Like

...........

Tuesday 13 September 2011

പുരുഷ മരണങ്ങള്‍



ഒരു പ്രത്യേക കാലയളവിനു ശേഷം പിന്തിരിഞ്ഞു നോക്കുമ്പോള്‍ കേട്ടതും കണ്ടതുമായ അസ്വാഭാവികമായ ചില കാര്യങ്ങള്‍ക്കൊരു കൊറിലേഷന്‍ [correlation ] നമുക്കു
അനുഭവപ്പെടാറുണ്ട് , അത പ്രകടമായി പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ പോലും സൂക്ഷ്മമായി ഒരളവു വരെ അത്തരം ബന്ധങ്ങള്‍ ആ അസ്വാഭാവികതയില്‍ നമുക്കാരോപിക്കാന്‍ കഴിയും . എന്റെ കേള്‍വിയിലും കാഴ്ചയിലും അനുഭവപ്പെട്ട മൂന്നു മരണങ്ങള്‍ , അതു സംഭവിച്ച കാല ദേശങ്ങളെല്ലാം പരസ്പരം ബന്ധമില്ലാതിരുന്നിട്ടു കൂടി അവയെ പരസ്പരം ചേര്‍ത്തു വെക്കാവുന്ന ഒരു കാരണം അതില്‍ പരോക്ഷമായി കാണാവുന്ന പുരുഷ ലൈംഗികതയുടെ നൈരാശ്യമോ ഉണര്‍വ്വോ ഒക്കെയാണ് .കാല ഗണനക്കനുസരിച്ച് അവരോഹണ ക്രമത്തില്‍ അത് ദേവദാസ്സിലൂടെ , അബ്ദുക്കുട്ടനിലൂടെ തൊത്തോത്തെ ചന്ദ്രേട്ടനിലേക്കെത്തുന്നു .

ദേവദാസ്.


യൌവ്വനത്തിന്റെ തീതിളപ്പില്‍ തന്നെ തലച്ചോറില്‍ അര്‍ബുദം ബാധിച്ചാണ് ദേവദാസ് മരിക്കുന്നത് , ഒരാഘോഷം പോലെ ജീവിതം ജീവിച്ചു തീര്‍ത്ത അരാജകവാദിയെന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാം . മരിക്കുമെന്നു മുന്‍ കൂട്ടിയറിഞ്ഞിരുന്നെങ്കില്‍ ഒരല്പം കൂടി നന്നാക്കാമായിരുന്നു എന്നു പോലും തോന്നിപ്പിക്കാതെയാണ് അയാള്‍ ജീവിച്ചത് , ഒരു പക്ഷെ അധിക കാലം ജീവിച്ചിരിക്കില്ലെന്നുറപ്പോടെ ജീവിതത്തെ ആഘോഷിച്ചൂ തീര്‍ക്കുകയുമായിരുന്നിരിക്കാം . ആഘോഷങ്ങള്‍ മാത്രം നിറഞ്ഞു നിന്നിരുന്ന സൊഹൃദങ്ങള്‍ , മദ്യം , മദിരാക്ഷി, സമ്പത്തു - അയാള്‍ സൌഹൃദങ്ങള്‍ക്കിടയില്‍ അല്പം അസൂയ ഉളവാക്കുന്ന ഒരാളായി ജീവിച്ചു .

സ്ത്രീകളുടെ വിയര്‍പ്പിന്റെ ഗന്ധം ....അതായിരുന്നു അയാളുടെ ജീവിതവും ഉണര്‍വ്വും , അതില്‍ കുലീനരാ‍യ വീട്ടമ്മമാരും കോളേജ് കുമാരികളും മുതല്‍ വില കുറഞ്ഞ തെരുവു വേശ്യകള്‍ വരെ വേര്‍ തിരിവില്ലാതെ ഇടം പിടിച്ചു , പക്ഷെ അയാളെക്കുറിച്ചു ആര്‍ക്കും ഒരു കടന്നാക്രമണത്തിന്റെയോ ലൈംഗികാതിക്രമണത്തിന്റെയോ കഥകള്‍ പറയാനുണ്ടായിരുന്നില്ല ചിലവഴിക്കാന്‍ ആവശ്യത്തിലേറെ പണവും ആരോഗ്യവും യൌവനവും ഉള്ള ഒരാള്‍ക്കു സ്വാഭാവികമായി വന്നു ചേരുന്നത് മാത്രമേ അയാള്‍ സ്വീകരിച്ചിരുന്നുള്ളൂ . നാട്ടിലെ പ്രമുഖരുടെ വീടുകളിലെ കുലീനകളായ സ്ത്രീകളെയെല്ലാം തന്റെ കൈവരുതിക്കു നിര്‍ത്തുമെന്ന വീരവാദങ്ങള്‍ക്കു തെളിവായി രാത്രികളിലെ വേഴ്ചകള്‍ക്കു ശേഷം ആ വീടുകളില്‍ നിന്ന് കൂട്ടുകാര്‍ക്കു ഫോണ്‍ ചെയ്ത് , ആ സ്ത്രീകളെക്കൊണ്ട് സംസാരിപ്പിക്കുന്നതായിരുന്നു അയാളുടെ ഏറ്റവും വലിയ ആനന്ദം . കൂട്ടുകാര്‍ക്കിടയില്‍ അസൂയ ജനിപ്പിക്കും വിധം അയാള്‍ ജീവിച്ചു , ഭോഗിച്ചു അത് പരസ്യമാക്കുന്നതില്‍ അയാള്‍ക്കു സന്ദേഹമുണ്ടായിരുന്നില്ല . ദേവദാസ്സ് വിവാഹിതനായിരുന്നു അയാളുടെ ഭാര്യ പ്രസവിക്കില്ലായിരുന്നു എന്നാണ് ദേവദാസ്സ് പറഞ്ഞിരുന്നത് , ഈയൊരു അറിവ് കൂടി അയാളുടെ അവിഹിത ബന്ധങ്ങള്‍ക്കു വലിയ ന്യായീകരണമായിരുന്നു, അതൊരു സഹതാപാര്‍ഹമായിരുന്ന ന്യാ‍യീകരണം തന്നെയായിരുന്നു .
മുപ്പതുകളിലെത്തിയ യൌവനം , ജീവിതത്തിന്റെ തീത്തിളപ്പ് , ആ ആഘോഷത്തിന്റെ പാരമ്യത്തില്‍ ആണ് അയാള്‍ക്കു തലവേദന അനുഭവപ്പെട്ടു തുടങ്ങുന്നത് . തലവേദനയുടെ അസ്വസ്ഥതകളയാളെ വിടാതെ പിന്തുടര്‍ന്നിട്ടും അയാളതിനെ അവഗണിച്ചു ,ചിലപ്പോള്‍ അസഹനീയമായ വേദനയില്‍ കൂട്ടുകാരോടിതിനെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ - പാതി കളിയായി അവര്‍ പറഞ്ഞു - “രാത്രി ഒളിസേവ നിര്‍ത്തീട്ട് കെടന്നുറങ്ങാന്‍ നോക്ക് ..ഉറക്കമില്ലാഞ്ഞിട്ടാവും ,അല്ലെങ്കില്‍ ഏതെങ്കിലും കെട്ട്യോന്മാരുടെ പ്രാക്കാവും ” അയാളും അങ്ങനെയൊരു തമാശയില്‍ ആ തലവേദനയെ നിസ്സാര വല്‍ക്കരിച്ചു , അളവില്ലാത്ത മദ്യപാനം , സുഖലോലുപതയൊക്കെയാവുമിതിനു കാ‍രണമെന്ന് അയാളും ധരിച്ചു . മാസങ്ങള്‍ക്കു ശേഷം കാഴ്ച മങ്ങിത്തുടങ്ങിയപ്പോഴാണ് അയാളതിനെക്കുറിച്ചു ബേജാറാകുന്നത് , അപ്പോള്‍ മാത്രമാണൊരു പരിശോധനയുടെ അനിവാര്യതയെക്കുറിച്ചയാള്‍ക്കു ചിന്തിക്കാന്‍ തോന്നുന്നത് പക്ഷെ അപ്പോഴെക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍ ഗുരുതരമായി അര്‍ബുദം ബാധിച്ചു കഴിഞ്ഞിരുന്നു .


30 വയസ്സിനുള്ളില്‍ തന്നെ അയാളുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു , കാന്‍സര്‍ വാര്‍ഡില്‍ അന്ത്യ ദിനങ്ങള്‍ എണ്ണപ്പെട്ട് ദയനീയമായി കഴിഞ്ഞിരുന്ന ദേവദാസ്സിനെ കാണാന്‍ അയാളുടെ ജീവിതം കൂടെ നിന്നു അറിഞ്ഞവരെല്ലാം ഭയപ്പെട്ടു ,കാഴ്ച ഇല്ലാതായിക്കൊണ്ടിരിക്കുന്നു , അര്‍ബുദം പൂര്‍ണ്ണമായി തന്നെ അയാളെ കീഴടക്കിയിരുന്നു . മരണത്തിനും ജീവിതത്തിനുമിടയിലുള്ള നിമിഷങ്ങള്‍ . കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്ന ബോധത്തില്‍ പഴയ സൌഹൃദങ്ങളുടെ നിസ്സഹായമായ മുഖങ്ങളിലേക്കു പൊട്ടിക്കരഞ്ഞു കൊണ്ടു അയാള്‍ ചോദിച്ചു - “എനിക്കു സിസിലിയെ ഒന്നു കാണണം ,അവളെ ഒരു തുണിക്കീറു പോലും ശരീരത്തിലില്ലാത്ത വിധത്തിലൊന്നു കൂടി കാണണം , എന്റെ അവസാനത്തെ കാഴ്ച അതാവണം”.
തീവ്ര പരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ , മരണവും കാത്തു കിടക്കുന്ന ഒരാള്‍ക്കു വേണ്ടി കുപ്രസിദ്ധയായ ഒരു വേശ്യയെ എത്തിക്കുക എന്നത് അയാളോട് എത്ര മാത്രം സഹതാപമുണ്ടായാല്‍ പോലും അസാധ്യമാണെന്നയാള്‍ക്കറിയാമായിരുന്നു . ഷണ്ടന്റെ ഉദ്ധരിക്കാത്ത ലിംഗം പോലെ ആ ആഗ്രഹത്തിന്റെ ഭാവി അശുഭാപ്തി നിറഞ്ഞു പോകുമെന്നറിഞ്ഞിട്ടും മരണത്തിന്റെ അവസാന നിമിഷത്തിലും അയാളതാഗ്രഹിച്ചു പോയി , കൂട്ടുകാരന്റെ അവസാനത്തെ ആഗ്രഹമായിട്ടു പോലും അതു നിവര്‍ത്തിച്ചു കൊടുക്കാനാവാത്ത സങ്കടത്തില്‍ അവര്‍ പൊട്ടിക്കരഞ്ഞു , ആ ആഗ്രഹമൊരു അശ്ലീലമായി ഗണിക്കപ്പെടാതിരിക്കാന്‍ അവരതവഗണിച്ചു .


ദേവദാസ്സ് ജീവിതം ആഘോഷിച്ചു മരിച്ചു , പക്ഷെ പരിണാമഗുപ്തിയില്‍ അയാളുടെ അവിഹിത വേഴ്ചകളുടെ പരോക്ഷമായ ന്യായീകരണമായ ഭാര്യയുടെ വന്ധ്യത ഒരു കളവായി തെളിയിച്ചു കൊണ്ട് ദേവദാസ്സ് മരിച്ചു ഒരു വര്‍ഷത്തീന് ശേഷം അവര്‍ പുനര്‍വിവാഹം ചെയ്തു , അവര്‍ പ്രസവിക്കുകയും ചെയ്തു , ദേവദാസ്സിന്റെ അസൂയയുളവാക്കുന്ന പൌരുഷം ഒരു സംശയത്തിന്റെ ശേഷിപ്പായി .



അബ്ദുകുട്ടന്‍

എന്റെ ബാല്യത്തിന്റെ ഓര്‍മ്മയില്‍ ഒരു ആത്മഹത്യ കയ്ച്ചു നില്‍ക്കുന്നത് അബ്ദുകുട്ടന്റേതായിരുന്നു . വീടിന്റെ കിഴക്കേ തൊടിയിലുള്ള മാവിന്മേലായിരുന്നു , മഞ്ഞിന്റെ കരിമ്പടം പുതച്ച ഒരു ഡിസംബര്‍ പ്രഭാതത്തില്‍ ഉടുത്തിരുന്ന നീല ലുങ്കിയിന്മേല്‍ അബ്ദു കുട്ടന്‍ തൂങ്ങിയാടിയത് .പലപ്പോഴും പല ആത്മഹത്യകളും അവിശ്വസനീയവും അപ്രതീക്ഷിതവുമാണെന്ന പൊതുതത്വത്തെ മാനിച്ചാല്‍ പോലും അബ്ദുകുട്ടന്റെ മരണം വല്ലാത്ത അവിശ്വസനീയത സൃഷ്ടിച്ചത് ചങ്കൂറ്റത്തിന്റെ , നെഞ്ചുറപ്പിന്റെ ഒക്കെ ആള്‍ രൂപമായി നാട്ടുകാര്‍ അവരോധിച്ചത് കൊണ്ടാകണം .

ചെത്തുകാരന്‍ കുമാരച്ചോന്റെ മകനാണ് അബ്ദുകുട്ടന്‍ , അങ്ങനെ പറയുന്നതൊരു വലിയ കളവാണെങ്കിലും ഒരു അവതരണത്തില്‍ അങ്ങനെയേ പറയാനാകൂ , അബ്ദുകുട്ടന്‍ ജനിക്കുന്നതിനും മുമ്പു തന്നെ കുമാരച്ചോന്‍ ചെത്താന്‍ കയറിയ തെങ്ങില്‍ നിന്നു വീണ് മരിച്ചിരുന്നു .പിന്നീട് നാട്ടിലെ ജന്മിയായ അബ്ദുള്ളയുടെ ആശ്രിതത്തിലായിരുന്നു കുമാരച്ചോന്റെ വിധവ നീലി , അബ്ദുള്ള പെണ്‍ വിഷയത്തില്‍ അസാമാന്യമായ രീതിയില്‍ പേരുദോഷം കേള്‍പ്പിച്ച ഒരാളായിരുന്നു ,മൂന്നു ബീവിമാരെകൂടാതെ തന്നെ നാട്ടില്‍ പലയിടത്തും ഒളി സേവയുണ്ടായിരുന്നു പക്ഷെ അയാള്‍ ക്രൂരനായിരുന്നില്ല എല്ലാവരെയും സംരക്ഷിച്ചിരുന്നു .അബ്ദുള്ളയുടെ ആശ്രിതയായ ഒരു വിധവക്കു കുഞ്ഞുണ്ടാവുമ്പോള്‍ അതിന്റെ പിതൃത്വം തെളിയിക്കപ്പെടാന്‍ അവന്‍ വളര്‍ന്നു അബ്ദുള്ളയുടെ നീണ്ട മൂക്കും പൂച്ചക്കണ്ണും തെളിഞ്ഞു വരുന്നതു വരെ കാത്തു നില്‍ക്കേണ്ടി വന്നില്ല . അവന്റെ അമ്മ അവനെ കുട്ടനെന്നു വിളിച്ചു അച്ഛന്‍ കുമാരച്ചോനാണെന്നു ആരും വിശ്വസിക്കാത്ത ഒരു കളവ് അവനോട് പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചു .പക്ഷെ മറച്ചു വെക്കാനാകാത്ത വിധത്തില്‍ അവന്റെ രൂപം ആ കളവിനെ പൊളിച്ചു കളഞ്ഞ് കൊണ്ട് വളര്‍ന്നു വരുകയായിരുന്നു .അബ്ദുള്ളക്കുട്ടിയുടെ നീണ്ട മൂക്ക് , പൂച്ചക്കണ്ണുകള്‍ ആ നടപ്പിലെ ഏന്തല്‍ പോലും അവന്റെ ജൈവീകമായ പാരമ്പര്യത്തില്‍ അലിഞ്ഞു ചേര്‍ന്നു , അവന്റെ അമ്മ അവനെ കുട്ടന്‍ എന്നാണ് വിളിച്ചത് പക്ഷെ അവന്റെ പൈതൃകത്തെ പരിഹസിച്ചു കൊണ്ട് അബ്ദുക്കുട്ടന്‍ എന്ന് നാട്ടില്‍ വിളിപ്പേരായി ,പിതാവിന്റെ പേര് പേരിന് മുന്നില്‍ വരുന്നതൊരു വലിയ അസഭ്യമായി തോന്നിത്തുടങ്ങി .ഒരു കളവിനും യാഥാര്‍ത്ഥ്യുത്തിനുമിടക്കു അവന്റെ ബാല്യം പരിഹാസത്തിലും കുത്തുവാക്കിലും പൊതിഞ്ഞു .


ജീവിതത്തിന്റെ കയ്പ്പു നിറഞ്ഞ അനുഭവങ്ങളിലൂടെ , പൈതൃകത്തിന്റെ യാഥാര്‍ത്ഥ്യവും നുണകളും ഉയര്‍ത്തിയ വ്യഥകളിലൂടെ അബ്ദുകുട്ടന്‍ വളര്‍ന്നു . പരിഹാസങ്ങള്‍ , പുച്ഛരസം കലര്‍ന്ന നോട്ടങ്ങള്‍ എല്ലാം അയാളെ വല്ലാത്ത നിഷേധത്തിന്റെ ഒരു വലിയ പര്‍വ്വതമാക്കി വളര്‍ത്തി , പക നിറഞ്ഞ ജീവിതം .വളര്‍ന്നു വരുമ്പോള്‍ അയാള്‍ അബ്ദുള്ളയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു അബ്ദുള്ളയായി മാറി ,ഒത്ത പൊക്കം , വെളുത്ത നിറം ,നീണ്ട മൂക്ക് , പൂച്ചക്കണ്ണുകള്‍ അതൊരു അടയാളം തികഞ്ഞ അബ്ദുള്ള തന്നെയായിരുന്നു , കുട്ടന്‍ അബ്ദുക്കുട്ടന്‍ തന്നെയായിത്തീര്‍ന്നു , സ്വഭാവത്തില്‍ പോലും .

കൌമാരത്തില്‍ തന്നെ വേഴ്ചയുടെ പാഠങ്ങള്‍ , അഗമ്യ ഗമനങ്ങള്‍ , അവിഹിതങ്ങള്‍ അയാള്‍ പഠിച്ചെടുത്തു . ആരോഗ്യമുള്ള ശരീരം , വല്ലാത്ത കരുത്ത് , ഒറ്റയാന്‍ അയാളാരെയും വക വെച്ചില്ല . ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലും തൃഷ്ണയുടെ പരകോടിയിലും അയാള്‍ക്ക് ആരോടും പ്രണയം തോന്നിയില്ല , അയാള്‍ക്കു കന്യകമാരെ വേണ്ടായിരുന്നു ഭര്‍തൃമതികളായ സ്ത്രീകളായിരുന്നു അയാളുടെ ലക്ഷ്യം . ബാല്യത്തില്‍ പരിഹസിച്ചവരുടെ പെണ്ണുങ്ങളെ പ്രാപിക്കുമ്പോള്‍ രതിയെക്കാള്‍ പക നിറഞ്ഞ പ്രതികാരമായി അയാള്‍ വളര്‍ത്തി , അതിന്റെ ആനന്ദത്തില്‍ വല്ലാതെയായി , പ്രാപിച്ച പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പകയും പ്രതികാരവും വര്‍ദ്ധിച്ചു .അബ്ദുക്കുട്ടന്റെ നില വിട്ടൂള്ള കളി അപകടം തന്നെയായിരുന്നു പക്ഷെ അയാളെ എതിര്‍ക്കാന്‍ തക്ക ധൈര്യമാര്‍ക്കുമില്ലായിരുന്നു . ഒരിക്കല്‍ അബ്ദുള്ള ബാപ്പയാണെന്നു പരസ്യമായി സമ്മതിക്കാന്‍ കൂടി ഒരുങ്ങിയതായിരുന്നു പക്ഷെ അബ്ദുക്കുട്ടന്‍ ആ ഔദാര്യത്തെ നിഷ്കരുണം തള്ളിക്കളഞ്ഞു .

പുരുഷവീര്യത്തിന്റെ കുതിപ്പ് , അതിന്റെ ആവേഗം നിയന്ത്രണമില്ലാത്ത അലച്ചില് ..അത് ഒടുവില്‍ ചെന്നെത്തിക്കുന്നതിന്റെ പാരമ്യത്തില്‍ തന്നെ അബ്ദുക്കുട്ടന്റെ പ്രയാണം ചെന്നെത്തി .പ്രതികാരത്തിന്റെ തീക്ഷ്ണമായ ഗൂഡാലോചനകളില്‍ അയാളുടെ ശരീരത്തിന് കീഴ്പ്പെട്ട് , അനുഭൂതി അനുഭവിച്ച പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പ്രതികാരം നിറഞ്ഞ അസഹിഷ്ണുത ഗൂഡാലോചനയായി , തല്ലിക്കൊല്ലാന്‍ തന്നെ തീരുമാനമായി .പക്ഷെ എന്തിനും പോന്ന തന്തയായ അബ്ദുള്ള ഹാജിയുടെ മകനെന്ന സങ്കോചമവരെ ഒട്ടു പുറകോട്ടു വലിച്ചു പക്ഷെ ഒടുവില്‍ അബ്ദുള്ള ഹാജിയുടെ മൂന്നാം ബീവിയുടെ അറയിലും അബ്ദുക്കുട്ടന്റെ ശരീരം കണ്ട് തുടങ്ങിയെന്ന വാര്‍ത്ത പരന്നു തുടങ്ങിയപ്പോള്‍ അബ്ദുള്ള തന്നെയാവണം ആ തീരുമാനത്തിന് അനുമതി കൊടുത്തത് - തല്ലിക്കൊല്ലുക . പക്ഷെ ചത്തില്ല നട്ടെല്ല് തളര്‍ന്ന് , കൈകാലുകള്‍ മരവിച്ച് , ചലന ശേഷിയില്ലാതെ , .അബ്ദുള്ളാ ഹാജി തന്നെ അയാളെ സംരക്ഷിക്കാന്‍ തയ്യാറായെങ്കിലും ആ അവസ്ഥയിലും അയാള്‍ വിധേയനായില്ല . അബ്ദുക്കുട്ടന്റെ പൌരുഷം അനുഭവിച്ചറിഞ്ഞ ഒരു വിധവ ആരെയും കൂസാതെ അയാളെ സംരക്ഷിച്ചു , ചികിത്സിച്ചു . നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷംചികിത്സകളുടെ ഒക്കെ പരിണിത ഫലമായി ഒരു പുനര്‍ജന്മം പോലെ അബ്ദുക്കുട്ടന്‍ എണീറ്റു , നടക്കാന്‍ തുടങ്ങി , പഴയ പോലെ ആരോഗ്യമുള്ള ഒരുമനുഷ്യനാകും എന്ന് എല്ലാവരും കരുതി , പക്ഷെ തന്റെ വര്‍ഷങ്ങള്‍ നീണ്ട നിസ്സഹായതയെ അവസാനിപ്പിക്കുകയായിരുന്നു .



തൊത്തോത്തെ ചന്ദ്രേട്ടന്‍

തൊത്തോത്തെ ചന്ദ്രേട്ടന്‍ ഒരു ഹൃദയ സ്തംഭനം വന്നാണ് മരിക്കുന്നത് , ഹൃദയസ്തംഭനം സാധാരണമാണെങ്കിലും ചന്ദ്രേട്ടന്റെ കാര്യത്തീല്‍ അതില്‍ വലിയ അസ്വാഭാവികതയുണ്ട് .ആകാശം ഇടിഞ്ഞു വീണാലും ഒന്നുമില്ലെന്ന് ഭാവിക്കുന്ന ആളുകളുടെ രാജാവാക്കാന്‍ പറ്റുന്നത്ര നിസ്സംഗത നിറഞ്ഞ ജീവിതമായിരുന്നു അത് . ചന്ദ്രേട്ടനെ എനിക്കറിയുന്ന കാലം ഒരു ഒരു സാധാരണ ജീവിതം നയിക്കുന്ന മധ്യ വയസ്കന്റേതു മാത്രമായിരുന്നു , എപ്പോഴും പുഞ്ചിരിക്കുന്ന ഒരു കുടുംബസ്ഥന്‍ പക്ഷെ അതായിരുന്നില്ല ചന്ദ്രേട്ടന്‍ , മൂപ്പരുടെ കഥയില്‍ പലതും പഴമക്കാര്‍ പറഞ്ഞാണ് ഞാനറിഞ്ഞിട്ടുള്ളത് .

ആദ്യം കേള്‍ക്കുന്നവര്‍ തൊത്തോത്ത് എന്നത് ചന്ദ്രേട്ടന്റെ കുടുംബപേരാണെന്ന് ധരിക്കാനാണ് ഏറെയും സാധ്യതയെങ്കിലും അതൊരു ഇരട്ടപ്പേരാണ് .എന്റെ ബാല്യം ചന്ദ്രേട്ടന്റെ ജീവിതത്തിന്റെ അവസാന പാദം മാത്രം കണ്ടതു കൊണ്ടു കാര്‍ന്നോന്മാര്‍ പറഞ്ഞ കഥകളിലൂടെയാണ് അതിനെ രേഖപ്പെടുത്തേണ്ടത് , അതിങ്ങനെ പറഞ്ഞു തുടങ്ങാം .


അച്ഛനു മദ്രാസില്‍ കടയും കുടുംബ വക ഭൂസ്വത്തു മൊക്കെയുള്ള സാമാന്യം സമ്പന്നമായ കുടുംബത്തില്‍ മൂന്നു സഹോദരിമാര്‍ക്കു ഇളയതായാണ് ചന്ദ്രേട്ടന്‍ വളര്‍ന്നു വന്നത് . ഇളയ കുട്ടിയായത് കൊണ്ടുണ്ടായ മൂന്നു സഹോദരിമാരുടെ അമിത ലാളനയാലാണോ അതോ മറ്റെന്തെങ്കിലും അസുഖം കൊണ്ടാണൊ എന്നുമറിയില്ല കൊഞ്ഞപ്പോടെയായിരുന്നു വളര്‍ന്നു വന്നത് , അപ്പുക്കിളിയുടെ ചെറിയൊരു പതിപ്പായിരിക്കണം - ബാല്യം കടന്നപ്പോള്‍ തന്നെ മൂത്ത ചേച്ചിമാരെയൊക്കെ വിവാഹം കഴിച്ചയച്ചത് കൊണ്ടു ഒറ്റപ്പെട്ട് പോയ ഒരു കൌമാരകാലമായിതീര്‍ന്നു , പിന്നീടാണ് കാണുന്ന സ്ത്രീകളെയൊക്കെ തൊടണമെന്ന ഒരു തരം ആര്‍ത്തിയോ അഭിവാഞ്ചയോ ഒക്കെ ചന്ദ്രേട്ടനില്‍ പ്രകടമായത് - വേറെ ഒന്നും വേണ്ടാ കയ്യിലോ മുഖത്തോ ഒന്നു തൊട്ടാല്‍ മാത്രം മതിയെന്നായിരുന്നു - അതിനു അനുവാദവും ചോദിക്കും “ ഒന്നു തൊത്തോത്തെ “ എന്നു , ആദ്യമൊക്കെ അല്‍ഭുതം കലര്‍ന്ന ഭാവത്തോടെ നോക്കിയിരുന്ന പെണ്ണുങ്ങള്‍ക്കു ഈ ചോദ്യവും ഈ തൊടലും അതിനു ശേഷമുള്ള ആത്മനിര്‍വൃതിയുടെ മുഖഭാവവുമൊക്കെ വലിയ തമാശയായി , അവര്‍ പരസ്പരം പറഞ്ഞു ചിരിച്ചു .ബാല്യത്തില്‍ നിറഞ്ഞു നിന്നിരുന്ന സഹോദരിമാരുടെ ലാളനകള്‍ നഷ്ടമായ ഒരാളുടെ വ്യഥയാണോ ലൈംഗികമായ ഉണര്‍വ്വാണൊ എന്നറിയാനാവാത്ത വിധം ആ കൌമാരം ധര്‍മ്മസങ്കടത്തിന്റെ ചുഴിയില്‍ ഉഴറിയലഞ്ഞു . ആളുകളുടെ തമാശകള്‍ ഇരട്ടപ്പേരുകളും കഥകളുമായൊക്കെ നാട്ടില്‍ തന്നെ വട്ടം തിരിഞ്ഞു വന്നപ്പോള്‍ ചന്ദ്രേട്ടനെ മദ്രാസില്‍ അച്ഛന്റെ കടയിലേക്കു പറഞ്ഞയക്കുകയായിരുന്നു , പിന്നീടു കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചന്ദ്രേട്ടന്‍ നാട്ടിലേക്കു തിരിച്ചു വരുന്നത് - അപ്പോഴെക്കും ഒരു നവയുവാവിന്റെ എല്ലാ ഗാംഭീര്യവും കൈവന്ന ഒരാളായി മാറിയിരുന്നു , പഴയ തൊത്തോത്തെ കഥകളൊക്കെ ആളുകള്‍ ആ പ്രഭാവത്തില്‍ മറന്നു പോയിരുന്നു .


പിന്നീട് വിവാഹമായിരുന്നു അന്നത്തെ നിലയ്ക്കും വിലയ്ക്കും യോജിച്ച രീതിയില്‍ തന്നെ ആര്‍ഭാടമായ വിവാഹം , അടക്കവും ഒതുക്കവും സൌന്ദര്യവുമുള്ള കുട്ടി . വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ചന്ദ്രേട്ടന്‍ വീണ്ടും പഴയ തൊത്തോത്തെ ചന്ദ്രേട്ടനിലേക്കു പരിണമിച്ചത് - സുന്ദരിയായ ഒരു ഭാര്യയെ വീട്ടിലിരുത്തി വീട്ടു വാല്യക്കാരെയും പാടത്തെ പണിക്കു വരുന്ന പെണ്ണുങ്ങളെയും “ഒന്ന് തൊത്തോത്തെ “ എന്ന അപേക്ഷയുമായി പരിഹാസ പാത്രമായി തീര്‍ന്നത് - ആളുകള്‍ കഥകള്‍ പലത് മെനഞ്ഞു ,ഊഹാപോഹങ്ങളും ഉപജാപങ്ങളും വക വെക്കാതെ , നിസ്സംഗതയുടെ കനത്ത ആവരണത്തിന്മേല്‍ ചന്ദ്രേട്ടന്‍ വെറുതെ നാട്ടുവെയിലില്‍ അലഞ്ഞു നടന്നു , മഴ കൊണ്ട് , വല്ലപ്പോഴുമൊക്കെ വീട്ടില്‍ വന്നു , അതിനിടയ്ക്കു ചിലരെങ്കിലും കൂട്ടുകാരായി ചമഞ്ഞു ചന്ദ്രേട്ടന്റെ അസംതൃപ്തയായ ഭാര്യയെ സ്നേഹിക്കാന്‍ ഒരുങ്ങിയെങ്കിലും അവരും അപ്പോഴെക്കും ഇതു വിധിയെന്ന മട്ടില്‍ നിര്‍മമതയുടെ അടയാളമായി ജീവിച്ചു തുടങ്ങിയിരുന്നു , സംതൃപ്തിയും അസംതൃപ്തിയുമൊക്കെ വേര്‍ തിരിച്ചറിയാനാവാത്ത വിധം ആ പെണ്‍കുട്ടി തളര്‍ന്നു പോയിരിക്കണം . കൃത്യതയില്ലാത്ത അലച്ചിലുകള്‍ , നിസ്സംഗമായ ജീവിതം വര്‍ഷങ്ങള്‍ കൊണ്ടൊന്നും മാറ്റമുണ്ടായില്ല - മകന്റെ ജീവിതത്തിന്റെ ഒഴുക്കിന്റെ ഗതിയറിയാതെ പകച്ചു നിന്ന അമ്മയും അച്ഛനും ഇതിനിടയ്ക്കു മറ്റൊരു ഇല്ലായ്മയിലേക്കു പോയി , ദൂരെയെവിടെയോ കെട്ടിച്ചു സഹോദരിമാര്‍ അകലെ നിന്നു സഹതപിച്ചു .ജീവിതത്തിലെ ഇല്ലായ്മകളും ദുരന്തങ്ങളും ആഘോഷങ്ങളും ഒന്നും ചന്ദ്രേട്ടനെ അലട്ടിയില്ല , കുടുംബ സ്വത്തുള്ളതു കൊണ്ട് ദാരിദ്ര്യമറിഞ്ഞില്ല ഇനി അഥവാ ദാരിദ്ര്യമായിരുന്നാല്‍ കൂടി അത് ബാധിക്കുന്ന ഒരു മാനസികാവസ്ഥയൊന്നുമായിരുന്നില്ല .

ടാ ചന്ദ്രാ നമുക്കു വല്ല ഡോക്ടറേം കാണിച്ചാലോ “ എന്നു ചോദിച്ച അഭ്യുദയ കാംക്ഷികളോടു ചോദ്യത്തിന്റെ അര്‍ത്ഥശൂന്യതയെ പരിഹസിച്ചു കൊണ്ടു ചിരിച്ചു - അവരുടെ പെണ്ണുങ്ങളോടും ചന്ദ്രേട്ടന്‍ അതു തന്നെ ചോദിച്ചു - “ ഒന്നു തൊത്തോത്തെ ” എന്ന് . സുന്ദരിയായ ഒരു ഭാര്യ വീട്ടിലുള്ളപ്പോള്‍ ഇത്തരത്തിലൊരു അലച്ചിലിനു ഷണ്ഠനാണ് എന്ന ഒരേയൊരു വ്യാഖ്യാനമേ നില നിന്നിരുന്നുള്ളൂ , പുരുഷത്വം നഷ്ടപ്പെട്ട ഒരാളായി അയാള്‍ വീണ്ടും അലഞ്ഞു .

കാലം അങ്ങനെ പലതു കഴിഞ്ഞു പോയി , ചന്ദ്രേട്ടന്റെ “തൊത്തോത്തെ “ ചോദ്യം ഒരു ഉപചാരമായും ആചാരമായും നാട്ടുകാര്‍ ശീലിച്ചെടുത്തു , അതിന്റെ അശ്ലീലത്തെ ഒരു തരം സ്നേഹമായി കരുതി ,നീണ്ട വര്‍ഷങ്ങള്‍ക്കപ്പുറം മധ്യവയസ്സിലെത്തി നില്‍ക്കുമ്പോഴാണ് ചന്ദ്രേട്ടന്റെ അലച്ചില്‍ പോലെ തന്നെ അല്‍ഭുതമായി ആണ് ചന്ദ്രേട്ടന്റെ ഭാര്യ ഗര്‍ഭിണിയായി എന്ന വാര്‍ത്ത നാട്ടുകാര്‍ കേട്ടത് - അത് വല്ലാത്തൊരു സംഭവം തന്നെയായിരുന്നു . കാലപ്പഴക്കം ചന്ദ്രേട്ടന്റെ ഭാര്യയായ സ്ത്രീയെ ആര്‍ക്കും അപവാദം പറയാനാകാത്ത തരത്തില്‍ നിഷ്കളങ്കയെന്നോ പതിവ്രതയെന്നോ തെളിയിച്ചതു കൊണ്ടു മാത്രം ചന്ദ്രേട്ടനില്‍ നിന്നു പിതൃത്വത്തിന്റെ അവകാശം നാട്ടുവഴികളിലെ പരദൂഷണങ്ങളില്‍ കൂടി മറ്റാരിലേക്കും സംക്രമിച്ചില്ല .

നിസ്സംഗത മാത്രം അനുവദിച്ചിരുന്ന ഒരു മുഖഭാവത്തില്‍ നിന്നും ചന്ദ്രേട്ടന്‍ വളരെ പെട്ടെന്ന് ആഹ്ലാദവും ആഘോഷവും എങ്ങനെയാണെന്നു തെളിയിച്ചു തന്നു , വലിയ വീടിന്റെ ഇടനാഴിയിലെ ഇരുട്ടില്‍ മാത്രം ഒതുങ്ങി നിന്ന ചന്ദ്രേട്ടന്റെ ഭാര്യ മധ്യവയസ്സിനോടടുത്ത പ്രായത്തില്‍ നവയുവതിയായി ,

ചന്ദ്രേട്ടനു കുഞ്ഞു ജനിച്ചു , ഒരാണ്‍ കുഞ്ഞ് .ചന്ദ്രേട്ടന്‍ പഴയ അലച്ചിലുകള്‍ ഉപേക്ഷിച്ചു , “തൊത്തോത്തെ” എന്ന ചോദ്യം പോലും മറന്നു .കഴിഞ്ഞ കാലത്തെ നിസ്സംഗമായ ജീവിതത്തോടുള്ള പ്രായശ്ചിത്തമെന്ന മട്ടില്‍ അവര്‍ അതിരു വിട്ട് സന്തോഷിച്ചു .മധ്യവയസ്സില്‍ ഒരു സാധാരണ ദാമ്പത്യം പോലെ തന്നെ അത് വീണ്ടും തളിര്‍ത്തു പുഷ്പിച്ചു ,ചന്ദ്രേട്ടന്റെ മകന് മൂന്നു വയസ്സിന്റെ പിറന്നാള് കഴിഞ്ഞതിന് ശേഷമാണ് ഒരു ചെറിയ നെഞ്ച് വേദന വരുന്നത് , ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് തന്നെ ഇടനെഞ്ചിലെ ആ ചലനം നിലച്ചിരുന്നു ,ചന്ദ്രേട്ടനും .

ചന്ദ്രേട്ടന്റെ മരണ ശേഷം ആ സ്ത്രീ വലിയ ദുഖപുത്രി ചമയാതെ തന്നെ മകനെ വളര്‍ത്തി , രൂപത്തില്‍ ചന്ദ്രേട്ടന്റെ തനിപ്പകര്‍പ്പായിരുന്നു ചന്ദ്രേട്ടന്റെ മകന്‍ .പക്ഷെ അയാള്‍ വളര്‍ന്നതും മുതിര്‍ന്നതും തികഞ്ഞ പക്വതയോടെ , വിശേഷ ബുദ്ധിയോടെ എല്ലാരെയും അതിശയിപ്പിച്ചു കൊണ്ടായിരുന്നു , പഴയ കഥകളുടെ ക്ലൈമാക്സ് പോലെ ആ മകന്‍ പഠിച്ച് വലിയ ഉദ്യോഗത്തിലെത്തി അങ്ങനെ ആ അമ്മയും മകനും സന്തോഷമായി ശേഷം ജീവിതം കഴിച്ചു കൂട്ടി . ആ കഥയും അങ്ങനെ അവിടെ തീരുന്നു .

പക്ഷെ അവശേഷിപ്പിക്കുന്ന ചോദ്യമിതായിരുന്നു അസ്വാഭാവികത തോന്നും വിധത്തിലൊരു വിചിത്രമായ ഭാവം തന്റെ യൌവനത്തെ നശിപ്പിച്ചു കൊണ്ട് സ്വയം സ്വീകരിച്ചത് , മധ്യവയസ്സില്‍ മാത്രം ഉണര്‍ന്ന വന്ന പൌരുഷത്തിന്റെ ഊര്‍ജ്ജത്തിന്മേല്‍ നഷ്ടപ്പെട്ടു പോയ ജീവിതത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞ ഒരാള്‍ സ്വയമെന്തിന് അത്ര കാലം വേഷംകെട്ടി നടന്നു ?