Like

...........

Saturday 5 February 2011

ജീവിതാസക്തി Lust for Life


.

ഒരു ഡച്ച് ചിത്രകാരനെക്കുറിച്ച് അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ Irving Stone എഴുതിയ നോവലാണ് Lust for life , ജീവിച്ചിരിക്കുമ്പോള്‍ ദരിദ്രനും ഒരു നേരത്തെ അന്നത്തിന് വകയില്ലാതെയും ഉന്മാദിയായലഞ്ഞ ആ ചിത്രകാരനെക്കുറിച്ചുള്ള ഈ നോവല്‍ ലോക പ്രശസ്തമായി , ബെസ്റ്റ് സെല്ലറായി . Lust for life എന്ന പേരിന്റെ അവകാശത്തിനായി അടിവസ്ത്ര കമ്പനികളും മദ്യവ്യവസായികളും ലക്ഷക്കണക്കിന് ഡോളര്‍ മുടക്കാന്‍ തയ്യാറായി വന്നു. പ്രണയിനിക്ക് സ്വന്തം ചെവിമുറിച്ച് നല്‍കിയ ഉന്മാദിയായ ആ ചിത്രകാരന്റെ പേര് വിന്‍സന്റ് വാന്‍ ഘോഗ് എന്നായിരുന്നു .ക്ലേശം നിറഞ്ഞ ബാല്യ കൌമാരങ്ങള്‍ക്കൊടുവില്‍ ചിത്രകാരനെന്ന് പേരെടുത്ത് തുടങ്ങുമ്പോഴായിരുന്നു വാന്‍ ഘോഗ് ഉന്മാദിയായി മാറിയത് . മാനസിക വിഭ്രാന്തികളെ തരണം ചെയ്ത് വരുന്ന ഘട്ടത്തില്‍ , ഇനിയും വരക്കാന്‍ ഒരു പാട് മനോഹരങ്ങളായ ചിത്രങ്ങള്‍ ബാക്കി വെച്ച് കൊണ്ട് ഒരു ദിവസം സ്വയം അവസാനിപ്പിച്ച് കൊണ്ട് അവ്യക്തമായ ഒരു ചിത്രമായി വിന്‍സന്റ് അകന്ന് പോയി ; ചോദ്യങ്ങള്‍ ബാക്കി വെച്ച് കൊണ്ട്

ജീവിതത്തെ ഒരു പാട് പ്രണയിച്ചിരുന്ന വാന്‍ ഘോഗ് എന്തിനാണ് ആത്മഹത്യ ചെയ്തത് ?
എന്താണ് ഒരു മനുഷ്യന് ജീവിതത്തോടുള്ള ആസക്തി ?അല്ലെങ്കില്‍ അനാസക്തി ?

ഡാനി ബോയിലിന്റെ 127 Hours എന്ന ചലചിത്രം ആരോണ്‍ റാള്‍സ്റ്റണ്‍ എന്ന പര്‍വ്വതാരോഹകന് യഥാര്‍ത്ഥജീവിതത്തില്‍ നേരിട്ട ഒരു ദുരന്താനുഭവത്തിന്റെ ചിത്രീകരണമാണ് , മുന്‍ ചിത്രങ്ങളിലേത് പോലെ തന്നെ തന്മയത്തത്തോടെ ഈ ചിത്രവും ഡാനി ബോയില്‍ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് , ചിത്രത്തിന്റെ സാങ്കേതികതയെക്കാള്‍ അതില്‍ നിന്ന് കണ്ടെടുക്കാവുന്ന ഒരു സന്ദേശം , ഒരു പ്രചോദനം , ഏത് പ്രതിസന്ധിയിലും ജീവിതത്തെ പ്രണയിക്കുന്ന ഒരഭിനിവേശം അതാണീ സിനിമയിലെന്നെ ആകര്‍ഷിച്ചത് . ,പര്‍വ്വതാരോഹണത്തിനിടെ വിജനമായ ഒരു മലയിടുക്കില്‍ ഒരു പാറയുടെ അടിയില്‍ ഒരു കൈ കുടുങ്ങി അവിടെ നിശ്ചലമാകേണ്ടി വരുന്ന 127 മണിക്കൂറുകള്‍ , ഭക്ഷണമില്ലാതെ , മതിയായ വെള്ളമില്ലാതെ , രക്തമുറയുന്ന ശീതത്തില്‍ ചതഞ്ഞരഞ്ഞ കൈ പുറത്തെടുക്കാനാവാതെ ജീവിതത്തിനും മരണത്തിനുമിടക്ക് പെട്ട് പോകുന്ന ഒരു മനുഷ്യജീവന്‍ , വീണ്ടെടുക്കാനാവാത്ത വലത് കൈ മുറിച്ച് മാറ്റാനുള്ള ശ്രമം പല വട്ടം പരാജയപ്പെടുന്നുണ്ടെങ്കിലും 127 ആം മണിക്കൂറില്‍ അത് സംഭവിക്കുന്നു , പാറക്കുള്ളില്‍ പെട്ട് പോയ കൈ മുറിച്ചെടുത്ത് ആരോണ്‍ റാള്‍സ്റ്റണ്‍ രക്ഷപ്പെടുന്നു . മരിക്കുമെന്ന് തോന്നിപ്പിക്കുന്ന ഓരോ നിമിഷത്തിലും ജീ‍വിതത്തോട് വര്‍ദ്ധിക്കുന്ന ആസക്തി -ആ പ്രമേയമാണ് Lust for life നെ കുറിച്ച് വീണ്ടും ഓര്‍ക്കാന്‍ പ്രേരിപ്പിച്ചത് .

എന്താണ് ജീവിക്കാനുള്ള പ്രേരകശക്തി ? എന്തായിരിക്കും ഓരോ പ്രതിസന്ധിയിലും നമ്മെ മുന്നോട്ട് കൊണ്ട് പോകുന്ന ആ മഹാ പ്രലോഭനം ? സൌഭാഗ്യങ്ങളുടെ നടുവില്‍ നിന്ന് ഒരു വാക്കും പറയാതെ ഒരു സൌന്ദര്യ പിണക്കത്തിന്റെ അനന്തര ഫലമായി ജീ‍വിതത്തില്‍ നിന്ന് വിലപിച്ച് കൊണ്ട് പോകുന്നവര്‍ക്കും ഒരു ജീവിതകാലം മുഴുവന്‍ ദുരിതങ്ങളുമായി ജീവിച്ച് ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നവര്‍ക്കും ജീവിതത്തിലൊരു പ്രേരകശക്തിയുണ്ടാവും അത് നഷ്ടപ്പെടുമ്പോള്‍ ജീവിതത്തോടുള്ള ആസക്തിയും നഷ്ടപ്പെടും .

“ പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക,
സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക,
ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക “ ഇതൊക്കെയാണ് ജീവിതത്തിന്റെ അര്‍ത്ഥങ്ങളെന്ന് പറഞ്ഞ് വെച്ചിട്ട് ഇടപ്പള്ളി ഒരു മുഴം കയറിലൊടുങ്ങി , ആത്മഹത്യ ചെയ്യുന്നവരില്‍ പലരും ഒറ്റപ്പെട്ട് പോകുന്നുവെന്നോ സ്നേഹിക്കാനാരുമില്ല എന്ന മിഥ്യാധാരണയുടെ പുറത്താണ് അങ്ങനെ ചെയ്യാറുള്ളത് . ഒരു പ്രതീക്ഷയും ജീവിതത്തില്‍ അവശേഷിക്കുന്നില്ലെന്ന ചിന്ത , ഇനി ഈ ജീവിതം നിരര്‍ത്ഥകമാണെന്ന നിരാശ അവിടേക്ക് ഒരു നനുത്ത പുഞ്ചിരി പോലും വല്ലാത്ത മാറ്റമുണ്ടാക്കും . ടി പദ്മനാഭന്റെ പ്രശസ്തമായ “പ്രകാശം പരത്തുന്ന പെണ്‍കുട്ടി “ യില്‍ ഒറ്റപ്പെട്ട് പോകുന്ന ,ഒരാളുടെ നിരാശാഭരിതമായ ഒരു ജീവിതത്തെ തിരിച്ചെടുക്കാന്‍ അജ്ഞാതയായ ഒരു പെണ്‍കുട്ടിയുടെ ഒരു സാനിധ്യം കൊണ്ട് കഴിയുന്നുണ്ട് ,അത് പോലെ തന്നെ ചിലപ്പോഴൊക്കെ നല്ല ഒരു വാക്ക് , ഒരു നോട്ടം ഒരു പുഞ്ചിരി പോലും ജീവിതത്തിന്റെ അജ്ഞാതമായ വിഷാദങ്ങളെ ഉരുക്കിതീര്‍ക്കാറുണ്ടെന്നത് സത്യമാണ് , അടുത്ത് വേണ്ട അകലെയെവിടെയെങ്കിലും തനിക്കായൊരാള്‍ ഉണ്ടെന്ന സാക്ഷ്യം പോലും ജീവിതത്തെ പ്രതീക്ഷാ നിര്‍ഭരമാക്കും .

കാസ്റ്റ് എവേ എന്ന ചിത്രത്തില്‍ ടോം ഹാങ്ക്സ് തകര്‍ത്തഭിനയിച്ച ഒരു കഥാപാത്രമുണ്ട് ഒരു വിമാനാപകടത്തില്‍ പെട്ട് വിജനമായ ദ്വീപില്‍ എത്തിപ്പെടുന്ന ഒരു ഫെഡക്സ് ജീവനക്കാരന്‍ , ഇനി ഒരിക്കലും പുറം ലോകം കാണാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യത്തിന് മുന്നിലും അയാള്‍ ജീവിതത്തെ പ്രതീക്ഷയോടെ നോക്കുന്നു, തനിക്ക് വേണ്ടി കാത്തിരിക്കുന്ന കാമുകി , വീട് , തന്റെ ലോകം എല്ലാം അയാളെ പ്രലോഭിപ്പിക്കുന്നു , ഉന്മാദിയായിപ്പോയേക്കാവുന്ന ഓരോ നിമിഷത്തിലും പ്രത്യാശയോടെ അയാള്‍ ജീവിതത്തെ സ്നേഹിക്കുന്നു , ജീവിക്കാന്‍ വേണ്ടി മാത്രം അയാള്‍ ‍ സ്വയം പര്യാപ്തനാകുന്നു ,വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു ചരക്ക് കപ്പലിന്റെ സഹായത്തോടെ നാട്ടില്‍ തിരിച്ചെത്തുന്ന അയാളെ സ്വീകരിക്കുന്നത് പഴയ ജീവിതമല്ല ,അയാള്‍ മരിച്ചുവെന്ന് വിശ്വസിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും അതേ ധാരണയില്‍ മറ്റൊരു ജീവിതത്തിലേക്ക് പോകുന്ന കാമുകി , നീണ്ട വര്‍ഷങ്ങളില്‍ ഓരോ നിമിഷവും അനുഭവിച്ച സഹനങ്ങള്‍ , ദുരിതങ്ങള്‍ , കാത്തിരിപ്പ് എല്ലാം ഒരൊറ്റ നിമിഷത്തില്‍ ഇല്ലാതെയായി വഴി തിരിഞ്ഞ് പോകുന്ന ഒരു പാതവക്കില്‍ എന്ത് ചെയ്യണമെന്നറിയാതെ ‍ അലക്ഷ്യമായി നില്‍ക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത് . സുകൃതമെന്ന ചലചിത്രത്തിലും അര്‍ബുദത്തില്‍ നിന്ന് രക്ഷപ്പെട്ട് വരുന്ന നായകന്‍ ഏത് ജീവിതത്തിന് വേണ്ടിയാണോ മരണം തരണം ചെയ്ത് വരുന്നത് അത് നഷ്ടപ്പെട്ടത് തിരിച്ചറിയുമ്പോള്‍ മരണത്തെ ജയിച്ച് ജേതാവായവന്‍ വീണ്ടും മരണത്തിലേക്ക് തന്നെ തിരിച്ച് പോകുന്നു .

ജീവിതത്തിന്റെ ഉന്മാദം നിറഞ്ഞ സൌന്ദര്യത്തെക്കുറിച്ച് ഒരു പ്രവാചകനെ പോലെ എഴുതിയിട്ടുണ്ടാവുക പൌലോ കൊയ്ലോ ആണ് , veronika decides to die ല്‍ വെറോണിക്കയെന്ന ചെറുപ്പക്കാരിയെ ജീവിതത്തെ സ്നേഹിക്കാന്‍ പഠിപ്പിക്കുന്നുണ്ട് , നിസ്സംഗമായ ജീവിതം വെറോണിക്കയില്‍ ഒരു പ്രത്യാശയും സൃഷ്ടിക്കുന്നില്ല അതവളെ മരിക്കാന്‍ പ്രേരിപ്പിക്കുന്നു,പരാജയപ്പെട്ട ഒരാത്മഹത്യാ ശ്രമത്തിന്റെ ഫലമായി അവള്‍ ഒരു മനോരോഗാശുപത്രിയില്‍ എത്തിപ്പെടുന്നുണ്ട് അവിടെ വെച്ച് അവളുടെ ചികിത്സകന്‍ അവളെ അറിയിക്കുന്നു - ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് വെറോണിക്കയുടെ ഹൃദയം തകരാറിലാണ് ഇനി വളരെ കുറച്ച് നാളുകള്‍ മാത്രമെ അവള്‍ ജീവിക്കൂ എന്ന് ആ അറിവ് അവളെ ജീവിതത്തെ സ്നേഹിക്കാനും ഓരോ നിമിഷവും ഉത്സവമാക്കാനും പ്രേരിപ്പിക്കുന്നു , അവസാനം അവള്‍ ജീവിതത്തെ ഇനിയൊരിക്കലും വിട്ട് കൊടുക്കില്ലെന്ന വണ്ണം സ്നേഹിച്ച് തുടങ്ങുമ്പോള്‍ ചികിത്സകന്‍ പറയുന്നു , അവളുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ല അങ്ങനെ പറഞ്ഞത് ചികിത്സയുടെ ഭാഗം മാത്രമായിരുന്നു എന്ന് .എന്തും കൈവിട്ട് പോകുമെന്നറിയുമ്പോള്‍ കൂടുതല്‍ പ്രണയിച്ച് പോകുമെന്ന സ്വാഭാവിക തത്വം .


ജീവിതത്തിന്റെ ഓരോ കാലഘട്ടവും സുഖ ദുഖ സമ്മിശ്രമായിരിക്കും , കൌമാരകാലത്തെ പ്രണയനഷ്ടങ്ങള്‍ ,ചെറിയ സൌന്ദര്യപിണക്കങ്ങള്‍ , പരീക്ഷാ പരാജയങ്ങള്‍ കാലം ചെല്ലുമ്പോള്‍ ചിലപ്പോള്‍ ഇത്തരം അനുഭവങ്ങള്‍ ഭൂതകാലത്തിന്റെ രസങ്ങളായി ‍ നേര്‍ത്ത ഒരു പുഞ്ചിരിയോടെ ഓര്‍ക്കാനാകുന്ന പലതിനും ഒരു നിമിഷത്തിന്റെ ആവേശത്തില്‍ നഷ്ടപ്പെടുന്ന ജീവിതങ്ങളെത്രയാകും . കൌമാര പ്രണയത്തിന്റെ ചപലതകളെക്കുറിച്ചാണ് പറഞ്ഞത് അതിലപ്പുറം പ്രണയത്തിന്റെ വന്യമായ ഒരു പാട് ഭാവങ്ങളുണ്ട് , നഷ്ടപ്പെട്ട് പോയാല്‍ മറ്റൊന്ന് പകരം വെക്കാതെ ഒരു ജീവിതം മുഴുവന്‍ ജീവിച്ച് തീര്‍ക്കുന്നവര്‍ , ജീവിതത്തില്‍ ഏറ്റവും പ്രലോഭിപ്പിക്കുന്ന ലൈംഗികത സ്വയം നിഷേധിച്ചവര്‍ - അങ്ങനെ ജീവിക്കുന്നവരില്‍ കാമുകരും കാമുകിമാരുമുണ്ട് ,മരണം കൊണ്ട് നഷ്ടപ്പെടുന്നതിനെ ജീവിതം തനിയെ ജീവിച്ച് പകരം വീട്ടുന്നവര്‍ - അങ്ങനെ പലരുമുണ്ട് കാമുകനൊത്ത് കഴിയാന്‍ സ്വന്തം കുഞ്ഞുങ്ങളെയും ഭര്‍ത്താവിനെയും വിഷം കൊടുത്ത് കൊന്നവള്‍ ,കാമുകിയുമായി ജീവിക്കാന്‍ ഭാര്യയെ ചവിട്ടിക്കൊല്ലുന്നവര്‍ അങ്ങനെ ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ ഭയപ്പെടുത്തുന്നതും അജ്ഞാതവുമാണ്.
വൈകാരികമായ ഒരു ഋണബാധ്യതയാണ് പലരിലും ജീവിതത്തെ സ്വയം നിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നത് , വൈകാരികതയുടെ ഏറ്റക്കുറച്ചിലാണ് ഓരോ വൈവിധ്യത്തിന്റെയും പ്രേരണയും . മനസ്സിലാവാത്ത പലതുമുണ്ട് ഈ ലോകത്ത് - അതിനെയാവും മനുഷ്യ മനസ്സ് എന്ന് പറയുന്നത് .

ജീവിതത്തോടുള്ള കാഴ്ചപ്പാടുകളാണ് ഓരോ ജീവിതത്തെയും വ്യത്യസ്ഥമാക്കുന്നത് . പഠനകാലത്ത് നിര്‍ബന്ധമായി വായിക്കേണ്ടീ വരുന്ന ഓരോ പ്രചോദനഗ്രന്ഥങ്ങളിലും കാഴ്ചപ്പാടുകളെക്കുറിച്ചാണ് പറയുന്നത് .ബന്യാമിന്റെ “ആട് ജീവിത”ത്തില്‍ നജീബിന് നേരിടേണ്ടി വരുന്ന ദുരന്തത്തില്‍ അയാള്‍ തകര്‍ന്ന് പോകുന്നുണ്ടെങ്കിലും ജീവിതത്തെ അയാള്‍ കൈവിടുന്നില്ല , അതിനെ തരണം ചെയ്യാന്‍ അയാളുടെ വിശ്വാസമയാളെ പ്രേരിപ്പിക്കുന്നു , ചിലര്‍ക്ക് വിശ്വാസങ്ങള്‍ , ചിലര്‍ക്ക് ചില ലക്ഷ്യങ്ങള്‍ , ചിലര്‍ക്ക് ചില വ്യക്തികള്‍ അങ്ങനെ ഓരോ പ്രതിസന്ധിയിലും ജീവിതത്തെ അതിജീവിക്കാനുള്ള പ്രേരണ പലതാണ് .

ചില ആളുകള്‍ അവിശ്വസനീയമാം വിധം നമുക്ക് മുന്നില്‍ വന്ന് നില്‍ക്കാറുണ്ട് , എന്നിട്ട് ജീവിതം ജീവിച്ച് കാണിച്ച് തരും . ദാരിദ്ര്യം ,ബാധ്യതകള്‍ , പ്രാരാബ്ദങ്ങള്‍ എന്നിങ്ങനെ ഒരു ശരാശരി ഇന്‍ഡ്യന്‍ സ്ത്രീയുടെ എല്ലാ വിധ മാനദണ്ഡങ്ങളും ഒരല്പം കൂടിയ അളവില്‍ ജനനം തൊട്ട് അനുഭവിക്കുന്ന ഒരു സ്ത്രീയെ ഒരു പാട് വര്‍ഷങ്ങളായറിയാം . മദ്യപാനിയായ അച്ഛന്‍ , രോഗശയ്യയിലായ അമ്മ , താഴെയുള്ള കൂടപ്പിറപ്പുകളെ നോക്കെണ്ട ചുമതലയും സാമ്പത്തിക ക്ലേശങ്ങളും കൊണ്ട് പഠിക്കാന്‍ മോശമല്ലാതിരുന്നിട്ടും ഹൈസ്കൂളിനപ്പുറം പോയില്ല , സാമാന്യം സുന്ദരിയായിരുന്നത് കൊണ്ടും സ്വഭാവ ഗുണം കൊണ്ടും വന്ന കൊള്ളാവുന്ന പ്രണയ - വിവാ‍ഹാഭ്യര്‍ത്ഥനകളെല്ലാം വീട്ടിലെ അവസ്ഥയോര്‍ത്ത് നിരാകരിച്ചു , അവസാനം തൊഴില്‍ രഹിതനും മദ്യപാനിയുമായ ഒരു അകന്ന ബന്ധുവിനെ വിവാഹം കഴിക്കേണ്ടി വന്നു ,തൊഴിലില്ലാത്ത , മദ്യപാനിയും കൂടിയായ അയാളുടെ മര്‍ദ്ദനങ്ങള്‍ക്കൊപ്പമുള്ള ജീവിതം ദുരിതമയമായിരുന്നു ,നീണ്ട ദാമ്പത്യത്തിനിടക്ക് രണ്ട് പെണ്‍കുട്ടികള്‍ , രണ്ടും ബുദ്ധിവൈകല്യങ്ങളുള്ള കുട്ടികള്‍ -ഇവിടെ വരെ പഴയ കാല മലയാള സിനിമയിലെ ദുഖപുത്രിയായ നായികയുടെ അതേ കഥ തന്നെയാണ് പക്ഷെ കഥയുടെ കാതലതല്ല ഈ സ്ത്രീയെ ഒരിക്കലും സങ്കടത്തോടെ , പരാതി പറയുന്ന മുഖത്തോടെ കണ്ടിട്ടില്ല എപ്പോഴും പുഞ്ചിരിച്ച് കൊണ്ട് ചിലപ്പോള്‍ മറ്റുള്ളവരുടെ സങ്കടങ്ങള്‍ കൂടി പകുത്തെടുത്ത് സമാധാനിപ്പിക്കുന്ന ഒരാള്‍ .

കിട്ടാതെ പോയ ജീവിത സൌഭാഗ്യങ്ങളെക്കുറിച്ച് , നഷ്ടപ്പെട്ട് പോയ കൌമാര സ്വപ്നങ്ങളെക്കുറിച്ച് ഒരു ആവലാതിയും ആ മുഖത്തില്ല . എന്തിനിങ്ങനെ ജീവിക്കുന്നു “ എന്ന് മറ്റുള്ളവര്‍ സഹതാപത്തോടെ നോക്കുമ്പോഴും ദുരന്തങ്ങള്‍ മാത്രം ബാക്കിയാവുന്ന ജീവിതത്തെക്കുറിച്ച് പരിദേവനം പറഞ്ഞിട്ടില്ല ചിരിച്ച് കൊണ്ട് ഓരോ നിമിഷവും ജീവിതത്തിന്റെ ചെറിയ ചെറിയ സന്തോഷങ്ങളില്‍ അവര്‍ ജീവിക്കുന്നു , കുട്ടികള്‍ക്ക് ഒരു മാസത്തെ മരുന്ന് വാങ്ങാന്‍ പണം തികഞ്ഞാല്‍ അവര്‍ തൃപ്തരാകുന്നു അതിന് വേണ്ടി രാപകല്‍ കഷ്ടപ്പെടാന്‍ അവര്‍ തയ്യാറാകുന്നു , മറ്റ് വീടുകളില്‍ അടുക്കള പണീ ചെയ്തും , പാ നെയ്തും അവരതിന് പൈസ സ്വരൂപിക്കുന്നു , അത് മാത്രമാണ് അവരുടെ ജീവിതത്തിന്റെ ലക്ഷ്യമെന്ന് തോന്നിപ്പോകും - ഓര്‍മ്മയിലെ ഇപ്പോഴും നിലനില്‍ക്കുന്ന ഒരു ആത്മഹത്യ ഭര്‍ത്താവ് സാരി വാങ്ങിക്കൊടുക്കാത്തതിലുള്ള സൌന്ദര്യപ്പിണക്കം വളര്‍ന്ന് കുടുംബവഴക്കായതിന്റെ പേരിലായിരുന്നു , ഒരു നിമിഷത്തിന്റെ ചാഞ്ചാട്ടം , - ജീവിതത്തോട് ഓരോരുത്തര്‍ക്കുള്ള കാഴ്ചപ്പാടുകളാണ് .


ജീവിതത്തില്‍ പ്രതിസന്ധികളും ദുരന്തങ്ങളും അതിജീവിക്കാന്‍ പ്രേരണ നല്‍കുന്നത് ലക്ഷ്യങ്ങളാണ് , അതില്ലാതെ നിരര്‍ത്ഥകമായ ജീവിതത്തില്‍ ‍ സാമാന്യം സുഖജീവിതമാണെങ്കില്‍ പോലും ജീവിതത്തോടുള്ള ആസക്തി നഷ്ടപ്പെട്ട് പോകുന്നു .

ഏതോ ഒരു ആത്മീയാചാര്യന്‍ പറഞ്ഞതോര്‍ക്കുന്നു - ജീവിതത്തില്‍ ആരോടും ഒന്നിനോടും മമതയോ പ്രതിപത്തിയോ ഇല്ലാതിരിക്കുക , എങ്കില്‍ ജീവിതം സന്താപങ്ങളില്ലാതെയാകുമെന്ന് , അങ്ങനെ നിസ്സംഗമായി ജീവിച്ചിരിക്കുന്നതിലെന്ത് കാര്യമെന്ന് മറുചോദ്യമുണര്‍ന്നതാണ് - തിങ്ങി നിറഞ്ഞ ആരാധകര്‍ക്കിടയില്‍ അത് മുങ്ങിപ്പോവുമല്ലോയെന്നോര്‍ത്തപ്പോളുപേക്ഷിച്ചു. ജീവിതത്തെ സ്നേഹിക്കുന്നത് നിസ്സംഗതയോടെയാകുമ്പോള്‍ സന്തോഷ - സന്താപങ്ങളുടെ അതിര്‍ത്തി രേഖ ഋജുവും കൃത്യവുമാകുന്നു , എണ്ണയിട്ട് ക്രമപ്പെടുത്തിയ അഒരു യന്ത്രത്തെപ്പോലെ അതെപ്പോഴും ഒരേ വികാരത്തിലധിഷ്ടിതമായി കൃത്യമായി മുന്നോട്ട് ചലിക്കുന്നു , ജീവിതം ഉന്മാദമാണ് ആ ഉന്മാദത്തിന്റെ അസ്ഥിരതയാണ് ജീവിതത്തിന്റെ സൌന്ദര്യം .

പ്രണയിക്കുന്ന പെണ്ണിന്റെ വിടര്‍ന്ന കണ്ണിന്റെ തിളക്കം , വീടിന്റെ വരാന്തയിലിരുന്ന് ഇടവപ്പാതിയില്‍ ചാഞ്ഞ് പെയ്യുന്ന ഒരു മഴയുടെ കാഴ്ച , ഡിസംബറിലെ മഞ്ഞ് കാലത്ത് അതിരാവിലെ മഞ്ഞില്‍ കുതിര്‍ന്ന ആകാശം നോക്കി ചൂടുള്ള ഒരു കാപ്പിയുടെ രുചി , അരണ്ട ഇരുട്ടുള്ള വൈകുന്നേരങ്ങളില്‍ കൂട്ടുകാരുമൊത്ത് കലുങ്കിലിരുന്ന് പറയുന്ന രസക്കഥകളുടെ ഓര്‍മ്മകള്‍ , കോളേജ് ഹോസ്റ്റലിലെ മട്ടുപ്പാവില്‍ അരണ്ട നിലാവില്‍ കുടിച്ച ചാരായത്തിന്റെ ലഹരി , ഉച്ചക്ക് നരച്ച വെയിലില്‍ നിന്ന് കയറി വരുമ്പോള്‍ താളിച്ച കൂട്ടാന്റെ മണമുള്ള ഒരൂണ് , സ്വന്തം മുറിയില്‍ ഇഷ്ടപ്പെട്ട ഒരു പുസ്തകവുമായി ചടഞ്ഞിരിക്കുമ്പോഴുള്ള മടി - അങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര കൊച്ച് കാര്യങ്ങളാണ് ജീവിതത്തിന്റെ സൌന്ദര്യം നിറഞ്ഞ് നില്‍ക്കുന്നത്.


എങ്കിലുമറിയില്ലിപ്പോഴും അതിലുപരി എന്താണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന , ചിലപ്പോള്‍ ജീവിതം തന്നെ ഇല്ലാതെയാക്കുന്ന ആ ആസക്തിയെന്ന് അതൊരു അജ്ഞാതമായ സത്യമായിരിക്കട്ടെ ഒരിക്കലും മനസ്സിലാകാതെ പോകട്ടെ .

ഉപദംശം:-

ചിരിക്കാന്‍ വഹയുള്ള രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ . എന്താണ് ജീവിതത്തോടുള്ള അഭിനിവേശം -

ഈ ചോദ്യത്തിന് അവിവാഹിതനും കന്യകനുമായ ഒരു സുഹൃത്ത് പറഞ്ഞത് - Fucking
വിവാഹിതനും സാമാന്യം അവിഹിത വേഴ്ചാ വാഴ്ചകളുള്ളവനുമായ ഒരു സുഹൃത്ത് പറഞ്ഞത് - Drinking




Picture courtsy : -www.staroilpainting.com -{Allegory of lust for life - a famous oil painting by Hans makart ]

16 comments:

  1. ഈ നട്ടുച്ചക്കുമപ്പുറം ഒരു ഒരു തണല്‍ക്കാട്, നിലാമഴ, പുലരി, പിന്നെ ഹരിത ലോകം എന്നൊരു സ്വപ്നമായിരിക്കണം ഏതു ചുട്ടു പഴുത്ത വെയില്പ്പാതകളെയും ചവിട്ടി തള്ളാന്‍ ഒരു യാത്രികനെ പ്രേരിപ്പിക്കുന്നത് ...
    അല്ലെങ്കില്‍ സ്മരണകളുടെ ഭൂതകാല സ്വര്‍ഗ്ഗങ്ങളില്‍ പാനം ചെയ്ത അമൃതമായിരിക്കണം വരും യാത്രകള്‍ക്ക് ഊര്‍ജ്ജമാകുന്നത്....


    പ്രണയ മധുരത്തിന്റെ ഭൂതകാല സ്പര്‍ശം കൊണ്ട് തീപ്പാതകള്‍ താണ്ടാന്‍ തപിത മാനസര്ക്കാവുമെന്നതിനു ഞാന്‍ സാക്ഷി!

    ReplyDelete
  2. ജീവിതത്തോട് ആസക്തിയും ആഗ്രവും ഉണ്ടാക്കുന്നത് എന്തായാലും അത് വേദന ഉണ്ടാക്കുന്ന ഒന്നായിരിക്കും.ആസക്തിയിലും ആഗ്രഹത്തിലും അധിഷ്ഠിതമായി ഉണ്ടാകുന്ന സ്നേഹം മൂലം ഉണ്ടാകുന്ന വേദന ഉപയോഗശൂന്യമാണ്.പക്ഷേ അസ്വാഭാവികമായി ജീവിക്കുന്ന ഭൂരിപക്ഷം പേര്‍ക്കും ഉണ്ടാകുന്നത് ആ ഉപയോഗശൂന്യമായ വേദനയായിരിക്കും .
    അതിനെ അതിജീവിച്ച് കാരുണ്യത്തിലും മൈത്രിയിലും അധിഷ്ടിതമായ സ്നേഹത്തിലേക്ക് എത്തി ചേരാന്‍ ഉള്ള പ്രാപ്തി മിക്കവര്‍ക്കും ഇല്ല താനും.

    അസ്തിഥ്വവ്യഥ,ആസക്തി എന്ന വാക്കുകളുടേയൊക്കെ അര്‍ഥം അറിയാതെയും എന്താണ് ജീവിതം എന്തിനു ജീവിക്കണം,ജീവിതത്തിനു എന്തെങ്കിലും ലക്ഷ്യമുണ്ടോ? എന്ന ചോദ്യങ്ങള്‍ ചോദിക്കാതെ തന്നെ സമാധാനമായി ജീവിക്കുന്ന (പൂര്‍ണ്ണമായ സമാധാനം അല്ല ) ഭൂരിപക്ഷത്തിനു ഇതൊന്നും ഒരു ചോദ്യമല്ല .
    (പ്രസ്സില്‍ നിന്നും ഇന്നലെ തിരിച്ച് വീട്ടിലേക്ക് വന്നപ്പോ മനസില്‍ തോന്നിയത്)

    ReplyDelete
  3. മനുഷ്യന്റെ ജീവിതാസക്തി എന്തെന്ന് സാമാന്യവൽക്കരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല;ഒട്ടേറെ പാരമ്പര്യഘടകങ്ങളാൽ നിയന്ത്രി ക്കപ്പെടുന്ന സ്വഭാവസവിശേഷതകളാൽ നിർമ്മിക്കപ്പെട്ടതാണല്ലോ ഓരോ വ്യക്തിയും.! അപ്പോൾ, എന്റെ ജീവിതവീക്ഷണമായിരി ക്കുകയില്ല നിങ്ങളുടെ. ഈ ആപേക്ഷികത ജീവിതത്തോടുള്ള ത്വരയിൽ മാത്രമല്ല മിക്ക ഘടകങ്ങളിലും വർത്തിക്കുന്നുണ്ടല്ലോ.? ജീവിതം, മരണം എന്നീ പ്രതിഭാസങ്ങളിലൊക്കെ, മനുഷ്യന്റെ തലച്ചോറിനതീതമായ ഒരു മിസ്റ്ററി അടങ്ങിയിട്ടുണ്ടെന്നു തോന്നു ന്നു. ഇതൊക്കെ ആലോചിച്ച് ഉഴറിനടക്കാതെ, നിരുപാധിക മായി ജീവിതത്തെ, അതിന്റെ നിസ്സാരതകളെ ഒരു നാടകാഭി നയത്തിന്റെ ത്രില്ലോടെ അനുഭവിക്കുക..! അത്രയൊക്കെയേ ഉള്ളു ഈ ജീവിതം..!!എന്തറിഞ്ഞാൽ എല്ലാം അറിഞ്ഞതാ യിത്തീരും..?

    ReplyDelete
  4. എന്താണ് ജീവിതത്തിന്റെ ലക്ഷ്യമെന്ന് ഒരു അന്തിമ വിധിയിലെത്തിച്ചേരാന്‍ എഴുതിയതൊന്നുമല്ല, 127 അവേഴ്സ് കണ്ടപ്പോള്‍ തോന്നിയ ഒരു കൌതുകം , പിന്നെ സ്വയം ഇല്ലാതായവരും അല്ലാത്തവരുമായവരെക്കുറിച്ചോര്‍ത്തപ്പോള്‍ തോന്നിയ ചിലത് .

    @Alif - തീര്‍ച്ചയായും ചില പ്രതീക്ഷകള്‍ , ചില ഭൂതകാല സ്മരണകള്‍ ഇതൊക്കെ തന്നെയാവണം ഓരോ മനുഷ്യനെയും മുന്നോട്ട് നയിക്കുന്ന ഘടകങ്ങള്‍ , പ്രണയത്തെക്കുറിച്ച് ഞാനൊന്നും പറയുന്നില്ല :)
    ഉപബുദ്ധാ ജീവിതത്തോടെ നിസ്സംഗതയോടെ കണ്ട് സുഖ ദുഖങ്ങളില്ലാതെ ആരോടും അതിയായ വിധേയത്വമില്ലാതെ മിതമായ രീതിയില്‍ ജീവിച്ച് ജീവിതം ദുഖരഹിതമാക്കുന്നതിനെക്കാള്‍ എനിക്കിഷ്ടം ജീവിതത്തിന്റെ തീവ്രമായ അഭിനിവേശങ്ങളെ അതേ വികാരത്തോടെ ഏറ്റെടുക്കാന്‍ - അത് കൊണ്ട് ജീവിതം നശിച്ച് പോയാലും സങ്കടമുണ്ടാവില്ല

    ജീനുകള്‍ , തീര്‍ച്ചയായും അത് വല്ലാത്ത സംഗതി തന്നെയാണ് , ചിലപ്പോള്‍ വിധിയെന്ന് പറയുന്ന പോലെ തുടരുന്ന പാരമ്പര്യങ്ങളുണ്ട് , വൈകാരിക പ്രതിസന്ധികള്‍ പോലും . ജീവിതത്തെ മുന്നോട്ട് നയിക്കുന്നതില്‍ അജ്ഞാതമായ എന്തോ ഒരു പ്രേരണ എല്ലാവരിലുമുണ്ടാവണം , അത് തിരിച്ചറിയാതിരിക്കട്ടെ എന്നാണെന്റെ ആഗ്രഹം , ആ നിഗൂഡത തിരിച്ചറിഞ്ഞാല്‍ ജീവിതത്തിന്റെ ത്രില്‍ നഷ്ടപ്പെട്ടേക്കും

    ReplyDelete
  5. വളരെ മനോഹരമായിരിക്കുന്നു..ഞാന്‍ അധികം വായിക്കുന്ന ആളല്ല..മടികൊണ്ടാണ് കേട്ടോ..പക്ഷെ ഫേസ് ബുക്കില്‍ താങ്ങളുടെ ഒരു ലിങ്ക് കണ്ടു..
    അങ്ങനെയാണ് ഈ ബ്ലോഗില്‍ എത്തിയത്..വാന്‍ ഗോഗിനെ പറ്റി കണ്ടതുകൊണ്ട് വായിച്ചതാണ്..വായിക്കാന്‍ ഇടയായത് എന്‍റെ
    ഭാഗ്യം..സന്ദോഷം..

    ReplyDelete
  6. നന്നായി എഴുതി...ജീവിതം ഒന്നാലോചിച്ചാല്‍ ഒരു സമസ്യ തന്നെ. അതിന്‍റെ ഉത്തരം ഓരോരുത്തരുമാണ് കണ്ടെത്തേണ്ടത്. പല 'ഇസം'... 'വ്യക്തികള്‍'.. വാക്കുകള്‍... മതഗ്രന്ഥങ്ങള്‍ -ഇതൊക്കെ നമ്മെ അവിടെയ്ക്ക് നയിക്കും. പക്ഷെ ജീവിതം എന്തെന്നും എങ്ങനെ ...എന്നൊക്കെ തീരുമാനിയ്ക്കുന്നത് അവനവന്‍ തന്നെ. ഓരോരുത്തര്‍ക്കും ഒരു അഭിപ്രായം ഉണ്ട്...ഇവിടെയുള്ള കമന്റ്സ് വായിച്ചാല്‍ തന്നെ മനസ്സിലാവും. :) (If you like to read-it is about life-my opinion :)...http://writezo.com/)

    ReplyDelete
  7. dillis - :)നല്ല വാക്കിന് നന്ദി

    ഡെയ്സി കാവാലം - ഞാന്‍ വായിച്ചിരുന്നു ,ജീവിതത്തെക്കുറിച്ചുള്ള വീക്ഷണത്തിന്റെ ശുഭാപ്തിയുണ്ടതില്‍ .എനിക്ക് മാത്രം എന്തിനിങ്ങനെ സംഭവിക്കുന്ന എന്ന പരിദേവനങ്ങള്‍ മറ്റുള്ളവരെ കാണാതെയുള്ളതാണ് , ചുറ്റും നോക്കാതെയാണ് .

    സോക്രട്ടീസിന്റെ ഒരു കഥയുണ്ട് , കഥ സോക്രട്ടീസിന്റെ പേരിലാണ് കേട്ടിട്ടുള്ളത് വേറെ വല്ലവരുമാകാം - ലോകത്തുള്ള എല്ലാവരും വലിയ ദുഖിതരാണ് .അവര്‍ക്ക് മാത്രം ഈ അവസ്ഥകള്‍ എന്തിന് നല്‍കി എന്ന് ദൈവത്തോട് പരാതി പറഞ്ഞു .അപ്പോള്‍ ദൈവം പറഞ്ഞു നിങ്ങളെല്ലാവരും നിങ്ങളുടെ ദുഖങ്ങളും അസ്വസ്ഥതകളും ഒരിടത്ത് കൂട്ടിയിടൂ എന്നിട്ട് ദുഖങ്ങളും അസ്വസ്ഥതകളും കുറഞ്ഞ ഒരു ജീവിതാവസ്ഥ അതില്‍ നിന്ന് തിരഞ്ഞെടുക്കാം .എല്ലാവരും സമ്മതിച്ചു . പക്ഷെ തിരഞ്ഞെടുപ്പിനിടയില്‍ എല്ലാവരും ഒരു കാര്യം മനസ്സിലാക്കി അന്യന്റെ ദുഖവും കഷ്ടപ്പാടും തങ്ങളുടേതിനെക്കാള്‍ വലുതാണെന്ന് .

    അതാണ് ജീവിതം .ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് ജീവിതത്തെ വ്യത്യസ്ഥമാക്കുന്നഹ്

    ReplyDelete
  8. ദൈവം ഒരു സാങ്കല്പിക കഥയിലെ കഥാപാത്രം മാത്രമാണ് .ഞാന്‍ ദൈവ വിശ്വാസിയല്ല . :)

    ReplyDelete
  9. dear.........
    apratheeksithamayi ethippettathanu thangalude blogil
    vanna vazhi polum enikkormayilla .
    pandorupadu vayichirunnu..
    eppol veendum vayikkan karanamayathil santhosham.
    thangalude chindakan manoharamayiyirikkunnu...........

    ReplyDelete
  10. ലേഖനം വായിച്ചു...കമന്റുകളും.....നന്നായിരിക്കുന്നു..

    ആത്യന്തികമായി സന്തോഷം നിറഞ്ഞ ഒരു ജീവിതത്തിനു കൊതിക്കാത്തവര്‍ ആരാണുള്ളത്! എപ്പോള്‍ ജീവിതത്തില്‍ സന്തോഷം ഉണ്ടാകുന്നുവോ അത്രയേറെ ജീവിതത്തോട് ആസക്തി ഉണ്ടാവും എന്നാണ് എന്റെ അഭിപ്രായം. ജീവിതത്തോട് വിരക്തി എന്തുകൊണ്ടാണ് മനുഷ്യന് ഉണ്ടാവുന്നത് എന്ന് അപ്പോള്‍ പറയേണ്ടതില്ലലോ!

    >>>ദൈവം ഒരു സാങ്കല്പിക കഥയിലെ കഥാപാത്രം മാത്രമാണ്<<<

    ദൈവം ഒരു കഥാപാത്രം തന്നെ ആയിരിക്കട്ടെ. പക്ഷെ ആപത്തുകളില്‍ വേഷ പ്രശ്ചന്നന്‍ ആയി ഏതെങ്കിലും രൂപത്തില്‍ സഹായിക്കാന്‍ എത്തുന്നത്‌ ആ കഥാപാത്രം ആണ് എന്ന് ഞാന്‍ കരുതുന്നു.( ഞാന്‍ ഒരു പോസ്റ്റ്‌ ഈ വിഷയത്തില്‍ ഇട്ടിട്ടുണ്ട് ) വളരെ വിഷമിച്ചിരിക്കുന്ന അവസ്ഥയില്‍ സാന്ത്വനമായി ഒരു വാക്ക് ആരെങ്കിലും പറയുമ്പോഴും ആ കഥാപാത്രം തന്നെ ആണ് അത് പറയിപ്പിക്കുന്നത് എന്ന് കരുതാനാനിഷ്ട്ടം.

    ReplyDelete
  11. brilliant. ithil paranha ella pusthakangalum vayichittundu, ella cinemakalum kandittundu. ennirikkilum ithupole, oru thandu kandupidichu avaye korthinakkan oru vishnu padmanabhan vendivannu. i gaze with admiration anybody who has this kind of aesthetic observation.
    i believe that the more adversities you have, the more the fighter in you awake. they dont really have enough time to spare for anything else after fighting down all the ghosts. people who are acutely creative find everything in their life either inspirational or utterly boring. the latter ones dont see any reason to prolong their life..........they dont believe in the mere existence without creation.

    ReplyDelete
  12. ഒരു പോസ്റ്റ് ഇട്ട് ആറു മാസങ്ങള്‍ക്കപ്പുറം അത് ഒരാള്‍ വായിച്ചു അഭിപ്രായം പറയുമ്പോള്‍ ഫീല്‍ ഹാപ്പി ചന്ദ്രൂ .

    വില്ലേജ് മാന്‍ പറഞ്ഞത് കാര്യമാണ് - എപ്പോഴാണ് മനുഷ്യന് സന്തോഷം തോന്നുന്നത് അപ്പോള്‍ മനുഷ്യന്‍ കൂടുതല്‍ ജീവിതത്തെ പ്രണയിക്കും പക്ഷെ ഈ സന്തോഷം അതാണ് കാര്യം - എല്ലാം ഉണ്ടായിട്ടും ഒരു സന്തോഷമില്ലാത്ത ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട് .ഒരു പാട് ദുരിതങ്ങളുണ്ടായിട്ടും സന്തോഷത്തോടെ ഇതാണെന്റെ ജീവിതമെന്നു ജീവിച്ചു കാണിക്കുന്നവരെയും കണ്ടിട്ടുണ്ട് - പിന്നെ ദൈവം എന്ന ഒരു സംഗതി ഉണ്ടായിരിക്കണെ എന്നാത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ , ഉണ്ടെങ്കില്‍ ഇക്കണ്ട ടെന്‍ഷനൊക്കെ ദൈവത്തിന്റെ തലയില്‍ വെച്ചു ഞാന്‍ ചുമ്മാ ഒരു ചായയും കുടിച്ചിരുന്നേനെ ...ഉണ്ടാവട്ടെ .ഞാനൊരു ട്രഡീഷണല്‍ നിരീശ്വരവാദിയല്ല ഈശ്വരവാദിയെക്കാളും അധികം ഈശ്വരനെ കുറിച്ചു ആകുലപ്പെടുന്നവരാണ് നിരീശ്വരവാദികള്‍ അവര്‍ക്കെപ്പോഴും അതിനെകുറിച്ച് മാത്രെ ചിന്തിക്കാനും പറയാനും ഉള്ളൂ . ഉണ്ടെങ്കില്‍ നല്ലത് എന്നു കരുതുന്ന ഒരാള്‍ .

    ജയേച്ചി - I'm blushing , your words are made me to a simple smile . :) .

    once arundhathi roy told - " when you have an unsafe childhood, you never settle, no matter how old you get " it is absolutely true in my case . i was alone in my child hood and that might have influence my total character .often feels inferior, isolated ,and panic but i could easily transform all that in to some silly jocks , and i enjoyed that .

    ReplyDelete
  13. എന്താണ് ജീവിക്കാനുള്ള പ്രേരകശക്തി ? എന്തായിരിക്കും ഓരോ പ്രതിസന്ധിയിലും നമ്മെ മുന്നോട്ട് കൊണ്ട് പോകുന്ന ആ മഹാ പ്രലോഭനം ? സൌഭാഗ്യങ്ങളുടെ നടുവില്‍ നിന്ന് ഒരു വാക്കും പറയാതെ ഒരു സൌന്ദര്യ പിണക്കത്തിന്റെ അനന്തര ഫലമായി ജീ‍വിതത്തില്‍ നിന്ന് വിലപിച്ച് കൊണ്ട് പോകുന്നവര്‍ക്കും ഒരു ജീവിതകാലം മുഴുവന്‍ ദുരിതങ്ങളുമായി ജീവിച്ച് ജീവിതത്തെ നോക്കി പുഞ്ചിരിക്കുന്നവര്‍ക്കും ജീവിതത്തിലൊരു പ്രേരകശക്തിയുണ്ടാവും അത് നഷ്ടപ്പെടുമ്പോള്‍ ജീവിതത്തോടുള്ള ആസക്തിയും നഷ്ടപ്പെടും .

    ReplyDelete
  14. സുഖം തേടിയുള്ള ഒരു യാത്രയാണ് ജീവിതം.അതിനിടയില്‍ വീണു മരിക്കും .കിട്ടിയ സുഖങ്ങള്‍ അല്പം അനുഭവിച്ചാല്‍ നേതി നേതി എന്ന് പറഞ്ഞു വിരസതതോന്നി അവ ഒഴിവാക്കും .അല്ലെങ്കില്‍ അതില്‍ അല്ല സുഖം എന്നറിഞ്ഞു അടുത്തത്‌ തേടും :-)

    ReplyDelete
  15. സമൂഹം കല്‍പ്പിച്ചു തന്നിട്ടുള്ള ചില അലിഖിത ഉത്തരവാദിത്തങ്ങള്‍ നിറവേറ്റല്‍ അല്ലെങ്ങില്‍ അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ജീവിതം ലൈഫ് ഈസ്‌ എ ജേണി ഫോര്‍ ട്രബിള്‍ഷൂട്ടിംഗ്...

    -ഒരു ഫേസ്ബുക്ക് സുഹൃത്ത്.

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .