ മലയാളം സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നൊരു നിലപാടെടുത്തിരിക്കുകയാണല്ലോ ഇതേ നിലപാട് തമിഴ് നാട്ടിലായിരുന്നെങ്കില്‍ ചാരമായിത്തീരാത്ത എത്ര തിയറ്ററുകള്‍ തമിഴ് നാട്ടില്‍ ബാക്കി കാണും ??? .


18 comments:

 1. സിനിമയിലെ രാഷ്ട്രീയവും ദേശീയതയും പോസിറ്റീവായോ നെഗറ്റീവായോ പരിഗണിക്കപ്പെടേണ്ടത് എന്ന പ്രേക്ഷകന്‍ ധര്‍മ്മ സങ്കടത്തിലാകും വിധത്തില്‍ സങ്കീര്‍ണ്ണത നിറഞ്ഞ ആശയങ്ങളാണ് സിനിമ മുന്നോട്ടു വെക്കുന്നത് ശ്രീലങ്കന്‍ തമിഴരുടെ കഷ്ടപ്പാടുകള്‍ പരാമര്‍ശിക്കുന്നതോടൊപ്പം തന്നെ , തമിഴ് ദേശീയത എന്ന സങ്കല്പം തമിഴനായിരുന്നാല്‍ മാത്രം പോരാ മത പരിവര്‍ത്തനമില്ലാത്ത നല്ല “തങ്ക തമിഴന്‍ “ കൂടിയായിരിക്കണം എന്നൊരു സന്ദേശം കൂടി ഈ സിനിമ മുന്നോട്ടു വെക്കുന്നുണ്ട് . ശ്രീലങ്കയില്‍ തമിഴ് ഈഴം പോരാട്ടങ്ങളില്‍ മുസ്ലീം തമിഴരെ ഒഴിച്ചു നിര്‍ത്തുന്നതും ശ്രീലങ്കയില്‍ തന്നെ തമിഴ് മുസ്കീങ്ങളെ ആക്രമിക്കുന്നതും ഇതേ ശുദ്ധ തമിഴ് വാദത്തിന്റെ അടിസ്ഥാനത്തിലാണ് , ശ്രീലങ്കന്‍ മുസ്ലീം തമിഴരെ മറ്റു തമിഴര്‍ ഒഴിച്ചു നിര്‍ത്തുന്നതിനെക്കുറിച്ചു തമിഴര്‍ക്കിടയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് അതു കൊണ്ട് തന്നെ തമിഴ് ദേശീയ വാദമുയര്‍ത്തുന്നവര്‍ക്കു അതിനു കൃത്യമായ ഒരു മറുപടി നല്‍കേണ്ടതുണ്ടായിരുന്നു അവിടെയാണ് മത പരിവര്‍ത്തനം ചെയ്യപ്പെടാത്ത തനി തമിഴന്റെ ശുദ്ധിയെക്കുറിച്ച് ബോധി വര്‍മ്മന്റെ പിന്മുറക്കാരന്‍ തമിഴ് മക്കളോട് അവസാന വാക്കില്‍ ഉല്‍ബോധിപ്പിക്കുന്നതും . ഒരു ചലചിത്രത്തിന്റെ രാഷ്ട്രീയം നിര്‍വചിക്കപ്പെടുമ്പോള്‍ ഏഴാം അറിവ് തമിഴ് നാട് ഒരു രാജ്യമാണെന്ന അറിവാണ് നമുക്കു നല്‍കുന്നത് .

  ReplyDelete
 2. മനോഹരമായി എഴുതി,എഴുത്തിന്റെ മനോഹാരിത വിഷയത്തിനു മുകളില്‍ നില്‍ക്കുന്നു .

  ReplyDelete
 3. ആ കടിക്ക്(ഉപദംശം) എന്റെ ആയിരം ലൈക്ക്

  ReplyDelete
 4. ആ ഉപദംശം നടപ്പിലാകാത്തതുകൊണ്ടാണ്‌ കേരളത്തോട് ഇത്തിരി സ്നേഹം ബാക്കി ഉള്ളത്.
  മൈക്രോസ്കോപ് കൊണ്ട് നേരിട്ട് dna കാണുന്ന സീന്‍ മറന്നുപോയോ.
  2 വര്‍ഷം ഗവേഷണം. എന്റമ്മച്ചീ എന്തിനാണാവോ?

  ReplyDelete
 5. ജനറ്റിക് എഞ്ചിനീയറിങ്ങ് വഴി ആയിരക്കണക്കിനു വര്‍ഷം മുന്നത്തെ ബോധിവര്‍മ്മന്റെ ജനിതകരൂപം സൃഷ്ടിക്കാനുള്ള സര്‍ജറിയാണ് . വലിയ ഗ്ലാസ്സ് ടാങ്കില്‍ ഇട്ടു പുഴുങ്ങിയെടുക്കലും , സര്‍ജറിക്കു വേണ്ട സാധനങ്ങള്‍ ഗ്രോസറിയില്‍ നിന്നും ലോക്കല്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങുകയും ഇടക്കിടെ മോണീട്ടറില്‍ ഡി എന്‍ എ യുടെ പിരിയന്‍ ഗോവണിയുടെ ചിത്രം മിന്നി മിന്നി കാണിക്കുകയും ചെയ്യുന്നതാണ് ജനറ്റിക്ക് സര്‍ജറി , അതിനു ശേഷം വെയില്‍ കൊള്ളിക്കാന്‍ പാടില്ല എന്നും പറയുന്നുണ്ട് ,  ഇവന്റെ ഒക്കെ തലയും വെയില്‍ കൊള്ളിക്കരുത്

  ReplyDelete
 6. വിശദമായ വിശകലനം (വിശകലനം എപ്പോഴും വിശദമായല്ലേ പറ്റൂ!). Hidden agendas wrapped in a stupid movie.. അല്ലേ?

  ReplyDelete
 7. ഷിബു , സതീഷ് - ചുമ്മാ ആവശ്യമില്ലാത്തത് പറേരുത് :) .

  സോണി & ഇഗ്ഗോയ് - ഉപദംശത്തെക്കുറിച്ചു - കേരളത്തിലെ തിയറ്ററുകളില്‍ മലയാളം സിനിമ കുറച്ചു നാളേക്കു ഓടാതിരിക്കുക തന്നെയാണ് നല്ലതെന്നു ഒരു സാദാ പ്രേക്ഷകന്‍ എന്ന നിലയിലുള്ള എന്റെ അഭിപ്രായം .

  ഇത്രയധികം കോമ്പ്രമൈസ് ചെയ്യുന്ന പ്രേക്ഷകര്‍ വേറെ എങ്ങുമുണ്ടാകില്ല എന്നു തോന്നുന്നു . കാരണം ഒരു മിനിമം കണ്ടിരിക്കാവുന്ന പടം പോലും തിയറ്ററില്‍ കുറച്ചു കാലം ഓടുന്നുണ്ട് .ഡോക്ടര്‍ ലവ് പോലെയുള്ള ഒരു ചവറ് പടം പോലും ഹിറ്റ് ലിസ്റ്റില്‍ സ്ഥാനം പിടിച്ചു [ഹെന്റമ്മെ ഇന്റര്‍ വെല്‍ വരെ അത് കണ്ടിരിക്കാന്‍ പെട്ട പാട് ]ചൈനാ ടൌണും ക്രിസ്ത്യന്‍ ബ്രദേഴ്സും പോക്കിരി രാജയും വരെ വന്‍ വിജയം നേടി . അതായത് പ്രേക്ഷകന്‍ ഒരു മലയാള പടം വന്നാല്‍ ചവറാണെങ്കില്‍ പോലും കാണാന്‍ തയ്യാറായി നില്‍ക്കുന്നുണ്ട് അങ്ങനെയുള്ള ഒരു പ്രേക്ഷകര്‍ക്കു മുന്നിലേക്കാണ് ദിനം പ്രതി മുനിസിപ്പാലിറ്റി ഓടകളിലെ മാലിന്യം കൊണ്ടു വന്നു തിയറ്ററില്‍ മലയാള പടമെന്ന ലേബലൊട്ടിച്ചു ഇറക്കുന്നത് . ഗള്‍ഫിലോ അമേരിക്കയിലോ നിന്നു പണം സമ്പാദിച്ചു നാട്ടില്‍ വന്നു അഴകിയ രാവണന്മാരാകുന്നവരും നാട്ടിലെ കള്ളപ്പണം വെളുപ്പിക്കുന്നവരും മാത്രമാണ് സിനിമ എടുക്കുന്നതെന്നു തോന്നുന്നു , അല്ലെങ്കില്‍ പിന്നെ ഒന്നു രണ്ട് കോടി വെറുതെ തുലച്ചു കളയാന്‍ ഇവര്‍ക്കെന്തു അസുഖമാണ് ??? ഒരു മലയാളി പ്രേക്ഷകനെന്ന നിലക്കു ക്ലാസ്സിക് സിനിമയോ സ്റ്റാന്‍ഡേഡ് സിനിമയോ ഒന്നും ഞാന്‍ പ്രതീക്ഷിക്കുന്നില്ല But at least it must be a watchable movie അത്രയെ പ്രതീക്ഷിക്കുന്നുള്ളൂ ,അതു പോലും നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇവിടെ തിയറ്ററില്‍ മലയാളം പടം ഓടാതിരിക്കുകയാണ് നല്ലത് .

  ഇനി മറ്റൊരു കാര്യം തന്റെ സ്ഥാപനത്തില്‍ എന്തു പ്രൊഡക്റ്റ് / സെര്‍വീസ് വില്‍ക്കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഒരു കച്ചവടക്കാരനുണ്ട് . തിയറ്ററുടമക്കും ആ സ്വാതന്ത്ര്യമുണ്ട് .ചവറ് മലയാളം പടം ഇട്ടു തിയറ്റര്‍ നഷ്ടത്തിലോടിക്കുന്നതിനെക്കാള്‍ നല്ലത് അന്യഭാഷാ ചിത്രങ്ങള്‍ ഓടിച്ച് വിജയം വരിക്കുന്നതാണെന്ന് തോന്നിയാല്‍ അവരെ കുറ്റം പറയാനൊക്കുമോ ? ഇല്ല ഇനി അതിനെതിരെ കോണ്‍ ഗ്രസ്സും ഡി വൈ എഫ് ഐ യും സമരം ചെയ്താല്‍ വിജയിക്കുമോ ? ഇല്ല ..അപ്പോ മലയാളം സിനിമാക്കാര്‍ ആദ്യം നല്ല പടം പിടിക്കട്ടെ എന്നിട്ടാവാം സമരം

  ReplyDelete
 8. ഇന്നലെ എല്ലാ വാര്‍ത്തകളിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ മറ്റോ സൂപ്പര്‍ താരങ്ങളുടെ പ്രതിഫലം കുറക്കണമെന്നു പറഞ്ഞു സമരം ചെയ്യുന്നത് കണ്ടു ....ഹ ഹ ഹ നല്ല സമാസ . പത്തു മുപ്പത് കൊല്ലകാലമായി മോഹന്‍ ലാലിന്റെ തോളില്‍ കയ്യിട്ടു നടക്കുന്ന മേനകാ സുരേഷ് കുമാര്‍ ആണ് സൂപ്പര്‍ താരത്തിന്റെ ശമ്പളം കുറക്കണമെന്നു വികാരാധീനരായി പറയുന്നത് . ഇതൊരു തരം സ്ഥാപിച്ചെടുക്കലാണ് സൂപ്പര്‍ താരങ്ങള്‍ മാത്രമാണ് സിനിമ എന്ന രീതിയില്‍ . നിരന്തരം പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ഇപ്പോഴും മലയാള സിനിമക്കു അനിവാര്യമാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ വേണ്ടി മാത്രമാണ് ഈ പൊറാട്ട് നാടകം .

  കൃത്യമായി പ്രതിഫലം നിശ്ചയിച്ച് അതനുസരിച്ച് സിനിമയില്‍ ആരും അഭിനയിക്കുമെന്നു തോന്നുന്നില്ല .തനിക്കു അഭിനയ സാധ്യത ഉള്ള ചിത്രങ്ങളില്‍ ചുരുങ്ങിയ പ്രതിഫലത്തിനു മമ്മൂട്ടി അഭിനയിക്കാറുണ്ട് , കയ്യൊപ്പിലൊന്നും പ്രതിഫലമായി അധികം വാങ്ങിയില്ല എന്നാണ് രഞ്ചിത്ത് പറയുന്നത് മോഹന്‍ ലാല്‍ ആണെങ്കില്‍ ആന്റണി പെരുമ്പാവൂരിന്റെ അല്ലാതെ മറ്റൊരു പടത്തില്‍ ഇപ്പോള്‍ അഭിനയിക്കുന്നുമില്ല - ആന്റണി പെരുമ്പാവൂര്‍ എന്നാല്‍ മോഹന്‍ ലാല്‍ തന്നെ അപ്പോള്‍ മോഹന്‍ ലാലിന്റെ കാശ് മോഹന്‍ ലാല്‍ മോഹന്‍ ലാലിന് തന്നെ കൊടുക്കുന്നതില്‍ നിങ്ങക്കെന്താ പ്രൊഡ്യൂസര്‍ അസ്സോസിയേഷന്‍കാരെ - അപ്പോള്‍ സംഗതി ഇതാണ് സൂപ്പര്‍ താരങ്ങള്‍ ഒരു അനിവാര്യതയാണ് എന്നൊരു വ്യാജ സ്ഥാപിച്ചെടുക്കല്‍ മാത്രമാണ് നിര്‍മ്മാതാക്കളുടെ ഈ സമരം .അവര്‍ പടം പിടിച്ചില്ലെങ്കില്‍ പിടിക്കണ്ട .അത്രെ ഉള്ളൂ .

  നാട്ടില്‍ ഇപ്പോ ഇറങ്ങുന്ന പടങ്ങള്‍ എന്തൊക്കെയാണ് - ഡോക്ടര്‍ ലവ് , പാച്ചുവും ഗോവാലനും , സാന്‍ഡ് വിച്ച് , ഇതൊക്കെ കണ്ട്സഹിക്കുന്നതിനെക്കാള്‍ നല്ലത് നിങ്ങളൊന്നും പടം പിടിക്കാത്തതാണ് . കാണാന്‍ കൊള്ളാവുന്ന ഒരു പടമായിരുന്നു രഞ്ചിത്തിന്റെ ഇന്‍ഡ്യന്‍ റുപി - അതാണെങ്കില്‍ സൂപ്പര്‍ ഫാന്‍സ് മന്ദബുദ്ധികളുടെ കൂവിത്തോല്‍പ്പിക്കലും , അപ്പോ ഇതു കൊണ്ടൊക്കെ തന്നെയാണ് സന്തോഷ് പണ്ഡിറ്റ് വിജയിക്കുന്നതും ഞാനൊക്കെ അയാളെ സപ്പോര്‍ട്ട് ചെയ്യുന്നതും .നിങ്ങള്‍ ചൈനാ ടൌണ്‍ , ക്രിസ്ത്യന്‍ ബ്രദേഴ്സ് , തേജാ ഭായി , പട്ടണത്തില്‍ ഭൂതം , ഡബിള്‍സ് എന്നീ ചിത്രങ്ങള്‍ മുഴുവന്‍ കണ്ടിട്ടുള്ള ആളാണോ എങ്കില്‍ കൃഷ്ണനും രാധയും 3 മണിക്കൂര്‍ എഞ്ചോയ് ചെയ്യാവുന്ന മൂവി ആണ് എന്നു ഞാനുറപ്പു തരുന്നു .

  ReplyDelete
 9. പടം കണ്ടിരുന്നു..മേല്പറഞ്ഞ കോമഡി സീനുകള്‍ കണ്ടു എന്തിനാ മുരുഗാ രണ്ടു വര്‍ഷം കളഞ്ഞത് എന്നു ആലോചിച്ചിരുന്നു.പറയാവുന്ന ഒരു പ്ലസ് പോയിന്റ് ആ പടത്തില്‍ ബോധിധര്‍മന്റെ ഭാഗം കാണിക്കുന്ന ക്യാമരാ ഷോട്ടുകളാണു .വളരേ ഭംഗിയുള്ള ഫ്രെയിമുകള്‍..
  ഏഴാം അറിവിനെ കുറിച്ച് മനസിലുള്ള ചില സംശയങ്ങള്‍ക്കു വ്യക്താമായ മറുപടിയായി ..നന്നായി എഴുതി..

  ReplyDelete
 10. പോക്കിരി രാജയും ക്രിസ്ത്യന്‍ ബ്രദേഴ്സും കണ്ട ഒരുത്തന്‍ എന്നെ നിലക്ക് കുറേ നാളത്തേക്ക് മലയാളം
  പടം ഓടിയില്ലേലും ഒരു കുഴപ്പവും ഇല്ല എന്നതിനോട് ഞാന്‍ യോജിക്കുന്നു. കാണാന്‍ ആളുള്ളതുകൊണ്ടാണ്‌ തമിഴ് പടം ഓടുന്നത്.
  തീയറ്റര്‍ കത്തിക്കും തരത്തിലുള്ള "ദേശീയത" ഇല്ലാതത്‌ നന്നായെന്നേ പറഞ്ഞൊള്ളു.

  ReplyDelete
 11. വലിയ ഗ്ലാസ്സ് ടാങ്കില്‍ ഇട്ടു പുഴുങ്ങിയെടുക്കലും , സര്‍ജറിക്കു വേണ്ട സാധനങ്ങള്‍ ഗ്രോസറിയില്‍ നിന്നും ലോക്കല്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും വാങ്ങുകയും ഇടക്കിടെ മോണീട്ടറില്‍ ഡി എന്‍ എ യുടെ പിരിയന്‍ ഗോവണിയുടെ ചിത്രം മിന്നി മിന്നി കാണിക്കുകയും ചെയ്യുന്നതാണ് ജനറ്റിക്ക് സര്‍ജറി , അതിനു ശേഷം വെയില്‍ കൊള്ളിക്കാന്‍ പാടില്ല എന്നും പറയുന്നുണ്ട് , രണ്ട് വര്‍ഷത്തെ സിനിമാ തയ്യാറെടുപ്പുകളില്‍ ജനറ്റിക്ക് എഞ്ചിനീയറിങ്ങ് എന്താണെന്നൊന്നു പഠിക്കാന്‍ സംവിധായകന്‍ തുനിഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയുള്ള കോമഡി സീന്‍സ് സിനിമയില്‍ നമുക്കു നഷ്ടപ്പെട്ടേനെ .

  ReplyDelete
 12. തമിഴന്റെ സ്വത്വ ബോധവും,ഭാഷാ പ്രേമവും പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്..

  എൽ.ടി.ടിയെയും പ്രഭാകരനെയും തീവ്രമായ ആവേശത്തോടെ ന്യായീകരിച്ചിരുന്ന ഒരു തമിഴ് സുഹൃത്ത് എന്റെ കോളേജ് ദിനങ്ങളിൽ ഉണ്ടായിരുന്നു.
  ക്രിക്കറ്റ് ഗ്രൗണ്ടിലെ ബാലാജിക്കും മുത്തയ്യ മുരളീധരനും വേണ്ടി ഒരേ സമയം കൈയടിച്ച് അവൻ ദേശീയതയെ അപ്രസക്തമാക്കി..

  ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെക്കാൾ തമിഴൻ സിനിമയുടെ ദ്വിമാന ചിത്രങ്ങളുടെ സങ്കല്പങ്ങളെയാണ് വിശ്വസിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്..

  പക്ഷെ തമിഴ് പറയാൻ തുടങ്ങിയതിനു ശേഷം നിഷ്ക്കളങ്കമായ ചിരിയുമായി തമിഴരിൽ ചിലർ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തുകയും ചെയ്തു..സിനിമയിലെ വിചിത്ര നടനങ്ങളെ വല്ലാതെ സ്നേഹിക്കുമ്പോഴും തമിഴന്റെ പെരുമാറ്റത്തിൽ പൊതുവെ നാട്യങ്ങൾ കാണാറില്ല..(മലയാളികളുടെ മറുവശം)..

  എഴാം അറിവ് കാണാൻ കഴിഞ്ഞില്ല..
  പക്ഷെ ഗജിനിയുമായി ചേർത്തുള്ള വായന ഇഷ്ടപ്പെട്ടു..

  ആശംസകൾ..

  ReplyDelete
 13. @ മധു - സില്‍മേലെ തമാശകള്‍ പറഞ്ഞാല്‍ ഇനിയുമുണ്ട് ,സാദാ മൈക്രോസ്കോപ്പ് വെച്ചു ഡി എന്‍ എ ഘടന കണ്ട് പിടിക്കുക , ഒരു ചൈനക്കാരന്‍ ഒരു പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരുടെയും മരണത്തിനുത്തരവാദിയായിട്ടും ദിവസങ്ങളോളം ചെന്നയിലൂടെ ചുമ്മാ കറങ്ങി നടക്കുക ,ഏറ്റവും ഇഷ്ടമായ തമാശ ജനറ്റിക്ക് സര്‍ജറിക്ക് വേണ്ടിയുള്ള സാധനങ്ങള്‍ 50 പൈസേടെ കിറ്റില്‍ ഗ്രോസറി ഷോപ്പില്‍ നിന്നെന്ന പോലെ വാങ്ങിക്കൊണ്ട് വരുന്നതായിരുന്നു .

  @ സാബു - സിനിമയില്‍ യുക്തി ഭംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഒരു സ്റ്റുപ്പിഡ് മൂവീ എന്നു പറയാന്‍ കഴിയില്ല കാരണം സിനിമയില്‍ വ്യക്തമായി ഒരു അജണ്ട രൂപം കൊടുക്കാനായി വളരെ ബ്രില്ല്യന്റ് ആയ മാനിപ്പുലേഷന്‍സ് നടത്തുന്നുണ്ട് . സിനിമയുടെ അവസാനം നായക കഥാപാത്രം പ്രേക്ഷകരോട് ഒരു ഇന്റര്‍ വ്യൂവിലൂടെ പറയുന്ന കാര്യങ്ങളാണ് ഈ സിനിമയുടെ മൊത്തം അജണ്ടയും ഒളിഞ്ഞിരിക്കുന്നത് . അതില്‍ പാരമ്പര്യ തമിഴന്റെ പ്രാധാന്യത്തെക്കുറിച്ചും തമിഴ് വംശത്തിന്റെ മഹിമയെക്കുറിച്ചും ഉദ്ബോധിപ്പിക്കുന്നുണ്ട് ഒരു പക്ഷെ ഒരു തട്ടുപൊളിപ്പന്‍ തമിഴ് പടത്തിന്റെ ക്ലൈമാക്സ് വില്ലനെ കൊന്നു നായകന്‍ വിജയം വരിക്കുമ്പോള്‍ അവസാനിക്കേണ്ടതായിരുന്നുവെങ്കിലും അതില്‍ നിര്‍ത്താതെ വീണ്ടും ഒരു അഭിമുഖ ഭാഷണം നടത്തുന്നത് ആ ഒരു ഹിഡന്‍ അജണ്ടയുടെ ബുദ്ധിപൂര്‍വ്വമായ ഉപയോഗമാണ് .തമിഴ് മഹിമ പറയുന്ന ആദ്യത്തെ സിനിമ ഒന്നുമല്ല എന്നു തന്നെയല്ല ഒരു മാതിരി പെട്ട എല്ലാ തമിഴ് സിനിമയിലും അത് പരോക്ഷമായി ഉപയോഗിക്കാറുമുണ്ട് . ഏഴാം അറിവിനോടൊപ്പം ഇറങ്ങിയ “വേലായുധത്തിലും “ അഫ്ഘാനിസ്ഥാനിലെ ജിഹാദികള്‍ നേരെ തമിഴ് നാടിനെ നശിപ്പിക്കാനാണ് വരുന്നത് , ഇന്‍ഡ്യയൊന്നും ഇവരുടെ സിനിമയില്‍ കടന്നു വരുന്നതേയില്ല , ഇന്‍ഡ്യയൊക്കെ എന്തു ഇന്‍ഡ്യ മദ്രാസല്ലെ കിടിലന്‍ എന്നുള്ള ഒരു പഴയ തമാശ ലൈനാണ് ഈ സിനിമകള്‍ .പാക്ക് - അഫ്ഘാന്‍ ജിഹാദികളടക്കം എല്ലാവരും തമിഴാണ് സംസാരിക്കുന്നത് അവസാനം മുരുഗന്‍ അതായത് വേലായുധനിലൂടെ ഒരു അമാനുഷികന്‍ എല്ലാ അനീതിയില്‍ നിന്നും ലോകത്തെ രക്ഷപ്പെടുത്തുന്നു - ഇതും ഒരു തമിഴന്‍ കള്‍ട്ട് ഫിലിമാണ് പക്ഷെ വേലായുധം തമിഴ് പാരമ്പര്യ ബുദ്ധിജീവികള്‍ക്കു വലിയ ചിന്തയൊന്നും നല്‍കുന്നില്ല , അതൊരു സിനിമ മാത്രമായി കഴിഞ്ഞു പോകും പക്ഷെ ഏഴാം അറിവ് കുറച്ചു കൂടി ബൌദ്ധികമായ ഒരു തരം ആവേശം നല്‍കുന്നുണ്ട് എന്നതാണ് നേര്

  ReplyDelete
 14. @തച്ചൊടിയന്‍ - ബോധിധര്‍മ്മനെ കാണിക്കുന്ന ആദ്യത്തെ കുറച്ചു സമയം നമ്മള്‍ ഒരു ക്ലാസ്സിക് സിനിമ പ്രതീക്ഷിച്ചു പോകും എന്നത് നേര്

  @fahad - :)

  ReplyDelete
 15. @ അപരിചന്‍ - തമിഴനോളം ദേശീയ ബോധമുള്ള മറ്റൊരു വംശമില്ല , മറിച്ച് തമിഴ് വംശ മഹിമയാണ് അവരുടെ മുഖമുദ്ര അതു പ്രാദേശിക വാദമായി അവര്‍ സ്വയം കരുതുന്നില്ല ലോകത്തുള്ള മുഴുവന്‍ തമിഴരും ഒരു രാഷ്ട്രമാണ് ഒരു ജനതയാണ് - ശ്രീലങ്കന്‍ തമിഴരുടെ പ്രശ്നങ്ങള്‍ ഒരു പാട് സിനിമകളില്‍ കടന്നു വരുന്നുണ്ട് .ബാലയുടെ നന്ദ എന്ന ചിത്രത്തില്‍ ശ്രീലങ്കയില്‍ നിന്നു അഭയാര്‍ത്ഥികളായി വരുന്നവരെ രക്ഷിക്കാന്‍ ഇന്‍ഡ്യന്‍ ഗവണ്മെന്റ് സംശയിച്ചു നില്‍ക്കുന്നതും ആ സമയത്ത് ഒരു ലോക്കല്‍ പ്രമാണിയായ ചിത്രത്തിലെ നായക തുല്യ കഥാപാത്രം ഗവണ്മെന്റ് തുലയട്ടെ എന്നോ മറ്റോ പറഞ്ഞ് ആ ദൌത്യം ഏറ്റെടുക്കുന്നുണ്ട് - ഇത് നമ്മുടെ ജനതയാണ് , അവരെ സംരക്ഷിക്കാന്‍ ഒരു ഗവണ്മെന്റിന്റെയും സഹായം ആവശ്യമില്ല -സത്യത്തില്‍ അത്തരം വംശീയമായ ഉണര്‍വ്വ് തന്നെയാണ് ശ്രീലങ്കയിലെ തമിഴ് ഈഴം പ്രവര്‍ത്തകരുടെ ഇന്ധനം .

  ഭാഷാ പ്രശ്നവും തമിഴ് ദേശീയതയും കൊടുമ്പിരിക്കൊണ്ടിരിക്കുന്ന 1960 കളിലാണ് ഹിന്ദി ദേശീയ ഭാഷയാക്കുന്ന ഭൂരിപക്ഷ ന്യായത്തിനെ പെരിയാര്‍ ഇ വി രാമസ്വാമി - പെരുച്ചാഴികള്‍ കൂടുതലുണ്ടെന്ന് കരുതി അതിനെ ദേശീയ മൃഗമാക്കുന്നില്ലല്ലോ - എന്ന പ്രശസ്തമായ ഡയലോഗടിച്ചത് .സ്വാതന്ത്ര്യാനന്തരം വളരെ ശക്തമായിരുന്ന കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി ഇല്ലാതായതും അതിന്റെ സ്ഥാനത്ത് ദ്രാവിഡ പാര്‍ട്ടികള്‍ മാത്രമായ ഒരവസ്ഥ അതിദ്രുതം വളര്‍ന്നു വരികയും ചെയ്തത് ഇത്തരമൊരു തമിഴ് വംശീയതയുടെ ജനകീയത കൊണ്ടാണ് .


  എന്റെ ബിരുദാനന്തര പഠനം തമിഴ് നാട്ടിലായിരുന്നു , അത് കൊണ്ട് തന്നെ ആ രണ്ട് വര്‍ഷം തമിഴ് സംസ്കാരത്തിന്റെ വിവിധ മുഖങ്ങള്‍ എനിക്കു അനുഭവിക്കാന്‍ സാധിച്ചിട്ടുണ്ട് . പാരമ്പര്യ മഹിമയോടൊപ്പം തന്നെ സുഹൃദ് ബന്ധത്തിന്റെ തീവ്രതയും വളരെ അധികമാണ് , എന്ന്വച്ചാല്‍ തമിഴ് ഫ്രണ്ടുക്കളെ നമ്പലാം . മുല്ലപ്പെരിയാര്‍ ഇഷ്യൂ ഉണ്ടായ സമയത്ത് മലയാളികളെ വ്യാപകമായി ആക്രമിച്ച ഒരു സമയത്തും തിയറ്ററുകളില്‍ ഉണ്ടാകുന്ന കശ പിശകളിലുമൊക്കെ ഒരു പാട് തവണ തമിഴ് ഫ്രണ്ട്സ് തമിഴന്മാരോട് തന്നെ എതിരിട്ട് ഒപ്പം നിന്നിട്ടുണ്ട് , ഒരിക്കല്‍ ഒരു തിയറ്റര്‍ കശ പിശയില്‍ ഇടി കൊണ്ട് പഞ്ചറാകേണ്ടുന്ന ഒരവസ്ഥയില്‍ നിന്ന് തമിഴ് ഫ്രണ്ട്സ് ഞങ്ങള്‍ മലയാളികള്‍ക്കു വേണ്ടി തമിഴന്മാരില്‍ നിന്നു തല്ലു കൊണ്ട് എന്നെയൊക്കെ പ്രൊട്ടക്റ്റ് ചെയ്തിട്ടുണ്ട് :) .ഇപ്പോഴും കുറെ തമിഴ് സുഹൃത്തുക്കള്‍ ഉണ്ട് .പക്ഷെ അവര്‍ക്കു നമ്മളെ അത്ര വിശ്വാസം പോരാ - മലയാളത്താന്മാരെ നമ്പക്കൂടാത് എന്നതാണ് അവരുടെ ഒരു തിയറി , ഒരു കണക്കിനത് സത്യവുമാണ് :) .

  ReplyDelete
 16. Dont ask questions about illusions... all movies are made out of illusions not realty.. so we should try to enjoy what are given for entertainment...... that should be the theory to watch cinema.....

  ReplyDelete
 17. "നോക്ക് മര്‍മ്മം ഉപയോഗിച്ച് കണ്‍മുന്‍പിലുള്ള ആള്‍ക്കാരുടെ മനസ്സ്‌ നിയന്ത്രിക്കാന്‍ കഴിയും" ഇത് നേരത്തേ കേട്ടിട്ടുണ്ട്.

  "വൈമാനിക ശാസ്ത്രത്തില്‍ മനസ്സ് കൊണ്ട് എങ്ങനെ ഒരു വാഹനം പറപ്പിക്കാം എന്ന് പറയുന്നുണ്ട്."
  ഇത് കേട്ടിട്ടില്ല. എന്റെ അറിവില്ലായ്മ.

  ഇതിനൊക്കെ തെളിവില്ലെങ്കിലും ശരിയായിരിക്കാം അല്ലെങ്കിൽ അന്ധവിശ്വാസമായിരിക്കാം . എന്നാൽ ഇവിടുത്തെ പ്രശ്നം ഇത്തരം കാര്യങ്ങളൊക്കെ സാധാരണ പ്രേക്ഷകന് വിശ്വാസയോഗ്യമായ രീതിയിൽ സംവേദിക്കുന്നതിൽ സംവിധായകൻ പരാജയപ്പെട്ടു എന്നതാണ്.

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .