Like

...........

Thursday 24 November 2011

മുല്ലപ്പെരിയാറും ജോണി വെള്ളിക്കാലമാരും .






പ്രിയപ്പെട്ട മലയാളികളെ തമിഴ് നാട് നമ്മുടെ അയല്‍ സംസ്ഥാനമല്ല , നമ്മുടെ ശത്രുരാജ്യമാണ് , പാക്കിസ്ഥാനാണ് .നമ്മുടെ വെള്ളം കട്ടു കൊണ്ട് പോകുന്ന പാണ്ടിത്തമിഴന്മാര്‍ക്കു നമ്മുടെ അമ്മ പെങ്ങന്മാരുടെ ,അച്ഛന്‍ ആങ്ങളമാരുടെ ജീവന്റെ വില എന്തെന്നു കാട്ടിക്കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ,മലയാളികളുടെ ജീവനെടുത്തിട്ട് വേണ്ടാ തമിഴന്റെ വെള്ളം കുടി . മലയാളികളുടെ ശക്തി കാട്ടിക്കൊടുക്കുക , ഡാം 999 സിനിമ കാണുക . .പ്രതികരിക്കുക - ഷെയര്‍ ചെയ്യൂ ,മുല്ലപ്പെരിയാറിനെ രക്ഷിക്കൂ .



കഴിഞ്ഞ ദിവസങ്ങളിലായി സൈബര്‍ ലോ‍കത്തു വ്യാപകമായി പ്രചരിക്കപ്പെടുന്ന ഒരു സന്ദേശങ്ങളുടെ , ആഹ്വാനങ്ങളുടെ ഒരു ഏകദേശ രൂപമാണ് . അതി വൈകാരികതയുടെ ലേബലൊട്ടിച്ച് , ആവേശം നിറഞ്ഞ ഇത്തരം ആഹ്വാനങ്ങള്‍ കാണുമ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ പഴയ ഒരു സിനിമയിലെ ഇന്നസെന്റ് അവതരിപ്പിച്ച ജോണി വെള്ളിക്കാലയെ ഓര്‍മ്മ വരുന്നുണ്ട് “ നീ മുല്ലപ്പെരിയാറിലെ വെള്ളം കക്കും അല്ലേടാ കള്ളപ്പാണ്ടീ “ എന്നു ചോദിച്ചു ഒരു പരിചയവുമില്ലാത്ത ഒരു തമിഴന്റെ മെക്കിട്ടു കേറുന്ന ആ പഴയ കഥാപാത്രത്തെ.നമ്മുടെ സംസ്ഥാനത്തിലെ അത്യധികം പ്രധാനപ്പെട്ട ഒരു സംഗതിയെ പഴയ ഒരു സിനിമാ തമാശയുമായി കൂട്ടിക്കെട്ടുന്ന തരത്തിലുള്ള ലളിത വല്‍ക്കരണമല്ല , വാസ്തവമാണ് . ഇങ്ങനെ തമിഴന്മാരെ തെറി പറഞ്ഞാല്‍ അവര്‍ പേടിച്ചു വിറച്ചു മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരമുണ്ടാകുമെന്നു കരുതിയിട്ടാണോ ?അതോ സുപ്രീം കൊടതി ജഡ്ജിയും കേന്ദ്ര സര്‍ക്കാറും ഫെയ്സ് ബുക്കിലെ പ്രചരണ തമാശകള്‍ കണ്ട് ഈ പ്രശ്നത്തെ ഉടന്‍ തന്നെ കേരളത്തിനനുകൂലമായി തീര്‍ക്കുമെന്നു കരുതിയിട്ടാണോ ? ഇതൊന്നും സംഭവിക്കില്ല എന്നു നമുക്കറിയാം പക്ഷെ നമ്മള്‍ നിസ്സംഗരല്ല എന്നു തെളിയിക്കാന്‍ , നട്ടെല്ലുള്ള ധീരതയുള്ള ഒരു സമൂഹമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ കമ്പ്യൂട്ടറിനു പിന്നിലിരുന്നു നമ്മള്‍ തെറി പറഞ്ഞു കൊണ്ടിരിക്കും . മുല്ലപ്പൂ വിപ്ലവം വന്നതും ഭരണ കൂടങ്ങള്‍ കട പുഴകിയതും ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെയാണ് എന്നു സ്വയം ന്യായീകരിക്കും , ദുരന്തത്തെ നേരിടാന്‍ നമ്മളാല്‍ കഴിഞ്ഞതു ചെയ്തുവെന്നാശ്വസിക്കും .പക്ഷെ ഒരുപകാരവുമില്ലാതെ ഇത്തരത്തില്‍ വംശീയ വിദ്വേഷം പരത്തുന്നതു കൊണ്ടുള്ള അപകടമെന്താണ് ?

തമിഴ് നാട്ടില്‍ വലിയൊരു മലയാളി സമൂഹമുണ്ട് , ചെന്നെയില്‍ , കോയമ്പത്തൂരില്‍ , സേലത്ത് , ഈറോഡില്‍ , ട്രിച്ചിയില്‍ , മധുരയില്‍ എല്ലാം. അത് ടിപ്പിക്കല്‍ നായര്‍ ചായക്കട നടത്തുന്നവര്‍ മുതല്‍ വലിയ കമ്പനികളിലെ പ്രൊഫഷണത്സ് വരെ , തുച്ഛ ശമ്പളത്തില്‍ പണിയെടുക്കുന്ന ഫാക്ടറി തൊഴിലാളി മുതല്‍ ശത കോടികളുടെ ആസ്ഥിയുള്ള ബിസിനസ്സ് മാഗ്നറ്റുകള്‍ വരെ അങ്ങനെ ലക്ഷക്കണക്കിനു മലയാ‍ളികള്‍ ഉണ്ടാകും .അതു കൂടാതെ തമിഴ് നാട്ടിലെ നൂറുകണക്കിനായ എഞ്ചിനീയറിങ്ങ് , മെഡിക്കല്‍ , നഴ്സിങ്ങ് കോളേജുകളില്‍ പഠിക്കുന്ന പതിനായിരക്കണക്കിനു മലയാളി കുട്ടികളുണ്ടാകും - മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു ഗവണ്മെന്റുകള്‍ തമ്മില്‍ ഒരു സമവായമുണ്ടായാല്‍ അണക്കെട്ടിന്റെ കാര്യത്തില്‍ ഒരു പ്രശ്ന പരിഹാരവുമാകും പക്ഷെ ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ , ബ്ലോഗുകളിലൂടെ കൊളുത്തി വെക്കുന്ന ഈ വംശീയ വിദ്വേഷത്തിന്റെ തീപ്പൊരി അവിടെ അണയാതെ കിടക്കും .ശ്രീലങ്കയുടെ കാര്യത്തില്‍ ഇനി വായിട്ടലക്കാന്‍ കഴിയാത്ത പട്ടാളിമക്കള്‍ കക്ഷികള്‍ അടക്കമുള്ള ദ്രാവിഡ കക്ഷികളും കാക്കത്തൊള്ളായിരം തമിഴ് സംഘടനകളും തമിഴ് ദേശീയതയെ ഉണര്‍ത്താനായി ഒരു സംഭവം കിട്ടാനായി കാത്തിരിക്കുകയാണ് . തമിഴനെ നയിക്കുന്നത് വികാരമാണ് വിചാരമല്ല , ജയലളിതയെ അറസ്റ്റ് ചെയ്ത ദിവസം തമിഴ് നാട് അഗ്രികള്‍ച്ചറ് കോളേജില്‍ നിന്നു സ്റ്റഡി ടൂറിനു പോയി തിരിച്ചു വരുകയായിരുന്ന ഒരു സംഘം വിദ്യാര്‍ത്ഥികളെ ബസ്സടക്കം നിര്‍ദയം തീ വെക്കുന്നത്ര വൈകാരിക അടിമത്തമുള്ള ജനതയാണ് തമിഴര്‍ .

അതു കൊണ്ട് പ്രിയപ്പെട്ട ജോണി വെള്ളിക്കാലമാരെ - മുല്ലപ്പെരിയാറ് അണക്കെട്ട് തകരാതിരിക്കാന്‍ വേണ്ടി നിങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ നടത്തുന്ന കഠിന പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു കൊണ്ടു തന്നെ പറയട്ടെ , ഫെയ്സ് ബുക്കിലും ട്വിറ്ററിലും ഓര്‍ക്കുട്ടിലും നിങ്ങളെഴുതുന്ന വംശീയ വിദ്വേഷമുണര്‍ത്തുന്ന സ്റ്റാറ്റസ് മെസ്സേജുകളും കമന്റുകളും നിങ്ങളെഴുതുന്ന ലോകോത്തര ബ്ലോഗുകളും മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിക്കുന്ന ഗുണപരമായ ഒരു തീരുമാനത്തെയും സ്വാധീനിക്കാന്‍ കഴിയില്ല . പക്ഷെ നിങ്ങള്‍ പടര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ വംശീയ സ്പര്‍ദ്ധയുടെ തീവ്രത വര്‍ദ്ധിക്കുന്തോറും തമിഴ് നാട്ടില്‍ ഉപജീവനം നടത്തുന്ന , വിദ്യാഭ്യാസം നടത്തുന്ന പതിനായിരക്കണക്കിന് മലയാളികളുടെ ജീവിതത്തിന്മേല്‍ തമിഴ് വൈകാരികതയുടെ ഡെമോക്ലീസിന്റെ വാള്‍ കെട്ടിത്തൂക്കിയിട്ട് കാത്തു നില്‍ക്കുകയാണ് .

ഇന്നു കേരള പൊതു സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം തന്നെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് .വളരെ അടിസ്ഥാന പരമായ ഒരു സത്യം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പുനര്‍ നിര്‍മ്മാണവും ജല നിരപ്പും തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതു തമിഴ് നാട്ടിലെ കര്‍ഷകരല്ല , അവര്‍ക്കു കുടിക്കാനും കൃഷി ചെയ്യാനും വെള്ളം കിട്ടണം അതിനപ്പുറമുള്ള രാഷ്ട്രീയത്തില്‍ വലിയ താല്പര്യമില്ലാത്ത , നമ്മളെ പോലെ തന്നെയുള്ള ജനതയാണ് അവരും യഥാര്‍ത്ഥത്തില്‍ തമിഴ് ജനതയില്‍ ഭൂരിഭാഗത്തിനും എന്താണ് ഇത്തരം സംഗതികളെന്നു വലിയ പിടിപാടുമില്ല .അന്തര്‍ സംസ്ഥാന ജല കമ്മീഷനുകളും സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരുമാണ് രണ്ട് സംസ്ഥാനത്തിലെയും ഭരണ കൂടങ്ങളുമാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് .സോഷ്യല്‍ നെറ്റ് വര്‍ക്കിലെ വംശീയ വിദ്വേഷം വമിപ്പിക്കുന്ന സ്റ്റാറ്റസ് മെസ്സേജുകളും മുല്ലപ്പെരിയാറിനെ രക്ഷിച്ചു കളഎന്നു കരുതി പടച്ചു വിടുന്ന ബ്ലോഗുകളും സുപ്രീം കൊടതിയുടെ തെളിവെടുപ്പിലോ രണ്ട് സംസ്ഥാനങ്ങളിലെയും ഭരണ കൂടങ്ങള്‍ തമ്മിലുള്ള സമവായ ചര്‍ച്ചകളിലോ പരാമര്‍ശിക്കപ്പെടാന്‍ സാധ്യതയില്ല .എന്നു കരുതി ഈ നിസ്സംഗരായ ഭരണ കൂടങ്ങളെ വിശ്വസിച്ചു വലിയൊരു ദുരന്തത്തെ പ്രതീക്ഷിച്ചു കഴിയണോ ? തീര്‍ച്ചയായും അങ്ങനെ അല്ല വേണ്ടത് . മലയാളികള്‍ തമിഴന്മാരുമായി യുദ്ധത്തിനു സജ്ജരാകുന്നതിനു പകരം നാം നമ്മുടെ ഭരണകൂടത്തെ , രാഷ്ട്രീയക്കാരെ ശരിയായ ഒരു നടപടിയെടുക്കാനും സമവായ ചര്‍ച്ചയ്ക്കും പ്രേരിപ്പിക്കുകയാണ് ചെയ്യേണ്ടത് .തമിഴ് നാടിനെ നമ്മുട അവസ്ഥ ബോധ്യപ്പെടുത്താന്‍ കഴിയുന്ന ഒരു നയതന്ത്ര സമീപനമാണ് ഇക്കാര്യത്തില്‍ വേണ്ടത് .

തമിഴ് നാട് എന്തു കൊണ്ട് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഇത്ര ക്രൂരരാകുന്നു എന്ന കാര്യം കേരളത്തിനു നമ്മുടെ ജനതയുടെ സുരക്ഷാ കാര്യങ്ങളിലെ ആശങ്കകള്‍ ഫല പ്രദമായി തമിഴ് നാട്ടിലെ ജനങ്ങളെയോ ഗവണ്മെന്റിനെയോ ധരിപ്പിക്കാന്‍ സാധിച്ചിട്ടില്ല , രണ്ട് ഭരണ കൂടങ്ങളും തമ്മില്‍ ഒരു കൂടിക്കാഴ്ചയോ , പരസ്പരമുള്ള സമവായമോ ഉണ്ടായിട്ടില്ല , സുപ്രീം കോടതിയില്‍ കേസ് നടക്കുന്നുണ്ട് .പരസ്പരം വാദിക്കുന്നുണ്ട് പക്ഷെ ഒരു സമവാ‍യ ചര്‍ച്ച ഇവിടെ ഉണ്ടാകുന്നില്ല .

നെഗറ്റീവ് പ്രചരണങ്ങള്‍ .

അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടെന്ന പഴയ ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട് തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിക്കുന്ന വ്യാപക പ്രചരണത്തില്‍ നെഗറ്റീവ് പ്രചാരണങ്ങളുമുണ്ട് ..മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ സംഭവിച്ചേക്കാവുന്ന വന്‍ ദുരന്തങ്ങളുടെ ഭാവനാ വാചകങ്ങള്‍ക്കും ഗ്രാഫിക്സ് ചിത്രങ്ങള്‍ക്കും ഒപ്പം തന്നെ അതിനു പിന്നിലുള്ള സ്ഥാപിത താല്പര്യങ്ങളെയും മറന്നു കൂടാ .

1. ഈ മേഖലയില്‍ ഭീതി പടര്‍ത്തി ആളുകളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ചു അവിടെയുള്ള ഭൂമി കുറഞ്ഞ് വിലയ്ക്കു കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന ഭൂ മാഫിയ .

2. ഡാം 999 എന്ന സിനിമയുടെ പ്രചാരണത്തിനു വേണ്ടി .
3. ഡാം പുനര്‍ നിര്‍മ്മിക്കാനായി വന്‍ കിട കരാറുകാര്‍ നടത്തുന്ന അജണ്ടയുടെ ഭാഗമാണ് ഈ ഭീതി പടര്‍ത്തല്‍ .

ഈ ആശങ്കകളൊക്കെ യാഥാര്‍ത്ഥ്യമാണ് , ഭൂമാഫിയ ഈ സാഹചര്യം ഉപയോഗിക്കുന്നതിനായി അവിടെ പിടിമുറുക്കുന്നതായി തദ്ദേശീയരുടെ അനുഭവ സാക്ഷ്യങ്ങളുണ്ട് .ഇടുക്കി , കോട്ടയം , പത്തനം തിട്ട ഭാഗങ്ങളില്‍ വന്‍ കിടക്കാര്‍ക്കു ചുരുങ്ങിയ തോതില്‍ ഭൂമി കൈ വശപ്പെടുത്താന്‍ ഈയൊരു പ്രചരണം സഹായിക്കുന്നുണ്ട്. യാദൃശ്ചികമെങ്കിലും ഡാം 999 സിനിമയുടെ റിലീസിനോടനുബന്ധിച്ചാണ് ഈ ഭീതി നിര്‍മ്മാണത്തിന്റെ ആക്കം കൂടിയത് . സോഹന്‍ റോയിയുടെ സിനിമ ഈയൊരവസരത്തില്‍ നന്നായി മാര്‍ക്കറ്റ് ചെയ്യപ്പെടുന്നുമുണ്ട് . തമിഴ് നാട്ടില്‍ ഈ സിനിമ നിരോധിക്കപ്പെടുന്നതും മറ്റു പ്രദേശങ്ങളില്‍ അതിന്റെ മാര്‍ക്കറ്റിങ്ങിനെ സഹായിക്കുകയേയുള്ളൂ . തമിഴ് നാട്ടില്‍ ഒരു സിനിമ ഉപരോധിക്കാനും തടസ്സപ്പെടുത്താനും വലിയ കാരണങ്ങള്‍ വേണ്ടാ ,മുമ്പു കമലഹാസന്റെ തേവര്‍ മകനും വീരുമാണ്ടിയും മമ്മൂട്ടിയുടെ അയ്യര്‍ ദി ഗ്രേറ്റുമെല്ലാം ജാതി പ്രശ്നത്തിന്റെ പേരിലും ഈയടുത്ത കാലത്ത് ഗൌതം മേനോന്റെ നടു നിശൈ നായകളും സാമിയുടെ സിന്ധു സാമവേലി സദാചാരത്തിന്റെ പേരിലും ഉപരോധിച്ചിട്ടുണ്ട് .അതു കൊണ്ട് തന്നെ സോഹന്‍ റൊയിയുടെ സിനിമ തമിഴ് നാട്ടില്‍ നിരോധിക്കണമെങ്കില്‍ നിരോധിക്കട്ടെ അതിനു പകരം കേരളത്തില്‍ തമിഴ് സിനിമ ഓടുന്ന തിയറ്ററുകള്‍ ഉപരോധിച്ചു കൊണ്ട് ഒരു വംശീയവെറുപ്പു സൃഷ്ടിക്കേണ്ട കാര്യമില്ല .

ലോകത്തെങ്ങും ഡാം നിര്‍മ്മാണം നിര്‍ത്തലാക്കാനായി ശ്രമിക്കുമ്പോള്‍ ഇത്തരമൊരു ഡാം നിര്‍മ്മിക്കാനായി മാത്രം വന്‍ കിട കരാറുകാര്‍ക്കു ഇതില്‍ വ്യക്തമായി താല്പര്യങ്ങളുണ്ട് . അത് കൊണ്ട് ഇപ്പോഴുള്ള ഡാമിനു പകരം ഇനിയൊരു വന്‍ കിട ഡാം നിര്‍മ്മിക്കുക എന്ന തീരുമാനത്തിലെത്താതെ ഇപ്പോഴുള്ള കപാസിറ്റിയെക്കാള്‍ കുറഞ്ഞ രീതിയിലുള്ള ചെറുകിട ഡാമുകളാണ് നല്ലതെന്ന തീരുമാനത്തിലെത്തുക .


.ഇതെല്ലാം സമ്മതിച്ചു കൊണ്ട് തന്നെ പറയട്ടെ ഇതിനപ്പുറം രണ്ടു സംസ്ഥാനങ്ങളിലായി ഒരു കോടിയോളം ആളുകളെ നേരിട്ടും പിന്നെയും കുറെ ലക്ഷങ്ങളെ പരോക്ഷമായും ബാധിക്കുന്ന വലിയൊരു പ്രശ്നത്തെക്കുറിച്ചാണ് നാം സംസാരിച്ചു കൊണ്ടിരിക്കുന്നത് .അവിടെ അതി വൈകാരികതയുടെ ആവേശത്തില്‍ സംയമനം പാലിക്കാതെ വിതരണം ചെയ്യപ്പെടുന്ന ഓരോ സന്ദേശങ്ങളും ഈ പ്രശ്നം വഷളാക്കാമെന്നല്ലാതെ പരിഹരിക്കാന്‍ ഒരു കഴഞ്ചു പോലും ഉപകാരപ്പെടില്ല .


മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ .???

കേള്‍ക്കാന്‍ ഏറ്റവും ഭയപ്പെടുന്ന ഒരു ചോദ്യം കഴിഞ്ഞ കുറെ ദിവസങ്ങളായി നിരന്തരം കേട്ടു കൊണ്ടിരിക്കുകയാണ് . കേവലം ഒരു അണക്കെട്ടോ ജലതര്‍ക്കമോ അല്ല വിഷയം .ഇതില്‍ ബാധിക്കപ്പെടുന്ന ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവനും ജീവിതവുമാണ് .വ്യാഖ്യാനങ്ങളും ദുര്‍വ്യാഖ്യാനങ്ങളും പറഞ്ഞു പരസ്പരം തര്‍ക്കിച്ചു തീരാനുള്ളതല്ല .

കേരളത്തിലെ ആറിലേറെ ജില്ലകള്‍ - ഇടുക്കി , പത്തനം തിട്ട , കോട്ടയം , എറണാകുളം , ആലപ്പുഴ , തൃശൂര്‍ എന്നീ ജില്ലകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ വെള്ളത്തിനടിയിലാകും . കേരളത്തിന്റെ പകുതിയോളം വൈദ്യുതിയില്ലാതെ ഇരുട്ടിലാകും ,കേരളം രണ്ടായി പകുക്കപ്പെടും , നാല്പത് ലക്ഷത്തോളം ആളുകളുടെ ജീവന്‍ ഇല്ലാതെയാകും എന്നതാണ് ഇപ്പോഴുള്ള ഊഹാപോഹങ്ങളില്‍ നിന്നു മനസ്സിലാകുന്നത് .

തമിഴ് നാട്ടിലെ നാലോളം ജില്ലകളിലെ കുടി വെള്ളം ഇല്ലാതെയാകും , ഈ മേഘലയില്‍ മുല്ലപ്പെരിയാറിലെ വെള്ളം ആശ്രയിച്ചു കഴിയുന്ന കര്‍ഷകര്‍ കൃഷി നശിച്ചു പട്ടിണി കിടക്കേണ്ടി വരും , 30 -40 ലക്ഷത്തോളം ജനങ്ങള്‍ വരള്‍ച്ച കൊണ്ട് കഷ്ടതയനുഭവിക്കും , പരോക്ഷമായി ഇതെല്ലാം കേരളത്തിലേക്കുള്ള അരി , പച്ചക്കറി വരവിനെയും ബാധിക്കും .തമിഴ് നാടിനെ സംബന്ധിച്ചു ഈ അവസ്ഥ ഡാം തകര്‍ന്നാലും സംഭവിക്കും പുനര്‍നിര്‍മ്മാണം നടത്തുന്ന കാലയളവിലും [ 5- 10 years ] ഇതേ അവസ്ഥ നേരിടാം .


പുതിയ ഒരു അണക്കെട്ടു വന്നാല്‍ നിലവിലുള്ള കരാര്‍ റദ്ദാവുകയും ഇപ്പോള്‍ തമിഴ് നാട് അനുഭവിച്ചു കൊണ്ടിരിക്കുന്ന ചുരുങ്ങിയ വിലക്കു കിട്ടുന്ന വെള്ളവും ,അണക്കെട്ടിനോടനുബന്ധിച്ചുള്ള ആയിരക്കണക്കിനു ഏക്കര്‍ ഭൂമിയും നഷ്ടപ്പെടും അങ്ങനെ നോക്കുമ്പോള്‍ പുതിയ അണക്കെട്ടു വന്നാല്‍ ഈ 999 കൊല്ലക്കാലത്തിന്റെ പഴയ കരാര്‍ പാലിക്കപ്പെടുമെന്ന ഉറപ്പും പുനര്‍ നിര്‍മ്മാണം നടക്കുന്ന കാലയളവില്‍ ജല വിതരണത്തിനായി മറ്റൊരു വഴിയുമാണ് തമിഴ് നാടിനു വേണ്ടത് അത്തരമൊരു ഉറപ്പു കൊടുക്കാന്‍ കേരളവും ഒരുക്കമല്ല . നിയമ പരമായി രണ്ടു കൂട്ടര്‍ക്കും അവരവരുടേതായ ന്യായങ്ങള്‍ ഉണ്ട് . നമ്മള്‍ മലയാളികളായതു കൊണ്ട് നമ്മുടെ ന്യായം മാത്രം അറിയുന്നു അവരുടേത് കടും പിടുത്തമായി മാത്രം തോന്നുന്നു .നിയമത്തിന്റെ വഴിക്കപ്പുറം മാനുഷികമായ ചില ഘടകങ്ങള്‍ കണക്കിലെടുത്തു വേണം പുനര്‍നിര്‍മ്മാണ തീരുമാനത്തിലെക്കുത്തുന്നതിനായി പരസ്പരം നല്‍കേണ്ട ചില ഉറപ്പുകള്‍ , പരസ്പര ധാരണകള്‍ അവയാണ് ആദ്യം ചര്‍ച്ച ചെയ്തു ഏകീകൃത രൂപത്തിലെത്തേണ്ടത് . അതു കൊണ്ട് തന്നെ തീരുമാനങ്ങളെടുക്കേണ്ട ഭരണ കൂടങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളുടെ ഗൌരവം പരസ്പരം മനസ്സിലാക്കി ഒരു സമവായത്തിലെത്തുക മാത്രമാണ് ഏക പോം വഴി . അതു വഴി മാത്രമേ കോടതിക്കും ശരിയായ തീരുമാനത്തിലെത്താന്‍ സാധിക്കൂ . മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ നിലവിലുള്ള ഡാം പൊളിച്ചു പുതിയത് പണിയുമ്പോള്‍ പഴയ പാട്ട ക്കരാര്‍ റദ്ദ് ചെയ്യപ്പെടുമെന്നുള്ള ഭീതിയാണ് തമിഴ് നാടിനെ ആശങ്കപ്പെടുത്തുന്നത് . കേരളത്തിലെ ജനങ്ങളുടെ സുരക്ഷയാണ് നമ്മുടെ പ്രധാന പ്രശ്നം എന്നുള്ളതു കൊണ്ട് തന്നെ 999 വര്‍ഷത്തെ പാട്ടക്കരാര്‍ എന്ന ഉടമ്പടി വിചിത്രവും അപരിചിതവുമാണെങ്കിലും നാം അത് സമ്മതിച്ചു കൊടുക്കേണ്ടതായി വരും .കാരണം കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങളുടെ അതിജീവനം എന്നതു പോലെ തന്നെ തമിഴ് നാട്ടിലെ ലക്ഷക്കണക്കിനു ആളുകളുടെ ഉപജീവനത്തിന്റെ കാര്യവും പ്രധാനമാണ് . അതു കൊണ്ട് തന്നെ വിദ്വേഷവും വെറുപ്പും മാറ്റിവെച്ചു കൊണ്ട് ഒരു സമവായത്തിലെത്താന്‍ ശ്രമിക്കുക എന്നതാണ് പ്രധാനം .