Like

...........

Sunday, 1 July 2012

എട്ടുകാലി മമ്മൂഞ്ഞ്




ജനനം - 1908 ജനുവരി 19 ,തലയോലപ്പറമ്പ്, വൈക്കം
മരണം - 5 ജൂലൈ 1994 , ബേപ്പൂർ, കോഴിക്കോട്

അക്കാദമിക് സിദ്ധാന്തങ്ങളുടെ ബലത്തില്‍ വി സി ശ്രീജനെപ്പോലുള്ളവര്‍ പറയുന്നു വൈക്കം മുഹമ്മദ് ബഷീര്‍ ഒരു മികച്ച സാഹിത്യകാരനല്ലെന്ന് ,എന്‍ എസ് മാധവന്‍ കൊല്ലക്കണക്കും ചരിത്രവും വിശകലനം ചെയ്തു പറയുന്നു മുഹമ്മദ് ബഷീര്‍ കള്ളം പറയുന്നുവെന്ന് .....വിമര്‍ശനങ്ങളും വിലയിരുത്തലുകളും നടത്തി എട്ടുകാലി മമ്മൂഞ്ഞുകളാകുന്നവര്‍ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട് - ബഷീറിനോളം വായിക്കപ്പെട്ടിട്ടുള്ള മറ്റൊരു മലയാളം സാഹിത്യകാരനുണ്ടാകില്ല .സാധാരണക്കാരനെയും ബുദ്ധിജീവിയെയും ബഷീറിന്റെ എഴുത്തുകള്‍ ആശ്ചര്യപ്പെടുത്തുന്നു ,അമ്പരപ്പിക്കുന്നു .നേര്‍ത്ത നര്‍മ്മത്തില്‍ പൊതിഞ്ഞ സാധാരണ ജീവിതങ്ങളാണ് അവ ,അതില്‍ തത്വചിന്തയുണ്ട് ,കാരുണ്യമുണ്ട് ,മനുഷ്യത്വമുണ്ട് ,പലപ്പോഴും ഓര്‍ത്തു പുഞ്ചിരിക്കാന്‍ പാകത്തിലുള്ള എഴുത്താണ് ബഷീറിന്റേത് . മലയാളികളുടെ നിത്യജീവിതത്തില്‍ “എട്ടുകാലി മമ്മൂഞ്ഞ് “ നോളം പരാമര്‍ശിക്കപ്പെട്ട മറ്റൊരു കഥാപാത്രമുണ്ടാകില്ല ,കഥാപാത്രം വളര്‍ന്നു ഒരു പ്രയോഗമായി മാറിയ മറ്റൊരു ചരിത്രവുമില്ല . “ "ഇതും ഇതിലപ്പൊറോം ചെയ്യിണ ഹറാംപെറന്നോനാണ്‌ ഞമ്മള്‌" എന്നു പറഞ്ഞു മീശ പിരിക്കുന്ന എട്ടുകാലി മമ്മൂഞ്ഞിനെ സങ്കല്പചിത്രത്തിലിട്ട് നോക്കി നമ്മള്‍ മലയാളികള്‍ എത്ര ചിരിച്ചിട്ടുണ്ടാവണം ,നിത്യജീവിതത്തില്‍ കാണുന്ന ചിലരെയെങ്കിലും എട്ടുകാലി മമ്മൂഞ്ഞുമായി താരതമ്യപ്പെടുത്തിയിട്ടുണ്ടാകില്ലെ ? എട്ടുകാലി മമ്മൂഞ്ഞ് തന്നെയാകണം മലയാള സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കഥാപാത്രം ,അത് വായിക്കാത്തവര്‍ പോലും പല തവണ മമ്മൂഞ്ഞിനെ പരാമര്‍ശിച്ചിട്ടുണ്ടാകണം .


എട്ടുകാലി മമ്മൂഞ്ഞ്


എവിടെയെങ്കിലും ഒരു സ്ത്രീക്ക്‌ ഗര്‍ഭമായി കണ്ടാല്‍ 'അതു ഞമ്മളാണ്‌' എന്ന്‌ എട്ടുകാലി മമ്മൂഞ്ഞ്‌ അന്നു പറഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. അന്നതിനൊന്നും മേല്‍പടിയാന്‌ ധൈര്യമില്ലായിരുന്നു. പ്രസിദ്ധ കള്ളന്മാരായ ആനവാരി രാമന്‍നായര്‍, പൊന്‍കുരിശുതോമാ എന്നിവരുടെ ഒരനുഭാവിയായിരുന്നു എട്ടുകാലി മമ്മൂഞ്ഞ്‌. എന്നിരുന്നാലും അവരുടെ ഇടയില്‍ വലിയ സീറെറാന്നും ഉണ്ടായിരുന്നില്ല മൂപ്പര്‍ക്ക്‌. പോക്കറ്റടിക്കാരനായിരുന്ന മണ്ടന്‍ മൂത്തപാ, മൂച്ചീട്ടുകളിക്കാരാനായിരുന്ന ഒറ്റക്കണ്ണന്‍ പോക്കര്‌ എന്നിവരും എട്ടുകാലി മമ്മൂഞ്ഞിനെ വലിയ കാര്യമൊന്നുമാക്കിയിരുന്നില്ല.

കുറെക്കാലം മുമ്പ്‌ സാമാന്യം ഭേദപ്പെട്ട ഒരു എട്ടുകാലിയായിരുന്നുവെന്നേ മമ്മൂഞ്ഞിനെ കണ്ടാല്‍ തോന്നു. തല വളരെ ചെറുതും പൊക്കം വളരെ കുറവുമാണ്‌ മൂപ്പര്‍ക്ക്‌. ആകെക്കൂടി മമ്മൂഞ്ഞിന്‌ അഭിമാനിക്കുവാനുള്ളത്‌ മീശയാണ്‌. അതു രണ്ടു വശത്തും ഓരോ മുഴം നീളത്തില്‍ മൂപ്പരങ്ങനെ വളര്‍ത്തിവിട്ടിരിക്കയാണ്‌. വഴിയെ പോകുമ്പോള്‍ സ്ത്രീകളുടെ ദേഹത്ത്‌ എട്ടുകാലി മമ്മൂഞ്ഞ്‌ മീശ മുട്ടിക്കുമെന്നൊരു പരാതിയുമുണ്ട്‌. എട്ടുകാലി മമ്മൂഞ്ഞിനെപ്പററി വേറൊന്നുള്ളത്‌ അദ്ദേഹം പുരുഷനല്ലെന്നുള്ളതാണ്‌. സ്ത്രീയുമല്ല. നപുംസകം. ഈ രഹസ്യം സ്ഥലത്തെ സ്ത്രീകള്‍ക്കെല്ലാം അറിയാവുന്നതാണ്‌. ഇതെങ്ങനെയാണ്‌ അവരറിഞ്ഞിട്ടുള്ളതെന്ന്‌ ആര്‍ക്കും ഒരെത്തുംപിടിയുമില്ല.

എട്ടുകാലി മമ്മൂഞ്ഞിനെ കോട്ടുമമ്മൂഞ്ഞ്‌ എന്നും ആളുകള്‍ വിളിക്കാറുണ്ട്‌. നാലോ ആറോ പേരുകൂടി ചീട്ടുകളിക്കാന്‍ തുടങ്ങുമ്പോള്‍ മമ്മൂഞ്ഞ്‌ ചാടി എണീറ്റ്‌ 'കോട്ടൊണ്ടോ? ' എന്നു ചോദിക്കുന്നതു പതിവാണ്‌. അതില്‍നിന്നാണ്‌ മൂപ്പര്‍ക്ക്‌ കോട്ടുമമ്മൂഞ്ഞ്‌ എന്നു പേരുകിട്ടിയത്‌. മമ്മൂഞ്ഞിനെക്കൊണ്ട്‌ വല്ലകാര്യവും കാണാനുള്ളവര്‍ ബഹുമാനപൂര്‍വം കോട്ടുസാഹിബ്‌ എന്നും വിളിക്കാറുണ്ട്‌. എങ്കിലും പട്ടയത്തില്‍ പതിഞ്ഞ പേര്‌ എട്ടുകാലി മമ്മൂഞ്ഞ്‌ എന്നുതന്നെയാണ്‌. മൂപ്പര്‍ക്കെല്ലാവരോടും സ്നേഹമാണ്‌. ആരെന്തുപറഞ്ഞാലും യാതൊരു മടിയും കൂടാതെ മൂപ്പരതുചെയ്യും. മണ്ടന്‍ മൂത്തപായുടെ ചായക്കട അടിച്ചുവാരുക, പാത്രങ്ങള്‍ കഴുകുക, വിറക്‌ കീറിക്കൊടുക്കുക, സ്ഥലത്തെ രണ്ടു പോലീസുകാരുടെ ബല്‍ട്ട്‌ പോളീഷ്‌ ചെയ്യുക, അവരുടെ തൊപ്പിയിലുള്ള നമ്പര്‍ പൊടിമണ്ണിട്ടു തൂത്തു പൊന്നുപോലെയാക്കുക, പോലീസ്‌ സ്റ്റേഷനിലെ ലോക്കപ്പുമുറി അടിച്ചുവാരി ക്ലീനാക്കുക, എന്നുവേണ്ട ആര്‍ക്കും എന്തും ചെയ്യും മൂപ്പര്‌. എന്നാലും, എട്ടുകാലി മമ്മൂഞ്ഞിനെ ആരും സ്നേഹിക്കുന്നില്ല. തന്നെയുമല്ല, മൂപ്പരെപ്പറ്റി അവജ്ഞയോടെ 'ഓ, എട്ടുകാലി മമ്മൂഞ്ഞോ' എന്നേ സ്ഥലവാസികള്‍ പറയൂ. എട്ടുകാലിമമ്മൂഞ്ഞ്‌ എല്ലാവരെയും സ്നേഹിക്കുന്നു.

സംഗതികള്‍ ഇങ്ങനെയിരിക്കെ സ്ഥലത്ത്‌ ഒരു പ്രധാന സംഭവമുണ്ടായി.

ഒരു ദിവസം ആനവാരി രാമന്‍നായര്‍ മണ്ടന്‍ മുത്തപായുടെ ചായക്കടയിലേക്ക്‌ പോവുകയായിരുന്നു. അപ്പോള്‍ പിറകില്‍നിന്ന്‌, 'അടേ ആനവാരി' എന്നൊരു വിളി കേട്ടു. ആനവാരി രാമന്‍നായര്‍ തിരിഞ്ഞുനോക്കുമ്പോള്‍ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞാണ്‌. ആനവാരി രാമന്‍നായര്‍ക്ക്‌ ദേഷ്യംവന്നു എന്ന്‌ പറയേണ്ട ആവശ്യമില്ലല്ലോ. ആനവാരി രാമന്‍നായരെ കേറി 'അടേ ആനവാരി' എന്നു വിളിക്കാന്‍ ലൈസന്‍സ്‌ അധികമാര്‍ക്കും ഇല്ല. നമ്മുടെ പ്രധാനമന്ത്രിയോ പ്രസിഡണ്ടോ വിളിക്കയാണെങ്കില്‍ത്തന്നെയും ആനവാരി രാമന്‍നായര്‍ക്കതിഷ്ടമല്ല. കാരണം അവരാരും ആനവാരി രാമന്‍നായരുടെ സമത്വത്തിലുള്ളവരല്ലെന്നുള്ളതാണ്‌. മേല്‍പടിയാനെക്കേറി 'അടേ ആനവാരി' എന്നു താഴെ പറയുന്നവര്‍ക്ക്‌ വിളിക്കാം. പൊന്‍കുരിശു തോമാ, ജനാബ്‌ മണ്ടന്‍ മൂത്തപാ, ജനാബ്‌ ഒറ്റക്കണ്ണന്‍ പോക്കര്‌, ബഹുമാനപ്പെട്ട രണ്ടുപോലീസുമൂരാച്ചികള്‍, ഈ വിനീത ചരിത്രകാരന്‍. ഞങ്ങളെ കൂടാതെ വേറെയും ചിലരുണ്ട്‌. അവരെല്ലാം ഇപ്പോള്‍ അണ്ടര്‍ഗ്രൗണ്ടിലാണ്‌.

