Like

...........

Tuesday 20 August 2013

ഹൈന്ദവനും അതിഹൈന്ദവനും *

 1. വംശഹത്യയുടെ നീതീകരണങ്ങള്‍
 2. വന്‍ മരങ്ങള്‍ വീഴുമ്പോള്‍ .

 ഈ പോസ്റ്റുകളുടെ തുടര്‍ച്ച .

കര്‍ണ്ണാടകയിലെ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രചരണ പരിപാടികള്‍ കൊടുമ്പിരിക്കൊണ്ടിരുന്ന ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലെ ഒരു വൈകുന്നേരം ബാങ്ക്ലൂരുവില്‍ നിന്നു പഴയ ഒരു കോളേജ് മേറ്റ് വിളിക്കുന്നു .പശ്ചാത്തലത്തില്‍ ആവേശഭരിതമായ ആരവങ്ങള്‍ ,ശബ്ദ കോലാഹലങ്ങള്‍ ,അതിലും ആവേശത്തില്‍ അവന്‍ എന്നോടു പറയുന്നു

“ഇന്നു മോഡിജീ വരുന്നുണ്ട് ബാങ്ക്ലൂരില്‍ , നമ്മള്‍  ഹിന്ദുക്കള്‍ക്കു അങ്ങനെ നട്ടെല്ലുള്ള  നേതാവുണ്ടായി ”

തികച്ചും അപ്രതീക്ഷിതമായ ഈ പ്രസ്ഥാവന എന്നെ തെല്ലെന്നൊമ്പരപ്പിച്ചു .ഒരുമിച്ചു പഠിച്ചിരുന്ന കാലയളവിലൊന്നും ഞാനോ അവനോ  “ഹിന്ദുക്കളായിരുന്നില്ല” ,ഓര്‍മ്മയിലെങ്ങും അത്തരമൊരു സംഭാഷണവുമുണ്ടായിട്ടില്ല .പിന്നെപ്പോഴാണ് ഇങ്ങനെയൊരു പരിണാമമെന്ന എന്റെ അമ്പരപ്പ് മനസ്സിലാക്കിയിട്ടാവണം അവന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു . മോഡിജി വന്നാല്‍ രാജ്യത്തിന്റെ വികസനം നടക്കും - മോഡിജി മാത്രമാണ് ഭാരതത്തിന്റെ പ്രതീക്ഷ  അതു കൊണ്ട് മോഡീജിയെ പിന്തുണക്കേണ്ടത് ആവശ്യമാണ് . ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന ചെയ്യുന്ന ഒരാളില്‍ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടു വന്ന രാഷ്ട്രീയവും സാംസ്കാരികവുമായ മാറ്റത്തിനുള്ള കാരണം അജ്ഞാതമായിരുന്നു .ആ സംശയത്തിനുള്ള ഉത്തരമാണ് വളരെ നിശബ്ദവും ആസൂത്രിതവുമായി  നടക്കുന്ന ഒരു സാംസ്കാരിക പരിണാമത്തിലേക്കു നമ്മളെ എത്തിക്കുന്നത് .


 മികച്ച പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ കളവുകളും അര്‍ദ്ധസത്യങ്ങളും ചേര്‍ത്തിളക്കിയ ഈ  “നമോ “ വികസന വാചകമടിയില്‍ പലതിന്റെയും ചെമ്പു പുറത്തായെങ്കിലും ഇപ്പോഴും ആ വാദങ്ങള്‍ക്കു മാറ്റമില്ല.  സത്യത്തില്‍ ഈ വികസന വാചാടോപങ്ങളെക്കാള്‍ ആശങ്കപ്പെടേണ്ടത് മൃദു ഹിന്ദുത്വത്തിലൂടെ  പൊതു ബോധത്തില്‍ സൃഷ്ടിക്കപ്പെടുന്ന  തീവ്ര ഹിന്ദുത്വത്തെയാണ് .ഇതു വളരെ നിശബ്ദം  സംഭവിച്ചു കൊണ്ടിരിക്കുന്ന സാംസ്കാരിക പരിണാമമാണ് .


ഹിന്ദു സൈബര്‍ വാരിയേഴ്സ് 

ഹിന്ദു മതത്തിന്റെ നവോത്ഥാന പ്രേരകങ്ങളായി പുതിയൊരു തരം സമൂഹം രംഗ പ്രവേശം ചെയ്തിട്ടുണ്ട്  - മികച്ച വിദ്യാഭ്യാസവും സാമൂഹിക നിലയുമുള്ള ഒരു കൂട്ടര്‍ - ഇവരെ നമുക്കു നവയുഗ ഹിന്ദുക്കളെന്നു പറയാം . ഇവര്‍ പ്രകടമായി വര്‍ഗ്ഗീയത പറയില്ല ,ഹിന്ദുത്വത്തെക്കുറിച്ചൊന്നും അവര്‍ സംസാരിക്കുകയേയില്ല പകരം   സനാതന സംസ്കാരവും  ആര്‍ഷ ഭാരത സംസ്കാരവും പിന്‍ പറ്റുന്നവരാണ് ,പാരമ്പര്യത്തില്‍ അഭിമാനിക്കുന്നവരാണ് [അതെന്താ പാരമ്പര്യത്തില്‍ അഭിമാനിക്കാന്‍ പാ‍ടില്ലെ ?? ഇത് നല്ല കൂത്ത് !!! ]   ,ഇവര്‍ അന്ധ വിശ്വാസികളല്ല - പക്ഷെ ജ്യോതിഷ ശാസ്ത്രം ,വാസ്തു ശാസ്ത്രം , നെഗറ്റീവ് - പോസിറ്റീവ്  എനര്‍ജി , ഓറ, ഒലക്കേട മൂട്  - എന്നിങ്ങനെ മോഡേണ്‍ ശാസ്ത്രത്തെ അപ്പാടെ അല്‍ഭുതപ്പെടുത്തിക്കളഞ്ഞ പല  ആര്‍ഷ ഭാരത ശാസ്ത്രങ്ങളുടെയും പ്രചാരകരാണ് [മൊട്ടു സൂചി മുതല്‍ ആണവായുധം വരെ  വേദങ്ങളിലും  ശ്ലോകങ്ങളിലുമുണ്ടെന്നു തെളിയിച്ചു കയ്യീതരും :)].  ഇന്റര്‍ നെറ്റാണ് ഇവരുടെ പ്രധാന കര്‍മ്മ മേഖല . സൈബറിടങ്ങളില്‍ ഹിന്ദു ഫാസിസത്തിന്റെ നുഴഞ്ഞു കയറ്റത്തെ കുറിച്ച് എന്‍ എസ് മാധവന്‍ ഒരു ലേഖനത്തില്‍  ചൂണ്ടിക്കാട്ടുന്നുണ്ട് .സൈബറിടത്തിന്റെ സംവാദമേഘലയില്‍ പകുതിയും ആസൂത്രിതമായ രീതിയില്‍  ഹിന്ദു ഫാസിസ്റ്റുകള്‍ കയ്യടക്കുകയാണ്. ഹിന്ദു സദാചാരം പ്രചരിപ്പിക്കാനാണ് ഇവര് ഇതുപയോഗിക്കുന്നത് .ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നു ആസൂത്രിതമായി ഇതിനു ചുക്കാന്‍ പിടിക്കുന്നവരെ എന്‍ എസ് മാധവന്‍ വിശേഷിപ്പിക്കുന്നത് ഹിന്ദു സൈബര്‍ വാരിയേഴ്സ് എന്നാണ് . ഇതേ അളവില്‍ തന്നെ ഇസ്ലാമിസ്റ്റുകളും സൈബര്‍ സ്പേസ് ഉപയോഗിക്കുന്നുണ്ടെങ്കിലും സക്കീര്‍ നായിക്കിന്റെ കോമഡി പ്രസംഗങ്ങളും നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ വെച്ച് ബാങ്ക് വിളി കേട്ടു മതം മാറിയതുമായ തമാശകളുമായി അത് അവര്‍ക്കിടയില്‍ തന്നെ ഒതുങ്ങി നില്‍ക്കുന്നത്ര നിസ്സാരമാണ്. പക്ഷെ ഹിന്ദു ഫാസിസത്തിന്റെ ആസൂത്രിതമായ പ്രചരണം ഒരല്പം ബൌദ്ധികമായ ലെവലിലാണുള്ളത് ,ഒറ്റ നോട്ടത്തില്‍ അതില്‍ മതം എന്ന എലമെന്റ് വളരെ കുറവായിരിക്കും .അതു കൊണ്ട് തന്നെ ഹിന്ദുത്വയോട് അനുഭാവമില്ലാത്ത ഒരാളെ  പോലും അതു ആകര്‍ഷിക്കും - മോഡിയുടെ ആരാധകരില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും പോലുമുണ്ട് .ഇത് ഗുജറാത്തിന്റെ വികസനം കണ്ടിട്ടാണെങ്കില്‍ ലിവിങ്ങ് ഇന്റെക്സിലും , ആരോഗ്യ പരിപാലന രംഗത്തും ഒക്കെ കേരളത്തിന്റെ പിന്നിലാണ്  ഈ പുകള്‍ പെറ്റ ഗുജറാത്ത് , സുസ്ഥിര വികസന മാതൃകയില്‍ നിതീഷ് കുമാറിന്റെ ബീഹാറിനോളം പോലുമില്ല[സ്റ്റാറ്റീസ്റ്റിക്സ് ചെക്കു ചെയ്യുക ,തല്‍ക്കാലം ഇതിലതു മുഴുവന്‍ ചേര്‍ക്കാന്‍ നിവൃത്തിയില്ല  ] എന്നിട്ടൂം ഈ വികസനത്തിനു വേണ്ടി നരേന്ദ്ര മോഡിയെ പിന്തുണക്കുന്നു എന്ന വാദം നേരത്തെ സൂചിപ്പിച്ച ആസൂത്രിത പ്രചരണത്തിന്റെ ഫലമാണ് . വികസനം എന്ന പ്രധാന വാദത്തിനിടയില്‍ ഒളിച്ചു കടത്തപ്പെടുന്ന അടിസ്ഥാന ആശയം ഹിന്ദുത്വ തന്നെയാണ് . 


സെമിറ്റിക് മതങ്ങളിലെ സ്ത്രീ വിരുദ്ധതയെയും അക്രമണോത്സുകതയെയും നിരന്തരം വിമര്‍ശിക്കുകയും അത്  നില നില്‍ക്കുന്ന രാജ്യങ്ങളിലെ മനുഷ്യ വിരുദ്ധതയെ തുറന്നു കാട്ടുകയും ചെയ്യുന്നുണ്ട് ഈ നവ യുഗ ഹിന്ദുക്കള്‍ . വിരോധാഭാസമെന്നു പറയട്ടെ ഈ നവയുഗ ഹിന്ദുവിന്റെ മാതൃക  അവര്‍ തന്നെ നിരന്തരം വിമര്‍ശന വിധേയമാക്കുന്ന  സെമിറ്റിക് മതങ്ങളാണ് ,പരിഹാസമുതിര്‍ക്കുന്ന ഇസ്ലാമിക രാജ്യങ്ങളാണ് . എം എഫ് ഹുസ്സെയിനോടുള്ള നിലപാടിനെ കുറിച്ചു ചോദിച്ചാല്‍ അവരുടെ മറുപടി സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ച ആയത്തൊള്ളാ ഖൊമേനിയുടെ നടപടി  നിങ്ങള്‍ കാണുന്നില്ലേ എന്ന മറുചോദ്യമായിരിക്കും . ഗോവധ നിരോധനത്തിന്റെ പ്രായോഗികതയെ കുറിച്ചു  ,ഹിന്ദു മത ചരിത്രത്തില്‍ എവിടെയാണ് ഗോ വധ നിരോധനമുള്ളതെന്ന ചോദ്യത്തിന്  പന്നി മാംസം ഹറാമക്കിയ സൌദി അറേബ്യയെ ഉദാഹരിച്ചു  ലളിതമായി  ഒഴിഞ്ഞു മാറും .യഥാര്‍ത്ഥത്തില്‍ ഈ നവയുഗ ഹിന്ദുക്കള്‍ തീവ്രമായി ആഗ്രഹിക്കുന്നതും നിഗൂഡമായി ആരാധിക്കുന്നതും സൌദി അറേബ്യയെയോ താലിബാനെയോ  പോലെയുള്ള ഇസ്ലാമിക രാജ്യങ്ങളെ  തന്നെയാണ് ,[ഒരു സില്‍മേല്‍ മമ്മൂട്ടി പറയണ പോലെ വെറുത്തു വെറുത്തു സ്നേഹിച്ചു പോയി :) ]. മതമെന്ന നിലയില്  ഒരു മേല്‍കൈ നേടിയ ഒരധികാരം  ലഭിച്ചാല്‍ അതു നടപ്പാക്കുകയും ചെയ്യും . കര്‍ണ്ണാടകയില്‍ സംഭവിച്ച ബീഫ് നിരോധനവും മത പോലീസിനെ അനുകരിച്ചു കൊണ്ട് ശ്രീരാമ സേനയുടെ രൂപീകരണവും അതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ് .
Patriots and partisans  എന്ന  കൃതിയില്‍ രാമചന്ദ്ര ഗുഹ ഈ നവയുഗ ഹിന്ദുക്കളെ പരാമര്‍ശിക്കുന്നുണ്ട് . രാമചന്ദ്ര ഗുഹയുടെ ഹിന്ദുത്വ വിമര്‍ശന ലേഖനങ്ങള്‍ക്കുള്ള പ്രതികരണങ്ങളെന്ന നിലയ്ക്കു വരുന്ന നൂറു കണക്കിനു മെയിലുകളില്‍ “ഹിന്ദുത്വ” യുടെ സ്വരം ഏറിയും കുറഞ്ഞും ഉപദേശമായും ഭീഷണിയായും ഒക്കെ കടന്നു വരുന്നു .  പാക്കിസ്ഥാന്‍ ചാ‍രനെന്നും ഭാരതീയ പൈതൃകത്തെ നശിപ്പിക്കാന്‍ വേണ്ടി സി ഐ ഐ യുടെ പണം പറ്റുന്നവനെന്നുമെല്ലാം ആരോപിക്കുന്നു ,പിടിച്ചു ജയിലിലിടുമെന്നു ഭീഷണിപ്പെടുത്തുന്നു .കാവിവല്‍ക്കരണം  [saffronisation ]Illustration from a children's book. The headlines say "Jews are our misfortune" and "How the Jew cheats." Germany, 1936. -US Holocaust Memorial Museum

Propaganda tries to force a doctrine on the whole people ...propaganda works on the general public from the stand point of an idea and makes them ripe for the victory of this idea - Mein Kampf. ജര്‍മ്മനി ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ അതിന്റെ നാസി വല്‍ക്കരണത്തിനു നാന്ദി കുറിച്ചത് ആക്രമണ പദ്ധതിയിലൂടെയായിരുന്നില്ല ,മറിച്ച് ജൂതര്‍ക്കെതിരെ പാഠ പുസ്തകങ്ങളിലൂടെ ,സിനിമയിലൂടെ ,മറ്റ് കലാരൂപങ്ങളിലൂടെ ,ബുദ്ധിജീവി പ്രസംഗങ്ങളിലൂടെ  ആസൂത്രിതമായ ഒരു പ്രൊപഗാണ്ട പൊതു ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചു ,അതിനനുകൂലമായ ഒരു പൊതു നിലപാട് ഉണ്ടാക്കിയെടുക്കുന്നതിലൂടെയാണ് .


കാവിവല്‍ക്കരണം കേവലമൊരു വര്‍ഗ്ഗീയ നിലപാട് എന്നതിലുപരി ബുദ്ധിപരമായ ആസൂത്രണത്തിലൂടെ പൊതു സമൂഹത്തിലേക്കു സംക്രമിപ്പിച്ച ഒരു പദ്ധതിയായിരുന്നു. ബാബറീ മസ്ജിദ് ധ്വംസനത്തിനു ശേഷം കായികമായി നേടിയ ഒരു മുന്‍ കൈ ബൌദ്ധിക തലത്തില്‍ കൂടി വ്യാപിപ്പിക്കാന്‍ സംഘത്തിനു പദ്ധതിയുണ്ടായിരുന്നു .ബാജ് പേയീ മന്ത്രി സഭക്കൊരു ഊഴം കൂടി കിട്ടിയിരുന്നെങ്കില്‍  മുരളീ മനോഹര്‍ ജോഷിയിലൂടെ ,അരുണ്‍ ഷൂരിയിലൂടെ ,ബി ജെ പി കാരനല്ലാത്ത സുബ്രമുണ്യം സ്വാമിയിലൂടെ ഒക്കെ അടുത്ത ഘട്ടത്തിലേക്കെത്തുമായിരുന്നു. പ്രമോദ് മുത്തലിക്കോ ,തൊഗാഡിയെയോ ഉണര്‍ത്തി വിടുന്ന പോലെയുള്ള  മന്തന്മാരായ തീവ്രമതവാദികളല്ല  ഇവരുടെ ടാര്‍ജറ്റ്  - ചിന്തിക്കുന്ന ,വിവേകമുള്ള ഒരു പൊതു സമൂഹത്തിനെയാണ് ഇത്തരം ബൌദ്ധിക ആശയ പ്രചരണങ്ങളിലൂടെ ഇവര്‍ ലക്ഷ്യം വെക്കുന്നത് ,അവരുടെ പ്രതിച്ഛായ അതിനു സഹായകവുമാണ് .സംഘത്തിന്റെ  ശാഖകളിലെ പ്രധാന ബോധന രീതിയാണ് ഭാരതത്തിന്റെ അഖണ്ഡതക്കു ,പുരോഗതിക്കു തടസ്സം നില്‍ക്കുന്നത് കമ്യൂണിസ്റ്റുകളും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമാണെന്നത് ,ഈ ആശയം ഗോള്‍വാള്‍ക്കറിന്റേതാണെങ്കിലും ഇതിനു താത്വികവും സൈദ്ധാന്തികവുമായ ഒരു പരിഭാഷ്യം ഒരുക്കുന്നത് അരുണ്‍ ഷൂരിയുടെ പുസ്തകങ്ങളാണ് .സുബ്രമുണ്യം സ്വാമി ഈയിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി ആര്‍ഷ ഭാരത സംസ്കാരത്തെ മാനിക്കാത്ത  ഇതര മതസ്ഥര്‍ക്കു വോട്ടു ചെയ്യാനുള്ള അവകാശം നല്‍കരുതെന്ന് - ഒരു മതേതര ജനാധിപത്യരാജ്യത്തു ഇങ്ങനെയൊരു പ്രസ്ഥാവന നടത്തുവാനുള്ള ശ്രമം പോലും അപലപനീയമാണ് ,എന്നിട്ടു പോലും പൊതു സമൂഹം അതു ചര്‍ച്ച ചെയ്തത്  ഒരു തിങ്ക് ടാങ്ക് ,Harvard University Doctorate Holder  അങ്ങനെ പറഞ്ഞെങ്കില്‍ അതിലെന്തെങ്കിലും കാര്യമുണ്ടാകില്ലെ എന്ന രീതിയിലാണ് .ഇവിടെയാണ് ബൌദ്ധികമായ പ്രചരണ രീതിയുടെ വിജയം .

പൊതുസമൂഹത്തിലുള്ള പ്രതിച്ഛായ ഇവിടെ വളരെ പ്രധാനപ്പെട്ടതാണ് . മുഹമ്മദാലി ജിന്നയോ വീര്‍ സവര്‍ക്കറോ സൃഷ്ടിച്ചെടുത്തതിലുമധികം വിഭാഗീയത തുര്‍ക്കി സുല്‍ത്താന്റെ ട്രൌസറിഴിഞ്ഞു പോയതിനുള്ള സമരമായ ഖിലാഫത്തിനെ സപ്പോര്‍ട്ട് ചെയ്തതിലൂടെ മഹാത്മാഗാന്ധിയും ,ദേശീയസ്വാതന്ത്ര്യ സമര മുന്നേറ്റത്തില്‍ ഗണേശോത്സവം അവതരിപ്പിച്ചതിലൂടെ ബാലഗംഗാധര തിലകനും ഉണ്ടാക്കിയിട്ടുണ്ടാകണം .

മുരളീ മനോഹര്‍ ജോഷി വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്ന ബാജ് പേയി മന്ത്രിസഭയുടെ കാലത്താണ്   “വിദ്യാഭ്യാസത്തിന്റെ കാവി വല്‍ക്കരണത്തിനു നാന്ദി കുറിച്ചത്  NCERT [National Council Of Education Research and Training ] യുടെ പ്രൈമറി ക്ലാസ്സ് പാഠ്യപദ്ധതിയില്‍ നിന്നു ഹിന്ദുത്വക്കു അനുകൂലമല്ലാത്ത ,”വിവാദമായ “  ചരിത്രം മുഴുവന്‍ ഇല്ലായ്മ ചെയ്യാനായിരുന്നു ആദ്യ   ശ്രമം .റോമീളാ ഥാപ്പറിന്റെയും  ആര്‍ എസ് ശര്‍മ്മയുടെയും Ancient India യെ കുറിച്ചുള്ള ചരിത്ര പാഠങ്ങളിലായിരുന്നു ഈ കത്രിക വെക്കല്‍ .അതു കൂടാതെ NCERT യുടെ പാഠ്യ പദ്ധതി  പുന ക്രമീകരിക്കുക കൂടി ചെയ്തിരുന്നു . ചെറുപ്രായത്തില്‍ തലച്ചോറില്‍ കുത്തിക്കയറ്റി ഉറപ്പിച്ചു വെച്ചു കഴിഞ്ഞാല്‍ അത് തിരസ്കരിക്കുക അത്ര എളുപ്പമല്ലല്ലോ . [സെമിറ്റിക് മതങ്ങള്‍ ബുദ്ധിയുറക്കാത്ത കാലത്തു തന്നെ നിര്‍ബന്ധിതമായി മത ബോധനം നടത്തുന്നത് ഈ മനശാസ്ത്രത്തിന്റെ പുറത്താണ്  - മദ്രസയും സണ്ഡേ സ്കൂളുമൊന്നും ഇല്ലായിരുന്നെങ്കില്‍ എത്ര പേര്‍ ആ മതങ്ങളില്‍ തുടരുമെന്നത് മറ്റൊരു തമാശയാണ് :) ]

നാസി ഭരണ കാലത്തു ജര്‍മ്മന്‍ പാഠ പുസ്തകങ്ങളില്‍ കഥകളായും ചിത്രങ്ങളായും ജൂത വിദ്വേഷം പരത്തുന്ന പാഠ ഭാഗങ്ങളുണ്ടായിരുന്നു ,Poisonous Mushroom എന്ന കുട്ടികള്‍ക്കുള്ള കഥയില്‍ ജൂതന്മാരെ വിഷക്കൂണുകളുമായാണ് താരതമ്യപ്പെടുത്തുന്നത് , .A boy with striped pajamas എന്ന ഹോളോകോസ്റ്റ് സിനിമയില്‍ ഈയൊരു ബോധനത്തിന്റെ തെളിവുകള്‍ ഒരു ചെറിയ പെണ്‍ കുട്ടിയിലൂടെ കാണിക്കുന്നുമുണ്ട്.വിദ്യാഭ്യാസത്തിലൂടെയുള്ള പ്രൊപാഗാണ്ട എളുപ്പവും ത്വരിത ലക്ഷ്യപ്രാപ്തിയുള്ളതുമാണ്  .

മുരളീ മനോഹര്‍ ജോഷിയുടെ കാര്‍മ്മികത്വത്തില്‍ ജോതിഷം ശാസ്ത്രമായി യൂണിവേഴ്സിറ്റി സ്ഥാപിക്കാനും , സനാതന സംസ്കൃതി 
,അതായത് ഹിന്ദു ആചാരങ്ങള്‍ ഒരു പാഠ്യപദ്ധതിയായി വികസിപ്പിക്കാനും ശ്രമമുണ്ടായിരുന്നു .റോമീളാ ഥാപ്പറിനെ പോലുള്ള ഗവേഷകരുടെ എതിര്‍പ്പു വിവാദമായതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസത്തിന്റെ കാവിവല്‍ക്കരണം എന്ന സംഞ്ജക്കു ഒരു സ്ഥിതീകരണം ഉണ്ടാകുന്നത്  .എന്നും പരസ്യമായി തന്നെ ഹിന്ദുത്വയെ അനുകൂലിച്ചിരുന്ന ,റൊമീളാ ഥാപ്പറിനെയും കെ എം പണിക്കരെയും ശത്രുസ്ഥാനത്തു കണ്ടിരുന്ന എം ജി എസ് നാരാ‍യണനായിരുന്നു  അക്കാലത്തു ICHR {Indian Council of Historical Research ] ന്റെ ചെയര്‍മാന്‍ സ്ഥാനത്തു   യാദൃശ്ചികമല്ല .എക്കാലത്തും ഫാസിസത്തിന്റെ മുഖ മുദ്ര ചരിത്രത്തെ തമസ്കരിക്കലാണ് ,അതിനെ ഇല്ലായ്മ ചെയ്യലാണ് . സ്റ്റാലിന്റെ കാലത്തു റഷ്യയില്‍ ചരിത്ര ഫോട്ടോഗ്രാഫുകളില്‍ പോലും  നടത്തിയ  കൃത്രിമങ്ങള്‍ [ഫാള്‍സിഫിക്കേഷന്‍ ഓഫ് ഫോട്ടോഗ്രാഫ് ] അധികാരികളെ ചരിത്രം എത്ര കണ്ട് ആകുലപ്പെടുത്തുന്നുണ്ടെന്നതിന്റെ തെളിവാണ് .


ഹിന്ദുത്വ എന്നല്ല ഏതൊരു മൌലികവാദവും ശക്തിപ്രാപിക്കുന്നത് അതിന്റെ ബൌദ്ധിക പ്രചാരണങ്ങളിലൂടെയാണ് ,പൊതു സമൂഹത്തില്‍ അത് സൃഷ്ടിക്കുന്ന പ്രതിലോമകരമാ‍യ ആശയങ്ങളിലൂടെയാണ് .അധികാരമാണ് അതിനെ ശക്തിപ്പെടുത്തുന്നത് ,അതിന്റെ വേഗത ത്വരിത ഗതിയിലാക്കുന്നത് .നരേന്ദ്ര മോഡി ഭരണത്തില്‍ വന്നാലുടന്‍ തന്നെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുമെന്നോ ,ഹിന്ദു രാഷ്ട്രം സ്ഥാപിക്കുമെന്നോ എന്നൊന്നും ഞാന്‍ കരുതുന്നില്ല .പക്ഷെ ഹിന്ദു രാഷ്ട്ര രൂപീകരണമെന്ന ദീര്‍ഘകാല അജണ്ടയുടെ ഫലപ്രാപ്തി കുറച്ചു കൂടി ത്വരിത ഗതിയിലാകും .
 Ref: United States Holocaust Memorial Museum
       Patriots and Partisans : Ramachandra guha .

ഹൈന്ദവനും അതിഹൈന്ദവനും *   ഓ . വി വിജയന്റെ ഒരു ലേഖന സമാഹാരത്തിന്റെ തലക്കെട്ടാണ് .

29 comments:

 1. ലവ് ജിഹാദ് ,ഗോ വധ നിരോധനം , ആന്റി വാ‍ലന്റൈന്‍സ് - പബ് ആക്രമണങ്ങള്‍ , ഗംഗാ ജലം - ഇതൊക്കെ ഹിന്ദു രാഷ്ട്ര വാദത്തിന്റെ രാസത്വരകങ്ങളാകുന്നതെങ്ങനെ ???

  ReplyDelete
 2. മതങ്ങളുടെ കാമ്പിനെയും കാതലിനെയുമാണ്‌ എക്സ്ട്രീമിസം ദ്രവിപ്പിക്കാൻ ശ്രമിക്കുന്നത്. ഹിന്ദു മതത്തിന്റെ മാത്രമല്ല, എല്ലാ മതങ്ങളിലും ഈ വിഭാഗം പിടിമുറുക്കി വരികയാണ്.

  ReplyDelete
 3. നന്നായെഴുതി. എം.ജി.എസ്സിന്റെ ഒരു അഭിമുഖം മാതൃഭൂമിയില്‍ ഉണ്ട്. അത്‌ ഓര്‍മ്മ വന്നു ICHR നെ കുറിച്ച് പറഞ്ഞപ്പോള്‍.

  ReplyDelete
  Replies
  1. ഞാനും വായിച്ചിരുന്നു ആ അഭിമുഖം . ചിലപ്പോഴൊക്കെ വലിയ അല്‍ഭുതം തോന്നി ,അദ്ദേഹം പറയുന്നതെല്ലാം വാസ്തവമാണ് .പക്ഷെ ആ വാസ്തവങ്ങളെല്ലാം രാഷ്ട്രീയമായി ശരിയുമല്ല - പൊതു സമൂഹത്തിനിടയ്ക്കു അദ്ദേഹത്തെ പോലെയുള്ള ആളുകളുടെ വാക്കുകള്‍ വലിയ ഇമ്പാക്റ്റ് ഉണ്ടാക്കുന്നവയാണ് എന്നു ഓര്‍ക്കുന്നില്ല. http://www.mathrubhumi.com/books/article/interview/2567/#storycontent

   നന്നായെഴുതി എന്നു പറഞ്ഞതു കൊണ്ട് ഒരു തമാശ പറയാം -ഞാന്‍ എഴുതികഴിഞ്ഞാല്‍ വായിച്ചു നോക്കാറില്ല ,അങ്ങട് പോസ്റ്റ് ചെയ്യും - ഒരിക്കല്‍ പോലും പ്രൂഫ് റീഡിങ്ങ് ഉണ്ടാകാറില്ല - മിക്കവാറും ബ്ലോഗ് പോസ്റ്റ് പിന്നീടെപ്പോഴെങ്കിലും വായിച്ചു നോക്കുമ്പോള്‍ അക്ഷര തെറ്റ് ,വ്യാകരണ പിശക് ,വാക്യഘടനയിലെ പ്രശ്നങ്ങള്‍ ഒക്കെ കാണാറുണ്ട് - ഇതും അതു പോലെ വായിച്ചു നോക്കിയപ്പോള്‍ -

   വാക്യഘടനയിലെ പ്രശ്നങ്ങള്‍ -4 ,വ്യാകരണതെറ്റ് - 3 ,അക്ഷരതെറ്റ് - 3 ഒക്കെ കണ്ടെടുക്കാനായി :)

   Delete
  2. ആ അഭിമുഖത്തില്‍, കാരശ്ശേരിയുടെ ചൊദ്യങ്ങളോളം ആഴമില്ല എം.ജി.എസ്സിന്റെ ഉത്തരങ്ങള്‍ക്ക് എന്നാണ്‌ എനിക്ക് തോന്നിയത്. അദ്ദേഹം ഓര്‍ക്കാത്തതാകാന്‍ വഴിയില്ല. വിട്ടുകളയുന്നതാകും. ഇമ്പക്റ്റ് ഉണ്ടാക്കാന്‍ തന്നെയാണ്‌ അതൊക്കെ പറഞ്ഞത് എന്നണ്‌ ഞാന്‍ കരുതുന്നത്.
   ഇന്നു ഡ്യൂഡില്‍ ന്യൂസില്‍ ഈ കുറിപ്പ് വന്നത് എന്റെ ഒരു കൂട്ടുകാരി അയച്ചു തന്നു. അപ്പോള്‍ വീണ്ടും വന്നതാ. ആശയങ്ങള്‍ കുത്തിവയ്ക്കുന്നതിനെ കുറിച്ച്-പ്രത്യേകിച്ചും മതഹിതങ്ങള്‍ കുത്തിവയ്ക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ കുറച്ച് ചര്‍ച്ചചെയ്തിട്ടുണ്ട്.
   വ്യാകരണശുദ്ധിയൊന്നും നോക്കിയില്ല. വ്യാകരണം ശരിയായാല്‍ മാത്രം നല്ല എഴുത്താകും എന്ന്‌ എനിക്ക് തോന്നാറില്ല.

   Delete
  3. ഇഗ്ഗോയ് ഞാനതൊരു തമാശയായി പറഞ്ഞതാണ് :) / എം ജി എസിന്റെ അഭിമുഖത്തെ പറ്റി ഫേസ് ബുക്കില്‍ ഒരു ചെറിയ ഡിബേറ്റ് നടന്നിരുന്നു ,അത് ഞാനിവിടെ ചേര്‍ക്കാം   Prajesh Panicker "ചിലപ്പോഴൊക്കെ വലിയ അല്‍ഭുതം തോന്നി ,അദ്ദേഹം പറയുന്നതെല്ലാം വാസ്തവമാണ് .പക്ഷെ ആ വാസ്തവങ്ങളെല്ലാം രാഷ്ട്രീയമായി ശരിയുമല്ല."

   വാസ്തവങ്ങൾ രാഷ്ട്രീയമായി ശരിയായി ക്കൊള്ളണമെന്നുണ്ടോ..? രാഷ്ട്രീയമായി ശരിയല്ല എന്നതു കൊണ്ടു മാത്രം വാസ്തവം പറയാതിരിക്കാമോ?
   August 21 at 8:36am · Unlike · 3

   Vishnu Padmanabhan വാസ്തവങ്ങള്‍ രാഷ്ട്രീയമായി ശരിയാകണമെന്നു നിര്‍ബന്ധിക്കാനാവില്ല ,പക്ഷെ ഒരു ബഹുസ്വര സമൂഹത്തില്‍ ,പ്രത്യേകിച്ച് ഒരു തീപ്പൊരി കിട്ടിയാലത് വന്‍ അഗ്നിസ്ഫുലിംഗമാക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു സമൂഹത്തില്‍ അതു ഗുരുതരമായ സ്ഥിതി വിശേഷമുണ്ടാക്കും .അക്കാഡമിക്ക് ആയ ,അല്ലെങ്കില്‍ സാമാന്യ ബുദ്ധിയുള്ള ഒരു സമൂഹത്തിലേക്കാണ് ഈ തരത്തിലുള്ള വിശകലനങ്ങള്‍ കടന്നു ചെല്ലുന്നതെങ്കില്‍ പ്രശ്നമില്ല . പക്ഷെ ഇവിടെ ഒരു വിഷയത്തെ അതിന്റെ പതിന്മടങ്ങ് അപകടകരമായ രീതിയില്‍ കൊണ്ടെത്തിക്കാന്‍ കെല്പുള്ള വര്‍ഗ്ഗീയ വാദികള്‍ക്കിടയിലേക്കാണ് അത്തരം “വാസ്തവം” കടന്നു ചെല്ലുന്നത് .ഉത്തരവാദിത്തമുള്ള ഒരു ചരിത്രകാരന് പൊതു സമൂഹത്തോട് സംവദിക്കുമ്പോള്‍ സംയമനം പാലിക്കേണ്ടതുണ്ട് .
   August 21 at 8:41am · Like · 1

   Prajesh Panicker ഈ വാദത്തിനു കൃത്യമായ മറുപടി എംജിഎസ് ആ അഭിമുഖത്തിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു. "മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാര്‍ കരുതിക്കൂട്ടി പക്ഷംപിടിച്ച് മുസ്‌ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കാന്‍ തയ്യാറായി. അവരെപ്പേടിച്ചു മറ്റു ചരിത്രകാരന്മാരെല്ലാം നാവടക്കണം എന്നു പറയരുത്. ആരു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ചരിത്രസത്യം അവിടെയുണ്ട്. അതു സ്വീകരിക്കുവാന്‍ ജനങ്ങള്‍ സന്നദ്ധരാവണം, അവരെ ആ നിലയില്‍ ബോധവത്കരിക്കണം."

   സംയമനം വേണ്ടതാണ്. പക്ഷെ, അത് വാസ്തവങ്ങൾ മറച്ചു പിടിച്ചു കൊണ്ടു വേണോ എന്നതാണ്.. അക്കാഡമിക്ക് അല്ലാത്ത, അല്ലെങ്കില്‍ സാമാന്യ ബുദ്ധി കുറഞ്ഞ സമൂഹമാണെങ്കിൽ തന്നെയും, at some point in time, വാസ്തവങ്ങൾ പറഞ്ഞല്ലേ തീരൂ..
   August 21 at 8:50am · Like · 1

   Delete

  4. Vishnu Padmanabhan ഇ എം എസ് തന്റേതായ രീതിയില്‍ ചരിത്രമെഴുതാന്‍ ചരിത്രകാരന്മാരെ പ്രേരിപ്പിച്ചിട്ടൂണ്ടെന്നു ഞാന്‍ വായിച്ചിട്ടൂണ്ട് . ഞാനൊരു സി പി എം കാരനല്ല ,പക്ഷെ ഇ എം എസ് അങ്ങനെ ചെയ്തെങ്കില്‍ അതില്‍ രാഷ്ട്രീയമായി ഒരു ശരിയുണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ,കാരണം ചില ചരിത്രങ്ങള്‍ ഇന്റര്‍ പ്രെട്ട് ചെയ്ത് വരുമ്പോള്‍ അത് ഭീതിതമായ ഒരു രാഷ്ട്രീയ അവസ്ഥ സൃഷ്ടിക്കും . ഉദാ: ബാബറി മസ്ജിദ് ഒരു ഹിന്ദു ക്ഷേത്രമായിരുന്നെന്ന വാദഗതി - ചരിത്ര പരമായി അത് ശരിയായിരിക്കാം [പക്ഷെ അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ തന്നെ അത് രാമ ക്ഷേത്രമായിരുന്നില്ല ,രാമന്‍ അക്കാലത്തൊരു പോപുലര്‍ ദൈവമായിരുന്നില്ലല്ലോ ] ,മുസ്ലീം അധിനിവേശ കാലത്തു ഒരു പാട് ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടിട്ട് ,അതിന്റെ പുറത്തു പള്ളി പണിഞ്ഞിട്ടുമുണ്ടാകാം ,അതു പോലെ തന്നെ ബ്രാഹ്മണിക് അധിനിവേശത്തില്‍ ഒരു പാട് ബുദ്ധ വിഹാരങ്ങള്‍ ഹിന്ദു ക്ഷേത്രങ്ങളായും തീര്‍ന്നിട്ടുണ്ട് - ശബരി മലയും കൊടുങ്ങല്ലൂര്‍ ക്ഷേത്രവുമെല്ലാം അതിനുദാഹരണങ്ങളാണ് -ശബരി മല ശാസ്താവിന്റെ രൂപവും സാമ്യവും , ശരണവും വിളിയും എത്ര മേല്‍ ഹൈന്ദവമാണ് ? - അത് അന്തകാലം -ആ ചരിത്രം വര്‍ത്തമാന കാലത്തിലെ ഹിന്ദു ഫാസിസ്റ്റുകള്‍ക്കിട്ടൂ കൊടുക്കുന്നതിലെ അപകടത്തിന്റെ തോത് എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ ?

   അവര്‍ മിത്തുകളും ചരിത്രങ്ങളും കൂട്ടി കലര്‍ത്തും -അയോധ്യയും മധുരയും കൃഷ്ണനും രാമനും മിത്താണ് ,പക്ഷെ അതിനൊപ്പം ഈ ചരിത്രം കൂടി സിങ്ക് ചെയ്യിക്കും - കൃഷ്ണ ജന്മഭൂമി ,രാമ ജന്മ ഭൂമി ,എന്നു വേണ്ടാ ഹിന്ദു പുണ്യ ഭൂമികളായി പരിഗണിക്കപ്പെടുന്നയിടങ്ങളിലെ ഇതര ആരാധനാലയങ്ങളെല്ലാം ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തു സൃഷ്ടിച്ചതാണെന്ന വാദഗതി ,ഒന്നു സമ്മതിച്ചാല്‍ സ്വാഭാവികമായും അടുത്തതും സമ്മതിക്കുന്നതിനു തുല്യമാണല്ലോ - പക്ഷെ ആ വാദം പൊതു സമൂഹത്തിലേക്കിട്ടു കൊടുക്കുമ്പോള്‍ വെറി പൂണ്ട് നില്‍ക്കുന്ന മതവാദത്തിനു തങ്ങളുടെ ആശയം നടപ്പാക്കാനുള്ള ഒരു തിയററ്റിക്കല്‍ സപ്പോര്‍ട്ടാണ് കിട്ടുന്നത് . അത് അപകടകരമാണ് .ബാബര്‍ ചെയ്തതിനെല്ലാം ഇപ്പോഴത്തെ മുസ്ലീങ്ങള്‍ കണക്കു പറയണമെന്ന ലോജിക് ഉണ്ടെങ്കില്‍ ,പണ്ട് ബ്രാഹ്മണര്‍ ചെയ്ത അതിക്രമങ്ങള്‍ക്കെല്ലാം അവരെ ഇപ്പോള്‍ തൊലിയുരിച്ചു വിടണമെന്നും ആകാം .
   August 21 at 9:02am · Like · 4

   Prajesh Panicker A fact is a fact is a fact. അതു തുറന്നു പറയുകയും അതിനെ മിസ്‌ഇന്റർപ്രറ്റ് ചെയ്യാൻ അനുവദിക്കാതിരിക്കുകയുമാണ് വേണ്ടത്. മാർക്സിസ്റ്റ് ചരിത്രകാരന്മാരുടെ ചരിത്ര നിർമ്മിതിയിൽ ശരിയുണ്ട് എങ്കിൽ, ഹിന്ദുരാഷ്ട്രവാദികളുടെ ചരിത്രനിർമ്മിതിയിലും - അവർ മിത്തും ചരിത്രവും കൂട്ടിക്കലർത്തുന്നതിൽ - സമാനമായ ശരിയുണ്ട്. രണ്ടിടത്തും ഹിസ്റ്റോറിക്കൽ കറക്റ്റ്നെസ്സിനേക്കാൾ പ്രാധാന്യം അവരവരുടെ രാഷ്ട്രീയത്തിനാണ് എന്നതു കൊണ്ട്. ഇതിൽ ഏതെങ്കിലും ഒരു വേർഷൻ ആർക്കെങ്കിലും ശരിയാവുന്നത്, അവരവർക്ക് അതാണ്‌ കംഫർട്ടബിൾ എന്നതു കൊണ്ടു മാത്രമാവും. അല്ലാതെ ചരിത്രപഠനത്തിന്റെ സൂക്ഷ്മത കൊണ്ടാവില്ല. യാഥാസ്ഥിതികവാദികളെ ഭയന്നു കൊണ്ടു മാത്രമേ ചരിത്രം പറയാവൂ എന്നു വരുന്നതല്ലേ കൂടുതൽ അപകടം?
   August 21 at 9:20am · Unlike · 2

   Vishnu Padmanabhan മിസ് ഇന്റര്‍ പ്രെട്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കുക -വാദത്തിനു പോലും അങ്ങനെ ഒരു ആശയത്തിനു പ്രസകതിയില്ല - അധികാരം കയ്യില്‍ കിട്ടിയാല്‍ ആദ്യം ചെയ്യുന്നത് ചരിത്രം തിരുത്തുക എന്നതാണ് ,അങ്ങനെയാണ് ലോകത്തെല്ലായിടത്തും സംഭവിച്ചിട്ടുള്ളത് .

   അങ്ങനെ ചരിത്രം തുറന്നു പറയുകയും പഠിപ്പിക്കുകയും ചെയ്താല്‍ - പഴയ അട്രോസിറ്റീസിനെല്ലാം പ്രതികാരം ചെയ്യാന്‍ നിന്നാലത്തെ കഥയെന്താണ് ?
   August 21 at 9:29am · Like · 2

   Vijayan Pachikkaran A fact is a fact is a fact. അതു തുറന്നു പറയുകയും അതിനെ മിസ്‌ഇന്റർപ്രറ്റ് ചെയ്യാൻ അനുവദിക്കാതിരിക്കുകയുമാണ് വേണ്ടത്. ഇതെങ്ങനെയാണ് സാധ്യമാവുന്നത്..? ചെയ്യാവുന്നത് സമൂഹത്തിനു നല്ല ചരിത്രബോധമുണ്ടാകുക എന്നതാണ്.... കാര്യങ്ങള്‍ വകതിരിവോടെ ഉള്‍കൊള്ളാന്‍ കഴിയുന്നവര്‍ എണ്ണത്തില്‍ കൂടുതല്‍ ഉള്ള ഒരു സമൂഹമാണ് എന്‍റെ സ്വപ്നം. അവിടെ ഓരോ പ്രോപഗാണ്ടയുടെയും അകംപുറം തെള്ഞ്ഞു നില്‍ക്കും.... വളച്ചൊടിക്കലുകള്‍ മുഴച്ചും

   Delete
 4. അത്ഭുതം
  ഇവിടെ ആരും വന്നില്ലേ ഭീഷണിയും കൊണ്ട് ഇതുവരെ?

  ReplyDelete
 5. കേരളത്തിൽ, ഇന്ത്യയിലും, ഇസ്ലാമിക തീവ്രവാദം പൊതുവേ ശക്തിയാർജ്ജിച്ചത്‌ ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം ആ സമുദായത്തിനുള്ളിൽ രൂപപ്പെട്ട അരക്ഷിതാവസ്ഥ കാരണമാണ് എന്നൊരു നിരീക്ഷണമുണ്ടല്ലോ. സമാനമായ കാരണങ്ങൾ തീവ്രഹൈന്ദവ ചിന്താഗതിയ്ക്കു പിന്നിലുമുണ്ട്.

  ഇന്ത്യൻ ഭരണകൂടവും നമ്മുടെ സംവിധാനം പൊതുവെയും പ്രാഗ്മാറ്റിക് അല്ലാത്ത, ഷോട്ട് ടേം ലക്ഷ്യങ്ങൾക്കു വേണ്ടിയുള്ള ബാലൻസിംഗ് മാത്രമാണ് നടത്താറ്. ബാബറി മസ്ജിദ് ധ്വംസനത്തിനു ശേഷം പ്രീണന രാഷ്ട്രീയത്തിന്റെ അയ്യരു കളിയാണ് ഇന്ത്യയിൽ ഉണ്ടായത്. ജെനുവിൻ ആയ വിമർശനങ്ങൾ പോലും ഇസ്ലാമിനെ കുറിച്ചു പൊതു ഇടങ്ങളിൽ ഉന്നയിക്കാൻ കഴിയാതെ വരികയും പോളിറ്റിക്കൽ കറക്റ്റ്നെസ് മാത്രം പ്രധാനമാവുകയും ചെയ്ത ഒരു പൊതുബോധം രൂപപ്പെട്ടു എന്നതാണു വസ്തുത. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പലസ്തീനിൽ നടന്ന ജൂതാധിനിവേശത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചു സംസാരിക്കാൻ ലോകം വിസമ്മതിച്ചതു പോലെ തന്നെ ബാബറി മസ്ജിദിനു ശേഷം ഇസ്ലാമിക തീവ്രവാദം എന്നതു സംസാരിക്കാൻ ബുദ്ധിമുട്ടുള്ള വിഷയമാവുകയും അത്, രാഷ്ട്രീയമായി അപകടകരമായ ഒരു സംജ്ഞയായി മാറുകയും ചെയ്തു. ഇതോടൊപ്പം തന്നെ, ഹൈന്ദവവിശ്വാസിയോട് അവന്റെ വിശ്വാസങ്ങളും അവന്റെ ദൈവങ്ങളും ലെസ്സർ ആണെന്നും പലരും പതുക്കെയും ചിലരെങ്കിലും ഉറക്കെയും പറയുകയും ചെയ്തു. നിസ്കാരത്തഴമ്പ് പൊലൊന്നല്ല ചന്ദനക്കുറി. നിസ്കാരത്തഴമ്പിൽ ഇല്ലാത്ത അപകടം ചന്ദനക്കുറിയിലുണ്ട് എന്നതായി പൊതുബോധം. ളോഹ പരിശുദ്ധവും കാവി അക്രമാസക്തമോ ചുരുങ്ങിയത് സംശയാത്മകമെങ്കിലുമോ ആയിത്തീർന്നു.

  സ്വാഭാവികമായും ഒരു റെസ്പോണ്‍സിബിൾ ഭരണകൂടം ചെയ്യേണ്ട കാര്യം ന്യൂനപക്ഷത്തിൽ സുരക്ഷിതാവസ്ഥ ഉണ്ടാക്കിയെടുക്കുകയും അവരെ ശക്തിപ്പെടുത്തുകയുമാണ്‌. പക്ഷെ വിചിത്രം എന്നു തന്നെ പറയാം, ഇന്ത്യൻ സിസ്റ്റം ഇങ്ങനെയുള്ള അപകടങ്ങളെ പ്രതിരോധിയ്ക്കാൻ ചെയ്യാറുള്ളത് ഭൂരിപക്ഷത്തെ ദുർബലമാക്കാൻ ശ്രമിക്കുകയും അതു വഴി ന്യൂനപക്ഷത്തെ ശക്തമാക്കാൻ ശ്രമിക്കുകയുമാണ്‌. ഇത് മത/സംസ്കാര വ്യവഹാരങ്ങളിൽ മാത്രമല്ല. നിയമപരമായി സ്ത്രീയെ ശക്തയാക്കാൻ എന്താണു നമ്മുടെ സംവിധാനം ചെയ്യുന്നത്? പുരുഷപക്ഷത്തെ നിയമപരമായി ദുർബലമാക്കുക എന്നതു തന്നെ. അവർണ്ണരെ ശക്തരാക്കാൻ ചെയ്യുന്നത്, സംവരണത്തിലൂടെ സവർണ്ണരെക്കാൾ മേൽക്കൈ അവർണ്ണർക്കു നൽകുക എന്നതാണ്. (ഞാൻ സംവരണത്തെ എതിർക്കുകയല്ല, ഒട്ടുമല്ല. പറയുന്നത്, ന്യൂനപക്ഷത്തെ, അവർണ്ണരെ, സ്ത്രീയെ, ഏതൊരു ദുർബ്ബലപക്ഷത്തെയും, ഏതു സബാൾട്ടേണ്‍ ക്ലാസ്സിനേയും ശക്തരാക്കാൻ നമ്മൾ എംപ്ലോയ്‌ ചെയ്യുന്ന യുക്തി അടിസ്ഥാനപരമായി തന്നെ ഫ്ലോഡ്‌ ആണ് എന്നതാണ്.)

  ഈ യുക്തിയുടെ പരിണിതഫലം കൂടിയാണ് തീവ്ര ഹിന്ദുത്വം ശക്തി പ്രാപിക്കുക എന്നത്. അതായത് മുസ്ലിങ്ങൾ തങ്ങളുടെ മതം/സംസ്കാരം തങ്ങളുടെ നാട്ടിൽ ഭീഷണി നേരിടുന്നു എന്നു ഭയക്കുന്നതു പോലെ തന്നെ, ഒരു ഹിന്ദുമതവിശ്വാസി തന്റെ നാട്ടിൽ തന്റെ സംസ്കാരത്തെ ദുർബലപ്പെടുത്താനുള്ള ഒരു നീക്കം നടക്കുന്നതായി ഭയപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം. മുസ്ലിങ്ങൾക്കിടയിൽ ഈ അരക്ഷിതാവസ്ഥ മുതലെടുത്ത സംഘടനകളുണ്ട്; ഹിന്ദുമത വിശ്വാസികൾക്കിടയിലുമുണ്ട്. ഭൂരിപക്ഷമാണ് എന്നതിനാൽ ഒരു ലാർജർ സ്കെയിലിൽ ഈ സംഘടനകൾ പ്രൊമോട്ട് ചെയ്യുന്ന ചിന്തകൾ ഹിന്ദുക്കൾക്കിടയിൽ വിസിബിൾ ആണ്. ഈയൊരു ഭയം (ആ ഭയം എത്ര ഇർറാഷണലുമായിക്കോട്ടെ) കാരണമാണ് ജ്യോതിഷം മുതൽ പക്ഷിശാസ്ത്രം വരെ ശരിയാണെന്നു പറയാനും സ്ട്രിംഗ് തിയറി മുതൽ ഗോഡ് പാർട്ടിക്ക്ൾ വരെ തന്റെ സംസ്കാരം മുന്നേ പറഞ്ഞു വെച്ചതാണ് എന്നും പറയാൻ അവനെ പ്രേരിപ്പിക്കുന്നതും.

  ReplyDelete
 6. I typed a fairly long comment, pressed the publish button, and it is now not seen. I don't know whether something went awry with the system. I seriously do not have the energy to type the whole thing again. I'm typing this short comment to know whether the comments are somewhere stored (and that whether you'll publish it only after a review.) You need not publish this comment. Cheers!

  ReplyDelete
  Replies
  1. മറ്റുള്ളവരുടെ അഭിപ്രായങ്ങളിലോ ,ആശയങ്ങളിലോ ഞാനൊന്നും ചെയ്യില്ല ...ഇന്‍ഫാക്റ്റ് അഭിനന്ദന കമന്റുകളെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നത് പ്രതികൂല വാദഗതികളാണ് - വേറൊന്നും കൊണ്ടല്ല ,ഞാനെഴുതുന്നത് പലപ്പോഴും അപൂര്‍ണ്ണമായിരിക്കും ,ചിലപ്പോള്‍ നല്ല ഒരു പോയിന്റ് വിട്ടു കളഞ്ഞിട്ടുണ്ടാകും .,പ്രതികൂല കമന്റുകളില്‍ നിന്നു അത് കണ്ടെടുക്കാം ,പിന്നെ എഴുതുന്നതില്‍ അവധാനതയുള്ള എനിക്കു ഒരല്പം കൂടി ശ്രദ്ധിക്കാനും പ്രേരണയാകും . നീണ്ട കമന്റുകള്‍ നേരെ സ്പാമിലോട്ടു പോകുന്ന ഒരു സിസ്റ്റം ബ്ലോഗറിനുണ്ടെന്നു തോന്നുന്നു ,ഭാഗ്യവശാല്‍ നിങ്ങളുടെ കമന്റ് അവിടെ കിടക്കുന്നുണ്ട് . ഇവിടെ മോഡറേഷനൊന്നുമില്ല .:)

   Delete
  2. ‌@ അനോണീ -താങ്കളുടെ ദീര്‍ഘമായ കമന്റിനു മറുപടി കമന്റിനെക്കാള്‍ നല്ലത് മറ്റൊരു പോസ്റ്റിലൂടെ വിശദീകരിക്കുന്നതാണെന്നു തോന്നുന്നു ,ചിലതെല്ലാം ഞാനും യോജിക്കുന്നു :)

   Delete
 7. ഭംഗിയായി പറഞ്ഞു.. അഭിനന്ദനങ്ങള്‍.. ഇതു വരെ ഈ ബ്ലോഗ് മുഴുവന്‍ വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഞാന്‍ ശ്രമിക്കുന്നുണ്ട്..സാധിക്കുമെന്ന് കരുതുന്നു.

  ReplyDelete
 8. കുറേ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാനായി. നന്ദി.

  ReplyDelete
 9. ചിരി ഉണര്‍ത്തുന്ന ലേഖനം...എല്ലാവരും പ്രതിരോധന മുറ പഠിക്കുകയല്ലേ.

  ReplyDelete
 10. വിശദമായ ലേഖനം വായിച്ചു...

  >>മികച്ച പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ കളവുകളും അര്‍ദ്ധസത്യങ്ങളും ചേര്‍ത്തിളക്കിയ ഈ “നമോ “ വികസന വാചകമടിയില്‍ പലതിന്റെയും ചെമ്പു പുറത്തായെങ്കിലും ഇപ്പോഴും ആ വാദങ്ങള്‍ക്കു മാറ്റമില്ല<< ഒരു ജനതയെ എന്നും മികച്ച പി ആര വര്ക്കിന്റെ ബലത്തിൽ കബളിപ്പിക്കാൻ ആവുമോ ? അല്ലെങ്കിൽ മറ്റു പാർട്ടികൾക്ക് എന്താണ് ഈ "മികച്ച പി ആര വര്ക്ക് " നടത്താൻ പറ്റാത്തത് ? എന്ത് കൊണ്ട് ആള്ബലവും, ധന ശേഷിയും ഉള്ള കൊണ്ഗ്രസ്സിനു ഇത് ആവുന്നില്ല ?


  സൈബര് സ്പേസിൽ അസ്സൂത്രിതമായ ഒരു അജണ്ട നടപ്പിലാകുന്നുണ്ടോ എന്നറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ അത് എല്ലാ മതങ്ങളിലും ഉണ്ട് എന്ന് പറയേണ്ടി വരും. ഇന്ന്നു ഫെസ് ബുക്കിൽ ഉള്ള ചില ഗ്രൂപ്പുകൾ മത വൈരം മാത്രം ഉദ്ദേശിച്ചു തുടങ്ങിയവയാണ്. നിക്ഷ്പക്ഷനായി കാര്യങ്ങൾ കാണുന്നവരിൽ പോലും മതത്തിന്റെ വിഷം കുത്തി വെക്കാൻ അവക്കാകുന്നു എന്നതിനോട് യോജിക്കുന്നു. ഹിന്ദു മതത്തിൽ പലരും അതൊക്കെ വായിക്കും എങ്കിലും വായിച്ചു അതിനോട് ആഭിമുഖ്യം തോന്നുന്നവർ കുറവായിട്ടാണ് തോന്നിയിട്ടുള്ളത്. കുറച്ചൊക്കെ വിശാലമായ കാഴ്ചപ്പാട് ഹിന്ദു സമൂഹത്തിനു ഉണ്ട് എന്ന് തോന്നുന്നു.

  ഞാൻ കൂടി ഉള്പ്പെടുന്ന പഴയ തലമുറ, പുരാണങ്ങളും, പുസ്തകങ്ങളും, മുതിർന്നവരിൽ നിന്നുമുള്ള കഥകള കെട്ടും വളര്ന്നവര്നാണ്. എന്നാൽ പുതിയ തലമുറ ഇന്റെര്നെടിനെ കൂടുതലായി ആശ്രയിക്കുന്നവരാണ്. അത് കൊണ്ട് തന്നെ അവരെ ബോധാവാനാക്കുവനുള്ള ശ്രമം സൈബര് സ്പേസിൽ തന്നെ നടത്തിയേ മതിയാവു. അത് തിരിച്ചറിഞ്ഞു മതബോധനം നടത്തുന്നതിൽ തെറ്റ് ഉണ്ട് എന്ന് തോന്നുന്നില്ല. എന്നാൽ അമിതമായ, വിഷലിപ്തമായ പരാമർശങ്ങൾ ഒഴിവാക്കുന്നതിനോട് യോജിക്കുന്നു.. എല്ലാ മത വിഭാഗങ്ങളും.  മോഡി വന്നാല ഇവിടുത്തെ മതേതരം തകരും എന്ന് വിശ്വസിക്കുന്നവർ മൂഡ സ്വര്ഗതിലാണ്. ഭാരതത്തിനു ഒരു ഭരണഖടന ഉണ്ട്. അത് വിട്ടു ഒന്നും ഇവിടെ നടക്കില്ല. പക്ഷെ കോണ്ഗ്രസ് നടത്തുന്ന അമിതമായ മത പ്രീണനം മൂലം കിട്ടുന്ന കാര്യങ്ങൾ കൈവിട്ടു പോകുമോ എന്നുള്ള ഭയം സ്വാഭാവികമാണ്.  മോഡി വരുന്നതിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവർ എല്ലാം കാവി അനുഭാവികൾ അല്ല. ഞാൻ മോഡിയോടു ആഭിമുഖ്യം കാട്ടുന്നത്, ഇന്നത്തെ നിലയില മോഡിക്ക് എന്തെങ്കിലും ഒക്കെ ചെയ്യാനാവും എന്നുള്ള പ്രതീക്ഷയിൽ മാത്രമാണ്. ഭാരതത്തിനു ഇന്ന് വേണ്ടത്, ശക്തനായ ഒരു ഭരണാധികാരി ആണ്. ലോക രാഷ്റ്റ്രങ്ങൽക്കുമുന്നിൽ ഇന്ത്യയെ തലയെടുപ്പോടെ നിരത്താൻ കഴിയുന്ന, ആക്മ്രമിക്കുന്ന രാജ്യങ്ങല്ക്ക് ശക്തമായ മറുപടി കൊടുക്കാൻ കെൽപ്പുള്ളയാൾ. അഴിമതിയും, വിലക്കയറ്റവും കൂലം കുട്ടിചോറായിരിക്കുന്ന ഈ കാലത്ത് ഗുജറാത്ത് ഭരിച്ചു നൈപുണ്യം കാട്ടിയ ഒരാൾക്ക്‌ ഒരവസരം കൊടുത്തു കൂടെ എന്നാ ചോദ്യം പലരക്കും ഉണ്ടാകില്ലേ ?

  ReplyDelete
  Replies
  1. PR work - Before Modi, there used to be one CM in India, who did some PR work (nothing on the scale of Modi, though. Many years before I was told, this American firm was paid $25000 per month or so by Gujarat govt, no idea what it must be now), Naidu in AP. Remember then many Keralites used to say, if Naidu was our CM, Kochi would have been a big city and bla bla. We know what happened to Naidu. But that doesnt happen to Modi, simply because, Gujarat is heavily polarised by religion and the majority Hindus would vote for him, no matter what. This is one state, where the Cable TV guys will switch off their relay,voluntarily, when a negative news on Modi is on national channels.
   Imagine the kind of loss for Govt, if all our states were spending for PR, like Modi did. They all do spend, but in a minimalist way, like we see in the news paper ads which appear once in a while, but thats it.

   Agenda on cyber space - Agreed, every religion should be doing this on the net. But nothing like how RSS is over seeing. There were paid contributors - even in Lonely Planet's discussion forums - by the early 2000's, when discussion forums were the norm. Recently news came out that there are more than a 1000 senior school children (from a school associated with Modi, even before he became prominent) who spend lot of time on the net promoting and defending NaMo.

   Indian constitution - If India was a lawful state, Advaniji would have never become a Central Minister - for all the violence and riots during his ratha yathra before the Masjid demolitiion. The same way, Modi would be behind the bars too - the Tehelka tapes (which was declared legitimate by an Indian court and used as a major witness in convicting Maya Kodnani and Bajrang Babu) simply provides enough testament for this. This would be applicable for many other politicians too. Please accept the fact - Our law is only applicable for our poor.

   Good ruler - I can only say, Sir , I am sorry about how easily you like many others fall into the media trap about Modi's development. Gujarat is a mine of rich people and they were so even before Modi's rein. All what Modi did was to welcome some corporates offering free land and other benefits. If my memory serves right, it was by welcoming Tata Nano, who wanted to move out of Bengal, he started this exercise and came into prominence as a CM who pleased corporates.
   NaMo is ruling Gujarat for more than a decade now. Gujarat has not made any significant improvement in any of the social indices. In fact rural Gujarat faces power cuts for more than 5 hours, just like many other states in India. In Kerala we cannot accept even 2 hour power cuts - unique to whole state- only during scorching summer.
   If we remove the stats of Kerala, HP, Punjab, Haryana and TNadu, India would occupy the bottom rows in almost all Human indices. Malls/4 lane roads wont improve life indices, my friend.

   Delete
  2. This comment has been removed by the author.

   Delete
  3. ഓഃ ..രാജേഷ് ഇപ്പോഴാ ഈ ലേഖനത്തിനൊരു പൂര്‍ണ്ണത വന്നത് :) നണ്ട്രി .


   വികസന നായകന്‍ എന്ന ഈ ഒരു പൊക്കിപ്പിടിക്കല്‍ ആദ്യമുണ്ടായത് നായിഡുവിന്റെ കാര്യത്തില്‍ തന്നെയാണ് - ഇതിനെ കുറിച്ച് മുമ്പ് ഞാന്‍ എഫ് ബി യില്‍ എഴുതിയിരുന്നു .
   ************************************************************************************
   May 6
   തൊണ്ണൂറുകളുടെ ആദ്യ പാദം മുതല്‍ പിന്നീടൊരു ദശക കാലം ഇന്ത്യയുടെ വികസന മാതൃകയുടെ അപ്പൊസ്തലനായി വാഴ്ത്തപ്പെട്ട നേതാവായിരുന്നു ചന്ദ്ര ബാബു നായിഡു , അക്കാലങ്ങളില്‍ ദേശീയ മാധ്യമങ്ങളില്‍ എറ്റവുമധികം കവര്‍ സ്റൊറിയും മുഖ ചിത്രവും വന്നിട്ടുള്ള രാഷ്ട്രീയക്കാരനും ചന്ദ്ര ബാബു നായിഡു ആയിരുന്നിരിക്കണം . നായിടുവിന്റെ വികസന മാതൃകകള്‍ ടോണി ബ്ലെയരെയും ബില്‍ ക്ലിന്റനേയും ബില്‍ ഗെറ്സിനെ പോലും അമ്പരപ്പിച്ച കഥകള്‍ നമ്മളെ കോള്‍മയിര്‍ കൊള്ളിച്ചു....പക്ഷെ ആ കൊട്ടിഘോഷിക്കലുകളുടെ, ഹൈദരാബാദിലെ ഹൈ ടെക് - കമ്പ്യൂട്ടര്‍ സിറ്റിയുടെ കണ്ണന്ചിപ്പിക്കുന്ന പ്രതാപത്തിനുമപ്പുറം പിന്നീട് നമ്മള്‍ കണ്ടത് ദാരിദ്ര്യം കൊണ്ടും കട ബാധ്യത കൊണ്ടും കൂട്ട ആത്മ ഹത്യ ചെയ്ത കര്‍ഷകരെയും കൂടുതല്‍ ദരിദ്രമായ ഗ്രാമ പ്രദേശങ്ങലുമായിരുന്നു."ദ്രുത വികസനം " എന്ന ആ വ്യാജ പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം വെളിവായതോടെ ചന്ദ്ര ബാബു നായിദു എന്നാ വികസന നായകന്‍ പിന്നീട് നമുക്കെല്ലാം വിസ്മ്രുതനായി.....

   ഇതാ ഏതാണ്ട് രണ്ടു ദശകത്തിനിപ്പുറാം നമുക്ക് പുതിയൊരു വികസന നായകനെ കൂടി കിട്ടിയിരിക്കുകയാണ് അദ്ദേഹമാണ് നരേന്ദ്ര മോഡി , ചന്ദ്ര ബാബു നായിടുവിന്റെ വികസന നുണകള്‍ തകര്‍ന്നടിയാന്‍ കുറച്ചു വര്ഷങ്ങള്‍ എടുത്തെങ്കില്‍ മോടിയുടെത് അതിനും മുമ്പേ തന്നെ തിരിച്ചറിയപ്പെട്ടു കഴിഞ്ഞു ....പക്ഷെ എന്നിട്ടും നരേന്ദ്ര മോഡി ആഘോഷിക്കപ്പെടുന്നു , അതിന്റെ കാരണം മറ്റൊന്നല്ല അയാള്‍ ചന്ദ്ര ബാബു നായിടുവിന്റെ പിന്‍ ഗാമിയല്ല ,പത്തിരുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യമൊട്ടാകെ രഥ് യാത്ര നടത്തി "ഹിന്ദുത്വ "തീവ്ര ആശയത്തെ പണിതുയര്‍ത്തിയ , ഇന്ന് മിത വാദത്തിലേക്ക് പറിച്ചു നടപെട്ട ലാല്‍ കൃഷ്ണ അദ്വാനിയുടെ പിന്‍ ഗാമിയാണ് , ഒരു പക്ഷെ അദ്വാനിയെക്കാള്‍ കൂടിയ ഇനം ....അത് കൊണ്ട് തന്നെ മോടിയുടെ വികസന വാചോടാപങ്ങള്‍ ഒരു കള്ളമാണെന്ന് വന്നാല്‍ കൂടിയും അയാളെ ആഘോഷിക്കുന്നവര്‍ കൂടുതല്‍ തീവ്രമായി തന്നെ അത് തുടരും , കാരണം അയാള്‍ പ്രതിനിധീകരിക്കുന്നത് ഹിസ്ടീരിയ ബാധിച്ച ഒരു കൂട്ടം ഹിന്ദുത്വ ആശയ വാദികളെയാണ് .
   **********************************************************************************

   രാജേഷ് പറഞ്ഞത് പോലെ ഈ വികസന വാദങ്ങളുടെ പൊള്ളത്തരങ്ങള്‍ വെളിവായാലും നായിഡുവിന്റെ അവസ്ഥ മോഡിക്കുണ്ടാകില്ല ,കാരണം മോഡി പ്രതിനിധീകരിക്കുന്നത് തീവ്ര ഹിന്ദുത്വയാണ് , അതു കൊണ്ട് വികസന പ്രചരണങ്ങള്‍ പരാജയപ്പെട്ടാലെന്ത് ?

   Delete
  4. What frightens me is that this propaganda campaigns are drawing more and more rich, middle class and even poor people towards him. There are lot of people in India, who just believe everything that they read on a single news paper or from couple of tv channels. There was a time, when I believed everything written by Mathrubhumi paper. Recently was shocked when my mother mentioned it would be good if Modi is PM. I asked her why and her reply was, he seems to be a good ruler, if not why all the talk about his development. She only reads Mathrubhumi, and listens to couple of Tv news.

   Delete
 11. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയായി വിശദമായി തന്നെ അടുത്ത പോസ്റ്റിലുള്‍കൊള്ളിക്കാമെന്നായിരുന്നു കരുതിയിരുന്നത് ,പക്ഷെ കുറച്ചു തിരക്കുകള്‍ കൊണ്ട് അത് അടുത്തൊന്നും നടക്കില്ല .അത് കൊണ്ട് ഇപ്പോ തന്നെ പറയാം .

  ഈ പോസ്റ്റിലെന്നല്ല ,ഞാനെഴുതുന്ന മിക്കവാറും പോസ്റ്റുകളില്‍ എനിക്കു ഇമോഷണല്‍ സ്റ്റേക്കില്ല ,എന്ന്വച്ചാ അതിന്മേലുള്ള വൈകാരികതയല്ല എന്നെ ആകര്‍ഷിക്കുന്നത് ,ചില വിവര ശേഖരണങ്ങള്‍ - അതു അവലോകനം ചെയ്യുമ്പോള്‍ എത്തുന്ന ഫലങ്ങള്‍ -അത് മാത്രമാണ് ഉദ്ദേശിക്കുന്നത് . അതായത് മോഡിയോട് എനിക്കു വിദ്വേഷം തോന്നാന്‍ മാത്രം ഒന്നുമില്ല ,അയാള്‍ക്കനുകൂലമായ വാലിഡായ പോയിന്റുകളുണ്ടെങ്കില്‍ അംഗീകരിക്കാന്‍ ഞാന്‍ തയ്യാറുമാണ് ,

  അപ്പോ നമ്മള്‍ പറഞ്ഞു വന്നത് വികസനം

  ധവള വിപ്ലവത്തിന്റെ ആചാര്യനായ വര്‍ഗ്ഗീസ് കുര്യന്റെ ആത്മകഥയിലൊരു ഭാഗമുണ്ട് - അമേരിക്കയിലെ പഠനമെല്ലാം കഴിഞ്ഞ് വരുന്ന വര്‍ഗ്ഗീസ് കുര്യനെ കാത്തു ഒരു അസൈന്‍ മെന്റ് കിടക്കുന്നു - ഗുജറാത്തിലെ ആനന്ദിലെ ഒരു ക്ഷീര സംഘത്തിന്റെ ചുമതലക്കാരനായിട്ട് ,ഗുജറാത്തിലെ ആ ദിവസങ്ങള്‍ കടുത്തതായിരുന്നു - നൊണ്‍ വെജ് കഴിക്കുന്ന ഒരു ക്രിസ്ത്യാനിക്കു വീട് പോലും കിട്ടാനില്ല ,,,, കുര്യന്റെ അമ്മാവനായ ജോണ്‍ മത്തായി ഇന്‍ഡ്യയുടെ ഫിനാന്‍സ് മിനിസ്റ്ററായിരുന്നുവെന്നോര്‍ക്കണം , അങ്ങനെ കടുത്ത സാഹചര്യങ്ങളില്‍ പെട്ടു തിരിച്ചു പോകാനൊരുങ്ങിയ വര്‍ഗ്ഗീസ് കുര്യനെ ത്രിഭുവന്‍ ദാസ് പട്ടേലിന്റെ സ്നേഹസമൃണമായ നിര്‍ബന്ധം അവിടെ തന്നെ പിടിച്ചു നിര്‍ത്തുന്നു ,ത്രിഭുവന്‍ ദാസ് പട്ടേലിന്റെ വലിയ ലക്ഷ്യമായിരുന്നു ഗുജറാത്തില്‍ അങ്ങനെയൊരു വലിയ സംരംഭം അമേരിക്കയില്‍ നിന്നു ഉന്നത ബിരുദങ്ങളുമായി വന്ന ഒരു എഞ്ചിനീയര്‍ പയ്യനെ പാലുല്പാദക സഹകരണ സംഘത്തില്‍ പിടിച്ചിടാന്‍ തോന്നിയ ആ ദീര്‍ഘ വീക്ഷണമുണ്ടല്ലോ -അതാണ് പിന്നീട് ഇതിഹാസമായി തീര്‍ന്ന അമൂല്‍ സൃഷ്ടിക്കുന്നത് - -,ത്രിഭുവന്‍ ദാസ് ബിസിനസുകാരനോ വ്യവസായിയോ ഒന്നുമായിരുന്നില്ല ,സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഒരു ഗാന്ധിയനായിരുന്നു .ഈ കഥ നടക്കുന്നത് 1950 കളിലാണ്

  ഗുജറാത്തികളുടെ ജന്മ ഗുണമായിരിക്കണം വ്യവസായവും വാണിജ്യവുമെല്ലാം ,ഗാന്ധിജിയുടെ ഓട്ടോ ബയോ ഗ്രാഫിയില്‍ തന്നെ പറയുന്നുണ്ടല്ലോ സൌത്ത് ആഫ്രിക്കയിലെ ഗുജറാത്തി കച്ചവടക്കാരുടെ കാര്യം ,അക്കാലത്തു തന്നെ കച്ചവടവും അനുബന്ധ വ്യവസായങ്ങളും ഗുജറാത്തീകളുടെ പ്രത്യേകതയായിരുന്നു , എന്തിന് ആ കച്ചവട മനസ്ഥിതിക്കു നമ്മുടെ മുന്നിലുള്ള ധീരു ഭായി അംബാനി തന്നെ ഏറ്റവും നല്ല ഉദാഹരണം .നമ്മള്‍ മലയാളികള്‍ പ്രവാസികളാകുന്നതു പോലെ ഒരു ജന്മ വാസന അവര്‍ക്കീ ബിസിനസ്സിലുമുണ്ട് . അത് എല്ലാ‍കാലത്തുമുണ്ടായിരുന്നു .പണ്ടു മുതലെ മലയാളികള്‍ ജോലിക്കു വേണ്ടി ഗുജറാത്തില്‍ പോകാറുണ്ടല്ലോ ,ടെക്സ്റ്റൈല്‍ ,ടയര്‍ വ്യവസായങ്ങളില്‍ നല്ലൊരു പങ്കും ഗുജറാത്തില്‍ നിന്നാണ് ,അതു ഇപ്പോള്‍ സംഭവിച്ചതല്ല - വളരെ മുമ്പ് തന്നെ അങ്ങനെയായിരുന്നു ,നല്ലൊരു തീരം ,തുറമുഖം ,പിന്നെ അവിടത്തെ ജനങ്ങളുടെ ആറ്റിറ്റ്യൂഡ് ഇതൊക്കെ തന്നെയാണ് അങ്ങനെയൊരു വാണിജ്യ വികസനം അവിടെയുണ്ടായതിനു കാരണം .

  ReplyDelete
 12. ഒരു ജനതയെ എന്നും മികച്ച പി ആര വര്ക്കിന്റെ ബലത്തിൽ കബളിപ്പിക്കാൻ ആവുമോ ? അല്ലെങ്കിൽ മറ്റു പാർട്ടികൾക്ക് എന്താണ് ഈ "മികച്ച പി ആര വര്ക്ക് " നടത്താൻ പറ്റാത്തത് ? എന്ത് കൊണ്ട് ആള്ബലവും, ധന ശേഷിയും ഉള്ള കൊണ്ഗ്രസ്സിനു ഇത് ആവുന്നില്ല ?

  _______________________________________
  ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ച “ഹിന്ദുത്വ അജണ്ട -ഈ ഹിന്ദുത്വ അജണ്ടയാണ് വികസനമെന്ന ടേമുമായി കണക്റ്റ് ചെയ്ത് കൊണ്ട് വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നത് ,അത് നേരാണൊ നുണയാണൊ എന്നു പോലും നോക്കാതെ ആഘോഷിക്കുന്ന അനുയായി വൃന്ദവും .ചൈനയിലെ മെട്രോ റെയിലും ദുബായിലെ റോഡുമൊക്കെ ഫോട്ടോ ഷോപ്പ് ചെയ്തു ഗുജറാത്താക്കി മാറ്റുന്നത് വികസനത്തോടൂള്ള അനുഭാവമെന്ന നിലക്കാണോ ? :) ,യഥാര്‍ത്ഥത്തില്‍ വികസനം നടക്കുന്നുണ്ടെങ്കില്‍ അത് കാണിച്ചാല്‍ പോരെ - ഇങ്ങനെ കൃത്രിമ ഹൈപ്പ് ആവശ്യമാണോ ? അപ്പോള്‍ അതാണ് ഞാന്‍ പറഞ്ഞ വികസനമെന്ന നുണയിന്മേല്‍ കുത്തിക്കയറ്റാന്‍ ശ്രമിക്കുന്ന അജണ്ട മറ്റൊന്നാണ്.

  ഇന്‍ഡ്യയിലെ മറ്റ് സംസ്ഥാനങ്ങളിലൊന്നും ഈ വികസനം - റോഡ് ,റെയില്‍ ,കെട്ടിടങ്ങള്‍ ഒന്നുമുണ്ടാകുന്നില്ലെ -നിങ്ങള്‍ സ്റ്റാറ്റിസ്റ്റിക്സ് എടുത്തു നോക്കൂ - അപ്പോള്‍ നിങ്ങള്‍ക്കീ വാചാടോപവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം മനസ്സിലാകും .

  ReplyDelete

 13. സൈബര് സ്പേസിൽ അസ്സൂത്രിതമായ ഒരു അജണ്ട നടപ്പിലാകുന്നുണ്ടോ എന്നറിയില്ല. അങ്ങനെ ഉണ്ടെങ്കിൽ അത് എല്ലാ മതങ്ങളിലും ഉണ്ട് എന്ന് പറയേണ്ടി വരും. ഇന്ന്നു ഫെസ് ബുക്കിൽ ഉള്ള ചില ഗ്രൂപ്പുകൾ മത വൈരം മാത്രം ഉദ്ദേശിച്ചു തുടങ്ങിയവയാണ്. നിക്ഷ്പക്ഷനായി കാര്യങ്ങൾ കാണുന്നവരിൽ പോലും മതത്തിന്റെ വിഷം കുത്തി വെക്കാൻ അവക്കാകുന്നു എന്നതിനോട് യോജിക്കുന്നു. ഹിന്ദു മതത്തിൽ പലരും അതൊക്കെ വായിക്കും എങ്കിലും വായിച്ചു അതിനോട് ആഭിമുഖ്യം തോന്നുന്നവർ കുറവായിട്ടാണ് തോന്നിയിട്ടുള്ളത്. കുറച്ചൊക്കെ വിശാലമായ കാഴ്ചപ്പാട് ഹിന്ദു സമൂഹത്തിനു ഉണ്ട് എന്ന് തോന്നുന്നു.
  -------------------------------------------------

  സൈബറിടത്തില്‍ ഹിന്ദു ഫാസിസ്റ്റുകള്‍ കയ്യടക്കിയിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നത് - എന്‍ എസ് മാധവനാണ് ,വര്‍ഷങ്ങളോളം സിവില്‍ സെര്‍വീസിലുള്ള ഒരാള്‍ക്കു അത്തരം കാര്യങ്ങള്‍ പറയാന്‍ കൂടുതല്‍ വ്യക്തമായ കാരണങ്ങളുണ്ടാകണം ,സൈബര്‍ സ്പേസ് എന്നു പറയുന്നത് ഫേസ് ബുക്കു മാത്രമല്ല -അതിന്റെ വ്യാപ്തി വളരെ വലുതാണ് - ഞാന്‍ ചെറിയ ഒരു ഉദാഹരണം പറയാം -ലവ് ജിഹാദ് വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ മുസ്ലീം യുവാക്കള്‍ ലവ് ജിഹാദ് നടത്തിയ ആയിരക്കണക്കിന് ഹിന്ദു പെണ്‍ കുട്ടികളുടെ കണക്കാണ് പുറത്തു വന്നത് [ഏറ്റവും രസകരം ഇതൊക്കെ നമ്മുടെ കേരളത്തിലാണെന്നാണ് ] പക്ഷെ കേസു തുടര്‍ന്നപ്പോള്‍ ആ കണക്കുകളൊക്കെ അപ്രത്യക്ഷമായി ,ആ വാര്‍ത്ത ഉദയം ചെയ്തതും പിന്നീട് പത്രങ്ങള്‍ ഏറ്റ് പിടിച്ചതും ഒരു വെബ് സൈറ്റില്‍ നിന്ന് മാത്രമായിരുന്നു .എല്ലാ മതങ്ങളും ഗ്രൂ‍പ്പുകളും ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നുണ്ട് -ഇസ്ലാമിസ്റ്റുകളും ക്രിസ്ത്യാനികളുമെല്ലാം - ഇല്ലെന്നല്ല -പക്ഷെ ഹിന്ദു ഫാസിസ്റ്റുകള്‍ അത്തരത്തില്‍ പ്രകടമായ ഒരു മത പ്രചരണത്തിനു പകരം മൃദു ആശയങ്ങളിലൂടെയാണ് സൈബറിടങ്ങള്‍ കൈകാര്യം ചെയ്യുന്നത് .

  ReplyDelete
 14. മോഡി വരുന്നതിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവർ എല്ലാം കാവി അനുഭാവികൾ അല്ല. ഞാൻ മോഡിയോടു ആഭിമുഖ്യം കാട്ടുന്നത്, ഇന്നത്തെ നിലയില മോഡിക്ക് എന്തെങ്കിലും ഒക്കെ ചെയ്യാനാവും എന്നുള്ള പ്രതീക്ഷയിൽ മാത്രമാണ്. ഭാരതത്തിനു ഇന്ന് വേണ്ടത്, ശക്തനായ ഒരു ഭരണാധികാരി ആണ്. ലോക രാഷ്റ്റ്രങ്ങൽക്കുമുന്നിൽ ഇന്ത്യയെ തലയെടുപ്പോടെ നിരത്താൻ കഴിയുന്ന, ആക്മ്രമിക്കുന്ന രാജ്യങ്ങല്ക്ക് ശക്തമായ മറുപടി കൊടുക്കാൻ കെൽപ്പുള്ളയാൾ. അഴിമതിയും, വിലക്കയറ്റവും കൂലം കുട്ടിചോറായിരിക്കുന്ന ഈ കാലത്ത് ഗുജറാത്ത് ഭരിച്ചു നൈപുണ്യം കാട്ടിയ ഒരാൾക്ക്‌ ഒരവസരം കൊടുത്തു കൂടെ എന്നാ ചോദ്യം പലരക്കും ഉണ്ടാകില്ലേ ?
  ReplyDelete
  ------------------------------------------------------------------------
  മോഡിയുടെ കാര്യക്ഷമത കൊണ്ടാണ് താങ്കള്‍ അയാളെ അനുകൂലിക്കുന്നതെങ്കില്‍ ഒരു ചോദ്യം . അല്ലെങ്കില്‍ രണ്ട് ഓപ്ഷന്‍ തരാം ഏത് തിരഞ്ഞെടുക്കുമെന്നു പറഞ്ഞാല്‍ മതി .


  2002 ല്‍ ഗുജറാത്ത് കലാപത്തില്‍ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് ആയിരക്കണക്കിനാളുകളാണ് മരിച്ചത് , ലക്ഷക്കണക്കിന് കോടിയുടെ നഷ്ടമാണ് ഉണ്ടായത് ,വീടുകള്‍ അഗ്നിക്കിരയായി ,വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കപ്പെട്ടു , തെരുവില്‍ ആളുകള്‍ കൊല്ലപ്പെട്ടു .


  ഇവിടെ ഭരണാധികാരിയെന്ന നിലയില്‍ അയാള്‍ പരാജയമായിരുന്നു ,കലാപം തീര്‍ക്കാനോ അതിന്റെ കഷട നഷ്ടങ്ങളെ ചെറുക്കാനോ അയാള്‍ക്കു സാ‍ധിച്ചില്ല .അയാളുടെ മന്ത്രിസഭയിലെ പ്രധാനികളെല്ലാം ആ കലാപത്തില്‍ പങ്കെടുത്തു .

  ഇവിടെ നിങ്ങള്‍ക്കു തരാന്‍ പോകുന്ന രണ്ട് ഓപ്ഷനുകള്‍ ഇതാണ് .

  1. സ്വന്തം സംസ്ഥാനത്തു ,തന്റെ സഹമന്ത്രിമാരും സഹ പ്രവര്‍ത്തകരും ചേര്‍ന്നു നടത്തിയ ഒരു കലാപം മോഡിക്കറിയാന്‍ സാധിച്ചില്ല ,അത് തടയാന്‍ സാധിച്ചില്ല -അങ്ങനെ സ്വന്തം സംസ്ഥാനത്തെ ആയിരക്കണക്കിനു ജീവനും ആയിരക്കണക്കിനു കോടി നാശനഷ്ടവും സംഭവിച്ചു - ഇങ്ങനെയാണെങ്കില്‍ അയാള്‍ ദുര്‍ബലനും കാര്യക്ഷമതയുമില്ലാത്തവനാണ് ,ഒരു സംസ്ഥാനത്തെ ,അതുംതന്റെ കാര്യക്കാര്‍ ചേര്‍ന്നു നടത്തിയ ഒരു ആക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയാത്ത ഒരാളെങ്ങനെയാണ് രാജ്യത്തെ ശത്രുക്കളില്‍ നിന്നു നേരിടുക -

  2. ഇനി രണ്ടാമത്തെ ഓപ്ഷന്‍ ഇതാണ് -അയാള്‍ അതിശക്തനാണ് ,കാര്യക്ഷമതയുള്ള ഭരണാധികാരിയാണ് ,സ്വന്തം സഹ പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ശേഷിയുള്ളവനാണ് -അയാള്‍ കൂടി അറിഞ്ഞു കൊണ്ടാണ് ആ കലാപം സംഭവിച്ചത് .

  ഇതില്‍ ഏതെങ്കിലും ഒരു ഓപ്ഷന്‍ തിരഞ്ഞെടുത്തെ മതിയാകൂ ,അത് ഏതാകണമെന്നു നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം .

  ReplyDelete
 15. ആളുകള്‍ പട്ടിണീ കിടന്നു മരിക്കുന്ന , കലാപത്തില്‍ ആയിരക്കണക്കിനു ആളുകള്‍ കൊല്ലപ്പെടുന്ന രാജ്യത്തു അതിര്‍ത്തിയില്‍ വിരലിലെണ്ണാവുന്നത്ര പട്ടാളക്കാര്‍ കൊല്ലപ്പെടുമ്പോള്‍ സട കുടഞ്ഞെണീക്കുന്ന ഒരു ദേശ സ്നേഹമല്ല എനിക്കുള്ളത് .

  ഇനി അഥവാ ശത്രു രാജ്യങ്ങളുടെ എതിര്‍പ്പിനെയും ആക്രമണത്തെയും പ്രതിരോധിക്കലാണ് മുഖ്യമെങ്കില്‍ അതിനു തലയെടുപ്പൂം വാചക കസര്‍ത്തുമൊന്നുമല്ല വേണ്ടത് -നയതന്ത്രജ്ഞതയും തന്ത്രവുമാണ് -ചരിത്രമെടുത്തു നോക്കിയാല്‍ ശത്രു രാജ്യത്തിന്റെ ആക്രമണങ്ങളെ ഫല പ്രദമായി പ്രതിരോധിച്ച് വിജയം വരിച്ച ഒരു ഇന്‍ഡ്യന്‍ ഭരണാധികാരി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയാണ് -ശാസ്ത്രിക്കെന്തു തലയെടുപ്പ് ? എന്ത് വാചക കസര്‍ത്ത് ? അതിനു തലയിലല്പം ബുദ്ധിയും വിവേകവും മതി -അല്ലാതെ വാചക ഗീര്‍വാണം കൊണ്ടൊന്നും നടക്കില്ല - ആളുകളെ വൈകാരികതക്കടിമയാക്കാന്‍ കഴിയുന്ന പ്രസംഗമല്ല - നയ തന്ത്രജ്ഞതയാണ് അത്തരം ഘട്ടങ്ങളില്‍ ആവശ്യം

  ReplyDelete
 16. സുഹൃത്തായ രവിശങ്കറിന്റെ ഫേസ് ബുക്ക് നോട്ടില്‍ നിന്നും . https://www.facebook.com/notes/ravishanker-arya/%E0%B4%97%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%95%E0%B5%BE/557939907602070


  1) >ഗുജറാത്തിലെ കാര്‍ഷിക വളര്‍ച്ച ഒരു ദശകമായി 10 - 11 % എന്ന് ഞങ്ങള്‍ പറയുമ്പോള്‍ ....

  ആപ്കോ ആയിരിക്കും താങ്കളോട് ഈ പെരും നുണ പറഞ്ഞത്!

  ദോ ഈ റിപ്പൊർട്ട് വായിച്ച് കാണാതെ പടിക്കൂ!

  http://articles.timesofindia.indiatimes.com/2013-05-14/ahmedabad/39254766_1_gujarat-government-krishi-mahotsav-narendra-modi

  അതായത് 11ആം പ്ലാൻ കാലഘട്ടത്ത്( 2007 -2012) ഈ വളർച്ച 4.8% മാത്രമേ ഒള്ള് കേട്ടാ...11 ഉം 13 ഉം ഒന്നും ഇല്ല! ഹല്ല! ഇതൊക്കെ എവിടുന്ന് പൊക്കിക്കോണ്ട് വരുന്നോ എന്തോ!

  ദോ ഈ റിപ്പോർട്ട് പറയുന്നു കാർഷിക പ്രതിസന്ധി ഗുജറാത്തിനെയും വിഴുങ്ങിയിരിക്കുന്നു കർഷക ആത്മഹത്യ പടർന്നു പിടിക്കുകയാണു എന്നൊക്കെ.
  http://www.frontline.in/the-nation/hype-and-hard-facts/article4430923.ece

  അല്ല...ഉദാരവത്കരണനയങ്ങൾ അതേ പോലെ പിന്തുടരുന്നവരിൽ നിന്നും മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നോ!

  2)>24 മണിക്കൂറും മുടങ്ങാതെ ഏകദേശം 18000 ഗ്രാമങ്ങളില്‍ വൈദ്യുതി കിട്ടുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം ഗുജറാത്ത്‌ എന്ന് ഞങ്ങള്‍ പറയുമ്പോള്‍ .....

  ഹെന്റമ്മച്ചീ!! ദോ ഈ റിപ്പോർട്ടും കൂടെ വായിക്കണേ...

  http://www.frontline.in/the-nation/hype-and-hard-facts/article4430923.ece

  വായിക്കാൻ പ്രയാസമാണെന്നറിയാം.. പ്രസക്തഭാഗം ചുവടെ കൊടുക്കുന്നു..

  "Sharma says the crisis has its roots in 2002 when Modi came to power and the emphasis shifted to giving all kinds of concessions and sweetheart deals to industry and corporates. While they say the infrastructure is better in Gujarat, farmers hardly get 10 hours of electricity a day—of this, six hours are at night, leaving little time to run borewells and other machinery. There is minimal irrigation in Saurashtra, and the hope of Narmada waters reaching this region has not materialised."

  പിന്നെ ദോ ഈ റിപ്പോർട്ടും..

  http://dillipost.in/2012/02/27/gujarat-development-model-critique/

  പ്രസകത ഭാഗം ചുവടെ..

  "1992ല്‍ മൊത്തം വൈദ്യുതികരിക്കപ്പെട്ട ഗ്രാമങ്ങള്‍ 17,985 ആയിരുന്നു. അത് 2005 ആയപ്പോഴേക്കും 17,823 ആയി കുറഞ്ഞു. 2007ല്‍ അത് 17,986 ആയി. ഇവിടെ മോഡി ഭരണത്തിന്റെ മൊത്തം വളര്‍ച്ച പുറകോട്ട്. മൊത്തം വൈദ്യുതികരണത്തിന്റെ വളര്‍ച്ച 1992-2007 കാലയളവില്‍ ഏകദേശം പൂജ്യമാണ്. "

  3)>2011 ലെ ലോക ബാങ്കിന്‍റെ പ്രസ്ഥാവന പ്രകാരം ഗുജറാത്തിലെ റോഡുകള്‍ അന്താരാഷ്ട്ര നിലവാരം

  (ഇപ്പോഴും റൂറൽ കണക്റ്റിവിറ്റിയെത്താത്ത ഒരു നാടാണു ഗുജറാത്ത്.. )

  ഏതായാലും ഗുണ്ടടിയുടെ അങ്ങേതലയാണു റോഡ് വികസനം മോഡിയുടേ മേന്മയാണെന്ന് പറയുന്നത്..

  ദോ ഈ റിപ്പോർട്ട് വായിക്കുക.. ചുമ്മാ ലിങ്കിൽ ക്ലിക്കിയാ പോര...

  http://dillipost.in/2012/02/27/gujarat-development-model-critique/

  വായിക്കാൻ പ്രയാസമാണെങ്കിൽ, പ്രസക്ത ഭാഗം ചുവടെ..

  "പുതു ഗുജറാത്തിലെ റോഡ്‌ വികസനത്തെ പരിശോധിക്കാം. മോഡി സര്‍ക്കാര്‍ ഭരണത്തില്‍ വരുമ്പോള്‍ ഗുജറാത്തിലെ മൊത്തം റോഡുകളുടെ നീളം (ഗ്രാമ, ജില്ല, സംസ്ഥാന,ദേശീയ പാതകള്‍) 74,018 കിലോമീറ്റര്‍. അതിപ്പോഴും 75,000 കിലോമീറ്ററിനു മുകളില്‍ എത്തിയിട്ടില്ല"

  ഗുജറാത്തിലെ സോഷ്യോ-ഇക്കണോമിക് റെവ്യൂവില്‍ നിന്നും കോട്ട് ചെയ്യുന്ന 1995 മുതലുള്ള റോഡ് വികസനത്തെ കാണിക്കുന്ന ഒരു റ്റേബിളും ഉണ്ട്..

  റിപ്പോർട്ടിൽ നിന്നും ഉദ്ധരിച്ചാൽ..

  "ഗുജറാത്തിലെ മൊത്തം റോഡിന്റെ കണക്ക് 75,000 കിലോമീറ്ററില്‍ താഴെയാകുമ്പോള്‍ ബിജെപി സര്‍ക്കാര്‍ മനക്കോട്ടയില്‍ പണിത പാതകളായിരിക്കും ഈ അധിക 75,000 കിലോമീറ്റര്‍ റോഡ്‌. ഈ കലയളവില്‍ ഗ്രാമപ്രദേശങ്ങളില്‍ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന നിക്ഷേപങ്ങള്‍ നടന്നു എന്നു തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് മുന്‍ സര്‍ക്കാരുകള്‍ ഉണ്ടാക്കിയ റോഡുകള്‍ മോഡി ഭരണത്തിന്റെ നേട്ടമായി അവതരിപ്പിച്ചതിനു പിന്നില്‍ ഉള്ളത്."

  കേവലം ഗ്യാസ് മാത്രമാണങ്ങേരടെ വികസനം!


  4)>ഏകദേശം 18000 ഗ്രാമങ്ങളില്‍ high speed wireless broadband ഉള്ള ഏക സംസ്ഥാനം ഗുജറാത്ത്‌ എന്ന് ഞങ്ങള്‍ പറയുമ്പോള്‍......................................

  ഹൈസ്പീഡ് വൈർലെസ് പോയിട്ട് മര്യാദയ്ക്ക് വൈദ്യ്തി കിട്ടിയാ മതിയായിരുന്നു.. (സോർസ് മുകളിലെ ഫ്രണ്ട്ലൈൻ റിപ്പോർട്ട്)
  പോട്ടെ കൊള്ളാവുന്ന സാനിറ്റേഷൻ, വിദ്യാഭ്യാസ, ആഹാര ലഭ്യത, തൊഴിൽ ലഭ്യത് തുടങ്ങിയ അറ്റിസ്ഥാന സൗകര്യങ്ങളെങ്കിലും കിട്ടിയാമതിയായിരുന്നു..

  സോർസ് (https://www.facebook.com/notes/ravishanker-arya/%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%95%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B5%BE/512651378797590)


  ReplyDelete
 17. >>ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ച “ഹിന്ദുത്വ അജണ്ട -ഈ ഹിന്ദുത്വ അജണ്ടയാണ് വികസനമെന്ന ടേമുമായി കണക്റ്റ് ചെയ്ത് കൊണ്ട് വ്യാജ വാര്‍ത്തകള്‍ പടച്ചു വിടുന്നത് ,അത് നേരാണൊ നുണയാണൊ എന്നു പോലും നോക്കാതെ ആഘോഷിക്കുന്ന അനുയായി വൃന്ദവും .ചൈനയിലെ മെട്രോ റെയിലും ദുബായിലെ റോഡുമൊക്കെ ഫോട്ടോ ഷോപ്പ് ചെയ്തു ഗുജറാത്താക്കി മാറ്റുന്നത് വികസനത്തോടൂള്ള അനുഭാവമെന്ന നിലക്കാണോ ?<>സൈബറിടത്തില്‍ ഹിന്ദു ഫാസിസ്റ്റുകള്‍ കയ്യടക്കിയിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നത് - എന്‍ എസ് മാധവനാണ് ,വര്‍ഷങ്ങളോളം സിവില്‍ സെര്‍വീസിലുള്ള ഒരാള്‍ക്കു അത്തരം കാര്യങ്ങള്‍ പറയാന്‍ കൂടുതല്‍ വ്യക്തമായ കാരണങ്ങളുണ്ടാകണം<< സിവിൽ സർവീസിൽ ഉണ്ടായിരുന്നു എന്നത് എങ്ങനെ ആധികാരികത ആവും? അങ്ങനെ എങ്കിൽ ഈയിടെ ബാബു പോൾ പറഞ്ഞത് കൂടി വായിക്കു ! ആധികാരികത മനസ്സിലാകും ! http://marunadanmalayali.com/index.php?page=newsDetail&id=19419 മാഷെ...സിവിൽ സർവീസിൽ ഉണ്ടായിരുന്നു എന്ന് കരുതി അവര്ക്കും രാഷ്ട്രീയ വീക്ഷണങ്ങൾ ഇല്ലാതെ വരുമോ ?
  >>മോഡിയുടെ കാര്യക്ഷമത കൊണ്ടാണ് താങ്കള്‍ അയാളെ അനുകൂലിക്കുന്നതെങ്കില്‍ ഒരു ചോദ്യം . അല്ലെങ്കില്‍ രണ്ട് ഓപ്ഷന്‍ തരാം ഏത് തിരഞ്ഞെടുക്കുമെന്നു പറഞ്ഞാല്‍ മതി <<

  താങ്കൾ തന്ന രണ്ടു ഓപ്ഷൻ അവിടെ നിലക്കട്ടെ.. മോഡി അല്ലാതെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മറ്റൊരു നല്ല കാണ്ടിടെട്ടിനെ താങ്കള് പറയു. ഒരു അരവിന്ദ് കേജ്രിവാൾ ഉണ്ട്. പക്ഷെ ഇന്ദ്രപ്രസ്ഥം വരെ എത്താൻ അദ്ദേഹത്തിന് ഇന്നത്തെ നിലയില കഴിയുമോ ? കുമാരാൻ ആൻഡ്‌ കോ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് കഴിഞ്ഞ പത്തു വര്ഷം കൊണ്ട് മനസ്സിലായല്ലോ. പിന്നെ മൂന്നാം മുന്നണി എന്നാ തിരഞ്ഞെടുപ്പ് സമയത്ത് അവതരിക്കുന്ന മലര്പ്പോടിക്കാരന്റെ സ്വപ്നം ! (ഞങ്ങളുടെ നാട്ടില " സമയത്ത് ഗോളി " എന്നൊരു പറച്ചിലുണ്ട്! മൂന്നാം മുന്നണിയും ഏകദേശം അങ്ങനെ ഒക്കെ തന്നെ ) മോഡി വന്നാല അങ്ങ് "ഒലത്തും " എന്നും വിശ്വസിക്കാൻ മാത്രം വിഡ്ഢി അല്ല ഞാനോ എന്നെ പോലെ ചിന്തിക്കുന്ന കുറെ പേരോ. തമ്മിൽ ഭേദം തൊമ്മൻ എന്നൊരു ചിന്താഗതി...അല്ലെങ്കിൽ ചെറിയ ഒരു പ്രതീക്ഷ..അത്ര മാത്രം.  താങ്കള് പറഞ്ഞതിനോട് ഭാഗികമായി യോജിക്കുന്നു.>> ആളുകളെ വൈകാരികതക്കടിമയാക്കാന്‍ കഴിയുന്ന പ്രസംഗമല്ല - നയ തന്ത്രജ്ഞതയാണ് അത്തരം ഘട്ടങ്ങളില്‍ ആവശ്യം<< പക്ഷെ ഇവിടെ എന്താണ് സംഭവിക്കുന്നത്‌. നമ്മുടെ തന്ത്രങ്ങൾ എവിടെയാണ്. പാക്കിസ്ഥാൻ തീവ്രവാദികൾ താജ് ആകമിചപ്പൊൽ, എന്നാ പേരില് അതിർത്തിയിൽ ഉള്ള ടെററിസ്റ്റ് ക്യാമ്പുകൾ ആക്രമിക്കാംയിരുന്നു. അത് ഒരു യുദ്ധം ആകുകയും ഇല്ലായിരുന്നു. ഇറ്റലിക്കാർ പറയുന്നതുപോലെ കേസു നടത്തുന്നതാണോ തന്ത്രം ?ഭടന്മാരുടെ തല വെട്ടിയെടുതപ്പോഴും നമ്മൾ തന്ത്രം കൊണ്ട് ഇരുന്നു. എന്തിനു കഴിഞ്ഞ ആഴ്ച രണ്ടു ദിവസം വെടി വെച്ചപ്പോലും നമ്മുടെ തന്ത്രം ഇങ്ങനെ ഒക്കെ തന്നെ അല്ലെ ? നമ്മുടെ ഭാഗത്ത്‌ ന്യായം ഉള്ളപ്പോഴും നമ്മൾ എന്തിനു ഈ പേടി എന്ന് പെരുമാറ്റി വിളിക്കുന്ന തന്ത്രം പ്രയോഗിക്കണം ? ഒരു മറുപടി..ഒരേ ഒരു മറുപടി ഇവിടുത്തെ സേന ആഗ്രഹിക്കുന്നുണ്.. രാജ്യവും .. മോഡിക്ക് സൊ കോള്ഡ് നയ തന്ത്രജ്ഞത പ്രകടിപ്പിക്കാൻ ഒരു അവസരംകിട്ടിയിട്ടില്ല.മോടിക്കെന്നല്ല ആര്ക്ക് അവസരം കിട്ടിയാലും എന്തായാലും ഇന്നത്തെ നേത്രുത്വം കാട്ടുന്നതുപോലെ ആവില്ല എന്ന് ഉറപ്പു !


  താങ്കള് കൊടുത്തിരിക്കുന്ന ലിങ്കുകള വായിച്ചു. അതിലെ ആധികാരികതയെ പറ്റി പറയാൻ ഞാൻ ആളല്ല.. ഞാൻ ഒരു ലിങ്ക് തരാം. അതിലെ ആധികാരികതയെ പറ്റി അവകാശ വാദങ്ങൾ ഒട്ടും ഇല്ല :)

  http://www.scribd.com/doc/132394824/Gujarat-A-fact-report

  ReplyDelete
 18. വളരെ ഭംഗിയായി നിങ്ങള്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ഇങ്ങനെ പോയാല്‍ സമീപ ഭാവിയില്‍ തന്നെ കാര്യങ്ങള്‍ കൈ വിട്ടു പോകുന്ന അവസ്ഥയാണുള്ളത്. രാജ്യം വര്ഗീയ ഭ്രാന്തന്‍ മാരുടെ കയ്യില്‍ എത്തിപെടും.ഒരു ഭാഗത്ത്‌ അഴിമതിയില്‍ കുളിച്ച കൊണ്ഗ്രസ്സും മറു ഭാഗത്ത്‌ മോഡിയുടെ നേതൃത്തത്തില്‍ ഉള്ള വര്‍ഗീയ ഫാസിസ്റ്റ് കളും. ഇവരുടെ ഇടയില്‍ ഈ മഹത്തായ രാജ്യത്തിന്‍റെ ഭാവി എന്താവും.
  ഞാന്‍ മധ്യതിരുവിതാംകൂറിലെ ഒരു ഹൈന്ദവ ഭൂരിപക്ഷ പ്രദേശത്ത് ജനിച്ചു വളര്‍ന്ന ആളാണ്. കുട്ടികാലത്തോ പഠിക്കുന്ന സമയത്തോ ഒരു തരത്തിലുള്ള ജാതീയ വേര്‍തിരിവും ഇല്ലാത്ത സാഹചര്യം ആയിരുന്നു വീട്ടിലും നാട്ടിലും. ഇപ്പോള്‍ സ്ഥിതി ആകെ മാറിയിരിക്കുന്നു പുതിയ തലമുറകളിലെ വിധ്യാഭ്യസമുള്ള കുട്ടികള്‍ പോലും വര്‍ഗീയ കാഴ്ചപാടോടെ വളര്‍ന്നു വരുന്നു. നല്ല ഊഷ്മളമായ പെരുമാറ്റവും സൌഹാര്ധവും ഉള്ള ചിലരുടെ ഫേസ് ബുക്ക്‌ പേജില്‍ അവര്‍ ലൈക്‌ ചെയ്തിരിക്കുന പേജുകള്‍ കണ്ടാല്‍ ഞെട്ടി പോകും. ഇത്രയും വര്‍ഗീയ വിഷം സിരകളില്‍ നിരച്ചവരാണോ ഇവര്‍ എന്ന് അത്ഭുത പെട്ട് പോകും. സൈബര്‍ വാരിയേഴ്സ് അവരുടെ ജോലി ഭംഗിയായി ചെയ്യുന്നു.
  ഇത്രയും ഭംഗിയായി മൃദു ഹിന്ദുത്വ സമീപങ്ങളില്‍ കൂടി ഒരു വലിയ ജന വിഭാഗത്തെ മസ്ഥിഷക പ്രക്ഷാളനം നടത്തി ചിലരുടെ അജണ്ട നടപ്പിലാക്കുമ്പോള്‍ അതിനു പിന്നില്‍ ചില തല്‍പര രാജുങ്ങളുടെ പങ്കും സംശത്തിന്റെ നിഴലില്‍ വരില്ലേ.

  ReplyDelete
 19. മികച്ച രചന
  അതിലും നല്ല കമന്റുകളും...

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .