Like

...........

Tuesday 22 October 2013

ആവിഷ്കാര സ്വാതന്ത്ര്യ വ്രണം പൊട്ടലുകള്‍ .




If we don't believe in freedom of expression for people we despise ,we don't believe in at all .

Noam Chomsky .

ആവിഷ്കാര സ്വാതന്ത്ര്യമെന്നത് സദാചാരം പോലെ തന്നെ ഒരു സംഗതിയാണ് .അവനവനു രുചിക്കുന്നതും രസിക്കുന്നതും  വരെയേ ഈ സ്വാതന്ത്ര്യം ആകാവൂ ,അതിനപ്പുറം വികാരം വ്രണപ്പെടും .ഈ വ്രണപ്പെടുന്ന വികാരത്തിന്റെ തോതനുസരിച്ചിരിക്കും പിന്നീടുള്ള അതിക്രമങ്ങള്‍ . സിനിമയായാലും നാടകമായാലും സാഹിത്യമായാലും പ്രസംഗമായാലും ഇത് തന്നെ സ്ഥിതി . ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചും അതിന്റെ ജനാധിപത്യഅവകാശങ്ങളെ കുറിച്ചുമുള്ള സജീവ ചര്‍ച്ചകള്‍ക്കു കാരണമായ ഒരു പാട് സംഭവങ്ങള്‍ കടന്നു പോയിരുന്നു .ആഷിക്ക് അബുവിന്റെ “ഇടുക്കി ഗോള്‍ഡ് പോസ്റ്ററില്‍ “ ശിവനെ കോണ്ട് കഞ്ചാവ് വലിപ്പിച്ചതും അതിനു ശേഷം അമീര്‍ ഖാന്‍ ശിവനെ കൊണ്ട് ഓട്ടോറിക്ഷ തള്ളിച്ചതും  തേജസ് പത്രത്തിന്റെ നിരോധനവും  അങ്ങനെയൊക്കെയായി സംഭവ ബഹുലമായ ആവിഷ്കാര സ്വാതന്ത്ര്യ ചര്‍ച്ചകളായിരുന്നു .



ഇന്നു നമ്മുടെ നാട്ടില്‍ ഏറ്റവും ശക്തമായ നിയമം ഉള്ള ഒരേ ഒരു കാര്യമേയുള്ളൂ - മത നിന്ദ /ദൈവ നിന്ദ അഥവാ ബ്ലാസ്ഫമി .ഇങ്ങനെയൊരു കേസ് വന്നാല്‍ ,അല്ലെങ്കില്‍ ആരോപണം വന്നാല്‍ മിക്കവാറും പണി കിട്ടും ഒന്നുകില്‍ കോടതിയില്‍ നിന്നു അല്ലെങ്കില്‍ ദൈവസ്നേഹം കൊണ്ട് കഴപ്പ് മൂത്ത ജനക്കൂട്ടത്തില്‍ നിന്നു . പട്ടിണിയോ പരിവട്ടമോ ആയിരുന്നാലും ദൈവങ്ങളെയും മതങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തില്‍ ആരും ഉപേക്ഷ വിചാരിക്കില്ലല്ലോ .തൊടുപുഴയിലെ ജോസഫ് സാറിന്റെ കാര്യത്തില്‍ വികാരഭരിതരായ ദൈവ വിശ്വാസികളില്‍  നിന്നും പൌരനെ സംരക്ഷിക്കേണ്ടിയിരുന്ന സ്റ്റേറ്റ് തന്നെ അദ്ദേഹത്തിനെതിരെ IPC: 295A വകുപ്പു പ്രകാരം കേസെടുത്തു .ലുക്കു ഔട്ട് നോട്ടീസും വ്യാപക തിരച്ചിലും ഒക്കെയായി മത ഭ്രാന്തന്മാര്‍ക്കു അവരാണ് ശരി എന്നു സ്ഥാപിച്ചെടുക്കാന്‍ സര്‍ക്കാറിന്റെ ഈ നീക്കം കൊണ്ട് സാധിച്ചു ,ഫലമെന്തു ?- അങ്ങേരുടെ കൈ പോയി കിട്ടി .ഇത് ഏതെങ്കിലും മതത്തോടു മാത്രമുള്ള പ്രീണനമൊന്നുമല്ല - എല്ലാ മതത്തില്‍ പെട്ട വികാരഭരിതരോടും  ഭരണ കൂടങ്ങള്‍ ഈ സ്നേഹം കാണിക്കാറുണ്ട് -അമൃതാനന്ദ മയിക്കെതിരെ പുസ്തകമെഴുതിയ ശ്രീനി പട്ടത്താനത്തിനെതിരെയുള്ള ഇടപെടലുകളും ക്രിസ്ത്യന്‍ മണ്ടത്തരങ്ങളെ തുറന്നു കാട്ടിയ സനല്‍  ഇടമറുകിനെതിരായ പ്രതിഷേധവുമെല്ലാം  ഈ പട്ടികയില്‍ വരും -ഉദാഹരണങ്ങളാണെങ്കില്‍ ക്വിന്റല്‍ കണക്കിനുണ്ട് . വിസ്താര ഭയം കൊണ്ട് കെട്ടഴിക്കുന്നില്ല .  

ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ചിലര്‍ അതിവൈകാരികമായി ഉയര്‍ത്തുന്ന ചോദ്യമാണ്  -എങ്ങോട്ടാണ് നമ്മുടെ രാജ്യം പോകുന്നത് ? പഴയ ബ്രിട്ടീഷ് കിരാത ഭരണത്തിലേക്കാണോ ???

മതനിന്ദാ /ദൈവ നിന്ദാ നിയമം   [
[blasphemy] IPC: 295A ]

നമ്മുടെ രാജ്യം ഷഷ്ടിപൂര്‍ത്തി കഴിഞ്ഞു ,വാര്‍ദ്ധക്യത്തിലേക്കു കാലു നീട്ടിത്തുടങ്ങിയിരിപ്പാണ്  ഇനിയും പഴയ ബ്രിട്ടീഷ് സാമ്രാജ്യത്തത്തെയൊക്കെ കുറ്റം പറയാന്‍ നില്‍ക്കുന്നത് കുറച്ചു കഷ്ടാണ്  . നമ്മുടെ പീനല്‍ കോഡിലുള്ള  
മതനിന്ദാ വകുപ്പ് [blasphemy] IPC: 295A  ബ്രിട്ടീഷ് രാജിന്റെ കാലത്തുണ്ടായിരുന്നതിന്റെ തുടര്‍ച്ച തന്നെയാണ് . പക്ഷെ  സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം വന്ന ഒരു നിയമ ഭേദഗതില്‍ മത നിന്ദാ നിയമമായ  IPC: 295A - ല്‍  His Majesty's Subject എന്ന വാക്കിനെ Citizens of India എന്നാക്കി മാറ്റി ,അതു കൂടാതെ വ്രണിത ഹൃദയര്‍ക്കു കൂടുതല്‍ നിയമ പരമായ സാധ്യതകളൊരുക്കാന്‍ ബ്രിട്ടീഷ് കാലഘട്ടത്തിലെ  നിയമത്തെ ഒന്നു കൂടി വിപുലപ്പെടുത്തി Out raging by certain words എന്ന വാക്യത്തെ Outraging by words ,either spoken or written ,or by signs or visible representations or otherwise എന്നാക്കി മാറ്റി  ഇത് കൊണ്ട് വ്രണപ്പെടാനുള്ള കാരണങ്ങളും അതിനെതിരെ നിയമ നടപടിക്കുള്ള സാധ്യതകളും ഒന്നു കൂടി ശക്തമായി ,നിയമം ഇല്ലാത്തത് കൊണ്ട് വ്രണപ്പെടാതിരിക്കരുതല്ലോ ,എന്തായാലും ഈ വിപുലപ്പെടുത്തല്‍ വാക്യമുള്ളതു കൊണ്ട് വേണമെങ്കില്‍ ഒന്നു തുമ്മിയാല്‍ പോലും മതനിന്ദക്കു കേസ് എടുക്കാനുള്ള വകുപ്പുണ്ട് .ബ്രിട്ടീഷ് ഭരണകാലത്തു നിന്നും സ്വതന്ത്ര ഭാരതത്തിലെത്തുമ്പോള്‍ മത നിന്ദാ നിയമത്തില്‍ നാം ഒരു പാട് “പുരോഗമിച്ചതായി“ കാണാം .അതു കൊണ്ട് ദയവ് ചെയ്ത് ഉദാഹരിക്കാനും താരതമ്യം ചെയ്യാനും പഴയ “ബ്രിട്ടീഷ് കിരാത വാഴ്ച” യിലേക്കൊന്നും പോകണ്ടാ , നമുക്കു സ്വന്തമായി നല്ല ഒന്നാന്തരം ഭരണകൂടങ്ങളും അതിന്റെ വിപുലീകരിച്ച നിയമങ്ങളുമൊക്കെയുള്ളപ്പോള്‍ അത് അനാവശ്യമല്ലെ .




ഇനി അഥവാ നിയമത്തിന്റെയൊ അധികാരത്തിന്റെ ആശ്രയമില്ലെങ്കില്‍ വ്രണിത ഹൃദയര്‍ കയ്യേറ്റത്തിലൂടെയും സംഘബലത്തിലൂടെയും അതിനെ മറികടക്കാന്‍ ശ്രമിക്കും .ഹിന്ദു ഫാസിസ്റ്റുകളും ഇസ്ലാമിക മൌലിക വാദികളും പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കുമെതിരെ സംഘടിക്കുന്നതു അവരുടെ കയ്യില്‍ അതിനെ നിരോധിക്കാനും ഇല്ലാതാക്കാനുമുള്ള അധികാരമില്ലാത്തപ്പോള്‍ മാത്രമാണ് . ഹുസൈന്റെ പെയിന്റിങുകള്‍ നശിപ്പിക്കുകയും ഭീഷണി മുഴക്കിയതും മീരാ നാ‍യരുടെ സിനിമയുടെ ഷൂട്ടിങ്ങ് തടസ്സപ്പെടുത്തുന്നതും അധ്യാപകന്റെ കൈ വെട്ടുന്നതും തങ്ങളുടെ സംഘബലത്തിന്റെ അപകടത്തെ കുറിച്ചു അറിയിക്കാന്‍ തന്നെയാണ് ,ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് അണികളും മോശമല്ല പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ ലൈംഗിക ജീവിതത്തെ പരാമര്‍ശിച്ചതിനാണ് എഴുത്തുകാരന്‍ സക്കറിയയെ  സഖാക്കള്‍  കൈ വെച്ചത് , സക്കറിയ പറഞ്ഞത് അവാസ്തവമോ, അസംബന്ധമോ ആയിരുന്നതു കൊണ്ടല്ല അത്തരമൊരു പ്രതികരണം ,മറിച്ചു വേദിയറിഞ്ഞു പ്രസംഗിച്ചില്ല എന്നതായിരുന്നു തെറ്റ് ,നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തിണ്ണ മിടുക്കു .മതമാകട്ടെ ,രാഷ്ട്രീയ പ്രസ്ഥാ‍നങ്ങളാകട്ടെ  മൌലികാശയത്തില്‍ അടിയുറച്ചു രൂപപ്പെടുത്തിയിരിക്കുന്ന  ഒരു ഇസങ്ങള്‍ക്കും സ്വതന്ത്ര ചിന്തയെയോ ആവിഷ്കാര സ്വാതന്ത്ര്യത്തെയോ അനുകൂലിക്കാനോ പ്രൊത്സാഹിപ്പിക്കാനോ കഴിയില്ല .



അധികാരവും അതിന്റെ മെഷിനറിയും  നിയന്ത്രിക്കുന്നവര്‍ക്കു കാര്യങ്ങള്‍ കുറെ കൂടി ലളിതമാണ് .വികാരം വ്രണപ്പെടുന്നതിനു മുമ്പ് തന്നെ അത് നിരോധിക്കാന്‍ കഴിയുന്നു ,അല്ലെങ്കില്‍ അത്തരത്തിലൊരു ഉദ്യമത്തിനു തുനിയുന്നതില്‍ നിന്നു സ്വയമേവ പിന്മാറാന്‍ തരത്തിലൊരു ഭീഷണി സജീവമായി നിലനിര്‍ത്താന്‍ കഴിയുന്നു . ഇക്കാര്യത്തില്‍ ഏറ്റവും സ്വേച്ഛാധികാര പ്രമത്തത പ്രകടിപ്പിച്ചിട്ടുള്ളത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ് ,അതിനെതിരെയുള്ള ഓരോ പ്രതികരണവും അധികാര സംവിധാനങ്ങളെ ഉപയോഗിച്ചു ഇല്ലാതാക്കുന്നു .അടിയന്തിരാവസ്ഥാ കാലത്തു ഇന്ദിരാഗാന്ധി തുടങ്ങി വെച്ച മാതൃക പിന്നീട് വന്ന കോണ്‍ഗ്രസ്സ് വംശാധിപത്യവാഴ്ച തുടര്‍ന്നു കൊണ്ടേയിരിക്കുന്നു .  കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ സംബന്ധിച്ചു സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം അധികാരമില്ലാത്ത കാലയളവ് തുച്ഛമായിരുന്നു , അതു കൊണ്ട് തന്നെ ആ പാര്‍ട്ടിക്കെതിരെ ,അതിന്റെ സ്വേച്ഛാധിപത്യം നിറഞ്ഞ വംശവാഴ്ചയുടെ ദുരിതങ്ങള്‍ക്കെതിരെയും എഴുതാനോ പറയാനോ പ്രതികരിക്കാനോ കഴിയാത്ത വിധം ഭീഷണമായ ഒരു അവസ്ഥ നിലവിലുണ്ട് .കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കെതിരെയോ അതിന്റെ നേതാക്കള്‍ക്കെതിരെയോ പോലും വേണ്ടാ ,അതിനു  താല്പര്യമുള്ള കോര്‍പ്പറേറ്റുകളെ കുറിച്ചു പോലും ഇന്‍ഡ്യയില്‍ എഴുതിക്കൂടാ, അലിഘിതമായ വിലക്കുകള്‍ അതിനുണ്ട് . ധീരുഭായി അംബാനിയുടെ ജീവിത വഴികളെ പറ്റി ഹമീഷ് മക് ഡൊണാള്‍ഡ് എഴുതിയ "The Polyester Prince" നു ഇന്‍ഡ്യയില്‍ ഒരു കാലഘട്ടം വരെ അലിഘിതമായ വിലക്കുകളുണ്ടായിരുന്നു .ഖനന ഭീമന്‍ കോര്‍പ്പറേറ്റായ “വേദാന്ത” യുടെ സാമ്പത്തിക ക്രമക്കേടുകളെ പറ്റിയും അത് ഓഹരി വിപണിയെ കബളിപ്പിക്കുന്നതിനെ പറ്റിയും  രോഹിത്ത് പൊഡ്ഡാര്‍ എഴുതിയ  "Vedanta's Billions " ഇത്തരത്തില്‍ നിരോധനം നേരിട്ട കൃതിയാണ് ,വേദാന്തയുടെ  ഡയറക്ടര്‍മാരിലൊരാള്‍ നമ്മുടെ ധന മന്ത്രിയായ ചിദംബരമായിരുന്നുവെന്നത് വെറും യാദൃശ്ചികം മാത്രമാകണം. .സെന്‍സര്‍ ഷിപ്പ് നിയമങ്ങളും സൈബര്‍ നിയമങ്ങളും പോലും മാറ്റിയെഴുതുന്നതു ഈ ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള ആ പഴയ അടിയന്തിരാവസ്ഥകാലത്തിന്റെ തുടര്‍ച്ചയായിട്ടു തന്നെയാണ് . 



സ്വതന്ത്ര ഇന്‍ഡ്യയില്‍ ആദ്യമായി നിരോധനം നേരിട്ട കൃതി പാതിയോ അല്പമോ മലയാളിയായിരുന്ന ഓബ്രി മേനന്റേതായിരുന്നു .Rama Retold -രാമായണത്തിന്റെ ഒരു പാരഡിയായിരുന്നു ഇത് . പിന്നീടവിടന്നങ്ങോട്ടു ഗവണ്മെന്റ് നിരോധനമേര്‍പ്പെടുത്തിയ അസംഖ്യം കൃതികളുണ്ട് . ആളുകളുടെ ,മതപരമായ ,രാഷ്ട്രീയമായ ,ദേശീയമായ എല്ലാ മൃദുല വികാരങ്ങളെയും പരമാവധി താലോലിക്കാന്‍ അധികാരം എന്നും ശ്രമിച്ചിട്ടൂണ്ട് .വി എസ് നായ്പാളിന്റെ “an area of darkness“ ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ടത് ഇന്‍ഡ്യയെ  മോശമാക്കി കാണിക്കാന്‍ ശ്രമിച്ചു എന്ന കാരണത്താലാണ് ഇത് ഇന്‍ഡ്യയില്‍ മാത്രമേ നിരോധിച്ചിട്ടുള്ളൂ . മറ്റുള്ള രാജ്യക്കാര്‍ക്കു മുന്നില്‍   ഈ കൃതിയിലൂടെ ഇന്‍ഡ്യയെ എങ്ങനെയാണ്അവതരിപ്പിക്കുന്നതെന്നു അറിയാന്‍ ഇന്‍ഡ്യക്കാര്‍ക്കു അവകാശമില്ല എന്നതാണ് ഈ നിരോധനത്തിലെ ഫലിതം .



"സംഗീതമപി സാഹിത്യം സാരസ്വതാ സ്‌തനദ്വയം ”  സംഗീതവും സാഹിത്യവും സരസ്വതീ ദേവിയുടെ സ്തനങ്ങളാണ് എന്നാണ് ഹിന്ദു സങ്കല്പം തന്നെ ,അങ്ങനെയുള്ള സരസ്വതീ ദേവിയെ ഹുസ്സൈന്‍ വരയ്ക്കുമ്പോള്‍ അത് ഹിന്ദു ഫാസിസത്തിനു സഹിക്കാന്‍ കഴിയുന്നില്ല . അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഏറ്റവും ശക്തമായ തോതില്‍ ഇത്തരം സ്വാതന്ത്ര്യങ്ങളെയും ജനാധിപത്യ അവകാശങ്ങളെയും ഹനിക്കുന്നത് ഹിന്ദു ഫാസിസം തന്നെയാണ് .കാക്കത്തൊള്ളായിരം ദൈവങ്ങളും ആള്‍ ദൈവങ്ങളുമുള്ള ഒരു മതത്തിനു എവിടെ തൊട്ടാലും മര്‍മ്മമെന്ന രീതിയിലാണ് വികാരമുണരുന്നത് . കയ്യൂക്കും തിണ്ണമിടുക്കും കൊണ്ട് അവരത് കൊണ്ടാടുകയും ചെയ്യും .  ലൈംഗിക വര്‍ണ്ണന നിറഞ്ഞ ശില്പ ചാതുരിയുടെ ഹിന്ദു പാരമ്പര്യം ഖജുരാഹോയില്‍ കണ്ണു തുറന്നു നില്‍ക്കുമ്പോള്‍ തന്നെയാണ് ഹുസ്സൈന്റെ ചിത്രങ്ങള്‍ നശിപ്പിക്കപ്പെട്ടതും ഹുസൈനു പലായനം ചെയ്യപ്പെടേണ്ടി വന്നതും . സല്‍മാന്‍ റുഷ്ദിയുടെ “Satanic Verses " ഇസ്ലാം രാഷ്ട്രങ്ങളില്‍ നിരോധിക്കുന്നതിനു മുമ്പേ ഇന്‍ഡ്യയില്‍ നിരോധിച്ചിരുന്നു ,ഒന്നു കൂടി ഉത്സാഹിച്ചിരുന്നെങ്കില്‍ സല്‍മാന്‍ റുഷ്ദിയെ തൂക്കിക്കൊല്ലാനുള്ള നിയമം പോലും ഉണ്ടാക്കി കൊടുക്കുമായിരുന്നു.  .അന്ന് ഈ കൃതിക്കെതിരെ മൂസ്ലീം വികാരം ഉണര്‍ത്തി വിട്ടു വന്‍ പ്രതിഷേധം സംഘടിപ്പിച്ച ഷഹാബുദ്ദീന്‍ എം പി യോട് പത്രലേഖകന്‍ ചോദിച്ചു -

" അങ്ങ് ഈ പുസ്തകം വായിച്ചിട്ടുണ്ടോ ?
 ഹേയ് ഞാന്‍ വായിച്ചിട്ടില്ല ,എന്തിനാണിതൊക്കെ വായിക്കുന്നത് ? "


എന്നായിരുന്നു അയാളുടെ മറുപടി .സത്യത്തില്‍ പ്രക്ഷോഭം നടത്തുന്ന ആരും ആ പുസ്തകം വായിച്ചിട്ടുണ്ടായിരുന്നില്ല .കസന്ദ്സാക്കീസിന്റെ “The last temptation of Christ " നെ ആസ്പദമാക്കി പി എം ആന്റണി രചിച്ച “ക്രിസ്തുവിന്റെ ആറാം തിരുമുറിവ് ”  നിരൊധിക്കപ്പെട്ടത് ക്രിസ്തീയ സഭയുടെ പ്രതിഷേധത്തെ തുടര്‍ന്നാണ്
Sivaji :Hindu King in Islamic India " എന്ന കൃതി ശിവജിയെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചു മഹാരാഷ്ട്രയില്‍  നിരോധിച്ചിരുന്നു ,സുപ്രീം കൊടതി ഈ നിരോധനം നീക്കിയിട്ടു പോലും ഈ പുസ്തകം മഹാരാഷ്ടയില്‍ ലഭ്യമല്ല -  ഇത് നിയമപരമായ നിരോധനമല്ല തിണ്ണമിടുക്കിന്റെ നിരോധനമാണ് . ജവഹര്‍ ലാല്‍ നെഹൃവിന്റെ "Discovery Of India "യില്‍  ശിവജിയെ പറ്റിയുള്ള പരാമര്‍ശങ്ങള്‍ മറാഠികളെ വേദനിപ്പിക്കുന്നു എന്നു പറഞ്ഞു ഗോപിനാഥ് മുണ്ടെ സര്‍ക്കാര്‍ ഈ കൃതി നിരോധിക്കാന്‍ നീക്കം നടത്തിയിരുന്നു -ആദ്യ പ്രധാനമന്ത്രിയുടെതെന്നത് പോകട്ടെ ,ക്ലാസ്സിക് എന്നു വിളിക്കപ്പെട്ട ഒരു കൃതിയാണത് . അപ്പോള്‍ നിരോധനങ്ങള്‍ക്കും വ്രണം പൊട്ടലുകള്‍ക്കും കാരണങ്ങള്‍ ഒരു നേര്‍ത്ത നൂലിഴയോളം മതി .

ഇനി നമുക്കു തേജസ്സ് ലേക്കു വരാം - ഇപ്പോള്‍ വിലപിക്കുന്നവര്‍ പറയും പോലെ തേജസ്സ് - നിഷ്കളങ്കമായ ,ജനാധിപത്യ മൂല്യങ്ങളെ മാനിക്കുന്ന ,മത നിരപേക്ഷമായ ഒരു പത്രമല്ല എന്ന യാഥാര്‍ത്ഥ്യം ഇന്നു തേജസ്സിന്റെ നിരോധനത്തിനെതിരെ സംസാരിക്കുന്നവര്‍ക്കു പോലും അറിയാം . പക്ഷെ ഒരു ജനാധിപത്യ സമൂഹത്തില്‍ അതിനു പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം വേണം ,വിയോജിക്കാനും പ്രതിഷേധം നടത്താനും ഉള്ള സ്വാതന്ത്ര്യം വേണം -അതിനെ നിരോധിക്കുന്നത് ജനാധിപത്യ വിരുദ്ധം തന്നെയാണ് .പക്ഷെ ഇപ്പോള്‍ തേജസ്സിനു വേണ്ടി തേങ്ങുന്നവര്‍ ഒരു വാക്കു പോലും വായിക്കാത്ത പുസ്തകങ്ങളെ നിരോധിക്കാനും എഴുത്തുകാരനെ കഴുവേറ്റാനും ആഹ്വാനം ചെയ്തവരാണ് , അന്നൊന്നും ഈ ജനാധിപത്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഏഴയലത്തു പോലും കടന്ന് വന്നില്ല ,ഈ ഇസ്ലാം മൌലിക വാദികള്‍ എന്നെങ്കിലും മറ്റുള്ളവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തെയോ ജനാധിപത്യത്തെയോ മാനിച്ചിട്ടുണ്ടോ ?  അവനവനു വേണ്ടി വരുമ്പോള്‍ മാത്രമുള്ള ആവിഷ്കാര സ്വാതന്ത്ര്യ കരച്ചില്‍ അസഹ്യമാണ് .

സിനിമയിലെ വികാരങ്ങളും വിവാദങ്ങളും 
നാടകങ്ങളും  പുസ്തകങ്ങളുമൊക്കെ കാലഹരണപ്പെട്ടതു കൊണ്ടാണെന്നു തോന്നുന്നു സമീപകാലത്തു സിനിമകളാണ് ഏറ്റവുമധികം വ്രണിതഹൃദയരെ സൃഷ്ടിച്ചിരിക്കുന്നത് .1958 ല്‍ ഒരു ഹാസ്യ സിനിമക്കു “നാ‍യരു പിടിച്ച പുലിവാല്‍“ എന്നു നിസ്സാരമായി  പേരിടാന്‍ കഴിയുമ്പോള്‍  കുറെ ദശകങ്ങള്‍ക്കിപ്പുറം “പൊന്മുട്ടയിടുന്ന തട്ടാന്‍” ലേക്കെത്തിയപ്പോള്‍ സിനിമ കാണാതെ തന്നെ ജാതിവികാരം വ്രണപ്പെടുന്ന അവസ്ഥയിലേക്കു നമ്മള്‍ പുരോഗമിച്ചു കഴിഞ്ഞിരുന്നു ,ഇതില്‍ തട്ടാനാണ് നായക കഥാപാത്രം എന്നിട്ടു പോലും അത് അനുവദിക്കാനാകില്ല എന്ന നിസ്സഹായവസ്ഥയില്‍ കഥാകൃത്തു  സിനിമയുടെ പ്രമേയവുമായി ഒരു ബന്ധവുമില്ലാത്ത “പൊന്മുട്ടയിടുന്ന താറാവ് “ എന്ന പേരിടാന്‍  നിര്‍ബന്ധിതനാകുന്നു .കമലഹാസന്റെ “ചണ്ടിയാര്‍” വീരുമാണ്ടിയായതും ഇതേ ജാതി വികാരത്തിന്റെ പുറത്താണ്,കാലം കഴിയുന്തോറും വ്രണിത ഹൃദയരാവാനുള്ള ശേഷിയും സാധ്യതകളും വര്‍ദ്ധിച്ചു വരികയാണ് ,ദേവിയുടെ വിഗ്രഹത്തില്‍ തുപ്പിക്കാന്‍ ഇന്നു എം ടി വാസുദേവന്‍ നായര്‍ തുനിഞ്ഞാല്‍ അമ്മയാണെ,  ദേവിയാണേ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയതിനുള്ള  ശിക്ഷ എം ടി വാസുവേട്ടന്‍ ഏറ്റ് വാങ്ങേണ്ടി വന്നേനെ .

ക്രിസ്ത്യന്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതു കൊണ്ട് ഇന്‍ഡ്യയിലെ പല സംസ്ഥാനങ്ങളിലും “ഡാവിഞ്ചി കോഡ് “ എന്ന ഹോളിവുഡ് സിനിമ നിരോധിച്ചിട്ടുണ്ട് . പ്രകാശ് ജായുടെ “ഗംഗാ ജല്‍” പ്രദര്‍ശനത്തിനു മുമ്പ് ലാലു പ്രസാദ് യാദവിന്റെ സ്പെഷ്യല്‍ സെന്‍സറിങ്ങ് കൂടി വിധേയമാക്കേണ്ടി വന്നു .മീരാ നായരുടെ “ഫയറിന്റെ” ഷൂട്ടിങ്ങ് ഹിന്ദു വികാരങ്ങളെ   വ്രണപ്പെടുത്തുന്നുവെന്നു ആരോപിച്ചു ഹിന്ദുത്വ വാദികള്‍ തടസ്സപ്പെടുത്തിയപ്പോള്‍ ബംഗാളില്‍ വന്നു ഷൂട്ട് ചെയ്യാന്‍ ക്ഷണിച്ചവരാണ് അന്നത്തെ ഇടതു പക്ഷ സര്‍ക്കാര്‍ , ആവിഷ്കാര സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഹിന്ദു ഫാസിസ്റ്റ് അതിക്രമങ്ങളെ അപലപിക്കുകയും ചെയ്തു . പക്ഷെ 2001 ലെ കൊല്‍ക്കത്താ ഫിലിം ഫിസ്റ്റിവലില്‍ ലെനിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച Taurus - പ്രദര്‍ശിപ്പിച്ചതിനെതിരെ കൊല്‍ക്കത്തയില്‍ സി പി എമ്മിന്റെ  പ്രതിഷേധമുണ്ടായിരുന്നു ,അതിനു മുമ്പ് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞതാണ് Taurus , അതു കൂടാതെ സിനിമ വരുന്നതു ലെനിന്റെ നാടായ റഷ്യയില്‍ നിന്നും , രാജാവിനെക്കാള്‍ വലിയ രാജഭക്തി . ഉല്പതിഷ്ണുത്വവും ആവിഷ്കാര സ്വാതന്ത്ര്യവും മുട്ടിന് മുട്ട് വിളമ്പുന്ന കമ്യൂണിസ്റ്റുകാര്‍ക്കു ലെനിനെ വസ്തുതാ പരമായി വിലയിരുത്തുന്ന ഒരു സിനിമയെ  അംഗീകരിക്കാന്‍ കഴിഞ്ഞില്ല ,പ്രക്ഷോഭങ്ങള്‍ ,പ്രതിഷേധങ്ങള്‍  പിന്നെ നിരൊധനം .-അപ്പോള്‍ ആവിഷ്കാര സ്വാതന്ത്ര്യമെന്നത് അവനവനു രുചിക്കും വരെ മാത്രമേ നടക്കൂ .


സിനിമകള്‍ വിവാദമുണ്ടാക്കി ഇനീഷ്യല്‍ പുള്‍ കൂട്ടുന്നതു നവീനമായ വിപണന തന്ത്രമൊന്നുമല്ല മുമ്പ്  മറ്റ് പല ഉപാധികളാണ് അതിനു ഉപയോച്ചിരുന്നത് എന്നു മാത്രം .നായിക നടിമാരുടെ നഗ്നത മുതല്‍ നായികാ -നായകന്മാരുടെ പ്രണയ വാര്‍ത്തകള്‍ വരെ ,ബോളിവുഡ്ഡില്‍ ജോഡിയായി അഭിനയിക്കുന്നവരെ തമ്മില്‍ ഗോസ്സിപ്പും ”രഹസ്യ ഫോട്ടോസും “ പുറത്തു വിട്ടു സൌജന്യ പരസ്യം കൊടുക്കുന്ന രീതി പണ്ടേ ഉണ്ട്  ,മനീഷാ കൊയിരാളയുടെ ഒരു മൂന്നാം കിട പടമായ “ഏക് ചോട്ടീ സീ ലവ് സ്ടോറിയും “ മനീഷയുടെ പേരില്‍ തന്നെ വിവാദമുണ്ടാക്കി ഹിറ്റായ സിനിമയാണ്. പക്ഷെ  കാലം മാറി പഴയ മെത്തേഡുകള്‍ കാലഹരണപ്പെട്ടു ഇവിടെയാണ് വ്രണം പൊട്ടിക്കല്‍ വിജയിക്കുന്നത് . ഇത്  താരതമ്യേന ചിലവ് കുറഞ്ഞതും പരമാവധി ഫലപ്രദവുമായ ഒരു മെത്തേഡാണ് .പ്രചരണത്തിനു അഞ്ചു പൈസ ചിലവില്ല , അതത് മേഖലയിലെ വികാര ഭരിത മന്ദ ബുദ്ധികള്‍ അതേറ്റെടുത്തു പ്രചരിപ്പിച്ചോളും .കമലഹാസന്റെ കട്ടക്കൂതറ സിനിമയായ “ദശാവതാരം” എവിടെയെങ്കിലും വിജയിച്ചിട്ടുണ്ടെങ്കില്‍ അത് ആ സിനിമയിലെ മുസ്ലീം വിരുദ്ധതയെന്ന പ്രചരണ കോലാഹലം കൊണ്ടാണ് അതു പോലെ തന്നെ .ശിവസേന ഭീഷണിപ്പെടുത്തിയതു കൊണ്ടു കൂടിയാണ് “മൈ നെയിം ഈസ് ഖാന്‍ “ എന്നഷാരൂഖ്  ചിത്രം വന്‍ വിജയമായിത്തീര്‍ന്നത്  . ആഷിക്ക് അബു വരുന്നത് പരസ്യ മേഖലയില്‍ നിന്നാണ് ,അയാള്‍ക്കറിയാം എങ്ങനെ ഒരു സിനിമ മാര്‍ക്കറ്റ് ചെയ്യണമെന്നു .ആവറേജും ബിലോ ആവറേജുമായിരുന്ന മുന്‍ കാല ചിത്രങ്ങളുടെ വിജയം അതു തെളിയിക്കുന്നു  . 


ശിവന്റെ കഞ്ചാവ് വലിയും ഇത് പോലെ ഒരു ആസൂത്രിത മാര്‍ക്കറ്റിങ്ങ് തന്നെയായിരുന്നിരിക്കണം , എത്ര വികാരം പൊട്ടുന്നുവോ അത്രയും ആഷിക്ക് അബുവിന്റെ മാര്‍ക്കറ്റിങ്ങ് വിജയിക്കും ,സിനിമക്കു അത്രക്കു പ്രചാരവും കിട്ടുമായിരുന്നു ,പക്ഷെ അതു വേണ്ടത്ര ഏശിയില്ല .ഈയടുത്ത കാലത്തു ഇത്തരമൊരു മാര്‍ക്കറ്റിങ്ങ് ഉദ്യമം പൊളിഞ്ഞു പാളീസാവുകയുണ്ടായി  മുരളീ ഗോപിയുടെ “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് “ സി പി എമ്മിനോട് ഒരു അനുഭാവവുമില്ലാത്ത ഒരാള്‍ക്കു പോലും അതില്‍  പിണറായിയെയും വി എസിനെയും മിമിക് ചെയ്തുണ്ടാക്കിയ കഥകളില്‍ അസ്വാഭാവികത തോന്നുമായിരുന്നു .അല്‍ഭുതമെന്നു പറയട്ടെ യാതൊരു വിവാദവുമില്ലാതെ സിനിമ വെറുതെ ,വെറും വെറുതെ കടന്നു പോയി ,ഒരു ആവറേജ് പടമായി .ഒരു കല്ലേറ് ,ഒരു പ്രതിഷേധം ,ചെറിയ ഒരക്രമം ഒക്കെ ആ സിനിമക്കു നല്‍കിയേക്കാമായിരുന്ന മൈലേജിനെ നിസ്സാരമായി തള്ളിക്കളഞ്ഞു .അത്തരമൊരു ആക്ഷനെ മാര്‍ക്കറ്റ് ചെയ്യാന്‍ കാത്തിരുന്ന സിനിമാക്കാരെയും നിരാശരാക്കി . അതു കേരളത്തിലെ സി പി എം അണികളുടെയോ നേതാക്കന്മാരുടെയോ ബോധ പൂര്‍വ്വമോ അബോധ പൂര്‍വ്വമോ ആ‍യ മികച്ച , വിവേകമുള്ള ഒരു തീരുമാനമായിരുന്നു .
വികാരങ്ങളെ വ്രണപ്പെടുത്തുക,വിവാദങ്ങളുണ്ടാക്കുക ,അതിന്റെ പേരില്‍ കിട്ടുന്ന വിപണന മൂല്യം മുതലെടുക്കുക ഇതൊക്കെ സിനിമയില്‍ സാധാരണമാണ് കാരണം സിനിമ ഒരു വ്യവസായമാണ് ,അത് ഏത് രീതിയിലും വിജയിപ്പിച്ചെടുക്കേണ്ടത് അത് സൃഷ്ടിക്കുന്നവന്റെ ആ‍വശ്യമാണ് ,പൊട്ടാന്‍ കാത്തു നില്‍ക്കുന്ന വ്രണമുള്ളവര്‍ ആ വിപണന തന്ത്രത്തിന്റെ രാസത്വരഗങ്ങള്‍ മാത്രവും.









 ആവിഷ്കാര സ്വാതന്ത്ര്യചര്‍ച്ചയില്‍  സൈബര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സവിശേഷമായി തന്നെ പറയേണ്ടിയിരിക്കുന്നു.അനന്തമായ സാധ്യതയും ധ്രുതവേഗത്തിലുള്ള പ്രചാരവും തന്നെയാണ് അതിന്റെ പ്രത്യേകത .ബാല്‍ താക്കറെ മരിച്ചപ്പോള്‍ സ്റ്റാറ്റസിട്ടതിനും ലൈക്ക് ചെയ്തതിനുമാണ് മുംബയില്‍ രണ്ട് പെണ്‍കുട്ടികളെ പിടികിട്ടാപ്പുള്ളികളാക്കും വിധം കേസ് എടുത്തത്  ,പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയെ പറ്റിയുള്ള കാര്‍ട്ടൂണുകള്‍ ഫേസ് ബുക്കില്‍ പ്രചരിപ്പിച്ചതിനെതിറ്റെയും  കേസെടുത്തിരുന്നു  .ഈ കേസുകളിലെല്ലാം ആവിഷ്കാര സ്വാതന്ത്ര്യത്തിനു വേണ്ടി ഘോരം ഘോരം വാദിച്ചവര്‍ പോലും കാണാതെ പോയ ,അല്ലെങ്കില്‍ കണ്ടില്ലെന്നു നടിച്ച ഒരു സൈബര്‍ കേസ് ഉണ്ടായിരുന്നു കേരളത്തില്‍ .സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ കൊടുത്ത ഒരു സൈബര്‍ കേസും അതിനെ തുടര്‍ന്നുണ്ടായ അറസ്റ്റും . 
പിണറായി വിജയന്റെ വീടെന്ന തരത്തില്‍ പ്രചരിച്ച ഒരു വ്യാജ മെയിലിനെ സംബന്ധിച്ചല്ല ,ആ സംഭവം ഒരു ആവിഷ്കാരസ്വാതന്ത്ര്യമല്ല ,രാഷ്ട്രീയമായി താറടിച്ചു കാണിക്കുന്ന ,ദുരുപദിഷ്ടമായ ,  ശുദ്ധ തോന്ന്യാസമാണ് ,അത് ഒരു ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിലും വരുന്നതുമല്ല ,പക്ഷെ ഈ  കേസ് അങ്ങനെയല്ല  മലയാളികള്‍ക്കെല്ലാം [ചുരുങ്ങിയത് ഓണ്‍ ലൈന്‍ മലയാളികള്‍ക്കെങ്കിലും ]  സന്ദേശത്തിലെ  “താത്വികമായ ഒരു അവലോകനമാണ്  ”  എന്നു തുടങ്ങുന്ന ശങ്കരാടിയുടെ സുപരിചതമായ , ഡയലോഗ് പിണറായി വിജയന്റെ ഫോട്ടോക്കൊപ്പം ചേര്‍ത്തു വെച്ചു പ്രചരിപ്പിച്ചതിനാണ് സൈബര്‍ കേസും അതിനെ തുടര്‍ന്നുള്ള അറസ്റ്റുമെല്ലാം ഉണ്ടായത് . അത് സിനിമാ തമാശയാണെന്നു അറിയാഞ്ഞിട്ടൊന്നുമല്ല ,അങ്ങനെ നീയൊക്കെ ഞങ്ങളെ തമാശ പറയണ്ടാ എന്ന ധാര്‍ഷ്ട്യം. മണ്ടന്‍ സര്‍ദാര്‍ജിയും ശാലുവും സരിതയും കരിക്കും ദ്വയാര്‍ത്ഥവും  സിനിമാ ഡയലോഗുമൊക്കെ  ചേര്‍ത്തു വെച്ചു ചിരിച്ചു മരിക്കുന്ന കോമഡിയൊക്കെ ഉണ്ടാക്കി ഷെയര്‍ ചെയ്യുമ്പോള്‍  ഈ പഴയ കേസും അറസ്റ്റും  ഒന്നോര്‍മ്മിക്കുന്നത് നല്ലതായിരിക്കും ,ഒരു ശമനം കിട്ടും ഈ ആവിഷ്കാര സ്വാതന്ത്ര്യ ധാര്‍മ്മിക രോഷങ്ങള്‍ക്കു .





 ഓഹോ ,അപ്പോ പിണറായിയെ എന്തും പറയാമെന്നാണോ ? സി പി എം കാര്‍ക്കു മനോവിഷമമുണ്ടാക്കുന്ന രീതിയില്‍ സിനിമാ  തമാശ പ്രചരിപ്പിച്ചാല്‍  കേസ് കൊടുക്കാനും പ്രതികരിക്കാനും പാടില്ലെന്നാണോ ? ഇനീപ്പോ സി പി എം കാര്‍ക്കു ചൂടു വെള്ളത്തില്‍ കുളിക്കാമോ ആവോ ? തീര്‍ച്ചയായും കുളിക്കണം  , പക്ഷെ  നാല്‍പ്പമരാദി എണ്ണ പുരട്ടി ,വാകപ്പൊടിയും പയറു പൊടിയും ചേര്‍ത്ത് കുളിക്കുന്നതിന്റെ  ഗുണഗണങ്ങളെ കുറിച്ചൊക്കെ   നാലു പുറം  വിവരിച്ച ശേഷം അവസാന വരിയില്‍ കുളിക്കാനേ പാടില്ല എന്നു പറയരുതെന്നു മാത്രം .



ആവിഷ്കാര സ്വാതന്ത്ര്യം എവിടെ വരെയാകാം എന്നതിനു കൃത്യമായ മീറ്ററുകളൊന്നും നിലവിലില്ല , നിയതമായ വാക്കുകളില്‍ നിര്‍വചിക്കാനുമാകില്ല  .അത് പ്രയോഗിക്കപ്പെടുന്ന ജനപദത്തിന്റെ ,ജനതയുടെ സംസ്കാരവും വിദ്യാഭ്യാസവും അനുസരിച്ചാണ് വിലയിരുത്തപ്പെടുന്നത് .സൌദി അറേബ്യ പോലെയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ മറ്റ് മതഗ്രന്ഥങ്ങള്‍ക്കു വിലക്കുണ്ട് ചൈനയില്‍ ഗൂഗിളിനും യു ട്യൂബിനും ഫേസ് ബുക്കിനു പോലും നിയന്ത്രിത വിലക്കാണ് .പല ക്രിസ്ത്യന്‍ സംഘടനകളും വത്തിക്കാനും കസന്ദ്സാക്കീസിന്റെ Last Temptation of Christ നു മേല്‍ ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ട് .പണ്ടെങ്ങോ വായിച്ച ഒരു കവിതാ ശകലം ഓര്‍മ്മ വരുന്നു

 
 “നിങ്ങളുടെ ജലദോഷം ചികിത്സിച്ചു മാറാത്തതിന് എന്തിനാണു നിങ്ങളെന്‍റെ മൂക്ക് മുറിച്ചെടുക്കുന്നത് ? നിങ്ങളുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതിന് എന്തിനാണ് നിങ്ങളെന്‍റെ കണ്‍പീലികള്‍ തുന്നിച്ചേര്‍ക്കുന്നത് ."


  ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ വ്രണം പൊട്ടാനും പൊട്ടിക്കാനും സജ്ജമായി നില്‍ക്കുന്ന എല്ലാ മതങ്ങളുടെയും ഇസങ്ങളുടെയും സംഗമ ഭൂമിയാണ്  നമ്മുടെ മഹത്തായ ഇന്‍ഡ്യ ,ബഹുസ്വരതയുടെ നന്മ !!! .അങ്ങനെയുള്ള ബഹുസ്വരമായ വ്രണ ബാധിത പ്രദേശത്താണ് നൂറു കോടി ജനങ്ങളുടെ സാഹസികമായ അതിജീവനം ,ഒന്നു തുമ്മിയാല്‍ പോലും വ്രണപ്പെട്ടേക്കാം .

13 comments:


  1. ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ വ്രണം പൊട്ടാനും പൊട്ടിക്കാനും സജ്ജമായി നില്‍ക്കുന്ന എല്ലാ മതങ്ങളുടെയും ഇസങ്ങളുടെയും സംഗമ ഭൂമിയാണ് നമ്മുടെ മഹത്തായ ഇന്‍ഡ്യ ,ബഹുസ്വരതയുടെ നന്മ !!! .അങ്ങനെയുള്ള ബഹുസ്വരമായ വ്രണ ബാധിത പ്രദേശത്താണ് നൂറു കോടി ജനങ്ങളുടെ സാഹസികമായ അതിജീവനം ,ഒന്നു തുമ്മിയാല്‍ പോലും വ്രണപ്പെട്ടേക്കാം .

    ReplyDelete
  2. I am wondering how you manage to recollect all these incidents. Or is it a result of good research before writing. Whatever, good post.

    There was a revolutionary drama in Kerala - BHAGAVAN KAALUMAARUNNU - by Kaniyapuram Ramachandran. I read this sometime in the mid 80's, before I came out of school. That drama was banned too, but not before it reached lakhs of people. I think it is one of the boldest attempts by any writer from Kerala, to look at all these mythological characters in a satirical way. People often talk about how MT sir changed the story of Chandu, I wonder how many have seen or read this drama. Today, the writer would be killed, immediately after the first show.

    We are a fanatic and fascist society. Almost everything, from arts to religion to what not, is attuned to make us more and more fanatic. All anthropologists across the world agree all animals and humans started singing and dancing to attract the opposite sex. The way how arts are now linked to spirituality in India is terrible. In the ancient days India and China must have been the only societies which had an open view at sex. And look where we are now.

    We should take a leaf out of France or Denmark, in such issues.

    ReplyDelete
    Replies
    1. സമകാലിക ആവിഷ്കാര സ്വാതന്ത്ര്യ വിഷയങ്ങളെ പറ്റി ആണ് എഴുതി തുടങ്ങിയത് ,അതങ്ങനെ പോയി പോയി - ലേഡി ചാറ്റര്‍ലിയുടെ കാമുകനിലും ബോറിസ് പാസ്റ്റര്‍ നാക്കിലുമൊക്കെ എത്തിയപ്പോള്‍ അതിന്റെ ദൈര്‍ഘ്യം ഭയന്നു ഒഴിവാക്കുകയായിരുന്നു ,യഥാര്‍ത്ഥത്തില്‍ ആവിഷ്കാര സ്വാതന്ത്ര്യത്തെ എഴുതുമ്പോള്‍ പ്രശ്നം -ഏത് എടുക്കണം ,ഏത് ഒഴിവാക്ക്ണമെന്നുള്ളതാണ് -അത്രക്കധികം വിഷയങ്ങളുണ്ട് .

      ഫണ്ടമെന്റലായിട്ടുള്ള ഒരു ഇസമോ വിശ്വാസമോ പിന്തുടരുന്ന ഒരു രാജ്യത്തിനോ ,ജനതക്കോ സ്വതന്ത്ര ചിന്ത അനുവദിക്കാന്‍ കഴിയില്ല .മത രാഷ്ട്രങ്ങളെക്കാള്‍ കര്‍ശനമാണ് ഇക്കാര്യത്തില്‍ കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും,.സ്റ്റാലിന്റെ അപ്രീതിക്കു പാത്രമായതു കൊണ്ടാണ് അന്നാ അഹ്മത്തോവയുടെ കവിതകള്‍ റഷ്യയില്‍ നിരോധിക്കപ്പെട്ടത് , ഡോക്ടര്‍ ഷിവാഗോ എഴുതിയതിന്റെ പേരില്‍ ബോറിസ് പാസ്റ്റര്‍ നാക്കിനും ഇത് തന്നെ സംഭവിച്ചു .അദ്ദേഹത്തിനു നോബല്‍ സമ്മാനം പോലും നിരസിക്കേണ്ടി വന്നു ..പിന്നീട് പെരസ്ട്രോയിക്ക സംഭവിക്കുമ്പോള്‍ മാത്രമാണ് ഇതില്‍ നിന്നു മോചനം കിട്ടുന്നത് . പ്രശസ്തരായതു കൊണ്ട് മാത്രം അന്നാ അഹ്മത്തോവയുടെയും പാസ്റ്റര്‍നാക്കിന്റെയും കാര്യം ലോകം അറിഞ്ഞത് ,അറിയപ്പെടാതെ പോയ എത്രയോ നിരോധനങ്ങളും അടിച്ചമര്‍ത്തമലും ഉണ്ടായിരിക്കണം .മധുര മനോജ്ഞ ചൈനയില്‍ ഫേസ് ബുക്കിനും യു ട്യൂബിനുമൊക്കെ നിരോധനമുണ്ട് .നാം ആവിഷ്കാര സ്വാതന്ത്ര്യ നിരോധനമെന്ന പേരില്‍ എപ്പോഴും ഉദാഹരിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളെക്കാള്‍ കഷ്ടമാണ് അവിടത്തെ കാര്യങ്ങള്‍ -പക്ഷെ മാപ്പളാര്‍ക്കു താത്വികമായി വിശദീകരിക്കാന്‍ കഴിയാത്തത് കൊണ്ട് അവര്‍ കൂടുതല്‍ പരാമര്‍ശിക്കപ്പെടുന്നു ,അല്ലെങ്കില്‍ പരമ്പരാഗത ബുദ്ധിജീവികളായ കമ്മികളുടെ ചൈനാ വൈകാരികത കൊണ്ട് അത് സുഖകരമായി ഒഴിവാക്കപ്പെടുന്നു .

      നാടകത്തിന്റെ കാര്യം പറഞ്ഞത് കൊണ്ട് പറയുകയാണ് - കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഷാര്‍ജയില്‍ കാര്‍ത്തികേയന്‍ പടിയത്തിന്റെ “ശവം തീനി ഉറുമ്പുകള്‍ “ എന്നൊരു നാടകം കളിച്ചു [അച്ചനൊക്കെ പറഞ്ഞു തന്ന അറിവാണ് ,വര്‍ഷങ്ങള്‍ക്കു മുമ്പാണ് ] അതിന്റെ പ്രമേയം മതത്തെയും കമ്യൂണിസത്തെയും അതിന്റെ വ്യാഖ്യാതാക്കള്‍ / പുരോഹിതര്‍ സ്വാര്‍ത്ഥ താല്പര്യത്തിനുപയോഗിച്ചു ,മനുഷ്യ വിരുദ്ധമാക്കി എന്നതായിരുന്നു ,നാടകം മതത്തിനൊ ദൈവത്തിനോഎതിരായിരുന്നില്ല .പക്ഷെ നാടകം കണ്ട മലയാളികള്‍ തന്നെ ഒറ്റു കൊടുത്തു - മലയാളമറിയാത്ത അറബി അധികാരികളെ ഇത് ബ്ലാഫസ്മിയാണെന്ന രീതിയില്‍ അവതരിപ്പിച്ചു .ഇസ്ലാമിക ഭരണം നില നില്‍ക്കുന്ന ഷാര്‍ജയില്‍ ഇതിന്റെ ഫലമെന്തായിരിക്കുമെന്നറിയാമല്ലോ - നാടകം അവതരിപ്പിച്ചത് ഇവിടെ തന്നെ ജോലി ചെയ്യുന്ന ആളുകളായിരുന്നു ,ഒറ്റിക്കൊടുത്തത് സഹപ്രവര്‍ത്തകരും ...ഒന്നാലോചിച്ചു നോക്കൂ ദൈവത്തിനു വേണ്ടി വക്കാലത്തു പറയുന്നവരുടെ ഉള്ളിലെ ക്രൌര്യവും വിദ്വേഷവും .

      Delete
    2. മറ്റ് പല കാര്യത്തിലുമെന്ന പോലെ സ്കാന്റിനേവിയന്‍ രാജ്യങ്ങള്‍ തന്നെയാണ് ഇക്കാര്യത്തിലും മാതൃക -

      പക്ഷെ മതത്തിന്റെ അധിനിവേശം അവിടെയും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട് ,ചലച്ചിത്രകാരനായിരുന്ന തിയോ വാന്‍ ഗോഗിനെ ഇസ്ലാമിക മൌലിക വാദി കുത്തിക്കൊന്ന സംഭവം ഓര്‍ക്കുമല്ലോ , ഇസ്ലാമിലെ സ്ത്രീകളുടെ അവകാശത്തെ പറ്റി Submission എന്ന സിനിമ എടുത്തതിന്റെ പ്രകോപനമായിരുന്നു ഇത് , ഇതൊന്നും മതത്തിനെതിരെ ഒന്നുമല്ല ,ചില നവീകരണങ്ങളാണ് ഉദ്ദേശിക്കുന്നത് ,അത് പോലും മതനിന്ദയാകുന്നു . , ചിത്രകാരനായിരുന്ന വിന്‍സന്റ് വാങോഗിന്റെ സഹോദരനായ തിയോ വാങോഗിന്റെ കൊച്ചു മകനാണ് തിയോ വ്ന്‍ ഗോഗ് .

      Delete
  3. തോന്നിയപോലെ പ്രയോഗിക്കാന്‍ മതവികാരം പോലെ ഉപകരിക്കുന്ന സാധനം വേറെ ഇല്ല.

    ReplyDelete
  4. Dont know what happen to the following part..

    I must say, I was impressed by the way CPI.M dealt with the movie Left Right Left.. In their normal ways, they would have immediately done anything to ban it, but they just ignored it and it didnt creat any ripples at all. Even a couple of my friends, who are beginning to have RSS affiliations these days, mentioned the movie has a clearly biased view of Hindutva outfit, which any one with some knowledge of Kerala politics would find difficult to fall for. Anyways, someone in cpi-m, thought so and intelligently decided to ignore the movie and it worked for them. For once, a political party saved us , a day of hartal.

    ReplyDelete
  5. മണ്ടന്മാർ. ആരെങ്കിലും ഒന്ന് തുമ്മിയാൽ സ്വസ്ഥത കലക്കുന്നവർ. ഇവർക്കൊന്നും പറഞ്ഞാലും മനസ്സിലാവില്ല.

    ReplyDelete
  6. ഒരുരുത്തരുടെ ആറ്റം ബോംബാണ് ആറ്റംബോംബ്.....

    ReplyDelete

  7. ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും ശക്തമായ നിയമം
    ഉള്ള ഒരേ ഒരു കാര്യമേയുള്ളൂ - മത നിന്ദ /ദൈവ നിന്ദ അഥവാ ബ്ലാസ്ഫമി
    .ഇങ്ങനെയൊരു കേസ് വന്നാല്‍ ,
    അല്ലെങ്കില്‍ ആരോപണം വന്നാല്‍ മിക്കവാറും പണി കിട്ടും ...!

    ReplyDelete
  8. blasphemy യ്ക്ക് തല്‍സമയ മരണശിക്ഷയില്‍ നിന്ന് മനുഷ്യകുലം വിടുതല്‍ ചെയ്യപ്പെട്ടിട്ട് അധികനൂറ്റാണ്ടുകള്‍ ആയിട്ടില്ല. ഇപ്പോഴും ഭൂലോകത്തിന്റെ പലപ്രദേശങ്ങളിലും ഈ കുറ്റത്തിന് മരണശിക്ഷ പ്രാബല്യത്തിലുമുണ്ട്. ദൈവത്തിന് നിന്ദ കെട്ടിട്ട് ശിക്ഷിയ്ക്കാനുള്‍ല കഴിവൊന്നുമില്ലാത്തതിനാല്‍ ദൈവം തന്നെക്കാള്‍ ശക്തരായ മനുഷ്യരെ സര്‍വ അധികാരവും ഏല്പിച്ചിരിയ്ക്കുകയാണ്. പാവം ദൈവം

    ReplyDelete
  9. ഇന്ത്യന്‍ ജനതയെ മൊത്തത്തില്‍ 'കാടടച്ചു വെടിവെച്ച്' ഈ ലേഖനം അവസാനിപ്പിച്ചതില്‍ ഉള്ള ഖേദം ഇവിടെ രേഖപ്പെടുത്തുന്നു. മതമോ, രാഷ്ട്രീയമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലുമോ ആവട്ടെ, ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നവര്‍, ഇന്ത്യയിലെ സാധാരണ ജനങ്ങളല്ല; അതില്‍ നിന്നും എന്തെങ്കിലും മുതലെടുപ്പുകള്‍ കിട്ടണം എന്നാഗ്രഹിക്കുന്നവര്‍ മാത്രമാണ്. ഒരു പാര്‍ട്ടിയോ സംഘടനയോ (അല്ലെങ്കില്‍ അതിലെ വ്യക്തികള്‍) ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുമ്പോള്‍, ഒരു ജനത മുഴുവന്‍ അതാഗ്രഹിക്കുന്നുണ്ടോ, നിവൃത്തികേടുകൊണ്ട് അവര്‍ അതിനു വിധേയരാവുക മാത്രമേ ചെയ്യുന്നുള്ളൂ... മുതലെടുപ്പുകാര്‍ ആണ് ഇവിടെ കാപട്യം ജനിപ്പിച്ചുവിടുന്നത്. അല്ലാതെ, ഒരു നാട്ടിലെ മുഴുവന്‍ ജനങ്ങളും അല്ല.

    ReplyDelete
    Replies

    1. ഇന്ത്യന്‍ ജനതയെ മൊത്തത്തില്‍ 'കാടടച്ചു വെടിവെച്ച്' ഈ ലേഖനം അവസാനിപ്പിച്ചതില്‍ ഉള്ള ഖേദം ഇവിടെ രേഖപ്പെടുത്തുന്നു.
      ____________________________________________
      അങ്ങനെ പറഞ്ഞുവോ - ഇങ്ങനെയാണ് അവസാനിപ്പിച്ചത് -

      "ഭാഗ്യത്തിനോ നിര്‍ഭാഗ്യത്തിനോ വ്രണം പൊട്ടാനും പൊട്ടിക്കാനും സജ്ജമായി നില്‍ക്കുന്ന എല്ലാ മതങ്ങളുടെയും ഇസങ്ങളുടെയും സംഗമ ഭൂമിയാണ് നമ്മുടെ മഹത്തായ ഇന്‍ഡ്യ ,ബഹുസ്വരതയുടെ നന്മ !!! .അങ്ങനെയുള്ള ബഹുസ്വരമായ വ്രണ ബാധിത പ്രദേശത്താണ് നൂറു കോടി ജനങ്ങളുടെ സാഹസികമായ അതിജീവനം ,ഒന്നു തുമ്മിയാല്‍ പോലും വ്രണപ്പെട്ടേക്കാം "

      നിസ്സഹയാരായ ആ നൂറു കോടി ജനത്തെ പറ്റി തന്നെയാണ് പറഞ്ഞത് .

      Delete
    2. അവസാനത്തെ ഖണ്ഡികയല്ല; വിവിധ സന്ദര്‍ഭങ്ങളെ സാഹചര്യങ്ങളെ കോര്‍ത്തിണക്കി അവതരിപ്പിച്ച ഈ ലേഖനം വായിച്ചപ്പോള്‍ ഉരുത്തിരിഞ്ഞ ഒരു അഭിപ്രായമാണ് ഇവിടെ രേഖപ്പെടുത്തിയത്. 110 കോടി ജനങ്ങളും ഇരുന്നൂറില്‍ അധികം വരുന്ന രാഷ്ട്രീയ കക്ഷികളും ഏതാണ്ട് അത്രതന്നെ, മത/സാമുദായിക സംഘടനകളും ഉള്ള ഒരു ജനാധിപത്യ രാജ്യത്ത് ഓരോരുത്തരുടെയും ഇഷ്ടത്തിനനുസരിച്ചു കലയെയോ സാഹിത്യത്തെയോ ആവിഷ്ക്കരിക്കാനോ നടപ്പിലാക്കാനോ കഴിയുക എന്നത് തികച്ചും ദുഷ്കരമായ കാര്യം തന്നെയാണ് !! മറ്റൊരു തരത്തില്‍ ഇതില്‍ നിന്നും മുതലെടുപ്പ് നടത്തുന്നവര്‍, ഇതല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവരുടെ കര്‍മ്മങ്ങള്‍ തുടരുക തന്നെ ചെയ്യും. അങ്ങനെ വരുമ്പോള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം അത് കൊണ്ടുവരുന്ന അല്ലെങ്കില്‍ നിര്‍വഹിക്കുന്ന ആളിന്‍റെ മനോധര്‍മ്മത്തിനനസരിച്ചു ചെയ്യുന്നത് തന്നെയായിരിക്കും ഏറ്റവും അനുയോജ്യം.

      Delete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .