Like

...........

Saturday, 17 March 2012

കഹാനി - വിസ്മയിപ്പിക്കുന്ന കഥ

ഏഴു പാട്ടും പിന്നെ രണ്ടു ഐറ്റം ഡാന്‍സും പിന്നെ ഒരു അലന്ന പ്രേമവും അതിനെ ചുറ്റിപ്പറ്റിയുള്ള മെലോഡ്രാമാ ക്ലൈമാക്സും ഫോര്‍മുലയാക്കി വെച്ചിരിക്കുന്ന ബോളീവുഡില്‍ പേരിനു പോലും ഒരു നായകനില്ലാതെ , വിദേശ ലൊക്കേഷനുകളില്ലാതെ , പ്രേമമില്ലാതെ , ഐറ്റം ഡാന്‍സില്ലാതെ എന്തിനു ഒരു പാട്ടു പോലുമില്ലാതെ , ഗ്ലാമര്‍ പ്രദര്‍ശനങ്ങളൊന്നുമില്ലാതെ മുഴുനീള ഗര്‍ഭിണിയായി മാത്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു നായികയുമായി ഒരു ഹിന്ദി സിനിമ ബോക്സോഫീസില്‍ വിജയം നേടുമ്പോള്‍ അതൊരല്‍ഭുതം തന്നെയാണ് . പക്ഷെ സിനിമ കണ്ടു കഴിയുമ്പോള്‍ ആ അല്‍ഭുതം ഇല്ലാതെയാവും കാരണം ഇങ്ങനൊരു വിജയം ആ സിനിമ അര്‍ഹിക്കുന്നതു തന്നെയാണ് .ഒരു ഷെര്‍ലക്ക് ഹോംസ് കഥ പോലെ സിനിമയുടെ ആദ്യ കാഴ്ച മുതല്‍ കാണികളുടെ ഉള്ളില്‍ ഓരോ നിമിഷവും നിറയുന്ന ആകാംക്ഷയും ഉല്‍ക്കണ്ഠയും അവസാന കാഴ്ച വരെ നില നിര്‍ത്തിക്കൊണ്ട് ത്രസിപ്പിക്കുന്ന ഒരനുഭവമായിരുന്നു കഹാനി .ഇന്‍ഡ്യന്‍ സിനിമയില്‍ സമീപ കാലത്തിറങ്ങിയ ഏറ്റവും നല്ല ത്രില്ലര്‍ എന്നു പറയാവുന്ന സിനിമയാണ് .

ഏഴു മാസം ഗര്‍ഭിണിയായ , നിസ്സഹായയും നിരാലംബയുമായ വിദ്യാ ബാഗ്ച്ചി [വിദ്യാ ബാലന്‍ ] ഭര്‍ത്താവായ അര്‍ണാബ് ബാഗ്ചിയെ തേടിയാണ് ലണ്ടനില്‍ നിന്നും കല്‍ക്കത്തയിലേക്കു വരുന്നത് .അവളുടെ ജീവിതത്തിന്റെ ഒരേ ഒരു ലക്ഷ്യം നഷ്ടപ്പെട്ടു പോയ ഭര്‍ത്താവിനെ , ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തുക എന്നതു മാത്രമാണ് .വിദ്യ ബാഗ്ച്ചിക്കു കൊല്‍ക്കത്താ നഗരം അപരിചിതമാണ് , ഭര്‍ത്താവ് പലപ്പോഴായി നല്‍കിയ സൂചനകളും വിവരണങ്ങളും അവളുടെ അന്വേഷണം എത്തിക്കുന്നത് കൊല്‍ക്കത്തയുടെ പ്രതാപങ്ങളില്‍ നിന്നും നൈരാശ്യം ബാധിച്ച വൃത്തികെട്ട തെരുവുകളിലേക്കും മൂന്നാം കിട ഹോട്ടലുകളിലും ആണ് . വിദ്യയുടെ നിസഹായതയില്‍ അനുതാപം തോന്നി ലോക്കല്‍ പോലീസ് സ്റ്റേഷനിലെ റാണ എന്ന പോലീസുകാരന്‍ അവളെ സഹായിക്കാന്‍ തയ്യാറാകുന്നു .