സംഗതിയുടെ ഗൗരവം ഈവിധമിരിക്കെ എട്ടുകാലിമമ്മൂഞ്ഞിന്റെ കഴുത്തിനു ഞെക്കിപ്പിടിച്ചു കൊന്നു വലിച്ചെറിഞ്ഞാലെന്താണെന്നുവരെ ആനവാരി രാമന്‍നായര്‍ക്കു തോന്നി. എന്നാല്‍ ആ ഭയങ്കര കൃത്യം നടക്കുന്നതിനു മുമ്പ്‌ എട്ടുകാലി മമ്മൂഞ്ഞ്‌ അടുത്തു ചെന്നു ചോദിച്ചു;

"സംഗതി അറിഞ്ഞോ?"

ആനവാരി രാമന്‍നായര്‍ എന്തെങ്കിലും ചെയ്യുന്നതിനുമുമ്പുതന്നെ എട്ടുകാലി മമ്മൂഞ്ഞ്‌ ആ ഭയങ്കര രഹസ്യം പറഞ്ഞു കളഞ്ഞു. ആനവാരി രാമന്‍നായര്‍ക്കുവിശ്വാസിക്കാന്‍ കഴിഞ്ഞില്ല. അത്ഭുതത്തോടെ ആനവാരി ചോദിച്ചു;

"നേരോ?"

എട്ടുകാലി മമ്മൂഞ്ഞ്‌ മീശ വീണ്ടും പിരിച്ചുകൊണ്ട്‌ വളരെ ഗൗരവത്തോടെ പറഞ്ഞു "നേര്‌"

അങ്ങനെ അവര്‍ മണ്ടന്‍ മൂത്തപായുടെ ചായക്കടയിലേക്കു നടന്നു. വഴിക്കുവെച്ച്‌ നമ്മുടെ പൊന്‍കുരിശു തോമായെ കണ്ടു. കണ്ടയുടനെ എട്ടുകാലി മമ്മൂഞ്ഞ്‌ ചോദിച്ചു;

"അടേ പൊന്‍കുരിശേ സംഗതി അറിഞ്ഞോ?"

പൊന്‍കുരിശു തോമായ്ക്ക്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ കരണത്ത്‌ പടപടേന്ന്‌ ഒരാറെണ്ണം കൊടുക്കാന്‍ തോന്നി. കാരണം, പൊന്‍കുരിശു തോമായേയും "അടേ പൊന്‍കുരിശേ" എന്ന്‌ പ്രധാനമന്ത്രി, പ്രസിഡണ്ട്‌, ഏതെങ്കിലും രാജപ്രമുഖന്‍ എന്നിവര്‍ കൂടി വിളിച്ചാല്‍ത്തന്നെ മൂപ്പര്‍ക്കിഷ്ടമില്ല. കാരണം അവരൊന്നും സമന്മാരല്ലല്ലോ. ആനവാരി രാമന്‍നായരെക്കേറി ആര്‍ക്കെല്ലാം "അടേ ആനവാരീ" എന്നു വിളിക്കാമോ അവര്‍ക്കെല്ലാം പൊന്‍കുരിശു തോമായേയും "അടേ പൊന്‍കുരിശേ" എന്നുവിളിക്കാം.

ആ പട്ടികയില്‍പ്പെട്ട ആളല്ലല്ലോ നമ്മുടെ എട്ടുകാലി മമ്മൂഞ്ഞ്‌. പൊന്‍കുരിശുതോമാ എട്ടുകാലി മമ്മൂഞ്ഞിനെ കേറി അടിക്കുന്നതിനുമുമ്പ്‌ ആനവാരി രാമന്‍നായര്‍ പൊന്‍കുരിശുതോമായോട്‌ ആ രഹസ്യം പറഞ്ഞു. പൊന്‍കുരിശുതോമായും അത്ഭുതത്തോടെ ചോദിച്ചു;

"അടേ എട്ടുകാലീ, നേരോ ഇത്‌?"

അപ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ്‌ തന്റെ മീശ പിരിച്ചുകൊണ്ട്‌ പറഞ്ഞു; "ഇതും ഇതിലപ്പൊറോം ചെയ്യിണ ഹറാംപെറന്നോനാണ്‌ ഞമ്മള്‌"

അങ്ങനെ അവര്‍ മണ്ടന്‍ മൂത്തപായുടെ ചായക്കടയിലെത്തി, അപ്പോള്‍ അവിടെ മണ്ടന്‍ മൂത്തപാ, ഒറ്റക്കണ്ണന്‍ പോക്കര്‌, സ്ഥലത്തെ രണ്ട്‌ പോലീസുമൂരാച്ചികള്‍ എന്നീ മാന്യന്മാരുമുണ്ടായിരുന്നു. അവരോടും ആ രഹസ്യം എട്ടുകാലി മമ്മൂഞ്ഞ്‌ പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവരും ചോദിച്ചു; നേരോ, നേരോ ഇത്‌?

എട്ടുകാലി മമ്മൂഞ്ഞ്‌ അതിനു സമാധാനം പറഞ്ഞില്ല. വളരെ ഗൗരവത്തോടുകൂടി മീശപിരിച്ചുകൊണ്ട്‌ മന്ദഹസിക്കുക മാത്രം ചെയ്തു. ഉടനെ മണ്ടന്‍ മൂത്തപാ പറഞ്ഞു "ഞമ്മടെ വക എട്ടുകാലി മമ്മൂഞ്ഞിന്‌ ഒരു ശായ". തന്നെയുമല്ല ഒറ്റക്കണ്ണന്‍ പോക്കരുടെ വക രണ്ടു കഷണം പുട്ട്‌, ആനവാരി രാമന്‍നായരുടെ വക കടലയ്ക്ക പുഴുങ്ങിയത്‌, പൊന്‍കുരിശു തോമായുടെ വക രണ്ടുപഴം, രണ്ടു പോലീസുമൂരാച്ചികളുടെ വകയായി ഒരു വടയും ഒരു സുഖിയനും. ഇങ്ങനെ ചായയെല്ലാം കുടിച്ച്‌ ബീഡിയെല്ലാം വലിച്ച്‌ സ്ഥലത്തെ പ്രധാനികളിലൊരാളായിത്തീര്‍ന്നു എട്ടുകാലി മമ്മൂഞ്ഞ്‌.


ഞൊടിയിടകൊണ്ട്‌ എന്നുതന്നെ പറയാം, എട്ടുകാലി മ്മൂഞ്ഞ്‌ ചെയ്ത ധീരപ്രവൃത്തി നാട്ടുകാരെല്ലാവരും അറിഞ്ഞു. ഗാംഭീര്യമുള്ള ഒരു പുരുഷനെന്ന നിലയ്ക്ക്‌ എട്ടുകാലി മമ്മൂഞ്ഞ്‌ പ്രശസ്തനുമായി. രണ്ട്‌ പെണ്ണുങ്ങള്‍ കൂടിയാല്‍ അവരുടെ കുശുകുശുപ്പ്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ ധീരപ്രവൃത്തിയെപ്പറ്റിയാണ്‌;

എന്നാലും എട്ടുകാലി മമ്മൂഞ്ഞുകേമനാണേയ്‌.

ഇതാണ്‌ സ്ത്രീകളുടെ പ്രസ്താവന.

ഇനി പറയുവാന്‍ പോകുന്നത്‌ എട്ടുകാലി മമ്മൂഞ്ഞിനെ കേമനാക്കിയ ധീരപ്രവൃത്തിയെപ്പറ്റിയാണ്‌. അതൊരു രഹസ്യമാണെന്ന്‌ ഇതിനിടയ്ക്ക്‌ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടല്ലോ? അതുകൊണ്ട്‌ ഈ ചരിത്രത്തിന്റെ സ്പീഡ്‌ അല്‍പം കുറയ്ക്കുവാന്‍ പോകുകയാണ്‌. നമ്മളീ ചരിത്രത്തില്‍നിന്ന്‌ ഒരു രണ്ടര മെയില്‍ ദൂരം പോകേണ്ടിയിരിക്കുന്നു. കുന്നിന്‍ചെരുവിലേക്കാണ്‌. കുണ്ടും കുഴിയുമെല്ലാം കടന്നു നമ്മളങ്ങ്‌ ചെല്ലുമ്പോള്‍ വൈക്കോല്‍ മേഞ്ഞ ഒരു ചെറിയ വീടു കാണും. അവിടെയാണ്‌ സ്ഥലത്തെ പ്രധാന പിശുക്കനായ ഉണ്ടക്കണ്ണന്‍ അന്ത്രു താമസിക്കുന്നത്‌. മൂപ്പര്‍ക്കു ചന്തയില്‍ ഒരു കടയുണ്ട്‌. ചക്കര അല്ലെങ്കില്‍ കരുപ്പെട്ടി വ്യാപാരം. ഉണ്ടക്കണ്ണന്‍ അന്ത്രു സ്ഥലത്തെ പ്രധാന പണക്കാരില്‍ ഒരുവനാണ്‌. ആ മഹാന്‍ ധര്‍മ്മം കൊടുക്കയില്ല, വായ്പകൊടുക്കയില്ല, പണയത്തിനു പണം മൂപ്പരുകൊടുക്കയില്ല. ഈ പണമെല്ലാം എവിടെയാണു സൂക്ഷിക്കുന്നതെന്നും ആര്‍ക്കും അറിഞ്ഞുകൂടാ. ആനവാരി രാമന്‍നായരും പൊന്‍കുരിശു തോമയുംകൂടി രണ്ടു പ്രാവശ്യം രാത്രി അവിടെ കേറി നോക്കിയിട്ടുള്ളതാണ്‌. ആ വീട്ടില്‍ പെട്ടിയില്ല.


പണം കുഴിച്ചിട്ടിരിക്കുകയാണെന്നാണ്‌ നാട്ടുകാരുടെ പരിപൂര്‍ണബോദ്ധ്യം. അതെവിടെയാണന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടാ. പണത്തിന്റെ കാര്യം പോകട്ടെ. ഇപ്പോള്‍ നമുക്കു പണം ഒരു പ്രശ്നമല്ലല്ലോ. ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഉമ്മ മരിച്ചതിനുശേഷം വീട്ടില്‍ അരിയും കൂട്ടാനും വെക്കാനും അടിച്ചുവാരാനും ആളില്ലാതായി. ഈ ദുര്‍ഘടാവസ്ഥയില്‍നിന്ന്‌ രക്ഷനേടാനായി മൂപ്പരൊരു ചെറുപ്പക്കാരിയായ വേലക്കാരിയെ കൊണ്ടുവന്നു. അവളുടെ പേര്‌ കദജുമ്മ എന്നാണ്‌. അവള്‍ക്ക്‌ സര്‍വ്വചെലവും കഴിച്ച്‌ മാസം രണ്ടണങ്ങ ശമ്പളമായിരുന്നു. അങ്ങനെ ഒന്നുരണ്ടുമാസം കഴിഞ്ഞപ്പോള്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ മനസ്സില്‍ ഒരെരിച്ചില്‍ ഉണ്ടായി. എന്താണെന്നുവെച്ചാല്‍ ഈ ശമ്പളത്തിന്റെ കാര്യമാണ്‌. അദ്ദേഹം കണക്കുകൂട്ടി നോക്കി. ഒരു കൊല്ലത്തില്‍ ഒന്നര രൂപാ. പത്തുകൊല്ലത്തില്‍ പതിനഞ്ചുരൂപാ. നൂറു കൊല്ലത്തില്‍ നൂറ്റിയമ്പതുരൂപാ. അദ്ദേഹം നടുങ്ങിപ്പോയി. ഉടനെതന്നെ അദ്ദേഹം ഒരു മുസലിയാരെ വരുത്തി 'നിക്കാഹ്‌' ചെയ്ത്‌ അവളെ കെട്ടിയോളാക്കി. എന്താണെന്നുവെച്ചാല്‍ കല്യാണം കഴിച്ചു

ഭാര്യയായാല്‍ പിന്നെ അവള്‍ക്കു ശമ്പളം കൊടുക്കേണ്ടല്ലോ. ആവശ്യമെന്നു തോന്നുമ്പോഴൊക്കെ അവളുടെ മുടിക്കു കുത്തിപ്പിടിച്ച്‌ അവളെ ഇടിക്കുകയും ചെയ്യാം.


എന്നാല്‍ സംഗതി അവിടംകൊണ്ടു നിന്നില്ല. കദിജുമ്മ അങ്ങുപ്രസവിക്കാന്‍ തുടങ്ങി. രണ്ടുമൂന്നുപ്രസവം കഴിഞ്ഞപ്പോള്‍ ഈ പ്രസവകാലത്ത്‌ കദിജുമ്മയ്ക്ക്‌ അരിയും കൂട്ടാനും വെക്കാനും മറ്റും വയ്യെന്നായി. ഇത്‌ ഉണ്ടക്കണ്ണന്‍ അന്ത്രുവിനു ബോദ്ധ്യമാകയും ചെയ്തു. ഈ ദുര്‍ഘട സന്ധിയില്‍നിന്നു മോചനം നേടാന്‍ ഒരു വഴിയുണ്ടായി. കദിജുമ്മയുടെ ബന്ധത്തില്‍പ്പെട്ട താച്ചി എന്നു പേരായ പത്തൊമ്പതു വയസ്സുകാരി ഒരു അവിവാഹിതയെ വേലക്കാരിയായി ഉണ്ടക്കണ്ണന്‍ അന്ത്രു കൊണ്ടുവന്നു. അവള്‍ക്ക്‌ ഒന്നരയണയായിരുന്നു മാസശമ്പളം. താച്ചി വേലക്കാരിയായി വന്നു രണ്ടുമാസം കഴിഞ്ഞപ്പോള്‍ അവള്‍ക്കു ഗര്‍ഭം. അതൊരു ഒമ്പതു മാസമായ പടുക്കയുണ്ടായിരുന്നു. അതെങ്ങനെ ഉണ്ടായി എന്ന്‌ ആര്‍ക്കും അറിഞ്ഞുകൂടാ. ആ ഗര്‍ഭസംബന്ധമായാണ്‌ എട്ടുകാലി മമ്മൂഞ്ഞ്‌ അതു ഞമ്മളാണ്‌ എന്നു പറഞ്ഞത്‌.

തിരിഞ്ഞോ?

നാടൊട്ടുക്ക്‌ എട്ടുകാലി മമ്മൂഞ്ഞ്‌ പറഞ്ഞുനടന്നെങ്കിലും താച്ചി അതു സമ്മതിച്ചില്ല. അവള്‍ പറയുന്നത്‌ ആരുമല്ലെന്നാണ്‌. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങളെക്കൊണ്ടു സത്യം പറയിക്കാന്‍ ലോകത്തിലെ മഹാന്മാര്‍ പല രഹസ്യവഴികളും കണ്ടുവെച്ചിട്ടുണ്ട്‌. തന്നെയുമല്ല, 'പെണ്ണുങ്ങളെക്കൊണ്ടു സത്യം പറയിക്കാനുള്ളവഴികള്‍' എന്നൊരു ഗ്രന്ഥംതന്നെയുണ്ട്‌. അതില്‍ 33,33,333 വഴികളാണുള്ളത്‌. അതില്‍ ഉണ്ടക്കണ്ണന്‍ അന്ത്രു സ്വീകരിച്ചത്‌ വെറും മൂന്നേ മൂന്നു വഴികള്‍ മാത്രമാണ്‌.


1. കുരുമുളകു പൊടിച്ചു പെണ്ണിന്റെ കണ്ണില്‍ എഴുതുക
2. കത്തികൊണ്ടു പെണ്ണിന്റെ ദേഹത്തെല്ലാം ചെറിയ മുറിവുകളുണ്ടാക്കി മുളകും ഉപ്പുംകൂടി അരച്ചു മുറിവായില്‍ പുരട്ടുക.
3. തീക്കനലെടുത്ത്‌ അവളുടെ കൈവെള്ളയില്‍ വയ്ക്കുക.


ഈ മൂന്നു വഴികളില്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്‌ ഏറ്റവും ശരിയായി തോന്നിയത്‌ മൂന്നാമത്തേതാണ്‌. കാരണം, അതില്‍ നമുക്കു നഷ്ട്ടപ്പെടാനൊന്നുമില്ല. അങ്ങനെ താച്ചിയുടെ കൈവെള്ളയില്‍ ഉണ്ടക്കണ്ണന്‍ അന്ത്രുതന്നെ തീക്കനല്‍ വച്ചു. പെണ്ണല്ലേ - എന്നിട്ടും അവള്‍ സത്യം പറഞ്ഞില്ല. അവള്‍ ആണയിട്ടു പറഞ്ഞു 'ആരുവല്ല'.

സംഗതി ഈ പതനത്തിലെത്തിയപ്പോള്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്‌ എന്താ ചെയ്യേണ്ടതെന്നറിയാന്‍ വയ്യാതായി. വല്ല സുഖക്കേടുമായിരിക്കുമെന്ന്‌ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ഭാര്യ പറഞ്ഞു. അങ്ങനെ സുഖക്കേടിലും ഗര്‍ഭത്തിലുമായി ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ചിന്തകള്‍ കുറേ ദിവസം പാഞ്ഞു നടന്നു. പിന്നീട്‌ അദ്ദേഹം അതത്ര കാര്യമാക്കിയില്ല. കാരണം, അദ്ദേഹത്തിനു ചക്കരവ്യാപാരമാണ്‌ ജോലി. അത്‌ ധാരാളം ലാഭം കിട്ടുന്ന പണിയുമാണ്‌. ഈ ലാഭം കിട്ടുന്നതില്‍ ഒരു രഹസ്യമുണ്ട്‌. ചക്കരവ്യാപാരംചെയ്ത്‌ പണക്കാരാകാന്‍ ആഗ്രഹിക്കുന്നവരുടെ അറിവിലേക്കായി ആ രഹസ്യം ഈ വിനീത ചരിത്രകാരന്‍ ഇവിടെ പറയാന്‍ പോകുന്നു. ഉടഞ്ഞതും തകര്‍ന്നതുമായ നല്ല ചക്കര വിലകുറച്ചു വാങ്ങിക്കുക. അതൊരു വലിയ കലത്തില്‍ വെള്ളമെല്ലാമൊഴിച്ചു തീ കത്തിച്ചുരുക്കുക. എന്നിട്ട്‌ ആ കലത്തിലേക്കു ധാരാളം തവിടും പിണ്ണാക്കുമിട്ടു നല്ലവണ്ണമിളക്കി, ചളിപ്പരുവമാകുമ്പോള്‍ ചെറിയ ചിരട്ടകളില്‍ പകര്‍ന്നു വയ്ക്കുക. അതുറച്ചുകഴിയുമ്പോള്‍ ചിരട്ടയില്‍നിന്നെടുത്തു കൊട്ടയില്‍ കുറെ വൈക്കോലെല്ലാമിട്ട്‌ അടുക്കി 'ഹായ്‌ കൊച്ചു ചക്കര' എന്നുള്ള മുദ്രവാക്യത്തോടുകൂടി വില്‍ക്കുക. എളുപ്പം ആരും പണക്കാരനാകും. ഇല്ലെങ്കില്‍ വേറെ വഴി പറഞ്ഞുതരാം.


അപ്പോള്‍ നമ്മള്‍ പറഞ്ഞുവന്നത്‌ താച്ചിയുടെ ഗര്‍ഭത്തെപ്പറ്റിയാണല്ലോ. പതിനൊന്നു മാസമായിട്ടും അവള്‍ പ്രസവിച്ചില്ല. അങ്ങനെയിരിക്കെ കുറെയധികം കാലമായിട്ട്‌ ഒരു വൈദ്യന്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിനു പതിനൊന്നരയണയോളം കൊടുക്കാനുണ്ടായിരുന്നു. "നശിച്ചുപോട്ടെ" എന്നു പറഞ്ഞ്‌ ഉണ്ടക്കണ്ണന്‍ അന്ത്രു ആ വൈദ്യനെ വിളിച്ചുകൊണ്ടുവന്ന്‌ താച്ചിയെ കാണിച്ചു. അതു ഗര്‍ഭമല്ലെന്നു വൈദ്യന്‍ അഭിപ്രായപ്പെടുകയും എന്തോ കൊടുക്കുകയുംചെയ്തു.

ഇനി നമുക്ക്‌ ആ സ്ഥലത്തുനിന്ന്‌ എട്ടുകാലി മമ്മൂഞ്ഞിന്റെ അടുത്തേക്കുതന്നെ തിരികെ വരാം. ബാക്കി കഥകളെല്ലാം എട്ടുകാലി മമ്മൂഞ്ഞില്‍നിന്നാണ്‌ നമ്മള്‍ മനസ്സിലാക്കാന്‍ പോകുന്നത്‌.

ഒരു ദിവസംം ആനവാരി രാമന്‍നായര്‍ മണ്ടന്‍ മുത്തപായുടെ ചായപ്പീടികയിലേക്കു പോകുമ്പോള്‍ ദു:ഖത്തോടെ എട്ടുകാലി മമ്മൂഞ്ഞ്‌ ആനവാരി രാമന്‍നായരോടു വിളിച്ചുചോദിച്ചു. ആനവാരി രാമന്‍നായര്‍ സ്തംഭിച്ചുപോയി അദ്ദേഹം എന്തുപറയും?

അവര്‍ നടന്നു, വഴിക്ക്‌ പൊന്‍കുരിശുതോമായെ കണ്ടു. ഗദ്ഗദത്തോടെ എട്ടുകാലി മാമ്മൂഞ്ഞു ചോദിച്ചു

"അടേ പൊന്‍കുരിശേ സംഗതി അറിഞ്ഞോ..., അവര്‌ ഞമ്മടെ പുന്നാരമകനെ കൊന്നുകളഞ്ഞ്‌"

പൊന്‍കുരിശുതോമായ്ക്കും ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. നിശബ്ദരായി അവര്‍ മണ്ടന്‍ മുത്തപായുടെ ചായക്കടയിലെത്തി.

തൊണ്ടവിറയലോടെ, കണ്ണീരൊലിപ്പിച്ചുകൊണ്ട്‌ എട്ടുകാലി മമ്മൂഞ്ഞ്‌ മണ്ടന്‍ മുത്താപായോടു പറഞ്ഞു;

"അടേ മൂത്താപാ, സംഗതി അറിഞ്ഞോ..., ഞമ്മടെ പൊന്നാരമകന അവര്‌ കൊന്നുകളഞ്ഞ്‌"

മണ്ടന്‍ മുത്തപായ്ക്കും ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. ഈ ഘോരസംഭവം ഒറ്റക്കണ്ണന്‍ പോക്കരറിഞ്ഞു. സ്ഥലത്തെ രണ്ടു പോലീസുമൂരാച്ചികളുമറിഞ്ഞു. എല്ലാവരുംകൂടി ആലോചിച്ചിട്ടും ഒരു പോംവഴിയും കണ്ടില്ല. ഒടുവില്‍ എട്ടുകാലി മമ്മൂഞ്ഞ്‌ പറഞ്ഞു;

"എന്റെ പൊന്നാര മകന കൊന്ന ഹറാമ്പറന്നവന്റെ കൊടലുമാല ഞമ്മള്‌ ശൂടും"

അപ്പോള്‍ പോലീസുകാരിലൊരാള്‍ "ക്ഷമീര്‌". എന്താന്നുവെച്ചാല്‍ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ ബാപ്പായുടെ രണ്ടാമത്തെ ഭാര്യയുടെ അനിയത്തീടെ കെട്ടിയോന്റെ അനിയന്റെ മൂത്തമകന്‍ ഒരു ഹെഡ്കാണ്‍സ്റ്റബിളാണ്‌. അതുകൊണ്ട്‌ ഉണ്ടക്കണ്ണന്‍ അന്ത്രുവിന്റെ കുടല്‍മാല ചൂടുന്ന വിഷയത്തില്‍ പോലീസുമൂരാച്ചികള്‍ എതിരാണ്‌. നോക്കൂ, ഉദ്യോഗസ്ഥദുഷ്പ്രഭുത്വവും മുതലാളിത്ത കൂട്ടുകെട്ടും. ഉണ്ടക്കണ്ണന്‍ അന്ത്രുവിനെ എട്ടുകാലി മമ്മൂഞ്ഞിനും കൂട്ടുകാര്‍ക്കും എന്തു ചെയ്യുവാന്‍ സാധിക്കും? ഇങ്ങനെ ദു:ഖമയവും അനിശ്ചിതവുമായ ദിവസങ്ങള്‍ കൂറെ കഴിഞ്ഞപ്പോള്‍ ഒരു ഘോരവാര്‍ത്തയുമായി എട്ടുകാലി മമ്മൂഞ്ഞ്‌ മണ്ടന്‍ മുത്തപായുടെ ചായക്കടയിലെത്തി. അപ്പോള്‍ അവിടെ ആനവാരി രാമന്‍നായരും പൊന്‍കുരിശുതോമായും മണ്ടന്‍ മൂത്തപായും ഒറ്റക്കണ്ണന്‍ പോക്കരും രണ്ടു പോലീസുമൂരാച്ചികളും ഈ വിനീത ചരിത്രകാരനും ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരോടുമായിട്ട്‌ എട്ടുകാലി മമ്മൂഞ്ഞ്‌ ചോദിച്ചു.

"സംഗതി അറിഞ്ഞോ?"

പിന്നെ കുറെ സമയത്തേക്ക്‌ എട്ടുകാലി മമ്മൂഞ്ഞിന്‌ ഒന്നും പറയുവാന്‍ കഴിഞ്ഞില്ല. അദ്ദേഹം ദു:ഖത്തിന്റെയും കോപത്തിന്റെയും വേദനയുടെയും ഒരു മൂര്‍ത്തിയായി രൂപാന്തരപ്പെട്ടു. ഒടുവില്‍ അദ്ദേഹം കണ്ണുനീര്‍ ചിതറിച്ചുകൊണ്ടു ഗദ്ഗദത്തോടെ പറഞ്ഞു.

"ആ ഉണ്ടക്കണ്ണന്‍ ഹറാമ്പിറന്നോന്‍ ഞമ്മടെ പുന്നാര മകനേം കൊന്ന്‌ ഞമ്മടെ കെട്ടിയോളായ താച്ചീന കെട്ടുകേം ചെയ്തു"

ചരിത്രവിദ്യാര്‍ത്ഥികളേ, എന്തു ചെയ്യും


*********************************************************
PS : കോപ്പി റൈറ്റ് ലംഘനമാകുമോ എന്നറിയില്ല :( . അങ്ങനെ ഒരു സംഗതിയുണ്ടെങ്കില്‍ ഒഴിവാക്കുന്നതാണ് .

15 comments:

  1. മലയാളികളുടെ നിത്യജീവിതത്തില്‍ “എട്ടുകാലി മമ്മൂഞ്ഞ് “ നോളം പരാമര്‍ശിക്കപ്പെട്ട മറ്റൊരു കഥാപാത്രമുണ്ടാകില്ല ,കഥാപാത്രം വളര്‍ന്നു ഒരു പ്രയോഗമായി മാറിയ മറ്റൊരു ചരിത്രവുമില്ല . “ "ഇതും ഇതിലപ്പൊറോം ചെയ്യിണ ഹറാംപെറന്നോനാണ്‌ ഞമ്മള്‌" എന്നു പറഞ്ഞു മീശ പിരിക്കുന്ന എട്ടുകാലി മമ്മൂഞ്ഞിനെ സങ്കല്പചിത്രത്തിലിട്ട് നോക്കി നമ്മള്‍ മലയാളികള്‍ എത്ര ചിരിച്ചിട്ടുണ്ടാവണം ,നിത്യജീവിതത്തില്‍ കാണുന്ന ചിലരെയെങ്കിലും എട്ടുകാലി മമ്മൂഞ്ഞുമായി താരതമ്യപ്പെടുത്തിയിട്ടുണ്ടാകില്ലെ ? എട്ടുകാലി മമ്മൂഞ്ഞ് തന്നെയാകണം മലയാള സാഹിത്യത്തിലെ ഏറ്റവും പ്രശസ്തനായ കഥാപാത്രം ,അത് വായിക്കാത്തവര്‍ പോലും പല തവണ മമ്മൂഞ്ഞിനെ പരാമര്‍ശിച്ചിട്ടുണ്ടാകണം .

    ReplyDelete
  2. ഞമ്മടെ കെട്ടിയോളായ താച്ചീന കെട്ടുകേം ചെയ്തു"

    pandu payichirunnada..

    ooro suspensukalum thurannu climax ettunnavareyum orotta irippinanu vayichirunnadu .. ippolum angane thanne ..
    vayichu kaznju aalochikkumbol chundil oru punchiri tharunnadanu basheerinte ooro kadakalum ...

    beppur sulthane we miss u

    ReplyDelete
  3. സഥലത്തെ പ്രധാന ദിവ്യന്‍‌മാര്‍...
    Copy rights ഇപ്പോഴും ഡി.സി.ക്കാകാനാണ്‌ സാധ്യത. പിന്നെ എഴുതി എത്രയോ വര്‍ഷം കഴിഞ്ഞാല്‍ Copy rights ഇല്ലെന്നും കേള്‍ക്കുന്നു. എത്ര വര്‍ഷം എന്നറിയില്ല.

    ReplyDelete
  4. എത്രയോ വായിച്ചതാണ്... എന്നിട്ടും ഓരോ വായനയിലും ഒരു പുതിയ ചിന്തയും ചിരിയും തരുന്നു. അത് തന്നെയാണല്ലോ ബഷീറിയന്‍ എഴുത്തിന്റെ പ്രത്യേകതയും.

    ReplyDelete
  5. "സംഗതി അറിഞ്ഞോ?" എന്നോ "സങ്കതി അറിഞ്ഞാ?" എന്നോ? രണ്ടാമത് പറഞ്ഞതാണ് എന്ന് എങ്ങനെയോ ഓര്‍മയുടെ അറയില്‍ പറ്റിപ്പിടിച്ചു കിടക്കുന്നു; ഉണ്ടക്കണ്ണന്‍റെ ശര്‍ക്കര പോലെ.

    ReplyDelete
  6. "സങ്കതി അറിഞ്ഞാ? “ എന്നു തന്നെയാണ് ...ഈ ഓര്‍മ്മയെ ,ഗ്രാമ്യഭാഷയുടെ ആ തനിമയുടെ കൂടെക്കൊണ്ട് നടക്കലിനെ സമ്മതിച്ചിരിക്കുന്നു

    ReplyDelete
  7. അല്പം ബുദ്ധിയുള്ള എന്റെ കുട്ടുകാരൊക്കെ ബഷീരിനെ എന്താ ഇത്ര മാത്രം സംഭവമാക്കാന്‍ എന്നു ചോദിക്കാറുണ്ട്. അവരൊടു ഞാന്‍ പറയുക ഉമ്മ എന്നോ മറ്റോ പേരുള്ള ഒരു കഥയാണ്. വര്ഷങ്ങള്‍ അലഞ്ഞു തിരിഞ്ഞു ഒരു ദിവസം പാതിരാത്രിക്കു വീട്ടില്‍ കയറി വരുമ്പോള്‍ ചോറും തയാറാക്കി കാത്തിരിക്കുന്ന ഉമ്മ. ഞാന്‍ ഇന്നു വരും എന്നെങ്ങനെ അറിഞ്ഞുവെന്ന് അത്ഭുതം കൂറുന്ന മകന്‍. "ഓ ഞാന്‍ എന്നും ഇങ്ങനെ കാത്തിരിക്കുമായിരുന്നു"വെന്നു പറയുന്ന ഉമ്മ. എന്തോ, അതു പോലൊരുമ്മയെ ഞാന്‍ പിന്നെ വായിച്ച ഒരു പുസ്തകത്തിലും കണ്ടിട്ടില്ല.

    ഒരു കോഴിക്കോടുകാരനെന്ന നിലയില്‍ ബഷിറിനെ പറ്റി ഒരു പാട് പറയാനുണ്ട്. പക്ഷേ ഈ സാധനത്തില്‍ മലയാളം ടെയ്പ് ചെയ്യുക അത്ര എളുപ്പമല്ല. ശ്രീജനോടും മാധ്ദവനൊടും സഹതാപമേയുള്ളു.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. "അടേ സംഗതി അറിഞ്ഞോ?...'അതു ഞമ്മളാണ്‌' .....:):):)

    ReplyDelete
  10. എട്ടുകാലി മമ്മൂഞ്ഞ്


    സ്ത്രീപീഡനക്കേസിലെ പ്രതിയെത്തേടിയിറങ്ങിയതാണ്‌ പൊലീസ്. കൂടെ ഇരയായ യുവതിയുമുണ്ട്. അവര്‍ വളരെ നേരം ശ്രമിച്ചു. ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെ മടങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ മൂന്നു പേര്‍ ആ വഴിക്ക് വന്നു. അവരെ യുവതി തിരിച്ചറിഞ്ഞു. തന്റെ നിലവിളി കേട്ട് രക്ഷിക്കാന്‍ വന്നവത് അവരായിരുന്നു.
    പ്രതിയെക്കുറിച്ച് വല്ല വിവരവും കിട്ടുമെന്ന് കരുതി പൊലീസ് അവരെ വിളിച്ചു.
    'ഇന്നലെ ഇവളെ പീഡിപ്പച്ചത് ആരാണ്‌?'
    ഒന്നാമന്‍: ഞാനല്ല.
    രണ്ടാമന്‍: ഞാനുമല്ല.
    മൂന്നാമന്‍: ഞാനാണ്‌.
    'എന്താടാ നിന്റെ പേര്‌?'
    'മമ്മൂഞ്ഞ്'.
    'മുഴുവന്‍ പേര്‌ പറയെടാ'.
    'എട്ടുകാലി മമ്മൂഞ്ഞ്'.'

    VISIT

    ReplyDelete
  11. ആ കഥാപാത്രങ്ങളൊന്നും ഒരിക്കലും വായനക്കാരുടെ ഓര്‍മ്മയില്‍ നിന്നും മായില്ല.

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .