Like

...........

Saturday, 24 March 2012

ഒരു സമ്പന്ന രാഷ്ട്രമായ ഇന്‍ഡ്യയെക്കുറിച്ച് തന്നെ

വളരെ പ്രസിദ്ധമായ ഒരു സെന്‍ ബുദ്ധിസ്റ്റ് തത്വമുണ്ട് - ഒരു സെന്‍ ഗുരു തന്റെ ശിഷ്യനു മുമ്പില്‍ ഒരു വര വരച്ചിട്ടു അതിനെ ചെറുതാക്കാന്‍ ആവശ്യപ്പെടുന്നു പക്ഷെ നിലവിലുള്ള ആ വരയെ മായ്ക്കരുത് - നിലവിലുള്ള വരയെ മായ്ക്കുകയൊ മാറ്റുകയോ ഒന്നും ചെയ്യാതെ ചെറുതാക്കണം ,ശിഷ്യനതു കഴിഞ്ഞില്ല ആ വരയെ മായ്ക്കാതെ അതെങ്ങനെ ചെറുതാക്കും ? ശിഷ്യന് അല്‍ഭുതപ്പെട്ടു അപ്പോള്‍ ഗുരു ആ വരക്കടുത്തായി അതിലും വലിയൊരു വര വരച്ചു ഇപ്പോള്‍ ആദ്യത്തെ വര ചെറുതായി . ഇതു വലിയ ഒരു തത്വ ചിന്തയാണ് .ഇതേ സെന്‍ ബുദ്ധിസ്റ്റ് തത്വ ചിന്തയാണ് മന്മോഹന്‍ സിങ്ങും ശിഷ്യനായ മൊണ്ടേക് സിങ്ങ് അലുവാലിയയയും അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് . നിലവില്‍ ഇന്‍ഡ്യ ഭൂരിഭാഗവും ദരിദ്രരായ ജനവിഭാഗങ്ങളുള്ള ഒരു വലിയ ദരിദ്ര രാജ്യമാണ് ഈ ദാരിദ്ര്യത്തെ എങ്ങനെ കുറയ്ക്കാം ? അതിനുള്ള പോം വഴിയാണ് ദാരിദ്ര്യമെന്നതിന്റെ നിര്‍വ്വചനം തന്നെ പുനര്‍ നിരവ്വചിക്കുക എന്നതാണ് .

ഈ സിദ്ധാന്തമനുസരിച്ചു നടത്തിയ പുതിയ കണക്കെടുപ്പു പ്രകാരം ഗ്രാമ പരിധിയില്‍ 22 രൂപയും നഗരത്തില്‍ 28 രൂപയും ദിവസ വരുമാനമുള്ളവര്‍ ഇനി മുതല്‍ ദാരിദ്ര്യരേഖക്കു മുകളിലായിരിക്കും .കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ഗ്രാമ പരിധിയില്‍ 22.47 രൂപയും നഗര പരിധിയില്‍ 28.65 രൂപയും ആണ് , ദശാംശമൊക്കെ ഉപയോഗിച്ചു വളരെ കിറു കൃത്യം എന്ന രീതിയില്‍ ഈ കണക്കു പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ കരുതും ഈ കണക്കെല്ലാം ഗവേഷണമോ സര്‍വേയോ മറ്റോ നടത്തി കണ്ടെത്തിയതാണെന്ന് - നഗരത്തില്‍ 28.65 രൂപക്കു ജീവിക്കാമെന്നൊക്കെ സ്റ്റാറ്റിസ്റ്റിക്സ് രൂപീകരിക്കണമെങ്കില്‍ സാമാന്യം നല്ല തൊലിക്കട്ടിയായിരിക്കണം .ഈ കണക്കു പ്രകാരം ഇന്‍ഡ്യയില്‍ ഇപ്പോഴുള്ള ദരിദ്രരുടെ ജന സംഖ്യ 354 ദശലക്ഷമാണ് ഇത് 2005 ല്‍ ഇതിനെക്കാള്‍ 53 ദശലക്ഷം ദരിദ്രര്‍ ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നു , അതായത് ദരിദ്രര്‍ കുറഞ്ഞു - ഇതു പുരോഗമനമല്ലെ ? തീര്‍ച്ചയായും ഇത് പുരോഗമനമാണ് അടുത്ത വര്‍ഷം ഈ ദാരിദ്ര്യ രേഖയുടെ മാനദണ്ഡം 28 രൂപയില്‍ നിന്നും 10 രൂപയാക്കി കുറക്കട്ടെ - അപ്പോള്‍ ഇതിലും മികച്ച സാമ്പത്തിക പുരോഗതിയാകും ഇന്‍ഡ്യ നേടുക , അങ്ങനെ ഓരോ വര്‍ഷവും പടി പടിയായി Poverty Line Criteria കുറച്ചു കുറച്ചു അവസാനം ദരിദ്രരില്ലാത്ത ഒരു മാതൃകാ രാജ്യമായി തീരും .

സ്ഥിതിവിവരക്കണക്കുകളിലെ പെരും നുണകള്‍ .

ബെഞ്ചമിന്‍ ഡിസ്രയേലി സ്റ്റാറ്റിസ്റ്റിക്സിനെ നിര്‍വചിച്ചത് ഇങ്ങനെയാണ് .

'After all, facts are facts, and although we may quote one to another with a chuckle the words of the Wise Statesman, "Lies - damn lies - and statistics,"

ഇന്‍ഡ്യ വന്‍ സാമ്പത്തിക ശക്തിയായി കുതിക്കുന്നു , അമേരിക്കയെയും ജപ്പാനെയും കടത്തി വെട്ടും എന്തെല്ലാം വാര്‍ത്തകളാണ് നാം ദൈനം ദിനം കേള്‍ക്കുന്നത് . രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലും അര്‍ദ്ധപട്ടിണിയിലും കഴിയുന്ന ഒരു രാജ്യമെങ്ങനെയാണ് ലോകത്തെ സാമ്പത്തിക ശക്തിയായി കുതിക്കുന്നത് ? ഒരു നേരത്തെ ഭക്ഷണത്തിനു ഗതിയില്ലാത്ത കോടിക്കണക്കിനു ആളുകളുള്ള രാജ്യമെങ്ങനെയാണ് ഇത്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ? സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിട്ടുള്ളവര്‍ക്കറിയാം ഒരു വസ്തുതയെ അതെങ്ങനെ ബലാത്സംഗം ചെയ്യുമെന്ന് , കുറച്ചു സംഖ്യകളുപയോഗിച്ചു വലിയൊരു നുണ പടച്ചു വിടാന്‍ സ്ഥിതിവിവരക്കണക്കു കൊണ്ടു സാധ്യമാണ്
ഉദാഹരണമായി ആളോഹരി വരുമാനം തന്നെ നോക്കാം - ഈ സ്റ്റാറ്റിസ്റ്റിക്സില്‍ പരിഗണിക്കുന്ന ആയിരം പേരുടെ സ്ഥിതി വിവരക്കണക്കില്‍ 998 പേര്‍ക്കു വെറും പത്തു രൂപ മാത്രം വരുമാനവും ബാക്കിയുള്ള 2 പേര്‍ക്കു പത്തു ലക്ഷം വരുമാനമുണ്ടെന്നും കരുതുക - അതിന്റെ റിസള്‍ട്ടെന്താണ് കാണിക്കുന്നത് 998 X 10 + 1000000 X 2 /1000 = 2010 . അപ്പോള്‍ കേവലം പത്തു രൂപ വരുമാനമുള്ള ഭൂരിപക്ഷത്തെ ഒന്നോ രണ്ടോ സമ്പന്നനെ കൊണ്ട് ആകെ മാറ്റി മറിക്കാം , അതാണ് സ്റ്റാറ്റിസ്റ്റിക്സ് കൊണ്ടുള്ള കളി . ഇത്തരം ഉപരിപ്ലവമായ സ്റ്റാറ്റിസ്റ്റിക്സ് കളികളാണ് ഇന്‍ഡ്യയുടെ സാമ്പത്തിക പുരോഗതിയുടെ “കുതിപ്പിനു” പിന്നില്‍ . അംബാനിയുടെയോ റ്റാറ്റയുടെയോ പോലുള്ളവരുടെ സമ്പത്തു ഉയരുകയും ലക്ഷക്കണക്കിനു പേര്‍ നിത്യ പട്ടിണിക്കാരായി താഴെക്കു പോയാലും മേല്‍പ്പറഞ്ഞ സ്റ്റാറ്റിസ്റ്റിക്സ് വളര്‍ച്ചയെ ആണു കാണിക്കുക .


അരുന്ധതി റോയിയുടെ ഭാവനയുടെ അന്ത്യം എന്ന കൃതിയില്‍ നിന്നും -

"അണക്കെട്ടുകളുടെ നിര്‍മ്മാണത്തിന് ശേഷം അവിടെയുള്ള ആവാസവ്യവസ്ഥക്കെന്ത് സംഭവിക്കുന്നു എന്നIndian Institute of Public Administration നടത്തിയ ഒരു പഠനമാണ് വിഷയം . .ഓരോ വലിയ അണക്കെട്ടുകളുടെയും നിര്‍മ്മാണത്തോടെ ഭവനരഹിതരാവുന്ന , ആവാസവ്യവസ്ഥ നഷ്ടപ്പെടുന്ന ശരാശരി മനുഷ്യരുടെ എണ്ണം 44182 ആണ് . ഇന്‍ഡ്യയിലെ 3300 ഓളം അണക്കെട്ടുകളില്‍ നിന്ന് വെറും 54 അണക്കെട്ടുകള്‍ മാത്രമാണ് തിരഞ്ഞെടുത്തത് , അത് ഒരു പഠനത്തിന് ഒട്ടും പര്യാപ്തമല്ല എങ്കില്‍ പോലും അതില്‍ നിന്ന് കിട്ടിയ ശരാശരികളില്‍ നിന്ന് നമുക്കൊരു കണക്ക് കൂട്ടല്‍ നടത്തി നോക്കാം . ശരാശരി കണക്കുകളില്‍ വന്നേക്കാവുന്ന പിഴവുകള്‍ കണക്ക്കിലെടുത്ത് ഈ 44182 എന്ന കണക്കിനെ നമുക്ക് നേര്‍പകുതിയാക്കാം അല്ലെങ്കില്‍ കണക്ക് കൂട്ടാനുള്ളെ എളുപ്പത്തിനായി നമുക്കതിനെ 10000 എന്ന് കുറക്കാം, ഇത് വല്ലാത്ത ഒരു ന്യൂനീകരണം ആണ് , എന്നിട്ട് പോലും നമുക്ക് കിട്ടുന്ന കണക്കുകള്‍ അതിശയിപ്പിക്കുന്നതാണ് .3300 വലിയ അണക്കെട്ടുകളുടെ നിര്‍മ്മാണത്തിന്റെ അനന്തരഫലമായി നിരാലംബരായി പോയ മനുഷ്യരുടെ ലളിതമായ സ്ഥിതിവിവരപട്ടിക ഇങ്ങനെ വരും - 3300 X10000 = 3300000 അതായത് 33 ദശലക്ഷം മനുഷ്യജീവികളാണ് നമുക്ക് വൈദ്യുതി ലഭിക്കാന്‍ വേണ്ടി പലായനം ചെയ്യപ്പെടേണ്ടി വന്നത് ,അഭയാര്‍ത്ഥികളായി മാറിയത് .ഇത്തരം കണക്കുകളൊന്നും പുറത്തു വരാറില്ല . എന്റെ പൊന്നു സര്‍ക്കാരെ ഈ കണക്കുകള്‍ നുണയാണെന്നു പറയാനെങ്കിലും നിങ്ങളൊന്നു വാ തുറക്കൂ
"
അരുന്ധതി റോയി പാതി തമാശയായി ചോദിക്കുന്നത് വളരെ ഗൌരവമുള്ള ഒരു കാര്യമാണ് . സര്‍ക്കാര്‍ നിഷേധിക്കാനായി പോലും ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാറില്ല അതായത് “ ഇത് തെറ്റാണ് , ഇങ്ങനെയൊന്നുമില്ല “ എന്നു പറഞ്ഞാല്‍ ഗവണ്മെന്റിനറിയാം അതെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വരുമെന്ന് . മേല്‍ പറഞ്ഞ സ്ഥിതി വിവരക്കണക്കുകള്‍ വളരെ ലഘുവായ ഒരേകദേശ കണക്കു മാത്രമാണ് , കുറച്ചു കൂടി കൃത്യതയുള്ള കണക്കുകളില്‍ ഇതിലേറെ ബാധിക്കപ്പെട്ടവരുണ്ടാകും .ഓരോ ആവശ്യങ്ങള്‍ക്കായി വ്യത്യസ്ഥമായ സ്ഥിതി വിവരക്കണക്കുകള്‍ അവതരിപ്പിക്കാന്‍ അധികൃതര്‍ക്കുള്ള കഴിവ് പ്രശംസനീയമാണ് - ഈ കഴിവ് കൊണ്ട് അവര്‍ ആവശ്യമുള്ള സമയത്തു ദാരിദ്ര്യം 40 % ആക്കാനും 10 % ആക്കാനും ഈ സ്ഥിതി വിവരക്കണക്കു കൊണ്ടു സാധ്യമാണ് .

ദാരിദ്ര്യവും ധനത്തിന്റെ മൂല്യ നിര്‍ണ്ണയവും .

ഒരാള്‍ ധനികനാണോ അല്ലയോ എന്നു ഏത് മാനദണ്ഡം ഉപയോഗിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നത് ? പൊതുവില്‍ രൂപയുടെ മൂല്യം നമ്മള്‍ അളക്കുന്നത് ഡോളറിന്റെയോ യൂറോയുടെയോ ലഭ്യതക്കോ നിലവാരത്തിനോ അനുസരിച്ചാണ് . പക്ഷെ വിചിത്രമായ ഒരു സംഗതി ഇന്‍ഡ്യന്‍ ഗ്രാമങ്ങളിലെ ധനത്തിന്റെ മൂല്യ നിര്‍ണ്ണയത്തിലോ മനുഷ്യ ശേഷിയുടെ ഉപയോഗത്തിലോ അമ്പരപ്പിക്കുന്ന മാനദണ്ഡങ്ങളാണ് നിലനില്‍ക്കുന്നത് . Times Of India ക്കു വേണ്ടി പി. സായ് നാഥ് ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടത്തിയ നീണ്ട യാത്രകളും അനുഭവ പഠനങ്ങളും സമാഹരിച്ചുള്ള കൃതിയാണ് - നല്ലൊരു വരളച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു [-Every body Loves a Good Drought ] ബീഹാറിലെയും ഒറീസയിലെയും തമിഴ് നാട്ടിലെയും അന്ധ്രയിലെയും ദരിദ്രരായ ഭൂരഹിത കര്‍ഷകര്‍ക്കിടയില്‍ നടത്തിയ പഠനങ്ങളിലൂടെ നീണ്ട യാത്രകളിലൂടെ തയ്യാറാക്കിയ ലേഖനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നമ്മെ ഞെട്ടിക്കും വിധം അവിശ്വസനീയമാണ് . ഏതോപ്യയിലെയും ഉഗാണ്ടയിലെയും ദാരിദ്ര്യത്തെ സൂചിപ്പിക്കാന്‍ നാം അവലംബിക്കുന്ന , മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന എല്ലും തോലുമായ മനുഷ്യക്കൊലങ്ങളില്‍ നിന്നു വ്യത്യസ്ഥമാണ് ഇന്‍ഡ്യയിലെ ദാരിദ്ര്യത്തിന്റെ അവസ്ഥ .ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്ഷാമത്തിന്റെയും ഇല്ലായ്മയുടെയും ദാരിദ്ര്യമാണെങ്കില്‍ ഇന്‍ഡ്യയില്‍ വ്യവസ്ഥിതിയുടെ , അധികാരി വര്‍ഗ്ഗത്തിന്റെ അനാസ്ഥ കൊണ്ടുണ്ടാകുന്ന ദാരിദ്ര്യമാണ് അത് അവിശ്വസനീയമായ ചില കഥകളാണ്

അധികൃതരുടെ അനാസ്ഥ , ജാതി വ്യവസ്ഥ ,വരളച്ചാ , ക്ഷാമം , ഭൂവുടമകളുടെ പീഡനം , ഇങ്ങനെ നിരവധി കാരണങ്ങളാലാണ് ഇന്‍ഡ്യന്‍ അവസ്ഥയിലെ ദാരിദ്ര്യം കൂടുതല്‍ രൂക്ഷമാകുന്നത് . ബീഹാറിലെ പാലമാവ് എന്ന ഗ്രാമത്തിലെ ഒരനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട് - ആയിരക്കണക്കിനു ഏക്കര്‍ ഭൂമി കയ്യില്‍ വെച്ചു കൊണ്ടിരിക്കുന്ന ഏതാനും ഭൂവുടമകളും അതില്‍ വളരെ തുച്ഛമായ കടസംഖ്യ തിരിച്ചടക്കാനാകാതെ അടിമകളെ പോലെ പണിയെടുക്കുന്ന ഭൂ രഹിത കര്‍ഷകരുമാണ് ആ ഗ്രാമത്തിന്റെ പ്രത്യേകത . ഇത്തരത്തില്‍ വര്‍ഷങ്ങളായി അടിമ വേല ചെയ്തു കൊണ്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ ഋണ ബാധ്യത കേവലം അഞ്ചു രൂപയാണ് - നിങ്ങളൊന്നു ഞെട്ടിയോ അഞ്ചു രൂപക്കു വേണ്ടി അടിമപ്പണി ചെയ്യുന്ന ഒരു കുടുംബമോ ? ഇതസംഭവ്യമാണ് എന്നു നമ്മള്‍ വാദിക്കാന്‍ ശ്രമിക്കും പക്ഷെ നമ്മള്‍ ഒരു പത്ര പ്രവര്‍ത്തകന്റെ അര്‍പ്പണ ബോധത്തോടെയുള്ള നീണ്ട ഗവേഷണത്തിന്റെ സത്യ സന്ധതയ്ക്കു മുമ്പില്‍ പരാജയപ്പെടും - ഇതെല്ലാം വിദൂരസ്ഥമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ അവസ്ഥയല്ലെ എന്നു നമ്മള്‍ സമാശ്വസിക്കുമ്പോള്‍ തന്നെ വയനാട്ടിലെ കഥയും പി സായ്നാഥ് എഴുതിയിട്ടുണ്ട് - വയനാട്ടിലെ ആദിവാസികള്‍ വിശപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ കാടിനു പുറത്തുള്ള ഗ്രാമങ്ങളില്‍ പണിയന്വേഷിച്ചു പോകാറുണ്ട് - ഇങ്ങനെയുള്ള തൊഴിലാളികള്‍ പകലന്തി വരെ പണിയെടുത്താലും പത്തോ പതിനഞ്ചോ രൂപ മാത്രമേ കൂലിയായി കൊടുക്കാറുള്ളൂ , അവരുടെ സാഹചര്യങ്ങളില്‍ രൂപയുടെ മൂല്യം അവര്‍ക്കറിയില്ല - അപ്പോള്‍ അഞ്ചോ പത്തോ രൂപയും ഒരു ധനമാണ് .ഇത് നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കഥയല്ല സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കഥയാണ് . നമ്മളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അവിശ്വസനീയമായ കഥകളായി മാറുന്നതു അത്തരം സാഹചര്യങ്ങളെ നാം പരിചയിച്ച സാഹചര്യങ്ങളിലൊന്നും കണ്ടിട്ടില്ല എന്നതു കൊണ്ടാണ് . അതായത് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത് പ്രതിശീര്‍ഷ വരുമാനം വര്‍ഷാ വര്‍ഷം പുരോഗമിക്കുന്ന , വളര്‍ച്ചാ നിരക്കു കൂടിയ ഒരു രാജ്യത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് .

ദാരിദ്ര്യത്തെക്കുറിച്ചും അത്തരം കാര്യത്തെക്കുറിച്ചും സംസാരിക്കുന്നത് വളരെ ഹീനമായ എന്തോ കൃത്യമായാണ് മധ്യവര്‍ഗ്ഗക്കാരും ഉപരിവര്‍ഗ്ഗക്കാരുമായ ഇന്‍ഡ്യക്കാര്‍ കരുതുന്നത് , അത് അവന്റെ രാജ്യത്തെക്കുറിച്ചുള്ള അഭിമാന ബോധത്തെ വൃണപ്പെടുത്തുന്നുണ്ടാവണം , ദേശസ്നേഹത്തെയും ദേശ മഹത്വത്തിന്റെ ഉദ്ഘോഷണത്തെയുമെല്ലാം പരിഹസിക്കുന്നുണ്ടാകണം . ശശി തരൂരിന്റെ “സ്വാതന്ത്ര്യം :അര്‍ദ്ധ രാത്രി മുതല്‍ അര നൂറ്റാണ്ട് വരെ “ എന്ന കൃതിയില്‍ അദ്ദേഹം ഇന്‍ഡ്യയെ “ മോശക്കാരാക്കുന്ന “ ഇത്തരം പ്രവണതകള്‍ക്കെതിരെ ആത്മരോഷം മുഴക്കുന്നുണ്ട് .ഡാനി ബോയിലിന്റെ - സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തെക്കുറിച്ചു വിദേശ ഇന്‍ഡ്യക്കാരിലും ഇന്‍ഡ്യന്‍ സമ്പന്നരിലും വ്യാപകമായി ഉയര്‍ന്ന ആരോപണമായിരുന്നു ഇന്‍ഡ്യയെ “ചെരുപ്പുകുത്തികളുടെയും ചേരികളുടെയും” നാടാക്കി ചിത്രീകരിച്ചുവെന്നത് .അതു വരെ ബോളിവുഡില്‍ നിന്നു പുറത്തു പോയിരുന്ന ചിത്രങ്ങള്‍ മധ്യവര്‍ഗ്ഗ - ഉപരി വര്‍ഗ്ഗ ഇന്‍ഡ്യക്കാരനെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവകളുമടങ്ങിയതായിരുന്നല്ലോ - കൊട്ടാര സദൃശമായ വീടുകള്‍ , സുന്ദരീ - സുന്ദരന്മാരും ധനികരുമാ‍യ കഥാപാത്രങ്ങള്‍ , എങ്ങും സ മൃദ്ധിയുടെ അടയാളങ്ങള്‍ - അങ്ങനെ പാശ്ചാത്യര്‍ക്കു മുമ്പില്‍ ഞെളിഞ്ഞു നിന്നിരുന്നവര്‍ ചേരികളും അഴുക്കും കണ്ടു ബോധരഹിതരായിരുന്നില്ലന്നെ ഉള്ളൂ . അന്താ‍രാഷ്ട്ര സമ്മേളനങ്ങളിലും കായിക മത്സരങ്ങളുടെ തയ്യാറെടുപ്പിലും ചേരികളെ ഒളിച്ചു വെക്കാനും സൌന്ദര്യവല്‍ക്കരണത്തിനും കുറെ കോടികള്‍ ചിലവാക്കുന്നത് ഈ വ്യാജ അഭിമാന ബോധത്തിനു വേണ്ടിയാണ് . ദരിദ്രരെ ഒളിപ്പിച്ചു വെച്ചാല്‍ മാത്രമേ രാജ്യത്തിന്റെ സ മൃദ്ധി കൈ വരുവെന്നുവുള്ള രൂഡമൂലമായ വിശ്വാസം എല്ലാകാലത്തുമുണ്ടായിരിക്കണം .സഞ്ചയ് ഗാന്ധിയുടെ ഏകാധിപത്യ കാലത്തെ ഏറ്റവും വികസന പദ്ധതി ബലം പ്രയോഗിച്ചുള്ള ചേരീ നിര്‍മ്മാര്‍ജ്ജനവും ദരിദ്രരുടെ നിര്‍ബന്ധിത വന്ധ്യം കരണവുമായിരുന്നു . ദാരിദ്ര്യം ഇല്ലാതാക്കാനല്ല ദരിദ്രരെ ഇല്ലായ്മ ചെയ്യുകയാണ് ഏറ്റവും ലളിതമായ പോം വഴിയെന്നു അധികൃതര്‍ക്കറിയാം .

ശ്രദ്ധേയമായ വസ്തുത ഇത്തരം കാര്യങ്ങളെക്കുറിച്ചു അധികം ഗഹനമായ പഠനങ്ങളോ അന്വേഷണങ്ങളോ നടക്കുന്നില്ല എന്നതാണ് .ഖനനത്തിനും അണക്കെട്ടൂ നിര്‍മ്മാണത്തിനും വേണ്ടി ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്ന , അഭയാര്‍ത്ഥികളാകുന്ന ലക്ഷക്കണക്കിന് ഒരു പക്ഷെ കോടിക്കണക്കിന് ജനങ്ങളെക്കുറിച്ചു യാതൊരു സ്ഥിതിവിവരക്കണക്കുകളും ലഭ്യമല്ല എന്നതാണ് വസ്തുത .ഇവരൊക്കെ എവിടെ പോകുന്നു ? എങ്ങനെ ജീവിക്കുന്നു ? റേഷന്‍ കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്ത ആദിവാസികളും ദളിതരുമായ ഇത്തരം ആളുകളെ കുറിച്ചുള്ള കണക്കുകള്‍ തയ്യാറാക്കുക ശ്രമകരമാണ് എന്നതു മാത്രമല്ല കാരണം ഇത്തരം കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഗവണ്മെന്റ് അതിനെല്ലാം ഉത്തരം പറയേണ്ടി വരുന്നു അതിനാല്‍ തന്നെ ഉപരിപ്ലവമായ ചില കണക്കുകള്‍ കൊണ്ട് ഗവണ്മെന്റ് സംതൃപ്തരാണ് . പി സായ്നാഥോ അരുന്ധതീ റോയിയെ കാഞ്ച ഐലയ്യയോ ഒക്കെ ഇത്തരം ചില അവസ്ഥകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതെല്ലാം യക്ഷിക്കഥകളെക്കാള്‍ അസംഭവ്യമാണ് എന്ന നിലയിലാണ് നാം അതിനെ സമീപിക്കുക , കാരണം നമ്മള്‍ വളര്‍ച്ചാ നിരക്കു കൂടിയ , പ്രതിശീര്‍ഷ വരുമാനം മികച്ച നിലയിലുള്ള ഒരു വന്‍ സാമ്പത്തിക ശക്തിയാണ് , അതല്ലാത്ത അറിവുകളൊക്കെ ദേശസ്നേഹത്തിനു വിരുദ്ധവും ആകുന്നു .ഉപദംശം .

രൂപയുടെ മൂല്യത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് വീരപ്പെന്റെ ഒരു കഥ ഓര്‍മ്മ വരുന്നത് - വീരപ്പനു രൂപയുടെ സംഖ്യാശാസ്ത്രമൊന്നും വലിയ പിടിയുണ്ടായിരുന്നില്ലത്രെ , ചന്ദനവും ആനക്കൊമ്പുമെല്ലാം വളരെ നിസ്സാര വിലക്കു - വലിയ വിലയാണ് നല്‍കുന്നതെന്നു തെറ്റിദ്ധരിപ്പിച്ച് - ഇടനിലക്കാര്‍ തരപ്പെടുത്തിയിരുന്നു . കന്നട നടന്‍ രാജ് കുമാറിനെ ബന്ധിയാക്കിയതിനു ശേഷം മോചന ദ്രവ്യം ആദ്യം ആവശ്യപ്പെട്ടത് 500 കോടിയോ മറ്റോ ആയിരുന്നെങ്കിലും - അതില്‍ നിന്നു വ്യത്യസ്ഥമായി ഒരു ചെറിയ തുകയാണ് അവസാന ഒത്തുത്തീര്‍പ്പില്‍ കൈമാറിയത് - സത്യത്തില്‍ വീരപ്പനു ആദ്യം ആവശ്യപ്പെട്ട തുകയുടെയോ ലഭിച്ച പണത്തിന്റെ മൂല്യത്തെക്കുറിച്ചു അറിയില്ലായിരുന്നത്രെ - അതു തന്നെയായിരുന്നു ഇടനിലക്കാര്‍ മുതലെടുത്തതും . അപ്പോള്‍ ധനമല്ല അതിന്റെ മൂല്യമാണ് പ്രശ്നം :) .


Ref : നല്ലൊരു വരളച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു [-Every body Loves a Good Drought ] - പി സായ്നാഥ്
ഭാവനയുടെ അന്ത്യം - അരുന്ധതി റോയ് ,
സ്വാതന്ത്ര്യം :അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട് വരെ - ശശി തരൂര്‍ .

Saturday, 17 March 2012

കഹാനി - വിസ്മയിപ്പിക്കുന്ന കഥ

ഏഴു പാട്ടും പിന്നെ രണ്ടു ഐറ്റം ഡാന്‍സും പിന്നെ ഒരു അലന്ന പ്രേമവും അതിനെ ചുറ്റിപ്പറ്റിയുള്ള മെലോഡ്രാമാ ക്ലൈമാക്സും ഫോര്‍മുലയാക്കി വെച്ചിരിക്കുന്ന ബോളീവുഡില്‍ പേരിനു പോലും ഒരു നായകനില്ലാതെ , വിദേശ ലൊക്കേഷനുകളില്ലാതെ , പ്രേമമില്ലാതെ , ഐറ്റം ഡാന്‍സില്ലാതെ എന്തിനു ഒരു പാട്ടു പോലുമില്ലാതെ , ഗ്ലാമര്‍ പ്രദര്‍ശനങ്ങളൊന്നുമില്ലാതെ മുഴുനീള ഗര്‍ഭിണിയായി മാത്രം ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒരു നായികയുമായി ഒരു ഹിന്ദി സിനിമ ബോക്സോഫീസില്‍ വിജയം നേടുമ്പോള്‍ അതൊരല്‍ഭുതം തന്നെയാണ് . പക്ഷെ സിനിമ കണ്ടു കഴിയുമ്പോള്‍ ആ അല്‍ഭുതം ഇല്ലാതെയാവും കാരണം ഇങ്ങനൊരു വിജയം ആ സിനിമ അര്‍ഹിക്കുന്നതു തന്നെയാണ് .ഒരു ഷെര്‍ലക്ക് ഹോംസ് കഥ പോലെ സിനിമയുടെ ആദ്യ കാഴ്ച മുതല്‍ കാണികളുടെ ഉള്ളില്‍ ഓരോ നിമിഷവും നിറയുന്ന ആകാംക്ഷയും ഉല്‍ക്കണ്ഠയും അവസാന കാഴ്ച വരെ നില നിര്‍ത്തിക്കൊണ്ട് ത്രസിപ്പിക്കുന്ന ഒരനുഭവമായിരുന്നു കഹാനി .ഇന്‍ഡ്യന്‍ സിനിമയില്‍ സമീപ കാലത്തിറങ്ങിയ ഏറ്റവും നല്ല ത്രില്ലര്‍ എന്നു പറയാവുന്ന സിനിമയാണ് .

ഏഴു മാസം ഗര്‍ഭിണിയായ , നിസ്സഹായയും നിരാലംബയുമായ വിദ്യാ ബാഗ്ച്ചി [വിദ്യാ ബാലന്‍ ] ഭര്‍ത്താവായ അര്‍ണാബ് ബാഗ്ചിയെ തേടിയാണ് ലണ്ടനില്‍ നിന്നും കല്‍ക്കത്തയിലേക്കു വരുന്നത് .അവളുടെ ജീവിതത്തിന്റെ ഒരേ ഒരു ലക്ഷ്യം നഷ്ടപ്പെട്ടു പോയ ഭര്‍ത്താവിനെ , ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തുക എന്നതു മാത്രമാണ് .വിദ്യ ബാഗ്ച്ചിക്കു കൊല്‍ക്കത്താ നഗരം അപരിചിതമാണ് , ഭര്‍ത്താവ് പലപ്പോഴായി നല്‍കിയ സൂചനകളും വിവരണങ്ങളും അവളുടെ അന്വേഷണം എത്തിക്കുന്നത് കൊല്‍ക്കത്തയുടെ പ്രതാപങ്ങളില്‍ നിന്നും നൈരാശ്യം ബാധിച്ച വൃത്തികെട്ട തെരുവുകളിലേക്കും മൂന്നാം കിട ഹോട്ടലുകളിലും ആണ് . വിദ്യയുടെ നിസഹായതയില്‍ അനുതാപം തോന്നി ലോക്കല്‍ പോലീസ് സ്റ്റേഷനിലെ റാണ എന്ന പോലീസുകാരന്‍ അവളെ സഹായിക്കാന്‍ തയ്യാറാകുന്നു .

ഇരുണ്ട തെരുവുകളിലും അപരിചിതമായ ഇടങ്ങളിലും ഭര്‍ത്താവിന്റെ തിരോധാനത്തെക്കുറിച്ചു അന്വേഷണവുമായി ഇറങ്ങിത്തിരിക്കുന്ന ഭാര്യ ഷെര്‍ലക്ക് ഹോംസ് സീരീസിലെ പ്രശസ്തമായ The man with twisted lips കഥയെ ഓര്‍മ്മിപ്പിക്കും . സ്നേഹ സമ്പന്നനും കുലീനനുമായ തന്റെ ഭര്‍ത്താവ് തെരുവു ഗുണ്ടകളും ഭിക്ഷക്കാരും മാത്രമുള്ള ഒരു ഇരുണ്ട തെരുവില്‍ വെച്ച് അവിചാരിതമായി നഷ്ടപ്പെട്ടു പോകുമ്പോള്‍ പതറിപ്പോകുന്ന ഭാര്യ , ആ തെരുവിലെ ഗുണ്ടകള്‍ തന്റെ ഭര്‍ത്താവിനെ അപായപ്പെടുത്തിയതാണ് എന്നു വിശ്വസിക്കുന്നു പക്ഷെ യഥാര്‍ത്ഥത്തില്‍ ഭാര്യ അറിഞ്ഞാല്‍ നാണക്കേടുണ്ടാകുന്ന ഒരു തൊഴില്‍ ചെയ്യാനായി മറ്റൊരു രൂപവും പേരും സ്വീകരിച്ചിരിക്കുകയായിരുന്നു , ആ ഒരു അവസ്ഥയില്‍ നിന്നു പെട്ടെന്നു അയാള്‍ക്കു പെട്ടെന്നു തിരിച്ചു വരാനാകുന്നില്ല എന്നതാണ് The man with twisted lips ന്റെ കഥാ പശ്ചാത്തലം .ബെംഗാളികള്‍ക്കെല്ലാം രണ്ടു പേരുണ്ടാകുമെന്ന് പോലീസുകാരനും വഴിയില്‍ വെച്ചു കാണുന്ന കുട്ടിയും അവളൊട് പറയുമ്പോള്‍ ഭര്‍ത്താവിനു അത്തരമൊരു ദ്വന്ത ജീവിതമുണ്ടായിരിക്കുമോ എന്നവള്‍ ആശങ്കപ്പെട്ടിരിക്കാം .

ഭര്‍ത്താവ് പറഞ്ഞ വിവരങ്ങള്‍ വെച്ചു കൊണ്ടു അന്വേഷണം ആരംഭിക്കുന്ന വിദ്യാ , അര്‍ണാബ് താമസിച്ചിരുന്ന ഹോട്ടല്‍ , കുടുംബ വീട് , അയാള്‍ ജോലി ചെയ്തിരുന്ന നാഷണല്‍ ഡാറ്റാ സെന്റര്‍ ഇവിടെയൊന്നും അര്‍ണാബ് ബാഗ്ചിയുടെ യാതൊരു വിധ ശേഷിപ്പുകളും ഇല്ലാത്ത വിധം അജ്ഞാതമാണ് എന്നറിയുമ്പോള്‍ വിദ്യയുടെ അന്വേഷണം കൂടുതല്‍ ദുരൂഹമാകുന്നു .ഈ അന്വേഷണത്തിനിടയില്‍ അര്‍ണാബ് ബാഗ്ച്ചി വര്‍ക്കു ചെയ്തിരുന്നതായി പറയപ്പെടുന്ന നാഷണല്‍ ഡാറ്റാ സെന്ററിലെ HR Manager ആഗ്നസ് സഹായിക്കാമെന്നേല്‍ക്കുന്നു .അവരുടെ ഓര്‍മ്മയിലും റെക്കോഡിലും അര്‍ണാബ് ബാഗ്ച്ചി എന്നൊരാളെ ഒരു രേഖകളുമില്ല പക്ഷെ വിദ്യാ ബാഗ്ചി നല്‍കിയ വിവാഹ ഫോട്ടോയിലെ അര്‍ണാബിന്റെ രൂപം അവരോര്‍മ്മിക്കുന്നുണ്ട് അത് നാഷണല്‍ ഡാറ്റാ സെന്ററിലെ ഒരു പൂര്‍വ്വ ഉദ്യോഗസ്ഥനായ മിലന്‍ ധാമ്ജി എന്നയാളുമായി സാമ്യം പുലര്‍ത്തുന്നതായിരുന്നു പക്ഷെ മിലന്‍ ധാംജിയുടെ വിവരങ്ങള്‍ ആഗ്നസ്സിനു ലഭ്യമല്ലാത്ത വിധം പ്രൊട്ടക്റ്റ് ചെയ്തിരുന്നു . പിന്നീട് മിലന്‍ ധാംജിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാമെന്നു വാഗ്ദാനം ചെയ്ത ആഗ്നസ്സ് ഒരു വാടക കൊലയാളിയാല്‍ കൊല്ലപ്പെടുന്നു . അര്‍ണാബ് ബാഗ്ചിയുമായി രൂപ സാദൃശ്യമുള്ള മിലന്‍ ധാംജി എന്ന ഈ അജ്ഞാതനു പിന്നില്‍ എന്തൊക്കെയോ രഹസ്യങ്ങളുണ്ട് , അയാളെക്കുറിച്ചുള്ള അന്വേഷണം പോലും അപകടകരമായ ശ്രമമാണ് അത്തരം ശ്രമം പോലും ജീവനു ഭീഷണിയാണ് .

ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രമായ മിലന്‍ ധാംജിയുമായുള്ള രൂപ സാദൃശ്യം അര്‍ണാബിനെ എന്തെങ്കിലും കുഴപ്പത്തില്‍ പെടുത്തിയിരിക്കുമോ അല്ലെങ്കില്‍ അര്‍ണാബും മിലനും ഒരാള്‍ തന്നെയാകുമോ എന്നുള്ള സംശയങ്ങള്‍ വിദ്യയുടെ നിസ്സഹായതയെ കൂടുതല്‍ ആശയ ക്കുഴപ്പത്തിലാക്കുന്നു . എന്തായാലും വിദ്യക്കു ഒരു കാര്യം ബോധ്യമാകുന്നു മിലന്‍ ധാംജി എന്ന അപരിചിതനിലൂടെ ടെ മാത്രമേ അര്‍ണാബിനെ കണ്ടെത്താനാകൂ , അന്വേഷണം അര്‍ണാബില്‍ നിന്നു മിലന്‍ ധാംജിയിലേക്കു തിരിയുമ്പോള്‍ വിദ്യയുടെ അന്വേഷണത്തെ സഹായിക്കാന്‍ തയ്യാറാകുന്നവരെല്ലാം ദുരൂഹമാം വിധം കൊല്ലപ്പെടുന്നു ആ അന്വേഷണം വിദ്യയുടെ ജീവനു പോലും ഭീഷണിയാകുന്നു. മിലന്‍ ധാംജിയിലേക്കുള്ള അന്വേഷണം എന്തോ നിഗൂഡമായ കാരണം കൊണ്ടു ഉന്നതങ്ങളിലുള്ള ആരെയൊക്കെയോ അലോസരപ്പെടുത്തുന്നുണ്ട് , ആ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നുണ്ട് - പോലീസ് അധികൃതര്‍ പോലും വിദ്യുയെ പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നത് . പക്ഷെ തന്റെ ഇച്ഛാശക്തിയും ആത്മധൈര്യവും അതിലുപരി ഭര്‍ത്താവിനോടുള്ള സ്നേഹവും കൊണ്ട് പ്രതിബന്ധങ്ങളെയും ഭീഷണികളെയും മറികടന്നു അന്വേഷണം തുടരാന്‍ തന്നെ വിദ്യ തീരുമാനിക്കുന്നു .

വിദ്യയെ സഹായിക്കാനായി ഒപ്പം കൂടുന്ന റാണ എന്ന പോലീസുകാരന്‍ മിലന്‍ ധാംജിയെ അന്വേഷിക്കുന്ന ഒരു പോലീസ് സംഘത്തിലെ അംഗമാണ് എന്നു അന്വേഷണത്തിന്റെ ഒരു ഘട്ടത്തീല്‍ വെച്ചു വിദ്യ മനസ്സിലാക്കുന്നു , അവരുടെ അന്വേഷണത്തിനു വേണ്ടി വിദ്യയെ കരുവാക്കുകയായിരുന്നു എന്ന അറിവ് അവളെ തളര്‍ത്തുന്നു .ഗര്‍ഭിണിയായ ഒരു സ്ത്രീയെ ശത്രുക്കള്‍ അത്ര കാര്യമായെടുക്കില്ല എന്നതു കൊണ്ടാണ് പോലീസ് സംഘം വിദ്യയെ മിലന്‍ ധാംജിയെ തേടിയുള്ള അന്വേഷണത്തില്‍ മറയാക്കുന്നത് .നീണ്ട അന്വേഷണത്തിനൊടുവില്‍ മിലന്‍ ധാംജിയെ അവള്‍ കണ്ടെത്തുന്നു . ഉന്നതര്‍ക്കെതിരെ അവളുടെ കയ്യിലുള്ള രേഖകള്‍ കൈമാറിയാല്‍ അവളുടെ ഭര്‍ത്താവിനെ തിരിച്ചു തരാമെന്ന ഉറപ്പില്‍ മിലന്‍ ധാംജിയുമായി ഒരു കൂടിക്കാഴ്ചക്കു തയ്യാറാവുന്നു . മിലന്‍ ധാംജി വിദ്യയെ കാണുന്നതു വിദ്യയുടെ ജീവന്‍ അപകടത്തിലാകും അതറിഞ്ഞ് കൊണ്ടു തന്നെയാണ് പോലീസ് അത്തരമൊരു കൂടിക്കാഴ്ചക്കു സമ്മതിക്കുന്നതും കാരണം വിദ്യയുടെ ജീവനെക്കാള്‍ അവര്‍ക്കു പ്രധാനം മിലന്‍ ധാംജിയെ പിടികൂടുക എന്നതാണ് .അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലെത്തി നില്‍ക്കുന്ന ആകാംക്ഷയുടെ മൂര്‍ദ്ധന്യത്തില്‍ മറ്റു ചില കാര്യങ്ങള്‍ അപ്രതീക്ഷിതമായി സംഭവിക്കുന്നു .


ക്ലൈമാക്സ് .

O .Henry കഥകളിലെ പോലെ വിസ്മയിപ്പിക്കുന്ന ഒരു കഥാന്ത്യം അതു വരെ നില നിര്‍ത്തുന്ന ആകാംക്ഷയോട് നീതി പുലര്‍ത്തുന്നുണ്ട് . നമ്മളിതു വരെ കണ്ടതെല്ലാം വെറും “കഹാനി [കഥ] മാത്രമായിരുന്നെന്നും നമ്മള്‍ കണ്ടതല്ല യഥാര്‍ത്ഥ കഥയെന്നും നമുക്കു മനസ്സിലാകുന്നു . സിനിമയില്‍ നിന്നു വേറിട്ടു ഇതിന്റെ പരിണാമ ഗുപ്തിയെപ്പറ്റി ഊഹിക്കുമ്പോള്‍ കിട്ടിയേക്കാവുന്ന നിരവധി സാധ്യതകളില്‍ ഒരു പക്ഷെ ഈ സസ്പെന്‍സും ഉണ്ടായേക്കാം പക്ഷെ സിനിമ കണ്ടു കൊണ്ടിരിക്കുമ്പോള്‍ ഒരിക്കല്‍ പോലും സിനിമയില്‍ നിന്നു വേറിട്ടു ചിന്തിക്കാന്‍ ഒരു നിമിഷം പോലും നമുക്കു തരാതെ അടുത്ത നിമിഷമെന്തു സംഭവിക്കുന്ന ആകാംക്ഷയുടെ തീവ്രതയില്‍ നിര്‍ത്താന്‍ സിനിമയ്ക്കായിട്ടുണ്ട് . അപ്രവചനതീതമായ ക്ലൈമാക്സ് തന്നെയാണ് സിനിമയുടെ സൌന്ദര്യം നില നിര്‍ത്തുന്നത് . സമാന്തരമായി ഒരു ഇസ്ലാമിക തീവ്രവാദവും പാക്കിസ്ഥാന്‍ ലിങ്കുമെല്ലാം കുത്തിക്കയറ്റി രാജ്യസ്നേഹത്തിന്റെ മൂന്നാലു ഡയലോഗും കുത്തിക്കയറ്റാന്‍ വളരെയധികം സ്കോപ്പൂള്ള ഒരു പ്രമേയമായിരുന്നിട്ടൂം ആ വക ഊടായ്പ്പൊന്നുമുണ്ടായില്ല . ഗവണ്മെന്റ് നടത്തുന്ന രഹസ്യാന്വേഷണ പ്രൊജക്റ്റുകളില്‍ സംഭവിക്കാനിടയുള്ള പാളിച്ചകളെ പറ്റി അത്ര വിശദമല്ലെങ്കിലും സൂചിപ്പിക്കുന്നുണ്ട് .


അനുബന്ധം .

ഒരു നായികാ കേന്ദ്രീകൃത സിനിമ എന്ന നിലയ്ക്കു ഇതു പൂര്‍ണ്ണമായും വിദ്യാ ബാലന്റെ മാത്രം സിനിമയാണ് ,അമിതാഭിനയത്തിലേക്കും വൈകാരികപ്രകടനത്തിലേക്കും വഴുതി വീഴാവുന്ന ഒരു കഥാപാത്രമായിട്ടു പോലും കയ്യടക്കത്തോടെ , മിതത്വം പാലിച്ച് കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ നില നിര്‍ത്തിക്കൊണ്ടു അഭിനയിച്ചു . സിനിമയുടെ 90 ശതമാനത്തിലേറെയും സമയം വിദ്യാബാലന്റെ കഥാപാത്രം തന്നെയാണ് , അതും ഗ്ലാമര്‍ പ്രദര്‍ശനമില്ലാതെ , പൂര്‍ണ്ണ ഗര്‍ഭിണിയായി ഉള്ള പരിമിതികളെയെല്ലാം വിദ്യാ ബാഗ്ച്ചിയായി വിദ്യാ ബാലന്‍ അസാമാന്യമായി പെര്‍ഫോം ചെയ്തിരിക്കുന്നു , ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ ആലസ്യത്തിലും വിദ്യക്കു വശ്യമായ സൌന്ദര്യം തോന്നിച്ചു :) . ഡേര്‍ട്ടി പിക്ചര്‍ കണ്ടിട്ടില്ല എങ്കിലും ദേശീയ അവാര്‍ഡ് അര്‍ഹിക്കുന്ന ഒരു അഭിനേത്രി തന്നെയാണ് വിദ്യ , അടുത്ത കൊല്ലവും ദേശീയ അവാര്‍ഡിന്റെ പരിഗണനാ ലിസ്റ്റില്‍ ഈ സിനിമയിലെ അഭിനയം കൊണ്ടു വിദ്യ ഉണ്ടാകുമെന്നുറപ്പാണ് . വിദ്യാ ബാലന്‍ ഒഴികെ ബാക്കിയുള്ള അഭിനേതാക്കളാരും തന്നെ ബോളിവുഡിനു പരിചിത മുഖങ്ങളല്ല എന്നിട്ടും സിനിമയുടെ ഓരോ സീനും ശ്രദ്ധയോടെ കാണാന്‍ പ്രേരിപ്പിക്കുന്നത് തിരക്കഥയുടെ , സംവിധാനത്തിന്റെ മികവ് തന്നെയാണ് പിഴവുകളില്ലാത്ത തിരക്കഥ , നല്ല സംവിധാനം സുജോയ് ഘോഷിനു മുഴുവന്‍ മാര്‍ക്കും കൊടുക്കാം .അമിതാബ് ബച്ചനാണ് നരേഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് അത് കൂടാതെ ഒരു ബെംഗാളി പാട്ടും പാടിയിട്ടുണ്ട് ,മറ്റു പാട്ടുകള്‍ ഒന്നുമില്ല .ബോളിവുഡില്‍ കൊല്‍ക്കത്ത പശ്ചാത്തലമായ സിനിമകള്‍ കുറവാണ് സുജോയ് ഘോഷ് ബംഗാളിയായതിനാലാവാം കൊല്‍ക്കത്തയെ തന്നെ തിരഞ്ഞെടുത്തത് .ബെംഗാളികളുടെ സ്വാഭാവിക സംസാര രീതികള്‍ കഥയുടെ മൊത്തം ഒഴുക്കിനൊപ്പം ഒരു ലാളിത്യമുള്ള നര്‍മ്മമായി തോന്നിച്ചു .

Tuesday, 13 March 2012

അഭിമാനിക്കൂ ഈ നേട്ടത്തില്‍ .

നമ്മുടെ രാജ്യത്തെ ഒരു നേതാവ് ലോകത്തു ശ്രദ്ധിക്കപ്പെടുമ്പോള്‍ , മറ്റു ലോക നേതാക്കളെക്കാള്‍ മുന്നിലാകുമ്പോള്‍ നമ്മള്‍ ന്യായമായും ആനന്ദത്തിലാറാടേണ്ടതാണ് , അതു ആഘോഷിക്കേണ്ടതുമാണ്. പക്ഷെ ബിസിനസ്സ് ഇന്‍സൈഡര്‍ എന്ന മാസികയില്‍ നമ്മുടെ സ്വന്തം സോണിയാ ഗാന്ധി ലോകത്തെ ഏറ്റവും സമ്പന്നരായ രാഷ്ട്രീയ നേതാക്കളില്‍ നാലാം സ്ഥാനത്തുണ്ടെന്നറിഞ്ഞിട്ടും നമ്മളതില്‍ അഭിമാനിക്കുന്നില്ല എന്നല്ല അറിഞ്ഞ ഭാവം പോലും നടിക്കുന്നില്ല - എന്തൊരു ജനതയാണിത് ??? നന്ദികെട്ട വര്‍ഗ്ഗം .


അമേരിക്കന്‍ ബിസിനസ്സ് മാസികയായ Business Insider നടത്തിയ ഒരു അവലോകനത്തില്‍ ലോകത്തെ ഏറ്റവും സമ്പന്നരായ 23 രാഷ്ട്രീയ നേതാക്കളില്‍ നാലാം സ്ഥാനവുമായി ഇന്‍ഡ്യക്കാരുടെ അഭിമാനമായ സോണിയാ ഗാന്ധിയുണ്ട് . യു എ ഇ പ്രസിഡണ്ടും സുല്‍ത്താനുമായ ഖലിഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒക്കെ സമ്പത്തിന്റെ കാര്യത്തില്‍ നമ്മുടെ സോണിയാജിയെക്കാളും താഴെയാണ് എന്നറിയുമ്പോഴാണ് സുല്‍ത്താന്റെ ഒക്കെ ഒരു ദാരിദ്ര്യം നമുക്കു മനസ്സിലാകുന്നത് .ദുബായി ഭരണാധികാരിയെയും റഷ്യന്‍ പ്രസിഡണ്ടിനെയും അമേരിക്കയിലെ സെനറ്റര്‍മാരെയും ഒക്കെ പിന്തള്ളിയാണ് ലളിത ജീവിതം നയിക്കുന്ന ഈ ജനകീയ നേതാവ് അഭിമാനാര്‍ഹമായ നേട്ടം നേടിയതെന്നോര്‍ക്കുമ്പോള്‍ അന്തരംഗം വീണ്ടും വീണ്ടും അഭിമാനം കൊണ്ടു കുളിരു കോരുന്നു . ദുബായി സുല്‍ത്താനൊക്കെ സമ്പത്തിന്റെ കാര്യത്തില്‍ 14 ആം സ്ഥാനത്താണ് , ഇനിഏതെങ്കിലും അറബി എന്റെ അടുത്തു അഹങ്കാരം കാണിച്ചാല്‍ പറയാല്ലോ ഞങ്ങടെ ഒരു പാര്‍ട്ടി അധ്യക്ഷക്കു പോലും നിന്റെ ഒക്കെ സുല്‍ത്താനെക്കാള്‍ കാശുണ്ടെന്ന് .

ചിലര്‍ ഈ നേട്ടത്തെ ചെറുതാക്കി കാണിക്കാനായി ലളിത ജീവിതം നയിക്കുന്ന ഒരു ഇന്‍ഡ്യന്‍ നേതാവിനെ അപമാനിക്കാന്‍ മനപ്പൂര്‍വ്വം അമേരിക്ക നടത്തിയ ഒരു ഇടപെടലാണ് , ഗൂഡാലോചനായാണ് . സോണിയാ ഗാന്ധി ദാലും ചപ്പാത്തിയും മാത്രം ഭുജിക്കുന്ന ഒരു പാവപ്പെട്ട നേതാവാണ് , മകനാണെങ്കിലോ മണ്ണു ചുമന്നും കുടിലുകളില്‍ അന്തിയുറങ്ങിയും പൊറോട്ടയും കട്ടന്‍ ചായയും കുടിച്ചു കഴിയുന്ന അതിലും പാവപ്പെട്ടവന്‍ ഇങ്ങനെയൊക്കെ പറയുന്നുണ്ട് . വിനയം കൊണ്ടായിരിക്കണം സോണിയാജിക്കും ഇത്തരം കാര്യങ്ങള്‍ ആളുകളെ അറിയിക്കുന്നതിലൊന്നും താല്പര്യമില്ല , എന്തിനു കഴിഞ്ഞ വര്‍ഷത്തെ ഇന്കം ടാക്സ് ഡീറ്റെയിത്സ് പോലും ആരും അറിയുന്നത് ആയമ്മക്കു ഇഷ്ടമല്ല . 2005 ലെ ഇന്‍ഡ്യന്‍ RTI Act പ്രകാരം ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ കൊടുത്ത അപേക്ഷയിന്മേലാണ് “സുരക്ഷാ കാരണങ്ങളാല്‍ “ തന്റെ സ്വത്തു വിവരം വെളിപ്പെടുത്താനാകില്ലെന്ന് സോണിയാ ഗാന്ധി കട്ടായം പറഞ്ഞത് .ഈ സുരക്ഷാ കാരണങ്ങളെന്നു വെച്ചാല്‍ തന്റെ സ്വത്തു വിവരം അറിഞ്ഞാല്‍ ഏതെങ്കിലും കള്ളന്‍ വന്നു അതെല്ലാം തട്ടിയെടുക്കുമെന്നുള്ള ആശങ്ക കൊണ്ടായിരിക്കണം . നമ്മുടെ കെ ജി ബാലകൃഷ്ണനദ്ദേഹം വിയോജിപ്പു രേഖപ്പെടുത്തിയതൊഴിച്ചാല്‍ സുപ്രീം കോടതി ജഡ്ജി പോലും വിവരാവകാശ നിയമം അനുസരിക്കണമെന്നതാണ് നിയമം , പക്ഷെ കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രസിഡണ്ടിനു ഇതൊന്നും ബാധകമല്ല .

പഴയ ചില വാര്‍ത്തകള്‍ .

സ്വിറ്റ്സര്‍ലാന്റിലെ ഏറ്റവും ജനപ്രീതിയുള്ള മാഗസിന്‍ ആണ് ,Schweizer Illustrierte നവംബര്‍ 1991 നവംബര്‍ 11 ആം തിയതിയില്‍ സ്വിസ്സ് ബാങ്കില്‍ അനധികൃത സമ്പാദ്യമുള്ള മൂന്നാം ലോക രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും 14 നേതാക്കന്മാരുടെ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു അതില്‍ 2.5 ബില്ല്യണ്‍ സമ്പാദ്യവുമായി ഒരു ഇന്‍ഡ്യന്‍ നേതാവിന്റെ പേരും ഉണ്ടായിരുന്നു , രാജീവ് ഗാന്ധി ആയിരുന്നു അത് .

സ്വിറ്റ്സര്‍ ലാന്റില്‍ മാത്രം പ്രചാരത്തിലുള്ള ഒരു മാഗസിനു ഭൂരിഭാഗം സ്വിറ്റ്സര്‍ലാന്റുകാര്‍ക്കും അറിയാത്ത ഒരു ഇന്‍ഡ്യന്‍ നേതാവിനെ അപകീര്‍ത്തിപ്പെടുത്തി ആ വിവാദത്തില്‍ പ്രചാരം കൂട്ടണമെന്നോ ജര്‍മ്മന്‍ ഭാഷയില്‍ മാത്രം അച്ചടിക്കുന്ന ആ മാഗസിന്‍ ഇന്‍ഡ്യയില്‍ ചിലവാക്കണമെന്നോ ഉള്ള ദുരുദ്ദേശം ഉണ്ടായിരുന്നിരിക്കില്ല എന്ന് മാത്രമല്ല രാജീവ് ഗാന്ധി കൊല്ലപ്പെട്ടിരിക്കുന്ന ദുഖകരമായ സാഹചര്യത്തില്‍ ഒരു വ്യാജ വാര്‍ത്ത ചമച്ച് പുലിവാല്‍ പിടിക്കാനും മാന്യതയുള്ള ഒരു മാധ്യമവും ആഗ്രഹിക്കുകയില്ല .യഥാര്‍ത്ഥത്തില്‍ ഒരു ബാങ്കില്‍ നിന്ന് വെളിപ്പെട്ട വസ്തുതകള്‍ അവര്‍ പ്രസിദ്ധീകരിക്കുക മാത്രമാണുണ്ടായത് .സ്വേച്ഛാധിപതികളായ ഇന്റോനേഷ്യന്‍ പ്രസിഡണ്ട് സുകാര്‍ണോയും സദ്ദാം ഹുസ്സൈനും അടക്കം വികസ്വര രാജ്യങ്ങളിലെ പത്തിലേറെ നേതാക്കന്മാരുടെ പട്ടികയില്‍ ഒരാളായി മാത്രമാണ് രാജീവ് ഗാന്ധിയുടെ സമ്പാദ്യത്തിന്റെ വാര്‍ത്തയും വന്നത് അതായത് രാജീവ് ഗാന്ധിയെ ഉന്നം വെച്ച് പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയൊന്നുമല്ല ഇത് .രാജീവ് ഗാന്ധി 1991 മെയ് മാസത്തില്‍ കൊല്ലപ്പെട്ട ശേഷം അദ്ദേഹത്തിന്റെ വിധവയിലേക്കും ഇളയ മകനിലേക്കും ഈ സമ്പത്ത് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നതായും മാഗസിനില്‍ പറയുന്നു . സോണിയാ ഗാന്ധിയോ ഉപജാപങ്ങളോ ഇത് വരെ ഈ വാര്‍ത്ത നിഷേധിക്കുകയോ അതിനെതിരെ എന്തെങ്കിലും നിയമ നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല .ഓഹരിക്കമ്പോളത്തിന്റെ നിക്ഷേപ സാധ്യതകളുടെ അടിസ്ഥാനത്തിലോ സ്വിസ്സ് ബാങ്കിലെ പലിശ നിരക്കിലോ കണക്ക് കൂട്ടിയാല്‍ 50000 കോടിക്കും 80000 കോടിക്കും മധ്യേയാണ് ഈ സമ്പത്തിന്റെ വര്‍ത്തമാനകാലമൂല്യം .

രാജീവ് ഗാന്ധിക്ക് എവിടെ നിന്നാണീ പണം ലഭിച്ചിട്ടുണ്ടാകുക എന്നതിലേക്കുള്ള അന്വെഷണമാണ് കൂടുതല്‍ അല്‍ഭുതപ്പെടുത്തുന്നത് . കാരണം ഈ 2.5 ബില്ല്യണ സ്വിസ്സ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് രാജീവ് ഗാന്ധി പ്രധാന മന്ത്രിയാകുന്നതിനും മുമ്പാണ് .അതായത് ബൊഫോഴ്സ് ഇടപാടിന്റെ ബാക്കി പത്രമല്ല ഇതെന്ന് .

“The State Within a State: The KGB in the Soviet Union” ഒരു ബെസ്റ്റ് സെല്ലര്‍ പുസ്തകമാണ് , Yevgenia Albats ആണ് ഈ കൃതി എഴുതിയിരിക്കുന്നത് . റഷ്യന്‍ ചാര സംഘടനയായ കെ ജി ബിക്ക്(Komitet gosudarstvennoy bezopasnosti or Committee for State Security). റഷ്യന്‍ ഗവണ്മെന്റിന്റെ മേലും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിലും ഉള്ള സ്വാധീനവും അതിന്റെ പ്രവര്‍ത്തന രീതികളെയും പരാമര്‍ശിച്ചുള്ള ഒരു കൃതിയാണ് .
റഷ്യന്‍ ഗവണ്മെന്റില്‍ വളരെയധികം സ്വാധീനമുള്ള , ഉന്നതാധികാര സമിതികളില്‍ അംഗമായിരുന്ന Dr. Yevgenia Albats, Ph.D[Harvard] ഒരു പ്രമുഖ പത്രപ്രവര്‍ത്തക കൂടിയാണ് . കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഗോര്‍ബച്ചേവിനെതിരെ നടന്ന ഒരു ആഭ്യന്തരനീക്കത്തില്‍ കെ ജി ബി ക്കുള്ള പങ്കിനെക്കുറിച്ച് റഷ്യന്‍ ഗവണ്മെന്റ് 1992 ല്‍ നിയോഗിച്ച ഒരു അന്വേഷണക്കമ്മീഷനില്‍ അംഗമായിരുന്നു യെവ്ജീനിയ .കെ ജി ബി യുടെ ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചു തെളിവെടുക്കാനും കെ ജി ബി യുടെ അതീവ രഹസ്യ രേഖകള്‍ പരിശോധിക്കാനും ഉള്ള അധികാരം ഈ കമ്മീഷനുണ്ടായിരുന്നു .ഇതിനെ ആസ്പദമാക്കിയാണ് അവര്‍ ഈ കൃതി രചിച്ചിട്ടുള്ളത് . ഇന്‍ഡ്യന്‍ പ്രധാന മന്ത്രിയുടെ , ലണ്ടനില്‍ പഠിച്ച് കൊണ്ടിരുന്ന മകനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട് .അമേരിക്കയുമായുള്ള കിടമത്സരത്തില്‍ ഇന്‍ഡ്യന്‍ ഗവണ്മെന്റ് സോവിയറ്റ് യൂണിയന് നല്‍കേണ്ട നല്‍കേണ്ട പിന്തുണ വളരെ അത്യന്താപേക്ഷികമാണ് അതിന് വേണ്ടി അടുത്ത പ്രധാനമന്ത്രിയാവാന്‍ [ഇന്‍ഡ്യയില്‍ പിന്തുടര്‍ച്ചാ രാജവാഴ്ചയാണല്ലോ ] ലണ്ടനില്‍ പഠിച്ച് കൊണ്ടിരിക്കുന്ന രാജീവ് ഗാന്ധിയെ കരുവാക്കാനായാണ് കെ ജി ബി ഈ പൈസ ചിലവഴിച്ചതത്രെ അതിനെ സംബന്ധിച്ച് അവരെഴുതിയ ഈ കൃതിയില്‍ കെ ജി ബി രാജീവ് ഗാന്ധിക്ക് സംഖ്യ കൊടുത്തതും അതിന് റഷ്യന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക രേഖകളുടെ ക്രമ നമ്പര്‍ സഹിതമാണ് .ഇത് ഇത് വരെ റഷ്യന്‍ സര്‍ക്കാര്‍ ഈ വിവരങ്ങള്‍ നിഷേധിക്കുകയോ പുസ്തകത്തിനെതിരെ രാജീവ് ഗാന്ധിയുമായി ബന്ധപ്പെട്ട ആരും പരാതിപ്പെടുകയോ ചെയ്തിട്ടില്ല .

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റ്യില്‍ രാജീവ് ഗാന്ധി പഠിച്ച് കൊണ്ടിരിക്കുന്ന കാലത്ത് അന്റോണിയോ മേയ്നോ എന്ന യുവതിയെയാണ് കെ ജി ബി ഇതിനെ ഇതിനായി നിയോഗിച്ചത് .രാജീവ് ഗാന്ധിയുടെ സഹപാഠിയോ ആ കോളേജിലെ വിദ്യാര്‍ത്ഥിയോ അല്ലാത്ത , കേംബ്രിഡ്ജ് സിറ്റിയില്‍ ഒരു റെസ്റ്റോറന്റിലെ ജീവനക്കാരിയായിരുന്ന ഈ അന്റോണിയോ മെയ്നോ ആണ് നമ്മുടെ സോണിയാ ഗാന്ധി !!!

സ്വന്തം ഇച്ഛാ ശക്തി കൊണ്ട് രാഷ്ട്രീയത്തില്‍ നേതൃപാടവം കാട്ടിയ ഒരു വിധവയായ സ്ത്രീയെക്കുറിച്ച് വൃത്തികെട്ട ആരോപണങ്ങളാണിതെല്ലാമെന്ന് വേണമെങ്കില്‍ വാദിക്കാം പക്ഷെ ഇന്‍ഡ്യയിലെ ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയായ ജനതാപാര്‍ട്ടിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ഈ വിവരങ്ങളെല്ലാം കൊടുത്തിട്ടും ഒരു മാനനഷ്ടക്കേസോ അതല്ലെങ്കില്‍ ഒരു പ്രതിഷേധ പ്രസ്താവനയോ എങ്കിലും നടത്താത്തത് വളരെ കഷ്ടമാണ് എന്നെ പറയാനുള്ളൂ .പക്ഷെ സുബ്രമുണ്യന്‍ സ്വാമി കെ ജി ബിയുമായി ബന്ധപ്പെട്ട രേഖകള്‍ സഹിതം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ ഒരു പരാതി കൊടുത്തിരുന്നു അന്നത്തെ വാജ്പേയി മന്ത്രി സഭ ഈ അന്വേഷണത്തില്‍ നിന്ന് പിന്തിരിയുകയാണുണ്ടായത് .പക്ഷെ പിന്നീട് സി ബി ഐ യുടെ ചുമതലയുണ്ടായിരുന്ന വസുന്ധര രാ‍ജ സിന്ധ്യ ഈ കേസ് സി ബി ഐ ക്ക് കൈമാറിയെങ്കിലും വാജ്പേയി ഇടപ്പെട്ട് രണ്ട് വര്‍ഷം നീണ്ട അന്വേഷണം അവസാനിപ്പിക്കുമ്പോള്‍ ഒരു എഫ് ഐ ആര്‍ പോലും ഫയല്‍ ചെയ്തിട്ടുണ്ടായിരുന്നില്ല .

ബൊഫോഴ്സ് കേസ് കോണ്‍ഗ്രസ്സുകാര്‍ ഭരിക്കുമ്പോള്‍ തെളിവില്ല എന്ന രസകരമാ‍യ കാരണം പറഞ്ഞു പിന്‍ വലിച്ചതിലൊരു ന്യായമുണ്ടെന്നു നമുക്ക് തമാശക്കെങ്കിലും പറയാം പക്ഷെ രാഷ്ട്രീയ എതിരാളികളാ‍യ സോണീയാ ഗാന്ധിക്കെതിരെയുള്ള കേസില്‍ അടല്‍ ബിഹാരി വാജ്പേയി എന്ന സത്യസന്ധനെന്തു താല്പര്യമെന്നത് ഒരല്‍ഭുതമാണ് . ഇക്കഴിഞ്ഞ തിരഞ്ഞെട്ടുപ്പില്‍ ഒരൂ കോണ്‍ഗ്രസ് നേതാവ് - ആന്റണിയാണോ ഉമ്മനാണോ എന്നു ഓര്‍മ്മയില്ല - ‍പ്രചരണത്തിനിടെ പറഞ്ഞു അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണ കാലത്ത് മരുമകന്‍ രഞ്ചന്‍ ഭട്ടാചാര്യ ചെയ്ത അഴിമതിക്ക് കയ്യും കണക്കുമില്ലായിരുന്നത്രെ , എന്നിട്ടും അതൊന്നും ഉന്നയിക്കാത്തത് കോണ്‍ഗ്രസ്സുകാരുടെ മാന്യത മൂലമായിരുന്നുവെന്ന് .ജനങ്ങളോട് എത്ര ഉളുപ്പില്ലാതെയാണ് ഇവര്‍ ഇങ്ങനെ പറയുന്നത് ? സത്യത്തില്‍ ഉളുപ്പില്ലാത്തത് നമുക്കല്ലെ അല്ലെങ്കില്‍ ഇങ്ങനെ പറയാന്‍ നാമവരെ അനുവദിക്കുമായിരുന്നോ ?


ഇടക്കിടെ സോണിയാ ഗാന്ധി അജ്ഞാത രോഗത്തിനു അമേരിക്കയില്‍ ചികിത്സക്കു പോകുമ്പോള്‍ ആയമ്മക്കു ഒന്നും വരുത്തരുതേയെന്നു മുട്ടിപ്പായില്‍ പ്രാര്‍ത്ഥിക്കുന്ന അനേക ലക്ഷങ്ങളില്‍ ഒരുവനാണ് ഞാനും പക്ഷെ ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത് അമേരിക്ക വഴി പോകുന്ന ഈ ഫ്ലൈറ്റിനു സ്വിറ്റ്സര്‍ലാന്റിലോ മറ്റോ ആണ് ലാന്റിങ്ങ് എന്നാണ് , അവിടെയാണ് ആര്‍ക്കുമറിയാത്ത ഈ അജ്ഞാത രോഗത്തിനുള്ള മരുന്ന് എന്നാണ് , അത്രയും സമാധാനമുണ്ട് . ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്‍ഡ്യയെന്നും ഇന്‍ഡ്യയില്‍ ജനാധിപത്യ ഭരണ ക്രമമാണെന്നുമൊക്കെയാണ് കാലങ്ങളായി നാം ധരിച്ചു വെച്ചിരിക്കുന്നത് , സംഗതി ഒരു കണക്കിനു ശരിയുമാണ് - വോട്ടെടുപ്പുണ്ട് , തിരഞ്ഞെടുപ്പു മുറയ്ക്കു നടക്കുന്നുണ്ട് , പാര്‍ല്യമെന്റില്‍ ഒച്ചപ്പാടും ബഹളവും ആവുമ്പോലെയുണ്ട് - ഇതൊക്കെ കണ്ടിട്ടും ചില സമയത്തു ഒരു വിശ്വാസക്കുറവാണ് , എന്തെങ്കിലും മാനസിക വൈകല്യമായിരിക്കണം കാരണം എന്നു സമാധാനിക്കാം .


അനുബന്ധം :

ഈ ബ്ലോഗില്‍ എഴുതിയിരിക്കുന്ന വിവരങ്ങള്‍ Business Insider നടത്തിയ തിരഞ്ഞെടുപ്പിനെയും BBC News ,Times of India മുതലായ മുഖ്യധാരാ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെയും അടിസ്ഥാനമാക്കിയാണ് . ഡോക്ടര്‍ സുബ്രമുണ്യന്‍ സ്വാമി ഇതേ വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു 2001 ല്‍ ഡല്‍ഹി ഹൈക്കോര്‍ട്ടില്‍ കൊടുത്ത പരാതിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ വെബ് സൈറ്റായ http://janataparty.org/ ല്‍ കൊടുത്തിരിക്കുന്ന വിവരങ്ങളെയും ഈ ആര്‍ട്ടിക്കിള്‍ എഴുതാന്‍ ഉപയോഗിച്ചിട്ടുണ്ട് . അതായത് എന്റെ പേരില്‍ കുറ്റമില്ലാന്ന് തന്നെ :) .

1. ഹിന്ദുവിലും ടൈംസ് ഓഫ് ഇന്‍ഡ്യയിലുമായി 1992 - ല്‍ ഇതേ സംബന്ധിച്ചു വന്ന വാര്‍ത്തയുടെ പേപ്പര്‍ കട്ടിങ്ങ് ഇവിടെ കാണാം
News Clipping from Times of India 27.6.92 and Hindu dt. July 4, 92 regarding receipt of payment by Rajiv Gandhi & family from KGB.

2.An unofficial translation of V.Chebrikov, KGB Chief’s,letter to the Central Committee of Communist Party of Soviet Union regarding payment to Rajiv Gandhi’s family. ലെറ്റര്‍ ഇവിടെ വായിക്കാം .


Ref :1. http://www.businessinsider.com/richest-politicians-in-the-world-2012-2?op=1
2.http://ibnlive.in.com/news/sonia-refuses-to-disclose-details-of-her-it-returns/233202-37-64.html
3.http://www.bbc.co.uk/news/world-asia-india-17151594
4.http://janataparty.org/

Picture Courtesy : Google

Wednesday, 7 March 2012

രതിനിര്‍വ്വേദം“ബ്ലാവ് മരത്തിന്‍റെ ചോട്ടില്‍ രണ്ടു പാമ്പുകള്‍ ഇണചേര്‍ന്നു കിടന്നു,ഭീകരവും അതേസമയം കാമോദ്ദ്ദീപകവുമായ ദൃശ്യം ഒന്നു മറ്റൊന്നിന്‍റെ ദേഹത്തു ചുറ്റിപ്പിണഞ്നു രണ്ടും കൂടി ഒരു കയര്‍ പോലെ പിരിഞ്ഞു ഒപ്പം വാലിന്മേല്‍ കുത്തിയുയര്‍ന്നു , നിലത്തു കുത്തനെ നില്‍ക്കുന്ന ഒരു വടി !!! “


നടപ്പു സദാചാരത്തിന്റെ വിരുദ്ധ ചേരിയിലൊരു പ്രണയ കഥയായ പദ്മരാജന്റെ രതിനിര്‍വ്വേദം എന്ന നോവലൈറ്റിന്റെ ആരംഭം ഇങ്ങനെയാണ് .പപ്പു എന്ന പയ്യന്റെ കൌമാര കുതൂഹലതകളെ വിവരിച്ചു കൊണ്ടു , അപക്വമായ ആ പ്രായത്തില്‍ തോന്നാവുന്ന രതി കാമനകളെയും കൌതുകങ്ങളെയും വരച്ചു കാട്ടുന്ന ഒരു മനോഹര കൃതി .പദ്മരാജന്‍ ഏറ്റവുമധികം വിമര്‍ശനം ഏറ്റു വാങ്ങിയ ചലച്ചിത്ര സംരംഭമാണ് “രതിനിര്‍വ്വേദം “ .ലൈംഗിക അരാജകത്വം കേരള സമൂഹത്തിലേക്കു പടര്‍ത്തിയ സിനിമ , ഇക്കിളി പടത്തിനൊരു കാവ്യ രൂപം എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍ .പദ്മരാജനു അനുവാചകരുടെ ഇടയില്‍ ഒരു അരാജക വാദിയുടെ ഇമേജ് സൃഷ്ടിക്കാന്‍ കാരണമായ ഒരു സിനിമ കൂടിയായിരുന്നു രതി നിര്‍വ്വേദം , പിന്നീട് ആ അരാജകത്വരൂപം മരണശേഷം ഗന്ധര്‍വ്വ വേഷത്തിലേക്കു പരിണമിപ്പിക്കുകയായിരുന്നു . പക്ഷെ ലൈംഗിക അരാജകത്വവും സദാചാര വിരുദ്ധതയും ആരോപിക്കപ്പെടുന്ന പദ്മരാജന്‍ സിനിമകള്‍ യഥാര്‍ത്ഥത്തില്‍ പരമ്പരാഗത സദാചാരത്തിന്റെ ഏറ്റവും വലിയ പിന്തുടര്‍ച്ചകള്‍ ആയിരുന്നു .കുടുംബബന്ധത്തിനും അതിന്റെ കെട്ടുറപ്പും തന്നെയാണ് പദ്മരാജന്‍ സിനിമകളില്‍ ഭൂരിഭാഗത്തിന്റെയും കഥാതന്തു അവിഹിത ബന്ധങ്ങളും ലൈംഗിക അരാജകത്വവും ദുരന്തങ്ങളിലാണവസാനിക്കുക .

സുചരിതയും പതീഭക്തയും ആ‍യ ഭാര്യ ഉണ്ടായിരിക്കെ കണ്ണില്‍ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന എല്ലാ ആണുങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ് അവസാന “ശുഭം “ സീനില്‍ ഒരു നോട്ടീസ് പോലെ എഴുതി വെച്ചിട്ടാണ് പദ്മരാജന്റെ പില്‍ക്കാല ചിത്രവും ആദ്യ സംവിധാന സംരഭവുമായ കള്ളന്‍ പവിത്രന്‍ അവസാനിപ്പിക്കുന്നത് .കള്ളന്‍ പവിത്രന്‍ ഗ്രാമീണ ലാളിത്യത്തില്‍ ചാലിച്ചെടുത്ത ഒരു സദുദ്ദേശ ഗുണ പാഠ കഥ തന്നെയായിരുന്നു . അതു പോലെ തന്നെ അവിഹിത ബന്ധത്തിനു തുനിയുന്നവര്‍ക്കും ലൈംഗിക ചപലതകള്‍ക്കടിമപ്പെടുന്നവര്‍ക്കും ഒരു ഗുണ പാഠ കഥ എഴുതാതെ എഴുതി വെച്ചു കൊണ്ട് രദുചേച്ചിയുടെ ശവ മഞ്ചവുമായി വരുന്ന കാഴ്ചയിലാണ് രതിനിര്‍വ്വേദം അവസാനിക്കുന്നത്

പദ്മരാജന്റെ എല്ലാ കഥകളും കാലാതിവര്‍ത്തിയായ ഒരു പ്രമേയ പരിസരം ഒരുക്കുന്ന ഒന്നാണ് . സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചോ ലെസ്ബിയന്‍ കൂട്ടുകെട്ടിനെ കുറിച്ചോ ഒന്നും ആരും പരസ്യമായി പറയാന്‍ മടിക്കുന്ന കാലത്താണ് പദ്മരാജന്‍ ദേശാടന കിളികള്‍ കരയാറില്ല എന്ന ചലച്ചിത്രമൊരുക്കുന്നത് . ബ്ലെസ്സി തന്മാത്രയാക്കിയതു , വര്‍ഷങ്ങള്‍ക്കു മുമ്പു പദ്മരാജന്‍ എഴുതിയ ഓര്‍മ്മ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് . പദ്മരാജന്റെ തൂലികയും ചലച്ചിത്ര കാഴ്ചകളും നടപ്പു കാലത്തില്‍ നിന്നു മുന്നോട്ടൂ നീങ്ങി നിന്നു ആ കാലത്തിലേക്കു നമ്മളെ ക്ഷണിച്ചിരുന്നവയാണ് .

എഴുപതുകളില്‍ രതിനിര്‍വേദം “ ഒരുക്കുമ്പോള്‍ അതു ആ കാലത്തിന്റെ കഥയായിരുന്നു .വിമര്‍ശനങ്ങളും അനുമോദനങ്ങളും പല രീതികളില്‍ ഏറ്റു വാങ്ങിയ ആ ചലചിത്രം അഭ്രപാളികളില്‍ സൃഷ്ടിക്കപ്പെട്ട ഒരു വിപ്ലവം തന്നെയായിരുന്നു . കൌമാരത്തിന്റെ നിഷ്കളങ്കതയില്‍ നിന്നു യൌവനത്തിലേക്കു വളരുന്ന ഒരാണ്‍കുട്ടിയുടെയും അയലത്തെ സുന്ദരിയായ ചേച്ചിയുടെയും നിഷിദ്ധ പ്രണയത്തിന്റെ മനോഹരമായ ഒരു കഥ . കൌമാരക്കാരനായ പപ്പുവിനു അയലത്തെ സുന്ദരിയായ , അവിവാഹിതയായ രതി ചേച്ചിയോടു തോന്നുന്ന ലൈംഗിക വികാരത്തെ ആത്മാര്‍ത്ഥമായ പ്രണയമെന്നൊന്നും പറഞ്ഞുകൂടാ , ചേച്ചിയെ തൊട്ടൂം തലോടിയും കാമം കലര്‍ന്ന നോട്ടം കൊണ്ടുഴിഞ്ഞും ഒക്കെയാണ് പപ്പു ആ വികാരം പ്രകടിപ്പിക്കുന്നത് . പപ്പുവിനെ വാത്സല്യത്തോടെ മാത്രം കണ്ടു കൊണ്ടിരുന്ന രതിചേച്ചിക്കു അവന്റെ പരിഭവങ്ങള്‍ക്കു നിവൃത്തി കൊടുക്കാന്‍ വേണ്ടി മാത്രം തിരിച്ചുമൊരു പ്രണയ ഭാവം സ്വീകരിക്കേണ്ടി വരുന്നു .അവര്‍ക്കു അവനോടു പ്രണയം എന്നൊരു വികാരമില്ലാത്തതു കൊണ്ടു തന്നെയാണ് വിവാഹ ജീവിതത്തിലേക്കുള്ള ആഗ്രഹം നില നിര്‍ത്തുന്നതും ഭാവി ജീവിതം സ്വപ്നം കാണുന്നതും .അരുതാത്ത ബന്ധമാണെന്ന നിഷേധവും താക്കീതുമൊന്നും പപ്പുവില്‍ രതി ചേച്ചിയോടുള്ള ആഗ്രഹത്തിനു കുറവു വരുത്തുന്നില്ല .രതിചേച്ചി മറ്റൊരാളെ വിവാഹം കഴിക്കുന്നതു പോലും അസഹനീയമായ മനോഭാവം കൊണ്ടു പപ്പുവെന്ന കൌമാരക്കാരന്‍ എതിര്‍ക്കുന്നു .അവസാനം എഞ്ചിനീയറിങ്ങ് പഠനത്തിനായി പുറപ്പെടുന്നതിനു മുമ്പു അവന്റെ പരിഭവം മാറ്റാന്‍ രതിചേച്ചി അവന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി കിടന്നു കൊടുക്കുന്നു . ആ തെറ്റിനു രതിചേച്ചി സ്വയം ശിക്ഷയായി സര്‍പ്പ ദംശനത്താല്‍ മരിക്കുന്നു .


പപ്പുവിന്റെ ആഗ്രഹപൂര്‍ത്തീകരണം കൊണ്ടു പപ്പുവിനു ലഭിക്കുന്ന സന്തോഷം മാത്രമാണ് പ്രണയത്തെക്കാളുപരി രതിചേച്ചിയെ പപ്പുവിനു വിധേയനാകാന്‍ പ്രേരിപ്പിക്കുന്നത് . അത്തരം ലൈംഗിക ബന്ധം തെറ്റാണെന്ന ബോധ്യമുണ്ടായിട്ടും പപ്പുവിന്റെ സന്തോഷത്തിനു വഴങ്ങുക മാത്രമാണ് രതിചേച്ചി ചെയ്യുന്നത് .ഫ്രോയിഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തംനുസരിച്ചു പാമ്പ് ലൈംഗിക ബന്ധത്തിന്റെ പ്രതീകവും സര്‍പ്പ ദംശനം അതിന്റെ പാപ ബോധത്തില്‍ നിന്നുള്ള മോചനവുമായി പരിഗണിക്കപ്പെടുന്നുണ്ട് . കഥകളിലും ചലചിത്രങ്ങളിലും സര്‍പ്പ ദംശനമെന്നതു അപഥ സഞ്ചാരത്തിനുള്ള ശിക്ഷയായി തന്നെയാണ് കാണിക്കുന്നത് .ഖസ്സാക്കിന്റെ ഇതിഹാസത്തില്‍ ചെറിയമ്മയെ പ്രാപിച്ചതിന്റെ കുറ്റബോധത്താല്‍ അലഞ്ഞു തിരിയുന്ന രവി ബസ് സ്റ്റോപ്പില്‍ പാമ്പു കടിയേറ്റു കിടക്കുന്നത് ഈ പാപചിന്തയുടെ ബിംബ വല്‍ക്കരണമാണ് .


ഇന്‍ഡ്യന്‍ സിനിമക്കു , പ്രത്യേകിച്ചു മലയാള സിനിമക്കു ചില നടപ്പു രീതികള്‍ ഉണ്ട് ,കഥ എന്തൊക്കെ തന്നെ ആയാലും കഥാന്ത്യത്തില്‍ ഒരു സന്ദേശം അത്യാവശ്യമാണ് അത് ഏകദേശം ഇങ്ങനെയായിരിക്കും നന്മക്കാണ് അവസാന വിജയം , വെച്ചു പുലര്‍ത്തുന്ന ചില യഥാസ്ഥിതിക - പരമ്പരാഗത സങ്കല്പങ്ങള്‍ ശരിയെന്നു സ്ഥാപിച്ചെടുക്കണം , ക്ലൈമാക്സില്‍ അല്പം തന്റേടമുള്ള പെണ്ണിന്റെ കരണത്തു പുരുഷന്‍ കൈ വെക്കുന്നതോടെ അവള്‍ നേരെയായി മാപ്പ് ചോദിക്കണം , തെറ്റിദ്ധരിക്കപ്പെടുന്ന നായകന്റെ നന്മ അവസാന സമയത്തു എല്ലാവരും തിരിച്ചറിയണം , പതിവു സദാചാര സങ്കല്പങ്ങളില്‍ നിന്നു വിഭിന്നമായി സംഭവിക്കുന്ന എന്തും ദുരന്തമാക്കിക്കൊണ്ട് ഗുണപാഠം നല്‍കണം - ഇത്തരത്തിലുള്ള കഥാന്ത്യം ഉപയോഗിച്ചൂ എണ്ണിയാലൊടുങ്ങിയ ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടൂ കഴിഞ്ഞിരിക്കുന്നു - അതു മലയാള ചലച്ചിത്രത്തിന്റെ ആദിയും അന്ത്യവും തന്നെയാണ് അതു പിന്‍ പറ്റിയല്ലാതെ ചലച്ചിത്രം അസാധ്യമാണ് .ഇതു സിനിമാക്കാരുടെ കുഴപ്പമല്ല കാണികളുടെ സങ്കല്പങ്ങളുടേതാണ് . പദ്മരാജനും തന്റെ സര്‍ഗ്ഗാത്മകതയെ ചലച്ചിത്രവല്‍ക്കരിക്കുമ്പോള്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്കു വിധേയനായിട്ടുണ്ട് . രതിനിര്‍വ്വേദം സാഹിത്യ കൃതിയില്‍ നിന്നു സിനിമയായപ്പോഴും അതു സംഭവിച്ചതാണ് .


ഒരു സാഹിത്യ കൃതി ചലച്ചിത്ര രൂപത്തിലേക്കു വഴി മാറുമ്പോള്‍ സംഭവിച്ചേക്കാവുന്ന മാറ്റങ്ങള്‍ക്കുപരിയായി കഥാ പരിസരത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ രതിനിര്‍വ്വേദത്തിലുണ്ട് . പപ്പുവിനെ ഭ്രമിപ്പിക്കുന്ന രദു ചേച്ചി നോവലില്‍ വിവാഹിതയാണ് , ആരോഗ്യവാനായ ഒരു ഭര്‍ത്താവ് ഉള്ള സ്ത്രീ ആണ് അങ്ങനെയൊരു ബന്ധം കേരള സമൂഹത്തില്‍ ഇല്ലാത്ത അപൂര്‍വ്വ സംഗതി ഒന്നുമല്ലാതിരുന്നിട്ടും സിനിമയില്‍ രതിചേച്ചി അവിവാഹിതയായി തന്നെ നില്‍ക്കുകയാണ് കാരണം വിവാഹിതയായ ഒരു സ്ത്രീ അടുത്ത വീട്ടിലെ പയ്യനുമായി രമിക്കുന്നതിനെ മലയാള സിനിമ എങ്ങനെ സ്വീകരിക്കും ? സിനിമയില്‍ രദുചേച്ചി ചെയ്ത തെറ്റിനു മരണം ഉറപ്പാണ് , നോവലില്‍ രതിച്ചേച്ചി മരിക്കുന്നതായി കാണിക്കുന്നില്ല ,

രതീ രതീ,...എന്‍റെ മനസ്സു വിങ്ങി. മരിക്കല്ലെ മരിക്കല്ലേ . വര്‍ഷങ്ങള്‍ക്കു ശേഷം ഒരിയ്ക്കല്‍ ഈ വീട്ടില്‍ വരുമ്പൊള്‍ അച്ഛനുമമ്മയുമുറങ്ങുന്ന ജീവനില്ലാത്ത പുരയിടത്തില്‍ നിന്ന് ദു:ഖവാഹിയായ കാറ്റു പറന്നു വരുമ്പോള്‍ അതില്‍ രതി ച്ചേച്ചിയുടെ ശരീരത്തിന്‍റെ ഗന്ധം മാത്രം കലരാതിരിക്കണേ . തലയ്ക്കുമുകളിലൂടെ ഒരു ഒറ്റയ്ക്കിളി പറന്നു പോയി ,ഒരു സൂചി പോവുന്ന വേഗതയില്‍ നിര്‍ത്താതെ ചിലയ്ച്ചുകൊണ്ട് ഞാന്‍ അതു തന്നെ നോക്കി നിന്നു .വിദൂരതയില്‍ മഴയൊഴിഞ്ഞ , മേഘമകന്ന ചുവപ്പിന്റെ ആകാശത്തില്‍ ലയിക്കുന്നതു വരെ ഞാനവിടെത്തന്നെ നിന്നു “

നോവലൈറ്റില്‍ രതിചേച്ചിയുടെ മരണവും ജീവിതവും നമ്മുടെ സങ്കല്‍പ്പത്തിനു വിട്ടു കൊടുത്തു കൊണ്ടു കഥ അവസാനിപ്പിക്കുന്നു പക്ഷെ സിനിമയില്‍ പപ്പു പഠനത്തിനായി പട്ടണത്തിലേക്കു പോകുന്ന യാത്രയില്‍ എതിരേല്‍ക്കുന്നത് രതിചേച്ചിയുടെ ശവമഞ്ചം വഹിച്ചുള്ള യാത്രയാണ് .രതിനിര്‍വ്വേദം നോവലില്‍ നിന്നു വ്യത്യസ്ഥമായി മേല്‍പ്പറഞ്ഞ രണ്ടു വ്യത്യാസങ്ങളും നമ്മുടെ സിനിമ സങ്കല്‍പ്പങ്ങളെ സംതൃപ്തിപ്പെടുത്താനുള്ള വിട്ടുവീഴ്ചയാവാനെ തരമുള്ളൂ .കൌമാര ചേതനയുടെ സ്വതന്ത്ര യാത്രകള്‍ പപ്പുവിനു അനുവദനീയമാണ് .രതിനിര്‍വ്വേദം ആരംഭിക്കുന്നത് ഇണ ചേരുന്ന പാമ്പുകളെ നോക്കി രസിക്കുന്ന പപ്പുവില്‍ നിന്നാണെങ്കില്‍ അതവസാനിക്കുന്നത് വിഷം തീണ്ടിയ പാമ്പിനെ ഭയത്തോടെ നോക്കുന്ന പപ്പുവിലാണ് , രതി നിര്‍വ്വേദത്തിലവസാനിക്കുന്നതു തന്നെയാണ് കഥാ തന്തു , അതു തന്നെയാണതിന്റെ സന്ദേശവും


അനുബന്ധം .


കമലഹാസന്‍ , മോഹന്‍ ലാല്‍ ,മമ്മൂട്ടി , അരവിന്ദ് സ്വാമി എന്നിങ്ങനെ യൂണിവേഴ്സലും മെഗായും ഒക്കെയായ താരങ്ങളെ വെച്ചു സിനിമ സംവിധാനിക്കാന്‍ അവസരം കിട്ടിയിട്ടൂം ഒരു നല്ല സംവിധായകനെന്ന പേര് കേള്‍പ്പിക്കാന്‍ കഴിയാതെ പോയ ടി കെ രാജീവ് കുമാറിനെ പത്തു പേരറിഞ്ഞത് മഞ്ചു വാര്യരുടെ “കണ്ണെഴുതി പൊട്ടും തൊട്ടിലൂടെ ആണ് , ഇപ്പോള്‍ ഒരു പടം നന്നായൊന്ന് വിജയിച്ചു കിട്ടിയത് “രതി നിര്‍വേദം റീമേക്കിലൂടെയും .പഴയ രതിനിര്‍വ്വേദത്തിന്റെ കാര്യത്തില്‍ നവീനമായൊരു വിഷയത്തെ കാവ്യാത്മകമായ ഒരനുഭവമാക്കി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞതാണ് അതിന്റെ വിജയമെങ്കില്‍ പുതിയ രതി നിര്‍വേദം മറന്നു പോയ ഉദ്ധാരണ ശേഷി സ്വയം ഭോഗത്തിലൂടെ പരീക്ഷിക്കാന്‍ മധ്യ വയസ്കര്‍ക്കൊരു സാധ്യത മാത്രമാണ് . ഷക്കീലാ പടങ്ങള്‍ ഒരു കാലത്തു ചെയ്തതും ഈയൊരു സാധ്യതയുടെ മാര്‍ക്കറ്റിങ്ങ് തന്നെയായിരുന്നല്ലോ .ശ്വേതാ മേനോന്‍ സുന്ദരിയൊക്കെ തന്നെ പക്ഷെ അവരുടെ മസ്കുലില്‍ മാംസളത ഒരിക്കലും അയലത്തെ വീട്ടിലെ രതിച്ചേച്ചിയെ ഉള്‍ക്കൊള്ളുന്നതായിരുന്നില്ല എന്നു തന്നെയല്ല പഴയ രതിനിര്‍വ്വേദത്തിലെ ജയഭാരതിയുടെ സ്ത്രൈണമായ സൌന്ദര്യത്തില്‍ ഏഴയലത്തേക്കില്ല .പഴയ കൃഷ്ണ ചന്ദ്രന്റെ കൌമാര സഹജമായ നിഷ്കളങ്കതയോ യൌവനത്തിന്റെ കൌതുകങ്ങളോ പുതിയ പപ്പുവിലും കണ്ടില്ല . ഭരതന്റെ നെല്ലിയാമ്പതിയിലെ ലൊക്കേഷന്‍ പദ്മരാജന്റെ ഇഷ്ട സ്ഥലമായ , കഥാ പശ്ചാത്തലമായ ആലപ്പുഴയിലേക്കു പറിച്ചു നട്ട ഒരു പുതുമ മാത്രം ചിത്രത്തിനവകാശപ്പെടാം .