Like

...........

Friday 30 September 2011

മലയാളി മാന്യന്മാര്‍


 മലയാളി മാന്യനാണ് , നന്മയുടെ പ്രതിരൂപവുമാണ് .കുളിച്ച് കുറിയിട്ട് , വെള്ള ഷര്‍ട്ടും മുണ്ടും ധരിക്കുന്ന , രണ്ട് പത്രമെങ്കിലും മറിച്ച് നോക്കി ലോക കാര്യങ്ങളെപ്പറ്റി സാമാന്യ ധാരണയുള്ള , സമ്പൂര്‍ണ്ണ സാക്ഷരതയുള്ള ആഗോള മാന്യതയുടെ പ്രതീകമാണ് മലയാളി .ലോകത്തെല്ലായിടത്തും  പ്രവാസിയായി അവനുണ്ട് , മലയാളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഗൃഹാതുരമായ ഒരു അഭിമാന ബോധവും സ്വത്വബോധവും എവിടെ നിന്നൊക്കെ നമ്മുടെ ഉള്ളിലേക്കു ഒഴുകി വരുന്നു . മലയാളിയുടെ അഭിമാന ബോധം പ്രകടമായി വരുന്നത് അവന്റെ വൃത്തികേടൂകള്‍ മറ്റുള്ളവരെക്കൊണ്ട് ചുമ്പപ്പിക്കുന്നതിലാണ്  - തോട്ടിപ്പണിയും അലക്കലും ഓട വൃത്തിയാക്കലും എല്ലാം അന്യ സംസ്ഥാനക്കാരന്റെ പണിയാണ് , അതൊന്നും ശുഭ്രവസ്ത്രധാരിയായ മലയാളിക്കു പറ്റിയ പണിയല്ല , അവര്‍ വെള്ള ക്കോളര്‍ ജോലിക്കാരാണ്  ,വിദേശീയന്റെ  ഗുമസ്ത പണിയാണ് അവന് പഥ്യം .അതു കൊണ്ട് അത്തരം ജോലികള്‍ക്കായി കറുത്തവരും വൃത്തിയില്ലാത്തവരും നിരക്ഷരരുമായ അന്യസംസ്ഥാ‍നക്കാരെ നിയോഗിക്കുന്നു , അങ്ങനെയാണ് ഭൂരിഭാഗവും പ്രവാസികളായി മാറിയ കേരളത്തില്‍ അജ്ഞാതരായ ഒരു പറ്റം രണ്ടാം നിര പ്രവാസികള്‍ രൂപപ്പെടുന്നത് .

പ്രവാസത്തിന്റെ കഷ്ടതകളെ പറ്റിയും അതിന്റെ നീറുന്ന നോവിനെപ്പറ്റിയും ആകുലതകളോടെ പരസ്പരം ആവലാതികളും പരിദേവനങ്ങളുമായി കഴിയുന്ന മലയാളികള്‍ക്കിടയിലാണ് ഇങ്ങനെ ഒരു വലിയ സംഘം ജനങ്ങള്‍ രണ്ടാം തരം പ്രവാസികളായി കഴിയുന്നത് . കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍  , റോഡ് പണിക്കു കരാര്‍ പണിക്കു കൊണ്ടു വരുന്നവര്‍ ,ഹോട്ടലിലെ ബാല വേലക്കാര്‍  , ഇസ്തിരിയിടുന്നവര്‍ എന്നു തുടങ്ങി അന്യ സംസ്ഥാനത്തു നിന്നു കേരളത്തിലെത്തി ഉപജീവന മാര്‍ഗ്ഗം തേടുന്നവര്‍ പതിനായിരങ്ങളാണ് - തമിഴനും , തെലുങ്കനും , ബെംഗാളിയുമെല്ലാമടങ്ങുന്ന   -നമുക്കിവര്‍ രണ്ടാം തരമാണ് , ചിലപ്പോള്‍ അയിത്തമാചരിക്കുന്നത്ര വെറുപ്പോടെ അകറ്റി നിര്‍ത്തേണ്ടവരും .അതിലൊന്നും അവര്‍ക്കു പരാതിയില്ല  പക്ഷെ മനുഷ്യത്വ രഹിതമായ നിരന്തര പീഡനങ്ങള്‍ , ചെയ്യാത്ത തെറ്റുകള്‍ ആരോപിച്ചു കൊണ്ടുള്ള കടന്നു കയറ്റങ്ങള്‍ , ഒരു തൊഴിലാളിക്കു ലഭിക്കേണ്ടുന്ന എല്ലാ അടിസ്ഥാന ജീവിത സാഹചര്യങ്ങളും നിഷേധിച്ചു കൊണ്ടുള്ള തൊഴിലുടമകളുടെ ചൂഷണങ്ങള്‍ .കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമെന്നു വേണ്ട കേരളത്തിലെ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും നമ്മളറിയാത്ത ഒരു സാന്നിധ്യമായി ഇവര്‍ ജീവിക്കുന്നുണ്ട് .പകലന്തിയോളം പൊരിവെയിലത്ത് എല്ലു മുറിയെ പണിയെടുത്തു , വൈകുന്നേരങ്ങളില്‍  തകര പാട്ടകളും കാലിച്ചാക്കുകളും കൊണ്ട് മറച്ച് കൂരകളില്‍ അല്പാഹാരികളായി ഇവര്‍ ജീവിക്കുന്നു , ഈ ദയനീയമായ ജീവിത സാഹചര്യത്തിലും സ്ഥിരം ജോലിയും കൂലിയുമെന്ന ഒരു പ്രതീക്ഷയുടെ പുറത്താണ് ദാരിദ്ര്യത്തിന്റെ പരകോടിയിലുള്ള അത്തരം ജീവിതങ്ങള്‍ . ഈ ഒരു സാഹചര്യത്തെയാണ് കരാറുകാരും വന്‍ കിടക്കാരുമെല്ലാം മുതലെടുക്കുന്നതും അവരെ പരമാവധി ചൂഷണം ചെയ്യുന്നതും ഇത് കൂടാതെ നാട്ടുകാരായ മാന്യന്മാരുടെ കയ്യേറ്റങ്ങളും . .ഇവരുടെ അടിസ്ഥാന സൌകര്യങ്ങള്‍ , ജീവിത സാഹചര്യങ്ങള്‍ ഇതൊന്നും ആര്‍ക്കും വിഷയമല്ല , ഗുരുതരമായ ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇത്തരം അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നടക്കുന്നുണ്ട്  .പക്ഷെ  അധികൃതര്‍ ഇത്തരം കാര്യങ്ങളെ തമസ്കരിക്കുകയാണ് ചെയ്യുന്നത് .

മലയാളികളുടെ പ്രധാന ജീവിതമാര്‍ഗ്ഗം പ്രവാസമാണ് , ഇന്‍ഡ്യയിലും ഇന്‍ഡ്യക്കു പുറത്തും പ്രവാസത്തില്‍ അവന്‍ അവന്റേതായ ഇടങ്ങള്‍ കണ്ടെത്തുന്നു ,അത്താഴ പട്ടിണിക്കാരന്റെ   ദിവസക്കൂലി മുതല്‍ ശത കോടികള്‍ ആസ്തിയുള്ള  വന്‍ വ്യവസായങ്ങള്‍ വരെ ഈ പ്രവാസജീവിതത്തിന്റെ പരിധിയില്‍ വരുന്നു , എഴുതാനറിയുന്ന എല്ലാ‍വരും പ്രവാസത്തിന്റെ കഷ്ടതകളെപ്പററ്റി  ഗൃഹാതുരത സമം ചേര്‍ത്തു  ഉപന്യാസങ്ങള്‍ , കവിതള്‍ , കഥകള്‍ എല്ലാം എഴുതി നിരന്തരം സ്ഖലിച്ചു കൊണ്ടിരിക്കുന്നു , ഈ പ്രവാസത്തില്‍ നമുക്കു എല്ലാ വിധ ആനുകൂല്യങ്ങളും സന്തോഷങ്ങളും ലഭിക്കണം എന്നിട്ട് നാട്ടില്‍ ചെന്ന് ചൊരുക്കു തീര്‍ക്കാനെന്നോണം അന്യ സംസ്ഥാന തൊഴിലാളികളോട് തിണ്ണ മിടുക്കു കാണിക്കും ,.അതാണ് നമ്മള്‍ മലയാളികള്‍ .

ഇടക്കിടെ അപ്രധാന വാര്‍ത്തകളായി ഈ രണ്ടാം കിട പ്രവാസികള്‍ നമ്മുടെയിടയിലേക്കു കടന്നു കയറാറുണ്ട് കുറച്ചു നാളുകള്‍ക്കു മുമ്പ്   പശ്ചിമ ബംഗാളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളിയാ‍യ ബുള്ളഷ് റാവു എന്ന ചെറുപ്പക്കാരന്‍  ട്രെയിനില്‍ നിന്നു വീണ് ഗുരുതരമായി പരിക്കു പറ്റി ചോരയൊലിപ്പിച്ചു കൊണ്ട്  സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും സംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാരുമായ സോ കോള്‍ഡ് മലയാളി ആഭിജാതന്മാരുടെ  മുന്നില് വന്നപ്പോള്‍ ആട്ടിയോടിക്കുകയായിരുന്നു , ചികിത്സ കിട്ടാതെ , വേദനയനുഭവിച്ചു  നിവൃത്തികേടിന്റെ പാരമ്യത്തില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ കയറി അവിടെയുള്ള മണിയില്‍ തൂങ്ങിമരിച്ചു  -എത്ര മനുഷ്യത്വ രഹിതമാണ് ഈ സംഭവം .  - ഇത്രയും സംഭവങ്ങള്‍ നടന്നത് ഒരു പാട് തദ്ദേശീയരുടെ കണ്മുന്നില്‍ വെച്ചാണ് . ഗുരുതരമായി പരിക്കു പറ്റിയ ഒരാളെ ഒരു തുള്ളി വെള്ളം പോലും നിഷേധിച്ചു കൊണ്ട് മരണത്തിന് വിധേയരാക്കാന്‍ മാത്രം ആഭിജാതമാണ്  ,സംസ്കാര സമ്പന്നരാണ് നമ്മള്‍ മലയാളികള്‍ .

അതിനും  കുറച്ചു നാളുകള്‍ക്കു മുമ്പാണ്  ദിവസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍   ഒരു അന്യസംസ്ഥാന   തൊഴിലാളി   ചികിത്സ കിട്ടാതെ പിടഞ്ഞു മരിക്കുന്ന ദൃശ്യം നാം ചാനലില്‍ കണ്ടത്   ഇത് ഒരു ഒറ്റപ്പെട്ട സംഭവമോ ഏതെങ്കിലും പ്രത്യേക സ്ഥലത്തു സംഭവിക്കുന്ന കാര്യങ്ങളൊ അല്ല കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട് . കുറച്ചു നാള്‍ മുമ്പു ഒരു  തിരൂരില്‍    ഗര്‍ഭിണിയായ നാടോടി സ്ത്രീയെ  ഒരു മാല മോഷണ കേസ് ആരോപിച്ചു കൊണ്ട് ക്യാമറക്കു മുന്നിലിട്ടു നാട്ടുക്കൂട്ടം മര്‍ദ്ദിച്ചവശയാക്കുന്നത് കണ്ടു  , ഇതെല്ലാം ഞങ്ങളുടെ അവകാശമാണെന്ന മട്ടിലുള്ള ഒരു തരം  ഉന്മാദത്തോടെയാണ് ഈ നാട്ടുക്കൂട്ടം ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും ,ക്യാമറയിലെടുത്തു സൂക്ഷിക്കുന്നതും  .

 മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചു അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു നാട്ടുകാര്‍ നിര്‍ബന്ധിത പരിശോധന നടത്തുകയും കൂട്ടം ചേര്‍ന്നു മര്‍ദ്ദിച്ചവശവരാക്കുകയും ചെയ്തതും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയാണ്  .ആ തൊഴിലാളികളാണ് മോഷ്ടിച്ചതെന്നതിനു യാതൊരു തെളിവുമില്ല എന്നിട്ടും അവര്‍ താമസിക്കുന്ന സ്ഥലത്തു കയറി അവരുടെ വസ്തുവകകള്‍ നിര്‍ബന്ധിതമായി പരിശോധിക്കുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു . വിഷയം മോഷണം നടന്നോ ഇല്ലയോ എന്നതല്ല  നാട്ടുകാര്‍ക്കു സംശയം തോന്നുമ്പോഴെല്ലാം  ഒരു കൂട്ടം അരക്ഷിതരായ ആളുകളെ കടന്നാക്രമിക്കാനുള്ള ലൈസന്‍സുണ്ടോ ?

 ആലുവയില്‍ ഒരു അഭിഭാഷകന്റെ വീട്ടില്‍  ധനലക്ഷ്മി എന്ന തമിഴ് ബാലിക ക്രൂരമായ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടത്  , ഇവിടെ കൊലപാതകികള്‍ നിരക്ഷര  സംസ്കാര ശൂന്യരുമായ ആളുകളല്ല മറിച്ചു  സമൂഹത്തിലെ മാന്യരും വിദ്യാസമ്പന്നരുമായ മലയാളി ദമ്പതികളാണ് , സൌമ്യയുടെ മരണം പോലെ തന്നെ ഗൌരവത്തിലെടുക്കേണ്ട ഒരു കാര്യമായിരുന്നിട്ടു കൂടി അത് നമ്മള്‍ മറന്നു പോയി , ഇതു പോലെ നൂറു കണക്കിന് അന്യസംസ്ഥാന ബാലവേലക്കാര്‍ കേരളത്തിലങ്ങോളമിങ്ങോളം  വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ക്രൂരമായി പീഡനങ്ങള്‍ അനുഭവീച്ചു കൊണ്ടു ജീവിക്കുന്നുണ്ടാകണം ഒരു മരണം സംഭവിച്ചെങ്കില്‍ മാത്രമെ അതൊരു രണ്ട് കോളം വാര്‍ത്തയുടെ പ്രാധാന്യമെങ്കിലും ലഭിക്കൂ .



  , ഇത്തരം സംഭവങ്ങള്‍  മാനുഷികമായ ഒരു പാട് ചോദ്യങ്ങള്‍ നമുക്കു മുന്നില്‍ ഉയര്‍ത്തുന്നുണ്ട് , പക്ഷെ അതില്‍ ഇര ഒരു മലയാളി അല്ലാതിരിക്കുകയും വേട്ടക്കാര്‍ നമ്മള്‍ തന്നെയായിരിക്കുകയും ചെയ്യുമ്പോള്‍ അത്തരം സംഭവങ്ങളെ തമസ്കരിക്കുകയും അതാണതിന്റെ ഒരു ശരി എന്ന നിലപാടിലെത്തുകയും ചെയ്യുന്നു . മറ്റൊരു ന്യായം പറയാനുള്ളത് ഈ അന്യ സംസ്ഥാന തൊഴിലാളികളെല്ലാം ക്രിമിനലുകളാണ് , അവര്‍ പലപ്പോഴും കുറ്റവാസന പ്രകടിപ്പിക്കുന്നവരാണ് എന്നൊക്കെയാണ്  - ഇത് ഒരു തരം സ്റ്റീരിയോ ടൈപ്പിങ്ങ് ആണെന്നു മാത്രമേ പറയാന്‍ കഴിയൂ .മോഷണത്തിനായും ഗുണ്ടാപ്പണിക്കുമായുമെല്ലാം മറ്റു സംസ്ഥാനക്കാര്‍ ഇവിടെ വരുന്നുണ്ട് എന്നു കരുതി അന്നന്നത്തെ അന്നത്തിനായി പൊരി വെയിലത്തു പണിയെടുത്ത് ,തകരപ്പാട്ടകള്‍ കൊണ്ട് മറച്ച ചാളകളില്‍ ജീവിക്കുന്ന ഒരു പാട് പാവങ്ങളെ ആ പരിധിയില്‍ പെടുത്തി ദ്രോഹിക്കരുത് . 
അധികൃതര്‍ ചെയ്യേണ്ടത് ഇത്തരം അന്യസംസ്ഥാന തൊഴിലാളികള്‍ക്കു ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുകയും അവരുടെ തൊഴിലിടങ്ങളില്‍ അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ , അതായത് ശരിയായ താമസ സൌകര്യം , ശരിയായ വേതനം ഇതൊക്കെ നല്‍കുന്നുണ്ടോ എന്നാണ്  , അല്ലാതെ ഏതൊ ഒരു തമിഴന്‍ മോഷ്ടിച്ചതിന്റെ പേരില്‍ മൊത്തം തമിഴ് പണിക്കാ‍രെ വളഞ്ഞിട്ട് തല്ലുന്ന എമ്പോക്കികള്‍ക്കു ഒത്താശ ചെയ്യലല്ല .ഗള്‍ഫ് നാടുകളിലെ അനധികൃത കള്ള് കച്ചവടം  ,വേശ്യാലയങ്ങള്‍ ,സ്ത്രീകളെ കടത്തല്‍ ,സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ , തിരിമറികള്‍ എന്നിങ്ങനെ ഏതു  എന്നീ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എടുത്തു നോക്കിയാലും അതിലൊരു പ്രധാനി മലയാളി ആയിരിക്കും എന്നു കരുതി മലയാളികള്‍ മുഴുവന്‍ കുറ്റവാളികളാണെന്നു പറയുന്ന   സാമാന്യ വല്‍ക്കരണത്തിന്റെ അപകടം നമ്മള്‍ക്കറിയാം പക്ഷെ അതു തന്നെ നമ്മള്‍ മറ്റൊരു കൂട്ടം ആളുകള്‍ക്കു നേരെ പ്രയോഗിക്കുമ്പോള്‍ നമുക്കതില്‍ തെറ്റു തോന്നുന്നുമില്ല .  ഇതൊരു തരം മനോ നിലയാണ് .


മേല്‍പ്പറഞ്ഞ വാര്‍ത്തകള്‍ ഈയൊരു ലേഖനമെഴുതാനായി കഷ്ടപ്പെട്ടു തേടിപ്പിടിച്ചതല്ല കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മുടെ നാട്ടില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് . ഈ സംഭവങ്ങള്‍ ഒരു പോലീസ് കേസ് ആകുമ്പോഴോ ഒരു മരണം സംഭവിക്കുമ്പോഴൊ മാത്രമേ നമ്മള്‍ അറിയുന്നുള്ളൂ അതല്ലാതെ തന്നെ നിരവധി സംഭവങ്ങള്‍ നാം കാണാതെ പോകുന്നവയാണ് .തെരുവില്‍ അന്തിയുറങ്ങുന്ന നാടോടി പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തെന്ന് വീരസ്യം പറയുന്നവര്‍ , അവരുടെ കുടിലുകളില്‍ രാത്രി ഒളിഞ്ഞ് കടക്കുന്നവര്‍  , മോഷണം നടത്തിയെന്നാരോപിച്ച് ഖാപ്പ് പഞ്ചായത്തുകളെക്കാള്‍ ഹീനമായ രീതിയില്‍ കൂട്ട മര്‍ദ്ദനം നടത്തുന്നവര്‍ ഇതൊക്കെയാണ് നമ്മള്‍ മലയാളികള്‍ .

.മലയാളിയെ പൊതുവില്‍ നന്മയുടെ പ്രതിരൂപമായാണ് നമ്മള്‍ സ്വയം അവതരിപ്പിക്കാറുള്ളത് .സിനിമകളില്‍ അതിക്രൂരന്മാരായ അധോലോക നായകരായി ഉത്തരേന്ത്യയില്‍ നിന്നു വരുന്ന ഒരു ഹിന്ദിക്കാരനെയോ  തെരുവു ഗുണ്ടകളായി  തമിഴന്‍ ശരീരത്തെയോ നാം സ്ഥിരം നിയോഗിച്ചു വരുന്നു . അപ്പോള്‍ നമ്മളീ കൊട്ടിഘോഷിക്കുന്ന മലയാളി മാന്യതയും നന്മയും നമുക്കു പുറം നാടുകളില്‍ കിട്ടേണ്ടുന്ന ഒരു സവിശേഷ അവകാശമായി മാത്രം മാറുന്നു , നമ്മള്‍ തിരിച്ചു കൊടുക്കേണ്ടതില്ല .ഞാനും നിങ്ങളുമടങ്ങുന്ന ഈ മലയാളി സമൂഹത്തെ മലയാളി മാന്യന്മാരെന്നല്ല വിളിക്കേണ്ടത് മലയാളി മൈഗുണാഞ്ചന്മാര്‍  എന്നായിരിക്കും


അനുബന്ധം :


എന്റെ നാട് ഒരു ഗ്രാമ പ്രദേശമാണ് ,കഥകളില്‍ പറയുന്ന പോലെ ബാങ്കു വിളികളും ക്ഷേത്ര ഭക്തിഗാനങ്ങളും കൊണ്ട് നാടിനെ ഉണര്‍ത്തുന്ന നന്മ നിറഞ്ഞ ഒരു ഗ്രാമം .അവിടേക്കു  ദേശാടന പക്ഷികളെപോലെ ഓരോരോ സീസണിലും അഭയാര്‍ത്ഥികളായി എത്തുന്ന ഒരു കൂട്ടരുണ്ട് ആമയെത്തീനികള്‍ “ എന്നാണ് അവരെ വിളിക്കാറ് , നാടോടികളായ തമിഴ് കുടുംബങ്ങളാണ് ഈ ആമയെത്തീനികള്‍ എന്നു വിളിപ്പേരിട്ടു വിളിക്കുന്ന കൂട്ടര്‍ .ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍ പഴയ തുണിക്കഷ്ണങ്ങള്‍ കൂട്ടിച്ചെര്‍ത്ത് കൂടാരം പോലെ ഒന്നുണ്ടാക്കി  , മറ്റൊരു തുണിക്കീറ് സമീപത്തെ മരക്കൊമ്പുകളിലെവിടെയെങ്കിലും ഞാത്തിയിട്ട് അതില്‍ കുട്ടികളെ കിടത്തി അവരവിടെ താല്‍ക്കാലികമായ ഒരു വാസസ്ഥലം ഒരുക്കുന്നു .എന്റെ ബാല്യത്തീല്‍ അതൊരു സ്ഥിരം കാഴ്ചയായിരുന്നു .കുളങ്ങളും തോടുകളും അധികമുള്ള സ്ഥലത്താണ് ഇവര്‍ തമ്പടിക്കുക , .ആമയെ പിടുത്തമാണ് പ്രധാന ജോലി ,ആണുങ്ങളും മുതിര്‍ന്ന കുട്ടികളുമാണ് ആമയെ പിടിക്കാന്‍ ഇറങ്ങുക , പ്രായമായ സ്ത്രീകള്‍ അടുത്തുള്ള വീടുകളിലെ പുറം പണി അന്വേഷിച്ച് പോകും പെണ്‍ കുട്ടികളും അമ്മമാരും കുട്ടികളെ നോക്കി തമ്പില്‍ തന്നെ കഴിയും . ആമയെ പിടുത്തം ഒരു കാര്‍ണിവല്‍ പോലെ രസകരമായ സംഭവമാണ് നീണ്ട വടികളുമ്പയോഗിച്ച് കുളങ്ങളിലും തോടുകളിലും  മുങ്ങിത്തപ്പി ആമയെയും കൊണ്ട് വരും , എന്നിട്ടത് കള്ളു ഷാപ്പില്‍ കൊണ്ട് പോയി വില്‍ക്കും കള്ളു കുടിക്കും ബാക്കി വല്ലതുമുണ്ടെങ്കില്‍ അരിയും വാങ്ങുമായിരിക്കും .പലപ്പോഴും നാട്ടിലെ പരിചിത മുഖങ്ങളായി  ,അല്ലെങ്കില്‍ അവരുടെ പേരുകള്‍ തിരിച്ചറിയാന്‍ കഴിയുന്നത്ര  സാന്നിധ്യം അവരുളവാക്കിയിരുന്നു .ഒരിക്കല്‍ എന്റെ അയല്‍ വീട്ടിലെ ഒരു ചെമ്പു കലം കാണാതെ പോയി , പുറത്തു വെള്ളമെടുക്കാനായി വെക്കുന്ന വലിയ ചെമ്പു കലമാണത്  - ഉടന്‍ തന്നെ ആരോ പറഞ്ഞു ആ നാടോടി തമിഴന്മാര്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നു , അവരുടെ ഭാണ്ഡം വല്ലാതെ വലുപ്പമുണ്ടായിരുന്നു ചിലപ്പോള്‍ ചെമ്പു കലം ഞെളുക്കി വെച്ചതായിരിക്കണം ഈ ഊഹോപോഹത്തിന്റെ പുറത്തു അന്നു ആ നാടോടി സംഘത്തിലെ സ്ത്രീകളെയും കുട്ടികളെയും അടക്കം എല്ലാവരെയും ക്രൂരമായി മര്‍ദ്ദിച്ചു , അവരുടെ താല്‍ക്കാലിക ടെന്റുകള്‍ വലിച്ചു പറിച്ചു കളഞ്ഞു  , അവര്‍ തിരിച്ചൊന്നു പ്രതിരോധിക്കാന്‍ പോലുമാകാതെ നിസ്സഹായമായി പലായനം ചെയ്യേണ്ടി വന്നു  , പിറ്റേ ദിവസമോ മറ്റോ ആണെന്നു തോന്നുന്നു ആ ചെമ്പു കലം അവരുടെ വീടിനകത്തെവിടെ നിന്നോ കിട്ടി ,നാടോടികളെ തല്ലിച്ചതക്കാന്‍ നേതൃത്വം നല്‍കിയ ധീരനായ ആ വീട്ടുടമസ്ഥന്റെ പ്രതികരണം ഇങ്ങനെയായിരുന്നു  -“ എനിക്കപ്പഴേ തോന്നീരുന്നു കലം    ഇവടെ തന്നെ കാണുംന്ന്  , എന്നാലും അവറ്റോള് കള്ള ജാത്യേളാന്നെ   , നാട്ടീ നിര്‍ത്താന്‍ പറ്റില്ല , രണ്ടെണ്ണം കൊടുത്ത് വിട്ടത് നന്നായിപ്പോയെ ഉള്ളൂ  “ ആ നാടോടികള്‍ ആ ആദര്‍ശധീരന്റെ വീട്ടില്‍ നിന്നോ അയാളറിയുന്ന ആരുടെയെങ്കിലും വീട്ടില്‍ നിന്നോ എന്തെങ്കിലും മോഷ്ടിച്ചതായി അയാള്‍ക്കറിയില്ല എന്നാലും അങ്ങനെ ന്യായീകരിക്കുന്നതാണ് എളുപ്പം .  അതൊരു   വെറും  അഭിപ്രായമായിരുന്നില്ല , നമ്മുടെയൊക്കെ മനോഭാവമാണ്   പക്ഷെ അതിനു ശേഷവും അടുത്ത വര്‍ഷങ്ങളിലും അവര്‍ വന്നിരുന്നു , പിന്നെ പിന്നെ ഒഴിഞ്ഞ പറമ്പുകള്‍ വീടുകളാവുകയും കുളങ്ങളും തോടുകളും ഇല്ലാതാവുകയും ചെയ്തതോടെ ആ ദേശാടനങ്ങളും അവസാനിച്ചുവെന്നു തോന്നുന്നു .

Friday 23 September 2011

ചിദംബര സ്മരണ





അവസാനം 2 ജി സ്പെക്ട്രം കേസിലെ പൂച്ചയും പൂച്ചുമെല്ലാം വെളിയില്‍ ചാടിയിരിക്കുന്നു . 2 ജി സ്പെക്ട്രം അഴിമതി കേസില്‍ എ. രാജ എന്ന ദേശീയ രാഷ്ട്രീയത്തില്‍ ഒരു ചുക്കുമറിയാത്ത പാണ്ടിത്തമിഴന്‍ വെറുമൊരു ദല്ലാള്‍ മാത്രമായിരുന്നെന്നും രാജയെ വെച്ചു കളിച്ചത് അതിലും നന്നായി കളിക്കാനറിയാവുന്ന ഒരു കോര്‍പ്പറേറ്റ് രാഷ്ട്രീയക്കാരന്‍ തന്നെയാണ് എന്നു പ്രത്യക്ഷത്തില്‍ ആര്‍ക്കും മനസ്സിലാകും , എന്നിട്ടൂം പളനിയപ്പന്‍ ചിദംബരത്തിന്റെ പേര് അത്രയൊന്നും പൊങ്ങി വരാതിരുന്നത് കേന്ദ്ര സര്‍ക്കാറിലെ രണ്ടാമന്റെ അധികാര പ്രഭാവം കൊണ്ട് മാത്രമല്മ മൃദുഭാഷിയും കുലീനനുമായ അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ കൂടെ ബലത്തിലാണ് . ദേശീയ രാഷ്ട്രീയത്തില്‍ വില്ലനാകാന്‍ മിനിമം വേണ്ടത് ഒന്നു രണ്ട് കൊലപാതക കേസോ ബലാത്സംഗ കേസോ ഉള്ള , വിടല ചിരിയുമായി വരുന്ന ബീഹാറി - ഉത്തര്‍ പ്രദേശ് ഭാഗത്തു നിന്നുള്ള നിരക്ഷരന്മാരെയാണ് .

ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിലെ കുലീനനും മാന്യനുമായ പളനിയപ്പന്‍ ചിദംബരത്തെക്കുറിച്ച് ഉള്ള പ്രത്യക്ഷജ്ഞാനവുമായി അദ്ദേഹത്തിന്റെ ഭൂത കാല രാഷ്ട്രീയ - വാണിജ്യ പശ്ചാത്തലങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ പര്യാപ്തമാണ് .ശിവഗംഗയിലെ ഒരു സമ്പന്ന ചെട്ടിയാര്‍ കുടുംബത്തില്‍ പളനിയപ്പ ചിദംബരം ജനിച്ചത് വായില്‍ സ്വര്‍ണ്ണകരണ്ടിയുമായെന്ന പഴയ ചൊല്ലിനെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് . മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം കരസ്ഥമാക്കിയതിന് ശേഷം അമേരിക്കയിലെ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം ബി എ ബിരുദവും ചെന്നെയിലെ ലയോളാ കോളേജില്‍ നിന്ന് മറ്റൊരു ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയതിന് ശേഷമാണ് ചെന്നൈ ഹൈക്കോര്‍ട്ടില്‍ അഭിഭാഷകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് .

പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരവും ഭര്‍ത്താവിനെ പോലെ തന്നെ ഒരു ഹൈ പ്രൊഫൈല്‍ കോര്‍പ്പറേറ്റ് ലോയര്‍ ആണ് , നളിനി ഏറ്റെടുക്കുന്ന കേസുകള്‍ക്കെല്ലാമുള്ള പൊതു സ്വഭാവം അത് അതിന് തീര്‍പ്പു കല്‍പ്പിക്കാനോ സ്വാധീനിക്കാനോ കേന്ദ്ര ഗവണ്മെന്റിന് സാധിക്കും .സാന്റിയാഗോ മാര്‍ട്ടിന്റ്റെ ലോട്ടറി കേസിലും കൊക്കോ കോളയുമായി ബന്ധപ്പെട്ട പ്ലാച്ചിമട ട്രൈബ്യൂണലിലും നളിനി ചിദംബരമാണ് അവരുടെ അഭിഭാഷകയായി വാദിക്കുന്നത് . ഈ കേസുകളുടെ വിധി നിര്‍ണ്ണയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും സാധിക്കും , ചുരുക്കി പറഞ്ഞാല്‍ ഭാര്യ കേസ് വാദിക്കും അതിന് അനുകൂലമായി ഭര്‍ത്താവ് നിയമം വ്യാഖ്യാനിക്കുകയും നടപടികളെടുക്കുകയും ചെയ്യും

രാഷ്ട്രീയത്തിലും ഔദ്യോഗിക രംഗത്തും വന്‍ കിട കോര്‍പറേറ്റുകള്‍ക്കായിരുന്നു എന്നും ചിദംബരത്തിന്റെ മുന്‍ ഗണന . ഒരു അഭിഭാഷകനെന്ന നിലയില്‍ കോര്‍പ്പറേറ്റുകള്‍ക്കും വന്‍ കിട വ്യവസായികള്‍ക്കും വേണ്ടി ഹാജരാവുക എന്നത് ഔദ്യോഗികമായ കാര്യമാണ് പക്ഷെ രാജ്യത്തിന്റെ സുപ്രധാനമായ പദവിയിലിരിക്കുന്ന ഒരാളുടെ അത്തരം പ്രതീലോമകരമായ താല്പര്യങ്ങള്‍ തീര്‍ച്ചയായും രാജ്യദ്രോഹങ്ങള്‍ തന്നെയാണ് . 1992 ല്‍ ചിദംബരം കേന്ദ്ര മന്ത്രിസഭയില്‍ വാണിജ്യ മന്ത്രി ആയിരിക്കുമ്പൊഴാണ് ഹര്‍ഷദ് മേത്തയുടെ ഓഹരി കുംഭകോണത്താല്‍ കുപ്രസിദ്ധി നേടിയ Fairgrowth Financial Services ല്‍ പി ചിദംബരത്തിനും ഭാര്യ അഡ്വോക്കേറ്റ് നളിനി ചിദംബരത്തിനും 10000 ഷെയറുകള്‍ ഉണ്ടെന്ന് തെളിഞ്ഞത് . യഥാര്‍ത്ഥത്തില്‍ ഓഹരി കുംഭകോണത്തില്‍ ഹര്‍ഷദ് മേത്ത തെറ്റുകാരനാണെങ്കില്‍ പി ചിദംബരവും തെറ്റുകാരന്‍ തന്നെയാവേണ്ടതായിരുന്നു , പക്ഷെ അതില്‍ നിന്നെല്ലാം അതി സാമര്‍ത്ഥ്യത്തോടെ തന്നെ ഒഴിഞ്ഞ് മാറാന്‍ ചിദംബരത്തിന് കഴിഞ്ഞു . 2005 ല്‍ തമിഴ് നാട്ടിലെ തുണി മില്ല് ഉടമകളുമായുണ്ടായ ഒരു നിയമ പ്രശ്നത്തില്‍ തമിഴ് നാട് income tax Dept . ന്റെ അഭിഭാഷകയായി ചിദംബരം തന്റെ സ്വാധീനമുപയോഗിച്ച് ഭാര്യ നളിനിയെ നിയമിക്കുകയുണ്ടായി , തമിഴ് നാട് income tax Dept. ന് അനുകൂലമായി വരേണ്ടിയിരുന്ന ആ നിയമപ്രശ്നത്തില്‍ നളിനി അല്‍ഭുതകരമായി പരാജയപ്പെടുകയും തുണി മില്‍ ഉടമകള്‍ വിജയിക്കുകയും ചെയ്തു ,ചെട്ട്യാര്‍ സമുദായത്തില്‍ പെട്ട ചിദംബരത്തിന് തമിഴ് നാട്ടിലെ തുണി മില്‍ ഉടമകളുമായുള്ള ബന്ധത്തിന്റെ പുറത്ത് ഗവണ്മെന്റിന് ജയിക്കാവുന്ന ഒരു കേസ് മനപ്പൂര്‍വ്വം തോറ്റ് കൊടുക്കുകയായിരുന്നു എന്ന ആരോപണമുണ്ടായിരുന്നു ആ കേസിനെ സംബന്ധിക്കുന്ന. വസ്തുതകള്‍ പരിശോധിച്ചാല്‍ ആരോപണം ശരിയാണെന്ന് മനസ്സിലാവുകയും ചെയ്യും . വിവാദ അമേരിക്കന്‍ കമ്പനിയായ Enron ന്റെ കാര്‍മ്മികത്വത്തില്‍ ആരംഭമെടുത്ത് , കോടിക്കണക്കിന് രൂപ രാജ്യത്തിന് നഷ്ടപ്പെടുത്തിയ കുപ്രസിദ്ധരായ Dabhol Power Company യെ പുനരുജ്ജീവിപ്പിക്കാനായി എല്ലാ വിധ ഒത്താശകളും ചെയ്ത് കൊടുത്തത് പി ചിദംബരമായിരുന്നു .

2004- ല്‍ യു പി എ മന്ത്രി സഭ അധികാരത്തില്‍ വരുമ്പോള്‍ ധനമന്ത്രിയായി ചുമതലയേല്‍ക്കാന്‍ ചിദംബരം വരുന്നത് വേദാന്ത എന്ന കുപ്രസിദ്ധ മൈനിങ്ങ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം രാജി വെച്ച് കൊണ്ടാണ് . 1996 ല്‍ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്ത് പോയി തമിഴ് മാനിലാ കോണ്‍ഗ്രസ്സിനൊപ്പം നില്‍ക്കുകയും തമിഴ് നാട്ടില്‍ കോണ്‍ഗ്രസ്സിനെതിരെ മത്സരിക്കുകയും ചെയ്തതാണ് , സ്വന്തം മണ്ഡലമായ ശിവഗംഗയില്‍ പോലും സഖ്യകക്ഷികളുടെ കാരുണ്യമില്ലെങ്കില്‍ കെട്ടി വെച്ച കാശ് പോകുന്നത്ര ജനപ്രീതിയും അദ്ദേഹത്തിനുണ്ട് , കഴിഞ്ഞ പ്രാവശ്യം ഡി എം കെ യുടെ പിന്തുണയോടു കൂടി മത്സരിച്ചിട്ടു പോലും തിരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് വിജയിച്ചതെന്ന ആരോപണവുംനില നില്‍ക്കുന്നുണ്ട് .അതായത് കോണ്‍ഗ്രസ്സ് മന്ത്രി സഭ അധികാരത്തിലേറുമ്പോള്‍ മന്ത്രി സഭയിലെ രണ്ടാമനായി നില നിര്‍ത്താന്‍ മാത്രം കൊണ്‍ഗ്രസ്സ് വിശ്വസ്തനോ രാഷ്ട്രീയക്കാരനെന്ന നിലയില്‍ എന്തെങ്കിലും നേതൃഗുണമോ ഉള്ള ആളൊന്നുമല്ല ചിദംബരം എന്നിട്ടൂം കോണ്‍ ഗ്രസ്സ് മന്ത്രിസഭയില്‍ ഏറ്റവും പ്രധാനപ്പെട്ട പദവികളില്‍ പി ചിദംബരം അവരോധിക്കപ്പെടാനുള്ള കാരണം കോര്‍പ്പറേറ്റുകളുടെ മാത്രം താല്പര്യമാണ് .

“On 22 May 2004, Mr P. Chidambaram resigned from the Board, following his appointment as Finance Minister in the new Indian Government. I would like to thank him for his contribution and I am sure he will play a pivotal role in the continuing development of India.”
വേദാന്ത എന്ന ബഹുരാഷ്ട്ര ഖനന കമ്പനിയുടെ 2004 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ചെയര്‍മാന്‍ ബ്രയാന്‍ ഗില്‍ബര്‍ട്ടസണ്‍ പ്രസ്ഥാവിക്കുന്നതാണ് ,


ഒരു കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനമോ നിയമോപദേഷ്ടാവോ ആയ സ്ഥാനം വഹിച്ചിരുന്ന ആള്‍ ഒരു രാജ്യത്തെ മന്ത്രിയാകാന്‍ പാടില്ല എന്ന് നിയമമില്ല , പക്ഷെ ആ കമ്പനിയുടെ കുപ്രസിദ്ധമായ നിലപാടുകള്‍, കുത്സിതമായ പ്രവര്‍ത്തനങ്ങള്‍ മുഖേന കൊള്ള ലാഭം നേടാനുള്ള തത്രപ്പാടില്‍ രാജ്യത്തെ ജനങ്ങളെയും അവിടത്തെ വിഭവങ്ങളെയും കുറ്റകരമായ രീതിയില്‍ ചൂഷണം ചെയ്യുകയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്താല്‍ അത് രാജ്യദ്രോഹമാണ് , ആ രാജ്യദ്രോഹത്തിന് കൂട്ട് നില്‍ക്കാന്‍ ആ രാജ്യത്തെ സൈന്യത്തെയും നിയമ വ്യവസ്ഥയെയും ഉപയോഗിക്കുന്ന എന്ന തലത്തിലേക്കാണ് പി ചിദംബരത്തിന്റെ സൈനിക ഓപ്പറേഷനുകള്‍ എത്തി നില്‍ക്കുന്നത് .ഇന്‍ഡ്യന്‍ വനമേഘലയില്‍ വ്യാപകമായ പരിസ്ഥിതിനശീകരണവും അത്യന്തം ഹീനമായ രീതിയില്‍ തദ്ദേശീയരെ കുടിയൊഴിപ്പിക്കുകയും അതിന് വേണ്ടി രാജ്യത്തെ അധികാര സ്ഥാപനങ്ങളെ അവിഹിതമായ രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് വേദാന്ത .ഇന്‍ഡ്യയില്‍ കമ്പനി നടത്തുന്ന പരിസ്ഥിതി നാശങ്ങള്‍ക്കും മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കുമെതിരെ ഒരു പറ്റം മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പ്രക്ഷോഭത്തില്‍ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട കമ്പനിയാണ് വേദാന്ത എന്ന് വിലയിരുത്തുകയുണ്ടായി , ഒന്നിലേറെ രാജ്യങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ള കമ്പനി കൂടിയാണ് വേദാന്ത .


വേദാന്തയുടെ സഹോദരസ്ഥാപനമായ Sterlite ന്റെ പേരില്‍ 243.30 കോടി രൂപയുടെ നികുതി വെട്ടിപ്പ് കേസ് നില നില്‍ക്കുന്നുണ്ടായിരുന്നു , സ്വാഭാവികമായും രാജ്യത്തിന് ലഭിക്കേണ്ടുന്ന ആ നികുതി ധനമന്ത്രി എന്ന നിലക്ക് മുന്‍ കൈ എടുത്ത് വാങ്ങുകയായിരുന്നു വേണ്ടത് , പക്ഷെ അതിന് മുമ്പെ തന്നെ ആ കേസില്‍ Sterlite ന് നിയമോപദേശം നല്‍കി ആ നികുതി അടക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തിയത് ചിദംബരമായിരുന്നു .


കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്നൊരു ചൊല്ലുണ്ട് .കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി മാത്രം ഭരണം നടത്തുന്ന മന്മോഹന സിങ്കത്തിന് ചിദംബരത്തെക്കാള്‍ അനുയോജ്യനായ ഒരു ആഭ്യന്തര മന്ത്രിയെ കിട്ടാനില്ല . 2008 നവംബര്‍ ആറ് മുബൈ ഭീകരാക്രമണത്തിന്റെ പരിണിത ഫലമായാണ് പി.ചിദംബരം ആഭ്യന്തര മന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് ,ഭീകരാക്രമണത്തിനു ശേഷം പല തവണ കോട്ടും സ്യൂട്ടും മാറി മാധ്യമങ്ങളില്‍ ഒരു സുന്ദരവിഡ്ഡിയായി പ്രത്യക്ഷപെട്ട അന്നത്തെ ആഭ്യന്തര മന്ത്രി ശിവരാജ് പാട്ടീലിനെ മാധ്യമങ്ങള്‍ കണക്കറ്റ് പരിഹസിച്ച , ഒന്നും ചെയ്യാന്‍ കഴിയാത്ത നിര്‍ഗുണനായിരുന്നു ശിവരാജ് പാട്ടീലെങ്കില്‍ എന്തും ചെയ്യാന്‍ തയ്യാറായ ഒരാളെന്നബോധ്യമായിരിക്കണം ചിദംബരത്തെ ആഭ്യന്തര മന്ത്രിയാക്കാന്‍ കോര്‍പ്പറേറ്റുകളെ പ്രേരിപ്പിച്ചിട്ടുണ്ടാവുക , എന്തായാലും കോര്‍പ്പറേറ്റുകളുടെ പ്രതീക്ഷക്കൊപ്പമോ അതിലുപരിയോ ചിദംബരം അവര്‍ക്കു വേണ്ടി ചെയ്തു .

ഗ്രീന്‍ ഹണ്ട് ഓപ്പറേഷന്‍ എന്ന പേരില്‍ ലക്ഷക്കണക്കിന് സൈനികരെ വന മേഖലയിലേക്കു വിന്യസിച്ചത് ചിദംബരം ആഭ്യന്തര മന്ത്രിയായതിനു ശേഷമായിരുന്നു .അത്തരം സൈനിക വിന്യാസങ്ങള്‍ കൊണ്ട് ആദിവാസി മേഖലകളില്‍ വേദാന്തയും എസ്സാറും റ്റാറ്റയും ജിണ്ടാലും അടക്കമുള്ള വന്‍ കിട കോര്‍പ്പറേറ്റുകള്‍ ആധിപത്യമുറപ്പിച്ചു, ഒരു കണക്കിന് ഗവണ്മെന്റ് ചെലവില്‍ കോര്‍പ്പറേറ്റ് കാവല്‍ സംഘങ്ങളായി മാറി ഇന്‍ഡ്യന്‍ സൈന്യം .ഒരു രാജ്യത്തെ ജനങ്ങളുടെ സംരക്ഷണമാണ് ആഭ്യന്തര മന്ത്രിയുടെ ചുമതലയെന്നാണ് വെയ്പ്പ് , അതേ ആഭ്യന്തര മന്ത്രി തന്നെ അതേ രാജ്യത്തെ ജനങ്ങള്‍ക്കു മേല്‍ ആകാശത്തു നിന്നു ബോംബ് വര്‍ഷിക്കാന്‍ ഉത്തരവിടുകയെന്നു വെച്ചാല്‍ അദ്ദേഹത്തിന്റെ മനോനില എന്താണ് .2008 ല്‍ ദന്റേവാഡയില്‍ നടന്ന സൈനികകൂട്ടക്കൊലക്കു ശേഷം വായുസേനയെ വിന്യസിക്കാനുള്ള ചിദംബരത്തിന്റെ തീരുമാനത്തെ “തന്റെ രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ വായുസേനയെ ഉപയോഗിക്കാനാവില്ല “ എന്ന വായുസേനാ തലവന്റെ ശക്തമായ എതിര്‍പ്പു മൂലം നടന്നില്ല .

കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയതിന് ശേഷമാണെന്ന് തോന്നുന്നു രാജ്യത്ത് ഏറ്റവുമധികം രാജ്യദ്രോഹികള്‍ ഉണ്ടായത് , കോര്‍പ്പറേറ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെ , ആദിവാസികള്‍ക്കു വേണ്ടി സംസാരിക്കുന്നവരെ എല്ലാം ഒരു കഷ്ണം പേപ്പറിന്റെ തെളിവില്‍ പോലും രാജ്യദ്രോഹികളാക്കി മാറ്റാം -ബിനായക് സെന്‍ , ഗാന്ധിയനായ ഹിമാന്‍ശു കുമാര്‍ , മഹാശ്വേതാ ദേവി , പരിസ്ഥിതി പ്രവര്‍ത്തകനായ പിയുഷ് സേത്തിയ ഇവരെല്ലാം അക്കൂട്ടത്തിലെ ഏതാനും രാജ്യദ്രോഹികള്‍ മാത്രം .

പദ്മശ്രീയും പദ്മവിഭൂഷണും മാഗ്സസെ അവാര്‍ഡുമെല്ലാം നേടിയ , സ്വന്തം ജീവിതം തന്നെ രാജ്യത്തെ ജനങ്ങള്‍ക്കായി സമര്‍പ്പിച്ച രാജ്യത്തെ ഏറ്റവും ബഹുമാന്യയായ മഹാശ്വേതാ ദേവിയെ നക്സലിസ്റ്റ് ബന്ധം ആരോപിച്ചു അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു , മഹാശ്വേതാ ദേവി ചെയ്ത കുറ്റം കോര്‍പ്പറേറ്റുകള്‍ക്കെതിരായ നക്സല്‍ പോരാട്ടങ്ങളെ ന്യായീകരിച്ചു എന്നതായിരുന്നു .

2010 റിപ്പബ്ലിക് ദിനത്തിലാണ് സേലത്ത് നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ പിയുഷ് സേത്തിയ എന്ന പരിസ്ഥിതി പ്രവര്‍ത്തകനെ രാജ്യദ്രോഹകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. . അദ്ദേഹം ചെയ്ത കുറ്റം ചത്തിസ്ഗഡിലെ ആദിവാസികള്‍ക്ക് നേരെയുള്ള സൈനിക അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കൊണ്ട് സേലത്ത് നിന്ന് ആഭ്യന്തര മന്ത്രിയുടെ മണ്ഡലമായ ശിവഗംഗയിലേക്ക് ഒരു സൈക്കിള്‍ യാത്ര നടത്താന്‍ തീരുമാനിച്ചു എന്നതാണ് , അതിനും ഒരു വര്‍ഷം മുമ്പ് മറ്റൊരു ഗുരുതരമായ കുറ്റകൃത്യത്തില്‍ കൂടി അദ്ദേഹം പങ്കാളിയായിരുന്നു വേദാന്തയുടെ അനുബന്ധ കമ്പനിയായ മാല്‍കോ കൊല്ലിമലയില്‍ വര്‍ഷങ്ങളായ [വേദാന്തയും അനുബന്ധ കമ്പനികളും കൊല്ലിമലയിലും തൂത്തുക്കുടിയില്ടും നടത്തുന്ന അനധികൃത പ്രവര്‍ത്തനങ്ങളും പരിസ്ഥിതി നാശങ്ങളും വളരെ വിശദമായി എഴുതേണ്ട സംഗതികളാണ് ] നിയമവിരുദ്ധ ഖനനത്തിനെതിരെ ഹൈക്കോടതിയില്‍ സ്പീക് ഔട്ട് സേലം എന്ന സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ ഒരു പൊതുതാല്പര്യ ഹര്‍ജി നല്‍കി ആ ഖനനം നിര്‍ത്തലാക്കി . തീര്‍ച്ചയായും പിയുഷ് സേത്തിയ ഒരു രാജ്യദ്രോഹിയാ‍വാനുള്ള എല്ലാ സാധ്യതകളും നിലവിലുണ്ട് , ഒരു ജനാധിപത്യ രാജ്യത്തില്‍ രാജ്യദ്രോഹിയായി തീരാന്‍ ഈ കുറ്റങ്ങള്‍ തന്നെ ധാരാളമാണല്ലോ .

ഒരു രാജ്യത്തിലെ ജനങ്ങള്‍ക്കെതിരെ തന്റെ അധികാരം ദുരുപയോഗം ചെയ്തു കൊണ്ട് സൈനിക വിന്യാസം നടത്തുന്നു , ഒരു രാജ്യത്തിന്റെ പ്രകൃതി വിഭവങ്ങളെ മുച്ചൂടും നശിപ്പിച്ച് ദശ കോടികള്‍ വാരിക്കൂട്ടുന്നവര്‍ക്കു ഒത്താശ ചെയ്യുന്നു ,അവര്‍ക്കു അനുകൂലമായ നിയമങ്ങള്‍ സൃഷ്ടിക്കുന്നു , കോര്‍പ്പറേറ്റുകള്‍ക്കെതിരെ സമരം ചെയ്യുന്നവരെ . പ്രതികരിക്കുന്നവരെ എല്ലാം രാജ്യദ്രൊഹികളാക്കുന്നു - അപ്പോള്‍ ആരാ ണ് രാജ്യദ്രോഹി ? എന്താണ് രാജ്യദ്രോഹം ? എന്നത് നമ്മള്‍ പുനര്‍ നിര്‍വചിക്കേണ്ടിയിരിക്കുന്നു .

നമ്മുടെ പരമ്പരാഗത സിനിമാവിശ്വാസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും തുടര്‍ന്നു പോരുന്നതുമായ ഒരു വിഡ്ഡിത്തമാണ് വില്ലന്റെ രൂപഭാവങ്ങള്‍ - വില്ലന്മാര്‍ കൊമ്പന്‍ മീശ പിരിച്ചു വെച്ച് , ഉണ്ടക്കണ്ണ് ചുവപ്പിച്ച് , കണ്ണിന് താഴെ വലിയൊരു മറുകും ആര്‍ത്തട്ടഹസിക്കുന്ന ക്രൂര മുഖഭാവങ്ങളുമൂണ്ടായിരിക്കണം ഇപ്പോഴാണെങ്കില്‍ വിചിത്രമായ മുഖഭാവത്തോടെ ക്രൂരമായ സംഭാഷണത്തോടെ നെഞ്ചത്തൊരു കുരിശും ഓവര്‍കോട്ടുമൊക്കെ ആയാലേ വില്ലന്മാരാകൂ എന്നു നമുക്കു നിര്‍ബന്ധ ബുദ്ധിയുണ്ട് , ശുഭ്രവസ്ത്ര ധാരികളും മൃദുല ഭാഷിയും ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരാളും ഒരു വില്ലനാകാന്‍ സാധ്യതയില്ല , സിനിമയില്‍ മാത്രമല്ല യാഥാര്‍ത്ഥ്യത്തിലും അങ്ങനെ വിശ്വസിക്കാന്‍ നമുക്കു താല്പര്യമില്ല .
അത് കൊണ്ടാവണം നിരവധി ആരോപണങ്ങള്‍ തെളിവ് സഹിതം വന്നിട്ടും പളനിയപ്പന്‍ ചിദംബരമെന്ന ശുഭ്ര വസ്ത്ര ധാരിയായ മിതഭാഷി ഇപ്പോഴും പ്രതിച്ഛായക്കു മങ്ങലേല്‍ക്കാതെ നില നില്‍ക്കുന്നത് .



Tuesday 13 September 2011

പുരുഷ മരണങ്ങള്‍



ഒരു പ്രത്യേക കാലയളവിനു ശേഷം പിന്തിരിഞ്ഞു നോക്കുമ്പോള്‍ കേട്ടതും കണ്ടതുമായ അസ്വാഭാവികമായ ചില കാര്യങ്ങള്‍ക്കൊരു കൊറിലേഷന്‍ [correlation ] നമുക്കു
അനുഭവപ്പെടാറുണ്ട് , അത പ്രകടമായി പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ പോലും സൂക്ഷ്മമായി ഒരളവു വരെ അത്തരം ബന്ധങ്ങള്‍ ആ അസ്വാഭാവികതയില്‍ നമുക്കാരോപിക്കാന്‍ കഴിയും . എന്റെ കേള്‍വിയിലും കാഴ്ചയിലും അനുഭവപ്പെട്ട മൂന്നു മരണങ്ങള്‍ , അതു സംഭവിച്ച കാല ദേശങ്ങളെല്ലാം പരസ്പരം ബന്ധമില്ലാതിരുന്നിട്ടു കൂടി അവയെ പരസ്പരം ചേര്‍ത്തു വെക്കാവുന്ന ഒരു കാരണം അതില്‍ പരോക്ഷമായി കാണാവുന്ന പുരുഷ ലൈംഗികതയുടെ നൈരാശ്യമോ ഉണര്‍വ്വോ ഒക്കെയാണ് .കാല ഗണനക്കനുസരിച്ച് അവരോഹണ ക്രമത്തില്‍ അത് ദേവദാസ്സിലൂടെ , അബ്ദുക്കുട്ടനിലൂടെ തൊത്തോത്തെ ചന്ദ്രേട്ടനിലേക്കെത്തുന്നു .

ദേവദാസ്.


യൌവ്വനത്തിന്റെ തീതിളപ്പില്‍ തന്നെ തലച്ചോറില്‍ അര്‍ബുദം ബാധിച്ചാണ് ദേവദാസ് മരിക്കുന്നത് , ഒരാഘോഷം പോലെ ജീവിതം ജീവിച്ചു തീര്‍ത്ത അരാജകവാദിയെന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാം . മരിക്കുമെന്നു മുന്‍ കൂട്ടിയറിഞ്ഞിരുന്നെങ്കില്‍ ഒരല്പം കൂടി നന്നാക്കാമായിരുന്നു എന്നു പോലും തോന്നിപ്പിക്കാതെയാണ് അയാള്‍ ജീവിച്ചത് , ഒരു പക്ഷെ അധിക കാലം ജീവിച്ചിരിക്കില്ലെന്നുറപ്പോടെ ജീവിതത്തെ ആഘോഷിച്ചൂ തീര്‍ക്കുകയുമായിരുന്നിരിക്കാം . ആഘോഷങ്ങള്‍ മാത്രം നിറഞ്ഞു നിന്നിരുന്ന സൊഹൃദങ്ങള്‍ , മദ്യം , മദിരാക്ഷി, സമ്പത്തു - അയാള്‍ സൌഹൃദങ്ങള്‍ക്കിടയില്‍ അല്പം അസൂയ ഉളവാക്കുന്ന ഒരാളായി ജീവിച്ചു .

സ്ത്രീകളുടെ വിയര്‍പ്പിന്റെ ഗന്ധം ....അതായിരുന്നു അയാളുടെ ജീവിതവും ഉണര്‍വ്വും , അതില്‍ കുലീനരാ‍യ വീട്ടമ്മമാരും കോളേജ് കുമാരികളും മുതല്‍ വില കുറഞ്ഞ തെരുവു വേശ്യകള്‍ വരെ വേര്‍ തിരിവില്ലാതെ ഇടം പിടിച്ചു , പക്ഷെ അയാളെക്കുറിച്ചു ആര്‍ക്കും ഒരു കടന്നാക്രമണത്തിന്റെയോ ലൈംഗികാതിക്രമണത്തിന്റെയോ കഥകള്‍ പറയാനുണ്ടായിരുന്നില്ല ചിലവഴിക്കാന്‍ ആവശ്യത്തിലേറെ പണവും ആരോഗ്യവും യൌവനവും ഉള്ള ഒരാള്‍ക്കു സ്വാഭാവികമായി വന്നു ചേരുന്നത് മാത്രമേ അയാള്‍ സ്വീകരിച്ചിരുന്നുള്ളൂ . നാട്ടിലെ പ്രമുഖരുടെ വീടുകളിലെ കുലീനകളായ സ്ത്രീകളെയെല്ലാം തന്റെ കൈവരുതിക്കു നിര്‍ത്തുമെന്ന വീരവാദങ്ങള്‍ക്കു തെളിവായി രാത്രികളിലെ വേഴ്ചകള്‍ക്കു ശേഷം ആ വീടുകളില്‍ നിന്ന് കൂട്ടുകാര്‍ക്കു ഫോണ്‍ ചെയ്ത് , ആ സ്ത്രീകളെക്കൊണ്ട് സംസാരിപ്പിക്കുന്നതായിരുന്നു അയാളുടെ ഏറ്റവും വലിയ ആനന്ദം . കൂട്ടുകാര്‍ക്കിടയില്‍ അസൂയ ജനിപ്പിക്കും വിധം അയാള്‍ ജീവിച്ചു , ഭോഗിച്ചു അത് പരസ്യമാക്കുന്നതില്‍ അയാള്‍ക്കു സന്ദേഹമുണ്ടായിരുന്നില്ല . ദേവദാസ്സ് വിവാഹിതനായിരുന്നു അയാളുടെ ഭാര്യ പ്രസവിക്കില്ലായിരുന്നു എന്നാണ് ദേവദാസ്സ് പറഞ്ഞിരുന്നത് , ഈയൊരു അറിവ് കൂടി അയാളുടെ അവിഹിത ബന്ധങ്ങള്‍ക്കു വലിയ ന്യായീകരണമായിരുന്നു, അതൊരു സഹതാപാര്‍ഹമായിരുന്ന ന്യാ‍യീകരണം തന്നെയായിരുന്നു .
മുപ്പതുകളിലെത്തിയ യൌവനം , ജീവിതത്തിന്റെ തീത്തിളപ്പ് , ആ ആഘോഷത്തിന്റെ പാരമ്യത്തില്‍ ആണ് അയാള്‍ക്കു തലവേദന അനുഭവപ്പെട്ടു തുടങ്ങുന്നത് . തലവേദനയുടെ അസ്വസ്ഥതകളയാളെ വിടാതെ പിന്തുടര്‍ന്നിട്ടും അയാളതിനെ അവഗണിച്ചു ,ചിലപ്പോള്‍ അസഹനീയമായ വേദനയില്‍ കൂട്ടുകാരോടിതിനെക്കുറിച്ചു സൂചിപ്പിച്ചപ്പോള്‍ - പാതി കളിയായി അവര്‍ പറഞ്ഞു - “രാത്രി ഒളിസേവ നിര്‍ത്തീട്ട് കെടന്നുറങ്ങാന്‍ നോക്ക് ..ഉറക്കമില്ലാഞ്ഞിട്ടാവും ,അല്ലെങ്കില്‍ ഏതെങ്കിലും കെട്ട്യോന്മാരുടെ പ്രാക്കാവും ” അയാളും അങ്ങനെയൊരു തമാശയില്‍ ആ തലവേദനയെ നിസ്സാര വല്‍ക്കരിച്ചു , അളവില്ലാത്ത മദ്യപാനം , സുഖലോലുപതയൊക്കെയാവുമിതിനു കാ‍രണമെന്ന് അയാളും ധരിച്ചു . മാസങ്ങള്‍ക്കു ശേഷം കാഴ്ച മങ്ങിത്തുടങ്ങിയപ്പോഴാണ് അയാളതിനെക്കുറിച്ചു ബേജാറാകുന്നത് , അപ്പോള്‍ മാത്രമാണൊരു പരിശോധനയുടെ അനിവാര്യതയെക്കുറിച്ചയാള്‍ക്കു ചിന്തിക്കാന്‍ തോന്നുന്നത് പക്ഷെ അപ്പോഴെക്കും എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനെക്കാള്‍ ഗുരുതരമായി അര്‍ബുദം ബാധിച്ചു കഴിഞ്ഞിരുന്നു .


30 വയസ്സിനുള്ളില്‍ തന്നെ അയാളുടെ വിധി നിര്‍ണ്ണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു , കാന്‍സര്‍ വാര്‍ഡില്‍ അന്ത്യ ദിനങ്ങള്‍ എണ്ണപ്പെട്ട് ദയനീയമായി കഴിഞ്ഞിരുന്ന ദേവദാസ്സിനെ കാണാന്‍ അയാളുടെ ജീവിതം കൂടെ നിന്നു അറിഞ്ഞവരെല്ലാം ഭയപ്പെട്ടു ,കാഴ്ച ഇല്ലാതായിക്കൊണ്ടിരിക്കുന്നു , അര്‍ബുദം പൂര്‍ണ്ണമായി തന്നെ അയാളെ കീഴടക്കിയിരുന്നു . മരണത്തിനും ജീവിതത്തിനുമിടയിലുള്ള നിമിഷങ്ങള്‍ . കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്ന ബോധത്തില്‍ പഴയ സൌഹൃദങ്ങളുടെ നിസ്സഹായമായ മുഖങ്ങളിലേക്കു പൊട്ടിക്കരഞ്ഞു കൊണ്ടു അയാള്‍ ചോദിച്ചു - “എനിക്കു സിസിലിയെ ഒന്നു കാണണം ,അവളെ ഒരു തുണിക്കീറു പോലും ശരീരത്തിലില്ലാത്ത വിധത്തിലൊന്നു കൂടി കാണണം , എന്റെ അവസാനത്തെ കാഴ്ച അതാവണം”.
തീവ്ര പരിചരണ വിഭാഗത്തില്‍ അത്യാസന്ന നിലയില്‍ , മരണവും കാത്തു കിടക്കുന്ന ഒരാള്‍ക്കു വേണ്ടി കുപ്രസിദ്ധയായ ഒരു വേശ്യയെ എത്തിക്കുക എന്നത് അയാളോട് എത്ര മാത്രം സഹതാപമുണ്ടായാല്‍ പോലും അസാധ്യമാണെന്നയാള്‍ക്കറിയാമായിരുന്നു . ഷണ്ടന്റെ ഉദ്ധരിക്കാത്ത ലിംഗം പോലെ ആ ആഗ്രഹത്തിന്റെ ഭാവി അശുഭാപ്തി നിറഞ്ഞു പോകുമെന്നറിഞ്ഞിട്ടും മരണത്തിന്റെ അവസാന നിമിഷത്തിലും അയാളതാഗ്രഹിച്ചു പോയി , കൂട്ടുകാരന്റെ അവസാനത്തെ ആഗ്രഹമായിട്ടു പോലും അതു നിവര്‍ത്തിച്ചു കൊടുക്കാനാവാത്ത സങ്കടത്തില്‍ അവര്‍ പൊട്ടിക്കരഞ്ഞു , ആ ആഗ്രഹമൊരു അശ്ലീലമായി ഗണിക്കപ്പെടാതിരിക്കാന്‍ അവരതവഗണിച്ചു .


ദേവദാസ്സ് ജീവിതം ആഘോഷിച്ചു മരിച്ചു , പക്ഷെ പരിണാമഗുപ്തിയില്‍ അയാളുടെ അവിഹിത വേഴ്ചകളുടെ പരോക്ഷമായ ന്യായീകരണമായ ഭാര്യയുടെ വന്ധ്യത ഒരു കളവായി തെളിയിച്ചു കൊണ്ട് ദേവദാസ്സ് മരിച്ചു ഒരു വര്‍ഷത്തീന് ശേഷം അവര്‍ പുനര്‍വിവാഹം ചെയ്തു , അവര്‍ പ്രസവിക്കുകയും ചെയ്തു , ദേവദാസ്സിന്റെ അസൂയയുളവാക്കുന്ന പൌരുഷം ഒരു സംശയത്തിന്റെ ശേഷിപ്പായി .



അബ്ദുകുട്ടന്‍

എന്റെ ബാല്യത്തിന്റെ ഓര്‍മ്മയില്‍ ഒരു ആത്മഹത്യ കയ്ച്ചു നില്‍ക്കുന്നത് അബ്ദുകുട്ടന്റേതായിരുന്നു . വീടിന്റെ കിഴക്കേ തൊടിയിലുള്ള മാവിന്മേലായിരുന്നു , മഞ്ഞിന്റെ കരിമ്പടം പുതച്ച ഒരു ഡിസംബര്‍ പ്രഭാതത്തില്‍ ഉടുത്തിരുന്ന നീല ലുങ്കിയിന്മേല്‍ അബ്ദു കുട്ടന്‍ തൂങ്ങിയാടിയത് .പലപ്പോഴും പല ആത്മഹത്യകളും അവിശ്വസനീയവും അപ്രതീക്ഷിതവുമാണെന്ന പൊതുതത്വത്തെ മാനിച്ചാല്‍ പോലും അബ്ദുകുട്ടന്റെ മരണം വല്ലാത്ത അവിശ്വസനീയത സൃഷ്ടിച്ചത് ചങ്കൂറ്റത്തിന്റെ , നെഞ്ചുറപ്പിന്റെ ഒക്കെ ആള്‍ രൂപമായി നാട്ടുകാര്‍ അവരോധിച്ചത് കൊണ്ടാകണം .

ചെത്തുകാരന്‍ കുമാരച്ചോന്റെ മകനാണ് അബ്ദുകുട്ടന്‍ , അങ്ങനെ പറയുന്നതൊരു വലിയ കളവാണെങ്കിലും ഒരു അവതരണത്തില്‍ അങ്ങനെയേ പറയാനാകൂ , അബ്ദുകുട്ടന്‍ ജനിക്കുന്നതിനും മുമ്പു തന്നെ കുമാരച്ചോന്‍ ചെത്താന്‍ കയറിയ തെങ്ങില്‍ നിന്നു വീണ് മരിച്ചിരുന്നു .പിന്നീട് നാട്ടിലെ ജന്മിയായ അബ്ദുള്ളയുടെ ആശ്രിതത്തിലായിരുന്നു കുമാരച്ചോന്റെ വിധവ നീലി , അബ്ദുള്ള പെണ്‍ വിഷയത്തില്‍ അസാമാന്യമായ രീതിയില്‍ പേരുദോഷം കേള്‍പ്പിച്ച ഒരാളായിരുന്നു ,മൂന്നു ബീവിമാരെകൂടാതെ തന്നെ നാട്ടില്‍ പലയിടത്തും ഒളി സേവയുണ്ടായിരുന്നു പക്ഷെ അയാള്‍ ക്രൂരനായിരുന്നില്ല എല്ലാവരെയും സംരക്ഷിച്ചിരുന്നു .അബ്ദുള്ളയുടെ ആശ്രിതയായ ഒരു വിധവക്കു കുഞ്ഞുണ്ടാവുമ്പോള്‍ അതിന്റെ പിതൃത്വം തെളിയിക്കപ്പെടാന്‍ അവന്‍ വളര്‍ന്നു അബ്ദുള്ളയുടെ നീണ്ട മൂക്കും പൂച്ചക്കണ്ണും തെളിഞ്ഞു വരുന്നതു വരെ കാത്തു നില്‍ക്കേണ്ടി വന്നില്ല . അവന്റെ അമ്മ അവനെ കുട്ടനെന്നു വിളിച്ചു അച്ഛന്‍ കുമാരച്ചോനാണെന്നു ആരും വിശ്വസിക്കാത്ത ഒരു കളവ് അവനോട് പറഞ്ഞു ഫലിപ്പിക്കാന്‍ ശ്രമിച്ചു .പക്ഷെ മറച്ചു വെക്കാനാകാത്ത വിധത്തില്‍ അവന്റെ രൂപം ആ കളവിനെ പൊളിച്ചു കളഞ്ഞ് കൊണ്ട് വളര്‍ന്നു വരുകയായിരുന്നു .അബ്ദുള്ളക്കുട്ടിയുടെ നീണ്ട മൂക്ക് , പൂച്ചക്കണ്ണുകള്‍ ആ നടപ്പിലെ ഏന്തല്‍ പോലും അവന്റെ ജൈവീകമായ പാരമ്പര്യത്തില്‍ അലിഞ്ഞു ചേര്‍ന്നു , അവന്റെ അമ്മ അവനെ കുട്ടന്‍ എന്നാണ് വിളിച്ചത് പക്ഷെ അവന്റെ പൈതൃകത്തെ പരിഹസിച്ചു കൊണ്ട് അബ്ദുക്കുട്ടന്‍ എന്ന് നാട്ടില്‍ വിളിപ്പേരായി ,പിതാവിന്റെ പേര് പേരിന് മുന്നില്‍ വരുന്നതൊരു വലിയ അസഭ്യമായി തോന്നിത്തുടങ്ങി .ഒരു കളവിനും യാഥാര്‍ത്ഥ്യുത്തിനുമിടക്കു അവന്റെ ബാല്യം പരിഹാസത്തിലും കുത്തുവാക്കിലും പൊതിഞ്ഞു .


ജീവിതത്തിന്റെ കയ്പ്പു നിറഞ്ഞ അനുഭവങ്ങളിലൂടെ , പൈതൃകത്തിന്റെ യാഥാര്‍ത്ഥ്യവും നുണകളും ഉയര്‍ത്തിയ വ്യഥകളിലൂടെ അബ്ദുകുട്ടന്‍ വളര്‍ന്നു . പരിഹാസങ്ങള്‍ , പുച്ഛരസം കലര്‍ന്ന നോട്ടങ്ങള്‍ എല്ലാം അയാളെ വല്ലാത്ത നിഷേധത്തിന്റെ ഒരു വലിയ പര്‍വ്വതമാക്കി വളര്‍ത്തി , പക നിറഞ്ഞ ജീവിതം .വളര്‍ന്നു വരുമ്പോള്‍ അയാള്‍ അബ്ദുള്ളയെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു അബ്ദുള്ളയായി മാറി ,ഒത്ത പൊക്കം , വെളുത്ത നിറം ,നീണ്ട മൂക്ക് , പൂച്ചക്കണ്ണുകള്‍ അതൊരു അടയാളം തികഞ്ഞ അബ്ദുള്ള തന്നെയായിരുന്നു , കുട്ടന്‍ അബ്ദുക്കുട്ടന്‍ തന്നെയായിത്തീര്‍ന്നു , സ്വഭാവത്തില്‍ പോലും .

കൌമാരത്തില്‍ തന്നെ വേഴ്ചയുടെ പാഠങ്ങള്‍ , അഗമ്യ ഗമനങ്ങള്‍ , അവിഹിതങ്ങള്‍ അയാള്‍ പഠിച്ചെടുത്തു . ആരോഗ്യമുള്ള ശരീരം , വല്ലാത്ത കരുത്ത് , ഒറ്റയാന്‍ അയാളാരെയും വക വെച്ചില്ല . ബാല്യത്തിലും കൌമാരത്തിലും യൌവനത്തിലും തൃഷ്ണയുടെ പരകോടിയിലും അയാള്‍ക്ക് ആരോടും പ്രണയം തോന്നിയില്ല , അയാള്‍ക്കു കന്യകമാരെ വേണ്ടായിരുന്നു ഭര്‍തൃമതികളായ സ്ത്രീകളായിരുന്നു അയാളുടെ ലക്ഷ്യം . ബാല്യത്തില്‍ പരിഹസിച്ചവരുടെ പെണ്ണുങ്ങളെ പ്രാപിക്കുമ്പോള്‍ രതിയെക്കാള്‍ പക നിറഞ്ഞ പ്രതികാരമായി അയാള്‍ വളര്‍ത്തി , അതിന്റെ ആനന്ദത്തില്‍ വല്ലാതെയായി , പ്രാപിച്ച പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പകയും പ്രതികാരവും വര്‍ദ്ധിച്ചു .അബ്ദുക്കുട്ടന്റെ നില വിട്ടൂള്ള കളി അപകടം തന്നെയായിരുന്നു പക്ഷെ അയാളെ എതിര്‍ക്കാന്‍ തക്ക ധൈര്യമാര്‍ക്കുമില്ലായിരുന്നു . ഒരിക്കല്‍ അബ്ദുള്ള ബാപ്പയാണെന്നു പരസ്യമായി സമ്മതിക്കാന്‍ കൂടി ഒരുങ്ങിയതായിരുന്നു പക്ഷെ അബ്ദുക്കുട്ടന്‍ ആ ഔദാര്യത്തെ നിഷ്കരുണം തള്ളിക്കളഞ്ഞു .

പുരുഷവീര്യത്തിന്റെ കുതിപ്പ് , അതിന്റെ ആവേഗം നിയന്ത്രണമില്ലാത്ത അലച്ചില് ..അത് ഒടുവില്‍ ചെന്നെത്തിക്കുന്നതിന്റെ പാരമ്യത്തില്‍ തന്നെ അബ്ദുക്കുട്ടന്റെ പ്രയാണം ചെന്നെത്തി .പ്രതികാരത്തിന്റെ തീക്ഷ്ണമായ ഗൂഡാലോചനകളില്‍ അയാളുടെ ശരീരത്തിന് കീഴ്പ്പെട്ട് , അനുഭൂതി അനുഭവിച്ച പെണ്ണുങ്ങളുടെ ഭര്‍ത്താക്കന്മാരുടെ പ്രതികാരം നിറഞ്ഞ അസഹിഷ്ണുത ഗൂഡാലോചനയായി , തല്ലിക്കൊല്ലാന്‍ തന്നെ തീരുമാനമായി .പക്ഷെ എന്തിനും പോന്ന തന്തയായ അബ്ദുള്ള ഹാജിയുടെ മകനെന്ന സങ്കോചമവരെ ഒട്ടു പുറകോട്ടു വലിച്ചു പക്ഷെ ഒടുവില്‍ അബ്ദുള്ള ഹാജിയുടെ മൂന്നാം ബീവിയുടെ അറയിലും അബ്ദുക്കുട്ടന്റെ ശരീരം കണ്ട് തുടങ്ങിയെന്ന വാര്‍ത്ത പരന്നു തുടങ്ങിയപ്പോള്‍ അബ്ദുള്ള തന്നെയാവണം ആ തീരുമാനത്തിന് അനുമതി കൊടുത്തത് - തല്ലിക്കൊല്ലുക . പക്ഷെ ചത്തില്ല നട്ടെല്ല് തളര്‍ന്ന് , കൈകാലുകള്‍ മരവിച്ച് , ചലന ശേഷിയില്ലാതെ , .അബ്ദുള്ളാ ഹാജി തന്നെ അയാളെ സംരക്ഷിക്കാന്‍ തയ്യാറായെങ്കിലും ആ അവസ്ഥയിലും അയാള്‍ വിധേയനായില്ല . അബ്ദുക്കുട്ടന്റെ പൌരുഷം അനുഭവിച്ചറിഞ്ഞ ഒരു വിധവ ആരെയും കൂസാതെ അയാളെ സംരക്ഷിച്ചു , ചികിത്സിച്ചു . നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷംചികിത്സകളുടെ ഒക്കെ പരിണിത ഫലമായി ഒരു പുനര്‍ജന്മം പോലെ അബ്ദുക്കുട്ടന്‍ എണീറ്റു , നടക്കാന്‍ തുടങ്ങി , പഴയ പോലെ ആരോഗ്യമുള്ള ഒരുമനുഷ്യനാകും എന്ന് എല്ലാവരും കരുതി , പക്ഷെ തന്റെ വര്‍ഷങ്ങള്‍ നീണ്ട നിസ്സഹായതയെ അവസാനിപ്പിക്കുകയായിരുന്നു .



തൊത്തോത്തെ ചന്ദ്രേട്ടന്‍

തൊത്തോത്തെ ചന്ദ്രേട്ടന്‍ ഒരു ഹൃദയ സ്തംഭനം വന്നാണ് മരിക്കുന്നത് , ഹൃദയസ്തംഭനം സാധാരണമാണെങ്കിലും ചന്ദ്രേട്ടന്റെ കാര്യത്തീല്‍ അതില്‍ വലിയ അസ്വാഭാവികതയുണ്ട് .ആകാശം ഇടിഞ്ഞു വീണാലും ഒന്നുമില്ലെന്ന് ഭാവിക്കുന്ന ആളുകളുടെ രാജാവാക്കാന്‍ പറ്റുന്നത്ര നിസ്സംഗത നിറഞ്ഞ ജീവിതമായിരുന്നു അത് . ചന്ദ്രേട്ടനെ എനിക്കറിയുന്ന കാലം ഒരു ഒരു സാധാരണ ജീവിതം നയിക്കുന്ന മധ്യ വയസ്കന്റേതു മാത്രമായിരുന്നു , എപ്പോഴും പുഞ്ചിരിക്കുന്ന ഒരു കുടുംബസ്ഥന്‍ പക്ഷെ അതായിരുന്നില്ല ചന്ദ്രേട്ടന്‍ , മൂപ്പരുടെ കഥയില്‍ പലതും പഴമക്കാര്‍ പറഞ്ഞാണ് ഞാനറിഞ്ഞിട്ടുള്ളത് .

ആദ്യം കേള്‍ക്കുന്നവര്‍ തൊത്തോത്ത് എന്നത് ചന്ദ്രേട്ടന്റെ കുടുംബപേരാണെന്ന് ധരിക്കാനാണ് ഏറെയും സാധ്യതയെങ്കിലും അതൊരു ഇരട്ടപ്പേരാണ് .എന്റെ ബാല്യം ചന്ദ്രേട്ടന്റെ ജീവിതത്തിന്റെ അവസാന പാദം മാത്രം കണ്ടതു കൊണ്ടു കാര്‍ന്നോന്മാര്‍ പറഞ്ഞ കഥകളിലൂടെയാണ് അതിനെ രേഖപ്പെടുത്തേണ്ടത് , അതിങ്ങനെ പറഞ്ഞു തുടങ്ങാം .


അച്ഛനു മദ്രാസില്‍ കടയും കുടുംബ വക ഭൂസ്വത്തു മൊക്കെയുള്ള സാമാന്യം സമ്പന്നമായ കുടുംബത്തില്‍ മൂന്നു സഹോദരിമാര്‍ക്കു ഇളയതായാണ് ചന്ദ്രേട്ടന്‍ വളര്‍ന്നു വന്നത് . ഇളയ കുട്ടിയായത് കൊണ്ടുണ്ടായ മൂന്നു സഹോദരിമാരുടെ അമിത ലാളനയാലാണോ അതോ മറ്റെന്തെങ്കിലും അസുഖം കൊണ്ടാണൊ എന്നുമറിയില്ല കൊഞ്ഞപ്പോടെയായിരുന്നു വളര്‍ന്നു വന്നത് , അപ്പുക്കിളിയുടെ ചെറിയൊരു പതിപ്പായിരിക്കണം - ബാല്യം കടന്നപ്പോള്‍ തന്നെ മൂത്ത ചേച്ചിമാരെയൊക്കെ വിവാഹം കഴിച്ചയച്ചത് കൊണ്ടു ഒറ്റപ്പെട്ട് പോയ ഒരു കൌമാരകാലമായിതീര്‍ന്നു , പിന്നീടാണ് കാണുന്ന സ്ത്രീകളെയൊക്കെ തൊടണമെന്ന ഒരു തരം ആര്‍ത്തിയോ അഭിവാഞ്ചയോ ഒക്കെ ചന്ദ്രേട്ടനില്‍ പ്രകടമായത് - വേറെ ഒന്നും വേണ്ടാ കയ്യിലോ മുഖത്തോ ഒന്നു തൊട്ടാല്‍ മാത്രം മതിയെന്നായിരുന്നു - അതിനു അനുവാദവും ചോദിക്കും “ ഒന്നു തൊത്തോത്തെ “ എന്നു , ആദ്യമൊക്കെ അല്‍ഭുതം കലര്‍ന്ന ഭാവത്തോടെ നോക്കിയിരുന്ന പെണ്ണുങ്ങള്‍ക്കു ഈ ചോദ്യവും ഈ തൊടലും അതിനു ശേഷമുള്ള ആത്മനിര്‍വൃതിയുടെ മുഖഭാവവുമൊക്കെ വലിയ തമാശയായി , അവര്‍ പരസ്പരം പറഞ്ഞു ചിരിച്ചു .ബാല്യത്തില്‍ നിറഞ്ഞു നിന്നിരുന്ന സഹോദരിമാരുടെ ലാളനകള്‍ നഷ്ടമായ ഒരാളുടെ വ്യഥയാണോ ലൈംഗികമായ ഉണര്‍വ്വാണൊ എന്നറിയാനാവാത്ത വിധം ആ കൌമാരം ധര്‍മ്മസങ്കടത്തിന്റെ ചുഴിയില്‍ ഉഴറിയലഞ്ഞു . ആളുകളുടെ തമാശകള്‍ ഇരട്ടപ്പേരുകളും കഥകളുമായൊക്കെ നാട്ടില്‍ തന്നെ വട്ടം തിരിഞ്ഞു വന്നപ്പോള്‍ ചന്ദ്രേട്ടനെ മദ്രാസില്‍ അച്ഛന്റെ കടയിലേക്കു പറഞ്ഞയക്കുകയായിരുന്നു , പിന്നീടു കുറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചന്ദ്രേട്ടന്‍ നാട്ടിലേക്കു തിരിച്ചു വരുന്നത് - അപ്പോഴെക്കും ഒരു നവയുവാവിന്റെ എല്ലാ ഗാംഭീര്യവും കൈവന്ന ഒരാളായി മാറിയിരുന്നു , പഴയ തൊത്തോത്തെ കഥകളൊക്കെ ആളുകള്‍ ആ പ്രഭാവത്തില്‍ മറന്നു പോയിരുന്നു .


പിന്നീട് വിവാഹമായിരുന്നു അന്നത്തെ നിലയ്ക്കും വിലയ്ക്കും യോജിച്ച രീതിയില്‍ തന്നെ ആര്‍ഭാടമായ വിവാഹം , അടക്കവും ഒതുക്കവും സൌന്ദര്യവുമുള്ള കുട്ടി . വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ക്കു ശേഷമാണ് ചന്ദ്രേട്ടന്‍ വീണ്ടും പഴയ തൊത്തോത്തെ ചന്ദ്രേട്ടനിലേക്കു പരിണമിച്ചത് - സുന്ദരിയായ ഒരു ഭാര്യയെ വീട്ടിലിരുത്തി വീട്ടു വാല്യക്കാരെയും പാടത്തെ പണിക്കു വരുന്ന പെണ്ണുങ്ങളെയും “ഒന്ന് തൊത്തോത്തെ “ എന്ന അപേക്ഷയുമായി പരിഹാസ പാത്രമായി തീര്‍ന്നത് - ആളുകള്‍ കഥകള്‍ പലത് മെനഞ്ഞു ,ഊഹാപോഹങ്ങളും ഉപജാപങ്ങളും വക വെക്കാതെ , നിസ്സംഗതയുടെ കനത്ത ആവരണത്തിന്മേല്‍ ചന്ദ്രേട്ടന്‍ വെറുതെ നാട്ടുവെയിലില്‍ അലഞ്ഞു നടന്നു , മഴ കൊണ്ട് , വല്ലപ്പോഴുമൊക്കെ വീട്ടില്‍ വന്നു , അതിനിടയ്ക്കു ചിലരെങ്കിലും കൂട്ടുകാരായി ചമഞ്ഞു ചന്ദ്രേട്ടന്റെ അസംതൃപ്തയായ ഭാര്യയെ സ്നേഹിക്കാന്‍ ഒരുങ്ങിയെങ്കിലും അവരും അപ്പോഴെക്കും ഇതു വിധിയെന്ന മട്ടില്‍ നിര്‍മമതയുടെ അടയാളമായി ജീവിച്ചു തുടങ്ങിയിരുന്നു , സംതൃപ്തിയും അസംതൃപ്തിയുമൊക്കെ വേര്‍ തിരിച്ചറിയാനാവാത്ത വിധം ആ പെണ്‍കുട്ടി തളര്‍ന്നു പോയിരിക്കണം . കൃത്യതയില്ലാത്ത അലച്ചിലുകള്‍ , നിസ്സംഗമായ ജീവിതം വര്‍ഷങ്ങള്‍ കൊണ്ടൊന്നും മാറ്റമുണ്ടായില്ല - മകന്റെ ജീവിതത്തിന്റെ ഒഴുക്കിന്റെ ഗതിയറിയാതെ പകച്ചു നിന്ന അമ്മയും അച്ഛനും ഇതിനിടയ്ക്കു മറ്റൊരു ഇല്ലായ്മയിലേക്കു പോയി , ദൂരെയെവിടെയോ കെട്ടിച്ചു സഹോദരിമാര്‍ അകലെ നിന്നു സഹതപിച്ചു .ജീവിതത്തിലെ ഇല്ലായ്മകളും ദുരന്തങ്ങളും ആഘോഷങ്ങളും ഒന്നും ചന്ദ്രേട്ടനെ അലട്ടിയില്ല , കുടുംബ സ്വത്തുള്ളതു കൊണ്ട് ദാരിദ്ര്യമറിഞ്ഞില്ല ഇനി അഥവാ ദാരിദ്ര്യമായിരുന്നാല്‍ കൂടി അത് ബാധിക്കുന്ന ഒരു മാനസികാവസ്ഥയൊന്നുമായിരുന്നില്ല .

ടാ ചന്ദ്രാ നമുക്കു വല്ല ഡോക്ടറേം കാണിച്ചാലോ “ എന്നു ചോദിച്ച അഭ്യുദയ കാംക്ഷികളോടു ചോദ്യത്തിന്റെ അര്‍ത്ഥശൂന്യതയെ പരിഹസിച്ചു കൊണ്ടു ചിരിച്ചു - അവരുടെ പെണ്ണുങ്ങളോടും ചന്ദ്രേട്ടന്‍ അതു തന്നെ ചോദിച്ചു - “ ഒന്നു തൊത്തോത്തെ ” എന്ന് . സുന്ദരിയായ ഒരു ഭാര്യ വീട്ടിലുള്ളപ്പോള്‍ ഇത്തരത്തിലൊരു അലച്ചിലിനു ഷണ്ഠനാണ് എന്ന ഒരേയൊരു വ്യാഖ്യാനമേ നില നിന്നിരുന്നുള്ളൂ , പുരുഷത്വം നഷ്ടപ്പെട്ട ഒരാളായി അയാള്‍ വീണ്ടും അലഞ്ഞു .

കാലം അങ്ങനെ പലതു കഴിഞ്ഞു പോയി , ചന്ദ്രേട്ടന്റെ “തൊത്തോത്തെ “ ചോദ്യം ഒരു ഉപചാരമായും ആചാരമായും നാട്ടുകാര്‍ ശീലിച്ചെടുത്തു , അതിന്റെ അശ്ലീലത്തെ ഒരു തരം സ്നേഹമായി കരുതി ,നീണ്ട വര്‍ഷങ്ങള്‍ക്കപ്പുറം മധ്യവയസ്സിലെത്തി നില്‍ക്കുമ്പോഴാണ് ചന്ദ്രേട്ടന്റെ അലച്ചില്‍ പോലെ തന്നെ അല്‍ഭുതമായി ആണ് ചന്ദ്രേട്ടന്റെ ഭാര്യ ഗര്‍ഭിണിയായി എന്ന വാര്‍ത്ത നാട്ടുകാര്‍ കേട്ടത് - അത് വല്ലാത്തൊരു സംഭവം തന്നെയായിരുന്നു . കാലപ്പഴക്കം ചന്ദ്രേട്ടന്റെ ഭാര്യയായ സ്ത്രീയെ ആര്‍ക്കും അപവാദം പറയാനാകാത്ത തരത്തില്‍ നിഷ്കളങ്കയെന്നോ പതിവ്രതയെന്നോ തെളിയിച്ചതു കൊണ്ടു മാത്രം ചന്ദ്രേട്ടനില്‍ നിന്നു പിതൃത്വത്തിന്റെ അവകാശം നാട്ടുവഴികളിലെ പരദൂഷണങ്ങളില്‍ കൂടി മറ്റാരിലേക്കും സംക്രമിച്ചില്ല .

നിസ്സംഗത മാത്രം അനുവദിച്ചിരുന്ന ഒരു മുഖഭാവത്തില്‍ നിന്നും ചന്ദ്രേട്ടന്‍ വളരെ പെട്ടെന്ന് ആഹ്ലാദവും ആഘോഷവും എങ്ങനെയാണെന്നു തെളിയിച്ചു തന്നു , വലിയ വീടിന്റെ ഇടനാഴിയിലെ ഇരുട്ടില്‍ മാത്രം ഒതുങ്ങി നിന്ന ചന്ദ്രേട്ടന്റെ ഭാര്യ മധ്യവയസ്സിനോടടുത്ത പ്രായത്തില്‍ നവയുവതിയായി ,

ചന്ദ്രേട്ടനു കുഞ്ഞു ജനിച്ചു , ഒരാണ്‍ കുഞ്ഞ് .ചന്ദ്രേട്ടന്‍ പഴയ അലച്ചിലുകള്‍ ഉപേക്ഷിച്ചു , “തൊത്തോത്തെ” എന്ന ചോദ്യം പോലും മറന്നു .കഴിഞ്ഞ കാലത്തെ നിസ്സംഗമായ ജീവിതത്തോടുള്ള പ്രായശ്ചിത്തമെന്ന മട്ടില്‍ അവര്‍ അതിരു വിട്ട് സന്തോഷിച്ചു .മധ്യവയസ്സില്‍ ഒരു സാധാരണ ദാമ്പത്യം പോലെ തന്നെ അത് വീണ്ടും തളിര്‍ത്തു പുഷ്പിച്ചു ,ചന്ദ്രേട്ടന്റെ മകന് മൂന്നു വയസ്സിന്റെ പിറന്നാള് കഴിഞ്ഞതിന് ശേഷമാണ് ഒരു ചെറിയ നെഞ്ച് വേദന വരുന്നത് , ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് തന്നെ ഇടനെഞ്ചിലെ ആ ചലനം നിലച്ചിരുന്നു ,ചന്ദ്രേട്ടനും .

ചന്ദ്രേട്ടന്റെ മരണ ശേഷം ആ സ്ത്രീ വലിയ ദുഖപുത്രി ചമയാതെ തന്നെ മകനെ വളര്‍ത്തി , രൂപത്തില്‍ ചന്ദ്രേട്ടന്റെ തനിപ്പകര്‍പ്പായിരുന്നു ചന്ദ്രേട്ടന്റെ മകന്‍ .പക്ഷെ അയാള്‍ വളര്‍ന്നതും മുതിര്‍ന്നതും തികഞ്ഞ പക്വതയോടെ , വിശേഷ ബുദ്ധിയോടെ എല്ലാരെയും അതിശയിപ്പിച്ചു കൊണ്ടായിരുന്നു , പഴയ കഥകളുടെ ക്ലൈമാക്സ് പോലെ ആ മകന്‍ പഠിച്ച് വലിയ ഉദ്യോഗത്തിലെത്തി അങ്ങനെ ആ അമ്മയും മകനും സന്തോഷമായി ശേഷം ജീവിതം കഴിച്ചു കൂട്ടി . ആ കഥയും അങ്ങനെ അവിടെ തീരുന്നു .

പക്ഷെ അവശേഷിപ്പിക്കുന്ന ചോദ്യമിതായിരുന്നു അസ്വാഭാവികത തോന്നും വിധത്തിലൊരു വിചിത്രമായ ഭാവം തന്റെ യൌവനത്തെ നശിപ്പിച്ചു കൊണ്ട് സ്വയം സ്വീകരിച്ചത് , മധ്യവയസ്സില്‍ മാത്രം ഉണര്‍ന്ന വന്ന പൌരുഷത്തിന്റെ ഊര്‍ജ്ജത്തിന്മേല്‍ നഷ്ടപ്പെട്ടു പോയ ജീവിതത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ കഴിഞ്ഞ ഒരാള്‍ സ്വയമെന്തിന് അത്ര കാലം വേഷംകെട്ടി നടന്നു ?






Saturday 3 September 2011

എം പി നാരായണപ്പിള്ളയുടെ “കള്ളന്‍ “ .





ഒരൊറ്റ നോവലിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ പുതിയ മാനം സൃഷ്ടിച്ച ഒരു സാഹിത്യകാരനുണ്ട് നമുക്ക് , ഓ വി വിജയനല്ല , വിജയന്‍ പോലും പലപ്പോഴും വലിയ ബഹുമാനത്തോടെ പരാമര്‍ശിച്ചിട്ടുള്ള എം പി നാരായണ പിള്ള എന്ന പുല്ലുവഴി നാണപ്പന്‍ . ബൌദ്ധിക അരാജകത്വം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഒരു പാട് കഥകളുടെ കര്‍ത്താവ് ,ഉരുളക്കുപ്പേരി എന്ന പംക്തിയെഴുതി സമകാലിക സംഭവങ്ങളെ നര്‍മ്മത്തോടെ നിശിതമായി വിമര്‍ശിച്ചിരുന്ന നാണപ്പനെ മലയാളം വേണ്ട വിധത്തില്‍ പരിഗണിച്ചിട്ടില്ല എന്നതാണ് സത്യം .പറയന്റെയും പുലയന്റെയും നായരുടെയും നമ്പൂതിരിയുടെയും സോഴ്സ് ഒന്നു തന്നെയാണ് എന്ന ഡി എന്‍ എ പഠനത്തിനും എത്രയോ കാലം മുമ്പേ പണിയെടുക്കാത്ത പുലയനാണ് നായരായി പരിണമിച്ചതെന്ന് എം പി നാരായണപിള്ള പറഞ്ഞു വെച്ചിരിക്കുന്നു .


ഒരു നായയെ കേന്ദ്ര കഥാപാത്രമാക്കി “പരിണാമം “ എഴുതുമ്പോള്‍ അത് മലയാളത്തിലെ നോവല്‍ ചരിത്രത്തിന്റെ നവീകരണത്തിന്റെ തുടക്കമായിരുന്നു , പിന്നീട് അതിനെ പിന്‍ പറ്റി ആരും എഴുതാതിരുന്നത് ഒരു പക്ഷെ നാണപ്പനോളം വൈഭവം ആ ഒരു മേഖലയില്‍ ആര്‍ക്കും ഇല്ലാതിരുന്നത് കൊണ്ടാകണം .തലച്ചോറിന്റെ ദഹന ശക്തിയെ പരമാവധി പരീക്ഷിക്കുന്ന ബൌദ്ധിക അരാജകത്വം തന്നെയാണ് എം പി നാരായണ പിള്ളയുടെ കഥകള്‍ അനുവാചകന് പകര്‍ന്നു നല്‍കിയത് .മുരുകന്‍ എന്ന പാമ്പാട്ടിയും ജോര്‍ജ്ജ് ആറാമന്റെ കോടതിയും മൃഗാധിപത്യവുമൊക്കെ താരതമ്യപ്പെടുത്തലിന് പോലും കഴിയാത്ത വിധം മലയാള ചെറുകഥാ സാഹിത്യത്തില്‍ സവിശേഷമായി നില നില്‍ക്കുന്നു .പക്ഷെ ഉത്തരാധുനികതയും അതി ബൌദ്ധികതയുമൊക്കെ നിറഞ്ഞ് നില്‍ക്കുന്ന നാണപ്പന്റെ മിക്കവാറും കഥകളെല്ലാം തന്നെ വായിച്ചിട്ടുള്ള ഒരാളെന്ന നിലയ്ക്കു ആദ്യ കഥയായ “കള്ളന്‍ “ വായിക്കുമ്പോള്‍ തോന്നുന്നത് അളവില്ലാത്ത ഒരല്‍ഭുതമാണ് . ഉത്തരാധുനികതയുടെ അസ്ക്യത തലയില്‍ കയറിക്കൂടുന്നതിനു മുമ്പേ എഴുതിയതിനാലാവണം മലയാളത്തിലെ ഏറ്റവും ഹൃശദസ്പര്‍ശിയായ , റിയലിസ്റ്റിക്കായ “കള്ളനെ “ പരിചയപ്പെടുത്താന്‍ നാണപ്പന് കഴിഞ്ഞത് .


“ കള്ളന്‍ എന്റെ ആദ്യത്തെ കഥയാണ് .ആദ്യം പ്രസിദ്ധീകരിച്ചതും പ്രായപൂര്‍ത്തിയായതിന് ശേഷം ആദ്യം എഴുതിയതും .അതു കൊണ്ടീ കഥയോടു എനിക്കല്പം കൂടുതല്‍ പ്രേമം തോന്നുകയെന്നത് സ്വാഭാവികമാണ് , ക്ഷന്തവ്യവുമാണ് .അറിയാതെ ഒരു ദിവസം മുണ്ടലക്കുന്ന വെളുത്തെടത്തി യമുനയില്‍ ഇതടിച്ചു നനച്ചേനെ .എന്റെ രോഗം സാഹിത്യത്തില്‍ നിന്നു മറ്റു വല്ല ഉന്മാദത്തിലേക്കും തിരിഞ്ഞേക്കാമായിരുന്നു . ”
എം പി നാരായണ പ്പിള്ള തന്റെ ആദ്യകഥയെക്കുറിച്ചും അതിനു ശേഷമുള്ള സാഹിത്യ ജീവിതത്തെക്കുറിച്ചും ഇങ്ങനെയാണ് പറയുന്നത് ..

മലയാള ചെറുകഥാ ചരിത്രത്തില്‍ കള്ളന്മാരുടെ ഒരു പാട് കഥകള്‍ നമ്മള്‍ വായിച്ചിട്ടുണ്ടാ‍കണം . ആദ്യ ചെറുകഥയായ “വാസനാ വികൃതി“ പോലും ഒരു കള്ളന്റെ ആത്മകഥയില്‍ പെടുത്താവുന്ന ഒന്നാണ് . സാഹിത്യത്തിലായാലും ജീവിതത്തിലായാലും ഗ്ലോറിഫൈ ചെയ്യപ്പെടുന്ന , അല്ലെങ്കില്‍ നീതികരിക്കാനാകുന്ന രണ്ട് തരം കള്ളന്മാരുണ്ട് - പണക്കാരെ കൊള്ളയടിച്ച് പാവങ്ങളെ സഹായിക്കുന്ന റോബിന്‍ ഹുഡിനെ പോലെയോ കായം കുളം കൊച്ചുണ്ണിയെ പോലെയോ ധീര -വീര പരിവേഷമുള്ള ഒരു നാടോടി കള്‍ട്ട് കള്ളന്‍ അതല്ലെങ്കില്‍ സാഹചര്യങ്ങളുടെ അനിവാര്യത കൊണ്ട് കള്ളനാകേണ്ടി വരുന്ന പാവങ്ങളിലെ ജീന്‍ വാല്‍ ജീനിനെ [ഫ്രഞ്ച് ഉച്ചാരണം ഴീന്‍ വാള്‍ ഴീന്‍ എന്ന് എം കൃഷ്ണന്‍ നായര്‍ സര്‍ :) ] പോലെയുള്ള ദുഖകരമാ‍യ അവസ്ഥ കൊണ്ട് - ഈ രണ്ടവസ്ഥകളെയും സ്വാഭാവികമായി തന്നെയും ഏറെ കാരുണ്യത്തോടെയും സ്നേഹത്തോടെയും പരിഗണിക്കപ്പെടുന്നത് കൊണ്ടാണ് റോബിന്‍ ഹുഡ്ഫിന്റെ കള്ളനെ വീര പുരുഷനായും ജീന്‍ വാല്‍ ജീനെന്ന കള്ളനെ മനുഷ്യന്റെ അടിസ്ഥാന പ്രതിനിധിയായും ഇന്നും വായിക്കപ്പെടുന്നത് .പക്ഷെ എം പി നാരായണ പിള്ളയുടെ കള്ളന്‍ ഈ രണ്ട് ജനുസ്സിലും പെടുന്നില്ല അയാള്‍ ജീവിക്കാന്‍ അത്യാവശ്യം മാര്‍ഗ്ഗമുള്ളയിടത്തു നിന്നു അധ്വാനിക്കാനുള്ള വൈമനസ്യം കൊണ്ട് ചെറിയ കളവ് നടത്തി തുടങ്ങിയവനാണ് ,കാണുന്നവര്‍ക്കു ഒരു അനുതാപവും തോന്നേണ്ടാത്ത അത്തരമൊരു കഥാപാത്രത്തെ എഴുതിയെഴുതി അനുവാചകരുടെ കണ്ണുകളില്‍ നനവു പടര്‍ത്തുന്ന ഒരു കഥയാക്കി മാറ്റിയ ആ സര്‍ഗ്ഗാത്മകത തന്നെയാണ് ഏതൊരു ഭാഷയുടെയും മുതല്‍ക്കൂട്ടു



സ്വഗതാഖ്യാനത്തിലാണ് കഥ എഴുതിയിരിക്കുന്നത് - ഒരു കള്ളന്റെ ആത്മ കഥ തന്നെയെന്നു പറയാം . നായകന്റെ പേര് , വിലാസം ഒന്നും കഥയിലില്ല .അഞ്ചിടങ്ങഴി വിത്തിന്റെ നിലം വിറ്റു തിന്നു, ഒരു പുരയുണ്ടായിരുന്നതും വിറ്റു തിന്നു , ആ വയസ്സിത്തള്ളയെയും ചുട്ടു തിന്നു , അതു കൊണ്ടും തീരാത്ത വിശപ്പാണ് , ഇനി കട്ടു തിന്നിട്ട് തീരണം . ആദ്യമായി കട്ടത് ഒരു ഏത്തക്കുലയാണ് , 14 അണയാണ് അതിനു കിട്ടിയത് മൂന്നു മൈല്‍ ദൂരം ടാറിട്ട റോഡിലൂടെ നടത്തിച്ചു കള്ളുഷാപ്പിലും കടത്തിണ്ണയിലുമെല്ലാമുള്ളവര്‍ ആര്‍ത്തു വിളിച്ചു കള്ളനെന്ന് ഒരു കെട്ട് ബീഡി പോലും തരാത്തവന്മാരാണ് . മൂത്രക്കുടം ചുമത്തിപ്പിച്ചു ,കാലിന്റെയും കൈയിന്റെയും നഖത്തിനിടയില്‍ മൊട്ടു സൂചി കയറ്റി , തുട വരഞ്ഞു കുരുമുളകു തേച്ചു , മൂത്രദ്വാരത്തില്‍ തീപ്പെട്ടിക്കൊള്ളി കയറ്റി . കടഞ്ഞെടുത്ത പോലെയുള്ള ശരീരം ഇടിച്ച് പിഴിഞ്ഞ് പണിയെടുക്കാന്‍ പറ്റാത്ത വിധത്തിലാക്കിതീര്‍ത്തു ."

ചെയ്ത് പോയ തെറ്റിനെക്കുറിച്ചോര്‍ത്തു പശ്ചത്തപിക്കുമ്പോഴും അതില്‍ നിന്നു പിന്മാറാനാകാത്ത വിധം മുദ്ര കുത്തപ്പെട്ടു കഴിഞ്ഞ ജീവിതത്തെക്കുറിച്ച് നിസ്സംഗമായ വേദനയോടെ തിരിച്ചറിയുന്നു .സ്വന്തമായി ഒരമ്മയും അല്ലലില്ലാതെ ജീവിക്കാന്‍ കുറച്ച് ഭൂമിയും ഉണ്ടായിരുന്ന കഥാനായകന്‍ ചെറിയ ഒരു മോഷണത്തില്‍ പിടിക്കപ്പെടുന്നതോടെയാണ് പോലീസിന്റെ സ്ഥിരം മോഷ്റ്റാവായി തീരുന്നത് , കാലഘട്ടം ഏതായിരുന്നാലും യാഥാര്‍ത്ഥ്യം ഇന്നും ഇങ്ങനെ ഒക്കെ തന്നെയാണ് .മകന്റെ അവസ്ഥയില്‍ മനം നൊന്ത് ആകെയുള്ള തള്ളയും കൂടി ചാകുമ്പോള്‍ പിന്നെ പറയത്തക്ക ലക്ഷ്യമൊന്നുമില്ലാതെ ഒഴുക്കില്‍ വീണ ഒരിലയെ പോലൊരു ജീവിതം ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങള്‍ക്കെല്ലാം പോലീസ് പിടിച്ചു പീഡിപ്പിച്ചു ,സമ്മതിപ്പിച്ചു ദാരിദ്ര്യവും കൊടും പട്ടിണിയും നിറഞ്ഞ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മക്കുറിപ്പു കൂടിയാണീ കഥ .


ചെയ്തതും ചെയ്യാത്തതുമായ കുറ്റങ്ങളുടെ പേരിലുള്ള ജയില്‍ വാസം .അവിടെ നിന്നു പുറത്തിറങ്ങുമ്പോള്‍ പണിയെടുത്തു കിട്ടിയ കുറച്ച് രൂപയുമായാണ് .ഉടുമുണ്ടിന്റെ തുമ്പില്‍ കെട്ടിയിട്ടൊന്നുറങ്ങിയെണീറ്റപ്പോള്‍ ഉടുമുണ്ടിന്റെ തുമ്പടക്കം ഏതോ ദ്രോഹികള്‍ മുറിച്ചു കൊണ്ട് പോയിരിക്കുന്നു .പിന്നെ ആകെയുള്ള തോര്‍ത്തു പണയം വെച്ച് ഒരു നേരത്തെ ഭക്ഷണം കഴിച്ചെന്നു വരുത്തി . വീണ്ടും പട്ടിണിയാണ് .കള്ളനാരു പണി കൊടുക്കും .രണ്ടു ദിവസം കൊടും പട്ടിണിക്കു ശേഷം നിവൃത്തികേടിന്റെ പാരമ്യത്തിലാണയാള്‍ അയാള്‍ വീണ്ടും മോഷണത്തിനിറങ്ങുന്നത് , ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി .

മാവിലൂടെ ഊര്‍ന്നിറങ്ങി വീട്ടിലെത്തി വയറിന്റെ ആന്തലൊന്നു മാറ്റാനുള്ള തത്രപ്പാടുകള്‍ -,ചോറിനു വേണ്ടി തിരയുന്നതും അതു കിട്ടുമ്പോഴുള്ള അത്യാഹ്ലാദവും ആ വെപ്രാളത്തില്‍ നാലഞ്ച് ചോറിന്‍ വറ്റുകള്‍ നിലത്തു വീണു പോകുമ്പോള്‍ തോന്നുന്ന അസുഖകരമായ അവസ്ഥയുമെല്ലാം ചലിക്കുന്ന ഒരു ചിത്രമായി നമുക്കു മുന്നില്‍ തെളിയുന്നത്ര വ്യക്തമാണ് വിവരണങ്ങള്‍ .രണ്ട് ദിവസത്തെ പട്ടിണിയില്‍ ചില മോഷണ ശ്രമങ്ങള്‍ കൂടെ നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം , അങ്ങനെയാണ് ഈ വീട്ടില്‍ എത്തിപ്പെടുന്നത് .യഥാര്‍ത്ഥത്തില്‍ വിശപ്പിന്റെ , പട്ടിണിയുടെ ഒക്കെ ചിത്രം നമ്മള്‍ ഊഹിക്കുന്നതിനെക്കാള്‍ ദയനീയമാണ് .ഒരു നേരത്തെ അന്നത്തിനു വേണ്ടി കക്കുന്നവന്റെ മനോനിലയെ ഉദാത്തവല്‍ക്കരിക്കാതെ തന്നെ പറയുന്നു .

നിറച്ചൂണു കഴിച്ചപ്പോള്‍ അടിവയറ്റില്‍ ചെറിയൊരു വേദന .ഒരു വിലക്കം നടക്കാന്‍ വയ്യ .മച്ചിന്‍ പുറത്തു കൂടി ഇനി തൂങ്ങി പുറത്തു കടക്കാന്‍ നിവൃത്തിയില്ല , അടുക്കളക്കൊരു വാതിലേയുള്ളൂ അതു നടുമുറ്റത്തേക്കാണ് .നടുമുറ്റത്തേക്കിറങ്ങുന്നത് ആപത്താണ് .

കണ്‍ പോളകള്‍ക്കു കട്ടി കൂടുകയാണ് .

ഒരു മന്ദത .
മരോട്ടിയുടെ തണലില്‍ വയറും വരിഞ്ഞു കെട്ടി കിടന്നപ്പോള്‍ വിശപ്പു കൊണ്ടുറങ്ങിയില്ല.പക്ഷെ ഇപ്പോഴെന്തൊരുറക്കം . മുന്‍ വശത്തെ വാതില്‍ തുറക്കരുത് , നടുമുറ്റത്തു നിലാവുണ്ട് .നിലാവുള്ളപ്പോള്‍ ഈ പണിക്കിറങ്ങരുതായിരുന്നു .പക്ഷെ എന്തൊരു ക്രൂരമായ വിശപ്പ് .വിശന്നു വിശന്നു പൊറുതി മുട്ടിയപ്പോഴാണിറങ്ങിയത് .
തല പൊക്കാന്‍ വയ്യ കണ്ണടഞ്ഞു പോകുന്നു ,
ഇരുന്നാലുറങ്ങും , ഉറങ്ങരുത് .

ദിവസങ്ങളിലെ അലച്ചിലുകളുടെ , പട്ടിണിയുടെ എല്ലാം ശേഷിപ്പു കൊണ്ട് വയറു നിറയെ ഭക്ഷണം കഴിച്ചവന്റെ അവശത , ആലസ്യം കൊണ്ട് തിരിച്ചു പോകാനാവാത്ത വിധം അവശത ബാധിച്ചു കൊണ്ട് , നിസ്സഹായതയോടെ അയാള്‍ ആ അടുക്കളയില്‍ കിടന്നുറങ്ങുന്നു .ഉറക്കത്തില്‍ നിന്നു ഒരു തൊഴി കൊണ്ടാണയാള്‍ എഴുന്നേല്‍ക്കുന്നത് നോക്കുമ്പോള്‍ വീട്ടുടമസ്ഥനും രണ്ട് സ്ത്രീകളും .കമ്മട്ടിപ്പത്തലും കൊണ്ടു അയാളുടെ മറുപടിക്കായി കാത്തുനില്‍ക്കുകയാണ് ആ ബലിഷ്ടനായ ആ വീട്ടുടമസ്തന്‍ .


"നീയാരാ ?"
ഞാന്‍...ഞാന്‍ ഒന്നും പറയാന്‍ വരുന്നില്ല. നിലത്തേക്കു നോക്കിക്കൊണ്ടിരുന്നു എന്തു പറയാനാണ്.
നീയാരാ
“കള്ളന്‍ “

ആ ഇരുണ്ട മനുഷ്യന്റെ മുഖത്തു അല്‍ഭുതം കയ്യിലിരുന്ന കമ്മട്ടിപ്പത്തല്‍ മൂലയെലേക്കെറിഞ്ഞു കൊണ്ട് അയാള്‍ മണ്ണെണ്ണ വിളക്കു ആ കള്ളന്റെ മുഖത്തേക്കടുപ്പിച്ചു കൊണ്ട് ചോദിച്ചു .
"നീയെന്തെടുക്കാനാണിവിടെ വന്നത് ?"

തലയുയര്‍ത്തി നോക്കാതെ സത്യം പറഞ്ഞു
“ രണ്ടു വറ്റു പെറുക്കിത്തിന്നാന്‍ .കരിം പഷ്ണിയായിരുന്നു .വിശന്നു വിശന്നു........
എന്നിട്ടു തിന്നോ ? " ആതിഥേയന്‍ ജിജ്ഞാസയോടെ ചോദിച്ചു .
ഉവ്വു "
ശരിക്കുറങ്ങിയോ ?"
ഉം " .
ഒരു നിമിഷത്തെ നിശബ്ദത .
വാതില്‍ക്കല്‍ നിന്നിരുന്ന സ്ത്രീകള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി .
നടക്ക് ".
നടന്നു .

വെട്ടുകല്ലുകള്‍ കൊണ്ടുള്ള കല്പടികളും പുഴമണല്‍ വിരിച്ച മുറ്റവും കടന്നു .തല താഴ്ത്തി നടന്നു പടിക്കലെത്തിയപ്പോള്‍ തിരിഞ്ഞൊന്നു നോക്കി .പുറത്തേക്കുള്ള വാതില്‍ക്കല്‍ രണ്ടു സ്ത്രീകള്‍ മണ്ണെണ്ണ വിളക്കുമായി നില്‍ക്കുന്നു .ഇറയത്തു പടിക്കലേക്കുറ്റു നോക്കിക്കൊണ്ടു ആ മനുഷ്യനും

കരിയിലകള്‍ ചവിട്ടി ഞെരിച്ചു കൊണ്ടു ഇരുട്ടില്‍ മൂടിക്കിടക്കുന്ന ഇടവഴിയിലൂടെ നടന്നു പോകുമ്പോള്‍ നഖത്തിനിടയില്‍ മൊട്ടൂസൂചി കയറ്റിയപ്പോഴും തുട വരഞ്ഞു കുരുമുളകു പൊടി തേച്ചപ്പോഴും തോന്നാത്ത ഒരു വേദന മനസ്സില്‍ നിറഞ്ഞു .


കഥ വായിച്ചു കഴിയുമ്പോള്‍ മനസ്സില്‍ വിശപ്പു അതു സൃഷ്ടിക്കുന്ന ദയനീയമായ അവസ്ഥകള്‍ പിന്നെ ആ കള്ളനും അജ്ഞാതനായ ആ വീട്ടുടമസ്തന്റെ മനുഷ്യത്വവും അത് ആ കള്ളനില്‍ സൃഷ്ടിച്ച നിസ്സഹായതയില്‍ നീറുന്ന മനസ്സും ഒരു വല്ലാത്ത ഭാരമായി ഇടനെഞ്ചില്‍ അവശേഷിക്കും .