
ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു !!! .ലോകത്തെ മുഴുവന്‍ ഭീകരവാദികളുടെയും പ്രതീകമായിരുന്ന ഒസാമാ ബിന്‍ ലാദന്‍ പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയുള്ള അബോട്ടാബാദില്‍ വെച്ചു കൊല്ലപ്പെട്ടു . കൂടെ താലിബാന്‍ പോരാളികളൊന്നുമില്ലാതെ പുത്രകളത്രാദികളുമായി സ്വസ്ഥമായി കഴിയുന്നിടത്തു നിന്നാണ് ലാദനെന്ന കൊടും ഭീകരനെ വധിച്ചത്.ഇതോടെ സകല തീവ്രവാദങ്ങളില്‍ നിന്നും ലോകം മോചിപ്പിക്കപ്പെട്ടു .അമേരിക്ക സെപ്തംബര്‍ 11 ലെ കൊടും ക്രൂരതക്കു പകരം വീട്ടി, ലോകം മുഴുവന്‍ ആശ്വാസ നിശ്വാസങ്ങളുതിര്‍ത്തു .
ഒസാമാ ബിന്‍ ലാദന്‍ സങ്കല്പമോ യാഥാര്‍ത്ഥ്യമോ എന്നൊക്കെയുള്ള വ്യാപകമായ സംശയത്തെതുടര്‍ന്നു ബി ബി സി ചാനല്‍ ഒസാമാ ബിന്‍ ലാദന്‍ ആരാണെന്നതിനെക്കുറിച്ചും അയാള്‍ കടന്നു വന്ന നാള്‍ വഴികളെക്കുറിച്ചും ഒരു ഡോക്യുമെന്ററി ഫിലിം ചെയ്തിരുന്നു , അതില്‍ ഒസാമ ബിന്‍ ലാദനുമായുള്ള അഭിമുഖങ്ങളും സംഭാഷണങ്ങളുമെല്ലാം ഉണ്ടായിരുന്നു . പക്ഷെ സെപ്റ്റംബര്‍ 11 ന് ശേഷം ഒസാമാ ബിന്‍ ലാദന്റേതെന്നു പറയാന്‍ മാത്രം വിശ്വസനീയമായ ഒരു പ്രസ്ഥാവനയോ ദൃശ്യങ്ങളൊ തിയ്യതി തെളിയിക്കപ്പെട്ട് മാധ്യമങ്ങളില്‍ വന്നിട്ടില്ല ,അതായത് ഒസാമാ ബിന്‍ ലാദന്‍ എന്ന ആഗോള ഭീകരന്‍ ഇക്കാലയളവ് വരെ ജീവിച്ചിരുന്നുവോ എന്നു ആര്‍ക്കും ഉറപ്പില്ല . കഴിഞ്ഞ ദിവസം ഒസാമാ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെന്നു അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ നേര്‍ത്ത അവിശ്വസനീയതയുടെ ഒരു ആവരണം അതിനെ ബാധിക്കുന്നു .കൊല്ലപ്പെട്ട ഒസാമാ ബിന്‍ ലാദന്റേതായി ഇന്റര്‍ നെറ്റില്‍ പ്രചരിപ്പിക്കപ്പെടുന്ന ഒരു വ്യാജ ഫോട്ടോഗ്രാഫിനെ ആധാരമാക്കിയല്ല ഈ അവിശ്വാസം .തീരെ പ്രൊഫഷണലല്ലാത്ത ഒരു ഫോട്ടോഗ്രാഫ് കൊണ്ടു അത് സ്ഥാപിക്കാന്‍ മാത്രം ബുദ്ധിശൂന്യരല്ല അമേരിക്കന്‍ ഇന്റലിജന്‍സ്. പക്ഷെ 24 മണിക്കൂറിനകം മൃതദേഹം മറവ് ചെയ്യണമെന്നുള്ള ഇസ്ലാമിക വിശ്വാസത്തെ മാനിച്ചാണ് ഉടന്‍ തന്നെ മറവ് ചെയ്തതെന്ന ഔദ്യോഗിക ഭാഷ്യം അല്പം കടന്ന് പോയി . കടലില്‍ മൃതദേഹം മറവ് ചെയ്യുന്നത് ഇസ്ലാമിക ആചാരമാണോ ?. ഇനി അതല്ല ലാദന്റെ അനുയായികള്‍ ശവകുടീരം പുണ്യസ്ഥലമായി ആരാധിക്കപ്പെടുമെന്ന ഭയം കൊണ്ടാണെങ്കില്‍ താലിബാനെക്കുറിച്ച് അമേരിക്കക്കു ഒരു ചുക്കുമറിയില്ലന്ന് പറയേണ്ടി വരും കാരണം താലിബാന്‍ വിശ്വാസ പ്രമാണങ്ങളില്‍ സര്‍വ്വേശ്വരനല്ലാത്ത ഒരു ആരാധന കടുത്ത ശിക്ഷക്കര്‍ഹമാകുന്ന കുറ്റമാണ് അതൊന്നും അറിയാഞ്ഞിട്ടാവില്ല.മൃതദേഹം മറവ് ചെയ്യുന്നതിനു മുമ്പു ഡി എന്‍ എ ടെസ്റ്റ് നടത്തി സ്ഥിരീകരിച്ചുവെന്നും പറയുന്നു ആരാണ് സ്ഥിരീകരിച്ചത് ?
ഏകദേശ കണക്കു വെച്ചു ഒസാമാ ബിന്‍ ലാദന്‍ അഞ്ചാമത്തെ തവണയാണ് മരിക്കുന്നത്. വ്യക്തികള്‍ക്കു മാത്രമെ ഒരിക്കല്‍ മരിക്കാന്‍ കഴിയൂ .ഒസാമ എന്നതു ഒരു പ്രതീകമായതു കൊണ്ടു ഒന്നിലേറെ തവണ മരിക്കുന്നതില്‍ അതിശയോക്തിയൊന്നുമില്ല .
2001 ല്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ അഫ്ഘാന്‍ മലനിരകളില്‍ വെച്ചു ലാദന്‍ ഒരിക്കല്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു .അടുത്ത ഊഴം പാക് പ്രസിഡണ്ട് പര്‍വേസ് മുഷറഫിന്റേതായിരുന്നു 2002 ല്‍ വൃക്കരോഗം കലശലായി ഒസാമാ ബിന്‍ ലാദന്‍ അന്തരിച്ചുവെന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. വര്‍ഷങ്ങളായി ഗുരുതരമായ വൃക്കരോഗം ഒസാമയെ ബാധിച്ചിരുന്നുവെന്നും 1999 ലോ മറ്റോ ല്‍ ഫ്രാന്‍സില്‍ ഇതിന് ചികിത്സ നടത്തിയതായും ഈ വാദത്തെ അംഗീകരിക്കുന്നവര്‍ പറയുന്നു .പിന്നീട് 2003 ലോ മറ്റോ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കാം എന്നൊരു അഭ്യൂഹം ശക്തമായി തന്നെ ഉയര്‍ന്നു വന്നു .2007 ല്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ബേനസീര്‍ ഭുട്ടോ ബി ബി സി ക്കു കൊടുത്ത ഇന്റര്‍ വ്യൂവില്‍ ഒസാമാ ബിന്‍ ലാദന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ കൊല്ലപ്പെട്ടുവെന്ന് പ്രസ്ഥാവിക്കുകയുണ്ടായി.ഇങ്ങനെ മരണങ്ങള്‍ പലതു കഴിഞ്ഞിരുന്നെങ്കിലും ഈ വാര്‍ത്തകളിലൊന്നും തന്നെ അമേരിക്ക പ്രതികരിച്ചിരുന്നില്ല .
ഒസാമാ ബിന്‍ ലാദന്‍ എന്ന ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കാന്‍ വേണ്ടി കോടിക്കണക്കിന് ഡോളര്‍ ചിലവഴിച്ച രാജ്യമാണ് അമേരിക്ക .ഒസാമാ ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നു എന്നു തെളിയിക്കേണ്ടതു അമേരിക്കയുടെ മാത്രം ആവശ്യമായിരുന്നു കാരണം അഫ്ഘാനിസ്ഥാനിലെ അധിനിവേശത്തിന് മറ്റൊരു കാരണവും ലോകത്തോടു ബോധിപ്പിക്കാനുണ്ടായിരുന്നില്ല . ഇറാക്ക് അധിനിവേശത്തിന് നുണയാണെങ്കില്‍ കൂടി , സ്വേച്ഛാധിപതിയായ സദ്ദാം ഹുസ്സൈന്‍ ആണവായുധങ്ങള്‍ കൈവെച്ചിരിക്കുന്നത് ലോകത്തിനു മുഴുവന്‍ ഭീഷണിയാണ് അതു കൊണ്ടു ലോകത്തെ രക്ഷിക്കണമെന്നൊരു ന്യായമുണ്ടായിരുന്നു. അതു പോലെ അഫ്ഘാനിസ്ഥാനില്‍ അമേരിക്കയുടെ താല്പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് വരെ ബിന്‍ ലാദന്‍ ജീവിച്ചിരിക്കണമായിരുന്നു . അഫ്ഘാനിസ്ഥാനില്‍ അമേരിക്കക്കെന്ത് താല്പര്യം ?
അഫ്ഘാനിസ്ഥാനില്‍ അമേരിക്ക പ്രകടമായ തരത്തില്‍ ഇടപെടാന്‍ തുടങ്ങിയത് 1979 ല്‍ റഷ്യയുടെ നിയന്ത്രണത്തില്‍ അഫ്ഘാനിസ്ഥാനിലെ ഡമോക്രാറ്റിക് റിപ്പബ്ലിക്ക് ഗവണ്മെന്റ്റ് വന്നപ്പോഴാണ് .ലോകത്താകമാനമുള്ള മുജാഹിദുകള്‍ ഏകോപനത്തോടെ ദൈവവിരൊധികളായ റഷ്യക്കാരുടെ ഈ കടന്നു കയറ്റത്തിനെതിരെ പ്രക്ഷോഭം ആരംഭിച്ചു .കത്തി നിന്നിരുന്ന ഈ എതിര്‍പ്പിനെ ഒരു യുദ്ധമാക്കാനും ശക്തമാക്കാനും സമ്പത്ത് കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും സഹായിച്ചത് അമേരിക്കയായിരുന്നു . ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കക്കു റഷ്യയെ തകര്‍ക്കണമായിരുന്നു .ഈ ഘട്ടത്തിലാണ്‍ സൌദി പൌരനായ ഒസാമാ ബിന്‍ ലാദനെ മുജാഹിദുകളുടെ യുദ്ധത്തില്‍ മുന്നില്‍ നിര്‍ത്തി അമേരിക്ക വളര്‍ത്തി വലുതാക്കിയത് .ഈ അവസരം ഒസാമാ ബിന്‍ ലാദന്‍ നന്നായി ഉപയോഗിക്കുകയും തന്റേതായ സ്വാധീന വലയത്തില്‍ ഒരു വലിയ പറ്റം അണികളെ സൃഷ്ടിച്ചെടുക്കുകയും ചെയ്തു .1989 ഓടെ സോവിയറ്റ് യൂണിയന്‍ അഫ്ഘാനിസ്ഥാനില്‍ നിന്നു പിന്‍ വാങ്ങി .ഇക്കാലമത്രയും അമേരിക്ക പരോക്ഷമായി മുജാഹിദുകളുടെ നേതൃത്വത്തില്‍ ഒരു ഇസ്ലാമിക മൂമെന്റിന് കളമൊരുക്കുകയായിരുന്നു , അതിന്റെ നേതാവായി ഒസാമാ ബിന്‍ ലാദനെയും .
പക്ഷെ റഷ്യയുടെ പിന്മാറ്റത്തോടെ ഇസ്ലാമിക വിശുദ്ധ യുദ്ധത്തിനായി ഒരുക്കപ്പെട്ട ഒരു വലിയ പറ്റം അണികള്‍ ഒസാമാ ബിന്‍ ലാദന്റെ നിയന്ത്രണത്തിലായി തീര്‍ന്നിരുന്നു , പിന്നീട് ബിന്‍ ലാദന്റെ നീക്കങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ തിരിഞ്ഞതോടെ അമേരിക്ക ഇസ്ലാമികമുന്നേറ്റമെന്ന ഭീഷണി മനസ്സിലാക്കി . 1994 ല്‍ ഇറങ്ങിയ ആര്‍ണോള്‍ഡ് ഷോസ്നറിന്റെ True lies ലൂടെയാണ് ഇസ്ലാം മതം അമേരിക്കയുടെ ശത്രുക്കളായി അമേരിക്കന്‍ പൊതു സമൂഹത്തിന് മുമ്പില്‍ അവതരിക്കുന്നതും ഇസ്ലാമിക ഭീകരര്‍ എന്ന സംഞ്ജ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയതും.ആ ചിന്താഗതിക്കു പിന്നീടു അനുക്രമമായ വികാസം സംഭവിക്കുവാന്‍ തക്കതായ കാരണങ്ങള്‍ പാന്‍ ഇസ്ലാമിക മുന്നേറ്റം കൊണ്ടുണ്ടാവുകയും ഇസ്ലാമിക മത മൌലിക വാദത്തിന്റെ അന്താരാഷ്ട്രീയമായ പ്രവര്‍ത്തനങ്ങള്‍ അതിനെ ബലപ്പെടുത്തുകയും ചെയ്തു. റഷ്യയുമായുള്ള ശീതയുദ്ധം മാത്രമല്ലായിരുന്നു അഫ്ഘാനിസ്ഥാനില്‍ അമേരിക്ക ഇടപെടാന്‍ കാരണം , വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ടായിരുന്നു .തന്ത്ര പ്രധാനമായ മധ്യേഷ്യയില്‍ ഒരു നിയന്ത്രണം അമേരിക്ക ആഗ്രഹിച്ചിരുന്നു .
അഫ്ഘാനിസ്ഥാനോട് ചേര്‍ന്ന് കിടക്കുന്ന മധ്യേഷ്യയുടെ ഭൂമിശാസ്ത്രവുമായി അല്ലെങ്കില്‍ അതിന്റെ ഇന്ധനലഭ്യതയുമായി ബന്ധപ്പെട്ടതാണ് ആ താല്പര്യം. ഇനിയും ഖനനം ചെയ്തെടുക്കാന്‍ മാത്രം വന്‍ പ്രകൃതി വാതക ശേഖരമുള്ള ഭൂപ്രദേശമാണ് കിര്‍ഗിസ്ഥാനും ഉസ്ബെക്കിസ്ഥാനും താജിക്കിസ്ഥാനും തുര്‍ക്ക്മെനിസ്ഥാനും അടങ്ങുന്ന മധ്യേഷ്യ. റഷ്യന്‍ അതിര്‍ത്തി പ്രദേശമായ മധ്യേഷ്യയിലേക്കു ഏറ്റവും പ്രായൊഗികമായ വഴി അഫ്ഘാനിസ്ഥാന്‍ ആയത് കൊണ്ടു തന്നെ അഫ്ഘാനിസ്ഥാനില്‍ ഒരു അധിനിവേശം അമേരിക്കക്കു അനിവാര്യമായിരുന്നു .ഈ സാഹചര്യത്തിലാണ്
പൈപ് ലൈന്‍ രാഷ്ട്രീയം അഫ്ഘാന്‍ അധിനിവേശവുമായി ബന്ധപ്പെടുന്നത് .
പൈപ്പ് ലൈന്‍ പൊളിറ്റിക്സ് .International Politics എന്ന ബൃഹദ് വിഷയത്തിന്റെ ഒരു അരികു പിടിച്ചു കൊണ്ടു അന്താരാഷ്ട്ര കാര്യങ്ങളില്‍ ഒരു നിഗമനത്തിലെത്തുക എന്നതു തികച്ചും അസാധ്യമായ കാര്യമാണ് .പൂര്‍ണ്ണമായും ശരിയായ വസ്തുതകള്‍ വെച്ചു കൊണ്ടു മാത്രമല്ല ഒരു സിദ്ധാന്തം രൂപീകരിക്കുന്നത് പലപ്പോഴും Hypothesis നെയും സാഹചര്യങ്ങളെയും ആശ്രയിക്കേണ്ടി വരും .
ഏതൊരു സാമ്പത്തിക വിശകലനത്തിലും ഭാവിയില്‍ ലോകത്തിന്റെ സമ്പദ് വ്യവസ്ഥയെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ പോകുന്നത് ഇന്ധനങ്ങളാണ് എന്ന് വ്യക്തമാണ് .ഇപ്പോഴത്തെ ഉപഭോഗക്രമം തുടരുകയാണെങ്കില്‍ 2020 ഓടെ രൂക്ഷമായ ഇന്ധന ക്ഷാമമാണ് ലോകം അഭിമുഖീകരിക്കാന്‍ പോകുന്നത് .അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാവിയിലേക്കു കൃത്യമായ ഒരു സ്രോതസ്സ് കണ്ടെത്തേണ്ടതു അത്യാവശ്യമാണ് .മധ്യേഷ്യയിലെ ഇന്ധന നിക്ഷേപം OPEC [Organization of the Petroleum Exporting Countries ] നിയന്ത്രണമില്ലാത്തതും അതിന്റെ വ്യാപ്തി വളരെ വലുതുമാണ് .ഇപ്പോള്‍ ഇന്ധന വില നിയന്ത്രിക്കുന്നത് ഒപെക് രാഷ്ട്രങ്ങളായതു കൊണ്ടു തന്നെ കരുതല്‍ നിക്ഷേപത്തിനും ഇന്ധന വില നിര്‍ണ്ണയത്തിനും അമേരിക്കക്കു പരിമിതികളുണ്ട് .തുര്‍ക്ക്മെനിസ്ഥാനും കിര്‍ഗിസ്താനും അടങ്ങുന്ന മധ്യേഷ്യന്‍ രാജ്യങ്ങളിലെ എണ്ണയുടെ വിലനിലവാരം അന്താരാഷ്ട്ര വിലനിലവാരത്തിനെക്കാളും താഴ്ന്നതാണ് .എന്നിട്ടും ഈ എണ്ണസ്രോതസ്സിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത് ഇതിനു കാരണം എണ്ണ വിപണനം വിതരണം ചെയ്യാന്‍ മതിയായ ഗതാഗത സൌകര്യങ്ങള്‍ ഇല്ലാത്തതാണ് .
ഇപ്പോഴുള്ള രണ്ടു സാധ്യതകളിലൊന്നു ചെച്നിയ വഴി റഷ്യന്‍ തുറമുഖമായ നോവൊറൊസിസ്കിലേക്കുള്ളതാണ്. റഷ്യക്കു പൂര്‍ണ്ണ നിയന്ത്രണമുള്ള ഇതു അമേരിക്കയെ സംബന്ധിച്ചിടത്തോളം അപ്രായോഗികമാണ്. മറ്റൊന്ന് നേരിട്ട് ജോര്‍ജിയന്‍ തുറമുഖമായ സുപ്സ വഴി തുര്‍ക്കിയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കുമാണ് .ഇത് വളരെ ചിലവ് കൂടിയ പാതയാണ് കൂടാതെ തുര്‍ക്കിയിലൂടെയുള്ള ടാങ്കര്‍ കപ്പല്‍ ഗതാഗതത്തിനെതിരെ തുര്‍ക്കി ആശങ്ക അറിയിച്ചിട്ടുമുണ്ട് . ഈ ഘട്ടത്തില്‍ അമേരിക്കയെ സംബന്ധിച്ച് താരതമ്യേന ചിലവു കുറഞ്ഞതുമായ ഒരു വഴിയാണ് തുര്‍ക്ക് മെനിസ്ഥാനില്‍ നിന്നും അഫ്ഘാന്‍ വഴി പാക്കിസ്ഥാനിലേക്കും അവിടെ നിന്നും ഇന്‍ഡ്യയിലേക്കും ഉള്ള ഒരു പൈപ്പ് ലൈന്‍ പദ്ധതി .The Trans-Afghanistan Pipeline - TAPI [1,680 kilometre ] എന്നറിയപ്പെടുന്ന ഈ പദ്ധതിയിലെ പങ്കാളികള്‍ - തുര്‍ക്ക്മെനിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ , പാക്കിസ്ഥാന്‍ , ഇന്‍ഡ്യ എന്നീ രാജ്യങ്ങളാണ് ഇതിന്റെ ചുരുക്കെഴുത്താണ് TAPI .1996 ല്‍ ആരംഭിച്ച ഈ പദ്ധതിക്കു ചുക്കാന്‍ പിടിക്കുന്നത് UNOCAL എന്ന അമേരിക്കന്‍ കമ്പനിയാണ് ,ഫലത്തില്‍ അമേരിക്ക തന്നെ . ഈ ഒരു ഗ്യാസ് പൈപ്പ് ലൈന്‍ പ്രൊജക്റ്റിനായി അമേരിക്ക തയ്യാറെടുക്കാന്‍ തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും അമേരിക്കക്കു നിയന്ത്രണമില്ലാത്ത താലിബാന്‍ ഭരണമുള്ള അഫ്ഘാനിസ്ഥാനാണ് ഈ പദ്ധതിക്കു വിഘാതമായി നിന്നിരുന്നത് . പാക്കിസ്ഥാനും ഇന്‍ഡ്യയും ഭരിക്കുന്നത് അമേരിക്കയായതു കൊണ്ടു അഫ്ഘാനിസ്ഥാന്റെ നിയന്ത്രണം കൈവരുക വഴി ഭാവിയിലെ ഇന്ധന നിക്ഷേപത്തിന്റെ പൂര്‍ണ്ണ അധികാരം അമേരിക്കക്കു കൈവരും .1997 ല്‍ UNOCOL ന്റെ നിയന്ത്രണത്തിലുള്ള Central Asia gas Pipeline Ltd എന്ന കണ്‍സോര്‍ഷ്യം ഈ പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടെങ്കിലും അഫ്ഘാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ഈ പദ്ധതി 1998 ജൂണില്‍ ല്‍ Bridas corporation എന്ന അര്‍ജന്റീനിയന്‍ കമ്പനിക്കു നല്‍കുകയുണ്ടായി 1998 അവസാന പാദത്തോടെ അമേരിക്കന്‍ കമ്പനിയായ UNOCOL പദ്ധതിയില്‍ നിന്നു പിന്മാറി .Bridas corporation പദ്ധതിയുമായി മുന്നോട്ടു പോയെങ്കിലും ഇതില്‍ പങ്കാളികളായ ഇന്‍ഡ്യ , പാക്കിസ്ഥാന്‍ , അഫ്ഘാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ഭരണകൂട അസ്ഥിരത പദ്ധതിയുടെ നിര്‍മ്മാണത്തെ കാര്യമായി തന്നെ തടസ്സപ്പെടുത്തീക്കൊണ്ടു പദ്ധതി നിര്‍ജ്ജീവാവസ്ഥയില്‍ തുടര്‍ന്നു .
അങ്ങനെയൊക്കെ ഇരിക്കുമ്പോഴാണ് ലോകജനതയെ ഞെട്ടിച്ചു കൊണ്ടു സെപ്റ്റംബര്‍ 11 ഭീകരാക്രമണമുണ്ടാകുന്നത് .അല്‍ ക്വൈദ എന്ന ഭീകര സംഘടന നടത്തിയ ഈ ആക്രമണം ലോകത്തെ ഞെട്ടിച്ചു .ആക്രമണത്തിന് ശേഷം വളരെ പെട്ടെന്നു തന്നെ അല്‍ക്വൈദയുടെ നേതൃത്വം വഹിക്കുന്ന ഒസാമാ ബിന്‍ ലാദന്‍ അഫ്ഘാനിസ്ഥാനിലെ തോറാ ബോറാ മലനിരകളില്‍ ഒളിച്ച് താമസിക്കുകയാണെന്ന് ബോധ്യം വന്ന അമേരിക്ക സെപ്റ്റംബര്‍ 11 ന്റെ നടുക്കം മാറുന്നതിന് മുമ്പു അതായതു 2001 ഒക്ടോബര്‍ മാസത്തില്‍ തന്നെ അഫ്ഘാനിസ്ഥാനിലേക്കു സൈനിക വിന്യാസം നടത്തി. Cospiracy theorist കള്‍ പറയുന്ന പോലെ സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണം അമേരിക്ക തന്നെ സൃഷ്ടിച്ച ഒരു നാടകമാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല അതു ചെയ്തതു അല്‍ ക്വൈദ എന്ന തീവ്രവാദ സംഘടന തന്നെയാകണം പക്ഷെ അമേരിക്കയെ സംബന്ധിച്ചിടത്തോളം ആ ഭീകരാക്രമണത്തെതുടര്‍ന്നുള്ള ലോകപിന്തുണ അഫ്ഘാനിസ്ഥാനില്‍ അധിനിവേശം നടത്താനുള്ള മികച്ച അവസരമായിരുന്നു .
2001 ഒക്ടോബര്‍ മാസത്തില്‍ തുടങ്ങിയ അധിനിവേശം കഷ്ടിച്ചു ഒരു മാസം തികഞ്ഞപ്പോഴെക്കും താലിബാന്‍ ഭരണകൂടത്തെ പുറത്താക്കി ഹമീദ് കര്‍സായിയുടെ നേതൃത്വത്തിലുള്ള പാവ ഭരണം വന്നു കഴിഞ്ഞിരുന്നു .അമേരിക്കന്‍ നിയന്ത്രണത്തിലായതോടെ പൈപ് ലൈന്‍ പദ്ധതിയില്‍ നിന്നും Bridas corporation പിന്‍ വാങ്ങി.2002 ല്‍ Trans-Afghanistan Pipeline പദ്ധതി തുര്‍ക്ക്മെനിസ്ഥാനും പാക്കിസ്ഥാനും അഫ്ഘാനിസ്ഥാനും ചേര്‍ന്ന് ഉടമ്പടി കരാര്‍ നവീകരിക്കുകയും അമേരിക്കന്‍ ഗവണ്മെന്റിന്റെ നിയന്ത്രണത്തില്‍ പദ്ധതി ഏകോപനം നടത്തുകയും ചെയ്തു .പക്ഷെ കാര്യങ്ങള്‍ അമേരിക്ക കരുതിയ പോലെ എളുപ്പം പുരൊഗമിക്കാന്‍ താലിബാന്‍കാര്‍ സമ്മതിച്ചില്ല .ഭരണം കൈവിട്ടു പോയെങ്കിലും അഫ്ഘാന്റെ ദക്ഷിണ പ്രവിശ്യയില്‍ താലിബാന്റെ അനൌദ്യോഗിക ഭരണമായിരുന്നു അതു കൊണ്ടു തന്നെ പദ്ധതി തുടങ്ങി വെക്കേണ്ട തുര്‍ക്ക് മെനിസ്ഥാനെ സംബന്ധിച്ചിടത്തോളം ദക്ഷിണമേഘലയിലെ ഈ താലിബാന്‍ നിയന്ത്രണം ഏറെ അപകടകരമായിരുന്നു .പക്ഷെ അതു കണ്ടറിഞ്ഞ അമേരിക്കന്‍ ഭരണകൂടം തോറാ ബോറയില്‍ ഇല്ലാത്ത ഒസാമാ ബിന്‍ലാദനെ പിടിക്കാന്‍ സൈനിക വിന്യാസം വീണ്ടും ശക്തമാക്കി. ലക്ഷക്കണക്കിന് സൈനികര്‍ അണീ നിരന്നിട്ടും ലഭ്യമായ സാങ്കേതിക വിദ്യകള്‍ എല്ലാം ഉപയോഗിച്ചിട്ടും ഒസാമ ബിന്‍ ലാദനെന്ന കൊടും ഭീകരനെ കിട്ടുന്നില്ല .പക്ഷെ ദക്ഷിണ പ്രവിശ്യയെ താലിബാന്‍ നിയന്ത്രണത്തില്‍ നിന്നും അമേരിക്ക മോചിപ്പിച്ചു .അഫ്ഘാനിസ്ഥാനിലെ സ്ത്രീകളും കുട്ടികളുമടക്കം പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ കൊടും ഭീകരരായ താലിബാനികളെ ഉന്മൂലനം ചെയ്ത് ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ്വസ്വലമാക്കുന്നതിനെ ലോകം അമേരിക്കയെ അഭിനന്ദിച്ചു കൊണ്ടിരുന്നു . 2001 സെപ്റ്റംബറിലെ ഭീകരാക്രമണത്തിന് തൊട്ടടുത്ത ദിവസം തന്നെ ബിന്‍ ലാദന്‍ അഫ്ഘാന്‍ മലനിരകളിലുണ്ടെന്ന് കണ്ടെത്തിയ അമേരിക്കന്‍ ഇന്റലിജന്‍സിന് വര്‍ഷം പലതു കഴിഞ്ഞിട്ടും ഒസാമ എവിടെയുണ്ടെന്ന് പോലും നിശ്ചയമില്ലാതെയായി. എന്തായാലും ഇതിനിടക്ക് 2008 ല്‍ തുര്‍ക്ക് മെനിസ്ഥാന്‍ - അഫ്ഘാനിസ്ഥാന്‍ - പാക്കിസ്ഥാന്‍ - ഇന്‍ഡ്യാ സംയുക്ത കരാറില്‍ ഒപ്പു വെച്ചു .
2010 ഡിസംബര്‍ മൂന്നാം തിയ്യതി അഫ്ഘാനിസ്ഥാനിലേക്ക് ലോകം അല്‍ഭുതത്തോടെ നോക്കി .പരിവാരങ്ങളും അനേക നാളത്തെ തയ്യാറെടുപ്പുകളുമായി മാത്രം വിദേശ സന്ദര്‍ശനത്തിന് തയ്യാറാവുന്ന അമേരിക്കന്‍ പ്രസിഡണ്ട് ഒബാമാ വളരെ രഹസ്യമായി പ്രത്യേകിച്ചു രാഷ്ട്രീയ കാരണങ്ങളൊന്നും തന്നെയില്ലാതെ അഫ്ഘാനിസ്ഥാന്‍ സന്ദര്‍ശിക്കുന്നു .തന്റെ സൈനികരെ അഭിസംബോധന ചെയ്തു കൊണ്ടു അദ്ദേഹം പറഞ്ഞു -
“നമുക്കഭിമാനിക്കാം താലിബാന്റെ കൈവശം ഇപ്പോള്‍ വളരെ കുറച്ച് പ്രദേശങ്ങളെ ഉള്ളൂ .നിങ്ങളുടെയെല്ലാം പരിശ്രമ ഫലമായി പുതിയൊരു അഫ്ഘാനെ അടുത്ത വര്‍ഷം കാണാന്‍ കഴിയും .” വളരെ രഹസ്യമായ ഈ സന്ദര്‍ശനവും സൈനിക അഭിസംബോധനയും രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും കൃത്യമായ വിശദീകരണം കിട്ടിയിരുന്നില്ല .
പ്രസിഡണ്ട് ഒബാമയുടെ സന്ദര്‍ശനത്തിന് കൃത്യം ആറ് ദിവസത്തിന് ശേഷം ഡിസംബര്‍ 9 ന് ഊര്‍ജ്ജോല്പാദന സംബന്ധിയായ വാര്‍ത്തകള്‍ മാത്രം വരുന്ന ഗ്ലൊബല്‍ എനര്‍ജി മാഗസിനില്‍ ഒരു
പ്രധാന വാര്‍ത്ത വന്നിരുന്നു . The Trans-Afghanistan Pipeline - TAPI എന്ന പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു .അപ്രതീക്ഷിതമായ തടസ്സങ്ങളില്ലെങ്കില്‍ പദ്ധതി ലക്ഷ്യം വെച്ചത് പോലെ തന്നെ 2014 ല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും റഷ്യന്‍ ചാനലിലൂടെയല്ലാതെ സുഗമമായ ഇന്ധന നീക്കം ഇതു മൂലം സാധ്യമാകും എന്നും വാര്‍ത്തയില്‍ പറയുന്നു.2008 നവംബര്‍ 26 ലെ ഇന്‍ഡ്യയിലെ ഭീകരാക്രമണത്തോടെ കൊടും ശത്രുതയിലാണെന്നു നമ്മളൊക്കെ വിശ്വസിക്കുന്ന ഇന്‍ഡ്യയും പാക്കിസ്ഥാനും ആ സംഭവത്തിനു ശേഷം സംയുക്തമായി ഒപ്പു വെച്ച ഏക കരാറാണിത് .
അഫ്ഘാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇന്‍ഡ്യയിലും അമേരിക്ക ചെല്ലും ചെലവും കൊടുത്തു നിയന്ത്രിക്കുന്ന , അമേരിക്കയുടെ വിനീതവിധേയരാണ് ഭരിക്കുന്നതെന്നതിനാല്‍ 2014 ല്‍ തുര്‍ക്ക് മെനിസ്ഥാനില്‍ നിന്നുള്ള ഈ വാതക പൈപ്പ് ലൈന്‍ പൂര്‍ത്തീകരിക്കുന്നതോടെ മധ്യേഷ്യയിലെ ഇനിയും പര്യവേക്ഷണം ചെയ്യപ്പെടാനുള്ള ഇന്ധന നിക്ഷേപത്തിന്മേല്‍ അമേരിക്കക്കു പൂര്‍ണ്ണ നിയന്ത്രണം കൈവരുന്നു. ഈയൊരു അനുമാനം വെച്ചു കൊണ്ടു പദ്ധതി പൂര്‍ത്തീകരിക്കപ്പെടുന്ന 2014-ല്‍ ഒസാമയെ കീഴടക്കി കൊന്നാല്‍ മതിയായിരുന്നു .പക്ഷെ അഫ്ഘാനിസ്ഥാനിലെ സൈനിക വിന്യാസത്തിന് വേണ്ടി അമേരിക്കയുടെ പ്രതിരോധ ബഡ്ജറ്റില്‍ ഗണ്യമായ ഒരു ഭാഗം നീക്കി വെക്കേണ്ടി വന്നിട്ടുണ്ട് .അമേരിക്കന്‍ പ്രതിരോധ
ബഡജറ്റ് ഭീമമായ ഒരു തുകയാണ് അഫ്ഘാനിസ്ഥാനിലെ സൈനിക വിന്യാസത്തിനായി ചിലവഴിച്ചിരിക്കുന്നത് . അത് കൂടാതെ സൈനികരുടെ കുടുംബങ്ങളില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നുമുള്ള സമ്മര്‍ദ്ദവും .ഇപ്പോഴത്തെ ഹമീദ് കര്‍സായിയുടെ അഫ്ഘാന്‍ ഗവണ്മെന്റ് അമേരിക്ക പറയുന്നതിനപ്പുറം ഒരു വാക്കു പറയില്ല , താലിബാന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളെല്ലാം ഒരു പരിധി വരെ കയ്യടക്കി കഴിഞ്ഞു . 1995 ല്‍ തുടങ്ങിയ The Trans-Afghanistan Pipeline - TAPI പദ്ധതി പൂര്‍ത്തീയാകാന്‍ പോകുന്നു .അമേരിക്കന്‍ പൊതു തിരഞ്ഞെടുപ്പു അടുത്തു വരുന്നു ഇതാണ് പറ്റിയ സമയം ഇനി ലാദനെ അങ്ങ് കൊന്നു കളഞ്ഞേക്കാം . അങ്ങനെ പണ്ടെങ്ങോ ചത്തു മണ്ണടിഞ്ഞ ലാദനെ ഒന്നു കൂടി കൊന്നു കളഞ്ഞു കൊണ്ട് അമേരിക്ക സെപ്റ്റംബര്‍ 11 ന് പകരം വീട്ടി !!!.
മനുഷ്യരെപ്പോലെ തന്നെ രാജ്യങ്ങള്‍ക്കും മനസ്സുണ്ടെന്നു പറഞ്ഞത് എം എന്‍ വിജയന്‍ മാഷാണ്.കഥകളിലെ ഭീമാകാരന്മാരായ ജീവികളുമായി സാങ്കല്‍പ്പിക യുദ്ധം നടത്തുന്ന കൊച്ചുകുട്ടികളെയാണ് ചിലപ്പോള്‍ അമേരിക്കക്കാര്‍ ഓര്‍മ്മിപ്പിക്കുക .
ഹോളിവുഡ് ചിത്രങ്ങളില്‍ കാണുന്നത് പോലെ അന്യഗ്രഹ ജീവികള്‍ മുതല് ഗൊറില്ല വരെയുള്ള അജ്ഞാത ഭീകര ശക്തികള്‍ എപ്പോഴും അമേരിക്കക്കാരുടെയും ലോകത്തിന്റെയും ശത്രുക്കളാണ് അവസാനം ധീരോദാത്തനായ ഒരു രക്ഷകന്‍ വന്ന് ഈ ശത്രുക്കളെയെല്ലാം ഉന്മൂലനം ചെയ്തു കൊണ്ടു ലോകത്തെ മുഴുവന്‍ രക്ഷിക്കും. ഹോളിവുഡ് ചിത്രങ്ങള്‍ ലോകത്തു മുഴുവന്‍ പ്രചാരത്തിലായ കാലം മുഴുവന്‍ ഈ ഒരു സന്ദേശമാണ് എല്ലാ സിനിമകളിലും മാറിയും മറിഞ്ഞും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. സിനിമയില്‍ അന്യഗ്രഹജീവികളും അജ്ഞാത ജീവികളെയുമെല്ലാം പ്രതീകാത്മക ശത്രുക്കളാക്കി പോരാടാം പക്ഷെ യഥാര്‍ത്ഥലോകത്തില്‍ അതു പറ്റില്ലല്ലോ .സോവിയറ്റ് റഷ്യയുടെ തകര്‍ച്ചയൊടെ ശീത യുദ്ധത്തിന്ന്റെ അന്ത്യമായി അതിനു ശേഷം എടുത്തു കാണിക്കാനൊരു ശത്രു ഇല്ലാതെയായിപോയപ്പോഴാണ് അമേരിക്കന്‍ ഭരണകൂടം ശത്രുക്കളെ സ്വയം സൃഷ്ടിച്ചു തുടങ്ങിയത്. ഇല്ലാത്ത ശത്രുക്കളെ ഉണ്ടാക്കി സ്വന്തം താല്പര്യങ്ങള്‍ക്കു വേണ്ടി പോരാടുന്ന മാനസികാവസ്ഥ .
അഫ്ഘാനിസ്ഥാനില്‍ 10 വര്‍ഷം പോരാടി ഭീകരവാദം തുടച്ചു നീക്കി ലോകത്തെ ഒരു പരിധി വരെ രക്ഷിച്ചു കഴിഞ്ഞു .ഇനി അടുത്ത ഊഴം ഇറാന്‍ ആണ് .അതിനുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോഴെ തുടങ്ങിയിട്ടുണ്ട് . ആണവായുധങ്ങള്‍ കൈവശം വെച്ചിരിക്കുന്ന അഹ്മദി നെജാദെന്ന കൊടും ക്രൂരനില്‍ നിന്നും വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ലോകത്തെ രക്ഷിക്കാനൊരു അമേരിക്കന്‍ അധിനിവേശം നമുക്കു പ്രതീക്ഷിക്കാം. കാരണം പ്രകൃതി വാതക നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനവും പെട്രോളിയം നിക്ഷേപത്തിന്റെ കാര്യത്തില്‍ ലോകത്തു മൂന്നാം സ്ഥാനവും ഇറാനുണ്ട് !!!
അനുബന്ധം :
ഒസാമാ ബിന്‍ ലാദനുമായി ബന്ധപ്പെട്ടു കാണാന്‍ പറ്റുന്ന രണ്ടു ഹിന്ദി ചിത്രങ്ങളുണ്ട് :
2008 ല്‍ ഇറങ്ങിയ മിഷന്‍ ഇസ്താംബൂള്‍ എന്ന ആക്ഷന്‍ മസാലയും 2010 ല്‍ ഇറങ്ങിയ തേരെ ബിന്‍ ലാദന്‍ എന്ന കോമഡി പടവും . എങ്ങനെ എളുപ്പത്തില്‍ ബിന്‍ ലാദന്റെ ഡ്യൂപ്പിനെ സൃഷ്ടിക്കാമെന്ന് ഈ രണ്ടു ചിത്രങ്ങളും നമുക്കു പറഞ്ഞു തരും .!!!