Like

...........

Wednesday 7 November 2012

മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍ - 5



 മുദ്രണം ചെയ്യപ്പെടുന്ന പ്രതിഷേധങ്ങള്‍


പ്രതിഷേധങ്ങളെയും പ്രതിരോധങ്ങളെയും നിര്‍വീര്യമാക്കാന്‍  ഭരണകൂടങ്ങള്‍ക്ക് വളരെ ലളിതമായ ഒരു മാര്‍ഗ്ഗമുണ്ട് - ഭരണകൂടത്തിനെതിരെയുള്ള ചോദ്യങ്ങളെയെല്ലാം രാജ്യത്തിന്റെ അഖണ്ടതക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന വ്യാജപ്രചരണങ്ങളിലൂടെ  അത്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുക .  പ്രതിഷേധങ്ങളുടെ ഒച്ചയടക്കുകയല്ല അതിന്റെ സ്രോതസ്സ് തന്നെ ഇല്ലാതാക്കുകയാണ് കൂടുതല്‍ എളുപ്പമെന്ന് അവര്‍ക്കറിയാം അതിന് ഉദാഹരണങ്ങള്‍ സൃഷ്ടിച്ച് കൊണ്ട് ഏത് നിമിഷവും നിങ്ങളും ഈ മുദ്രണത്തിന്റെ ഭാഗമാവാം എന്ന    ഭീതിയുടെ അധികാരരൂപത്തിന് പൊതുസമൂഹത്തില്‍ സ്വീകാര്യത വരുത്തുന്നു .

വസ്തുതകള്‍ക്ക് വിരുദ്ധമോ പൊതുജനവിരുദ്ധമോ മതവിരുദ്ധതയോ അങ്ങനെ യാതൊരു ആരോപണവുമില്ലാതെ , യാതൊരു വിവാദവും സൃഷ്ടിക്കാതെ രണ്ട് കൃതികളാണ് ഇന്‍ഡ്യയില്‍ നിരോധിച്ചിട്ടുള്ളത് .



1. രോഹിത്ത് പൊഡ്ഡാറിന്റെ "Vedanta's Billions" .
2.ഹമിഷ് മക്ഡൊണാള്‍ന്റെ  The Polyester Prince: The Rise of Dhirubhai Ambani 

രോഹിത് പൊഡ്ഡാറിന്റെ Vedanta's Billions" .വേദാന്ത റിസോഴ്സ് എന്ന ബഹുരാഷ്ട്ര കമ്പനി നടത്തുന്ന സാമ്പത്തിക കുറ്റ കൃത്യങ്ങളും  രാഷ്ട്രീയ ഉപജാപങ്ങളും വ്യക്തമായി പ്രദിപാതിക്കുന്ന , കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് , ഓഹരി വിപണിയിലെ കള്ളക്കളികളെക്കുറിച്ച് ഒക്കെ  വിശദമായി പഠിച്ചെഴുതിയ കൃതി . യാതൊരു വിധ വിവാദങ്ങളും ഉണ്ടാകാതെ തന്നെ ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ട കൃതിയാണ് Vedanta's Billions" . .വേദാന്ത റിസോഴ്സിന്റെ സാമ്പത്തിക ഇടപാടുകളില്‍ ചിദംബരത്തിന്റെ പങ്ക്  പരാമര്‍ശിക്കപ്പെട്ട ഒരു കൃതിയായിരുന്നു ഇതെന്നാരോപിച്ച്  സമാജ് വാദി പാര്‍ട്ടി എം പി അമര്‍ സിങ്ങ് പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍  ‍ ഈ സംഭവം ഉന്നയിച്ച് ഒച്ചപ്പാടുണ്ടായെങ്കിലും  പിന്നീട് വളരെ സ്വാഭാവികമായ ഒരു വിസ്മൃതിയിലാണ്ട് പോവുകയായിരുന്നു ഈ കൃതിയും അതിനെ ചുറ്റി പറ്റിയുള്ള നിരവധി ചോദ്യങ്ങളും .

ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ ശബ്ദിക്കുന്നവരെ , ആദിവാസികളോടും അടിച്ചമര്‍ത്തപ്പെടുന്നവരോടും അനുഭാവം പ്രകടിപ്പിക്കുന്നവരെ എല്ലാം രാജ്യത്തിനെതിരായാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍  എന്ന ധാരണ പരത്തുന്നു , ആ വ്യാജ പ്രചരണങ്ങളുടെ  നിഴലിന്റെ പരിസരത്തില്‍ നിര്‍ത്തിക്കൊണ്ട്  ബുദ്ധിജീവികളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന് മുദ്രണം ചാര്‍ത്തി ഏത് നിമിഷവും രാജ്യദ്രോഹിയാക്കി മാറ്റാനുള്ള ഒരു സംവിധാനത്തെ വളരെ ബുദ്ധിപൂര്‍വ്വം ഒരുക്കിക്കൊണ്ട് ഓരോ പ്രതിഷേധങ്ങളെയും ഇല്ലാതാക്കുന്നു   .

ബിനായക് സെന്‍ 

 ബിനായക് സെന്‍ ഇന്ന് ജീവ പര്യന്തം തടവിലാണ്  അദ്ദേഹം ചെയ്ത കുറ്റം നമുക്കെല്ലാവര്‍ക്കുമറിയുന്നത് പോലെ തന്നെ അദ്ദേഹത്തിന് ഔദ്യോഗിക മേഖലയില്‍ ലഭ്യമാകുമായിരുന്ന പ്രശസ്തിയും സമ്പത്തും സുഖസൌകര്യങ്ങളും ഉപേക്ഷിച്ച് ചത്തിസ്ഗഡിലെ  ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചു എന്നതാണ് .അരുന്ധതി റോയിയെ പോലെ ലോകമറിയുന്ന ഒരു എഴുത്തുകാരിയും ഇന്നു  രാജ്യദ്രോഹിയാണ് മാവോയിസ്റ്റുകളെക്കുറിച്ചുള്ള പ്രചരിപ്പിക്കപ്പെട്ട ചോര മണക്കുന്ന  ഭീതിതമായ കെട്ടുകഥകളുടെ യാഥാര്‍ത്ഥ്യം ലോകത്തിന് കാണിച്ച് കൊടുത്തു , അവിടെയുള്ള കോര്‍പ്പറേറ്റ് അധിനിവേശങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു അതാണ് ഇവരൊക്കെ രാജ്യത്തിനെതിരെ ചെയ്ത കുറ്റകൃത്യങ്ങള്‍. 

ബിനായക് സെന്നിന്റെ പേരിലുള്ള കുറ്റ കൃത്യങ്ങള്‍ തെളിയിക്കാന്‍ കോടതി സ്വീകരിച്ചിരിക്കുന്ന തെളിവുകള്‍ .

1. നാരായന്‍ കന്യാല്‍ എന്ന നക്സല്‍ നേതാവ് ജയിലില്‍ കിടക്കുമ്പോള്‍ അദ്ദേഹവുമായി നടത്തിയ ചില ആരോഗ്യ സുഖാന്വേഷണങ്ങള്‍ [ ഇത് ജയില്‍ അധികൃതര്‍ വായിച്ചുതിനു ശേഷമാണ് കൈമാറിയിരുന്നത് ] 
 2. മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും സീ പി ഐ [പീപ്പിള്‍സ് വാര്‍ ] ഉം തമ്മിലുള്ള ആരോ എഴുതിയ ഒരു ബുക്ക് ലെറ്റ്
 3.  Naxal Movement ,Tribal and Woments Movement  “ എന്ന തലക്കെട്ടിലുള്ള ഒരു ലേഖനത്തിന്റെ ഫോട്ടോസ്റ്റാറ്റ്       കോപ്പി 
4. മദന്‍ ലാല്‍ ബഞ്ചാര എന്ന മാവോയിസ്റ്റ് നേതാവ്  “ പ്രിയ സഖാവെ “ എന്നു സംബോധന ചെയ്തെഴുതിയ ഔ കത്ത് [മദന്‍ ലാല്‍ ബഞ്ചാര ജയിലില്‍ നിന്നയച്ച ഈ കത്തു ജയില്‍ അധികൃതര്‍ വായിച്ചതിനു ശേഷം മാത്രമാണ് ബിനായക് സെന്നിനയച്ചിരിക്കുന്നത് ] 
 5.How to build andAnti -Us -Imperialist Front    എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്ന ഒരു ലേഖനത്തിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി 6. 6.Globalization and the Service sector in India   എന്ന വിഷയത്തില്‍ ഒരു ലേഖനം  


                                                 ഇത്രയൊക്കെ മതി ഇന്‍ഡ്യയിലെ ഏറ്റവും മികച്ച മെഡിക്കല്‍ കോളേജില്‍ നിന്നും സ്വര്‍ണ്ണ മെഡലോടെ പാസ്സായി ,  തന്റെ ജീവിതം പാവപ്പെട്ട ആദിവാസികള്‍ക്കു വേണ്ടി ഉഴിഞ്ഞു വെച്ച ഒരു ഡോക്ടറെ ,ഒരു മനുഷ്യസ്നേഹിയെ ജയിലിലടക്കാന്‍ . ഇതില്‍ തെളിവായി എടുത്തിരിക്കുന്ന പലതും കേരളത്തിലെ ഒരു സാദാ ഡി വൈ എഫ് ഐ ക്കാരന്റെ കയ്യില്‍ കാണും .  നമ്മുടെ രാജ്യ ദ്രോഹത്തിന്റെ നിയമാ വലികള്‍ വളരെ നേര്‍ത്തതാണ് ഐ പി സി യില്‍ blasphemy യുടെ നിര്‍വ്വചനം ഇപ്പോഴും ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിന്നും പുനര്‍ നിര്‍ണ്ണയിച്ചിട്ടില്ല .അതു കൊണ്ടാണ് ഞാന്‍ കഴിഞ്ഞ കഴിഞ്ഞ ലേഖനത്തില്‍ ധാര്‍മ്മിക രോഷത്തിന്റെ ഏനക്കേട് കാണിക്കേണ്ട കാര്യമില്ല എന്നു സൂചിപ്പിച്ചത്  ,കാര്യങ്ങള്‍ അറിഞ്ഞിരിക്കാം , അത്ര തന്നെ .



ഹിമാംശു കുമാര്‍  . 

1992 മുതല്‍ ചത്തിസ് ഗഡിലെ ആദിവാസി മേഖലയായ ഡന്റേവാഡയില്‍ ആദിവാസികള്‍ക്കും ദളിതര്‍ക്കുമായി വനവാസി ചേതനാ ആശ്രമം എന്നൊരു സംഘടന സ്ഥാപിച്ച് കൊണ്ട് ഹിമാംശു കുമാര്‍  എന്നൊരു  ഗാന്ധിയന്‍ അദിവാസികളുടെ  ഇടയില്‍ പ്രവര്‍ത്തിച്ച്  അവരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ട് വരാന്‍ യത്നിച്ചിരുന്നു 18 വര്‍ഷങ്ങളായി  ഗാന്ധിയന്‍ രീതികളുമായി പ്രവര്‍ത്തിച്ച് വന്നിരുന്ന ഈ ആശ്രമം  2009 മേയ് മാസത്തില്‍ യാതൊരു വിധ മുന്നറിയിപ്പുകളുമില്ലാതെ ചത്തിസ് ഗഡ് പോലീസ്  തകര്‍ത്ത് കളഞ്ഞു .   സംസ്ഥാന സര്‍ക്കാര്‍ പരിശീലനം കൊടുക്കുന്ന സാല്‍ വാ ജുദൂം എന്ന തീവ്രവാദ പദ്ധതിയെക്കുറിച്ച്  മനുഷ്യാവകാശ കമ്മീഷന് ഹിമാംശു കുമാര്‍  നല്‍കിയ 600 ഓളം പരാതികളാണ് സംസ്ഥാന ഗവണ്മെന്റിനെ പ്രകോപിപ്പിച്ചത് . പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് പോലും ആയുധം കൊടുത്തും അവരെ അക്രമത്തിന് പ്രേരിപ്പിച്ചും മേഖലയില്‍ സംഘര്‍ഷം നില നിറ്ത്തുക  ,  മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരിച്ചതിലേറെ ജനങ്ങള്‍ സാല്‍ വാ ജുദൂമുമായുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട് . ഡന്റേവാഡയില്‍ നടക്കുന്ന വ്യാജ ഏറ്റ് മുട്ടലുകളെയും പോലീസ് അതിക്രമങ്ങളെയും  പുറം ലോകം അറിയരുത് ,  അത്തരം സാധ്യതകളെ ഒഴിവാക്കി ഏറ്റവും പെട്ടെന്ന് ഡന്റേവാഡയിലെ പ്രതിരോധങ്ങളുടെ ഒച്ചയടപ്പിച്ച് തദ്ദേശീയരെ ഒഴിപ്പിച്ചെടുക്കേണ്ടതുണ്ട് .ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റിന് ഏറ്റവും നല്ല സാധ്യത  ഡന്റെവാഡയിലെ സമ്പന്നമായ ധാതുനിക്ഷേപം  തന്നെയാ‍ണ്. നാളെ ഗാന്ധിയനായ ഹിമാംശു കുമാര്‍ അറസ്റ്റിലായി ജീവപര്യന്തത്തിന് വിധിക്കപ്പെട്ടാലും  അല്‍ഭുതമൊന്നുമില്ല  ഗാന്ധിജിയും ബാബാ ആംതെയും  മരിച്ച് പോയതെത്ര നന്നായി !

പിയൂഷ് സേത്തിയ .   

2010 റിപ്പബ്ലിക് ദിനത്തിലാണ് സേലത്ത് നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ  പിയുഷ്സേത്തിയയെ രാജ്യദ്രോഹകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. . അദ്ദേഹം ചെയ്ത കുറ്റം ചത്തിസ്ഗഡിലെ ആദിവാസികള്‍ക്ക് നേരെയുള്ള സൈനിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊണ്ട് സേലത്ത് നിന്ന് ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായ ശിവഗംഗയിലേക്ക് ഒരു സൈക്കിള്‍ യാത്ര നടത്താന്‍ തീരുമാനിച്ചു എന്നതാണ് ,അതിനോടനുബന്ധിച്ച് ഏതാനും ലഘുലേഖകളും വിതരണം ചെയ്തു !!! ഇതൊരു അതിഭയങ്കര കുറ്റകൃത്യം തന്നെയാണല്ലോ . പക്ഷെ  ഈ സംഭവത്തിനും ഒരു വര്‍ഷം മുമ്പു  മറ്റൊരു ഗുരുതരമായ കുറ്റകൃത്യത്തില്‍ കൂടി അദ്ദേഹം പങ്കാളിയായിരുന്നു വേദാന്തയുടെ അനുബന്ധ കമ്പനിയായ മാല്‍കോ  തമിഴ് നാട്ടിലെ പ്രശസ്തമായ കൊല്ലിമലയില്‍ വര്‍ഷങ്ങളായ  നടത്തിക്കൊണ്ടിരുന്ന നിയമവിരുദ്ധ ഖനനത്തിനെതിരെ ഹൈക്കോടതിയില്‍ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി നല്‍കി .

കൊല്ലിമലയിലെ ഖനനം 

 പൂര്‍വ്വഘട്ടത്തിലെ പ്രധാനപ്പെട്ട മലനിരകളിലൊന്നാണ് ചിലപ്പതികാരത്തിലും മണിമേകലയിലുമൊക്കെ പരാമര്‍ശിച്ചിട്ടൂള്ള   നാമക്കല്‍ ജില്ലയിലുള്ള കൊല്ലിമല ,   വേദാന്റ റിസോഴ്സിന്റെ മറ്റൊരു അനുബന്ധ കമ്പനിയായ MALCO [Madras Aluminium Company] കൊല്ലിമലയില്‍ നടത്തിയിരുന്ന നിയമവിരുദ്ധമായ ഖനനം  നിര്‍ത്തലാക്കിയത്  ചെന്നൈ ഹൈക്കോടതിയുടെ ഉത്തരവിന്മേലാണ് .  
 ഖനനത്തിന് എതിരെ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനക്ക് വേണ്ടി പിയുഷ് സേതിയ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഒരു പൊതു താല്പര്യ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ 

1.കമ്പനിയുടെ  ഖനനാനുമതി 1998 ല്‍ തന്നെ കാലഹരണപ്പെട്ടതാണ് .
2 തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്നും കമ്പനിക്ക്  പ്രവര്‍ത്താനാനുമതി  2002  വരെ മാത്രമാണുള്ളത് . 
3.  Hill Area Conservation Authority    നിന്നും  അനുമതി ലഭിച്ചിരുന്നില്ല     
4. തദ്ദേശീയരായ ആദിവാസികളെ പ്രകടമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍
 5. ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങള്‍

  1998  മുതല്‍ 2008  വരെ പത്ത് വര്‍ഷം കുറ്റകരമായ നിയമലംഘനം നടത്തി പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുകയും കൊല്ലി മലയിലെ സ്വാഭാവിക പരിസ്ഥിതിയെ താറുമാറാക്കുകയും   ചെയ്തിട്ടും ബനധപ്പെട്ട അധികാരികള്‍ ഒരു നടപടിയുമെടുത്തിരുന്നില്ല .പ്രാദേശിക ഭരണകൂടത്തിന് പോലും സാധ്യമാകുമായിരുന്ന ഒരു നടപടിക്ക് വേണ്ടി നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷം ഹൈക്കോടതി വരെ പോകേണ്ടുന്ന ഒരവസ്ഥ .എന്തായാലും ആ ഹര്‍ജിയിന്മേല്‍ ചെന്നൈ ഹൈകോടതി ഖനനം നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടു ,അതു കൊണ്ട് തന്നെ  പിയുഷ് സേത്തിയ ഒരു രാജ്യദ്രോഹിയാ‍വാനുള്ള എല്ലാ കാരണങ്ങളുമുണ്ട് . 


പ്രതിഷേധിക്കുന്നവരും പ്രതികരിക്കുന്നവരും  രാജ്യദ്രോഹികളായി മുദ്രണം ചെയ്യപ്പെടുമെന്ന ഭീതി സൃഷ്ടിക്കുക  എന്നിട്ടും  വഴങ്ങാത്തവര്‍‍ രാജ്യദ്രോഹികളായി മാറുന്നു  . മഹാശ്വേതാ ദേവിയെ , ബിനായക് സെന്നിനെ , ഹിമാംശു കുമാറിനെ , അരുന്ധതീ റൊയിയെ , പിയുഷ് സേത്തിയയെ അങ്ങനെ ഭരണകൂട ഭീകരതക്കെതിരെ     ശബ്ദിക്കുന്നവരെ തുറുങ്കിലടച്ചും  രാജ്യദ്രോഹികളെന്ന് മുദ്ര കുത്തിയും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യമാതൃകകള്‍ നമുക്ക് കാണിച്ച് തന്ന്  കൊണ്ടിരിക്കുന്നു .   വ്യവസ്ഥകളും സമ്പ്രദായങ്ങളും വ്യത്യസ്ഥമായിരിക്കാം പക്ഷെ  സ്വേച്ഛാധിപത്യത്തിന്റെ ഇന്‍ഡ്യയിലെ പേരായി മാറുകയാണ്  ജനാധിപത്യം .  ആഫ്രിക്കന്‍ ഗോത്ര ഏകാധിപത്യങ്ങളെ , അറബ് രാജ്യങ്ങളിലെ രാജവാഴ്ചകളെ  ഒക്കെ സഹതാപത്തോടെ നോക്കിക്കൊണ്ട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമെന്ന വ്യാജാഭിമാന നിര്‍മ്മിതിയില്‍ ഊറ്റം കൊള്ളുമ്പൊള്‍ സ്വയം വിസ്മരിക്കാനുള്ള അസാമാന്യമായ കഴിവ്  നമുക്കുണ്ടെന്ന് തെളിയുകയാണ്   .

പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അത്രക്കൊരു അശുഭാപ്തിയുടെ ആവരണം നമ്മെ ബാധിക്കേണ്ടതില്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍ ,തങ്ങള്‍ക്കു നേരിട്ട ദുരിതങ്ങളെ തൃണവല്‍ക്കരിച്ചു കൊണ്ട് തന്നെ ബിനായക് സെന്നും പിയൂഷ് സേത്തിയയും അരുന്ധതി റോയിയും അങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ പലരും ഈ അനീതികള്‍ക്കെതിരെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് ,അത് മാവോയിസമോ കാല്പനിക വിപ്ലവമോ അല്ലാത്ത വണ്ണം മറ്റുള്ളവരിലേക്കു കൂടി പകരുന്ന ഒരു കാലം നമുക്കു മുന്നിലുണ്ട് .ഇന്‍ഡ്യ ഒരു ജനാധിപത്യ രാജ്യം തന്നെയാണ് എന്നു നമുക്കു ഉറച്ചു വിശ്വസിക്കാവുന്ന ഒരു കാലം .

Picture Courtesy : The Tribune , Tehelka ,Outlook 

12 comments:

  1. നല്ല വളരെ നല്ലൊരു പോസ്റ്റ്‌ .മഹാശ്വേതാ ദേവിയെ , ബിനായക് സെന്നിനെ , ഹിമാംശു കുമാറിനെ , അരുന്ധതീ റൊയിയെ , പിയുഷ് സേത്തിയയെ അങ്ങനെ ഭരണകൂട ഭീകരതക്കെതിരെ ശബ്ദിക്കുന്നവരെ തുറുങ്കിലടച്ചും രാജ്യദ്രോഹികളെന്ന് മുദ്ര കുത്തിയും ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യമാതൃകകള്‍ നമുക്ക് കാണിച്ച് തന്ന് കൊണ്ടിരിക്കുന്നു. ഇവരെ കുറിച്ച് ഒരന്വേഷണം നടത്തിയപ്പോള്‍ അന്ന് ചെന്നുപെട്ടത് മാവോയിസ്റ്റ്,ആദിവാസി തുടങ്ങിയ മേഖലയിലാണ് ഇപ്പോഴാണ് ഇതിന്റെ ഒരു രൂപംപിടിക്കിട്ടിയെ നന്ദി സുഹൃത്തെ.നല്ല എഴുത്തിന് ആശംസകള്‍

    ReplyDelete
  2. ഏതാണ്ട് ഒരൊന്നര വര്‍ഷം മുമ്പ് അന്നത്തെ ഒരാവേശത്തിനു ,വലിയ രസത്തിനു തേടിപ്പിടിച്ചു ,ബുദ്ധിമുട്ടി ഒക്കെ എഴുതി വെച്ചിരുന്നതാണ് അങ്ങനെ പ്രത്യേകിച്ചു ഒരുദ്ദേശവുമില്ലാതെ തന്നെ .അന്നത് ബ്ലോഗില്‍ പോസ്റ്റാന്‍ തോന്നിയില്ല ,ഒന്നാമത് ഡ്രൈ സബ്ജക്റ്റ് പിന്നെ വേദാന്ത ഒന്നും പൊതു സമൂഹത്തിനു അത്ര പരിചിതവുമല്ല ,അതു കൊണ്ട് ഇത്ര കാലവും ഡ്രാഫ്റ്റില്‍ സുഖ സുഷുപ്തിയില്‍ കിടന്നു .ഏതാണ്ട് ഒരു വര്‍ഷം മുമ്പേ റിലയന്‍സിനെ കുറിച്ച് എഴുതിയ ബ്ലോഗ് ഈയിടെ ഒരുപാട് ആളുകള്‍ വായിച്ചുവെന്നു തോന്നുന്നു ,അങ്ങനെയാണ് ഇതു കൂടി അങ്ങ് ചുമ്മാ എടുത്തങ്ങ് പോസ്റ്റാമെന്നു കരുതിയത് .പക്ഷെ എഴുതി വെച്ചതാണെന്നു പറഞ്ഞിട്ടൂ കാര്യമില്ല ,ഒരു വര്‍ഷത്തിനു ശേഷമുള്ള ഡാറ്റകളും സ്റ്റാറ്റിസ്റ്റിക്സും തിരുത്തണം ,അനാവശ്യമായത് ഒഴിവാക്കണം അങ്ങനെ കുറെ പണിയുണ്ട് ,അന്നത് വലിയ ഇന്ററസ്റ്റോടെ ചെയ്തതായിരുന്നു ,ഇന്നത്രക്കു ഇന്ററസ്റ്റില്ല . :) . വേദാന്തയുടെ കെയിണ്‍ ഇന്‍ഡ്യാ ലയനവും അതേ തുടര്‍ന്നുള്ള വിവാദങ്ങളും പിന്നെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റിന്റെ കീഴിലുള്ള സ്മെല്‍ടര്‍ പ്ലാന്റ്റ് നടത്തുന്ന പരിസ്ഥിതി നാശങ്ങളുമെല്ലാം വേദാന്ത സീരീസില്‍ ബാക്കിയുണ്ടായിരുന്നു ...പക്ഷെ ഇവിടം കൊണ്ടങ്ങ് നിര്‍ത്തുന്നു . :)

    ReplyDelete
  3. വേദാന്തസാഗരം ഇനിയും അലയടിക്കും അല്ലേ

    ReplyDelete
  4. ‌@ അജിത്ത് ഭായ് -വേദാന്തയെ കുറിച്ചു ഇനിയുമുണ്ട് എഴുതാന്‍ സെസ്സാ ഗോവ ,കെയിണ്‍ ഇന്‍ഡ്യാ ഏറ്റെടുക്കല്‍ ,തൂത്തുക്കുടിയിലെ കോപ്പര്‍ സ്മെല്‍റ്റര്‍ പ്ലാന്റ് ...പക്ഷെ സംഗതി ഭയങ്കരമായി ബോറടിക്കുന്നു ,അതോടെ ഇതങ്ങ് നിര്‍ത്തുകയാണ് .തൂത്തുക്കുടിയിലെ കോപ്പര്‍ സ്മെല്‍റ്റര്‍ പ്ലാന്റിനെ കുറിച്ചു കുറച്ചു എഴുതി വെച്ചിരുന്നു -അത് കമന്റിലങ്ങ് പോസ്റ്റി വേദാന്ത അധ്യായം അവസാനിപ്പിക്കുന്നു :) .

    വേദാന്തയുടെ അനുബന്ധ സ്ഥാപനമായ സ്റ്റെര്‍ലൈറ്റിന്റെ തൂത്തുക്കുടിയിലെ കോപ്പര്‍ സ്മെല്‍റ്റര്‍ സ്ഥാപിച്ചത് തന്നെ നിയമവിരുദ്ധമായിട്ടായിരുന്നു . ലയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് അഡ്മിനിസ്ട്രേഷന്റെ ഡയറക്ടറായ പ്രൊഫസ്സര്‍ എ സി ഫെര്‍ണാണ്ടോയുടെ Business Ethics An Indian perspective എന്ന ഗവേഷണ കൃതിയില്‍ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റിന്റെ ലോഹശുദ്ധീകരണശാലയെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഏറ്റവും മോശം ഉദാഹരണമായാണ് ചൂണ്ടിക്കാട്ടുന്നത് .അത്യധികം അപകടകരമായ രാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന , സുരക്ഷാ ക്രമീകരണങ്ങള്‍ വളരെ കൃത്യമായി പാലിക്കേണ്ടുന്ന ഒരു മേഖലയാണ് ലോഹശുദ്ധീകരണ ശാല ഈ പദ്ധതിക്കായി കമ്പനി ആസ്ട്രേലിയയില്‍ നിന്നും ചുളുവിലക്ക് ഇറക്ക് മതി ചെയ്ത പഴയ പ്ലാന്റ് ആ രാജ്യങ്ങളില്‍ ഡീ കമ്മീഷന്‍ ചെയ്തതാണ് .
    തൂത്തുക്കുടി സംരക്ഷിത സമുദ്ര ജൈവ മേഖലയായ മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കിന് സമീപമാണ് ഈ പ്ലാന്റ് . 21 കൊച്ച് ദ്വീപ സമൂഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്ക് സംരക്ഷിത ജൈവമേഖലയാണ്. .കോപ്പര്‍ സ്മെല്‍ട്ടര്‍ പ്ലാന്റില്‍ നിന്ന് വരുന്ന സള്‍ഫര്‍ ഡയോക്സൈഡും ആഴ്സനിക്കും മറ്റ് രാസ സംയുക്തങ്ങളും മാന്നാര്‍ ഉള്‍ക്കടലിലെ സംരക്ഷിത ജൈവവൈവിധ്യത്തിന് ഗുരുതരമായ ഭീഷണിയാകുമെന്ന് മനസ്സിലാക്കിയ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെതുടര്‍ന്ന് തമിഴ് നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് [TNPCB ] നിശ്ചിത ഉപാധികളോടെയാണ് കമ്പനിക്ക് പ്രവര്‍ത്താനാനുമതി നല്‍കിയത് . വ്യവസ്ഥ പ്രകാരമുള്ള കരാറനുസരിച്ച് പ്ലാന്‍റ്റ് ചുരുങ്ങിയത് മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും 25 കിലോമീറ്റര്‍ നിന്ന് മാറിയായിരിക്കണമെന്ന് നിഷ്കര്‍ഷിക്കുന്നുണ്ട് . പക്ഷെ 1995 ല്‍ തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉപാധികളെ ലംഘിച്ച് കൊണ്ട് മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കിന്റെ പരിധിയില്‍ നിന്നും 14 കിലോമീറ്റര്‍ മാത്രം അകലെ പ്ലാന്റ് സ്ഥാപിച്ചു , 40000 ടണ്‍ വാര്‍ഷിക ഉല്പാദന ശേഷിയുള്ള പ്ലാന്റിനായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി കൊടുത്തതെങ്കിലും അനുമതി കൂടാതെ തന്നെ ഉല്പാദന ശേഷി 170000 ടണ്‍ ആക്കി ഉയര്‍ത്തുകയായിരുന്നു , ഇതൊന്നും രഹസ്യമായി സംഭവിച്ച കാര്യമല്ല കമ്പനി അതിന്റെ ഓഹരിയുടമകളോട് അഭിമാനപൂര്‍വ്വം പരസ്യപ്പെടുത്തിയ കാര്യങ്ങളാണ് . പക്ഷെ എന്നിട്ടും ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും എടുത്തില്ല . ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡുമായുള്ള കരാറിന്റെയും സമുദ്ര സംരക്ഷണ നിയമത്തിന്റെയും ലംഘനമാണ് എന്നിട്ടും കമ്പനിക്ക് അതിന്റെ പേരില്‍ നിയമനടപടികള്‍ നേരിടേണ്ടി വന്നില്ല .

    കമ്പനിയില്‍ നിന്ന് അപകടകരമാം വിധം പുറന്തള്ളുന്ന വിഷമയമായ മാലിന്യങ്ങളും അപകടകരമായ രാസ സംയുക്തങ്ങളും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതിനെതുടര്‍ന്ന് തദ്ദേശവാസികളും മത്സ്യ ബന്ധന തൊഴിലാളികളും നടത്തിയ പ്രക്ഷോഭങ്ങള്‍ പ്ലാന്റ് പലതവണ പൂട്ടിക്കുകയുണ്ടായി എന്നിട്ടും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാര്യമായ നടപടികള്‍ എടുത്തില്ല . സുപ്രീം കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള - Supreme Court Monitoring Committee on hazardous Waste - [SCMC ] യുടെ നിരീക്ഷണത്തില്‍ അത്യന്തം ഭീതിതമായ രീതിയില്‍ ചപ്പു ചവറുകള്‍ കൂട്ടിയിടുന്നത് പോലെ ഒരു മൂലയില്‍ ഫോസ്ഫറസും ജിപ്സവും യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ കൂട്ടിയിട്ടിരിക്കുന്നതാണ് കണ്ടത് ആഴ്സനിക് വേര്‍തിരിച്ചെടുക്കുന്ന രാസ മാലിന്യങ്ങള്‍ ടണ്‍ കണക്കിന് മഴയിലും കാറ്റിലും തുറന്ന് കിടക്കുന്നു , അപകടകരമായ ഈ രാസ മാലിന്യങ്ങള്‍ സമീപത്തെ ജലാശയത്തിലോ അന്തരീക്ഷത്തിലോ പരന്നാലുള്ള അനന്തര ഫലങ്ങള്‍ അത്യന്തം ഗുരുതരമാണ് .[ഇപ്പോഴുള്ള അറിവ് പ്രകാരം തൂത്തുക്കുടിയിലെ പ്ലാന്റിനു ഹൈക്കോടതി പ്രവര്‍ത്താനാനുമതി നിഷേധിച്ചിരിക്കുന്നു എന്നാണറിയാന്‍ കഴിഞ്ഞത് ]

    ReplyDelete
  5. ന്യായമായ പ്രതിഷേധം പോലും ഭീകരമായ രാജ്യദ്രോഹമായി മുദ്രകുത്താന്‍ സമയമൊന്നും വേണ്ട. ഇന്‍ഡ്യ അടുത്ത കാലത്തായി പിന്തുടരുന്നത് അമേരിക്കന്‍ നയങ്ങളാണ് എന്ന് പറയുന്നത് ഇക്കണക്കിലാണെങ്കില്‍ ഒരു വലിയ തെറ്റിധാരണയാണ്. അവിടെ ഒരു പൌരന് (പുരന്മാര്‍ അല്ലാത്തവര്‍ക്ക് പോലും) പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശവും അവസരവും ഉണ്ട്. നമുക്കും ഉണ്ട് എന്ന് ഇത് വരെ വിശ്വസിച്ചിരുന്നു. എന്നാല്‍ അടുത്ത കാലത്തായി, ലേഖനത്തില്‍ എടുത്തു പറഞ്ഞ കാര്യങ്ങളും അല്ലാത്ത നിരവധി മനുഷ്യാവകാശ ധ്വംസങ്ങളും രാജ്യദ്രോഹം എന്ന ചുവപ്പ് കാര്‍ഡില്‍ ന്യായീകരിക്കപ്പെടുകയാണ്.

    ReplyDelete
    Replies
    1. ജനാധിപത്യമെന്നത് വെറുമൊരു സങ്കല്പം മാത്രമായിപ്പോയ, ലോകത്തെ ഏറ്റം ‘വലിയ’ ജനാധിപത്യരാജ്യം

      Delete
  6. പക്ഷെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അത്രക്കൊരു അശുഭാപ്തിയുടെ ആവരണം നമ്മെ ബാധിക്കേണ്ടതില്ല എന്ന വിശ്വാസക്കാരനാണ് ഞാന്‍ ,തങ്ങള്‍ക്കു നേരിട്ട ദുരിതങ്ങളെ തൃണവല്‍ക്കരിച്ചു കൊണ്ട് തന്നെ ബിനായക് സെന്നും പിയൂഷ് സേത്തിയയും അരുന്ധതി റോയിയും അങ്ങനെ പ്രശസ്തരും അപ്രശസ്തരുമായ പലരും ഈ അനീതികള്‍ക്കെതിരെ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്

    എങ്കിലും എനിക്കിപ്പോളും പ്രതീക്ഷ കുറവാണ്.. കാരണം സത്യം തോല്ല്ക്കുന്നതാനല്ലോ ഈ കാലത്തിന്റെ പ്രത്യേകത

    ReplyDelete
  7. ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നം തീവ്രവാദമല്ല, ഭരണകൂട ഭീകരതയാണ്.പാകിസ്ഥാനേക്കാളും ചൈനെയെക്കാളും ഭയപ്പെടണ്ടത് സര്‍ക്കാരിനെ നിയന്ത്രിക്കുന്ന കോര്പെരെട്ടുകളെയാണ്.
    ധീരരായ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍!!,!!

    ReplyDelete
  8. പ്രതിഷേധങ്ങളെ ജനകീയമായി പടുത്തുയര്ത്താത്തതിന്റെ പ്രശ്നങ്ങളാണ് മുഖ്യമായും സംഭവിക്കുന്നത്‌. ജനകീയമായ പ്രക്ഷോഭങ്ങളെ ഭരണകൂടത്തിന് അടിച്ചമര്‍ത്തുക വിഷമകരമാണ്. സാല്‍ വാ ജുദൂം എന്ന മാവോയിസ്റ്റ് വിരുദ്ധ സൈന്യത്തിലും മാവോയിസ്റ്റ് സംഘടനയിലും ആദിവാസികള്‍ തന്നെയാണ് ഉള്ളത്. എല്ലാ സഘട്ടനങ്ങളിലും മരിച്ചു വീഴുന്നത് ആദിവാസികള്‍ ആണ്. ആദിവാസികളുടെ ആസൂത്രിതമായ വംശ ഹത്യയാണ് നടന്നു കൊണ്ടിരിക്കുന്നത്.

    പ്രതിഷേധങ്ങളെ ജനകീയമായി വികസിപ്പിക്കാന്‍ മാവോയിസ്റ്റുകളും തയ്യാറല്ല. ട്രെയിന്‍ തകര്‍ക്കാനും കൂട്ട കൊലപാതകങ്ങള്‍ നടത്താനും ശ്രദ്ധ വെക്കുന്ന മാവോയിസ്റ്റുകള്‍ ഒരു കോര്‍പ്പറേറ്റിനെയോ അവരുടെ ട്രക്കുകളെയോ കമ്പനികളെ യോ ആക്രമിക്കാന്‍ തയ്യാറല്ല.

    ReplyDelete
  9. ee vedantha companiye patti thanne alle pandu vishnu Urumiyude rashtreeya pashchathalathil paramarshicha company ? any waynice post

    ReplyDelete
  10. establishmentukale tottu kalikkaruth ennath oru alikhitha niyam anu.either my way or high way anu athinte line.adhinivesamulla kalatholam prathirodhangalum undakum.

    ReplyDelete
  11. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാവുമ്പോഴും എനിക്കും നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് പ്രതീക്ഷ മുഴുവന്‍ അസ്തമിച്ചിട്ടില്ല..

    ലേഖനം വളരെ നന്നായി..

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .