Like

...........

Tuesday 10 September 2013

നയിറയും സിറിയയും പിന്നെ അമേരിക്കയും .

മനുഷ്യരെപോലെ  രാജ്യങ്ങള്‍ക്കും മനസ്സുണ്ടെന്നു പറഞ്ഞതു എം എന്‍ വിജയന്‍ മാഷാണ് . കഥകളിലെ ഭീമാകാരനായ സാങ്കല്പിക കഥാപാത്രത്തോടു യുദ്ധം ചെയ്യുന്ന കൊച്ചു കുട്ടികളുടെ മനസ്സാണ് അമേരിക്കക്കു ,പക്ഷെ അതു കൊച്ചു കുട്ടികളോളം നിഷ്കളങ്കവുമല്ല . അവര്‍ക്കെപ്പോഴുമൊരു ശത്രു വേണം ,എപ്പോഴും യുദ്ധം ചെയ്തു കൊണ്ടിരിക്കണം അതിനവര്‍ കണ്ടെത്തുന്ന കാരണമാണ് വിചിത്രം അവരാണ് ലോക സമാധാന വക്താക്കളെന്ന് !!! . ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ അന്യഗ്രഹ ജീവികള്‍ മുതല് ഗൊറില്ല വരെയുള്ള‍ അജ്ഞാത ഭീകര ശക്തികള്‍ എപ്പോഴും അമേരിക്കക്കാരുടെയും ലോകത്തിന്റെയും ശത്രുക്കളാണ് അവസാനം ധീരോദാത്തനായ ഒരു രക്ഷകന്‍ വന്ന് ഈ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്തു കൊണ്ടു ലോകത്തെ മുഴുവന്‍ രക്ഷിക്കും. ഹോളിവുഡ് ചിത്രങ്ങള്‍ ലോകത്തു മുഴുവന്‍ പ്രചാരത്തിലായ കാലം മുഴുവന്‍ ഈ ഒരു സന്ദേശമാണ് എല്ലാ സിനിമകളിലും മാറിയും മറിഞ്ഞും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍ അന്യഗ്രഹജീവികളും അജ്ഞാത ജീവികളെയുമെല്ലാം പ്രതീകാത്മക ശത്രുക്കളാക്കി പോരാടാം പക്ഷെ യഥാര്‍ത്ഥലോകത്തില്‍ അതു പറ്റില്ലല്ലോ .സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയൊടെ ശീത യുദ്ധത്തിന്ന്റെ അന്ത്യമായി അതിനു ശേഷം എടുത്തു കാണിക്കാനൊരു ശത്രു ഇല്ലാതെയായിപോയപ്പോഴാണ് അമേരിക്കന്‍ ഭരണകൂടം ശത്രുക്കളെ സ്വയം സൃഷ്ടിച്ചു തുടങ്ങിയത്. ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സ്വന്തം താല്പര്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന മാനസികാവസ്ഥ .


മധ്യപൂര്‍വ്വേഷ്യയുടെ രാഷ്ട്രീയം 


 മധ്യവര്‍ത്തിയായ റഷ്യയുടെ നിര്‍ദ്ദേശം മാനിച്ചു സിറിയ രാസായുധങ്ങള്‍ വെച്ചു കീഴടങ്ങിയില്ലെങ്കില്‍  ഐക്യരാഷ്ട്ര സഭയുടെയും മറ്റ് രാജ്യങ്ങളുടെയും എതിര്‍പ്പു മറി കടന്ന്  സിറിയയില്‍ അമേരിക്ക അധിനിവേശം നടത്തുമൊ എന്നതൊരു ഭീകരമായ ഹൈപ്പോതെറ്റിക്കല്‍ ചോദ്യമാണ് ,കാരണം സിറിയയുടെ കയ്യില്‍ രാസായുധമുണ്ടോ എന്നത് വ്യക്തമല്ല . അമേരിക്കയുടെ ലക്ഷ്യം സിറിയ തന്നെയാണ് അതിനു പിന്നില്‍ മധ്യപൂര്‍വ്വേഷ്യയുടെ ഭൂമിശാസ്ത്ര പരമായ ഒരു രാഷ്ടീയം നില നില്‍ക്കുന്നുണ്ട് . പക്ഷെ സിറിയയിലേക്കു അമേരിക്കക്കു കടന്നു കയറണമെങ്കില്‍ അവര്‍ ജനങ്ങള്‍ക്കു മേല്‍  രാസായുധം പ്രയോഗിക്കുന്നുണ്ടെന്നു ലോകത്തെ അറിയിക്കണം   പേരിനെങ്കിലും ,ബോധ്യപ്പെടുത്തണം ,അതറിയിച്ചു കഴിഞ്ഞു ,ഇനി രാസായുധം ഉണ്ടെങ്കിലും ഇല്ലെങ്കിലും സിറിയ രാസായുധം അടിയറവ് വെക്കണം ഇല്ലെങ്കില്‍ അമേരിക്കക്കു ആക്രമിക്കാം , അവസാനമായി റഷ്യയും സിറിയയോടു  പറഞ്ഞു കഴിഞ്ഞൂ രാസായുധം സറണ്ടര്‍ ചെയ്യണമെന്നു , അഥവാ സിറിയയുടെ കയ്യില്‍ അമേരിക്ക ആരോപിക്കും പോലൊരു രാസായുധം ഇല്ലെങ്കില്‍ ?? ഇല്ലെങ്കില്‍ അവരുടെ ധാര്‍ഷ്ട്യത്തിനു ,രാസായുധം അടിയറവ് വെക്കാത്ത ദുഷ്ട ബുദ്ധിക്കു അമേരിക്കയുടെ ആക്രമണം നേരിടുക അല്ലാതെ മറ്റു വഴികളില്ല ,ഇറാക്കിലെ കൂട്ട നശീകരണ ആയുധങ്ങളുടെ കഥ പോലെ തന്നെയാണതും . ഞങ്ങള്‍ ആരോപണമുന്നയിച്ചു കഴിഞ്ഞു  ,ആ ആരോപണം സത്യമാണെന്നു തെളിയിക്കേണ്ടതു സിറിയയുടെ ബാധ്യതയാണ് .[അരോപണം തെറ്റാണെന്നു തെളിയിക്കാനാവില്ല ,ഇറാക്കില്‍ കൂട്ട നശീകരണത്തിനുള്ള ആയുധങ്ങളില്ലെന്നു തെളിയിച്ച ഇറാക്കിന്റെ അനുഭവം ഓര്‍മ്മിക്കുക ]  ആടിനെ പട്ടിയും പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലുന്ന പഴയ നാട്ടു നടപ്പ് തന്നെയാണ് ഇതും .


In 2012, the BBC falsely used a 2003 image from Iraq in a story about the Houla massacre in Syria which occurred on May 25, 2012. The BBC apologized and the image was removed. 


Whoever Controls the Media Controls the Mind .


അമേരിക്കക്കു അവരുടെ പ്രൊപ്പഗാണ്ട പ്രചരിപ്പിക്കാന്‍ വളരെ ശക്തമായ ഒരു മാധ്യമ പ്രചരണ ശൃംഘലയുണ്ട് ,ലോകത്തെ നിയന്ത്രിക്കുന്ന ,സ്വാധീനിക്കുന്ന മാധ്യമങ്ങളെല്ലാം തന്നെ അമേരിക്കയുടെ ചൊല്‍പ്പടിയിലാണ്  . സിറിയയിലെ രാസായുധ ആക്രമണങ്ങളുടെ കഥ ഇപ്പോള്‍ സജീവമായി തന്നെ പ്രചരിപ്പിക്കപ്പെടുന്ന ഒന്നാണ് , പക്ഷെ ആക്രമണത്തിനിരയായവരെ പരിശോധിച്ച ഡോക്ടര്‍മാരൊന്നും ഇത് സ്ഥിതീകരിച്ചിട്ടുമില്ല .പക്ഷെ അമേരിക്ക തുടര്‍ച്ചയായി ഈ രാസായുധ പ്രയോഗത്തിന്റെ കഥ യാതൊരു തെളിവുകളുമില്ലാതെ തന്നെ ആരോപിച്ചു കൊണ്ടിരിക്കുന്നു .യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു രാസായുധ പ്രയോഗത്തിന്റെ കഥ വളരെ മുമ്പേ തന്നെ സൊഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ സംഘടിത പ്രചരണമുണ്ടായിരുന്നു . സിറിയയിലെ ആഭ്യന്തര കലാപം ഇത്രത്തോളം മൂര്‍ച്ഛയിലേക്കെത്തുന്നതിനു മുമ്പ് തന്നെ സിറിയയില്‍ രാസായുധം പ്രയോഗിക്കപ്പെട്ടു എന്ന ഒരു വാര്‍ത്ത ബി ബി സിയില്‍ വന്നത്അതിന്റെ തെളിവായിരുന്നു     ,അതായത്  കൃത്യമായി പറഞ്ഞാല്‍  2012 May  25 നു ബി ബി സി യുടെ വെബ് സൈറ്റില്‍ രാസായുധ പ്രയോഗത്താല്‍ കൂട്ടക്കൊല ചെയ്യപ്പെട്ട ഫോട്ടോ സഹിതം .അന്നു ആ വാര്‍ത്തയോടൊപ്പം പ്രസിദ്ധീകരിച്ച ഫോട്ടോ പിന്നീട് വിവാദമായിരുന്നു  [വെള്ളത്തുണി കൊണ്ടു പൊതിഞ്ഞു കൂട്ടിയിട്ട ശവശരീരങ്ങള്‍ക്കു മുകളിലൂടെ ഒരു ബാലന്‍ ഓടുന്നതാണ് ഫോട്ടോ ] . യഥാര്‍ത്ഥത്തില്‍ ഈ ഫോട്ടോ  സിറിയയിലേതായിരുന്നില്ല ,ഇറാക്കിലെ യുദ്ധ ഭൂമിയില്‍ നിന്നും ഫോട്ടോഗ്രാഫറായ  Marco De Loro എടുത്തതായിരുന്നു ഈ ഫോട്ടോ . ബി ബി സി യുടെ വെബ് സൈറ്റില്‍ സിറിയന്‍ കൂട്ടക്കൊല എന്ന വാര്‍ത്തക്കൊപ്പം  ഈ ചിത്രം കണ്ടപ്പോള്‍  Marco De Loro  അക്ഷരാര്‍ത്ഥത്തില്‍ തന്നെ കസേരയിലേക്കു തളര്‍ന്നു വീണു എന്നാണ് അദ്ദേഹം പറയുന്നത് .പിന്നീട് ബി ബി സി യെ അറിയിച്ചപ്പോള്‍ അവര്‍ വളരെ നിസ്സാരമായ ഒരു തെറ്റെന്നോണം ഒരു ഖേദ പ്രകടനം നടത്തുകയുണ്ടായി .ട്വിറ്ററില്‍  സിറിയന്‍ കൂട്ടക്കൊല എന്ന പേരില്‍ പ്രചരിച്ചിരുന്ന ഒരു ഫോട്ടോയായിരുന്നുവത്രെ അവര്‍  പ്രസിദ്ധീകരിച്ചത് . വിശ്വസനീയതയ്ക്കു പുകള്‍ പെറ്റ  ബി ബി സി ആരോ അയച്ചു കൊടുത്ത ഒരു ഫോട്ടോ യാതൊരു വിധ പരിശോധനയ്ക്കും തുനിയാതെ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വാര്‍ത്തയ്ക്കു ചിത്രമാക്കി ഉപയോഗിച്ചു എന്നതു അത്ര നിഷ്കളങ്കമായ പിശകായി തോന്നുന്നില്ല ,  സിറിയയിലേക്കു അമേരിക്കക്കു കടന്നു കയറാന്‍ ,യുദ്ധം വിതയ്ക്കാനുള്ള ശ്രമം വളരെ മുമ്പേ തന്നെ ആസൂത്രിതമായി തന്നെ നടന്നിരുന്നു എന്നു വേണം കരുതാന്‍ .

സിറിയയില്‍ കലാപങ്ങളില്ലെന്നോ ,ആക്രമണങ്ങളില്ലെന്നോ ,ഭരണകൂട അടിച്ചമര്‍ത്തലുകളില്ലെന്നോ അല്ല ഞാന്‍ പറഞ്ഞു വരുന്നത് ,യഥാര്‍ത്ഥത്തില്‍ സിറിയയെ കുറിച്ചു പോലുമല്ല ഞാന്‍ പറയാനുദ്ദേശിക്കുന്നത് .സിറിയക്കും മുമ്പ്    1990 - ല്‍  O
peration  Desert storm  എന്ന അപരനാമത്തില്‍ ഉണ്ടായ  ഗള്‍ഫ് വാറിനെക്കുറിച്ചും  അതിനു ശേഷം  Operation Desert Fox  നെ കുറിച്ചും  ഉം ഏറ്റവുമവസാനം എട്ടു വര്‍ഷത്തോളം നീണ്ട ഇറാക്കി യുദ്ധത്തിനെ കുറിച്ചുമാണ് നാം സംസാരിക്കേണ്ടത് .കാരണം ഈ യുദ്ധങ്ങളുടെ അധിനിവേശങ്ങളുടെ കൃത്രിമമായ കാരണങ്ങള്‍ ഇപ്പോഴും തെളിവുകളില്ലാതെ തന്നെ തുടരുകയാണ് . ഈ മധ്യപൂര്‍വ്വേഷ്യയുടെ ഭൂമിശാസ്ത്രത്തില്‍ എന്നും അമേരിക്കക്കു താല്പര്യമുണ്ടായിരുന്നു .ആ താല്പര്യത്തെ ,ആ അധിനിവേശത്തെ  പ്രോത്സാഹിപ്പിക്കാന്‍ തക്ക രാഷ്ട്രീയ അസ്ഥിരതയും സ്വേച്ഛാധിപതയും ഈ മേഖലയില്‍ എക്കാലവുമുണ്ട് .

 .


Nayirah's Testimony [നയിറയുടെ സാക്ഷ്യം ]   

1990 - ല്‍ ഒക്ടോബര്‍ പത്തിനാണ് നയിറ എന്ന പതിനഞ്ചു വയസ്സുകാരി  Congressional Human Rights Caucus എന്ന മനുഷ്യാവകാശ സംഘടനയുടെ കാര്‍മ്മികത്വത്തില്‍  ലോകത്തെ ഞെട്ടിച്ച ,വേദനിപ്പിച്ച ആ വെളിപ്പെടുത്തല്‍ നടത്തുന്നത് . ഇറാക്കു അധിനിവേശത്തെ തുടര്‍ന്നു കുവൈറ്റില്‍ നടമാടുന്ന സൈനിക നിഷ്ടൂരതയുടെയും അരാജകത്വത്തിന്റെയും ജീവിച്ചിരിക്കുന്ന സാക്ഷി എന്ന നിലയിലാണ് നയിറയുടെ പ്രസംഗം ലോകം ശ്രവിച്ചത് .

ഒരു സന്നദ്ധ പ്രവര്‍ത്തകയായി  കുവൈറ്റിലെ ഹോസ്പിറ്റലുകളില്‍ സേവനം നടത്തിയ ആ പതിനഞ്ചു കാരിയുടെ കണ്ണീരില്‍ കുതിര്‍ന്ന സാക്ഷ്യം ലോകം ശ്രദ്ധയോടെ കേട്ടു -  ആശുപത്രികള്‍ കയ്യേറി  ഇങ്ക്യുബേറ്ററുകളില്‍ നിന്നു പോലും  നവജാത ശിശുക്കളെ പുറത്തെടുത്തു നിഷ്കരുണം കൊലപ്പെടുത്തിയ നരാധമന്മാരായ ഇറാക്കി സൈനികരുടെ ക്രൂരതയെ കുറിച്ചു പറയുമ്പോള്‍ വാക്കുകള്‍ മുഴുവനാക്കാതെ നയിറ വിതുമ്പി , ലോകമാകമാനമുള്ള ടെലവിഷന്‍ പ്രേക്ഷകരും അവളോടൊപ്പം കരഞ്ഞു ,ആ നേര്‍ കാഴ്ചയുടെ സാക്ഷ്യം പറച്ചില്‍ ലോക മനസാക്ഷിയെ ഉലച്ചു . പിഞ്ചു കുഞ്ഞുങ്ങളെ പോലും ജീവനോടെ കുഴിച്ചു മൂടിയ , ഇന്‍ ക്യുബേറ്ററുകള്‍ തട്ടിയെടുത്ത ഇറാക്കി സൈനികര്‍ക്കെതിരെ  വന്‍ ജനരോഷമുയര്‍ന്നു . പ്രസിഡണ്ട് ബുഷ്   പൊതു വേദിയിലും സെനറ്റിലുമായി ഒരാഴ്ചക്കിടെ പത്തോളം തവണ ഇന്‍ ക്യുബേറ്ററിലെ നവ ജാത ശിശുക്കളെ കൊന്നൊടുക്കിയ ക്രൂരതയെ കുറിച്ച് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു . പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലാതിരുന്ന യുദ്ധ ഭൂമിയില്‍ നിന്നുള്ള നയിറയുടെ സാക്ഷ്യ പ്രഖ്യാപനം ആംനസ്റ്റി ഇന്റര്‍ നാഷണലില്‍ പോലും ഔദ്യോഗിക രേഖയായി സ്ഥാനം പിടിച്ചു . 312  നവജാത ശിശുക്കള്‍  ഇറാക്കി സൈനികരാല്‍ കൊല്ലപ്പെട്ടുവെന്നു ഔദ്യോഗിക റിപ്പോര്‍ട്ടു പോലും  ആംനസ്റ്റി  പ്രസിദ്ധീകരിച്ചു . അവസാനം ലോക മനസ്സാക്ഷി  ഇറാക്കിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിലേക്കു സര്‍വ്വഥാ പിന്തുണ നല്‍കി .  [നയിറയുടെ സാക്ഷ്യം ഇവിടെ കാണാം ]


പിന്നീട് നടന്നത് ഗള്‍ഫ് യുദ്ധമെന്ന ചരിത്രം .
യുദ്ധാനന്തരം ഇറാക്കില്‍ നിന്നു കുവൈറ്റ് മോചിക്കപ്പെട്ടു ,അതിന്റെ കഷ്ട നഷ്ടങ്ങളുടെ കണക്കുകള്‍ അന്തമില്ലാത്തതാണെങ്കില്‍ കൂടിയും . ലോകം ആശ്വാസമുതിര്‍ത്തു, അമേരിക്കയുടെ സമാധാന ശ്രമങ്ങള്‍ ഫലവത്തായല്ലോ .

ആരായിരുന്നു നയിറയെന്ന പെണ്‍ കുട്ടി ??



 1992  -ജനുവരിയില്‍ നമ്മുടെ ആ പഴയ കുവൈറ്റി അഭയാര്‍ത്ഥി നയിറക്കെന്തു പറ്റിയെന്നുള്ള ആകാംക്ഷയില്‍ New York Times  ലെ  John MacArthur എന്ന റിപ്പോര്‍ട്ടര്‍ ഒരു അന്വേഷണം നടത്തി ,അയാള്‍ കണ്ടെത്തിയ വിവരങ്ങള്‍ അയാളെ തന്നെ അമ്പരപ്പിച്ചു കളഞ്ഞു .നയിറ വെറുമൊരു അഭയാര്‍ഥിയല്ല അമേരിക്കയിലെ കുവൈത്തി സ്ഥാനപതിയായിരുന്ന സൌദ് നാസിര്‍ അല്‍ സബായുടെ പുത്രിയാണ് , അതു കൂടാതെ കുവൈറ്റി രാജകുടുംബാംഗം കൂടിയാണ് ,കുവൈറ്റി രാജ കുടുംബാംഗമായ ,ഉന്നത പദവിയിലിരിക്കുന്ന ഒരാളുടെ പതിനഞ്ച് വയസ്സുകാരിയായ മകള്‍  യുദ്ധ സമയത്തു ,ഇറാക്കി പട്ടാളക്കാരുടെ അധിനിവേശമുള്ള ഒരു ആശുപത്രിയില്‍ സന്നദ്ധ സേവനം നടത്തി എന്നു പറയുന്ന യുക്തിയില്‍ അവിശ്വാസം തോന്നിയ പത്ര പ്രവര്‍ത്തകരുടെ അന്വേഷണ ത്വര ചെന്നെത്തി നിന്നത്  Hill & Knowlton  എന്ന വന്‍ കിട പബ്ലിക് റിലേഷന്‍ കമ്പനിയിലേക്കാണ് . കുവൈറ്റി ഗവണ്മെന്റിന്റെ സ്പോണ്‍സേഡ് ജനകീയ പ്രസ്ഥാനമായ  Citizen for a Free Kuwait ഇല്‍ നിന്നും ഒരു മില്ല്യണ്‍ ഡോളര്‍ കൈപ്പറ്റിയതും   നയിറയുടെ പ്രസംഗം അരങ്ങേറിയ  Congressional Human Rights Caucus നു Hill & Knowlton   ന്റെ വക വന്‍ തോതില്‍ സംഭാവന കൊടുത്തതുമായ രേഖകള്‍ പിന്നീട് പുറത്തു വന്നു .ഇതു Hill & Knowlton  ന്റെ ബുദ്ധിയില്‍ ആസൂത്രണം ചെയ്യപ്പെട്ട വലിയൊരു ഗൂഡാലോചനയായിരുന്നു , നയിറയുടെ പ്രസംഗം പോലും Hill & Knowlton  ന്റെ പരിശീലനത്താല്‍ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ഒന്നായിരുന്നു .  Human Rights Watch ന്റെ അന്വേഷണത്തില്‍ ഈ ഇങ്കുബേറ്റര്‍ സംഭവം പൂര്‍ണ്ണമായും ആസൂത്രിതമായ കളവായിരുന്നെന്നു തെളിഞ്ഞു .ആംനസ്റ്റി ഇന്റര്‍ നാഷണലിന് ആദ്യം പ്രസിദ്ധീകരിച്ച “നവജാത ശിശുക്കളുടെ കൂട്ടക്കൊല “ റിപ്പോര്‍ട്ട് തിരുത്തേണ്ടി വന്നു .[ആംനസ്റ്റിയെ ഒന്നും കുറ്റം പറയാന്‍ പറ്റില്ല ,അതൊരു ഗൂഡാലോചനയാണെന്നു തിരിച്ചറിഞ്ഞതിനു ശേഷം ,23 വര്‍ഷങ്ങള്‍ക്കിപ്പുറം ആ വീഡിയോ കാണുമ്പോഴും മനസാക്ഷിയുള്ളവന്റെ ചങ്കൊന്നു പിടയും ,അത്ര നല്ല പ്രകടനമായിരുന്നു അത് ] ഇറാക്കി സൈന്യം ആശുപത്രികള്‍ കയ്യടക്കിയിരുന്നെങ്കിലും ഇന്‍ ക്യുബേറ്ററുകള്‍ നശിപ്പിക്കുകയോ ,നവജാത ശിശുക്കളെ കൊലപ്പെടുത്തുകയോ ഉണ്ടായിട്ടില്ലെന്നു പിന്നീട് വന്നു നിരവധി അന്വേഷണങ്ങളില്‍ തെളിഞ്ഞു . പിന്നീട് നയിറ തന്നെ താന്‍ നേരിട്ടു കണ്ടതല്ലെന്നും പറഞ്ഞു കേട്ട കാര്യങ്ങളായിരുന്നുവെന്നും വെളിപ്പെടുത്തുകയുണ്ടായി .

അപ്പോള്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം കഥകളുണ്ടാക്കുകയെന്നത് അത്ര പുത്തരിയല്ല ,പക്ഷെ ഈ കഥയുണ്ടാക്കലില്‍ ,അതിനെ തുടര്‍ന്നുള്ള ആക്രമണങ്ങളില്‍  ഒരു ധാര്‍മ്മികതയുണ്ടെന്ന പൊതുബോധം സൃഷ്ടിക്കാന്‍ അക്രമത്തിനു വിധേയമാകുന്ന ഈ രാജ്യങ്ങളിലെ  ആഭ്യന്തര രാഷ്ട്രീയവും ,സ്വേച്ഛാധികാരവും ,മതപരമായ അടിച്ചമര്‍ത്തലും കാരണമാകുന്നുണ്ട്  ,ഇറാക്കിലായാലും അഫ്ഘാനിസ്ഥാനിലായാലും ലിബിയയിലായാലും  അമേരിക്ക ആക്രമിക്കുമ്പോള്‍ ,അധിനിവേശം നടത്തുമ്പോള്‍ അത് നല്ലൊരു കാര്യത്തിനു വേണ്ടിയല്ലെ എന്നു ചിന്തിക്കുന്നിടത്തോളം രാഷ്ട്രീയ അരാജകത്വം നില നില്‍ക്കുന്ന ആഭ്യന്തര സ്ഥിതിയായിരുന്നു ആ രാജ്യങ്ങളില്‍ അപ്പോള്‍ ആക്രമണം For a Noble Cause എന്നതിലേക്കു ചുരുങ്ങും . പക്ഷെ ഈ രാജ്യങ്ങളില്‍ നടക്കുന്ന കൂട്ടക്കൊലയെ അതിലും കൂടിയ മറ്റൊരു കൂട്ടക്കൊലയിലൂടെ സമീകരിക്കാനാകുമെന്നു പറയുന്ന ആ ലോക പോലീസ് നീതി നിര്‍വ്വഹണത്തിന്റെ ധാര്‍മ്മികതയാണ് യഥാര്‍ത്ഥ പ്രശ്നം .

രാഷ്ട്ര  - ഭരണ കൂട സാമ്രാജ്യം .

അമേരിക്കയുടെ ഇറാക്കു അധിനിവേശത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചു  സ്ലാവോസ് സിസക്കു വളരെ കൃത്യമായി Iraq : Borrowed kettle ലൂടെ വിശദീകരിക്കുന്നുണ്ട് . ഒരു ഘട്ടത്തില്‍ നിഷ്കളങ്കമായ ഒരു ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു  ,അമേരിക്കക്കു ലോക പോലീസ് എന്തു കൊണ്ടായിക്കൂടാ ? ലോകത്തില്‍ നടമാടുന്ന അനീതിക്കും അതിക്രമങ്ങള്‍ക്കും എതിരെ ശബ്ദിക്കാന്‍ ലോകത്തിനൊരു വന്‍ ശക്തി ആവശ്യമല്ലെ ?

ഫലത്തില്‍ ശീതയുദ്ധത്തിനു ശേഷമുള്ള സാഹചര്യങ്ങള്‍ ഏതെങ്കിലും ലോകശക്തി ശൂന്യത നികത്തണമെന്നു ആവശ്യപ്പെടുന്നതായിരുന്നു .പക്ഷെ പ്രശ്നം മറ്റൊരിടത്തണ് .അമേരിക്ക ഒരു റോമാ സാമ്രാജ്യമാണെന്നു ഭാവിക്കുക മാത്രമാണ്,അതായത് സാമ്രാജ്യമാണെന്നു ഭാവിക്കുമ്പോള്‍ തന്നെ അതു രാഷ്ട്ര - ഭരണകൂടമായി പ്രവര്‍ത്തനം തുടരുന്നു ,നിര്‍ദ്ദയം തങ്ങളുടെ താല്പര്യങ്ങള്‍ക്കു വേണ്ടി മാത്രം പരിശ്രമിക്കുന്നു ,മുതലെടുക്കുന്നു ഏത് അനീതിയെയാണോ ചെറുത്തൂ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് അതിലും വലിയ അനീതിയായി പരിണമിക്കുന്നു .അമേരിക്കന്‍ രാഷ്ട്രീയത്തെ മുന്നോട്ട് നയിക്കുന്ന തത്ത്വം പരിസ്ഥിതി ശാസ്ത്രജ്ഞന്മാരുടെ പ്രഖ്യാതമായ ആപ്തവാക്യം “ആഗോളതലത്തില്‍ ചിന്തിക്കുക , പ്രാദേശികമായി പ്രവര്‍ത്തിക്കുക “ [Think Globally Act Locally]  എന്നതിന്റെ വിചിത്രമായ മറിച്ചിടലാണ്  -പ്രാദേശികമായി ചിന്തിക്കുക ,ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുക  -അതു തന്നെയാണ് നടക്കുന്നതും ലോകത്തെ മുഴുവന്‍ തങ്ങളുടെ ഒരു  കോളനിയാക്കുക എന്നതില്‍ കവിഞ്ഞു മറ്റൊരു ലക്ഷ്യമൊന്നും അമേരിക്കക്കില്ല . .അമേരിക്കയുടെ സാമ്പത്തിക ഭദ്രതയ്ക്കും മൂലധനാധിപത്യത്തിനും വേണ്ടി മാത്രമാണ് ലോക സമാധാനമെന്ന വ്യാജ യുക്തിയിന്മേലുള്ള അവരുടെ അധിനിവേശങ്ങള്‍ . പക്ഷെ ഏതൊരു അധിനിവേശത്തിനും മുമ്പ് ലോക ജനതയെ ധാര്‍മ്മികമായി ബോധിപ്പിക്കുക എന്നൊരു ചുമതല എക്കാലവും അമേരിക്കന്‍ ഭരണാധികാരികള്‍ വീഴ്ച കൂടാതെ നിര്‍വ്വഹിച്ചിട്ടുണ്ട് .ലോകത്ത് യുദ്ധമോ ,കൊള്ളി വെപ്പോ അധിനിവേശമോ അങ്ങനെ എന്തു തോന്ന്യാസം വേണമെങ്കിലും നടത്താം പക്ഷെ ലോക മനസാക്ഷിയെ  അക്കാര്യത്തില്‍ ബോധ്യപ്പെടുത്തണം .ഹോളിവുഡില്‍ നിന്നു പടച്ചു വിടുന്ന “ അമേരിക്കന്‍ സൂപ്പര്‍ ഹീറോ” മൂവീസ് ഈയൊരു രാഷ്ട്രീയ അജണ്ട സാംസ്കാരികമായി തന്നെ നിര്‍വ്വഹിക്കുന്നുണ്ട് . അമേരിക്കന്‍ ജനത മാത്രമല്ല അത്തരം സിനിമകളുടെ ആരാധകര്‍ കൂടി ആയൊരു മനോനിലയിലേക്കു പരിണമിക്കപ്പെട്ടിട്ടുണ്ട് . 


ഇത്തരത്തിലുള്ള പൊതുവികാരം സൃഷ്ടിക്കാന്‍ അമേരിക്കയുടെ പക്കല്‍ വ്യക്തമായ തന്ത്രങ്ങളും ഉപാധികളുമുണ്ട് .ഇറാക്കിന്മേല്‍ അമേരിക്ക ആക്രമണം നടത്തുന്നതിനു  ഇറാക്കിനെ കുറിച്ചും സദ്ദാം ഹുസ്സയിന്‍ എന്ന സ്വേച്ഛാധിപതിയായ കൊടും ഭീകരനെ കുറിച്ചും  മാധ്യമങ്ങളീല്‍ വന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി  ഏതെങ്കിലും തരത്തിലുള്ള ദുരന്ത പൂര്‍ണ്ണമായ ഒരു ഫലം ഏവരും ഭയന്നു - സദ്ദാമിന്റെ കൈവശമുള്ള അതിഭീകര ശേഷിയുള്ള കൂട്ട നശീകരണ ആയുധങ്ങളുടെ പ്രയോഗം മൂലം അതിഭീമമായ മാനങ്ങളുള്ള ഒരു പരിസ്ഥിതി ദുരന്തം , അതിനെ ചെറുക്കാന്‍ സ്വമേധയാ ഇറങ്ങിത്തിരിച്ച അമേരിക്കന്‍ സൈന്യത്തിനു കനത്ത നാശം , പാശ്ചാത്യ ലോകത്തിനു മേല്‍ മറ്റൊരു വമ്പന്‍ തീവ്രവാദി ആക്രമണം ....അങ്ങനെ  ,നാമെല്ലാം നിശബ്ദരായി  അമേരിക്കന്‍ നിലപാടുകള്‍ അംഗീകരിച്ചു .അങ്ങനെ സദ്ദാമിനെ കീഴടക്കിയ ആ യുദ്ധത്തിനു ശേഷം അമേരിക്കന്‍ വിമര്‍ശകര്‍ പോലും ആശ്വാസം കൊണ്ടു ,കൂടുതലൊന്നും സംഭവിച്ചില്ലല്ലോ എന്ന് .

ഇറാക്കി യുദ്ധത്തിന്റെ ന്യായീകരണങ്ങളായി ഉയര്‍ത്തിക്കാട്ടിയ എല്ലാ പ്രവചനങ്ങളും വ്യാജമായിരുന്നു എന്നു ഇന്നു നമുക്കറിയാം .കൂട്ട നശീകരണത്തിനുള്ള ഒരായുധവും ഇറാക്കില്‍ നിന്നു കണ്ടെടുക്കാനായില്ല [യഥാര്‍ത്ഥത്തില്‍ അമേരിക്കയുടെ ഇറാക്കു അധിനിവേശത്തിനു മുമ്പ്  നൂറു കണക്കിനു യു എന്‍ നിരീക്ഷകര്‍ തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടൂം ഒരു തരത്തിലുള്ള നശീകരണ ആയുധങ്ങളുടെയും തെളിവ് കിട്ടിയിരുന്നില്ലല്ലോ ] അവസാനം സദ്ദാമിന്റെ സ്വര്‍ണ്ണം പൂശിയ റിവോള്‍വറും മറ്റ് കൌതുക ആയുധങ്ങളും കൊണ്ട് യുദ്ധത്തിന്റെ കാരണത്തെ സമീകരിക്കുകയെന്ന ഫലിതത്തിലാണ് അതെത്തിച്ചേര്‍ന്നത് .ഇറാക്കിന്റെ കൈവശം അത്തരം നശീകരണ ആയുധങ്ങളില്ലെന്നു മറ്റാരെക്കാളും അമേരിക്കക്കു ബോധ്യമുണ്ടായിരുന്നു ,അതു കൊണ്ടാണ്  വ്യോമയുദ്ധമെന്ന താരതമ്യേന സുരക്ഷിതമായ മാര്‍ഗ്ഗം  വിട്ടു കരമാര്‍ഗ്ഗം യുദ്ധമുന്നേറ്റം നടത്താന്‍ അമേരിക്ക തുനിഞ്ഞതു ,ഇറക്കിന്റെ കൈവശം അത്തരം നശീകരണ ആയുധങ്ങളുണ്ടെന്നു വിശ്വസിച്ചിരുന്നെങ്കില്‍  അമേരിക്ക തങ്ങളുടെ ഭീമമായ ഒരു സൈന്യത്തെ  കരമാര്‍ഗ്ഗം യുദ്ധമെന്ന ആത്മഹത്യക്കു ഇട്ടു കൊടുക്കില്ലായിരുന്നു . യു എന്‍ നിരീക്ഷകര്‍ക്കറിയില്ലെങ്കിലും ലോകത്തെ ആയുധ വിപണി  കൈകാര്യം ചെയ്യുന്ന അങ്കിള്‍ സാമിന് അതറിയാതിരിക്കില്ലല്ലോ .

 സദ്ദാം ഹുസ്സെയിന്‍ പുണ്യാത്മാവോ ,അദ്ദേഹത്തിന്റെ ഭരണം  സമ്പല്‍ സമൃദ്ധമാണെന്നോ  ഇവിടെ വാദമില്ല , സ്വന്തം ജനതയെ കൂട്ടക്കൊല ചെയ്ത ക്രൂരനായ ഒരു സ്വേച്ഛാധിപതി തന്നെയായിരുന്നു സദ്ദാം ,പക്ഷെ ആ  ക്രൂരതയെ നേരിടാന്‍ അതിലേറെ ആളുകളെ കൂട്ടക്കൊല ചെയ്തു കൊണ്ടൊരു യുദ്ധത്തിന്റെ ധാര്‍മ്മികത എന്താണ്  ? ഒരു ധാര്‍മ്മികതയുമല്ല അത് പൂര്‍ണ്ണമായും മൂലധനാധിപത്യത്തിനുള്ള ഒരുപാധി മാത്രമാണ് .

Oil Politics [ ഇന്ധന രാഷ്ട്രീയം ]


അമേരിക്ക മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നത് ഇസ്ലാമിനെ തകര്‍ക്കാനുള്ള കുത്സിത ശ്രമമാണെന്നു വ്യാഖ്യാനിക്കുന്നവരുണ്ട് .യഥാര്‍ത്ഥത്തില്‍ തീരെ യുക്തിരഹിതമായ ഒരു വാദം മാത്രമാണത് . അമേരിക്കക്കു മതപരമാ‍യ ലക്ഷ്യങ്ങളുണ്ടെന്നു ശത്രുക്കള്‍ പോലും പറയാനിടയില്ല .വളരെ ലളിതമാണ് അവരുടെ ആക്രമണങ്ങളുടെ ലക്ഷ്യവും ഉദ്ദേശവും . ഏതൊരു സാമ്പത്തിക വിശകലന പ്രകാരവും ഭാവിയില്‍ ലോകത്തിന്റെ സമ്പദ് വ്യവസ്ഥ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ പോകുന്നത് ഇന്ധന വിലയാണ് ,അതിന്റെ ഇറക്കു മതി - കയറ്റു മതികളാണ് ,ഇന്‍ഡ്യന്‍ കറന്‍സിയുടെ ഇപ്പോഴത്തെ അവസ്ഥ തന്നെ ഉദാഹരണം . ഇപ്പോഴത്തെ  ഇന്ധന ഉപഭോഗ ക്രമം തുടരുകയാണെങ്കില്‍ പത്തിരുപതു വര്‍ഷങ്ങള്‍ക്കുള്ളില്‍ രൂക്ഷമായ ഇന്ധന ക്ഷാമം അനുഭവിക്കാനുള്ള സാധ്യതയുണ്ടെന്നു പഠനങ്ങള്‍ പറയുന്നു .അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാവിയില്‍ കൃത്യമായ ഒരു ഇന്ധനസ്രോതസ്സ് കണ്ടെത്തിയേ തീരൂ . 

 OPEC [Organization of the Petroleum Exporting Countries ] രാഷ്ട്രങ്ങളുടെ പൂര്‍ണ്ണമായ നിയന്ത്രണം കൈവശം വരുത്തുക എന്നതാണ് അതിന്റെ പ്രാഥമിക ദൌത്യം . എണ്ണയുല്പാദനത്തിന്റെ ,പ്രകൃതിവാതകത്തിന്റെ ഭൂമിശാസ്ത്ര മേഖലകള്‍ നിര്‍ണ്ണയിക്കുമ്പോള്‍ മധ്യപൂര്‍വ്വേഷ്യ എങ്ങനെ അമേരിക്കക്കു പ്രിയപ്പെട്ടതാകുന്നു എന്നു മനസ്സിലാകും .അഫ്ഘാനിസ്ഥാന്‍ അധിനിവേശത്തിനു ശേഷം ഹമീദ് കര്‍സായിയെ കുടിയിരുത്തിയതിലൂടെ അഫ്ഘാനും സമീപ രാജ്യങ്ങളായ കിര്‍ഗിസ്ഥാനും ഉസ്ബക്കിസ്ഥാനും താജിക്കിസ്ഥാനും അടങ്ങുന്ന പ്രകൃതിവാതക സമ്പന്നമായ മധ്യേഷ്യയുടെ നിയന്ത്രണം അമേരിക്കക്കു സാധ്യമാണ് . അതു പോലെ തന്നെ കുവൈറ്റും ,സൌദിയും യു എ ഇ യുമടങ്ങുന്ന മധ്യപൂര്‍വേഷ്യയുടെ ഒരു പ്രധാന ഭാഗം അമേരിക്കയുടെ നിയന്ത്രണത്തിലാണ് ,കേണല്‍ ഗദ്ദാഫിയുടെ യുഗം അവസാനിച്ചതോടെ ലിബിയയുടെ കാര്യത്തിലും ഒരു തീര്‍പ്പായി . OPEC രാഷ്ടങ്ങളിലെ പ്രധാനിയായ വെനസ്വേലയാണെങ്കില്‍ ഹ്യൂഗോ ഷാവേസ് വളര്‍ത്തിയെടുത്ത അമേരിക്കന്‍ വിരുദ്ധ സോഷ്യലിസ്റ്റ് ഭരണ ക്രമമാണ് ,അതു കൊണ്ട് തന്നെ അവിടെയൊരു ആഭ്യന്തര കലഹം ഉണ്ടാക്കുന്നതിനെക്കാള്‍ എളുപ്പം മധ്യ പൂര്‍വ്വേഷ്യയെ കീഴടക്കുക എന്നതാണ് . ഈയൊരു മേഖലയിലെ ആധിപത്യമാണ് വരുംകാല സാമ്പത്തിക ലോകത്തെ നിര്‍ണ്ണയിക്കുന്നത് .അഫ്ഘാന്‍ അധിനിവേശത്തിനു അമേരിക്കയുടെ അടുത്ത ലക്ഷ്യം ഇറാനാണ് എന്നു  രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ ഇറാനെ നേരിട്ട് ആക്രമിക്കുന്നത് അത്ര പന്തിയല്ലെന്നു അമേരിക്കക്കു ബോധ്യമുണ്ട് .അതു കൊണ്ട് തന്നെ അത് സിറിയ വഴി ഇറാനിലേക്കു നീളും .അഹ്മദി നെജാദ് വെറുതെയല്ല സിറിയയെ ആക്രമിച്ചാല്‍ അമേരിക്ക വന്‍ പ്രത്യാഘാതം നേരിടുമെന്നു ഭീഷണിപ്പെടുത്തുന്നത് ,നെജാദിനറിയാം സിറിയയില്‍ അധിനിവേശം നടത്തിക്കഴിഞ്ഞാല്‍ അമേരിക്കയുടെ അടുത്ത നീക്കം ഇറനാണെന്ന് .കാരണം പ്രകൃതി വാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനവും പെട്രോളിയം നിക്ഷേപങ്ങളില്‍ മൂന്നാം സ്ഥാനവും ഇറാനാണ്  !!!!

 ശാന്തവും സുസ്ഥിരവുമാ‍യ ഒരു ജനാധിപത്യ ക്രമം നില നില്‍ക്കുന്ന ഒരു രാജ്യത്തെ അകാരണമായി ആക്രമിക്കുകയല്ല  ,മറിച്ചു അരാജകത്വവും അക്രമവും അനീതിയുമുള്ളിടത്തു നീതി നടപ്പാക്കുകയാണ് അമേരിക്ക ചെയ്യുന്നതെന്ന പൊതു ബോധം സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതാണ് ആവര്‍ത്തിച്ചുള്ള ഇത്തരം അധിനിവേശങ്ങള്‍ക്കുള്ള അമേരിക്കയുടെ പ്രചോദനം ,അതായത് ഈ യുദ്ധങ്ങള്‍ അനീതിയാണെങ്കിലും അതിന്റെ കാരണം ഒരു നീതിക്കു വേണ്ടിയാണല്ലോ [For a noble cause psychology ] .ഈ പൊതു മനസാക്ഷിയെ സ്വാധീനിക്കുന്നത് അമേരിക്കന്‍ പ്രചരണം മാത്രമാണെന്നു പറയുന്നത് വാസ്തവ വിരുദ്ധമാണ് ,ആക്രമിക്കപ്പെടൂന്ന രാജ്യങ്ങളിലെ സ്വേച്ഛാധികാരവും ,മത പരമായ അടിച്ചമര്‍ത്തലുകളും , ആക്രമണങ്ങളും ,ആഭ്യന്തര പ്രശ്നങ്ങളുമെല്ലാം ഇതിനു രാസ ത്വരഗങ്ങളായി തീരുന്നുണ്ട് .ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന നിലക്കാണ് അമേരിക്കന്‍ പ്രചരണങ്ങളും അധിനിവേശവും കടന്നു വരുന്നത് .


ഉപദംശം .

ഏറെ ആഘോഷിക്കപ്പെട്ട ഒന്നായിരുന്നു താലിബാന്‍ ആക്രമണത്തിനു വിധേയയായ  മലാല എന്ന പെണ്‍ കുട്ടി - പാക്കിസ്ഥാനിലെ ഒരു അത്രയൊന്നും പുരോഗമിക്കാത്ത ഒരു പട്ടണത്തിലെ ഒരു പെണ്‍ കുട്ടിക്കു സ്കൂളില്‍ പോയതിന്റെ പേരില്‍ താലിബാനികളില്‍ നിന്നു ആക്രമണമേല്‍ക്കുന്നു , പോയിന്റെ ബ്ലാങ്കില്‍ തലക്കു വെടിയേറ്റ് ഗുരുതരമായ അവസ്ഥയില്‍ ജീവനു വേണ്ടി മല്ലിടുന്നു ,പ്രസിഡണ്ട് ഒബാമ ഉടന്‍ തന്നെ പ്രസ്ഥാവനയിറക്കുന്നു ,പോപ്പ് ഗായിക മഡോണ മലാലക്കു വേണ്ടി പാട്ടു പാടുന്നു , യു എന്‍ മലാലാ ദിനമായി ആചരിക്കുന്നു - അധികം താമസിയാതെ തന്നെ വിദഗ്ദ ചികിത്സക്കു  മരണത്തില്‍ നിന്നു അല്‍ഭുതകരമായി രക്ഷപ്പെട്ട മലാല യു എന്നില്‍ പയറു പോലെ നിന്നു  പ്രസംഗിക്കുന്നു -എല്ലാം  എത്ര  പെട്ടെന്നായിരുന്നു  !!!! .താലിബാനികളുടെ പീഡനത്തില്‍ വിദ്യാഭ്യാസം ചെയ്യാനാവാത്ത പെണ്‍കുഞ്ഞുങ്ങളെ കുറിച്ചും ബാല വേല ചെയ്യുന്ന ഇന്‍ഡ്യയിലെ കുട്ടികളെ കുറിച്ചും വികാര നിര്‍ഭരമായ പ്രസംഗം -   ലോകം കണ്ണീരോടെ ,വികാര വായ്പ്പോടെ മലാലയെ കേട്ടു  -പക്ഷെ അഫ്ഘാനിസ്ഥാനില്‍ അമേരിക്ക ക്ലസ്റ്റര്‍ ബോംബിട്ടപ്പോള്‍ ചിതറി തെറിച്ചു പോയ കുഞ്ഞുങ്ങളെ കുറിച്ചോ , യുദ്ധത്തില്‍  മാതാപിതാക്കള്‍ നഷ്ടപ്പെട്ടു അനാഥരായ കുഞ്ഞുങ്ങളെ കുറിച്ചോ മലാല ഒരക്ഷരം മൊഴിഞ്ഞതുമില്ല - ആ പ്രസംഗം അഫ്ഘാന്‍ ആക്രമണത്തിന്റെ നൈതികതയെ കുറിച്ചു വേവലാതിപ്പെട്ടിരുന്ന ഒരു വിഭാഗം അമേരിക്കന്‍ ജനതയുടെ മനസാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള കൃത്യമായ വാചകങ്ങള്‍ മാത്രമായിരുന്നു ,ഇത്രയധികം മതപരമായ പീഡനങ്ങള്‍ നടക്കുന്ന ഒരിടത്താണല്ലോ യുദ്ധം ചെയ്തു സമാധാനം കൈ വരുത്തിയതെന്ന മനോസംതൃപ്തി ,ആശ്വസിക്കല്‍ .


 മലാലയുടെ കഥ അതൊരു സി ഐ ഐ ആസൂത്രിത  നുണയാണെങ്കില്‍ കൂടി അതിലൊരു വലിയ നീതിയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു   ,ചുരുങ്ങിയത് സ്ത്രീകളും കുട്ടികളും മത മൌലിക വാദത്തിനെതിരെ മുദ്രാവാക്യം വിളിച്ചു തെരുവിലിറങ്ങാന്‍ തുനിഞ്ഞു , പെണ്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം ചെയ്യാനവകാശമുണ്ടെന്നുള്ള ഒരു പൊതു ബോധമെങ്കിലും അതു കൊണ്ട് യാഥാസ്ഥിതിക പാക്കിസ്ഥാനികളിലുണ്ടായിട്ടുണ്ട് , അതു തന്നെയാണ് ആ സംഭവത്തിന്റെ നേട്ടവും .

33 comments:

  1. മനുഷ്യരെപോലെ രാജ്യങ്ങള്‍ക്കും മനസ്സുണ്ടെന്നു പറഞ്ഞതു എം എന്‍ വിജയന്‍ മാഷാണ് . കഥകളിലെ ഭീമാകാരനായ സാങ്കല്പിക കഥാപാത്രത്തോടു യുദ്ധം ചെയ്യുന്ന കൊച്ചു കുട്ടികളുടെ മനസ്സാണ് അമേരിക്കക്കു ,പക്ഷെ അതു കൊച്ചു കുട്ടികളോളം നിഷ്കളങ്കവുമല്ല . അവര്‍ക്കെപ്പോഴുമൊരു ശത്രു വേണം ,എപ്പോഴും യുദ്ധം ചെയ്തു കൊണ്ടിരിക്കണം അതിനവര്‍ കണ്ടെത്തുന്ന കാരണമാണ് വിചിത്രം അവരാണ് ലോക സമാധാന വക്താക്കളെന്ന് !!! .

    ReplyDelete
  2. മലാലയുടെ കഥ അതൊരു സി ഐ ഐ ആസൂത്രിത നുണയാണെങ്കില്‍ കൂടി അതിലൊരു വലിയ നീതിയുണ്ടെന്നു ഞാനും വിശ്വസിക്കുന്നു.വ്യക്തമായ തന്ത്രങ്ങള്‍ മെനഞ്ഞെടുത്താണ് അമേരിക്കയുടെ ഓരോ നീക്കങ്ങള്‍, അത് എവിടെ ആണെങ്കിലും.

    ReplyDelete
  3. നയിറ പുതിയ അറിവായിരുന്നു വിഷ്ണു, നന്ദി

    ReplyDelete
  4. Another story, which was told to me by an ex high official from European space commission - The only country who knew, the evening before, that Iraq was going to attack Kuwait was US. Kuwait was steeling Irqi oil for long and Iraq was a friend of US till then. But the resistance from around the world was too big and US made a topsy turvy. She mentioned, it could also be that US cheated Saddam and persuaded him to attack Kuwait.

    Whatever, every war of America has a hidden agenda. Recently read an article which mentioned, America is just preparing for a war which will cover up its imminent financial break down.

    http://www.zerohedge.com/news/2013-08-31/guest-post-what-expect-during-next-stage-collapse

    http://www.alt-market.com/articles/1535-the-terrible-future-of-the-syrian-war

    How many govts in the world can boast that they dont kill its innocent civilians. Dont we kill innocent Kashmiris and tribals and muslims and dalits. Didnt Bahrain kill its own people during the arab spring, the numbers of which are said to be even higher than those that came out of Syria, at the start of the rebellion.

    Many atrocities of Saddam was later proved to have been organised by others, including Iran. Whatever, during his time Iraq was more or less free of many issues, that plague the middle east. Now, since occupation, daily death averages above 30.

    Few months back itself, there were reports in UK press that half of the so called Syrian rebels are Al qaeda activists. It is not surprising that, when in May, these rebels used chemical weapons, the world was not shocked, just like when Israel do everything on Palestine, or when American themselves used them in Iraq.

    ReplyDelete
    Replies
    1. രാജേഷ് ഭായ് ...നിങ്ങള്‍ വിവരങ്ങളുടെ ഒരു അക്ഷയ ഖനിയാണല്ലോ :) . ഞാന്‍ തിരഞ്ഞിട്ടും കിട്ടാത്ത ചില വസ്തുതകള്‍ നിങ്ങളുടെ കമന്റില്‍ നിന്നും കിട്ടിയിട്ടുണ്ട് ...നണ്ട്രി

      Delete
  5. oh marannu

    The most interesting aspect of this war is that it will be initiated by a Nobel peace price winner.

    ReplyDelete
  6. വളരെ യധികം പഠിച്ചു തയ്യാറാക്കിയ റിപ്പോര്ട്ട്... എന്റെ വീക്ഷണവും ഇതാണ് ഇത് പോലൊക്കെ തന്നെയായിരുന്നു..എന്നാലും നയിറയുടെ പ്രസംഗം, അതൊരു പുതിയ അറിവാര്ന്നു... വിഷ്ണുവിന്റെ എഴുത്തുകൾ, വളരെ ഗഹനം...

    ReplyDelete
  7. എനിക്കിതിലൊന്നും ഒരു അത്ഭുതവും തോന്നുന്നില്ല. എല്ലാറ്റിനും പിന്നില്‍ അമേരിക്കയുടെ ഒരു കൈ ഉണ്ടെന്ന് നിഷ്പക്ഷമായി നോക്കുന്ന എല്ലാവര്‍ക്കും കാണാം. ഇവിടെ ബഹറിനില്‍ കുഴപ്പമുണ്ടാക്കാന്‍ അമേരിക്കന്‍ കാര്യാലയം ഇടപെടുന്നു എന്ന വാര്‍ത്ത പുറത്തായത് രണ്ടുമൂന്നാഴ്ച്ച മുമ്പാണ്. ബഹറിന്‍ അമേരിക്കയുടെ സുഹൃദ് രാജ്യമാണെന്നോര്‍ക്കണം. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ആരും സുഹൃത്തുക്കളല്ല. എല്ലാവരെയും അവര്‍ ഉപയോഗിക്കുകയാണ്. അത് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം. എന്നാല്‍ അവരോട് എതിര്‍ത്ത് നില്‍ക്കാന്‍ തന്റേടമുള്ളവര്‍ തീരെ വിരളം. ഒരു ചാവെസ്, ഒരു കാസ്ട്രൊ, ഒരു നെജാദ്. അനിയാരുണ്ട് ആ പട്ടികയിലേയ്ക്ക്. ബഹറിനിലെ രണ്ടുവര്‍ഷം മുമ്പ് നടന്ന ആഭ്യന്തരകുഴപ്പത്തിന്റെ നാളുകള്‍ വരെ ബിബിസിയെ ഞാന്‍ കണ്ണടച്ച് വിശ്വസിച്ചിരുന്നു. എന്നാല്‍ ആ നാളുകളില്‍ അവര്‍ കൊടുത്ത “ലൈവ് കവറേജു”കളും “ഫോണ്‍ ഇന്‍” ഇന്റര്‍വ്യൂകളും എന്റെ ധാരണയെ അപ്പാടെ മാറ്റി. ഒരു ഡോക്ടര്‍ സാന്‍ഡ് വിച് തിന്നുന്നതിനിടയില്‍ “ഫോണ്‍ ഇന്‍” ചോദ്യങ്ങള്‍ക്ക് “ഞങ്ങളിവിടെ തോക്കിന്റെ മുന്നിലാണ്, ഏത് നിമിഷവും ഞങ്ങളുടെ ജീവന്‍ ഗവണ്മെന്റ് ഫോഴ്സ് കവര്‍ന്നേക്കാം എന്ന് “ഗദ്ഗദ”ത്തോടെ പറയുന്നതിന് ഒരു സഹോദരി ദൃക്‌ സാക്ഷിയാണ്. അതുപോലെതന്നെ വീഡിയോവില്‍ ഒരാള്‍ കരഞ്ഞുപറയുന്നതിന്റെ സീനുകളും സൃഷ്ടിച്ചതാണെന്നുള്ള തെളിവുണ്ട്. ഈ വക ഫാബ്രിക്കേറ്റഡ് സ്റ്റോറികളാണ് ഏറ്റവും വിശ്വാസ്യതയും സ്വീകാര്യതയുമുള്ള മാദ്ധ്യമങ്ങള്‍ ലോകത്തിനുമുമ്പിലേയ്ക്ക് ഇട്ടുകൊടുക്കുന്നത്.

    ReplyDelete
  8. നന്നായി എഴുതി.
    പുതിയ അറിവുകൾ സമ്മാനിച്ചതിന് നന്ദി.

    ReplyDelete
  9. .........................
    ......................
    ..............
    ......
    ...
    ..
    .
    :( !!!

    അസ്രൂസാശംസകള്‍

    ReplyDelete
  10. നല്ലൊരു അറിവിന്‍റെ കുറിപ്പ്. WTC തകര്‍ന്നതിനെക്കുറിച്ചും ഒരു പഠനം ആവശ്യമാണെന്ന് തോന്നുന്നു. വിഷ്ണുവില്‍ നിന്നും പ്രതീക്ഷിക്കുന്നു.!

    ReplyDelete
  11. പറയാന്‍ വാക്കുകളില്ല.... സത്യം പൊളിച്ചെഴുതപ്പെടുക തന്നെ ചെയ്യും...

    ReplyDelete
  12. Naayiraye kurichulla arivu aadyamaanu.nannaayi ezuthi.aashamsakal

    ReplyDelete
  13. വളരെ നല്ലൊരു ലേഖനം, നയിറയുടെ പ്രസംഗം മുൻപ് കേട്ടിട്ടില്ല. സിറിയയിലെ കലാപം ഒരു തരത്തിൽ ഗൾഫ് രാജ്യങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നം കൂടിയാണ്. ഈ കലാപം ബഹറൈനിന്റെ ഭാവി വരേ തീരുമാനിക്കും എന്ന തരത്തിലുള്ള സ്പാർക്ക് ശിയാ-സുന്നി വിഭാഗങ്ങളിലേക്ക് ആഴത്തിൽലെത്തിക്കാൻ അമേരിക്കക്ക് കഴിഞ്ഞിട്ടൂണ്ട്. ഒരു വലിയ അളവോളം ഈ തന്ത്രം വിജയിച്ചെന്ന് വരേ പറയേണ്ടിയിരിക്കുന്നു.
    ബഹ്രൈൻ കലാപസമയത്ത് ഇറാനും അമേരിക്കയും തമ്മിൽ കൈകൊർത്തിരുന്നു എന്നു പറഞ്ഞാൽ പലരും വിശ്വസിക്കുമോ?

    ഇതിൽ ഇസ്രായേലിനെപറ്റി പരാമർശിക്കാത്തെതെന്തുകൊണ്ടാണെന്ന് മനസ്സിലായില്ല.

    ReplyDelete
  14. മികച്ച ലേഖനം..

    ReplyDelete
  15. ഗള്‍ഫ് രാജ്യങ്ങളെ അമേരിക അവരുടെ പരീക്ഷണ ശാലകള്‍ ആക്കുകയാണ് എന്നുള്ള ദയനീയമായ സത്യം ഇവിടെയുള്ള ജനങ്ങളും ഭരണാധികാരികളും മനസ്സിലാക്കുന്നില്ല.,എന്തിന്റെ പേരിലായാലും ഒരു പരമാധികാര രാജ്യത്തിന്റെ ഉള്ളില്‍ നടക്കുന്ന കാര്യങ്ങളില്‍ ഇടപെടാന്‍ വേറെ ഒരു രാജ്യത്തിനും അധികാരം ഇല്ല...ഇന്ന് സിറിയ എങ്കില്‍ നാളെ അത് ഇന്ത്യയോടും ചെയ്യാം,,...

    നല്ല ഒരു ലേഖനം,,

    ReplyDelete
  16. ലോകം കണ്ണീരോടെ ,വികാര വായ്പ്പോടെ മലാലയെ കേട്ടു -പക്ഷെ അഫ്ഘാനിസ്ഥാനില്‍ അമേരിക്ക ക്ലസ്റ്റര്‍ ബോംബിട്ടപ്പോള്‍ ചിതറി തെറിച്ചു പോയ കുഞ്ഞുങ്ങളെ കുറിച്ചോ , യുദ്ധത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു അനാഥരായ കുഞ്ഞുങ്ങളെ കുറിച്ചോ മലാല മൌനം പാലിച്ചു ....

    ReplyDelete
  17. ഭംഗിയായി എഴുതിയ ലേഖനം. നയിറയെ കേട്ടിരുന്നു, നേരത്തെ. അമേരിക്ക കഴിഞ്ഞ നൂറു വര്‍ഷത്തില്‍ ഏതെങ്കിലുമൊരു രാജ്യത്തോട് എന്നും യുദ്ധത്തിലായിരുന്നുവല്ലോ. അത് തീര്‍ച്ചയായും അവരുടെ താല്‍പര്യസംരക്ഷണത്തിനു വേണ്ടി മാത്രവുമായിരുന്നു. സിറിയയെ ഒരു വഴിക്കാക്കാന്‍ പോകുന്നതിന്‍റെ സൂചനകള്‍ എത്രയോ നാള്‍ മുമ്പ് കിട്ടിയിരുന്നതാണ്.. അടുത്ത രാജ്യം ഇറാനായിരിക്കും...
    തെക്കേ അമേരിക്കയിലും അമേരിക്ക എന്തെങ്കിലുമൊക്കെ ശ്രമിക്കാതിരിക്കയില്ല. രാജ്യങ്ങളില്‍ ആഭ്യന്തരമായ കുഴപ്പങ്ങള്‍ കുറവാണെങ്കില്‍ അവ ഉണ്ടാക്കിയെടുക്കുന്നതിലും അമേരിക്ക താല്‍പര്യം കാട്ടുകയും ഒടുവില്‍ ആ ശ്രമത്തില്‍ വിജയിച്ച് തുടര്‍ന്ന് ഈയൊരു പാറ്റേണ്‍ സൃഷ്ടിക്കുകയും ചെയ്യും...

    ReplyDelete
  18. നല്ല ലേഖനം . പഠിചെഴുതിയത് . ആശംസകള്‍ .

    ReplyDelete
  19. ഇതൊക്കെ വായിച്ച് തരിച്ചിരിക്കുകയല്ലാതെ എന്ത് ചെയ്യാൻ ?

    ഒരു ദുരന്തവാർത്ത കേൾക്കുമ്പോൾ, ദാരുണ ദൃശ്യങ്ങൾ കാണുമ്പോൾ, കണ്ണീരൊഴുക്കി പ്രതികരിക്കുന്നതിനു മുമ്പ് അതാരു പങ്കു വെച്ചതാണ് എന്നു കൂടി നോക്കേണ്ട അവസ്ഥ മാനവീകതയെ സംബന്ധിച്ച് അതിദയനീയം തന്നെ.

    ReplyDelete
  20. നയിറയുടെ കഥ ആദ്യമായി ആണ് കേള്ക്കുന്നത്...നല്ല ഒരു ലേഖനം..അഭിനന്ദനങ്ങൾ.

    ReplyDelete
  21. ഇത് ഇനിയും വായിക്കണം , ചിലതൊക്കെ ഇപ്പോഴാണ് അറിയുന്നത്..............

    ReplyDelete
  22. നല്ല ഒരു ലേഖനം..അഭിനന്ദനങ്ങൾ.

    ReplyDelete
  23. പുത്തന്‍ അറിവുകളും വിവരങ്ങളും നല്‍കുന്ന ലേഖനം ആശംസകള്‍

    ReplyDelete
  24. നയിറ പുതിയ അറിവായിരുന്നു..............

    ReplyDelete
  25. All Okay, but Israel is missing. I think Israeli Jews are controlling American Parliament.

    ReplyDelete
  26. The truth is incontrovertible. Malice may attack it, ignorance may deride it, but in the end, there it is. By Winston Churchill

    ReplyDelete
  27. ഇറാക്ക് യുദ്ധമാർമ്ഭിക്കുന്നതിന് വേണ്ടി അമേരിക്കൻ
    ഭരണകൂടമുണ്ടാക്കിയ നിഗൂഡതകളെ പറ്റിയറിഞ്ഞപ്പോഴാണല്ലൊ ,
    അവിടത്തെ ജനങ്ങൾ ബുഷിന് പകരം ഒബാമയെ തെരെഞ്ഞെടുത്തത് ..
    ഇപ്പോൾ ഇതാ ഒബാമയും , കാമറൂണുമൊക്കെ യുദ്ധക്കെണിയൊരുക്കി -ലാഭം
    കൊയ്യുന്ന ഉപജാപക്കാരുടെ കൈയ്യിൽ കിടന്ന് ഞെരുങ്ങുകയാണല്ലോ..


    വീണ്ടുമൊരു അധിവേശം വേണ്ടെവേണ്ടാ
    എന്ന് പറഞ്ഞ് ഇവിടെയൊക്കെ തെരുവിലിറങ്ങുന്ന
    പൊതുജനത്തെ പേടിച്ചാണ് ഈ ഭരണകർത്താക്കൾ ഇപ്പോഴും
    സിറിയയെ തൊടാതെ നിൽക്കുന്നത്

    മികച്ച രീതിയിൽ ചരിത്രം അവതരിപ്പിച്ച
    ഈ ആലേഖനത്തിന് ഒരു ഹാറ്റ്സ് ഓഫ് കേട്ടൊ ഭായ്

    ReplyDelete
  28. dear friend, the following article (Putin breaks all precedence by arguing for peace in an American news paper, addressing American directly, and he talks sense) should be of interest to you. Dont miss the comment section below too.

    http://www.nytimes.com/2013/09/12/opinion/putin-plea-for-caution-from-russia-on-syria.html?_r=0


    ReplyDelete
  29. ആളുകള്‍ വിജയന്മാഷെയും അദ്ദേഹത്തിന്റെ ആശയങ്ങളേയും പൊതുവേദിയില്‍ ഇഷ്ടപ്പെടാത്ത സമയത്താണ്‌ മാഷിന്റെ അഭിപ്രായം പറഞ്ഞു കൊണ്ട് ഒരു ലേഖനം തുടങ്ങുന്നത്. അത് രസായി. ഇന്നു post war traumas നെ കുറിച്ച് ഒരു സുഹൃത്തുമായി സംസാരിച്ചപ്പോഴും വിജന്മാഷ് കടന്നു വന്നിരുന്നു. എത്ര എത്ര യാദൃശ്ചികതകള്‍.
    മാധ്യമങ്ങളെ ഉപയോഗിച്ചു ഉണ്ടക്കിയെടുക്കുന്ന "നേരുകളെക്കുറിച്ച്" പറയുമ്പോള്‍, ഉദാഹരണം അമേരിക്ക ആയതുകൊണ്ട് പലര്‍ക്കും യോജിപ്പുണ്ട്. പ്രധാനമന്ത്രിക്കുപ്പായം തുന്നിക്കാത്തിരിക്കുന്ന ഗുജറാത്തിസിംഹത്തെക്കുറിച്ചാകുമ്പോള്‍ ദഹിക്കാന്‍ പ്രയാസം. (അല്‍കെമിസ്റ്റിന്റെ ഇതിനു മുന്നത്തെ ഒരു കുറിപ്പും അതിലെ ചില പ്രതികരണങ്ങളും ഓര്‍ത്തതാണ്‌.)

    അരക്ഷിതര്‍ എന്ന്‌ സ്വയം ചിന്തിക്കുന്ന ഒരു സമൂഹം ആക്രമിച്ചുകൊണ്ടേയിരിക്കും.

    ReplyDelete
  30. ഉപദംശം നന്നായി.
    ബാക്കിയൊക്കെ വിഷ്ണുവിന്റെ മുന്‍ ലേഖനങ്ങളുടെ ഹൈലൈറ്റ്സ് ആയേ തോന്നിയുള്ളൂ.

    ReplyDelete
  31. ഇപ്പോള്‍ ലേഖനങ്ങള്‍ ഒന്നും കാനുനില്ലലോ ????? എന്താ ഇവിടില്ലേ ???

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .