Like

...........

Monday, 27 May 2013

മനുഷ്യനു ഒരു ആമുഖം .
“പൂര്‍ണ്ണവളര്‍ച്ചയെത്തും‌   മുമ്പ്  മരിച്ചു പോകുന്ന
ഒരേയൊരു ജീവിയാണ് മനുഷ്യന്‍!”. 


കുറെ കാലത്തെ ഇടവേളക്കു ശേഷമാണ് ഒരു നോവല്‍ വായിക്കുന്നത് , ഫിക്ഷനെഴുത്തിന്റെ   ആവര്‍ത്തന വിരസത കൊണ്ടും സമയമില്ലെന്ന മുട്ടാപ്പോക്കു കൊണ്ടും   വായന നോണ്‍ -ഫിക്ഷനിലേക്കു മാത്രമായി  ചുരുക്കുകയായിരുന്നു .സുഭാഷ് ചന്ദ്രന്റെ “മനുഷ്യനു ഒരു ആമുഖം “ മാതൃഭൂമിയില്‍ ഖണ്ടശയായി ഒന്നു രണ്ട്  അധ്യായങ്ങള്‍  വായിച്ചപ്പോഴെ  മനസ്സില്‍ ആഗ്രഹം തോന്നിയ കൃതിയാണ് .അങ്ങനെയാണ്  “മനുഷ്യനു ഒരു ആമുഖം “ വായിച്ചു തുടങ്ങിയത് . വായനയുടെ അന്ത്യത്തില്‍  തച്ചനക്കരയും അവിടത്തെ ജനങ്ങളും അയ്യമ്പിള്ളി തറവാടുമെല്ലാം ഒരു വായനാനുഭവമെന്നതിലുപരി  അവിസ്മരണീയമായ ,തീക്ഷ്ണത നിറഞ്ഞ ഒരു ജീവിതാനുഭവത്തെ അനുഭവിച്ചറിഞ്ഞ പോലെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് .  ഒരു ദേശത്തിന്റെ ,ആ  ഭൂമികയുടെ അവകാശികളായ അതിലെ മനുഷ്യ ജന്മങ്ങളുടെ നോവും സന്തോഷവും വികാരവുമെല്ലാം എക്കാലത്തും എന്നെ ആകര്‍ഷിച്ചിട്ടുള്ള വായനാനുഭവങ്ങളാണ് .കുട്ടിക്കാലത്തു ടോം സോയറിന്റെയും ഹക്കിള്‍ ബറി ഫിന്നിന്റെയും  മിസ്സിസ്സിപ്പി നദീ തീരവും ,മാല്‍ ഗുഡിയും , കൌമാര കാലത്തു പൊറ്റെക്കാടിന്റെ അതിരാണിപ്പാടവും മാര്‍ക്കേസിന്റെ മാക്കൊണ്ടയും ഓ വി യുടെ ഖസ്സാക്കും ഒരു ഭ്രമമായി മനസ്സില്‍ കുടിയേറിയിട്ടുണ്ട് ,എന്തിന് ഖസ്സാക്കിന്റെ സാങ്കല്‍പ്പിക ലോകത്തോടുള്ള ഭ്രമം മൂത്ത് അതിന്റെ ഭൂമിശാസ്ത്ര മാതൃക തേടിപ്പിടിച്ചു ഒരു നട്ടുച്ച വെയില്‍ 100 കിലോ മീറ്ററിലേറെ തനിയെ  ബൈക്കോടിച്ച്   തസ്രാക്ക് എന്നൊരു പാലക്കാടന്‍ ഉള്‍ ഗ്രാമത്തിലെത്തി വെയിലിന്റെ ആവരണം പുതച്ച ശൂന്യമായ എന്റെ സ്വപ്ന ഭൂമി കണ്ട് നിരാശനാകേണ്ടി വന്നിട്ടുണ്ട്  .പക്ഷെ ഖസാക്ക് സൃഷ്ടിച്ച മതിഭ്രമം മാറാന്‍ അതൊന്നും പര്യാപ്തമായിരുന്നില്ല ,അതിപ്പോഴും വിടാതെ എന്റെ കൂടെത്തന്നെയുണ്ട് ,ചെതലിമലയുടെ താഴ്വാരങ്ങളും കരിമ്പന കൂട്ടങ്ങളും മൈമുന കണങ്കൈ വരെ കൈ തെറുത്തു കയറ്റി നടന്നിരുന്ന ഇടവഴികളും  -എന്നെ സംബന്ധിച്ചു അതെല്ലാം കണ്ടറിയാത്ത ഒരു ഭാവനയാണെങ്കില്‍  തച്ചനക്കര ഒരു യാഥാര്‍ത്ഥ്യമാണ് .


ഖസാക്കും ,മാക്കൊണ്ടയും അതിരാണിപ്പാടവും  അജ്ഞാതമായ ഒരു ദേശത്തെ പറ്റിയുള്ള  കൌതുകമായിരുന്നു   ശേഷിപ്പിച്ചിരുന്നതെങ്കില്‍ തച്ചനക്കര  എനിക്കു ചുറ്റുമുള്ള ഒരു ലോകത്തെയാണ് കാണിച്ചു തന്നത് ,ഞാന്‍ ജീവിച്ചിരുന്ന ഒരു ദേശവും , എനിക്കു ചുറ്റുമുള്ള  ആളുകളും , വളര്‍ച്ചയുടെ ഒരോ ഘട്ടത്തിലും ഞാന്‍ നേരിട്ട ജീവിതങ്ങള്‍ ,ഞാനനുഭവിച്ച വ്യഥകള്‍ ,ഞാന്‍ കണ്ട മനുഷ്യര്‍ - ഞാനൊരു ആത്മകഥയെഴുതിയാലെന്ന വണ്ണമെന്റെ ഉള്ളില്‍ തെളിഞ്ഞു എന്നെ ചുട്ടുപൊള്ളിച്ചു കൊണ്ടിരുന്നു . പ്രണയിനിയായ ആന്‍ മേരിയും  അവളോട് പങ്ക് വെക്കപ്പെട്ട അപകര്‍ഷതകള്‍ പോലും  വേദനയും സന്തോഷവും  നിറച്ചു കൊണ്ട് അസാധാരണാം വിധം സാദൃശ്യമുള്ളതായിരുന്നു  . ജിതേന്ദ്രന്‍ ആന്‍ മേരിക്കയച്ച കത്തുകളിലൊന്ന്  വെറുതെ ജീവിച്ചു പോകുന്ന  ജീവിതത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ചാണ് .മനുഷ്യനു ഒരു ആമുഖത്തിന്റെ അന്തസത്തയും ഈ വരികളാണ് .


"ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ
മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട്
ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത
വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍ 
വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി
മരിച്ചുപോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്നു
പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ,
മനുഷ്യനായി പിറന്നതില്‍ എനിക്ക്
അഭിമാനിക്കാന്‍ ഒന്നുമില്ല.”


 എന്റെ വൈയക്തികാനുഭവങ്ങള്‍ക്കുമപ്പുറം “മനുഷ്യനു ഒരു ആമുഖം “ മലയാളത്തിലെ എണ്ണം പറഞ്ഞ ഒരു നോവലായി അംഗീകരിക്കപ്പെടുന്നത് അതിന്റെ ശില്പചാതുരിയും ഭാഷാമികവും കൊണ്ടാണ് .പല തരത്തിലും വര്‍ണ്ണങ്ങളിലുള്ള നൂലുകള്‍ കൊണ്ട് ശ്രദ്ധാപൂര്‍വ്വം തുന്നിയെടുത്ത ഒരു  ഒരു ചിത്രകമ്പളമാണ് “ മനുഷ്യനു ഒരു ആമുഖം”.
അയ്യാട്ടുമ്പിള്ളിയെന്ന നായര്‍തറവാട്ടിലെ ഇള മുറക്കാരനാ‍യ ജിതേന്ദ്രന്റെ സ്വഗതാഖ്യാനമെന്ന മട്ടിലാണ് കഥ പറഞ്ഞു പോകുന്നത് . ജിതേന്ദ്രന്റെ  ജനനത്തിനു മുമ്പുള്ള തലമുറയും അതിന്റെ ശാഖോപശാഖകളും തച്ചനക്കരയിലെ ജനങ്ങളുമെല്ലാം ഓര്‍മ്മയുടെ  അടുക്കും ചിട്ടയോടും കൂടി ജിതേന്ദ്രന്റെ ബാല്യ കൌമാര യൌവനത്തിലൂടെ സഞ്ചരിച്ചു വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയില്‍ അവസാനിക്കുന്ന ഒരു ചരിത്രം   ക്രാഫ്റ്റിന്റെയും കാല്പനികതയുടെയും അതിവിദഗ്ദമായ ഒരു സങ്കലനമാണത് .


ഒരു എഴുത്തുകാരനെ വായനക്കാരന്‍ അംഗീകരിക്കുന്നത് അയാളുടെ എഴുത്തില്‍ ഒരു തനത് ശൈലി കണ്ടെത്തുമ്പോഴാണ് , സുഭാഷ് ചന്ദ്രന്റെ തന്റെ ആദ്യ നോവലില്‍ തന്നെ തനതായ ഒരു ആഖ്യാനശൈലി രൂപപ്പെടുത്തിയതായി കാണാം .വായനയുടെ ചിരപരിചിതത്വം കൊണ്ട്  ഇടയ്ക്കെപ്പോഴോ ജീര്‍ണ്ണിച്ച യാഥാസ്ഥിതിക നായര്‍ തറവാടിന്റെ ചിത്രീകരണത്തില്‍ എം ടി കടന്നു വരുന്നതായി തോന്നിയപ്പോഴേക്കും അതു തന്റേതായ ഒരു തലത്തിലേക്കു മാറ്റിയെഴുതാന്‍ സുഭാഷ് ചന്ദ്രനു കഴിഞ്ഞു , നായര്‍ മഹിമയും സവര്‍ണ്ണ ആഡ്യത്തവും പോലെയുള്ള വ്യാജ അഭിമാന ബോധത്തെ തകര്‍ത്തുകളയുന്ന ഒരു ഉല്പതിഷ്ണുത്വം  മനപ്പൂര്‍വ്വമായി തന്നെ എഴുത്തിലങ്ങഓളമിങ്ങോളം കഥാപാത്രങ്ങളായി വരുന്നുണ്ട് . 

മനുഷ്യനു ഒരു ആമുഖത്തിനു മുമ്പ് തന്നെ സുഭാഷ്  ചന്ദ്രന്റെ “തല്പവും “ മറ്റ്  ചെറുകഥകളും വായിച്ചിട്ടുണ്ട് , ഭാഷയുടെ തനിമയും ശൈലിയുടെ വ്യത്യസ്ഥതയും കൊണ്ട് ആകര്‍ഷണം തോന്നിയിട്ടുള്ള എഴുത്തായിരുന്നു അതെല്ലാം .എഴുതിത്തെളിഞ്ഞവര്‍ ആദ്യ നോവലിനായി തിരഞ്ഞെടുക്കുന്നതെപ്പോഴുമൊരു ദേശത്തിന്റെ കഥയാകുന്നത് അല്പംയാദൃശ്ചികത നിറഞ്ഞ ഒരു കൌതുകമാണ് . ഓ വി വിജയന്റെ ആദ്യ നോവല്‍ - ഖസ്സാക്കിന്റെ ഇതിഹാസമാകുന്നതും എന്‍ എസ് മാധവന്‍ എഴുതാനായി  ലന്തന്‍ ബത്തേരിയുടെ  ചരിത്രം തിരഞ്ഞെടുത്തതും അതു പോലെ സുഭാഷ് ചന്ദ്രന്‍ തച്ചനക്കരയുടെ വംശാവലിയുടെ കഥ പറയുന്നു .  പക്ഷെ സുഭാഷ് ചന്ദ്രന്‍  തന്റെ എഴുത്തില്‍ വലിയൊരു വെല്ലുവിളി നേരിടാന്‍ പോവുകയാണ് ,ആദ്യ നോവല്‍ ക്ലാസ്സിക്കായിത്തീരുന്ന എഴുത്തുകാര്‍ വലിയൊരു ഉത്തരവാദിത്തമാണ് തലയിലേറ്റുന്നത് , ഖസ്സാക്കിന്റെ കരിസ്മ കൊണ്ട് ഖസ്സാക്കിനെക്കാള്‍ മികച്ചതെന്നു നിരൂപകര്‍ അംഗീകരിച്ച കൃതികള്‍  എഴുതിയിട്ടും ഖസ്സാക്കിന്റെ നിഴലില്‍ അവയൊന്നും അത്ര മേല്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ദുര്‍ വിധി ഓ വി വിജയനുണ്ടായിരുന്നു , അതാവര്‍ത്തിക്കാതിരിക്കട്ടെ എന്നാഗ്രഹമുണ്ട് .

പ്രിയപ്പെട്ട കഥാകാരാ ഈ കൃതി വായിച്ചിട്ടു ആസ്വാദകരില്‍ ചിലര്‍ സ്നേഹം കൊണ്ട് ജിതേന്ദ്രന്റെ പെണ്‍ മക്കള്‍ക്കായി പാലയ്ക്കാ മാലയും കമ്മലുമെല്ലാം പാരിതോഷികമായി അയച്ചുവെന്നു കേട്ടു ,എന്റെ കയ്യില്‍ തരാന്‍  വില പിടിപ്പുള്ള ദ്രവ്യങ്ങളും സമ്മാനങ്ങളുമില്ല ,ആത്മാര്‍ത്ഥമായ നന്ദിയുണ്ട് ,സ്നേഹമുണ്ട് ഇങ്ങനെയൊരു കൃതി തന്നതിനു  :)

14 comments:

 1. . ജിതേന്ദ്രന്‍ ആന്‍ മേരിക്കയച്ച കത്തുകളിലൊന്ന് വെറുതെ ജീവിച്ചു പോകുന്ന ജീവിതത്തിന്റെ വ്യര്‍ത്ഥതയെ കുറിച്ചാണ് .മനുഷ്യനു ഒരു ആമുഖത്തിന്റെ അന്തസത്തയും ഈ വരികളാണ് .


  "ധീരനും സ്വതന്ത്രനും സര്‍വോപരി സര്‍ഗാത്മകനുമായ
  മനുഷ്യശിശു അറുപതോ എഴുപതോ വര്‍ഷംകൊണ്ട്
  ഭീരുവും പരതന്ത്രനുമായിത്തീര്‍ന്ന് സ്വന്തം സൃഷ്ടിപരത
  വംശവൃദ്ധിക്കുവേണ്ടിമാത്രം ചെലവിട്ട് ഒടുവില്‍
  വൃദ്ധവേഷം കെട്ടിയ വലിയൊരു കുട്ടിയായി
  മരിച്ചുപോകുന്നതിനെയാണ് മനുഷ്യ ജീവിതം എന്നു
  പറയുന്നതെങ്കില്‍, പ്രിയപ്പെട്ടവളേ,
  മനുഷ്യനായി പിറന്നതില്‍ എനിക്ക്
  അഭിമാനിക്കാന്‍ ഒന്നുമില്ല.”

  ReplyDelete
 2. എനിക്കും ഇഷ്ടപ്പെട്ട നോവല്‍.

  ReplyDelete
 3. എപ്പോഴും എഴുത്തിലൂടെ ജീവിതം വരച്ചിടുന്ന കഥാകാരന്‍.

  ReplyDelete
 4. വായിയ്ക്കണം

  ReplyDelete
 5. പേര് കൊണ്ട് കടുത്ത ഫിലോസഫിക്കല്‍ ആകും എന്ന് കരുതി തല്‍കാലം മാറ്റി വച്ചിരിക്കുകയായിരുന്നു.

  ReplyDelete
 6. @ജോസലൈറ്റ് -അല്പം ഫിലോസഫിക്കലാണ് ,എന്നാലോ ബോറടിപ്പിക്കുന്ന ഫിലോസഫിയുമല്ല . മാറ്റി വെച്ചു സമയം നഷ്ടപ്പെടുത്തണ്ടാ ,തുടങ്ങിക്കൊളൂ

  ReplyDelete
 7. ഈ നോവല്‍ വായിച്ചശേഷം ഞാന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി :

  മനുഷ്യാ! മനുഷ്യാ! നീ “മനുഷ്യനൊരു ആമുഖം” എന്ന നോവല്‍ വായിച്ചിട്ടില്ലെങ്കില്‍ ഓടിപ്പോയി വായിക്കൂ! ഒരു നിമിഷം പോലും കളയാതെ വായിക്കൂ! വീണ്ടും വീണ്ടും വായിക്കൂ! ഇത് നിന്റെ പുസ്തകമാണ്! നീ കാത്തുകാത്തിരുന്ന, നിന്നെക്കുറിച്ചുള്ള പുസ്തകം! സുഭാഷ് ചന്ദ്രന്‍ എഴുതിയില്ലായിരുന്നെങ്കില്‍ ഞാനോ നീയോ ആരെങ്കിലും ഒരാള്‍, അല്ലെങ്കില്‍ എല്ലാവരുംതന്നെ എഴുതുമായിരുന്ന പുസ്തകം! ഇതില്‍ എനിക്ക് എന്നെയും നിനക്ക് നിന്നെയും കാണാം.

  “മനുഷ്യന് ഒരു ആമുഖം” വായിക്കുമ്പോള്‍, പ്രത്യേകിച്ച് അവസാന ഭാഗമെത്തുമ്പോഴേയ്ക്ക് എന്റെ ഹൃദയം തുടിക്കുകയായിരുന്നു. അവസാനത്തേതിന് തൊട്ടുമുന്‍പുള്ള, തീരെച്ചെറിയ അധ്യായമായ “സൃഷ്ടിഗീത” വായിക്കുമ്പോള്‍ പലവട്ടം ഞാന്‍ വായന ഇടയില്‍ നിര്‍ത്തി. ഇടയ്ക്കിടെ കണ്ണ് നിറഞ്ഞ് അക്ഷരങ്ങള്‍ മറഞ്ഞുപോകുന്നതിനാലും വൈകാരികവിക്ഷോഭത്താല്‍ ചങ്ക് വിങ്ങുന്നതിനാലുമായിരുന്നു. അതെ, ശരിക്കും ഞാന്‍ കരയുകയായിരുന്നു! ആ അധ്യായം മുഴുവന്‍ ഒരു മനുഷ്യനെന്ന നിലയിലുള്ള എന്റെ വ്യഥകള്‍ ആയിരുന്നു! ഒരു വരിയും വാക്കും തെറ്റാതെ മുഴുവനും എന്റെ വ്യഥകള്‍!. ആ അധ്യായമെന്നല്ല, ആ നോവലിലെ പല വരികളും ഞാന്‍ മനസ്സില്‍ നൂറുവട്ടം എഴുതിയ വരികള്‍, ചിന്തകള്‍, വ്യഥകള്‍!. നോവല്‍ വായിച്ചുതീര്‍ത്ത ശേഷം ഞാന്‍ സുഭാഷ് ചന്ദ്രനെഴുതി, “ഇത് നിങ്ങള്‍ എഴുതിയില്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനായിരിക്കും എഴുതിയിരിക്കുക” എന്ന്!

  ഞാന്‍ പറയുന്നത് വിശ്വസിക്കുക, ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളസാഹിത്യത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും മികച്ച നോവല്‍ “മനുഷ്യന് ഒരു ആമുഖം” ആണ്!

  ReplyDelete
 8. തുടങ്ങി തീര്‍ക്കാന്‍ പറ്റീട്ടില്ല... ഇല്ലത്തൂന്നു പുറപ്പെട്ടു .. അമ്മത്തോത്ത് എത്തീതുമില്ല ! :(

  ReplyDelete
 9. ithu ithu vare vayikkan bhagyam kittiyittilla .....ithu swanthamaakanam....nalla vivaranam...aashamsakal nerunnu

  ReplyDelete
 10. വായിക്കന്‍ പ്രേരിപ്പിക്കുന്നു.

  ReplyDelete
 11. വെറപ്പിക്കല്‍ ഭയങ്കര വെറുപ്പിക്കലാണ്

  ReplyDelete 12. Thank you for update information. i like your blog
  شركة تنظيف شقق بالمدينة المنورة شركة تنظيف شقق بالمدينة المنورة
  شركة تنظيف سجاد بالرياض شركة تنظيف سجاد بالرياض
  شركة تنظيف موكيت بالرياض شركة تنظيف موكيت بالرياض
  https://www.bfirstseo.com/ https://www.bfirstseo.com/
  شركة الاول للتنظيف و مكافحة الحشرات

  https://www.bfirstseo.com/شركة-تنظيف-بالمدينة-المنورة/
  https://www.bfirstseo.com/نقل-اثاث-بالمدينة-المنورة/

  https://www.bfirstseo.com/تسليك-مجارى-بالرياض/

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .