Like

...........

Tuesday 17 April 2012

പുസ്തകക്കള്ളന്റെ കഥ .





പുസ്തകങ്ങളെയും വായനയെയും ജീവിതത്തില്‍ ഭ്രാന്തമായി കുടിയിരുത്തിയ ഒരു പാട് പേരുണ്ട് . സമയവും ധനവും തങ്ങളുടെ ഈ താല്പര്യത്തിനു വേണ്ടി ചിലവഴിച്ചു അതില്‍ ആനന്ദം കണ്ടെത്തുന്നുവര്‍. പുസ്തകങ്ങളോടുള്ള ഭ്രാന്തമായ ഈ അഭിനിവേശം ഒരാളെ കള്ളനും മറ്റൊരാളെ കുറ്റാന്വേഷകനുമാക്കുന്ന സംഭവ കഥയാണ് ആലിസണ്‍ ഹൂവറിന്റെ പുസ്തകങ്ങളെ അതിരു വിട്ടു സ്നേഹിച്ചവന്‍ [The man who loved books too much ] എന്ന കൃതിയില്‍ അനാവൃതമാകുന്നത്. പക്ഷെ ഈ പുസ്തകങ്ങള്‍ വെറും പുസ്തകങ്ങളല്ല ലക്ഷക്കണക്കിനു രൂപ വിലയുള്ള അപൂര്‍വ്വ പുസ്തകങ്ങളാണ് .[Antiquarian books ]. കഴിഞ്ഞ നൂറ്റാണ്ടിലെ, പിഞ്ചിപ്പഴകി തുടങ്ങിയ ഒരു അപ്രശസ്ത കൃതിക്കു ഒരു മെഴ്സിഡസ് ബെന്‍സിനെക്കാള്‍ വില വരും - ഇതൊരു വിചിത്ര പുസ്തക ലോകമാണ് .ഈ പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ടിയല്ല പലരും വാങ്ങുന്നത് വിലയേറിയ ഒരു പുരാവസ്തു സൂക്ഷിച്ചു വെക്കുന്നത് പോലെ മാത്രമാണത് .

ഒരു പുസ്തകക്കള്ളന്റെ കഥ .

ജോണ്‍ ഗില്‍ക്കി ഇങ്ങനെ അപൂര്‍വ്വ പുസ്തകങ്ങള്‍ മോഷ്ടിക്കുന്ന ഒരു പുസ്തകകള്ളനാണ് , പക്ഷെ ഇങ്ങനെ ലഭ്യമാകുന്ന വിലയേറിയ പുസ്തകങ്ങള്‍ മറിച്ചു വില്‍ക്കാനോ അങ്ങനെ സമ്പന്നനാകാനോ ജോണ്‍ ഗില്‍ക്കിക്കു താല്പര്യമില്ല - പുസ്തകങ്ങളെ സ്നേഹിക്കാനും അത് ശേഖരിക്കാനും മാത്രമേ അയാള്‍ക്കു ഉദ്ദേശമുള്ളൂ അത് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ട് മാത്രം മോഷ്ടിക്കുന്നു ചുരുക്കി പറഞ്ഞാല്‍ അയാളൊരു പുസ്തക ഭ്രാന്തന്‍ മാത്രമാണ് . ഇതു വിചിത്രമായ ശീലം മാത്രമല്ല അപകടകരമായ ഒരു തൊഴില്‍ കൂടിയാണ് , ഈ തൊഴിലിന്റെ കൂലി ആത്മ സംതൃപ്തിയില്‍ കവിഞ്ഞു മറ്റൊന്നുമല്ല എന്നിട്ടൂം ജോണ്‍ ഗില്‍ക്കി ഈ പുസ്തക പ്രേമം തന്റെ ജീവിത ലക്ഷ്യമായി കൊണ്ടു നടക്കുന്നു , അതിനു വേണ്ടി കളവു പറയാന്‍ , കള്ളത്തരങ്ങള്‍ കാണിക്കാന്‍ ജയില്‍ വാസമനുഷ്ടിക്കാന്‍ കൂടി ധനശാസ്ത്രത്തില്‍ യൂണിവേഴ്സിറ്റി ബിരുദമുള്ള ജോണ്‍ ഗില്‍ക്കി തയ്യാറാണ് .

കെന്‍ സാന്റേഴ്സ് ഈ പഴയ പുസ്തകങ്ങളുടെ പേരെടുത്ത ഒരു കച്ചവടക്കാരനാണ് , അതു പ്രത്യേക വൈദഗ്ദ്യം വേണ്ട തൊഴിലാണ് . പൌരാണിക -അമൂല്യ ഗ്രന്ഥങ്ങളുടെ വ്യാജനെ കണ്ടു മനസ്സിലാക്കാനും പുസ്തകത്തിന്റെ യഥാര്‍ത്ഥ പ്രായ നിര്‍ണ്ണയം നടത്താനും അയാള്‍ക്കറിയാം .അതു കൂടാതെ ഈ അപൂര്‍വ്വപുസ്തകങ്ങള്‍ മോഷ്ടിക്കുന്നവരെക്കുറിച്ചുള്ള ഒരു ഗവേഷണത്തിലും കൂടിയാണ് .അയാള്‍ പുസ്തക മോഷണങ്ങളെ സംബന്ധിച്ച ഒരു കുറ്റാന്വേഷകന്‍ തന്നെയാണ് .അയാളിലൂടെയാണ് ആലിസണ്‍ ഹൂവര്‍ ജോണ്‍ ഗില്‍ക്കിയെ പറ്റി അറിയുന്നത് .

ന്യൂയോര്‍ക്ക് പുരാതന പുസ്തക മേള [New york Antiquarian Book Fair] പോലെയുള്ള അന്താരാഷ്ട്ര പുസ്തക മേളകള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണീ പുസ്തക മോഷണം എന്നു ആലിസണ്‍ ഹൂവര്‍ പറയുന്നു. പ്രധാനമായും ഈ അപൂര്‍വ്വ പുസ്തകങ്ങളുടെ വില്പന പരസ്പര വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ്, ലക്ഷക്കണക്കിനു രൂപ വില വരുന്ന പുസ്തകങ്ങളാണ് ഈ വിശ്വസത്തിന്റെ പുറത്തു കൈമാറ്റം ചെയ്യപ്പെടുന്നത് അതു കൊണ്ടു തന്നെ വില്പനക്കാരനു ഉപഭോക്താവിനോട് പൂര്‍ണ്ണ ബഹുമാനവും വിശ്വാസവും പ്രകടിപ്പിക്കേണ്ടി വരുന്നു , ഉപഭോക്താവായി നടിച്ചെത്തുന്ന മോഷ്ടാവും ഈയൊരു ഉദാരതയെ ആണ് ചൂഷണം ചെയ്യുന്നത്. മോഷണം നടന്നതിനു ശേഷം അന്വേഷണത്തിനു തുനിയുക ഏറെ ദുര്‍ഘടമായ സംഗതിയാണ് “വെറുമൊരു പുസ്തകത്തിനു“ ലക്ഷക്കണക്കിനു രൂപ വിലയുണ്ടെന്നു അന്വേഷണോദ്യഗസ്ഥരെ വിശ്വസിപ്പിക്കുക എന്നതാണ് അതിലേറ്റവും ദുഷ്കരം. ലക്ഷക്കണക്കിനു രൂപയുടെ ഇടപാടുകള്‍ വെറും വിശ്വാസത്തെ അടിസ്ഥാനമാക്കി മാത്രം നടക്കുന്നൊരിടത്തു ഇത്തരത്തില്‍ മോഷണം നടക്കുന്നുവെന്ന അറിവ് അതിന്റെ ഉപഭോക്താക്കളെ സംശയാലുവാക്കും, അതു കൊണ്ട് കഴിവതും ഇത്തരം മോഷണങ്ങള്‍ പുറം ലോകമോ അധികൃതരോ അറിയാതെ സൂക്ഷിക്കാനാണ് കച്ചവടക്കാര്‍ ശ്രമിക്കുക .


പുസ്തകങ്ങളുടെ ഈ മൂല്യനിര്‍ണ്ണയം പലപ്പോഴും സങ്കീര്‍ണ്ണത നിറഞ്ഞ ഒന്നാണ്. അതിനു കൃത്യമായ മാനദണ്ഡങ്ങളൊന്നും ഇല്ല .“Rare books - It is a book that is worth more money now when it was published ” എന്നാണ് കെന്‍ സാന്റേഴ്സ് ഈ അപൂര്‍വ്വ പുസ്തകങ്ങള്‍ക്കു നല്‍കുന്ന നിര്‍വ്വചനം. കൃതിയുടെ പഴക്കമാണ് അതിന്റെ വില തീരുമാനിക്കുന്നതില്‍ ഒരു മുഖ്യ ഘടകം. പക്ഷെ ചില സമയത്തു അതിന്റെ വില നിര്‍ണ്ണയിക്കുന്ന പുരാവസ്തു മൂല്യം പോലും ആവശ്യമില്ല. 1997 ല്‍ പ്രസിദ്ധീകൃതമായ ഹാരി പോര്‍ട്ടര്‍ സീരീസിലെ ആദ്യ കൃതിയായ Harry potter and the philosopher's stone-ന്റെ ആദ്യഎഡിഷന്‍ ഈയിടെ ഒരു അന്താരാഷ്ട പുസ്തക വിപണിയില്‍ വിറ്റു പോയത് 37000 ഡോളര്‍ വിലയ്ക്കാണ് [ഏകദേശം 18.5 ലക്ഷം രൂപ ] ജെ കെ റൌളിങ്ങിന്റെ ഒപ്പോടു കൂടിയ 500 പ്രതികളേ ആദ്യപതിപ്പില്‍ ഉണ്ടായിരുന്നുള്ളൂ. ഹാരിപോര്‍ട്ടര്‍ സീരീസിലെ തന്നെ Harry Potter and the Sorcerer's Stone എന്ന കൃതി വെറും 9 ഡോളറിനു ലഭിക്കുന്നിടത്താണ് അതേ സീരീസിലെ മറ്റൊരു പുസ്തകം ലക്ഷക്കണക്കിനു രൂപയ്ക്കു ലേലം ചെയ്യപ്പെടുന്നത്. ഇവിടെ കൃതികള്‍ തമ്മിലുള്ള ഗുണപരമായ വ്യത്യാസമോ രചയിതാവിന്റെ ഗരിമയോ ഒന്നുമല്ല വിഷയമാകുന്നത്,പുസ്തകത്തിന്റെ ദൌര്‍ലഭ്യമാണ് വില ഉയര്‍ത്തുന്നത് - സാമ്പത്തിക ശാസ്ത്രത്തില്‍ പറയുന്ന Supply & Demand Correlation തന്നെ , അത് കൂടാതെ കൃതിയുടെ ആദ്യ പതിപ്പ് എന്നതിനു സവിശേഷമായ പരിഗണയും. ഇപ്പോള്‍ ജെ കെ റൌളിങ്ങിന്റെ പുതിയ കൃതിയുടെ ആദ്യ പതിപ്പു വിപണിയിലിറങ്ങുന്നതിനു മുമ്പ് തന്നെ വിറ്റു പോകുന്നുണ്ട് . ഒരു കൃതിയുടെ ആദ്യപതിപ്പു പ്രധാനപ്പെട്ടതു തന്നെയാണ് അതൊരു സിനിമയുടെ ആദ്യ ഷോ കാണുന്നതു പോലെ നിസ്സാരമായ ഒരു മാനസികാവസ്ഥ മാത്രമല്ല - അതൊരു സ്വന്തമാക്കല്‍ കൂടിയാണ് .

യഥാര്‍ത്ഥത്തില്‍ ഉള്ളടക്കമോ രചയിതാവോ ഈ വിപണിയില്‍ അത്ര പ്രധാനഘടകമൊന്നുമല്ല.അതിപ്രശസ്തമായ കൃതികളോ കര്‍ത്താക്കളോ ഈ അപൂര്‍വ്വ പുസ്തക ലോകത്തിലത്രത്തോളം പ്രസക്തമല്ല. ചിലപ്പോള്‍ പുസ്തകത്തെ സംബന്ധിച്ച ദുഷ്കീര്‍ത്തിയോ പുസ്തകത്തെയോ രചയിതാവിനെയോ ചുറ്റിപ്പറ്റിയ നിഗൂഡചരിത്രമോ അതിന്റെ മൂല്യമുയര്‍ത്തിയേക്കാം. പ്രശസ്തരുടെ അപ്രശസ്തമായ കൃതികള്‍ , അപ്രശസ്തരുടെ വിവാദ കൃതികള്‍ , ചിലപ്പോള്‍ അജ്ഞാതനാ‍യ ഒരാളുടെ പുരാവസ്തു മൂല്യമുള്ള ഒരു പുസ്തകം അങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് പുസ്തക വിപണിയില്‍ ഒരു പുസ്തകത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്. പുസ്തക പ്രേമിക്കു വളരെ അപൂര്‍വ്വമായ ഒരു പുസ്തകം കണ്ടെത്തിയതിനെക്കുറിച്ചു ഈ പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരു പുരാവസ്തു കച്ചവട സ്ഥാപനത്തിലെ കുട്ടയില്‍ നിന്ന് - രാസവളങ്ങളെപ്പറ്റിയും കാര്‍ഷികോപകരണങ്ങളെ പറ്റിയുമുള്ള പുസ്തകങ്ങള്‍ക്കിടയില്‍ നിന്നു Tamerlane and other Poems എന്ന പുസ്തകം ഇദ്ദേഹം വാങ്ങുന്നത് വെറും 15 ഡോളറിനാണ്. ഗ്രന്ഥകര്‍ത്താവിന്റെ പേര് ഒരു ബോസ്റ്റണ്‍ കാരന്‍ എന്നു മാത്രം. പിന്നീട് ഒരു ലേലസ്ഥാപനവുമായി ബന്ധപ്പെട്ടപ്പോഴാണ് തനിക്കു കിട്ടിയ കൃതി അമൂല്യമായ ഒരു നിധിയാണെന്നു ആ പുസ്തകപ്രേമി മനസ്സിലാക്കുന്നത് . എഡ്ഗാര്‍ അല്ലെന്‍പോ തന്റെ 14 ആം വയസ്സില്‍ എഴുതിയ കവിതാ സമാഹാരമായിരുന്നു അത് . പേര് വെക്കാതെ എഴുതിയ ആ കൃതിയുടെ ആദ്യ പതിപ്പിന്റെ 12 കോപ്പി മാത്രമേ ഇന്നു നിലവിലുള്ളൂ , അതു കൊണ്ട് തന്നെ ലക്ഷങ്ങള്‍ മൂല്യം വരുമതിന് .

പഴയ പുസ്തകങ്ങള്‍ ശേഖരിക്കുന്നത് രസകരമായ ഒരു വിനോദമാണ് അത് പോലെ തന്നെ ദുഷ്കരവും . പുതുമണം നിറഞ്ഞു നില്‍ക്കുന്ന , തിളങ്ങുന്ന , വര്‍ണ്ണ ശബളമായ പുറം ചട്ടകളുള്ള പുതിയ പുസ്തകങ്ങള്‍ കൃത്രിമാലങ്കാരങ്ങളുള്ള വേഷഭൂഷകളുമുള്ള ഒരു സ്ത്രീയെ പോലെയാണെങ്കില്‍ പഴയ പുസ്തകങ്ങള്‍ ചില യാത്രകളില്‍ , അപരിചിതങ്ങളായ ഇടങ്ങളില്‍ അപ്രതീക്ഷിതമായി കണ്ടു മുട്ടുന്ന , ചിലപ്പോള്‍ ഇനിയൊരിക്കലും കാണാന്‍ സാധ്യതയില്ലാത്ത സുന്ദരിയായ ഒരു സ്ത്രീയെ പോലെയായിരിക്കും - അതില്‍ പ്രവചനാതീതമായ ഒരു സൌന്ദര്യം ഒളിഞ്ഞു കിടപ്പുണ്ട് .

ജോണ്‍ ഗില്‍ക്കിയുടെ കഥ വായിച്ചു തീര്‍ന്നപ്പോഴാണ് പഴയ പുസ്തകങ്ങളെ തിരയുന്ന ഒരാള്‍ എന്റെ ഉള്ളിലുമുണ്ടെന്നോര്‍ത്തത് [എല്ലാവരുടെ ഉള്ളിലും പഴമയെ തിരയുന്ന ഒരു ജീന്‍ ഉണ്ട് , അതു പല തരത്തിലാകും പ്രവര്‍ത്തിക്കുന്നത് ] ഭ്രാന്തമായ ഒരു സ്നേഹമൊന്നുമല്ലെങ്കിലും പഴയ പുസ്തകങ്ങളെ ഞാനും സ്നേഹിക്കുന്നു . പുസ്തകതാല്പര്യത്തെക്കുറിച്ചുള്ള തുറന്നു പറച്ചില്‍ ഉയര്‍ന്ന ബൌദ്ധിക ശേഷിയെ ദ്യോതിപ്പിക്കാനുള്ള പൊങ്ങച്ച പ്രദര്‍ശനമായോ ആത്മരതി പ്രകാശനമായോ പരിഗണിക്കപ്പെടുമോ എന്ന സന്ദേഹമുണ്ട്. ഒരു കുമ്പസാരമെന്ന പോലെ പറയട്ടെ പുസ്തകങ്ങളോടുള്ള താല്പര്യം ഉയര്‍ന്ന ബൌദ്ധികതയുമായോ ചിന്താശേഷിയുമായോ മാത്രം ബന്ധമുള്ളതല്ല , എന്തിനു അതിനു പുസ്തക വായനയുമായി പോലും ബന്ധമില്ല എന്നതാണ് വാസ്തവം . അതു മറ്റേതൊരു വിചിത്രമായ ശീലം പോലെ തന്നെ ഒരു ശീലം മാത്രമാണ് - പിശുക്കന് തന്റെ പണം ശേഖരിച്ചു വെക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതി പൊലെ ഒരു തരം ആത്മരതി. പ്രത്യേകിച്ചെന്തെങ്കിലും ഭൌതിക - ബൌദ്ധിക നേട്ടം അതു കൊണ്ടുണ്ടായില്ലെങ്കിലും ആത്മ സംതൃപ്തിക്കു വേണ്ടി മാത്രം അത് തുടരുന്നു .ബൌദ്ധികമായ നേട്ടമുണ്ടാകണമെന്നില്ല എന്നു സൂചിപ്പിക്കാന്‍ കാരണം ഇങ്ങനെ ശേഖരിക്കുന്ന പുസ്തകങ്ങള്‍ വായിക്കണമെന്നു നിര്‍ബന്ധ ബുദ്ധിയുള്ളവരല്ല ഭൂരിഭാഗം പുസ്തകപ്രേമികളും .

പഴയ പുസ്തകങ്ങള്‍ വരുന്ന വഴികള്‍

നാട്ടു വായനശാലയിലെ മൂലയില്‍ പൊടി പിടിച്ചു കിടക്കുന്ന ഏതെങ്കിലും അലമാരയില്‍ നിന്നോ , അല്ലെങ്കില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കുന്ന വഴി വാണിഭക്കാരനില്‍ നിന്നോ ആകാം സാധാരണയായി ഇത്തരത്തിലുള്ള അപൂര്‍വ്വ പുസ്തകങ്ങള്‍ കൈവശം വരുന്നത് മറ്റു ചിലപ്പോള്‍ - ദീര്‍ഘദൂര യാത്രക്കിടയില്‍ മുന്‍ യാത്രികരാരോ ബെര്‍ത്തിലോ സീറ്റിലോ അവശേഷിപ്പിച്ചു കിട്ടുന്നത് പോലെയുള്ള വിചിത്രമായ വഴികളിലൂടെയാകാം - കോളേജില്‍ പഠിച്ചിരുന്ന സമയത്തെ ട്രയിന്‍ യാത്രയില്‍ നാന്‍സി ഫ്രൈഡേയുടെ വിവാദ കൃതിയായ My Secret Garden: Women’s Sexual Fantasies എന്നൊരു പുസ്തകം കിട്ടിയിരുന്നു . ഏതെങ്കിലും വിദേശി നാട് കാണാന്‍ വന്ന കൂട്ടത്തില്‍ ഉപേക്ഷിച്ചതാവും . നിരവധി സ്ത്രീകളുടെ വിചിത്ര ലൈംഗിക ഭാവനകളായിരുന്നു ആ പുസ്തകം നിറയെ - ലളിതമായ ഇംഗ്ലീഷില്‍ , എന്നാല്‍ ഉന്മാദമുണര്‍ത്തുന്ന ലൈംഗിക ഭാവനകള്‍ -അതിന്റെ രൂപം കൊണ്ട് തന്നെ അത് സാമാന്യം പഴക്കമേറിയ കൃതിയാണെന്നുറപ്പായിരുന്നു .1973 ലെ ആദ്യ പതിപ്പു പോലുമായിരുന്നിരിക്കാം . പക്ഷെ പുസ്തകം കയ്യില്‍ വന്നതേ ഓര്‍മ്മയുള്ളൂ കൂടെയുള്ളവന്മാര്‍ അത് ഓരോരോ ഭാഗമാക്കി കീറിക്കൊണ്ട് പോയി . :) .



വായനശാലയുടെ പൊടി പിടിച്ച മൂലകളിലൊന്നില്‍ - പുറം ചട്ട കീറിത്തുടങ്ങിയ , താളുകള്‍ ദ്രവിച്ചു തുടങ്ങി , ഇരട്ടവാലന്‍ പ്രാണിയുടെ ആക്രമണം നേരിടാന്‍ തയ്യാറായി ആരും ശ്രദ്ധിക്കാതെ അനാഥമായി കിടക്കുന്നവ . പുസ്തകപ്രേമിയായ ആരെങ്കിലുമൊക്കെ തന്റെ പ്രതാപത്തിന്റെ ശേഷിപ്പുകള്‍ നാലു പേര് കാണട്ടെയെന്ന ഉദ്ദേശത്തോടെ ആദ്യ പേജില്‍ പേരും വിലാസവും എഴുതി സംഭാവന കൊടുക്കുന്നതായിരിക്കും സാമാന്യം പഴക്കമേറിയ ഇത്തരം പുസ്തകങ്ങള്‍ . പലപ്പോഴും രെജിസ്റ്ററില്‍ ഇവ രേഖപ്പെടുത്താറുമുണ്ടാവില്ല . വര്‍ഷാ വര്‍ഷം ഗവണ്മെന്റ് നല്‍കുന്ന ഗ്രാന്റ് പാഴായി പോകാതിരിക്കാന്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങി പുസ്തക റാക്കുകളെ കൂടുതല്‍ മനോഹരമാക്കി വെക്കുമ്പോള്‍ കീറിത്തുടങ്ങിയ പുറംചട്ടയും പഴയ ലിപിയിലുള്ള അച്ചടിയും ഗുണ നിലവാരമില്ലാത്ത കടലാസുമുള്ള പഴയ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ അധികപ്പറ്റാണ് , സ്വാഭാവികമായും അവ ലൈബ്രറിയുടെ മൂലയിലേക്കു പുറന്തള്ളപ്പെടും - പ്രാന്തവല്‍ക്കരിക്കപ്പെടുന്ന പുസ്തകങ്ങള്‍ എന്നു വേണമെങ്കില്‍ പറയാം . ഓരോ വര്‍ഷവും പുതിയ പുസ്തകങ്ങള്‍ വായനശാലയുടെ സ്ഥലത്തില്‍ പങ്കു പറ്റിത്തുടങ്ങുമ്പോള്‍ പഴയ പുസ്തകങ്ങളെന്തു ചെയ്യുമെന്ന ആശയക്കുഴപ്പ്ത്തിലായിരിക്കും പുസ്തക സൂക്ഷിപ്പുകാരന്‍ .അയാള്‍ക്കു മുമ്പിലുള്ള ലളിതമാ‍യ പോംവഴി പഴയ പുസ്തകങ്ങള്‍ Depreciation കണക്കില്‍ ഉള്‍പ്പെടുത്തുക എന്നതു മാത്രമാണ് . സംഭാവന കിട്ടിയതോ രെജിസ്റ്ററില്‍ ഉള്‍ക്കൊള്ളിക്കാത്തതോ ആയ ചില പുസ്തകങ്ങള്‍ ഒഴിവാക്കാന്‍ കുറച്ചു കൂടി എളുപ്പമാണ് - അവയ്ക്കു യാതൊരു രേഖകളും അവശേഷിച്ചിരിക്കില്ലല്ലോ . ഇങ്ങനെ ഒഴിവാക്കപ്പെടാനായി പുസ്തകശാലയുടെ മൂലയ്ക്കു കാത്തു കിടക്കുന്ന പുസ്തകങ്ങളാണ് അപൂര്‍വ്വ പുസ്തകങ്ങളെ തിരയുന്നവരെ അല്‍ഭുതപ്പെടുത്തുക .


എന്റെ ഗ്രാമത്തിലെ വായനശാല കേരളത്തിലെ ബഹുഭൂരിപക്ഷം വായനശാലകളെയും പോലെ തന്നെ ഇടത്പക്ഷ ആഭിമുഖ്യമുള്ളതായിരുന്നു .ഇംഗ്ലീഷിലും മലയാളത്തിലുമുള്ള മാര്‍ക്സിസ്റ്റ് സാഹിത്യത്തിന്റെ വലിയൊരു നിര തന്നെ അവിടെയുള്ള ശേഖരത്തിലുണ്ടായിരുന്നു . പക്ഷെ ആരും വായിക്കാത്ത മൂലയിലായിരുന്നു ഈ പുസ്തകങ്ങളുടെ സ്ഥാനം . കോട്ടയം പുഷ്പനാഥിനും ,ബാറ്റണ്‍ ബോസ്സിനും അയ്യനേത്തിനും പമ്മനും ആണ് ഒരു ഗ്രാമീണ വായനശാലയില്‍ ഏറ്റവും പ്രാധാന്യം .അല്പം കൂടി ഗൌരവമുള്ള വായനക്കാര്‍ എം ടിയെയും ഓ വി വിജയനെയും തകഴിയെയുമൊക്കെ വായിക്കും അതിലപ്പുറം ദുര്‍ഗ്രഹമായ ആശയങ്ങള്‍ അതിലും ദുര്‍ഗ്രഹമായ ഭാഷയിലെഴുതിയിട്ടുള്ള കമ്യൂണിസ്റ്റ് സാഹിത്യവും ആര് വായിക്കാനാണ് ?.വായിക്കാനല്ലെങ്കില്‍ കൂടി ഒഴിവാക്കപ്പെടുമ്പോള്‍ കട്ടിയുള്ള ആ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു .റഷ്യയിലെ Progress Publishers 1978 ല്‍ പഴയ സോവിയറ്റ് റഷ്യയില്‍ തന്നെ അച്ചടിച്ച യാക്കോവ് പെരല്‍ മാന്റെ “ഭൌതിക കൌതുകം “ത്തിന്റെയും മാക്സിം ഗോര്‍ക്കിയുടെ ആത്മകഥയായ “പരിശീലനം “ത്തിന്റെയും ആദ്യ പതിപ്പ് ഇങ്ങനെയാണ് എന്റെ കയ്യില്‍ വരുന്നത്. ഇന്നു സോവിയറ്റ് റഷ്യ ഇല്ല - അതു കൊണ്ട് തന്നെ അതിന്റെ ഓര്‍മ്മയുടെ തിരുശേഷിപ്പുകളായി ഈ പുസ്തകങ്ങള്‍ നില നില്‍ക്കുന്നു .പുറം ചട്ടയും താളുകളുമായുള്ള നൂല്‍ ബന്ധം ഏകദേശം അവസാനിക്കാറായ , ഉപേക്ഷിക്കപ്പെട്ട നിലയിലാണ് മറ്റൊരു പുസ്തകം കിട്ടുന്നത്. , ഏകദേശം ആയിരത്തോളം താളുകളുള്ള ഒരു പുസ്തകം . ഇന്‍ഡ്യന്‍ എത്തീസ്റ്റ് പബ്ലിക്കേഷന്‍ അച്ചടിച്ച “കോവൂരിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ “ ടെ ആദ്യ പതിപ്പായിരുന്നു അത്.ചണവും പരുത്തിയും കൊണ്ട് നിര്‍മ്മിച്ച ചുവന്ന പുറം ചട്ടയും ചെറിയ അക്ഷരങ്ങളുള്ള പഴയ മോഡല്‍ അച്ചടിയും അതിനു ഒരു യഥാര്‍ത്ഥ പഴക്കത്തെക്കാള്‍ പഴക്കം തോന്നിക്കും , കഴിഞ്ഞ നൂറ്റാണ്ടിലെ ഒരു പുസ്തകം പോലെ .

തെരുവോരങ്ങളിലെ വഴി വാണിഭക്കാര്‍


പരിചിതമായ നഗരങ്ങളിലെ അപരിചിതമായ തെരുവുകളിലെ ഒറ്റപ്പെട്ട പഴയ പുസ്തകക്കടകള്‍ , ജനത്തിരക്കേറിയ വീഥികളിലെ വഴിവാണിഭക്കാര്‍ - ചെന്നൈ സെണ്ട്രല്‍ റെയില്‍ വേ സ്റ്റേഷന്റെ പരിസരങ്ങളില്‍ , കോഴിക്കോട് സ്റ്റേഡിയത്തിനു സമീപത്തായി , തൃശൂര്‍ സാഹിത്യ അക്കാദമിയുടെ ചുറ്റുവട്ടത്ത് , ബാങ്ക്ലൂരിലെ ചില തെരുവോരങ്ങളില്‍ - അങ്ങനെ ഈ പഴയ പുസ്തകങ്ങളുടെ അല്‍ഭുതാവഹമായ ശേഖരം പലയിടങ്ങളിലും ഞാന്‍ കണ്ടിട്ടുണ്ട് ,പലതും പ്രശസ്തി കൊണ്ടും വിവാദം കൊണ്ടും നമുക്കറിയുന്ന പുസ്തകങ്ങളായിരിക്കും പക്ഷെ ഭൂരിഭാഗവും നമ്മളൊരിക്കലെങ്കിലും കേള്‍ക്കാത്ത വിദേശ കൃതികളായിരിക്കും . എവിടെയോ ഒരു നല്ല വായനക്കാരന്‍ എന്തോ കാരണങ്ങള്‍ കൊണ്ടുപേക്ഷിച്ചതാവാമത് . ചിലപ്പോളത് വഴിവാണിഭക്കാരുടെ സ്ഥിരം പുസ്തകങ്ങളായ ശിവ് ഖേരയുടെ വ്യക്തിത്വ വികസന പുസ്തകങ്ങളുടെയോ ജനറല്‍ ക്നോളേജ് പുസ്തകങ്ങളുടെയോ അടിയിലോ ആയിരിക്കും .

പഴയ പുസ്തകങ്ങള്‍ ശേഖരിക്കുന്നവര്‍ക്കു അവരുടേ നീണ്ട ശേഖരണ ചരിത്രം കൊണ്ട് ലഭ്യമാകുന്ന ഒരു ശീലമാണ് ഏതു പുസ്തകവും അതിന്റെ ആദ്യ കാഴ്ചയില്‍ തന്നെ വിലയിരുത്താനുള്ള സാങ്കേതിക വൈദഗ്ദ്യം - എത്ര വര്‍ഷം പഴക്കമുള്ളതാണ്, ഏതു തരം കടലാസാണ്, പുറം ചട്ടയ്ക്കുപയോഗിച്ചിരിക്കുന്ന വസ്തു. അത്തരം സാങ്കേതികതയൊക്കെ മനസ്സിലാക്കാന്‍ മാത്രമുള്ള നീണ്ട ശേഖരണ ചരിത്രമോ അന്വേഷണത്വരയോ എനിക്കില്ലാത്തതിനാല്‍ ഓരോ പഴയ പുസ്തകത്തിന്റെയും വൈകാരികവും വൈയക്തികവുമായ കാര്യങ്ങളാണ് ഞാന്‍ സങ്കല്‍പ്പിച്ചു കൂട്ടുക.വഴിവാണിഭക്കാരന്റെ ശേഖരത്തിലെത്തിപ്പെട്ട ഈ പുസ്തകത്തിന്റെ മുന്‍ ഉടമ ആരായിരുന്നിരിക്കും ? അതൊരു സുന്ദരിയായ സ്ത്രീയോ പ്രായം ചെന്ന ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ പൊങ്ങച്ച പ്രദര്‍ശനത്തിനായി മാത്രം പുസ്തകം വാങ്ങി , ഉപേക്ഷിച്ചു പോകുന്ന ഒരു ധനികനോ ആയിരിക്കാം . ചിലപ്പോള്‍ മുന്‍ ഉടമകളുടെ സ്വഭാവ സവിശേഷത പോല്‍ ചില അടയാളങ്ങള്‍ ഈ പുസ്തകങ്ങളില്‍ ശേഷിപ്പിച്ചിരിക്കും ഇത് താല്‍ക്കാലികമായെങ്കിലും നമ്മളെ ഒരു ഷെര്‍ലക്ക് ഹോംസ് ആക്കി പരിണമിപ്പിക്കും - ഒരു ചെറിയ കുറിപ്പ് , അല്ലെങ്കില്‍ ഒരു ഒപ്പ് , മറ്റ് ചിലപ്പോള്‍ മെഴുകുതിരി ഉരുകിയൊലിച്ച പാടുകള്‍ .മിക്കവാറും ഇത്തരം അടയാളങ്ങള്‍ യാദൃശ്ചികമായി സംഭവിക്കുന്നതാണ് . അപൂര്‍വ്വമായി ഈ ശേഷിപ്പുകള്‍ വല്ലാതെ ആഴത്തില്‍ സ്പര്‍ശിക്കും , കുറച്ചു കാലത്തേക്കെങ്കിലും അതു നമ്മളെ വിടാതെ പിന്തുടരും.


പഴയ അക്കാഡമിക് പുസ്തകങ്ങള്‍ മാത്രം വില്‍ക്കുന്ന സേലത്തെ ഒരു പുസ്തകക്കടയില്‍ മാര്‍ക്വേസിന്റെ വിഖ്യാതമായ Love in the time of cholera യുടെ ആ പഴയ എഡിഷന്‍ എങ്ങനെ വന്നുവെന്നു ഒരു പിടിയുമില്ല - അതിന്റെ ആദ്യ പേജില്‍ ഭംഗിയുള്ള കൈപ്പടയില്‍ കറുത്ത അക്ഷരങ്ങളില്‍ ഇംഗ്ലീഷിലെഴുതിയ വികാര തീവ്രമായ ഒരു പ്രണയസന്ദേശമുണ്ടായിരുന്നു - ,ആ പുസ്തകം വേര്‍പാടിന്റെ സമയത്തു ഒരു ആണ്‍ കുട്ടി ഒരു പെണ്‍കുട്ടിക്കു നല്‍കിയ സമ്മാനമായിരിക്കണം .പേരോ വിലാസമോ ഒന്നും അതിലുണ്ടായിരുന്നില്ല - പെണ്‍ കുട്ടിയെ “പ്രിയപ്പെട്ട” എന്നു മാത്രം സംബോധന ചെയ്ത് കൊണ്ട് തുടങ്ങി പ്രണയത്തിന്റെ തീക്ഷ്ണത വെളിവാക്കുന്ന ഏതാനും വാചകങ്ങള്‍ക്കു ശേഷം “നിന്റെ മാത്രം ” എന്നവസാനിപ്പിക്കുന്ന ഒരു കുറിപ്പ് . അത്രയ്ക്കു അമൂല്യമായ ഒരു സമ്മാനമെങ്ങനെ ഒരു പുസ്തകകടയില്‍ വില്പനയ്ക്കു വന്നു ? ആ പ്രണയം തകര്‍ന്നപ്പോള്‍ ആ പെണ്‍ കുട്ടി അതിന്റെ ഓര്‍മ്മ നില നിര്‍ത്തുന്നതെല്ലാം ഉപേക്ഷിച്ചതാവാം , അല്ലെങ്കില്‍ ആ പെണ്‍ കുട്ടി വിവാഹിതയായിപോയപ്പോള്‍ പഠന പുസ്തകങ്ങളോടൊപ്പം ഈ പുസ്തകവും അവളുടെ അച്ഛനമ്മമാര്‍ വിറ്റതാകാം - അല്ലെങ്കില്‍ ആ കമിതാക്കള്‍ ആത്മഹത്യ ചെയ്തപ്പോള്‍...................ഹോ എന്തെന്തു ചിന്തകളാണ് അജ്ഞാതമായ ഒരു പഴയ പുസ്തകം സൃഷ്ടിക്കുന്നത് !!!


പുസ്തകശേഖരണം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അവയുടെ സംരക്ഷണവും , ഇതൊരല്പം ബുദ്ധിമുട്ടേറിയ സംഗതിയാണ് .സ്ഥല പരിമിതി , പ്രവാസം , ജോലി മാറ്റം , താമസ സ്ഥലം മാറ്റല്‍ ഇങ്ങനെ ഒരു പാട് ഘടകങ്ങള്‍ ഇതിനെ സ്വാധീനിക്കുന്നുണ്ട് . 2010 ലാണ് ഈ പഴയ പുസ്തകങ്ങളുടെ കാര്യത്തില്‍ എനിക്കു വലിയ നഷ്ടം സംഭവിക്കുന്നത് . ഞാന്‍ രണ്ട് വര്‍ഷത്തോളം താമസിച്ചിരുന്ന ഫ്ലാറ്റില്‍ നിന്നു സ്ഥലം മാറിയപ്പോള്‍ അന്നത്തെ തിരക്കുകള്‍ കൊണ്ട് പുസ്തകങ്ങള്‍ മുഴുവനായും പുതിയ ഫ്ലാറ്റിലേക്കു കൊണ്ടു വന്നിരുന്നില്ല, പുതിയ താമസക്കാര്‍ വരുന്നതിനു മുമ്പ് മതിയാകുമല്ലോ എന്ന ചിന്തയില്‍ ചെറിയൊരലംഭാവം കാണിച്ചതാണ് . പക്ഷെ പുതിയ താമസക്കാര്‍ വരുന്നതിനു മുമ്പ് ഫ്ലാറ്റ് വൃത്തിയാക്കി വെക്കണമെന്ന കെട്ടിട മുതലാളിയുടെ അമിതോത്സാഹം ആ പഴയ പുസ്തകങ്ങളെയും കുറെ ആനുകാലികങ്ങളെയും ദുബായി മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് ബിന്നിലെത്തിച്ചു . പണ്ട് ലൈബ്രറിയില്‍ നിന്നു സ്വന്തമാക്കിയത് , വഴി വാണിഭക്കാരുടെ കയ്യില്‍നിന്നു വില പേശി വാങ്ങിയത് -പിന്നീട് വായിക്കാന്‍ വേണ്ടി സൂക്ഷിച്ചിരിക്കുകയാണെന്ന ഭാവേന അവയില്‍ പലതും ഞാന്‍ വായിച്ചു പോലും നോക്കിയിട്ടില്ലാത്തവയായിരുന്നു .ആ സംഭവം കുറച്ചു കാ‍ലത്തേക്ക് അത് വല്ലാത്ത നഷ്ടബോധം സൃഷ്ടിച്ചു . ചിലപ്പോഴൊക്കെ പുസ്തകപ്രേമികളാ‍യ സുഹൃത്തുക്കള്‍ തന്നെ ഒരു ഭീഷണിയാണ് - ഒന്നു വായിച്ചിട്ടു തരാമെന്ന ഉറപ്പിന്മേല്‍ വാങ്ങിപ്പോകുന്ന പല പുസ്തകങ്ങളുടെ കൂട്ടത്തില്‍ നമുക്കു വിലപ്പെട്ട ഇത്തരമൊരു പുസ്തകവും നഷ്ടപ്പെട്ടേക്കാം , എല്ലാ കാര്യവും പോലെ തന്നെ നഷ്ടപ്പെട്ടതിനു ശേഷം മാത്രമേ അതിന്റെ മൂല്യം തിരിച്ചറിയാന്‍ സാധിക്കുക . വര്‍ഷങ്ങള്‍ക്കു മുമ്പ് , സ്കൂളില്‍ പഠിച്ചിരുന്ന കാലത്തു കയ്യിലുണ്ടായിരുന്ന ഒരു പുസ്തകമായിരുന്നു “പാതിരാസൂര്യന്റെ നാട്ടില്‍ “ ഫിന്‍ ലാന്റിനെ കുറിച്ചു എസ് കെ പൊറ്റെക്കാട് എഴുതിയ മനോഹരമായ ഒരു യാത്രാവിവരണം , ഒരു ബന്ധുവില്‍ നിന്നു കിട്ടിയ പഴയ ഒരു പുസ്തകമായിരുന്നു . ഒരു സുഹൃത്തു വാ‍യിക്കാന്‍ വാങ്ങികൊണ്ട് പോയിട്ടു പിന്നീടത് തിരിച്ചു കിട്ടുകയുണ്ടായില്ല അതു എങ്ങനെയോ അവന്റെ കയ്യില്‍ നിന്നു നഷ്ടപ്പെട്ടൂ പോയി . ഒന്നു കൂടി ചോദിച്ചാല്‍ പിന്നിപ്പഴകിയ ആ പുസ്തകത്തിനു പകരമായി അതിന്റെ ഒരു പുതിയ കോപ്പി തന്നെ അവന്‍ വാങ്ങിത്തരുമായിരുന്നു .പക്ഷെ 1956 ലിറങ്ങിയ ആദ്യ പതിപ്പ് ആയിരുന്നു ആ പിന്നിപ്പഴകിയ പുസ്തകമെന്ന കാര്യം അവനറിയില്ലല്ലോ .

.നമ്മൂടെ പഴയ ചില പുസ്തകങ്ങളും താളിയോല കെട്ടുകളും ജര്‍മ്മന്‍ ലൈബ്രറികളിലുണ്ടെന്നു കേട്ടിട്ടുണ്ട് .ചിലപ്പോള്‍ ഏതെങ്കിലും പഴയ വീടിന്റെ മച്ചിന്‍ പുറത്തു വിലപ്പെട്ട വിവരങ്ങളടങ്ങിയ വല്ല മാനുസ്ക്രിപ്റ്റോ താളിയോല കെട്ടോ അതുമല്ലെങ്കില്‍ ഏതെങ്കിലും ആദ്യ കാല കൃതിയോ എങ്കിലുംകിടക്കുന്നുണ്ടാകും . പഴയ അപൂര്‍വ്വപുസ്തകങ്ങളുടെ കാര്യത്തില്‍ നമ്മളത്രത്തോളം ശ്രദ്ധാകുലരൊന്നുമല്ല -വേണമെങ്കില്‍ അപൂര്‍വ്വ പുസ്തകം പുരാവസ്തു ഭ്രമമുള്ള സമ്പന്നരെ ചൂഷണം ചെയ്യാന്‍ വേണ്ടിയുള്ള വ്യാജ നിര്‍മ്മിതിയാണ്/ സങ്കല്‍പ്പമാണ് എന്നു പറയാം , ഒരു കണക്കിനത് സത്യവുമാണ് അതിന്റെ മൂല്യം നിര്‍ണ്ണയിക്കുന്നത് വാങ്ങുന്നവന്റെ സമ്പത്താണ് .പക്ഷെ ചിലതെങ്കിലും അമൂല്യമായ സമ്പത്താകാനും സാധ്യതയുണ്ട് .

ജോണ്‍ ഗില്‍ക്കിയുടെ കഥ പറഞ്ഞു കൊണ്ടു തന്നെ അവസാനിപ്പിക്കാം - നിരവധി തവണ പുസ്തക മോഷണത്തിന്റെ പേരില്‍ ജയില്‍ വാസമനുഷ്ടിച്ചിട്ടൂം ഈ “ഹോബ്ബി “ നിര്‍ത്താന്‍ ജോണ്‍ ഗില്‍ക്കി തയ്യാറല്ല , അയാള്‍ മോഷ്ടിച്ചു കൊണ്ടേയിരിക്കും ഭ്രാന്തമായ ആവേശത്തോടെ തന്നെ .കാരണം അതാണയാളുടെ ജീവിതം .