Like

...........

Saturday, 24 March 2012

ഒരു സമ്പന്ന രാഷ്ട്രമായ ഇന്‍ഡ്യയെക്കുറിച്ച് തന്നെ

വളരെ പ്രസിദ്ധമായ ഒരു സെന്‍ ബുദ്ധിസ്റ്റ് തത്വമുണ്ട് - ഒരു സെന്‍ ഗുരു തന്റെ ശിഷ്യനു മുമ്പില്‍ ഒരു വര വരച്ചിട്ടു അതിനെ ചെറുതാക്കാന്‍ ആവശ്യപ്പെടുന്നു പക്ഷെ നിലവിലുള്ള ആ വരയെ മായ്ക്കരുത് - നിലവിലുള്ള വരയെ മായ്ക്കുകയൊ മാറ്റുകയോ ഒന്നും ചെയ്യാതെ ചെറുതാക്കണം ,ശിഷ്യനതു കഴിഞ്ഞില്ല ആ വരയെ മായ്ക്കാതെ അതെങ്ങനെ ചെറുതാക്കും ? ശിഷ്യന് അല്‍ഭുതപ്പെട്ടു അപ്പോള്‍ ഗുരു ആ വരക്കടുത്തായി അതിലും വലിയൊരു വര വരച്ചു ഇപ്പോള്‍ ആദ്യത്തെ വര ചെറുതായി . ഇതു വലിയ ഒരു തത്വ ചിന്തയാണ് .ഇതേ സെന്‍ ബുദ്ധിസ്റ്റ് തത്വ ചിന്തയാണ് മന്മോഹന്‍ സിങ്ങും ശിഷ്യനായ മൊണ്ടേക് സിങ്ങ് അലുവാലിയയയും അനുവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത് . നിലവില്‍ ഇന്‍ഡ്യ ഭൂരിഭാഗവും ദരിദ്രരായ ജനവിഭാഗങ്ങളുള്ള ഒരു വലിയ ദരിദ്ര രാജ്യമാണ് ഈ ദാരിദ്ര്യത്തെ എങ്ങനെ കുറയ്ക്കാം ? അതിനുള്ള പോം വഴിയാണ് ദാരിദ്ര്യമെന്നതിന്റെ നിര്‍വ്വചനം തന്നെ പുനര്‍ നിരവ്വചിക്കുക എന്നതാണ് .

ഈ സിദ്ധാന്തമനുസരിച്ചു നടത്തിയ പുതിയ കണക്കെടുപ്പു പ്രകാരം ഗ്രാമ പരിധിയില്‍ 22 രൂപയും നഗരത്തില്‍ 28 രൂപയും ദിവസ വരുമാനമുള്ളവര്‍ ഇനി മുതല്‍ ദാരിദ്ര്യരേഖക്കു മുകളിലായിരിക്കും .കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ ഗ്രാമ പരിധിയില്‍ 22.47 രൂപയും നഗര പരിധിയില്‍ 28.65 രൂപയും ആണ് , ദശാംശമൊക്കെ ഉപയോഗിച്ചു വളരെ കിറു കൃത്യം എന്ന രീതിയില്‍ ഈ കണക്കു പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ കരുതും ഈ കണക്കെല്ലാം ഗവേഷണമോ സര്‍വേയോ മറ്റോ നടത്തി കണ്ടെത്തിയതാണെന്ന് - നഗരത്തില്‍ 28.65 രൂപക്കു ജീവിക്കാമെന്നൊക്കെ സ്റ്റാറ്റിസ്റ്റിക്സ് രൂപീകരിക്കണമെങ്കില്‍ സാമാന്യം നല്ല തൊലിക്കട്ടിയായിരിക്കണം .ഈ കണക്കു പ്രകാരം ഇന്‍ഡ്യയില്‍ ഇപ്പോഴുള്ള ദരിദ്രരുടെ ജന സംഖ്യ 354 ദശലക്ഷമാണ് ഇത് 2005 ല്‍ ഇതിനെക്കാള്‍ 53 ദശലക്ഷം ദരിദ്രര്‍ ഇന്‍ഡ്യയില്‍ ഉണ്ടായിരുന്നു , അതായത് ദരിദ്രര്‍ കുറഞ്ഞു - ഇതു പുരോഗമനമല്ലെ ? തീര്‍ച്ചയായും ഇത് പുരോഗമനമാണ് അടുത്ത വര്‍ഷം ഈ ദാരിദ്ര്യ രേഖയുടെ മാനദണ്ഡം 28 രൂപയില്‍ നിന്നും 10 രൂപയാക്കി കുറക്കട്ടെ - അപ്പോള്‍ ഇതിലും മികച്ച സാമ്പത്തിക പുരോഗതിയാകും ഇന്‍ഡ്യ നേടുക , അങ്ങനെ ഓരോ വര്‍ഷവും പടി പടിയായി Poverty Line Criteria കുറച്ചു കുറച്ചു അവസാനം ദരിദ്രരില്ലാത്ത ഒരു മാതൃകാ രാജ്യമായി തീരും .

സ്ഥിതിവിവരക്കണക്കുകളിലെ പെരും നുണകള്‍ .

ബെഞ്ചമിന്‍ ഡിസ്രയേലി സ്റ്റാറ്റിസ്റ്റിക്സിനെ നിര്‍വചിച്ചത് ഇങ്ങനെയാണ് .

'After all, facts are facts, and although we may quote one to another with a chuckle the words of the Wise Statesman, "Lies - damn lies - and statistics,"

ഇന്‍ഡ്യ വന്‍ സാമ്പത്തിക ശക്തിയായി കുതിക്കുന്നു , അമേരിക്കയെയും ജപ്പാനെയും കടത്തി വെട്ടും എന്തെല്ലാം വാര്‍ത്തകളാണ് നാം ദൈനം ദിനം കേള്‍ക്കുന്നത് . രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലും അര്‍ദ്ധപട്ടിണിയിലും കഴിയുന്ന ഒരു രാജ്യമെങ്ങനെയാണ് ലോകത്തെ സാമ്പത്തിക ശക്തിയായി കുതിക്കുന്നത് ? ഒരു നേരത്തെ ഭക്ഷണത്തിനു ഗതിയില്ലാത്ത കോടിക്കണക്കിനു ആളുകളുള്ള രാജ്യമെങ്ങനെയാണ് ഇത്തരം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത് ? സ്റ്റാറ്റിസ്റ്റിക്സ് പഠിച്ചിട്ടുള്ളവര്‍ക്കറിയാം ഒരു വസ്തുതയെ അതെങ്ങനെ ബലാത്സംഗം ചെയ്യുമെന്ന് , കുറച്ചു സംഖ്യകളുപയോഗിച്ചു വലിയൊരു നുണ പടച്ചു വിടാന്‍ സ്ഥിതിവിവരക്കണക്കു കൊണ്ടു സാധ്യമാണ്
ഉദാഹരണമായി ആളോഹരി വരുമാനം തന്നെ നോക്കാം - ഈ സ്റ്റാറ്റിസ്റ്റിക്സില്‍ പരിഗണിക്കുന്ന ആയിരം പേരുടെ സ്ഥിതി വിവരക്കണക്കില്‍ 998 പേര്‍ക്കു വെറും പത്തു രൂപ മാത്രം വരുമാനവും ബാക്കിയുള്ള 2 പേര്‍ക്കു പത്തു ലക്ഷം വരുമാനമുണ്ടെന്നും കരുതുക - അതിന്റെ റിസള്‍ട്ടെന്താണ് കാണിക്കുന്നത് 998 X 10 + 1000000 X 2 /1000 = 2010 . അപ്പോള്‍ കേവലം പത്തു രൂപ വരുമാനമുള്ള ഭൂരിപക്ഷത്തെ ഒന്നോ രണ്ടോ സമ്പന്നനെ കൊണ്ട് ആകെ മാറ്റി മറിക്കാം , അതാണ് സ്റ്റാറ്റിസ്റ്റിക്സ് കൊണ്ടുള്ള കളി . ഇത്തരം ഉപരിപ്ലവമായ സ്റ്റാറ്റിസ്റ്റിക്സ് കളികളാണ് ഇന്‍ഡ്യയുടെ സാമ്പത്തിക പുരോഗതിയുടെ “കുതിപ്പിനു” പിന്നില്‍ . അംബാനിയുടെയോ റ്റാറ്റയുടെയോ പോലുള്ളവരുടെ സമ്പത്തു ഉയരുകയും ലക്ഷക്കണക്കിനു പേര്‍ നിത്യ പട്ടിണിക്കാരായി താഴെക്കു പോയാലും മേല്‍പ്പറഞ്ഞ സ്റ്റാറ്റിസ്റ്റിക്സ് വളര്‍ച്ചയെ ആണു കാണിക്കുക .


അരുന്ധതി റോയിയുടെ ഭാവനയുടെ അന്ത്യം എന്ന കൃതിയില്‍ നിന്നും -

"അണക്കെട്ടുകളുടെ നിര്‍മ്മാണത്തിന് ശേഷം അവിടെയുള്ള ആവാസവ്യവസ്ഥക്കെന്ത് സംഭവിക്കുന്നു എന്നIndian Institute of Public Administration നടത്തിയ ഒരു പഠനമാണ് വിഷയം . .ഓരോ വലിയ അണക്കെട്ടുകളുടെയും നിര്‍മ്മാണത്തോടെ ഭവനരഹിതരാവുന്ന , ആവാസവ്യവസ്ഥ നഷ്ടപ്പെടുന്ന ശരാശരി മനുഷ്യരുടെ എണ്ണം 44182 ആണ് . ഇന്‍ഡ്യയിലെ 3300 ഓളം അണക്കെട്ടുകളില്‍ നിന്ന് വെറും 54 അണക്കെട്ടുകള്‍ മാത്രമാണ് തിരഞ്ഞെടുത്തത് , അത് ഒരു പഠനത്തിന് ഒട്ടും പര്യാപ്തമല്ല എങ്കില്‍ പോലും അതില്‍ നിന്ന് കിട്ടിയ ശരാശരികളില്‍ നിന്ന് നമുക്കൊരു കണക്ക് കൂട്ടല്‍ നടത്തി നോക്കാം . ശരാശരി കണക്കുകളില്‍ വന്നേക്കാവുന്ന പിഴവുകള്‍ കണക്ക്കിലെടുത്ത് ഈ 44182 എന്ന കണക്കിനെ നമുക്ക് നേര്‍പകുതിയാക്കാം അല്ലെങ്കില്‍ കണക്ക് കൂട്ടാനുള്ളെ എളുപ്പത്തിനായി നമുക്കതിനെ 10000 എന്ന് കുറക്കാം, ഇത് വല്ലാത്ത ഒരു ന്യൂനീകരണം ആണ് , എന്നിട്ട് പോലും നമുക്ക് കിട്ടുന്ന കണക്കുകള്‍ അതിശയിപ്പിക്കുന്നതാണ് .3300 വലിയ അണക്കെട്ടുകളുടെ നിര്‍മ്മാണത്തിന്റെ അനന്തരഫലമായി നിരാലംബരായി പോയ മനുഷ്യരുടെ ലളിതമായ സ്ഥിതിവിവരപട്ടിക ഇങ്ങനെ വരും - 3300 X10000 = 3300000 അതായത് 33 ദശലക്ഷം മനുഷ്യജീവികളാണ് നമുക്ക് വൈദ്യുതി ലഭിക്കാന്‍ വേണ്ടി പലായനം ചെയ്യപ്പെടേണ്ടി വന്നത് ,അഭയാര്‍ത്ഥികളായി മാറിയത് .ഇത്തരം കണക്കുകളൊന്നും പുറത്തു വരാറില്ല . എന്റെ പൊന്നു സര്‍ക്കാരെ ഈ കണക്കുകള്‍ നുണയാണെന്നു പറയാനെങ്കിലും നിങ്ങളൊന്നു വാ തുറക്കൂ
"
അരുന്ധതി റോയി പാതി തമാശയായി ചോദിക്കുന്നത് വളരെ ഗൌരവമുള്ള ഒരു കാര്യമാണ് . സര്‍ക്കാര്‍ നിഷേധിക്കാനായി പോലും ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാറില്ല അതായത് “ ഇത് തെറ്റാണ് , ഇങ്ങനെയൊന്നുമില്ല “ എന്നു പറഞ്ഞാല്‍ ഗവണ്മെന്റിനറിയാം അതെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വരുമെന്ന് . മേല്‍ പറഞ്ഞ സ്ഥിതി വിവരക്കണക്കുകള്‍ വളരെ ലഘുവായ ഒരേകദേശ കണക്കു മാത്രമാണ് , കുറച്ചു കൂടി കൃത്യതയുള്ള കണക്കുകളില്‍ ഇതിലേറെ ബാധിക്കപ്പെട്ടവരുണ്ടാകും .ഓരോ ആവശ്യങ്ങള്‍ക്കായി വ്യത്യസ്ഥമായ സ്ഥിതി വിവരക്കണക്കുകള്‍ അവതരിപ്പിക്കാന്‍ അധികൃതര്‍ക്കുള്ള കഴിവ് പ്രശംസനീയമാണ് - ഈ കഴിവ് കൊണ്ട് അവര്‍ ആവശ്യമുള്ള സമയത്തു ദാരിദ്ര്യം 40 % ആക്കാനും 10 % ആക്കാനും ഈ സ്ഥിതി വിവരക്കണക്കു കൊണ്ടു സാധ്യമാണ് .

ദാരിദ്ര്യവും ധനത്തിന്റെ മൂല്യ നിര്‍ണ്ണയവും .

ഒരാള്‍ ധനികനാണോ അല്ലയോ എന്നു ഏത് മാനദണ്ഡം ഉപയോഗിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നത് ? പൊതുവില്‍ രൂപയുടെ മൂല്യം നമ്മള്‍ അളക്കുന്നത് ഡോളറിന്റെയോ യൂറോയുടെയോ ലഭ്യതക്കോ നിലവാരത്തിനോ അനുസരിച്ചാണ് . പക്ഷെ വിചിത്രമായ ഒരു സംഗതി ഇന്‍ഡ്യന്‍ ഗ്രാമങ്ങളിലെ ധനത്തിന്റെ മൂല്യ നിര്‍ണ്ണയത്തിലോ മനുഷ്യ ശേഷിയുടെ ഉപയോഗത്തിലോ അമ്പരപ്പിക്കുന്ന മാനദണ്ഡങ്ങളാണ് നിലനില്‍ക്കുന്നത് . Times Of India ക്കു വേണ്ടി പി. സായ് നാഥ് ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ നടത്തിയ നീണ്ട യാത്രകളും അനുഭവ പഠനങ്ങളും സമാഹരിച്ചുള്ള കൃതിയാണ് - നല്ലൊരു വരളച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു [-Every body Loves a Good Drought ] ബീഹാറിലെയും ഒറീസയിലെയും തമിഴ് നാട്ടിലെയും അന്ധ്രയിലെയും ദരിദ്രരായ ഭൂരഹിത കര്‍ഷകര്‍ക്കിടയില്‍ നടത്തിയ പഠനങ്ങളിലൂടെ നീണ്ട യാത്രകളിലൂടെ തയ്യാറാക്കിയ ലേഖനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ നമ്മെ ഞെട്ടിക്കും വിധം അവിശ്വസനീയമാണ് . ഏതോപ്യയിലെയും ഉഗാണ്ടയിലെയും ദാരിദ്ര്യത്തെ സൂചിപ്പിക്കാന്‍ നാം അവലംബിക്കുന്ന , മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന എല്ലും തോലുമായ മനുഷ്യക്കൊലങ്ങളില്‍ നിന്നു വ്യത്യസ്ഥമാണ് ഇന്‍ഡ്യയിലെ ദാരിദ്ര്യത്തിന്റെ അവസ്ഥ .ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്ഷാമത്തിന്റെയും ഇല്ലായ്മയുടെയും ദാരിദ്ര്യമാണെങ്കില്‍ ഇന്‍ഡ്യയില്‍ വ്യവസ്ഥിതിയുടെ , അധികാരി വര്‍ഗ്ഗത്തിന്റെ അനാസ്ഥ കൊണ്ടുണ്ടാകുന്ന ദാരിദ്ര്യമാണ് അത് അവിശ്വസനീയമായ ചില കഥകളാണ്

അധികൃതരുടെ അനാസ്ഥ , ജാതി വ്യവസ്ഥ ,വരളച്ചാ , ക്ഷാമം , ഭൂവുടമകളുടെ പീഡനം , ഇങ്ങനെ നിരവധി കാരണങ്ങളാലാണ് ഇന്‍ഡ്യന്‍ അവസ്ഥയിലെ ദാരിദ്ര്യം കൂടുതല്‍ രൂക്ഷമാകുന്നത് . ബീഹാറിലെ പാലമാവ് എന്ന ഗ്രാമത്തിലെ ഒരനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട് - ആയിരക്കണക്കിനു ഏക്കര്‍ ഭൂമി കയ്യില്‍ വെച്ചു കൊണ്ടിരിക്കുന്ന ഏതാനും ഭൂവുടമകളും അതില്‍ വളരെ തുച്ഛമായ കടസംഖ്യ തിരിച്ചടക്കാനാകാതെ അടിമകളെ പോലെ പണിയെടുക്കുന്ന ഭൂ രഹിത കര്‍ഷകരുമാണ് ആ ഗ്രാമത്തിന്റെ പ്രത്യേകത . ഇത്തരത്തില്‍ വര്‍ഷങ്ങളായി അടിമ വേല ചെയ്തു കൊണ്ടിരിക്കുന്ന ഒരു കുടുംബത്തിന്റെ ഋണ ബാധ്യത കേവലം അഞ്ചു രൂപയാണ് - നിങ്ങളൊന്നു ഞെട്ടിയോ അഞ്ചു രൂപക്കു വേണ്ടി അടിമപ്പണി ചെയ്യുന്ന ഒരു കുടുംബമോ ? ഇതസംഭവ്യമാണ് എന്നു നമ്മള്‍ വാദിക്കാന്‍ ശ്രമിക്കും പക്ഷെ നമ്മള്‍ ഒരു പത്ര പ്രവര്‍ത്തകന്റെ അര്‍പ്പണ ബോധത്തോടെയുള്ള നീണ്ട ഗവേഷണത്തിന്റെ സത്യ സന്ധതയ്ക്കു മുമ്പില്‍ പരാജയപ്പെടും - ഇതെല്ലാം വിദൂരസ്ഥമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ അവസ്ഥയല്ലെ എന്നു നമ്മള്‍ സമാശ്വസിക്കുമ്പോള്‍ തന്നെ വയനാട്ടിലെ കഥയും പി സായ്നാഥ് എഴുതിയിട്ടുണ്ട് - വയനാട്ടിലെ ആദിവാസികള്‍ വിശപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ കാടിനു പുറത്തുള്ള ഗ്രാമങ്ങളില്‍ പണിയന്വേഷിച്ചു പോകാറുണ്ട് - ഇങ്ങനെയുള്ള തൊഴിലാളികള്‍ പകലന്തി വരെ പണിയെടുത്താലും പത്തോ പതിനഞ്ചോ രൂപ മാത്രമേ കൂലിയായി കൊടുക്കാറുള്ളൂ , അവരുടെ സാഹചര്യങ്ങളില്‍ രൂപയുടെ മൂല്യം അവര്‍ക്കറിയില്ല - അപ്പോള്‍ അഞ്ചോ പത്തോ രൂപയും ഒരു ധനമാണ് .ഇത് നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള കഥയല്ല സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കഥയാണ് . നമ്മളെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അവിശ്വസനീയമായ കഥകളായി മാറുന്നതു അത്തരം സാഹചര്യങ്ങളെ നാം പരിചയിച്ച സാഹചര്യങ്ങളിലൊന്നും കണ്ടിട്ടില്ല എന്നതു കൊണ്ടാണ് . അതായത് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത് പ്രതിശീര്‍ഷ വരുമാനം വര്‍ഷാ വര്‍ഷം പുരോഗമിക്കുന്ന , വളര്‍ച്ചാ നിരക്കു കൂടിയ ഒരു രാജ്യത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് .

ദാരിദ്ര്യത്തെക്കുറിച്ചും അത്തരം കാര്യത്തെക്കുറിച്ചും സംസാരിക്കുന്നത് വളരെ ഹീനമായ എന്തോ കൃത്യമായാണ് മധ്യവര്‍ഗ്ഗക്കാരും ഉപരിവര്‍ഗ്ഗക്കാരുമായ ഇന്‍ഡ്യക്കാര്‍ കരുതുന്നത് , അത് അവന്റെ രാജ്യത്തെക്കുറിച്ചുള്ള അഭിമാന ബോധത്തെ വൃണപ്പെടുത്തുന്നുണ്ടാവണം , ദേശസ്നേഹത്തെയും ദേശ മഹത്വത്തിന്റെ ഉദ്ഘോഷണത്തെയുമെല്ലാം പരിഹസിക്കുന്നുണ്ടാകണം . ശശി തരൂരിന്റെ “സ്വാതന്ത്ര്യം :അര്‍ദ്ധ രാത്രി മുതല്‍ അര നൂറ്റാണ്ട് വരെ “ എന്ന കൃതിയില്‍ അദ്ദേഹം ഇന്‍ഡ്യയെ “ മോശക്കാരാക്കുന്ന “ ഇത്തരം പ്രവണതകള്‍ക്കെതിരെ ആത്മരോഷം മുഴക്കുന്നുണ്ട് .ഡാനി ബോയിലിന്റെ - സ്ലം ഡോഗ് മില്ല്യണയര്‍ എന്ന ചിത്രത്തെക്കുറിച്ചു വിദേശ ഇന്‍ഡ്യക്കാരിലും ഇന്‍ഡ്യന്‍ സമ്പന്നരിലും വ്യാപകമായി ഉയര്‍ന്ന ആരോപണമായിരുന്നു ഇന്‍ഡ്യയെ “ചെരുപ്പുകുത്തികളുടെയും ചേരികളുടെയും” നാടാക്കി ചിത്രീകരിച്ചുവെന്നത് .അതു വരെ ബോളിവുഡില്‍ നിന്നു പുറത്തു പോയിരുന്ന ചിത്രങ്ങള്‍ മധ്യവര്‍ഗ്ഗ - ഉപരി വര്‍ഗ്ഗ ഇന്‍ഡ്യക്കാരനെ തൃപ്തിപ്പെടുത്താനുള്ള എല്ലാ ചേരുവകളുമടങ്ങിയതായിരുന്നല്ലോ - കൊട്ടാര സദൃശമായ വീടുകള്‍ , സുന്ദരീ - സുന്ദരന്മാരും ധനികരുമാ‍യ കഥാപാത്രങ്ങള്‍ , എങ്ങും സ മൃദ്ധിയുടെ അടയാളങ്ങള്‍ - അങ്ങനെ പാശ്ചാത്യര്‍ക്കു മുമ്പില്‍ ഞെളിഞ്ഞു നിന്നിരുന്നവര്‍ ചേരികളും അഴുക്കും കണ്ടു ബോധരഹിതരായിരുന്നില്ലന്നെ ഉള്ളൂ . അന്താ‍രാഷ്ട്ര സമ്മേളനങ്ങളിലും കായിക മത്സരങ്ങളുടെ തയ്യാറെടുപ്പിലും ചേരികളെ ഒളിച്ചു വെക്കാനും സൌന്ദര്യവല്‍ക്കരണത്തിനും കുറെ കോടികള്‍ ചിലവാക്കുന്നത് ഈ വ്യാജ അഭിമാന ബോധത്തിനു വേണ്ടിയാണ് . ദരിദ്രരെ ഒളിപ്പിച്ചു വെച്ചാല്‍ മാത്രമേ രാജ്യത്തിന്റെ സ മൃദ്ധി കൈ വരുവെന്നുവുള്ള രൂഡമൂലമായ വിശ്വാസം എല്ലാകാലത്തുമുണ്ടായിരിക്കണം .സഞ്ചയ് ഗാന്ധിയുടെ ഏകാധിപത്യ കാലത്തെ ഏറ്റവും വികസന പദ്ധതി ബലം പ്രയോഗിച്ചുള്ള ചേരീ നിര്‍മ്മാര്‍ജ്ജനവും ദരിദ്രരുടെ നിര്‍ബന്ധിത വന്ധ്യം കരണവുമായിരുന്നു . ദാരിദ്ര്യം ഇല്ലാതാക്കാനല്ല ദരിദ്രരെ ഇല്ലായ്മ ചെയ്യുകയാണ് ഏറ്റവും ലളിതമായ പോം വഴിയെന്നു അധികൃതര്‍ക്കറിയാം .

ശ്രദ്ധേയമായ വസ്തുത ഇത്തരം കാര്യങ്ങളെക്കുറിച്ചു അധികം ഗഹനമായ പഠനങ്ങളോ അന്വേഷണങ്ങളോ നടക്കുന്നില്ല എന്നതാണ് .ഖനനത്തിനും അണക്കെട്ടൂ നിര്‍മ്മാണത്തിനും വേണ്ടി ആവാസ വ്യവസ്ഥ നഷ്ടപ്പെടുന്ന , അഭയാര്‍ത്ഥികളാകുന്ന ലക്ഷക്കണക്കിന് ഒരു പക്ഷെ കോടിക്കണക്കിന് ജനങ്ങളെക്കുറിച്ചു യാതൊരു സ്ഥിതിവിവരക്കണക്കുകളും ലഭ്യമല്ല എന്നതാണ് വസ്തുത .ഇവരൊക്കെ എവിടെ പോകുന്നു ? എങ്ങനെ ജീവിക്കുന്നു ? റേഷന്‍ കാര്‍ഡോ മറ്റ് തിരിച്ചറിയല്‍ രേഖകളോ ഇല്ലാത്ത ആദിവാസികളും ദളിതരുമായ ഇത്തരം ആളുകളെ കുറിച്ചുള്ള കണക്കുകള്‍ തയ്യാറാക്കുക ശ്രമകരമാണ് എന്നതു മാത്രമല്ല കാരണം ഇത്തരം കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഗവണ്മെന്റ് അതിനെല്ലാം ഉത്തരം പറയേണ്ടി വരുന്നു അതിനാല്‍ തന്നെ ഉപരിപ്ലവമായ ചില കണക്കുകള്‍ കൊണ്ട് ഗവണ്മെന്റ് സംതൃപ്തരാണ് . പി സായ്നാഥോ അരുന്ധതീ റോയിയെ കാഞ്ച ഐലയ്യയോ ഒക്കെ ഇത്തരം ചില അവസ്ഥകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതെല്ലാം യക്ഷിക്കഥകളെക്കാള്‍ അസംഭവ്യമാണ് എന്ന നിലയിലാണ് നാം അതിനെ സമീപിക്കുക , കാരണം നമ്മള്‍ വളര്‍ച്ചാ നിരക്കു കൂടിയ , പ്രതിശീര്‍ഷ വരുമാനം മികച്ച നിലയിലുള്ള ഒരു വന്‍ സാമ്പത്തിക ശക്തിയാണ് , അതല്ലാത്ത അറിവുകളൊക്കെ ദേശസ്നേഹത്തിനു വിരുദ്ധവും ആകുന്നു .ഉപദംശം .

രൂപയുടെ മൂല്യത്തെക്കുറിച്ചു പറഞ്ഞപ്പോഴാണ് വീരപ്പെന്റെ ഒരു കഥ ഓര്‍മ്മ വരുന്നത് - വീരപ്പനു രൂപയുടെ സംഖ്യാശാസ്ത്രമൊന്നും വലിയ പിടിയുണ്ടായിരുന്നില്ലത്രെ , ചന്ദനവും ആനക്കൊമ്പുമെല്ലാം വളരെ നിസ്സാര വിലക്കു - വലിയ വിലയാണ് നല്‍കുന്നതെന്നു തെറ്റിദ്ധരിപ്പിച്ച് - ഇടനിലക്കാര്‍ തരപ്പെടുത്തിയിരുന്നു . കന്നട നടന്‍ രാജ് കുമാറിനെ ബന്ധിയാക്കിയതിനു ശേഷം മോചന ദ്രവ്യം ആദ്യം ആവശ്യപ്പെട്ടത് 500 കോടിയോ മറ്റോ ആയിരുന്നെങ്കിലും - അതില്‍ നിന്നു വ്യത്യസ്ഥമായി ഒരു ചെറിയ തുകയാണ് അവസാന ഒത്തുത്തീര്‍പ്പില്‍ കൈമാറിയത് - സത്യത്തില്‍ വീരപ്പനു ആദ്യം ആവശ്യപ്പെട്ട തുകയുടെയോ ലഭിച്ച പണത്തിന്റെ മൂല്യത്തെക്കുറിച്ചു അറിയില്ലായിരുന്നത്രെ - അതു തന്നെയായിരുന്നു ഇടനിലക്കാര്‍ മുതലെടുത്തതും . അപ്പോള്‍ ധനമല്ല അതിന്റെ മൂല്യമാണ് പ്രശ്നം :) .


Ref : നല്ലൊരു വരളച്ചയെ എല്ലാവരും ഇഷ്ടപ്പെടുന്നു [-Every body Loves a Good Drought ] - പി സായ്നാഥ്
ഭാവനയുടെ അന്ത്യം - അരുന്ധതി റോയ് ,
സ്വാതന്ത്ര്യം :അര്‍ദ്ധരാത്രി മുതല്‍ അരനൂറ്റാണ്ട് വരെ - ശശി തരൂര്‍ .