Like

...........

Sunday, 11 December 2011

ബ്യൂട്ടിഫുള്‍ - ഒരളവുക്കു പറവായില്ലാ
പ്രശസ്ത കഥാകൃത്ത് അശോകന്‍ ചെരിവിലിന്റെ ഒരു നാടന്‍ കഥാപാത്രമാണ് വി കെ പി , സ്നേഹനിധിയായ ഒരു ഭാര്യയും രണ്ട് മക്കളുമുള്ള ഒരു മധ്യവയസ്കന്‍ . പങ്കജാക്ഷന്‍ എന്നാണ് പേരെങ്കിലും വി കെ പി എന്നാണിദ്ദേഹത്തെ നാട്ടുകാര്‍ വിളിക്കുന്നത് . ഇദ്ദേഹത്തിന്റെ പ്രധാന പ്രശ്നം എല്ലാവരോടും പ്രണയം തോന്നുന്നു എന്നതാണ് , വെറുതെ പ്രണയം തോന്നുക മാത്രമാണെങ്കില്‍ സഹിക്കാമായിരുന്നു പക്ഷെ ഈ പ്രണയങ്ങളെല്ലാം ആത്മാര്‍ത്ഥവും പത്തരമാറ്റ് തങ്കവുമാണ് . പ്രണയത്തിനു വേണ്ടി പ്രണയഗാനങ്ങള്‍ പാടും , കാലു പിടിക്കും വേണമെങ്കില്‍ ജീവന്‍ വരെ ത്യജിക്കുംഈ പ്രണയത്തില്‍ വേര്‍ തിരിവുകളില്ല കുലീനരും സല്‍ സ്വഭാവികളുമായ കൌമാരക്കാരികള്‍ മുതല്‍ കവലയിലെ മധ്യവയസ്കരായ തെരുവു വേശ്യകള്‍ വരെയുണ്ട് , ചില പ്രണയങ്ങള്‍ വിജയിക്കും ചിലത് പരാജയപ്പെടും അതൊന്നും വി കെ പി യെ ബാധിക്കുന്ന കാര്യമേയല്ല . പ്രണയം പരാ‍ജയപ്പെടുമ്പോള്‍ ജീവിതം നഷ്ടപ്പെട്ടവനെപ്പോലെ ആത്മഹത്യാ ശ്രമമാണ് അങ്ങനെ ഒരു ആത്മഹത്യാ ശ്രമത്തിനു ശേഷമാണ് വി കെ പി എന്ന പേരു പതിച്ച് കിട്ടുന്നത് - വിഷം കുടിച്ച പങ്കജാക്ഷന്‍ എന്നതിന്റെ ചുരുക്കെഴുത്ത് . എല്ലാ പ്രണയ പരാജയങ്ങള്‍ക്കു ശേഷവും പശ്ചാത്തവിവശനായി ഭാര്യയുടെ അടുത്തേക്കു തന്നെ തിരിച്ചു ചെല്ലുന്നു , ഭാര്യ തീപ്പെട്ടിക്കമ്പനിയില്‍ പോയി കഷ്ടപ്പെട്ടു പണിയെടുത്തു അയാളെ ശുശ്രൂഷിക്കുന്നു ,പഴയ പ്രണയപരാജയത്തിന്റെ ഹാങ്ങ് ഓവര്‍ കഴിഞ്ഞാല്‍ അയാള്‍ വീണ്ടും പഴയ പോലെ പ്രണയിക്കാനിറങ്ങുന്നു , പ്രത്യേകിച്ചു ഒരു ലക്ഷ്യമോ ഉദ്ദേശമോ അദ്ദേഹത്തിന്റെ ഈ വൈവിധ്യം നിറഞ്ഞ പ്രണയങ്ങള്‍ക്കില്ല .

പേരിലെ സാദൃശ്യം കൊണ്ടാണോ എന്നറിയില്ല വി കെ പ്രകാശിന്റെ ഓരോ പടങ്ങള്‍ കാണുമ്പോഴും അശോകന്‍ ചെരുവിലിന്റെ ആ പഴയ വി കെ പി ഓര്‍മ്മയില്‍ നിന്നങ്ങു ഓടി വരും .നല്ല നിലയില്‍ പരസ്യങ്ങളൊക്കെ പിടിച്ചു ജീവിക്കുന്ന ഒരാള്‍ ഒരു തോന്നലിനങ്ങ് പുനരധിവാസം പോലെയൊരു ആര്‍ട്ട് ഫിലിം എടുക്കും പിന്നെ ഫാമിലി ലവ് സ്റ്റോറി മുല്ലവള്ളിയും തേന്മാവും അതു കഴിഞ്ഞ് പോലീസ് ത്രില്ലര്‍ എല്ലാം കഴിഞ്ഞ് അവസാനം 3 കിങ്ങ്സ് വരെ എടുക്കും . ഈ എല്ലാ സിനിമകളും വി കെ പ്രകാശ് ആത്മാര്‍ത്ഥമായി ചെയ്യുന്നത് തന്നെയാണ് , അതു പരാജയപ്പെടുമ്പോള്‍ വീണ്ടും പരസ്യ കമ്പനിയിലേക്കു തന്നെ തിരിച്ചു പോകും ഒരിടവേള കഴിഞ്ഞു തമാശയാണോ പ്രണയമാണോ സമാന്തരമാണോ എന്നൊന്നും പ്രവചിക്കാനാവാത്ത ഒരു സിനിമയുമായി വീണ്ടും വി കെ പി വരും .

ഇക്കണ്ട കാലയളവിലും വി കെ പ്രകാശിന് സംവിധായകന്‍ എന്ന നിലയില്‍ സ്വന്തമായി ഒരു ശൈലിയോ വ്യക്തിഗത സങ്കേതമോ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല പക്ഷെ ഒന്നുണ്ട് മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനനായ ക്രാഫ്റ്റ് മാന്‍ ആണ് അദ്ദേഹം .കലാമൂല്യമുള്ള സമാന്തര സിനിമയായാലും ബോക്സ് ഓഫീസ് ലക്ഷ്യമാക്കിയുള്ള തല്ലിപ്പൊളി സിനിമയായാലും ഓരോ ഫ്രെയിമിലും ഒരു ക്രാഫ്റ്റ് മാന്റെ പെര്‍ഫെക്ഷന്‍ നമുക്കു കാണാം . സാധന സാമഗ്രികളും നല്ലൊരു പ്ലാനും കൊടുത്താല്‍ വൈദഗ്ദ്യത്തോടെ നല്ല വീടുണ്ടാക്കി തരുന്ന എഞ്ചിനീയറെപ്പോലെയാണ് വി കെ പ്രകാശ് എന്ന ചലച്ചിത്രകാരന്‍ , പക്ഷെ പ്ലാന്‍ നന്നായിരിക്കണം അതിനെ ആശ്രയിച്ചിരിക്കും ആ ചിത്രം , ഇത്തവണ അനൂപ് മേനോന്‍ മോശമല്ലാത്തൊരു പ്ലാന്‍ വരച്ചു കൊടുത്തിട്ടൂണ്ട് - അതാണ് ബ്യൂട്ടിഫുള്‍ എന്ന സിനിമ . കുട്ടനാട്ടിലെ നെല്‍ കര്‍ഷകന്റെ കഥയെഴുതിയാലും അതിലേതെങ്കിലും വിദേശ പടത്തിന്റെ കോപ്പിയാണെന്നു സംശയിച്ചു പോകുന്ന ഒരു ഇമേജ് ഉണ്ടാക്കി വെച്ചിട്ടൂണ്ടെങ്കിലും മേനവന്റെ സംഭാഷണ രചന പാടവത്തെ എക്സലന്റ് എന്നു തന്നെ പറയാം, പകല്‍ നക്ഷത്രങ്ങള്‍ എന്ന ആദ്യ ചിത്രത്തിലെ ബുദ്ധിജീവി പരിപ്രേക്ഷ്യത്തിനിടയ്ക്കും സരസമായ ആ ഒരു സംഭാഷണ രീതി മനോഹരമായിരുന്നു . കോക്ക് ടെയിലിനു ഒരു ഒരു കടപ്പാട് പോലും വെക്കാതിരുന്നത് പ്രേക്ഷകര്‍ ആ ചിത്രങ്ങള്‍ കണ്ടു ഈ അനുകരണത്തെ വിലയിരുത്തുമെന്ന ഭയത്താലായിരിക്കണം അല്ലെങ്കിലും Butterfly on Wheel ലെ പിയേഴ്സ് ബ്രോസ്നനനെയുണ്ടോ ജയസൂര്യക്കൊക്കെ താങ്ങാന്‍ പറ്റുന്നു ? .


ശരീരം മുഴുവന്‍ തളര്‍ന്നിട്ടൂം പ്രസാദാത്മകമായി ജീവിതത്തെ സമീപിക്കുന്ന വ്യക്തിയാണ് സ്റ്റീഫന്‍ [ജയസൂര്യ] സ്റ്റീഫനെ പരിചരിക്കാന്‍ വരുന്ന ഒരു പെണ്‍ കുട്ടിയുടെയും സ്റ്റീഫന്റെ ഒരു സുഹൃത്തിന്റെയും കഥയാണിതെന്നു പറയുമ്പോള്‍ ഗുസാരിഷ് എന്ന സഞ്ചയ് ലീലാ ബന്‍സാലി ചിത്രം ഓര്‍മ്മ വരും പക്ഷെ ഗുണമായാലും ദോഷമായാലും ആ സാദൃശ്യം ഇവിടം കൊണ്ടവസാനിക്കുന്നു .രണ്ട് സിനിമകളും മുന്നോട്ട് വെക്കുന്ന ഇതിവൃത്തം തികച്ചും വ്യത്യസ്ഥമാണ് .ഗുസാരിഷ് ജീവിതത്തിന്റെയും മരണത്തിന്റെയും ദാര്‍ശനിക തലങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെങ്കില്‍ ബ്യൂട്ടിഫുള്‍ , രതിയും പ്രണയവും വഞ്ചനയുമെല്ലാം നിറഞ്ഞ വൈയക്തികമായ ഒരനുഭവമാണ് കാഴ്ച വെക്കുന്നത് .

അനുപ് മേനോന്റെ സംഭാഷണ മികവിനു മുഴുവന്‍ മാര്‍ക്കും കൊടുക്കാമെങ്കിലും സ്വന്തമായി രൂപ ഭദ്രതയുള്ള ഒരു തിരക്കഥ രചിക്കാന്‍ തക്ക വൈദഗ്ദ്യമിനിയും കൈവന്നിട്ടില്ല എന്ന് തോന്നുന്നു ,സാരമുള്ളതല്ലെങ്കിലും ചില ചില്ലറ പൊരുത്തക്കേടുകള്‍ നമുക്കു ചൂണ്ടിക്കാണിക്കാം .ശരീരം മുഴുവന്‍ തളര്‍ന്നിട്ടും ജീവിതത്തെ പ്രസാദാത്മകമായും പോസിറ്റീവായും കാണുന്ന ഒരാളുടെ കഥയായിട്ടാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ സിനിമയെ അവതരിപ്പിക്കുന്നത് , അവിടെയാണ് തകരാറ് - അംഗ വൈകല്യം സംഭവിച്ച ഒരാളുടെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകുന്ന രീതിയില്‍ ജീവിക്കുമ്പോഴാണല്ലോ ആ ജീവിതം പോസിറ്റീവായി തോന്നേണ്ടത് പൂര്‍വ്വമാതൃക എന്ന് വിശേഷിപ്പിക്കാവുന്ന ഗുസാരിഷിലെ റിത്വിക് റോഷന്‍ സ്വന്തമായി ഒരു റേഡിയോ സ്റ്റേഷന്‍ വഴി ദിനം പ്രതി ഒരു പാട് പേരുമായി സംസാരിക്കുന്നുണ്ട് , ആശ്വസിപ്പിക്കുന്നുണ്ട് പ്രചോദിപ്പിക്കുന്നുണ്ട് അത്തരം സിനിമാ മാതൃകകള്‍ ഒഴിവാക്കിയാലും ശരീരം തളര്‍ന്ന സ്റ്റീഫന്‍ ഹോക്കിങ്ങ്സും റാബിയയുമെല്ലാം സമൂഹത്തിനോടുള്ള പ്രതിബദ്ധത കൊണ്ടാണ് ജീവിതത്തിന്റെ പ്രസാദാത്മകതയെ കാണിച്ചു തന്നിട്ടുള്ളത് . അങ്ങനെ ഒരു പാടു ജീവിത മാതൃകകള്‍ നമുക്കു മുന്നില്‍ ഉള്ളപ്പോള്‍ ഒരു പേരിനെങ്കിലും അത്തരമൊരു പോസിറ്റീവ് മെന്റാലിറ്റി ഈ സിനിമയില്‍ ഉപയോഗിച്ചു കൊണ്ടാണ് ഈ പ്രസാദാത്മകതയെപ്പറ്റി പറയുന്നതെങ്കില്‍ കേള്‍ക്കാനൊരു സുഖമുണ്ടായിരുന്നു പക്ഷെ ശതകോടി സമ്പത്തുള്ള സ്റ്റീഫന്‍ ആരെയും സഹായിക്കാനോ സമൂഹത്തിലെന്തെങ്കിലും പ്രചോദനമാകാനോ തുനിയുന്നില്ല മറിച്ചു അയാളുടെ സമ്പത്തുപയോഗിച്ചു അയാള്‍ക്കു സുഖിക്കണമെന്ന സ്വാര്‍ത്ഥത മാത്രമാണ് ആ പ്രസാദാത്മകത കൊണ്ട് ഉദ്ദേശിക്കുന്നത് ,തികച്ചും സെല്‍ഫ് സെന്റേഡ് ആയ ഒരു മനോഭാവം .

സ്റ്റീഫന്റെ ശതകോടിക്കണക്കിനായി സ്വത്തുക്കളില്‍ കണ്ണു വെച്ച് നടക്കുന്ന ബന്ധുക്കളും ജീവിതത്തിലേക്കു ജോണ്‍ [അനുപ് മേനോന്‍ ] എന്ന പാട്ടുകാരനും അഞ്ചലി [മേഘന ] എന്ന ഹോം നഴ്സും കൂടി കടന്നു വരുന്നതോടെ ചിത്രം സംഭവ ബഹുലമാകുന്നു .ഗായകന്‍ ഉണ്ണിമേനോന്‍ , തെസ്നി ഖാന്‍ , നന്ദു , ടിനി ടോം സ്ഥിരം പരിചയിച്ച ക്ലീഷേ വേഷങ്ങളിലൂടെ മാത്രം നില നിന്നിരുന്ന കഥാപാത്രങ്ങള്‍ക്കു പോലും വ്യക്തിത്വം നല്‍കിക്കൊണ്ട് കൊച്ചു കൊച്ചു നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ,ആ ചെറിയ കഥാപാത്രങ്ങളിലൂടെ സിനിമ മനോഹരമായ ഒരു ആവിഷ്കാര രീതി അവലംബിക്കുന്നുണ്ട് . പ്രണയം , സൌഹൃദം , സ്നേഹം , വിധേയത്വം വൈകാരികമായ എല്ലാ ഘടകങ്ങളെയും അതത് അളവുകളില്‍ ചേര്‍ത്തു കൊണ്ട് ലളിതമായ ഒരു കഥ .ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട് അഞ്ചലിയായി അഭിനയിച്ച മേഘന സൌന്ദര്യം കൊണ്ടും ഭാവം കൊണ്ടും കാഴ്ചക്കാരനെ മോഹിപ്പിക്കുന്നുണ്ട് , നായികയെ ഇത്ര സുന്ദരമായി ചിത്രീകരിച്ച സിനിമ അടുത്ത കാലത്തൊന്നുമുണ്ടായിട്ടില്ല . അനുപ് മേനോന്റെ വരികള്‍ക്കൊപ്പം ഇഴുകിച്ചേര്‍ന്നു പോകുന്ന സംഗീതവും .

വൈകാരികവും കണ്ണു നിറയിക്കുന്നതുമായ മുഹൂര്‍ത്തങ്ങള്‍ നിറയെ ഉണ്ട് സിനിമയില്‍ , രണ്ട് ആണ്‍ സുഹൃത്തുക്കളോ പെണ്‍ സുഹൃത്തുക്കളൊ കൂടുതല്‍ വൈകാരികത പങ്കു വെക്കുന്ന സന്ദര്‍ഭങ്ങള്‍ മലയാള സിനിമയില്‍ കാണിക്കാറില്ല , സുഹൃത്തുക്കള്‍ തമാശ പറയാനും സ്റ്റണ്ടിനിടയ്ക്കു സഹായിക്കാനും മാത്രമാണ് എന്ന പ്രതീതിയാണ് മലയാള സിനിമകളില്‍ . സ്റ്റീഫനും ജോണും ഈയൊരു കീഴ് വഴക്കത്തെ ഉപേക്ഷിക്കുന്നുണ്ട് അവരുടെ സൌഹൃദം വൈകാരികം കൂടിയാണ് . ചലന ശേഷിയില്ലാത്ത സ്റ്റീഫനെ ബൈക്കിന്റെ പുറകില്‍ കെട്ടി വെച്ചു കൊണ്ട് നടക്കുമ്പോഴും അറിയാതെ ഒരു മഴയില്‍ തനിച്ചാക്കി പോയ ജോണിന്റെ മഴ ആസ്വദിക്കുന്ന സ്റ്റീഫന്റെ നിഷ്കളങ്ക ഭാവത്തില്‍ സന്തോഷിക്കുന്നതും സിനിമയിലെ നല്ല മുഹൂര്‍ത്തങ്ങളിലൊന്നാണ് . ഈ സിനിമയില്‍ ജയസൂര്യ് ടിപ്പിക്കല്‍ മണ്ടന്‍ റോളില്‍ നിന്നും ഏറെ പുരോഗമിച്ചിട്ടുണ്ട് , അഭിനയത്തെ ഗൌരവമായി തന്നെ സമീപിക്കുന്നുമുണ്ട് .

സിനിമ ഒരു സാമൂഹ്യ പാഠ പുസ്തകമല്ല , അത് ഒരു കലാവിഷ്കാരമാണ് അതു കൊണ്ട് തന്നെ അതിലുളവാക്കുന്ന സദാചാര സങ്കല്പങ്ങള്‍ ആ ചലച്ചിത്രത്തിന്റെ ഭാഗമാണ് . സിനിമയുടെ കഥാംശവും ക്ലൈമാക്സും തന്നെയാണ് ആ സിനിമയുടെ സൌന്ദര്യം , വി കെ പ്രകാശ് ഇത്തവണ കാഴ്ചക്കാരെ അല്പം സ്തംഭിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട് , പല പ്രണയങ്ങള്‍ക്കിടയില്‍ ഒരു സുന്ദരിപ്പെണ്‍കുട്ടിയെ തന്നെ പ്രണയിച്ച വി കെ പി എന്ന ആ പഴയ കഥാപാത്രത്തെപ്പോലെ . അവസാന വാക്കായി ഒന്നു പറയാം കെട്ടിമേളങ്ങളും കൊട്ടിഘോഷിക്കലുകളുമൊന്നുമില്ലാതെ ഒരു ചെറിയ സുന്ദരന്‍ സിനിമ .

10 comments:

 1. സിനിമ ഒരു സാമൂഹ്യ പാഠ പുസ്തകമല്ല , അത് ഒരു കലാവിഷ്കാരമാണ് അതു കൊണ്ട് തന്നെ അതിലുളവാക്കുന്ന സദാചാര സങ്കല്പങ്ങള്‍ ആ ചലച്ചിത്രത്തിന്റെ ഭാഗമാണ് . സിനിമയുടെ കഥാംശവും ക്ലൈമാക്സും തന്നെയാണ് ആ സിനിമയുടെ സൌന്ദര്യം , വി കെ പ്രകാശ് ഇത്തവണ കാഴ്ചക്കാരെ അല്പം സ്തംഭിപ്പിക്കുക തന്നെ ചെയ്തിട്ടുണ്ട് , പല പ്രണയങ്ങള്‍ക്കിടയില്‍ ഒരു സുന്ദരിപ്പെണ്‍കുട്ടിയെ തന്നെ പ്രണയിച്ച വി കെ പി എന്ന ആ പഴയ കഥാപാത്രത്തെപ്പോലെ . അവസാന വാക്കായി ഒന്നു പറയാം കെട്ടിമേളങ്ങളും കൊട്ടിഘോഷിക്കലുകളുമൊന്നുമില്ലാതെ ഒരു ചെറിയ സുന്ദരന്‍ സിനിമ .

  ReplyDelete
 2. വി കെ പ്രകാശിനെ കുറിച്ച് പറഞ്ഞതു ശര്യാ.. ഈ പുള്ളിക്കാരന്‍ എന്താ ഇങ്ങിനേന്ന് ഞാനും ചിന്തിച്ചിട്ടുണ്ട്..അനൂപ് മേനോന്‍ തിരക്കഥയില്‍ മലയാള സിനിമക്കു ആശിക്കാവുന്ന ഒരാളെന്ന് തോന്നിതുടങ്ങിയിരുന്നു... ഈ സിനിമയോട് കൂടി ഗാനരചനയിലും... വിഷ്നു പറഞ്ഞതു ശര്യാണെങ്കില്‍ ഇത്തരം കെട്ടിമേളങ്ങളും കൊട്ടിഘോഷിക്കലുകളുമൊന്നുമില്ലാത്ത ചെറിയ സുന്ദരന്‍ സിനിമകള്‍ തന്നെയാണു മലയാലത്തിനിന്ന് ആവശ്യം..
  ഇനി സിനിമ കണ്ടു നോക്കട്ടെ..(ഇവിടെ കളിക്കണുണ്ടോ.?)
  മറിച്ചാണേല്‍ അങ്ങട് വരും കരാമയിലേക്ക് 25 ദിര്‍ഹംസ് തിരിച്ചു വാങ്ങാന്‍....:)

  ReplyDelete
 3. കോണ്‍ കോഡിലുണ്ട് സമീരോ ..25 പള്ളീല്‍ പോയി പറഞ്ഞാല്‍ മതി ...30 ദിര്‍ഹം കൊടുക്കണം .പിന്നെ സിനിമ , പുസ്തകങ്ങള്‍ , പെണ്ണുങ്ങളുടെ സൌന്ദര്യം എന്നിവയൊക്കെ കാണുന്നവന്റെ കണ്ണിനെ ആശ്രയിച്ചിരിക്കും എന്നു പണ്ടാരോ പറഞ്ഞിട്ടുണ്ട് - അതോണ്ട് ഒരു ഗ്യാരന്റീം തരാനില്ല..വേണെ കണ്ടാ മതി

  ReplyDelete
 4. ഗുസാരിഷ് എന്ന ചിത്രത്തെ പുകഴ്ത്തുമ്പോള്‍ ഓര്‍ക്കുക...

  അത് ഒരു മാരക കോപ്പിയടി ആണ്.
  mar adentro (ദി സീ ഇന്‍സൈഡ്) എന്ന സ്പാനിഷ് ചിത്രത്തിന്‍റെ .
  ജാവിയെര്‍ ബാര്‍ദെം എന്ന കിടിലന്‍ അഭിനേതാവിന്റെ ഏറ്റവും മികച്ച പ്രകടനം.

  ReplyDelete
 5. @sharon - ആരാപ്പോ ഗുസാരിഷിനെ പുകഴ്ത്തിയത് ? :)


  സത്യം പറഞ്ഞാല്‍ എനിക്കു ഗുസാരിഷ് കണ്ടിട്ട് ബോറടിച്ചിരുന്നു , അതി നാടകീയത കലര്‍ന്ന ചിത്രീകരണം . ഗുസാരിഷ് എന്ന സിനിമ ദി സീ ഇന്‍സൈഡ് മാത്രമല്ല ആദ്യ പകുതിയിലെ രണ്ട് മജീഷ്യന്മാര്‍ തമ്മിലുള്ള മത്സരം ക്രിസ്റ്റഫര്‍ നൊളാന്റെ “പ്രസ്റ്റീജ് “ ന്റെ കൂടെ ഇതിവൃത്തമാണ് .പക്ഷെ ആ സിനിമ ഉയര്‍ത്തുന്ന ജീവിതവും മരണവും തമ്മിലുള്ള ദാര്‍ശനികമായ ഒരു തലമോ നായകനായ എതാനിന്റെ ജീവിത വീക്ഷണമോ ഒന്നും ബ്യൂട്ടിഫുള്ളില്‍ കാണാന്‍ കഴിഞ്ഞില്ല എന്നാണ് ഞാന്‍ പറഞ്ഞത് . ബ്യൂട്ടിഫുള്ളിലെ സ്റ്റീഫന്‍ ജീവിതത്തെ പ്രസാദാത്മകമായി കാണുന്നത് തന്റെ സ്വകാര്യ സന്തോഷങ്ങളെ ഓര്‍ത്തു മാത്രമാണ് - ശരീരം തളര്‍ന്നില്ലായിരുന്നെങ്കില്‍ ഒന്നാന്തരമൊരു പെണ്ണു പിടിയന്‍ പോലും ആയേക്കുമെന്നു തോന്നും ആ കഥാപാത്രത്തിന്റെ ജീവിത സങ്കല്പങ്ങള്‍ കണ്ടാല്‍ - അതിനെ പോസിറ്റീവ് ചിന്താഗതി അല്ലെങ്കില്‍ അതാണ് പോസിറ്റീവ് മനോഭാവമെന്നു അവകാശപ്പെടുന്നതിനെയാണ് ഞാന്‍ ഗുസാരിഷുമായി താരതമ്യം ചെയ്തത് .

  ReplyDelete
 6. ഈ സിനിമയുടെ പ്രമോ യൂടൂബില്‍ ഇറങ്ങിയ അന്ന് തന്നെ കാണണമെന്ന മോഹം മനസ്സില്‍ ഉദിച്ചതാണ്. “മഴനീര്‍ തുള്ളികള്‍” എന്ന പാട്ട് സീന്‍ സൂപ്പര്‍ബായിട്ടുണ്ട്, ഈ ബ്ലോഗ് വായിക്കൂമ്പോള്‍ അതിലെ ഓരോ രംഗങ്ങളുമാണ് മനസ്സില്‍ തെളിഞ്ഞ് വന്നു കൊണ്ടിരുന്നത്.. വൈകാരികമായ ഒരു സുഹൃദ്ബന്ധം ആ പാട്ടില്‍ മുഴുനീളം പ്രകടമാണ്.. മേഘനയുടെ സൌന്ദര്യത്തെ മലയാളികള്‍ ഇഷ്ടപ്പെടുന്ന രീതിയില്‍തന്നെ അവരുടെ മനസ്സില്‍ ഒരു ക്രഷ് ഉണ്ടാക്കുവാന്‍ വിധത്തില്‍ സംവിധായകന്‍ യൂട്ടിലൈസ് ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു.. മഴനീര്‍തുള്ളിയുട്ര് ക്രെഡിറ്റ് അതിലെ വരികള്‍ക്കെന്നതിലുപരി മുഴുവന്‍ മാര്‍ക്കും ഉണ്ണിമേനേനും പിന്നെ അത് സംഗീതം ചെയ്ത വേഗ (ഐ ഏം നോട്ട് ഷുവര്‍; ഷോര്‍ട്ട് ടേം മെമ്മറി ലോസ്സ് :-))യ്ക്കും കൊടുക്കുന്നു. നമുക്ക് രക്ഷ ടോറന്റ് തന്നെ, ടോറന്റില്‍ വരുന്നതുവരെ കാത്തിരിയ്ക്കുന്നു.. ഒറ്റവായനയില്‍ ഈ ലേഖനം ഇഷ്ടപ്പെട്ടു, മുഴുവന്‍ മാര്‍ക്കിടുന്നത് സിനിമ കണ്ടിട്ട്.. ശുഭദിനം!

  ReplyDelete
 7. so beautifully written, vishnu. and the parallel drawn between this vkp and that vkp is nothing short of brilliance.

  ReplyDelete
 8. “മഴനീർ തുള്ളികൾ” എന്ന ആ പാട്ടും വിഷ്വത്സും കണ്ട് ഇഷ്ടപെട്ടാണേലും ഒരു അവാർഡ് പടമെന്ന മുന്‌വിധിയോടെയാണ് പോയി കണ്ടത്.. പക്ഷെ ഒട്ടും ബോറടിപ്പിച്ചില്ല... വളരെ നാളു കൂടി കണ്ട നല്ലൊരു സിനിമ..
  കഥാപാത്രങ്ങളായി തന്നെ ഓരോരുത്തരും അനുഭവപ്പെട്ടതാവാം കാരണം.. നമുക്ക് ചുറ്റുമുള്ള..നമ്മളറിയുന്ന ആരൊക്കെയോ ആണ് അവയിൽ ഓരോരുത്തരും എന്ന് തോന്നിപ്പിക്കുന്ന രചനാശൈലിയും അഭിനയവും..
  സാധാരണക്കാരനായ ഒരു പ്രേക്ഷകനു സംതൃപ്തി തരാൻ കഴിയുന്നുണ്ട്... ക്യാമറാവർക്കും എടുത്ത് പറയേണ്ടത് തന്നെ.. കളർടോണുകളിലൂടെ വളരെ മനോഹരമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്.. മലയാളസിനിമയും മാറ്റങ്ങൾ ഉൾകൊള്ളുമെന്ന് വിശ്വസിക്കം.. സാധാരണക്കാരനു മനസിലാവുന്ന... ആസ്വദിക്കാവുന്ന സിനിമകൾ ഉണ്ടാവട്ടെ...

  ആശംസകൾ...

  ReplyDelete
 9. chullaa ravile sundaran cinema ennu title ittittu ... evening ayappol "paravayillaaannu"..

  review ishtapettu ..cinemayum ..
  oru feel good cinema..

  anoop menonte dialogues ichiry jaadayanagilum ishtanu ...
  pakal nakshtarangalil mohanalaline challenge cheyyan pattiya dialogue ezudiyadu machananennu ippola arinjadu ... pandarathinte vcd evidunnum kittunnillaa

  ReplyDelete
 10. കുറേ ഒക്കെ സമ്മതിക്കാം. എന്നാലും ഇത്ര മാത്രം പബ്ലിസിറ്റി കിട്ടേണ്ട ഒരു പടമായി ഇതു തോന്നിയില്ല.. ഇത്രയ്ക്ക് നല്ല അഭിപ്രായങ്ങൾ പടം കാണുന്നതിനു മുൻപ് കേട്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഇതിലും ഇഷ്ടപ്പെട്ടേനെ.. നല്ല പടം ഒക്കെ തന്നെ.. എന്നാലും ഇത്ര പുകഴ്ത്താൻ മാത്രം ഒന്നും ഇല്ല. നല്ല ക്യാമറ വർക്ക്സ് ആണ്. ആ പാട്ടും കിടിലൻ(എല്ലാം കൊണ്ടും). വേറെ എല്ലാരും പറഞ്ഞുകേട്ട പോലെ വല്യ പോസിറ്റീവ് വശങ്ങളൊക്കെ ഉണ്ടോന്നറിയണമെങ്കിൽ ഇനിയും കുറേ പ്രാവശ്യം കാണണം.. എന്നാലും കിട്ടുമെന്ന് തോന്നുന്നില്ല!! :)

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .