Like

...........

Saturday 3 November 2012

അറിയപ്പെടാത്ത “വേദാന്ത” ങ്ങള്‍ - 1

ഏതാണ്ട് ഒരു രണ്ട്  വര്‍ഷം മുമ്പ് ചുമ്മാ ഒരു രസത്തിനാണ് “വേദാന്ത “ എന്ന ഇന്‍ഡ്യന്‍ ഖനന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിച്ചു തുടങ്ങിയത് .ഷെയര്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്റുള്ള ,എന്നാല്‍ അധിക പ്രശസ്തമല്ലാത്ത ഒരു കമ്പനിയോട് സ്വാഭാവികമായി തോന്നുന്ന ഒരു കൌതുകം .ആ  കൌതുകം ചെന്നെത്തിയത് തല പെരുപ്പിക്കുന്നത്ര വിചിത്രമായ വസ്തുതകളിലാണ് . പൊതു മേഖലാ സ്ഥാ‍പനങ്ങളായിരുന്ന  BALCO  [Bharat Aluminium Company Ltd.]  യും  ,MALCO Madras Aluminium Company Ltd യും പെട്രോളിയം ഭീമന്മാരായ കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡും അടങ്ങുന്ന വലിയൊരു ബിസിനസ്സ് സാമ്രാജ്യമാണ് വേദാന്ത എന്ന ഒരൊറ്റ കുടക്കീഴില്‍ കാണാന്‍ സാധിച്ചത് . സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അനില്‍ അഗര്‍വാളെന്ന ആക്രിക്കച്ചവടക്കാരന്‍ ഇത്ര വലിയ സാമ്രാജ്യം പണിതുയര്‍ത്തിയതിനു പിന്നിലുള്ള കഥകള്‍ തിരഞ്ഞപ്പോള്‍ കണ്ടത് ഇന്‍ഡ്യയിലെ ഖനന വ്യവസായവും അതിനെ ചുറ്റിപ്പറ്റിയുള്ള നിയമ ലംഘനങ്ങളും അതു മൂലം പലായനം ചെയ്യപ്പെടേണ്ടി വരുന്ന ആദിവാസികളും അതിനെ തുടര്‍ന്നുണ്ടായ നക്സല്‍ ശാക്തീകരണവും അടങ്ങിയ സംഭവ ബഹുലമായ  ചില വസ്തുതകളാണ് . ഒരു രസത്തിനു ചുമ്മാ അതൊക്കെ എഴുതി വെച്ചിരുന്നു   - അതൊക്കെ ഒരു പരമ്പര പോലെ ബ്ലോഗിലിടാമെന്നു കരുതുന്നു .




ഓരോ അധിനിവേശങ്ങള്‍ക്കും നിയതമായ ലക്ഷ്യങ്ങളുണ്ടാകും.  കൃത്യമായ ന്യായങ്ങളും. യുദ്ധരഹിതമായ എല്ലാ  അധിനിവേശങ്ങളുടെയും അടിസ്ഥാ‍നം വാണിജ്യ - നയതന്ത്രങ്ങളിലൂടെയാണെന്ന് കഴിഞ്ഞ ചരിത്രങ്ങളെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാ അധിനിവേശങ്ങളുടെയും തുടക്കം നിശബ്ദമാ‍യിരിക്കും.യാതൊരു കോലാഹലങ്ങളുമില്ലാതെ മാതൃവൃക്ഷത്തിന്റെ തായ്ത്തടിയില്‍ വേരുറപ്പിച്ച് പടര്‍ന്ന് കയറുന്നൊരു പരാദ സസ്യത്തെപ്പോലെ അത് പതിയെ പടരും. പിന്നെ  പടര്‍ന്ന് പടര്‍ന്ന് അതിനിടയില്‍ ദുര്‍ബലമായിപ്പോയ തായ്തടിയെയും നിഷ്പ്രഭമാക്കി നില നില്‍ക്കും , അതാണ് അധിനിവേശത്തിന്റെ നീതിശാസ്ത്രം.  ‘വേദാന്ത‘യെന്ന ബഹുരാ‍ഷ്ട്ര കുത്തക നടത്തുന്ന അധിനിവേശങ്ങള്‍ രാഷ്ട്രീയ അധികാരങ്ങളുടെ മറയില്ലാത്ത സഹായ സഹകരണങ്ങളുമായി  ഒരു പരാദസസ്യത്തിന്റെ കൌശലത്തോടെ നമ്മെ വലയം ചെയ്യുമ്പോഴും നമുക്കതിനെക്കുറിച്ച് ആശങ്കകളില്ലാതെയാകുന്നത് അത് നമ്മെ ബാധിക്കുന്നതല്ലെന്ന ആശ്വാസം കൊണ്ടാവണം .

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ സ്ഥാനം , ഫോര്‍ബ്സ് മാസികയില്‍ സമ്പന്നരുടെ പട്ടികയില്‍ മേലറ്റത്തുള്ളയാള്‍ , 167000  കോടി രൂപയുടെ അറ്റാദായവുമായി മുകേഷ് അംബാനിയെക്കാള്‍  കോര്‍പ്പറേറ്റ് സമ്പന്നന്‍ .പൊതു മേഖലാ സ്ഥാപനങ്ങളായിരുന്ന  BALCO  [Bharat Aluminium Company Ltd.]  യും  ,MALCO Madras Aluminium Company Ltd , HZL (Hindustan Zink Ltd]  ഉം അടക്കം വലിയൊരു സാമ്രാജ്യത്തിന്റെ  അധിപന്‍  - അനില്‍ അഗര്‍വാളെന്ന  ഒരു ഹൈസ്കൂള്‍ ഡ്രൊപ്പ് ഔട്ടിന്റെ ,ബിഹാറിലെ ഒരു ചെറുപട്ടണത്തില്‍ കുടുംബ വകയായ ആക്രിക്കച്ചവടം നോക്കിനടത്തിയിരുന്ന ഒരാളുടെ വിജയഗാഥയാണിത്  .കണ്ണടച്ചു തുറക്കും മുമ്പേ ഭീമാകാരത്വം പൂണ്ട് നില്‍ക്കുന്ന  അലാവുദ്ദീന്റെ അല്‍ഭുത വിളക്ക് ഓര്‍മ്മിപ്പിക്കുന്ന ഈ കഥക്കു പിന്നില്‍ ഒരു രാജ്യത്തിന്റെ ഊറ്റിയെടുത്ത പ്രകൃതി വിഭവങ്ങളുണ്ട് ,അതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ,നക്സലുകളാകേണ്ടി വന്ന മനുഷ്യരുണ്ട് ,പണം കൊടുത്ത് വിലക്കെടുത്ത അധികാര വര്‍ഗ്ഗവുമുണ്ട്  -അതൊന്നുമല്ലാത്ത ഒരല്‍ഭുത കഥയും ഇതിലില്ല .

Vedanta Resourse 

1.Sterlite Industries
2.BALCO   ( Bharat Aluminium Company)
3.MALCO (Madras Aluminium Company )
4.Sterlite Energy
5.Australian Copper Mines
6.Sesa Goa
7.Cairn India


കോര്‍പ്പറേറ്റ് - ഭരണ കൂട അച്ചുതണ്ടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രാഷ്ട്രീയ പാര്‍ട്ടി ഭേദമില്ലാതെ തന്നെ വേദാന്ത എന്ന ബഹുരാഷ്ട്ര കുത്തക നടത്തുന്ന നിയമ ലംഘനങ്ങളും കൊള്ളയടിക്കലുകളും . എന്നിട്ടും ഭൂരിഭാഗം ആളുകളും അതേ കുറിച്ചു അജ്ഞരായിരിക്കുന്നത് മധ്യവര്‍ഗ്ഗത്തിനെ നേരിട്ടു ബാധിക്കാത്ത ,പൊതു സമൂഹത്തിനു അജ്ഞാതമായ ഇടങ്ങളിലാണ് ഈ അധിനിവേശങ്ങളെന്നതിനാലാണ്   -ഖനനമാണ് വേദാന്തയുടെ ബിസിനസ്സ് ,ഇന്‍ഡ്യയിലെ ഓരോ ദിവസവും കൊള്ളയടിക്കപ്പെടൂന്ന കോടിക്കണക്കിനു രൂപയുടെ പ്രകൃതി വിഭവങ്ങള്‍ , അതിന്റെ പേരില്‍ പലായനം ചെയ്യപ്പെടേണ്ടി വരുന്ന ആദിവാസികള്‍ ,നശിപ്പിക്കപ്പെടുന്ന വനങ്ങള്‍ ,ഇടിച്ചു തകര്‍ക്കുന്ന പര്‍വ്വതങ്ങള്‍  -അങ്ങനെ വേദാന്തയുടെ പ്രവര്‍ത്തനം നിശബ്ദമായി ഒരു രാജ്യത്തെ കൊള്ളയടിക്കുന്നു . 


വേദാന്തയെന്നാ‍ല്‍ എല്ലാ അറിവുകളുടെയും അന്ത്യം എന്നാണ് അക്ഷരാര്‍ത്ഥത്തില്‍ തന്നെ വേദാന്തയെ സംബന്ധിച്ച് നമുക്കുള്ള അനുഭവങ്ങളും അങ്ങനെ തന്നെയാണ് .വിജയിച്ച് വരുന്ന എല്ലാ അതിസമ്പന്നരുടെ ഭൂതകാലത്തെക്കുറിച്ച് സാധാരണയായി പറയാറുള്ള അതേ കഥ തന്നെയാണ് അനില്‍ അഗര്‍വാളിന്റേതും  ,  70കളില്‍ ബിഹാറില്‍ ആക്രി കച്ചവടം നടത്തിയിരുന്ന ഒരു കുടുംബത്തില്‍ നിന്നുമാണ് സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അനില്‍ അഗര്‍വാള്‍ എന്ന കോടീശ്വരന്റെ വളര്‍ച്ച - ഈ വളര്‍ച്ച ഒരു മാന്ത്രിക വടി കൊണ്ട്  മന്ത്രം ജപിച്ചുണ്ടായതല്ല - രാഷ്ട്രീയക്കാരെയും അധികാര വര്‍ഗ്ഗത്തെയും സ്വാധീനിച്ചു ഇന്‍ഡ്യയിലെ കോടിക്കണക്കിനു രൂപയുടെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്തു സൃഷ്ടിച്ചതാണ് ആ വളര്‍ച്ച .ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആദ്യമായി  ലിസ്റ്റ് ചെയ്യപ്പെട്ട ഇന്‍ഡ്യന്‍ കമ്പനിയുടെ ഉടമ , അടുത്ത ലോക കോടീശ്വര പദവിയിലേക്ക് കുതിക്കുന്ന ഇന്‍ഡ്യക്കാരന്‍ . ഇന്‍ഡ്യയുടെ ഓരോ മുക്കും മൂലയും നിധി കുഴിച്ചെടുക്കുന്ന മാന്ത്രികനായി  കോടികളുടെ സമ്പത്ത് സമാഹരിക്കുമ്പോഴും  ഒരു രാജ്യത്തിന്റെ  പ്രകൃതി വിഭവങ്ങളുടെ മൊത്തം കുത്തകയായി തീരുമ്പോഴും  സാധാരണ ബിസിനസ്സ് ഗ്രൂപ്പുകളുടെ സ്വാഭാവിക താല്പര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മീഡിയാ കവറേജില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നിശബ്ദമായിരിക്കാനാണ് വേദാന്ത ഗ്രൂപ്പ് എന്നും ശ്രദ്ധിച്ചിട്ടുള്ളത് .


നിരവധി മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി നാശമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നിട്ടൂ കൂടി ഇന്‍ഡ്യന്‍ മാധ്യമങ്ങളില്‍ വേദാന്തയെ സംബന്ധിച്ചു ഒരു വാര്‍ത്തയും ഉണ്ടാകാറില്ല . വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിയുടെ അതിക്രമങ്ങളെകുറിച്ച് വിദേശ മാധ്യമങ്ങളിലെല്ലാം പ്രാധാന്യത്തോടെ വന്നിട്ടും    വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ച് കിം കര്‍ദഷിയാന്റെ നിതംബത്തിന്റെ ഇന്‍ഷുറന്‍സ് കവറേജിനെക്കുറിച്ച് നിതംബത്തിന്റെ  അഴകളവ് വര്‍ണ്ണിച്ച്  സചിത്ര ലേഖനങ്ങളെഴുതുന്ന ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം  കാണാതെ പോകുന്ന ചില  വാര്‍ത്തകളുണ്ട് .ഇന്‍ഡ്യയിലെ ഓരോ പൌരനും അറിഞ്ഞിരിക്കേണ്ട വാര്‍ത്തകളായിട്ട് പോലും   ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ക്കത് ഒരു വിശകലനത്തിനോ വാര്‍ത്തക്കോ പോലുമുള്ള വിഷയമാകാതെ പോകുന്നു . 

2010 ഡിസംബര്‍ 17 ന് ബി ബി സി യില്‍ വന്ന ഒരു വാര്‍ത്തയാണ് ചത്തിസ്ഗഡിലെ നിബിഡവനപ്രദേശങ്ങളില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ ബാല്‍കോ 90 ഏക്കറോളം വനഭൂമിയിലെ വൃക്ഷങ്ങള്‍ അനധികൃതമായി വെട്ടി നശിപ്പിച്ചിരിക്കുന്നു പരിസ്ഥിതി നിയമ പ്രകാരം അങ്ങേയറ്റം കുറ്റകരമായ ഒരു പ്രവൃത്തിയാണിത്  ചത്തിസ്ഗഡില്‍ മാത്രം വേദാന്തക്കും അനുബന്ധ കമ്പനികള്‍ക്കും കൂടി ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി കൈവശമുണ്ട്  കമ്പനി അധികൃതര്‍ വാര്‍ത്ത നിഷേധിച്ചെങ്കിലും ബി ബി സി അതേ വാര്‍ത്തയില്‍ തന്നെ അവരുടെ കയ്യില്‍ വാര്‍ത്തക്കാധാരമായ ഡോക്യുമെന്റുകളും സാറ്റലൈറ്റ് മാപ്പിങ്ങ് റിപ്പോര്‍ട്ടും ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട് .  നമ്മുടെ കുശാഗ്രബുദ്ധിക്കാരായ മാധ്യമങ്ങള്‍ക്ക് കിട്ടാതെ പോകാന്‍ മാത്രം അതീവ രഹസ്യസ്വഭാവമുള്ള വാര്‍ത്തയല്ലാതിരുന്നിട്ടും ഈ വാര്‍ത്ത  നമ്മുടെ ദേശീയ മാധ്യമങ്ങളിലൊന്നും വന്ന് കണ്ടില്ല സാറ്റലൈറ്റ് മാപ്പിങ്ങ് റിപ്പോര്‍ട്ട് കിട്ടാതിരിക്കാന്‍ മാത്രം സാങ്കേതിക ജ്ഞാനം കമ്മിയായ ആളുകളല്ല  അല്ല നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ എന്നിട്ടും കോര്‍പ്പറേറ്റുകളെ സംബന്ധിക്കുന്ന പ്രതിലോമകരമായ  ഓരോ വാര്‍ത്തകളും അജ്ഞാതമായി പോകുന്നു .

ഒറീസയിലെ നിയമ ഗിരി മലകളിലെ വേദാന്തയുടെ ഖനന പ്രക്രിയ മൂലം  ആദിവാസികളുടെ അതിജീവനം തന്നെ അപകടത്തിലാവുന്ന അവസ്ഥയിലായിരുന്നു ‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി  പ്രക്ഷോഭങ്ങള്‍ നടന്നിരുന്നത് , അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും നമ്മുടെ ദേശീയ മാധ്യമങ്ങളെല്ലാം നിയമഗിരിയിലെ ആദിവാസികളുടെ അതിജീവനത്തിനായുള്ള വിലാപം  മറ്റേതോ രാജ്യത്തിന്റെ ആഭ്യന്തര കാര്യമെന്ന മട്ടിലായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് .വേദാന്ത റിസോഴ്സ് എന്ന ഖനന ഭീമന്‍ നടത്തുന്ന പരിസ്ഥിതി നാശങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിരോധങ്ങളും നടന്നിരുന്നു ഇംഗ്ലണ്ടില്‍‍  നടന്ന ഒരു പ്രക്ഷോഭത്തില്‍  ഏറ്റവും വെറുക്കപ്പെട്ട കമ്പനിയാണ് വേദാന്ത എന്ന് വിലയിരുത്തലുണ്ടായിരുന്നു . നടനും എഴുത്തുകാരനുമായ ‍ മൈക്കേല്‍ പാലിന്റെ നേതൃത്വത്തില്‍ 30000 പേരോളം ഒപ്പിട്ട ഒരു ഭീമ ഹര്‍ജി ആംനെസ്റ്റി ഇന്റര്‍നാഷണലിലേക്കയച്ചതിനെതുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ നടത്തിയ പഠനത്തില്‍ വേദാന്ത റിസോഴ്സ് നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്നും മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണെന്നും  അതിനാല്‍ ‍ഇന്‍ഡ്യന്‍ ഗവണ്മെന്റ് ഈ ഖനനത്തിന് അനുമതി നിഷേധിക്കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി .


 നിരവധി രാജ്യങ്ങള്‍ വേദാന്ത ഗ്രൂപ്പിന്റെ  പ്രവര്‍ത്തനങ്ങളെ നിരീക്ഷണത്തില്‍ പെടുത്തുകയുണ്ടായി . നോര്‍വീജിയന്‍ ഗവണ്മെന്റിന്റെ  നിക്ഷേപമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായുള്ള ധാര്‍മ്മിക സമിതി നിയോഗിച്ച കമ്മിറ്റിയുടെ പരിശോധനയില്‍ വേദാന്ത റിസോഴ്സസ് ഇന്‍ഡ്യയില്‍ വ്യാപകമായ തോതില്‍ പരിസ്ഥിതി നശീകരണവും അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നുവെന്ന്  കണ്ടെത്തുകയുണ്ടായി  വേദാന്ത മൈനിങ്ങ് കമ്പനിക്കെതിരെ ആഗോള തലത്തില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെയും മാധ്യമ റിപ്പോര്‍ട്ടുകളുടെയും അനന്തര ഫലമായിരുന്നു ഈ പഠനം . ആരോപണങ്ങളെ സാധൂകരിക്കുന്ന കൃത്യമായ പഠന റിപ്പോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളിച്ച് ഇക്കാര്യത്തില്‍  കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട് കൊണ്ടയച്ച എഴുത്തുകള്‍ക്ക് രണ്ട് തവണ സമയ പരിധി നീട്ടിക്കൊടുത്തിട്ടും യാതൊരു വിധ പ്രതികരണവും കമ്പനിയുടെ ഭാ‍ഗത്ത് നിന്നുണ്ടായില്ല .അങ്ങനെയാണ്   നോര്‍വീജിയന്‍ ഗവണ്മെന്റിന്റെ സാമ്പത്തിക മന്ത്രാ‍ലയം വേദാന്തയെയും അനുബന്ധ അവരുടെ നിക്ഷേപ സാധ്യതാകമ്പനികളില്‍ നിന്ന് ഒഴിവാക്കുകയും വേദാന്ത റിസോഴ്സിനെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തത് .അത് പോലെ തന്നെ ഇത്തരം വാര്‍ത്തകളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് Church of England ന്റെ കീഴിലുണ്ട്‍ായിരുന്ന ഒരു പെന്‍ഷന്‍ ഫണ്ട് അവരുടെ അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം  വേദാന്ത കമ്പനിയില്‍ നിക്ഷെപിച്ചിരുന്നത് കമ്പനി ഇന്‍ഡ്യയില്‍ നടത്തുന്ന അധാര്‍മ്മികമായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പിന്‍ വലിച്ചതും .

ഇതെല്ലാം ഇന്‍ഡ്യയില്‍ വേദാന്തയെന്ന കമ്പനി നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെയും പരിസ്ഥിതി നശീകരണത്തിന്റെയും പേരിലാണ്    എന്നിട്ടും നമ്മള്‍ ഇതൊന്നും അറിയുന്നില്ല ,നിരവധി  വര്‍ഷങ്ങള്‍ അതിജീവനത്തിനായി നമ്മുടെ നാട്ടിലെ നിസ്സഹയാരായ ഒരു ജനത നടത്തിയ ചെറുത്ത് നില്‍പ്പുകളെ പറ്റി   നമ്മുടെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നില്ല . വേദാന്തയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അവര്‍ ഇന്‍ഡ്യയില്‍ അവര്‍ കൊണ്ട് വരാന്‍ പോകുന്ന ദശലക്ഷം കോടി നീക്ഷേപ പദ്ധതികളുടെ വലുപ്പം മാത്രം. .  -

തുടരും  - ബാക്കി  ഇവിടെ വായിക്കാം 

26 comments:

  1. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കും..!!!

    ReplyDelete
    Replies
    1. പോരാ നക്സല്‍ തന്നെയാവണം

      Delete
  2. പുതിയ അറിവുകള്‍ ,അടുത്ത ലക്കത്തിനായ്‌ കാത്തിരിക്കുന്നു.

    ReplyDelete
  3. ഈ പറഞ്ഞ വേദാന്തം അറിയാത്തത് തന്നെ ,,അടുത്ത പോസ്റ്റിനു ആകാംക്ഷയോടെ

    ReplyDelete
  4. ചിദംബര സ്മരണകളുണർത്തുന്ന അടുത്ത ലക്കം വരട്ടെ .....

    ഒരു വശത്ത് ഒരു കൂട്ടം ആദിവാസികളെ ഖനനത്തിനു വേണ്ടി കുടിയൊഴിപ്പിച്ച് അവരെ നക്സലുകളാക്കുന്നു നിലനില്പിനവർക്ക് ഖനികളുടെ ഇല്ലീഗൽ ഖനനാധികരികളിൽ നിന്ന് പണം പിരിക്കേണ്ടി വരുന്നു .. പിന്നീടവരെ കൊന്നൊടുക്കുന്നതും അവരെ നക്സലുകളാക്കിയവർ തന്നെ ... കോർപ്പറേറ്റുകളേക്കാൽ വലുതാണു വക്കീലന്മാർ..

    ReplyDelete
  5. തീവ്രമായി വാദിക്കുവാന്‍ ആഗ്രഹം..!

    ReplyDelete
  6. കോര്‍പ്പറേറ്റ് - ഭരണ കൂട അച്ചുതണ്ടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രാഷ്ട്രീയ പാര്‍ട്ടി ഭേദമില്ലാതെ തന്നെ വേദാന്ത എന്ന ബഹുരാഷ്ട്ര കുത്തക നടത്തുന്ന നിയമ ലംഘനങ്ങളും കൊള്ളയടിക്കലുകളും . എന്നിട്ടും ഭൂരിഭാഗം ആളുകളും അതേ കുറിച്ചു അജ്ഞരായിരിക്കുന്നത് മധ്യവര്‍ഗ്ഗത്തിനെ നേരിട്ടു ബാധിക്കാത്ത ,പൊതു സമൂഹത്തിനു അജ്ഞാതമായ ഇടങ്ങളിലാണ് ഈ അധിനിവേശങ്ങളെന്നതിനാലാണ്.

    കാര്യങ്ങൾ എന്നെ ഭയപ്പെടുത്തുന്നു. ഒരു തീവ്രവാദിയാകുവാൻ മോഹമാണെനിക്ക്.
    ബാക്കിയുള്ള കാര്യങ്ങളും തുടരനായി പോരട്ടെ, കണ്ണിൽ പെടുന്ന ആരെങ്കിലും ഇതിനെതിരെ ശബ്ദമുയർത്താതിരിക്കില്ല.
    ആശംസകൾ.

    ReplyDelete
  7. Can you do a similar feature on Glencore?http://en.wikipedia.org/wiki/Glencore.
    http://www.guardian.co.uk/commentisfree/2011/apr/16/glencore-flotation-editorial?INTCMP=SRCH

    ReplyDelete
  8. ചതുപ്പില്‍ വീണപോലെ, ഇതുപോലെ ഓരോന്ന് വായിക്കുമ്പോഴും "നമുക്ക് എന്തുചെയ്യാനാവും?" എന്ന പരിതാപകരമായ അവസ്ഥയിലേക്ക് ചിന്തകള്‍ ആണ്ടു പോകുകയാണ്.!!

    ReplyDelete
  9. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു.

    ReplyDelete
  10. വല്ലാത്തൊരു അവസ്ഥ തന്നെ..

    ReplyDelete
  11. എന്താലെ..? ബാക്കി കൂടി പറയൂ .

    ReplyDelete
  12. എന്താണ് നമ്മുടെ രാജ്യം ഇങ്ങനെ ആയി പോയത്...

    ReplyDelete
  13. ഈ സിരീസ് തല തിരിച്ചാണ് വായിച്ചത്..എവിടുന്നു വായിച്ചാലും കാര്യങ്ങള്‍ ഇങ്ങനൊക്കെ തന്നെയാണല്ലോ..

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .