Like

...........

Wednesday, 7 March 2012

രതിനിര്‍വ്വേദം



“ബ്ലാവ് മരത്തിന്‍റെ ചോട്ടില്‍ രണ്ടു പാമ്പുകള്‍ ഇണചേര്‍ന്നു കിടന്നു,ഭീകരവും അതേസമയം കാമോദ്ദ്ദീപകവുമായ ദൃശ്യം ഒന്നു മറ്റൊന്നിന്‍റെ ദേഹത്തു ചുറ്റിപ്പിണഞ്നു രണ്ടും കൂടി ഒരു കയര്‍ പോലെ പിരിഞ്ഞു ഒപ്പം വാലിന്മേല്‍ കുത്തിയുയര്‍ന്നു , നിലത്തു കുത്തനെ നില്‍ക്കുന്ന ഒരു വടി !!! “


നടപ്പു സദാചാരത്തിന്റെ വിരുദ്ധ ചേരിയിലൊരു പ്രണയ കഥയായ പദ്മരാജന്റെ രതിനിര്‍വ്വേദം എന്ന നോവലൈറ്റിന്റെ ആരംഭം ഇങ്ങനെയാണ് .പപ്പു എന്ന പയ്യന്റെ കൌമാര കുതൂഹലതകളെ വിവരിച്ചു കൊണ്ടു , അപക്വമായ ആ പ്രായത്തില്‍ തോന്നാവുന്ന രതി കാമനകളെയും കൌതുകങ്ങളെയും വരച്ചു കാട്ടുന്ന ഒരു മനോഹര കൃതി .പദ്മരാജന്‍ ഏറ്റവുമധികം വിമര്‍ശനം ഏറ്റു വാങ്ങിയ ചലച്ചിത്ര സംരംഭമാണ് “രതിനിര്‍വ്വേദം “ .ലൈംഗിക അരാജകത്വം കേരള സമൂഹത്തിലേക്കു പടര്‍ത്തിയ സിനിമ , ഇക്കിളി പടത്തിനൊരു കാവ്യ രൂപം എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങളുടെ കാതല്‍ .പദ്മരാജനു അനുവാചകരുടെ ഇടയില്‍ ഒരു അരാജക വാദിയുടെ ഇമേജ് സൃഷ്ടിക്കാന്‍ കാരണമായ ഒരു സിനിമ കൂടിയായിരുന്നു രതി നിര്‍വ്വേദം , പിന്നീട് ആ അരാജകത്വരൂപം മരണശേഷം ഗന്ധര്‍വ്വ വേഷത്തിലേക്കു പരിണമിപ്പിക്കുകയായിരുന്നു . പക്ഷെ ലൈംഗിക അരാജകത്വവും സദാചാര വിരുദ്ധതയും ആരോപിക്കപ്പെടുന്ന പദ്മരാജന്‍ സിനിമകള്‍ യഥാര്‍ത്ഥത്തില്‍ പരമ്പരാഗത സദാചാരത്തിന്റെ ഏറ്റവും വലിയ പിന്തുടര്‍ച്ചകള്‍ ആയിരുന്നു .കുടുംബബന്ധത്തിനും അതിന്റെ കെട്ടുറപ്പും തന്നെയാണ് പദ്മരാജന്‍ സിനിമകളില്‍ ഭൂരിഭാഗത്തിന്റെയും കഥാതന്തു അവിഹിത ബന്ധങ്ങളും ലൈംഗിക അരാജകത്വവും ദുരന്തങ്ങളിലാണവസാനിക്കുക .

സുചരിതയും പതീഭക്തയും ആ‍യ ഭാര്യ ഉണ്ടായിരിക്കെ കണ്ണില്‍ കണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന എല്ലാ ആണുങ്ങള്‍ക്കുമുള്ള മുന്നറിയിപ്പ് അവസാന “ശുഭം “ സീനില്‍ ഒരു നോട്ടീസ് പോലെ എഴുതി വെച്ചിട്ടാണ് പദ്മരാജന്റെ പില്‍ക്കാല ചിത്രവും ആദ്യ സംവിധാന സംരഭവുമായ കള്ളന്‍ പവിത്രന്‍ അവസാനിപ്പിക്കുന്നത് .കള്ളന്‍ പവിത്രന്‍ ഗ്രാമീണ ലാളിത്യത്തില്‍ ചാലിച്ചെടുത്ത ഒരു സദുദ്ദേശ ഗുണ പാഠ കഥ തന്നെയായിരുന്നു . അതു പോലെ തന്നെ അവിഹിത ബന്ധത്തിനു തുനിയുന്നവര്‍ക്കും ലൈംഗിക ചപലതകള്‍ക്കടിമപ്പെടുന്നവര്‍ക്കും ഒരു ഗുണ പാഠ കഥ എഴുതാതെ എഴുതി വെച്ചു കൊണ്ട് രദുചേച്ചിയുടെ ശവ മഞ്ചവുമായി വരുന്ന കാഴ്ചയിലാണ് രതിനിര്‍വ്വേദം അവസാനിക്കുന്നത്

പദ്മരാജന്റെ എല്ലാ കഥകളും കാലാതിവര്‍ത്തിയായ ഒരു പ്രമേയ പരിസരം ഒരുക്കുന്ന ഒന്നാണ് . സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചോ ലെസ്ബിയന്‍ കൂട്ടുകെട്ടിനെ കുറിച്ചോ ഒന്നും ആരും പരസ്യമായി പറയാന്‍ മടിക്കുന്ന കാലത്താണ് പദ്മരാജന്‍ ദേശാടന കിളികള്‍ കരയാറില്ല എന്ന ചലച്ചിത്രമൊരുക്കുന്നത് . ബ്ലെസ്സി തന്മാത്രയാക്കിയതു , വര്‍ഷങ്ങള്‍ക്കു മുമ്പു പദ്മരാജന്‍ എഴുതിയ ഓര്‍മ്മ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് . പദ്മരാജന്റെ തൂലികയും ചലച്ചിത്ര കാഴ്ചകളും നടപ്പു കാലത്തില്‍ നിന്നു മുന്നോട്ടൂ നീങ്ങി നിന്നു ആ കാലത്തിലേക്കു നമ്മളെ ക്ഷണിച്ചിരുന്നവയാണ് .

എഴുപതുകളില്‍ രതിനിര്‍വേദം “ ഒരുക്കുമ്പോള്‍ അതു ആ കാലത്തിന്റെ കഥയായിരുന്നു .വിമര്‍ശനങ്ങളും അനുമോദനങ്ങളും പല രീതികളില്‍ ഏറ്റു വാങ്ങിയ ആ ചലചിത്രം അഭ്രപാളികളില്‍ സൃഷ്ടിക്കപ്പെട്ട ഒരു വിപ്ലവം തന്നെയായിരുന്നു . കൌമാരത്തിന്റെ നിഷ്കളങ്കതയില്‍ നിന്നു യൌവനത്തിലേക്കു വളരുന്ന ഒരാണ്‍കുട്ടിയുടെയും അയലത്തെ സുന്ദരിയായ ചേച്ചിയുടെയും നിഷിദ്ധ പ്രണയത്തിന്റെ മനോഹരമായ ഒരു കഥ . കൌമാരക്കാരനായ പപ്പുവിനു അയലത്തെ സുന്ദരിയായ , അവിവാഹിതയായ രതി ചേച്ചിയോടു തോന്നുന്ന ലൈംഗിക വികാരത്തെ ആത്മാര്‍ത്ഥമായ പ്രണയമെന്നൊന്നും പറഞ്ഞുകൂടാ , ചേച്ചിയെ തൊട്ടൂം തലോടിയും കാമം കലര്‍ന്ന നോട്ടം കൊണ്ടുഴിഞ്ഞും ഒക്കെയാണ് പപ്പു ആ വികാരം പ്രകടിപ്പിക്കുന്നത് . പപ്പുവിനെ വാത്സല്യത്തോടെ മാത്രം കണ്ടു കൊണ്ടിരുന്ന രതിചേച്ചിക്കു അവന്റെ പരിഭവങ്ങള്‍ക്കു നിവൃത്തി കൊടുക്കാന്‍ വേണ്ടി മാത്രം തിരിച്ചുമൊരു പ്രണയ ഭാവം സ്വീകരിക്കേണ്ടി വരുന്നു .അവര്‍ക്കു അവനോടു പ്രണയം എന്നൊരു വികാരമില്ലാത്തതു കൊണ്ടു തന്നെയാണ് വിവാഹ ജീവിതത്തിലേക്കുള്ള ആഗ്രഹം നില നിര്‍ത്തുന്നതും ഭാവി ജീവിതം സ്വപ്നം കാണുന്നതും .അരുതാത്ത ബന്ധമാണെന്ന നിഷേധവും താക്കീതുമൊന്നും പപ്പുവില്‍ രതി ചേച്ചിയോടുള്ള ആഗ്രഹത്തിനു കുറവു വരുത്തുന്നില്ല .രതിചേച്ചി മറ്റൊരാളെ വിവാഹം കഴിക്കുന്നതു പോലും അസഹനീയമായ മനോഭാവം കൊണ്ടു പപ്പുവെന്ന കൌമാരക്കാരന്‍ എതിര്‍ക്കുന്നു .അവസാനം എഞ്ചിനീയറിങ്ങ് പഠനത്തിനായി പുറപ്പെടുന്നതിനു മുമ്പു അവന്റെ പരിഭവം മാറ്റാന്‍ രതിചേച്ചി അവന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി കിടന്നു കൊടുക്കുന്നു . ആ തെറ്റിനു രതിചേച്ചി സ്വയം ശിക്ഷയായി സര്‍പ്പ ദംശനത്താല്‍ മരിക്കുന്നു .


പപ്പുവിന്റെ ആഗ്രഹപൂര്‍ത്തീകരണം കൊണ്ടു പപ്പുവിനു ലഭിക്കുന്ന സന്തോഷം മാത്രമാണ് പ്രണയത്തെക്കാളുപരി രതിചേച്ചിയെ പപ്പുവിനു വിധേയനാകാന്‍ പ്രേരിപ്പിക്കുന്നത് . അത്തരം ലൈംഗിക ബന്ധം തെറ്റാണെന്ന ബോധ്യമുണ്ടായിട്ടും പപ്പുവിന്റെ സന്തോഷത്തിനു വഴങ്ങുക മാത്രമാണ് രതിചേച്ചി ചെയ്യുന്നത് .ഫ്രോയിഡിന്റെ മനോവിശ്ലേഷണ സിദ്ധാന്തംനുസരിച്ചു പാമ്പ് ലൈംഗിക ബന്ധത്തിന്റെ പ്രതീകവും സര്‍പ്പ ദംശനം അതിന്റെ പാപ ബോധത്തില്‍ നിന്നുള്ള മോചനവുമായി പരിഗണിക്കപ്പെടുന്നുണ്ട് . കഥകളിലും ചലചിത്രങ്ങളിലും സര്‍പ്പ ദംശനമെന്നതു അപഥ സഞ്ചാരത്തിനുള്ള ശിക്ഷയായി തന്നെയാണ് കാണിക്കുന്നത് .ഖസ്സാക്കിന്റെ ഇതിഹാസത്തില്‍ ചെറിയമ്മയെ പ്രാപിച്ചതിന്റെ കുറ്റബോധത്താല്‍ അലഞ്ഞു തിരിയുന്ന രവി ബസ് സ്റ്റോപ്പില്‍ പാമ്പു കടിയേറ്റു കിടക്കുന്നത് ഈ പാപചിന്തയുടെ ബിംബ വല്‍ക്കരണമാണ് .


ഇന്‍ഡ്യന്‍ സിനിമക്കു , പ്രത്യേകിച്ചു മലയാള സിനിമക്കു ചില നടപ്പു രീതികള്‍ ഉണ്ട് ,കഥ എന്തൊക്കെ തന്നെ ആയാലും കഥാന്ത്യത്തില്‍ ഒരു സന്ദേശം അത്യാവശ്യമാണ് അത് ഏകദേശം ഇങ്ങനെയായിരിക്കും നന്മക്കാണ് അവസാന വിജയം , വെച്ചു പുലര്‍ത്തുന്ന ചില യഥാസ്ഥിതിക - പരമ്പരാഗത സങ്കല്പങ്ങള്‍ ശരിയെന്നു സ്ഥാപിച്ചെടുക്കണം , ക്ലൈമാക്സില്‍ അല്പം തന്റേടമുള്ള പെണ്ണിന്റെ കരണത്തു പുരുഷന്‍ കൈ വെക്കുന്നതോടെ അവള്‍ നേരെയായി മാപ്പ് ചോദിക്കണം , തെറ്റിദ്ധരിക്കപ്പെടുന്ന നായകന്റെ നന്മ അവസാന സമയത്തു എല്ലാവരും തിരിച്ചറിയണം , പതിവു സദാചാര സങ്കല്പങ്ങളില്‍ നിന്നു വിഭിന്നമായി സംഭവിക്കുന്ന എന്തും ദുരന്തമാക്കിക്കൊണ്ട് ഗുണപാഠം നല്‍കണം - ഇത്തരത്തിലുള്ള കഥാന്ത്യം ഉപയോഗിച്ചൂ എണ്ണിയാലൊടുങ്ങിയ ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടൂ കഴിഞ്ഞിരിക്കുന്നു - അതു മലയാള ചലച്ചിത്രത്തിന്റെ ആദിയും അന്ത്യവും തന്നെയാണ് അതു പിന്‍ പറ്റിയല്ലാതെ ചലച്ചിത്രം അസാധ്യമാണ് .ഇതു സിനിമാക്കാരുടെ കുഴപ്പമല്ല കാണികളുടെ സങ്കല്പങ്ങളുടേതാണ് . പദ്മരാജനും തന്റെ സര്‍ഗ്ഗാത്മകതയെ ചലച്ചിത്രവല്‍ക്കരിക്കുമ്പോള്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്കു വിധേയനായിട്ടുണ്ട് . രതിനിര്‍വ്വേദം സാഹിത്യ കൃതിയില്‍ നിന്നു സിനിമയായപ്പോഴും അതു സംഭവിച്ചതാണ് .


ഒരു സാഹിത്യ കൃതി ചലച്ചിത്ര രൂപത്തിലേക്കു വഴി മാറുമ്പോള്‍ സംഭവിച്ചേക്കാവുന്ന മാറ്റങ്ങള്‍ക്കുപരിയായി കഥാ പരിസരത്തില്‍ വ്യക്തമായ മാറ്റങ്ങള്‍ രതിനിര്‍വ്വേദത്തിലുണ്ട് . പപ്പുവിനെ ഭ്രമിപ്പിക്കുന്ന രദു ചേച്ചി നോവലില്‍ വിവാഹിതയാണ് , ആരോഗ്യവാനായ ഒരു ഭര്‍ത്താവ് ഉള്ള സ്ത്രീ ആണ് അങ്ങനെയൊരു ബന്ധം കേരള സമൂഹത്തില്‍ ഇല്ലാത്ത അപൂര്‍വ്വ സംഗതി ഒന്നുമല്ലാതിരുന്നിട്ടും സിനിമയില്‍ രതിചേച്ചി അവിവാഹിതയായി തന്നെ നില്‍ക്കുകയാണ് കാരണം വിവാഹിതയായ ഒരു സ്ത്രീ അടുത്ത വീട്ടിലെ പയ്യനുമായി രമിക്കുന്നതിനെ മലയാള സിനിമ എങ്ങനെ സ്വീകരിക്കും ? സിനിമയില്‍ രദുചേച്ചി ചെയ്ത തെറ്റിനു മരണം ഉറപ്പാണ് , നോവലില്‍ രതിച്ചേച്ചി മരിക്കുന്നതായി കാണിക്കുന്നില്ല ,

രതീ രതീ,...എന്‍റെ മനസ്സു വിങ്ങി. മരിക്കല്ലെ മരിക്കല്ലേ . വര്‍ഷങ്ങള്‍ക്കു ശേഷം ഒരിയ്ക്കല്‍ ഈ വീട്ടില്‍ വരുമ്പൊള്‍ അച്ഛനുമമ്മയുമുറങ്ങുന്ന ജീവനില്ലാത്ത പുരയിടത്തില്‍ നിന്ന് ദു:ഖവാഹിയായ കാറ്റു പറന്നു വരുമ്പോള്‍ അതില്‍ രതി ച്ചേച്ചിയുടെ ശരീരത്തിന്‍റെ ഗന്ധം മാത്രം കലരാതിരിക്കണേ . തലയ്ക്കുമുകളിലൂടെ ഒരു ഒറ്റയ്ക്കിളി പറന്നു പോയി ,ഒരു സൂചി പോവുന്ന വേഗതയില്‍ നിര്‍ത്താതെ ചിലയ്ച്ചുകൊണ്ട് ഞാന്‍ അതു തന്നെ നോക്കി നിന്നു .വിദൂരതയില്‍ മഴയൊഴിഞ്ഞ , മേഘമകന്ന ചുവപ്പിന്റെ ആകാശത്തില്‍ ലയിക്കുന്നതു വരെ ഞാനവിടെത്തന്നെ നിന്നു “

നോവലൈറ്റില്‍ രതിചേച്ചിയുടെ മരണവും ജീവിതവും നമ്മുടെ സങ്കല്‍പ്പത്തിനു വിട്ടു കൊടുത്തു കൊണ്ടു കഥ അവസാനിപ്പിക്കുന്നു പക്ഷെ സിനിമയില്‍ പപ്പു പഠനത്തിനായി പട്ടണത്തിലേക്കു പോകുന്ന യാത്രയില്‍ എതിരേല്‍ക്കുന്നത് രതിചേച്ചിയുടെ ശവമഞ്ചം വഹിച്ചുള്ള യാത്രയാണ് .രതിനിര്‍വ്വേദം നോവലില്‍ നിന്നു വ്യത്യസ്ഥമായി മേല്‍പ്പറഞ്ഞ രണ്ടു വ്യത്യാസങ്ങളും നമ്മുടെ സിനിമ സങ്കല്‍പ്പങ്ങളെ സംതൃപ്തിപ്പെടുത്താനുള്ള വിട്ടുവീഴ്ചയാവാനെ തരമുള്ളൂ .കൌമാര ചേതനയുടെ സ്വതന്ത്ര യാത്രകള്‍ പപ്പുവിനു അനുവദനീയമാണ് .രതിനിര്‍വ്വേദം ആരംഭിക്കുന്നത് ഇണ ചേരുന്ന പാമ്പുകളെ നോക്കി രസിക്കുന്ന പപ്പുവില്‍ നിന്നാണെങ്കില്‍ അതവസാനിക്കുന്നത് വിഷം തീണ്ടിയ പാമ്പിനെ ഭയത്തോടെ നോക്കുന്ന പപ്പുവിലാണ് , രതി നിര്‍വ്വേദത്തിലവസാനിക്കുന്നതു തന്നെയാണ് കഥാ തന്തു , അതു തന്നെയാണതിന്റെ സന്ദേശവും


അനുബന്ധം .


കമലഹാസന്‍ , മോഹന്‍ ലാല്‍ ,മമ്മൂട്ടി , അരവിന്ദ് സ്വാമി എന്നിങ്ങനെ യൂണിവേഴ്സലും മെഗായും ഒക്കെയായ താരങ്ങളെ വെച്ചു സിനിമ സംവിധാനിക്കാന്‍ അവസരം കിട്ടിയിട്ടൂം ഒരു നല്ല സംവിധായകനെന്ന പേര് കേള്‍പ്പിക്കാന്‍ കഴിയാതെ പോയ ടി കെ രാജീവ് കുമാറിനെ പത്തു പേരറിഞ്ഞത് മഞ്ചു വാര്യരുടെ “കണ്ണെഴുതി പൊട്ടും തൊട്ടിലൂടെ ആണ് , ഇപ്പോള്‍ ഒരു പടം നന്നായൊന്ന് വിജയിച്ചു കിട്ടിയത് “രതി നിര്‍വേദം റീമേക്കിലൂടെയും .പഴയ രതിനിര്‍വ്വേദത്തിന്റെ കാര്യത്തില്‍ നവീനമായൊരു വിഷയത്തെ കാവ്യാത്മകമായ ഒരനുഭവമാക്കി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ കഴിഞ്ഞതാണ് അതിന്റെ വിജയമെങ്കില്‍ പുതിയ രതി നിര്‍വേദം മറന്നു പോയ ഉദ്ധാരണ ശേഷി സ്വയം ഭോഗത്തിലൂടെ പരീക്ഷിക്കാന്‍ മധ്യ വയസ്കര്‍ക്കൊരു സാധ്യത മാത്രമാണ് . ഷക്കീലാ പടങ്ങള്‍ ഒരു കാലത്തു ചെയ്തതും ഈയൊരു സാധ്യതയുടെ മാര്‍ക്കറ്റിങ്ങ് തന്നെയായിരുന്നല്ലോ .ശ്വേതാ മേനോന്‍ സുന്ദരിയൊക്കെ തന്നെ പക്ഷെ അവരുടെ മസ്കുലില്‍ മാംസളത ഒരിക്കലും അയലത്തെ വീട്ടിലെ രതിച്ചേച്ചിയെ ഉള്‍ക്കൊള്ളുന്നതായിരുന്നില്ല എന്നു തന്നെയല്ല പഴയ രതിനിര്‍വ്വേദത്തിലെ ജയഭാരതിയുടെ സ്ത്രൈണമായ സൌന്ദര്യത്തില്‍ ഏഴയലത്തേക്കില്ല .പഴയ കൃഷ്ണ ചന്ദ്രന്റെ കൌമാര സഹജമായ നിഷ്കളങ്കതയോ യൌവനത്തിന്റെ കൌതുകങ്ങളോ പുതിയ പപ്പുവിലും കണ്ടില്ല . ഭരതന്റെ നെല്ലിയാമ്പതിയിലെ ലൊക്കേഷന്‍ പദ്മരാജന്റെ ഇഷ്ട സ്ഥലമായ , കഥാ പശ്ചാത്തലമായ ആലപ്പുഴയിലേക്കു പറിച്ചു നട്ട ഒരു പുതുമ മാത്രം ചിത്രത്തിനവകാശപ്പെടാം .

Friday, 17 February 2012

ജാവേദ് അക്തറിന്റെ പ്രഭാഷണം .


[എനിക്കേറെ ഇഷ്ടമുള്ള ഒരു ഗാന രചയിതാവാണ് ജാവേദ് അക്തര്‍ , ആത്മീയതയെക്കുറിച്ചും മത വിശ്വാസത്തെക്കുറിച്ചും 2005 ല്‍ അദ്ദേഹം നടത്തിയ ഒരു പ്രഭാഷണത്തിന്റെ മലയാള പരിഭാഷ , ഇപ്പോഴും ഇതിന്റെ പ്രസക്തി കൂടുകയല്ലാതെ കുറയുന്നില്ല എന്നതു കൊണ്ട് ഇവിടെ റീ പോസ്റ്റ് ചെയ്യുന്നു . വര്‍ക്കേഴ്സ് ഫോറത്തില്‍ നിന്നും അനുമതിയില്ലാതെ കടമെടുത്തതാണ് ഈ മലയാള വിവര്‍ത്തനം , സദുദ്ദേശമെന്ന നിലയിലതു ക്ഷമിക്കുമെന്നു കരുതാം :) .]

പ്രിയപ്പെട്ടവരെ ,

അതിവിശിഷ്‌ടമായ ഈ സദസ്സിനെ അഭിസംബോധന ചെയ്യാനായി ഞാനിവിടെ നിൽക്കുന്നത് ഒട്ടും അസൂയാർഹമായ സ്ഥിതിയിലല്ലെന്ന് നിങ്ങൾക്കേവർക്കും അറിയാമല്ലോ. മിന്നുന്ന സെഞ്ചുറി പൂർത്തിയാക്കിയ സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം ബാറ്റ് ചെയ്യാനായി പവലിയനിൽ നിന്ന് പുറപ്പെടുന്ന കളിക്കാരന്റെ അവസ്ഥ പോലെയാണ് ആദരണീയവും ആകര്‍ഷകവുമായ ഒരുവ്യക്തിത്വത്തിനുടമയായ ശ്രീ ശ്രീ രവിശങ്കറെപ്പോലൊരാൾ സംസാരിച്ചു തീർന്ന ഉടനെ സംസാരിക്കാൻ വിധിക്കപ്പെട്ട എന്റെ അവസ്ഥയും. എന്തു ചെയ്യാം, ഏതോ ദുര്‍ബല നിമിഷത്തിൽ ഞാനിത് സ്വയം ഏറ്റെടുക്കുകയായിരുന്നു. .

തുടക്കത്തിൽ തന്നെ ചില കാര്യങ്ങൾ വ്യക്തമാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ജാവേദ് അഖ്‌തർ എന്ന എന്റെ പേരു കേട്ട് നിങ്ങളാരും തെറ്റിദ്ധരിക്കപ്പെടരുത്. ഞാനൊരു നിരീശ്വര വാദിയാണെന്നതും യാതൊരു വിശ്വാസങ്ങളും ഞാൻ വച്ചുപുലർത്തുന്നില്ല എന്നതും ഒരു രഹസ്യമല്ല. ഒട്ടേറെത്തവണ ഇക്കാര്യം ഞാൻ , എഴുത്തിലൂടേയും ടി വി യിലൂടെയും ഒക്കെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അതിനാൽ തന്നെ ഒരു തരത്തിലുള്ള ആത്മീയതയിലും (സ്പിരിച്ച്വാലിറ്റി) എനിക്ക് വിശ്വാസമില്ല .

മറ്റൊരു കാര്യം. ഇവിടെ ഇരിക്കുന്ന എന്റെ മാന്യസുഹൃത്തിനെ വിമർശിക്കാനോ, വിശകലനം ചെയ്യാനോ അഥവാ ആക്രമിക്കാനോ അല്ല ഞാനിവിടെ നിൽക്കുന്നത്. ഞങ്ങൾ തമ്മിൽ വളരെ ഹൃദ്യമായ ബന്ധമാണുള്ളത്. അദ്ദേഹം എപ്പോഴും വളരെ മാന്യമായി പെരുമാറുന്ന ഒരാ‍ളായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.

ഞാനിവിടെ സംസാരിക്കുന്നത് ഒരു ആശയത്തെക്കുറിച്ചാണ്, സമീപനത്തെക്കുറിച്ചാണ്, മനോഭാവത്തെക്കുറിച്ചാണ്. ഒരു വ്യക്തിയെക്കുറിച്ചല്ല.

രാജീവ് ഈ സെഷൻ തുടങ്ങിവച്ചപ്പോൾ, ഒരു നിമിഷത്തേക്കെങ്കിലും എനിക്ക് തോന്നിയത്, ഞാൻ തെറ്റായ സ്ഥലത്ത് വന്നുപെട്ടു എന്നായിരുന്നു. കാരണം, നാമിപ്പോൾ ചർച്ച ചെയ്യുന്നത് കൃഷ്‌ണന്റെയോ ഗൌതമന്റെയോ കബീറിന്റെയോ വിവേകാനന്ദാന്റെയോ ദർശനത്തെക്കുറിച്ചാണെങ്കിൽ എനിക്കൊന്നും പറയാനില്ല . എനിക്കെന്റെ കസേരയിലേക്ക് മടങ്ങാം. ഞാനിവിടെ വന്നിരിക്കുന്നത് , ഓരോ ഇന്ത്യക്കാരനും വളരെയേറെ അഭിമാനിക്കുന്ന നമ്മുടെ മഹത്തായ ഭൂതകാലത്തെക്കുറിച്ച് സംസാരിക്കുവാനല്ല. മറിച്ച് അതിന്റെ സന്ദിഗ്‌ദമായ വര്‍ത്തമാനത്തെക്കുറിച്ച് ചർച്ച ചെയ്യുവാനാണ്.

ഇന്ത്യ റ്റുഡെ എന്നെ ക്ഷണിച്ചതും ഞാനിവിടെ വന്നതും “ആത്മീയത ഇന്ന് ”എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുവാനാണ്. ആത്മീയത എന്ന വാക്കിനെക്കുറിച്ച് നമുക്ക് വ്യക്തതയുണ്ടാവേണ്ടതുണ്ട്, അതിനെക്കുറിച്ച് യാതൊരു സന്ദേഹങ്ങളും പാടില്ല. ഒരേ പേരുള്ള രണ്ടു പേരെ നമുക്ക് കണ്ടെത്താൻ കഴിയും, എന്നാൽ അവർ തികച്ചും വ്യത്യസ്തരാകാൻ ഇടയുണ്ട്. രാമചരിതമാനസം എഴുതിയത് തുളസീദാസാണ്. എന്നാൽ ടെലിവിഷൻ രാമായാണം നിർമ്മിച്ചത് രാമാനന്ദസാഗറാണ്. രണ്ടിലും രാമായണം എന്ന പേര് പൊതുവായി വരുന്നുണ്ടെങ്കിലും തുളസീദാസിനെയും രാമാനന്ദസാഗറിനെയും കൂട്ടിക്കെട്ടുന്നത് യുക്തിസഹമാണെന്നെനിക്ക് തോന്നുന്നില്ല. രാമചരിതമാനസം രചിച്ചപ്പോൾ തുളസീദാസിന് സാമൂഹ്യമായ ബഹിഷ്‌ക്കരണം നേരിടേണ്ടി വന്നത് ഞാനോർക്കുന്നു. “അവധി” പോലെയൊരു ഭാഷയിൽ ഒരു വിശുദ്ധ പുസ്തകം രചിക്കാനദ്ദേഹത്തിന് എങ്ങനെയാണ് കഴിഞ്ഞിരിക്കുക? മൌലികവാദികളെല്ലാം, അതേത് നിറത്തിലെയോ മതത്തിലെയോ സമുദായത്തിലെയോ ആകട്ടെ, ഒരേപോലെയാണെന്ന് ഞാൻ പലപ്പോഴും ഒട്ടൊക്കെ അതിശയത്തോടെ ഓർക്കാറുണ്ട്. 1798 ൽ, ഇതേ നഗരത്തിൽ വച്ചു തന്നെ, ഷാ അബ്‌ദുൾ ക്വാദിർ എന്നൊരു മാന്യദേഹം, ആദ്യമായി ഖുറാൻ ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ അക്കാലത്തെ ഉലെമകൾ അയാൾക്കെതിരെ ഫത്വ പുറപ്പെടുവിച്ചുകൊണ്ടു ചോദിച്ചു - വിശുദ്ധ പുസ്തകത്തെ ഇത്തരം അപരിഷ്‌കൃതമായ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ നിങ്ങൾക്കെങ്ങനെയാണ് കഴിഞ്ഞത് ?

രാമചരിതമാനസം രചിച്ചതിനെത്തുടർന്ന് സാമൂഹ്യമായി ബഹിഷ്‌കൃതനായപ്പോൾ തുളസി എഴുതിയ നാലുവരി (http://en.wikipedia.org/wiki/Chaupai_%28poetry%29) എനിക്കോര്‍മ്മയുണ്ട്.

“Dhut kaho abdhut kaho rajput kaho ki julawa kohu

Kohu ki beti se beta na biahab, kohu ki jaat bigaar na chahu

Mang ke khaibo, mehjid ma raihbo, lebe ka ek na debe ka dohu”

धूत कहो अवधूत कहो रजपूत कहो जोलहा कहो कोऊ.
काहू की बेटी से बेटा न ब्याहब काहू की जात बिगारब न सोऊ.
मांग के खइहौं मसीत में सोइहौं, लेबै को एक न देबै को दोऊ.

(http://iyatta.blogspot.com/2009/03/23.html)

ടെലിവിഷൻ സീരിയൽ ഉണ്ടാക്കിയപ്പോൾ രാമാനന്ദ സാഗർ ധാരാളം പണം സമ്പാദിച്ചു. ഞാൻ അദ്ദേഹത്തെ കൊച്ചാക്കുകയല്ല. പക്ഷെ, തുളസീദാസുമായി തുലനം ചെയ്യുമ്പോൾ തീര്‍ച്ചയായും അദ്ദേഹം വളരെ താഴെ തന്നെയാണ്.

ഞാൻ മറ്റൊരു ഉദാഹരണം നൽകാം. ഒരു പക്ഷെ അതു കൂടുതൽ പ്രത്യക്ഷവും ഉചിതവും ആയിരിക്കും. ഗൌതമൻ കൊട്ടാരത്തിൽ നിന്നിറങ്ങി സത്യം കണ്ടെത്താനായി അവിടെയും ഇവിടെയും അലഞ്ഞുനടന്നു. എന്നാൽ ഇന്ന് ആധുനികയുഗത്തിലെ ഗുരുക്കളാവട്ടെ (modern age gurus) അവിടന്നും ഇവിടന്നും പ്രത്യക്ഷപ്പെട്ട് കൊട്ടാരങ്ങളിൽ പാർപ്പുറപ്പിക്കുന്നു. അവർ നേരെ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. നമുക്കിവരേക്കുറിച്ച് അതേ ശ്വാസത്തിൽ സംസാരിക്കാനാവില്ല. അതിനാൽ തന്നെ , ഓരോ ഇന്ത്യക്കാരനും പ്രിയപ്പെട്ടതും ബഹുമാന്യവുമായ പേരുകളുടെ മറവിൽ നാം ഒളിച്ചിരിക്കേണ്ടതില്ല എന്നു തോന്നുന്നു.

ഒരു നിരീശ്വരവാദിയാണ്, ഏതൊരു സാഹചര്യത്തേയും യുക്തിപൂർവം അഭിമുഖീകരിക്കാൻ ശ്രമിക്കുന്ന ആളാണ് എന്നതൊക്കെ പരിഗണിച്ചാവും എന്നെ ഇവിടെ സംസാരിക്കുവാനായി ക്ഷണിച്ചത് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ, ആധുനികയുഗത്തിലെ മറ്റു ഗുരുക്കൾക്കുള്ള ഒരു സവിശേഷഗുണം എനിക്കും ഉണ്ടെന്നുള്ള കാര്യം പെട്ടെന്നാണ് എന്റെ ശ്രദ്ധയിൽ വന്നത്. ഞാൻ ചലചിത്രരംഗത്താണ് പണിയെടുക്കുന്നത്. ഞങ്ങൾക്ക് പൊതുവായി ചില കാര്യങ്ങളുണ്ട്. ഞങ്ങൾ രണ്ടു കൂട്ടരും സ്വപ്നങ്ങൾ വിൽക്കുന്നവരാണ് , ഞങ്ങൾ രണ്ടു കൂട്ടരും മിഥ്യാബോധം (ഇല്യൂഷൻസ്) സൃഷ്‌ടിക്കുന്നവരണ്, രണ്ടു കൂട്ടരും വിഗ്രഹങ്ങളെ ( ഐക്കണുകളെ) നിർമ്മിക്കുന്നവരാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട് ഞങ്ങൾ തമ്മിൽ, മൂന്നു മണിക്കൂറിനു ശേഷം ഞങ്ങളൊരു ബോർഡ് പ്രദർശിപ്പിക്കാറുണ്ട് -ശുഭം. നിങ്ങൾക്ക് യാഥാർത്ഥ്യത്തിലേക്ക് മടങ്ങാം. എന്നാലവരത് ചെയ്യുന്നില്ല.

അതുകൊണ്ട് , പ്രിയപ്പെട്ടവരേ, ഞാനീ കാര്യം ഒന്നു വ്യക്തമാക്കിക്കൊള്ളട്ടെ. ഞാനിവിടെ വന്നിരിക്കുന്നത്, ഇന്ന് ലോകത്ത് വലിയ സൂപ്പർ മാർക്കറ്റ് തന്നെയുള്ള ഈ ആത്മീയതയെക്കുറിച്ച് സംസാരിക്കുവാനാണ്. ആയുധം, മയക്കുമരുന്ന്, ആത്മീയത- ഇതു മൂന്നുമാണ് ഇന്ന് ലോകത്തിലെ വൻബിസിനസ്സുകൾ. ആയുധ- മയക്കുമരുന്നു വ്യാപാരങ്ങളിൽ നിങ്ങള്‍ക്കെന്തെങ്കിലുമൊക്കെ ചെയ്യേണ്ടതുണ്ട്, എന്തെങ്കിലുമൊക്കെ കൊടുക്കേണ്ടതുണ്ട്. ആത്മീയതാ ബിസിനസ്സിൽ നിങ്ങളൊന്നും കൊടുക്കേണ്ടതില്ല, അതാണതിന്റെ വ്യത്യാസം.

ആത്മീയതയുടെ ഈ സൂപ്പർമാർക്കറ്റിൽ, നിങ്ങൾക്ക് തല്‍ക്ഷണ നിർവാണമോ (instant Nirvana) , മെയിലിലൂടെയുള്ള മോക്ഷമോ, ആത്മസാക്ഷാത്‌കാരത്തിനുള്ള ക്രാഷ് കോഴ്‌സോ, ലഘുവായ നാലു പാഠങ്ങളിലൂടെ പ്രപഞ്ചാവബോധമോ (cosmic consciousness) ഒക്കെ ലഭിക്കുന്നതാണ്. ഈ സൂപ്പർ മാർക്കറ്റിന് ലോക വ്യാപകമായി ശൃംഖലകളുണ്ട്. അവിടെ നിന്നാണ് അശാന്തരായ കുലീനർ (restless elite) ആത്മീയ ഫാസ്റ്റ് ഫുഡുകൾ വാങ്ങിക്കഴിക്കുന്നത്. ഞാൻ സംസാരിക്കുന്നത് ഇത്തരം ആത്മീയതയെക്കുറിച്ചാണ്.

പ്ലേറ്റോ തന്റെ “ഡയലോഗി”ൽ നൽകുന്ന സാരോപദേശങ്ങളിൽ ഒന്ന് ഇപ്രകാരമാണ്- ഏതു ചർച്ചയും തുടങ്ങും മുമ്പ് വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് ഒരു തീരുമാനത്തിലെത്തുക. നമുക്കിവിടെ ആത്മീയത എന്ന വാക്കിന്റെ അർത്ഥമെന്താണെന്ന് തീരുമാനിക്കാൻ ശ്രമിക്കാം. മതം, ജാതി, വിശ്വാസം , വംശം എന്നിവയെയെല്ലാം അതിലഘിക്കുന്ന മാനവസ്നേഹമാണോ ആത്മീയത?അങ്ങനെയാണെങ്കിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. അതിനെ ഞാൻ മാനവീയത എന്നു വിളിക്കും എന്നു മാത്രം. അത് സസ്യങ്ങൾ, മരങ്ങൾ, മലകൾ, സാഗരങ്ങൾ, നദികൾ, മൃഗങ്ങൾ എന്നിവയോടുള്ള, അതായത് മനുഷ്യേതര ലോകത്തോടുള്ള(non-human world) സ്നേഹമാണോ? അങ്ങനെയാണെങ്കിലും എനിക്ക് യാതൊരു പ്രശ്നവുമില്ല തന്നെ. ഞാൻ അതിനെ പാരിസ്ഥിതിക അവബോധം (environmental consciousness) എന്നു വിളിക്കുമെന്നു മാത്രം. ആത്മീയത എന്നു പറഞ്ഞാൽ വിവാഹം, രക്ഷാകർതൃത്വം, സുകുമാര കലകൾ, ജുഡീഷ്യറി, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ സാമൂഹ്യ സ്ഥാപനങ്ങളോടുള്ള ഹൃദയംഗമായ ആദരവാണോ? ഇവിടെയും എനിക്ക് യാതൊരു പ്രശ്നവുമില്ല , എങ്ങനെയാണതിനോട് വിയോജിക്കാനാവുക? ഞാനതിനെ വിളിക്കുന്നത് പൌര ധർമ്മമെന്നാണ് . നിങ്ങളുടേതായ ഒരു ലോകത്തിലേക്ക് പോയി നിങ്ങളുടെ ജീവിതത്തിന്റെ അർത്ഥമെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനെയാണോ ആത്മീയത എന്നു പറയുന്നത് ? ആർക്കാണതിനെ എതിർക്കാനാവുക? ഞാനതിനെ വിളിക്കുന്നത് ആത്മ പരിശോധന, സ്വയം മൂല്യനിർണ്ണയം ചെയ്യുക എന്നൊക്കെയാണ്. ആത്മീയത എന്നാൽ യോഗ ആണോ? പതഞ്ജലി മഹർഷി നമുക്ക് യോഗയെക്കുറിച്ചുള്ള വിശദാംശങ്ങൾ....യമം , യതം, ആസനം, പ്രാണായാമം...ഒക്കെ നല്‍കിയിട്ടുണ്ട്. ഏത് പേരിലോ ആകട്ടെ, പ്രാണായാമം ചെയ്താൽ, വളരെ നല്ലത്. ഞാനതിനെ ആരോഗ്യരക്ഷ, കായിക ക്ഷമത എന്നൊക്കെ വിളിക്കുന്നു.

വാക്കുകളുടെ അർത്ഥത്തിന്റെ മാത്രം പ്രശ്‌നമാണോ ഇത് ? ഇതൊക്കെയാണ് ആത്മീയതയെങ്കിൽ പിന്നെ എന്തിനെക്കുറിച്ചാണീ ചർച്ച? ഞാൻ ഉപയോഗിച്ച വാക്കുളെല്ലാം വളരെ ഏറെ ആദരവർഹിക്കുന്നവയാണെന്നു മാത്രമല്ല, പൂർണ്ണമായും സ്വീകാര്യമായവ കൂടിയാണ്. അവ ഒരു വിധത്തിലും അമൂർത്തമോ അനിർവ്വചനീയമോ അല്ല.എങ്കിൽ പിന്നെ ആത്മീയത എന്ന വാക്ക് എന്തിനാണ് മുറുകെപ്പിടിടിക്കുന്നത്. ? മുകളിൽ പറഞ്ഞിട്ടുള്ള വാക്കുകളിലില്ലാത്ത എന്താണ് ആത്മീയതയിൽ ഉള്ളത് ? അങ്ങനെ എന്തെങ്കിലും ഉണ്ടോ? അങ്ങനെയുണ്ടെങ്കിൽ എന്താണത് ?

ഈ വാക്കിനോട് എനിക്കെന്താണ് പ്രശ്‌നം എന്ന് ആർക്കുവേണമെങ്കിലും ഇപ്പോൾ എന്നോട് തിരിച്ചു ചോദിക്കാം. ഞാനത് മാറ്റണമെന്നും, ഉപേക്ഷിക്കണമെന്നും കാലഹരണപ്പെടുത്തണെമെന്നും ഒക്കെ ഞാൻ ആവശ്യപ്പെടുന്നുണ്ട്. എന്തുകൊണ്ടാണെന്നോ? പറയാം. മുകളിൽ പറഞ്ഞതൊക്കെയാണ് ആത്മീയതയെങ്കിൽ ചർച്ചയുടെ ആവശ്യമില്ല. എന്നാൽ എന്നെ അസ്വസ്ഥനാക്കുന്ന മറ്റൊരു കാര്യമുണ്ട്. നിഘണ്ടുവില്‍ ആത്മീയത(spirituality)എന്ന വാക്കിന്റെ അർത്ഥം അന്വേഷിക്കുമ്പോൾ അതിന്റെ മൂലം(root) കിടക്കുന്നത് ആത്മാവ് (“spirit”) എന്ന വാക്കിലാണ്. മനുഷ്യന് ഭൂമി ഉരുണ്ടതോ പരന്നതോ എന്നതറിയാതിരുന്ന കാലത്തു തന്നെ അവൻ ഒരു കാര്യം തീർച്ചപ്പെടുത്തിയിരുന്നു- മനുഷ്യനെന്നത് രണ്ടു കാര്യങ്ങൾ കൂടിച്ചേരുന്നതാണെന്ന്, ശരീരവും ആത്മാവും. ശരീരം എന്നത് താൽക്കാലികമാണ്, അതു മരിക്കുന്നു. എന്നാൽ ആത്മാവ് അങ്ങനെയല്ല, ഞാനതിനെ നോൺ- ബയോഡീഗ്രേഡബിൾ എന്നു വിളിച്ചോട്ടെ. നിങ്ങളുടെ ശരീരത്തിൽ കരളുണ്ട്, ഹൃദയമുണ്ട്, ചെറുകുടലുണ്ട് പിന്നെ തലച്ചോറുണ്ട്..അങ്ങനെ പലതുമുണ്ട്. എന്നാൽ തലച്ചോറ് എന്ന് പറയുന്നത് നിങ്ങളുടെ ശരീരത്തിന്റെ ഭാഗമായതിനാലും, മനസ്സ് (mind) എന്നത് തലച്ചോറിനകത്ത് സ്ഥിതി ചെയ്യുന്നതിനാലും, അത് നിലവാരം കുറഞ്ഞതാണ് (inferior ) കാരണം തലച്ചോറും ശരീരത്തോടൊപ്പം മരിക്കും. എന്നാൽ ഒട്ടും വിഷമിക്കേണ്ട കാര്യമില്ല, നിങ്ങൾ മരിക്കുന്നില്ല, കാരണം നിങ്ങൾ ആത്മാവാണ്, ആത്മാവിന് പരമമായ ബോധം (supreme consciousness) ഉള്ളതിനാൽ അത് ശേഷിക്കും. നിങ്ങൾ മനസ്സിനു ചെവി കൊടുക്കുന്നതാണ് നിങ്ങളുടെ കുഴപ്പങ്ങൾക്കൊക്കെ കാരണം. അതിനാൽ മനസ്സിനു ചെവി കൊടുക്കുന്നതവസാനിപ്പിക്കൂ. ആത്മാവിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ- പ്രാപഞ്ചിക യാഥാർത്ഥ്യങ്ങൾ(cosmic truth) അറിയുന്നപരമമായ ബോധത്തിലേക്ക് (supreme consciousness) ശ്രദ്ധ കേന്ദ്രീകരിക്കൂ. ശരി. പൂനയിൽ ഒരു ആശ്രമമുണ്ട് , ഞാനവിടെ പോകുമായിരുന്നു. അവിടുത്തെ പ്രഭാഷണങ്ങൾ എനിക്കിഷ്‌ടമായിരുന്നു. ആശ്രമത്തിലെ ലെൿചർ ഹാളിനു മുന്നിൽ ഒരു പ്ലക്കാർഡ് പ്രദർശിപ്പിച്ചിരുന്നു. നിങ്ങളുടെ ഷൂസുകളും മനസ്സും ഇവിടെ ഉപേക്ഷിക്കുക. മറ്റ് ചില ഗുരുക്കന്മാരുണ്ട്. അവർക്ക് നിങ്ങൾ പാദരക്ഷകളുമായി അകത്തുകടക്കുന്നതിൽ വലിയ എതിർപ്പില്ല. എന്നാൽ മനസ്സിന്റെ കാര്യത്തിൽ , യാതൊരു വിട്ടുവീഴ്‌ചയുമില്ല. ക്ഷമിക്കുക.

ഇനി, നിങ്ങളുടെ മനസ്സ് ഉപേക്ഷിച്ചാൽ പിന്നെ നിങ്ങളെന്തു ചെയ്യും? ബോധത്തിന്റെ അടുത്ത സ്റ്റേഷനിലെത്തുവാൻ (next station of consciousness)നിങ്ങൾക്കൊരു ഗുരുവിനെ ആവശ്യമുണ്ട്. അത് ആത്മാവിലെവിടെയോ മറഞ്ഞിരിക്കുയാണ്. അദ്ദേഹം പരമമായ ബോധം (supreme consciousness) കൈവരിച്ചിട്ടുണ്ട്, അദ്ദേഹത്തിന് ആത്യന്തിക യാഥാര്‍ത്ഥ്യമെന്തെന്നറിയാം. എന്നാൽ അയാൾക്കത് നിങ്ങളോട് പറയാനാവുമോ? ഇല്ല സർ, അയാൾക്കത് നിങ്ങളോട് പറയാനാവില്ല. എന്നാൽ, നിങ്ങൾക്കത് സ്വയം കണ്ടെത്താനാവുമോ? ഇല്ല സർ, നിങ്ങൾക്കതിനൊരു ഗുരു വേണം.നിങ്ങൾക്കയാളെ ആവശ്യമുണ്ട്, പക്ഷെ നിങ്ങൾക്ക് ആത്യന്തിക യാഥാർത്ഥ്യം അറിയാനാവുമെന്ന് അയാൾക്ക് ഗ്യാരണ്ടി നൽകാനാവില്ല. അല്ല..ആത്യന്തിക യാഥാർത്ഥ്യം എന്നാൽ എന്താണ് ? എന്താണ് പ്രാപഞ്ചിക യാഥാർഥ്യം? അത് പ്രപഞ്ചവുമായി ബന്ധപ്പെട്ട എന്തെങ്കിലുമാണോ? എനിക്കത് എന്താണെന്നറിയാൻ കഴിഞ്ഞിട്ടില്ല. സൌരയൂഥത്തിൽ നാം പുറത്തു കടക്കുന്ന ആദ്യ നിമിഷത്തിൽ തന്നെ വരുന്ന ആദ്യത്തെ നക്ഷമാണ് ആൽഫാ സെഞ്ചുറി (Alpha.Centueri). ഇതു നാലു പ്രകാശവർഷം അകലെയാണ്. ഞാൻ എങ്ങനെയാണതുമായി ബന്ധപ്പെടുന്നത് !! ഞാനെന്തു ചെയ്യും !!

ചക്രവർത്തി ഇപ്പോൾ ജ്ഞാനികൾക്ക് മാത്രം കാണാൻ കഴിയുന്ന വിശിഷ്ടമായ ആടയാഭരണങ്ങൾ അണിഞ്ഞിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സാമ്രാജ്യം കൂടുതൽ കൂടുതൽ വലുതാവുകയാണ്. അതോടൊപ്പം, ചക്രവർത്തിയുടെ ആടയാഭരണങ്ങളെ സ്തുതിക്കാൻ കൂടുതൽ കൂടുതൽ ആളുകൾ മുന്നോട്ട് വരുകയാണ്.

ആത്മീയത എന്നത് മതവിശ്വാസികളുടെ പ്രതിരോധത്തിനായുള്ള രണ്ടാം നിരയാണെന്നാണ് (second line of defence) വാസ്തവത്തിൽ ഞാൻ വിചാരിച്ചിരുന്നത്. തങ്ങളുടെ പരമ്പരാഗത മതവിശ്വാസം അസുഖകരമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമ്പോൾ, അല്ലെങ്കിൽ അതിനു വലിയ മാർക്കറ്റില്ലാതാവുമ്പോൾ, മതവിശ്വാസികൾ സാധാരണയായി ഒളിച്ചിരിക്കുന്നത് കോസ്മോസിന്റെയും സൂപ്പർ കോൺഷ്യസ്‌നെസ്സിന്റെയും ഒക്കെ ഈ പുകമറയ്ക്കിടയിലാണ് . എന്നാൽ ഇത് സമ്പൂർണമായ സത്യമല്ല. പരമ്പരാഗത മതത്തിന്റേയും ആത്മീയതയുടേയും ഇടപാടുകാർ (clientele) വ്യത്യസ്തരാണെന്നതു തന്നെ ഇതിനു കാരണം. ഒരു ലോക ഭൂപടമെടുത്തു വച്ച്, ഇന്ത്യക്കകത്തോ പുറത്തോ, ഏഷ്യയിലോ ലാറ്റിൻ അമേരിക്കയിലോ യൂറോപ്പിലോ, ഉള്ള തീവ്രമതാത്മകതയുള്ള പ്രദേശങ്ങൾ (places which are extremely religious) അടയാളപ്പെടുത്തുക. എവിടെയൊക്കെ മതത്തിന്റെ ആധിക്യം ഉണ്ടോ അവിടവിടെ മനുഷ്യാവകാശങ്ങളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അവിടെയൊക്കെ അടിച്ചമർത്തലുകളുണ്ട്. ദരിദ്രരായ ജനങ്ങളെ മയക്കുന്ന കറുപ്പാണ് , അടിച്ചമർത്തപ്പെടുന്നവരുടെ നിശ്വാസമാണ് മതം എന്നൊക്കെ നമ്മുടെ മാക്സിസ്റ്റ് സുഹൃത്തുക്കൾ പറയാറുണ്ടായിരുന്നു. ഞാനാ ചർച്ചയിലേക്ക് കടക്കുന്നില്ല. പക്ഷെ, ഒരു കാര്യം പറയുന്നു, ഇന്നിപ്പോൾ ആത്മീയത എന്നത് ധനികര്‍ക്കുവേണ്ടിയുള്ള മയക്കുമരുന്നു (tranquilizer of the rich) തന്നെയാണ്.

ആത്മീയതാ ബിസിനസ്സിലെ ഇടപാടുകാരൊക്കെ (clientele) ധനികരും ഉന്നതവർഗ്ഗത്തിൽ‌പ്പെട്ടവരും ഒക്കെയാണെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. അതിനാൽ തന്നെ ഗുരുവിന് ശക്തിയും , ആദരവും, ഉയർന്ന പദവിയും , സമ്പത്തും (അതത്ര പ്രധാനമല്ല) ഒക്കെ ലഭ്യമാവുന്നു. ശിഷ്യന് എന്താവും ലഭിക്കുക? ഞനവരെ സൂക്ഷ്‌മമായി നിരീക്ഷിച്ചപ്പോൾ ഈ ശിഷ്യഗണങ്ങൾ വിവിധ തരത്തിലും ഗണത്തിലും പെട്ടതാണെന്ന് കാണാൻ കഴിഞ്ഞു. അതിനൊരു ഏകശിലാരൂപമില്ല തന്നെ. അതെ, ഈ അനുയായികൾ വ്യത്യസ്ത തരക്കാരാണ്. അതിലൊരാൾ ധനികനാണ്, ജീവിതത്തിൽ വിജയിച്ച ആളാണ്, ധാരാളം ധനം സമ്പാദിച്ചിട്ടുണ്ട്, ആസ്തികൾ കുന്നുകൂടുന്നു. ഇന്ന് അയാൾക്ക് എല്ലാം ഉള്ളതിനാൽ അയാൾക്ക് വേണ്ടത് കുറ്റവിമുക്തി (Absolution) കൂടിയാണ്. അതുകൊണ്ട് ഗുരു അയാളോട് പറയുന്നു- “നീ ചെയ്യുന്നതെന്തോ അത് “നിഷ്‌കാമ കർമ്മ”മാണ്. നീ നിനക്ക് നൽകപെട്ടിട്ടുളള റോൾ അഭിനയിക്കുക മാത്രമാണ്. ഇതെല്ലാം “മായ”യാണ്. നീ എല്ലാ ദിവസവും ഉണ്ടാക്കുന്ന പണമോ ഒരോ ദിവസവും കുന്നുകൂട്ടുന്ന സമ്പത്തോ ഇതൊന്നിലും നീ വൈകാരികമായി ഉൾപ്പെട്ടിട്ടില്ല. നീ നിന്റെ റോൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു, അത്ര മാത്രം. നീ എന്റെ അടുത്ത് വന്നത് ശാശ്വത സത്യം അന്വേഷിച്ചാണ്. നിന്റെ കൈകൾ ഒരു പക്ഷെ മലിനമായിരിക്കാം പക്ഷെ നിന്റെ ആത്മാവ് ശുദ്ധമാണ്. ” ഈ മനുഷ്യന് അവനെക്കുറിച്ചുതന്നെ മതിപ്പും വിശ്വാസവും തോന്നാൻ തുടങ്ങുന്നു. ഏഴു ദിവസം അവൻ ലോകത്തെ ചൂഷണം ചെയ്യുന്നു, ഏഴാം ദിവസത്തിനവസാനം അവൻ ഗുരുവിന്റെ പാദാരവിന്ദത്തിലണയുമ്പോൾ അവനു തോന്നുന്നു- ഞാനൊരു സംവേദനശീലനായ (sensitive) വ്യക്തിയാണ്.

ഇനിയും മറ്റൊരു കൂട്ടരുണ്ട്. അവരും വരുന്നത് ധനിക വർഗ്ഗത്തിൽ നിന്നാണ്. പക്ഷെ ഇയാൾ ആദ്യത്തെ ആളെപ്പോലെ വിജയിയല്ല. വിജയിക്കുന്നതും പരാജയപ്പെടുന്നതുമെല്ലാം ആപേക്ഷികമാണെന്നത് നിങ്ങൾക്കറിയാമല്ലോ? തെരുവോരത്ത് കറക്കിക്കുത്ത് കളിക്കുന്ന ഒരു റിക്ഷാക്കരനെ സംബന്ധിച്ചിടത്തോളം നൂറു രൂപ ലഭിച്ചാൽ അത് വലിയ വിജയമാണ്. എന്നാൽ ഒരു കോർപ്പറേറ്റ് മുതലാളി 300 മില്യൺ ഡോളർ സമ്പാദിക്കുമ്പോഴും ബില്യൺ ഡോളർ ആസ്തിയുള്ള സ്വസഹോദരനുമായി തുലനം ചെയ്ത് സ്വയം ഒരു പരാജയമായി വിലയിരുത്തുകയാണ്. പരാജയപ്പെട്ട ഈ ധനികൻ എന്താവും ചെയ്യുക? അയാൾക്കും ഇപ്രകാരം പറയുന്ന ഒരു ഗുരുവിന്റെ ആവശ്യമുണ്ട്- “ആരാണ് പറഞ്ഞത് നീ പരാജയപ്പെട്ടുവെന്ന് ? നിനക്ക് മറ്റൊരു ലോകമുണ്ട്, നിനക്ക് മറ്റൊരു ദർശനമുണ്ട്, നിന്റെ സഹോദരനില്ലാത്ത വേറിട്ടൊരു ചേതന (sensibility)നിനക്കുണ്ട്. അവൻ ഒരു വിജയമാണെന്നാണ് അവന്റെ വിചാരം. ശരിയാണോ? അല്ല. നിനക്കറിയാമോ, ലോകം വളരെ ക്രൂരമാണ്. ലോകം വളരെ സത്യസന്ധമായി നിന്നോട് പറയുന്നു, അങ്ങനെ അല്ല സർ, നിനക്ക് പത്തിൽ മൂന്നാണ് കിട്ടിയത്. മറ്റേയാൾക്ക് കിട്ടിയത് പത്തിൽ ഏഴാണ്. ശരിയല്ലേ? ”അവർ നിങ്ങളോട് ഇടപെടുന്നത് ഇപ്രകാരം ആയിരിക്കും. അവിടെ അവന് സഹതാപം ലഭിക്കുന്നു.അവിടെ അയാൾ കളിക്കുന്നത് മറ്റൊരു കളിയാണ്.

മറ്റൊരു കൂട്ടരുണ്ട് . ഈ കൂട്ടരെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള വെറുപ്പോ പുച്ഛമോ വച്ചു കൊണ്ടോ ഏതെങ്കിലും വലിയ ഭാവത്തോടു കൂടിയോ ഒന്നുമല്ല, മറിച്ച് നിറഞ്ഞ അനുകമ്പയോടു കൂടിയാണ്. ഈ ആധുനിക യുഗത്തിലെ ആത്മീയ ഗുരുക്കന്മാരുടെ ഇടപാടുകാരിൽ ഒരു വലിയ വിഭാഗക്കാരവരാണ്, ധനികരുടെ അസന്തുഷ്‌ടരായ ഭാര്യമാർ.

വിവാഹമെന്ന അൾത്താരയിൽ സ്വന്തം വ്യക്തിത്വവും ആകാംഷകളും സ്വപ്നങ്ങളുമെല്ലാം സമർപ്പിച്ചിട്ടും തന്നെക്കുറിച്ച് തീർത്തും ശ്രദ്ധയില്ലാത്ത ഒരു ഭർത്താവിനെ ലഭിച്ച ഒരുവളെയാണ് നാം ഇവിടെ കാണുന്നത്. ഒന്നു രണ്ടു കുട്ടികളെ അവൾക്ക് നൽകി എന്നതാണ് അയാളാകെ ചെയ്തത്. അയാളെപ്പോഴും അയാളുടെ ജോലിയിലോ മറ്റു സ്ത്രീകളിലോ വ്യാപൃതനാണ്. ഈ സ്ത്രീക്ക് താങ്ങായി ഒരു ചുമൽ വേണ്ടതുണ്ട്. തന്റെ അസ്തിത്വം ഒരു പരാജയമാണെന്ന് അവൾക്ക് തന്നെ സ്വയം ബോദ്ധ്യമുണ്ട്. ഭാവിയെക്കുറിച്ച് അവൾക്ക് വലിയ പ്രതീക്ഷകളില്ല. അവളുടേത് എല്ലാ സുഖ സൌകര്യങ്ങൾ ഉള്ളതെങ്കിലും ശൂന്യമായ ലക്ഷ്യരഹിതമായ ഒരു ജീവിതമാണ്. ഇത് വളരെ ദു:ഖകരമാണ്, എന്നാൽ യഥാർത്ഥവും.

വേറെ ചില മനുഷ്യരുണ്ട്. അപ്രതീക്ഷിത ദുരന്തങ്ങൾ ഏറ്റുവാങ്ങുന്നവർ. ചിലർക്ക് കുട്ടിയെ നഷ്‌ടപ്പെടുന്നു. ഭാര്യ മരിക്കുന്നു. അല്ലെങ്കിൽ ഭർത്താവ് മരിക്കുന്നു. സമ്പത്ത് നഷ്ടപ്പെട്ടവരോ ബിസിനസ്സ് തകർന്നവരോ ആകാം ചിലർ. ചുരുക്കത്തിൽ കനത്ത ആഘാതമേൽ‌പ്പിക്കുന്ന എന്തെങ്കിലും ഒക്കെ സംഭവിക്കുന്നു. സ്വാഭാവികമായും അവർ ചോദിക്കും- എന്തേ എനിക്കിങ്ങനെയൊക്കെ സംഭവിക്കുന്നു? ആരോടാണിവർക്കിത് ചോദിക്കാനാവുക? അവർ ഗുരുവിന്റെ അടുത്ത് ചെല്ലുന്നു. ഗുരു അവരോട് ഒഅറയുന്നു- ഇത് കർമ്മമാണ്. നിങ്ങളെന്നെ പിന്തുടരുകയാണെങ്കിൽ വേദനകളില്ലാത്ത, അനശ്വരമായ മറ്റൊരു ലോകം ഞാൻ കാണിച്ചു തരാം. അവിടെ പരമാനന്ദം മാത്രമേ ഉള്ളൂ. അസന്തുഷ്ടരായ ഈ ആത്മാക്കളോട് അയാൾ പറയും- എന്നെ പിന്തുടരൂ.ഞാൻ നിങ്ങളെ സ്വർഗത്തിലേക്ക്, വേദനകളില്ലാത്ത ലോകത്തിലേക്ക് കൊണ്ടു പോകാം. പ്രിയപ്പെട്ടവരേ, നിങ്ങളെ നിരാശപ്പെടുത്തേണ്ടി വരുന്നതിൽ എനിക്ക് ഖേദമുണ്ട്, അങ്ങനെ ഒരു സ്വർഗം ഇല്ല എന്ന് എനിക്ക് പറയാതിരിക്കാനാവില്ല. ജീവിതമെന്നതിൽ ഒരു പിടി വേദനകളും , തിരിച്ചടികളും, പരാജയ സാദ്ധ്യതകളും ഒക്കെ ഉണ്ടാവും. കാര്യമങ്ങനെയൊക്കെ ആണെങ്കിലും ഗുരുവിന്റെ വാക്കുളിൽ അവർ സന്തുഷ്‌ടരാവുന്നു.

അവർക്കതുകൊണ്ടെന്തെങ്കിലും ആശ്വാസം കിട്ടുന്നുണ്ടെങ്കിൽ നിങ്ങൾക്കെന്താണു ഹേ പ്രശ്നം എന്ന് ആരെങ്കിലും ചോദിച്ചേക്കാം. ഇപ്പോൾ ഞാൻ പണ്ടു വായിച്ച ഒരു കഥ ഓർക്കുകയാണ്. ഇതൊരു സന്യാസി പറഞ്ഞ വളരെ പഴയ ഒരു കഥയാണ്. ഒരു ദിവസം ഒരു നായയ്ക്ക് ഒരു ഉണങ്ങിയ എല്ലിൻ കഷണം ലഭിക്കുന്നു. എല്ലെങ്ങനെയെങ്കിലും അകത്താക്കാനുള്ള ശ്രമത്തിനിടയിൽ നായ അറിയാതെ തന്റെ തന്നെ നാക്കിൽ കടിക്കുന്നു.നാക്കിൽ നിന്ന് രക്തം വരുന്നുണ്ട്. എന്നാൽ എല്ലിൻ കഷണത്തിൽ നിന്നും പോഷകമൂല്യങ്ങൾ ലഭിക്കുന്നുവെന്നാണ് നായ കരുതുന്നത്.

എനിക്ക് വളരെ സങ്കടമുണ്ട്. മുതിർന്നവരായ ഇവർ ഇപ്രകാരം പെരുമാറണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം ഞാനവരെ ബഹുമാനിക്കുന്നു. മദ്യവും മയക്കുമരുന്നുമൊക്കെ മനസ്സമാധാനവും ശാന്തിയും നൽകുമെന്ന് കരുതപ്പെടുന്നുണ്ടല്ലോ? ഇപ്രകാരമുള്ള സമാധാവും ശാന്തതയും ഒക്കെ അഭികാമ്യമാണോ? നിങ്ങളെ യാഥാർത്ഥ്യത്തിൽ നിന്നും അകറ്റി നിറുത്തുന്ന ഏതു ശാന്തതയും മിഥ്യയാണ്- വെറും മരീചിക. ഒരു ട്രൈസൈക്കിൾ തരുന്നതിൽ കൂടുതൽ സുരക്ഷിതത്വം ഒന്നും ഇത് നൽകുന്നില്ല. നിങ്ങൾ ഒരു ട്രൈസൈക്കിൾ ആണ് ഓടിക്കുന്നതെങ്കിൽ നിങ്ങൾക്ക് വീഴാനാവില്ലല്ലോ? എന്നാൽ മുതിർന്നവർ ട്രൈസൈക്കിൾ ഓടിക്കാറില്ല. അവർ ഓടിക്കുന്നത് ബൈ സൈക്കിൾ ആണ് . അവർക്ക് വീഴാനും കഴിയും. അത് ജീവിതത്തിന്റെ ഭാഗമാണ്.

ഒരു കൂട്ടർ കൂടി ശേഷിക്കുന്നുണ്ട്. ഗോൾഫ് ക്ലബിലെ എല്ലാ അംഗങ്ങളും ഗോൾഫ് കളിയിൽ തൽ‌പ്പരരായിരിക്കണം എന്നില്ലല്ലോ? അതു പോലുള്ളവരാണിവർ. ആശ്രമത്തിൽ കാണപ്പെടുന്നവരെല്ലാം ആത്മീയതയുടെ വക്താക്കളാണ് എന്നു കരുതേണ്ടതില്ല. എനിക്കൊരു ഫിലിം നിർമ്മാതാവ് സുഹൃത്ത് ഉണ്ട്, അയാളെപ്പോഴും പറയാറുണ്ട് ഞാൻ അയാളുടെ ഗുരുവിന്റെ ആശ്രമം ഒരിക്കലെങ്കിലും സന്ദർശിക്കണം എന്ന്. ഡെൽഹിയിൽ നിന്നും രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ആശ്രമത്തിൽ എത്താമെന്നും ഡെൽഹിയിലെ മുഴുവൻ വി ഐ പി കളെയും നിങ്ങൾക്കവിടെ വച്ച് പരിചയപ്പെടാമെന്നും അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നു. തന്റെ ഗുരുജിയും ഒരുനാൾ മറ്റൊരു ചന്ദ്രസ്വാമിയാകുമെന്ന് അയാൾക്കുറപ്പുണ്ട്. അതെ ഇന്നാ ആശ്രമം വിവിധ തരം നെറ്റ്വർക്കിംഗുകളുടെ ഒരു സമ്പർക്ക ബിന്ദുവാണ്.

ആദ്ധ്യാത്മികവും മതപരവുമായ കാര്യങ്ങളിൽ വ്യാപൃതരാണെങ്കിലും നല്ലവരായ ചില ആളുകളുണ്ട്, എനിക്കവരോട് വളരെ ബഹുമാനമുണ്ട്. അതിനെനിക്കൊരു വിശദീകരണമുണ്ട് . ഞാൻ കരുതുന്നത് ഏതൊരു വികാരത്തിനും അനുഭവത്തിനുമെന്ന പോലെ നിങ്ങൾക്കും ഒരു പരിധിയുണ്ട് ( നോട്ട് ഷുവർ) I believe that like every emotion or feeling, you have a limitation.

എനിക്ക് അനുവദിച്ചിട്ടുള്ള സമയം ആയെന്നു തോന്നുന്നു. സർ , ഒരഞ്ചാറു മിനിട്ടു കൂടി തരാമോ?

രാജീവ് മെഹ്‌റോത്ര : തുടരുക

നിങ്ങൾക്ക് ഒരു പ്രത്യേക ബിന്ദു വരെ കാണാനാകും. അതിനപ്പുറം കാണാനാകില്ല. നിങ്ങൾക്ക് ഒരു പ്രത്യേക ബിന്ദു വരെ കേൾക്കാനാകും. അതിനപ്പുറമുള്ള ശബ്‌ദങ്ങൾ നിങ്ങൾക്ക് രെജിസ്റ്റർ ചെയ്യാനാവില്ല. ഒരു പ്രത്യേക ബിന്ദു വരെ നിങ്ങൾക്കു വിലപിക്കാനാവും, അതിനുശേഷം നിങ്ങൾ അതിനു പുറത്തുകടക്കും. ഒരു പ്രത്യേക ബിന്ദു വരെ നിങ്ങൾക്കു സന്തോഷമുണ്ടാകും , അതിനൊരു പരിധിയുണ്ട്. അതു പോലെ ഒരു പ്രത്യേക ബിന്ദുവരെ നിങ്ങൾക്ക് കുലീനമായി പെരുമാറാനുള്ള ക്ഷമതയുണ്ടാവും, അതിനു ശേഷമതു തുടരാനാവില്ല. ഒരു ശരാശരി മനുഷ്യന് നന്മചെയ്യാനുള്ള ഈ ക്ഷമത 10 യൂണിറ്റ് ആണ് എന്ന് സങ്കല്പിക്കുകയാണെങ്കിൽ, ദിവസവും അഞ്ചു നേരം നിസ്ക്കരിക്കുവാനായി പള്ളിയിൽ പോകുന്ന ഒരാൾ 10 ൽ അഞ്ച് യൂണിറ്റ് അവിടെ ഉപയോഗിക്കുകയാണ്. അത് പോലെ തന്നെ അമ്പലത്തിൽ പോകുന്നവരും ഗുരുവിന്റെ പാദങ്ങളിൽ സ്വയം സമർപ്പിക്കുന്നവരുമൊക്കെ മനുഷ്യന് നന്മചെയ്യാനുള്ള തങ്ങളുടെ ക്ഷമത അവിടെ തീർത്തും ഉല്പാദനക്ഷമമല്ലാത്ത രീതിയിൽ ചെലവഴിക്കുകയാണ്. ഞാൻ പ്രാർത്ഥിക്കുവാൻ പോകാറില്ല. ഞാൻ പ്രാർത്ഥിക്കാറില്ല. ഏതെങ്കിലും ഗുരുവിന്റെ അടുത്തോ അമ്പലത്തിലോ പള്ളിയിലോ പോകുന്നില്ല എങ്കിൽ മനുഷ്യന് നന്മചെയ്യാനുള്ള എന്റെ കഴിവുപയോഗിച്ച് എനിക്കെന്തു ചെയ്യാനാകും? ഞാൻ ആരേയെങ്കിലും സഹായിക്കേണ്ടതുണ്ട്, ആർക്കെങ്കിലും ഭക്ഷണം നൽകേണ്ടതുണ്ട്, ആർക്കെങ്കിലും പാർപ്പിടം നൽകേണ്ടതുണ്ട്. ആരാധനയ്ക്കായും പ്രാർത്ഥനയ്ക്കായും ആദ്ധ്യാതിക - മത ഗുരുക്കളെ ആദരിക്കാനും മറ്റും തങ്ങളുടെ ക്വോട്ട ചെലവഴിച്ച ശേഷവും അവരിൽ നന്മചെയ്യാനുള്ള ശേഷി അവശേഷിക്കുന്നുവെങ്കിൽ , അവർക്കെന്റെ പ്രണാമം.

മതവിശ്വാസികളെക്കുറിച്ചുള്ള താങ്കളുടെ സങ്കല്പം ഇത്തരത്തിലാണെങ്കിൽ എന്തിനാണ് താങ്കൾ കൃഷ്‌ണനോടും കബീറിനോടും ഗൌതമനോടുമൊക്കെ ആദരവ് പ്രകടിപ്പിക്കുന്നതെന്ന സംശയം ന്യായമായും ആർക്കും ചോദിക്കാവുന്നതേയുള്ളൂ. എന്തുകൊണ്ടാണ് ഞാനവരെ ബഹുമാനിക്കുന്നതെന്ന് പറയാം . മാനവിക സംസ്ക്കാരത്തിന് മഹത്തായ സംഭാവന നൽകിയവരാണവർ. അവർ ചരിത്രത്തിന്റെ വിവിധ ദശാസന്ധികളിൽ, വിവിധ സാഹചര്യങ്ങളിൽ ജനിച്ചവരായിരുന്നു. പക്ഷെ അവരിലെല്ലാം പൊതുവായ ഒരു കാര്യമുണ്ട്. അവരെല്ലാം അനീതിക്കെതിരായിരുന്നു. അവർ അടിച്ചമത്തപ്പെട്ടവർക്ക് വേണ്ടി പൊരുതി.

എന്നെ അത്ഭുതപ്പെടുത്തുന്നതും എന്റെ ഭീതികളെ ശരി വെക്കുന്നതും ആയ കാര്യം, ഇന്ന് സനാതനസത്യത്തെ അറിയുന്ന പ്രബുദ്ധരായ ജനങ്ങൾ ആരും തന്നെ അധികാരശക്തികൾക്കെതിരെ നിലയുറപ്പിക്കുന്നില്ല എന്നതാണ്. ഭരണ- വരേണ്യ വർഗങ്ങൾക്കെതിരെ ആരും തന്നെ ശബ്ദിച്ചു കാണുന്നില്ല. ഇവിടെ ദാനധർമങ്ങൾ ഉണ്ട്, എന്നാൽ ഭരണകൂടവും അധികാരശക്തികളും അംഗീകരിക്കുന്നവ മാത്രം. എന്നാൽ, ദളിതന്മാരെ അവർക്ക് പ്രവേശനം നിഷിദ്ധമായ അമ്പലങ്ങളിൽ കൊണ്ട് പോയിട്ടുള്ളത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. കരാറുകാർക്കും കോണ്ട്രാക്റ്റർമാർക്കും എതിരെ ആദിവാസികളുടെ അവകാശങ്ങൾക്കു വേണ്ടി നില കൊണ്ടിട്ടുള്ളത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. ഗുജറാത്തിലെ ഇരകൾക്കു വേണ്ടി സംസാരിക്കുകയും അവരുടെ പുനരധിവാസ ക്യാമ്പുകളിൽ പോകുകയും ചെയ്തത് ഏതു ഗുരു ആണ് എന്നാണ് എനിക്കറിയേണ്ടത്. അവരും മനുഷ്യജീവികൾ ആണ്.

സർ... സമ്പന്നരെ എങ്ങനെ ശ്വസിക്കണം എന്ന് പഠിപ്പിച്ചത് കൊണ്ടായില്ല. ധനികന്റെ വിനോദം ആണത്. അത് കാപട്യക്കാരുടെ നാട്യമാണ്. അത് ഒരു mischievous deception (കുസൃതി കലർന്ന വഞ്ചന) ആണ്. താങ്കൾക്കറിയാമല്ലോ, mischievous deception എന്നത് ഓക്സ്ഫോർഡ് ഡിക്ഷ്ണറിയിൽ ഒരു വാക്കിന് പര്യായമായാണ് കൊടുത്തിരിക്കുന്നത്- ആ വാക്കാണ്... HOAX (തട്ടിപ്പ്).

Saturday, 11 February 2012

ചുവപ്പു കറുത്തു തുടങ്ങുമ്പോള്‍ .




പാര്‍ട്ടി വിശ്വാസികളെ ആവേശത്തിന്റെ കൊടുമുടി താണ്ടിച്ച് , തലസ്ഥാനം ചെങ്കടലാക്കി , അച്ചടക്കത്തിന്റെയും പാര്‍ട്ടി വിധേയത്വത്തിന്റെയും ഉത്തമോദാഹരണമായി മറ്റൊരു പാര്‍ട്ടി സമ്മേളനം മുതിര്‍ന്ന നേതാവായ വി എസ് അച്യുതാനന്ദന്‍ നോമിനേറ്റ് ചെയ്ത് പിണറായി വിജയന്‍ അഞ്ചാമതും പാര്‍ട്ടി സെക്രട്ടറിയായതിലൂടെ ഐക്യത്തിന്റെ വന്‍ പ്രഖ്യാപനവുമായി അവസാനിച്ചു .

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി വീണ്ടും അനിഷേധ്യ പദത്തിലെത്തുമ്പോള്‍ സി പി എം കാരന്‍ അല്ലാത്ത ഒരാളെ അതു വല്ലാതെ ബാധിക്കുന്നില്ല എന്നാണ് പ്രകടമായി തോന്നുകയെങ്കിലും അത് കേരളത്തിലെ പൊതു സമൂഹത്തെ വ്യക്തമായി സ്വാധീനിക്കുന്ന ഒന്നാണ് .പിണറായിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ സി പി എം കാര്‍ അല്ലാത്തവര്‍ക്കു പോലും ഒരു മതിപ്പൊക്കെ തോന്നും ,ദുര്‍മേദസ്സില്ലാത്ത അളന്നു മുറിച്ച വാക്കുകള്‍ , ആത്മവിശ്വാസം സ്ഫുരിക്കുന്ന ശരീര ഭാഷ ,ഘനഗംഭീരമായ ശബ്ദം , ഓരോ വാക്കിലും പാര്‍ട്ടി അണികളെ ആവേശത്തിലെത്തിക്കാന്‍ പര്യാപ്തമായ പാര്‍ട്ടിസ്നേഹം അങ്ങനെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള ഒരു കരിസ്മാറ്റിക് പവര്‍ പിണറായിയുടെ പ്രഭാഷണങ്ങള്‍ക്കുണ്ടെന്നു എതിരാളികള്‍ പോലും സമ്മതിക്കും .അതു കൊണ്ടദ്ദേഹം രാഷ്ട്രീയമായി ശരിയാവണമെന്നു അര്‍ത്ഥമില്ല .ഹിറ്റ്ലറും ബാല്‍ താക്കറെയും അടക്കം ലോകത്തുള്ള സര്‍വ്വ സ്വേച്ഛാധിപതികളും അവരുടെ തെറ്റായ രാഷ്ട്രീയത്തെ അനുയായികളില്‍ കുത്തിനിറച്ചത് ഈയൊരു ശരീര ഭാഷയും അച്ചടക്കവും ഉപയോഗിച്ചു തന്നെ ആയിരുന്നു .


ഈ സമ്മേളനത്തില്‍ ശ്രദ്ധേയമായ കാര്യങ്ങള്‍ .


1. പൊളിറ്റ് ബ്യൂറോയെപോലും നോക്കു കുത്തിയാക്കുന്ന പിണറായി വിജയന്റെ അനിഷേധ്യത .
2. പുതു തലമുറക്കാരില്‍ നിന്നു പോലും കടുത്ത ഭാഷയില്‍ വിമര്‍ശനമേല്‍ക്കേണ്ടി വന്ന നിസ്സഹയനായ വി എസ് അച്യുതാന്ദന്‍ .
3. സി പി ഐ എന്ന സഖ്യ കക്ഷിയെ വിമര്‍ശിച്ച രീതി


മുമ്പ് അഖിലേന്ത്യാ പ്രസിഡണണ്ടിനെക്കാള്‍ പവറും പദവിയുമുള്ള ജില്ലാ പ്രസിഡണ്ട് ലീഗിന്റെ മാത്രം കുത്തകയായിരുന്നു , തിളങ്ങണ കോട്ടൂം കാല്‍ സറായിയുമായി ജി എം ബനാത്ത് വാല എന്നൊരു ചുള്ളന്‍ മലപ്പുറത്ത് വന്ന് എന്തൊക്കെയോ പറയും, മൂപ്പര് പറയണത് ലീഗ് കാര്‍ക്കും മനസ്സിലാവില്ല ലീഗുകാര് പറയണത് മൂപ്പര്‍ക്കും മനസ്സിലാവില്ല . ഈ ചടങ്ങ് കാലം കുറെക്കഴിഞ്ഞപ്പോ രണ്ട് കൂട്ടര്‍ക്കും ബോറടിച്ചു - ഇപ്പോ ആ പണി സി പി എം ഏറ്റെടുത്തതായാണ് തോന്നുന്നത് . പണ്ടൊക്കെ പൊളിറ്റ് ബ്യൂറൊ എന്നു പറഞ്ഞാല്‍ എന്തൊക്കെയോ ആയിരുന്നത്രെ , ഇപ്പോള്‍ പി ബി യില്‍ നിന്നു പ്രകാശ് കാരാട്ട് ഓരോ തിട്ടൂരമിറക്കും പിണറായി വിജയനുണ്ടോ കാരാട്ടും മറ്റും - പിണറായി ഇവിടെ മറുതിട്ടൂരമിറക്കും അവസാനം അതാവും പി ബി തിട്ടൂരം .അല്ലെങ്കില്‍ പിന്നെ മതങ്ങളും , മത ചിഹ്നങ്ങളും മതാചാരങ്ങളും ഉപയോഗിക്കുന്നതില്‍ നിന്നു പാര്‍ട്ടി അംഗങ്ങള്‍ പിന്തിരിയണമെന്നു പറഞ്ഞു വര്‍ഷമൊന്നായില്ല അതിനു മുമ്പേ ക്രിസ്തുവിനെ രക്തസാക്ഷിയാക്കിക്കളഞ്ഞു , മൂന്നു പ്രാവശ്യത്തിലധികം ഔദ്യോഗിക സ്ഥാനത്തു തുടരരുതെന്ന് പറഞ്ഞ പി ബി യുടെ നെഞ്ചത്തു ചവിട്ടി നിന്നു ഇതാ പിണറായി അഞ്ചാം തവണയും പാര്‍ട്ടി സെക്രട്ടറിയായിരിക്കുന്നു .അധികാരം പി ബിയില്‍ നിന്നും താഴെ ത്തട്ടിലേക്ക് , ഇതാണ് യഥാര്‍ത്ഥ വികേന്ദ്രീകരണം

കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവിനെതിരെ യാതൊരു സങ്കോചവുമില്ലാതെ ഒരു പുതു തലമുറക്കാരന് ക്യാപ്പിറ്റല്‍ പണിഷ് മെന്റ് ആവശ്യപെടാന്‍ കഴിയുന്നത് ജനാധിപത്യമാണെന്നൊക്കെ വാദിക്കാമെങ്കിലും പിണറായിയുടെ അനുമതിയില്ലാതെ അങ്ങനെയൊരു നീക്കം നടത്താന്‍ മാത്രം സ്വരാജ് വളര്‍ന്നിട്ടില്ല എന്നു നിസ്സംശയം പറയാം . -വി എസിന്റെ സ്ഥിരം സ്വഭാവം വെച്ചു - ടാ ചള്ളുചെക്കാ നീയൊക്കെ വള്ളിട്രൌസറിട്ടോണ്ട് അജന്തയില്‍ ആദിപാപം കാണുമ്പോള്‍ നമ്മളീ സീന്‍ വിട്ടതാ - എന്ന ലൈനില്‍ അടിച്ചൊതുക്കുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഈ നാട്ടിലെങ്ങുമില്ലാത്ത ഏതോ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മുതലാളിത്തത്തിനെതിരെ എന്ന രീതിയില്‍ തൊട്ടും തൊടാതെയുമാണ് ക്യാപ്പിറ്റല്‍ പണിഷ്മെന്റിനെക്കുറിച്ചു പറഞ്ഞത് , ആ നിസ്സഹായത അഞ്ചാം വട്ടവും പിണറായിയെ സെക്രട്ടറിയാക്കാന്‍ ഒത്തു മൂളിക്കൊടുക്കേണ്ടി വന്നപ്പോള്‍ തന്നെ മാളോര്‍ക്കു ബോധ്യമായതുമാണ് .

ഇത് സമ്മേളനത്തിന്റെ അവസാന മണിക്കൂറില്‍ മാത്രം സംഭവിച്ചതാവാന്‍ നിവൃത്തിയില്ല ഇതു വളരെ മുമ്പേ തന്നെ ആസൂത്രണം ചെയ്തു വെച്ച സംഘടിതമായ ഒരു തിരക്കഥയായിരിക്കണം . യാദൃശ്ചികമെന്നു പറയാമെങ്കിലും ഈയൊരു ക്ലൈമാക്സില്‍ എത്തുന്ന തരത്തില്‍ ചില സിനിമാകഥകള്‍ വളരെ മുമ്പേ തന്നെ സംഭവിച്ചിട്ടുണ്ട് .

ചില സില്‍മാ കഥകള്‍ .

മൂന്നു സിനിമകളിലൂടെ പാര്‍ട്ടിയുടെ ഈ മാറ്റത്തെ അടയാളപ്പെടുത്താം . പിണറായി - അച്ചുതാനന്ദന്‍ ശീത സമരം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന 2008 കാലഘട്ടത്തിലാണ് രൌദ്രം , ആയുധം എന്നിങ്ങനെ രണ്ട് തട്ട് പൊളിപ്പന്‍ പടങ്ങള്‍ സിനിമ പ്രേക്ഷകരുടെ തല മന്തിപ്പിച്ചു കൊണ്ട് വന്നത് . രെഞ്ചി പണിക്കര്‍ സംവിധാനിച്ച [കഥ , തിരക്കഥ - ഫാരിസ് അബൂബക്കര്‍ - പിണറായി ദ്വന്തങ്ങളാകണം ] രൌദ്രത്തില്‍ സത്യസന്ധനെന്ന നടിക്കുന്ന വിടുവായനും മകന്റെ ദുര്‍ നടപ്പുകള്‍ക്കു കൂട്ടു നില്‍ക്കുന്ന ഒരു മുഖ്യമന്ത്രിയും മയക്കു മരുന്നു ഉപയോഗിക്കുന്ന , വന്‍ കിട ബിസിനസ്സുകാരുമായി ബന്ധമുള്ള , പെണ്ണു പിടി ഒക്കെ ഉള്ള ഒരു മകനുമാണ് - ഇതിലെ മുഖ്യമന്ത്രി കഥാപാത്രവും മകന്‍ കഥാപാത്രവും അച്ചുതാനന്ദന്‍ - അരുണ്‍ പ്രഭൃതികളാണെന്ന് ആരും പറഞ്ഞു കൊടുക്കാതെ തന്നെ എല്ലാവര്‍ക്കും മനസ്സ്ലിലാകുന്നത്ര സാമ്യം - മമ്മൂട്ടിയുടെ പോലീസ് ഓഫീസര്‍ ചക ചകാന്ന് ഇംഗ്ലീഷിലും മലയാളത്തിലും ഡയലോഗിട്ട് മുഖ്യമന്ത്രിയുടേയും മകന്റെയും തൊലി ഉരിക്കുന്നു - ഈയൊരു സിനിമ വി എസിനെതിരെ ആണെന്നു പറഞ്ഞു വി എസ് ആരാധകര്‍ പ്രകടനം നടത്തിയിരുന്നു പോലും . അതു കഴിഞ്ഞ്പ്പോള്‍ ദേ വരണു മറുപടി സിനിമ - ആയുധം . സത്യസന്ധത കണ്ടു പിടിച്ച മുഖ്യമന്ത്രി , എല്ലാവരും എതിര്‍ത്താലും സത്യത്തിനു വേണ്ടി നില കൊള്ളും - ഈ സിനിമ ബിനാമിയായി പിടിച്ചത് മകന്‍ അരുണ്‍ കുമാറാണെന്നു ഒരു വിവാദം ഉണ്ടായിരുന്നു - സംഗതി എന്തായാലും രണ്ടു ചേരിക്കും കോടികള്‍ മുടക്കി പടം പിടിച്ചു പ്രചരണം നടത്താന്‍ മാത്രമുള്ള കോപ്പൊക്കെയുണ്ടെന്നു സാധാരണക്കാരനു മനസ്സിലാവും .കളി 2008 ല്‍ നിന്നു മുന്നോട്ട് പോയി 2011- ല്‍ പണ്ടെങ്ങോ ഹിറ്റായ ഒരു മലയാളം കുറ്റാന്വേഷണ ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങുന്നു - ആഗസ്റ്റ് 15 , പഴയ സിനിമ കണ്ടവരൊക്കെ പ്രതീക്ഷ വാനോളം ഉയര്‍ത്തി വെച്ചു സിനിമക്കു പോയി - മമ്മൂട്ടി കൂളിങ്ങ് ഗ്ലാസ്സ് വെച്ചു ബുള്ളറ്റ് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുന്നതൊഴിച്ചു നിര്‍ത്തിയാല്‍ കഥ ഇത്ര മാത്രം - സത്യസന്ധനായ മുഖ്യമന്ത്രി , മുരടനെന്ന എല്ലാവരും തെറ്റിദ്ധരിക്കുമെങ്കിലും ഉള്ളില്‍ പത്തരമാറ്റ് തങ്കമായ പാര്‍ട്ടി സെക്രട്ടറി, മുഖ്യമന്ത്രിയെ ആരോ നശിപ്പിക്കാന്‍ [അതായത് കൊല്ലാന്‍ എന്നു സിനിമ പറയുന്നു ] ശ്രമിക്കുന്നു - അവസാനം പാര്‍ട്ടി സെക്രട്ടറിയുടെ സൂചനയോടെ വില്ലന്‍ ആരാണെന്നു കണ്ടെത്തുന്നതാണ് സിനിമയുടെ രാഷ്ട്രീയം - വില്ലന്‍ വേറെ ആരുമല്ല ഇതു വരെ മുഖ്യമന്ത്രിയെ ഉപദേശിച്ചു കൊണ്ടിരിക്കുന്ന , മുഖ്യമന്ത്രിയുടെ തീരുമാനങ്ങളെ സ്വാധീനിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തന്നെ - പാര്‍ട്ടി സെക്രട്ടറി തങ്കപ്പെട്ട മനുഷ്യന്‍ , വിശാല ഹൃദയന്‍ മുഖ്യമന്ത്രി ഇത്ര നാളും തെറ്റിദ്ധരിപ്പിക്കപ്പെട്ട് ഭരിച്ചു കൊണ്ടിരുന്ന , തീരുമാനങ്ങളെടുത്തിരുന്ന വിഡ്ഡ്യാന്‍ - അവസാനം സ്വന്തം തെറ്റ് മനസ്സിലാക്കുന്നതോടെ സിനിമ അവസാനിക്കുന്നു - ശുഭം

ഇക്കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിന്റെ തിരക്കഥ തന്നെയല്ലെ ഇത് ?തന്റെ ഉപജാപകങ്ങളില്‍ പെട്ടു സ്ഥിരമായി തെറ്റു കുറ്റങ്ങള്‍ ചെയ്തു പോയ മുഖ്യമന്ത്രിയെ മുരടനെങ്കിലും ഉള്ളില്‍ നന്മ നിറഞ്ഞ പാര്‍ട്ടി സെക്രട്ടറിയുടെ കാരുണ്യത്തില്‍ അച്ചുതാനന്ദന്‍ നടപടികളില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെടുന്നു , പകരം അഞ്ചാമതും പാര്‍ട്ടി സെക്രട്ടറിയായി പിണറായിയെ നോമിനേറ്റ് ചെയ്യുന്നു ,കനത്ത തെറ്റുകള്‍ സംഭവിച്ച വി എസ് അചുതാനന്ദന്‍ പിണറായിയുടെ ഔദാര്യത്തില്‍ നടപടികളില്‍ നിന്നു രക്ഷപ്പെടുന്നു - വീണ്ടും ശുഭം .


മറ്റു പാര്‍ട്ടികളില്‍ നിന്നു വ്യത്യസ്ഥമായി സി പി എമ്മിന്റെ നേതൃത്വ പദം തിരഞ്ഞെടുപ്പ് ഇത്ര ചര്‍ച്ചയാകുന്നതും എന്തു കൊണ്ടാണ് ?

കേരളത്തിലെ ഭരണമാറ്റങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നതും സ്വീകരിക്കപ്പെടുന്നതും രാഷ്ട്രീയ - വികസന നിലപാടുകള്‍ക്കപ്പുറത്തു ഭരണ വിരുദ്ധ വികാരങ്ങള്‍ അടിസ്ഥാനമാക്കിയാണ് [anti-incumbency factor] . അതായത് അഞ്ചു വര്‍ഷം ഒരു പക്ഷം ഭരിക്കുമ്പോള്‍ അടുത്ത അഞ്ചു വര്‍ഷത്തേക്കു മറ്റേ പക്ഷത്തെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതതമാക്കപ്പെടുന്ന ഭരണ വിരുദ്ധ തരംഗം നിശ്ചയമായും ഉണ്ടായിരിക്കും .ഈ പറഞ്ഞതില്‍ ചെറിയ ചില പിശകുകള്‍ ഉണ്ടെങ്കിലുംഈയൊരു പാറ്റേണിലാണ് ഇക്കണ്ട കാലമത്രയും കേരളത്തിലെ മന്ത്രിസഭകള്‍ രൂപം കൊണ്ടിട്ടുള്ളത് .വലതു പക്ഷം , ഇടതു പക്ഷം രണ്ടു വ്യത്യസ്ഥ നിലപാടുള്ള , രണ്ടു വ്യത്യസ്ഥ ആദര്‍ശങ്ങളുള്ള , രണ്ടു വ്യത്യസ്ഥ പക്ഷങ്ങള്‍ ഇത്തരമൊരു ആള്‍ട്ടര്‍നേറ്റീവ് സജഷനായി നില കൊള്ളുമ്പോള്‍ അതൊരു സ്വാഭാവിക രീതിയുമാണ് . വലതു പക്ഷത്തിന്റെ വികസന നിലപാടുകള്‍ , സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ എന്നിവയൊക്കെ ജന വിരുദ്ധമായിത്തുടങ്ങുമ്പോള്‍ സ്വാഭാവികമായും നമുക്കു ആശ്രയിക്കാന്‍ ഒരു ഇടത് പക്ഷമുണ്ടായിരുന്നു അതിനെ നയിക്കുന്നത് പാര്‍ട്ടിയുടെ സെക്രട്ടറിയാണ് അതു കൊണ്ട് തന്നെയാണ് സി പി എം നേതൃതിരഞ്ഞെടുപ്പ് ഒരു മന്ത്രി സഭാ രൂപീകരണത്തോളം തന്നെ പൊതു ജനങ്ങളെ ബാധിക്കുന്നത് .

രണ്ടു വലതു പക്ഷങ്ങള്‍ .

പിണറായിയുടെ അനിഷേധ്യതയില്‍ ഇടതു പക്ഷം വലതു പക്ഷമാണ് അല്ലെങ്കില്‍ വലതു പക്ഷത്തേക്കാള്‍ വലത്താണ് .ആ ഒരു നിലയ്ക്കു ഭരണ മാറ്റത്തില്‍ ഇനി ഒരു ഇടതു പക്ഷം എന്ന പ്രതീക്ഷ അസ്ഥാനത്താണ് .- കണ്ണേ കരളെ വി എസ് ഫാന്‍സ് അസോസിയേഷന്‍ പ്രചരിപ്പിക്കുന്ന പോലെ വി എസിന്റെ പുണ്യാളത്തത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ലെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ ഒരു യഥാര്‍ത്ഥ ഇടതു പക്ഷമാകാന്‍ വി എസിന് കഴിയും , കഴിഞ്ഞിട്ടുമുണ്ട് . കാറ്റൂള്ളപ്പോള്‍ തൂറ്റുക എന്ന നയത്തിന്മേല്‍ കിടന്നു കളിച്ച് അങ്ങനെ നെല്ലേത് പതിരേതെന്ന തിരിച്ചറിവില്ലാതെ തൂകിതൂകി രസിച്ച ഒരു മകനും നീട്ടി വലിച്ച കോമാളിത്തമുള്ള അല്പം വിടു വായത്തവും ഒഴിച്ചാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ജനകീയ പ്രശ്നങ്ങളോട് , അടിസ്ഥാന വര്‍ഗ്ഗത്തോട് അനുഭാവമുള്ള ഒരു നേതാവ് അച്ചുതാനന്ദന്‍ തന്നെയാണ് .

പക്ഷെ പാര്‍ട്ടിയില്‍ വി എസ് നിഷ്പ്രഭനാകുമ്പോള്‍ നമുക്കു കാണാന്‍ കഴിയുന്നതെന്താണ് ? സി പി എമ്മിന്റെ ഔദ്യോഗിക പക്ഷത്തിന്റെ പങ്കാളികള്‍ , അഭ്യുദയകാംക്ഷികള്‍ , സ്പോണ്‍സേഴ്സ് ഇതൊക്കെ ഫാരിസ് അബൂബക്കര്‍ , സാന്റിയാഗോ മാര്‍ട്ടിന്‍ , ലീലാ കൃഷ്ണന്‍ നായര്‍ , ഗള്‍ഫാര്‍ മുഹമ്മദാലി , ടോമിന്‍ തച്ചങ്കരി എന്നിങ്ങനെ വന്‍ കിട വ്യവസായികളും ആരോപണ വിധേയരായ ഉദ്യോഗസ്ഥന്മാരും മാത്രമായിത്തീരുന്നു ഇങ്ങനെയുള്ള ഇടതു പക്ഷം എങ്ങനെയാണ് അടിസ്ഥാന വര്‍ഗ്ഗത്തിന്റെ നിലപാടുകള്‍ക്കു അനുകൂലമായിത്തീരുക ? പ്ലാച്ചിമട സമരത്തില്‍ സംസ്ഥാന നേതൃത്വം എടുത്ത നിലപാടും പിന്നീട് അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരോട് “ പ്ലാച്ചിമട കേവലം പ്രാദേശിക എതിര്‍പ്പ് മാത്രമാണ് “ എന്ന പിണറായി എടുത്ത നിലപാട് [വിക്കിലീക്സ് പുറത്തു വിട്ടത് പ്രകാരം ] , കിണാലൂര്‍ ഭൂമി പ്രശ്നവും അതിനെ ചുറ്റിപ്പറ്റി സി പി എം നേതാക്കന്മാരുമായി ബന്ധപ്പെട്ട ഭൂമാഫിയ വിവാദങ്ങളിലും സി പി എം എടുത്ത നിലപാട് , കഴിഞ്ഞ ഇടത് സര്‍ക്കാരില്‍ അച്ച്യുതാന്ദന്റെ ഇടപെടലുകള്‍ കൊണ്ടു മാത്രം ഒരു നിയന്ത്രിത അവസ്ഥയില്‍ അവസാനിച്ച എള മരം കരിമിന്റെ വ്യവസായ വല്‍ക്കരണം , തോമസ് ഐസക്കിന്റെ നവ ലിബറല്‍ സാമ്പത്തിക പരിഷ്കരണങ്ങള്‍ - രണ്ടും അച്യുതാന്ദന്റെ അഭാവത്തില്‍ ശക്തമാകാന്‍ സാധ്യതയുണ്ട് . അപ്പോള്‍ ഇനി നമുക്കു മുന്നില്‍ ശേഷിക്കുന്നത് വലതു പക്ഷവും തീവ്ര വലതു പക്ഷവും മാത്രമാണ് .

വന്‍ കിട വ്യവസായികളുമായി അല്പം ചങ്ങാത്തമാകുന്നതിലെന്തു തെറ്റ് ? അവര്‍ പാര്‍ട്ടികളുടെ അനുഭാവികളാകുന്നതില്‍ എന്താണ് തെറ്റ് ?

Business is business , there should be some give & takes :) . -

ബിനീഷ് കൊടിയേരി രവിപ്പിള്ളയുടെ വന്‍ കിടകമ്പനിയുടെ വൈസ് പ്രസിഡണ്ടാകുന്നത് ബിനീഷിന്റെ അനിതര സാധാരണമായ മാനേജ്മെന്റ് മികവും ഉന്നത ബിരുദങ്ങളും കൊണ്ടല്ല എന്നാര്‍ക്കും ഊഹിക്കാം [ഒരു കമ്പനിയുടെ വൈസ് പ്രസിഡണ്ട് ഒക്കെ ആകാനുള്ള യോഗ്യതകളെക്കുറിച്ച് സാമാന്യ ധാരണയുള്ളവര്‍ക്കത് മനസ്സിലാകും ] - ബിനീഷിന്റെ അച്ഛന്‍ കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരിക്കുന്നതു കൊണ്ടു തന്നെയാണത് സംഭവിക്കുന്നത് .പ്രവേശനകാര്യത്തില്‍ കടുത്ത നിബന്ധനകളുള്ള അമൃത വിശ്വപീഠത്തില്‍ തന്നെ പിണറായിയുടെ മകള്‍ക്കു സീറ്റ് ലഭിക്കാന്‍ വ്യവസായിയായ ലീലാ കൃഷ്ണന്‍ നായരുടെ ശുപാര്‍ശയുണ്ടായിരുന്നെന്ന് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ എഴുതിയത് ഈയടുത്താണ് വായിച്ചത് , സന്തോഷ് മാധവന്റെ പ്രശ്നത്തില്‍ കേരളത്തിലെ ഓരോ മുക്കിലെയും ആള്‍ ദൈവങ്ങളെ ഡി ഫിക്കാര്‍ ഓടിച്ചിട്ടൂ അടിക്കുമ്പോഴും മാതാ അമൃതാനന്ദ മയിയുടെ നേരെ ഒരു മുദ്രാവാക്യം പോലും മുഴങ്ങാത്തത് പിണറായി വിജയന്റെ മകള്‍ അമൃതയില്‍ പഠിച്ചതു കൊണ്ടാവില്ല എന്നു സമാധാനിക്കാനെ നമുക്കു കഴിയൂ .ജസ്റ്റിസ് കെ ജി ബാലകൃഷ്ണനും യൂത്ത് കോണ്‍ഗ്രസ്സുകാരനായ മരു മകനുമെതിരെ മനോരമ പോലും എഴുതിയപ്പോള്‍ നിശബ്ദത പാലിച്ച പത്രമാണ് ദേശാഭിമാനി .ഡല്‍ഹി ഹൈ കോര്‍ട്ടില്‍ ഒരു കെ ജി ബാലകൃഷ്ണനെതിരെ Dr M Furquan എന്നൊരു പത്ര പ്രവര്‍ത്തകന്‍ കൊടുത്ത സ്റ്റേറ്റ് മെന്റില്‍ ഇങ്ങനെ പറയുന്നു - “Justice K G Balakrishnan has fast-tracked the SNCLavalin case due to pressure exerted on him by his family members, who are very friendly with Pinarayi Vijayan.” ഇതൊക്കെ വളരെ യാദൃശ്ചികമായ സംഭവങ്ങളാണ് പിണറായിയുടെ കുറ്റമൊന്നുമല്ല . ടോട്ടല്‍ 4 യു തട്ടിപ്പില്‍ ശ്രീമതി ടീച്ചറുടെ മകന്‍ ഉള്‍പ്പെട്ടതായി ആരോപണം വന്നതിനു ശേഷം കേസിന്റെ ഗതി തന്നെ മാറിപ്പോയത് . അങ്ങനെ അങ്ങനെ പോകുന്നു കഥകള്‍ - ഓരോ ബന്ധങ്ങളും അവയുമായി ബന്ധപ്പെട്ട സംഭവങ്ങളെ എങ്ങനെയൊക്കെയാണ് സ്വാധീനിക്കുകയെന്നത് ഊഹിക്കാന്‍ പോലും കഴിയാത്തതാണ് ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ എന്നത് വലിയ കുറ്റമാകുന്നതെങ്ങനെയാണ് ?


സാന്റിയാഗോ മാര്‍ട്ടിന്‍ ദേശാഭിമാനിക്കു രണ്ട് കോടിയോ മറ്റോ ചില്വാനം കൊടുക്കണ്ടായി , പടക്കമുണ്ടാക്കുന്ന ശിവകാശി പേപ്പറില്‍ നംബറിട്ടു കൊടുത്ത് കോടികള്‍ ഉണ്ടാക്കുന്ന പണിയായിരുന്നു മാര്‍ട്ടിന് . 2003 ല്‍ ജയലളിത തമിഴ് നാട്ടില്‍ ലൊട്ടറിയങ്ങു നിരോധിച്ചു . പെട്ടെന്നൊരീസം കോടികളുടെ വരവുള്ള ബിസിനസ്സ് അങ്ങു സ്റ്റോപ്പായപ്പോള്‍ ഹൃദയ സ്തംഭനം വന്നു മരിക്കേണ്ടതായിരുന്നു സാന്റിയാഗൊ , പക്ഷെ കേരളത്തിന്റെ നന്മ കൊണ്ടു മാത്രം തമിഴ് നാട്ടിലെ ബിസിനസ്സ് കൂടി കേരളത്തില്‍ കിട്ടി , അതിനൊരു ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മ്രരണയായി രണ്ടല്ല ഇരുപതു കോടി വരെ കൊടുക്കാനും തയ്യാറായിരുന്നു . അത് കൂടാതെ സാന്റിയാഗോ മാര്‍ട്ടിന്‍ കടുത്ത ഒരു ഭാഷാ സ്നേഹിയാണ് അതത് പ്രദേശത്തു ഉള്ള ഭാഷകളെ പുനരുദ്ധരിക്കാന്‍ വേണ്ടി കയ്യും കണക്കുമില്ലാതെ അങ്ങ് സഹായിച്ചു കളയും .തമിഴ് നാട്ടില്‍ നടന്ന ആഗോള തമിഴ് സമ്മേളനത്തിനു പൈസ മുഴുവന്‍ മുടക്കീത് മൂപ്പരായിരുന്നല്ലോ , അത് പോലെ കേരളത്തിലെ ഭാഷയെ ഉദ്ധരിക്കാമെന്നു കരുതി നോക്കുമ്പോള്‍ കാണുന്നതെന്താണ് ? ദേശാഭിമാനി പോലെ ഉന്നത ഭാഷാ നിലവാരമുള്ള ഒരു പത്രം അച്ചു കുത്താന്‍ പൈസയില്ലാതെ ചക്രശ്വാസം വലിക്കുന്നു , ഉടന്‍ കൊടുത്തു ഒരു രണ്ടു കോടി ബോണ്ടായിട്ട് - ഭാഷ പുഷ്കലമാകട്ടെ - വേറെ യാതൊരു ചിന്തയും അങ്കുരിച്ചിരുന്നതല്ല . അതിന് ലോട്ടറി കച്ചോടത്തിനു ഒത്താശ ചെയ്യണൂന്നോ മറ്റോ പറഞ്ഞു എന്തെല്ലാം പുകിലുകളായിരുന്നു അന്നീ സാമ്രാജ്യത്വ ബൂര്‍ഷ്വകള്‍ ഉണ്ടാക്ക്യേത് .

സി പി എം നേതാക്കളും മക്കളും പത്തു പുത്തനുണ്ടാക്കുന്നതില്‍ അസൂയ , കണ്ണു കടി ഇത്യാദി വികാരങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നു പറഞ്ഞാലും സമ്മതിക്കാം - അല്ലാണ്ടെന്താ ചെയ്യാ ? . പക്ഷെ പത്തു പുത്തനോടൊപ്പം ഒത്തു തീര്‍പ്പുകളും നിലപാട് വ്യതിയാനങ്ങളും സ്വാഭാവികം , അത് ഒരു ജനതയെ സ്വാധീനിക്കുന്നതാകയാലാണ് ഈ ആശങ്ക .നിലപാടുകളില്‍ ഒത്തു തീര്‍പ്പുകള്‍ ഉണ്ടാകുമ്പോള്‍ ചുവപ്പിന്റെ കടുപ്പം കുറയുമ്പോള്‍ , ഇടത് പക്ഷം അങ്ങനെ വലതു പക്ഷമായിത്തീരുന്നു .


ഉപദംശം .


കേരളത്തിലെ ക്യാപിറ്റല്‍ പണിഷ്മെന്റിന്റെ ഉപജ്ഞാതാവാ‍യ ശ്രീമാന്‍ സ്വരാജ് സര്‍ തന്നെയാണ് മുമ്പൊരിക്കല്‍ “പിതൃശൂന്യ പത്ര പ്രവര്‍ത്തനം “ എന്ന പ്രയോഗം നടത്തിയിരുന്നതു ഓര്‍മ്മ കാണുമല്ലോ ,അന്നു പത്രക്കാരെ അങ്ങനെ വിശേഷിപ്പിക്കാന്‍ മാത്രം അദ്ദേഹത്തിന്റെ ധാര്‍മ്മിക രോഷത്തെ പരകോടിയിലെത്തിച്ചത് - സഹപ്രവര്‍ത്തകയായ സിന്ധുജോയിയെപ്പറ്റിയെയും ഒരു സി പി എം നേതാവിനെയും ചേര്‍ത്ത് മാതൃഭൂമിയിലോ മറ്റോ വന്ന ഒരു ഗോസ്സിപ്പ് വാര്‍ത്തയെത്തുടര്‍ന്നായിരുന്നു .അത്തരത്തില്‍ അനാവശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ ആര്‍ക്കും ധാര്‍മ്മിക രോഷമൊക്കെ ഉണ്ടാകും , പക്ഷെ സിന്ധു ജോയി പാര്‍ട്ടി വിട്ട അന്നു മുതല്‍ ഇന്നു വരെ സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ അവരെ കഥാ‍പാത്രമാക്കി പ്രചരിക്കുന്ന അശ്ലീല കാര്‍ട്ടൂണുകളെയും അശ്ലീല വിവരണങ്ങളടങ്ങിയ ചിത്രങ്ങളെയും പ്രചരിപ്പിക്കുന്ന ഇടത് പക്ഷ സൈബര്‍ ബൌദ്ധികതയെ അതേ സ്വരാജിന്റെ പഴയ ന്യായം വെച്ച് പിതൃശൂന്യ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് എന്നു വിളിക്കാമോ എന്തോ :).

Picture courtesy : express malayalam

Friday, 20 January 2012

വര്‍ഗ്ഗീയ വിവേചനത്തിന്റെ ബൌദ്ധിക ജിഹാദ് .

മലയാളത്തിലെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഭാഷാ പരമായ ഔന്നത്യവും സമകാലിക വിഷയങ്ങളിലുള്ള വ്യക്തമായ അവലോകനങ്ങളുമായി സാമാന്യം നിലവാരം പുലര്‍ത്തുന്ന ഒരു പ്രസിദ്ധീകരണമാണ് മാധ്യമം ആഴ്ചപ്പതിപ്പ് . മതേതരത്വം - സാമ്രാജ്യത്വ വിരുദ്ധ - ദളിത് ആദിവാസി അനുകൂല - പരിസ്ഥിത പ്രണയം അങ്ങനെ ഒന്നിലധികം പ്രഖ്യാപിത നിലപാടുകള്‍ ഓരോ ലക്കത്തിലും ലേഖനമായും മുഖ പ്രസംഗമായും ഒക്കെ അവതരിപ്പിക്കുകയും മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകകളായി സ്വയം വിലയിരുത്തുകയും ചെയ്യുന്ന പ്രസിദ്ധീകരണം കൂടിയാണത് . കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നവസാമൂഹിക ഗ്രൂപ്പുകളുടെയും മുഖ പത്രം .നവ സാമൂഹിക ഗ്രൂപ്പെന്നാല്‍ അത്യാവശ്യം ജമാ അത്തെ ഇസ്ലാമികാര്‍, അതി തീവ്ര മുസ്ലീം ഇടതു പക്ഷക്കാര്‍ , പിന്നെ ദളിത് സ്നേഹികള്‍ ഇതാണ് നവ സാമൂഹിക ഗ്രൂപ്പ് . പി കെ പൊക്കര്‍ സായിബ് , കെ ഇ എന്‍ കുഞ്ഞയമ്മദ് സായിബ് , മുതലായ ഇര സംരക്ഷണക്കാരും ബി ആര്‍ പി ഭാസ്കര്‍ , സി ആര്‍ നീലകണ്ടന്‍ ഇത്യാദി അഞ്ചാം തൂണുകാരുമെല്ലാം പെടും . ഇതില്‍ കെ ഇ എന്‍ കുഞ്ഞയമ്മദ് സായിബാണ് ജമാ അത്തെ ഇസ്ലാമി സ്പോണ്‍സേഡ് “ സ്വത്വവാദം “ എന്ന പൊട്ടാതെ പോയ ഗുണ്ടിന്റെ ഉപജ്ഞാതാവ്




മാധ്യമം ദിനപത്രം മുസ്ലീങ്ങള്‍ പോലും വായിക്കാന്‍ മടിക്കുന്ന കാലത്തും മാധ്യമം ആഴ്ചപ്പതിപ്പ് അതിന്റെ ഭാഷാ നിലവാരം കൊണ്ടും ഉയര്‍ത്തുന്ന വിഷയങ്ങള്‍ കൊണ്ടും മുഖ്യധാരയില്‍ ശ്രദ്ധേയമായിരുന്നു .ജമാ അത്തെ ഇസ്ലാ‍മിയുടെ പ്രഖ്യാപിത കാഴ്ചപ്പാടുകളില്‍ നിന്നു വ്യത്യസ്ഥമായി ആഴ്ചപ്പതിപ്പിനു നല്‍കാന്‍ അവര്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു .ഒരേ മാതാ പിതാക്കള്‍ക്കളില്‍ നിന്നുണ്ടായ മക്കള്‍ രണ്ടു തരത്തില്‍ പെരുമാറിയാലും അവരുടെ അടിസ്ഥാന സ്വഭാവം എപ്പോഴും ഒന്നു തന്നെയായിരിക്കുമെന്നത് ശാസ്ത്രീയ സത്യമാണ് . അതു കൊണ്ടു തന്നെ ജമാ അത്തെ ഇസ്ലാമി മാധ്യമത്തിലൂടെ പരത്തുന്ന ബൌദ്ധിക ജിഹാദിസം മനസ്സിലാകാത്തവര്‍ പ്രബോധനം വായിച്ചു പ്രബോധിതരാകുവാന്‍ ശ്രമിക്കുക , ആദ്യ രണ്ടു പേജു വായിക്കുമ്പോള്‍ തന്നെ കാര്യങ്ങള്‍ക്കൊക്കെ ഏകദേശമൊരു തീര്‍പ്പു കിട്ടും തീര്‍ച്ച. ഇനി പ്രബോധനം വായിക്കാന്‍ മാത്രം ക്ഷമ നമ്മുടെ കയ്യിലില്ലെങ്കില്‍ ചുരുങ്ങിയത് മലര്‍ വാടി ബാല മാസികയെങ്കിലും വായിക്കുക , ബാല്യം മുതല്‍ ഒരു കുട്ടിയെ എങ്ങനെ പ്രബോധിപ്പിച്ചെടുക്കുന്നതെന്നു കാണാം .പക്ഷെ മാധ്യമം തുടക്കം മുതല്‍ അതിന്റെ പ്രഖ്യാപിത നിലപാടുകളെ ഗോപ്യമായി , ബുദ്ധിപരമായി അവതരിപ്പിക്കുന്നതില്‍ അസാധാരണമായ കയ്യടക്കം കാട്ടിയെന്നു സമ്മതിക്കേണ്ടി വരും അതിന്റെ തുടക്കക്കാലത്ത് അക്കാലത്തെ ഏറ്റവും ധിഷണാശാലിയായ പി കെ ബാലകൃഷ്ണനെയും പിന്നീട് പ്രശസ്ത സാഹിത്യകാരന്‍ സി രാധാകൃഷനെയും ഒക്കെ സ്ഥാനീയ എഡിറ്റര്‍ പദവി കൊടുത്തു കൊണ്ടാണ് മുഖ്യധാരയിലെ പ്രതിച്ഛായ സൃഷ്ടിച്ചെടുത്തത് .

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ ഒടുക്കത്തെ അത്താണിയാണ് ജമാ അത്തെ ഇസ്ലാമിയും അതിന്റെ പ്രസിദ്ധീകരണങ്ങളുമെന്നാണ് അവര്‍ തന്നെ പറയുന്നത് . ജമാ അത്തെ ഇസ്ലാമി കേരള യുടെ ഭരണ ഘടനയില്‍ [അവരുടെ വെബ് സൈറ്റില്‍ നല്ല പച്ച യൂണീക്കൊഡ് മലയാളത്തില്‍ അതെഴുതി വെച്ചിട്ടുണ്ട് ] തന്നെ പറയുന്നുണ്ട് ഇഖാമതുദ്ദീന്‍ ആണ് അവരുടെ ലക്ഷ്യം എന്നു , അതായത് ഇന്നു ലോകത്തു പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ഏക ദീന്‍ ഇസ്ലാം ആണ് അനുസരിച്ചു ജീവിക്കുക അങ്ങനെ അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും കരസ്ഥമാക്കുക ഇതു മാത്രമാണ് ഇഹലോകത്തെ ജീവിതത്തിന്റെ ലക്ഷ്യം . അതൊക്കെ ശരി തന്നെയായിരിക്കും അല്ലെന്നു പറയാന്‍ മാത്രമുള്ള വിവരമൊന്നും എനിക്കില്ല. ഒരു സംഘടനയ്ക്കു അങ്ങനെ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള എല്ലാ അവകാശങ്ങളും ഒരു ജനാധിപത്യ രാജ്യമായ ഇന്‍ഡ്യയില്‍ ഉണ്ട് .പക്ഷെ അങ്ങനെയൊരു സംഘടന ജനാധിപത്യക്കുറിച്ചു , നിയമത്തെക്കുറിച്ചൊക്കെ വല്ലാതെ ആകുലപ്പെടുന്നതു അല്പം കടന്ന കൈയ്യല്ലെ ?ഇന്‍ഡ്യന്‍ ഭരണഘടന അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ കോടതികളില്‍ ജമാ അത്തെ ഇസ്ലാമിയുടെ സജീവ പ്രവര്‍ത്തകര്‍ക്കു ജോലിക്കു പോകണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണമെന്നാണ് അറിവ് .സംഗതി ഇവ്വിധമുള്ള പൊരുത്തക്കേടുകളെക്കുറിച്ചൊക്കെ എം എന്‍ കാരശ്ശേരിയും ഹമീദ് ചേന്ദമംഗലൂരുമൊക്കെ പലയാവൃത്തി ലേഖനങ്ങളും പുസ്തകങ്ങളും വരെ എഴുതിയിട്ടുണ്ട് , പക്ഷെ അവരൊക്കെ നാഗ് പൂരിലെ ആര്‍ എസ് എസ് ആസ്ഥാനത്തു നിന്നു നേരിട്ടു പണം പറ്റുന്ന സംഘ പരിവാര്‍ പിണിയാളുകളാണെന്നൊക്കെ മാധ്യമത്തിനു അറിയാം അതു കൊണ്ടു പ്രശ്നമില്ല .

അരക്ഷിതരായ കേരളാ മുസ്ലീങ്ങള്‍ .

ഇന്‍ഡ്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായ പുരോഗമന ചിന്താഗതിയുള്ള , ഉല്പതിഷ്ണുക്കളായ ഒരു വലിയ വിഭാഗം കേരളത്തിലുണ്ട് , അതു കൊണ്ടു തന്നെ ശക്തമായ ഒരു മതേതര പാരമ്പര്യവും നമുക്കവകാശപ്പെടാം അതു ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ സ്വാധീന ഫലമാണ് .ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ ആ ഒരു സ്ഥിതി വിശേഷത്തിനു വലിയ കേടുപാടുകളൊന്നും കൂടാതെ ഇന്നും നിലനില്‍ക്കുന്നുണ്ട് .പൊതുവില്‍ കേരളത്തില്‍ ഏതെങ്കിലും മത വിഭാഗത്തിനോട് എന്തെങ്കിലും അനീതിയോ അടിച്ചമര്‍ത്തലോ ഉണ്ടെന്നു പറയാനാകാത്ത സാഹചര്യമാണ് , എന്നു മാത്രമല്ല ശക്തമായ ഒരു ഇടത് പക്ഷ വിശ്വാസത്തില്‍ [സി പി എം മാത്രമല്ല ] കുറെക്കൂടി പുരോഗമനപരമായ രാഷ്ട്രീയ നിലവാരം അവകാശപ്പെടുക കൂടി ചെയ്യാം .ഇനി ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലുമൊരു മത വിഭാഗത്തിനു എന്തെങ്കിലും തരത്തില്‍ അത്തരമൊരു Bargaining or Negotiation സാധ്യമാകുന്നത് മുസ്ലീം മത വിഭാഗത്തിനു മാത്രമാണ് .ഇത്തരമൊരു സാഹചര്യത്തിലാണ് മുസ്ലീം മത വിഭാഗത്തെ ടാര്‍ജെറ്റ് ചെയ്തു കൊണ്ടു കേരളാ സര്‍ക്കാര്‍ [മുസ്ലീം ലീഗ് മുള്ളിയാലും തുമ്മിയാലും ഓച്ചാനിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ ആണെന്ന് ഓര്‍ക്കണം] ഈ മെയില്‍ ചോര്‍ത്തല്‍ നടത്തിയിരിക്കുന്നത് .258 മുസ്ലീം നാമ ധാരികളുടെ E mail data & log in details ആണ് സര്‍ക്കാര്‍ ചോര്‍ത്തിയിരിക്കുന്നതായി മാധ്യമം പത്രം വാര്‍ത്ത കൊണ്ടു വന്നത് , അതുംമുസല്‍മാന്മാരുടെ മാത്രം . പ്രത്യക്ഷത്തില്‍ തന്നെ നമ്മളൊന്നു ഞെട്ടുന്നു , അല്പ സമയത്തിനു ശേഷം സമചിത്തത വീണ്ടെടുത്ത് വീണ്ടും വീണ്ടും ഞെട്ടുന്നു - ഹോ പടച്ചോനെ മാപ്പളാര്‍ക്കൊരു നാട്ടിലും രക്ഷയില്ലല്ലോ എന്നു ആത്മഗതം മുഴക്കുന്നു , ഇസ്ലാമിനെ ഭീകരവാദിയാക്കാനുള്ള ആഗോള കുത്സിത ശ്രമങ്ങള്‍ക്കു കേരളവും വേദിയായെന്നോര്‍ത്തു ധാര്‍മ്മിക രോഷം കൊള്ളുന്നു . എല്ലാ കലിപ്പും അടങ്ങിക്കഴിഞ്ഞു നോക്കുമ്പോള്‍ വാര്‍ത്ത ഒന്നു കൂടി വായിക്കുമ്പോഴാണ് ചില സംശയങ്ങള്‍ ഉയരുന്നത് .

കൈ വെട്ടു കേസില്‍ പോലീസ് വ്യാപകമായ തിരച്ചിl നടത്തിയിരുന്നു , ബന്ധമുണ്ടെന്നു സംശയിക്കുന്നവരുടെ വീടുകളില്‍ റെയിഡ് നടത്തിയിരുന്നു , ഇതൊക്കെ സ്വാഭാവികമാണ് - ഒരു രാഷ്ട്രീയ കൊലപാതകമുണ്ടാകുമ്പോഴും ഇതൊക്കെ തന്നെ നടക്കുന്നുണ്ട് . ഉടന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വ്യാപക പ്രചരണം - മുസ്ലീങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് - പോലീസ് വേട്ടയാടുന്നു - പിന്നെ പോലീസ് എന്തു ചെയ്യണമായിരുന്നു - കൈ വെട്ടു കേസില്‍ സംശയം തോന്നുന്ന എല്ലാ അവന്മാരെയും പിടിച്ചു ഒരുമ്മയും കൊടുത്തു നന്ദി പറഞ്ഞു തിരിച്ചയക്കണമായിരുന്നോ ? പക്ഷെ ഈയൊരു മുസ്ലീം പീഡനം - മുസ്ലീം അരക്ഷിതാവസ്ഥ എന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രചരണം വ്യാപകമായതു കൊണ്ട് അന്നു സുഡാപ്പി ബാനറില്‍ മത്സരിച്ച കൈ വെട്ടു കേസിലെ പ്രതി ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചു - അപ്പോള്‍ ഈ അരക്ഷിതാവസ്ഥ പ്രചരണത്തിനും മുസ്ലീം മതമൌലിക ഏകീകരണത്തിനും വലിയ ശക്തിയുണ്ട് എന്നു നമുക്കു മനസ്സിലാക്കാം . അതു തന്നെയാണ് ഇവിടെയും പ്രയോഗിക്കുന്ന ആശയം .

സമകാലിക സംഭവങ്ങളെ അല്പം കൂടി ശ്രദ്ധിച്ചു വിലയിരുത്തിയാല്‍ ഈ “അരക്ഷിതാവസ്ഥ - ഒറ്റപ്പെടല്‍ “ പ്രചരണത്തിന്റെ പരിണിത ഫലമാണ് എന്‍ ഡി എഫ് - സുഡാപ്പി -സിമി എന്നീ പ്രസ്ഥാനങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ശക്തിപ്പെടുന്നതെന്നു കാണാം .മുസ്ലീം ഏകീകരണമല്ലാതെ ഈ പ്രസ്ഥാനങ്ങള്‍ക്കു മറ്റെന്തു അജണ്ടയാണുള്ളത് ? മുസ്ലീം ഏകീകരണത്തിനു , മുസ്ലീം ഉള്‍ വലിയലിനു ഏറ്റവും നല്ല വിഷയമാണ് ഈ അരക്ഷിതാവസ്ഥ

ഭൂരിഭാഗവും മുസ്ലീം മതസ്ഥരാകുമ്പോള്‍ മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വെച്ചാണെന്നു പറയുന്നതിലെന്തു തെറ്റ് എന്നു മാധ്യമം പത്രാധിപര്‍ തിരിച്ചു ചോദിച്ചു കഴിഞ്ഞു . പക്ഷെ ഒരാള്‍ ഇടപഴകുന്നതില്‍ ഭൂരിഭാഗവും മുസ്ലീം നാമധാരികളാവുമ്പോള്‍ പോലീസ് എന്തു ചെയ്യാനാണ് ?ഉദാഹരണമായി നടത്തറ ബോയ്സ് യു പി സ്കൂളില്‍ പഠിക്കുന്ന ടിന്റുമോന്റെ സുഹൃത്തുക്കള്‍ ആ സ്കൂളില്‍ തന്നെയാകുന്നത് സ്വാഭാവികമാണ് , അതു പോലെ തന്നെ ഇസ്ലാം വിശ്വാസങ്ങളോട് അമിത വിധേയത്വം പുലര്‍ത്തുന്ന ഒരാളുടെ മെയില്‍ കോണ്ടാക്റ്റ് ലിസ്റ്റില്‍ 100 ഹിന്ദു , 75 ക്രിസ്ത്യന്‍ ,50 മുസ്ലീം എന്നിങ്ങനെ ജന സംഖ്യാനുപാതികമായി കാണാന്‍ സാധ്യതയില്ല അതിനു പോലീസെന്തു ചെയ്യും എന്റെ വിജു നായരെ ?

നമുക്കീ ഹിന്ദു - ക്രിസ്ത്യന്‍ - മുസ്ലീം ജനസംഖ്യാ കണക്കെടുപ്പു നിര്‍ത്തി കാര്യങ്ങളിലേക്കു വരാം - കേരളത്തില്‍ ഇസ്ലാം തീവ്രവാദം അല്ലെങ്കില്‍ മൌലിക വാദം ഇല്ല , അതൊക്കെ ഭരണകൂട ഭീകരതയാണ് എന്നു സ്ഥാപിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് പോപ്പുലര്‍ ഫ്രണ്ട് തൊടുപുഴയില്‍ കൈവെട്ടു പരാക്രമം നടത്തിയത് . വ്യക്തമായ ആസൂത്രണവും വിദേശ സഹായവും ഉണ്ടായിരുന്ന ഒരു സംഭവമായിരുന്നു അത് , ആ സംഭവം നടന്നു എന്നതിലുപരി അതിനെ ന്യായീകരിക്കുന്ന ഒരു നിലപാട് പല സ്ഥലത്തു നിന്നും ഉണ്ടായി .പ്രവാചകനെ നിന്ദിച്ചോ ഇല്ലയോ എന്നുള്ള ഹൈപ്പോതെറ്റിക്കല്‍ ചോദ്യത്തിനുമപ്പൂറത്തു വളരെ ആസൂത്രിതമായി അതിനൊരു പകരം വീട്ടല്‍ ഉണ്ടാകാന്‍ മാത്രമൊരു മത മൌലിക വാദത്തീന്റെ ദല്ലാളന്മാര്‍ കേരളത്തില്‍ ശക്തമായി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തെളിഞ്ഞതാണ് . അതിനും മുമ്പാണ് കേരളത്തിലെ മുസ്ലീം ചെറുപ്പക്കാര്‍ ജിഹാദില്‍ ആകൃഷ്ടരായി പാക്കിസ്ഥാനിലേക്കു കടക്കുന്നുവെന്നെല്ലാമുള്ള വലിയ വാര്‍ത്താ പ്രചരണങ്ങളുണ്ടായത് .അന്നു ഏറെ പഴി കേട്ടത് സര്‍ക്കാറിന്റെ ഇന്റലിജന്‍സ് സംവിധാനങ്ങളായിരുന്നു . ഇപ്പോള്‍ അത്തരത്തില്‍ സിമി ബന്ധമുണ്ടെന്നു സംശയിക്കപ്പെടുന്ന ഒരാളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ നിരീക്ഷിക്കുന്നതില്‍ എന്താണ് തെറ്റ് ? അഹിതമായി എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പെ അതു തടയുന്നതല്ലെ ഉചിതം .

പത്രാധിപരെ നിങ്ങള്‍ക്കു അംനീഷ്യ ഉണ്ടോ ?

മാധ്യമം ഈ-മെയില്‍ സ്കൂപ്പിനെ അവതരിപ്പിക്കുന്നത് ഇത് വ്യക്തികളുടെ സ്വകാര്യതയെ മാനിക്കാത്ത ജനാധിപത്യ വിരുദ്ധമെന്നും ലോകത്തു മുമ്പെങ്ങും നടക്കാത്ത നികൃഷ്ടവുമാണെന്നാണ് . 2010 ഡിസംബര്‍ ലക്കം “പത്രാധിപരെ താങ്കളും നഗ്നനാണ് “ എന്ന കവര്‍ സ്റ്റോറിയുമായി ഇറങ്ങിയ മാധ്യമം ആ ലക്കത്തില്‍ പ്രധാനമായും ഊന്നല്‍ കൊടുത്തതു ഒരേ ഒരു കാര്യത്തിനായിരുന്നു .നീരാ റാഡിയയുമായി ബന്ധപ്പെട്ട നിരവധി പേരുടെ ടെല ഫോണ്‍ ചോര്‍ത്തിയതും അങ്ങനെ പത്രാധിപരും രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളുമടങ്ങിയ അവിശുദ്ധ കൂട്ടു കെട്ട് സൃഷ്ടിച്ച ജീര്‍ണ്ണാവസ്ഥയെക്കുറിച്ചുമാണ് വാരിക ഒന്നിലേറെ ഫീച്ചറുകളുമായി ധാര്‍മ്മിക രോഷം കൊണ്ടത് . അന്നത്തെ സംഭവത്തില്‍ നീരാ റാഡിയയുമായി ബന്ധപ്പെട്ടതിന്റെ പേരില്‍ ഫോണ്‍ ചോര്‍ത്തപ്പെട്ട വ്യക്തികള്‍ - എന്‍ ഡി ടി വി എഡിറ്ററും പദ്മശ്രീ ജേതാവുമായ ബര്‍ഖാ ദത്ത , hindusthan times ന്റെ എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാംഘ്വി ,അംബാനി , റിലയന്‍സിന്റെ ടോപ്പ് ഒഫിഷ്യത്സ് , രത്തന്‍ ടാറ്റ , അടല്‍ ബിഹാരി ബാജ്പേയിയുടെ മരു മകന്‍ രഞ്ചന്‍ ഭട്ടാചാര്യ തുടങ്ങി പ്രശസ്തരും അപ്രശസ്തരുമായ നിരവധി പേരുടെ ഫോണ്‍ ചോര്‍ത്തുകയും അതെല്ലാം തെളിവെടുപ്പിനായി ഉപയോഗിക്കുകയും ചെയ്തിരിക്കുന്നു . ആ ഒരു വാര്‍ത്തയെ ആണ് മാധ്യമം “പത്രാധിപരെ താങ്കളും നഗ്നനാണ് “ എന്ന സ്പെഷ്യല്‍ കവര്‍ സ്റ്റോറിയിലൂടെ ധാര്‍മ്മിക രോഷത്തില്‍ മുക്കിയെടുത്തത് .

ഈ മെയില്‍ വിവാദത്തില്‍ മാധ്യമം പറയുന്നു - വ്യക്തികളുടെ സ്വകാര്യതയില്‍ ഭരണ കൂടം ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമാണ് , കുറ്റവാളിയാണ് എന്നു തെളിവില്ലാത്തവരെ ഇത്തരത്തില്‍ നിരീക്ഷിക്കുന്നത് അധാര്‍മ്മികമാണ് , ഈ മെയില്‍ ലിസ്റ്റില്‍ പത്ര പ്രവര്‍ത്തകരുണ്ട് , പ്രൊഫഷണത്സ് ഉണ്ട് , ഉന്നതരുണ്ട് - ഇതൊക്കെ അധാര്‍മ്മികമാണ് - 2010 ഡിസംബര്‍ ലക്കത്തിലെ കവര്‍ സ്റ്റോറിയില്‍ ഇതൊന്നും എഴുതിക്കണ്ടില്ല ബര്‍ഖാ ദത്തോ , രത്തന്‍ ടാറ്റയോ , വീര്‍ സാംഘ്വിയോ മുമ്പു ക്രിമിനല്‍ കേസില്‍ പെട്ടിട്ടുള്ളവരല്ല എന്നു മാത്രമല്ല സമൂഹത്തിലെ ആദരണീയര്‍ കൂടിയായിരുന്നു ,അവരുടെ സ്വകാര്യതകളില്‍ ഇടപെടുന്നത് ജനാധിപത്യ വിരുദ്ധമായിരുന്നില്ലെ ? അവര്‍ പ്രൊഫഷണത്സ് ആയിരുന്നു - അപ്പോള്‍ മാധ്യമത്തിന്റെ ജനാധിപത്യത്തോടുള്ള , സ്നേഹവും വ്യക്തിസ്വാതന്ത്ര്യത്തോടുള്ള അഭിനിവേശവും മുസ്ലീങ്ങളുടെ മെയില്‍ പരിശോധനക്കു വിധേയമാക്കുമ്പോള്‍ മാത്രമേ ഉണരുവെങ്കില്‍ അതിന്റെ പേര് ജനാധിപത്യമെന്നല്ല . 2010 ഡിസംബര്‍ കഴിഞ്ഞിട്ടു കാലം ഇശ്ശി ഒന്നും ആയിട്ടില്ലല്ലോ ഓ. അബ്ദു റഹിമാന്‍ സാഹിബേ അതൊക്കെ മറന്നു പോകാന്‍ ?


നിഷ്കളങ്കമായ മാധ്യമ പ്രവര്‍ത്തനം


ഈ മെയില്‍ വിഷയത്തില്‍ ഈ മെയില്‍ ചോര്‍ത്തിയോ പോലീസിന്റെ ഭാഗത്തു വീഴ്ച വന്നോ എന്നുള്ള കാര്യത്തില്‍ എനിക്കും അസന്ദിഗ്ദമായ ഒരു അഭിപ്രായം ഒന്നുമില്ല , പക്ഷെ ഈയൊരു സംഭവത്തെ മാധ്യമം Exploit ചെയ്ത വിധം സംശയാകുലമാണ് . ഈയൊരു വാര്‍ത്തയില്‍ എന്തു മത സ്പര്‍ദ്ധ ?ഞങ്ങള്‍ മറ്റു മതക്കാര്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നു മാധ്യമം പത്രാധിപര്‍ നിഷ്കളങ്കതയോടെ നമ്മോടു ചോദിക്കുന്നു - . മത വിശ്വാസികളെ സംബന്ധിച്ചിടത്തോളം മറ്റു മതത്തെക്കുറിച്ചു എന്തു പറയുന്നു എന്നല്ല തങ്ങളുടെ മതത്തെക്കുറിച്ചു , മതവിശ്വാസികളെക്കുറിച്ചു എന്തു പറയുന്നു /എന്തു ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ് അവരുടെ വൈകാരിക പ്രതിബദ്ധത ഉണരുന്നത് . ഉദാഹരണമായി കൈ വെട്ടു കേസ് - അതു ഒരു ക്രിസ്ത്യാനി പറഞ്ഞതു കൊണ്ടല്ല വിഷയമാകുന്നത് മറിച്ചു തന്റെ വിശ്വാസത്തെ , തന്റെ നില നില്‍പ്പിനെ ബാധിക്കുന്നുവെന്ന ഒരറിവാണ് , വിശ്വാസിയായ മുഹമ്മദ് അസറുദ്ദീന്‍ നൈക്കി ഷൂവിന്റെ പരസ്യത്തില്‍ അഭിനയിച്ചപ്പോഴും ഉണ്ടായല്ലൊ ഈ പ്രശ്നം പ്രവാചകന്റെ പേരുള്ള ഒരാള്‍ പാദരക്ഷയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ പാടില്ല - അതായത് തന്റെ മൌലിക വിശ്വാസത്തെ പോറലേല്‍പ്പിക്കാനോ തങ്ങള്‍ അരക്ഷിതരാണെന്ന ധാരണ പരത്താനോ മറ്റൊരു മതത്തിന്റെ സ്വാധീനം ആവശ്യമില്ല .


എല്ലാ വര്‍ഗ്ഗീയ ധ്രുവീകരണവും ആരംഭിക്കുന്നത് - തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്ന ആശയം സ്ഥാപിച്ചെടുക്കുന്നതിലൂടെയാണ് .ഗോധ്ര കലാപത്തിന്റെ അടിസ്ഥാനം തന്നെ 56 കര്‍സേവകര്‍ ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു , തങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെട്ടിരിക്കുന്നു [അതാരാണ് ചെയ്തതെന്നു എനിക്കുറപ്പൊന്നുമില്ല - ഒരു പക്ഷെ സംഘപരിവാര്‍ തന്നെ ചെയ്തതാവാം ]

തന്റെ മത വിശ്വാസം , താന്‍ വിശ്വസിക്കുന്ന മത വിഭാഗം അരക്ഷിതരാണ് , ഞങ്ങള്‍ ഒറ്റപ്പെടുന്നു , ഞങ്ങളെ ഒറ്റപ്പെടുത്തുന്നു , ഞങ്ങള്‍ സംഘടിക്കേണ്ടിയിരിക്കുന്നു - ഇതാണ് മാധ്യമത്തിന്റെ ഈ മെയില്‍ വിവാദം സൃഷ്ടിക്കുന്ന അജണ്ട , അതല്ലെന്നിപ്പോ ഓ അബ്ദു റഹിമാന്‍ ആണയിട്ടു പറഞ്ഞാലും വിശ്വസിക്കാന്‍ ഞാന്‍ ജമാ അത്തെ ഇസ്ലാമിക്കാരനല്ല . അങ്ങനെ തന്നെയാണ് ചര്‍ച്ചകളും പ്രചരണങ്ങളും നടക്കുന്നത് .

ഞങ്ങള്‍ ഒറ്റപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ഒറ്റപ്പെടുന്നത് ? ഞങ്ങള്‍ ടാര്‍ജെറ്റ് ചെയ്യപ്പെടുന്നു എന്നു വെച്ചാല്‍ ആരില്‍ നിന്നാണ് ടാര്‍ജെറ്റ് ചെയ്യപ്പെടുന്നത് ? എന്താ സംശയം മറ്റു മത വിഭാഗങ്ങളില്‍ നിന്നാണ് നമ്മള്‍ ഒറ്റപ്പെടുന്നത് , മറ്റു മത വിഭാഗങ്ങള്‍ക്കു വേണ്ടിയാണ് ഭരണ കൂടം നമ്മളെ ടാര്‍ജെറ്റ് ചെയ്യുയ്ന്നത് . അതു കൊണ്ട് നമ്മള്‍ അരക്ഷിതരാണ് , നമ്മള്‍ സംഘടിക്കേണ്ടിയിരിക്കുന്നു .

നോക്കൂ എത്ര ലളിതമായാണ് ഇസ്ലാമിക മൌലിക വാദം മാധ്യമം അതിന്റെ വായനക്കാരിലേക്കെത്തിക്കുന്നത് .എഴുതിയിരിക്കുന്നതേതോ ഒരു നായരും ഇനീപ്പോ എന്തു വേണം കൂടുതല്‍ വിശ്വാസ്യതയ്ക്ക് ?

മുസ്ലീം ലീഗിലെ ഔദ്യോഗിക നേതൃത്വം സര്‍ക്കാറിന്റെ നടപടിയെ ന്യായീകരിക്കുമ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി അന്വേഷണം ആവശ്യപ്പെടുന്നു . ഇ ടി മുഹമ്മദ് ബഷീര്‍ അങ്ങനെ ആവശ്യപ്പെട്ടില്ലെങ്കിലേ അല്‍ഭുതമുള്ളൂ , കാരണം അധ്യാപകന്റെ കൈ വെട്ടു കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നടപടിയെ ശ്ലാഘിച്ച മഹനീയ മതേതരത്വ വാ‍സന അദ്ദേഹത്തിന്റെ ഉള്ളിലുണ്ട് .മാധ്യമത്തിന്റെ പ്രധാന എഴുത്താളനാണ് വിജു വി നായര്‍ , അദ്ദേഹത്തിന്റെ ധിഷണാശക്തിയും എഴുത്തിന്റെ ശൈലിയും ആദ്യമായി ശ്രദ്ധിക്കുന്നത് മുംബെയ് ഭീകരാക്രമണത്തോടനുബന്ധിച്ച് സന്ദീപ് ഉണ്ണികൃഷ്ണന്‍ രക്ത സാക്ഷിത്വം വരിച്ചു ആ സംഭവത്തെ അദ്ദേഹം വിവരിച്ച സര്‍ക്കാസ്റ്റിക് സ്റ്റയില് കണ്ടാണ് .“ വെറുതെ തിന്നിരുന്നു ഉണ്ട കൊള്ളാന്‍ പോയി “ എന്നോ മറ്റോ ആയിരുന്നു ആ വാചകം [ഓര്‍മ്മയില്‍ നിന്നാണ് പഴയ ലക്കമൊന്നും സൂക്ഷിച്ചു വച്ചിട്ടുമില്ല ] .അങ്ങനെയൊരാള്‍ എന്തെഴുതിയാലും ആ ഒരു ശൈലി വന്നു പോകുന്നതു സ്വാഭാവികമാണ് , വ്യക്തമായ അജണ്ടയുള്ള ഒരു പത്രമാകുമ്പോള്‍ പ്രത്യേകിച്ചും . പക്ഷെ നാട്ടാരെന്തിനാ ഇത്ര കണ്ട് ബേജാറാകണത് ? ലവ് ജിഹാദ് പോലെ തന്നെ ഈ വാര്‍ത്തയും ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി വിവേചനം സൃഷ്ടിക്കാനുള്ള വ്യക്തമായ അജണ്ടയുള്ള ഒരു വാര്‍ത്താ നിര്‍മ്മിതിയാണ് അതിനെ പിന്‍ പറ്റി വലിയ ആശങ്കകള്‍ സമൂഹത്തില്‍ നില നിര്‍ത്തേണ്ട കാര്യമില്ല .

ഉപദംശം .

ഒരു സ്കൂപ്പ് വിവാദം .

കടുത്ത വയറു വേദന കൊണ്ട് കരയുന്ന മകനെയും കൊണ്ട് രാമചന്ദ്രന്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു ജബ്ബാര്‍ .

ഡോക്ടര്‍ : എപ്പോഴാ ജബ്ബാറേ വയറു വേദന തുടങ്ങീത്‌ ?
ജബ്ബാര്‍ : അസര്‍ ബാങ്ക് കൊടുത്തെ പിന്നെ ആണ് ഡോക്ടറെ
ഡോക്ടര്‍ : എന്നാലിനി ആ സാധനം കൊടുക്കണ്ടാ
ജബ്ബാര്‍ : അയ്യോ ഡോക്ടറെ അത് മോയ്ല്യാര് കൊടുക്കനതാണല്ലോ
ഡോക്ടര്‍ : ആരായാലും അതിനി കൊടുക്കണ്ടാന്ന് പറഞ്ഞേക്ക് , വെറുതെ ഓരോന്ന് കുട്ടിക്ക് കൊടുത്തിട്ടാണ് ഈ വയറു വേദന മാറാത്തത് .

പിറെന്നത്തെ മാധ്യമം സ്കൂപ്പ് വാര്‍ത്ത - ഹിന്ദു ഫാസിസ്റ്റ് ആയ രാമചന്ദ്രന്‍ ഡോക്ടര്‍ അസര്‍ ബാങ്ക് കൊടുക്കണ്ടാ എന്ന് .

Saturday, 14 January 2012

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍





പദ്മരാ‍ജന്റെ തന്നെ അതേ പേരിലുള്ള ഒരു ചെറുകഥയെ അനുകല്പനമാക്കി 1986 ല്‍ പുറത്തു വന്ന ചിത്രമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ .തന്റെ ഏറ്റവും മികച്ച ചിത്രമായി പദ്മരാജന്‍ തന്നെ വിലയിരുത്തിയ അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ അദ്ദേഹത്തിനു വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും പ്രതീക്ഷകള്‍ക്കനുസരിച്ചു പ്രേക്ഷക ശ്രദ്ധയോ ബോക്സ് ഓഫീസ് വിജയമോ നേടാന്‍ ആ ചലച്ചിത്രത്തിനു കഴിഞ്ഞില്ല . ഒരു വലിയ പൂങ്കുലയപ്പാടെ മുഴുവന്‍ തന്റെ കയ്യടക്കം കൊണ്ടു ഒളിപ്പിച്ചു വെക്കാനും ഒരു അനിശ്ചിതാവസ്ഥയുടെ ഇടവേളക്കു ശേഷം അപ്രതീക്ഷിതമായി വെളിപ്പെടുത്തി കാണികളെ വിസ്മയിപ്പിക്കാനുമുള്ള ആ കയ്യടക്കമാണ് ഒരു മാന്ത്രികന്റെ പ്രതിഭയെന്നു പറയാറുണ്ട് - അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ ആ കയ്യടക്കത്തിന്റെ മനോഹരമായ ചിത്രം നമുക്കു ലഭിക്കും .ഒരു പെണ്ണിന്റെയും അര്‍ദ്ധ നഗ്ന മേനിയില്ലാതെ , അശ്ലീലം ചുവക്കുന്ന ദ്വയാര്‍ത്ഥ വാചകങ്ങളില്ലാതെ ,കണ്ണുകളില്‍ കാമം നിറച്ച വിടന്മാരായ പുരുഷ കഥാപാത്രങ്ങളില്ലാതെ ഒരു വേശ്യാലയത്തിന്റെ കഥ പറയുവാന്‍ പദ്മരാജനേ കഴിയൂ .


നഗരവാസികളായ സക്കറിയ , ഹിലാല്‍ , ഗോപി എന്നിങ്ങനെ മൂന്നു സുഹൃത്തുക്കള്‍ ഒരു വിഷുത്തലേന്നു രാത്രി ബാറില്‍ സംഗമിക്കുന്നിടത്തു നിന്നാണ് കഥയുടെ ആരംഭം .സക്കറിയ ഒരു അരാജക വാദിയുടെ മട്ടും ഭാവവും സൂക്ഷിക്കുന്ന മദ്യത്തെ മാത്രം സ്നേഹിക്കുന്ന ഒരു rough & tough ടൈപ്പാണ് , ഗോപി കേസില്ലാ വക്കീലും അല്പം രസികത്തവുമൊക്കെയുള്ള കുടുംബസ്ഥനും ഹിലാല്‍ ഈ സൌഹൃദത്തിലെ ഇളമുറക്കാരനും പതിവ്രതനുമാണ് . ഈ മൂവര്‍ക്കൊപ്പം ചേരുന്ന ഇവരുടെ മറ്റൊരു സുഹൃത്തായ ജോസഫിന്റെ “ കുറച്ചു സുന്ദരിമാരെ കണി കൊണ്ടു ആസ്വദിച്ചു കൊണ്ടു വിഷുക്കണി ആഘോഷിച്ച് കളയാമെന്നുള്ള “ ഫാന്റസി നിറഞ്ഞ ക്ഷണം ഒരു ഗ്രാമീണ വേശ്യാലയത്തിലേക്കുള്ളതാണ് . ഒരു മാളുവമ്മയാണ് അതിന്റെ നടത്തിപ്പുകാരി , ഒരിക്കല്‍ സക്കറിയയും ജോസഫും ഈ മാളുവമ്മയുടെ സ്ഥലത്തേക്കു പോയിട്ടുമുണ്ട് .അങ്ങനെ ആ രാത്രി തന്നെ നാല്‍ വര്‍ സംഘം മാളുവമ്മയുടെ “കുട്ടികളെ “ കാണാനായി തിരിക്കുകയാണ് . ജോസഫിനു അവിടെ പോകുന്നതില്‍ സ്വകാര്യവും സ്വാര്‍ത്ഥവുമായ ഒരാഗ്രഹം കൂടിയുണ്ട് - മാളുവമ്മയുടെ അടുത്തു പുതിയ ഒരു പെണ്‍കുട്ടി വന്നിട്ടുണ്ട് - ഗൌരിക്കുട്ടി , അവളെ അയാള്‍ക്കു വേണം .അങ്ങനെ ആ യാത്ര ആരംഭിക്കുകയും ഇടയ്ക്കു വെച്ചു ജോസഫും സക്കറിയായും തമ്മിലുണ്ടായ പിണക്കത്തില്‍ തന്റെ ഔദാര്യത്തിലാണ് യാത്രയെന്നു ജോസഫ് പറയുന്നിടത്തു വെച്ചു ജോസഫിന്റെ സമ്പത്തിന്റെ ധാര്‍ഷ്ട്യത്തിനു തങ്ങളെ കിട്ടില്ലെന്നറിയിച്ചു കൊണ്ട് സക്കറിയയും ഹിലാലും ഗോപിയും ജോസഫില്ലാതെ തന്നെ മാളുവമ്മയുടെ വീട്ടിലേക്കു യാത്ര തിരിക്കുന്നു. അവിടെ നിന്നാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലേക്കുള്ള വാതായനങ്ങള്‍ തുറക്കുന്നത് .

അരപ്പട്ട കെട്ടുന്ന “മാപ്പിളമാരെ “ പ്രകടമായി തന്നെ കാണിക്കുന്നതു കൊണ്ടു അരപ്പട്ട കെട്ടിയ ഗ്രാമം എന്ന പേരു ഒരു മുസ്ലീം ആധിപത്യ ഗ്രാമത്തെക്കുറിച്ചാണെന്നു ചില നിരീക്ഷണങ്ങളുണ്ടെങ്കിലും നായര്‍ പ്രമാണിയായ പണിക്കരുടെ അനുചരനായ നാരായണനും അരപ്പട്ട [ബെല്‍റ്റ് ] കെട്ടൂന്നതായി കാണുന്നുണ്ട് അതു കൊണ്ടൂ തന്നെ യുദ്ധസജ്ജരായ ഗ്രാമീണര്‍ എന്നതിന്റെ കാവ്യാത്മകമായ പ്രയോഗമാവാനേ സാധ്യതയുള്ളൂ . , ഈ ഗ്രാമത്തിന്റെ സംരക്ഷണവും ആധിപത്യവും മൂപ്പന്‍ എന്നു പേരുള്ള മുസ്ലീം പ്രമാണിയുടെ അനുചരര്‍ക്കാണ് . മാളുവമ്മയുടെ ഇടപാടുകള്‍ മൂപ്പന്റെ സമ്മതത്തിലും സംരക്ഷണത്തിലുമാണ് നടക്കുന്നത് , പുതുതായി എത്തുന്ന പെണ്‍ കുട്ടികളുടെ ആദ്യാവകാശം മൂപ്പനാണ് എന്നൊരു അലിഘിത നിയമം ഈയൊരു സംരക്ഷണ ഉടമ്പടിയിലുണ്ട് . ഒരുള്‍ നാടന്‍ ഗ്രാ‍മത്തിലെ നഷ്ടപ്രതാപത്തിന്റെ സൂചനകള്‍ നിറഞ്ഞു നില്‍ക്കുന്ന ചാലക്കുടി വീട്ടില്‍ എന്ന നായര്‍ തറവാട്ടിലെ മാളുവമ്മ തന്റെ പ്രതാപം നില നിര്‍ത്താനും ഉപജീവനത്തിനുള്ള മാര്‍ഗ്ഗമായുമാണ് ഈയൊരു വേശ്യാലയം നടത്തുന്നത് അതു കൊണ്ട് തന്നെ മൂപ്പന്റെ സംരക്ഷണവും കാവലും മാളുവമ്മയ്ക്കു ആവശ്യമാണ് .ഗ്രാമത്തിലേക്കു മൂവര്‍ സംഘം പ്രവേശിക്കുമ്പോള്‍ തന്നെ അരപ്പട്ട കെട്ടിയ ഗ്രാമീണ മുസല്‍മാന്മാര്‍ ശ്രദ്ധയോടെ ഈ അപരിചിതരെ നിരീക്ഷിക്കാന്‍ തുടങ്ങുന്നു , അവരാണ് ആ ഗ്രാമത്തിന്റെ കാവല്‍ക്കാരും സദാചാര സംരക്ഷകരും.സദാചാര കാവല്‍ക്കാര്‍ ഏതു കാലത്തും ഏതു ദേശത്തും ഒരേ മാനസിക നില കാത്തു സൂക്ഷിക്കുന്നവരാണ് ,അവര്‍ക്കാവശ്യമുള്ളത് കിട്ടുന്നതു വരെ മാത്രമാണ് ഈ സദാചാരം സംരക്ഷിക്കപ്പെടുന്നത് . മാളുക്കുട്ടിയമ്മയുടെ വീട്ടിലെ സന്ദര്‍ശകരായി എത്തുന്ന മൂവര്‍ സംഘത്തെ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന മൂപ്പന്റെ ആളുകളായ തദ്ദേശീയരുടെയും സദാചാര സംരക്ഷണത്തിന്റെ .മൂപ്പനാണെങ്കില്‍ ഗൌരിക്കുട്ടിയുടെ കാര്യത്തില്‍ മാളുക്കുട്ടിയമ്മയുമായി അല്പം രസക്കേടു നില നില്‍ക്കുന്നുണ്ട് , അതു കൊണ്ട് മാത്രമാണ് സന്ദര്‍ശകരെ തടസ്സപ്പെടുത്തുകയും തടഞ്ഞു വെക്കുകയും ചെയ്യുന്നത്. അവരുടെ നേതാവായ മൂപ്പന്റെ ഇച്ഛാനുസരണമാണ് അവിടെ ഓരോ കാര്യങ്ങളും നടക്കുന്നതെന്നു ഗ്രാമത്തില്‍ പ്രവേശിച്ചതിനു ശേഷം പതിയെ നഗരവാസികള്‍ക്കു ബോധ്യപ്പെടുന്നു .

പദ്മരാജന്റെ മുന്‍ ചിത്രങ്ങളായ കള്ളന്‍ പവിത്രനിലും ഒരിടത്തൊരു ഫയല്‍ വാനിലും നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണമായ ലാളിത്യവും ഗ്രാമ വാസികളുടെ വിശേഷങ്ങളും അന്യമായ തികച്ചും ഗൌരവതരമായ , വ്യത്യസ്തമായ ഒരു ഗ്രാമമാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെ ചിത്രീകരിക്കപ്പെടുന്നത് . കണ്ടു പരിചയിച്ച പരമ്പരാഗതമായ സിനിമാ സങ്കല്പത്തില്‍ ഗ്രാമവിശുദ്ധിയില്‍ നിന്നു നഗരത്തിലെത്തുന്ന നിഷ്കളങ്കരായ ഗ്രാമീണതയെ നഗരത്തിന്റെ മുഷ്കും കുടിലതകളും ഭയപ്പെടുത്തുകയും ചതിയില്‍പ്പെടുത്തുകയുമാണ് ചെയ്യുന്നത് നഗരം എപ്പോഴും ദുഷ്ടന്മാരും സ്വാര്‍ത്ഥരും മര്യാദയില്ലാത്തവരുമായ ഒരു പറ്റം ആളുകളുടെ സങ്കേതമാണ് ഗ്രാമം വിശുദ്ധിയും നിഷ്കളങ്കതയും നിറഞ്ഞതും . ഈ സങ്കല്പങ്ങളില്‍ നിന്നു വിഭിന്നമായി നന്മ നിറഞ്ഞതല്ലാത്ത ഒരു ഗ്രാമ പശ്ചാത്തലവും നിഷ്കളങ്കരായ നഗരവാസികളെയും ഒരുക്കുകയാണ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലൂടെ . ചിട്ടവട്ടങ്ങളനുസരിച്ചു വ്യഭിചരിക്കാന്‍ ഗ്രാമത്തില്‍ നിന്നു നഗരത്തിലേക്കാണ് പോകേണ്ടത് , ഗ്രാമവും ഗ്രാമ വാസികളും അത്തരം കാര്യങ്ങളിലൊക്കെ വല്ലാത്ത യഥാസ്ഥിതികമാണ് എന്നു പല മുന്‍ കാല ചിത്രങ്ങളിലും പദ്മരാജന്റെ തന്നെ തൂവാനത്തുമ്പികളിലും അതിനു നമ്മള്‍ സാക്ഷികളായിട്ടുണ്ടല്ലൊ .

സൌഹൃദത്തിലെ ചില്ലറ രസക്കൂട്ടുകള്‍ക്കപ്പുറം കുടിലമായ ഒരു ചിന്തകളും നഗരവാസികളായ സക്കറിയ , ഗോപി , ഹിലാല്‍ എന്നീ ത്രിമൂര്‍ത്തികളിലില്ല .ബാറിലെ ക്യാബറേ നര്‍ത്തകിയോടു പോലും മാന്യതയോടെ , അവളുടെ ജോലിയെ മാനിച്ചു കൊണ്ടാണ് അവര്‍ പെരുമാറുന്നത് . നഗരവാസികളുടെ സ്റ്റീരിയോ ടൈപ്പ് പണത്തിനോടുള്ള ആര്‍ത്തിയോ സ്വാര്‍ത്ഥതയോ ഒരിക്കല്‍ പോലും കാണുന്നുമില്ല , പണക്കാരനായ ജോസഫിന്റെ ധാര്‍ഷ്ട്യത്തോടു പ്രതികരിക്കുന്ന സക്കറിയക്കൊപ്പമാണ് ബാക്കിയുള്ള രണ്ടു പേരും .അവര്‍ക്കിടയില്‍ ജാതിയോ മതമോ ഒരിക്കല്‍ പോലും കടന്നു വരുന്നില്ല .ഹിന്ദുക്കളുടെ പുണ്യദിനമായ “ വിഷുവിനാണ് വിര്‍ജിനിറ്റി ലോസിനു ഏറ്റവും ബെസ്റ്റ് “ എന്നു ഹിലാലിനോടു പറയുന്നത് ഹിന്ദുവായ ഗോപിയാണ് അതായത് അവരെ സംബന്ധിച്ചു ജാതി മത കേന്ദ്രീകൃതമായ ഒരു വിഭജനം അസാധ്യമാണ് . നഗരവാസികളായ സക്കറിയെയും ഹിലാലിനെയും ഗോപിയെയും യോജിപ്പിക്കുന്നത് കളങ്കമില്ലാത്ത ഈ ഗാഡ സൌഹൃദം മാത്രമാണ് , നിഷ്കളങ്കരും നന്മ നിറഞ്ഞവരുമായ നഗരവാസികള്‍ അവിടെ നിന്നു നിന്നു ഗ്രാമത്തിന്റെ ഭീതിതമായ ഒരു ജനപഥത്തിലേക്കെത്തി കുഴപ്പത്തിലകപ്പെടുന്ന നഗരവാസികളെയാണ് സക്കറിയ , ഗോപി , ഹിലാല്‍ എന്നീ ത്രിമൂര്‍ത്തികളിലൂടെ അവതരിപ്പിക്കുന്നത് .

പദ്മരാജന്റെ സിനിമകള്‍ പ്രാഥമികമായ വെറും കാഴ്ചകളെക്കാള്‍ ഉള്‍ക്കാഴ്ചയോടെ വിലയിരുത്തപ്പെടേണ്ടവയാണ് , അരപ്പട്ട കെട്ടിയ ഗ്രാമം വിവിധ മാനങ്ങളുള്ള ഒരു കാഴ്ചയാണ് .ഒരു ഗ്രാമത്തിലെ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷ ഭരിതമായ അന്തരീക്ഷം , കണ്ടു മടുത്ത പരമ്പരാഗത ഗ്രാമ സങ്കല്പം അത്രയൊന്നും പവിത്രമല്ല ,മരുമക്കത്തായം നില നിന്നിരുന്ന കാലത്തെ നായര്‍ തറവാടുകളിലെ കുടുംബാധികാര ഘടനയില്‍ സ്ത്രീകള്‍ക്കനുകൂലമായ സാമ്പത്തിക ശക്തിയും സംബന്ധമെന്ന ആചാരവും തമ്മിലുള്ള പാരാസ്പര്യം ,കാമം , പ്രണയം പ്രതികാരം ഈ ത്രയങ്ങളുടെ സമ്മേളനം , ഉദാത്തമായ സൌഹൃദത്തിന്റെ ആവിഷ്കാരം അങ്ങനെ നിരവധി മാനങ്ങളില്‍ നിന്നു കൊണ്ടുള്ള ഒരു കാഴ്ച സാധ്യമാണ് പക്ഷെ സിനിമയുടെ ആദ്യാവസാനത്തിനു നിദാനമാകുന്നതും അതിന്റെ ഏറ്റവും പ്രധാനപ്പെട്ടതുമായ കാഴ്ച - പെണ്ണിന്റെ കന്യകാത്വം അപകടകരമാണ് എന്നതാ‍ണ് .

കന്യകാത്വം അപകടകരമായ പ്രലോഭനമാണ്

ഏതൊക്കെ വീക്ഷണകോണിലൂടെ നോക്കിയാലും ആത്യന്തികമായി ഗൌരിക്കുട്ടിയുടെ കന്യകാത്വമാണീ ചലച്ചിത്രത്തിന്റെ കേന്ദ്ര ബിന്ദുവും പ്രലോഭനവും, രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സ്പര്‍ദ്ധ , മൂവര്‍ സംഘത്തിന്റെ ഗ്രാമ പ്രവേശം , ഒരു കലാപം അതിന്റെ ദാരുണമായ അന്ത്യം എല്ലാം ഗൌരിക്കുട്ടിയുടെ കന്യകാത്വത്തിന്മേലുള്ള അഭിനിവേശത്തിന്മേലാണ് . ഒരു ഗ്രാമം അടക്കി ഭരിക്കുന്ന മൂപ്പനും പണിക്കരും തമ്മില്‍ ഗൌരിക്കുട്ടിക്കു വേണ്ടിയുള്ള ഒരു വാശിയുടെ പരിണാമമാണല്ലോ ആ ഗ്രാമത്തിലെ സാമുദായിക കലാപം പോലും .

ഗ്രീക്കു പുരാണമായ ഇലിയഡായാലും രാമായണമായാലും ഇതിഹാസങ്ങളുടെ ബഹുമുഖ ഭാവങ്ങള്‍ക്കപ്പുറത്തു ഏകകേന്ദ്രീകൃതമായ ഒരു അവസ്ഥ അതു ഒരു സ്ത്രീക്കു വേണ്ടിയുള്ള പോരാട്ടമായിരുന്നു .സ്പാര്‍ട്ടയിലെ സൌന്ദര്യധാമമായ ഹെലനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് പാരീസ് രാജകുമാരന്‍ യുദ്ധത്തിനു തയ്യാറാകുന്നത് .അതിങ്ങു രാമായണത്തിലേക്കു വരുമ്പോള്‍ സീതയുടെ പാതിവ്രത്യത്തിനു വേണ്ടിയായിത്തീരുന്നു . നമ്മുടെ സദാചാര സങ്കല്പത്തിലെ ഏറ്റവും ഉദാത്തമായ ഭാവനയാണ് കന്യകാത്വം അഥവാ ഭേദിക്കപ്പെടാത്ത കന്യാചര്‍മ്മം .പദ്മരാജന്റെ മറ്റു സിനിമകളിലും കന്യകാത്വം എന്ന സങ്കല്പം ഒരു കഥാപാത്രത്തോളം തന്നെ കഥയെ സ്വാധീനിച്ചിട്ടുണ്ട് . നമുക്കു പാര്‍ക്കാം മുന്തിരിത്തോപ്പുകളിലെ പ്രണയം പവിത്രമാകുന്നതും ഉല്‍കൃഷ്ടമാകുന്നതും സോഫിയ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നറിഞ്ഞിട്ടൂം അവളെ സ്വീകരിക്കുന്നിടത്താണ് . തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ ക്ലാരയെ വേശ്യാവൃത്തിയ്ക്കായി കൊണ്ടു വരുന്നതില്‍ കുറ്റബോധം കാണിക്കുന്നില്ലെങ്കിലും ആദ്യ സംഗമത്തിനു ശേഷം അവള്‍ കന്യകയായിരുന്നെന്നറിയുമ്പോള്‍ വല്ലാത്ത കുറ്റബോധവും അവളോടു പ്രണയവും തോന്നിത്തുടങ്ങുന്നു ,ക ജയകൃഷ്ണനെ തന്നില്‍ നിന്നു രക്ഷപ്പെട്ടൂ നല്ല ജീവിതത്തിലേക്കു പോകാന്‍ പ്രേരിപ്പിക്കുന്നത് അയാളും ഒരു “വിര്‍ജിന്‍ “ ആയിരുന്നു എന്നു ബോധ്യപ്പെടുന്നിടത്തു നിന്നാണ് . പദ്മരാജന്റെ കാല്പനിക സങ്കല്പങ്ങളില്‍ സ്ത്രീ വിര്‍ജിനിറ്റി പോലെ തന്നെ പുരുഷ വിര്‍ജിനിറ്റിക്കും ഒരു സവിശേഷ സ്ഥാനമുണ്ട് എന്നു മറ്റു സിനിമകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും [മലയാളത്തില്‍ പുരുഷന്റെ വിര്‍ജിനിറ്റിക്കൊരു വാക്കില്ല , കന്യക മാത്രമേയുള്ളൂ ] തൂവാനത്തുമ്പികളിലെ ഋഷിയും ജയകൃഷ്ണനും അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ ഹിലാലും രതിനിര്‍വേദത്തിലെ പപ്പുവും ഈയൊരു പുരുഷ വിര്‍ജിനിറ്റി സങ്കല്പത്തിലെ കഥാപാത്രങ്ങളാണെന്നു കാണാം അതു കൊണ്ടു തന്നെ ഇതൊരു സ്ത്രീ വിരുദ്ധ നിലപാട് എന്നൊരു കാഴ്ച അധികപറ്റാണ് .

ഒരു സ്ത്രീയുടെ കന്യകാത്വമെന്ന പ്രലോഭനം പുരുഷനെ അലോസരപ്പെടുത്തുകയും ഭ്രമിപ്പിക്കുകയും ചെയ്യുന്നു ,പക്ഷെ ഗൌരിക്കുട്ടിയുടെ ഇച്ഛാശക്തിക്കു മുമ്പില്‍ അത് പുരുഷ മേധാവിത്തത്തീന്റെ എല്ലാ ധാര്‍ഷ്ട്യവും കടുത്ത ഇച്ഛാഭംഗത്തിലവസാനിച്ചു അതൊരു പ്രതികാരത്തിലേക്കെത്തിക്കുന്നു . ഗൌരിക്കുട്ടി അസാധാരണയായ ഒരു സൌന്ദര്യ ധാമമൊന്നുമായിട്ടല്ല സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത് എന്നു തന്നെയല്ല ഗൌരിക്കുട്ടിയെക്കാള്‍ സുന്ദരിയും ലാവണ്യവതിയുമായ [ദേവകി] സ്ത്രീകളെയും ഉന്നത കുലജാതകളും വിദ്യാഭ്യാസമുള്ളവരുമായ പെണ്‍കുട്ടികളെ കൊണ്ടു വരാന്‍ മാളുവമ്മയെ സംബന്ധിച്ചിടത്തോളം എളുപ്പവുമാണ് എന്നു ശ്രീദേവി വാരസ്യാരെ കാണിച്ചു കൊണ്ട് തെളിയിക്കുന്നുമുണ്ട് . എന്നിട്ടൂം അരപ്പട്ട കെട്ടിയ ഗ്രാമത്തിലെ സ്ത്രീ സംസര്‍ഗ്ഗത്തിനു ആഗ്രഹമുള്ള എല്ലാ പുരുഷ കഥാപാത്രങ്ങളെയും ഗൌരിക്കുട്ടിയാണ് ഭ്രമിപ്പിക്കുന്നുണ്ട് . സക്കറിയക്കു മദ്യത്തിലല്ലാതെ മറ്റൊരു കമ്പവുമില്ല , ഗോപിയാണെങ്കില്‍ “ചിലരെ മാത്രം ഇഷ്ടപ്പെടുന്ന ഒരാളാണ് “ .മൂപ്പന്റെ അനുചരനായ സുലൈമാനും പണിക്കരുടെ അനുചരനായ നാരായണനും ഇവിടെ വിധേയത്വത്തിന്റെ അതിരുകളില്‍ സ്ത്രീയെ ആഗ്രഹിക്കാന്‍ പാടില്ലാത്തതുമാണ് , മാളുവമ്മയുടെ ഭര്‍ത്താവ് ആത്മീയതയില്‍ മുഴുകിയ ഒരു നിസ്സംഗന്‍ , മകനായ ഭാസി കുടുംബ ജീവിതം മാത്രം കാംക്ഷിക്കുന്ന ഒരാളാണ് .ജോസഫ് അരപ്പട്ട കെട്ടിയ ഗ്രാമത്തിലേക്കു വിഷുക്കണിയുടെ ഫാന്റസി പറയുമ്പോഴും അയാളുടെ ഉള്ളിലെ പ്രലോഭനം ഒരിക്കല്‍ പോലും കാണാത്ത , പുതുതായി വന്ന ആ ഗൌരിക്കുട്ടിയാണ് . അവള്‍ക്കു വേണ്ടി മാത്രം ആരും കലഹം വെക്കരുതെന്ന് മറ്റു സുഹൃത്തുക്കളെ താക്കീത് ചെയ്യുമ്പോള്‍ , അത്തരമൊരു ആവശ്യം മറ്റു മൂന്നു പേരെയും നീരസപ്പെടുത്തുന്നു .മാളുവമ്മയുടെ വീട്ടില്‍ വെച്ചു സുന്ദരിയായ ദേവകി [ഉണ്ണിമേരി ]മുന്നില്‍ നില്‍ക്കുമ്പോഴും ഹിലാല്‍ ചോദിക്കുന്നതു ഗൌരിക്കുട്ടിയെ ആണ് അവളോടു പ്രേമം തോന്നുമ്പോള്‍ പോലും ഹിലാല്‍ പറയുന്നത് പരിക്കു പറ്റാതെ ഇവിടെ നിന്നു പരിക്കു പറ്റാതെ രക്ഷിക്കാന്‍ പറ്റിയാല്‍ അവളെ വിവാഹം കഴിക്കാമെന്നാണ് , അതായത് പരിക്കു പറ്റാതെ എന്നു വെച്ചാല്‍ കന്യകാത്വം നഷ്ടപ്പെടാതെ കിട്ടിയാല്‍ എന്നര്‍ത്ഥം . ഗ്രാമത്തിലെ രണ്ടു ശക്തികളായ മൂപ്പനും പണിക്കര്‍ക്കും മറ്റേതു പെണ്‍കുട്ടിയെ വേണമെങ്കിലും നല്‍കാന്‍ മാളുവമ്മ സന്നദ്ധയാണെങ്കിലും ഗൌരിക്കുട്ടിയെ ആണ് അവര്‍ക്കു വേണ്ടത് .

പുതിയതായി എത്തുന്ന എല്ലാ പെണ്ണുങ്ങളും മൂപ്പന്‍ അനുഭവിച്ചതിനു ശേഷം മാത്രമെന്ന അലിഘിത നിയമത്തിലുണ്ടാകുന്ന വീഴ്ചയാണ് മൂപ്പനെ സംബന്ധിച്ചു അലോസരമുണ്ടാക്കുന്നത് .മൂപ്പനു വഴങ്ങാത്ത ഒരു “പുതിയ പെണ്ണ് “ മാളുവമ്മയുടെ അധീനതയില്‍ ഉണ്ടെന്നും അതിനു വേണ്ടി മൂപ്പന്‍ ബല പ്രയോഗത്തിനു വരെ തുനിയുന്നു എന്ന അറിവാണ് പണിക്കരെ ഗൌരിക്കുട്ടിയില്‍ തല്പരനാക്കുന്നത് .
താന്‍ മൂലം ഗ്രാമം രണ്ടു ചേരിയായി കലാപമുണ്ടാക്കാന്‍ പോകുന്നു എന്നറിയുമ്പോഴും ഗൌരിക്കുട്ടിക്കു ഭാവഭേദമൊന്നുമില്ല , “വെട്ടി മരിയ്ക്കട്ടെ “ എന്നാണവള്‍ പറയുന്നത് . അതു വരെ നിസ്സംഗനായിരിക്കുന്ന സക്കറിയ ഗൌരിക്കുട്ടിയുടെ “ആര്‍ക്കും വഴങ്ങില്ലെന്ന” ഇച്ഛാശക്തി കണ്ട് കൊണ്ടാണ് ഹിലാലിനു പിന്തുണ വാഗ്ദാനം ചെയ്യുന്നത് .ഗൌരിക്കുട്ടിക്കു വേണ്ടി ഗ്രാമത്തിലെ രണ്ടു പ്രബല വിഭാഗങ്ങള്‍ പരസ്പരം പോരടിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴാണ് , ഒരിക്കല്‍ കലഹിച്ചു പോയ ജോസഫ് മറ്റു ചില സുഹൃത്തുക്കളുമായി മാളുവമ്മയുടെ വീട്ടിലേക്കു വരുന്നത് .അതോടെ തയ്യാറെടുത്തു നില്‍ക്കുന്ന ഇരു ചേരികളും ഏറ്റു മുട്ടുന്നു .ആ ഒരു ഇടവേളയില്‍ മാളുവമ്മയുടെ മകനായ ഭാസിയെ കുത്തി പരിക്കേല്‍പ്പിച്ചു ശ്രദ്ധ തിരിച്ചു കൊണ്ടു സക്കറിയയും ഹിലാലും ഗോപിയും ഗൌരിക്കുട്ടിയെയും കൊണ്ടു രക്ഷപ്പെടുന്നു .ഹിലാലിനെയും ഗൌരിക്കുട്ടിയെയും സംരക്ഷിക്കാന്‍ വേണ്ടി സക്കറിയ പണിക്കരുടെ അനുചരന്‍ നാരായണനുമായി ഏറ്റുമുട്ടുലിനിടെ സക്കറിയ കുത്തേറ്റു മരിയ്ക്കുന്നു . തിരിച്ചു പോക്കിനിടയ്ക്കു ഗോപി വക്കീല്‍ സക്കറിയയെ വിളിച്ചു കൊണ്ട് മറുപടിയ്ക്കായി നിഷ്ഫലമായി കാത്തു നില്‍ക്കുന്നതോടെ സിനിമ അവസാനിക്കുന്നു .


അഹമ്മദ് റസീമിന്റെ “ ഒരു ഭൂപ്രദേശത്തിന്റെ സൌന്ദര്യം കുടികൊള്ളുന്നത് അതിന്റെ വിഷാദത്തിലാണ് “ എന്ന വാചകങ്ങള്‍ ആമുഖമായി എഴുതിയാണ് ഓര്‍ഹാന്‍ പാമുഖ് ഇസ്താംബൂള്‍ :ഒരു നഗരത്തിന്റെ ഓര്‍മ്മക്കുറിപ്പ് എന്ന കൃതി ആരംഭിക്കുന്നത് . പദ്മരാ‍ജന്‍ ആ വാക്കുകള്‍ പറയാതെ തന്നെ അരപ്പട്ട കെട്ടിയ ഗ്രാമത്തിന്റെ സൌന്ദര്യത്തിലേക്കു വിഷാദം നിറച്ചു വെച്ചു കൊണ്ടവസാനിപ്പിക്കുന്നു .


അനുബന്ധം
.

അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ - ഏറ്റവുമധികം പരാമര്‍ശിക്കേണ്ടത് സുകുമാരിയുടെ മാളുവമ്മയെ തന്നെയാണ് .മാളുവമ്മയെ കേന്ദ്രമാക്കി ഒരു ആസ്വാദനമാണ് കുറെക്കൂടി നീതിപൂര്‍വ്വകമായിട്ടുള്ളത് . സുകുമാരിയ്ക്കു ഈ സിനിമയിലെ അഭിനയത്തിനു അക്കൊല്ലത്തെ സഹനടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു [എന്ത് കൊണ്ടാണ് മുഖ്യ നടിക്കുള്ള അവാര്‍ഡ് കിട്ടാതെ പോയത് ?]

പദ്മരാജന്‍ തന്റെ നായര്‍ മാടമ്പിത്തരം തന്റെ സിനിമകളില്‍ ആവേശിപ്പിച്ചിരുന്നു എന്നു പദ്മരാജന്റെ സിനിമകളെ അതിവായിക്കുന്നവര്‍ ഒരു പക്ഷെ മാളുവമ്മയെ കണ്ടു കാണില്ല .കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലെ ആദ്യപാദത്തിലുമെല്ലാം ചില നായര്‍ തറവാടുകളിലെങ്കിലും നില നിന്നിരുന്ന സംബന്ധവും അതുമായി ബന്ധപ്പെട്ട് കുടുംബാധികാര ഘടനയില്‍ സ്ത്രീകള്‍ക്കനുകൂലമായ സാമ്പത്തിക ശക്തിയും തമ്മിലുള്ള പാരാസ്പര്യം ഈ സിനിമയില്‍ വളരെ വ്യക്തമായി കാണിക്കുന്നുണ്ട് .മാളുക്കുട്ടിയമ്മ തന്റെ “കുട്ടികളെ “ വെച്ചു ചെയ്യുന്ന ഏര്‍പ്പാട് വലിയ പാതകമാണെന്നോ അപമാനമാണെന്നോ കരുതുന്നില്ല എന്നു മാത്രമല്ല പട്ടണത്തില്‍ നിന്നും കൂടുതല്‍ ആളുകള്‍ അവിടേക്കു വരുന്നതില്‍ അവര്‍ അഭിമാനിക്കുക കൂടി ചെയ്യുന്നു . അതു നമ്പൂതിരി സമുദായാംഗങ്ങള്‍ നായര്‍ തറവാടുകളില്‍ വന്നു സംബന്ധം ചെയ്യുന്നതിനെ അഭിമാനത്തോടെ കരുതിയിരുന്ന ഒരു കാലഘട്ടത്തിന്റെ ശേഷിപ്പാണ് .

കഥാപാത്ര രൂപീകരണത്തില്‍ തന്നെ ഈയൊരു കാര്യത്തെ സാധൂകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് . മാളുക്കുട്ടിയമ്മയാണ് കുടുംബത്തിലെ അധികാര കേന്ദ്രം ഭര്‍ത്താവ് നിസ്സഹയാനും കുടുംബത്തിലെ ഒരു കാര്യത്തിലും ഇടപെടാത്ത ഒരാളും .മകനായ ഭാസി [ജഗതി ] തറവാട്ടു വീട്ടില്‍ താമസിക്കുന്നില്ല എന്നു തന്നെയല്ല , ഭാര്യവീട്ടിലാണ് താമസം .കൂടാതെ കുടുംബത്തിലെ കാര്യങ്ങളില്‍ യാതൊരു നിയന്ത്രണങ്ങളും ഭാസിക്കില്ല . ഭര്‍ത്താവ് എന്ന പുരുഷപ്രജയുടെ നിസ്സഹായതയും അത്തരമൊരു ദായക്രമത്തെ ഒന്നു കൂടി ഉറപ്പിക്കുന്നു .അതേ കാലത്തു തന്നെ നായര്‍ സമുദായത്തില്‍ നില നിന്നിരുന്ന സംബന്ധമെന്ന ഏര്‍പ്പാടിന്റെ പിന്തുടര്‍ച്ചയായിട്ടാണ് മാളുക്കുട്ടിയമ്മയും കുട്ട്യോളും കുറ്റബോധമില്ലാതെ തന്നെ അതിഥികളെ സ്വീകരിക്കുന്നതും അതു ഉപജീവനമായി കൊണ്ട് നടക്കുന്നതും .ഇത്രയും കാര്യങ്ങള്‍ യാതൊരു വ്യാഖ്യാനങ്ങളുമില്ലാതെ തന്നെ ആദ്യ കാഴ്ചയില്‍ പ്രകടമാണ് .എന്നിട്ടൂം സ്വസമുദായത്തെ കരി വാരിത്തേച്ചതായി ഒരു അപഖ്യാതിയില്‍ പദ്മരാ‍ജന്‍ പെട്ടില്ല എന്നത് പദ്മരാജനിലെ എഴുത്തുകാരന്റെ സത്യ സന്ധത കൊണ്ടാണ് . സമൂഹത്തില്‍ നില നില്‍ക്കുന്നതിന്റെ പരിച്ഛേദമാണ് യഥാര്‍ത്ഥ കല - അതു വ്യാഖ്യാനിക്കപ്പെടുന്ന രീതി കാല്പനികമാകാം യഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതാകാം അതു കലാകാരന്റെ സ്വാതന്ത്ര്യമാണ് .


ഉപദംശം
.

മമ്മൂട്ടി ഈ സിനിമ റി മേക്ക് ചെയ്യാന്‍ പ്ലാന്‍ ചെയ്യുന്നതായി കേട്ടു .മമ്മൂട്ടിയുടെ ആഗ്രഹത്തില്‍ തെറ്റില്ല മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നല്ല കഥാപാത്രങ്ങളിലൊന്നായിരുന്നു സക്കറിയ - ഒരു പക്കാ റഫ് & ടഫ് .അതു വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതില്‍ നിരാശയുണ്ടാകണം .പക്ഷെ മൂപ്പര് ഈയൊരു സംരംഭത്തിനു മുതിരാതിരിക്കുന്നതാണ് നല്ലത് .ഒന്നാമതായി പഴയ ആ മുരടന്‍ സക്കറിയ ആകാന്‍ ഇപ്പോള്‍ മമ്മൂട്ടിയെ കൊണ്ടു സാധിക്കില്ല , പദ്മരാ‍ജന്റെ എഴുത്തിനെ സിനിമയാക്കാന്‍ മാത്രം കാലിബറുള്ള ഒരു സംവിധാ‍യകന്‍ ഇന്നില്ല . സുകുമാരിയമ്മയുടെ മാളുവമ്മയായി ഇനി ആര്‍ക്കും പറ്റില്ല . ഇതു സിനിമ നടക്കുന്നതിനു മുമ്പുള്ള കാര്യങ്ങള്‍ .എങ്ങാനും സിനിമ നടന്നാല്‍ തിയറ്ററിലെത്തില്ല - കാരണം അരപ്പട്ട കെട്ടിയ ഗ്രാമമെന്ന പേരിലെ മുസ്ലീം വിരുദ്ധത , സിനിമയിലെ നായര്‍ വിരുദ്ധത എന്നിവ കൊണ്ടു സിനിമ കല്പാന്ത കാലത്തോളം കോടതിയില്‍ കിടക്കാനുള്ള സാധ്യത കാണുന്നുണ്ട്. ശുഭം .

Monday, 9 January 2012

പ്രതിമയും രാജകുമാരിയും .


ഒട്ടുമിക്ക മലയാളികളെയും പോലെ തന്നെ ഇഷ്ടപ്പെട്ട ചലച്ചിത്രകാരനെന്നു ചോദിച്ചാല്‍ പി പദ്മരാജനെന്നു തന്നെയാണ് ഞാനും പറയുക , പ്രതിഭകള്‍ അകാലത്തില്‍ പൊലിഞ്ഞു പോകുന്നത് ഒരു പ്രതിഭാസമായിരിക്കണം . പദ്മരാജന്‍ മലയാള ചലച്ചിത്ര ലോകത്തു സൃഷ്ടിച്ച ഇടം പുന സ്ഥാപിക്കാന്‍ മറ്റൊരാള്‍ ഇനി കടന്നു വരില്ലെന്നറിയുമ്പോഴാണ് ആ വിടവ് നമുക്കു കൂടുതല്‍ ദൃശ്യമാകുന്നത് .പി പദ്മരാജനെന്ന സാഹിത്യകാരനായ സിനിമാക്കാരന്‍ 1991 ജനുവരി 21 നു നമ്മെ വിട്ടു പോയിട്ടു 21 വര്‍ഷങ്ങളാകുന്നു . പി പദ്മരാജന്റെ സിനിമകള്‍ ഇപ്പോഴും സാധാരണ പ്രേക്ഷകരെയും ബുദ്ധിജീവി പ്രേക്ഷകരെയും ഒരേ പോലെ ഭ്രമിപ്പിക്കുകയും തൃപ്തരാക്കുകയും ചെയ്യുന്നുണ്ട് . പക്ഷെ സാഹിത്യകാരനായ പദ്മരാജന്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്തിട്ടില്ല എന്നത് സിനിമ കീഴാള സാഹിത്യത്തിന്റെ പരിധിയില്‍ വരുന്നതു കൊണ്ടാകണം .

പദ്മരാജന്റെ നോവല്ലകളില്‍ ഏറ്റവും മനോഹരമായ ഒന്നാണ് പ്രതിമയും രാജകുമാരിയും . കുറെ വര്‍ഷങ്ങള്‍ക്കു മുമ്പു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ സമ്മാനമായി ലഭിച്ചത് ഈ പുസ്തകമായിരുന്നു , അതിനു മുമ്പെ വായിച്ചിരുന്നെങ്കില്‍ കൂടിയും ആ ചെറിയ നോവല്‍ എങ്ങനെ വായിക്കണമെന്നു എനിക്കു പറഞ്ഞു തന്നത് ആ നോവലിനൊപ്പം ചേര്‍ത്തു തന്ന ഒരു ചെറുകുറിപ്പിലൂടെയായിരുന്നു . ആ കുറിപ്പ് എഴുതിയതു ഇന്നു എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളാണ് .അതായത് ഈ ചെറിയ ആസ്വാദനത്തിന്റെ ഉടമ ഞാനല്ല , ഇക്കാര്യത്തില്‍ ഞാനൊരു വള്ളി പുള്ളി വിടാതെ എഴുതിയ പകര്‍ത്തിയെഴുത്തുകാരന്‍ മാത്രമാണ് .



പ്രതിമയും രാജകുമാരിയും
.

മായികമായ ഒരു രചനാ ഇതിവൃത്തമാണ് പ്രതിമയും രാജകുമാരിയും എന്ന കൃതിയെ മറ്റു പദ്മരാജന്‍ കൃതികളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നത് . സങ്കല്‍പ്പവും യാഥാര്‍ത്ഥ്യവും തമ്മില്‍ തിരിച്ചറിയാനാവാത്ത വിധം അമ്പരക്കുന്ന ദൃശ്യങ്ങള്‍ ധീരുലാലിന്റെ മായിക ലോകത്തു നിറയുന്നു . അറിഞ്ഞുകൊണ്ടു പ്രതിമയാകല്‍ ഒരാനന്ദമാണ് , മഞ്ഞു പോലെ സ്വയമുറയാനാകുക . കരളിലൊരു കടലിരമ്പുമ്പോഴും നിര്‍വികാരമായി ചക്രവാളത്തില്‍ മിഴിയര്‍പ്പിച്ച് നില്‍ക്കാനാവുക നിലാവുദിച്ചസ്തമിക്കും വരെ , പിന്നെ കിട്ടുന്ന സ്വാതന്ത്ര്യം വന്യമൃഗത്തെപ്പോലെ ഒരുത്സവമാക്കുക ! .

സമയമളന്ന് ജീവിക്കുന്നവരാണു നാമെല്ലാം അപകടകരമായ യാതൊന്നും ചെയ്യാതെ അനുഭവങ്ങളുടെ മൂര്‍ച്ചകളില്‍ നിന്നും തെന്നി മാറി നെറുകയില്‍ മുറിപ്പാടുകള്‍ വീഴ്ത്താനിഷ്ടമില്ലാതെ ഒരനുഷ്ടാനം പോലെ ജീവിതത്തെ മെരുക്കിയെടുക്കുന്നവര്‍ . സമയം ഗണിച്ച് ഉണര്‍ന്ന് ഒരുങ്ങി യാത്ര ചെയ്ത് കൃത്യസമയത്ത് ഇരിപ്പിടങ്ങളിലമര്‍ന്ന് സായാഹ്നസൌഹൃദങ്ങള്‍ക്കായി മൊബൈലിലും കീബോര്‍ഡിലും പരതി വര്‍ത്തമാനങ്ങളീല്‍ സ്വയം നഷ്ടപ്പെട്ട് ജീവിക്കുന്നവര്‍ എല്ലാവരും പ്രതിമകള്‍ തന്നെയാണ് , ചലിക്കുന്ന പ്രതിമകള്‍ .യാന്ത്രീകമായി ജീവിക്കുന്നവര്‍ .

ധീരുലാലിന്‍റെ പ്രതിമയെപ്പോലെ നമ്മളും ചിലപ്പോ ഈ തമാശക്കോട്ടയ്ക്കപ്പുറത്തെ ദ്വീപിലെ സ്വര്‍ഗ്ഗത്തെ സ്വപ്നം കാണും . പ്രലോഭനത്തിന്‍റെ ആദിമസ്മൃതികളുണര്‍ത്തിക്കൊണ്ട് ആ സ്വര്‍ഗം സ്വപ്നം കണ്ട് കഴിയും രാത്രിയുടെ അനിശ്ചിതത്വതിലേക്ക് പ്രതിമയെ കയറഴിച്ചു വിടുന്ന ധീരുലാലിനെപ്പോലെ ചില നേരത്തു ജീവിതം നമ്മളെയും കയറഴിച്ചു വിടും ആ സ്വാതന്ത്ര്യത്തെ നമ്മളും ഉതസവമാക്കും. ഓരോ ധീരുലാലിനുമറിയാം സൂര്യനുദിക്കും മുന്നേ പ്രതിമ തിരിച്ചെത്തുമെന്ന് .അനുഷ്ടാനങ്ങള്‍ക്കു മാറ്റം വരുക നിയമ ലംഘനമാണല്ലോ , പ്രതിമയുടെ ചിരി , കരച്ചില്‍..ഇതൊക്കെ കാഴ്ചക്കാരന്‍റെ സ്വപ്നമാണ് ,വ്യാമോഹങ്ങളാണ് . പ്രതിമ ധീരുലാലിന്‍റെ മായക്കോട്ടയിലെ നിലയ്ക്കാത്ത വിസ്മയമാകുന്നത് അതു കൊണ്ടാണ് .പ്രതിമയിലും വികാരങ്ങളുണരുമോ ?

അങ്ങനെയിരിക്കുമ്പോ കിനാവിന്‍റെ ഏതെങ്കിലുമൊരു ചില്ലയില്‍ തളിരില വിരിയുന്നു ,ഏതു കഥയ്ക്കും വഴിത്തിരിവു വേണമല്ലോ പ്രതിമയ്ക്കും വേണം വഴിത്തിരിവ് .അതു രാജകുമാരി തന്നെയായിത്തീരുന്നു . ഉടല്‍ നിറയെ പുതുനാമ്പുകളുടെ കിരുകിരുപ്പ് ഒറ്റയ്ക് ഒരു പൂക്കാലം .പ്രതിമ വെറും പ്രതിമയല്ലെന്നു ആദ്യമായി കണ്ടെത്തുന്നതു രാജകുമാരിയാണ് . തുടക്കത്തില്‍ രാജകുമാരിയുടേത് വെറും കൌതുകം മാത്രമാണ് വിശിഷ്ടമായതെന്തും തന്‍റേതാവണമെന്ന കൌതുകം ശാഠ്യം. വിലപ്പെട്ടതായി കരുതുന്നത് വിലക്കപ്പെട്ടതു കൂടിയാകുമ്പോഴാണു ആ ശാഠ്യം മൂര്‍ച്ച പ്രാപിക്കുന്നത് പ്രതിമ ഒരച്ചുതണ്ടായും രാജകുമാരി അതിനെ ചുറ്റിക്കറങ്ങുന്ന് അഒരു ഗ്രഹമായും രൂപം പ്രാപിക്കുന്നു . ഈ ഭമണം തന്നെയല്ലേ പ്രണയം ?

പ്രണയം ഏതൊരു സ്ത്രീയേയും രാജകുമാരിയാക്കും, അതു തന്നെ അവളെ രാക്ഷസിയുമാക്കാം . പുരാണത്തില്‍ സത്യവതിയും ശൂര്‍പണഖയുമെല്ലാം ഈ ചിന്തകളില്‍ ഉദാഹരണമായി നമുക്കു മുന്നില്‍ തെളിയുന്നുണ്ട് .എന്തായാലും പ്രണയത്തിലാണു അവളേറ്റവും ധീരയാകുന്നത് .ധീരുലാലും അയാളുടെ മായികലോകവും ചേര്‍ന്നൊരുക്കുന്ന പ്രതിരോധങ്ങളെല്ലാം മറികടന്നു വേണം രാജകുമാരിക്ക് പ്രതിമയെ സ്വന്തമാക്കാന്‍ . അതിനേതു മത്സരവും അവള്‍ നേരിടാനൊരുക്കമാണ് പ്രതിമയുടെ ഇമയൊന്നനങ്ങിയാല്‍ അവളുടെ അംഗലാവണ്യത്തില്‍ അവന്‍റെ മനമിളകിയാല്‍ അതു മതി രാജകുമാരിക്കവന്‍ സ്വന്തമാകും എന്നിട്ടും മത്സരം മുറുകുമ്പോള്‍ രാജകുമാരിമാര്‍ പരാജയപ്പെടാറുണ്ട് . തിരകളടങ്ങിയ കടല്‍ പോലെ , കാര്‍കൊണ്ടു തീരെ മിണ്ടാത്തൊരു കൊണ്ടല്‍ പോലെ , കാറ്റിൽപ്പെടാ ദീപമെന്ന പോലെ പ്രതിമകള്‍ ചലനമറ്റു നിന്നു പോകാറുമുണ്ട് .വെളിച്ചതിന്‍റെ നിര്‍വികാരതയ്ക്ക് ചിലപ്പോള്‍ ഇരുട്ടിന്‍റെ ആര്‍ദ്രതയില്‍ കടമൊടുങ്ങേണ്ടി വന്നെക്കാം പറന്നു പാറാന്‍ കൊതിക്കുന്ന ആകാശം ആരെങ്കിലും ഒടിച്ചു മടക്കിയേക്കാം. കയ്യിലിരുന്ന കുന്തം ഒടിച്ചു മടക്കിയാണ് നോവലില്‍ പ്രതിമ തന്‍റെ വിഡ്ഡിവേഷത്തിന്‍റെ വിജയമാഘോഷിക്കുന്നത് .

സ്വന്തം ചുറ്റുപാടുകളൊട് കലഹിക്കുന്നവന്‍ ഒന്നുകില്‍ കലാപകാരിയാകും അല്ലെങ്കില്‍ കലാകാരനാകും . പ്രതികരിക്കുന്ന പ്രതിമയുടെ അന്ത്യം ധീരുലാലിന്‍റെ ശിക്ഷാ മുറികളിലാണ് അവസാനിക്കുന്നത് . രക്ഷയും ശിക്ഷയും സമാന്തരരേഖകളാകുമ്പോളസാമന്യനായ പ്രതിമ മറ്റുള്ളവരുടെ ചെങ്കോലും ചട്ടുകവുമായി മാറുന്നു . പ്രച്ഛന്നവേഷങ്ങളുടെ ലോകത്ത് പ്രണയം ഓരോരുത്തരുടേയും തിരിച്ചറിയല്‍ ചിഹ്നങ്ങള്‍ കൂടിയാണ് . ജീവിതത്തിലാദ്യമായി സ്നേഹം ലഭിച്ചു തുടങ്ങുമ്പോല്‍ ഗോവിന്ദ് ആകെ തളിര്‍ക്കുനു പിടി കിട്ടാത്ത ആകാംക്ഷകള്‍ അവനെ അലട്ടുന്നു രാജകുമാരുടേ അസാന്നിധ്യവേളകള്‍ അവനു താങ്ങാനാവുന്നില്ല .ഒരു തെരുവുനായയെത്തിരഞ്ഞു പോകുമ്പോഴും അജ്ഞാതമായ ഒരാരാധന നമുക്കതിനോടുണ്ടാകുന്നു . അതിനു അന്വേഷിക്കപ്പെടുന്ന ഓരോന്നും നല്‍കുന്ന ദുരൂഹതകളുടെ ഭയം സന്ദേഹങ്ങളുടെ സൌന്ദര്യം , അപ്രാപ്യതയിലെ വശ്യത , നിഴല്‍ ലേശമില്ലാത്ത പ്രതിബിംബം,കൈ വെള്ളയിലെ മാണിക്യം എല്ലാം നിര്‍ഗുണമാകുന്നതെപ്പോഴാണ് ?

കൈയില്‍ കിട്ടുമ്പോള്‍ അതു കൊണ്ടു തന്നെയാണ് ദ്വീപിലെ സ്വര്‍ഗപ്രലോഭനത്തില്‍ പ്രതിമ തന്നെ വിട്ടു പോയേക്കുമോ എന്ന് രാജകുമാരി ഇടയ്ക്കു ഭയക്കുന്നതും . സ്വപ്നസാഫല്യങ്ങളില്‍ പ്രതിമ പ്രണയിനെയെ മറന്നാലോ?അതു കൊണ്ടല്ലേ ഇടയ്ക്ക് രാജകുമാരുയുടെ കണ്ണു നിറയുന്നതും. ദ്വീപിലെ സ്വര്‍ഗത്തെ പ്രതിമ തന്നേക്കാള്‍ സ്നെഹിക്കുന്നുണ്ടോ എന്നെ അസ്വസ്ഥത രാജകുമാരിയെ കണ്ണുകളെ ഈറനാക്കുന്നു. കാത്തിരിപ്പുകളെ അനിവാര്യമായ വേര്‍പാടുകളായി തൊട്ടറിയാത്ത ഓരോ പ്രണയിനിയും മുഖം പൂഴ്ത്തുന്നത് ഒരു ഒത്തുതീര്‍പ്പിലേക്കാണ് .

പ്രണയമൊഴിഞ്ഞ് ശരീരത്തില്‍ നെടുവീര്‍പ്പുകളെ ഹരിച്ച്.വേര്‍പാടില്‍ മാത്രം കാണാവുന്ന ഒരു സമഗ്രലാവണ്യമാണ് പദ്മരാജന്‍റെ പ്രതിമയെ മനോഹരമാക്കുന്നത് ഇതിന്‍റെ മൊഴിയടക്കത്തേയും രചനയിലെ തത്വശാസ്ത്രത്തേയും കുറിച്ച് പറഞ്ഞവര്‍ ധാരാളം എന്നാല്‍ അതിനുമപ്പുറം ഓരോ പ്രണയത്തിലും ഒരു പ്രതിമയും രാജകുമാരിയുമുണ്ടെന്ന സത്യം ഈ കൃതി വിളിച്ചോതുന്നുണ്ട് . അവരുടെ നെറുകയില്‍ തിരുമുറിവു പോലെ ആസന്നമായ വെളിപാടു പോലെ പ്രണയവേര്‍പാടിന്‍റെ ഒരു മുദ്രയുണ്ടാകുമെന്നും.

ഉപദംശം


പ്രതിമയും രാജകുമാരിയുംഎന്ന നോവലിന്റെ വായന ഞാനെഴുതുമായിരുന്നെങ്കില്‍ ഊഷരമായിപ്പോയേക്കുമായിരുന്നതു കൊണ്ടാണ് ഈ പകര്‍ത്തിയെഴുത്തിനു തുനിഞ്ഞത് . ഇതിനെ തുടര്‍ന്നു പദ്മരാ‍ജന്‍ സിനിമകളെക്കുറിച്ചും കഥകളെക്കുറിച്ചും എഴുതണമെന്നു കരുതുന്നു

Wednesday, 28 December 2011

ഹിറ്റ്ലറും കെ കരുണാകരനും തമ്മിലെന്ത് ???





ഹിറ്റ്ലറും കെ കരുണാകരനും തമ്മിലെന്ത് ???


ഈയൊരു ചോദ്യത്തിന്റെ രാഷ്ട്രീയത്തെക്കാള്‍ അതിന്റെ കൌതുകത്തെ ഞാനിഷ്ടപ്പെടുന്നു. വ്യക്തി ഗുണങ്ങളിലും രൂപസവിശേഷതകളിലും ഏറെ സമാനതകളുള്ള രണ്ടു നേതാക്കളാണ് ഹിട്ലരും കെ കരുണാകരനും എന്ന് പറഞ്ഞാല്‍ അത് കെ കരുണാകരനോടുള്ള വ്യക്തി വിരോധം വെച്ചാണ് എന്ന് പറയരുത് കാരണം രാഷ്ട്രീയം എന്ത് തന്നെയായാലും ഇ എം എസ് കഴിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന നേതാവ് കെ.കരുണാകരന്‍ തന്നെയാണ് . .

കെ. കരുണാകരന്റെ ചരമ വാര്ഷികതോടനുബന്ധിച്ചു നടന്ന ഒരു ചടങ്ങില്‍ വെച്ചാണ് കെ.കരുണാകരന്‍ മാരാര്‍ എന്നാ പഴയ ലളിത കലാ അക്കാദമി വിദ്യാര്‍ത്ഥിയുടെ അമ്പരപ്പിക്കുന്ന ചിത്രകലാ പാടവം കാണാന്‍ കഴിഞ്ഞത് .പോര്‍ടെയിറ്റ് പെയിന്റിങ് സങ്കേതത്തില്‍ വരച്ച രണ്ടു ചിത്രങ്ങള്‍ മാത്രമാണ് പ്രദര്‍ശനത്തിനും ലേലത്തിനും ഉണ്ടായിരുന്നത് , രണ്ടു ചിത്രങ്ങളും മനോഹരമായിരുന്നു .രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെ ആ പഴയ ലളിത കലാ വിദ്യാര്‍ത്ഥി തന്റെ തട്ടകം ചിത്രകലയാക്കിയിരുന്നെങ്കില്‍ കെ സി എസ് പണിക്കരെപ്പോലെ ഒരു കെ കെ മാരാര്‍ ആയിരുന്നെങ്കില്‍ കോണ്‍ഗ്രസ്സ് എന്ന രാഷ്ട്രീയ പ്രസ്ഥാനം പരിതാപകരമായ ഒരവസ്ഥയിലായി പോകുമായിരുന്നു . അതിലുപരി കേരളത്തിലെ ഏറ്റവും ഇച്ഛാശക്തിയുള്ള , നേതൃപാടവമുള്ള ഒരു ഭരണാധികാരി സൃഷ്ടിക്കപ്പെടില്ലായിരുന്നു . കെ കരുണാകരന്റെ പെയിന്റിങ് കാണുമ്പോള്‍ അഡോള്‍ഫ് ഹിറ്റ്ലറിനെയും ബാല്‍ താക്കറെയും ഓര്‍മ്മ വരുന്നതു അത്ര സ്വാഭാവികമാണെന്നു പറയാനാവില്ല പക്ഷെ ഇവര്‍ മൂവരിലും നിറഞ്ഞു നില്‍ക്കുന്ന സാദൃശ്യത്തിന്റെ തോത് വളരെയാണ് . അഡോള്‍ഫ് ഹിട്ലരും ബാല്‍ താക്കറെയും കെ.കരുണാകരനും തമ്മിലുള്ള അപാരമായ സാദൃശ്യം കേവലം അധികാരം കൊണ്ടു അവര്‍ സൃഷ്ടിച്ച സ്വേച്ഛാധിപത്യം മാത്രമല്ല പിന്നെയും ഒരല്പം കൂടി വിശദമായി പറഞ്ഞാല്‍ തീരുമാനമെടുക്കാന്‍ ഉള്ള അസാമാന്യമായ ഇച്ഛാശക്തിയും ജനക്കൂട്ടങ്ങളെ വാക്കുകള്‍ കൊണ്ടു നിയന്ത്രിക്കുന്ന വാഗ്വിലാസവും കൂടിക്കലര്‍ന്ന സവിശേഷമായ കരിസ്മാറ്റിക് ശക്തി , പക്ഷെ ഇതൊന്നുമല്ലാതെ ഇവരെ പൊതുവില്‍ ഒരു ബിന്ദുവില്‍ യോജിപ്പിക്കുന്ന പ്രധാന സവിശേഷതയുണ്ട് - അതാണ് ചിത്രം വര .



കലാകാരന്മാര്‍ ആത്മാവിന്റെ സഞ്ചാരികളായ , അടുക്കും ചിട്ടയും ഇല്ലാത്ത അരാജകവാദികള്‍ ആയിരിക്കുമെന്നതാണ് നമ്മുടെയൊക്കെ പൊതു ബോധം കൊണ്ട് നാം പടുത്ത് വെച്ചിരിക്കുന്ന സാമാന്യ വിശ്വാസം .വര്‍ണ്ണങ്ങളുടെ ക്രമ രഹിതമായ വിന്യാസങ്ങളിലൂടെ രൂപങ്ങളെ സൃഷ്ടിക്കുന്ന ചിത്രകാരന്മാര്‍ ആണെങ്കില്‍ പറയുകയും വേണ്ടാ .ഉന്മാദത്തിന്റെ തീക്ഷ്ണത കൊണ്ട് ചിത്രം വരച്ച സാല്‍വഡോര്‍ ഡാലിയും പ്രണയത്തിന്റെ പാരമ്യത്തില്‍ കാമുകിക്ക് ചെവി മുറിച്ചു കൊടുത്ത വിന്സന്റ് വാങ്ങോഗും മുതല്‍ പുതിയ തലമുറയിലെ ഉത്തരാധുനിക ചിത്രകാരന്മാരുടെ സ്വഭാവ രീതികള്‍ വരെ ആ ധാരണയെ അങ്ങ് ഉറപ്പിക്കുന്നു . പക്ഷെ ചിലര്‍ ആ കാവ്യാത്മകതയില്‍ നിന്നും വഴി മാറി നടന്നു ലോകത്തെ മറ്റൊരു വിധത്തില്‍ സ്വാധീനിക്കുന്നു , നിയന്ത്രിക്കുന്നു .

അഡോള്‍ഫ് ഹിറ്റ്ലറിന്റെ ആത്മ കഥയായ മെയ്ന്‍ കാമ്ഫില്‍ ചിത്രം വര പഠിക്കണമെന്ന മോഹവുമായി നില്‍ക്കുന്ന ഒരു കൌമാരക്കാരന്‍ കുട്ടിയുണ്ട് , സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിയുള്ള കര്‍ക്കശക്കാരനായ അച്ഛന്റെ പിടിവാശിക്കു മുമ്പില്‍ ആ മോഹമുപേക്ഷിച്ചു കുട്ടിയുടെ വിഷാദവുമുണ്ട് . ആ അച്ഛന്‍ മകന്റെ ആഗ്രഹത്തിനു സമ്മതം മൂളി , അഡോള്‍ഫ് ഹിറ്റ്ലര്‍ എന്ന ആ കുട്ടി മൈക്കലാഞ്ചലോയെപ്പോലെ , വിന്‍സന്റ് വാങ്കൊഗിനെ പോലെ ഒരു ചിത്രകാരനായിത്തീര്‍ന്നിരുന്നെങ്കില്‍ ലോകം എങ്ങനെ മാറുമായിരുന്നു എന്നു ചിന്തിച്ചാല്‍ അതിന്റെ അമ്പരപ്പു കൊണ്ടു അന്തം വിട്ടു പോയെക്കും .രണ്ടാം ലോക മഹായുദ്ധം മുതല്‍ ഇസ്രയേലിന്റെ പിറവിയും ഫലസ്തീന്റെ അരസ്ഖിതാവസ്ഥയും വരെയുള്ള ലോകത്തിലെ സംഭവങ്ങളുടെയെല്ലാം ഗതിവിഗതികള്‍ ഒന്നു പുന: ക്രമീകരിക്കേണ്ടി വരുമായിരുന്നു , ലോകം തന്നെ മറ്റൊന്നാകുമായിരുന്നു .കോന്‍സണ്ട്രേഷന്‍ ക്യാമ്പുകളില്‍ ഇല്ലാതെയായി പോയ ജീവനുകള്‍ , രണ്ടാം ലോക മഹായുദ്ധത്തില്‍ ഹോമിക്കപ്പെട്ട ലക്ഷങ്ങള്‍ അങ്ങനെ ചരിത്രത്തിലെ ആ ഒരു വിസമ്മതത്തിനു കൊടുക്കേണ്ട വില വളരെ വലുതായിരുന്നു .
.
ഈ മൂന്നു പേരെയും ഏറ്റവും സ്വാധീനിച്ചതും നിയതി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചതും പിതൃസവിശേഷതകളൊ അവരുടെ നിര്‍ബന്ധ ബുദ്ധി നിറഞ്ഞ ആഗ്രഹമോ ഒക്കെ തന്നെ ആയിരുന്നിരിക്കണം .ഗവണ്മെന്റെ സെര്‍വീസിലുള്ള അഡോള്‍ഫ് ഹിറ്റ്ലറിന്റെ പിതാവിനു തന്റെ പുത്രനും ഗവണ്മെന്റ് ജോലിക്കാരനായിത്തീരണമെന്ന കടും പിടുത്തത്തിന്റെ ഫലമായിരുന്നു ഹിറ്റ്ലറിന്റെ ചിത്രകലാ പഠനത്തിനുള്ള ആഗ്രഹം തടസ്സപ്പെടുത്തിയത് .ബാല്‍ താക്കറെയുടെ പിതാവായ കേശവ് സിതാറാം താക്കറെ മറാത്തി ഉദ്ഗ്രഥനത്തിന്റെ അറിയപ്പെടുന്ന വക്താവായിരുന്നു , അച്ഛന്റെ പാത പിന്തുടര്‍ന്നു കൊണ്ടാണ് ബാല്‍ താക്കറെ ശിവസേന രൂപീകരിച്ചത് . ഗവണ്മെന്റ് സേര്‍വ്വീസില്‍ ശിരസ്തദാര്‍ ആയിരുന്നു കരുണാകരന്‍ മാരാരുടെ അച്ഛന്‍ രാമുണ്ണി മാരാര്‍ ,അച്ഛന്റെ ചിട്ടയും ഭരണ പരമായ നേതൃത്വ ശൈലിയും തന്നെയാകണം ചിത്രം വരയില്‍ നിന്നും രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ കെ.കെ മാരാരെയും പ്രേരിപ്പിച്ചിരിക്കുക .



ഉപദംശം :
ബിന്‍ ലാദന്റെ മരണശേഷമായിരിക്കണം ബിന്‍ ലാദന്‍ എഴുതിയ കവിത എന്നു പറഞ്ഞു കൊണ്ടു സൈബര്‍ ലോകത്തു ഒരു കവിത പ്രചരിച്ചിരുന്നു .അറബ് കവിതയുടെ ഇംഗ്ലീഷ് പരിഭാഷ്യമായിരുന്നു .വായിച്ചു നോക്കിയപ്പോള്‍ സാമാന്യം കൊള്ളാം , മറ്റൊരു ഒമര്‍ ഖയ്യാം നമുക്കു നഷ്ടപ്പെട്ടു .