Like

...........

Sunday, 4 November 2012

വേദാന്തയുടെ വികസന മാതൃകകള്‍ - 2

ഈ സീരീസിന്റെ ആദ്യ ഭാഗം   ഇവിടെ  വായിക്കാം


                             നമ്മുടെ രാജ്യം വൈരുദ്ധ്യങ്ങളുടെ കലവറയാണ് . യാതൊരു വിധ നിയമങ്ങളും ബാധകമാകാത്ത വിധം കുത്തകകള്‍ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്തു കൊണ്ട് ലോകത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ഇടം പിടിക്കുന്നു അതേ സ്ഥലത്തു തന്നെ ജനങ്ങള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും പെട്ടു ദുസ്സഹമായ ജീവിതം നയിക്കുന്നു , പട്ടിണി മരണങ്ങള്‍ സംഭവിക്കുന്നു .  അനില്‍ അഗര്‍വാള്‍ ഏതാനും വര്‍ഷം കൊണ്ട്  ലോകത്തെ ഏറ്റവും വലിയ കോടീശ്വരനാകുന്നത് അയാള്‍ സൃഷ്ടിച്ച ഉല്‍പ്പന്നം വിറ്റഴിച്ചിട്ടോ അദ്ദേഹത്തിന്റെ അമ്മ വീട്ടില്‍ നിന്നു കൊണ്ടു വന്ന സമ്പത്തുപയോഗിച്ചിട്ടോ അല്ല ,നമ്മുടെ രാജ്യത്തെ പ്രകൃതി വിഭവങ്ങള്‍ ഊറ്റിയെടുത്തു കൊണ്ടാണ് ,അതു കൊണ്ടു മാത്രമാണ് .തുച്ഛമായ ഇടനില പൈസക്കു വേണ്ടി ഗവണ്മെന്റുകള്‍ അമൂല്യമായ ഈ സമ്പത്തു കുത്തകകള്‍ക്കു തീറെഴുതികൊടുക്കുന്നു . വേദാന്തക്കും ജിണ്ടാലിനും ടാറ്റാ സ്റ്റീലിനും റിലയന്‍സിനും അവരുടെ സമ്പത്തിന്റെ മൂല്യം പല മടങ്ങു വര്‍ദ്ധിപ്പിക്കാനുള്ള ഉപാധി മാത്രമാണ് ഈ നാട്ടിലെ മണ്ണും പുഴയും കാടുമെല്ലാം .എല്ലാ ഊറ്റലുകള്‍ക്കും അവസാനം ഊഷരമായ വനവും വറ്റി വരണ്ട പുഴകളും ഇടിഞ്ഞു പൊളിഞ്ഞ മലകളും മാത്രമായിരിക്കും നമുക്കു ബാക്കിയാവുക .

                     ഇത്ര അമൂല്യമായ  പ്രകൃതി വിഭവങ്ങള്‍ ഉപയോഗിക്കരുത് എന്നല്ല പറഞ്ഞു വരുന്നതു പക്ഷെ ഏകകേന്ദ്രീകൃതമായ ഒരു കുത്തകക്കു തീറേഴുതികൊടുക്കാനുള്ള ഒന്നല്ല ഇതെല്ലാം .ഊഷരമായ ഭൂമിശാസ്ത്രമുള്ള അറബ് രാജ്യങ്ങളുടെ സമ്പത്തിക ഭദ്രതക്കും സാമൂഹ്യ വികസനത്തിനും  പെട്രോളിയം എങ്ങനെ ഉപയോഗപ്പെട്ടൂവെന്നു നമുക്കറിയാം .അതു പോലെ തന്നെ നമ്മുടെ രാജ്യത്തിനും അമൂല്യമായ പ്രകൃതി വിഭവങ്ങളുണ്ട് .ലോകത്തിനാവശ്യമായ മൂലകങ്ങളും അസംസ്കൃത ലോഹങ്ങളുമുണ്ട് അതെല്ലാം ഏതാനും കുത്തകകളുടെ കുടുംബ സ്വത്തായി മാറുന്നതാണ് നമ്മുടെ ദുരവസ്ഥ . ഖനനത്തിനു  കൃത്യമായ  നിയമ നിര്‍മ്മാണങ്ങളുണ്ടാകണം , രാജ്യത്തിന്റെ വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനു ആവശ്യമായ പ്രതിഫലം നിജപ്പെടുത്തണം ,സമതുലിതമായ വികസന രൂപമുണ്ടായിരിക്കണം ,തദ്ദേശീയരായ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കണം ,പാരിസ്ഥിതിക നാശങ്ങളെ കുറിച്ചു കൃത്യമായ പഠനങ്ങളുണ്ടാകുകയും അതിനനുസരിച്ചു നയങ്ങളില്‍ മാറ്റം വരുത്തുകയും വേണം .  - തേങ്ങാക്കൊല നടക്കും . :)



ഇന്‍ഡ്യയിലേറ്റവും ദരിദ്രമായ സംസ്ഥാനങ്ങളിലൊന്നാണ് ഒറീസ . വരള്‍ച്ചയും ദാരിദ്ര്യവും കൂടി നരക തുല്യമായ ജീവിതം നയിക്കുന്ന മനുഷ്യന്‍ ,അതിനൊപ്പം ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളും വര്‍ഗ്ഗീയ കലാപങ്ങളും . പ്രശസ്ത പത്ര പ്രവര്‍ത്തകനായ പി .സായിനാഥിന്റെ - Everyone loves a good drought എന്ന കൃതി രാജ്യത്തെ ഏറ്റവും ദരിദ്രമായ ജനപഥങ്ങളിലൂടെയുള്ള ഒരു അനുഭവ സഞ്ചാരമാണ് , ആ കൃതിയില്‍ 1980 കളില്‍ രാജ്യത്താകമാനം  ശ്രദ്ധയാകര്‍ഷിച്ച ഒരു സംഭവത്തെ കുറിച്ചു പറയുന്നുണ്ട് . ഒറീസയിലെ കാലഹണ്ടിയില്‍  ദാരിദ്ര്യം കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 രൂപക്കു വിറ്റുവെന്ന കുപ്രസിദ്ധമായ വാര്‍ത്തയാണത് [സായി നാഥ് ആ വാര്‍ത്തയെ ഇന്‍ഡ്യയിലെ പത്രപ്രവര്‍ത്തകരുടെ താല്‍ക്കാലിക ആഘോഷ സമീപനത്തിന്റെ മാതൃകയായാണ് വിവരിക്കുന്നത് ] പക്ഷെ 1980  കഴിഞ്ഞു 30 വര്‍ഷം മുന്നോട്ടു പോയിട്ടൂം  ഒറീസ്സയിലെ ആ അവസ്ഥക്കു മാറ്റമൊന്നുമില്ല 2012 ല്‍ കൂടി ദാരിദ്ര്യം കൊണ്ട് പ്രായപൂര്‍ത്തിയാകാത്ത മകളെ വിറ്റ കാലഹണ്ടിയിലെ ഒരു കര്‍ഷകന്റെ വാര്‍ത്ത ഒരു ദേശീയ ദിനപത്രത്തില്‍ വായിച്ചിരുന്നു . വാര്‍ത്തയാകാന്‍ മാത്രമുള്ള അസ്വാഭാവികതയൊന്നുമില്ലാത്തത് കൊണ്ടാവണം വരള്‍ച്ചയും പട്ടിണിയും കൊണ്ട് മരണപ്പെടുന്ന കര്‍ഷകരുടെ വാര്‍ത്ത ഇപ്പോള്‍ കാണാറില്ല എങ്കിലും അതും മുടക്കമൊന്നുമില്ലാതെ അവിടെ നടക്കുന്നുണ്ട് .പക്ഷെ ലോകത്തെ തന്നെ ഏറ്റവും ധ്രുത ഗതിയില്‍ സമ്പത്തു സൃഷ്ടിക്കപ്പെടുന്ന വേദാന്തയുടെ അലുമിനിയം ഖനന വരുമാനത്തിന്റെ വലിയൊരു പങ്കും വരുന്നത്  ഒറീസ്സയില്‍ നിന്നാണ് , ശതലക്ഷം കോടികള്‍ . ഏറ്റവും വലിയ അലുമിനിയം പ്ലാന്റ് ഒറീസയിലെ  ജാര്‍സ് ഗുഡയിലാണ് ,6 MTPA ശേഷിയുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ അലുമിനിയം പ്ലാന്റ്  ഒറീസയിലെ ഏറ്റവും ദരിദ്രപ്രദേശമായ കാലഹണ്ടിയിലാണ് [യാതൊരു അനുമതിയുമില്ലാതെ സംരക്ഷിത വന പ്രദേശത്തു നിയമ വിരുദ്ധമായി പ്ലാന്റ് വികസനം നടത്തിയത് കൊണ്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം താല്‍ക്കാലികമായി പ്രവര്‍ത്തനാനുമതി നിഷേധിച്ചിരിക്കുകയാണ് - പക്ഷെ വകുപ്പില്‍ നിന്നു  ജയറാം രമേഷിനെ മാറ്റിയ നിലക്കു അതു   പുനസ്ഥാപിക്കാന്‍ സാധ്യതയുണ്ട്  -അതിലേക്കു വഴിയേ വരാം ] . 

ഒറീസയിലെ ഗവണ്മെന്റ് ഇടനിലക്കാര്‍ .

ഒറീസ്സയില്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നേരിട്ടാണ് വേദാന്തയുടെ ഇടനിലക്കാരനാകുന്നത് ,ഇക്കാര്യത്തില്‍ മറ്റു ചെറുകിടക്കാരെയൊന്നും ഉള്‍പ്പെടുത്താതെ നേരിട്ടു ഇടപെടുന്നതാണ് എളുപ്പമെന്നു പട് നായിക്കിനു തോന്നിക്കാണണം  .രണ്ട് വര്‍ഷം മുമ്പ് 2010 ലാണ്  അനില്‍ അഗര്‍വാളിനു ഇങ്ങനെയൊക്കെ നാടു കുഴിച്ചു കുളം തോണ്ടി കാശുണ്ടാക്കിയാല്‍ മാത്രം പോരാ അല്പം  വേദാന്തവും ആര്‍ഷ ഭാരത സംസ്കൃതിയുമൊക്കെ പഠിപ്പിക്കാന്‍ സ്വന്തം പേരില്‍ ഒരു സര്‍വ്വകലാശാല വേണമെന്നു തോന്നുന്നത്  - ഒരു കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി ഗിമ്മിക്ക് . ഉടന്‍ തന്നെ ഒറീസ്സാ സര്‍ക്കാര്‍ വേദാന്തക്കു വേണ്ടി ഒറീസയിലെ പുണ്യനഗരമായ പുരിയില്‍  4000 ഏക്കര്‍ ഏറ്റെടുത്തു കൊടുത്തു .നിലവിലുള്ള എല്ലാ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളെയും ലംഘിച്ചു കൊണ്ട്  സര്‍ക്കാര്‍ തന്നെയാണ് ഈ ഭൂമി ഏറ്റെടുത്തത് . കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ എല്ലാ വിധ പരിരക്ഷകളും നല്‍കികൊണ്ട് അനുഗ്രഹിച്ചാശീര്‍വാദിച്ച് പ്രധാന മന്ത്രി മന്‍ മോഹന്‍ ജി ഉല്‍ഘാടനം ചെയ്ത അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന്റെ [ AAF ] വേദാന്ത വിശ്വസര്‍വ്വകലാശാലയെന്ന 15000 കോടിയുടെ പദ്ധതിക്കു തറക്കല്ലിട്ടു .അപ്പോഴാണ് പ്രശ്നത്തിന്മേല്‍  സ്വദേശി ജാഗരണ്‍ മഞ്ചും മറ്റ് ചില സ്വകാര്യ വ്യക്തികളും ഇടപെടുന്നത് .എല്ലാ വിധ ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങളെയും ലംഘിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഈ 4000 ഏക്കര്‍ ഏറ്റെടുത്തിരിക്കുന്നത് . കേസ് കോടതിയില്‍ പോയി  സര്‍ക്കാര്‍ ഏറ്റെടുത്ത 4000 ഏക്കര്‍  ഭൂമിയിന്മേല്‍     ഒറീസ്സാ ഹൈക്കോടതി സ്റ്റാറ്റസ് ക്വോ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നു .വളരെ ചെറിയ വാര്‍ത്തയായി മുഖ്യധാരാ മാധ്യമങ്ങളില്‍ ഒതുങ്ങിക്കൂടിയ ഈ വാര്‍ത്തയുടെ പ്രാധാന്യം വളരെ വലിയ മാനങ്ങളുള്ളതാണ് .കാരണം ഒരു സ്വകാര്യ കമ്പനിക്കു വേണ്ടി സര്‍ക്കാര്‍ തന്നെ എല്ലാ വിധ നിയമങ്ങളും ലംഘിച്ചു ഭൂമി ഏറ്റെടുക്കുകയും അതിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു തന്നെ വേദാന്തക്കനുകൂലമായി കേസില്‍ കക്ഷി ചേരുകയും ചെയ്യുകയുണ്ടായി .
.
നിയുക്ത സര്‍വ്വകലാശാലക്ക് വേണ്ടി   4000 ഏക്കറോളം  ഭൂമിയാണ് ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച എല്ലാ നിയമങ്ങളെയും തൃണവല്‍ക്കരിച്ച് കൊണ്ട്  ‍ അനില്‍ അഗര്‍വാള്‍ ഫൌണ്ടേഷന് ഒറിസ്സാ ഗവണ്മെന്റ് ഒരു ഇടനിലക്കാരനായി നിന്ന് ഏറ്റെടുത്തത് .സ്വദേശി ജാഗരന്‍ മഞ്ച് അടക്കം നിരവധി ഹര്‍ജിക്കാരുടെ പരാതിയിന്മേലാണ് ഒറീസാ ഹൈക്കോടതി ഭൂമി അതിന്റെ  ഉടമകള്‍ക്ക് തിരിച്ച് നല്‍കാനുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത് . നിരവധി ഹര്‍ജ്ജിക്കാരിലൊരാളായ അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ പറയുന്നത് പ്രകാരം ഒരു പ്രൈമറി സ്കൂള്‍ പോലും നടത്തി പരിചയമില്ലാത്ത വേദാന്തയെന്ന മൈനിങ്ങ് കമ്പനിക്കാരുടെ വിശ്വസര്‍വ്വകലാശാലയെന്ന ലക്ഷ്യത്തിന് പിന്നില്‍ തീര്‍ച്ചയായും മറ്റ് പല അജണ്ടകളുമുണ്ടാകും .വേദാന്ത സര്‍വ്വകലാശാല ഒറീസ്സയില്‍ വിശ്വസര്‍വ്വകലാശാല തുടങ്ങുന്നതിന് മുമ്പ് തന്നെവേദാന്തയുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത കൂടി വന്നിരുന്നു , അന്താരാഷ്ട തലത്തില്‍ തന്നെ ഏറെ വിവാദവിഷയമായെങ്കിലും ഇന്‍ഡ്യയില്‍ അത് അത്രയധികം കേട്ടിരുന്നില്ല . ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നൊഴിഞ്ഞ് നില്‍ക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നുണ്ടെന്ന് തോ‍ന്നുന്നു .




നിയമഗിരിയിലെ കയ്യേറ്റത്തിന്റെ കഥ .

 ദക്ഷിണ ഒറീസയിലെ ഡൊങ്ക്രിയാ കോന്താ [Dongria Kondh ] വിഭാഗത്തിലുള്ള നിരക്ഷരരായ ആദിമ ഗോത്ര നിവാസികള്‍ മാത്രം താമസിക്കുന്ന നിയമഗിരി [The mountain of law ] മലനിരകള്‍‍ പരിസ്ഥിതി നിയമങ്ങളുടെ പ്രാഥമിക ചട്ടങ്ങള്‍ പോലും ലംഘിച്ച് കൊണ്ടാണ് വേദാന്തക്ക്   ബോക്സൈറ്റ് ഖനനത്തിന് വേണ്ടി  കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ അനുമതി കൊടുത്തത് .മറ്റെവിടെയും വേരുകളില്ലാത്ത ആദിമഗോത്രവിഭാഗമാണ് നിയമഗിരിയിലെ ഡോങ്ക്രിയ കോന്താ ആദിവാസികള്‍. നിയമഗിരി അവരുടെ പുണ്യസ്ഥലമാണ്.  അവരാ കുന്നിന്‍ ചെരിവുകളില്‍ കൃഷി ചെയ്യുന്നു, അതിന് ചുറ്റുമൊഴുകുന്ന അരുവികളില്‍ നിന്ന് വെള്ളമെടുക്കുന്നു ,ഒരു മരക്കൊമ്പ് പോലും മുറിക്കാതെ വനവിഭവങ്ങള്‍ കൊണ്ട് അവര്‍ ജീവിക്കുന്നു .ആ പ്രകൃതിയില്‍ നിന്ന് വേറിട്ടൊരു ജീവിതം പോലും അവര്‍ക്ക് ചിന്തിക്കാനാവില്ല , അങ്ങനെയുള്ള നിയമഗിരി കുന്നുകളാണ് വേദാന്ത കമ്പനിക്കാര്‍ ഇടിച്ച് തകര്‍ത്ത് ഖനനം ചെയ്യാന്‍ പോകുന്നത് , അവരുടെ ആവാസ വ്യവസ്ഥയാണത് , ദൈവം പോലുമാണ് .ദൈവത്തിന്റെ കാര്യം പോട്ടെ കുറെ പാവം  മനുഷ്യരുടെ ജീവനും ജീവിതവുമാണ് .

2003 ലാണ്  ലഞ്ചിഗഡില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ വേദാന്താ അലുമിനിയം ലിമിറ്റഡിന് പ്ലാന്റ് സ്ഥാപിക്കാന്‍  അനുവദിച്ച് കൊണ്ട്  ഒറീസ്സാ സര്‍ക്കാര്‍ എം ഓ യു [Memorandum Of Understanding ]ഒപ്പ് വെച്ചത് .സംരക്ഷിത വന മേഖലയില്‍ പ്ലാന്റ് സ്ഥാപിക്കാനായി അനുമതി പത്രത്തിന്റെ അപേക്ഷയില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ച് വെച്ച് കൊണ്ടാണ് അനുമതി വാങ്ങിയതെന്ന് പിന്നീട് നടന്ന ഒരു തെളിവെടുപ്പില്‍ സുപ്രീം കോടതി  നിയമിച്ച  സക്സേന കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട് .ലഞ്ചിഗഡിലെ അലുമിനിയം പ്ലാന്റിലേക്കുള്ള ബോക്സൈറ്റ് ഖനനത്തിനായാണ് വേദാന്ത നിയമഗിരിയില്‍ ഖനനത്തിന് അനുമതി നേടിയത് . പ്രാരംഭഘട്ടത്തില്‍ തന്നെ തദ്ദേശീയരായ ആദിവാസികളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രാദേശിക അധികാര സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രക്ഷോഭത്തിലേര്‍പ്പെട്ടവരെ തല്ലിച്ചതച്ച് കൊണ്ട് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണുണ്ടായത് ,നവീന്‍ പട്നായിക്കിന്റെ സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും വേദാന്ത കമ്പനിയുടെ ഗുണ്ടകളായാണ് പ്രവര്‍ത്തിച്ചിരുന്നത്  . ഭരണ കൂടത്തിന്റെ കൂട്ടിക്കൊടുപ്പുകള്‍ നിസ്സഹായരാക്കിയനിയമഗിരിയിലെ ആദിവാസികള്‍ മനുഷ്യാവകാശ സംഘടനകളുടെയും പരിസ്ഥിതി വാദികളുടെയും സഹകരണത്തോടെ‍  ഖനനത്തിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ കൊടുത്തു  .

 ഖനനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍  വേദാന്തയുടെ ഖനനാനുമതി പുന:പരിശോധിക്കാനും യഥാര്‍ത്ഥ വസ്തുതകളുടെ  തെളിവെടുപ്പിനുമായി  സുപ്രീം കോടതി ഒരു  സെന്ട്രല്‍ എമ്പവേഡ്  കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി .

സെണ്ട്രല്‍ എമ്പവേഡ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ .

വനം പരിസ്ഥിതി വിഷയങ്ങളില്‍ സുപ്രീം കോടതിയുടെ പരിഗണനക്ക് വരുന്ന പരാതികളിന്മേല്‍  ശരിയായ നിഗമനത്തിലെത്തിച്ചേരാനായി അതത് വിഷയങ്ങളില്‍ പ്രാവീണ്യമുള്ള വ്യക്തികളുടെ വിദഗ്ദ്ധമായ അഭിപ്രായം സ്വരൂപിക്കാന്‍  രൂപീകൃതമായ  സ്വതന്ത്രാന്വേഷണ കമ്മിറ്റിയാണ്  -  Central Empowered Committee  [C E C ]    1986 ലെ Environment (Protection) Act,   നെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ രൂപീകരണം .
  

സി.ഇ.സി  യുടെ വിശദമായ പരിശോധനയില്‍ വേദാന്ത റിസോഴ്സിന്  അലുമിനിയം ശുദ്ധീകരണ ശാലയ്ക്കായി    58 .93 ഹെക്ടറും ഖനനത്തിനായി  672  ഹെക്ടര്‍  നിബിഡ വന ഭൂമിയ്ക്ക് മേലാണ്  പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും   പ്രാരംഭാനുമതി ലഭിച്ചത് . ഈ പദ്ധതി പ്രദേശം സംരക്ഷിത വന മേഖലയാണ് എന്നത് പോലും പരിഗണിക്കാതെയായിരുന്നു ഈ നടപടി   ഇതില്‍ തന്നെ ഖനനത്തിന്റെ കാര്യം മറച്ച്  കൊണ്ടാണ് അനുമതി നേടിയത്  .   അതിപ്രാചീനമായ ഒരു സംസ്കൃതിയുടെ ശേഷിപ്പ് മാത്രമായിരുന്നില്ല നിയമഗിരി കുന്നുകള്‍ , അതി സമ്പന്നമായ ജൈവ വ്യവസ്ഥയുടെ മറ്റൊരു ലോകമായിരുന്നു , ലോകത്ത് വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ഇനം ജൈവവൈവിധ്യത്തിന്റെ അമൂല്യമായ കലവറ , നിബിഡ വനങ്ങള്‍ , പ്രധാനപ്പെട്ട രണ്ട് നദികളുടെ ജലസ്രോതസ്സുകള്‍  , അത് കൊണ്ടെല്ലാം തന്നെ  നിയമഗിരികുന്നുകളിലെ ഖനനം അവിടത്തെ പരിസ്ഥിതിയെ സാരമായി ബാധിക്കുമെന്ന് സി.ഇ.സി കണ്ടെത്തി . 

സി ഇ സി യുടെ വിദഗ്ദ പാനല്‍  സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇപ്രകാരം പറയുന്നു

“ പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശമായ നിയംഗിരിയിലെ വനങ്ങള്‍  ഖനനതിനായി ഉപയോഗപ്പെടുത്തുന്നത് അനുവദിക്കാന്‍  പാടില്ലാത്തതാണ് .   ദേശീയ   പൊതു താല്പര്യങ്ങള്‍  സംരക്ഷിക്കേണ്ട സംസ്ഥാന ഗവര്‍ണ്മെന്റൂം പരിസ്ഥിതി മന്ത്രാലയവും  പരിസ്ഥിതി സംരക്ഷണത്തിനും  ജനതാല്പര്യത്തിനും യാതൊരു വിധ പരിഗണനയും കൊടുക്കാതെ, അലുമിന പ്രോജക്ടിന്റെ ആവശ്യങ്ങള്‍ക്ക് വനഭൂമി വിട്ട്‌ കൊടുക്കുന്നതില്‍ തികച്ചും അലസവും അലക്ഷ്യവും ഒപ്പം പക്ഷ്പാതപരവുമായ നിലപാടാണ്  സ്വീകരിച്ചത് . ഈ തരത്തില്‍ ഉള്ളതും ഇത്രയും ഭീമമായ മുതല്‍ മുടക്ക് ഉള്ളതുമായ ഒരു പദ്ധതി വിഭാവനം ചെയ്യുമ്പോള്‍ തന്നെ അതിനെ സാധ്യതകളെ കുറിച്ച് വിശദമായി പഠിച്ചിരുന്നു എങ്കില്‍, സ്വാഭാവികമായി ഉയര്‍ന്നു വന്നിരുന്ന പരിസ്ഥിതി പരമായ ആശങ്കകള്‍ ഉള്‍ക്കൊണ്ടു കൊണ്ട് , പദ്ധതി  തുടക്കത്തില്‍ തന്നെ ഉപേക്ഷിക്കപ്പെടേണ്ടതായിരുന്നു  .  മേല്‍ ഖണ്ടികകളില്‍ വിശദീകരിച്ചിരിക്കുന്നന്ന വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്  അലുമിന പ്രോജക്ടിനായി 22.9.2004 ഇല്‍  പരിസ്ഥിതി മന്ത്രാലയം  നല്‍കിയ ക്ലിയറന്‍സ് ബഹുമാനപ്പെട്ട കോടതി റദ്ദു ചെയ്യണം എന്നും ഒപ്പം പദ്ധതിയുടെ എല്ലാ വിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും  തടയണം എന്നും അഭ്യര്‍ത്ഥിക്കുന്നു . ലഞ്ചിഗഡില്‍ സ്ഥാപിച്ചിരിക്കുന്ന അലുമിനിയം പ്ലാന്റ് നിയമഗിരി ഖനനത്തിന് വേണ്ടി മാത്രമാണ് സ്ഥാപിച്ചിരിക്കുന്നതെന്നതിനാല്‍   മറ്റൊരു ബോക്സൈറ്റ് ഘനി കണ്ടെത്തിയതിന്  ശേഷം മാത്രം  അവിടെ പദ്ധതി പരിഗണിക്കാന്‍ പാടുള്ളൂ “ 

  പക്ഷെ അല്‍ഭുതകരമെന്ന് പറയട്ടെ    രണ്ട് വര്‍ഷം നീണ്ട് നിന്ന കേസ് വിസ്താരത്തില്‍ സുപ്രീം കോടതി സി ഇ സി യുടെ റിപ്പോര്‍ട്ടിനെ ഫലത്തില്‍ തമസ്കരിക്കുക മാത്രമല്ല  ആദിവാസികള്‍ക്ക് വേണ്ടി ഹാജരായ സഞ്ചയ് പരേഖിനെ കേസിന് വേണ്ടി എന്തെങ്കിലും പറയാന്‍ പോലും അനുവദിക്കാതെ വേദാന്തക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു .വേദാന്ത റിസോഴ്സിന്റെ  ഖനനത്തിനനുകൂലമായി  പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ച് അന്തിമ വിധിയെ ന്യായീകരിക്കുന്നത് വന്‍ സാമ്പത്തിക ശക്തിയായിക്കൊണ്ടിരിക്കുന്ന ഇന്‍ഡ്യയുടെ ജി ഡി പി ശതമാനക്കണക്ക് ചൂണ്ടിക്കാണിച്ച് കൊണ്ട് ‍ സമ്പദ് വ്യവസ്ഥയുടെ മറുപുറത്ത് ദാരിദ്ര്യത്തില്‍ കഴിയുന്ന ദരിദ്രരായ ആദിവാസികളെയോര്‍ത്ത് ആശങ്കപ്പെട്ടു കൊണ്ടാണ്  . 

 ഈ വിധി അധാര്‍മ്മികമാണെന്ന  അഡ്വൊക്കേറ്റ് പ്രശാന്ത് ഭൂഷന്റെ പരാമര്‍ശത്തിനെതിരെ  കോടതിയലക്ഷ്യ കേസ്  ഉണ്ടായിരുന്നു . ടെഹല്‍ക്കക്ക് കൊടുത്ത ഒരു  അഭിമുഖത്തില്‍ ഈ വിധി പുറപ്പെടുവിച്ച മൂന്നംഗ ഫോറസ്റ്റ് ബെഞ്ചില്‍ ഉള്‍പ്പെട്ട ഇപ്പോഴത്തെ  ചീഫ് ജസ്റ്റിസ് കപാഡിയക്ക് വേദാന്ത റിസോഴ്സില്‍ ഓഹരികളുള്ളതിനാല്‍ ഈ വിധി അധാര്‍മ്മികമായിരുന്നു എന്നാണദ്ദേഹം പറഞ്ഞത് .ജസ്റ്റിസ് കപാഡിയയുടെ സാമ്പത്തിക സത്യസന്ധതയില്‍ സംശയമില്ലെങ്കിലും വേദാന്ത  റിസോഴ്സില്‍ ഓഹരി നിക്ഷേപം ഉള്ള സ്ഥിതിക്ക്  അതേ  കമ്പനിയുമായി ബന്ധപ്പെട്ട ഒരു   വിധി പ്രസ്താവത്തില്‍ നിന്നും കേസ് വിചാരണയില്‍ നിന്നും വിട്ട് നില്ക്കുകയായിരുന്നു ന്യായാധിപന്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യേണ്ടിയിരുന്നത്  അത് കൊണ്ട് തന്നെ ധാര്‍മ്മികമായി അദ്ദേഹം ചെയ്തതിനോട് യോജിക്കാനാവുന്നില്ലെന്ന്   പ്രശാന്ത് ഭൂഷണ്‍  കോടതിയലക്ഷ്യത്തിന്മേലുള്ള തന്റെ സത്യവാങ്ങ്മൂലത്തില്‍  സുപ്രീം കോടതി മുമ്പാകെ   ബോധിപ്പിച്ചിട്ടുണ്ട്.

വേദാന്തക്കനുകൂലമായ  സുപ്രീം കോടതി വിധിയില്‍   കോടതി വ്യവഹാരത്തിന്റെ സാങ്കേതികതക്കപ്പുറം  വഴി വിട്ടൊന്നും നടന്നിട്ടില്ല എന്ന് വിശ്വസിക്കുമ്പോള്‍ തന്നെയും ജനങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചുമുള്ള കോടതിയുടെ കാഴ്ചപ്പാട് ചിന്താവിഷയമാകുന്നുണ്ട് . വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍  കൃത്യമായി നിര്‍വചിക്കാത്തിടത്തോളം കാലം ഇത്തരം വികസനങ്ങളില്‍ കോടതിക്കോ പൊതു സമൂഹത്തിനോ വിരുദ്ധാഭിപ്രായമുണ്ടാവാന്‍ വഴിയില്ല .പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങളുടെ വികസനത്തെക്കുറിച്ച് ഭരണകൂടങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എന്നും ഒരേ നിലപാടാണ് , അപരിഷ്കൃതരായ അവരെ സംസ്കരിച്ചെടുത്ത് മുഖ്യധാരയില്‍ അവതരിപ്പിക്കുക എന്നതാണ് കാലങ്ങളായി ചൂഷണങ്ങള്‍ക്കുള്ള ന്യായീകരണമായി അവര്‍ ഒറ്റക്കെട്ടായി പറഞ്ഞ് വരുന്ന ന്യായം.വനഭൂമിയുടെ അരക്ഷിതാവസ്ഥയില്‍ നിന്നും അവരെ കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെ സുരക്ഷയിലേക്ക് പറിച്ച് നടുന്നതിനെക്കുറിച്ചാണ് എല്ലാ വികസന മാതൃകകളും ചിന്തിക്കുന്നത് . വികസനത്തിന് വേണ്ടിയാണെന്ന ന്യായീകരണം കൂടിയാവുമ്പോള്‍ അത്തരം വികസന കാഴ്ചപ്പാടുകള്‍ക്ക് ‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നു .കൂടുതല്‍ മെച്ചപ്പെട്ട ഒരു ജീവിതമെന്ന വാഗ്ദാനമാണ് കുടിയൊഴിപ്പിക്കലുകള്‍ക്ക് മറുപടിയായി ഭരണകൂടങ്ങളും കോടതിയും പറയുന്നത് .വികസനത്തിന്റെ പേരില്‍ ഒരു രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാനപരമായ അവകാശങ്ങളെ നിഷേധിച്ച് കൊണ്ട് ബഹുരാഷ്ട്ര കുത്തകളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള  ഭരണകൂട നിലപാട് തന്നെ കോടതിയും ആവര്‍ത്തിക്കുമ്പോള്‍ അവസാന അത്താണിയും നഷ്ടപ്പെട്ട് പോകുന്ന അവസ്ഥയില്‍ വികസനത്തെക്കുറിച്ച് ധാര്‍മ്മികമായ ഒരു കാഴ്ചപ്പാട് അനിവാര്യമാണ്. കോര്‍പ്പറേറ്റുകളുടെ ആദിവാസി മേഖലയിലെ വികസന പദ്ധതികള്‍ അവരുടെ ചരക്കു കൊണ്ടു പോകാന്‍ തുറമുഖത്തേക്കുള്ള റോഡ് + റെയില്‍ പാതകള്‍ നിര്‍മ്മിക്കുക എന്നതാണ് ,അതവര്‍ വൃത്തിയായി ചെയ്യുന്നുമുണ്ട് .

 അവസാന പ്രതീക്ഷയായ പരമോന്നത നീതി ന്യായ കോടതിയും കൈവിട്ടതോടെ കുടിയൊഴിക്കപ്പെടുമെന്ന ഭീഷണിയിലും പൊരുതാനുള്ള നിരക്ഷരരായ നിയമഗിരി നിവാസികളുടെ സമരം ലോകത്തിന്റ് പല ഭാഗങ്ങളിലുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു .നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കായി  ലോകത്തിന്റെ പല ഭാഗങ്ങളിലും‍ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നു . ആംനസ്റ്റിഇന്റര്‍ നാഷണലും നിരവധി മനുഷ്യാവകാശ സംഘടനകളും നേരിട്ട് തന്നെ ഇടപെട്ടു .ആംനസ്റ്റി ഇന്റര്‍നാഷണല്‍ നടത്തിയ തെളിവെടുപ്പിന് ശേഷം ഖനനം അനുവദിക്കരുതെന്നാ‍വശ്യപ്പെട്ടു കൊണ്ട് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു .  അവസാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് നടപടിയെടുക്കാതെ വയ്യ എന്ന നിലയിലേക്ക് കാര്യങ്ങള്‍ വന്നപ്പോള്‍ മാത്രമാണ് ഖനനത്തിന് നല്‍കിയ അനുമതി റദ്ദ് ചെയ്ത് കൊണ്ട് പരിസ്ഥിതി മന്ത്രാലയം നടപടിയെടുത്തത് . ഈ നടപടിയെടുക്കാനുള്ള ആര്‍ജ്ജവം കാണിച്ചത്  മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശാണ് , നമ്മുടെ നാട്ടില്‍ ആ‍രാധാനലയങ്ങള്‍ക്കു പകരം കക്കൂസാണ് വേണ്ടതെന്നു പറഞ്ഞ, കേന്ദ്ര സര്‍ക്കാറില്‍ മനുഷ്യ മുഖമുള്ള ഒരേ ഒരു മന്ത്രി ,എന്തായാലും ധീരമായ ആ നടപടിക്കുള്ള പ്രതിഫലം അടുത്ത മന്ത്രി സഭാ വികസനത്തില്‍ തന്നെ കിട്ടി  -ജയറാം രമേശ്  പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഔട്ട്  -ഗ്രാമീണ കാര്യ മന്ത്രിയായി - ഒന്നു രണ്ട് കൊല്ലത്തിനുള്ളില്‍ തന്നെ നിയമ ഗിരി ഇടിച്ചു പൊളിക്കാനും ലാല്‍ ഗഡിലെ അനധികൃത അലുമിനിയം പ്ലാന്റ് വീണ്ടും അതിന്റെ ശേഷി കൂട്ടി ഒറീസയിലെയും ഝാര്‍ ഖണ്ടിലെയും ചത്തിസ് ഗഡിലെയുമെല്ലാം ആദിവാസികളെ നക്സലുകളെന്നു പറഞ്ഞു കൂട്ടപ്പലായനം ചെയ്യിച്ചു അവിടെയുള്ള മലകളും കാടുകളുമെല്ലാം വേദാന്ത കയ്യേറുമെന്നു നമുക്കു പ്രതീക്ഷിക്കാം . അല്ലാണ്ടിപ്പോ എന്താ ചെയ്യാ ,നടക്കാന്‍ സാധ്യതയുള്ളത് പ്രതീക്ഷിച്ചാല്‍ ഇച്ഛാ ഭംഗമുണ്ടാകില്ല എന്നാണല്ലോ .പക്ഷെ ഇതൊന്നും വാര്‍ത്തയാകില്ല ,അതൊക്കെ അതിന്റെ വഴിക്കു അവിടെ നടന്നോളും . :)
---------------------------------------------------------------------------------------------------------------------------------------------
അടുത്ത ഭാഗം - വേദാന്തയും ആഭ്യന്തര മന്ത്രിയും ചിദംബരവും തമ്മിലെന്താണ്  - 2004 ല്‍ യു പി എ ഭരണമേറ്റെടുക്കുമ്പോള്‍ അതിന്റെ ധന മന്ത്രിയാകാന്‍ വേണ്ടിയാണ്  ബഹുമാന്യനായ പി ,ചിദംബരം  വേദാന്തയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിയുന്നത് . 2010 ല്‍ അദ്ദേഹം ആഭ്യന്തര മന്ത്രിയായതിനു ശേഷമാണ് ഖനന കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തേക്കു  നക്സല്‍  വേട്ടയെന്ന പേരില്‍  ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ അടക്കമുള്ള സൈനിക നടപടികള്‍ ഉണ്ടാകുന്നതും - ഇതൊന്നും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാലും  അതിനെ കുറിച്ച് നാളെ  :)

Picture  courtesy - Corp Watch .Org 

Saturday, 3 November 2012

അറിയപ്പെടാത്ത “വേദാന്ത” ങ്ങള്‍ - 1

ഏതാണ്ട് ഒരു രണ്ട്  വര്‍ഷം മുമ്പ് ചുമ്മാ ഒരു രസത്തിനാണ് “വേദാന്ത “ എന്ന ഇന്‍ഡ്യന്‍ ഖനന കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിച്ചു തുടങ്ങിയത് .ഷെയര്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്റുള്ള ,എന്നാല്‍ അധിക പ്രശസ്തമല്ലാത്ത ഒരു കമ്പനിയോട് സ്വാഭാവികമായി തോന്നുന്ന ഒരു കൌതുകം .ആ  കൌതുകം ചെന്നെത്തിയത് തല പെരുപ്പിക്കുന്നത്ര വിചിത്രമായ വസ്തുതകളിലാണ് . പൊതു മേഖലാ സ്ഥാ‍പനങ്ങളായിരുന്ന  BALCO  [Bharat Aluminium Company Ltd.]  യും  ,MALCO Madras Aluminium Company Ltd യും പെട്രോളിയം ഭീമന്മാരായ കെയിണ്‍ ഇന്‍ഡ്യാ ലിമിറ്റഡും അടങ്ങുന്ന വലിയൊരു ബിസിനസ്സ് സാമ്രാജ്യമാണ് വേദാന്ത എന്ന ഒരൊറ്റ കുടക്കീഴില്‍ കാണാന്‍ സാധിച്ചത് . സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അനില്‍ അഗര്‍വാളെന്ന ആക്രിക്കച്ചവടക്കാരന്‍ ഇത്ര വലിയ സാമ്രാജ്യം പണിതുയര്‍ത്തിയതിനു പിന്നിലുള്ള കഥകള്‍ തിരഞ്ഞപ്പോള്‍ കണ്ടത് ഇന്‍ഡ്യയിലെ ഖനന വ്യവസായവും അതിനെ ചുറ്റിപ്പറ്റിയുള്ള നിയമ ലംഘനങ്ങളും അതു മൂലം പലായനം ചെയ്യപ്പെടേണ്ടി വരുന്ന ആദിവാസികളും അതിനെ തുടര്‍ന്നുണ്ടായ നക്സല്‍ ശാക്തീകരണവും അടങ്ങിയ സംഭവ ബഹുലമായ  ചില വസ്തുതകളാണ് . ഒരു രസത്തിനു ചുമ്മാ അതൊക്കെ എഴുതി വെച്ചിരുന്നു   - അതൊക്കെ ഒരു പരമ്പര പോലെ ബ്ലോഗിലിടാമെന്നു കരുതുന്നു .




ഓരോ അധിനിവേശങ്ങള്‍ക്കും നിയതമായ ലക്ഷ്യങ്ങളുണ്ടാകും.  കൃത്യമായ ന്യായങ്ങളും. യുദ്ധരഹിതമായ എല്ലാ  അധിനിവേശങ്ങളുടെയും അടിസ്ഥാ‍നം വാണിജ്യ - നയതന്ത്രങ്ങളിലൂടെയാണെന്ന് കഴിഞ്ഞ ചരിത്രങ്ങളെല്ലാം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. എല്ലാ അധിനിവേശങ്ങളുടെയും തുടക്കം നിശബ്ദമാ‍യിരിക്കും.യാതൊരു കോലാഹലങ്ങളുമില്ലാതെ മാതൃവൃക്ഷത്തിന്റെ തായ്ത്തടിയില്‍ വേരുറപ്പിച്ച് പടര്‍ന്ന് കയറുന്നൊരു പരാദ സസ്യത്തെപ്പോലെ അത് പതിയെ പടരും. പിന്നെ  പടര്‍ന്ന് പടര്‍ന്ന് അതിനിടയില്‍ ദുര്‍ബലമായിപ്പോയ തായ്തടിയെയും നിഷ്പ്രഭമാക്കി നില നില്‍ക്കും , അതാണ് അധിനിവേശത്തിന്റെ നീതിശാസ്ത്രം.  ‘വേദാന്ത‘യെന്ന ബഹുരാ‍ഷ്ട്ര കുത്തക നടത്തുന്ന അധിനിവേശങ്ങള്‍ രാഷ്ട്രീയ അധികാരങ്ങളുടെ മറയില്ലാത്ത സഹായ സഹകരണങ്ങളുമായി  ഒരു പരാദസസ്യത്തിന്റെ കൌശലത്തോടെ നമ്മെ വലയം ചെയ്യുമ്പോഴും നമുക്കതിനെക്കുറിച്ച് ആശങ്കകളില്ലാതെയാകുന്നത് അത് നമ്മെ ബാധിക്കുന്നതല്ലെന്ന ആശ്വാസം കൊണ്ടാവണം .

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്‍ഡ്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ സ്ഥാനം , ഫോര്‍ബ്സ് മാസികയില്‍ സമ്പന്നരുടെ പട്ടികയില്‍ മേലറ്റത്തുള്ളയാള്‍ , 167000  കോടി രൂപയുടെ അറ്റാദായവുമായി മുകേഷ് അംബാനിയെക്കാള്‍  കോര്‍പ്പറേറ്റ് സമ്പന്നന്‍ .പൊതു മേഖലാ സ്ഥാപനങ്ങളായിരുന്ന  BALCO  [Bharat Aluminium Company Ltd.]  യും  ,MALCO Madras Aluminium Company Ltd , HZL (Hindustan Zink Ltd]  ഉം അടക്കം വലിയൊരു സാമ്രാജ്യത്തിന്റെ  അധിപന്‍  - അനില്‍ അഗര്‍വാളെന്ന  ഒരു ഹൈസ്കൂള്‍ ഡ്രൊപ്പ് ഔട്ടിന്റെ ,ബിഹാറിലെ ഒരു ചെറുപട്ടണത്തില്‍ കുടുംബ വകയായ ആക്രിക്കച്ചവടം നോക്കിനടത്തിയിരുന്ന ഒരാളുടെ വിജയഗാഥയാണിത്  .കണ്ണടച്ചു തുറക്കും മുമ്പേ ഭീമാകാരത്വം പൂണ്ട് നില്‍ക്കുന്ന  അലാവുദ്ദീന്റെ അല്‍ഭുത വിളക്ക് ഓര്‍മ്മിപ്പിക്കുന്ന ഈ കഥക്കു പിന്നില്‍ ഒരു രാജ്യത്തിന്റെ ഊറ്റിയെടുത്ത പ്രകൃതി വിഭവങ്ങളുണ്ട് ,അതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ,നക്സലുകളാകേണ്ടി വന്ന മനുഷ്യരുണ്ട് ,പണം കൊടുത്ത് വിലക്കെടുത്ത അധികാര വര്‍ഗ്ഗവുമുണ്ട്  -അതൊന്നുമല്ലാത്ത ഒരല്‍ഭുത കഥയും ഇതിലില്ല .

Vedanta Resourse 

1.Sterlite Industries
2.BALCO   ( Bharat Aluminium Company)
3.MALCO (Madras Aluminium Company )
4.Sterlite Energy
5.Australian Copper Mines
6.Sesa Goa
7.Cairn India


കോര്‍പ്പറേറ്റ് - ഭരണ കൂട അച്ചുതണ്ടിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് രാഷ്ട്രീയ പാര്‍ട്ടി ഭേദമില്ലാതെ തന്നെ വേദാന്ത എന്ന ബഹുരാഷ്ട്ര കുത്തക നടത്തുന്ന നിയമ ലംഘനങ്ങളും കൊള്ളയടിക്കലുകളും . എന്നിട്ടും ഭൂരിഭാഗം ആളുകളും അതേ കുറിച്ചു അജ്ഞരായിരിക്കുന്നത് മധ്യവര്‍ഗ്ഗത്തിനെ നേരിട്ടു ബാധിക്കാത്ത ,പൊതു സമൂഹത്തിനു അജ്ഞാതമായ ഇടങ്ങളിലാണ് ഈ അധിനിവേശങ്ങളെന്നതിനാലാണ്   -ഖനനമാണ് വേദാന്തയുടെ ബിസിനസ്സ് ,ഇന്‍ഡ്യയിലെ ഓരോ ദിവസവും കൊള്ളയടിക്കപ്പെടൂന്ന കോടിക്കണക്കിനു രൂപയുടെ പ്രകൃതി വിഭവങ്ങള്‍ , അതിന്റെ പേരില്‍ പലായനം ചെയ്യപ്പെടേണ്ടി വരുന്ന ആദിവാസികള്‍ ,നശിപ്പിക്കപ്പെടുന്ന വനങ്ങള്‍ ,ഇടിച്ചു തകര്‍ക്കുന്ന പര്‍വ്വതങ്ങള്‍  -അങ്ങനെ വേദാന്തയുടെ പ്രവര്‍ത്തനം നിശബ്ദമായി ഒരു രാജ്യത്തെ കൊള്ളയടിക്കുന്നു . 


വേദാന്തയെന്നാ‍ല്‍ എല്ലാ അറിവുകളുടെയും അന്ത്യം എന്നാണ് അക്ഷരാര്‍ത്ഥത്തില്‍ തന്നെ വേദാന്തയെ സംബന്ധിച്ച് നമുക്കുള്ള അനുഭവങ്ങളും അങ്ങനെ തന്നെയാണ് .വിജയിച്ച് വരുന്ന എല്ലാ അതിസമ്പന്നരുടെ ഭൂതകാലത്തെക്കുറിച്ച് സാധാരണയായി പറയാറുള്ള അതേ കഥ തന്നെയാണ് അനില്‍ അഗര്‍വാളിന്റേതും  ,  70കളില്‍ ബിഹാറില്‍ ആക്രി കച്ചവടം നടത്തിയിരുന്ന ഒരു കുടുംബത്തില്‍ നിന്നുമാണ് സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള അനില്‍ അഗര്‍വാള്‍ എന്ന കോടീശ്വരന്റെ വളര്‍ച്ച - ഈ വളര്‍ച്ച ഒരു മാന്ത്രിക വടി കൊണ്ട്  മന്ത്രം ജപിച്ചുണ്ടായതല്ല - രാഷ്ട്രീയക്കാരെയും അധികാര വര്‍ഗ്ഗത്തെയും സ്വാധീനിച്ചു ഇന്‍ഡ്യയിലെ കോടിക്കണക്കിനു രൂപയുടെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്തു സൃഷ്ടിച്ചതാണ് ആ വളര്‍ച്ച .ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആദ്യമായി  ലിസ്റ്റ് ചെയ്യപ്പെട്ട ഇന്‍ഡ്യന്‍ കമ്പനിയുടെ ഉടമ , അടുത്ത ലോക കോടീശ്വര പദവിയിലേക്ക് കുതിക്കുന്ന ഇന്‍ഡ്യക്കാരന്‍ . ഇന്‍ഡ്യയുടെ ഓരോ മുക്കും മൂലയും നിധി കുഴിച്ചെടുക്കുന്ന മാന്ത്രികനായി  കോടികളുടെ സമ്പത്ത് സമാഹരിക്കുമ്പോഴും  ഒരു രാജ്യത്തിന്റെ  പ്രകൃതി വിഭവങ്ങളുടെ മൊത്തം കുത്തകയായി തീരുമ്പോഴും  സാധാരണ ബിസിനസ്സ് ഗ്രൂപ്പുകളുടെ സ്വാഭാവിക താല്പര്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി മീഡിയാ കവറേജില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നിശബ്ദമായിരിക്കാനാണ് വേദാന്ത ഗ്രൂപ്പ് എന്നും ശ്രദ്ധിച്ചിട്ടുള്ളത് .


നിരവധി മനുഷ്യാവകാശ ലംഘനങ്ങളും പരിസ്ഥിതി നാശമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നിട്ടൂ കൂടി ഇന്‍ഡ്യന്‍ മാധ്യമങ്ങളില്‍ വേദാന്തയെ സംബന്ധിച്ചു ഒരു വാര്‍ത്തയും ഉണ്ടാകാറില്ല . വേദാന്ത എന്ന ബഹുരാഷ്ട്ര കമ്പനിയുടെ അതിക്രമങ്ങളെകുറിച്ച് വിദേശ മാധ്യമങ്ങളിലെല്ലാം പ്രാധാന്യത്തോടെ വന്നിട്ടും    വിദേശ മാധ്യമങ്ങളെ ഉദ്ധരിച്ച് കിം കര്‍ദഷിയാന്റെ നിതംബത്തിന്റെ ഇന്‍ഷുറന്‍സ് കവറേജിനെക്കുറിച്ച് നിതംബത്തിന്റെ  അഴകളവ് വര്‍ണ്ണിച്ച്  സചിത്ര ലേഖനങ്ങളെഴുതുന്ന ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ മനപ്പൂര്‍വ്വം  കാണാതെ പോകുന്ന ചില  വാര്‍ത്തകളുണ്ട് .ഇന്‍ഡ്യയിലെ ഓരോ പൌരനും അറിഞ്ഞിരിക്കേണ്ട വാര്‍ത്തകളായിട്ട് പോലും   ഇന്‍ഡ്യന്‍ മാധ്യമങ്ങള്‍ക്കത് ഒരു വിശകലനത്തിനോ വാര്‍ത്തക്കോ പോലുമുള്ള വിഷയമാകാതെ പോകുന്നു . 

2010 ഡിസംബര്‍ 17 ന് ബി ബി സി യില്‍ വന്ന ഒരു വാര്‍ത്തയാണ് ചത്തിസ്ഗഡിലെ നിബിഡവനപ്രദേശങ്ങളില്‍ വേദാന്തയുടെ അനുബന്ധ കമ്പനിയായ ബാല്‍കോ 90 ഏക്കറോളം വനഭൂമിയിലെ വൃക്ഷങ്ങള്‍ അനധികൃതമായി വെട്ടി നശിപ്പിച്ചിരിക്കുന്നു പരിസ്ഥിതി നിയമ പ്രകാരം അങ്ങേയറ്റം കുറ്റകരമായ ഒരു പ്രവൃത്തിയാണിത്  ചത്തിസ്ഗഡില്‍ മാത്രം വേദാന്തക്കും അനുബന്ധ കമ്പനികള്‍ക്കും കൂടി ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി കൈവശമുണ്ട്  കമ്പനി അധികൃതര്‍ വാര്‍ത്ത നിഷേധിച്ചെങ്കിലും ബി ബി സി അതേ വാര്‍ത്തയില്‍ തന്നെ അവരുടെ കയ്യില്‍ വാര്‍ത്തക്കാധാരമായ ഡോക്യുമെന്റുകളും സാറ്റലൈറ്റ് മാപ്പിങ്ങ് റിപ്പോര്‍ട്ടും ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട് .  നമ്മുടെ കുശാഗ്രബുദ്ധിക്കാരായ മാധ്യമങ്ങള്‍ക്ക് കിട്ടാതെ പോകാന്‍ മാത്രം അതീവ രഹസ്യസ്വഭാവമുള്ള വാര്‍ത്തയല്ലാതിരുന്നിട്ടും ഈ വാര്‍ത്ത  നമ്മുടെ ദേശീയ മാധ്യമങ്ങളിലൊന്നും വന്ന് കണ്ടില്ല സാറ്റലൈറ്റ് മാപ്പിങ്ങ് റിപ്പോര്‍ട്ട് കിട്ടാതിരിക്കാന്‍ മാത്രം സാങ്കേതിക ജ്ഞാനം കമ്മിയായ ആളുകളല്ല  അല്ല നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ എന്നിട്ടും കോര്‍പ്പറേറ്റുകളെ സംബന്ധിക്കുന്ന പ്രതിലോമകരമായ  ഓരോ വാര്‍ത്തകളും അജ്ഞാതമായി പോകുന്നു .

ഒറീസയിലെ നിയമ ഗിരി മലകളിലെ വേദാന്തയുടെ ഖനന പ്രക്രിയ മൂലം  ആദിവാസികളുടെ അതിജീവനം തന്നെ അപകടത്തിലാവുന്ന അവസ്ഥയിലായിരുന്നു ‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ നിരവധി  പ്രക്ഷോഭങ്ങള്‍ നടന്നിരുന്നത് , അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒട്ടേറെ ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ വന്നിട്ടും നമ്മുടെ ദേശീയ മാധ്യമങ്ങളെല്ലാം നിയമഗിരിയിലെ ആദിവാസികളുടെ അതിജീവനത്തിനായുള്ള വിലാപം  മറ്റേതോ രാജ്യത്തിന്റെ ആഭ്യന്തര കാര്യമെന്ന മട്ടിലായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത് .വേദാന്ത റിസോഴ്സ് എന്ന ഖനന ഭീമന്‍ നടത്തുന്ന പരിസ്ഥിതി നാശങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതിരോധങ്ങളും നടന്നിരുന്നു ഇംഗ്ലണ്ടില്‍‍  നടന്ന ഒരു പ്രക്ഷോഭത്തില്‍  ഏറ്റവും വെറുക്കപ്പെട്ട കമ്പനിയാണ് വേദാന്ത എന്ന് വിലയിരുത്തലുണ്ടായിരുന്നു . നടനും എഴുത്തുകാരനുമായ ‍ മൈക്കേല്‍ പാലിന്റെ നേതൃത്വത്തില്‍ 30000 പേരോളം ഒപ്പിട്ട ഒരു ഭീമ ഹര്‍ജി ആംനെസ്റ്റി ഇന്റര്‍നാഷണലിലേക്കയച്ചതിനെതുടര്‍ന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ നടത്തിയ പഠനത്തില്‍ വേദാന്ത റിസോഴ്സ് നടത്തുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്നും മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണെന്നും  അതിനാല്‍ ‍ഇന്‍ഡ്യന്‍ ഗവണ്മെന്റ് ഈ ഖനനത്തിന് അനുമതി നിഷേധിക്കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി .


 നിരവധി രാജ്യങ്ങള്‍ വേദാന്ത ഗ്രൂപ്പിന്റെ  പ്രവര്‍ത്തനങ്ങളെ നിരീക്ഷണത്തില്‍ പെടുത്തുകയുണ്ടായി . നോര്‍വീജിയന്‍ ഗവണ്മെന്റിന്റെ  നിക്ഷേപമാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കായുള്ള ധാര്‍മ്മിക സമിതി നിയോഗിച്ച കമ്മിറ്റിയുടെ പരിശോധനയില്‍ വേദാന്ത റിസോഴ്സസ് ഇന്‍ഡ്യയില്‍ വ്യാപകമായ തോതില്‍ പരിസ്ഥിതി നശീകരണവും അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും നടത്തുന്നുവെന്ന്  കണ്ടെത്തുകയുണ്ടായി  വേദാന്ത മൈനിങ്ങ് കമ്പനിക്കെതിരെ ആഗോള തലത്തില്‍ ഉയര്‍ന്ന പ്രക്ഷോഭങ്ങളുടെയും മാധ്യമ റിപ്പോര്‍ട്ടുകളുടെയും അനന്തര ഫലമായിരുന്നു ഈ പഠനം . ആരോപണങ്ങളെ സാധൂകരിക്കുന്ന കൃത്യമായ പഠന റിപ്പോര്‍ട്ടുകള്‍ ഉള്‍ക്കൊള്ളിച്ച് ഇക്കാര്യത്തില്‍  കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ട് കൊണ്ടയച്ച എഴുത്തുകള്‍ക്ക് രണ്ട് തവണ സമയ പരിധി നീട്ടിക്കൊടുത്തിട്ടും യാതൊരു വിധ പ്രതികരണവും കമ്പനിയുടെ ഭാ‍ഗത്ത് നിന്നുണ്ടായില്ല .അങ്ങനെയാണ്   നോര്‍വീജിയന്‍ ഗവണ്മെന്റിന്റെ സാമ്പത്തിക മന്ത്രാ‍ലയം വേദാന്തയെയും അനുബന്ധ അവരുടെ നിക്ഷേപ സാധ്യതാകമ്പനികളില്‍ നിന്ന് ഒഴിവാക്കുകയും വേദാന്ത റിസോഴ്സിനെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തത് .അത് പോലെ തന്നെ ഇത്തരം വാര്‍ത്തകളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായാണ് Church of England ന്റെ കീഴിലുണ്ട്‍ായിരുന്ന ഒരു പെന്‍ഷന്‍ ഫണ്ട് അവരുടെ അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം  വേദാന്ത കമ്പനിയില്‍ നിക്ഷെപിച്ചിരുന്നത് കമ്പനി ഇന്‍ഡ്യയില്‍ നടത്തുന്ന അധാര്‍മ്മികമായ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിച്ച് കൊണ്ട് പിന്‍ വലിച്ചതും .

ഇതെല്ലാം ഇന്‍ഡ്യയില്‍ വേദാന്തയെന്ന കമ്പനി നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളുടെയും പരിസ്ഥിതി നശീകരണത്തിന്റെയും പേരിലാണ്    എന്നിട്ടും നമ്മള്‍ ഇതൊന്നും അറിയുന്നില്ല ,നിരവധി  വര്‍ഷങ്ങള്‍ അതിജീവനത്തിനായി നമ്മുടെ നാട്ടിലെ നിസ്സഹയാരായ ഒരു ജനത നടത്തിയ ചെറുത്ത് നില്‍പ്പുകളെ പറ്റി   നമ്മുടെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുന്നില്ല . വേദാന്തയെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ അവര്‍ ഇന്‍ഡ്യയില്‍ അവര്‍ കൊണ്ട് വരാന്‍ പോകുന്ന ദശലക്ഷം കോടി നീക്ഷേപ പദ്ധതികളുടെ വലുപ്പം മാത്രം. .  -

തുടരും  - ബാക്കി  ഇവിടെ വായിക്കാം 

Saturday, 13 October 2012

ആര്‍ഷ ഭാരത ഖാപ്പ് പഞ്ചായത്തുകള്‍



കല്‍ക്കത്തയില്‍ ഫൂല്‍മണി എന്ന 10 വയസ്സായ പെണ്‍കുട്ടി അവളുടെ ഭര്‍ത്താവായ 35 വയസ്സുകാരന്‍ ഹരിമോഹന്‍ മൈത്തി എന്നയാളുടെ ശാരീരിക ബന്ധം പുലര്‍ത്താനുള്ള ബലപ്രയോഗത്താല്‍ വിവാഹ രാത്രിയില്‍ തന്നെ മരണപ്പെട്ടു . [1891 - Culcutta ] 


                     ഇന്‍ഡ്യയിലെ സാമൂഹിക നവോത്ഥാനങ്ങളുടെ ചരിത്രത്തില്‍ ഏറെ പ്രസക്തിയുള്ള Age of Consent Bill [ACB]  നിയമം പ്രാബല്യത്തില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഫൂല്‍ മണി കൊലപാതക കേസ് .ബാല്യ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ക്രൂരതകള്‍ക്കൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 1891- ല്‍ അന്നത്തെ ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ഗവണ്‍മ്മെന്റ് ആണ് ഇത്തരമൊരു നിയമ ഭേദഗതി കൊണ്ടു വന്നത് .പെണ്‍കുട്ടികളെ വിവാഹം ചെയ്യിക്കാനുള്ള ചുരുങ്ങിയ പ്രായ പരിധി 12 വയസ്സാക്കിക്കൊണ്ടുള്ള നിയമ നിര്‍മ്മാണമായിരുന്നു അത് Age of Consent Bill ഇന്നത്തെ സാമൂഹിക നിലവാരത്തില്‍ നിന്നു പരിശോചിച്ചാല്‍ ബാല്യ വിവാഹത്തിനെതിരെയുള്ള ശക്തമായ ഒരു നിയമ നിര്‍മ്മാണമോ പരിഷ്കരണമോ ഒന്നും ആയിരുന്നില്ല തികച്ചും അപര്യാപ്തവും ഒരു പക്ഷെ പരിഹാസ്യവുമായി തോന്നാവുന്ന നിയമ നിര്‍മ്മാണമായിരുന്നു അതെങ്കിലും അന്നത്തെ മതപരമായി യാഥാസ്ഥിതികവും അടഞ്ഞതുമായ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അതൊരു വിപ്ലവം തന്നെയായിരുന്നു . 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പോലും അവരുടെ ബാല്യ നിഷ്കളങ്കതയില്‍ നിന്നു പുറത്തു കടക്കും മുമ്പേ തന്നെ വിവാഹം ചെയ്യപ്പെടുകയും നിരന്തരം ശാരീരിക ആക്രമണങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു കൊണ്ടിരുന്ന കാലമായിരുന്നു അത് ,ആ നിലയ്ക്കു നോക്കുമ്പോള്‍ 12 വയസ്സെന്നതു വലിയ പുരോഗമനമായിരുന്നു .

                           1890 കളില്‍ ഒരു പറ്റം ബ്രിട്ടീഷ് ലേഡി ഡോക്ടര്‍മാര്‍ ബാല്യവിവാഹവും നിര്‍ബന്ധിത ലൈംഗിക ബന്ധവും മൂലം പെണ്‍ കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരിക അവശതകളെപ്പറ്റിയും അപകടങ്ങളെ പറ്റിയും ഗവണ്മെന്റിനു സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് കൂടി ഫൂല്‍മണി കൊലക്കേസിനൊപ്പം തന്നെ Age of Consent Bill ന്റെ നിയമ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ത്വരിത ഗതിയിലാക്കിയിരുന്നു .ചികിത്സക്കായി വരുന്ന 12 വയസ്സിനു താഴെയുള്ള വിവാഹിതകളായ പെണ്‍കുട്ടികളില്‍ യോനിപ്രദേശത്തു അപകടകരമായ മുറിവുകളും ഇടുപ്പെല്ലിനും നട്ടെല്ലിനും ഗുരുതരമായ ക്ഷതങ്ങളും മാനസികമായ വിഭ്രാന്തിയും സാധാരണമായിരുന്നു ,പലപ്പോഴും നിയമപരമായ ഈ ശിശുപീഡനങ്ങള്‍ മരണത്തിലെക്കുമെത്തിച്ചിരുന്നു .യഥാര്‍ത്ഥത്തില്‍ അന്നത്തെ യഥാസ്ഥിതികമായ സാമൂഹികാന്തരീക്ഷത്തില്‍ നിന്നും ഇംഗ്ലീഷ് ചികിത്സക്കായി തയ്യാറാകുന്നവര്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമായിരുന്നു. തികച്ചും അനിവാര്യവും മനുഷ്യത്വപരവുമായ ഒരു നിയമമായിരുന്നിട്ടു കൂടി ഹിന്ദു യാഥാസ്ഥിതികരില്‍ ഇതു കനത്ത എതിര്‍പ്പിനിടയാക്കി .ഹിന്ദു സമൂഹത്തിലെ ആചാരാനുഷ്ടാനുങ്ങളുടെ കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കൈ കടത്തലാണ് എന്ന രീതിയിലാണ് ഈ നിയമ നിര്‍മ്മാണത്തെ യാഥാസ്ഥിതികര്‍ കണ്ടത് .രൂക്ഷമായ എതിര്‍പ്പു ഹിന്ദു സമൂഹത്തിലായിരുന്നെങ്കിലും ജാതിമത ഭേദമന്യേ ഇന്‍ഡ്യക്കാര്‍ ഒറ്റക്കെട്ടായി ഇന്‍ഡ്യന്‍ ജനതയ്ക്കു മേലുള്ള ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു !!! ...WTF.


 ഹിന്ദു സമൂഹത്തിലെ പരിഷ്കരണവാദിയായ മഹാദേവ് റാനഡെ തന്റെ പത്രമായ ഇന്ദുപ്രകാശില്‍ ഫൂല്‍മണി കൊലക്കേസിനെയും ബാല്യവിവാഹത്തെയും അപലപിച്ചു കൊണ്ടെഴുതിയതും പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബെഹ്രംജി മലബാറിയുടെ അക്ഷീണ പരിശ്രമവും Age of Consent Bill - നു പൊതുസമൂഹത്തില്‍ ചെറിയ തോതിലെങ്കിലും സ്വീകാര്യത നല്‍കി .പക്ഷെ കൌതുകകരമായ വസ്തുത എന്തെന്നാല്‍ ബാല ഗംഗാധര തിലകനും ബിപിന്‍ ചന്ദ്ര പാലും പോലുള്ള അന്നത്തെ തീവ്ര ദേശീയവക്താക്കള്‍ നിയമത്തിനെതിരായി തങ്ങളുടെ പത്രങ്ങളില്‍ എഴുതുകയും പൊതു സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി പ്രതിഷേധിക്കുക കൂടി ചെയ്തിരുന്നു .ഈ ബില്‍ ഹൈന്ദവ ആചാരങ്ങള്‍ക്കെതിരാ‍യ വലിയ കടന്നു കയറ്റവും ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിന്റെ ആസൂത്രിതമായ ഗൂഡനീക്കവും ആണെന്നായിരുന്നു അന്നത്തെ വാദം .പക്ഷെ ഭാഗ്യത്തിനു ഇത്തരം പ്രതിഷേധങ്ങളൊന്നും മുഖവിലക്കെടുക്കാതെ അന്നത്തെ നിയമ നിര്‍മ്മാന കമ്മിറ്റി ഈ നിയമം പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു .

  കൂട്ടബലാത്സംഗങ്ങളും ഖാപ്പ് പഞ്ചായത്തും .

                       ആര്‍ഷ ഭാരതീയ സംസ്കാരത്തിന്റെ ശൈശവ വിവാഹങ്ങളുടെയും സതി പോലെയുള്ള മറ്റു ദുരാചാരങ്ങളുടെയും നാണക്കേടില്‍ നിന്നും ഒരു നൂറ്റാണ്ട് നാം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു ,പക്ഷെ എന്നിട്ടും ആ ദുരാചാരങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടി ഖാപ്പ് പഞ്ചായത്തുകാര്‍ പ്രസ്ഥാവന പുറപ്പെടുവിച്ചെന്നു കേള്‍ക്കുമ്പോള്‍ നാം എവിടേക്കാണ് പോകുന്നതെന്നു അല്‍ഭുതം തോന്നുന്നു . ഇക്കഴിഞ്ഞ മാസം രാജ്യത്തെ ജനങ്ങളെയും നിയമ വ്യവസ്ഥകളെയും നാണക്കേടിലാഴ്ത്തിക്കൊണ്ട് ,ആസൂത്രിതമായ ഒരു സംഘടിത ആക്രമണമെന്ന പോലെ ഹരിയാ‍നയില്‍ ഒരു ബലാത്സംഗപരമ്പര തന്നെ അരങ്ങേറുകയുണ്ടായി - വിവാഹിതരായ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും അടക്കം 17 പേര്‍ .ഇതില്‍ ഇരയാക്കപ്പെട്ടവര്‍ എല്ലാവരും തന്നെ ദളിത് വിഭാഗത്തില്‍ പെട്ടവരും അക്രമികള്‍ സവര്‍ണ്ണരുമാണ് .ഈ യാദൃശ്ചികതയും ഒരു മാസത്തിനുള്ളില്‍ തന്നെയുള്ള ആവര്‍ത്തനവും ഇതൊരു ആസൂത്രിതമായ അക്രമ പരമ്പരയാണ് എന്നു സംശയമുണര്‍ത്തുന്നതാണ് .ഈ ക്രൂരമായ ഈ സംഭവത്തിന്റെ വീഡിയോകള്‍ അക്രമികള്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു .വളരെ ഗുരുതരവും അങ്ങേയറ്റം മനുഷ്യത്വ രഹിതവുമായ കുറ്റകൃത്യങ്ങള്‍ ആസൂത്രിതമെന്ന പോലെ നടന്നിരിക്കുന്നു - കുറ്റവാളികളും തെളിവുകളും കണ്മുന്നിലുണ്ട് .പക്ഷെ നടപടിയെടുക്കുന്നതിനു പകരം ദാരുണവുമായ ഒരു കുറ്റ കൃത്യത്തിനെ - ,മനുഷ്യത്വ രഹിതമായ രീതിയില്‍ സമീപിച്ചു വിവാഹ പ്രായത്തിന്റെ പ്രശ്നമാണ് എന്നൊക്കെ വിഡ്ഡിത്തം വിളമ്പിക്കൊണ്ട് ഖാപ് പഞ്ചായത്തിലെ മുതുക്കിളവന്മാരും അതിനെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരും കൂടി ആ കുറ്റകൃത്യത്തിന്റെ ഭീകരതയെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് . 16 വയസ്സുള്ള പെണ്‍ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടൂ ആത്മഹത്യ ചെയ്യാനിടയാകുമ്പോള്‍ അതു ആ പെണ്‍കുട്ടി വിവാഹം കഴിക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണെന്നു പറയാന്‍ കാണിക്കുന്ന ഈ ഉളുപ്പില്ലായ്മ പറയുന്ന ഈ പടുകിളവന്മാരെയൊക്കെ മുക്കാലിയില്‍ കെട്ടി തിരണ്ടി വാലിനടിക്കാന്‍ മാത്രം ചങ്കൂറ്റമുള്ള ആരുമില്ല എന്നതാണ് നമ്മുടെ പ്രശ്നം .


 പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഈ റേപ്പ് കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍ ആത്മഹത്യ ചെയ്ത ഒരു പതിനാറുകാരി ഒഴിച്ചു ബാക്കിയെല്ലാ‍വരും വിവാഹിതകളാണ് . ഈ ഇരകളാക്കപ്പെട്ടവര്‍ വിവാഹിതരാകാത്തതു കൊണ്ട് എന്ന വാദത്തിന്മേലുള്ള വസ്തുതാന്വേഷണം പോലും അബദ്ധമാണ് .പക്ഷെ ഇത്തരത്തില്‍ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത ഒരു കാര്യം സര്‍വ്വ ഖാപ്പ് പഞ്ചായത്തും സംസ്ഥാനത്തെ ഒരു പ്രധാന പാര്‍ട്ടിയും അതിന്റെ നേതാവും ഏറ്റു പിടിക്കുമ്പോള്‍ അത് എത്ര മാത്രം ഗുരുതരമായ ഒരവസ്ഥാ വിശേഷമായി മാറുന്നു .അതിലുപരിയായി ഈ സംഭവങ്ങളെ മുന്‍ നിര്‍ത്തി പാരമ്പരാഗത ആചാരങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതിന്റെ അപകടമാണെന്ന രീതിയിലുള്ള ഒരു പ്രചരണത്തിനുള്ള ശ്രമം കൂടി നടക്കുന്നുണ്ട് .ഖാപ്പ് പഞ്ചായത്തുകളുടെ താല്പര്യം അതിന്റെ ആചാരങ്ങളുടെ ശാസ്ത്രീയതയെ അംഗീകരിപ്പിക്കലാണ് .നോക്കൂ ഞങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നു വന്നിരുന്ന ശൈശവ വിവാഹം ഇല്ലാതായതു കൊണ്ട് ഇപ്പോള്‍ ബലാത്സംഗം വര്‍ദ്ധിച്ചിരിക്കുന്നു ,അതു കൊണ്ട് പഴയ ആചാ‍രത്തിലേക്കു തിരിച്ചു പോകേണ്ടത് അനിവാര്യമായിരിക്കുന്നു !!!. നേരത്തെ തന്നെ പെണ്‍ കുട്ടികള്‍ ജീന്‍സിടുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ട് ഖാപ്പ് പഞ്ചായത്തുകള്‍ ഉത്തരവിറക്കിയിരുന്നു .ആദ്യം പതിനാറ് വയസ്സ് ,പിന്നീട് 12 വയസ്സിലേക്കു കൂടി വിവാഹപ്രായം അനുവദനീയമാക്കണം അങ്ങനെ പടി പടിയായി ശൈശവ വിവാഹത്തിനുള്ള അംഗീകാരം കൂടി നേടിയെടുത്താല്‍ ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള ആര്‍ഷ ഭാരത സംസ്കൃതി തിരിച്ചെത്തിച്ചതില്‍ അഭിമാനിക്കാന്‍ വകയായി . യമനിലെ നുജൂം അലി എന്ന പത്തു വയസ്സുകാരി പെണ്‍ കുട്ടിയുടെ വേദനിപ്പിക്കുന്ന അനുഭവ കഥ വായിക്കുമ്പോള്‍ നമുക്കജ്ഞാതമായ ഏതോ ലോകത്തിന്റെ കഥയെന്ന സമാശ്വാസത്തോടെയിരിക്കുമ്പോള്‍ തന്നെ നമ്മളോര്‍ക്കേണ്ട ഒരു സംഗതിയുണ്ട് ,ഇതിലും മോശമായ ഒരു സാമൂഹിക അന്തരീക്ഷമായിരുന്നു നമ്മുടെ പുകള്‍ പെറ്റ ആര്‍ഷ ഭാരത സംസ്കൃതിയിലുണ്ടായിരുന്നത് .

 *1829 - സതി നിരോധന നിയമം ,
*1840 - ലെ അടിമത്ത നിരോധന നിയമം
 *1856 - ലെ വിധവാ വിവാഹ നിയമം
 *1891 ലെ Age of Consent Bill

 ഇങ്ങനെ നിയമത്തിന്റെ അംഗീകാരത്തോടെയുള്ള നിരവധി സാമൂഹികപരിഷ്കരണങ്ങളിലൂടെയാണ് നാം പഴയ ദുരാചാരങ്ങളില്‍ നിന്നും അന്ധ വിശ്വാസങ്ങളില്‍ നിന്നും ഒരു പരിധി വരെയെങ്കിലും മോചിതരായത് . മനുഷ്യസ്നേഹികളായ ഒരു കൂട്ടം സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ആര്‍ജ്ജവത്തോടെയുള്ള നിരന്തരമായ ശ്രമവും അതിനൊപ്പം മികച്ച വിദ്യാഭ്യാസവും മതനിരപേക്ഷതയും കൊണ്ടാണ് ,സമത്വ സുന്ദര ഉട്ടോപ്യയല്ലെങ്കില്‍ കൂടി ഇന്നു നാമെത്തി നില്‍ക്കുന്ന സാമൂഹിക സ്ഥിതിയിലെങ്കിലും പരിവര്‍ത്തനം ചെയ്യപ്പെടാന്‍ കഴിഞ്ഞത് .ഇപ്പോഴും 1500 വര്‍ഷം പഴക്കമുള്ള ഒരു പുസ്തകത്തെ അടിസ്ഥാ‍നമാക്കി വിഡ്ഡിത്തങ്ങളെ നിയമനിര്‍മ്മാണം ചെയ്യുന്നതു പോലെ തന്നെ പാരമ്പര്യം ,ആചാരം ,ആര്‍ഷ ഭാരത സംസ്കൃതി എന്നൊക്കെ പറഞ്ഞു കൊണ്ട് ഉള്ള മൌലിക വാദ - ഫാസിസ്റ്റ് കസര്‍ത്തുകള്‍ നമ്മളെ പഴയ പുകള്‍ പെറ്റ ആര്‍ഷ ഭാരതത്തിലേക്കു തന്നെ എത്തിക്കുമെന്നു ഓര്‍ക്കുക .

 Ref: വിമോചനത്തിന്റെ പെണ്‍ ദൂരങ്ങള്‍ - ആനന്ദ് .
 Girl brides and political change - മീരാ കൊസാംബി
 Picture Courtesy - Epoch times

ആര്‍ഷ ഭാരത ഖാപ്പ് പഞ്ചായത്തുകള്‍ .













കല്‍ക്കത്തയില്‍ ഫൂല്‍മണി എന്ന 10 വയസ്സായ പെണ്‍കുട്ടി അവളുടെ ഭര്‍ത്താവായ  35 വയസ്സുകാരന്‍ ഹരിമോഹന്‍ മൈത്തി എന്നയാളുടെ  ശാരീരിക ബന്ധം പുലര്‍ത്താനുള്ള ബലപ്രയോഗത്താല്‍ വിവാഹ രാത്രിയില്‍ തന്നെ മരണപ്പെട്ടു . [1891 - Culcutta ]
ഇന്‍ഡ്യയിലെ സാമൂഹിക നവോത്ഥാനങ്ങളുടെ ചരിത്രത്തില്‍ ഏറെ പ്രസക്തിയുള്ള Age of Consent Bill [ACB]നിയമം പ്രാബല്യത്തില്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നായിരുന്നു ഫൂല്‍ മണി കൊലപാതക കേസ് .ബാല്യ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുള്ള ക്രൂരതകള്‍ക്കൊരു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ 1891- ല്‍ അന്നത്തെ ബ്രിട്ടീഷ് ഇന്‍ഡ്യന്‍ ഗവണ്‍മ്മെന്റ് ആണ് ഇത്തരമൊരു നിയമ ഭേദഗതി കൊണ്ടു വന്നത് .പെണ്‍കുട്ടികളെ വിവാഹം ചെയ്യിക്കാനുള്ള ചുരുങ്ങിയ പ്രായ പരിധി 12 വയസ്സാക്കിക്കൊണ്ടുള്ള നിയമ നിര്‍മ്മാണമായിരുന്നു അത് Age of Consent Bill ഇന്നത്തെ സാമൂഹിക നിലവാരത്തില്‍ നിന്നു പരിശോചിച്ചാല്‍ ബാല്യ വിവാഹത്തിനെതിരെയുള്ള ശക്തമായ ഒരു നിയമ നിര്‍മ്മാണമോ പരിഷ്കരണമോ ഒന്നും ആയിരുന്നില്ല തികച്ചും അപര്യാപ്തവും ഒരു പക്ഷെ പരിഹാസ്യവുമായി തോന്നാവുന്ന നിയമ നിര്‍മ്മാണമായിരുന്നു അതെങ്കിലും അന്നത്തെ മതപരമായി യാഥാസ്ഥിതികവും അടഞ്ഞതുമായ സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ അതൊരു വിപ്ലവം തന്നെയായിരുന്നു . 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ പോലും അവരുടെ ബാല്യ നിഷ്കളങ്കതയില്‍ നിന്നു പുറത്തു കടക്കും മുമ്പേ തന്നെ വിവാഹം ചെയ്യപ്പെടുകയും നിരന്തരം ശാരീരിക ആക്രമണങ്ങള്‍ക്കു വിധേയമാവുകയും ചെയ്തു കൊണ്ടിരുന്ന കാലമായിരുന്നു അത് ,ആ നിലയ്ക്കു നോക്കുമ്പോള്‍ 12 വയസ്സെന്നതു വലിയ പുരോഗമനമായിരുന്നു . 1890 കളില്‍ ഒരു പറ്റം ബ്രിട്ടീഷ് ലേഡി ഡോക്ടര്‍മാര്‍ ബാല്യവിവാഹവും നിര്‍ബന്ധിത ലൈംഗിക ബന്ധവും മൂലം പെണ്‍ കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരിക അവശതകളെപ്പറ്റിയും അപകടങ്ങളെ പറ്റിയും ഗവണ്മെന്റിനു സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ട് കൂടി ഫൂല്‍മണി കൊലക്കേസിനൊപ്പം തന്നെ Age of Consent Bill ന്റെ നിയമ നിര്‍മ്മാണത്തിനുള്ള ശ്രമങ്ങള്‍ ത്വരിത ഗതിയിലാക്കിയിരുന്നു .ചികിത്സക്കായി വരുന്ന 12 വയസ്സിനു താഴെയുള്ള വിവാഹിതകളായ പെണ്‍കുട്ടികളില്‍ യോനിപ്രദേശത്തു അപകടകരമായ മുറിവുകളും ഇടുപ്പെല്ലിനും നട്ടെല്ലിനും ഗുരുതരമായ ക്ഷതങ്ങളും മാനസികമായ വിഭ്രാന്തിയും സാധാരണമായിരുന്നു ,പലപ്പോഴും നിയമപരമായ ഈ ശിശുപീഡനങ്ങള്‍ മരണത്തിലെക്കുമെത്തിച്ചിരുന്നു .യഥാര്‍ത്ഥത്തില്‍ അന്നത്തെ യഥാസ്ഥിതികമായ സാമൂഹികാന്തരീക്ഷത്തില്‍ നിന്നും ഇംഗ്ലീഷ് ചികിത്സക്കായി തയ്യാറാകുന്നവര്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമായിരുന്നു. തികച്ചും അനിവാര്യവും മനുഷ്യത്വപരവുമായ ഒരു നിയമമായിരുന്നിട്ടു കൂടി ഹിന്ദു യാഥാസ്ഥിതികരില്‍ ഇതു കനത്ത എതിര്‍പ്പിനിടയാക്കി .ഹിന്ദു സമൂഹത്തിലെ ആചാരാനുഷ്ടാനുങ്ങളുടെ കാര്യത്തില്‍ ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കൈ കടത്തലാണ് എന്ന രീതിയിലാണ് ഈ നിയമ നിര്‍മ്മാണത്തെ യാഥാസ്ഥിതികര്‍ കണ്ടത് .രൂക്ഷമായ എതിര്‍പ്പു ഹിന്ദു സമൂഹത്തിലായിരുന്നെങ്കിലും ജാതിമത ഭേദമന്യേ ഇന്‍ഡ്യക്കാര്‍ ഒറ്റക്കെട്ടായി ഇന്‍ഡ്യന്‍ ജനതയ്ക്കു മേലുള്ള ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു !!! ...WTF. ഹിന്ദു സമൂഹത്തിലെ പരിഷ്കരണവാദിയായ മഹാദേവ് റാനഡെ തന്റെ പത്രമായ ഇന്ദുപ്രകാശില്‍ ഫൂല്‍മണി കൊലക്കേസിനെയും ബാല്യവിവാഹത്തെയും അപലപിച്ചു കൊണ്ടെഴുതിയതും പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ ബെഹ്രംജി മലബാറിയുടെ അക്ഷീണ പരിശ്രമവും Age of Consent Bill - നു പൊതുസമൂഹത്തില്‍ ചെറിയ തോതിലെങ്കിലും സ്വീകാര്യത നല്‍കി .പക്ഷെ കൌതുകകരമായ വസ്തുത എന്തെന്നാല്‍ ബാല ഗംഗാധര തിലകനും ബിപിന്‍ ചന്ദ്ര പാലും പോലുള്ള അന്നത്തെ തീവ്ര ദേശീയവക്താക്കള്‍ നിയമത്തിനെതിരായി തങ്ങളുടെ പത്രങ്ങളില്‍ എഴുതുകയും പൊതു സമ്മേളനങ്ങള്‍ വിളിച്ചു കൂട്ടി പ്രതിഷേധിക്കുക കൂടി ചെയ്തിരുന്നു .ഈ ബില്‍ ഹൈന്ദവ ആചാരങ്ങള്‍ക്കെതിരാ‍യ വലിയ കടന്നു കയറ്റവും ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിന്റെ ആസൂത്രിതമായ ഗൂഡനീക്കവും ആണെന്നായിരുന്നു അന്നത്തെ വാദം .പക്ഷെ ഭാഗ്യത്തിനു ഇത്തരം പ്രതിഷേധങ്ങളൊന്നും മുഖവിലക്കെടുക്കാതെ അന്നത്തെ നിയമ നിര്‍മ്മാന കമ്മിറ്റി ഈ നിയമം പ്രാബല്യത്തില്‍ വരുത്തുകയായിരുന്നു . കൂട്ടബലാത്സംഗങ്ങളും ഖാപ്പ് പഞ്ചായത്തും . ആര്‍ഷ ഭാരതീയ സംസ്കാരത്തിന്റെ ശൈശവ വിവാഹങ്ങളുടെയും സതി പോലെയുള്ള മറ്റു ദുരാചാരങ്ങളുടെയും നാണക്കേടില്‍ നിന്നും ഒരു നൂറ്റാണ്ട് നാം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു ,പക്ഷെ എന്നിട്ടും ആ ദുരാചാരങ്ങളുടെ വീണ്ടെടുപ്പിനു വേണ്ടി ഖാപ്പ് പഞ്ചായത്തുകാര്‍ പ്രസ്ഥാവന പുറപ്പെടുവിച്ചെന്നു കേള്‍ക്കുമ്പോള്‍ നാം എവിടേക്കാണ് പോകുന്നതെന്നു അല്‍ഭുതം തോന്നുന്നു . ഇക്കഴിഞ്ഞ മാസം രാജ്യത്തെ ജനങ്ങളെയും നിയമ വ്യവസ്ഥകളെയും നാണക്കേടിലാഴ്ത്തിക്കൊണ്ട് ,ആസൂത്രിതമായ ഒരു സംഘടിത ആക്രമണമെന്ന പോലെ ഹരിയാ‍നയില്‍ ഒരു ബലാത്സംഗപരമ്പര തന്നെ അരങ്ങേറുകയുണ്ടായി - വിവാഹിതരായ സ്ത്രീകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും അടക്കം 17 പേര്‍ .ഇതില്‍ ഇരയാക്കപ്പെട്ടവര്‍ എല്ലാവരും തന്നെ ദളിത് വിഭാഗത്തില്‍ പെട്ടവരും അക്രമികള്‍ സവര്‍ണ്ണരുമാണ് .ഈ യാദൃശ്ചികതയും ഒരു മാസത്തിനുള്ളില്‍ തന്നെയുള്ള ആവര്‍ത്തനവും ഇതൊരു ആസൂത്രിതമായ അക്രമ പരമ്പരയാണ് എന്നു സംശയമുണര്‍ത്തുന്നതാണ് .ഈ ക്രൂരമായ ഈ സംഭവത്തിന്റെ വീഡിയോകള്‍ അക്രമികള്‍ തന്നെ പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നു .വളരെ ഗുരുതരവും അങ്ങേയറ്റം മനുഷ്യത്വ രഹിതവുമായ കുറ്റകൃത്യങ്ങള്‍ ആസൂത്രിതമെന്ന പോലെ നടന്നിരിക്കുന്നു - കുറ്റവാളികളും തെളിവുകളും കണ്മുന്നിലുണ്ട് .പക്ഷെ നടപടിയെടുക്കുന്നതിനു പകരം ദാരുണവുമായ ഒരു കുറ്റ കൃത്യത്തിനെ - ,മനുഷ്യത്വ രഹിതമായ രീതിയില്‍ സമീപിച്ചു വിവാഹ പ്രായത്തിന്റെ പ്രശ്നമാണ് എന്നൊക്കെ വിഡ്ഡിത്തം വിളമ്പിക്കൊണ്ട് ഖാപ് പഞ്ചായത്തിലെ മുതുക്കിളവന്മാരും അതിനെ അനുകൂലിക്കുന്ന രാഷ്ട്രീയക്കാരും കൂടി ആ കുറ്റകൃത്യത്തിന്റെ ഭീകരതയെ ലഘൂകരിക്കാന്‍ ശ്രമിക്കുകയാണ് . 16 വയസ്സുള്ള പെണ്‍ കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടൂ ആത്മഹത്യ ചെയ്യാനിടയാകുമ്പോള്‍ അതു ആ പെണ്‍കുട്ടി വിവാഹം കഴിക്കാത്തത് കൊണ്ട് സംഭവിക്കുന്നതാണെന്നു പറയാന്‍ കാണിക്കുന്ന ഈ ഉളുപ്പില്ലായ്മ പറയുന്ന ഈ പടുകിളവന്മാരെയൊക്കെ മുക്കാലിയില്‍ കെട്ടി തിരണ്ടി വാലിനടിക്കാന്‍ മാത്രം ചങ്കൂറ്റമുള്ള ആരുമില്ല എന്നതാണ് നമ്മുടെ പ്രശ്നം . പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഈ റേപ്പ് കേസുകളില്‍ ഇരയാക്കപ്പെട്ടവര്‍ ആത്മഹത്യ ചെയ്ത ഒരു പതിനാറുകാരി ഒഴിച്ചു ബാക്കിയെല്ലാ‍വരും വിവാഹിതകളാണ് . ഈ ഇരകളാക്കപ്പെട്ടവര്‍ വിവാഹിതരാകാത്തതു കൊണ്ട് എന്ന വാദത്തിന്മേലുള്ള വസ്തുതാന്വേഷണം പോലും അബദ്ധമാണ് .പക്ഷെ ഇത്തരത്തില്‍ വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്ത ഒരു കാര്യം സര്‍വ്വ ഖാപ്പ് പഞ്ചായത്തും സംസ്ഥാനത്തെ ഒരു പ്രധാന പാര്‍ട്ടിയും അതിന്റെ നേതാവും ഏറ്റു പിടിക്കുമ്പോള്‍ അത് എത്ര മാത്രം ഗുരുതരമായ ഒരവസ്ഥാ വിശേഷമായി മാറുന്നു .അതിലുപരിയായി ഈ സംഭവങ്ങളെ മുന്‍ നിര്‍ത്തി പാരമ്പരാഗത ആചാരങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതിന്റെ അപകടമാണെന്ന രീതിയിലുള്ള ഒരു പ്രചരണത്തിനുള്ള ശ്രമം കൂടി നടക്കുന്നുണ്ട് .ഖാപ്പ് പഞ്ചായത്തുകളുടെ താല്പര്യം അതിന്റെ ആചാരങ്ങളുടെ ശാസ്ത്രീയതയെ അംഗീകരിപ്പിക്കലാണ് .നോക്കൂ ഞങ്ങള്‍ പരമ്പരാഗതമായി തുടര്‍ന്നു വന്നിരുന്ന ശൈശവ വിവാഹം ഇല്ലാതായതു കൊണ്ട് ഇപ്പോള്‍ ബലാത്സംഗം വര്‍ദ്ധിച്ചിരിക്കുന്നു ,അതു കൊണ്ട് പഴയ ആചാ‍രത്തിലേക്കു തിരിച്ചു പോകേണ്ടത് അനിവാര്യമായിരിക്കുന്നു !!!. നേരത്തെ തന്നെ പെണ്‍ കുട്ടികള്‍ ജീന്‍സിടുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും നിരോധിച്ചു കൊണ്ട് ഖാപ്പ് പഞ്ചായത്തുകള്‍ ഉത്തരവിറക്കിയിരുന്നു .ആദ്യം പതിനാറ് വയസ്സ് ,പിന്നീട് 12 വയസ്സിലേക്കു കൂടി വിവാഹപ്രായം അനുവദനീയമാക്കണം അങ്ങനെ പടി പടിയായി ശൈശവ വിവാഹത്തിനുള്ള അംഗീകാരം കൂടി നേടിയെടുത്താല്‍ ആചാരങ്ങളും പാരമ്പര്യങ്ങളുമുള്ള ആര്‍ഷ ഭാരത സംസ്കൃതി തിരിച്ചെത്തിച്ചതില്‍ അഭിമാനിക്കാന്‍ വകയായി . യമനിലെ നുജൂം അലി എന്ന പത്തു വയസ്സുകാരി പെണ്‍ കുട്ടിയുടെ വേദനിപ്പിക്കുന്ന അനുഭവ കഥ വായിക്കുമ്പോള്‍ നമുക്കജ്ഞാതമായ ഏതോ ലോകത്തിന്റെ കഥയെന്ന സമാശ്വാസത്തോടെയിരിക്കുമ്പോള്‍ തന്നെ നമ്മളോര്‍ക്കേണ്ട ഒരു സംഗതിയുണ്ട് ,ഇതിലും മോശമായ ഒരു സാമൂഹിക അന്തരീക്ഷമായിരുന്നു നമ്മുടെ പുകള്‍ പെറ്റ ആര്‍ഷ ഭാരത സംസ്കൃതിയിലുണ്ടായിരുന്നത് . *1829 - സതി നിരോധന നിയമം , *1840 - ലെ അടിമത്ത നിരോധന നിയമം *1856 - ലെ വിധവാ വിവാഹ നിയമം *1891 ലെ Age of Consent Bill ഇങ്ങനെ നിയമത്തിന്റെ അംഗീകാരത്തോടെയുള്ള നിരവധി സാമൂഹികപരിഷ്കരണങ്ങളിലൂടെയാണ് നാം പഴയ ദുരാചാരങ്ങളില്‍ നിന്നും അന്ധ വിശ്വാസങ്ങളില്‍ നിന്നും ഒരു പരിധി വരെയെങ്കിലും മോചിതരായത് . മനുഷ്യസ്നേഹികളായ ഒരു കൂട്ടം സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ആര്‍ജ്ജവത്തോടെയുള്ള നിരന്തരമായ ശ്രമവും അതിനൊപ്പം മികച്ച വിദ്യാഭ്യാസവും മതനിരപേക്ഷതയും കൊണ്ടാണ് ,സമത്വ സുന്ദര ഉട്ടോപ്യയല്ലെങ്കില്‍ കൂടി ഇന്നു നാമെത്തി നില്‍ക്കുന്ന സാമൂഹിക സ്ഥിതിയിലെങ്കിലും പരിവര്‍ത്തനം ചെയ്യപ്പെടാന്‍ കഴിഞ്ഞത് .ഇപ്പോഴും 1500 വര്‍ഷം പഴക്കമുള്ള ഒരു പുസ്തകത്തെ അടിസ്ഥാ‍നമാക്കി വിഡ്ഡിത്തങ്ങളെ നിയമനിര്‍മ്മാണം ചെയ്യുന്നതു പോലെ തന്നെ പാരമ്പര്യം ,ആചാരം ,ആര്‍ഷ ഭാരത സംസ്കൃതി എന്നൊക്കെ പറഞ്ഞു കൊണ്ട് ഉള്ള മൌലിക വാദ - ഫാസിസ്റ്റ് കസര്‍ത്തുകള്‍ നമ്മളെ പഴയ പുകള്‍ പെറ്റ ആര്‍ഷ ഭാരതത്തിലേക്കു തന്നെ എത്തിക്കുമെന്നു ഓര്‍ക്കുക . Ref: വിമോചനത്തിന്റെ പെണ്‍ ദൂരങ്ങള്‍ - ആനന്ദ് . Girl brides and political change - മീരാ കൊസാംബി Picture Courtesy - Epoch times

Tuesday, 7 August 2012

ഈഫല്‍ ടവര്‍ വില്‍ക്കാനുണ്ട് !!!!




ലോക പ്രശസ്തമായ ,പാരീസ് നഗരത്തിന്റെ മുഖമുദ്രയായ ഈഫല്‍ ഗോപുരം ഫ്രഞ്ച് ഗവണ്മെന്റ് വില്‍ക്കാന്‍ പോകുന്നു ,അതും ഇരുമ്പ് വിലയ്ക്കു !!! സംഗതി സത്യമാണ് പക്ഷെ ഇപ്പോഴല്ല 1925 - ല്‍ ആയിരുന്നു എന്നു മാത്രം . വര്‍ഷാവര്‍ഷമുള്ള ഈഫല്‍ ഗോപുരത്തിന്റെ ഭീമമായ പരിപാലന ചിലവ് താങ്ങാന്‍ കഴിയാതെയാണ് ഫ്രഞ്ച് ഗവണ്‍മ്മെന്റ് ഈ വിചിത്രമായ വില്പന നടത്തിയത് ,പാരീസ് നഗരവാസികളും ഈഫല്‍ ഗോപുരത്തിന്റെ ആരാധകരും പ്രതിഷേധമുയര്‍ത്തുമെന്നുള്ളതു കൊണ്ട് സംഗതി രഹസ്യമായിരുന്നു. ആന്ദ്രേ പോയ്സോണ്‍ എന്ന ചെറുകിട വ്യാപാരിയായിരുന്നു വന്‍ തുക മുടക്കി ഈഫല്‍ ഗോപുരം വാങ്ങിച്ചത് .ധാരാളം പൈസയുണ്ടെങ്കിലും ഒരു നല്ല ബിസിനസ്സുകാരനെന്ന പേരില്ല എന്ന സങ്കടമുള്ള ഒരു പ്രാഞ്ചിയേട്ടനായിരുന്നു ആന്ദ്രേ പോയ്സണ്‍ ,ഈഫല്‍ ഗോപുരം വാങ്ങിയാല്‍ പിന്നെ തന്റെ പേരും പ്രശസ്തിയും നാടാകെ പടരുമെന്നു അയാള്‍ കരുതി .ഗവണ്മെന്റ് ഈഫല്‍ ടവറൊക്കെ വില്‍ക്കുമോ ? ചെറിയ ഒരു സന്ദേഹമുണ്ടായിരുന്നത് ഗവണ്മെന്റ് പ്രതിനിധിയുമായുള്ള ആദ്യകൂടിക്കാഴ്ചയില്‍ തന്നെ അലിഞ്ഞില്ലാതായി .അത്രക്കുണ്ടായിരുന്നു ഗവണ്മെന്റ് പ്രതിനിധിയുടെ മൊത്തത്തിലുള്ള സെറ്റപ്പ് അത്യാഡംബര കാറായ ലിമോസിനില്‍ പ്രൌഡഗംഭീരമായ വസ്ത്രധാരണത്തോടെയുള്ള കുലീനനും മാന്യനുമായ ഒരാള്‍ .എന്തിനേറെ പറയുന്നു ആദ്യകൂടിക്കാഴ്ചയില്‍ തന്നെ ഇടപാടുറപ്പിച്ചു ,രണ്ടാമത്തെ കൂടിക്കാഴ്ചയില്‍ തന്നെ വലിയ ഒരു തുകയും കൊടുത്ത് ഈഫല്‍ ടവര്‍ സ്വന്തവുമാക്കി ,ഇനി തന്റെ പേരും പ്രശസ്തിയും നാടാകെ പരക്കും -ആന്ദ്രേ പോയ്സോണ്‍ അന്നു രാത്രി സന്തോഷം കൊണ്ട് ഉറങ്ങിയിട്ടുണ്ടാകില്ല .പിറ്റേ ദിവസം തന്റെ സ്വന്തം ഈഫല്‍ ടവര്‍ പൊളിച്ചാല്‍ എത്ര ടണ്‍ ഇരുമ്പു കിട്ടും എന്നൊക്കെയുള്ള ഒരവലോകനത്തിനു ഈഫല്‍ ടവറിലേക്കു പോയ ആന്ദ്രേ പോയ്സണ്‍ ഹൃദയസ്തംഭനം വന്നു മരിച്ചില്ലന്നെയുള്ളൂ .ഫ്രഞ്ച് ഗവണ്മെന്റ് അങ്ങനെയൊരു വില്പന നടത്തിയിട്ടില്ലത്രെ ,എന്തിനു അങ്ങനെയൊരു ആലോചന പോലുമുണ്ടായിട്ടില്ല . പോയത് പോയി ,ആന്ദ്രെ പോയ്സണ്‍ എന്തായാലും ആരോടും പരാതി പറഞ്ഞു ഉള്ള പേരു കളയാന്‍ നിന്നില്ല .


ഏതാനും മാസങ്ങള്‍ക്കു ശേഷം വീണ്ടും ഈഫല്‍ ടവര്‍ വില്പനക്കു വെച്ചു ,ഇത്തവണ 6 പേര്‍ക്കു ഒരുമിച്ചാണ് ഈഫല്‍ ഗോപുരം വിറ്റത് , അതിലൊരാള്‍ക്കു തോന്നിയ ഒരു സംശയം പരാതിയായി മാറി. അങ്ങനെയാണ് ഈഫല്‍ ടവര്‍ വില്‍ക്കുന്ന ആ ഗവണ്മെന്റ് ഒഫിഷ്യലായി വന്നയാളെ പോലീസ് നോട്ടമിട്ടത് . പക്ഷെ അയാള്‍ അവിടെ നിന്നും അല്‍ഭുതകരമായി വെട്ടിച്ചു കടന്നു കളഞ്ഞു - അദ്ദേഹമായിരുന്നു പിന്നീട് ഈഫല്‍ ടവര്‍ വിറ്റയാള്‍ എന്ന പേരില്‍ പ്രശസ്തനായ വിക്ടര്‍ ലസ്റ്റിഗ് . വിക്ടര്‍ ലസ്റ്റിഗിനു ഇത്തരം ഊടായ്പ്പ് തന്നെയാണ് സ്ഥിരം ജോലി .ഇതിനു മുമ്പ് നോട്ടടിക്കുന്ന ഒരു മെഷീന്‍ ഉണ്ടാക്കി കുറെ പേര്‍ക്കു വിറ്റ ആളാണ് വിക്ടര്‍ .ഒരു സാധാരണ പ്രിന്ററില്‍ ചില അഡ്ജസ്മെന്റൊക്കെ വരുത്തി സ്പെഷ്യല്‍ പ്രിന്റര്‍ ആക്കി മാറ്റി ഓരോ 6 മണിക്കൂറിലും 100 $ വരും ,വന്‍ വില കൊടുത്ത് ധനമോഹികളായ പലരും ഈ മെഷീന്‍ വാങ്ങി ആദ്യ പന്ത്രണ്ട് മണിക്കൂറില്‍ 2 തവണ 100 $ വന്നു ,പിന്നെയൊക്കെ വെറും ബ്ലാങ്ക് പേപ്പര്‍ ,ഈ 12 മണിക്കൂര്‍ തന്നെ ധാരാളമായിരുന്നു വിക്ടറിനു രക്ഷപ്പെടാന്‍ .

കുരുട്ടുബുദ്ധിയും ഊടായ്പ്പും കാണിച്ചു ജീവിക്കുന്നവര്‍ക്കൊരു മാതൃകാ പുരുഷനായിരുന്നു വിക്ടര്‍ ലസ്റ്റിഗ് , ധനത്തിനു ആര്‍ത്തിയുള്ളവരെയും എളുപ്പം പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരെയും നോട്ടമിടുക ,എപ്പോഴും മികച്ച വസ്ത്രധാരണവും പെരുമാറ്റ രീതികളും പുലര്‍ത്തുക ,ഇടപാടുകള്‍ക്കിടയില്‍ മദ്യപാനം അരുത് , ഇടപാടുകാരന്റെ അഭിപ്രായത്തോട് വിശ്വസനീയമായ രീതിയില്‍ യോജിക്കുക ,മതപരവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ പറഞ്ഞു തര്‍ക്കിക്കാതിരിക്കുക ,കഴിയുന്നിടത്തോളം ബഹുഭാഷാ സ്വാധീനം കരസ്ഥമാക്കുക എന്നിങ്ങനെ ഇത്തരക്കാര്‍ക്കു വേണ്ടി ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം നല്‍കിയിരുന്നു .

കോണ്‍ - ട്രിക്സ് & സ്ഥേയ കൌശല കഥകള്‍

സംഗതി ഊടായ്പ്പാണെങ്കിലും പാശ്ചാത്യര്‍ ഇതിനെ ഒരു കലയായാണ് പരിഗണിക്കുന്നത് , അവരിത്തരം ഊടായിപ്പുകളെ കോണ്‍ ആര്‍ട്ട്സ് [ Con Arts - Confident Arts ] എന്നാണ് പേരിട്ടിരിക്കുന്നത് , വൈദഗ്ദ്യവും കഴിവും ആവശ്യമായ ഒരു കലാപരമാ‍യ ഒരു സംഗതി തന്നെയാണല്ലോ ഇതും. മറ്റുള്ളവര്‍ പറ്റിക്കപ്പെടുന്നതു കാണാന്‍ എല്ലാവര്‍ക്കും വലിയ താല്പര്യമുണ്ട് ,ആ താല്പര്യം സ്വയം ഇരയാകുന്നതു വരെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ഇത്തരം കഥാപാത്രങ്ങള്‍ നായകരായി ,അവരുടെ കുരുട്ടുബുദ്ധിയും വൈദഗ്ദ്യവും വര്‍ണ്ണിച്ചെഴുതുന്ന കഥകളെ Picaresque stories [സ്ഥേയ കൌശല കഥകള്‍ ] എന്നു പറയുന്നു ,പച്ചമലയാളത്തില്‍ ഊടായ്പ്പു കഥകളെന്നും പറയാം. റോബിന്‍ ഹുഡും ടോം സോയറും ഹക്കിള്‍ ബെറി ഫിന്നും കായംകുളംകൊച്ചുണ്ണിയുമെല്ലാം ഇത്തരം കഥകളാണല്ലോ . ചില കഥകളില്‍ നായകന്റെ തട്ടിപ്പുകളും മോഷണവും ദരിദ്രരെ സഹായിക്കാനും ചൂഷകന്മാരെ ഒരു പാഠം പഠിപ്പിക്കാനും ഉള്ളതാണ് ,അവര്‍ നിരപരാധികളോടു കരുണയുള്ളവരായിരിക്കും ,

Catch me If you Can

കോണ്‍ -ട്രിക്കുകളുടെ കാര്യത്തില്‍ ലോകത്തെ അല്‍ഭുതപ്പെടുത്തിയ മറ്റൊരു വ്യക്തിയാണ് Frank Abagnale ,ഇക്കാര്യത്തില്‍ ഒരു ഇതിഹാസം എന്നു തന്നെ പറയാം . ഊടായ്പ്പു വേലകളില്‍ നാന്ദി കുറിക്കുമ്പോള്‍ ഫ്രാങ്ക് ആബഗ്നേല്‍ സ്വജനപക്ഷപാതമൊന്നും കാട്ടിയില്ല ,സ്വന്തം അച്ഛന്റെ പെട്രോള്‍ കാര്‍ഡില്‍ തിരി മറി നടത്തിയാണ് ജൂനിയര്‍ ആബഗ്നേല്‍ കളത്തിലിറങ്ങിയത് .ഗണപതിക്കു വെച്ചത് കാക്ക കൊണ്ടോയില്ല എന്നു പിന്നീടുള്ള ചരിത്രം സാക്ഷി .ബാങ്ക് ഇടപാടുകളാണ് ഫ്രാങ്ക് ആബഗ്നേയിലിന്റെ മാസ്റ്റര്‍ പീസ് ഇതിനു വേണ്ടി മാത്രം നിരവധി ബാങ്കുകളില്‍ പല പേരുകളില്‍ എക്കൌണ്ട് ഉണ്ടാക്കുന്നു അതും പോരാഞ്ഞ് സ്വന്തമായി ചെക്കുണ്ടാക്കി അത് കൊണ്ട് പണം പിന്‍ വലിക്കുന്നു .പൈലറ്റ് , ഡോക്ടര്‍ ,പ്രൊഫസര്‍ ,വക്കീല്‍ എന്നിങ്ങനെ ആബഗ്നേയില്‍ കെട്ടാത്ത വേഷങ്ങള്‍ ചുരുക്കമാണ് ,വെറുതെ വേഷം കെട്ടുക മാത്രമല്ല ഇതിനെല്ലാം ആവശ്യമായ സര്‍ട്ടിഫിക്കേറ്റുകളും സാമാന്യ വിവരവും അയാള്‍ നേടുന്നത്ര പ്രൊഫഷണലാണ് . പല രാജ്യങ്ങളിലേക്കു യാത്ര ചെയ്യേണ്ടതിനാല്‍ മാത്രം പൈലറ്റാവുകയാണ് എളുപ്പമെന്നു മനസ്സിലാക്കി പാന്‍ അമേരിക്കന്‍ എയര്‍ ലൈന്‍സിന്റെ ഒരു പൈലറ്റ് യൂണിഫോം സംഘടിപ്പിച്ചു ഒരു പൈലറ്റിന്റെ പ്രിവില്യേജസ് [പാന്‍ അമേരിക്കന്‍ എയര്‍ ലൈന്‍സില്‍ സൌജന്യ യാത്ര ,സ്റ്റാര്‍ ഹോട്ടലിലെ താമസം ഇതിനെല്ലാം ഫ്രാങ്കിനു ആകെ കൂടി വേണ്ടി വന്നത് ഒരു പൈലറ്റ് യൂണിഫോമും പിന്നെ കയ്യിലിരുപ്പും “ മാത്രമാണ് ഒന്നിലേറെ തവണ പോലീസ് കസ്റ്റഡിയില്‍ നിന്നും വിദഗ്ദമായി രക്ഷപ്പെട്ടിട്ടൂം പക്ഷെ ഏതു കള്ളന്റെയും അവസാനം പോലെ തന്നെ ആബഗ്നേല്‍ വീണ്ടും രക്ഷപ്പെടാനാവാത്ത വിധം പോലീസ് പിടിയിലായി പക്ഷെ ബാങ്കിങ്ങ് ഇടപാടുകളിലും ചെക്ക് തിരിമറികളിലും ഉള്ള വൈദഗ്ദ്യം കൊണ്ട് അധികാരികളെ അമ്പരപ്പിച്ച ആബഗ്നേയിലിനെ ഫെഡറല്‍ ബ്യൂറോ ഇത്തരം തിരിമറികള്‍ കണ്ടെത്താന്‍ ഗവണ്മെന്റിനെ സഹായിക്കാമെന്ന ഉടമ്പടി പ്രകാരം ശിക്ഷയില്‍ നിന്നൊഴിവാക്കുകയായിരുന്നു .പില്‍ക്കാല ജീവിതം ഇത്തരം ഊടായിപ്പുകളെ കണ്ടെത്താന്‍ അധികാരികളെ സഹായിച്ചും അതിനു വേണ്ടി തന്റെ വൈദഗ്ദ്യം ഉപയോഗിച്ചു ജീവിക്കുന്നു ഇത്തരംചതിക്കുഴികളില്‍ നിന്നും കോണ്‍ - ട്രിക്കുകളില്‍ നിന്നും ആളുകളെ ബോധവല്‍ക്കരിക്കാന്‍ . The Art of the Steal, എന്നൊരു പുസ്തകവും എഴുതിയിട്ടൂണ്ട് -എന്തൊരു ചതിയായിപ്പോയി അല്ലെ .

.ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സ്റ്റീവന്‍ സ്പില്‍ ബെര്‍ഗ് “കാച്ച് മി ഇഫ് യു ക്യാന്‍ “ എന്ന സിനിമയെടുത്തിട്ടൂള്ളത് . കള്ളനെ പോലീസാക്കുന്ന ഈ തന്ത്രത്തിനു ഒരു പാട് പഴക്കമുണ്ട് .ആയിരത്തൊന്നു രാവുകളില്‍ ഷഹറസാദ് പറയുന്ന കഥകളില്‍ ഹസ്സന്‍ ,മുഹമ്മസ് ,ആലി എന്നീ പെരും കള്ളന്മാരെ കെയ് റോയിലെ ഭരണാധികാരിയായിരുന്ന ഹാറൂണ്‍ അല്‍ റഷീദ് പോലീസുദ്യ്യോഗം നല്‍കിയതും അതിനെ തുടര്‍ന്നു അവരുടെ കൌശലം കൊണ്ട് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതും വിവരിക്കുന്നുണ്ട് .ഒരു യഥാര്‍ത്ഥ കള്ളനല്ലാതെ ആര്‍ക്കാണ് തട്ടിപ്പിന്റെയും മോഷണത്തിന്റെ ദുരൂഹമാം വിധം ഇരുളടഞ്ഞ വഴിത്താരകളെ മനസ്സിലാക്കാന്‍ സാധിക്കുക ? ആ തൊഴിലിലെ കൌശലവും കുബുദ്ധികളും അവരോളം പരിചിതമായവരുണ്ടാകുമോ .ആയിരത്തൊന്നു രാവുകളില്‍ നിന്നു ഇന്നത്തെ Hi tech യുഗത്തിലേക്കെത്തുമ്പോഴും ഇതേ തന്ത്രം തന്നെയാണ് പ്രയോഗിക്കപ്പെടുന്നത് ആന്റി വയറസ്സ് സോഫ്റ്റ് വേര്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ അവരുടെ പുതിയ സോഫ്റ്റ് വേര്‍ നിര്‍മ്മിക്കാനും അതിന്റെ ബലഹീനതകളെ പറ്റി പഠിക്കാനും വിരുതന്മാരായ ഹാക്കേഴ്സിനെയാണ് നിയമിക്കുന്നത് .

റുസ്തം നഗര്‍ വാല കേസ് .

ഇന്‍ഡ്യയില്‍ ഏറ്റവും പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ കോണ്‍-ട്രിക്ക് ആയിരുന്നു റുസ്തം നഗര്‍വാല കേസിന്റേത്. 1971 ലെ മേയ് 24 ഒരു പ്രഭാതത്തില്‍ പാര്‍ല്യമെന്റ് സ്ട്രീറ്റ് ബ്രാഞ്ചിലേക്ക് അന്നത്തെ പ്രധാനമന്ത്രി സാക്ഷാല്‍ ഇന്ദിരാഗാന്ധിയുടെ ഒരു ഫോണ്‍ - അധികം വാക്കുകളൊന്നുമില്ല ഞാന്‍ അയക്കുന്ന "ബംഗ്ലാദേശി ബാബു “ എന്ന ആളുടെ കയ്യില്‍ പറയുന്ന പൈസ കൊടുത്തയക്കുക ,ഈ ഫോണ്‍ സന്ദേശത്തിനു ശേഷം ഉടന്‍ തന്നെ പ്രധാന മന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരാള്‍ ബാങ്കിലെത്തുന്നു -അയാള്‍ ആവശ്യപ്പെട്ട പ്രകാരം 60 ലക്ഷം രൂപ യാതൊരു വിധ രേഖകളുമില്ലാതെ കൊടുത്തു വിടുന്നു ,അതിനു ശേഷം മാനേജര്‍ പതിവ് പോലെ ? പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചെന്ന് റെസീപ്റ്റ് ചോദിക്കുമ്പോഴാണ് അത്തരമൊരു ഫോണ്‍ കോളിന്റെ കഥ തന്നെ Prime minister Office അറിയുന്നത് തന്നെ .ഉടന്‍ തന്നെ തീവ്രമായ അന്വേഷണമാരംഭിച്ചു അധികം താമസിയാതെ തന്നെ പാര്‍ലിമെന്റ് സ്ട്രീറ്റിലെ ഒരു റോഡില്‍ നിന്നും റുസ്തംനഗര്‍വാല എന്നൊരാളെ പണമടങ്ങിയ ബാഗുമായി അറസ്റ്റ് ചെയ്യുന്നു .ഈ കേസില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പിടിക്കപ്പെടാതെ വളരെ ലളിതമായി പണവുമായി രക്ഷപ്പെടാമായിരുന്നിട്ടൂം റുസ്തം നഗര്‍ വാല അതിനു ശ്രമിക്കാതെ പിടി കൊടുക്കുകയായിരുന്നു . വെറുവെറുമൊരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ 60 ലക്ഷം രൂപ [1971 ലെ 60 ലക്ഷം രൂപയ്ക്കു ഇന്നത്തെ മൂ‍ല്യം ആലോചിച്ചു നോക്കുക ] ഒരു രശീതി പോലുമില്ലാതെ കൊടുത്തു വിടുക എന്നതിനര്‍ത്ഥം ഇത്തരം ഇടപാടുകള്‍ സ്ഥിരമായിരുന്നു .ഒന്നുകില്‍ ഇന്ദിരാഗാന്ധിക്കു ഭീമമായ നിക്ഷേപങ്ങള്‍ ബിനാമി പേരിലുണ്ടായിരുന്നിരിക്കണം ,അല്ലെങ്കില്‍ രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളെ സ്വന്തം കുടുംബ സ്വത്തു പോലെയാവണം അവര്‍ കൈകാര്യംചെയ്തിരിക്കുക.മുന്‍ ആര്‍മി ക്യാപ്റ്റനും അതിനു ശേഷം ഇന്റലിജന്‍സുമായി ബന്ധപ്പെട്ടൂ പ്രവര്‍ത്തിക്കുകകയായിരുന്ന റുസ്തത്തിനു ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിരിക്കണം ,അത് പൊതുജനങ്ങള്‍ക്കു കൂടി മനസ്സിലാകാന്‍ വേണ്ടിയായിരിക്കണം ഇത്തരമൊരു കൃത്യത്തിനു ശേഷം മനപ്പൂര്‍വ്വം പിടി കൊടുക്കാന്‍ തയ്യാറായതും .അതു കൊണ്ട് തന്നെ റുസ്തം നഗര്‍ വാല കേസ് ഒരു കോണ്‍ ട്രിക്ക് എന്നതിലുപരി അധികാരദുര്‍വിനിയോഗത്തിന്റെയും രാഷ്ട്രീയ ഏകാധിപത്യത്തിന്റെയും ചിത്രമാണ് നമുക്കു കാണിച്ചു തരുന്നത് , ഒരു whistleblowing Case .പക്ഷെ കൂടുതലെന്തെങ്കിലും പറയാന്‍ കഴിയുന്നതിനു മുമ്പ് ജയില്‍ വാസത്തിനിടക്കു ദുരൂഹമാം വിധം റുസ്തം നഗര്‍ വാല മരണപ്പെട്ടൂ അതു കഴിഞ്ഞു നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതെങ്കിലും അതിനും മുമ്പേ തന്നെ ഏകാധിപത്യവും അധികാര ദുര്‍വിനിയോഗവും അടങ്ങിയ രാഷ്ട്രീയ അടിയന്തിരാവസ്ഥ നില നിന്നിരുന്നു .

മലയാളികളും കോണ്‍ - ട്രിക്കും .


മലയാളികളും ഇത്തരം കലാ പരിപാടികളുമായി അഭേദ്യ ബന്ധമുണ്ട് .മലയാളികളുടെ ആദ്യകഥ "വാസനാവികൃതി " തന്നെ ഒരു കള്ളന്റെ ആത്മകഥയായിരുന്നുവല്ലോ . അതു പോലെ തന്നെ 1913 -ല്‍ കാരാട്ട് അച്യുത മേനോന്‍ രചിച്ച ,വലിയ ജനപ്രീതി നേടിയ “വിരുതന്‍ ശങ്കു “ എന്ന നോവല്‍ ഇത്തരത്തില്‍ തന്റെ ബുദ്ധിയും സാമര്‍ത്ഥ്യവും കൊണ്ട് ആളുകളെ കബളിപ്പിക്കുന്ന ഒരു രസികന്റെ കഥയാണ് ,ലക്ഷണമൊത്ത ഒരു സ്തേയ കൌശല [Picaresque ] കഥയായി ഇതിനെ പരിഗണിക്കാം പിന്നീട് ഇത് ഒരു സിനിമയായി വലിയ വിജയം കൈവരിക്കുകയുമുണ്ടായി . പക്ഷെ പാശ്ചാത്യരെ പോലെ കോണ്‍ ട്രിക്ക് ,കോണ്‍ ആര്‍ട്ട് എന്നൊക്കെ പറയുന്നതിനു പകരം നമ്മള്‍ മലയാളികള്‍ ഇതിനെ അല്പം കൂടി വിപുലീകരിച്ചാണ് പറയുക , ഇത് മലയാളത്തിലെ ഒരു തെറിയാണെന്നു പറയപ്പെടുന്നു :) . ഒരു പക്ഷെ ലോകത്തേറ്റവും കൂടുതല്‍ കോണ്‍ ആര്‍ട്ടിസ്റ്റ് സാന്ദ്രതയുള്ള ഭൂവിഭാഗം കേരളമായിരിക്കണം നെറ്റ് വര്‍ക്കു മാര്‍ക്കറ്റിങ്ങ് , അല്‍ഭുത മരുന്നുകള്‍ ,വിസ്സ തട്ടിപ്പ് ,വിവാഹ തട്ടിപ്പ് ,വ്യാ‍ജ ഡോക്ടര്‍ എന്നിങ്ങനെ വിവിധ വകഭേദത്തിലുള്ള കോണ്‍ ട്രിക്കുകളുടെ ഒരു പറുദീസയാണ് കേരളം .മന്ത്രിയുടെ പി എ ചമഞ്ഞു ,സി ബി ഐ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞു ,എന്തിനു സിറ്റി പോലീസ് കമ്മീഷണറാണെന്നു അങ്ങനെ ഇത്തരം കലാരൂപങ്ങളെ കുറിച്ചുള്ള വാര്‍ത്തകളില്ലാത്ത ഒരു ദിവസം പോലുമില്ലാത്ത വിധം ഇത് മലയാളിയുടെ ദൈനം ദിന സാമൂഹ്യജീവിതത്തോട് താദാത്മ്യം പ്രാപിക്കപ്പെട്ടു കഴിഞ്ഞു .തട്ടിപ്പുകാരുള്ളതു പോലെ തന്നെ ഏറ്റവുമധികം തട്ടിപ്പുകള്‍ക്കു വിധേയരാകുന്നതും ഈ മല്ലു വിരുതന്മാരാണ് എന്നതും ശ്രദ്ധേയമാണ് -കോടിക്കണക്കിനു ഡോളറിന്റെ നൈജെരിയന്‍ ലോട്ടറിക്കും ,ഉഗാണ്ടന്‍ കോടീശ്വരന്റെ സുന്ദരിയായ ചെറുമകള്‍ ,ആറു മാസം കൊണ്ട് കാറും ബാങ്ക് ലക്ഷങ്ങളുടെ ബാങ്കു ബാലന്‍സുമുണ്ടാകുന്ന നെറ്റ് വര്‍ക്കിങ്ങ് മാര്‍ക്കറ്റിങ്ങ് എന്നു വേണ്ടാ ലോകത്തുള്ള സകലമാ‍ന തട്ടിപ്പുകളിലും ഇരകളുടെ പട്ടികയില്‍ ഒരു മലയാളിയുമുണ്ടാകും .

ദാ ...ഇതെല്ലാം എഴുതി പോസ്റ്റ് ചെയ്യാനൊരുങ്ങുമ്പോള്‍ അത്യാകര്‍ഷകങ്ങളായ ഓഫറുകളുമായൊരു സ്മാര്‍ട്ടായൊരു ക്രെഡിറ്റ് കാര്‍ഡ് വില്പനക്കാരന്‍ എന്റെ മുന്നില്‍ നിന്നു അസാമാന്യ വാചക മേള - സൌജന്യ എയര്‍ ടിക്കറ്റ് ,സൌജന്യ സിനിമ ,സ്റ്റാര്‍ ഹോട്ടലില്‍ താമസത്തിനു ഡിസ്കൌണ്ട് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 50 % ഡിസ്കൌണ്ട് എന്നു വേണ്ടാ മൊത്തത്തില്‍ ഈ ക്രെഡിറ്റ് കാര്‍ഡ് എടുത്താല്‍ ജീവിതം സാര്‍ത്ഥകമെന്ന മട്ടില്‍ ...........ഇതും ഒരു തരത്തിലുള്ള കോണ്‍ ട്രിക്ക് തന്നെയല്ലെ എന്നു വര്‍ണ്ണ്യത്തിലാശങ്ക തോന്നിക്കൊണ്ട് ഞാന്‍ നിര്‍ത്തുന്നു

Sunday, 1 July 2012

എട്ടുകാലി മമ്മൂഞ്ഞ്




ജനനം - 1908 ജനുവരി 19 ,തലയോലപ്പറമ്പ്, വൈക്കം
മരണം - 5 ജൂലൈ 1994 , ബേപ്പൂർ, കോഴിക്കോട്

അക്കാദമിക് സിദ്ധാന്തങ്ങളുടെ ബലത്തില്‍ വി സി ശ്രീജനെപ്പോലുള്ളവര്‍ പറയുന്നു വൈക്കം മുഹമ്മദ് ബഷീര്‍ ഒരു മികച്ച സാഹിത്യകാരനല്ലെന്ന് ,എന്‍ എസ് മാധവന്‍ കൊല്ലക്കണക്കും ചരിത്രവും വിശകലനം ചെയ്തു പറയുന്നു മുഹമ്മദ് ബഷീര്‍ കള്ളം പറയുന്നുവെന്ന് .....വിമര്‍ശനങ്ങളും വിലയിരുത്തലുകളും നടത്തി എട്ടുകാലി മമ്മൂഞ്ഞുകളാകുന്നവര്‍ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട് - ബഷീറിനോളം വായിക്കപ്പെട്ടിട്ടുള്ള മറ്റൊരു മലയാളം സാഹിത്യകാരനുണ്ടാകില്ല .സാധാരണക്കാരനെയും ബുദ്ധിജീവിയെയും ബഷീറിന്റെ എഴുത്തുകള്‍ ആശ്ചര്യപ്പെടുത്തുന്നു ,അമ്പരപ്പിക്കുന്നു .നേര്‍ത്ത നര്‍മ്മത്തില്‍ പൊതിഞ്ഞ സാധാരണ ജീവിതങ്ങളാണ് അവ ,അതില്‍ തത്വചിന്തയുണ്ട് ,കാരുണ്യമുണ്ട് ,മനുഷ്യത്വമുണ്ട് ,പലപ്പോഴും ഓര്‍ത്തു പുഞ്ചിരിക്കാന്‍ പാകത്തിലുള്ള എഴുത്താണ് ബഷീറിന്റേത് . മലയാളികളുടെ നിത്യജീവിതത്തില്‍ “എട്ടുകാലി മമ്മൂഞ്ഞ് “ നോളം പരാമര്‍ശിക്കപ്പെട്ട മറ്റൊരു കഥാപാത്രമുണ്ടാകില്ല ,കഥാപാത്രം വളര്‍ന്നു ഒരു പ്രയോഗമായി മാറിയ മറ്റൊരു ചരിത്രവുമില്ല . “ "ഇതും ഇതിലപ്പൊറോം ചെയ്യിണ ഹറാംപെറന്നോനാണ്‌ ഞമ്മള്‌" എന്നു പറഞ്ഞു മീശ പിരിക്കുന്ന എട്ടുകാലി മമ്മൂഞ്ഞിനെ സങ്കല്പചിത്രത്തിലിട്ട് നോക്കി നമ്മള്‍ മലയാളികള്‍ എത്ര ചിരിച്ചിട്ടുണ്ടാവണം ,നിത്യജീവിതത്തില്‍ കാണുന്ന ചിലരെയെങ്കിലും എട്ടുകാലി മമ്മൂഞ്ഞുമായി താരതമ്യപ്പെടുത്തിയിട്ടുണ്ടാകില്ലെ ? എട്ടുകാലി മമ്മൂഞ്ഞ് തന്നെയാകണം മലയാള സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കഥാപാത്രം ,അത് വായിക്കാത്തവര്‍ പോലും പല തവണ മമ്മൂഞ്ഞിനെ പരാമര്‍ശിച്ചിട്ടുണ്ടാകണം .


എട്ടുകാലി മമ്മൂഞ്ഞ്


എവിടെയെങ്കിലും ഒരു സ്ത്രീക്ക്‌ ഗര്‍ഭമായി കണ്ടാല്‍ 'അതു ഞമ്മളാണ്‌' എന്ന്‌ എട്ടുകാലി മമ്മൂഞ്ഞ്‌ അന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്നതിനൊന്നും മേല്‍പടിയാന്‌ ധൈര്യമില്ലായിരുന്നു. പ്രസിദ്ധ കള്ളന്മാരായ ആനവാരി രാമന്‍നായര്‍, പൊന്‍കുരിശുതോമാ എന്നിവരുടെ ഒരനുഭാവിയായിരുന്നു എട്ടുകാലി മമ്മൂഞ്ഞ്‌. എന്നിരുന്നാലും അവരുടെ ഇടയില്‍ വലിയ സീറെറാന്നും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്‌. പോക്കറ്റടിക്കാരനായിരുന്ന മണ്ടന്‍ മൂത്തപാ, മൂച്ചീട്ടുകളിക്കാരാനായിരുന്ന ഒറ്റക്കണ്ണന്‍ പോക്കര്‌ എന്നിവരും എട്ടുകാലി മമ്മൂഞ്ഞിനെ വലിയ കാര്യമൊന്നുമാക്കിയിരുന്നില്ല.

കുറെക്കാലം മുമ്പ്‌ സാമാന്യം ഭേദപ്പെട്ട ഒരു എട്ടുകാലിയായിരുന്നുവെന്നേ മമ്മൂഞ്ഞിനെ കണ്ടാല്‍ തോന്നു. തല വളരെ ചെറുതും പൊക്കം വളരെ കുറവുമാണ്‌ മൂപ്പര്‍ക്ക്‌. ആകെക്കൂടി മമ്മൂഞ്ഞിന്‌ അഭിമാനിക്കുവാനുള്ളത്‌ മീശയാണ്‌. അതു രണ്ടു വശത്തും ഓരോ മുഴം നീളത്തില്‍ മൂപ്പരങ്ങനെ വളര്‍ത്തിവിട്ടിരിക്കയാണ്‌. വഴിയെ പോകുമ്പോള്‍ സ്ത്രീകളുടെ ദേഹത്ത്‌ എട്ടുകാലി മമ്മൂഞ്ഞ്‌ മീശ മുട്ടിക്കുമെന്നൊരു പരാതിയുമുണ്ട്‌. എട്ടുകാലി മമ്മൂഞ്ഞിനെപ്പററി വേറൊന്നുള്ളത്‌ അദ്ദേഹം പുരുഷനല്ലെന്നുള്ളതാണ്‌. സ്ത്രീയുമല്ല. നപുംസകം. ഈ രഹസ്യം സ്ഥലത്തെ സ്ത്രീകള്‍ക്കെല്ലാം അറിയാവുന്നതാണ്‌. ഇതെങ്ങനെയാണ്‌ അവരറിഞ്ഞിട്ടുള്ളതെന്ന്‌ ആര്‍ക്കും ഒരെത്തുംപിടിയുമില്ല.

എട്ടുകാലി മമ്മൂഞ്ഞിനെ കോട്ടുമമ്മൂഞ്ഞ്‌ എന്നും ആളുകള്‍ വിളിക്കാറുണ്ട്‌. നാലോ ആറോ പേരുകൂടി ചീട്ടുകളിക്കാന്‍ തുടങ്ങുമ്പോള്‍ മമ്മൂഞ്ഞ്‌ ചാടി എണീറ്റ്‌ 'കോട്ടൊണ്ടോ? ' എന്നു ചോദിക്കുന്നതു പതിവാണ്‌. അതില്‍നിന്നാണ്‌ മൂപ്പര്‍ക്ക്‌ കോട്ടുമമ്മൂഞ്ഞ്‌ എന്നു പേരുകിട്ടിയത്‌. മമ്മൂഞ്ഞിനെക്കൊണ്ട്‌ വല്ലകാര്യവും കാണാനുള്ളവര്‍ ബഹുമാനപൂര്‍വം കോട്ടുസാഹിബ്‌ എന്നും വിളിക്കാറുണ്ട്‌. എങ്കിലും പട്ടയത്തില്‍ പതിഞ്ഞ പേര്‌ എട്ടുകാലി മമ്മൂഞ്ഞ്‌ എന്നുതന്നെയാണ്‌. മൂപ്പര്‍ക്കെല്ലാവരോടും സ്നേഹമാണ്‌. ആരെന്തുപറഞ്ഞാലും യാതൊരു മടിയും കൂടാതെ മൂപ്പരതുചെയ്യും. മണ്ടന്‍ മൂത്തപായുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങള്‍ കഴുകുക, വിറക്‌ കീറിക്കൊടുക്കുക, സ്ഥലത്തെ രണ്ടു പോലീസുകാരുടെ ബല്‍ട്ട്‌ പോളീഷ്‌ ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പര്‍ പൊടിമണ്ണിട്ടു തൂത്തു പൊന്നുപോലെയാക്കുക, പോലീസ്‌ സ്റ്റേഷനിലെ ലോക്കപ്പുമുറി അടിച്ചുവാരി ക്ലീനാക്കുക, എന്നുവേണ്ട ആര്‍ക്കും എന്തും ചെയ്യും മൂപ്പര്‌. എന്നാലും, എട്ടുകാലി മമ്മൂഞ്ഞിനെ ആരും സ്നേഹിക്കുന്നില്ല. തന്നെയുമല്ല, മൂപ്പരെപ്പറ്റി അവജ്ഞയോടെ 'ഓ, എട്ടുകാലി മമ്മൂഞ്ഞോ' എന്നേ സ്ഥലവാസികള്‍ പറയൂ. എട്ടുകാലിമമ്മൂഞ്ഞ്‌ എല്ലാവരെയും സ്നേഹിക്കുന്നു.

സംഗതികള്‍ ഇങ്ങനെയിരിക്കെ സ്ഥലത്ത്‌ ഒരു പ്രധാന സംഭവമുണ്ടായി.

ഒരു ദിവസം ആനവാരി രാമന്‍നായര്‍ മണ്ടന്‍ മുത്തപായുടെ ചായക്കടയിലേക്ക്‌ പോവുകയായിരുന്നു. അപ്പോള്‍ പിറകില്‍നിന്ന്‌, 'അടേ ആനവാരി' എന്നൊരു വിളി കേട്ടു. ആനവാരി രാമന്‍നായര്‍ തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞാണ്‌. ആനവാരി രാമന്‍നായര്‍ക്ക്‌ ദേഷ്യംവന്നു എന്ന്‌ പറയേണ്ട ആവശ്യമില്ലല്ലോ. ആനവാരി രാമന്‍നായരെ കേറി 'അടേ ആനവാരി' എന്നു വിളിക്കാന്‍ ലൈസന്‍സ്‌ അധികമാര്‍ക്കും ഇല്ല. നമ്മുടെ പ്രധാനമന്ത്രിയോ പ്രസിഡണ്ടോ വിളിക്കയാണെങ്കില്‍ത്തന്നെയും ആനവാരി രാമന്‍നായര്‍ക്കതിഷ്ടമല്ല. കാരണം അവരാരും ആനവാരി രാമന്‍നായരുടെ സമത്വത്തിലുള്ളവരല്ലെന്നുള്ളതാണ്‌. മേല്‍പടിയാനെക്കേറി 'അടേ ആനവാരി' എന്നു താഴെ പറയുന്നവര്‍ക്ക്‌ വിളിക്കാം. പൊന്‍കുരിശു തോമാ, ജനാബ്‌ മണ്ടന്‍ മൂത്തപാ, ജനാബ്‌ ഒറ്റക്കണ്ണന്‍ പോക്കര്‌, ബഹുമാനപ്പെട്ട രണ്ടുപോലീസുമൂരാച്ചികള്‍, ഈ വിനീത ചരിത്രകാരന്‍. ഞങ്ങളെ കൂടാതെ വേറെയും ചിലരുണ്ട്‌. അവരെല്ലാം ഇപ്പോള്‍ അണ്ടര്‍ഗ്രൗണ്ടിലാണ്‌.

സംഗതിയുടെ ഗൗരവം ഈവിധമിരിക്കെ എട്ടുകാലിമമ്മൂഞ്ഞിന്റെ കഴുത്തിനു ഞെക്കിപ്പിടിച്ചു കൊന്നു വലിച്ചെറിഞ്ഞാലെന്താണെന്നുവരെ ആനവാരി രാമന്‍നായര്‍ക്കു തോന്നി. എന്നാല്‍ ആ ഭയങ്കര കൃത്യം നടക്കുന്നതിനു മുമ്പ്‌ എട്ടുകാലി മമ്മൂഞ്ഞ്‌ അടുത്തു ചെന്നു ചോദിച്ചു;

"സംഗതി അറിഞ്ഞോ?"

ആനവാരി രാമന്‍നായര്‍ എന്തെങ്കിലും ചെയ്യുന്നതിനുമുമ്പുതന്നെ എട്ടുകാലി മമ്മൂഞ്ഞ്‌ ആ ഭയങ്കര രഹസ്യം പറഞ്ഞു കളഞ്ഞു. ആനവാരി രാമന്‍നായര്‍ക്കുവിശ്വാസിക്കാന്‍ കഴിഞ്ഞില്ല. അത്ഭുതത്തോടെ ആനവാരി ചോദിച്ചു;

"നേരോ?"

എട്ടുകാലി മമ്മൂഞ്ഞ്‌ മീശ വീണ്ടും പിരിച്ചുകൊണ്ട്‌ വളരെ ഗൗരവത്തോടെ പറഞ്ഞു "നേര്‌"

അങ്ങനെ അവര്‍ മണ്ടന്‍ മൂത്തപായുടെ ചായക്കടയിലേക്കു നടന്നു. വഴിക്കുവെച്ച്‌ നമ്മുടെ പൊന്‍കുരിശു തോമായെ കണ്ടു. കണ്ടയുടനെ എട്ടുകാലി മമ്മൂഞ്ഞ്‌ ചോദിച്ചു;

"അടേ പൊന്‍കുരിശേ സംഗതി അറിഞ്ഞോ?"

പൊന്‍കുരിശു തോമായ്ക്ക്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ കരണത്ത്‌ പടപടേന്ന്‌ ഒരാറെണ്ണം കൊടുക്കാന്‍ തോന്നി. കാരണം, പൊന്‍കുരിശു തോമായേയും "അടേ പൊന്‍കുരിശേ" എന്ന്‌ പ്രധാനമന്ത്രി, പ്രസിഡണ്ട്‌, ഏതെങ്കിലും രാജപ്രമുഖന്‍ എന്നിവര്‍ കൂടി വിളിച്ചാല്‍ത്തന്നെ മൂപ്പര്‍ക്കിഷ്ടമില്ല. കാരണം അവരൊന്നും സമന്മാരല്ലല്ലോ. ആനവാരി രാമന്‍നായരെക്കേറി ആര്‍ക്കെല്ലാം "അടേ ആനവാരീ" എന്നു വിളിക്കാമോ അവര്‍ക്കെല്ലാം പൊന്‍കുരിശു തോമായേയും "അടേ പൊന്‍കുരിശേ" എന്നുവിളിക്കാം.

ആ പട്ടികയില്‍പ്പെട്ട ആളല്ലല്ലോ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞ്‌. പൊന്‍കുരിശുതോമാ എട്ടുകാലി മമ്മൂഞ്ഞിനെ കേറി അടിക്കുന്നതിനുമുമ്പ്‌ ആനവാരി രാമന്‍നായര്‍ പൊന്‍കുരിശുതോമായോട്‌ ആ രഹസ്യം പറഞ്ഞു. പൊന്‍കുരിശുതോമായും അത്ഭുതത്തോടെ ചോദിച്ചു;

"അടേ എട്ടുകാലീ, നേരോ ഇത്‌?"

അപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ്‌ തന്റെ മീശ പിരിച്ചുകൊണ്ട്‌ പറഞ്ഞു; "ഇതും ഇതിലപ്പൊറോം ചെയ്യിണ ഹറാംപെറന്നോനാണ്‌ ഞമ്മള്‌"

അങ്ങനെ അവര്‍ മണ്ടന്‍ മൂത്തപായുടെ ചായക്കടയിലെത്തി, അപ്പോള്‍ അവിടെ മണ്ടന്‍ മൂത്തപാ, ഒറ്റക്കണ്ണന്‍ പോക്കര്‌, സ്ഥലത്തെ രണ്ട്‌ പോലീസുമൂരാച്ചികള്‍ എന്നീ മാന്യന്മാരുമുണ്ടായിരുന്നു. അവരോടും ആ രഹസ്യം എട്ടുകാലി മമ്മൂഞ്ഞ്‌ പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവരും ചോദിച്ചു; നേരോ, നേരോ ഇത്‌?

എട്ടുകാലി മമ്മൂഞ്ഞ്‌ അതിനു സമാധാനം പറഞ്ഞില്ല. വളരെ ഗൗരവത്തോടുകൂടി മീശപിരിച്ചുകൊണ്ട്‌ മന്ദഹസിക്കുക മാത്രം ചെയ്തു. ഉടനെ മണ്ടന്‍ മൂത്തപാ പറഞ്ഞു "ഞമ്മടെ വക എട്ടുകാലി മമ്മൂഞ്ഞിന്‌ ഒരു ശായ". തന്നെയുമല്ല ഒറ്റക്കണ്ണന്‍ പോക്കരുടെ വക രണ്ടു കഷണം പുട്ട്‌, ആനവാരി രാമന്‍നായരുടെ വക കടലയ്ക്ക പുഴുങ്ങിയത്‌, പൊന്‍കുരിശു തോമായുടെ വക രണ്ടുപഴം, രണ്ടു പോലീസുമൂരാച്ചികളുടെ വകയായി ഒരു വടയും ഒരു സുഖിയനും. ഇങ്ങനെ ചായയെല്ലാം കുടിച്ച്‌ ബീഡിയെല്ലാം വലിച്ച്‌ സ്ഥലത്തെ പ്രധാനികളിലൊരാളായിത്തീര്‍ന്നു എട്ടുകാലി മമ്മൂഞ്ഞ്‌.


ഞൊടിയിടകൊണ്ട്‌ എന്നുതന്നെ പറയാം, എട്ടുകാലി മ്മൂഞ്ഞ്‌ ചെയ്ത ധീരപ്രവൃത്തി നാട്ടുകാരെല്ലാവരും അറിഞ്ഞു. ഗാംഭീര്യമുള്ള ഒരു പുരുഷനെന്ന നിലയ്ക്ക്‌ എട്ടുകാലി മമ്മൂഞ്ഞ്‌ പ്രശസ്തനുമായി. രണ്ട്‌ പെണ്ണുങ്ങള്‍ കൂടിയാല്‍ അവരുടെ കുശുകുശുപ്പ്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ ധീരപ്രവൃത്തിയെപ്പറ്റിയാണ്‌;

എന്നാലും എട്ടുകാലി മമ്മൂഞ്ഞുകേമനാണേയ്‌.

ഇതാണ്‌ സ്ത്രീകളുടെ പ്രസ്താവന.

ഇനി പറയുവാന്‍ പോകുന്നത്‌ എട്ടുകാലി മമ്മൂഞ്ഞിനെ കേമനാക്കിയ ധീരപ്രവൃത്തിയെപ്പറ്റിയാണ്‌. അതൊരു രഹസ്യമാണെന്ന്‌ ഇതിനിടയ്ക്ക്‌ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടല്ലോ? അതുകൊണ്ട്‌ ഈ ചരിത്രത്തിന്റെ സ്പീഡ്‌ അല്‍പം കുറയ്ക്കുവാന്‍ പോകുകയാണ്‌. നമ്മളീ ചരിത്രത്തില്‍നിന്ന്‌ ഒരു രണ്ടര മെയില്‍ ദൂരം പോകേണ്ടിയിരിക്കുന്നു. കുന്നിന്‍ചെരുവിലേക്കാണ്‌. കുണ്ടും കുഴിയുമെല്ലാം കടന്നു നമ്മളങ്ങ്‌ ചെല്ലുമ്പോള്‍ വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ വീടു കാണും. അവിടെയാണ്‌ സ്ഥലത്തെ പ്രധാന പിശുക്കനായ ഉണ്ടക്കണ്ണന്‍ അന്ത്രു താമസിക്കുന്നത്‌. മൂപ്പര്‍ക്കു ചന്തയില്‍ ഒരു കടയുണ്ട്‌. ചക്കര അല്ലെങ്കില്‍ കരുപ്പെട്ടി വ്യാപാരം. ഉണ്ടക്കണ്ണന്‍ അന്ത്രു സ്ഥലത്തെ പ്രധാന പണക്കാരില്‍ ഒരുവനാണ്‌. ആ മഹാന്‍ ധര്‍മ്മം കൊടുക്കയില്ല, വായ്പകൊടുക്കയില്ല, പണയത്തിനു പണം മൂപ്പരുകൊടുക്കയില്ല. ഈ പണമെല്ലാം എവിടെയാണു സൂക്ഷിക്കുന്നതെന്നും ആര്‍ക്കും അറിഞ്ഞുകൂടാ. ആനവാരി രാമന്‍നായരും പൊന്‍കുരിശു തോമയുംകൂടി രണ്ടു പ്രാവശ്യം രാത്രി അവിടെ കേറി നോക്കിയിട്ടുള്ളതാണ്‌. ആ വീട്ടില്‍ പെട്ടിയില്ല.


പണം കുഴിച്ചിട്ടിരിക്കുകയാണെന്നാണ്‌ നാട്ടുകാരുടെ പരിപൂര്‍ണബോദ്ധ്യം. അതെവിടെയാണന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടാ. പണത്തിന്റെ കാര്യം പോകട്ടെ. ഇപ്പോള്‍ നമുക്കു പണം ഒരു പ്രശ്നമല്ലല്ലോ. ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഉമ്മ മരിച്ചതിനുശേഷം വീട്ടില്‍ അരിയും കൂട്ടാനും വെക്കാനും അടിച്ചുവാരാനും ആളില്ലാതായി. ഈ ദുര്‍ഘടാവസ്ഥയില്‍നിന്ന്‌ രക്ഷനേടാനായി മൂപ്പരൊരു ചെറുപ്പക്കാരിയായ വേലക്കാരിയെ കൊണ്ടുവന്നു. അവളുടെ പേര്‌ കദജുമ്മ എന്നാണ്‌. അവള്‍ക്ക്‌ സര്‍വ്വചെലവും കഴിച്ച്‌ മാസം രണ്ടണങ്ങ ശമ്പളമായിരുന്നു. അങ്ങനെ ഒന്നുരണ്ടുമാസം കഴിഞ്ഞപ്പോള്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ മനസ്സില്‍ ഒരെരിച്ചില്‍ ഉണ്ടായി. എന്താണെന്നുവെച്ചാല്‍ ഈ ശമ്പളത്തിന്റെ കാര്യമാണ്‌. അദ്ദേഹം കണക്കുകൂട്ടി നോക്കി. ഒരു കൊല്ലത്തില്‍ ഒന്നര രൂപാ. പത്തുകൊല്ലത്തില്‍ പതിനഞ്ചുരൂപാ. നൂറു കൊല്ലത്തില്‍ നൂറ്റിയമ്പതുരൂപാ. അദ്ദേഹം നടുങ്ങിപ്പോയി. ഉടനെതന്നെ അദ്ദേഹം ഒരു മുസലിയാരെ വരുത്തി 'നിക്കാഹ്‌' ചെയ്ത്‌ അവളെ കെട്ടിയോളാക്കി. എന്താണെന്നുവെച്ചാല്‍ കല്യാണം കഴിച്ചു

ഭാര്യയായാല്‍ പിന്നെ അവള്‍ക്കു ശമ്പളം കൊടുക്കേണ്ടല്ലോ. ആവശ്യമെന്നു തോന്നുമ്പോഴൊക്കെ അവളുടെ മുടിക്കു കുത്തിപ്പിടിച്ച്‌ അവളെ ഇടിക്കുകയും ചെയ്യാം.


എന്നാല്‍ സംഗതി അവിടംകൊണ്ടു നിന്നില്ല. കദിജുമ്മ അങ്ങുപ്രസവിക്കാന്‍ തുടങ്ങി. രണ്ടുമൂന്നുപ്രസവം കഴിഞ്ഞപ്പോള്‍ ഈ പ്രസവകാലത്ത്‌ കദിജുമ്മയ്ക്ക്‌ അരിയും കൂട്ടാനും വെക്കാനും മറ്റും വയ്യെന്നായി. ഇത്‌ ഉണ്ടക്കണ്ണന്‍ അന്ത്രുവിനു ബോദ്ധ്യമാകയും ചെയ്തു. ഈ ദുര്‍ഘട സന്ധിയില്‍നിന്നു മോചനം നേടാന്‍ ഒരു വഴിയുണ്ടായി. കദിജുമ്മയുടെ ബന്ധത്തില്‍പ്പെട്ട താച്ചി എന്നു പേരായ പത്തൊമ്പതു വയസ്സുകാരി ഒരു അവിവാഹിതയെ വേലക്കാരിയായി ഉണ്ടക്കണ്ണന്‍ അന്ത്രു കൊണ്ടുവന്നു. അവള്‍ക്ക്‌ ഒന്നരയണയായിരുന്നു മാസശമ്പളം. താച്ചി വേലക്കാരിയായി വന്നു രണ്ടുമാസം കഴിഞ്ഞപ്പോള്‍ അവള്‍ക്കു ഗര്‍ഭം. അതൊരു ഒമ്പതു മാസമായ പടുക്കയുണ്ടായിരുന്നു. അതെങ്ങനെ ഉണ്ടായി എന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടാ. ആ ഗര്‍ഭസംബന്ധമായാണ്‌ എട്ടുകാലി മമ്മൂഞ്ഞ്‌ അതു ഞമ്മളാണ്‌ എന്നു പറഞ്ഞത്‌.

തിരിഞ്ഞോ?

നാടൊട്ടുക്ക്‌ എട്ടുകാലി മമ്മൂഞ്ഞ്‌ പറഞ്ഞുനടന്നെങ്കിലും താച്ചി അതു സമ്മതിച്ചില്ല. അവള്‍ പറയുന്നത്‌ ആരുമല്ലെന്നാണ്‌. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങളെക്കൊണ്ടു സത്യം പറയിക്കാന്‍ ലോകത്തിലെ മഹാന്മാര്‍ പല രഹസ്യവഴികളും കണ്ടുവെച്ചിട്ടുണ്ട്‌. തന്നെയുമല്ല, 'പെണ്ണുങ്ങളെക്കൊണ്ടു സത്യം പറയിക്കാനുള്ളവഴികള്‍' എന്നൊരു ഗ്രന്ഥംതന്നെയുണ്ട്‌. അതില്‍ 33,33,333 വഴികളാണുള്ളത്‌. അതില്‍ ഉണ്ടക്കണ്ണന്‍ അന്ത്രു സ്വീകരിച്ചത്‌ വെറും മൂന്നേ മൂന്നു വഴികള്‍ മാത്രമാണ്‌.


1. കുരുമുളകു പൊടിച്ചു പെണ്ണിന്റെ കണ്ണില്‍ എഴുതുക
2. കത്തികൊണ്ടു പെണ്ണിന്റെ ദേഹത്തെല്ലാം ചെറിയ മുറിവുകളുണ്ടാക്കി മുളകും ഉപ്പുംകൂടി അരച്ചു മുറിവായില്‍ പുരട്ടുക.
3. തീക്കനലെടുത്ത്‌ അവളുടെ കൈവെള്ളയില്‍ വയ്ക്കുക.


ഈ മൂന്നു വഴികളില്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്‌ ഏറ്റവും ശരിയായി തോന്നിയത്‌ മൂന്നാമത്തേതാണ്‌. കാരണം, അതില്‍ നമുക്കു നഷ്ട്ടപ്പെടാനൊന്നുമില്ല. അങ്ങനെ താച്ചിയുടെ കൈവെള്ളയില്‍ ഉണ്ടക്കണ്ണന്‍ അന്ത്രുതന്നെ തീക്കനല്‍ വച്ചു. പെണ്ണല്ലേ - എന്നിട്ടും അവള്‍ സത്യം പറഞ്ഞില്ല. അവള്‍ ആണയിട്ടു പറഞ്ഞു 'ആരുവല്ല'.

സംഗതി ഈ പതനത്തിലെത്തിയപ്പോള്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്‌ എന്താ ചെയ്യേണ്ടതെന്നറിയാന്‍ വയ്യാതായി. വല്ല സുഖക്കേടുമായിരിക്കുമെന്ന്‌ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഭാര്യ പറഞ്ഞു. അങ്ങനെ സുഖക്കേടിലും ഗര്‍ഭത്തിലുമായി ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ചിന്തകള്‍ കുറേ ദിവസം പാഞ്ഞു നടന്നു. പിന്നീട്‌ അദ്ദേഹം അതത്ര കാര്യമാക്കിയില്ല. കാരണം, അദ്ദേഹത്തിനു ചക്കരവ്യാപാരമാണ്‌ ജോലി. അത്‌ ധാരാളം ലാഭം കിട്ടുന്ന പണിയുമാണ്‌. ഈ ലാഭം കിട്ടുന്നതില്‍ ഒരു രഹസ്യമുണ്ട്‌. ചക്കരവ്യാപാരംചെയ്ത്‌ പണക്കാരാകാന്‍ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി ആ രഹസ്യം ഈ വിനീത ചരിത്രകാരന്‍ ഇവിടെ പറയാന്‍ പോകുന്നു. ഉടഞ്ഞതും തകര്‍ന്നതുമായ നല്ല ചക്കര വിലകുറച്ചു വാങ്ങിക്കുക. അതൊരു വലിയ കലത്തില്‍ വെള്ളമെല്ലാമൊഴിച്ചു തീ കത്തിച്ചുരുക്കുക. എന്നിട്ട്‌ ആ കലത്തിലേക്കു ധാരാളം തവിടും പിണ്ണാക്കുമിട്ടു നല്ലവണ്ണമിളക്കി, ചളിപ്പരുവമാകുമ്പോള്‍ ചെറിയ ചിരട്ടകളില്‍ പകര്‍ന്നു വയ്ക്കുക. അതുറച്ചുകഴിയുമ്പോള്‍ ചിരട്ടയില്‍നിന്നെടുത്തു കൊട്ടയില്‍ കുറെ വൈക്കോലെല്ലാമിട്ട്‌ അടുക്കി 'ഹായ്‌ കൊച്ചു ചക്കര' എന്നുള്ള മുദ്രവാക്യത്തോടുകൂടി വില്‍ക്കുക. എളുപ്പം ആരും പണക്കാരനാകും. ഇല്ലെങ്കില്‍ വേറെ വഴി പറഞ്ഞുതരാം.


അപ്പോള്‍ നമ്മള്‍ പറഞ്ഞുവന്നത്‌ താച്ചിയുടെ ഗര്‍ഭത്തെപ്പറ്റിയാണല്ലോ. പതിനൊന്നു മാസമായിട്ടും അവള്‍ പ്രസവിച്ചില്ല. അങ്ങനെയിരിക്കെ കുറെയധികം കാലമായിട്ട്‌ ഒരു വൈദ്യന്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിനു പതിനൊന്നരയണയോളം കൊടുക്കാനുണ്ടായിരുന്നു. "നശിച്ചുപോട്ടെ" എന്നു പറഞ്ഞ്‌ ഉണ്ടക്കണ്ണന്‍ അന്ത്രു ആ വൈദ്യനെ വിളിച്ചുകൊണ്ടുവന്ന്‌ താച്ചിയെ കാണിച്ചു. അതു ഗര്‍ഭമല്ലെന്നു വൈദ്യന്‍ അഭിപ്രായപ്പെടുകയും എന്തോ കൊടുക്കുകയുംചെയ്തു.

ഇനി നമുക്ക്‌ ആ സ്ഥലത്തുനിന്ന്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ അടുത്തേക്കുതന്നെ തിരികെ വരാം. ബാക്കി കഥകളെല്ലാം എട്ടുകാലി മമ്മൂഞ്ഞില്‍നിന്നാണ്‌ നമ്മള്‍ മനസ്സിലാക്കാന്‍ പോകുന്നത്‌.

ഒരു ദിവസംം ആനവാരി രാമന്‍നായര്‍ മണ്ടന്‍ മുത്തപായുടെ ചായപ്പീടികയിലേക്കു പോകുമ്പോള്‍ ദു:ഖത്തോടെ എട്ടുകാലി മമ്മൂഞ്ഞ്‌ ആനവാരി രാമന്‍നായരോടു വിളിച്ചുചോദിച്ചു. ആനവാരി രാമന്‍നായര്‍ സ്തംഭിച്ചുപോയി അദ്ദേഹം എന്തുപറയും?

അവര്‍ നടന്നു, വഴിക്ക്‌ പൊന്‍കുരിശുതോമായെ കണ്ടു. ഗദ്ഗദത്തോടെ എട്ടുകാലി മാമ്മൂഞ്ഞു ചോദിച്ചു

"അടേ പൊന്‍കുരിശേ സംഗതി അറിഞ്ഞോ..., അവര്‌ ഞമ്മടെ പുന്നാരമകനെ കൊന്നുകളഞ്ഞ്‌"

പൊന്‍കുരിശുതോമായ്ക്കും ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. നിശബ്ദരായി അവര്‍ മണ്ടന്‍ മുത്തപായുടെ ചായക്കടയിലെത്തി.

തൊണ്ടവിറയലോടെ, കണ്ണീരൊലിപ്പിച്ചുകൊണ്ട്‌ എട്ടുകാലി മമ്മൂഞ്ഞ്‌ മണ്ടന്‍ മുത്താപായോടു പറഞ്ഞു;

"അടേ മൂത്താപാ, സംഗതി അറിഞ്ഞോ..., ഞമ്മടെ പൊന്നാരമകന അവര്‌ കൊന്നുകളഞ്ഞ്‌"

മണ്ടന്‍ മുത്തപായ്ക്കും ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. ഈ ഘോരസംഭവം ഒറ്റക്കണ്ണന്‍ പോക്കരറിഞ്ഞു. സ്ഥലത്തെ രണ്ടു പോലീസുമൂരാച്ചികളുമറിഞ്ഞു. എല്ലാവരുംകൂടി ആലോചിച്ചിട്ടും ഒരു പോംവഴിയും കണ്ടില്ല. ഒടുവില്‍ എട്ടുകാലി മമ്മൂഞ്ഞ്‌ പറഞ്ഞു;

"എന്റെ പൊന്നാര മകന കൊന്ന ഹറാമ്പറന്നവന്റെ കൊടലുമാല ഞമ്മള്‌ ശൂടും"

അപ്പോള്‍ പോലീസുകാരിലൊരാള്‍ "ക്ഷമീര്‌". എന്താന്നുവെച്ചാല്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ബാപ്പായുടെ രണ്ടാമത്തെ ഭാര്യയുടെ അനിയത്തീടെ കെട്ടിയോന്റെ അനിയന്റെ മൂത്തമകന്‍ ഒരു ഹെഡ്കാണ്‍സ്റ്റബിളാണ്‌. അതുകൊണ്ട്‌ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ കുടല്‍മാല ചൂടുന്ന വിഷയത്തില്‍ പോലീസുമൂരാച്ചികള്‍ എതിരാണ്‌. നോക്കൂ, ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും മുതലാളിത്ത കൂട്ടുകെട്ടും. ഉണ്ടക്കണ്ണന്‍ അന്ത്രുവിനെ എട്ടുകാലി മമ്മൂഞ്ഞിനും കൂട്ടുകാര്‍ക്കും എന്തു ചെയ്യുവാന്‍ സാധിക്കും? ഇങ്ങനെ ദു:ഖമയവും അനിശ്ചിതവുമായ ദിവസങ്ങള്‍ കൂറെ കഴിഞ്ഞപ്പോള്‍ ഒരു ഘോരവാര്‍ത്തയുമായി എട്ടുകാലി മമ്മൂഞ്ഞ്‌ മണ്ടന്‍ മുത്തപായുടെ ചായക്കടയിലെത്തി. അപ്പോള്‍ അവിടെ ആനവാരി രാമന്‍നായരും പൊന്‍കുരിശുതോമായും മണ്ടന്‍ മൂത്തപായും ഒറ്റക്കണ്ണന്‍ പോക്കരും രണ്ടു പോലീസുമൂരാച്ചികളും ഈ വിനീത ചരിത്രകാരനും ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരോടുമായിട്ട്‌ എട്ടുകാലി മമ്മൂഞ്ഞ്‌ ചോദിച്ചു.

"സംഗതി അറിഞ്ഞോ?"

പിന്നെ കുറെ സമയത്തേക്ക്‌ എട്ടുകാലി മമ്മൂഞ്ഞിന്‌ ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. അദ്ദേഹം ദു:ഖത്തിന്റെയും കോപത്തിന്റെയും വേദനയുടെയും ഒരു മൂര്‍ത്തിയായി രൂപാന്തരപ്പെട്ടു. ഒടുവില്‍ അദ്ദേഹം കണ്ണുനീര്‍ ചിതറിച്ചുകൊണ്ടു ഗദ്ഗദത്തോടെ പറഞ്ഞു.

"ആ ഉണ്ടക്കണ്ണന്‍ ഹറാമ്പിറന്നോന്‍ ഞമ്മടെ പുന്നാര മകനേം കൊന്ന്‌ ഞമ്മടെ കെട്ടിയോളായ താച്ചീന കെട്ടുകേം ചെയ്തു"

ചരിത്രവിദ്യാര്‍ത്ഥികളേ, എന്തു ചെയ്യും


*********************************************************
PS : കോപ്പി റൈറ്റ് ലംഘനമാകുമോ എന്നറിയില്ല :( . അങ്ങനെ ഒരു സംഗതിയുണ്ടെങ്കില്‍ ഒഴിവാക്കുന്നതാണ് .

Wednesday, 27 June 2012

പ്രേതമെഴുത്തുകാര്‍ .




ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ആഡം ലാങ്ങിന്റെ ആത്മകഥ എഴുതാനായി നിയോഗിക്കപ്പെടുന്ന ഒരാളുടെ ജീവിതത്തില്‍ അതിനു ശേഷം സംഭവിക്കുന്ന അനിതരസാധാരണമായ സംഭവ വികാസങ്ങളിലൂടെയുള്ള ദുരൂഹത നിറഞ്ഞ യാത്രയാണ് റൊമാന്‍ പൊളന്‍സ്കിയുടെ Ghost writer എന്ന സിനിമ . തന്റെ മുന്‍ ഗാമിക്കു സംഭവിച്ച ദുരൂഹമായ മരണവും ആഡം ലാങ്ങിനെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളുടെ നിഴലുകളും തന്നെ ഏല്‍പ്പിച്ച ദൌത്യത്തെക്കാളുപരി അയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കു പ്രേരിപ്പിക്കുന്നു .സിനിമ മനോഹരമായൊരനുഭവം തന്നെയായിരുന്നു .സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ അവശേഷിച്ചത് ഘോസ്റ്റ് റൈറ്റേഴ്സിനെ കുറിച്ചുള്ള ചില ചിന്തകളായിരുന്നു Ghost writer നെ മലയാളം പദാനുവിവര്‍ത്തനം ചെയ്ത് “പ്രേത എഴുത്തുകാര്‍ “ എന്നെഴുതുമ്പോള്‍ ആദ്യം ബാറ്റണ്‍ ബോസിനെയോ ബ്രാം സ്റ്റോക്കറെയോ ഏറ്റുമാനൂര്‍ ശിവകുമാറിനെയോ ആകും ഓര്‍ക്കുക ,അതില്‍ അല്‍ഭുതമൊന്നുമില്ല .സത്യത്തില്‍ ഘോസ്റ്റ് റൈറ്ററിനു നല്ലൊരു മലയാളം വാക്കില്ല - പകര്‍ത്തിയെഴുത്തുകാരനെന്നോ പകരമെഴുത്തുകാരനെന്നോ വിളിക്കുന്നതൊരു തരം ഏച്ചുകെട്ടലായി തോന്നുന്നു . മറ്റൊരാള്‍ക്കു വേണ്ടി ,അയാളെന്ന വ്യാജേന എഴുതുന്ന എന്തിനെയും Ghost Writing ആയി പരിഗണിക്കാം . മറ്റൊരാളുടെ ആത്മകഥ ,ഓര്‍മ്മക്കുറിപ്പ് അല്ലെങ്കില്‍ മറ്റൊരാളെന്ന വ്യാജേനയുള്ള എന്തെങ്കിലും എഴുതേണ്ടി വരുമ്പോള്‍ എഴുതപ്പെടേണ്ട ആളായി മാറുന്ന ഒരു തരം കൂടുവിട്ടൂ കൂടുമാറലവിടെ നടക്കുന്നുണ്ട് ,ആ അര്‍ത്ഥത്തില്‍ “പ്രേതമെഴുത്ത് “ എന്ന സംജ്ഞ തന്നെ ഉപയോഗിക്കുകയാണ് നല്ലതെന്നു തോന്നുന്നു :).

പ്രേതമെഴുത്തിന് അങ്ങനെ നിയതമായ രീതികളോ രൂപമോ ഒന്നുമില്ല കഥ ,നോവല്‍ , കവിത ,തിരക്കഥ എന്തിന് ബ്ലോഗ് പോലും ഇത്തരത്തില്‍ പകരമെഴുത്തുകാരെക്കൊണ്ട് എഴുതപ്പെടുന്നവയുണ്ട്. ക്രിക്കറ്റിലോ രാഷ്ട്രീയത്തിലൊ സിനിമയിലോ പ്രസിദ്ധനായ ഒരാള്‍ പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഒരു സാഹിത്യകാരനെക്കാള്‍ അസാമാന്യമായ ഭാഷാ മികവും ശൈലീ വിലാസവുമായി ആത്മകഥയെഴുതി നമ്മളെ അമ്പരപ്പിക്കുമ്പോള്‍ അതിനു പിന്നില്‍ അറിയപ്പെടാത്ത ഒരാളുടെ പ്രയത്നമുണ്ടാകാനാണ് സാധ്യത.പ്രതിഫലത്തിനു വേണ്ടി പ്രശസ്തര്‍ക്കായി എഴുതുന്നത് തന്നെയാണ് ഘോസ്റ്റ് റൈറ്റിങ്ങിന്റെ മുഖ്യഹേതു , ഒരാളുടെ പ്രശസ്തിക്കനുസരിച്ചു പ്രതിഫലവും കൂടും പക്ഷെ ഘോസ്റ്റ് റൈറ്റിങ്ങ് അത്ര നിസ്സാരമായ പ്രവൃത്തിയല്ല - ഒരു മാതിരിപ്പെട്ട ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളുമെല്ലാം ഗ്ലോറിഫൈഡ് കളവുകളാണ് ,അത് സത്യസന്ധമെന്നു തോന്നുന്ന തരത്തിലെഴുതലാണ് പകര്‍ത്തിയെഴുത്തുകാരന്റെ പ്രധാന കര്‍ത്തവ്യം ,അതിനായി എഴുതപ്പെടേണ്ടയാളുടെ ആത്മരതിയുടെ അംശങ്ങളതില്‍ എഴുത്ത് അലിയിപ്പിച്ചെടുക്കേണ്ടതുണ്ട് അതു കൊണ്ട് തന്നെ എഴുതപ്പെടേണ്ട ആത്മാ‍വിലേക്കു കൂടു വിട്ടൂ കൂടുമാറാനായി ഒരു പാട് പ്രയത്നങ്ങള്‍ ആവശ്യമുണ്ട് . ഉദാഹരണത്തിനു ഒരു ക്രിക്കറ്ററുടെ ആത്മകഥ/ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതേണ്ടി വരുമ്പോള്‍ അയാളുടെ കരിയറിന്റെ തുടക്കം മുതലുള്ള ഓരോ കാര്യങ്ങളും വസ്തുതാ പരമായ വിശകലനത്തിനു വിധേയമാക്കേണ്ടതുണ്ട് .ആദ്യ ഘട്ടത്തില്‍ അതത് മേഖലയിലെ സവിശേഷമായ സാങ്കേതിക കാര്യങ്ങളില്‍ വ്യക്തമായ അറിവു നേടണം ,ഓരോ മാച്ചിലെയും സംഭവങ്ങളെ പറ്റി വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിരിക്കണം ,ഓരോരോ വര്‍ഷങ്ങളിലെയും നേട്ടങ്ങള്‍, ഉയര്‍ച്ചകള്‍ എല്ലാം ഒരു സ്ഥിതിവിവരക്കണക്കു പോലെ അടുക്കി വെച്ചിരിക്കണം -ഇങ്ങനെ ശേഖരിച്ചെടുക്കുന്ന വരണ്ട സ്റ്റാറ്റിസ്റ്റിക്സുകളെ പൊലിപ്പിച്ചെടുക്കലാണ് രണ്ടാം ഘട്ടം അവിടെയാണ് പ്രസാധകന്റെ വിപണന തന്ത്രങ്ങള്‍ക്കായുള്ള വിവാദങ്ങള്‍ കുത്തിത്തിരുകേണ്ടത് ,ആരെയെങ്കിലും പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു വാചകം ,വിവാദമായ എന്തെങ്കിലും കാര്യങ്ങളിലുള്ള ഒരു അഭിപ്രായ പ്രകടനം - അത്തരമൊരു വിവാദം വായിക്കാന്‍ വേണ്ടി മാത്രം ആ പുസ്തകം വാങ്ങിക്കുന്നവരാണ് നല്ലൊരു ശതമാനം . അതിനൊരുത്തമോദാഹരണമാണ് പാക്കിസ്ഥാന്‍ ക്രിക്കറ്ററായ ഷോയിബ് അക്തറിന്റേതായി ഈയിടെ ഇറങ്ങിയ ഓര്‍മ്മക്കുറിപ്പായ “ Controversially Yours -ല്‍ .സച്ചിനും ദ്രാവിഡുമെല്ലാം തന്റെ ബോളിനെ ഭയന്നു വിറച്ചിരുന്നു എന്ന് പ്രീ പബ്ലിക്കേഷനു മുമ്പ് തന്നെ പ്രചരിപ്പിച്ചത് .ഇതു കേട്ടത് കൊണ്ട് മാത്രം ആ പുസ്തകം വാങ്ങിയവരാകും ഭൂരിഭാഗം ഇന്‍ഡ്യന്‍ വായനക്കാരും .വിവാദങ്ങളില്ലാത്ത ഒരു പുസ്തകം വില്‍ക്കാന്‍ പറ്റില്ലെന്നുള്ള പ്രസാധകന്റെ നല്ല ബോധ്യത്തിനു തെളിവാണ് നളിനി ജമീലയുടെയും സിസ്റ്റര്‍ ജെസ്മിയുമെല്ലാം അവരൊരു വാക്കു പോലുമെഴുതാത്ത “ആത്മകഥകള്‍“ പല പതിപ്പ് വിറ്റു പോകുന്നത്


Ghost writing പല ഘട്ടങ്ങളിലും സ്വീകരിക്കപ്പെടാം ,ഒരു കൃതി ആരംഭിക്കുന്നതിനു മുമ്പ് മുതല്‍ അവസാന മിനുക്കു പണികളില്‍ വരെ ഘോസ്റ്റ് റൈറ്റേഴ്സിന്റെ സേവനം ഉപയോഗപ്പെടുത്താം ,ചിലപ്പോള്‍ ഒരു ഏകദേശരൂപരേഖയെ [ബ്ലൂ പ്രിന്റ് ] ഒന്നു മിനുക്കിയെടുക്കാനായി ചെറിയ ചില മാറ്റങ്ങളൊക്കെ വരുത്തി അവതരിപ്പിക്കുന്നത് പോലും ഘോസ്റ്റ് റൈറ്റിങ്ങിന്റെ പരിധിയില്‍ പെടാം .നമ്മുടെ തന്നെ പല സാഹിത്യകാരന്മാരുടെയും കൃതികള്‍ ഇത്തരത്തില്‍ പ്രസാധന സ്ഥാപനത്തിലെ എഡിറ്റര്‍മാരുടെയോ പ്രൂഫ് റീഡേഴ്സ്നിന്റെയോ “കൈ കടത്തലിന് “ ഇരയായിട്ടുണ്ടാകാം ,ഇത്തരത്തിമൊരനുഭവം ഒരിക്കല്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയും പറഞ്ഞിരുന്നു . അദ്ദേഹത്തിനെതിരെ ടാഗോറിന്റെ കൃതിയുമായുള്ള അനുകരണ വിവാദം [plagiarism ] സംബന്ധിച്ചുള്ള ഒരു ചോദ്യത്തിനുള്ള മറുപടിയില്‍ അദ്ദേഹം നിഷ്കളങ്കമായി പറഞ്ഞു - അത് എഡിറ്റര്‍മാര്‍ പറ്റിച്ച പണിയാണ് ,ഞാനറിയാതെയാണ് അവരാ ഭാഗം കൂട്ടിച്ചേര്‍ത്തതെന്ന് !!! അങ്ങനെ ഒരു മുഖ്യധാരാ എഴുത്തുകാരനെ “തിരുത്താനും “ മറ്റൊരു കൃതിയിലെ ഭാഗങ്ങള്‍ അനുകരിച്ച് വെക്കാനും മാത്രം അവകാശം പബ്ലിഷിങ്ങ് സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്കുണ്ടായിരുന്നുവെങ്കില്‍ എഴുത്തുകാരന്റെ സര്‍ഗ്ഗാത്മകതയെക്കാള്‍ അയാളുടെ “പോപ്പുലാരിറ്റി “ ആണ് വില്‍ക്കപ്പെടുന്നതെന്നു വേണം പറയാന്‍ . പലപ്പോഴും കൃതികളില്‍ പല മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും എഡിറ്റര്‍മാരുടെയും പ്രൂഫ് റീഡര്‍മാരുടെ വകയായും സംഭവിക്കാറുണ്ട് . ചിലപ്പോള്‍ ഇതു എഴുത്തുകാരുടെ അനുവാദത്തോടെയാകണമെന്നുമില്ല ,ചിലപ്പോള്‍ ആശയക്കുഴപ്പം കൊണ്ടും സംഭവിക്കാം ,വലിയ പ്രശ്നങ്ങളൊന്നും സംഭവിക്കാത്തതു കൊണ്ട് അത് അവഗണിക്കുകയായിരിക്കും പതിവ് .


പ്രസാധകരുടെ ഇടപെടലുകള്‍


പോപുലറായ ഒരു എഴുത്തുകാരന്റെ പുസ്തകത്തിനു ലഭിക്കുന്ന സവിശേഷമായ സ്വീകാര്യത മുതലെടുക്കാന്‍ വേണ്ടി പലപ്പോഴും പ്രസാധകര്‍ ഇതിനു മുന്‍ കയ്യെടുക്കാറുണ്ട് . മിക്കവാറും പോപ്പുലറായ എഴുത്തുകാരുടെയൊക്കെ കൃതികള്‍ അതിന്റെ ചൂടപ്പം പോലെ വിറ്റഴിയുകയും അത്തരത്തില്‍ ഡിമാന്റുള്ള സമയത്ത് ആവശ്യത്തിനു കൃതികള്‍ ലഭ്യമാകാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രസാധകന്‍ ആ എഴുത്തുകാരനുമായി ഒരു ഒത്തുത്തീര്‍പ്പിലെത്തുന്നു ,ആ എഴുത്തുകാരന്റെ അതേ ശൈലിയില്‍ എഴുതുന്ന ഏതെങ്കിലും മികച്ച Ghost writer ഉപയോഗിച്ചു ആ എഴുത്തുകാരന്റെ അതേ ശൈലിയില്‍ തന്നെ എഴുതിക്കുന്നു , പ്രസാധകന്‍ എഴുത്തുകാരന്റെ പ്രസിദ്ധിയെ മുതലെടുക്കുന്നു ,എഴുത്തുകാരന് അധ്വാനമില്ലാതെ തന്നെ ആ കൃതിയുടെ പ്രതിഫലവും റോയല്‍റ്റിയും ലഭിക്കുന്നു ,പകരമെഴുതുന്നയാള്‍ക്കാകട്ടെ തന്റെ ജോലിക്കു നല്ല കൂലിയും ലഭിക്കുന്നു - ഈയൊരു ഇടപാടില്‍ എല്ലാവര്‍ക്കും ലാഭമാണ് ,വിഡ്ഡികളാക്കപ്പെടുന്നത് വായനക്കാരന്‍ മാത്രവും , ഒരു പക്ഷെ യഥാര്‍ത്ഥ എഴുത്തുകാരന്റെ കൃതിയെക്കാള്‍ വായനക്കാരന്‍ അത് ആസ്വദിച്ചിട്ടുണ്ടെങ്കില്‍ ? പക്ഷെ “വിഡ്ഡിയാക്കപ്പെടല്‍ “ ആപേക്ഷികം മാത്രമാകും . സിഡ്നി ഷെല്‍ഡനൊക്കെ തന്റെ ഒരു കൃതിയ്ക്ക് പ്രതിഫലം വാങ്ങിയിരുന്നത് ഓരോ പേജിന്റെ എണ്ണം കണക്കിലെടുത്തായിരുന്നു എന്നു കേട്ടിട്ടുണ്ട് , അത്രയ്ക്കു പ്രചാരമുണ്ടായിരുന്നു ഷെല്‍ഡന്‍ കൃതികള്‍ക്കു ,ആ പ്രചാരം പ്രസാധകര്‍ നന്നായി മുതലെടുത്തിരിക്കാന്‍ സാധ്യതയുണ്ട് കാരണം സിഡ്നി ഷെല്‍ഡന്റെ അവസാനമിറങ്ങിയ പല നോവലുകള്‍ക്കും ഇത്തരത്തിലൊരു “പ്രേതബാധയുടെ “ ലക്ഷണമുണ്ടായിരുന്നതായി വായനക്കാര്‍ നിരീക്ഷിച്ചിട്ടുണ്ട് .



സര്‍ഗ്ഗധനരായ എഴുത്തുകാരെ അനുകരിക്കുന്നത് അസാധ്യമായ ഒരു കാര്യമാണ് . മികച്ച എഴുത്തുകാര്‍ക്കു സര്‍ഗ്ഗാത്മകതയുടെ ഒരു സ്വത്വരൂപമുണ്ട് ,ശൈലിയുടെ ,ഭാഷയുടെ എല്ലാം രൂപത്തില്‍ അവരുടെ എഴുത്തിനെ മനോഹരമാക്കുന്ന ഒന്ന് ,മനപ്പൂര്‍വമല്ലാതെ തന്നെ അത് അവരുടെ Identity യെ വായനക്കാര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തുന്നു .എം ടി യും എന്‍ പി മുഹമ്മദും ചേര്‍ന്നു “അറബി പൊന്ന് “ എഴുതുമ്പോള്‍ പരമാവധി തനത് ശൈലിയില്‍ നിന്നു വിമുക്തമാക്കി ഒരു ഏകീകൃതശൈലിയില്‍ എഴുതാന്‍ ശ്രമിക്കണമെന്ന് പരസ്പരം ഒരു നിബന്ധന വെച്ചിരുന്നതായി കേട്ടിട്ടുണ്ട് ,പക്ഷെ എന്നിട്ട് പോലും അറബിപ്പൊന്നു വായിക്കുമ്പോള്‍ എം ടിയെയും എന്‍ പി യെയും വായിച്ചു പരിചയമുള്ള ഒരാള്‍ക്കു ഏതൊക്കെ അധ്യായം ആരൊക്കെ എഴുതിയന്ന് വ്യക്തമായി മനസ്സിലാകുമായിരുന്നു .സര്‍ഗ്ഗാത്മകതയെ അനുകരിക്കുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ ,പലപ്പോഴും ഒരു ഒപ്പിക്കലായി പോകുന്നതും നിലവാരത്തില്‍ താഴ്ന്നു പോകുന്നതും അതു കൊണ്ടാണ് . മാധവിക്കുട്ടിയുടേതായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ടശ പ്രസിദ്ധീകരിച്ചിരുന്ന “വണ്ടിക്കാളകള്‍ “ ഇത്തരമൊരു പ്രേതമെഴുത്തായിരുന്നോ ? ,മാതൃഭൂമിയിലെ ഏതെങ്കിലും സബ് എഡിറ്റര്‍മാര്‍മാരുടെ രചനയായിരിക്കുമെന്ന് എന്നു ചിലപ്പോള്‍ സംശയം തോന്നിയിട്ടുണ്ട് . ഭാഷയിലെ ,ശൈലിയിലെ ഒക്കെ വ്യത്യാസവും നിലവാരമില്ലായ്മയും കൊണ്ട് തോന്നിയ വെറും സംശയം മാത്രമാകാം . ഒരു പക്ഷെ അവസാന കാലത്തുണ്ടായ വിവാദങ്ങള്‍ അവരുടെ സര്‍ഗ്ഗാത്മകതയെ കാര്യമായി ബാധിച്ചിരുന്നതുമാകാം .

പ്രേതമെഴുത്തിന്റെ മലയാള പാരമ്പര്യം

പാശ്ചാത്യ പ്രസാധകര്‍ മാത്രമായിരുന്നില്ല ഈ പ്രേതബാധയുടെ ഉപഭോക്താക്കള്‍ , മലയാള പ്രസാധന രംഗത്തെ കുലപതിയായ ഡി സി കിഴക്കെ മുറിയും ഒരു കുമ്പസാരം കണക്കെ "ചിരിക്കാം ചിന്തിക്കാം “ എന്ന തന്റെ സ്വന്തം കൃതിയില്‍ വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇത്തരമൊരു കഥ പറഞ്ഞിട്ടുണ്ട് .1949 ല്‍ എന്‍ ബി എസും [National book stall] ഉം സാഹിത്യ പ്രവര്‍ത്തക സംഘവും ലയിച്ച സമയം , ഡി സി കിഴക്കേമുറിയും കാരൂരുമായിരുന്നു അന്ന് സാഹിത്യപ്രവര്‍ത്തക സംഘത്തിന്റെ ചുമതലയുള്ള ആളുകള്‍ ,ഏത് വിധേനയും സാഹിത്യപ്രവര്‍ത്തക സംഘത്തിനെ വളര്‍ത്തുക എന്നതായിരുന്നു ലക്ഷ്യം .ആ‍യിടയ്ക്ക് പാഠപുസ്തക കമ്മിറ്റി പാഠ്യപദ്ധതിയിലേക്ക് വേണ്ടി പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതായൊരു വാര്‍ത്ത ഡി സി കിഴക്കേ മുറി കാണുന്നത് .അതിലേക്കൊരു പുസ്തകം തിരഞ്ഞെടുക്കുക എന്നു പറഞ്ഞാല്‍ വളരെ എളുപ്പത്തില്‍ പതിനായിരക്കണക്കിനു കോപ്പികള്‍ ചിലവാകും ,സാമ്പത്തികമായി വലിയ നേട്ടമായിരുന്നു .ഡി സി കിഴക്കേമുറി ഇക്കാര്യം കാരൂരുമായി ചര്‍ച്ച ചെയ്തു ,കാരൂരിന്റെ കയ്യിലാണെങ്കില്‍ കുട്ടികള്‍ക്കു വേണ്ടി എഴുതിയ കൃതികളൊന്നും തന്നെയില്ല ,പെട്ടെന്നൊരു പുസ്തകം എഴുതാനുള്ള സമയവുമില്ല ,അപ്പോഴാണ് ഡി സി കാരൂരിനോട് പറയുന്നത് അപ്രശസ്തമായ ഏതെങ്കിലും ഒരു ചെറിയ കൃതി കാരൂരിന്റെ പേരില്‍ പാഠപുസ്തക കമ്മിറ്റിക്കു സമര്‍പ്പിക്കാം എന്ന് ,ആദ്യമൊന്നും കാരൂര്‍ സമ്മതിച്ചില്ലെങ്കിലും “സാഹിത്യ പ്രവര്‍ത്തക സംഘത്തിനു ഇതു കൊണ്ടുണ്ടാകുന്ന നേട്ടമോര്‍ത്തു അവസാനം അതിനു സമ്മതിക്കുകയായിരുന്നു .അങ്ങനെയാണ് തിരുവല്ലാ കേശവപ്പിള്ളയെന്ന അധ്യാപകന്റെ അപ്രസിദ്ധമായ “ബാലചന്ദ്രന്‍ “ എന്ന കൃതി സാഹിത്യ പ്രവര്‍ത്തക സംഘം വാങ്ങുകയും കാരൂരിന്റെ പേരില്‍ പാഠ പുസ്തക കമ്മിറ്റിക്കു സമര്‍പ്പിക്കുകയും ചെയ്തത് . ഇതില്‍ സാഹിത്യ പ്രവര്‍ത്തക സംഘത്തിനു നല്ല ലാഭം കിട്ടി ,തിരുവല്ല കേശവപ്പിള്ളക്ക് പ്രതിഫലവും ,കാരൂരിന് ഇതില്‍ സാമ്പത്തികമായി അഞ്ച് പൈസയുടെ നേട്ടമുണ്ടായില്ല എന്നു ഡി സി ആണയിടുന്നു ,അതിനൊപ്പം ഈ “കൊള്ളരുതായ്മ “ യുടെ മുഴുവന്‍ ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കുന്നു .രസകരമായ സംഗതി “ബാലചന്ദ്രന്‍ “ എന്ന കാരൂരിന്റെ വ്യത്യസ്ഥമായ കൃതിയെക്കുറിച്ച് പില്‍ക്കാലത്ത് ഒരു പാട് ചര്‍ച്ചകള്‍ നടന്നു . ഇവിടെ പ്രസാധകന്റെ സത്യസന്ധമായ തുറന്നു പറച്ചില്‍ കൊണ്ട് “ബാലചന്ദ്രന്റെ “പിതൃത്വം“ വെളിവാക്കപ്പെട്ടു ,പക്ഷെ എത്രയോ “പ്രേതകഥകള്‍ “ ആരുമറിയാതെ അണിയറയിലവസാനിച്ചിട്ടൂണ്ടാകാം .

ആത്മകഥകളും സ്വഗതാഖ്യാനങ്ങളും .

എന്തായാലും ഡി സി കിഴക്കേമുറി ആരംഭിച്ചു വെച്ച ഈ പാരമ്പര്യം ഡി സി ബുക്സുകാര്‍ ചില മാറ്റങ്ങളോടെ തന്നെ പിന്തുടരുണ്ട് , സാധാരണ ഗതിയില്‍ പ്രശസ്തരുടെ ആത്മകഥകളിലേക്ക് ഒളിഞ്ഞു നോക്കുന്നതിലാണ് വായനക്കാര്‍ക്കു താല്പര്യം ഇപ്പോള്‍ ആ ട്രെന്റ് അപ്രശസ്തരായവരായതെങ്കിലും അസാധാരണമായ ഇടങ്ങളിലുള്ളവരുടെ സ്വഗതാഖ്യാനങ്ങളാണ് .അങ്ങനെയാണ് കള്ളനും വേശ്യയും കന്യാസ്ത്രീയും എക്സ്ട്രാ നടിയുമെല്ലാം വേറാരുടെയൊക്കെ വാക്കുകളാല്‍ ആത്മകഥകളാകുന്നതും സാഹിത്യനിരയിലേക്കു വരുന്നതും . - ഞാന്‍ ലൈംഗിക തൊഴിലാളി [നളിനി ജമീല ] ,ആമേന്‍ [സിസ്റ്റര്‍ ജെസ്മി ] ,കള്ളന്റെ ആത്മകഥ [മണിയന്‍ പിള്ള ] ,ഡ്യൂപ്പ് :ഒരു എക്സ്ട്രാ നടിയുടെ ആത്മകഥ [സുരയ്യ ഭാനു ] എന്നിങ്ങനെ ഒരു വാചകം പോലും സ്വന്തമായെഴുതാത്ത ആത്മകഥകള്‍ സൃഷ്ടിക്കപ്പെടുന്നത് .ഇതെല്ലാം ആത്മകഥയ്ക്കും സ്വഗതാഖ്യാനത്തിനും ഇടയില്‍ വരുന്ന സംഗതികളാണ് ,ഇതില്‍ ഇപ്പറഞ്ഞവരാരും എഴുതിയിട്ടില്ല എങ്കിലും ഇവര്‍ എഴുത്തുകാരാകുന്നു ,ആത്യന്തികമായി ലാഭം കൊയ്യുന്നത് പ്രസാധകനും .ഇനി യഥാര്‍ത്ഥത്തില്‍ നളിനി ജമീലയോ സിസ്റ്റര്‍ ജെസ്മിയോ എഴുതിയതാണെങ്കില്‍ പോലും അതില്‍ സാഹിത്യസംബന്ധിയായ ഒന്നുമില്ല ,അതിനെ ഒരു “ആക്റ്റിവിസം “ എന്നു വേണമെങ്കില്‍ പറയാം .

പാശ്ചാത്ത്യരാജ്യങ്ങളില്‍ Ghost writing ഒരു Professional Job തന്നെയാണ് .ആവശ്യമുള്ളവര്‍ക്കു ഇത്തരത്തിലുള്ള “പകരമെഴുത്തുകാരെ “ നല്‍കാന്‍ വേണ്ടി Ghost writers link പോലെ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ പോലുമുണ്ട് .അവിടങ്ങളില്‍ തിരക്കഥാ രചനയും നോവല്‍ രചനയുമെല്ലാം ഒരു കോഴ്സായി തന്നെ പഠിപ്പിക്കുമ്പോള്‍ പിന്നെ ഘോസ്റ്റ് റൈറ്റിങ്ങിനു മാത്രം അയിത്തം കല്‍പ്പിക്കേണ്ടതില്ലല്ലോ .മികച്ച പ്രതിഫലവും മികച്ച സൌകര്യങ്ങളുമുള്ള ജോലിയാണ് ഘോസ്റ്റ് റൈറ്റിങ്ങ് .ശരാശരി പ്രതിഫലം 30000 $ - 100000 $ വരെ ഉണ്ടെന്ന് ഈ മേഖലയിലെ ഏജന്‍സിയായ Ghost writers link പറയുന്നു ,ഇത് കൂടാതെ എഴുതുന്ന കാലയളവിലുള്ള മികച്ച താമസ ഭക്ഷണ - സൌകര്യങ്ങള്‍ ,മറ്റ് അടിസ്ഥാനാവശ്യങ്ങളെല്ലാം പരിഗണിക്കപ്പെടുന്നുണ്ട് .ഇത് സാധാരണ ഗതിയിലുള്ള കാര്യമാണ് . അതിപ്രശസ്തരായ ആളുകളുടേതാകുമ്പോള്‍ പ്രതിഫലത്തുക കൂടാം ,റോയല്‍റ്റി ലഭിക്കാം മറ്റു ചിലപ്പോള്‍ “Literary contribution " എന്നൊക്കെ ക്രെഡിറ്റില്‍ പോലും വരാം .ഈയിടെ ബില്‍ ക്ലിന്റന്റെ ഭാര്യയും മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായ് ഹില്ലാരി ക്ലിന്റന്റെ “ Memoirs " എഴുതിയതിന് പ്രതിഫലം കൊടുത്തത് 500000 $ ,ഏകദേശം 2.75 കോടി രൂപ ,അതിനു പുറമെ പുസ്തകത്തിന്റെ റൊയല്‍റ്റിയില്‍ നിന്നൊരു പങ്കും .പക്ഷെ ഇന്‍ഡ്യയിലെ സ്ഥിതി പരിതാപകരമാണ് ഘോസ്റ്റ് റൈറ്റേഴ്സ് അണിയറയില്‍ തന്നെ ഒതുങ്ങാറാണ് പതിവ് , മിക്കവാറും ഈ ഘോസ്റ്റ് റൈറ്റേഴ്സ് എല്ലാം തന്നെ നല്ല സാഹിത്യകാരനാകണമെന്നുള്ള കാല്പനിക മോഹവുമായി ഏതെങ്കിലും പ്രസാധകന്റെ കാരുണ്യത്തിനായി കാത്തു നില്‍ക്കുന്നവരാകാം അല്ലെങ്കില്‍ അല്പം അധിക വരുമാനം മോഹിക്കുന്ന ഒരു പത്രപ്രവര്‍ത്തകനാകാം .ഒരു പാട് സമ്പന്നരായ "പ്രാഞ്ചിയേട്ടന്മാരുടെ “ താവളമാണ് കേരളം അവര്‍ക്കൊക്കെ ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളും എഴുതി നെഗളിക്കാന്‍ തോന്നട്ടെഎന്നാഗ്രഹിക്കാം. അങ്ങനെയെങ്കിലും സര്‍വ്വകലാശാ‍ലാ ബിരുദവും തൊഴിലില്ലായ്മയും ആവശ്യത്തിലധികമുള്ള ,ജീവിക്കാന്‍ വഴിയില്ലാതെ രണ്ടാം കിട പത്രങ്ങളില്‍ ട്രയിനിയായും പൊട്ടിപ്പൊളിയാറായ പ്രസാധക സ്ഥാപനങ്ങളില്‍ എഡിറ്റര്‍ പണി ചെയ്തും കഷ്ടപ്പെടുന്ന കുറെ പ്രേതാത്മക്കള്‍ രക്ഷപ്പെടട്ടെ .