Like

...........

Monday, 5 November 2012

ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്റെ രാഷ്ട്രീയം - 3

ഈ സീരീസിന്റെ രണ്ടാം ഭാഗം  ഇവിടെ വായിക്കാം

 On 22 May 2004, Mr P. Chidambaram resigned from the Board, following his appointment as Finance Minister in the new Indian Government. I would like to thank him for his contribution and I am sure he will play a pivotal role in the continuing development of India.”

വേദാന്ത എന്ന ബഹുരാഷ്ട്ര ഖനന കമ്പനിയുടെ 2004 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ ബ്രയാന്‍ ഗില്‍ബര്‍ട്ടസണ്‍ പ്രസ്താവിക്കുന്നതാണ് .ധനമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി മാത്രം പി ചിദംബരം  കമ്പനിയുടെ ഡയറക്ടര്‍ പദവി രാജി വെച്ചതാണ് .  2003 ല്‍  വേദാന്തയുടെ സഹോദരസ്ഥാപനമായ Sterlite ന് എതിരായി മുംബൈ ഹൈക്കോര്‍ട്ടില്‍  നിലവിലുണ്ടായിരുന്ന 243.30 കോടി രൂപയുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച ഒരു കേസില്‍ ‍ ‍ Sterlite ന് നിയമോപദേശം നല്‍കി ആ നികുതി അടക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയത് ചിദംബരമായിരുന്നു . ചിദംബരത്തിന് ശേഷം ഡയറക്ടര്‍ സ്ഥാനത്ത് വന്ന നരേഷ് ചന്ദ്ര മുന്‍ കാബിനറ്റ് സെക്രട്ടറിയാണ് , ഇദ്ദേഹത്തിന് ഇപ്പോഴത്തെ ഗവണ്മെന്റിന്മേലുള്ള പരിചയവും പിടിപാടും കൂടി ബ്രയാന്‍ ഗില്‍ബര്‍ട്ട്സ് എടുത്ത് പറയുന്നുണ്ട്  2007 ല്‍  പദ്മവിഭൂഷണ്‍ പുരസ്കാരം നല്‍കിയാണ് നരേഷ് ചന്ദ്രയെ യു പി എ ഗവണ്മെന്റ് ആദരിച്ചത് മൂന്ന് വര്‍ഷം വേദാന്തക്ക് വേണ്ടി പണിയെടുത്തതിനുള്ള അംഗീകാരമായിരിക്കണം .  [ഇതെല്ലാം വേദാന്തയുടെ വെബ് സൈറ്റില്‍  ലഭ്യമാണ് ,ഈ സംഗതികള്‍ രഹസ്യമൊന്നുമല്ലാന്ന് സാരം ] 

ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്റെ  നാനാര്‍ത്ഥങ്ങള്‍ .

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദങ്ങളും കാവ്യബോധമില്ലാത്ത അരസികരാണെന്ന് ആരാണ് പറഞ്ഞത് .  കാവ്യബോധമില്ലായിരുന്നെങ്കില്‍ ‍ നാഗരികതയുടെ അര്‍ത്ഥങ്ങളറിയാതെ  പ്രകൃതിയില്‍ ജീ‍വിക്കുന്ന കാടിന്റെ മക്കളായ പച്ചമനുഷ്യരെന്ന് ആലങ്കാരികമായി നമ്മള്‍ വിശേഷിപ്പിക്കുന്ന ആദിവാസികള്‍ക്കിടയില്‍ നടത്തുന്ന സൈനിക വേട്ടയെ “ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ “ എന്ന് പേരിടുമോ ?  

2009 നവംബര്‍ മാസത്തോടെയായിരുന്നു Operation Green hunt എന്ന സര്‍ക്കാര്‍ സ്പോണ്‍സേഡ് ആഭ്യന്തര യുദ്ധത്തിന്റെ ആര്‍ഭാടം നിറഞ്ഞ ആരംഭം .ഒരല്പം കൂടി വ്യക്തമായി പറഞ്ഞാല്‍ 2008 നവംബര്‍ 26 ല്‍ രാജ്യത്തെ ഞെട്ടിച്ച വിദേശ ഭീകരാക്രമണത്തിന് കൃത്യം ഒരു വര്‍ഷത്തിന് ശേഷം  ആഭ്യന്തര മന്ത്രി ശ്രീ പളനിയപ്പന്‍ ചിദംബരം പ്രഖ്യാപിച്ച മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ശക്തമായ നീക്കം . പക്ഷെ അതിനും മുമ്പെ തന്നെ അണിയറയില്‍ കൃത്യമായ ആസൂത്രണത്തോടെ വ്യക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടായിരിക്കണം . 2009 ജനുവരി മാസത്തില്‍ തന്നെ  പ്രധാനമന്ത്രി മന്മോഹന്‍ സിങ്ങ്  രാജ്യത്തെ ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകളാണെന്ന് പ്രഖ്യാപിച്ചത് കാര്യമായ പ്രകോപനങ്ങളൊന്നും കൂടാതെയാണ്  , അതിന് ഒരാറ് മാസത്തിന് ശേഷം 2009 ജൂണ്‍ 18 നാണ്  അതിന്റെ കാരണം  അദ്ദേഹം പാര്‍ല്യമെന്റില്‍ വ്യക്തമാക്കിയത് 

“രാജ്യത്തെ ഇടത് പക്ഷ തീവ്രവാദം ശക്തിപ്പെടുമ്പോള്‍ അത് നില നില്‍ക്കുന്ന സ്ഥലങ്ങളിലെ പ്രകൃതി സമ്പത്തും ധാതുക്കളും കൊണ്ടുള്ള വന്‍ കിട മൂലധന നിക്ഷേപത്തെ പ്രകടമായി ബാധിക്കും “

അപ്പോള്‍ അതാണ് കാര്യം , ബഹുമാന്യനായ പ്രധാനമന്ത്രിയുടെ ആശങ്ക അത്തരം മേഘലകളിലെ വന്‍ കിട ഖനനങ്ങളുടെ ഭാവിയെക്കുറിച്ചായിരുന്നു അല്ലാതെ  രാജ്യത്തെ സാധാരണ ജനങ്ങളുടെ സുരക്ഷയൊന്നുമായിരുന്നില്ല . രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലക്ക് അത്തരം ആശങ്കകളില്‍ കുറ്റകരമായ അസ്വാഭാവികതകളൊന്നും തന്നെയില്ല , പക്ഷെ ഇത്തരം ഖനനങ്ങള്‍ക്ക് വേണ്ടി ഭൂരഹിതരാകുന്ന , ഭവന രഹിതരാകുന്ന ലക്ഷക്കണക്കിന് നിസ്സഹായരായ  മനുഷ്യജീവികള്‍ കൂടി ഉള്‍പ്പെട്ടതാണ്  ഈ രാജ്യമെന്ന് അദ്ദേഹം പഠിച്ചിട്ടുള്ള വന്‍ ബിരുദങ്ങള്‍ കൊണ്ട് മനസ്സിലാക്കാനാവില്ല എന്നതൊരു ദുരന്തമാണ് .


                    2008 നവംബര്‍ 26 ലെ മുംബയ് ഭീകരാക്രമണത്തിന്റെ പരിണിതഫലമായാണ് പി ചിദംബരം ആഭ്യന്തര മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് , അതും അദ്ദേഹം ഏറ്റവും അനുയോജ്യനെന്ന് ഏവരാലും പുകഴ്ത്തപ്പെട്ട ധനമന്ത്രി സ്ഥാനത്ത് നിന്ന് .ഭീകരാക്രമണത്തിന് ശേഷം പല തവണ കോട്ട് മാറി മാധ്യമങ്ങളില്‍ സുന്ദരവിഡ്ഡിയായി സ്വയം പ്രത്യക്ഷപ്പെട്ട ശിവരാജ് പട്ടീലിനെ മാധ്യമങ്ങള്‍ കണക്കറ്റ് പരിഹസിച്ചു .ഒന്നും ചെയ്യുന്നില്ലാത്ത നിര്‍ഗുണനാണെന്നതായിരുന്നു ശിവരാജ് പാട്ടീലിന്റെ സ്ഥാനഭ്രംശത്തിന് കാരണമെങ്കില്‍ എന്തും ചെയ്യുന്ന ഒരാളാണ് ചിദംബരം എന്ന കോര്‍പ്പറേറ്റുകളുടെ  ബോധ്യമായിരിക്കണം അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയാക്കാനായി കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ടാവുക അല്ലെങ്കില്‍ പിന്നെ അത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ വിദേശകാര്യമന്ത്രിയായും പ്രതിരോധ മന്ത്രിയായും പ്രവര്‍ത്തന പരിചയമുള്ള പ്രണബ് മുഖര്‍ജിയെ ഒഴിവാക്കി ധനകാര്യവകുപ്പിലേക്ക് പകരം വെച്ചിട്ട് കോണ്‍ഗ്രസ്സ് വിട്ട് റിബലായി  കോണ്‍ഗ്രസ്സിനെതിരെ പ്രവര്‍ത്തിച്ച ചരിത്രമുള്ള പളനിയപ്പന്‍ ചിദംബരം ആഭ്യന്തര മന്ത്രിയായി മാറില്ലല്ലോ .കുറച്ച് മുമ്പ് വരെ ഭരണകൂടത്തിലെ കോര്‍പറേറ്റ് ഇടപെടലുകളെ വെറും സ്വാധീനിക്കല്‍ പ്രക്രിയ മാത്രമായാണ്  പരിഗണിച്ചിരുന്നതെങ്കിലും നീരാ റാഡിയ കേസോടെ കോര്‍പ്പറേറ്റുകളുടെ തീരുമാനിക്കല്‍ സാധ്യതകളെക്കുറിച്ചൊക്കെ ചിന്തിക്കാന്‍ മാത്രം പുരോഗമനം നമുക്കുണ്ടായിട്ടുണ്ട് . എന്തായാലും ചിദംബരം ആഭ്യന്തര മന്ത്രിയായതിന് ശേഷമാണ് - പ്രകൃതിയെയും മനുഷ്യനെയും ഊറ്റിക്കൊണ്ട്  ഖനനപ്രക്രിയ ശക്തമായി നടക്കുന്ന  ചത്തിസ് ഗഡ് ,ഝാര്‍ഖണ്ട് , ഒറീസ്സാ സംസ്ഥാനങ്ങളുടെ വനമേഖലയിലേക്ക് സൈനിക നീക്കം ശക്തമായത് . വനത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഭീരുക്കളാണ് മാവോയിസ്റ്റുകള്‍ എന്ന രീതിയില്‍ പ്രകോപന പരമായ പ്രസ്താവനകള്‍  നടത്താനും അദ്ദേഹം മറന്നില്ല .ചുവപ്പന്‍ ഇടനാഴിയിലേക്കുള്ള സൈനിക വിന്യാസങ്ങള്‍  മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ധീരമായ നീക്കമായി മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രകീര്‍ത്തിക്കപ്പെട്ടു . പക്ഷെ അതിന് പിന്നിലുള്ള  വാണിജ്യ വ്യവസായ  താല്പര്യങ്ങള്‍ മനപ്പൂര്‍വ്വം വിസ്മരിക്കാനായിരുന്നു എല്ലാ മാധ്യമങ്ങള്‍ക്കും താല്പര്യം .

ആ മേഖലയില്‍   ഇടക്കിടെ സംഭവിച്ച് കൊണ്ടിരിക്കുന്ന  മാവോയിസ്റ്റ് ആക്രമണങ്ങളുടെ വാര്‍ത്തകള്‍‍ പൊതുജനങ്ങളെ ഭീതിയിലാഴ്ത്തി . ഭാവിയില്‍ ഉണ്ടായേക്കാവുന്ന വന്‍ മാവോയിസ്റ്റ് സായുധ കലാപത്തിന്റെ ഭീതിതമായ ആശങ്കകള്‍ ഇന്‍ഡ്യന്‍ പൊതു സമൂഹത്തിന്റെ മനസ്സില്‍  ആഭ്യന്തര സുരക്ഷയെ സംബന്ധിക്കുന്ന ന്യായവാദങ്ങള്‍ അംഗീകരിച്ച് കൊണ്ട് മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള  സൈനിക നടപടികള്‍ അനിവാര്യമാണെന്നു വിശ്വസിപ്പിച്ചു .പക്ഷെ  ഇന്‍ഡ്യയിലെ സമാന്തര ഗവണ്മെന്റെന്നൊക്കെ  പറയുന്ന മാവോവാദികളുടെ ആസ്ഥാനമായ   ചുവന്ന ഇടനാഴിയുടെ ഭൂമിശാസ്ത്രപരമായ അപനിര്‍മ്മാണത്തിനൊടുവില്‍ കിട്ടുന്ന സ്ഥിതി വിവരക്കണക്കുകളുടെ ഏകദേശ രൂപമിങ്ങനെയാണ് -

ചുവപ്പന്‍ ഇടനാഴി അഥവാ കോര്‍പ്പറേറ്റ് ഇടനാഴി 

ഡന്തേവാഡ [ചത്തിസ് ഗഡ് ] -  ടാറ്റാ സ്റ്റീല്‍ & എസ്സാര്‍ ,
 നിയമഗിരി - മല്‍ക്കാന്‍ ഗിരി - ലഞ്ചിഗഡ് - ജാര്‍സ് ഗുഡ {ഒറീസ ] - വേദാന്ത ,
കൊല്‍ഹാന്‍ -ഝാര്‍ഖണ്ട് - ജിണ്ടാല്‍ സ്റ്റീല്‍ & വേദാന്ത  ,
ലാല്‍ഗഡ് - ജിണ്ടാല്‍ സ്റ്റീല്‍ & ടാറ്റാ  ,കോര്‍ബാ ചത്തിസ് ഗഡ് - വേദാന്ത 
 കര്‍ണ്ണാടക - സെസ്സാ ഗോവ [വേദാന്ത ]

ആന്ധ്രാപ്രദേശിലെ നക്സല്‍ ഭീഷണി സജീവമായി നില നില്‍ക്കുന്ന മേഖലകളെല്ലാം ഖനിവ്യവസായികളുടെ അധീനതയിലുമാണ്. സാധാരണക്കാര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഒന്നും എളുപ്പത്തില്‍  പ്രവേശിക്കാന്‍ സാധ്യമല്ലാത്തത്ര മാവോയിസ്റ്റ് ആക്രമണ ഭീതി നിലനില്‍ക്കുന്ന നക്സല്‍ മേഖലയില്‍  ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതും പ്രവര്‍ത്തനാനുമതി ലഭിച്ചതുമായ ബഹുരാഷ്ട്ര കമ്പനികളാണ് മേല്‍പ്പറഞ്ഞത് . ഇന്‍ഡ്യയൊട്ടാകെ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ച   മാവോയിസ്റ്റ് ഭീകരന്മാരുടെ താവളങ്ങളിലാണ് വര്‍ഗ്ഗ ശത്രുക്കളായ ബഹുരാഷ്ട്ര കുത്തകകള്‍ വര്‍ഷങ്ങളായി  സുഗമമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത് . മാവോയിസ്റ്റുകളുടെ ഉന്മൂലന സിദ്ധാന്തത്തിന്റെ കാല്പനിക ആദര്‍ശങ്ങളെ ഒഴിച്ച് നിര്‍ത്തി സാമാന്യ യുക്തിയില്‍ നോക്കിയാല്‍ പോലും സ്വാഭാവികമായും ഇത്തരം ബഹുരാഷ്ട്ര കുത്തകകള്‍  മാവോവാദികളുടെ സ്വാധ്വീനശക്തിയായ‍ ഈ പ്രദേശങ്ങളില്‍ നിന്ന്  നിരന്തര ഭീഷണി നേരിട്ട് കൊണ്ട് എല്ലാ പരിപാടികളും ഉപേക്ഷിച്ച് ജീവനും കൊണ്ട് രക്ഷപ്പെടേണ്ടതാണ് . പക്ഷെ ഇതപര്യന്തമുള്ള മാവോയിസ്റ്റ് - നക്സലൈറ്റ് ആക്രമണങ്ങളിലൊന്നും തന്നെ ഈ ബഹുരാഷ്ട്ര കമ്പനികളിലെ തൊഴിലാളികള്‍ക്കൊ ഉദ്യോഗസ്ഥര്‍ക്കോ എന്തിന് കമ്പനികളുടെ എന്തെങ്കിലും സ്വത്ത് വകകള്‍ക്ക് പോലുമോ അപായം സംഭവിച്ചതായി കേട്ട് കേള്‍വിയില്ല , അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ പതിനാറ് കോളം വാര്‍ത്തയാവേണ്ടതാണല്ലോ  . മാവോവാദികളുടെ പ്രധാന പണി കാടിറങ്ങി വന്ന് ഏതെങ്കിലും ലോക്കല്‍ പോലീസ് സ്റ്റേഷന് തീയിടുകയോ , പാവപ്പെട്ട ഗ്രാമീണരെ വെടി വെച്ച് കൊല്ലുകയോ മാത്രമാണ് പിന്നെ കൊടും കാട്ടില്‍ എന്തിനെന്നറിയാതെ പെട്ട് പോകുന്ന സി ആര്‍ പി എഫുകാരെയും മറ്റ് സൈനികരെയും തരം കിട്ടുമ്പോള്‍ തട്ടുക .കാട്ടില്‍ സ്വന്തമായി ചവിട്ടി മെതിക്കാന്‍ കരിമ്പിന്‍ തോട്ടമുള്ള ആനക്കൂട്ടം നാട്ടില്‍ വന്ന് ഉണക്കപ്പുല്ല് തിന്ന് വിശപ്പടക്കുന്നു  എന്ന് പറയുന്ന പോലെ  നമ്മുടെയൊക്കെ യുക്തിബോധത്തിന് കാര്യമായ തകരാറ് സംഭവിച്ചുവെന്ന് സംശയം തോന്നേണ്ട കാര്യങ്ങളാണിതെല്ലാം .



ഇതിനെക്കുറിച്ച് രണ്ട് ഹൈപ്പോതെറ്റിക്കല്‍  വാദങ്ങള്‍ നമുക്കു രൂപീകരിക്കാം  -

1. അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്‍ഡ്യ പിടിച്ചടക്കാന്‍ സജ്ജരായ അതിഭീകരരായ മാവോവാദികള്‍ക്ക് അവരുടെ പ്രഖ്യാപിത താവളമായ ചുവപ്പന്‍ ഇടനാഴിയില്‍ വെച്ച് ഒന്ന് തൊടാന്‍ പോലും പറ്റാത്തത്ര ശക്തരാണ് ഈ ബഹുരാഷ്ട കമ്പനികള്‍ അല്ലെങ്കില്‍ അതിന്  കഴിയാത്ത ദുര്‍ബലരാണ് മാവോവാദികള്‍ . 

2. നിഷ്പക്ഷമതികളായ ചിലര്‍ പറയുന്ന പോലെ ആദിവാസികളുടെ പേര് പറഞ്ഞ്  ബഹുരാഷ്ട്ര കമ്പനികളുടെ കപ്പം വാങ്ങി അവരുമായി അവിശുദ്ധമോ വിശുദ്ധമോ ആയ ഒരു ബന്ധം കാത്ത് സൂക്ഷിച്ച് കാട്ടിനകത്ത് ദശകോടി സമ്പത്തുമായി കഴിയുന്നവരാണ് മാവോവാദികള്‍ ,

ഈ രണ്ടു വാദഗതിയില്‍ ഏതു തന്നെയായാലും ഇതിനിടക്ക് നിരാലംബരായ ലക്ഷക്കണക്കിന് ആദിവാസികളുണ്ട് , ഓരോ വലിയ പദ്ധതിയുടെയും പിന്നാലെ എല്ലാം ഉപേക്ഷിച്ച് പാലായനം ചെയ്യപ്പെടുന്ന നിരക്ഷരരായ ദരിദ്രനാരായണന്മാര്‍ . അങ്ങനെ  അഭയാര്‍ത്ഥികളാകേണ്ടി വന്ന നാല് കോടിയിലേറെ ആളുകള്‍ ഇന്‍ഡ്യയിലുണ്ടെന്നാണ് ഏറ്റവും ലളിതമായ കണക്ക്  ഇത്  കൂടാതെ ഏത് നിമിഷവും അഭയാര്‍ത്ഥികളാകേണ്ടി വരുമെന്ന ഭീഷണിയില്‍ നില നില്‍ക്കുന്ന വേറെയും കുറച്ച് ലക്ഷങ്ങള്‍‍  . ഈ ജനങ്ങള്‍ക്ക് മാവോയെയുമറിയില്ല  ചിദംബരത്തെയുമറിയില്ല ഒരു നേരത്തെ ഭക്ഷണത്തിന്  തല ചായ്ക്കാനൊരു കൂരക്ക് എന്താണൊരു പോംവഴി എന്നത് മാത്രമാണ് നിരക്ഷരരായ  അവരുടെ മുന്നിലുള്ള ദാര്‍ശനികമായ ഏക സമസ്യ .

രാജ്യത്തിന്റെ സമാന്തര ഭരണകൂടം നില നില്‍ക്കുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുന്ന  ഈ വന മേഖലകളില്‍ ഖനനത്തിനും വന്‍ കിട വ്യവസായങ്ങള്‍ക്കുമായി  100 കണക്കിന് അനുമതി പത്രങ്ങളാണ്  ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളുമായി രഹസ്യമായും പരസ്യമായും യു പി എ ഗവണ്മെന്റ്  ഒപ്പ് വെച്ചിരിക്കുന്നത് .ഇതിന്റെ പ്രയോഗവല്‍ക്കരണത്തിന്  തദ്ദേശീയരായ വനവാസികളെയും ദളിതരെയും ഒഴിവാക്കാതെ  സാധ്യമല്ല .അത് കൊണ്ട് തന്നെ  പൊതു സമൂഹത്തില്‍ ചുവപ്പന്‍ ഭീകരതയെക്കുറിച്ചുള്ള ഭീതി നിര്‍മ്മിക്കുക , അത് പ്രചരിപ്പിക്കുക അത്തരം മേഖലകളില്‍ സാമാന്യമായുണ്ടാകുന്ന ബാഹ്യ ഇടപെടലുകളെ തടഞ്ഞ് മേഖലകളെ പ്രാന്തവല്‍ക്കരിക്കക എന്നത് കോര്‍പ്പറേറ്റുകളുടെ ആത്യന്തിക ലക്ഷ്യമായി മാറുന്നു  .നാട്ടുമ്പുറത്തൊരു ചൊല്ലുണ്ടല്ലൊ  “വെടക്കാക്കി തനിക്കാക്കുക “ അത് തന്നെയായിരിക്കണം ഉദ്ദേശം .  രാഷ്ട്രീയത്തെ മാറ്റി നിര്‍ത്തിക്കൊണ്ട് ധാതു നിക്ഷേപങ്ങളുടെ ഭൂമിശാസ്ത്ര പരമായ ഒരു വിശകലനത്തിലൂടെ ലളിതമായി മനസ്സിലാക്കാനാവുന്നതാണ്  ഗ്രീന്‍ ഹണ്ട് ഓപറേഷന്റെയും സാല്‍ വാ ജുദൂം എന്ന തമ്മില്‍ തല്ലിക്കല്‍ പ്രസ്ഥാനത്തിന്റെയും ഉദ്ദേശങ്ങള്‍ . 

 മാവോവാദികളുടെ ഏറ്റവും ശക്തമായ താവളമായി വിവക്ഷിക്കപ്പെടുന്ന ഡന്റേവാഡയിലാണ് ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ ഏറ്റവും ശക്തം . ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള 2008 , 2009 , 2010 റിപ്പോര്‍ട്ടുകളില്‍ ഗവണ്മെന്റ് സ്പോണ്‍സേഡ് തീവ്രവാദമായ സാല് വാ ജുദൂമിന്റെ മനുഷ്യാവകാശ ധ്വംസനങ്ങളെക്കുറിച്ചും മാവോയിസ്റ്റുകളും സാല്‍ വാ ജുദൂം അംഗങ്ങളും തമ്മിലുള്ള ഏറ്റ് മുട്ടലില്‍ കൊല്ലപ്പെടുകയും  പാലായനം ചെയ്യപ്പെടുകയും ചെയ്യുന്ന ആദിവാസികളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട് .ഏകദേശം അമ്പതിനായിരത്തോളം ആളുകള്‍ ഡന്റേവാഡയില്‍ നിന്ന് മാത്രം പാലായനം ചെയ്യപ്പെടുകയോ കുടിയൊഴിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു . [ആംനസ്റ്റി ഇന്റര്‍ നാഷണലിന്റെ സാല്വാ ജുദൂമിന്റെ മനുഷ്യാവകാശ ലംഘനങ്ങളെ പറ്റിയുള്ള 2008 ,2009 . 2010  റിപ്പോര്‍ട്ടുകള്‍ ഇന്റര്‍ നെറ്റില്‍ ലഭ്യമാണ് ]

                        ഡന്റേവാഡയിലെ നിരന്തര സംഘര്‍ഷങ്ങള്‍ക്കും പാലായനങ്ങള്‍ക്കുമിടയില്‍ കൂട്ടി വായിക്കാവുന്ന ഒരു സംഭവമുണ്ട് .നിയമഗിരിയിലെ ഖനനത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത് വേദാന്തയെ സംബന്ധിച്ച വലിയ തിരിച്ചടി തന്നെയായിരുന്നു കാരണം നിയമഗിരിയിലെ ബോക്സൈറ്റ് ഖനനത്തിന്റെ  പ്രതീക്ഷയിലാണ് ലഞ്ചിഗഡിലെ വേദാന്തയുടെ  അലുമിനിയം പ്ലാന്റ്  6 മടങ്ങ് വര്‍ദ്ധിപ്പിച്ചത് .മറ്റൊരു പ്രദേശത്ത് ഖനനത്തിനുള്ള  സ്രോതസ്സ് ലഭിക്കുന്നത് വരെ അവിടെ വിപുലീകരിച്ച പ്ലാന്റില്‍ ഉല്പാദനം പാടില്ല എന്ന Central Empowered Committee യുടെ ഉത്തരവും നില നില്‍ക്കുന്നുണ്ട് . നിയമഗിരിയില്‍ അന്താരാഷ്ട്ര ശ്രദ്ധ കിട്ടിയത് കൊണ്ട് തന്നെ സമീപ ഭാവിയില്‍ അവിടെയൊരു ഖനനത്തിന് സാധ്യത കുറവാണ് ലഞ്ചിഗഡിലെ വിപുലീകരിച്ച അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ലഭിക്കാനുള്ള അടുത്ത പോംവഴി  ഡന്റേവാഡയിലെ സമ്പന്നമായ ഖനനഭൂമി മാത്രമാണ് .പക്ഷെ മാവോവാദികളുടെ പ്രതിരോധങ്ങള്‍ക്ക് മുമ്പില്‍ അത് സാധ്യമാകില്ലെന്ന നിലയാണ് നിലവിലുള്ളത് .അപ്പോള്‍ പിന്നെ എന്താണ് ചെയ്യുക ഡന്റേവാഡയിലെ പ്രതിരോധങ്ങളെ ഏറ്റവും പെട്ടെന്ന് തന്നെ അടിച്ചമര്‍ത്തുക  . പറയത്തക്ക പ്രകോപനങ്ങള്‍ ഇല്ലാതിരുന്നിട്ടും ഒഴിപ്പിക്കലിന്  ഫലപ്രാപ്തി പെട്ടെന്നുണ്ടാകാനായിരിക്കണം ഡന്റേവാഡയില്‍‍ സൈനിക വിന്യാസവും ധ്രുതഗതിയിലാക്കിയത് . 76 ഇന്‍ഡ്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഡന്റേവാഡ കൂട്ടക്കൊലക്ക് ശേഷം  ഔദ്യോഗികമായ ദുഖപ്രകടനത്തിന് പോലും നില്‍ക്കാതെയാണ്  ഇന്‍ഡ്യയുടെ ആഭ്യന്തര മന്ത്രി മാവോയിസ്റ്റുകളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടി വന്നാല്‍ വായു സേനയെ നിയോഗിക്കും എന്ന് പ്രഖ്യാപിച്ചത് പക്ഷെ തന്റെ രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വായുസേനയെ ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്ന  വായു സേനാ തലവന്റെ ധീരമായ തീരുമാനത്തിന് മുമ്പില്‍  ആ തീരുമാനം ഉപേക്ഷിക്കപ്പെടുകയായിരുന്നു . ഒരു രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ആഭ്യന്തര മന്ത്രി ആ രാജ്യത്തെ തന്നെ ജനങ്ങള്‍ക്ക് മേല്‍ ആകാശത്ത് നിന്ന് ബോംബുകള്‍ വര്‍ഷിച്ച് ഉന്മൂലനം ചെയ്യാന്‍ തിടുക്കം കൂട്ടുന്ന വികാരം രാജ്യസ്നേഹത്തിന്റെ ഏത് നിര്‍വചനത്തിലാണ് വരിക  ???.

ഗ്രീന്‍ ഹണ്ട് ഓപറേഷനില്‍ കൊല്ലപ്പെടുന്നവരുടെ ഒക്കെ കണക്ക് പുറത്ത് വരുമ്പോള്‍ മാവോവാദികള്‍ കൊല്ലപ്പെട്ട കണക്ക് മാത്രമാണ് വരിക . സാധാരണ ആദിവാസികളില്‍ നിന്നും എങ്ങനെ വേര്‍തിരിച്ചറിഞ്ഞു കൊല്ലാം ? വളരെ നിസ്സാരമാണത് കൊല്ലപ്പെട്ട് കഴിയുമ്പോള്‍ ഏത് സാധാരണ ആദിവാസിയും  മാവോ വാദികളാവും  അല്ലെന്ന് പറയാന്‍ തെളിവൊന്നുമില്ലല്ലൊ   ഉണ്ടോ ?   ഇല്ല - ചത്തു കഴിയുമ്പോള്‍ പത്രക്കാര്‍ സചിത്രലേഖനത്തില്‍  പറയും “ദാ അതിഭീകരനായ ഒരു മാവോവാദിയാണ് ഇതെന്ന് “  [ചത്തു എന്നു തന്നെയാണ് പറയേണ്ടത് ,മരണപ്പെട്ടു ,ഇഹലോക വാസം പൂണ്ടു എന്നൊന്നും പറയാന്‍ പറ്റില്ല ,പട്ടിക്കുള്ള വില പോലുമില്ല ] . ഇന്ന് വരെ മാവോവാദിയല്ലാത്ത ഒരു സാധാരണ ആദിവാസി പോലും ഇത്തരം ഓപറേഷനുകളില്‍ കൊല്ലപ്പെടാത്തതും ഇത് കൊണ്ട് തന്നെയാണ് , കൊല്ലപ്പെടുന്ന സാധാരണ ആദിവാസികളെല്ലാം  അതിഭീകരന്മാരായ നക്സലുകളായി പരിണമിക്കുന്ന ജനിതക പ്രക്രിയ  ഇതിനിടയില്‍ നടക്കുന്നുണ്ട്  . കോടികളുടെ പ്രകൃതി വിഭവങ്ങള്‍ക്ക് മുകളില്‍ അധിവസിക്കുമ്പോഴും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടേണ്ടി വരുന്ന നിരാലംബരായ മനുഷ്യജീവികള്‍ . പുറമെ നിന്നാരൊക്കെയോ വന്ന് അവരുടെ പ്രകൃതിയെ അപഹരിച്ച് കൊണ്ട് പോകുമ്പോള്‍ അഭയാര്‍ത്ഥികളാകുന്ന  കാഴ്ച  .

അപ്പോ മാവോയിസ്റ്റുകളില്ലെ ?  മാവോയിസ്റ്റ് ഭീകരന്മാരും ഇല്ലെ  ? ഉണ്ടാകാം . പക്ഷെ അടിസ്ഥാന പരമായി നക്സലിസം വളരുന്നത് അനീതി കൊണ്ടു പൊറുതി മുട്ടിയ ഒരു ജനതയുടെ അവസാന അത്താണിയെന്ന നിലയ്ക്കാണ് .നിരന്തരം പലായനം ചെയ്യപ്പെടേണ്ടി വരുന്ന ,ചൂഷണത്തിനു വിധേയമായിക്കൊണ്ടീ‍രിക്കുന്ന ലക്ഷക്കണക്കിനു നിരാലംബരായ മനുഷ്യര്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയ്ക്കാണ് മാവോയിസ്റ്റുകളോട് അനുഭാവം പ്രകടിപ്പിക്കുന്നത് .ഏതാനും ആയിരങ്ങള്‍ മാത്രമായിരിക്കണം വിപ്ലവവും വസന്തത്തിന്റെ ഇടി മുഴക്കവുമെല്ലാം സ്വപ്നം കണ്ട് മാവോയിസ്റ്റുകളായി മാറുന്നത് .  അല്ലാതെ മറ്റുള്ള നിരക്ഷരരായ ആദിവാസികള്‍ക്കു  മാവാ സേ തൂങ്ങിനെയും അറിയില്ല ,മന്‍ മോഹന്‍ സിങ്ങിനെയും അറിയില്ല ,നിവൃത്തികേടാണ് ,അതു മാത്രമാണ് അവരെ മാവോയിസത്തോട് അടുപ്പിക്കുന്നത് . അതു കൊണ്ടു തന്നെ മാവോയിസ്റ്റുകളുടെ അതിക്രമങ്ങളെ രാഷ്ട്രീയമായാണ് നേരിടേണ്ടത്  കാരണം   മാവോയിസ്റ്റുകള്‍ എന്ന പേരിലറിയപ്പെടുന്ന ഏതാനും ആയിരങ്ങളല്ലാതെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഈ മേഖലകളില്‍ ജീവിച്ചിരിക്കുന്നുണ്ട് .സൈനിക നീക്കം കൊണ്ട് ഈ മേഖലകളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുനിയുന്നത്  നിസ്സഹായരായ ഈ ജനങ്ങളുടെ ദുര്‍വിധിക്കിടയിലേക്ക്  ലക്ഷം കോടി രൂപ പ്രതിരോധ ബഡ്ജറ്റില്‍ കണക്ക് കൊള്ളിച്ച് ബഹുരാഷ്ട്രകമ്പനികള്‍ക്ക് ചുവപ്പ് പരവതാനിവിരിക്കാനാണെന്ന് ദോഷൈകദൃക്‌കുകള്‍ ആരോപിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല .
-----------------------------------------------------------------------------------------------------------------------------

2006 -ല്‍ മധുകോട എന്ന ചെറുപ്പക്കാരന്‍ ഝാര്‍ഖണ്ട് എന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമ്പോള്‍  ഒരു സ്വതന്ത്രന്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുക അല്‍ഭുതം അതിലുണ്ടായിരുന്നു . 16 രൂപ ദിവസ ക്കൂലിക്കു ഖനി കമ്പനിയില്‍ പണിയെടുത്തിരുന്ന മധു കോട മുഖ്യമന്ത്രിയായി 2  വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 4000 കോടിയുടെ അഴിമതി കേസില്‍ അകപ്പെടുക [കമ്മീഷന്റെ പേരിലുള്ള  ചില ചില്ലറ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍  ഖനികമ്പനികള്‍ ഒതുക്കിയതാണെന്നും പറയപ്പെടുന്നു ]. ഈ രണ്ട് വര്‍ഷങ്ങളില്‍ കമ്മീഷനായി ഇത്ര രൂപ കിട്ടണമെന്നുണ്ടെങ്കില്‍ എത്ര കോടിയുടെ വരുമാനം ഖനികമ്പനികള്‍ ഇതു കൊണ്ടുണ്ടാക്കിയിരിക്കണം  - എന്നിട്ടൂം ഝാര്‍ഖണ്ട് പട്ടിണിയിലാണ്  -നാളെ മധു കോടയുടെ കഥ 

9 comments:

  1. This comment has been removed by the author.

    ReplyDelete

  2. 2006 -ല്‍ മധുകോട എന്ന ചെറുപ്പക്കാരന്‍ ഝാര്‍ഖണ്ട് എന്ന സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുമ്പോള്‍ ഒരു സ്വതന്ത്രന്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുക അല്‍ഭുതം അതിലുണ്ടായിരുന്നു . 16 രൂപ ദിവസ ക്കൂലിക്കു ഖനി കമ്പനിയില്‍ പണിയെടുത്തിരുന്ന മധു കോട മുഖ്യമന്ത്രിയായി 2 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ 4000 കോടിയുടെ അഴിമതി കേസില്‍ അകപ്പെടുക [കമ്മീഷന്റെ ചില ചില്ലറ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ അയാളെ ഖനികമ്പനികള്‍ ഒഴിവാക്കിയതാണെന്നും പറയപ്പെടുന്നു ]. ഈ രണ്ട് വര്‍ഷങ്ങളില്‍ കമ്മീഷനായി ഇത്ര രൂപ കിട്ടണമെന്നുണ്ടെങ്കില്‍ എത്ര കോടിയുടെ വരുമാനം ഖനികമ്പനികള്‍ ഇതു കൊണ്ടുണ്ടാക്കിയിരിക്കണം - എന്നിട്ടൂം ഝാര്‍ഖണ്ട് പട്ടിണിയിലാണ് -നാളെ മധു കോടയുടെ കഥ :)

    ReplyDelete
  3. ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ അതിന്റെ മറവില്‍ നടക്കുന്നത് ഇതൊക്കെ തന്നെയാണ് രണ്ടു മാസങ്ങള്‍ക്ക് മുന്‍പേ ഇതേപറ്റി അനേഷിച്ചു,വായിച്ചു അരുന്ധതി റോയ്‌ തുടങ്ങി പലരുടെയും അഭിപ്രായങ്ങള്‍ കേട്ടു,സര്‍ക്കാര്‍ ,മുതലാളിമാര്‍ അവര്‍ക്കെതിരെ ശബ്ദമുയര്‍തിയവര്‍ തീവ്രവാദി ആയ വരെ കാഴ്ചകള്‍ കണ്ടു ഈ വായനയില്‍ നിന്നും കൂടുതല്‍ പലതും അറിയാന്‍ കഴിഞ്ഞു നന്ദി.ഇത്തരം രചനകള്‍ ഇനിയും പിറക്കട്ടെ ആശംസകള്‍.

    ReplyDelete
  4. ഹാ, വലുതാകാന്‍ എന്തോരം അവസരം...ഈ ഇന്‍ഡ്യേല്

    ReplyDelete
  5. എല്ലാം മായ തന്നെ മായാ ലീല തന്നെ...

    ReplyDelete
  6. ഈ പോസ്റ്റിനു വല്ലാത്തൊരു തീവ്രതയുണ്ട്. ആദിവാസികളുടെയും പാവപ്പെട്ട മനുഷ്യരുടെയും പക്ഷത്തു നിന്ന് വിളിച്ചുകൂവുന്ന ശബ്ദം.

    ReplyDelete
  7. ഝാര്‍ഖണ്ഡില്‍ നിന്നും ചത്തീസ് ഗഡില്‍ നിന്നും ഒറീസ്സയില്‍ നിന്നും നാട് വിട്ട് വന്‍ നഗരങ്ങളില്‍ ജീവിതം തേടുന്ന പാവങ്ങള്‍ക്ക് തങ്ങള്‍ ആട്ടിയോടിക്കപ്പെടുകയാണെന്ന് അറിയാം.. കമ്പനികളെപ്പറ്റിയും തല്ലാന്‍ വരുന്നവരെപ്പറ്റിയും ഒക്കെ... അറിയാം..

    ഹം ഗരീബ് ഹേ ... ഹം ക്യാ കരേംഗെ എന്ന രോദനത്തില്‍ ആ സഹനത്തില്‍.. അവര്‍ വീട്ടു വേലക്കാരികളും നഗര ചത്വരങ്ങളില്‍ രാവിലെ മുതല്‍ പണിക്കായി കാത്തിരിക്കുന്ന കാഷ്വല്‍ ലേബറേറ്സുമാകുന്നു...

    ReplyDelete
  8. Very Informative.....Appreciate your efforts.

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .