Like

...........

Friday 30 September 2011

മലയാളി മാന്യന്മാര്‍


 മലയാളി മാന്യനാണ് , നന്മയുടെ പ്രതിരൂപവുമാണ് .കുളിച്ച് കുറിയിട്ട് , വെള്ള ഷര്‍ട്ടും മുണ്ടും ധരിക്കുന്ന , രണ്ട് പത്രമെങ്കിലും മറിച്ച് നോക്കി ലോക കാര്യങ്ങളെപ്പറ്റി സാമാന്യ ധാരണയുള്ള , സമ്പൂര്‍ണ്ണ സാക്ഷരതയുള്ള ആഗോള മാന്യതയുടെ പ്രതീകമാണ് മലയാളി .ലോകത്തെല്ലായിടത്തും  പ്രവാസിയായി അവനുണ്ട് , മലയാളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഗൃഹാതുരമായ ഒരു അഭിമാന ബോധവും സ്വത്വബോധവും എവിടെ നിന്നൊക്കെ നമ്മുടെ ഉള്ളിലേക്കു ഒഴുകി വരുന്നു . മലയാളിയുടെ അഭിമാന ബോധം പ്രകടമായി വരുന്നത് അവന്റെ വൃത്തികേടൂകള്‍ മറ്റുള്ളവരെക്കൊണ്ട് ചുമ്പപ്പിക്കുന്നതിലാണ്  - തോട്ടിപ്പണിയും അലക്കലും ഓട വൃത്തിയാക്കലും എല്ലാം അന്യ സംസ്ഥാനക്കാരന്റെ പണിയാണ് , അതൊന്നും ശുഭ്രവസ്ത്രധാരിയായ മലയാളിക്കു പറ്റിയ പണിയല്ല , അവര്‍ വെള്ള ക്കോളര്‍ ജോലിക്കാരാണ്  ,വിദേശീയന്റെ  ഗുമസ്ത പണിയാണ് അവന് പഥ്യം .അതു കൊണ്ട് അത്തരം ജോലികള്‍ക്കായി കറുത്തവരും വൃത്തിയില്ലാത്തവരും നിരക്ഷരരുമായ അന്യസംസ്ഥാ‍നക്കാരെ നിയോഗിക്കുന്നു , അങ്ങനെയാണ് ഭൂരിഭാഗവും പ്രവാസികളായി മാറിയ കേരളത്തില്‍ അജ്ഞാതരായ ഒരു പറ്റം രണ്ടാം നിര പ്രവാസികള്‍ രൂപപ്പെടുന്നത് .

പ്രവാസത്തിന്റെ കഷ്ടതകളെ പറ്റിയും അതിന്റെ നീറുന്ന നോവിനെപ്പറ്റിയും ആകുലതകളോടെ പരസ്പരം ആവലാതികളും പരിദേവനങ്ങളുമായി കഴിയുന്ന മലയാളികള്‍ക്കിടയിലാണ് ഇങ്ങനെ ഒരു വലിയ സംഘം ജനങ്ങള്‍ രണ്ടാം തരം പ്രവാസികളായി കഴിയുന്നത് . കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍  , റോഡ് പണിക്കു കരാര്‍ പണിക്കു കൊണ്ടു വരുന്നവര്‍ ,ഹോട്ടലിലെ ബാല വേലക്കാര്‍  , ഇസ്തിരിയിടുന്നവര്‍ എന്നു തുടങ്ങി അന്യ സംസ്ഥാനത്തു നിന്നു കേരളത്തിലെത്തി ഉപജീവന മാര്‍ഗ്ഗം തേടുന്നവര്‍ പതിനായിരങ്ങളാണ് - തമിഴനും , തെലുങ്കനും , ബെംഗാളിയുമെല്ലാമടങ്ങുന്ന   -നമുക്കിവര്‍ രണ്ടാം തരമാണ് , ചിലപ്പോള്‍ അയിത്തമാചരിക്കുന്നത്ര വെറുപ്പോടെ അകറ്റി നിര്‍ത്തേണ്ടവരും .അതിലൊന്നും അവര്‍ക്കു പരാതിയില്ല  പക്ഷെ മനുഷ്യത്വ രഹിതമായ നിരന്തര പീഡനങ്ങള്‍ , ചെയ്യാത്ത തെറ്റുകള്‍ ആരോപിച്ചു കൊണ്ടുള്ള കടന്നു കയറ്റങ്ങള്‍ , ഒരു തൊഴിലാളിക്കു ലഭിക്കേണ്ടുന്ന എല്ലാ അടിസ്ഥാന ജീവിത സാഹചര്യങ്ങളും നിഷേധിച്ചു കൊണ്ടുള്ള തൊഴിലുടമകളുടെ ചൂഷണങ്ങള്‍ .കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടുമെന്നു വേണ്ട കേരളത്തിലെ നഗരങ്ങളിലും ചെറു പട്ടണങ്ങളിലും നമ്മളറിയാത്ത ഒരു സാന്നിധ്യമായി ഇവര്‍ ജീവിക്കുന്നുണ്ട് .പകലന്തിയോളം പൊരിവെയിലത്ത് എല്ലു മുറിയെ പണിയെടുത്തു , വൈകുന്നേരങ്ങളില്‍  തകര പാട്ടകളും കാലിച്ചാക്കുകളും കൊണ്ട് മറച്ച് കൂരകളില്‍ അല്പാഹാരികളായി ഇവര്‍ ജീവിക്കുന്നു , ഈ ദയനീയമായ ജീവിത സാഹചര്യത്തിലും സ്ഥിരം ജോലിയും കൂലിയുമെന്ന ഒരു പ്രതീക്ഷയുടെ പുറത്താണ് ദാരിദ്ര്യത്തിന്റെ പരകോടിയിലുള്ള അത്തരം ജീവിതങ്ങള്‍ . ഈ ഒരു സാഹചര്യത്തെയാണ് കരാറുകാരും വന്‍ കിടക്കാരുമെല്ലാം മുതലെടുക്കുന്നതും അവരെ പരമാവധി ചൂഷണം ചെയ്യുന്നതും ഇത് കൂടാതെ നാട്ടുകാരായ മാന്യന്മാരുടെ കയ്യേറ്റങ്ങളും . .ഇവരുടെ അടിസ്ഥാന സൌകര്യങ്ങള്‍ , ജീവിത സാഹചര്യങ്ങള്‍ ഇതൊന്നും ആര്‍ക്കും വിഷയമല്ല , ഗുരുതരമായ ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഇത്തരം അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ നടക്കുന്നുണ്ട്  .പക്ഷെ  അധികൃതര്‍ ഇത്തരം കാര്യങ്ങളെ തമസ്കരിക്കുകയാണ് ചെയ്യുന്നത് .

മലയാളികളുടെ പ്രധാന ജീവിതമാര്‍ഗ്ഗം പ്രവാസമാണ് , ഇന്‍ഡ്യയിലും ഇന്‍ഡ്യക്കു പുറത്തും പ്രവാസത്തില്‍ അവന്‍ അവന്റേതായ ഇടങ്ങള്‍ കണ്ടെത്തുന്നു ,അത്താഴ പട്ടിണിക്കാരന്റെ   ദിവസക്കൂലി മുതല്‍ ശത കോടികള്‍ ആസ്തിയുള്ള  വന്‍ വ്യവസായങ്ങള്‍ വരെ ഈ പ്രവാസജീവിതത്തിന്റെ പരിധിയില്‍ വരുന്നു , എഴുതാനറിയുന്ന എല്ലാ‍വരും പ്രവാസത്തിന്റെ കഷ്ടതകളെപ്പററ്റി  ഗൃഹാതുരത സമം ചേര്‍ത്തു  ഉപന്യാസങ്ങള്‍ , കവിതള്‍ , കഥകള്‍ എല്ലാം എഴുതി നിരന്തരം സ്ഖലിച്ചു കൊണ്ടിരിക്കുന്നു , ഈ പ്രവാസത്തില്‍ നമുക്കു എല്ലാ വിധ ആനുകൂല്യങ്ങളും സന്തോഷങ്ങളും ലഭിക്കണം എന്നിട്ട് നാട്ടില്‍ ചെന്ന് ചൊരുക്കു തീര്‍ക്കാനെന്നോണം അന്യ സംസ്ഥാന തൊഴിലാളികളോട് തിണ്ണ മിടുക്കു കാണിക്കും ,.അതാണ് നമ്മള്‍ മലയാളികള്‍ .

ഇടക്കിടെ അപ്രധാന വാര്‍ത്തകളായി ഈ രണ്ടാം കിട പ്രവാസികള്‍ നമ്മുടെയിടയിലേക്കു കടന്നു കയറാറുണ്ട് കുറച്ചു നാളുകള്‍ക്കു മുമ്പ്   പശ്ചിമ ബംഗാളില്‍ നിന്നുള്ള നിര്‍മ്മാണ തൊഴിലാളിയാ‍യ ബുള്ളഷ് റാവു എന്ന ചെറുപ്പക്കാരന്‍  ട്രെയിനില്‍ നിന്നു വീണ് ഗുരുതരമായി പരിക്കു പറ്റി ചോരയൊലിപ്പിച്ചു കൊണ്ട്  സഹാനുഭൂതിയുടെയും മനുഷ്യത്വത്തിന്റെയും സംസ്കാരത്തിന്റെ മൊത്തക്കച്ചവടക്കാരുമായ സോ കോള്‍ഡ് മലയാളി ആഭിജാതന്മാരുടെ  മുന്നില് വന്നപ്പോള്‍ ആട്ടിയോടിക്കുകയായിരുന്നു , ചികിത്സ കിട്ടാതെ , വേദനയനുഭവിച്ചു  നിവൃത്തികേടിന്റെ പാരമ്യത്തില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ കയറി അവിടെയുള്ള മണിയില്‍ തൂങ്ങിമരിച്ചു  -എത്ര മനുഷ്യത്വ രഹിതമാണ് ഈ സംഭവം .  - ഇത്രയും സംഭവങ്ങള്‍ നടന്നത് ഒരു പാട് തദ്ദേശീയരുടെ കണ്മുന്നില്‍ വെച്ചാണ് . ഗുരുതരമായി പരിക്കു പറ്റിയ ഒരാളെ ഒരു തുള്ളി വെള്ളം പോലും നിഷേധിച്ചു കൊണ്ട് മരണത്തിന് വിധേയരാക്കാന്‍ മാത്രം ആഭിജാതമാണ്  ,സംസ്കാര സമ്പന്നരാണ് നമ്മള്‍ മലയാളികള്‍ .

അതിനും  കുറച്ചു നാളുകള്‍ക്കു മുമ്പാണ്  ദിവസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍   ഒരു അന്യസംസ്ഥാന   തൊഴിലാളി   ചികിത്സ കിട്ടാതെ പിടഞ്ഞു മരിക്കുന്ന ദൃശ്യം നാം ചാനലില്‍ കണ്ടത്   ഇത് ഒരു ഒറ്റപ്പെട്ട സംഭവമോ ഏതെങ്കിലും പ്രത്യേക സ്ഥലത്തു സംഭവിക്കുന്ന കാര്യങ്ങളൊ അല്ല കേരളത്തിലങ്ങോളമിങ്ങോളം ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട് . കുറച്ചു നാള്‍ മുമ്പു ഒരു  തിരൂരില്‍    ഗര്‍ഭിണിയായ നാടോടി സ്ത്രീയെ  ഒരു മാല മോഷണ കേസ് ആരോപിച്ചു കൊണ്ട് ക്യാമറക്കു മുന്നിലിട്ടു നാട്ടുക്കൂട്ടം മര്‍ദ്ദിച്ചവശയാക്കുന്നത് കണ്ടു  , ഇതെല്ലാം ഞങ്ങളുടെ അവകാശമാണെന്ന മട്ടിലുള്ള ഒരു തരം  ഉന്മാദത്തോടെയാണ് ഈ നാട്ടുക്കൂട്ടം ക്യാമറക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതും ,ക്യാമറയിലെടുത്തു സൂക്ഷിക്കുന്നതും  .

 മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ചു അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്തു നാട്ടുകാര്‍ നിര്‍ബന്ധിത പരിശോധന നടത്തുകയും കൂട്ടം ചേര്‍ന്നു മര്‍ദ്ദിച്ചവശവരാക്കുകയും ചെയ്തതും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തന്നെയാണ്  .ആ തൊഴിലാളികളാണ് മോഷ്ടിച്ചതെന്നതിനു യാതൊരു തെളിവുമില്ല എന്നിട്ടും അവര്‍ താമസിക്കുന്ന സ്ഥലത്തു കയറി അവരുടെ വസ്തുവകകള്‍ നിര്‍ബന്ധിതമായി പരിശോധിക്കുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്യുന്നു . വിഷയം മോഷണം നടന്നോ ഇല്ലയോ എന്നതല്ല  നാട്ടുകാര്‍ക്കു സംശയം തോന്നുമ്പോഴെല്ലാം  ഒരു കൂട്ടം അരക്ഷിതരായ ആളുകളെ കടന്നാക്രമിക്കാനുള്ള ലൈസന്‍സുണ്ടോ ?

 ആലുവയില്‍ ഒരു അഭിഭാഷകന്റെ വീട്ടില്‍  ധനലക്ഷ്മി എന്ന തമിഴ് ബാലിക ക്രൂരമായ പീഡനങ്ങള്‍ക്കിരയായി കൊല്ലപ്പെട്ടത്  , ഇവിടെ കൊലപാതകികള്‍ നിരക്ഷര  സംസ്കാര ശൂന്യരുമായ ആളുകളല്ല മറിച്ചു  സമൂഹത്തിലെ മാന്യരും വിദ്യാസമ്പന്നരുമായ മലയാളി ദമ്പതികളാണ് , സൌമ്യയുടെ മരണം പോലെ തന്നെ ഗൌരവത്തിലെടുക്കേണ്ട ഒരു കാര്യമായിരുന്നിട്ടു കൂടി അത് നമ്മള്‍ മറന്നു പോയി , ഇതു പോലെ നൂറു കണക്കിന് അന്യസംസ്ഥാന ബാലവേലക്കാര്‍ കേരളത്തിലങ്ങോളമിങ്ങോളം  വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് ക്രൂരമായി പീഡനങ്ങള്‍ അനുഭവീച്ചു കൊണ്ടു ജീവിക്കുന്നുണ്ടാകണം ഒരു മരണം സംഭവിച്ചെങ്കില്‍ മാത്രമെ അതൊരു രണ്ട് കോളം വാര്‍ത്തയുടെ പ്രാധാന്യമെങ്കിലും ലഭിക്കൂ .



  , ഇത്തരം സംഭവങ്ങള്‍  മാനുഷികമായ ഒരു പാട് ചോദ്യങ്ങള്‍ നമുക്കു മുന്നില്‍ ഉയര്‍ത്തുന്നുണ്ട് , പക്ഷെ അതില്‍ ഇര ഒരു മലയാളി അല്ലാതിരിക്കുകയും വേട്ടക്കാര്‍ നമ്മള്‍ തന്നെയായിരിക്കുകയും ചെയ്യുമ്പോള്‍ അത്തരം സംഭവങ്ങളെ തമസ്കരിക്കുകയും അതാണതിന്റെ ഒരു ശരി എന്ന നിലപാടിലെത്തുകയും ചെയ്യുന്നു . മറ്റൊരു ന്യായം പറയാനുള്ളത് ഈ അന്യ സംസ്ഥാന തൊഴിലാളികളെല്ലാം ക്രിമിനലുകളാണ് , അവര്‍ പലപ്പോഴും കുറ്റവാസന പ്രകടിപ്പിക്കുന്നവരാണ് എന്നൊക്കെയാണ്  - ഇത് ഒരു തരം സ്റ്റീരിയോ ടൈപ്പിങ്ങ് ആണെന്നു മാത്രമേ പറയാന്‍ കഴിയൂ .മോഷണത്തിനായും ഗുണ്ടാപ്പണിക്കുമായുമെല്ലാം മറ്റു സംസ്ഥാനക്കാര്‍ ഇവിടെ വരുന്നുണ്ട് എന്നു കരുതി അന്നന്നത്തെ അന്നത്തിനായി പൊരി വെയിലത്തു പണിയെടുത്ത് ,തകരപ്പാട്ടകള്‍ കൊണ്ട് മറച്ച ചാളകളില്‍ ജീവിക്കുന്ന ഒരു പാട് പാവങ്ങളെ ആ പരിധിയില്‍ പെടുത്തി ദ്രോഹിക്കരുത് . 
അധികൃതര്‍ ചെയ്യേണ്ടത് ഇത്തരം അന്യസംസ്ഥാന തൊഴിലാളികള്‍ക്കു ഐഡന്റിറ്റി കാര്‍ഡുകള്‍ നല്‍കുകയും അവരുടെ തൊഴിലിടങ്ങളില്‍ അവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ , അതായത് ശരിയായ താമസ സൌകര്യം , ശരിയായ വേതനം ഇതൊക്കെ നല്‍കുന്നുണ്ടോ എന്നാണ്  , അല്ലാതെ ഏതൊ ഒരു തമിഴന്‍ മോഷ്ടിച്ചതിന്റെ പേരില്‍ മൊത്തം തമിഴ് പണിക്കാ‍രെ വളഞ്ഞിട്ട് തല്ലുന്ന എമ്പോക്കികള്‍ക്കു ഒത്താശ ചെയ്യലല്ല .ഗള്‍ഫ് നാടുകളിലെ അനധികൃത കള്ള് കച്ചവടം  ,വേശ്യാലയങ്ങള്‍ ,സ്ത്രീകളെ കടത്തല്‍ ,സാമ്പത്തിക കുറ്റ കൃത്യങ്ങള്‍ , തിരിമറികള്‍ എന്നിങ്ങനെ ഏതു  എന്നീ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എടുത്തു നോക്കിയാലും അതിലൊരു പ്രധാനി മലയാളി ആയിരിക്കും എന്നു കരുതി മലയാളികള്‍ മുഴുവന്‍ കുറ്റവാളികളാണെന്നു പറയുന്ന   സാമാന്യ വല്‍ക്കരണത്തിന്റെ അപകടം നമ്മള്‍ക്കറിയാം പക്ഷെ അതു തന്നെ നമ്മള്‍ മറ്റൊരു കൂട്ടം ആളുകള്‍ക്കു നേരെ പ്രയോഗിക്കുമ്പോള്‍ നമുക്കതില്‍ തെറ്റു തോന്നുന്നുമില്ല .  ഇതൊരു തരം മനോ നിലയാണ് .


മേല്‍പ്പറഞ്ഞ വാര്‍ത്തകള്‍ ഈയൊരു ലേഖനമെഴുതാനായി കഷ്ടപ്പെട്ടു തേടിപ്പിടിച്ചതല്ല കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നമ്മുടെ നാട്ടില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് . ഈ സംഭവങ്ങള്‍ ഒരു പോലീസ് കേസ് ആകുമ്പോഴോ ഒരു മരണം സംഭവിക്കുമ്പോഴൊ മാത്രമേ നമ്മള്‍ അറിയുന്നുള്ളൂ അതല്ലാതെ തന്നെ നിരവധി സംഭവങ്ങള്‍ നാം കാണാതെ പോകുന്നവയാണ് .തെരുവില്‍ അന്തിയുറങ്ങുന്ന നാടോടി പെണ്ണുങ്ങളെ ബലാത്സംഗം ചെയ്തെന്ന് വീരസ്യം പറയുന്നവര്‍ , അവരുടെ കുടിലുകളില്‍ രാത്രി ഒളിഞ്ഞ് കടക്കുന്നവര്‍  , മോഷണം നടത്തിയെന്നാരോപിച്ച് ഖാപ്പ് പഞ്ചായത്തുകളെക്കാള്‍ ഹീനമായ രീതിയില്‍ കൂട്ട മര്‍ദ്ദനം നടത്തുന്നവര്‍ ഇതൊക്കെയാണ് നമ്മള്‍ മലയാളികള്‍ .

.മലയാളിയെ പൊതുവില്‍ നന്മയുടെ പ്രതിരൂപമായാണ് നമ്മള്‍ സ്വയം അവതരിപ്പിക്കാറുള്ളത് .സിനിമകളില്‍ അതിക്രൂരന്മാരായ അധോലോക നായകരായി ഉത്തരേന്ത്യയില്‍ നിന്നു വരുന്ന ഒരു ഹിന്ദിക്കാരനെയോ  തെരുവു ഗുണ്ടകളായി  തമിഴന്‍ ശരീരത്തെയോ നാം സ്ഥിരം നിയോഗിച്ചു വരുന്നു . അപ്പോള്‍ നമ്മളീ കൊട്ടിഘോഷിക്കുന്ന മലയാളി മാന്യതയും നന്മയും നമുക്കു പുറം നാടുകളില്‍ കിട്ടേണ്ടുന്ന ഒരു സവിശേഷ അവകാശമായി മാത്രം മാറുന്നു , നമ്മള്‍ തിരിച്ചു കൊടുക്കേണ്ടതില്ല .ഞാനും നിങ്ങളുമടങ്ങുന്ന ഈ മലയാളി സമൂഹത്തെ മലയാളി മാന്യന്മാരെന്നല്ല വിളിക്കേണ്ടത് മലയാളി മൈഗുണാഞ്ചന്മാര്‍  എന്നായിരിക്കും


അനുബന്ധം :


എന്റെ നാട് ഒരു ഗ്രാമ പ്രദേശമാണ് ,കഥകളില്‍ പറയുന്ന പോലെ ബാങ്കു വിളികളും ക്ഷേത്ര ഭക്തിഗാനങ്ങളും കൊണ്ട് നാടിനെ ഉണര്‍ത്തുന്ന നന്മ നിറഞ്ഞ ഒരു ഗ്രാമം .അവിടേക്കു  ദേശാടന പക്ഷികളെപോലെ ഓരോരോ സീസണിലും അഭയാര്‍ത്ഥികളായി എത്തുന്ന ഒരു കൂട്ടരുണ്ട് ആമയെത്തീനികള്‍ “ എന്നാണ് അവരെ വിളിക്കാറ് , നാടോടികളായ തമിഴ് കുടുംബങ്ങളാണ് ഈ ആമയെത്തീനികള്‍ എന്നു വിളിപ്പേരിട്ടു വിളിക്കുന്ന കൂട്ടര്‍ .ഏതെങ്കിലും ഒഴിഞ്ഞ പറമ്പില്‍ പഴയ തുണിക്കഷ്ണങ്ങള്‍ കൂട്ടിച്ചെര്‍ത്ത് കൂടാരം പോലെ ഒന്നുണ്ടാക്കി  , മറ്റൊരു തുണിക്കീറ് സമീപത്തെ മരക്കൊമ്പുകളിലെവിടെയെങ്കിലും ഞാത്തിയിട്ട് അതില്‍ കുട്ടികളെ കിടത്തി അവരവിടെ താല്‍ക്കാലികമായ ഒരു വാസസ്ഥലം ഒരുക്കുന്നു .എന്റെ ബാല്യത്തീല്‍ അതൊരു സ്ഥിരം കാഴ്ചയായിരുന്നു .കുളങ്ങളും തോടുകളും അധികമുള്ള സ്ഥലത്താണ് ഇവര്‍ തമ്പടിക്കുക , .ആമയെ പിടുത്തമാണ് പ്രധാന ജോലി ,ആണുങ്ങളും മുതിര്‍ന്ന കുട്ടികളുമാണ് ആമയെ പിടിക്കാന്‍ ഇറങ്ങുക , പ്രായമായ സ്ത്രീകള്‍ അടുത്തുള്ള വീടുകളിലെ പുറം പണി അന്വേഷിച്ച് പോകും പെണ്‍ കുട്ടികളും അമ്മമാരും കുട്ടികളെ നോക്കി തമ്പില്‍ തന്നെ കഴിയും . ആമയെ പിടുത്തം ഒരു കാര്‍ണിവല്‍ പോലെ രസകരമായ സംഭവമാണ് നീണ്ട വടികളുമ്പയോഗിച്ച് കുളങ്ങളിലും തോടുകളിലും  മുങ്ങിത്തപ്പി ആമയെയും കൊണ്ട് വരും , എന്നിട്ടത് കള്ളു ഷാപ്പില്‍ കൊണ്ട് പോയി വില്‍ക്കും കള്ളു കുടിക്കും ബാക്കി വല്ലതുമുണ്ടെങ്കില്‍ അരിയും വാങ്ങുമായിരിക്കും .പലപ്പോഴും നാട്ടിലെ പരിചിത മുഖങ്ങളായി  ,അല്ലെങ്കില്‍ അവരുടെ പേരുകള്‍ തിരിച്ചറിയാന്‍ കഴിയുന്നത്ര  സാന്നിധ്യം അവരുളവാക്കിയിരുന്നു .ഒരിക്കല്‍ എന്റെ അയല്‍ വീട്ടിലെ ഒരു ചെമ്പു കലം കാണാതെ പോയി , പുറത്തു വെള്ളമെടുക്കാനായി വെക്കുന്ന വലിയ ചെമ്പു കലമാണത്  - ഉടന്‍ തന്നെ ആരോ പറഞ്ഞു ആ നാടോടി തമിഴന്മാര്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നു , അവരുടെ ഭാണ്ഡം വല്ലാതെ വലുപ്പമുണ്ടായിരുന്നു ചിലപ്പോള്‍ ചെമ്പു കലം ഞെളുക്കി വെച്ചതായിരിക്കണം ഈ ഊഹോപോഹത്തിന്റെ പുറത്തു അന്നു ആ നാടോടി സംഘത്തിലെ സ്ത്രീകളെയും കുട്ടികളെയും അടക്കം എല്ലാവരെയും ക്രൂരമായി മര്‍ദ്ദിച്ചു , അവരുടെ താല്‍ക്കാലിക ടെന്റുകള്‍ വലിച്ചു പറിച്ചു കളഞ്ഞു  , അവര്‍ തിരിച്ചൊന്നു പ്രതിരോധിക്കാന്‍ പോലുമാകാതെ നിസ്സഹായമായി പലായനം ചെയ്യേണ്ടി വന്നു  , പിറ്റേ ദിവസമോ മറ്റോ ആണെന്നു തോന്നുന്നു ആ ചെമ്പു കലം അവരുടെ വീടിനകത്തെവിടെ നിന്നോ കിട്ടി ,നാടോടികളെ തല്ലിച്ചതക്കാന്‍ നേതൃത്വം നല്‍കിയ ധീരനായ ആ വീട്ടുടമസ്ഥന്റെ പ്രതികരണം ഇങ്ങനെയായിരുന്നു  -“ എനിക്കപ്പഴേ തോന്നീരുന്നു കലം    ഇവടെ തന്നെ കാണുംന്ന്  , എന്നാലും അവറ്റോള് കള്ള ജാത്യേളാന്നെ   , നാട്ടീ നിര്‍ത്താന്‍ പറ്റില്ല , രണ്ടെണ്ണം കൊടുത്ത് വിട്ടത് നന്നായിപ്പോയെ ഉള്ളൂ  “ ആ നാടോടികള്‍ ആ ആദര്‍ശധീരന്റെ വീട്ടില്‍ നിന്നോ അയാളറിയുന്ന ആരുടെയെങ്കിലും വീട്ടില്‍ നിന്നോ എന്തെങ്കിലും മോഷ്ടിച്ചതായി അയാള്‍ക്കറിയില്ല എന്നാലും അങ്ങനെ ന്യായീകരിക്കുന്നതാണ് എളുപ്പം .  അതൊരു   വെറും  അഭിപ്രായമായിരുന്നില്ല , നമ്മുടെയൊക്കെ മനോഭാവമാണ്   പക്ഷെ അതിനു ശേഷവും അടുത്ത വര്‍ഷങ്ങളിലും അവര്‍ വന്നിരുന്നു , പിന്നെ പിന്നെ ഒഴിഞ്ഞ പറമ്പുകള്‍ വീടുകളാവുകയും കുളങ്ങളും തോടുകളും ഇല്ലാതാവുകയും ചെയ്തതോടെ ആ ദേശാടനങ്ങളും അവസാനിച്ചുവെന്നു തോന്നുന്നു .

5 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇപ്രാവശ്യം കലുങ്കിലിരിക്കുമ്പോള്‍ നാട്ടില്‍ തട്ടിപ്പറിക്കലും , മോഷണവും ഒക്കെ കൂടിയോ എന്ന സംശയം വരാന്‍ ചാന്‍സുണ്ട്..! മൈഗുണാഞ്ചന്മാരാണോ പാവം ദേശാടനപക്ഷികളാണോ കൂടുതലും ഇതിനു പിന്നില്‍ എന്നൊക്കെ ചിലപ്പോള്‍ മനസിലാക്കാന്‍ പറ്റിയേക്കും...
    ഒഴിവുകാലം ആഘോഷമാകട്ടെ എന്നാശംസിക്കുന്നു...!

    ReplyDelete
  3. Dear Friend,

    Thankal Tiruril nadanna oru sambhavathe ivide paramarshikkukayundaayi, aa varthaye thaankal pinthudarnittundaayirunnenkil thankal athivide paramarshikkukayillayirunnu.
    Avar yatharthathil garbiniyaayirunnilla,marichu athu avarkku vayarinakathulla oru muzhayaayirunnu,thattippu nadathi rakshappedaan vendi avar nadathunna oru naadakamaayirunnu athu.
    (Avare pinneed jammyathil irakkanaayi 1 lakh kettivekkum aaalundaayi ennariyumboozhaanu Avarude thattippinte aazhamariyunnathu.....)

    ReplyDelete
  4. മലയാളി മാന്യതയ്ക്ക് രഘു എന്ന ഒരു രക്തസാക്ഷി കൂടി.. എന്തു കൊണ്ട് തങ്ങൾ കൊല്ലപ്പെടുന്നു എന്ന് മനസ്സിലാകും മുൻപേ തന്നെ ഈ ലോകം വെടിയാൻ വിധിക്കപ്പെട്ട കൊടുംക്രൂരതയുടെ ഇരകൾക്ക് പരലോകത്തെങ്കിലും നിത്യശാന്തി നേരുന്നു. ആ വാർത്ത പത്രത്തിൽ വായിച്ചപ്പോൾ ആദ്യം ഓർത്തത് ഈ ബ്ലോഗിനെക്കുറിച്ചായിരുന്നു.

    ReplyDelete
  5. നാട്ടുകാരുടെ ക്രൂരമര്‍ദനം: യുവാവ് മരിച്ചു
    Posted on: 13 Nov 2011

    മുക്കം: അര്‍ധരാത്രി പുരുഷന്മാരില്ലാത്ത വീട്ടില്‍ സംശയാസ്പദമായി കണ്ടതായി ആരോപിച്ച് നാട്ടുകാരുടെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ മരിച്ചു. ചെറുവാടി സ്വദേശി തേലീരി ഷാഹിദ് എന്ന ബാവ (26) യാണ് മരിച്ചത്.

    ബുധനാഴ്ച രാത്രി ഒരുമണിയോടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൊടിയത്തൂര്‍ വില്ലേജ്ഓഫീസിനു സമീപത്തുനിന്നും മുക്കം പോലീസെത്തിയാണ് ഇയാളെ ആസ്പത്രിയിലെത്തിച്ചത്.

    ഷാഹിദിന്റെ അമ്മാവന്‍ നല്‍കിയ പരാതിയില്‍ മുക്കം പോലീസ് കേസെടുത്തു. മുന്‍വൈരാഗ്യമുള്ള ചിലര്‍ സഹോദരീപുത്രനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആക്രമണത്തിന് പിന്നില്‍ മണല്‍ മാഫിയ ആകാമെന്നും സംശയമുണ്ട്.

    ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .