Like

...........

Saturday 13 October 2012

ആര്‍ഷ ഭാരത ഖാപ്പ് പഞ്ചായത്തുകള്‍ .

കല്‍ക്കത്തയില്‍ ഫൂല്‍മണി എന്ന 10 വയസ്സായ പെണ്‍കുട്ടി അവളുടെ ഭര്‍ത്താവായ 35 വയസ്സുകാരന്‍ ഹരിമോഹന്‍ മൈത്തി എന്നയാളുടെ ശാരീരിക ബന്ധം പുലര്‍ത്താനുള്ള ബലപ്രയോഗത്താല്‍ വിവാഹ രാത്രിയില്‍ തന്നെ മരണപ്പെട്ടു . [1891 - Culcutta ]
ഇന്‍ഡ്യയിലെ സാമൂഹിക നവോത്ഥാനങ്ങളുടെ ചരിത്രത്തില്‍ ഏറെ പ്രസക്തിയുള്ള Age of Consent Bill [ACB]നിയമം പ്രാബല്യത്തില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഫൂല്‍ മണി കൊലപാതക കേസ് .ബാല്യ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ക്രൂരതകള്‍ക്കൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 1891- ല്‍ അന്നത്തെ ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ഗവണ്‍മ്മെന്റ് ആണ് ഇത്തരമൊരു നിയമ ഭേദഗതി കൊണ്ടു വന്നത് .പെണ്‍കുട്ടികളെ വിവാഹം ചെയ്യിക്കാനുള്ള ചുരുങ്ങിയ പ്രായ പരിധി 12 വയസ്സാക്കിക്കൊണ്ടുള്ള നിയമ നിര്‍മ്മാണമായിരുന്നു അത് Age of Consent Bill ഇന്നത്തെ സാമൂഹിക നിലവാരത്തില്‍ നിന്നു പരിശോചിച്ചാല്‍ ബാല്യ വിവാഹത്തിനെതിരെയുള്ള ശക്തമായ ഒരു നിയമ നിര്‍മ്മാണമോ പരിഷ്കരണമോ ഒന്നും ആയിരുന്നില്ല തികച്ചും അപര്യാപ്തവും ഒരു പക്ഷെ പരിഹാസ്യവുമായി തോന്നാവുന്ന നിയമ നിര്‍മ്മാണമായിരുന്നു അതെങ്കിലും അന്നത്തെ മതപരമായി യാഥാസ്ഥിതികവും അടഞ്ഞതുമായ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അതൊരു വിപ്ലവം തന്നെയായിരുന്നു . 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പോലും അവരുടെ ബാല്യ നിഷ്കളങ്കതയില്‍ നിന്നു പുറത്തു കടക്കും മുമ്പേ തന്നെ വിവാഹം ചെയ്യപ്പെടുകയും നിരന്തരം ശാരീരിക ആക്രമണങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു കൊണ്ടിരുന്ന കാലമായിരുന്നു അത് ,ആ നിലയ്ക്കു നോക്കുമ്പോള്‍ 12 വയസ്സെന്നതു വലിയ പുരോഗമനമായിരുന്നു . 1890 കളില്‍ ഒരു പറ്റം ബ്രിട്ടീഷ് ലേഡി ഡോക്ടര്‍മാര്‍ ബാല്യവിവാഹവും നിര്‍ബന്ധിത ലൈംഗിക ബന്ധവും മൂലം പെണ്‍ കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരിക അവശതകളെപ്പറ്റിയും അപകടങ്ങളെ പറ്റിയും ഗവണ്മെന്റിനു സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് കൂടി ഫൂല്‍മണി കൊലക്കേസിനൊപ്പം തന്നെ Age of Consent Bill ന്റെ നിയമ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ത്വരിത ഗതിയിലാക്കിയിരുന്നു .ചികിത്സക്കായി വരുന്ന 12 വയസ്സിനു താഴെയുള്ള വിവാഹിതകളായ പെണ്‍കുട്ടികളില്‍ യോനിപ്രദേശത്തു അപകടകരമായ മുറിവുകളും ഇടുപ്പെല്ലിനും നട്ടെല്ലിനും ഗുരുതരമായ ക്ഷതങ്ങളും മാനസികമായ വിഭ്രാന്തിയും സാധാരണമായിരുന്നു ,പലപ്പോഴും നിയമപരമായ ഈ ശിശുപീഡനങ്ങള്‍ മരണത്തിലെക്കുമെത്തിച്ചിരുന്നു .യഥാര്‍ത്ഥത്തില്‍ അന്നത്തെ യഥാസ്ഥിതികമായ സാമൂഹികാന്തരീക്ഷത്തില്‍ നിന്നും ഇംഗ്ലീഷ് ചികിത്സക്കായി തയ്യാറാകുന്നവര്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമായിരുന്നു. തികച്ചും അനിവാര്യവും മനുഷ്യത്വപരവുമായ ഒരു നിയമമായിരുന്നിട്ടു കൂടി ഹിന്ദു യാഥാസ്ഥിതികരില്‍ ഇതു കനത്ത എതിര്‍പ്പിനിടയാക്കി .ഹിന്ദു സമൂഹത്തിലെ ആചാരാനുഷ്ടാനുങ്ങളുടെ കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കൈ കടത്തലാണ് എന്ന രീതിയിലാണ് ഈ നിയമ നിര്‍മ്മാണത്തെ യാഥാസ്ഥിതികര്‍ കണ്ടത് .രൂക്ഷമായ എതിര്‍പ്പു ഹിന്ദു സമൂഹത്തിലായിരുന്നെങ്കിലും ജാതിമത ഭേദമന്യേ ഇന്‍ഡ്യക്കാര്‍ ഒറ്റക്കെട്ടായി ഇന്‍ഡ്യന്‍ ജനതയ്ക്കു മേലുള്ള ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു !!! ...WTF. ഹിന്ദു സമൂഹത്തിലെ പരിഷ്കരണവാദിയായ മഹാദേവ് റാനഡെ തന്റെ പത്രമായ ഇന്ദുപ്രകാശില്‍ ഫൂല്‍മണി കൊലക്കേസിനെയും ബാല്യവിവാഹത്തെയും അപലപിച്ചു കൊണ്ടെഴുതിയതും പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബെഹ്രംജി മലബാറിയുടെ അക്ഷീണ പരിശ്രമവും Age of Consent Bill - നു പൊതുസമൂഹത്തില്‍ ചെറിയ തോതിലെങ്കിലും സ്വീകാര്യത നല്‍കി .പക്ഷെ കൌതുകകരമായ വസ്തുത എന്തെന്നാല്‍ ബാല ഗംഗാധര തിലകനും ബിപിന്‍ ചന്ദ്ര പാലും പോലുള്ള അന്നത്തെ തീവ്ര ദേശീയവക്താക്കള്‍ നിയമത്തിനെതിരായി തങ്ങളുടെ പത്രങ്ങളില്‍ എഴുതുകയും പൊതു സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി പ്രതിഷേധിക്കുക കൂടി ചെയ്തിരുന്നു .ഈ ബില്‍ ഹൈന്ദവ ആചാരങ്ങള്‍ക്കെതിരാ‍യ വലിയ കടന്നു കയറ്റവും ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിന്റെ ആസൂത്രിതമായ ഗൂഡനീക്കവും ആണെന്നായിരുന്നു അന്നത്തെ വാദം .പക്ഷെ ഭാഗ്യത്തിനു ഇത്തരം പ്രതിഷേധങ്ങളൊന്നും മുഖവിലക്കെടുക്കാതെ അന്നത്തെ നിയമ നിര്‍മ്മാന കമ്മിറ്റി ഈ നിയമം പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു . കൂട്ടബലാത്സംഗങ്ങളും ഖാപ്പ് പഞ്ചായത്തും . ആര്‍ഷ ഭാരതീയ സംസ്കാരത്തിന്റെ ശൈശവ വിവാഹങ്ങളുടെയും സതി പോലെയുള്ള മറ്റു ദുരാചാരങ്ങളുടെയും നാണക്കേടില്‍ നിന്നും ഒരു നൂറ്റാണ്ട് നാം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു ,പക്ഷെ എന്നിട്ടും ആ ദുരാചാരങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടി ഖാപ്പ് പഞ്ചായത്തുകാര്‍ പ്രസ്ഥാവന പുറപ്പെടുവിച്ചെന്നു കേള്‍ക്കുമ്പോള്‍ നാം എവിടേക്കാണ് പോകുന്നതെന്നു അല്‍ഭുതം തോന്നുന്നു . ഇക്കഴിഞ്ഞ മാസം രാജ്യത്തെ ജനങ്ങളെയും നിയമ വ്യവസ്ഥകളെയും നാണക്കേടിലാഴ്ത്തിക്കൊണ്ട് ,ആസൂത്രിതമായ ഒരു സംഘടിത ആക്രമണമെന്ന പോലെ ഹരിയാ‍നയില്‍ ഒരു ബലാത്സംഗപരമ്പര തന്നെ അരങ്ങേറുകയുണ്ടായി - വിവാഹിതരായ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും അടക്കം 17 പേര്‍ .ഇതില്‍ ഇരയാക്കപ്പെട്ടവര്‍ എല്ലാവരും തന്നെ ദളിത് വിഭാഗത്തില്‍ പെട്ടവരും അക്രമികള്‍ സവര്‍ണ്ണരുമാണ് .ഈ യാദൃശ്ചികതയും ഒരു മാസത്തിനുള്ളില്‍ തന്നെയുള്ള ആവര്‍ത്തനവും ഇതൊരു ആസൂത്രിതമായ അക്രമ പരമ്പരയാണ് എന്നു സംശയമുണര്‍ത്തുന്നതാണ് .ഈ ക്രൂരമായ ഈ സംഭവത്തിന്റെ വീഡിയോകള്‍ അക്രമികള്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു .വളരെ ഗുരുതരവും അങ്ങേയറ്റം മനുഷ്യത്വ രഹിതവുമായ കുറ്റകൃത്യങ്ങള്‍ ആസൂത്രിതമെന്ന പോലെ നടന്നിരിക്കുന്നു - കുറ്റവാളികളും തെളിവുകളും കണ്മുന്നിലുണ്ട് .പക്ഷെ നടപടിയെടുക്കുന്നതിനു പകരം ദാരുണവുമായ ഒരു കുറ്റ കൃത്യത്തിനെ - ,മനുഷ്യത്വ രഹിതമായ രീതിയില്‍ സമീപിച്ചു വിവാഹ പ്രായത്തിന്റെ പ്രശ്നമാണ് എന്നൊക്കെ വിഡ്ഡിത്തം വിളമ്പിക്കൊണ്ട് ഖാപ് പഞ്ചായത്തിലെ മുതുക്കിളവന്മാരും അതിനെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരും കൂടി ആ കുറ്റകൃത്യത്തിന്റെ ഭീകരതയെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് . 16 വയസ്സുള്ള പെണ്‍ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടൂ ആത്മഹത്യ ചെയ്യാനിടയാകുമ്പോള്‍ അതു ആ പെണ്‍കുട്ടി വിവാഹം കഴിക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണെന്നു പറയാന്‍ കാണിക്കുന്ന ഈ ഉളുപ്പില്ലായ്മ പറയുന്ന ഈ പടുകിളവന്മാരെയൊക്കെ മുക്കാലിയില്‍ കെട്ടി തിരണ്ടി വാലിനടിക്കാന്‍ മാത്രം ചങ്കൂറ്റമുള്ള ആരുമില്ല എന്നതാണ് നമ്മുടെ പ്രശ്നം . പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഈ റേപ്പ് കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍ ആത്മഹത്യ ചെയ്ത ഒരു പതിനാറുകാരി ഒഴിച്ചു ബാക്കിയെല്ലാ‍വരും വിവാഹിതകളാണ് . ഈ ഇരകളാക്കപ്പെട്ടവര്‍ വിവാഹിതരാകാത്തതു കൊണ്ട് എന്ന വാദത്തിന്മേലുള്ള വസ്തുതാന്വേഷണം പോലും അബദ്ധമാണ് .പക്ഷെ ഇത്തരത്തില്‍ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത ഒരു കാര്യം സര്‍വ്വ ഖാപ്പ് പഞ്ചായത്തും സംസ്ഥാനത്തെ ഒരു പ്രധാന പാര്‍ട്ടിയും അതിന്റെ നേതാവും ഏറ്റു പിടിക്കുമ്പോള്‍ അത് എത്ര മാത്രം ഗുരുതരമായ ഒരവസ്ഥാ വിശേഷമായി മാറുന്നു .അതിലുപരിയായി ഈ സംഭവങ്ങളെ മുന്‍ നിര്‍ത്തി പാരമ്പരാഗത ആചാരങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതിന്റെ അപകടമാണെന്ന രീതിയിലുള്ള ഒരു പ്രചരണത്തിനുള്ള ശ്രമം കൂടി നടക്കുന്നുണ്ട് .ഖാപ്പ് പഞ്ചായത്തുകളുടെ താല്പര്യം അതിന്റെ ആചാരങ്ങളുടെ ശാസ്ത്രീയതയെ അംഗീകരിപ്പിക്കലാണ് .നോക്കൂ ഞങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നു വന്നിരുന്ന ശൈശവ വിവാഹം ഇല്ലാതായതു കൊണ്ട് ഇപ്പോള്‍ ബലാത്സംഗം വര്‍ദ്ധിച്ചിരിക്കുന്നു ,അതു കൊണ്ട് പഴയ ആചാ‍രത്തിലേക്കു തിരിച്ചു പോകേണ്ടത് അനിവാര്യമായിരിക്കുന്നു !!!. നേരത്തെ തന്നെ പെണ്‍ കുട്ടികള്‍ ജീന്‍സിടുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ട് ഖാപ്പ് പഞ്ചായത്തുകള്‍ ഉത്തരവിറക്കിയിരുന്നു .ആദ്യം പതിനാറ് വയസ്സ് ,പിന്നീട് 12 വയസ്സിലേക്കു കൂടി വിവാഹപ്രായം അനുവദനീയമാക്കണം അങ്ങനെ പടി പടിയായി ശൈശവ വിവാഹത്തിനുള്ള അംഗീകാരം കൂടി നേടിയെടുത്താല്‍ ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള ആര്‍ഷ ഭാരത സംസ്കൃതി തിരിച്ചെത്തിച്ചതില്‍ അഭിമാനിക്കാന്‍ വകയായി . യമനിലെ നുജൂം അലി എന്ന പത്തു വയസ്സുകാരി പെണ്‍ കുട്ടിയുടെ വേദനിപ്പിക്കുന്ന അനുഭവ കഥ വായിക്കുമ്പോള്‍ നമുക്കജ്ഞാതമായ ഏതോ ലോകത്തിന്റെ കഥയെന്ന സമാശ്വാസത്തോടെയിരിക്കുമ്പോള്‍ തന്നെ നമ്മളോര്‍ക്കേണ്ട ഒരു സംഗതിയുണ്ട് ,ഇതിലും മോശമായ ഒരു സാമൂഹിക അന്തരീക്ഷമായിരുന്നു നമ്മുടെ പുകള്‍ പെറ്റ ആര്‍ഷ ഭാരത സംസ്കൃതിയിലുണ്ടായിരുന്നത് . *1829 - സതി നിരോധന നിയമം , *1840 - ലെ അടിമത്ത നിരോധന നിയമം *1856 - ലെ വിധവാ വിവാഹ നിയമം *1891 ലെ Age of Consent Bill ഇങ്ങനെ നിയമത്തിന്റെ അംഗീകാരത്തോടെയുള്ള നിരവധി സാമൂഹികപരിഷ്കരണങ്ങളിലൂടെയാണ് നാം പഴയ ദുരാചാരങ്ങളില്‍ നിന്നും അന്ധ വിശ്വാസങ്ങളില്‍ നിന്നും ഒരു പരിധി വരെയെങ്കിലും മോചിതരായത് . മനുഷ്യസ്നേഹികളായ ഒരു കൂട്ടം സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ആര്‍ജ്ജവത്തോടെയുള്ള നിരന്തരമായ ശ്രമവും അതിനൊപ്പം മികച്ച വിദ്യാഭ്യാസവും മതനിരപേക്ഷതയും കൊണ്ടാണ് ,സമത്വ സുന്ദര ഉട്ടോപ്യയല്ലെങ്കില്‍ കൂടി ഇന്നു നാമെത്തി നില്‍ക്കുന്ന സാമൂഹിക സ്ഥിതിയിലെങ്കിലും പരിവര്‍ത്തനം ചെയ്യപ്പെടാന്‍ കഴിഞ്ഞത് .ഇപ്പോഴും 1500 വര്‍ഷം പഴക്കമുള്ള ഒരു പുസ്തകത്തെ അടിസ്ഥാ‍നമാക്കി വിഡ്ഡിത്തങ്ങളെ നിയമനിര്‍മ്മാണം ചെയ്യുന്നതു പോലെ തന്നെ പാരമ്പര്യം ,ആചാരം ,ആര്‍ഷ ഭാരത സംസ്കൃതി എന്നൊക്കെ പറഞ്ഞു കൊണ്ട് ഉള്ള മൌലിക വാദ - ഫാസിസ്റ്റ് കസര്‍ത്തുകള്‍ നമ്മളെ പഴയ പുകള്‍ പെറ്റ ആര്‍ഷ ഭാരതത്തിലേക്കു തന്നെ എത്തിക്കുമെന്നു ഓര്‍ക്കുക . Ref: വിമോചനത്തിന്റെ പെണ്‍ ദൂരങ്ങള്‍ - ആനന്ദ് . Girl brides and political change - മീരാ കൊസാംബി Picture Courtesy - Epoch times

5 comments:

 1. ആര്‍ഷ ഭാരതീയ സംസ്കാരത്തിന്റെ ശൈശവ വിവാഹങ്ങളുടെയും സതി പോലെയുള്ള മറ്റു ദുരാചാരങ്ങളുടെയും നാണക്കേടില്‍ നിന്നും ഒരു നൂറ്റാണ്ട് നാം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു ,പക്ഷെ എന്നിട്ടും ആ ദുരാചാരങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടി ഖാപ്പ് പഞ്ചായത്തുകാര്‍ പ്രസ്ഥാവന പുറപ്പെടുവിച്ചെന്നു കേള്‍ക്കുമ്പോള്‍ നാം എവിടേക്കാണ് പോകുന്നതെന്നു അല്‍ഭുതം തോന്നുന്നു .

  ReplyDelete
 2. ആര്‍ഷഭാരത സംസ്ക്കാരം എന്ന് ഇതിനെ വിളിക്കുന്നത് ശരിയല്ല.ആര്‍ഷഭാരത സംസ്ക്കാരത്തിലെ ജീവിത പദ്ധതികള്‍ മുഴുവന്‍ തലമുറകളിലൂടെ മാറി മറഞ്ഞു വന്നു തികച്ചും അന്ധമായും അജ്ഞ്യാനപരമായും ജീവിച്ചു വരുന്ന വന്നിരുന്ന ഒരു കാലഘട്ടത്തെയാണ് ആര്‍ഷഭാരത കാലഘട്ടം എന്ന് ഇപ്പോള്‍ വിളിച്ചു കാണുന്നത്.ആര്‍ഷഭാരത ജീവിത രീതി നിഷ്പക്ഷമായി പഠിച്ചു അത് എത്ര മനോഹരമായി ആണ് നടപ്പിലായിരുന്നത് എന്നൊക്കെ മനസിലാക്കിയാല്‍ മാത്രമേ ഈ കാണുന്നതും മതപരമായതും അല്ലാത്തതും ആയ സംസ്കാരരഹിതമായ പ്രവൃത്തികള്‍ ഒന്നും തന്നെ ആര്‍ഷഭാരത സംസ്ക്കാരമല്ല എന്ന് മനസ്സിലാവുകയുള്ളൂ.ഇന്നത്തെ അല്ലെങ്കില്‍ ഏതാണ്ട് ബ്രെട്ടീഷ്‌ കാലഘട്ടം മുതല്‍ ഇങ്ങോട്ടുള്ള ജീവിത രീതി വച്ച് ഊഹിച്ചു നമ്മുടെ യുക്തിക്ക് അനുയോജ്യമായവ സ്വകപോലകല്പിതമായി മെനെഞ്ഞ്ടുത്ത ഒരു ചരിത്രത്തെ ആര്‍ഷഭാരത സംസ്ക്കാരം എന്ന് വിളിച്ചു അതിനെ അപമാനിക്കുന്നത് വിഷമകരം തന്നെ.

  ReplyDelete
 3. ബ്രിട്ടീഷ് കാലഘട്ടം മുതലിങ്ങോട്ടുള്ള ചരിത്രമല്ല ഷിബൂ ...ബ്രിട്ടീഷ് കാലഘട്ടത്തോടെയാണ് ഇതെല്ലാം അനാചാരങ്ങളും മനുഷ്യത്വ രഹിതമാണെന്നും മനസ്സിലാക്കിയത് . 1921 ലാണ് സതി നിര്‍ത്തലാക്കിയത് അത് വരെ അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി നൂറ്റാണ്ടുകള്‍ നില നിന്നിരുന്നു . 1891 ലാണ് വിവാഹ പ്രായം 12 വയസ്സാക്കിയത് അത് പോലും യാഥാസ്ഥിതിക ഹിന്ദു സമൂഹത്തില്‍ വലിയ പ്രതിഷേഷമുണ്ടാക്കി പോലും ...കാരണം നൂറ്റാണ്ടുകളായി അവര്‍ തുടര്‍ന്നു വരുന്ന ആചാരങ്ങളായിരുന്നു ഇതെല്ലാം - ഈ കാലഘട്ടമല്ലാതെ പിന്നേത് കാലഘട്ടമാണ് ഈ യഥാര്‍ത്ഥ ആര്‍ഷ ഭാരത സംസ്കൃതി എന്നറിയാന്‍ താല്പര്യമുണ്ട് .ഓരോരോ കാലഘട്ടങ്ങളില്‍ ഉല്പതിഷ്ണുക്കളായ സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ശ്രമങ്ങള്‍ കൊണ്ട് നാം ഇവോള്‍വ് ചെയ്യപ്പെടൂകയായിരുന്നു .അത്തരം പരിവര്‍ത്തനങ്ങളെ പുറകോട്ടടിച്ച് കൊണ്ട് വീണ്ടും പഴയ ലാ‍വണത്തിലേക്കു തിരിച്ചു പോകാനൊക്കെ ആഹ്വാനം ചെയ്യുന്നത് ദയനീയമാണ് .

  ReplyDelete
 4. ആര്‍ഷഭാരത സംസ്ക്കാരത്തില്‍ ഇത്തരത്തില്‍ ഉള്ള ദുരാചാരങ്ങള്‍ക്കോ അന്ധവിശ്വാസങ്ങല്‍ക്കോ യാതൊരുവിധ അടിസ്ഥാനവും ഇല്ല വിഷ്ണു .അതാണ്‌ ഞാന്‍ പറഞ്ഞത് ശരിയായ ആര്‍ഷഭാരത സംസ്ക്കാരം തലമുറകള്‍ മാറിയപ്പോള്‍ പഠിക്കാതെ മാറി മറഞ്ഞു വന്ന ഒരു സംസ്ക്കാരത്തെയാണ് ഇന്ന് ആര്‍ഷഭാരതസംസ്ക്കാരം എന്ന് വിളിക്കുന്നത് .വേദോപനിഷത്ത്‌ക്കളുടെ ദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ മേനെഞ്ഞെടുത്ത ഒരു ഋഷി സംസ്ക്കാരമാണ് ആര്‍ഷഭാരത സംസ്ക്കാരം അല്ലാതെ ഭാരതത്തില്‍ കണ്ടു വന്നിരുന്ന ഇമ്മാതിരി തെമ്മടിതങ്ങള്‍ അല്ല ആര്‍ഷഭാരതസംസ്കാരം .

  ReplyDelete
 5. ഉത്തര്‍പ്രദേശ്‌,ബീഹാര്‍,ഹരിയാന പോലെയുള്ള നോര്‍ത്ത്‌ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും മേല്‍ പറഞ്ഞ 'ആര്‍ഷഭാരത സെറ്റ്‌അപ്പ്' നിലനില്‍ക്കുന്നു.. രാജ്യം ഭരിക്കുന്ന ഗവണ്മെന്റിനെക്കാള്‍ പവര്‍ ഉള്ള ഗ്രാമപഞ്ചായത്തിനാല്‍ ഭരിക്കപ്പെടുന്ന സ്ഥലങ്ങളാണ് ഇവയില്‍ ഭൂരിപക്ഷവും..

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .