Like

...........

Tuesday, 29 November 2011

പ്രതികരണ ഭ്രാന്തിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ .






Every man's life ends the same way. It is only the details of how he lived and how he died that distinguish one man from another.
ഹെമിങ്ങ്വേയുടെ ഒരു കൃതിയില്‍ പറയുന്നുണ്ട് “ഒരാള്‍ ഒറ്റയ്ക്കാകുമ്പോഴാണ് അയാള്‍ കൂടുതല്‍ ശക്തനാകുന്നതെന്ന് . ചിലരങ്ങനെയാണ് , അവര്‍ ചെയ്യുന്നത് മറ്റുള്ളവര്‍ക്കു വ്യക്തമായി മനസ്സിലാവുകയും മനസ്സിലായില്ലെന്നു നടിച്ചു അവരെ ഒറ്റപ്പെടുത്തുകയും ഭ്രാന്തരാക്കുകയും ചെയ്യുമ്പോഴും അവര്‍ കൂടുതല്‍ ശക്തരാവുന്നു തങ്ങളുടേതായ ദൌത്യത്തില്‍ കൂടുതല്‍ വിശ്വാസമുള്ളവരായിത്തീരുന്നു .

അസാധാരണമായി ഒന്നും തന്നെ ഇല്ലാത്ത ഒരു ചെറുപ്പക്കാരനാണ് ഹര്‍വീന്ദര്‍ സിങ്ങ് എന്ന 27 കാരനായ ട്രക്ക് ഡ്രൈവര്‍ , പക്ഷെ ഈയിടെ ശരദ് പവാര്‍ എന്ന കേന്ദ്ര മന്ത്രിയുടെ കരണത്തടിച്ചു കൊണ്ട് അയാള്‍ അസാധാരണക്കാരനായിത്തീര്‍ന്നു .എന്റോസള്‍ഫാന്‍ വിഷയത്തിലും ആവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവിലും ശരദ് പവാര്‍ എന്ന കേന്ദ്ര മന്ത്രിയെ പച്ചയ്ക്കു കത്തിക്കണമെന്നും ചെരുപ്പെറിയണമെന്നും ആക്രോശിച്ചവരാണ് നമ്മള്‍ , അതൊന്നുമുണ്ടായില്ലെങ്കിലും ഒന്നു കൈ വെക്കണമെന്നെങ്കിലും ഉള്ളിന്റെ ഉള്ളാല്‍ ആഗ്രഹിച്ചിരുന്ന നമ്മള്‍ ഹര്‍വീന്ദര്‍ സിങ്ങില്‍ നിന്നും അത്തരമൊരു പ്രവൃത്തിയുണ്ടായപ്പോള്‍ അല്‍ഭുതം കൂറി നോക്കി നിന്നു . ഹര്‍വീന്ദര്‍ സിങിനു ശരത് പവാര്‍ എന്ന വ്യക്തിയോട് ഏതെങ്കിലും തരത്തിലുള്ള സ്പര്‍ദ്ധയോ വിദ്വേഷമോ ഉണ്ടാകാന്‍ വിദൂര സാധ്യത പോലുമില്ല , അയാളുടെ മാനസിക നില ഏതൊരു സാധാരണക്കാരനെയും പോലെ തന്നെയാണ് .പക്ഷെ ഏകദേശം എല്ലാ മാധ്യമങ്ങളിലും വന്ന വാര്‍ത്തയുടെ ഭാഷ ഇങ്ങനെയാണ് - “പവാറിനെ ആക്രമിച്ച യുവാവിന് മാനസികരോഗമുണ്ടെന്നു സംശയം “ അക്രമി , മാനസിക രോഗി ഇങ്ങനെയല്ലാതെ ഒരു സാധാരണക്കാരന്‍ നിവൃത്തികേട് കൊണ്ട് ചെയ്തു പോയതാണ് , അവന്റെ കണ്മുന്നിലെ ഒരു അനീതിക്കെതിര പ്രതികരിച്ചതാണ് എന്ന രീതിയില്‍ ചിന്തിക്കാന്‍ സമൂഹത്തിനു സാധിക്കുന്നില്ല .

ഹര്‍വീന്ദര്‍ സിങ്ങിനെപ്പോലെ തന്നെ ഒരു മാനസിക രോഗിയായിരുന്നു ഉത്സവ് ശര്‍മ്മ . ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫസറുടെ ഏക മകന്‍ , പ്രശസ്തമായ NID [National Institute Of Design ] ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി , നല്ല കുടുംബ പശ്ചാത്തലമുള്ള , നല്ല വിദ്യാഭ്യാസമുള്ള ഒരു സാധാരണ ചെറുപ്പക്കാരന്‍ . എസ് .പി .എസ് റാത്തോറിനെ ആക്രമിച്ചു കൊണ്ടാണ് ഉത്സവ് ശര്‍മ്മ ആദ്യമായി വാര്‍ത്തയില്‍ ഇടം പിടിച്ചത് , രുചികയെന്ന കൌമാരക്കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും പിന്നീട് തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ചു ആ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ കുറ്റവാളിയായിരുന്നു റാത്തോര്‍ .കൊലപാതക ശ്രമത്തിനു പോലീസ് കേസെടുത്തെങ്കിലും അതിനു ശേഷവും തന്റെ ഈ വിചിത്രമായ ദൌത്യത്തില്‍ നിന്നും പിന്മാറാന്‍ ഉത്സവ് ശര്‍മ്മ തയ്യാറായില്ല . അരുഷി തല്‍ വാര്‍ വധക്കേസില്‍ വിചാരണ നേരിടുന്ന ആരുഷിയുടെ പിതാവായ രാജേഷ് തല്‍ വാറിന്റെ നേര്‍ക്കായിരുന്നു ഉല്‍സവിന്റെ അടുത്ത ആക്രമണം ,കൊല്ലുകയായിരുന്നില്ല സംഭവം ജനശ്രദ്ധയില്‍ പെടുത്തുക മാത്രമായിരുന്നു തന്റെ ഉദ്ദേശമെന്നും ഉത്സവ് പറയുന്നു .

ഇത്തരത്തില്‍ റിബലുകളാകാനുള്ള ചോദനയെന്താണ് ?ഹര്‍വീന്ദറിനെയും ഉത്സവിനെയും അതു പോലെ അറിയപ്പെടാത്ത അനേകം റിബലുകളെ സംബന്ധിച്ചു ഇത്തരം പ്രതികരണ വാഞ്ച വ്യക്തിപരമായ എന്തെങ്കിലും ഇഷ്ടാനിഷ്ടങ്ങളുടെ പേരിലല്ല എന്നത് വ്യക്തമാണ് .എങ്കിലും അവരുടെ ഇത്തരം പ്രതികരണ ഭ്രാന്തിന്റെ അടിസ്ഥാനമെന്താണ് ? അസ്വാഭാവികമായ ഇത്തരം പെരുമാറ്റരീതികള്‍ കൊണ്ടു അവരുദ്ദേശിക്കുന്നത് എന്താണ് ? എന്നൊക്കെ നാം ചിന്തിക്കുന്നതിനു മുമ്പായി ആരാണ് അസ്വാഭാവികമായി പെരുമാറിയതെന്നു സ്വയം മനസ്സിലാക്കേണ്ടതുണ്ട് .യഥാര്‍ത്ഥത്തില്‍ സ്വാഭാവികമായി പെരുമാറുന്നത് അവരൊക്കെ തന്നെയാണ് , നമ്മള്‍ പൊതുജനങ്ങളാണ് അസ്വാഭാവികമായി പെരുമാറുന്നത് . നിസ്സഹായനായ ഒരു സാധാരണക്കാരക്കാരന്റെ പ്രതികരണമാണ് പവാറിന് കിട്ടിയ അടി നമുക്കു പരിചയമില്ലാത്ത ഒരാള്‍ അത് നമുക്കു വേണ്ടി ചെയ്യുകയായിരുന്നു .ഇതേ ഹര്‍വീന്ദര്‍ തന്നെയായിരുന്നു സുരേഷ് കല്‍മാഡിയെയും സുഖ് റാമിനെയും ആക്രമിക്കാന്‍ ശ്രമിച്ചത് . ഈ അഴിമതിക്കാരെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ നമുക്കു രക്തം തിളയ്ക്കുകയും ആത്മരോഷം കൊണ്ട് ഞരമ്പുകള്‍ വലിഞ്ഞു മുറുകുകയും ചെയ്യുന്നു , പക്ഷെ അതിനപ്പുറത്തേക്കൊരു പ്രതികരണം നമുക്കസാധ്യമാണ് , അതു കൊണ്ടാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നവര്‍ മാനസിക നില തെറ്റിയവരായി ചിത്രീകരിക്കപ്പെടുന്നത് .

സമൂഹത്തിലെ അനീതിക്കും അക്രമത്തിനുമെതിരെയുള്ള നിരന്തര സമരങ്ങളാണ് , ഒറ്റയാള്‍ പോരാട്ടങ്ങളാണ് , ഈ ജീവിതങ്ങളെ വ്യത്യസ്ഥമാക്കുന്നത് . ഇവരെ പിന്തുണയ്ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ ഉണ്ടാകില്ല , അവര്‍ അതു ആഗ്രഹിക്കുന്നുമില്ല .അത്തരത്തില്‍ തന്റെ ജീവിതം കൊണ്ട് അനീതികള്‍ക്കെതിരെ പ്രതികരിച്ചയാളാണ് നവാബ് രാജേന്ദ്രന്‍ .അഴിമതിക്കും സാമൂഹികാനീതികള്‍ക്കുമെതിരെ പൊതു താല്പര്യ ഹര്‍ജികളിലൂടെയുള്ള നിരന്തര പോരാട്ടം കൊണ്ട് സഹികെട്ട ഭരണ കൂടം തന്നെ അതിന്റെ പ്രതിനിധിയായ അഡ്വൊക്കേറ്റ് ജനറലിനെക്കൊണ്ട് നവാബിനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്നു ഹര്‍ജി നല്‍കുകയുണ്ടായി .കക്ഷി രാഷ്ട്രീയ ഭേദമന്യേ , വ്യക്തി താല്പര്യങ്ങളില്ലാതെ എത്രയെത്ര പൊതു താല്പര്യ ഹര്‍ജികള്‍ എന്നിട്ടും നവാബ് രാജേന്ദ്രന്‍ ഒരു മൂന്നാം കിട രാഷ്ട്രീയക്കാരനു കിട്ടുന്ന പരിഗണന പോലുമില്ലാതെ അനാഥത്വം പേറി ഇല്ലാതാകുന്നതും നാം കണ്ടതാണ് .റിബലിസത്തിനു കാലം നല്‍കുന്ന പ്രതിഫലം അതാണ് , അതറിഞ്ഞു കൊണ്ടു തന്നെയാണ് അവര്‍ റിബലുകളാകുന്നതും .

ജനക്കൂട്ടങ്ങളുടെ ഈ വിചിത്രമനസ്സിനെ പറ്റിയാണ് ഹെന്രിക്ക് ഇബ്സന്റെ തന്റെ പ്രശസ്ത നാടകമായ “ജനശത്രു “ വില്‍ പരാമര്‍ശിക്കുന്നത് . നാടകത്തിലെ നായക കഥാപാത്രമായ ഡൊക്ടര്‍ സ്റ്റോക്ക് മാന്‍ ശ്രമിക്കുന്നത് അധികാരികളുടെ അഴിമതിയും കെടു കാര്യസ്ഥതയും നിമിത്തം സംഭവിച്ചേക്കാവുന്ന വലിയ ഒരു അപകടത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കാനാണ് . പക്ഷെ അധികാരികള്‍ തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്കു വേണ്ടി ഡോക്ടര്‍ സ്റ്റോക്ക് മാന്റെ വാദങ്ങളെ നിരാകരിക്കുന്നു എന്നു മാത്രമല്ല നാടിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന മാനസിക രോഗിയെന്ന് മുദ്ര കുത്തുന്നു . അങ്ങനെ ജന നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിച്ച ഡോക്ടര്‍ സ്റ്റോക്ക് മാന്‍ ജന ശത്രുവായിത്തീരുന്നു . ലോകത്തു എല്ലായിടത്തും ജനത്തിന്റെ പൊതുമനസ്സ് ഇക്കാര്യത്തില്‍ ഏകീകൃതമായ ഒരു പ്രവണതയാണ് സ്വീകരിച്ചു പോരുന്നത് . എങ്കിലും ഇന്‍ഡ്യയില്‍ ഇതിന്റെ തോത് ഒരല്പം കൂടുതലാണ് . ബുഷിനെ ചെരുപ്പെറിഞ്ഞ മുന്തസിറിന് ലഭിച്ച സ്വീകാര്യതയോ അംഗീകാരമോ പി. ചിദംബരത്തിനെ ചെരുപ്പെറിഞ്ഞപ്പോള്‍ കിട്ടാത്തതും അപ്രസക്തമായിത്തീരുന്നതും ഇന്‍ഡ്യന്‍ പൊതു മനസ്സ് ഇക്കാര്യത്തില്‍ പുലര്‍ത്തി വരുന്ന ഉദാസീനമായ നിലപാടിന്റെ ഉദാഹരണമാണ് .ആള്‍ക്കൂട്ടം നിലവില്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അസുഖകരമായ അവസ്ഥയില്‍ നിന്നും ഒരു പരിവര്‍ത്തനത്തിനു വേണ്ടി ശ്രമിക്കാതിരിക്കുന്നത് അതു മൂലം താല്‍ക്കാലികമായി അവന് സംഭവിച്ചേക്കാവുന്ന താല്‍ക്കാലിക സുഖങ്ങളെ ഓര്‍ത്താണ് .ഇക്കാര്യത്തില്‍ ജനത്തിന്റെ പൊതുമനസ്സ് ഏകീകൃതമായ ഒരു പ്രവണതയാണ് സ്വീകരിച്ചു പോരുന്നത് .

ചലച്ചിത്രങ്ങള്‍ വലിയൊരളവ് വരെ ഈ പൊതുജന പ്രതികരണ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് . 2005 -ല്‍ ഇറങ്ങിയ “ ഡോംബിവിലി ഫാസ്റ്റ് ‘ എന്ന മറാത്തി ചിത്രത്തിലെ മാധവ് ആപ്തെ എന്ന നായകന്‍ മധ്യവര്‍ത്തി സമൂഹത്തിലെ ഒരു സാധാരണക്കാരനാണ് .ജീവിതത്തില്‍ നിയതമായ മൂല്യങ്ങളും ആദര്‍ശങ്ങളും കാത്തു സൂക്ഷിക്കുന്ന അയാള്‍ക്കു കണ്മുന്നില്‍ കാണുന്ന അനീതികളോടു സമരസപ്പെടാന്‍ സാധിക്കുന്നില്ല .വെള്ളം കൊണ്ടു വരുന്ന വണ്ടിക്കാരന്‍ കൈക്കൂലി ചോദിക്കുന്നതും ബാക്കി തരാത്ത കടക്കാരനോട് പ്രതികരിക്കുന്നതുമെല്ലാം അയാള്‍ ജീവിതത്തില്‍ പാലിക്കാന്‍ ശ്രമിക്കുന്ന ആശയങ്ങളുടെയും ആദര്‍ശങ്ങളുടെയും പ്രതിഫലനമാണ് .പക്ഷെ സമൂഹം ഇത്തരം കാര്യങ്ങളില്‍ ഒരു സാധാരണക്കാരന്റെ സ്വാഭാവിക പ്രതികരണങ്ങളെ , ചോദ്യം ചെയ്യലുകളെ വിചിത്രമായി കാണുകയും അയാളുടെ മാനസിക നിലയില്‍ കുഴപ്പം ആരോപിക്കുകയും ചെയ്യുന്നതോടെ അയാള്‍ ഒറ്റപ്പെടുന്നു, പൊതു സമൂഹം അവരുടെ കര്‍ത്തവ്യം നിറവേറ്റിയ നിര്‍വൃതിയോടെ പിന്തിരിയുന്നു .പതിവു പോലെ തന്നെ ഈ പ്രതികരണ സ്വഭാവം അയാളുടെ ജീവിതത്തെ ദുരിതമയമാക്കുന്നതോടൊപ്പം സിനിമ ദുരന്ത പര്യവസാനിയായി അവസാനിക്കുന്നു .

കൌതുകമെന്നോ വൈരുദ്ധ്യമെന്നോ പറയാവുന്ന ഒരു സംഗതി എന്താണെന്നു വെച്ചാല്‍ അതേ വര്‍ഷം തന്നെ ഇറങ്ങിയ “ അന്ന്യന്‍ “ എന്ന മെഗാ ഹിറ്റ് തമിഴ് ചിത്രത്തിന്റെ ആശയവും ഇത്തരത്തിലുള്ള ഒരു പ്രതികരണഭ്രാന്തുള്ള കഥാപാത്രത്തെ നായകനാക്കിയുള്ളതാണ് . അമ്പി എന്ന സാധാരണക്കാരനായ യുവാവ് തന്റെ ചുറ്റും നടക്കുന്ന അനീതികള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും പ്രതികരിക്കാന്‍ , ചോദ്യം ചെയ്യാന്‍ തുനിയുന്നു , സിനിമയിലെ സമൂഹവും സിനിമയ്ക്കു പുറത്തെ പ്രേക്ഷകരും അയാളെ മന്ദബുദ്ധിയും മാനസിക രോഗിയുമായി പരിഗണിക്കുന്നു .ഡോംബി വിലി ഫാസ്റ്റിലെ മാധവ് ആപ്തെക്കു സംഭവിച്ച അതേ ദുര്യോഗത്തിന്റെ ആവര്‍ത്തനമായിത്തീര്‍ന്നേക്കാവുന്ന ഒരു ഘട്ടത്തില്‍ നിന്നാണ് അന്ന്യന്‍ എന്ന ഒരു അമാനുഷികന്‍ പ്രത്യക്ഷപ്പെടുന്നത് .അന്ന്യന്റെ അമാനുഷിക പ്രകടനങ്ങള്‍ കാണികളെ കോരിത്തരിപ്പിക്കുന്നു , തെറ്റു ചെയ്യുന്നവര്‍ക്കെതിരെ അയാള്‍ പുറപ്പെടുവിക്കുന്ന അത്യന്തം ക്രൂരമായ വിധിന്യായങ്ങള്‍ കണ്ടു ബഹുജനം ആര്‍ത്തു വിളിക്കുന്നു , വീരാരധനയുടെ പാരമ്യത്തില്‍ രക്തം മുഴുവന്‍ തിളച്ചു മറിയുന്നു . ഈ ജനങ്ങള്‍ക്കു വ്യക്തമായി അറിയാം അമാനുഷികനായ ഒരു രക്ഷകനെന്നതൊരു സങ്കല്പമാണെന്ന് എന്നിട്ടും പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും അത്തരമൊരു സാങ്കല്പിക കഥാപാത്രത്തെക്കൊണ്ടു മാത്രമേ സാധിക്കൂ എന്നു നമ്മുടെയെല്ലാം ഉപബോധ മനസ്സില്‍ രൂഡമൂലമായ വിശ്വാസം കൊണ്ടാണ് ഒരു സാധാരണക്കാരന്റെ സ്വാഭാവിക പ്രതികരണത്തെ സംശയത്തോടെ വീക്ഷിക്കാനും ഒറ്റപ്പെടുത്താനും നമുക്കു സാധിക്കുന്നത് . നമ്മളൊക്കെ ഒഴുക്കിനൊത്തു പോകുന്ന പൊങ്ങു തടികളാണ് ,ഒഴുക്കിനൊപ്പം ഒരു സുഖാലസ്യത്തോടെ മുന്നോട്ടു നീങ്ങാനാണ് നമ്മുടെയെല്ലാം ആഗ്രഹം അ ഒഴുക്കില്‍ നിന്നും നമ്മളെ കര കയറ്റാന്‍ ഒരു രക്ഷകന്‍ അവതരിക്കുമെന്നു ഉപബോധ മനസ്സില്‍ നാം രൂഡമൂലമായ ഒരു വിശ്വാസം രൂപപ്പെടുത്തിയിട്ടുണ്ട് അതു കൊണ്ടാണ് ഒഴുക്കിനെതിരെ നീങ്ങുന്ന ഒരുവനെക്കാണുമ്പോള്‍ പുച്ഛം തോന്നുന്നതും അവനെ ഒറ്റപ്പെടുത്തുന്നതും .


“അന്ന്യന്‍ “ എന്ന സിനിമയിലാവിഷ്കരിച്ചിരിക്കുന്നതു പോലെ തന്നെ , കാണുമ്പോള്‍ ആവേശം കൊണ്ട് എഴുന്ന് പോകുന്ന റോബിന്‍ ഹുഡ് വീരാരാധനയെ ഫലപ്രദമായി പരിവര്‍ത്തനം ചെയ്തതാണ് വന്‍ വിപണി വിജയം നേടിയ പല തമിഴ് - തെലുങ്ക് - മലയാളം ചിത്രങ്ങളും .ഹോളിവുഡ്ഡില്‍ നിന്നാണ് ഇത്തരം സിനിമയുടെ പ്രവാഹം സൂപ്പര്‍മാന്‍ , ബാറ്റ്മാന്‍ , സ്പൈഡര്‍ മാന്‍ - ഒരേ അച്ചിന്റെ വാര്‍പ്പില്‍ മെനഞ്ഞെടുത്ത ഇത്തരം ചിത്രങ്ങളുടെ പരമ്പര വിജയത്തിനു കാരണം സമൂഹത്തിലെ അനീതിക്കെതിരെയുള്ള അസഹിഷ്ണുതയും അതിനെതിരെ പ്രതികരിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലനാണ് എന്ന അപകര്‍ഷതയും കൊണ്ട് തന്നെയാണ് . സമൂഹത്തിലെ അനീതിക്കെതിരെ , അക്രമത്തിനെതിരെ പോരാടുവാന്‍ ഒരു അതിമാനുഷികനായ ഒരു നായകന്‍ കടന്നു വരുന്നു , അയാളുടെ ധീരോദാത്തമായ പ്രവൃത്തികള്‍ കണ്ടു ജനം ആനന്ദ പുളകിതരാകുന്നു , അങ്ങനെ നമ്മുടെ പ്രതികരണങ്ങള്‍ ഇത്തരമൊരു സാങ്കല്പിക ലോകത്തില്‍ നിന്നു കൊണ്ട് നിര്‍വൃതിയടഞ്ഞവസാനിക്കുന്നു .കോളിവുഡില്‍ നിന്നും ഹോളിവുഡ്ഡില്‍ നിന്നും പടച്ച് വിടുന്ന ഇത്തരം പടങ്ങളുടെ വന്‍ വിജയങ്ങള്‍ തെളിയിക്കുന്നത് ഉത്തരവാദിത്തമേറ്റെടുക്കാന്‍ തയ്യാറാവാത്ത ഒരു സമൂഹത്തിന് വേണ്ടി ഒരു അമാനുഷന്‍ എപ്പോഴും പ്രത്യക്ഷപ്പെടുമെന്നും അതിമാനുഷികനായ അയാളുടെ ദ്വന്ത വ്യക്തിത്വം കൊണ്ട് മാത്രമേ ഇത് പരിഹരിക്കപ്പെടുകയുള്ളൂ എന്ന വ്യാജ യുക്തിയിലാണ് സമൂഹത്തിന്റെ നില നില്‍പ്പ് എന്നതാണ് .സമൂഹത്തിലെ അഴിമതിക്കെതിരെ , അക്രമത്തിനെതിരെ അനീതിക്കേതിരെ സാങ്കല്പിക ലോകത്തു നിന്നും വരുന്ന അമാനുഷികനായ നായകന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്നത് കണ്ട് കയ്യടിക്കുകയും അതേ അഴിമതിക്കെതിരെ , അക്രമത്തിനെതിരെ ഒരു സാധാരണക്കാരന്‍ പ്രതികരിക്കുകയും ചെയ്യുമ്പോള്‍ അയാളുടെ മാനസിക നിലയില്‍ സംശയിക്കുകയും ചെയ്യുന്നതാണ് ജനക്കൂട്ടത്തിന്റെ മനശാസ്ത്രം .

ഒരു നിമിഷത്തെ ആവേശത്തിനും പിന്തുണയ്ക്കും ശേഷം ഒന്നിരുത്തി ചിന്തിച്ചു തുടങ്ങുന്ന ജനങ്ങള്‍ ഇത്തരം വിമത പ്രതിരൂപങ്ങളെ അംഗീകരിക്കാന്‍ വിമുഖരാകുന്നു എന്നതാണ് വാസ്തവം . ഒരു സാധാരണക്കാരന്‍ തന്റെ നിസ്സഹായതയുടെ പാരമ്യത്തില്‍ പ്രതികരിക്കുമ്പോള്‍ അതു അക്രമവും മാനസിക വൈകല്യവുമാക്കിത്തീര്‍ക്കുക എന്നതാണ് അത്തരം പ്രതികരണങ്ങളെ നിഷ്ഫലമാക്കാനുള്ള ഏക പോം വഴിയെന്നു അധികാര വര്‍ഗ്ഗത്തിനറിയാം . ഹര്‍വീന്ദര്‍ സിങ്ങിന്റേത് ഒരു സ്വാഭാവിക പ്രതികരണമാണ് എന്നു അറിയുന്നത് കൊണ്ടാണ് കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയക്കാര്‍ ഒന്നടങ്കം ഈയൊരു പ്രവൃത്തിയെ അപലപിക്കുന്നത് , സമീപ ഭാവിയില്‍ ഇതു ആര്‍ക്കും സംഭവിച്ചേക്കാമെന്ന ഭീതി അവരെ വല്ലാതെ അലട്ടുന്നുണ്ട് നമ്മളിലോരോരുത്തരും ചെയ്യാന്‍ മനസ്സു കൊണ്ടു ആഗ്രഹിക്കുകയും സങ്കല്പ ലോകത്തിലെ ഒരു അമാനുഷികനു വേണ്ടി മാറ്റി വെക്കുകയുമായിരുന്ന ഒരു പ്രവൃത്തിയെ ഒരു സാധാരണക്കാരന്‍ ചെയ്യുമ്പോള്‍ അത് ദഹിക്കാന്‍ , സാങ്കല്പിക ലോകത്തിലെ വീരാരാധന മാത്രം ശീലിച്ച നമ്മുടെ ശീലങ്ങള്‍ക്കും പാതിവെന്ത തലച്ചോറിനും കഴിയുന്നില്ല . പൊതുജനത്തിന്റെ മനസ്സിനു വിരുദ്ധമായി ഇത്തരത്തില്‍ അസ്വാഭാവികമായ പ്രതികരണങ്ങള്‍ മാനസിക രോഗത്തിന്റെ ലക്ഷണങ്ങളാണെന്നു തെളിവുകള്‍ സൃഷ്ടിച്ചു സ്ഥാപിച്ചെടുക്കുന്നു, അവരെ ഒറ്റപ്പെടുത്തുന്നു . ഇങ്ങനെ നമ്മളവരെ അക്രമികളും മാനസികരോഗികളുമാക്കി മുദ്രകുത്തുമ്പോള്‍ അവര്‍ നമ്മോടു നിശബ്ദം ചോദിക്കുന്നുണ്ട് .

* “നിങ്ങളുടെ ജലദോഷം ചികിത്സിച്ചു മാറാത്തതിന് എന്തിനാണു നിങ്ങളെന്‍റെ മൂക്ക് മുറിച്ചെടുക്കുന്നത് ? നിങ്ങളുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതിന് എന്തിനാണ് നിങ്ങളെന്‍റെ കണ്‍പീലികള്‍ തുന്നിച്ചേര്‍ക്കുന്നത് ?“

3 comments:

  1. ഇങ്ങനെ നമ്മളവരെ അക്രമികളും മാനസികരോഗികളുമാക്കി മുദ്രകുത്തുമ്പോള്‍ അവര്‍ നമ്മോടു നിശബ്ദം ചോദിക്കുന്നുണ്ട് .

    * “നിങ്ങളുടെ ജലദോഷം ചികിത്സിച്ചു മാറാത്തതിന് എന്തിനാണു നിങ്ങളെന്‍റെ മൂക്ക് മുറിച്ചെടുക്കുന്നത് ? നിങ്ങളുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചതിന് എന്തിനാണ് നിങ്ങളെന്‍റെ കണ്‍പീലികള്‍ തുന്നിച്ചേര്‍ക്കുന്നത് ?“

    ReplyDelete
  2. തകര്‍പ്പന്‍ പോസ്റ്റ് ഗംഭീരം.

    നമ്മുടെ സമൂഹം പലപ്പോഴും ലിബറലായി ചിന്തിക്കുകയും ചെയ്യും, എന്നാൽ അത്തരം ചിന്തയെ പ്രവർത്തിയാക്കി മാറ്റുന്നവരെ ഒറ്റപ്പെടുത്തുകയും ചെയ്യും. ഇത്തരം ഒന്നോ രണ്ടോ തല്ലു കൊടുത്ത് പിടിയിലാകുന്നതാണ് പ്രശ്നം. അഴിമതിക്കാരെ ഷൂട്ട് ചെയ്ത് കൊന്നിട്ട് ഒളിവില്‍ പോകണം. എന്നിട്ട് ഇടയ്ക്കിടയ്ക്ക് ഇത്തരം അഴിമതിക്കാർക്കും, അക്രമക്കാർക്കുമെതിരേ ആഞ്ഞടിക്കണം. അപ്പോ അയാളൊരു വീര നായകനാകും. ആൽക്കൂട്ടത്തിൽ വെച്ച് നേതാവിനെ തല്ലി, പിടിയിലാകുന്ന ആളിന് പിന്നീട് പോലീസുകാരുടെ കയ്യിൽ നിന്ന് എത്ര ഇടിയായിരിക്കും കിട്ടുന്നത്. അതു കൊണ്ട് പിടികൊടുക്കുകയേ ചെയ്യരുത്....

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .