Like

...........

Friday, 30 August 2013

പശു ദേശീയത

ഹൈന്ദവനും അതിഹൈന്ദവനും ...........തുടര്‍ച്ച .



Most important symptom Of Fascism - Fascist regimes tend to make constant use of patriotic mottos, slogans, symbols, songs, and other paraphernalia .


 ഫാസിസ്റ്റ് ചിന്താ പദ്ധതികള്‍ക്കു  അടിസ്ഥാന പരമായ ചില പൊതുരൂപങ്ങളുണ്ട് . അതില്‍  ഏറ്റവും പ്രധാനപ്പെട്ടതാണ് മൌലികമായ  ചിഹ്നങ്ങളും മുദ്രാവാക്യങ്ങളും  ദേശീയവല്‍ക്കരിക്കുക  . ജര്‍മ്മനിയില്‍ നാസി ദേശീയതയുടെ കാലത്തു അതിന്റെ പ്രധാ‍ന ബൌദ്ധിക പ്രചാരണം ഇത്തരം ദേശീയ ചിഹ്നങ്ങളുടെ വ്യാപനത്തിലൂടെയായിരുന്നു .  ഹിന്ദു ഫാസിസത്തെ സംബന്ധിച്ചു അതിനെ ഏറെ അലട്ടുന്ന ഒരു വിഷയമാണ് മതമെന്ന രീതിയിലുള്ള ഒരു ഏകീകരിച്ച ഘടന അതിനില്ലാത്തത് .അത്തരത്തില്‍ ഘടനാ പരമായ സ്വത്വം ലഭ്യമാകണമെങ്കില്‍ ഏകീകരിക്കപ്പെട്ട പ്രതീകങ്ങളും അടിസ്ഥാനങ്ങളും ആവശ്യമാണ് , നിര്‍ബന്ധ ബുദ്ധ്യാ പിന്‍ പറ്റേണ്ടുന്ന ചില നിയമാ വലികളുണ്ടെങ്കില്‍ മാത്രമേ ഒരു മതത്തിനു അതിന്റെ അപ്രമാദിത്തം നില നിര്‍ത്താനാകൂ . വേറൊരു രീതിയില്‍ പറഞ്ഞാല്‍ സ്വതന്ത്രമായി ചിന്തിക്കാനോ ബുദ്ധിയുപയോഗിക്കാനോ കഴിയാത്ത വിധം നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട തിട്ടൂരങ്ങള്‍ അനുസരിക്കുന്നതിലൂടെ മാത്രമേ മതത്തിന്റെ ഘടനാ പരമായ  സ്വത്വ രൂപീകരണം സാധ്യമാകൂ .ഹിന്ദു മതത്തിന്റെ സ്ഥായിയായ ബഹുസ്വരത കൊണ്ട് തന്നെ ഈ ഏകീകൃത ഘടനാ രൂപം അപ്രാപ്യമാണ്  .സെമിറ്റിക് മതങ്ങളും കടന്നു വരവോടെ ,  പ്രചാരത്തോടെ ഈയൊരു കുറവ്  ഹിന്ദു ഫാസിസത്തെ ഹിന്ദു മതത്തിനു ഏകീകരിക്കപ്പെട്ട ഒരു ഘടനാ രൂപം അനിവാര്യമാക്കുന്നതിന്റെ ആവശ്യകതയെ പറ്റി ചിന്തിപ്പിച്ചു .

ഹിന്ദുമതത്തിനു മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ട് ,പാമ്പും പഴുതാരയും ഈച്ചയും  വരെ അതിന്റെ ദൈവങ്ങളാണ് [മധ്യപ്രദേശില്‍ മഖീ മന്ദിറുണ്ട് ,തമിഴ് നാട്ടില്‍ കരിന്തേളിനു കോവിലുമുണ്ട് ] അതിന്റെ ബഹുസ്വരത തന്നെയാണ് അതിന്റെ സ്വാതന്ത്ര്യവും സര്‍ഗ്ഗാത്മകതയും . ഹിന്ദു മതത്തില്‍ നയന്‍ താരയ്ക്കോ , നമിതയ്ക്കോ പോലും ക്ഷേത്രം പണിയാം - നിങ്ങള്‍ ഈ ദൈവത്തെ തന്നെ ആരാധിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തില്‍ സീറ്റ് കിട്ടില്ലെന്നുള്ള കടുത്ത നിഷ്കര്‍ഷയൊന്നുമില്ല ,ക്ഷേത്രങ്ങളില്‍ കൃത്യമായി ചെന്നു നിങ്ങളുടെ ആരാധന നടത്തിയില്ലെങ്കില്‍ സാമൂഹ്യ ബഹിഷ്കരണമോ ഉണ്ടാകില്ല - ഹിന്ദുവില്‍ അവനവന് വേണമെങ്കില്‍ ദൈവമാകാം ,ദൈവ നിരാസത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്ന ഒരു മതമാണത് . പക്ഷെ ഇങ്ങനെ ഒരു ബഹുസ്വര ,സ്വാതന്ത്ര്യത്തില്‍ എങ്ങനെയാണ്  ഹിന്ദു നവോത്ഥാനമെന്ന ഹിന്ദുത്വ അജണ്ടയുടെ ഉപകരണങ്ങളാകേണ്ടുന്ന ചിഹ്നങ്ങള്‍  സാധ്യമാകുന്നത് ? ഇവിടെയാണ്.സെമിറ്റിക് മതങ്ങളെ പോലെ  കൃത്യമായ ,ഏകീകരിക്കപ്പെട്ട മത ചിഹ്നങ്ങള്‍ ,തിട്ടൂരങ്ങള്‍ ,നിബന്ധനകള്‍ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത

സെമിറ്റിക് മതങ്ങളെ പോലെ ഏകീകരിക്കപ്പെട്ട മത ചിഹ്നങ്ങളില്ലെന്ന  അപകര്‍ഷതയ്ക്കുള്ള പ്രതിവിധിയായാണ്   രാമക്ഷേത്രവും , ഗോമാതാവും , ഭഗവദ് ഗീതയും , ഗണേശോത്സവവും രക്ഷാ ബന്ധനും ഗംഗാജലവുമൊക്കെ ഹിന്ദു സമൂഹത്തിലേക്കു നിര്‍ബന്ധിതമായി നിഷ്ക്രമിപ്പിക്കുന്നത് ,കാരണം ഇതിനെ ഏകീകരിക്കപ്പെട്ട ഒരു ഹിന്ദു പ്രതീകമായി ഉയര്‍ത്തിക്കൊണ്ടു വന്നാല്‍ മാത്രമേ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ കഴിയൂ.ഇത്തരത്തില്‍ വിശുദ്ധവല്‍ക്കരിച്ച  ചിഹ്നങ്ങളെ ,ആശയങ്ങളെ ,പ്രതീകങ്ങളെ ദേശീയമാക്കുക എന്നതാണ് അടുത്ത പടി  .  നിഷ്കളങ്കവും നിരുപദ്രവുമെന്ന പ്രത്യക്ഷത്തില്‍ തോന്നുന്നതും ഏറ്റവും അപകടകരുവുമായ സംഗതിയാണ് ഗോ മാതാ കണ്‍സെപ്റ്റ് . ഇതു വളരെ ആസൂത്രിതമായി നടക്കുന്ന ഹിന്ദുത്വ വല്‍ക്കരണമാണ് ,ബ്രാഹ്മണിക് ഹിന്ദു വിശ്വാസങ്ങളെ ,ബ്രഹ്മണിക് ഹിന്ദു ആശയങ്ങളെ രാജ്യത്തിന്റെ പൊതു നിയമങ്ങളാക്കി തീര്‍ക്കുക എന്നതാണിതിന്റെ പ്രാഥമിക ദൌത്യം .പക്ഷെ  ഒരു വസ്തുത എന്താണെന്നു വെച്ചാല്‍ഈ ഗോ വധ നിരോധനമൊരിക്കലും ഹിന്ദു മത ചരിത്രത്തിന്റെ ഭാഗമായിരുന്നില്ല [ഭാഗമായിരുന്നേല്‍ ഇങ്ങനെ ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നൊരര്‍ത്ഥവുമില്ല ]


ഗോ മാതാ വാദത്തിന്റെ രാഷ്ട്രീയം .



ഇന്‍ഡ്യയില്‍ പശു വെറുമൊരു പശുവല്ല അല്ല ,അതിനു  വലിയ രാഷ്ട്രീയ മാ‍നങ്ങളുണ്ട് .
  ഹിന്ദു ഫാസിസത്തിനു അധികാരം കിട്ടിയാല്‍ അദ്യത്തെ അജണ്ടയാവും ഇന്‍ഡ്യയിലൊട്ടാകെ ഗോവധ നിരോധനം ഏര്‍പ്പെടുത്തുക എന്നത് .കര്‍ണ്ണാടകയില്‍ ബി ജെ പി ക്കു  അധികാരം കിട്ടിയപ്പോള്‍ ഗോ വധ നിരോധനം നടപ്പിലാക്കിയത്  ഇതിനുദാഹരണമാണ് .
“ഒരു സാധു ജീവിയെ വെട്ടിക്കൊല്ലരുതെന്നു പറയുന്നതാണൊ ,ഇത്ര അപകടം ? കൊല്ലാനല്ലല്ലോ കൊല്ലരുതെന്നല്ലെ പറയുന്നുള്ളൂ , അതു പോലും അജണ്ടയാണത്രെ അജണ്ട ”  . - ദാ ഇപ്പോള്‍ നിങ്ങളില്‍ ചിലരെ കൊണ്ടെങ്കിലും ഇങ്ങനെ ചിന്തിപ്പിച്ചില്ലെ അതു തന്നെയാണതിന്റെ അപകടകരമായ രാഷ്ട്രീയം , വളരെ നിഷ്കളങ്കവും ന്യായവുമാണെന്നു തോന്നിപ്പിക്കുന്ന ഒരു കാര്യമാണ്  ഗോ വധ നിരോധനം. അത്  കൊണ്ടു അതു തന്നെയാണ് ഹിന്ദുത്വ വല്‍ക്കരണത്തിന്റെ പ്രിയപ്പെട്ട ആയുധമാകുന്നതും .


ഹിന്ദുസംസ്കാരം  അതിന്റെ പൂര്‍വ്വകാല ചരിത്രത്തിലെവിടെയെങ്കിലും ഗോ വധം നിരോധിച്ചിരുന്നോ ? ഗോ മാംസം നിഷിദ്ധമാക്കിയിരുന്നോ ? ഹിന്ദു മിത്തുകളില്‍ പലയിടത്തായി പശുവിനെ വിശുദ്ധ മൃഗമായി പരിഗണിക്കുന്നുണ്ടെങ്കിലും [ഹിന്ദു മതത്തിനു ഏത് ജീവിയാണ് വിശുദ്ധമല്ലാത്തത് ?-  എലിയും പന്നിയും പഴുതാരയും വരെ അതിന്റെ വിശുദ്ധ പട്ടികയിലുണ്ട് ]  ഗോ വധ നിരോധനമൊന്നും പൌരാണിക കാലത്തു  അതിന്റെ ഒരു തരം സങ്കല്പങ്ങളിലുമുണ്ടായിരുന്നില്ല . പുരാണങ്ങളില്‍ ഗോ മാംസം ഉപയോഗിച്ചതിനുള്ള ശ്ലോകങ്ങളുമുണ്ട് ,എത്രയോ ഗോ മേധങ്ങള്‍  നടത്തിയിരുന്നതായി പുരാണത്തില്‍ കഥകളുണ്ട് .സംസ്കൃതത്തില്‍ അതിഥിക്കു “ഗോ ഘ്നന്‍ “ എന്നൊരു പര്യായം പോലുമുണ്ട്  -എന്ന്വച്ചാ അതിഥികള്‍ക്കു വിശേഷപ്പെട്ട വിരുന്നൊരുക്കാന്‍ പശുനെ തട്ടി ചാപ്സുണ്ടാക്കാറുണ്ടെന്നു തന്നെ  .പത്താം നൂറ്റാണ്ടിലെഴുതപ്പെട്ട ആയുര്‍വേദ ഗ്രന്ഥമായ “അഷ്ടാംഗ ഹൃദയത്തിലും പതിനാറാം നൂറ്റാണ്ടിലെഴുതപ്പെട്ട ഭവ പ്രകാശത്തിലും ഗോ മാംസം ശരീര പുഷ്ടിക്കും ദ്രുതഗതിയിലുള്ള പേശീ വളര്‍ച്ചക്കും ഉത്തമമാണെന്നു ആണ് പറയുന്നത് .ഹിന്ദു മതത്തിന്റെ ഒരു ഐക്കോണിക് ഫിഗറായ  വിവേകാനന്ദന്‍ പോലും പശു മാംസം കഴിച്ചിരുന്നു എന്നു മാത്രമല്ല പശു മാംസം കഴിക്കുന്നതിനു വേണ്ടി ആളുകളെ പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തിരുന്നു .

പിന്നെ എവിടെ നിന്നു എങ്ങനെയാണ് ഇങ്ങനെയൊരു ഗോ വിശുദ്ധവാദമുടലെടുത്തത്  ?

 ഗോവധനിരോധനമെന്ന ആശയത്തിന്റെ ഉല്‍ഭവത്തിനു രണ്ടു പ്രധാന കാരണങ്ങളാണ് തോന്നുന്നത് .വേദിക്  കാലഘട്ടത്തില്‍   പശു വളര്‍ത്തലും ക്ഷീരോല്പാദനവും  മാത്രം തൊഴിലായി അറിയാവുന്ന ബ്രാഹ്മണ സമൂഹത്തിനു  നില നില്‍പ്പിനു വേണ്ടി ഇങ്ങനെയൊരു നിയമം സൃഷ്ടിച്ചെടുക്കേണ്ടത് അനിവാര്യമായി തീര്‍ന്നു ,

മറ്റൊന്നു അഹിംസാ മാര്‍ഗ്ഗത്തിലുള്ള ബുദ്ധ - ജൈന മതങ്ങളുടെ വ്യാപനം , ബ്രാഹ്മണ മേല്‍ക്കോയമക്കു വലിയ ക്ഷീണം സൃഷ്ടിക്കുന്ന ഈ വ്യാപനത്തിനു  തടയിടേണ്ടത് ബ്രാഹ്മണ ആവശ്യമായിരുന്നു .ഈ രണ്ടു കാരണങ്ങളാകാം വേദിക് കാലഘട്ടത്തില്‍ ഇങ്ങനെയൊരു ഗോ വധ നിരോധനത്തിലേക്കു നയിച്ചിരിക്കുക .

എരുമ ദേശീയത .[Buffalo Nationalism ]

 ദളിത് ചിന്തകനായ കാഞ്ച ഐലയ്യ തന്റെ Buffalo Nationalism : A Critique Of Spiritual Fascism എന്ന കൃതിയില്‍ സവര്‍ണ്ണഹിന്ദുത്വ വര്‍ഗ്ഗീയതയുടെ  ജൈവികവും അജൈവികവുമായ ചിഹ്നങ്ങളെ പറ്റി കൃത്യമായി പ്രതിപാദിക്കുന്നുണ്ട്  . വളരെ യാദൃശ്ചികതയുള്ള ഒരു കാര്യം നാസി ദേശീയതയുടെ അതേ ചിഹ്നമായ “സ്വസ്ഥിക്” തന്നെയാണ് ഹിന്ദു ഫാസിസ്റ്റ് ചിഹ്നങ്ങളില്‍ പ്രധാനപ്പെട്ടതെന്നതാണ് ,ഗോള്‍വാള്‍ക്കറിന്റെ കൃതികളില്‍ ഹിറ്റ്ലറോടും നാസി ദേശീയതയുടെ വംശശുദ്ധി ആദര്‍ശങ്ങളോടുമുള്ള ആഭിമുഖ്യം ഇതോടു കൂട്ടിവായിക്കേണ്ടതാണ് . മറ്റൊരു ചിഹ്നം തൃശൂലമാണ് ,അക്രമണോത്സുകമായ ഹിന്ദുത്വത്തിന്റെ അംഗീകൃത പ്രതീകം തന്നെയാണത് .ഹിന്ദു ഫാസിസ്റ്റുകള്‍ മുന്‍ കയ്യെടുത്തു സൃഷ്ടിക്കുന്ന  ഏതൊരു കലാപത്തിലും ,ഏതൊരു ആക്രമണത്തിലും  തൃശൂലത്തിന്റെ സാന്നിധ്യം ബോധപൂര്‍വ്വമോ അല്ലാതെയോ ഉണ്ടാകുന്നുണ്ട് .

പക്ഷെ ഹിന്ദു സവര്‍ണ്ണ ഫാസിസത്തിന്റെ നിശബ്ദവും അപകടകരവുമായ ഏറ്റവും വലിയ അജണ്ട അതിന്റെ “ഗോ മാതാവ്  സങ്കല്പം തന്നെയാണ് .ഇന്‍ഡ്യയില്‍ ഈ പശുവും ഹിന്ദു ഫാസിസവും തമ്മില്‍ വലിയ ബന്ധമുണ്ട്   .ഈ  “പശുരാഷ്ട്രീയത്തിനു  “ ഒരു ബദലായാണ്   കാഞ്ച ഐലയ്യ എരുമ ദേശീയത[Buffalo Nationalism ]  കൊണ്ടു വരുന്നത് . യഥാര്‍ത്ഥത്തില്‍ ഒരു പ്രധാനകാര്‍ഷിക പ്രധാന വരുമാന മാര്‍ഗ്ഗമെന്ന നിലയില്‍  പശുവിനെക്കാളും എന്തു കൊണ്ടും ദേശീയ മൃഗമാക്കാന്‍ അനുയോജ്യം എരുമയാണ് എന്നിട്ടും എരുമയെ ദേശീയ ചിഹ്നമായി അവതരിപ്പിക്കാത്തത് അതിന്റെ ബ്രാഹ്മണിക് ആശയങ്ങള്‍ കൊണ്ടാണ് . എരുമ കറുത്തതും പശു വെളുത്തതും ആയതു കൊണ്ട് മാത്രമാണ് ,ആര്യന്‍ അധിനിവേശ കാലത്തു തന്നെ വെളുപ്പ് ഉല്‍കൃഷ്ടവും കറുപ്പു അധമവുമാണെന്ന ഒരു സങ്കല്പം രൂപീകരിക്കുന്നതിനു വേണ്ടി കൂടിയാണ് ഈ പശു വിശുദ്ധിയുടെ കഥ എന്നും അദ്ദേഹം പറയുന്നു .


 ഉപജീവനത്തിനു വേണ്ടി പശു വളര്‍ത്തല്‍ നടത്തുന്ന ദളിതനും മുസ്ലീമും അടങ്ങുന്ന  ഭൂരിഭാഗം ദരിദ്രരായ ഇന്‍ഡ്യന്‍ കര്‍ഷകര്‍ പാല്‍ വറ്റിക്കഴിഞ്ഞും തുടര്‍ന്നും  നിര്‍ബന്ധിതമായി അതിനെ പോറ്റേണ്ടി വരുന്ന ഒരവസ്ഥ അവരുടെ ഉള്ള ദാരിദ്ര്യത്തെ വര്‍ദ്ധിപ്പിച്ചു കഷ്ടപ്പാടിന്റെ പാരമ്യത്തിലെത്തിക്കാനുമേ സഹായിക്കൂ .പാലു തരാത്ത പശുവിനെ തുടര്‍ന്നും പരിപാലിക്കുക എന്നത് പ്രായോഗികമായ ഒരു കാര്യമല്ല,  പ്രത്യേകിച്ചു ഇന്‍ഡ്യന്‍ ദരിദ്ര കര്‍ഷകര്‍ക്കിടയില്‍ ,അവരെ  കൂടുതല്‍ ദരിദ്രരാക്കുക ,അങ്ങനെ അവസാനം ആ  ജീവിയെ പട്ടിണിക്കിട്ടൂ കൊല്ലുക എന്നതില്‍ കവിഞ്ഞു എന്താണ് ഇത്തരം നിര്‍ബന്ധ ബുദ്ധി കൊണ്ട് ഒന്നും സാധിക്കില്ല . ഭൂരിഭാഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഗോവധ നിരോധനം നടപ്പാക്കിയിട്ടുണ്ട് .ഈ പശുമാതാവാണ് ഉത്തരേന്ത്യയില്‍ കലാപമുണ്ടാകുന്നതിനുള്ള കാരണങ്ങളിലൊന്ന് ,പശുവിനെ സംരക്ഷിക്കാന്‍ മനുഷ്യരെ  എത്ര വേണമെങ്കിലും കൊന്നു തള്ളും .പക്ഷെ ഇന്നു  പശു ഒരു  ദേശീയ പ്രതീകമാണ്  ,അല്ലെങ്കില്‍ അങ്ങനെ ആക്കിത്തീര്‍ക്കേണ്ടത് ഹിന്ദു ഫാസിസത്തിന്റെ അനിവാര്യതയാണ് . യഥാര്‍ത്ഥത്തില്‍ പശുവിറച്ചി തിന്നുന്നതും ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് . ലോകത്തെ സകല ജീവജാലങ്ങളും നമ്മക്കു തിന്നാന്‍ വേണ്ടി പടച്ചോന്‍ ഉണ്ടാക്കിത്തന്നതാണെന്നു വിശ്വസിച്ചതു കൊണ്ടൊന്നുമല്ല ,പക്ഷെ  ഇത്തരം ഫാസിസത്തോടു എതിരിടാനുള്ള മാര്‍ഗ്ഗം അതു തന്നെയാണ് .



Ref:  
Buffalo Nationalism : A Critique Of Spiritual Fascism  by kancha ilayya
Picture courtesy : Google 

Tuesday, 20 August 2013

ഹൈന്ദവനും അതിഹൈന്ദവനും *

 1. വംശഹത്യയുടെ നീതീകരണങ്ങള്‍
 2. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ .

 ഈ പോസ്റ്റുകളുടെ തുടര്‍ച്ച .

കര്‍ണ്ണാടകയിലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചരണ പരിപാടികള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ ഒരു വൈകുന്നേരം ബാങ്ക്ലൂരുവില്‍ നിന്നു പഴയ ഒരു കോളേജ് മേറ്റ് വിളിക്കുന്നു .പശ്ചാത്തലത്തില്‍ ആവേശഭരിതമായ ആരവങ്ങള്‍ ,ശബ്ദ കോലാഹലങ്ങള്‍ ,അതിലും ആവേശത്തില്‍ അവന്‍ എന്നോടു പറയുന്നു

“ഇന്നു മോഡിജീ വരുന്നുണ്ട് ബാങ്ക്ലൂരില്‍ , നമ്മള്‍  ഹിന്ദുക്കള്‍ക്കു അങ്ങനെ നട്ടെല്ലുള്ള  നേതാവുണ്ടായി ”

തികച്ചും അപ്രതീക്ഷിതമായ ഈ പ്രസ്ഥാവന എന്നെ തെല്ലെന്നൊമ്പരപ്പിച്ചു .ഒരുമിച്ചു പഠിച്ചിരുന്ന കാലയളവിലൊന്നും ഞാനോ അവനോ  “ഹിന്ദുക്കളായിരുന്നില്ല” ,ഓര്‍മ്മയിലെങ്ങും അത്തരമൊരു സംഭാഷണവുമുണ്ടായിട്ടില്ല .പിന്നെപ്പോഴാണ് ഇങ്ങനെയൊരു പരിണാമമെന്ന എന്റെ അമ്പരപ്പ് മനസ്സിലാക്കിയിട്ടാവണം അവന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു . മോഡിജി വന്നാല്‍ രാജ്യത്തിന്റെ വികസനം നടക്കും - മോഡിജി മാത്രമാണ് ഭാരതത്തിന്റെ പ്രതീക്ഷ  അതു കൊണ്ട് മോഡീജിയെ പിന്തുണക്കേണ്ടത് ആവശ്യമാണ് . ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന ചെയ്യുന്ന ഒരാളില്‍ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു വന്ന രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റത്തിനുള്ള കാരണം അജ്ഞാതമായിരുന്നു .ആ സംശയത്തിനുള്ള ഉത്തരമാണ് വളരെ നിശബ്ദവും ആസൂത്രിതവുമായി  നടക്കുന്ന ഒരു സാംസ്കാരിക പരിണാമത്തിലേക്കു നമ്മളെ എത്തിക്കുന്നത് .


 മികച്ച പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ കളവുകളും അര്‍ദ്ധസത്യങ്ങളും ചേര്‍ത്തിളക്കിയ ഈ  “നമോ “ വികസന വാചകമടിയില്‍ പലതിന്റെയും ചെമ്പു പുറത്തായെങ്കിലും ഇപ്പോഴും ആ വാദങ്ങള്‍ക്കു മാറ്റമില്ല.  സത്യത്തില്‍ ഈ വികസന വാചാടോപങ്ങളെക്കാള്‍ ആശങ്കപ്പെടേണ്ടത് മൃദു ഹിന്ദുത്വത്തിലൂടെ  പൊതു ബോധത്തില്‍ സൃഷ്ടിക്കപ്പെടുന്ന  തീവ്ര ഹിന്ദുത്വത്തെയാണ് .ഇതു വളരെ നിശബ്ദം  സംഭവിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക പരിണാമമാണ് .


ഹിന്ദു സൈബര്‍ വാരിയേഴ്സ് 

ഹിന്ദു മതത്തിന്റെ നവോത്ഥാന പ്രേരകങ്ങളായി പുതിയൊരു തരം സമൂഹം രംഗ പ്രവേശം ചെയ്തിട്ടുണ്ട്  - മികച്ച വിദ്യാഭ്യാസവും സാമൂഹിക നിലയുമുള്ള ഒരു കൂട്ടര്‍ - ഇവരെ നമുക്കു നവയുഗ ഹിന്ദുക്കളെന്നു പറയാം . ഇവര്‍ പ്രകടമായി വര്‍ഗ്ഗീയത പറയില്ല ,ഹിന്ദുത്വത്തെക്കുറിച്ചൊന്നും അവര്‍ സംസാരിക്കുകയേയില്ല പകരം   സനാതന സംസ്കാരവും  ആര്‍ഷ ഭാരത സംസ്കാരവും പിന്‍ പറ്റുന്നവരാണ് ,പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ് [അതെന്താ പാരമ്പര്യത്തില്‍ അഭിമാനിക്കാന്‍ പാ‍ടില്ലെ ?? ഇത് നല്ല കൂത്ത് !!! ]   ,ഇവര്‍ അന്ധ വിശ്വാസികളല്ല - പക്ഷെ ജ്യോതിഷ ശാസ്ത്രം ,വാസ്തു ശാസ്ത്രം , നെഗറ്റീവ് - പോസിറ്റീവ്  എനര്‍ജി , ഓറ, ഒലക്കേട മൂട്  - എന്നിങ്ങനെ മോഡേണ്‍ ശാസ്ത്രത്തെ അപ്പാടെ അല്‍ഭുതപ്പെടുത്തിക്കളഞ്ഞ പല  ആര്‍ഷ ഭാരത ശാസ്ത്രങ്ങളുടെയും പ്രചാരകരാണ് [മൊട്ടു സൂചി മുതല്‍ ആണവായുധം വരെ  വേദങ്ങളിലും  ശ്ലോകങ്ങളിലുമുണ്ടെന്നു തെളിയിച്ചു കയ്യീതരും :)].  ഇന്റര്‍ നെറ്റാണ് ഇവരുടെ പ്രധാന കര്‍മ്മ മേഖല . സൈബറിടങ്ങളില്‍ ഹിന്ദു ഫാസിസത്തിന്റെ നുഴഞ്ഞു കയറ്റത്തെ കുറിച്ച് എന്‍ എസ് മാധവന്‍ ഒരു ലേഖനത്തില്‍  ചൂണ്ടിക്കാട്ടുന്നുണ്ട് .സൈബറിടത്തിന്റെ സംവാദമേഘലയില്‍ പകുതിയും ആസൂത്രിതമായ രീതിയില്‍  ഹിന്ദു ഫാസിസ്റ്റുകള്‍ കയ്യടക്കുകയാണ്. ഹിന്ദു സദാചാരം പ്രചരിപ്പിക്കാനാണ് ഇവര് ഇതുപയോഗിക്കുന്നത് .ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ആസൂത്രിതമായി ഇതിനു ചുക്കാന്‍ പിടിക്കുന്നവരെ എന്‍ എസ് മാധവന്‍ വിശേഷിപ്പിക്കുന്നത് ഹിന്ദു സൈബര്‍ വാരിയേഴ്സ് എന്നാണ് . ഇതേ അളവില്‍ തന്നെ ഇസ്ലാമിസ്റ്റുകളും സൈബര്‍ സ്പേസ് ഉപയോഗിക്കുന്നുണ്ടെങ്കിലും സക്കീര്‍ നായിക്കിന്റെ കോമഡി പ്രസംഗങ്ങളും നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ വെച്ച് ബാങ്ക് വിളി കേട്ടു മതം മാറിയതുമായ തമാശകളുമായി അത് അവര്‍ക്കിടയില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നത്ര നിസ്സാരമാണ്. പക്ഷെ ഹിന്ദു ഫാസിസത്തിന്റെ ആസൂത്രിതമായ പ്രചരണം ഒരല്പം ബൌദ്ധികമായ ലെവലിലാണുള്ളത് ,ഒറ്റ നോട്ടത്തില്‍ അതില്‍ മതം എന്ന എലമെന്റ് വളരെ കുറവായിരിക്കും .അതു കൊണ്ട് തന്നെ ഹിന്ദുത്വയോട് അനുഭാവമില്ലാത്ത ഒരാളെ  പോലും അതു ആകര്‍ഷിക്കും - മോഡിയുടെ ആരാധകരില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും പോലുമുണ്ട് .ഇത് ഗുജറാത്തിന്റെ വികസനം കണ്ടിട്ടാണെങ്കില്‍ ലിവിങ്ങ് ഇന്റെക്സിലും , ആരോഗ്യ പരിപാലന രംഗത്തും ഒക്കെ കേരളത്തിന്റെ പിന്നിലാണ്  ഈ പുകള്‍ പെറ്റ ഗുജറാത്ത് , സുസ്ഥിര വികസന മാതൃകയില്‍ നിതീഷ് കുമാറിന്റെ ബീഹാറിനോളം പോലുമില്ല[സ്റ്റാറ്റീസ്റ്റിക്സ് ചെക്കു ചെയ്യുക ,തല്‍ക്കാലം ഇതിലതു മുഴുവന്‍ ചേര്‍ക്കാന്‍ നിവൃത്തിയില്ല  ] എന്നിട്ടൂം ഈ വികസനത്തിനു വേണ്ടി നരേന്ദ്ര മോഡിയെ പിന്തുണക്കുന്നു എന്ന വാദം നേരത്തെ സൂചിപ്പിച്ച ആസൂത്രിത പ്രചരണത്തിന്റെ ഫലമാണ് . വികസനം എന്ന പ്രധാന വാദത്തിനിടയില്‍ ഒളിച്ചു കടത്തപ്പെടുന്ന അടിസ്ഥാന ആശയം ഹിന്ദുത്വ തന്നെയാണ് . 


സെമിറ്റിക് മതങ്ങളിലെ സ്ത്രീ വിരുദ്ധതയെയും അക്രമണോത്സുകതയെയും നിരന്തരം വിമര്‍ശിക്കുകയും അത്  നില നില്‍ക്കുന്ന രാജ്യങ്ങളിലെ മനുഷ്യ വിരുദ്ധതയെ തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട് ഈ നവ യുഗ ഹിന്ദുക്കള്‍ . വിരോധാഭാസമെന്നു പറയട്ടെ ഈ നവയുഗ ഹിന്ദുവിന്റെ മാതൃക  അവര്‍ തന്നെ നിരന്തരം വിമര്‍ശന വിധേയമാക്കുന്ന  സെമിറ്റിക് മതങ്ങളാണ് ,പരിഹാസമുതിര്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങളാണ് . എം എഫ് ഹുസ്സെയിനോടുള്ള നിലപാടിനെ കുറിച്ചു ചോദിച്ചാല്‍ അവരുടെ മറുപടി സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച ആയത്തൊള്ളാ ഖൊമേനിയുടെ നടപടി  നിങ്ങള്‍ കാണുന്നില്ലേ എന്ന മറുചോദ്യമായിരിക്കും . ഗോവധ നിരോധനത്തിന്റെ പ്രായോഗികതയെ കുറിച്ചു  ,ഹിന്ദു മത ചരിത്രത്തില്‍ എവിടെയാണ് ഗോ വധ നിരോധനമുള്ളതെന്ന ചോദ്യത്തിന്  പന്നി മാംസം ഹറാമക്കിയ സൌദി അറേബ്യയെ ഉദാഹരിച്ചു  ലളിതമായി  ഒഴിഞ്ഞു മാറും .യഥാര്‍ത്ഥത്തില്‍ ഈ നവയുഗ ഹിന്ദുക്കള്‍ തീവ്രമായി ആഗ്രഹിക്കുന്നതും നിഗൂഡമായി ആരാധിക്കുന്നതും സൌദി അറേബ്യയെയോ താലിബാനെയോ  പോലെയുള്ള ഇസ്ലാമിക രാജ്യങ്ങളെ  തന്നെയാണ് ,[ഒരു സില്‍മേല്‍ മമ്മൂട്ടി പറയണ പോലെ വെറുത്തു വെറുത്തു സ്നേഹിച്ചു പോയി :) ]. മതമെന്ന നിലയില്  ഒരു മേല്‍കൈ നേടിയ ഒരധികാരം  ലഭിച്ചാല്‍ അതു നടപ്പാക്കുകയും ചെയ്യും . കര്‍ണ്ണാടകയില്‍ സംഭവിച്ച ബീഫ് നിരോധനവും മത പോലീസിനെ അനുകരിച്ചു കൊണ്ട് ശ്രീരാമ സേനയുടെ രൂപീകരണവും അതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് .




Patriots and partisans  എന്ന  കൃതിയില്‍ രാമചന്ദ്ര ഗുഹ ഈ നവയുഗ ഹിന്ദുക്കളെ പരാമര്‍ശിക്കുന്നുണ്ട് . രാമചന്ദ്ര ഗുഹയുടെ ഹിന്ദുത്വ വിമര്‍ശന ലേഖനങ്ങള്‍ക്കുള്ള പ്രതികരണങ്ങളെന്ന നിലയ്ക്കു വരുന്ന നൂറു കണക്കിനു മെയിലുകളില്‍ “ഹിന്ദുത്വ” യുടെ സ്വരം ഏറിയും കുറഞ്ഞും ഉപദേശമായും ഭീഷണിയായും ഒക്കെ കടന്നു വരുന്നു .  പാക്കിസ്ഥാന്‍ ചാ‍രനെന്നും ഭാരതീയ പൈതൃകത്തെ നശിപ്പിക്കാന്‍ വേണ്ടി സി ഐ ഐ യുടെ പണം പറ്റുന്നവനെന്നുമെല്ലാം ആരോപിക്കുന്നു ,പിടിച്ചു ജയിലിലിടുമെന്നു ഭീഷണിപ്പെടുത്തുന്നു .



കാവിവല്‍ക്കരണം  [saffronisation ]



Illustration from a children's book. The headlines say "Jews are our misfortune" and "How the Jew cheats." Germany, 1936. -US Holocaust Memorial Museum

Propaganda tries to force a doctrine on the whole people ...propaganda works on the general public from the stand point of an idea and makes them ripe for the victory of this idea - Mein Kampf. 



ജര്‍മ്മനി ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ അതിന്റെ നാസി വല്‍ക്കരണത്തിനു നാന്ദി കുറിച്ചത് ആക്രമണ പദ്ധതിയിലൂടെയായിരുന്നില്ല ,മറിച്ച് ജൂതര്‍ക്കെതിരെ പാഠ പുസ്തകങ്ങളിലൂടെ ,സിനിമയിലൂടെ ,മറ്റ് കലാരൂപങ്ങളിലൂടെ ,ബുദ്ധിജീവി പ്രസംഗങ്ങളിലൂടെ  ആസൂത്രിതമായ ഒരു പ്രൊപഗാണ്ട പൊതു ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു ,അതിനനുകൂലമായ ഒരു പൊതു നിലപാട് ഉണ്ടാക്കിയെടുക്കുന്നതിലൂടെയാണ് .


കാവിവല്‍ക്കരണം കേവലമൊരു വര്‍ഗ്ഗീയ നിലപാട് എന്നതിലുപരി ബുദ്ധിപരമായ ആസൂത്രണത്തിലൂടെ പൊതു സമൂഹത്തിലേക്കു സംക്രമിപ്പിച്ച ഒരു പദ്ധതിയായിരുന്നു. ബാബറീ മസ്ജിദ് ധ്വംസനത്തിനു ശേഷം കായികമായി നേടിയ ഒരു മുന്‍ കൈ ബൌദ്ധിക തലത്തില്‍ കൂടി വ്യാപിപ്പിക്കാന്‍ സംഘത്തിനു പദ്ധതിയുണ്ടായിരുന്നു .ബാജ് പേയീ മന്ത്രി സഭക്കൊരു ഊഴം കൂടി കിട്ടിയിരുന്നെങ്കില്‍  മുരളീ മനോഹര്‍ ജോഷിയിലൂടെ ,അരുണ്‍ ഷൂരിയിലൂടെ ,ബി ജെ പി കാരനല്ലാത്ത സുബ്രമുണ്യം സ്വാമിയിലൂടെ ഒക്കെ അടുത്ത ഘട്ടത്തിലേക്കെത്തുമായിരുന്നു. പ്രമോദ് മുത്തലിക്കോ ,തൊഗാഡിയെയോ ഉണര്‍ത്തി വിടുന്ന പോലെയുള്ള  മന്തന്മാരായ തീവ്രമതവാദികളല്ല  ഇവരുടെ ടാര്‍ജറ്റ്  - ചിന്തിക്കുന്ന ,വിവേകമുള്ള ഒരു പൊതു സമൂഹത്തിനെയാണ് ഇത്തരം ബൌദ്ധിക ആശയ പ്രചരണങ്ങളിലൂടെ ഇവര്‍ ലക്ഷ്യം വെക്കുന്നത് ,അവരുടെ പ്രതിച്ഛായ അതിനു സഹായകവുമാണ് .സംഘത്തിന്റെ  ശാഖകളിലെ പ്രധാന ബോധന രീതിയാണ് ഭാരതത്തിന്റെ അഖണ്ഡതക്കു ,പുരോഗതിക്കു തടസ്സം നില്‍ക്കുന്നത് കമ്യൂണിസ്റ്റുകളും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണെന്നത് ,ഈ ആശയം ഗോള്‍വാള്‍ക്കറിന്റേതാണെങ്കിലും ഇതിനു താത്വികവും സൈദ്ധാന്തികവുമായ ഒരു പരിഭാഷ്യം ഒരുക്കുന്നത് അരുണ്‍ ഷൂരിയുടെ പുസ്തകങ്ങളാണ് .സുബ്രമുണ്യം സ്വാമി ഈയിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി ആര്‍ഷ ഭാരത സംസ്കാരത്തെ മാനിക്കാത്ത  ഇതര മതസ്ഥര്‍ക്കു വോട്ടു ചെയ്യാനുള്ള അവകാശം നല്‍കരുതെന്ന് - ഒരു മതേതര ജനാധിപത്യരാജ്യത്തു ഇങ്ങനെയൊരു പ്രസ്ഥാവന നടത്തുവാനുള്ള ശ്രമം പോലും അപലപനീയമാണ് ,എന്നിട്ടു പോലും പൊതു സമൂഹം അതു ചര്‍ച്ച ചെയ്തത്  ഒരു തിങ്ക് ടാങ്ക് ,Harvard University Doctorate Holder  അങ്ങനെ പറഞ്ഞെങ്കില്‍ അതിലെന്തെങ്കിലും കാര്യമുണ്ടാകില്ലെ എന്ന രീതിയിലാണ് .ഇവിടെയാണ് ബൌദ്ധികമായ പ്രചരണ രീതിയുടെ വിജയം .

പൊതുസമൂഹത്തിലുള്ള പ്രതിച്ഛായ ഇവിടെ വളരെ പ്രധാനപ്പെട്ടതാണ് . മുഹമ്മദാലി ജിന്നയോ വീര്‍ സവര്‍ക്കറോ സൃഷ്ടിച്ചെടുത്തതിലുമധികം വിഭാഗീയത തുര്‍ക്കി സുല്‍ത്താന്റെ ട്രൌസറിഴിഞ്ഞു പോയതിനുള്ള സമരമായ ഖിലാഫത്തിനെ സപ്പോര്‍ട്ട് ചെയ്തതിലൂടെ മഹാത്മാഗാന്ധിയും ,ദേശീയസ്വാതന്ത്ര്യ സമര മുന്നേറ്റത്തില്‍ ഗണേശോത്സവം അവതരിപ്പിച്ചതിലൂടെ ബാലഗംഗാധര തിലകനും ഉണ്ടാക്കിയിട്ടുണ്ടാകണം .

മുരളീ മനോഹര്‍ ജോഷി വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന ബാജ് പേയി മന്ത്രിസഭയുടെ കാലത്താണ്   “വിദ്യാഭ്യാസത്തിന്റെ കാവി വല്‍ക്കരണത്തിനു നാന്ദി കുറിച്ചത്  NCERT [National Council Of Education Research and Training ] യുടെ പ്രൈമറി ക്ലാസ്സ് പാഠ്യപദ്ധതിയില്‍ നിന്നു ഹിന്ദുത്വക്കു അനുകൂലമല്ലാത്ത ,”വിവാദമായ “  ചരിത്രം മുഴുവന്‍ ഇല്ലായ്മ ചെയ്യാനായിരുന്നു ആദ്യ   ശ്രമം .റോമീളാ ഥാപ്പറിന്റെയും  ആര്‍ എസ് ശര്‍മ്മയുടെയും Ancient India യെ കുറിച്ചുള്ള ചരിത്ര പാഠങ്ങളിലായിരുന്നു ഈ കത്രിക വെക്കല്‍ .അതു കൂടാതെ NCERT യുടെ പാഠ്യ പദ്ധതി  പുന ക്രമീകരിക്കുക കൂടി ചെയ്തിരുന്നു . ചെറുപ്രായത്തില്‍ തലച്ചോറില്‍ കുത്തിക്കയറ്റി ഉറപ്പിച്ചു വെച്ചു കഴിഞ്ഞാല്‍ അത് തിരസ്കരിക്കുക അത്ര എളുപ്പമല്ലല്ലോ . [സെമിറ്റിക് മതങ്ങള്‍ ബുദ്ധിയുറക്കാത്ത കാലത്തു തന്നെ നിര്‍ബന്ധിതമായി മത ബോധനം നടത്തുന്നത് ഈ മനശാസ്ത്രത്തിന്റെ പുറത്താണ്  - മദ്രസയും സണ്ഡേ സ്കൂളുമൊന്നും ഇല്ലായിരുന്നെങ്കില്‍ എത്ര പേര്‍ ആ മതങ്ങളില്‍ തുടരുമെന്നത് മറ്റൊരു തമാശയാണ് :) ]

നാസി ഭരണ കാലത്തു ജര്‍മ്മന്‍ പാഠ പുസ്തകങ്ങളില്‍ കഥകളായും ചിത്രങ്ങളായും ജൂത വിദ്വേഷം പരത്തുന്ന പാഠ ഭാഗങ്ങളുണ്ടായിരുന്നു ,Poisonous Mushroom എന്ന കുട്ടികള്‍ക്കുള്ള കഥയില്‍ ജൂതന്മാരെ വിഷക്കൂണുകളുമായാണ് താരതമ്യപ്പെടുത്തുന്നത് , .A boy with striped pajamas എന്ന ഹോളോകോസ്റ്റ് സിനിമയില്‍ ഈയൊരു ബോധനത്തിന്റെ തെളിവുകള്‍ ഒരു ചെറിയ പെണ്‍ കുട്ടിയിലൂടെ കാണിക്കുന്നുമുണ്ട്.വിദ്യാഭ്യാസത്തിലൂടെയുള്ള പ്രൊപാഗാണ്ട എളുപ്പവും ത്വരിത ലക്ഷ്യപ്രാപ്തിയുള്ളതുമാണ്  .

മുരളീ മനോഹര്‍ ജോഷിയുടെ കാര്‍മ്മികത്വത്തില്‍ ജോതിഷം ശാസ്ത്രമായി യൂണിവേഴ്സിറ്റി സ്ഥാപിക്കാനും , സനാതന സംസ്കൃതി 
,അതായത് ഹിന്ദു ആചാരങ്ങള്‍ ഒരു പാഠ്യപദ്ധതിയായി വികസിപ്പിക്കാനും ശ്രമമുണ്ടായിരുന്നു .റോമീളാ ഥാപ്പറിനെ പോലുള്ള ഗവേഷകരുടെ എതിര്‍പ്പു വിവാദമായതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം എന്ന സംഞ്ജക്കു ഒരു സ്ഥിതീകരണം ഉണ്ടാകുന്നത്  .എന്നും പരസ്യമായി തന്നെ ഹിന്ദുത്വയെ അനുകൂലിച്ചിരുന്ന ,റൊമീളാ ഥാപ്പറിനെയും കെ എം പണിക്കരെയും ശത്രുസ്ഥാനത്തു കണ്ടിരുന്ന എം ജി എസ് നാരാ‍യണനായിരുന്നു  അക്കാലത്തു ICHR {Indian Council of Historical Research ] ന്റെ ചെയര്‍മാന്‍ സ്ഥാനത്തു   യാദൃശ്ചികമല്ല .എക്കാലത്തും ഫാസിസത്തിന്റെ മുഖ മുദ്ര ചരിത്രത്തെ തമസ്കരിക്കലാണ് ,അതിനെ ഇല്ലായ്മ ചെയ്യലാണ് . സ്റ്റാലിന്റെ കാലത്തു റഷ്യയില്‍ ചരിത്ര ഫോട്ടോഗ്രാഫുകളില്‍ പോലും  നടത്തിയ  കൃത്രിമങ്ങള്‍ [ഫാള്‍സിഫിക്കേഷന്‍ ഓഫ് ഫോട്ടോഗ്രാഫ് ] അധികാരികളെ ചരിത്രം എത്ര കണ്ട് ആകുലപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണ് .


ഹിന്ദുത്വ എന്നല്ല ഏതൊരു മൌലികവാദവും ശക്തിപ്രാപിക്കുന്നത് അതിന്റെ ബൌദ്ധിക പ്രചാരണങ്ങളിലൂടെയാണ് ,പൊതു സമൂഹത്തില്‍ അത് സൃഷ്ടിക്കുന്ന പ്രതിലോമകരമാ‍യ ആശയങ്ങളിലൂടെയാണ് .അധികാരമാണ് അതിനെ ശക്തിപ്പെടുത്തുന്നത് ,അതിന്റെ വേഗത ത്വരിത ഗതിയിലാക്കുന്നത് .നരേന്ദ്ര മോഡി ഭരണത്തില്‍ വന്നാലുടന്‍ തന്നെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുമെന്നോ ,ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്നോ എന്നൊന്നും ഞാന്‍ കരുതുന്നില്ല .പക്ഷെ ഹിന്ദു രാഷ്ട്ര രൂപീകരണമെന്ന ദീര്‍ഘകാല അജണ്ടയുടെ ഫലപ്രാപ്തി കുറച്ചു കൂടി ത്വരിത ഗതിയിലാകും .
 



Ref: United States Holocaust Memorial Museum
       Patriots and Partisans : Ramachandra guha .

ഹൈന്ദവനും അതിഹൈന്ദവനും *   ഓ . വി വിജയന്റെ ഒരു ലേഖന സമാഹാരത്തിന്റെ തലക്കെട്ടാണ് .

Tuesday, 30 July 2013

വന്‍ മരങ്ങള്‍ വീഴുമ്പോള്‍ .

“Some riots took place in the country following the murder of Indiraji. We know the people were very angry and for a few days it seemed that India had been shaken. But, when a mighty tree falls, it is only natural that the earth around it does shake a little.”  - Rajeev Gandhi 


“വന്‍ മരങ്ങള്‍ വീഴുമ്പോള്‍ അതിനു ചുറ്റുമുള്ള ഭൂമി കുലുങ്ങുന്നതു സ്വാഭാവികമാണ് "

ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു ശേഷം നടന്ന ക്രൂരമായ സിഖ് കൂട്ടക്കൊലയെ രാജീവ് ഗാന്ധി വിശേഷിപ്പിച്ചതു ഇങ്ങനെയാണ് ,ഗോധ്ര കൂട്ടക്കൊലയെ പറ്റിയുള്ള ചോദ്യത്തില്‍ നരേന്ദ്ര മോഡി വിശദീകരിച്ചത്  കാറിനടിയില്‍ പെട്ടു ചാവുന്ന നായകളോടെന്ന പോലെ എനിക്കു സഹതാപമുണ്ടെന്നും [അഭിമുഖം ഞാന്‍ കേട്ടതാണ് ,അതു തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു ,നായ് കുട്ടികളോടുള്ള സ്നേഹമാണ് മോഡി ഉദ്ദേശിച്ചതെന്നൊക്കെയുള്ള വ്യാഖ്യാന ഫാക്ടറിക്കാര്‍ ക്ഷമിക്കുക ].

എന്തൊരു സാമ്യമാണ് ,അധികാരത്തിന്റെ ,അതിന്റെ വിദ്വേഷം നിറഞ്ഞ ധാര്‍ഷ്ട്യത്തിന്റെ ഫലമായുണ്ടായ ഒരു കൂട്ടക്കൊലയെ വിശേഷിപ്പിക്കാന്‍ അതിനുത്തരവാദികളായവര്‍ ഉപയോഗിച്ച പദ പ്രയോഗങ്ങള്‍ക്കു !!! .എത്ര ലളിതമായാണ് ബാധിക്കപ്പെട്ടവരെ നിസ്സാര വല്‍ക്കരിക്കുന്നത് !!! .എല്ലാ കൂട്ടക്കൊലകള്‍ക്കും വംശ ഹത്യകള്‍ക്കും അവിശ്വസനീയമാം വിധം ലളിതമായ കാരണങ്ങളാണ് അതിനുത്തരവാദികളായവര്‍ നല്‍കുക.

രാജീവ് ഗാന്ധി പറഞ്ഞ ആ  “കൊച്ചു  ഭൂമി കുലുക്കത്തില്‍ “ എണ്ണായിരത്തോളം നിരപരാധികളായ സിക്കുകാരെയാണ് തിരഞ്ഞു പിടിച്ചു ഇല്ലാതാക്കിയത് ,ഒരു പാട് സിക്കുകാര്‍  ഭവന രഹിതരായി രാജ്യ തലസ്ഥാനത്തു നിന്നു പലായനം ചെയ്തു .ജൂതന്മാര്‍ രാജ്യ പുരൊഗതിക്കു തടസ്സമാകുന്നു എന്ന കാരണമാണ് ജൂതവംശ ഹത്യക്കു ഹിറ്റ്ലര്‍ കാരണമായി പറഞ്ഞത് . എട്ടു ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ട റുവാണ്ടന്‍ വംശ ഹത്യക്കു കാരണം ടുട്ടു വംശജനായ റുവാണ്ടന്‍ പ്രസിഡണ്ട്  വിമാനാപകടത്തില്‍ കൊല്ലപ്പെടുന്നതിന്റെ പകരം വീട്ടലാണ് [അതിനു മുമ്പേ തന്നെ ടുട്ടു - ഹുട്സു വംശജര്‍ തമ്മില്‍ നീറിപ്പുകയുന്ന വംശീയ വിദ്വേഷമുണ്ടായിരുന്നുവെങ്കിലും ആ കൂട്ടക്കൊലക്കു കാരണം ഇതായിരുന്നു ]
 - എങ്ങനെയാണ് കലാപങ്ങള്‍ക്കും വംശഹത്യകള്‍ക്കും അതിനു നേതൃത്വം നല്‍കുന്നവര്‍ ഇത്ര ലളിതമായ യുക്തിയില്‍ വിശദീകരിക്കുന്നതു ? അതില്‍ പങ്കാളികളാകുന്നവര്‍ക്കും അതിനെ ന്യായീകരിക്കുന്നവര്‍ക്കും എങ്ങനെയാണ് ഇങ്ങനെയുള്ള നിസ്സാര കാരണങ്ങള്‍ ദഹിക്കുന്നത് ? 

യഥാര്‍ത്ഥത്തില്‍ ബാധിക്കപ്പെടുന്നതു വരേക്കും എല്ലാവര്‍ക്കും ഇതു വളരെ നിസ്സാരവും ലാഘവുമായി പരിഗണിക്കാനാകും  എന്നതാണ് യാഥാര്‍ത്ഥ്യം . ഇസ്ലാമിക രാജ്യങ്ങളിലെ ആഭ്യന്തര വംശ ഹത്യകളെയും പാക്കിസ്ഥാനിലെ ഹിന്ദു പീഡനങ്ങളെയും  ഇതു പോലെ നിസ്സാര കാരണങ്ങളെ കൊണ്ടു തന്നെയാണ് അതത് ഇടങ്ങളിലെ ഇസ്ലാം മതസ്ഥര്‍ ന്യായീകരിക്കുന്നത് .  ഹിറ്റ്ലറിന്റെ ജൂതഹത്യയെ അനുകൂലിക്കുന്ന [ഇസ്രയേലി വിരുദ്ധ വികാരം കൊണ്ട് ] ഒരു പാട് ഇസ്ലാം മതസ്ഥരെ ഞാന്‍ കണ്ടിട്ടുണ്ട് ,എന്തിന് ജൂതന്മാരെ ഇല്ലാതാക്കാനുള്ള പടച്ചവന്റെ സൃഷ്ടിയാണ് ഹിറ്റ്ലര്‍ എന്നു വരെ പറഞ്ഞു കേട്ടിട്ടുണ്ട് .വെറുപ്പും വിദ്വേഷവും ആളുകളില്‍ എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത് .

ഇതെല്ലാം സ്വാഭാവികമായ ഒരു പ്രതിപ്രവര്‍ത്തനമെന്ന നിസ്സാരവല്‍ക്കരണത്തിനപ്പുറത്തു കൃത്യമായ ആസൂത്രണവും പ്രചരണവും ഉണ്ടെന്നതിനു വ്യക്തമായ തെളിവുകളുണ്ട്. മാധ്യമങ്ങളുടെയും ഉത്തരവാദിത്തപ്പെട്ട അധികാരികളുടെയും പങ്കു ധം  ഇതില്‍ പ്രധാനപ്പെട്ടതാണ് - സിഖ് കൂട്ടക്കൊലയായാലും ജൂത ഹത്യയായാലും ഗോധ്രാ കലാപമായാലും എരിതീയില്‍ എണ്ണയൊഴിക്കും വിധമുള്ള വ്യാജ വാര്‍ത്തകള്‍ ആളുകളെ ഒരു തരം ഹിസ്റ്റീരിയാ ബാധിതരാക്കി തീര്‍ക്കുകയായിരുന്നു .അതോടൊപ്പം പോലീസ് ഉദ്യോഗസ്ഥരുടെയും മറ്റ് ഒഫിഷ്യലുകളുടെയും നേരിട്ടുള്ള പങ്കും

എന്‍ എസ് മാധവന്റെ “വന്‍ മരങ്ങള്‍ വീഴുമ്പോള്‍ “ എന്ന കഥ 1984 ലെ സിക്കു കൂട്ടക്കൊലയില്‍ നിന്നു ഒരു സിക്ക് യുവതിയെയും അവരുടെ ഏഴു വയസ്സുള്ള കുട്ടീയെയും  കുറച്ചു കന്യാസ്ത്രീകള്‍  രക്ഷിക്കാന്‍ ശ്രമിക്കുന്നതാണ് . ആ കുട്ടിയുടെ മതപരമായ ഐഡന്റിറ്റി  -അവന്റെ ശിരോ വസ്ത്രം മാറ്റുമ്പൊള്‍  ത്വക്കിലുള്ള നിറവ്യത്യാസം കണ്ടു  ആകന്യാസ്ത്രീകള്‍  ആശങ്കപ്പെടുന്നു ,കാരണം സിക്കുകാരനെന്ന ഓരോ അടയാളവും മരണത്തിലേക്കുള്ള ഒരു കാരണമായിരുന്നു  .ജൂത വംശ ഹത്യയില്‍ ജൂതന്മാരുടെ ശാരീരിക സവിശേഷതകള്‍ -കണ്ണിന്റെയും മൂക്കിന്റെയുമൊക്കെ പ്രത്യേകതകളായിരുന്നുവത്രെ ഈ അടയാളങ്ങള്‍ .ഗോധ്രയിലും അതു തന്നെയാണ് ചെയ്തതും -സുന്നത്തു ചെയ്ത ലിംഗവും തട്ടമിട്ട പെണ്ണും തിരഞ്ഞു പിടിച്ചു വേട്ടയാടപ്പെട്ടു .വംശ ഹത്യ [Genocide] ന്റെ പ്രാഥമിക ലക്ഷണം തന്നെ മറ്റുള്ളവരില്‍ നിന്നു വേറിട്ടു തിരഞ്ഞു പിടിച്ചു ആക്രമിക്കുക എന്നതാണ് .



മോഡി നിരപരാധിയാണ്  !!!!

മോഡി നിരപരാധിയാണ് !!! ഈയൊരു വാദത്തിന്റെ സാധൂകരണത്തിനായി ഹിന്ദു - മിതവാദി ആരാധക വൃന്ദങ്ങള്‍ [ഹിന്ദു തീവ്രവാദ ആരാധകര്‍ - മോഡി അതു ചെയ്തെങ്കില്‍ കണക്കായി പോയി വാദക്കാരാണ്  - ഹിറ്റ്ലറെ ഒക്കെ പരസ്യമായി ആരാധിക്കാന്‍ മടിയില്ലാത്തവര്‍ക്കു മോഡി ചെയ്തതു പോരാ എന്ന അഭിപ്രായമാണ് . ]  പൊതു സമൂഹത്തിനു മുന്നിലേക്കു പ്രധാനമായും രണ്ട് വാദങ്ങളാണ് മുന്നോട്ടു വെക്കാറുള്ളത് .

 ഒന്നാമത്തെ വാദം -  ഗുജറാത്തു കലാപം ഗോധ്ര ട്രയിന്‍ അപകടത്തെ തുടര്‍ന്നുണ്ടായ ഒരു കോളാട്രല്‍ ഡാമേജ് അല്ലെങ്കില്‍ സ്വാഭാവിക പ്രതിപ്രവര്‍ത്തനം മാത്രമാണ് ,ആ സംഭവത്തില്‍ ദുഖിതരായ നാട്ടുകാര്‍ നടത്തിയ രൊഷപ്രകടനം മാത്രമായിരുന്നു ആ കലാപം. അതില്‍ ആസൂത്രിതമായി ഒന്നുമില്ല.  [ഈ സ്വാഭാവിക പ്രതിപ്രവര്‍ത്തനമാണ് മിക്കവാറും എല്ലാ വംശ ഹത്യകളുടെയും കാരണം - സിഖ് കൂട്ടക്കൊല ,റുവാണ്ടന്‍ കലാപം ,ശ്രീലങ്കന്‍ തമിഴ് വംശ ഹത്യ]


മന്ത്രിസഭയില്‍ അംഗമായ മായാ കോഡ്നാനിയുടെയും ബജ്രംഗ് ദള്‍ നേതാവ് ബാബു ബജ്രംഗിയുടെയും നേരിട്ടുള്ള  പങ്കാളിത്തം സശയമേതുമില്ലാതെ തെളിഞ്ഞതോടെ ഈയൊരു വാദം പൊളിയുന്നു . ബാബു ബജ്രംഗി ടെഹല്‍ക്കയുടെ ഒളി ക്യാമറയില്‍ ജീവനുള്ള മനുഷ്യരെ പച്ചക്കു ചുട്ടുവെന്നു പറയുമ്പോള്‍ അയാളുടെ കണ്ണുകളിലെ ആര്‍ത്തി എന്നെ കുറച്ചൊന്നുമല്ല അമ്പരമ്പിച്ചത് . ഗൈനക്കോളജിസ്റ്റും സംസ്ഥാനത്തെ ശിശുക്ഷേമ മന്ത്രിയുമായ മായാ കോഡ്നാനി  കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊല നടത്താനായി ആവേശം പകര്‍ന്നു ആ കൂട്ടക്കൊലയുടെ നേതൃത്വം വഹിച്ചിരുന്നു

രണ്ടാമത്തെ വാദം - ഒന്നാമത്തെ വാദത്തിന്റെ അര്‍ത്ഥശൂന്യത വെളിവാകുമ്പോള്‍ അതു സമീകരിക്കാനാണ് ഈ രണ്ടാം വാദം ഉപയോഗിക്കുക  - ഗുജറാത്തു കലാപത്തില്‍ മോഡി മന്ത്രിസഭയിലെയും  .സംഘത്തിന്റെ തലപ്പത്തുള്ള ആളുകളും ഉള്‍പ്പെട്ടിരിക്കാം പക്ഷെ നരേന്ദ്ര മോഡി നിരപരാധിയും നിസ്സഹായനുമായിരുന്നു  ,അതു അദ്ദേഹത്തിനു അറിവുള്ള കാര്യമല്ല .


ഒരു കേഡര്‍ സംഘടന / പാര്‍ട്ടിയുടെ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചറിനെ പറ്റി ,അതിന്റെ മോഡസ് ഓപ്പറാണ്ടിയെ പറ്റി അല്പമെങ്കിലും ധാരണയുള്ള ആളുകള്‍ ഈ വാദത്തെ ഒരു ഫലിതത്തിനപ്പുറം കാണില്ല . ആര്‍ എസ് എസ് പോലെയുള്ള ഒരു കേഡര്‍ സംഘടനയുടെ ശൈലിയില്‍ പ്രധാനപ്പെട്ടതാണ് അതിന്റെ Hierarchy of Control Level ,മേല്‍ ഘടകത്തിന്റെ അനുമതിയില്ലാതെ ഒരില പോലും അനങ്ങാത്തത്ര സംഘടനാ രീതിയാണ് ഇതില്‍ നില നില്‍ക്കുന്നത്.. മോഡി മന്ത്രിസഭയിലെ ഒരു മന്ത്രിയോ സംഘത്തിലെ ഒരു ചെറു കിട നേതാവോ മേല്‍ ഘടകത്തിന്റെ അനുമതിയില്ലാതെ ഇതിനു നേതൃത്വം നല്‍കി എന്നു പറഞ്ഞാല്‍ അതു അവിശ്വസനീയമാണ് . മോഡി  അറിയാതെ ഗുജറാത്തില്‍ സംഘത്തിന്റെ ഒരു നീക്കം പോലും ഉണ്ടാകില്ല - അതാണ് സംഘത്തിന്റെ ഓര്‍ഗനൈസേഷന്‍ സ്ട്രക്ചര്‍ [അല്ലെന്നു ഏതെങ്കിലും ആര്‍ എസ് എസ് കാരന്‍ പറയട്ടെ .


മൂന്നാമത്തെ വാദം -  മേല്‍പ്പറഞ്ഞ രണ്ട് വാദങ്ങളുടെയും പൊള്ളത്തരങ്ങള്‍ പൊളിയുമ്പോള്‍ ഉയര്‍ന്നു വരുന്ന മറ്റൊരു വാദമാണ്  - മോഡി കുറ്റവാളിയാണെങ്കില്‍ കുറ്റം തെളിയിക്കട്ടെ ,ഇന്‍ഡ്യയിലെ ഏറ്റവും മികച്ച അന്വേഷണ വിഭാഗം പോലും മോഡിക്കിതില്‍ പങ്കില്ലെന്നു റിപ്പോര്‍ട്ടു നല്‍കിയിട്ടുണ്ട് -  തെളിയാത്ത കേസില്‍ ആരോപണമുന്നയിക്കുന്നത് അധാര്‍മ്മികമാണ് ,

ഈ വാദത്തിന്റെ പരിഹാസ്യത എവിടെയാണെന്നറിയുമോ ? ഈ വാദമുന്നയിക്കുന്നവര്‍ തന്നെ  തെളിയാത്ത [കേന്ദ്രവും സി ബി ഐ യും  കോണ്‍ഗ്രസ്സ് മാത്രമല്ല ബി ജെ പി യും ഭരിച്ചിരുന്നു ] ബൊഫോഴ്സ് കേസും ,ഐസ്ക്രീം - കുഞ്ഞാലിക്കുട്ടി കേസുമെല്ലാം ഇപ്പോഴും പരാമര്‍ശിച്ചു കൊണ്ടിരിക്കും. ഈ കേസുകള്‍ ജെനുവിനാണെന്നു സാമാന്യ ബോധമുള്ള മിക്കവാറും എല്ലാവര്‍ക്കുമറിയാം ,പക്ഷെ കേസ് നിയമപരമായി തെളിഞ്ഞിട്ടില്ല - കേസുകള്‍ നിയമ പരമായി തെളിഞ്ഞിട്ടില്ല എന്നതിനര്‍ത്ഥം അവിടെ കുറ്റ കൃത്യമുണ്ടായിട്ടില്ല എന്നു മാത്രമല്ല - അവിടെ അധികാരവും സ്വാധീനവും സമ്പത്തും ആ കുറ്റകൃത്യം തെളിയിക്കാനുള്ള ശ്രമത്തെ പരാജയപ്പെടുത്തു എന്നതു കൂ‍ടിയാണ് . ഇവിടെ മോഡിക്കു ഈ പറഞ്ഞ ഘടകങ്ങള്‍ കൂടാതെ മറ്റൊരു അനുകൂല ഘടകം കൂടിയുണ്ട് അതാണ് മേല്‍ പറഞ്ഞ “സംഘടനാ രൂപം “  ജീവന്‍ പോയാലും മേല്‍ ഘടകത്തിലെ ഒരു  നേതാവിനെതിരെ ഒരു സംഘിയും മൊഴി കൊടുക്കില്ല ,വേണമെങ്കില്‍ ജീവന്‍ കൊടുക്കും .


ഗുജറാത്തു കലാപത്തില്‍ ഗവണ്മെന്റ് ഒഫിഷ്യലുകള്‍ പലരും പങ്കാളികളായിരുന്നു ,എന്തിനു പോലീസുകാര്‍ പോലും നേരിട്ടും അല്ലാതെയും ഇതില്‍ ബന്ധപ്പെട്ടിരുന്നു .വിദ്വേഷം നിറഞ്ഞ പ്രചരണങ്ങളിലൂടെ പ്രാദേശിക മാധ്യമങ്ങളും കലാപത്തെ ആവും വിധം ആളിക്കത്തിക്കുകയായിരുന്നു . ഇത് ആസൂത്രിതമായ പ്രചാരണത്തിന്റെ ഫലം തന്നെയായിരുന്നു .മോഡിയെ പോലെ അഡ്മിനിസ്ട്രേഷണല്‍ പവര്‍ ഉള്ള ഒരാള്‍ക്കു വേണമെങ്കില്‍ ഒരു ദിവസം പോലും നീണ്ടു നില്‍ക്കാതെ കലാപം അവസാനിപ്പിക്കാമായിരുന്നു . ഉത്തരാഞ്ചല്‍ ദുരന്ത ബാധിത പ്രദേശത്തേക്കു ഹെലികോപ്റ്ററുകളും നൂറു കണക്കിനു വാഹനങ്ങളും ഒരു പാടു ഒഫിഷ്യലുകളെയും ഒരൊറ്റ ദിവസം കൊണ്ടു തയ്യാറാക്കി അയച്ച “റാംബോ ആക്ഷനിലെ തമാശ മറന്നാലും മോഡിയെ പോലെ ഒരാളുടെ ഭരണ പരമായ ഏകാധിപത്യ ശൈലിയില്‍ നരേന്ദ്ര മോഡിക്കു അതു സാധ്യവുമായിരുന്നു . പക്ഷെ ആ നിസ്സംഗത അത് ആസൂത്രണത്തിന്റെ ഭാഗം തന്നെയാകുമ്പോള്‍ നിരപരാധിത്വമെന്നത് പൊള്ളയായ ഒരു വാദം മാത്രമാകുന്നു .



Picture Courtesy - International Business Times - Rwanda genocide-  Around 800,000 people were slaughtered in just three months

Thursday, 18 July 2013

വംശഹത്യയുടെ നീതീകരണങ്ങള്‍ .


ഞാന്‍ നിങ്ങളെ കഥാപാത്രമാക്കി തികച്ചും സാങ്കല്പികമായ കഥ പറയാന്‍ പോവുകയാണ് ,

ഒരു ദിവസം നിങ്ങളും കുടുംബവും കൂടി നിങ്ങളുടെ തെരുവിലൂടെ നടന്നു വരുകയാണ് ,പെട്ടെന്നു ആയുധങ്ങളും ആക്രോശങ്ങളും ആര്‍പ്പു വിളികളുമായി ചെമ്പന്‍ മുടിക്കാരായ ഒരു പറ്റം അജ്ഞാതര്‍ നിങ്ങളെ വളയുന്നു  -എന്നിട്ടു നിങ്ങളോട് ആക്രോശിക്കുന്നു .

“നിങ്ങള്‍ കറുത്ത മുടിയുള്ളവരാണ് , നിങ്ങളെ പോലെ കറുത്ത മുടിയുള്ള ഒരാള്‍ ഞങ്ങളെ പോലെ ചെമ്പന്‍ മുടിയുള്ള ഒരാളെ കൊലപ്പെടുത്തിയതായി ഞങ്ങള്‍ കേട്ടു , അതു കൊണ്ട് നിന്റെ അമ്മയെയും പെങ്ങളെയും ഞങ്ങള്‍ ബലാത്സംഗം ചെയ്യും ,നിന്റെ കുഞ്ഞുങ്ങളെ ശൂലത്തില്‍ കോര്‍ത്തെടുക്കും , നിന്റെ മാതാപിതാക്കളെ പച്ചക്കു പെട്രോളോഴിച്ചു കത്തിക്കും . അതു ഞങ്ങളുടെ പ്രതിപ്രവര്‍ത്തനമാണ് ,ഞങ്ങളുടെ പ്രതികാരമാണ് “

നിങ്ങള്‍ അവിശ്വസനീയതയോടെ ,വിലാപത്തോടെ അവരോടു പറയാന്‍ ശ്രമിക്കുന്നു .

“നോക്കൂ നിങ്ങള്‍ പറഞ്ഞ കൊല്ലപ്പെട്ടയാളെയോ കൊലയാളിയെയോ ഞങ്ങള്‍ക്കൊരു പരിചയവുമില്ല ..............നിങ്ങള്‍ അതു പറഞ്ഞു മുഴുവനാക്കുന്നതിനു മുമ്പ് മൂന്നു മുനയുള്ള ഒരു ശൂലം നിങ്ങളുടെ അപേക്ഷയെ ഒരാര്‍ത്തനാദത്തിലേക്കു നയിക്കുന്നു . - ശുഭം .


 ഒരു ഉത്തരാധുനിക കഥ  പോലെ വിചിത്രവും അവിശ്വസനീയവുമായി തോന്നുന്നു അല്ലെ ? ആ അവിശ്വസനീയതയ്ക്കു കാരണം നമ്മളെ ആ സംഭവം ബാധിച്ചിട്ടില്ലാ ,അല്ലെങ്കില്‍ നമ്മളങ്ങനെയൊരവസ്ഥയില്‍ ബാധിക്കപ്പെടില്ല എന്ന വിശ്വാസം കൊണ്ടാണ് . പക്ഷെ നമുക്കു മുമ്പില്‍ യഥാര്‍ത്ഥത്തില്‍ തന്നെ  അങ്ങനെ സംഭവിക്കുമ്പോഴും നിസ്സംഗരായി പ്രതിപ്രവര്‍ത്തനവാദത്തെയും പ്രതികാരമെന്ന ലളിത യുക്തിയെയുമാണ് ആശ്രയിക്കുന്നത് നമുക്കോ ,നമ്മുടെ വേണ്ടപ്പെട്ടവര്‍ക്കോ അല്ലല്ലോ അതു സംഭവിച്ചതെന്ന ആശ്വാസം കൊണ്ടാണ് .




കലാപവും വംശഹത്യയും .

ഗുജറാത്ത് കലാപം [സത്യത്തില്‍ അതിനൊരു കലാപത്തെക്കാളും വംശഹത്യയോടാണ് കൂടുതല്‍ സാമ്യം] ആരംഭിക്കുന്നത് 2002  ഫെബ്രുവരി മാസം അയോധ്യയിലേക്കു പോയ കര്‍സേവകരടങ്ങിയ ഒരു ട്രെയിനിന്റെ കുറച്ചു ബോഗികള്‍ ഗോധ്ര സ്റ്റേഷനില്‍ [ഗോധ്ര വര്‍ഗ്ഗീയ വൈരത്തിനു കുപ്രസിദ്ധമാണ് ] വെച്ചു  അഗ്നിക്കിരയാകുന്നതോടെയാണ് , ആ അപകടത്തില്‍ 58 കര്‍സേവകരാണ് കൊല്ലപ്പെട്ടത് . ഇതു ദുഖകരമായ ഒരു സംഭവമാണ്   - വാര്‍ത്തകളും റിപ്പോര്‍ട്ടുകളും അനുസരിച്ചു ഈ ട്രയിന്‍ അപകടം ആസൂത്രിതമായ ഒരു ആക്രമണമായിരുന്നു ,മുസ്ലീം മതഭ്രാന്തന്മാരായ ഒരു സംഘം ആളുകള്‍ ട്രയിന് തീ വെക്കുകയായിരുന്നു എന്നാണ് പ്രാഥമിക പത്ര വാര്‍ത്തകള്‍ പറഞ്ഞത് . പക്ഷെ വാര്‍ത്തയില്‍ തന്നെ ഒരു പാട് വൈരുദ്ധ്യങ്ങളുണ്ടായിരുന്നു . സ്റ്റേഷനിലെ മുസ്ലീം കച്ചവടക്കാര്‍ കര്‍ സേവകരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഈ ആക്രമണമുണ്ടായതെന്നാണ് വാര്‍ത്തയില്‍  -പക്ഷെ  ഒരു ട്രയിന്‍ കത്തിച്ചു അതിലെ യാത്രക്കാരെ ചുട്ടു കൊല്ലാന്‍  മാത്രമൊരു പ്രകോപനമോ ആസൂത്രണമോ പ്ലാറ്റ് ഫോം കച്ചവടക്കാരുമായുണ്ടായ തര്‍ക്കത്തില്‍ നിന്നു  ഉടലെടുക്കുമെന്നത് അവിശ്വസനീയമാണ്  , മറ്റൊരു വാദം ഇതൊരു ആസൂത്രിതമായ ആക്രമണമായിരുന്നു എന്നതാണ് ,അതിനും കൃത്യമായ തെളിവുകളില്ല.

ഗൂഡാലോചന സിദ്ധാന്തക്കാരുടെ [Conspiracy theorist ] ഇസ്ലാമോഫോബിയ വളര്‍ത്താന്‍  സാമ്രാജ്യത്വ - സംഘ ഗൂഡാലോചനയാണ്  ഗോധ്ര ട്രയിന്‍ അപകടം  [ഇസ്ലാമിക കോണ്‍സ്പിരസി തിയറിസ്റ്റുകള്‍ 9/11 അപകടം തൊട്ട് ഇന്നേ വരെ ഉണ്ടായിട്ടുള്ള ഇസ്ലാമിക തീവ്രവാദ പ്രവര്‍ത്തനങ്ങളെല്ലാം ഇസ്രയേല്‍ ചാര സംഘടനയായ മൊസാദ് ആണെന്നു തെളിയിച്ചു കളയും ] എന്ന വാദത്തെ നിരാകരിച്ചാല്‍ പോലും ജസ്റ്റിസ് ബാനര്‍ജി കമ്മീഷനും ഡല്‍ഹിയിലെ ഒരു സര്‍ക്കാരിതര സംഘടനയും നടത്തിയ അന്വേഷണത്തില്‍ ഇതൊരു അപകടമാവാനുള്ള സാധ്യതയെ കുറിച്ചു പറയുന്നുണ്ട് , സ്റ്റൊവും മറ്റ് പാചക സാമഗ്രികളുമായി ഒരു കൂട്ടം ആള്‍ക്കാര്‍ യാത്ര ചെയ്യുമ്പോള്‍ അങ്ങനെ ഒരു അപകടമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല .പക്ഷെ പിന്നീട് നടന്ന സംഭവങ്ങള്‍ക്കു തെളിവുകളോ യാഥാര്‍ത്ഥ്യമോ ആവശ്യമായിരുന്നില്ല - ഇത്തരമൊരു സംഭവം പ്രതീക്ഷിച്ചിട്ടെന്ന പോലെ ഗുജറാത്തിന്റെ പല ഭാഗത്തും ഒരേ സമയത്തു ആസൂത്രിതമായ രീതിയില്‍ ഹിന്ദുത്വ വാദികളുടെ ആക്രമണമായിരുന്നു .

ഗോധ്ര പോലെ വര്‍ഗ്ഗീയ കലാപങ്ങള്‍ക്കു കുപ്രസിദ്ധമായ ഒരു സ്ഥലത്തു വെച്ചു ഇത്തരമൊരു ആക്രമണം ഉണ്ടാവില്ലെന്നാണോ കരുതുന്നത് ?? തീര്‍ച്ചയായും സാധ്യതയുണ്ട് .പാന്‍  ഇസ്ലാമിക തീവ്രവാദവും പാക്കിസ്ഥാന്റെ കുത്തിത്തിരുപ്പുകളും  അതിന്റെ അപകടകരമായ രീതിയില്‍ ഇന്‍ഡ്യയില്‍ പല ഭാഗത്തും പ്രചരിക്കുന്നുണ്ട്  , [അങ്ങനെയുള്ള വര്‍ഗ്ഗീയവാദികളൊന്നും ഇസ്ലാമല്ല ,അവര്‍ ഇസ്ലാമിനു കളങ്കമാണ് , - പ്ലീസ് ഇത്തരം കോമഡികള്‍ പിന്നീടൊരവസരത്തിലാകാം ]  പക്ഷെ ഈ സാധ്യതകള്‍ തെളിവുകളായി തീരുന്നില്ല ,അതൊരു ഊഹാപോഹം മാത്രമാണ് ,അല്ലെങ്കില്‍ ഒരു കാരണം . ഗുജറാത്ത് വംശ ഹത്യ മുന്‍ കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതു തന്നെയാണ് ,അത്  ഒരു  സംഭവത്തിന്റെ പ്രത്യാഘാതമോ അനുരണനമോ ആക്കിത്തീര്‍ക്കുകയായിരുന്നു .


ഗോധ്ര മക് ഗഫിന്‍ .


 അമേരിക്കന്‍ അധിനിവേശ രാഷ്ട്രീയത്തെ കുറിച്ച്  എഴുതിയ   ‘Iraq : The Borrowed kettle " എന്ന കൃതിയില്‍  ആല്‍ഫ്രണ്ട് ഹിച്ച് കോക്കിന്റെ ഉദാഹരണ സഹിതം സ്ലാവോസ് സിസെക്  ‘മക് ഗഫിന്‍’ എന്താണെന്നു വിവരിക്കുന്നുണ്ട് .

രണ്ട് അപരിചിതര്‍ ട്രയിനില്‍ വെച്ചു പരിചയപ്പെടുന്നു ,ഒരാളുടെ കയ്യിലുള്ള അസാധാരണമായ ഒരു പൊതിക്കെട്ടു കണ്ടു മറ്റേയാള്‍ ചോദിക്കുന്നു “ അങ്ങയുടെ കയ്യിലുള്ള അസാധാരണമായ പൊതിക്കെട്ടിലെന്താണ്  ”   “ഇതൊരു മക് ഗഫിനാണ് “ മറ്റേയാള്‍ പ്രതിവചിച്ചു ,ആദ്യത്തെയാള്‍ വീണ്ടും ചോദിക്കുന്നു “മക് ഗഫിന്‍ എന്നാലെന്താണ് ”   രണ്ടാമന്‍ ആ‍ദ്യത്തെയാളുടെ സംശയത്തിനുത്തരമായി ഇങ്ങനെ പറഞ്ഞു   “ സ്കോട്ടിഷ് മേടുകളില്‍  സിംഹങ്ങളെ കൊല്ലാനുപയോഗിക്കുന്ന ഒരുപകരണമാണ് “  സ്വാഭാവികമായും ആദ്യത്തെയാള്‍ പറയുന്നു “പക്ഷെ സ്കോട്ടിഷ് മേടുകളില്‍ സിംഹങ്ങളില്ലല്ലോ  ”    “ ഓഹോ എങ്കിലിതൊരു മക് ഗഫിന്‍ ആയിരിക്കില്ല അല്ലെ ”  എന്നായി രണ്ടാമന്റെ പ്രതികരണം.



മക് ഗഫിന്‍ എന്നാല്‍ താരതമ്യേന അപ്രധാനമായ ഒരു കഥാതന്തുവാണ് ,പ്രധാന കഥയിലേക്കു നയിക്കുക എന്നത് മാത്രമാണ് അതിന്റെ ധര്‍മ്മം ,അതിനു ശേഷം അത് അപ്രസക്തവും പിന്നീട് മറവിയിലേക്കു നിഷ്ക്രമിക്കുകയും ചെയ്യുന്നു . ഇതേ ആശയം തന്നെയാണ് നമ്മള്‍ ഗോധ്ര   ട്രയിന്‍  സംഭവത്തിലും കാണുന്നത് .ഗോധ്ര ട്രയിന്‍ ദുരന്തം ഗുജറാത്ത് വംശ ഹത്യക്കു തികച്ചും അപ്രധാനമായ ഒരു കാരണം മാത്രമായിരുന്നു ,അത്തരമൊരു കലാപത്തിനോ വംശ ഹത്യക്കോ അതിനു വളരെ മുമ്പ് തന്നെ കൃത്യമായ ആസൂത്രണങ്ങളും തയ്യാറെടുപ്പുകളും തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം .


ഗോധ്ര ട്രയിന്‍ അപകടം യഥാര്‍ത്ഥത്തില്‍ ആസൂത്രിതമായ ആക്രമണമാണോ അതോ അപകടമാണോ ? ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട സ്ത്രീകളും കുട്ടികളും അടങ്ങിയ ആയിരക്കണക്കിനു  മുസ്ലീങ്ങള്‍ക്കു ഗോധ്ര ട്രയിന്‍ അപകടവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധം ഉണ്ടായിരുന്നോ ? ട്രയിന്‍ അപകടത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ ആരെങ്കിലുമാണോ പ്രതികാരത്തിനായി ഇറങ്ങിത്തിരിച്ചത് ?സംസ്ഥാന വ്യാപകമായി മുസ്ലീം വീടുകളും കച്ചവട സ്ഥാപനങ്ങളും തിരഞ്ഞു പിടിച്ചു അക്രമം നടത്താന്‍ തക്ക തയ്യാറെടുപ്പുകളും സാധന സാമഗ്രികളും 

സംഭവം നടന്നു രണ്ടു ദിവസത്തിനുള്ളില്‍ തന്നെ കഴിഞ്ഞെങ്കില്‍ അതിനു പിന്നില്‍ സര്‍ക്കാറിന്റെയും സര്‍ക്കാര്‍ മെഷിനറിയുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടായിരിക്കണം .

“കല്ലുവിന്റെ മതിലു് വീണ് പരാതിക്കാരന്റെ ആട് ചത്തതിന് ആദ്യം മതിലിനെയും പിന്നെ കല്ലുവിനെയും അതിനുശേഷം മതിലു പണിത ആശാരിയെയും കുമ്മായം കൂട്ടിയ കുമ്മായക്കാരനെയും അയാള്‍ക്ക് കൂടുതല്‍ വെള്ളമൊഴിച്ചു കൊടുത്ത ഭിശ്തിയെയും, ഭിശ്തിയ്ക്ക് വലിയ മസ്ക് ഉണ്ടാക്കിക്കൊടുത്ത കസായിയെയും കസായിക്ക് വലിയ ആടിനെ വിറ്റ ആട്ടിടയെനെയും ഒടുവില്‍ വില്‍ക്കുന്ന സമയത്ത് ഇടയന്റെ ശ്രദ്ധ തെറ്റിച്ച കോത്‌വാലിനെയും തൂക്കിക്കൊല്ലാന്‍ വിധിച്ച ചൌപട് രാജാവ്. അവസാനം, തൂക്കുകയറിന്റെ കുടുക്ക് കോത്‌വാലിന്റെ കഴുത്തില്‍ കടക്കുന്നില്ലെന്നതിനാല്‍ കഴുവിലേറ്റാന്‍ കൊണ്ടു പോകപ്പെടുന്ന കുടുക്കിന് ഇണങ്ങിയ കഴുത്തുള്ള വഴിപോക്കന്‍ ഗോവര്‍ദ്ധന്‍”  - ഗോവര്‍ദ്ധന്റെ യാത്രകള്‍ 



യഥാര്‍ത്ഥത്തില്‍ കഴുത്തിനു പാകമായ കുരുക്കു ആദ്യമേ തയ്യാറാക്കി വെച്ചിരുന്നു , പിന്നീടാണ് തൂക്കിലേറ്റപ്പെടേണ്ട കുറ്റമുണ്ടാകുന്നത് ,കുറ്റകൃത്യത്തിന്റെ ഉത്തരവാദിയാര് എന്നത്  അവിടെ പ്രസക്തമല്ല ,തയ്യാറാക്കി വെച്ച കുരുക്കിനു പാകമായ കഴുത്തുകള്‍ക്കു ആ കുടുക്കു അണിയിക്കുക എന്നതു മാത്രമായിരുന്നു ഗുജറാത്ത് കലാപം .അതു വെറുമൊരു കലാപമായിരുന്നില്ല ഹിന്ദു മൌലികവാദത്തിന്റെ ഏറ്റവും ആസൂത്രിതമായ ഒരു വംശ ഹത്യ തന്നെയായിരുന്നു .




Reference : ബാനര്‍ജി കമ്മീഷന്‍ റിപ്പോര്‍ട്ട് ,
                 ഇറാക്ക് : കടം കൊണ്ട കെറ്റില്‍ - സ്ലാവോസ് സിസെക്

Monday, 8 July 2013

ജാതി രാഷ്ട്രീയത്തിന്റെ ഭീകരവാദം




                                 തമിഴ് നാടിനൊരു പ്രത്യേകതയുണ്ട് നിരീശ്വരവാദം അടിസ്ഥാനപ്രമാണമാക്കിയ ഒരു പാര്‍ട്ടി ഒരു ഭരണം നടത്തിയ ,ഇപ്പോഴും നിര്‍ണ്ണായക സ്വാധീനമുള്ള ഒരു സംസ്ഥാനമാണത് ,പക്ഷെ ഓരോ കവലയിലും മൈല്‍ കുറ്റി നാട്ടിയതു പോലെ ഒരു അമ്മന്‍ കോവിലും പിള്ളയാറപ്പനും ഉണ്ടായീരിക്കും ,മതപരമായ ആഘോഷമില്ലാതെ ഒരു ചടങ്ങും അവിടെ ഉണ്ടാകാറില്ല  - ഈ വൈരുദ്ധ്യത്തിന്റ്റെ തന്നെ മറ്റൊരു വകഭേദമാണ്  കമ്യൂണിസമെന്തെന്നോ മാര്‍ക്സിസമെന്തെന്നോ വലിയ ധാരണയില്ലെങ്കിലും  ഓരോ ഗ്രാമത്തിലും സ്റ്റാലിനെന്നോ ലെനിനെന്നോ ഒരു പേരുകാരന്‍ . ജാതിയും ജാതിവൈരവും അവരുടെ രക്തത്തിലലിഞ്ഞിരിക്കുന്നു ,അത് പലപ്പൊഴും രക്തം ചിന്തലില്‍ അവസാനിക്കുകയും ചെയ്യുന്നു . ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ഇത് മുതലെടുത്താണ് അവിടെ നില നില്‍ക്കുന്നത് ,ഓരോ ജാതിക്കും ഓരോ രാഷ്ട്രീയ പാര്‍ട്ടി .  ജാതി സമവാക്യങ്ങളെ ആശ്രയിക്കാതെ ഒരു പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ പോലും അവിടെ ജയിക്കാനാകില്ല .  ഈ രാഷ്ട്രീയം അപകടകരമാം വിധം ജനങ്ങളിലേക്കു പെനെട്രേറ്റ് ചെയ്യുന്നതിലാണ് ഓരോ രാഷ്ട്രീയ കക്ഷിയുടെയും വിജയം. ധര്‍മ്മ പുരിയില്‍ സംഭവിച്ചതും അത്തരമൊരു കുത്തിക്കയറ്റല്‍ തന്നെയാണ്  

എന്റെ ബിരുദാനന്തര ബിരുദം തമിഴ് നാട്ടിലായിരുന്നു അതു കൊണ്ട് തന്നെ അവിടത്തെ ജാതി വിവേചനത്തിന്റെ ,അയിത്തത്തിന്റെ ഒക്കെ അവിശ്വസനീയമായ കഥകള്‍ നേരിട്ട് കണ്ടിട്ടൂണ്ട്  . ഹോസ്റ്റലില്‍ പോലും മേല്‍ ജാതിക്കാരെന്നു നടിക്കുന്നവര്‍ കീഴ് ജാതിക്കാരുമായി റൂം പങ്കു വെക്കാന്‍ വിസമ്മതിച്ചു കണ്ടിട്ടുണ്ട് . ഗ്രാമ പ്രദേശങ്ങളിലെ ഹോട്ടലുകളിലും ചായക്കടയിലും ദളിതര്‍ക്കു മാത്രം വേറെ പാത്രങ്ങളുണ്ട് , പൊതുവഴി , പൊതു ജലാശയങ്ങള്‍  ഒക്കെ 
ഉപയോഗിക്കാനാവാത്ത വിധം ദളിതരെ തടയുന്ന സവര്‍ണ്ണ ജാതി കോട്ടകളുണ്ട് ,ജാതി രക്തത്തിനെക്കാള്‍ കട്ടിയില്‍ അവരുടെ ശരീരത്തിലോടുന്നുണ്ട് .


ധര്‍മ്മ പുരി കലാപം .


2012  നവംബര്‍ മാസത്തിലാണ് ധര്‍മ്മപുരിയിലെ  സംഭവങ്ങളുടെ തുടക്കം  -  ധര്‍മ്മ പുരിയിലെ വണ്ണിയ സമുദായത്തില്‍ പെട്ട ദിവ്യ എന്ന പെണ്‍ കുട്ടിയെ പ്രണയിച്ചു , ജാതിമത വിലക്കുകള്‍ മറി കടന്ന്  ഇളവരശന്‍ വിവാഹം കഴിക്കുന്നു ,  വളരെ പെട്ടെന്നു തന്നെ അതു രണ്ട് പേരുടെ വിവാഹമെന്നതിലുപരി ധര്‍മ്മ പുരിയിലെ ഒരു പൊതുപ്രശ്നമായി മാറി  -കാരണം ഇളവരശന്‍ ദളിത് സമുദായത്തില്‍ പെട്ട ആളാണ് ,ദളിത് യുവാവ് വണ്ണിയ യുവതിയെ വിവാഹം കഴിച്ചാല്‍ വണ്ണിയരുടെ മാനം കപ്പല്‍ കയറുമെത്രെ . അങ്ങനെ രണ്ട് ജാതി സംഘടനകളുടെയും സംയുക്ത പഞ്ചായത്തില്‍ പെണ്‍ കുട്ടി മാതാപിതാക്കളുടെ അടുത്തേക്കു തന്നെ മടങ്ങണമെന്നു ധാരണയായി ,ഈ ധാരണയുണ്ടാക്കിയവര്‍ ദിവ്യയുടെയോ ,ഇളവരശന്റെയോ അഭിപ്രായം ഒന്നും ചോദിച്ചിട്ടല്ല  -അവരങ്ങു തീരുമാനിച്ചു . ദിവ്യ  തിരിച്ചു പോയില്ല ,ഇളവരശനൊപ്പം തന്നെ നിന്നു ,മകള്‍ തിരിച്ചു വരാത്തതില്‍  അപമാനിതനായ ദിവ്യയുടെ പിതാവ് തൂങ്ങി മരിച്ചു .


ഇതിനെ തുടര്‍ന്നു സംഘടിതവും ആസൂത്രിതവുമായ  ഒരക്രമണമാണ്  പട്ടാളി മക്കള്‍ കക്ഷി എന്ന ജാതിരാഷ്ട്രീയ സംഘടനയുടെ നേതൃത്വത്തില്‍ ദളിതരുടെ കോളനികളില്‍ നടത്തിയത് , 200 ലേറെ കുടിലുകള്‍ തീയിടുകയും വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു . തികച്ചും ഏകപക്ഷീയമായ ഒരാക്രമണം , ഈ കലാപങ്ങള്‍ക്കും അതിനു ശേഷമുള്ള ഭീഷണികളും കൊണ്ട് ദിവ്യ സ്വന്തം വീട്ടിലേക്കു തന്നെ തിരിച്ചെത്തി ,  അതിനു ശേഷം ഇളവരശന്റെ മാതാപിതാക്കള്‍ കൊടുത്ത ഒരു ഹേബിയസ് കോര്‍പ്പസ് പരാതിയിന്മേല്‍ ദിവ്യ കോടതിയില്‍ ഹാജരായിരുന്നു ,  - ഇളവരശനുമായി തന്നെ ജീവിക്കണമെന്നാണ് ആഗ്രഹമെന്നും പക്ഷെ തന്റെ അമ്മ സമ്മതിക്കുന്നത് വരെ അതിനു കാത്തിരിക്കുകയാണെന്നും ആ പെണ്‍ കുട്ടി പറഞ്ഞു  , അതിനടുത്ത ദിവസം ഇളവരശനെ ഒരു റെയില്‍ വേ പാളത്തില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തി .

ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം ഇല്ലാതാക്കിയ , ആയിരക്കണക്കിന് ആളുകളുടെ കൂര കത്തിച്ചു അവരെ തെരുവിലിറക്കിയത് എന്തിന്റെ പേരിലാണ് ?  ഇവിടെ നില നില്‍ക്കുന്ന ഈ ജാതീയമായ വേര്‍ തിരിവുകളുടെ പേരില്‍ മാത്രം ,  അമ്പുമണി രാമദാസ്സെന്ന പരനാറിയുടെ നേതൃത്വത്തിലാണ് ഇക്കണ്ട കൊള്ളയും അക്രമവും നടത്തിയത് .തമിഴ് നാടിന്റെ വടക്കന്‍ ജില്ലകളിലെ പ്രബല വിഭാഗമായ വണ്ണിയര്‍  സമുദായത്തെ മാത്രം ആശ്രയിച്ചാണ് പട്ടാളി മക്കള്‍  കച്ചി  എന്ന ജാതിപാര്‍ട്ടിയുടെ നില നില്‍പ്പ് ,അതു കൊണ്ട് തന്നെ ജാതിവൈരം വളര്‍ത്തി വണ്ണിയര്‍ സമുദായത്തിലെ ഓരോ അംഗത്തെയും തങ്ങള്‍ക്കു മാത്രമുള്ള വോട്ട് ബാങ്ക് ആക്കി നിര്‍ത്തേണ്ടത് അവരുടെ ആവശ്യമാണ് , വണ്ണിയര്‍ക്കു ഭൂരിപക്ഷമുള്ള വടക്കന്‍ ജില്ലകളെ മാത്രമാക്കി പുതിയൊരു സംസ്ഥാനവും ഇവരുടെ ആവശ്യമാണ് 

 അതു കൊണ്ട് തന്നെ ഈ കലാപം ആസൂത്രിതമായ ഒരു ഗൂഡാലോചനയാണ് എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത് . ദിവ്യയുടെ അച്ഛന്‍ തൂങ്ങി മരിച്ചതാണോ കെട്ടിത്തൂക്കിയതാണോ എന്നു പോലും സംശയിക്കാവുന്നതാണ് . കാരണം ഇതു മുന്‍ കൂട്ടി ആസൂത്രണം ചെയ്താലല്ലാതെ പത്തു രണ്ടായിരം പേര്‍ ഒരു രാത്രിയില്‍ സാധന സാമഗ്രികളുമായി മൂന്നു ഗ്രാമങ്ങള്‍ ചുട്ടെരിക്കാന്‍ സാധ്യമല്ല , 200 ലധികം വീടുകളാണ് ജനക്കൂട്ടമെന്നു പറയുന്ന ഈ നായിന്റെ മക്കള്‍ ചുട്ടെരിച്ചത് , അതിന് മുമ്പ്  ആ വീടുകള്‍ കൊള്ളയടിക്കുകയും ചെയ്തു . അമ്പുമണി രാമദോസ്സിനെയും അവന്റെ തന്ത രാമദോസ്സിനെയും പോലെയുള്ള പരനാറികളുടെ ജാതിരാഷ്ട്രീയത്തില്‍   എല്ലാം നഷ്ടപ്പെട്ട് തെരുവിലിറങ്ങേണ്ടി വന്നത് ആയിരക്കണക്കിന് ദളിതരാണ് ,അവര്‍ ചെയ്ത തെറ്റ് അവര്‍ ദളിതരായി പോയി എന്നതു മാത്രമാണ്


ഏറ്റവും അമ്പരപ്പിച്ച വസ്തുത മൂന്നു ഗ്രാമങ്ങള്‍ ചുട്ടെരിച്ചിട്ടും അനേകായിരങ്ങളെ വഴിയാധാരമാക്കിയിട്ടും ഈ സംഭവത്തെ ചില ദളിത് സംഘടനകളും മനുഷ്യാവകാശ സംഘടനകളുമല്ലാതെ ആരും ഏറ്റെടുത്തില്ല എന്നുള്ളതാണ് ,  ദളിത് സമൂഹത്തോട് പൊതു സമൂഹം കാണിക്കുന്ന ഈയൊരു മനോഭാവം തന്നെയാണ്  കുറച്ചു കാലം മുമ്പ് കേരളത്തിലെ ഡി എച്ച് ആര്‍ എം സംഭവത്തില്‍ പോലീസും സംഘി ഗുണ്ടകളും കൂടി ദളിത്  കോളനികള്‍ ആക്രമിച്ചപ്പോഴും കണ്ടത് . ഒരു ഭരണ കൂടവും അതിന്റെ സംവിധാനങ്ങളും ഈ അക്രമത്തില്‍ കാഴ്ചക്കാരായി തുടരുന്നു ,അമ്പുമണി രാമദോസ്സിനെയും അയാളുടെ ജാതിരാഷ്ട്രീയത്തെയും സംസ്ഥാനവും കേന്ദ്രവും ഭയക്കുന്നു


പ്രിയപ്പെട്ട ഇളവരശാ നിന്റെ തെറ്റ് നീ ജനിച്ചു വളര്‍ന്നത് കുറെ നായിന്റെ മക്കള്‍സൃഷ്ടിച്ചെടുത്ത ഒരു ജാതി കേന്ദ്രീകൃത സമൂഹത്തിലാണ് ,അതു കൊണ്ട് തന്നെ  നിന്റെ പ്രണയത്തിനും ആത്മാര്‍ത്ഥതക്കും ഇവിടെ മരണമാണ് ശിക്ഷ .വേദനയുണ്ട് ,നിരാശയുണ്ട് , രോഷമുണ്ട് ,തെറി വിളിക്കണമെന്നു തോന്നുന്നുണ്ട്  പക്ഷെ  ധാര്‍മ്മിക രോഷം ചുരുട്ടി വെച്ചു ഇരിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല .കാരണം ഇത് ഇന്‍ഡ്യയാണ് പട്ടിണി കിടന്നു ചത്താലും ജാതി വെറിയും മത ബോധവും  കൂടെ കൊണ്ട് നടക്കുന്ന ഒരു ജനതയുടെ നാട് .

അനുബന്ധം .

കുറെ കാലത്തിനു ശേഷം  ഒരുമിച്ചു പഠിച്ച ഒരു സുഹൃത്തിനെ കണ്ടു , കുശലാന്വേഷണങ്ങള്‍ക്കിടെ പരസ്പരം കല്യാണകാര്യമൊക്കെ ചോദിച്ചു ,അവനൊരു പ്രണയമുള്ളതായൊക്കെ അറിയാ‍മായിരുന്നു .അവന്‍ നിസ്സംഗതയോടെ പറഞ്ഞു ,കല്യാണം കഴിഞ്ഞു ഡിവോഴ്സും ആയെന്ന് -ഞാനതൊരു തമാശയായേ  എടുത്തുള്ളൂ , അതു കൊണ്ട് ആ വിഷയം കൂടുതല്‍ സംസാരിച്ചില്ല ,പിന്നെ മറ്റൊരു സുഹൃത്തു പറഞ്ഞാണ് അതൊരു തമാശയായിരുന്നില്ലെന്നു തിരിച്ചറിയുന്നത് .  അവന്‍ ഈഴവനാണ് ,കാമുകി നായരും  - എട്ടു വര്‍ഷത്തെ നീണ്ട പ്രണയത്തിനൊടുവില്‍ സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹം കഴിച്ചു ,അന്നു തുടങ്ങി പെണ്ണിന്റെ മാതാപിതാക്കളുടെ ഇമോഷണല്‍ ബ്ലാക്ക് മെയിലിങ്ങും മാനസിക പീഡനവും -  അവന്‍ സാമാന്യം നല്ല കുടുംബത്തിലെ  ഒറ്റമകനാണ് , എം ബി എ നല്ല മാര്‍ക്കില്‍ പാസ്സായി നല്ല കമ്പനിയില്‍ ജോലിയുണ്ട്  -പക്ഷെ ജാതി സമാനമല്ല എന്ന ഒറ്റ കാര്യം കൊണ്ട് സ്വന്തം മകളെ നിരന്തരം മാനസിക പീഡനവും ആത്മഹത്യാ ഭീഷണിയും കൊണ്ട് ഡിവോഴ്സ് വരെ എത്തിച്ചു .


സൂമാരന്‍ നായരും വെള്ളാപ്പള്ളിയും ഒക്കെ  ആവത് ശ്രമിക്കുന്നുണ്ട് തമിഴ് നാട്ടിലേയോ ,ഉത്തരേന്ത്യയിലെയോ ജാതി ഖാപ്പ് പഞ്ചായത്തു പോലെയൊക്കെയുള്ള ഒരവസ്ഥയിലേക്കെത്തിക്കാന്‍ സമകാലിക സംഭവങ്ങളൊക്കെ ഒന്ന് വിശകലനം ചെയ്താല്‍  അധികം വൈകാതെ അങ്ങനെയൊക്കെ ഉണ്ടാകുമെന്നു  തന്നെ കരുതാം. 




Friday, 31 May 2013

അഗ്രഹാരത്തില്‍ കഴുതൈ

മലയാള സിനിമയിലെ വിപ്ലവകാരിയായിരുന്നു ജോണ്‍ എബ്രഹാം ,ഒരു അവധൂതനെ പോല പരിഗണിക്കപ്പെടുന്ന സിനിമയിലെ ധിഷണാശാലി .ഒരു സൌഹൃദ സംഘത്തിലെ ലഹരിയുടെ ആധിക്യത്തില്‍ കാല്‍ വഴുതിയ ജോണ്‍ എബ്രഹാം മലയാള സിനിമക്കു നഷ്ടപ്പെട്ടിട്ട്  26 വര്‍ഷമാകുന്നു . ജോണുണ്ടായിരുന്നെങ്കില്‍ സൃഷ്ടിക്കുമായിരുന്ന സിനിമകളെ കുറിച്ചോ ജോണ്‍ എടുത്ത സിനിമകളെ കുറിച്ചോ ആധികാരികമായി എഴുതാന്‍ മാത്രമുള്ള അറിവെനിക്കില്ല . അഗ്രഹാരത്തില്‍ കഴുതൈ എന്ന സിനിമയായിരിക്കണം ജോണിന്റെ ഏറ്റവും കോലാഹലം സൃഷ്ടിച്ച സിനിമ , യാഥാസ്ഥിതിക ബ്രാഹ്മണ സമൂഹത്തിന്റെ മിഥ്യാഭിമാന ബോധത്തെയും അന്ധ വിശ്വാസത്തെയും കണക്കറ്റ് പരിഹസിച്ച ആ സിനിമ ഒരു പാട് എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടു .എന്തിനു ദേശീയ പുരസ്കാരം ലഭിച്ചിട്ടു പോലും ഈ സിനിമ ദൂരദര്‍ശനില്‍ സം പ്രേക്ഷണം ചെയ്യാന്‍ സാധിക്കാത്ത വിധം വന്‍ പ്രതിഷേധങ്ങളുണ്ടായിരുന്നു . ദക്ഷിണേന്ത്യന്‍ ബ്രാഹ്മണരുടെ ഔദ്യോഗിക പത്രമെന്ന ഖ്യാതിയുള്ള “ഹിന്ദു” വില്‍ ഈ സിനിമക്കെതിരെ ആയിരക്കണക്കിനു കത്തുകളാണ് ലഭിച്ചതത്രെ , അതു പോലെ തന്നെ ഈ സിനിമയുടെ ദൂരദര്‍ശന്‍ ടെലി കാസ്റ്റിങ്ങ് നിര്‍ത്തിക്കാനായ അന്നത്തെ രാഷ്ട്രപതിക്കു മേല്‍ ബ്രാഹ്മണരില്‍ നിന്ന വന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു .  അതു കൊണ്ട് ഈ ഓര്‍മ്മ ദിനത്തില്‍ ജോണ്‍ എബ്രഹാം ' അഗ്രഹാരത്തില്‍ കഴുതൈ' എന്ന ചിത്രത്തിനു വേണ്ടി എഴുതിയ കഥാസാരം ഞാന്‍ പങ്കു വെക്കുന്നു.

---------------------------------------------------------------------------

അഗ്രഹാരത്തില്‍ കഴുതൈ'

 

പ്രെഫസര്‍ നാരായണസ്വാമി തനിക്ക്‌ ദീര്‍ഘകാല അവധി വേണമെന്ന്‌ പ്രിന്‍സപ്പലിനോട്‌ അപേക്ഷിക്കുന്നു. പ്രിന്‍സിപ്പല്‍ അവധി നിഷേധിക്കുന്നു. തന്റെ ചിന്നനെ' നോക്കാന്‍ വേറെ ആരുമില്ലെന്ന്‌ പറഞ്ഞ്‌ നാരായണസ്വാമി രാജിക്കത്തെഴുതി കൊടുത്തിട്ട്‌ പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും പുറത്തിറങ്ങുന്നു.
പ്രെഫസര്‍ വീട്ടിലെത്തിയ ഉടനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തോട്‌ രാജി പിന്‍വലിക്കണമെന്ന്‌ അഭ്യര്‍ഥിക്കുനനു. യാത്ര പുറപ്പെടാനായി സാധനങ്ങളൊക്കെ കെട്ടിവയ്ക്കുന്നതിനിടയ്ക്ക്‌ പ്രെഫസര്‍ അവര്‍ക്ക്‌ മറുപടി കൊടുക്കുന്നു. താന്‍ വളര്‍ത്തുന്ന കഴുതക്കുട്ടിയുമായി ഉടനെ അദ്ദേഹം സ്വന്തം ഗ്രാമത്തിലേക്ക്‌ പോവുകയാണ്‌. കഴുതക്കുട്ടിയെ ഒരു കൂടയ്ക്കകത്താക്കി അദ്ദേഹം യാത്ര പുറപ്പെടുന്നു. തീവണ്ടിയില്‍ ഒന്നാം ക്ലാസ്‌ കംപാര്‍ട്ട്മെന്റിലെ സഹയാത്രക്കാര്‍ കഴുതക്കുട്ടിയെപ്പറ്റി പരിഹാസത്തോടെ അന്വേഷിക്കുന്നു.

ടിക്കറ്റ്‌ പരിശോധകന്‍ വരുന്നു. കഴുതക്കുട്ടിയെ ഒന്നാം ക്ലാസ്‌ കംപാര്‍ട്ട്മെന്റില്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന്‌ പറയുന്നു. പ്രെഫസര്‍ താന്‍ വാങ്ങിയ സ്പെഷല്‍ പെര്‍മിഷന്‍ എടുത്തുകാണിക്കുന്നു. പിന്നീട്‌ ആരും എതിരു പറയുന്നില്ല. പ്രെഫസര്‍ തന്റെ സ്വന്തം ഗ്രാമത്തിലെത്തുന്നു. കഴുതക്കുട്ടി കൂടെയുള്ളതുകൊണ്ട്‌ ടാക്സി ഡ്രൈവര്‍മാര്‍ പരിഹസിക്കുന്നു. കൂടുതല്‍ ചാര്‍ജ്‌ ചോദിക്കുന്നു. പ്രെഫസര്‍ വിസമ്മതിക്കുന്നു. എന്നിട്ട്‌ ഒരു കാളവണ്ടിയില്‍ കഴുതക്കുട്ടിയും സാധനങ്ങളും എടുത്തുവച്ച്‌ വീട്ടിലേക്ക്‌ പോകുന്നു.

അച്ഛനും അമ്മയുടം സന്തോഷത്തോടെ അദ്ദേഹത്തെ സ്വീകരിക്കുന്നു. വണ്ടിക്കാരന്‍ കഴുതക്കുട്ടിയും സാധനങ്ങളുമെടുത്ത്‌ വീട്ടിനകത്ത്‌ വയ്ക്കുന്നു. പ്രെഫസര്‍ കുളിക്കാന്‍ പോകുന്നു. അദ്ദേഹത്തിന്റെ വൃദ്ധയായ അമ്മ സാധനങ്ങളുടെ കൂടെ ഒരു കൂടയ്ക്കകത്ത്‌ കഴുതക്കുട്ടി ഇരിക്കുന്നത്‌ കണ്ട്‌ ഞെട്ടുന്നു. പ്രെഫസറുടെ അച്ഛനെ വിളിച്ചുകാണിക്കുന്നു. അദ്ദേഹത്തിന്‌ അതു കണ്ടിട്ട്‌ വിഷമം തോന്നുന്നു. കുളിച്ചിട്ടു വന്ന ഉടനെ പ്രഫസര്‍ ആ കഴുതക്കുട്ടി തന്റെ വളര്‍ത്തുമൃഗമാണെന്ന്‌ അവരോട്‌ പറയുന്നു. 

പ്രെഫസറും അച്ചനും ഊണു കഴിക്കുന്നതിനിടയില്‍ സംഭാഷണം വീണ്ടും കഴുതക്കുട്ടിയിലേക്ക്‌ തിരിയുന്നു. അച്ഛനമ്മമാരുടെ ഇഷ്ടക്കേടിനെ വകവയ്ക്കാതെ പ്രെഫസര്‍ കഴുതക്കുട്ടിയെ വളര്‍ത്തുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. വയസ്സായ അച്ഛനും അമ്മയും പിന്നെ അതിനെപ്പറ്റി ഒന്നും പറയുന്നില്ല. പ്രെഫസര്‍ അമ്മയുടെ അടുത്ത്‌ ചോദിച്ച്‌ കഴുതക്കുട്ടിക്ക്‌ ചോറും സാമ്പാറും അവിയലും എടുത്തുകൊണ്ടു പോകുന്നു. കഴുതക്കുട്ടിക്ക്‌ ചോറു മാത്രം പോരാ. ചോറില്‍ നെയ്യൊഴിച്ച്‌ കൊടുക്കണമെന്ന്‌ അദ്ദേഹം പറയുന്നു. പ്രെഫസര്‍ തന്റെ മുറിയില്‍പ്പോയി കഴുതക്കുട്ടിക്ക്‌ ആഹാരം കൊടുക്കുന്നു. കഴുതക്കുട്ടിയുടെ മുഖം തുടച്ചിട്ട്‌ അദ്ദേഹം തന്നെ ഇലയെടുത്ത്‌ പുറത്തേക്കെറിയുന്നു. വേലക്കാരിപ്പെണ്ണ്‌ ഉമ മുറി വൃത്തിയാക്കുന്നു. അവള്‍ക്ക്‌ കഴുതക്കുട്ടിയോട്‌ സ്നേഹം തോന്നുന്നു. അതുകണ്ട്‌ പ്രെഫസര്‍ സന്തോഷിക്കുന്നു. കഴുതക്കുട്ടിക്ക്‌ ഉറങ്ങാന്‍ പ്രെഫസര്‍ പായ വിരിച്ചുകൊടുക്കുന്നു.

പ്രെഫസര്‍ കഴുതയെ വളര്‍ത്തുന്ന കാര്യമറിഞ്ഞ്‌ അഗ്രഹാരത്തിലുള്ളവരൊക്കെ കാണാന്‍ വരുന്നു. അതിനെ അഗ്രഹാരത്തില്‍ നിന്നോടിക്കണമെന്ന്‌ അവര്‍ നാരായണസ്വാമിയോട്‌ പറയുന്നു. പക്ഷേ നാരായണസ്വാമി അത്‌ സമ്മതിക്കുന്നില്ല. കഴുതക്കുട്ടിയോടു സ്നേഹമുള്ള ഒരേയൊരു ജീവി ഉമ മാത്രമാണെന്ന്‌ പ്രെഫസര്‍ക്ക്‌ ബോധ്യപ്പെടുന്നു. അഗ്രഹാരവാസികളുടെ വിരോധത്തെ വകവയ്ക്കാതെ പ്രെഫസറും ഉമയും കൂടെ കഴുതക്കുട്ടിയെ വളര്‍ത്തുന്നു. കഴുതക്കുട്ടി നന്നായിട്ടു വളരുന്നു. 

പ്രെഫസറുടെ ചേട്ടന്‍ ഒരു ബാങ്ക്‌ മാനേജരാണ്‌. അദ്ദേഹം ഭാര്യയുമായി നാട്ടില്‍ വരുന്നു. വീട്ടില്‍ കഴുത യെ വളര്‍ത്തുന്നത്‌ അവര്‍ക്ക്‌ രണ്ടുപേര്‍ക്കും ഇഷ്ടമല്ല. ചേട്ടനും അനിയനും തമ്മില്‍ വഴക്കിടുന്നു. അവസാനം പ്രെഫസര്‍ അമ്മയുടെയും അച്ഛന്റെയും നിര്‍ബന്ധത്തിനു വഴങ്ങി കഴുതക്കുട്ടിയെ അമ്പലത്തില്‍ നടയ്ക്ക്‌ ഇരുത്താനായി കൊണ്ടുവരുന്നു. പക്ഷേ ബ്രാഹ്മണര്‍ അതിനും സമ്മതിക്കുന്നില്ല. പ്രെഫസറും ബ്രാഹ്മണരും തമ്മില്‍ വാക്കുതര്‍ക്കം. 

കഴുതക്കുട്ടിയെ നോക്കിക്കൊള്ളാന്‍ ഉമയോട്‌ പറഞ്ഞിട്ട്‌ പ്രെഫസര്‍ യാത്ര പുറപ്പെടുന്നു. ഉമ കഴുതക്കുട്ടിയെ നന്നായിട്ടു നോക്കുന്നു. അതിനുവേണ്ടി അവള്‍ രാത്രിയിലും അമ്പലമുറ്റത്ത്‌ വരുന്നു. ആ സന്ദര്‍ഭം ഉപയോഗിച്ച്‌ ഒരാള്‍ സംഭോഗത്തിലേര്‍പ്പെടുന്നു. പിന്നീടെല്ലാ രാത്രികളിലും ഇതാവര്‍ത്തിക്കപ്പെടുന്നു. 

ഒരു ദിവസം ശാന്തിക്കാരന്‍ കഴുതയെ അടിച്ചോടിക്കാന്‍ ശ്രമിക്കുന്നു. കഴുത അയാളെ തൊഴിക്കുന്നു. അയാള്‍ താഴെ വീഴുന്നു. ഈ സംഭവം അഗ്രഹാരത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്നു. കഴുതയെ ഓടിക്കണമെന്ന്‌ എല്ലാവരും കൂടെ നിശ്ചയിക്കുന്നു. അവര്‍ ഒരു വെളുത്തേടനെ വിളിച്ച്‌ കഴുതയെ അവന്‌ കൊടുക്കുന്നു. കഴുതയെ കൊണ്ടുപോകുന്ന വെളുത്തേടനുമായി ഉമ വഴക്കിടുന്നു. പക്ഷേ പ്രയോജനമില്ല. വെളുത്തേടന്‍ കഴുതയെ കൊണ്ടുപോകുന്നു.

പ്രെഫസര്‍ യാത്ര കഴിഞ്ഞ്‌ ഗ്രാമത്തില്‍ തിരിച്ചെത്തിയ ഉടനെ കഴുതയെപ്പറ്റി അന്വേഷിക്കുന്നു. ഉമ നടന്നതൊക്കെ പ്രെഫസറോട്‌ പറയുന്നു. എന്നിട്ട്‌ അദ്ദേഹത്തെ വെളുത്തേടന്റെ അടുത്തേക്ക്‌ കൂട്ടിക്കൊണ്ടു പോകുന്നു. പ്രെഫസര്‍ കഴുതയെ വെളുത്തേടന്റെ അടുത്തുനിന്ന്‌ വാങ്ങിച്ച്‌, ഗര്‍ഭിണിയായ ഉമയെ കഴുതപ്പുറത്തിരുത്തി അഗ്രഹാരത്തിലേക്കു മടങ്ങുന്നു. കഴുത വീണ്ടും അമ്പലമുറ്റത്തെത്തുന്നു.

ഉമ കുടിലിലെത്തിയിട്ട്‌ ഛര്‍ദ്ദിക്കുന്നു. ഉമയുടെ മുത്തശ്ശി അതുകണ്ട്‌ ഉടനെ, അവള്‍ ഗര്‍ഭിണിയാണെന്ന്‌ മനസ്സിലാക്കുന്നു. അഗ്രഹാരത്തിലെ ബ്രാഹ്മണര്‍ വീണ്ടും എതിര്‍ക്കുന്നു. ഇപ്പോള്‍ ഉമ വീട്ടു ജോലി ചെയ്യാന്‍ വരുന്നില്ല. പകരം ഉമയുടെ മുത്തശ്ശി വരുന്നു. ഉമ വരാത്തതെന്താണെന്ന്‌ പ്രെഫസര്‍ ചോദിക്കുമ്പോള്‍, മുത്തശ്ശി വ്യക്തമായ ഉത്തരമൊന്നും പറയാതെ ഒഴിഞ്ഞുമാറുന്നു.

കഴുതക്കുട്ടിയെ പ്രെഫസര്‍ നേരിട്ട്‌ ശുശ്രൂഷിക്കുന്നു. ഉമ ഒരു കുഞ്ഞിനെ പ്രസവിക്കുന്നു. രാവിലെ അമ്പലത്തിലെത്തിയ ശാന്തിക്കാരന്‍ അമ്പലനടയില്‍ ഒരു കൊച്ചുകുഞ്ഞിന്റെ ശവം കിടക്കുന്നത്‌ കണ്ട്‌ ഞെട്ടുന്നു. ഗ്രാമത്തിലെ പ്രധാനികളെ വിളിച്ചുകാണിക്കുന്നു. ശവശരീരം മാറ്റിയിട്ട്‌ ശുദ്ധികലശം ചെയ്യുന്നു.

ഗ്രാമത്തിലെ പ്രധാനികള്‍ ചേര്‍ന്ന്‌ കഴുതയെ ഓടിക്കണമെന്ന്‌ നിശ്ചയിക്കുന്നു. ചില ആളുകളെ വിളിച്ച്‌ കഴുതെ ഓടിക്കാന്‍ ആജ്ഞാപിക്കുന്നു. അവര്‍ കഴുതയെ ഓടിച്ചിട്ട്‌ അടിച്ചു കൊല്ലുന്നു. 

വീണ്ടും ഒരു യാത്ര പോയിരുന്ന പ്രെഫസര്‍ തിരിച്ചെത്തുമ്പോള്‍ കുഞ്ഞിനും കഴുതയ്ക്കും എന്തോ വാങ്ങിച്ചുകൊണ്ടുവരുന്നു. ആ സാധനങ്ങളും കൊണ്ട്‌ ഉമയെ കാണുമ്പോഴാണ്‌ കുഞ്ഞും കഴുതയും മരിച്ച വിവരം അദ്ദേഹം അറിയുന്നത്‌. പ്രെഫസറുടെ അച്ഛനും അമ്മയും പശ്ചാത്തപിക്കുന്നു. 

അഗ്രഹാരത്തിലെ ബ്രാഹ്മണര്‍ക്ക്‌ ഉറങ്ങാന്‍ സാധിക്കുന്നില്ല. രാത്രിയില്‍ അവര്‍ കഴുതയുടെ കരച്ചില്‍ കേട്ട്‌ ഞെട്ടുന്നു. നാരായണസ്വാമിയുടെ ജ്യേഷ്ഠന്റെ ഭാര്യ രാത്രിയില്‍ വീട്ടിനു പുറത്തേക്ക്‌ വരുമ്പോള്‍ ഒരു കുന്നിന്റെ മുകളില്‍ കഴുതയുടെ രൂപം കണ്ട്‌ ഞെട്ടുന്നു. ഭര്‍ത്താവിനെയും പ്രെഫസറേയും പ്രെഫസറുടെ അച്ഛനമ്മമാരെയും വിളിച്ചുകാണിക്കുന്നു. ഈ വാര്‍ത്ത പെട്ടെന്ന്‌ അഗ്രഹാരം മുഴുവന്‍ പ്രചരിക്കുന്നു. കഴുതയുടെ രൂപം കാണാനായി എല്ലാവരും വരുന്നു. ചിലര്‍ക്ക്‌ കാണാം. ചിലര്‍ക്ക്‌ കാണാന്‍ സാധിക്കുന്നില്ല. 

പ്രഫസറുടെ ജ്യേഷ്ഠന്റെ ഭാര്യ ഗര്‍ഭിണിയാകുന്നു. എല്ലാവരും കുഞ്ഞിനെ കാണാന്‍ വരുന്നു. കഴുതയെപ്പറ്റി വാര്‍ത്ത ചുറ്റുമുള്ള ഗ്രാമങ്ങളിലൊക്കെ എത്തുന്നു. കഴുതയ്ക്ക്‌ ഒരമ്പലം പണിയണമെന്ന്‌ അവരെല്ലാവരും കൂടെ നിശ്ചയിക്കുന്നു. പ്രെഫസര്‍ ഗ്രാമം വിടുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. ഉമ പ്രെഫസറുടെ വീട്ടില്‍ വേലക്കാരിയായിരിക്കണം.

2. പ്രെഫസര്‍ക്ക്‌ അവിവാഹിതയായി ഒരു സഹോദരിയുണ്ടായിരിക്കണം. അവരുടെ വിവാഹാലോചന കഴുത കാരണം മുടങ്ങിയെന്നു വരാം.

3. പ്രെഫസര്‍ക്ക്‌ ഒരു വയസ്സായ സ്നേഹിതനുണ്ടായിരിക്കാം.

4. ഉമ ഗര്‍ഭിണിയാകുന്നതും നാരാണസ്വാമി യാത്ര പോകുന്നതും തമ്മില്‍ ബന്ധമുണ്ടായിരിക്കണം.

5. കഴുതയെ കേന്ദ്രബിന്ദുവാക്കി വേണം മറ്റു കഥാപാത്രങ്ങളും സംഭവങ്ങളും ചിത്രീകരിക്കാന്‍.

6. കഴുത, പ്രെഫസര്‍, ഉമ- പ്രധാന കഥാപാത്രങ്ങളായിരിക്കണം.

(കടപ്പാട്‌: ഭാഷാപോഷിണി)

 

[വളരെ മുമ്പ് ഫ്ലിക്കറില്‍ ഏതോ ഒര അജ്ഞാതന്‍ പോസ്റ്റിയ ഈ കുറിപ്പ് ഞാന്‍ എടുത്തു സൂക്ഷിച്ചു വെക്കുകയായിരുന്നു ,ആ കുറിപ്പ് ഇപ്പോള്‍ നെറ്റില്‍ എങ്ങും ശേഷിച്ചിട്ടില്ല ,അതു കൊണ്ട് തന്നെ ആ അജ്ഞാതന്‍ അജ്ഞാതനായി തന്നെ തുടരുന്നു , അദ്ദേഹത്തിനും കൂടി ഈ കുറിപ്പിന്റെ കടപ്പാട് ]

 

Monday, 27 May 2013

മനുഷ്യനു ഒരു ആമുഖം .




“പൂര്‍ണ്ണവളര്‍ച്ചയെത്തും‌   മുമ്പ്  മരിച്ചു പോകുന്ന
ഒരേയൊരു ജീവിയാണ് മനുഷ്യന്‍!”. 


കുറെ കാലത്തെ ഇടവേളക്കു ശേഷമാണ് ഒരു നോവല്‍ വായിക്കുന്നത് , ഫിക്ഷനെഴുത്തിന്റെ   ആവര്‍ത്തന വിരസത കൊണ്ടും സമയമില്ലെന്ന മുട്ടാപ്പോക്കു കൊണ്ടും   വായന നോണ്‍ -ഫിക്ഷനിലേക്കു മാത്രമായി  ചുരുക്കുകയായിരുന്നു .സുഭാഷ് ചന്ദ്രന്റെ “മനുഷ്യനു ഒരു ആമുഖം “ മാതൃഭൂമിയില്‍ ഖണ്ടശയായി ഒന്നു രണ്ട്  അധ്യായങ്ങള്‍  വായിച്ചപ്പോഴെ  മനസ്സില്‍ ആഗ്രഹം തോന്നിയ കൃതിയാണ് .അങ്ങനെയാണ്  “മനുഷ്യനു ഒരു ആമുഖം “ വായിച്ചു തുടങ്ങിയത് . വായനയുടെ അന്ത്യത്തില്‍  തച്ചനക്കരയും അവിടത്തെ ജനങ്ങളും അയ്യമ്പിള്ളി തറവാടുമെല്ലാം ഒരു വായനാനുഭവമെന്നതിലുപരി  അവിസ്മരണീയമായ ,തീക്ഷ്ണത നിറഞ്ഞ ഒരു ജീവിതാനുഭവത്തെ അനുഭവിച്ചറിഞ്ഞ പോലെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് .  



ഒരു ദേശത്തിന്റെ ,ആ  ഭൂമികയുടെ അവകാശികളായ അതിലെ മനുഷ്യ ജന്മങ്ങളുടെ നോവും സന്തോഷവും വികാരവുമെല്ലാം എക്കാലത്തും എന്നെ ആകര്‍ഷിച്ചിട്ടുള്ള വായനാനുഭവങ്ങളാണ് .കുട്ടിക്കാലത്തു ടോം സോയറിന്റെയും ഹക്കിള്‍ ബറി ഫിന്നിന്റെയും  മിസ്സിസ്സിപ്പി നദീ തീരവും ,മാല്‍ ഗുഡിയും , കൌമാര കാലത്തു പൊറ്റെക്കാടിന്റെ അതിരാണിപ്പാടവും മാര്‍ക്കേസിന്റെ മാക്കൊണ്ടയും ഓ വി യുടെ ഖസ്സാക്കും ഒരു ഭ്രമമായി മനസ്സില്‍ കുടിയേറിയിട്ടുണ്ട് ,എന്തിന് ഖസ്സാക്കിന്റെ സാങ്കല്‍പ്പിക ലോകത്തോടുള്ള ഭ്രമം മൂത്ത് അതിന്റെ ഭൂമിശാസ്ത്ര മാതൃക തേടിപ്പിടിച്ചു ഒരു നട്ടുച്ച വെയില്‍ 100 കിലോ മീറ്ററിലേറെ തനിയെ  ബൈക്കോടിച്ച്   തസ്രാക്ക് എന്നൊരു പാലക്കാടന്‍ ഉള്‍ ഗ്രാമത്തിലെത്തി വെയിലിന്റെ ആവരണം പുതച്ച ശൂന്യമായ എന്റെ സ്വപ്ന ഭൂമി കണ്ട് നിരാശനാകേണ്ടി വന്നിട്ടുണ്ട്  .പക്ഷെ ഖസാക്ക് സൃഷ്ടിച്ച മതിഭ്രമം മാറാന്‍ അതൊന്നും പര്യാപ്തമായിരുന്നില്ല ,അതിപ്പോഴും വിടാതെ എന്റെ കൂടെത്തന്നെയുണ്ട് ,ചെതലിമലയുടെ താഴ്വാരങ്ങളും കരിമ്പന കൂട്ടങ്ങളും മൈമുന കണങ്കൈ വരെ കൈ തെറുത്തു കയറ്റി നടന്നിരുന്ന ഇടവഴികളും  -എന്നെ സംബന്ധിച്ചു അതെല്ലാം കണ്ടറിയാത്ത ഒരു ഭാവനയാണെങ്കില്‍  തച്ചനക്കര ഒരു യാഥാര്‍ത്ഥ്യമാണ് .


ഖസാക്കും ,മാക്കൊണ്ടയും അതിരാണിപ്പാടവും  അജ്ഞാതമായ ഒരു ദേശത്തെ പറ്റിയുള്ള  കൌതുകമായിരുന്നു   ശേഷിപ്പിച്ചിരുന്നതെങ്കില്‍ തച്ചനക്കര  എനിക്കു ചുറ്റുമുള്ള ഒരു ലോകത്തെയാണ് കാണിച്ചു തന്നത് ,ഞാന്‍ ജീവിച്ചിരുന്ന ഒരു ദേശവും , എനിക്കു ചുറ്റുമുള്ള  ആളുകളും , വളര്‍ച്ചയുടെ ഒരോ ഘട്ടത്തിലും ഞാന്‍ നേരിട്ട ജീവിതങ്ങള്‍ ,ഞാനനുഭവിച്ച വ്യഥകള്‍ ,ഞാന്‍ കണ്ട മനുഷ്യര്‍ - ഞാനൊരു ആത്മകഥയെഴുതിയാലെന്ന വണ്ണമെന്റെ ഉള്ളില്‍ തെളിഞ്ഞു എന്നെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു . പ്രണയിനിയായ ആന്‍ മേരിയും  അവളോട് പങ്ക് വെക്കപ്പെട്ട അപകര്‍ഷതകള്‍ പോലും  വേദനയും സന്തോഷവും  നിറച്ചു കൊണ്ട് അസാധാരണാം വിധം സാദൃശ്യമുള്ളതായിരുന്നു  . ജിതേന്ദ്രന്‍ ആന്‍ മേരിക്കയച്ച കത്തുകളിലൊന്ന്  വെറുതെ ജീവിച്ചു പോകുന്ന  ജീവിതത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ചാണ് .മനുഷ്യനു ഒരു ആമുഖത്തിന്റെ അന്തസത്തയും ഈ വരികളാണ് .


"ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ
മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട്
ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത
വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ 
വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി
മരിച്ചുപോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്നു
പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ,
മനുഷ്യനായി പിറന്നതില്‍ എനിക്ക്
അഭിമാനിക്കാന്‍ ഒന്നുമില്ല.”


 എന്റെ വൈയക്തികാനുഭവങ്ങള്‍ക്കുമപ്പുറം “മനുഷ്യനു ഒരു ആമുഖം “ മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു നോവലായി അംഗീകരിക്കപ്പെടുന്നത് അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ടാണ് .പല തരത്തിലും വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ കൊണ്ട് ശ്രദ്ധാപൂര്‍വ്വം തുന്നിയെടുത്ത ഒരു  ഒരു ചിത്രകമ്പളമാണ് “ മനുഷ്യനു ഒരു ആമുഖം”.
അയ്യാട്ടുമ്പിള്ളിയെന്ന നായര്‍തറവാട്ടിലെ ഇള മുറക്കാരനാ‍യ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമെന്ന മട്ടിലാണ് കഥ പറഞ്ഞു പോകുന്നത് . ജിതേന്ദ്രന്റെ  ജനനത്തിനു മുമ്പുള്ള തലമുറയും അതിന്റെ ശാഖോപശാഖകളും തച്ചനക്കരയിലെ ജനങ്ങളുമെല്ലാം ഓര്‍മ്മയുടെ  അടുക്കും ചിട്ടയോടും കൂടി ജിതേന്ദ്രന്റെ ബാല്യ കൌമാര യൌവനത്തിലൂടെ സഞ്ചരിച്ചു വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയില്‍ അവസാനിക്കുന്ന ഒരു ചരിത്രം   ക്രാഫ്റ്റിന്റെയും കാല്പനികതയുടെയും അതിവിദഗ്ദമായ ഒരു സങ്കലനമാണത് .


ഒരു എഴുത്തുകാരനെ വായനക്കാരന്‍ അംഗീകരിക്കുന്നത് അയാളുടെ എഴുത്തില്‍ ഒരു തനത് ശൈലി കണ്ടെത്തുമ്പോഴാണ് , സുഭാഷ് ചന്ദ്രന്റെ തന്റെ ആദ്യ നോവലില്‍ തന്നെ തനതായ ഒരു ആഖ്യാനശൈലി രൂപപ്പെടുത്തിയതായി കാണാം .വായനയുടെ ചിരപരിചിതത്വം കൊണ്ട്  ഇടയ്ക്കെപ്പോഴോ ജീര്‍ണ്ണിച്ച യാഥാസ്ഥിതിക നായര്‍ തറവാടിന്റെ ചിത്രീകരണത്തില്‍ എം ടി കടന്നു വരുന്നതായി തോന്നിയപ്പോഴേക്കും അതു തന്റേതായ ഒരു തലത്തിലേക്കു മാറ്റിയെഴുതാന്‍ സുഭാഷ് ചന്ദ്രനു കഴിഞ്ഞു , നായര്‍ മഹിമയും സവര്‍ണ്ണ ആഡ്യത്തവും പോലെയുള്ള വ്യാജ അഭിമാന ബോധത്തെ തകര്‍ത്തുകളയുന്ന ഒരു ഉല്പതിഷ്ണുത്വം  മനപ്പൂര്‍വ്വമായി തന്നെ എഴുത്തിലങ്ങഓളമിങ്ങോളം കഥാപാത്രങ്ങളായി വരുന്നുണ്ട് . 

മനുഷ്യനു ഒരു ആമുഖത്തിനു മുമ്പ് തന്നെ സുഭാഷ്  ചന്ദ്രന്റെ “തല്പവും “ മറ്റ്  ചെറുകഥകളും വായിച്ചിട്ടുണ്ട് , ഭാഷയുടെ തനിമയും ശൈലിയുടെ വ്യത്യസ്ഥതയും കൊണ്ട് ആകര്‍ഷണം തോന്നിയിട്ടുള്ള എഴുത്തായിരുന്നു അതെല്ലാം .എഴുതിത്തെളിഞ്ഞവര്‍ ആദ്യ നോവലിനായി തിരഞ്ഞെടുക്കുന്നതെപ്പോഴുമൊരു ദേശത്തിന്റെ കഥയാകുന്നത് അല്പംയാദൃശ്ചികത നിറഞ്ഞ ഒരു കൌതുകമാണ് . ഓ വി വിജയന്റെ ആദ്യ നോവല്‍ - ഖസ്സാക്കിന്റെ ഇതിഹാസമാകുന്നതും എന്‍ എസ് മാധവന്‍ എഴുതാനായി  ലന്തന്‍ ബത്തേരിയുടെ  ചരിത്രം തിരഞ്ഞെടുത്തതും അതു പോലെ സുഭാഷ് ചന്ദ്രന്‍ തച്ചനക്കരയുടെ വംശാവലിയുടെ കഥ പറയുന്നു .  പക്ഷെ സുഭാഷ് ചന്ദ്രന്‍  തന്റെ എഴുത്തില്‍ വലിയൊരു വെല്ലുവിളി നേരിടാന്‍ പോവുകയാണ് ,ആദ്യ നോവല്‍ ക്ലാസ്സിക്കായിത്തീരുന്ന എഴുത്തുകാര്‍ വലിയൊരു ഉത്തരവാദിത്തമാണ് തലയിലേറ്റുന്നത് , ഖസ്സാക്കിന്റെ കരിസ്മ കൊണ്ട് ഖസ്സാക്കിനെക്കാള്‍ മികച്ചതെന്നു നിരൂപകര്‍ അംഗീകരിച്ച കൃതികള്‍  എഴുതിയിട്ടും ഖസ്സാക്കിന്റെ നിഴലില്‍ അവയൊന്നും അത്ര മേല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ദുര്‍ വിധി ഓ വി വിജയനുണ്ടായിരുന്നു , അതാവര്‍ത്തിക്കാതിരിക്കട്ടെ എന്നാഗ്രഹമുണ്ട് .

പ്രിയപ്പെട്ട കഥാകാരാ ഈ കൃതി വായിച്ചിട്ടു ആസ്വാദകരില്‍ ചിലര്‍ സ്നേഹം കൊണ്ട് ജിതേന്ദ്രന്റെ പെണ്‍ മക്കള്‍ക്കായി പാലയ്ക്കാ മാലയും കമ്മലുമെല്ലാം പാരിതോഷികമായി അയച്ചുവെന്നു കേട്ടു ,എന്റെ കയ്യില്‍ തരാന്‍  വില പിടിപ്പുള്ള ദ്രവ്യങ്ങളും സമ്മാനങ്ങളുമില്ല ,ആത്മാര്‍ത്ഥമായ നന്ദിയുണ്ട് ,സ്നേഹമുണ്ട് ഇങ്ങനെയൊരു കൃതി തന്നതിനു  :)