ഇരുണ്ട തെരുവുകളിലും അപരിചിതമായ ഇടങ്ങളിലും ഭര്‍ത്താവിന്റെ തിരോധാനത്തെക്കുറിച്ചു അന്വേഷണവുമായി ഇറങ്ങിത്തിരിക്കുന്ന ഭാര്യ ഷെര്‍ലക്ക് ഹോംസ് സീരീസിലെ പ്രശസ്തമായ The man with twisted lips കഥയെ ഓര്‍മ്മിപ്പിക്കും . സ്നേഹ സമ്പന്നനും കുലീനനുമായ തന്റെ ഭര്‍ത്താവ് തെരുവു ഗുണ്ടകളും ഭിക്ഷക്കാരും മാത്രമുള്ള ഒരു ഇരുണ്ട തെരുവില്‍ വെച്ച് അവിചാരിതമായി നഷ്ടപ്പെട്ടു പോകുമ്പോള്‍ പതറിപ്പോകുന്ന ഭാര്യ , ആ തെരുവിലെ ഗുണ്ടകള്‍ തന്റെ ഭര്‍ത്താവിനെ അപായപ്പെടുത്തിയതാണ് എന്നു വിശ്വസിക്കുന്നു പക്ഷെ യഥാര്‍ത്ഥത്തില്‍ ഭാര്യ അറിഞ്ഞാല്‍ നാണക്കേടുണ്ടാകുന്ന ഒരു തൊഴില്‍ ചെയ്യാനായി മറ്റൊരു രൂപവും പേരും സ്വീകരിച്ചിരിക്കുകയായിരുന്നു , ആ ഒരു അവസ്ഥയില്‍ നിന്നു പെട്ടെന്നു അയാള്‍ക്കു പെട്ടെന്നു തിരിച്ചു വരാനാകുന്നില്ല എന്നതാണ് The man with twisted lips ന്റെ കഥാ പശ്ചാത്തലം .ബെംഗാളികള്‍ക്കെല്ലാം രണ്ടു പേരുണ്ടാകുമെന്ന് പോലീസുകാരനും വഴിയില്‍ വെച്ചു കാണുന്ന കുട്ടിയും അവളൊട് പറയുമ്പോള്‍ ഭര്‍ത്താവിനു അത്തരമൊരു ദ്വന്ത ജീവിതമുണ്ടായിരിക്കുമോ എന്നവള്‍ ആശങ്കപ്പെട്ടിരിക്കാം .

ഭര്‍ത്താവ് പറഞ്ഞ വിവരങ്ങള്‍ വെച്ചു കൊണ്ടു അന്വേഷണം ആരംഭിക്കുന്ന വിദ്യാ , അര്‍ണാബ് താമസിച്ചിരുന്ന ഹോട്ടല്‍ , കുടുംബ വീട് , അയാള്‍ ജോലി ചെയ്തിരുന്ന നാഷണല്‍ ഡാറ്റാ സെന്റര്‍ ഇവിടെയൊന്നും അര്‍ണാബ് ബാഗ്ചിയുടെ യാതൊരു വിധ ശേഷിപ്പുകളും ഇല്ലാത്ത വിധം അജ്ഞാതമാണ് എന്നറിയുമ്പോള്‍ വിദ്യയുടെ അന്വേഷണം കൂടുതല്‍ ദുരൂഹമാകുന്നു .ഈ അന്വേഷണത്തിനിടയില്‍ അര്‍ണാബ് ബാഗ്ച്ചി വര്‍ക്കു ചെയ്തിരുന്നതായി പറയപ്പെടുന്ന നാഷണല്‍ ഡാറ്റാ സെന്ററിലെ HR Manager ആഗ്നസ് സഹായിക്കാമെന്നേല്‍ക്കുന്നു .അവരുടെ ഓര്‍മ്മയിലും റെക്കോഡിലും അര്‍ണാബ് ബാഗ്ച്ചി എന്നൊരാളെ ഒരു രേഖകളുമില്ല പക്ഷെ വിദ്യാ ബാഗ്ചി നല്‍കിയ വിവാഹ ഫോട്ടോയിലെ അര്‍ണാബിന്റെ രൂപം അവരോര്‍മ്മിക്കുന്നുണ്ട് അത് നാഷണല്‍ ഡാറ്റാ സെന്ററിലെ ഒരു പൂര്‍വ്വ ഉദ്യോഗസ്ഥനായ മിലന്‍ ധാമ്ജി എന്നയാളുമായി സാമ്യം പുലര്‍ത്തുന്നതായിരുന്നു പക്ഷെ മിലന്‍ ധാംജിയുടെ വിവരങ്ങള്‍ ആഗ്നസ്സിനു ലഭ്യമല്ലാത്ത വിധം പ്രൊട്ടക്റ്റ് ചെയ്തിരുന്നു . പിന്നീട് മിലന്‍ ധാംജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത ആഗ്നസ്സ് ഒരു വാടക കൊലയാളിയാല്‍ കൊല്ലപ്പെടുന്നു . അര്‍ണാബ് ബാഗ്ചിയുമായി രൂപ സാദൃശ്യമുള്ള മിലന്‍ ധാംജി എന്ന ഈ അജ്ഞാതനു പിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ട് , അയാളെക്കുറിച്ചുള്ള അന്വേഷണം പോലും അപകടകരമായ ശ്രമമാണ് അത്തരം ശ്രമം പോലും ജീവനു ഭീഷണിയാണ് .

ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രമായ മിലന്‍ ധാംജിയുമായുള്ള രൂപ സാദൃശ്യം അര്‍ണാബിനെ എന്തെങ്കിലും കുഴപ്പത്തില്‍ പെടുത്തിയിരിക്കുമോ അല്ലെങ്കില്‍ അര്‍ണാബും മിലനും ഒരാള്‍ തന്നെയാകുമോ എന്നുള്ള സംശയങ്ങള്‍ വിദ്യയുടെ നിസ്സഹായതയെ കൂടുതല്‍ ആശയ ക്കുഴപ്പത്തിലാക്കുന്നു . എന്തായാലും വിദ്യക്കു ഒരു കാര്യം ബോധ്യമാകുന്നു മിലന്‍ ധാംജി എന്ന അപരിചിതനിലൂടെ ടെ മാത്രമേ അര്‍ണാബിനെ കണ്ടെത്താനാകൂ , അന്വേഷണം അര്‍ണാബില്‍ നിന്നു മിലന്‍ ധാംജിയിലേക്കു തിരിയുമ്പോള്‍ വിദ്യയുടെ അന്വേഷണത്തെ സഹായിക്കാന്‍ തയ്യാറാകുന്നവരെല്ലാം ദുരൂഹമാം വിധം കൊല്ലപ്പെടുന്നു ആ അന്വേഷണം വിദ്യയുടെ ജീവനു പോലും ഭീഷണിയാകുന്നു. മിലന്‍ ധാംജിയിലേക്കുള്ള അന്വേഷണം എന്തോ നിഗൂഡമായ കാരണം കൊണ്ടു ഉന്നതങ്ങളിലുള്ള ആരെയൊക്കെയോ അലോസരപ്പെടുത്തുന്നുണ്ട് , ആ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ട് - പോലീസ് അധികൃതര്‍ പോലും വിദ്യുയെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത് . പക്ഷെ തന്റെ ഇച്ഛാശക്തിയും ആത്മധൈര്യവും അതിലുപരി ഭര്‍ത്താവിനോടുള്ള സ്നേഹവും കൊണ്ട് പ്രതിബന്ധങ്ങളെയും ഭീഷണികളെയും മറികടന്നു അന്വേഷണം തുടരാന്‍ തന്നെ വിദ്യ തീരുമാനിക്കുന്നു .

വിദ്യയെ സഹായിക്കാനായി ഒപ്പം കൂടുന്ന റാണ എന്ന പോലീസുകാരന്‍ മിലന്‍ ധാംജിയെ അന്വേഷിക്കുന്ന ഒരു പോലീസ് സംഘത്തിലെ അംഗമാണ് എന്നു അന്വേഷണത്തിന്റെ ഒരു ഘട്ടത്തീല്‍ വെച്ചു വിദ്യ മനസ്സിലാക്കുന്നു , അവരുടെ അന്വേഷണത്തിനു വേണ്ടി വിദ്യയെ കരുവാക്കുകയായിരുന്നു എന്ന അറിവ് അവളെ തളര്‍ത്തുന്നു .ഗര്‍ഭിണിയായ ഒരു സ്ത്രീയെ ശത്രുക്കള്‍ അത്ര കാര്യമായെടുക്കില്ല എന്നതു കൊണ്ടാണ് പോലീസ് സംഘം വിദ്യയെ മിലന്‍ ധാംജിയെ തേടിയുള്ള അന്വേഷണത്തില്‍ മറയാക്കുന്നത് .നീണ്ട അന്വേഷണത്തിനൊടുവില്‍ മിലന്‍ ധാംജിയെ അവള്‍ കണ്ടെത്തുന്നു . ഉന്നതര്‍ക്കെതിരെ അവളുടെ കയ്യിലുള്ള രേഖകള്‍ കൈമാറിയാല്‍ അവളുടെ ഭര്‍ത്താവിനെ തിരിച്ചു തരാമെന്ന ഉറപ്പില്‍ മിലന്‍ ധാംജിയുമായി ഒരു കൂടിക്കാഴ്ചക്കു തയ്യാറാവുന്നു . മിലന്‍ ധാംജി വിദ്യയെ കാണുന്നതു വിദ്യയുടെ ജീവന്‍ അപകടത്തിലാകും അതറിഞ്ഞ് കൊണ്ടു തന്നെയാണ് പോലീസ് അത്തരമൊരു കൂടിക്കാഴ്ചക്കു സമ്മതിക്കുന്നതും കാരണം വിദ്യയുടെ ജീവനെക്കാള്‍ അവര്‍ക്കു പ്രധാനം മിലന്‍ ധാംജിയെ പിടികൂടുക എന്നതാണ് .അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലെത്തി നില്‍ക്കുന്ന ആകാംക്ഷയുടെ മൂര്‍ദ്ധന്യത്തില്‍ മറ്റു ചില കാര്യങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കുന്നു .


ക്ലൈമാക്സ് .

O .Henry കഥകളിലെ പോലെ വിസ്മയിപ്പിക്കുന്ന ഒരു കഥാന്ത്യം അതു വരെ നില നിര്‍ത്തുന്ന ആകാംക്ഷയോട് നീതി പുലര്‍ത്തുന്നുണ്ട് . നമ്മളിതു വരെ കണ്ടതെല്ലാം വെറും “കഹാനി [കഥ] മാത്രമായിരുന്നെന്നും നമ്മള്‍ കണ്ടതല്ല യഥാര്‍ത്ഥ കഥയെന്നും നമുക്കു മനസ്സിലാകുന്നു . സിനിമയില്‍ നിന്നു വേറിട്ടു ഇതിന്റെ പരിണാമ ഗുപ്തിയെപ്പറ്റി ഊഹിക്കുമ്പോള്‍ കിട്ടിയേക്കാവുന്ന നിരവധി സാധ്യതകളില്‍ ഒരു പക്ഷെ ഈ സസ്പെന്‍സും ഉണ്ടായേക്കാം പക്ഷെ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും സിനിമയില്‍ നിന്നു വേറിട്ടു ചിന്തിക്കാന്‍ ഒരു നിമിഷം പോലും നമുക്കു തരാതെ അടുത്ത നിമിഷമെന്തു സംഭവിക്കുന്ന ആകാംക്ഷയുടെ തീവ്രതയില്‍ നിര്‍ത്താന്‍ സിനിമയ്ക്കായിട്ടുണ്ട് . അപ്രവചനതീതമായ ക്ലൈമാക്സ് തന്നെയാണ് സിനിമയുടെ സൌന്ദര്യം നില നിര്‍ത്തുന്നത് . സമാന്തരമായി ഒരു ഇസ്ലാമിക തീവ്രവാദവും പാക്കിസ്ഥാന്‍ ലിങ്കുമെല്ലാം കുത്തിക്കയറ്റി രാജ്യസ്നേഹത്തിന്റെ മൂന്നാലു ഡയലോഗും കുത്തിക്കയറ്റാന്‍ വളരെയധികം സ്കോപ്പൂള്ള ഒരു പ്രമേയമായിരുന്നിട്ടൂം ആ വക ഊടായ്പ്പൊന്നുമുണ്ടായില്ല . ഗവണ്മെന്റ് നടത്തുന്ന രഹസ്യാന്വേഷണ പ്രൊജക്റ്റുകളില്‍ സംഭവിക്കാനിടയുള്ള പാളിച്ചകളെ പറ്റി അത്ര വിശദമല്ലെങ്കിലും സൂചിപ്പിക്കുന്നുണ്ട് .


അനുബന്ധം .

ഒരു നായികാ കേന്ദ്രീകൃത സിനിമ എന്ന നിലയ്ക്കു ഇതു പൂര്‍ണ്ണമായും വിദ്യാ ബാലന്റെ മാത്രം സിനിമയാണ് ,അമിതാഭിനയത്തിലേക്കും വൈകാരികപ്രകടനത്തിലേക്കും വഴുതി വീഴാവുന്ന ഒരു കഥാപാത്രമായിട്ടു പോലും കയ്യടക്കത്തോടെ , മിതത്വം പാലിച്ച് കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ നില നിര്‍ത്തിക്കൊണ്ടു അഭിനയിച്ചു . സിനിമയുടെ 90 ശതമാനത്തിലേറെയും സമയം വിദ്യാബാലന്റെ കഥാപാത്രം തന്നെയാണ് , അതും ഗ്ലാമര്‍ പ്രദര്‍ശനമില്ലാതെ , പൂര്‍ണ്ണ ഗര്‍ഭിണിയായി ഉള്ള പരിമിതികളെയെല്ലാം വിദ്യാ ബാഗ്ച്ചിയായി വിദ്യാ ബാലന്‍ അസാമാന്യമായി പെര്‍ഫോം ചെയ്തിരിക്കുന്നു , ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ആലസ്യത്തിലും വിദ്യക്കു വശ്യമായ സൌന്ദര്യം തോന്നിച്ചു :) . ഡേര്‍ട്ടി പിക്ചര്‍ കണ്ടിട്ടില്ല എങ്കിലും ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന ഒരു അഭിനേത്രി തന്നെയാണ് വിദ്യ , അടുത്ത കൊല്ലവും ദേശീയ അവാര്‍ഡിന്റെ പരിഗണനാ ലിസ്റ്റില്‍ ഈ സിനിമയിലെ അഭിനയം കൊണ്ടു വിദ്യ ഉണ്ടാകുമെന്നുറപ്പാണ് . വിദ്യാ ബാലന്‍ ഒഴികെ ബാക്കിയുള്ള അഭിനേതാക്കളാരും തന്നെ ബോളിവുഡിനു പരിചിത മുഖങ്ങളല്ല എന്നിട്ടും സിനിമയുടെ ഓരോ സീനും ശ്രദ്ധയോടെ കാണാന്‍ പ്രേരിപ്പിക്കുന്നത് തിരക്കഥയുടെ , സംവിധാനത്തിന്റെ മികവ് തന്നെയാണ് പിഴവുകളില്ലാത്ത തിരക്കഥ , നല്ല സംവിധാനം സുജോയ് ഘോഷിനു മുഴുവന്‍ മാര്‍ക്കും കൊടുക്കാം .അമിതാബ് ബച്ചനാണ് നരേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് അത് കൂടാതെ ഒരു ബെംഗാളി പാട്ടും പാടിയിട്ടുണ്ട് ,മറ്റു പാട്ടുകള്‍ ഒന്നുമില്ല .ബോളിവുഡില്‍ കൊല്‍ക്കത്ത പശ്ചാത്തലമായ സിനിമകള്‍ കുറവാണ് സുജോയ് ഘോഷ് ബംഗാളിയായതിനാലാവാം കൊല്‍ക്കത്തയെ തന്നെ തിരഞ്ഞെടുത്തത് .ബെംഗാളികളുടെ സ്വാഭാവിക സംസാര രീതികള്‍ കഥയുടെ മൊത്തം ഒഴുക്കിനൊപ്പം ഒരു ലാളിത്യമുള്ള നര്‍മ്മമായി തോന്നിച്ചു .

17 comments:

 1. രണ്ടാഴ്ച കഴിഞ്ഞിട്ടും തിയറ്റര്‍ ഹൌസ് ഫുള്ളാണ് ലാംസി പ്ലാസയില്‍ പോലും .ഞാനൊക്കെ ഫ്രണ്ട് റോയില്‍ കണ്ണും കഴച്ചു ഇരിക്കേണ്ടി വന്നു . ഒരു പാട്ടില്ല , സ്റ്റണ്ടില്ല , ഐറ്റം ഡാന്‍സില്ല , പ്രേമമില്ല എന്നിട്ടും പടം സൂപ്പര്‍ ഹിറ്റ് .

  ReplyDelete
 2. ഞാന്‍ ഡൗണ്‍ലോഡ് ചെയ്തു വച്ചിരിക്കുന്നു, പറ്റിയാല്‍ ഇന്നുരാത്രി കാണണം .

  ReplyDelete
 3. കണ്ടിട്ട് തന്നെ ബാക്കി കാര്യം.

  ReplyDelete
 4. കണ്ടു കളയാം ,ഇന്ന് ഞായറാഴ്ചയല്ലേ ?

  ReplyDelete
 5. റിവ്യൂ നന്നായിട്ടുണ്ട്.. നല്ല വിലയിരുത്തല്‍! ക്ലൈമാക്സ് ഇവിടെ ചേര്‍ക്കാഞ്ഞതെന്തായാലും നന്നായി. ഈ സിനിമ നിര്‍മ്മിയ്ക്കാന്‍ മൊത്തം 13 കോടി രൂപയേ ആയിട്ടുണ്ടാവുകയുള്ളൂ, അതിലെ 12 കോടി രൂപ പ്രതിഫലമായി കൊണ്ട് പോയത് വിദ്യാബാലനാണെന്ന് മാത്രം. സിനിമയെ കുറിച്ച് അധികം പറയുന്നില്ല, സിനിമ കാണുമ്പോള്‍ ഇനി വരാന്‍ പോകുന്ന രംഗങ്ങള്‍ ഇതൊക്കെയാണ് എന്നൊരു മുന്‍വിധിയോടെയായിരിയ്ക്കും പ്രേക്ഷകര്‍ സിനിമ കാണുക.. ഒരു നല്ല ഹിന്ദി സിനിമ!

  ReplyDelete
 6. റിവ്യൂ വായിച്ചപ്പോ കാണാനുള്ള ആകാംക്ഷ കൂടി ....

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. അത്രയ്ക്ക് വാഴ്ത്തപ്പെടാന്‍ മാത്രം ഒന്നുമില്ല ....

  ഒന്ന് രണ്ട് ചോദ്യങ്ങള്‍ ബ്ലോഗുകാരന്റെ ശ്രദ്ധയിലേക്ക് :

  1. National Data Centre പോലെ ഉള്ള തന്ത്ര പ്രധാന സ്ഥാപനത്തിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ കമ്പൂട്ടറില്‍ ഉള്ള രേഖകള്‍ തനഗളുടെ അനുവാടതോട് കൂടി ഒരു സ്ത്രീ ചോര്‍ത്താന്‍ കൂട്ട് നില്‍ക്കുമ്പോള്‍, ഇന്ത്യയിലെ ഉന്നത ഇന്റെലിജെന്‍സ്‌ ഉദ്യോഗസ്ഥര്‍ ആ സ്ത്രീയുടെ where abouts അന്വേഷിച്ചില്ല എന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുന്നത് ?

  2. National Data Centre ഉന്നത ഉദ്യോഗസ്ഥനായ ശ്രീധരിനെ പരസ്യമായി വെടി വെച്ചു കൊന്നിട്ടും, അതിന്റെ പേരില്‍ ഒരു ചോദ്യം ചെയ്യലോ നടപടിയോ വിദ്യ നേരിട്ടതായി കാണിക്കുന്നില്ല. അതെന്തേ ??

  3. ബോബ് ഒരു തവണ വിദ്യയെ കൊല്ലാന്‍ ശ്രമിച്ചിട്ടും , (റെയില്‍ വേ സ്റെഷനില്‍ വെച്ച്‌) വിദ്യ അത് സീരിയസ് ആയി എടുക്കാഞ്ഞത് എന്തെ ? ബോബിനെ കുറിച്ച് അന്വേഷിക്കാന്‍ ശ്രമിച്ചില്ല ? ബോബിനെ പിന്നീട് കാണുമ്പോള്‍, ഇയാള്‍ ആണ് എന്നേ കൊല്ലാന്‍ നേരത്തെ ശ്രമിച്ചത്‌ എന്ന് റാണയോട് വിദ്യ പറയുന്നുണ്ട്. അതിനര്‍ത്ഥം ആ സംഭവം വിദ്യ റാണയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു എന്നല്ലേ ? എന്നിട്ടും റാണയും ഖാനും ഒന്നും വിദ്യയുടെ സുരക്ഷയില്‍ ശ്രധിക്കാതിരുന്നത് എന്ത് കൊണ്ട് ?

  ReplyDelete
 9. ente nakshoooo .. idu pole iza keeeri parishodikkanoo...

  theerchayayum vazttapedenda padom thanne idu ...


  like the title says .. kahaani's kahaani deserves the applause ...

  ReplyDelete
 10. ആറ്റിറ്റ്യൂഡില്ലായ്മയുടെ അനന്തര ഫലങ്ങള്‍ . ...

  mR Kaali .. ee post aaviyaayi poyoo..

  page not available

  ReplyDelete
 11. കണ്ട് ഇഷ്ടമായ പടത്തെ കുറിച്ച് എഴുതിക്കണ്ടപ്പോള്‍ വീണ്ടും സന്തോഷം!
  വെല്‍ റിട്ടന്‍ വിഷ്ണു.. :)

  ReplyDelete
 12. ശ്രീധറിന്റെ കൊലപാതകം രെജിസ്ടര്‍ ചെയ്യുംപഴോ , അതെന്റെ എഫ് ഐ ആര്‍ തയ്യാര്‍ ചെയ്യുംപഴോ പോലും കൊലപാതകി ആയ വിദ്യയുടെ ഐടന്റിടി പോലീസ് പരിശോധിക്കുന്നില്ല എന്നിടത് കഥയിലെ യുക്തി ആത്മഹത്യ ചെയ്യുന്നു !!!

  ReplyDelete
 13. @നക്ഷു - അത്രയൊക്കെ മതി , ടോറന്റിന്നു അഞ്ചു പൈസ കൊടുക്കാണ്ട് ഡൌണ്‍ ലോഡ് ചെയ്ത് കണ്ടതല്ലെ .

  ReplyDelete
 14. എന്ന് പറഞ്ഞാല്‍ എങ്ങനെയാ ?
  ടോറന്റ് ഫ്രീ ആയിരിക്കാം... എന്റെ സമയത്തിനും വില ഇല്ലായിരിക്കാം...
  പക്ഷെ... ടോറന്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഇതൊക്കെ ?
  മനുഷ്യനെ വിഡ്ഢിയാക്കുന്ന ഈ സൈസ് പടം ഒക്കെ ഒരു സുന്ദരി പെണ്ണിന്റെ മേമ്പൊടി ചേര്‍ത്തു അവതരിപ്പിച്ചാല്‍ , ലവള്‍ടെ ശരീര ഭംഗിയില്‍ മയങ്ങി ഈ മണ്ടത്തരങ്ങള്‍ കാണാതിരിക്കാന്‍ നിങ്ങളെ പോലുള്ള ബ്ലോഗര്‍മാര്‍ക്ക് കഴിഞ്ഞേക്കും !

  ReplyDelete
 15. ശരി - എന്താപ്പോ പ്രശ്നം ? വിദ്യയുടെ where abouts അല്ലെ ? വിദ്യ ഒരു മിഷനു വേണ്ടിയാണ് അവിടെ വരുന്നത് - മാത്രവുമല്ല അക്കാര്യത്തില്‍ ഒരു ഉന്നതോദ്യോഗസ്ഥന്റെ സഹായവുമുണ്ട് .2. ശ്രീധറിനെ ഒരു വൈകുന്നേരം വെടി വെച്ചൂ കൊല്ലുന്നു , അവിടെ നിന്നു ഒരു ദിവസം മാത്രമാണ് സിനിമ വീണ്ടും വരുന്നത് , അതായത് അടുത്ത ദിവസം ക്ലൈമാക്സ് ആണ് . 3. ആദ്യമേ തന്നെ പറയട്ടെ വിദ്യ ഒരു അപകടകരമായ മിഷനു വേണ്ടിയാണ് നഗരത്തിലെത്തുന്നത് , അപ്പോള്‍ അവള്‍ക്കറിയാം അപകടകരമായ് സാ‍ഹചര്യങ്ങള്‍ ഉണ്ടാകുമെന്ന് , മാത്രവുമല്ല അത്തരം സാഹചര്യങ്ങളിലൂടെ അത്തരം വഴികളിലൂടെ മാത്രമാണ് ലക്ഷ്യത്തിലെത്തി ചേരുകയെന്നു , റാണയ്ക്കോ ഖാനോ വിദ്യയുടെ സുരക്ഷയെക്കാള്‍ പ്രാധാന്യം മിലന്‍ ബാഗ്ചിയെ കണ്ടെത്തലാണ്

  ReplyDelete
 16. ഈ സിനിമ കണ്ടിരുന്നു.. ഇഷ്ടമാവുകയും ചെയ്തു..ഈ റിവ്യൂവും ഇഷ്ടപ്പെട്ടു..

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .