Like
...........
Tuesday, 24 May 2011
കനിമൊഴിയുടെ കവിതകള്‍ .
ബോണി ചേംബര്‍ലൈന്റെ പ്രസിദ്ധമായ ഒരു കഥയുണ്ട് . ഒരു ചിത്രകാരന്‍ യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു ചിത്ര പരമ്പര തയ്യാറാക്കുകകയായിരുന്നു. ആ ചിത്രം അയാളുടെ ജീവിതത്തിലെ ഏറ്റവും മികച്ച രചന ആയിരിക്കണമെന്നുള്ള നിര്‍ബന്ധബുദ്ധി കാരണം മോഡലുകളുടെ മുഖഭാവത്തിന്റെ കാര്യത്തില്‍ ചിത്രകാരന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു .ഉണ്ണിയേശുവിന്റെയും യൂദാസ്സിന്റെയും മുഖമായിരുന്നു ഏറെ പ്രാധാന്യമുള്ളത് .ഉണ്ണിയേശുവിന്റെ കാരുണ്യവും നിഷ്കളങ്കതയും നിറഞ്ഞ മുഖം അയാളാഗ്രഹിച്ചതു പോലെ തന്നെ കിട്ടി . ചിത്ര പരമ്പരയിലെ അവസാന ചിത്രം യൂദാസ്സിന്റേതായിരുന്നു . പക്ഷെ യൂദാസ്സിന്റെ മുഖത്തിനായി പലരെയും പരിഗണിച്ചെങ്കിലും ചിത്രകാരന്റെ മനസ്സിലുള്ള ഭാവമായി ഒത്തുപോകുന്നില്ലായിരുന്നു .ചിത്രകാരന്‍ അത്തരമൊരു മുഖത്തിനായി കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു .ഓരോ തെരുവിലും അയാള്‍ ആ മുഖം തേടി അലഞ്ഞു .അങ്ങനെ നീണ്ട വര്‍ഷങ്ങളുടെ തിരച്ചിലിന് ശേഷം ഒരു ചൂതാട്ടകേന്ദ്രത്തില്‍ വെച്ച് ചിത്രകാരന്‍ തന്റെ മനസ്സിലെ യൂദാസ്സിനെ കണ്ടെത്തുന്നു .കുടിലതയും ക്രൌര്യവും നിറഞ്ഞ ഒറ്റുകാരന്റെ അതേ മുഖം -.യൂദാസ്സിന്റെ മോഡലായി ഈ വര്‍ഷങ്ങളത്രയും ചിത്രകാരന്‍ അലഞ്ഞതു ഈ മുഖത്തിന് വേണ്ടിയായിരുന്നു .ചിത്രകാരനോട് യൂദാസ്സിന്റെ മുഖമുള്ള ആ ചൂതാട്ടക്കാരന്‍ ചോദിച്ചു - ചിത്രകാരാ അങ്ങേക്കെന്നെ ഓര്‍മയുണ്ടോ കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ണിയേശുവിന്റെ നിഷ്കളങ്കതയും ജ്യോതിസ്സും നിറഞ്ഞ മുഖം വരക്കാനായി എന്നെ തന്നെയാണ് അങ്ങ് തിരഞ്ഞെടുത്തത് !!!
2 ജി അഴിമതിക്കേസില്‍ അറസ്റ്റിലായ കനിമൊഴിയുടെ ദയനീയമായ മുഖം എന്നില്‍ ഓര്‍മ്മപ്പെടുത്തിയത് ബോണി ചേംബര്‍ ലൈന്റെ ഈ കഥ തന്നെയാണ് .കവയത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായി ദ്രാവിഡ സാംസ്കാരിക മണ്ഡലത്തില്‍ നിറഞ്ഞു നിന്നിരുന്ന കനിമൊഴി വളരെ പെട്ടെന്നു തന്നെ അഴിമതിയുടെയും മനുഷ്യദുരാഗ്രഹങ്ങളുടെയും പ്രതീകമായി മാറുമ്പോള്‍ അതു കാലത്തിന്റെ സ്വാഭാവിക പരിണാമം മാത്രമായിത്തീരുന്നു .കരുണാ നിധിയുടെ ചിന്നവീടു സന്താനമായ കനിമൊഴി അധികാരരാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളിലെ വില പേശലിലൊന്നും ഭാഗഭാക്കായിരുന്നില്ല. രാജ്യ സഭാംഗമായതോടെയാണ് രാഷ്ട്രീയത്തിന്റെ വെള്ളിവെളിച്ചത്തില്‍ കനിമൊഴി കൂടുതല്‍ ശ്രദ്ധാ കേന്ദ്രമായി മാറുന്നത് .ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ആണ്ടിപ്പട്ടി അരസിയല്‍ വാദികളില്‍ നിന്നു സാമാന്യ വിവരമോ വിദ്യാഭ്യാസമോ ഉള്ള ഒരാളെ ലോക്സഭയിലേക്കോ രാജ്യസഭയിലേക്കോ അയക്കുക എന്നത് അല്പം ആയാസം നിറഞ്ഞ അധ്വാനമാണ് .കരുണാ നിധിയുടെ മൂത്ത പുത്രനായ അഴഗിരിയെ ലോകസഭ കാണിച്ചിട്ടു ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത ആ അണ്ണന്‍ ലോക് സഭ കയറാറോ അവിടെയെന്തു സംഭവിക്കുന്നു എന്നറിയാനോ മുതിര്‍ന്നില്ല . ഹിന്ദു പത്രത്തിലെ സബ് എഡിറ്ററായിരുന്ന കനിമൊഴി അത്തരമൊരു സാഹചര്യത്തിലാണ് രാജ്യസഭാംഗമായി മാറുന്നതും വിലപേശല്‍ രാഷ്ട്രീയത്തിമെന്ന വ്യവസ്ഥാപിത ശൃംഘലയിലെ പ്രധാന കണ്ണിയായി പരിണമിക്കുന്നതും അതിനു ശേഷം സംഭവിച്ചതു ചരിത്രം .
കനിമൊഴി കവിയായതു കൊണ്ടോ സാമൂഹ്യ പ്രവര്‍ത്തകയായതു കൊണ്ടോ ഉള്ള അനുതാപത്താല്‍ യാതൊരു വൈകാരിക പിന്തുണയും അവര്‍ അര്‍ഹിക്കുന്നില്ല. വിതച്ചതു കൊയ്തു എന്ന പതിവ് വാക്യം മാത്രം ഇവിടെയും പറയാം . പക്ഷെ അപ്പോഴും വലിയ വിതക്കാരൊക്കെ ഇപ്പോഴും വിതച്ചു കൊണ്ടു കൃഷി തുടരുന്നു . അടിയാളന്മാരെക്കൊണ്ടു വിത്തിറക്കി , കളത്തിന് പുറത്തു മാടമ്പി ചമഞ്ഞിരിക്കുന്ന മാന്യനായ പ്രധാനമന്ത്രിയടക്കമുള്ളവരെക്കൂടി കൂടെ ഈ കളികളുടെ അന്ത്യത്തില്‍ കാണാന്‍ കഴിയട്ടെ എന്നു മാത്രം ആഗ്രഹിക്കുന്നു .
കനിമൊഴി കൂട്ടിലാവുമ്പോള്‍ കാവ്യലോകത്തിന് അതൊരു തീരാനഷ്ടമൊന്നുമല്ല .പക്ഷെ അവര്‍ നല്ലൊരു കവയത്രിയായിരുന്നു .അഴിമതിയോ സ്വജനപക്ഷപാതമോ ദുരയോ കവിത്വത്തെ സ്വാധീനിക്കുമോ എന്നറിയില്ല .കവിത്വത്തിന് മാനുഷിക മൂല്യങ്ങള്‍ ആവശ്യമാണെന്നു ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മാനുഷിക ഭാവങ്ങളില്‍ നിന്നു നിന്നു സ്വാര്‍ത്ഥതയും ദുരാഗ്രഹവും ആരാണ് ഒഴിവാക്കിയത് എന്ന മറുചോദ്യം ബാക്കിയാകുന്നു .മനുഷ്യഭാവങ്ങത്തിന്റെ ഏറ്റവും അടിസ്ഥാനഭാവം സ്വാര്‍ത്ഥതയും ദുരയും തന്നെയുമാണ് എന്ന് എല്ലാ ഇതിഹാസങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട് .സാഹിത്യകാരനും സാഹിത്യവും എന്നീ ദ്വന്ദ്വങ്ങള്‍ എപ്പോഴും സമാന്തരമായി സഞ്ചരിച്ചു കൊള്ളണമെന്നുള്ള നിര്‍ബന്ധ ബുദ്ധി അനുവാചകന്‍ സ്വീകരിച്ചാല്‍ അതില്‍ നിരാശ മാത്രമായിരിക്കും ഫലം .
80 കളിലെ യുവത്വത്തെ മയക്കുമരുന്നിലേക്കും അരാജകത്വത്തിലേക്കും നയിച്ച സാഹിത്യകാരനാണ് എം മുകുന്ദനെന്നു സുഹൃത് സദസ്സുകളിലെ ചര്‍ച്ചാ വട്ടങ്ങളില്‍ പലരും ആരോപിക്കാറുണ്ടായിരുന്നു .പക്ഷെ ഈയടുത്തു പുനത്തില്‍ കുഞ്ഞബ്ദുള്ള ഒരഭിമുഖത്തില്‍ പറഞ്ഞത് എം മുകുന്ദന്‍ രണ്ടു പെഗ് തികച്ചു കഴിക്കാന്‍ നില്‍ക്കാത്ത ആളാണെന്ന്.ഓ വി വിജയന്‍ എട്ടുകാലിയെക്കണ്ടാല്‍ ഭയന്നു വിറക്കുന്നത്ര ദുരബലനായിരുന്നു എന്ന അറിവിനെ ധര്‍മ്മപുരാണത്തിന്റെ ധീരോദാത്തമായ ആഖ്യാനവുമായി താരതമ്യപ്പെടുത്തി വായിക്കാനാരും തുനിഞ്ഞില്ല എന്നു മാത്രമല്ല ഭരണകൂട ഭീകരതക്കെതിരെ എക്കാലത്തെയും ക്ലാസ്സിക്കായി ധര്‍മ്മപുരാണം വായിക്കപ്പെടുന്നു.സ്നേഹത്തെക്കുറിച്ച് കവിതകളെഴുതിയ അമേരിക്കന്‍ കവി എസ്രാപൌണ്ട് പരസ്യമായ ജൂതവിരോധം പ്രകടിപ്പിച്ചിരുന്ന സാഹിത്യകാരനായിരുന്നു . മാര്‍ക് ട്വയിന്‍ സ്വവര്‍ഗ്ഗ രതിക്കാരനായിരുന്നു എന്നതു കൊണ്ടു ഒരു മാതാ പിതാക്കളും ഹക്കിള്‍ ബറി ഫിന്നും ടോം സോയറും കുട്ടികളില്‍ നിഷേധിച്ചിട്ടില്ലല്ലോ .വായനക്കാരന് എഴുത്തുകാരന്റെ സ്വഭാവ വൈശിഷ്ട്യത്തില്‍ അശേഷം താല്പര്യമില്ല അവരുടെ സര്‍ഗ്ഗാത്മകതയെ , വാക്കുകളുടെ മാസ്മരിക ഭാവത്തെയാണ് അനുവാചകനാവശ്യം .എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധത എപ്പോഴുമൊരു ബോണസ്സായി മാത്രം കരുതാനെ നമുക്കവകാശമുള്ളൂ . സാമൂഹ്യ പ്രതിബദ്ധതയുടെ മാനകമുപയോഗിച്ചു എഴുത്തുകാരനെ അളക്കുമ്പോള്‍ അടിയന്തിരാവസ്ഥാ കാലത്ത് മൌനം ഭജിച്ച , മാളങ്ങളിലൊളിച്ച എല്ലാ എഴുത്തുകാരെയും നമ്മള്‍ ബഹിഷ്കരിക്കേണ്ടതായി വരും .
കനിമൊഴി ഇരുമ്പഴിക്കുള്ളിലാകട്ടെ , വിചാരണകള്‍ നടക്കട്ടെ നീതിയും നിയമവും അതിന്റെ വ്യവഹാരങ്ങളില്‍ വിഹരിക്കട്ടെ .കവിതകളെയും വാക്കുകളെയും നമുക്കു വെറുതെ വിടാം .മുമ്പെങ്ങോ വായിച്ച ചില കനിമൊഴികവിതകള്‍ അവ്യക്തമായ ഓര്‍മ്മയില്‍ നിന്നും ലഭിക്കാതെ പോയെങ്കിലും തിരച്ചിലിന്റെ ചില തുരുത്തുകളില്‍ നിന്നു കണ്ടെടുത്ത ചിലത്.
.ഗര്‍ഭപാത്രത്തിന്‍ ഗന്ധം
അച്ഛന്‍ പറഞ്ഞതിനാല്‍
സ്കൂളില്‍ പോയി
തല ചീവി
ചില കൂട്ടുകാരെ വിലക്കി
ഉടുപ്പിട്ടു, പല്ലു തേച്ചു, പ്രാര്‍ത്ഥിച്ചു
കല്യാണം കഴിച്ചു
കാത്തിരിക്കുന്നു ..
എന്റെ ഊഴം വരുമെന്ന്.
കനിമൊഴി കവിതകള്‍
മുറുകെ പിടിക്കാന്‍
ഒരു സ്വര്‍ഗം
ആവശ്യമില്ല.
എനിക്കു പരിചയമുള്ളത്,
ഭൂമിയെ മാത്രമാണ്
സ്നേഹം .
എന്റെ പ്രണയത്തെപ്പറ്റി
അഭിമാനിക്കാന്‍ ഒന്നുമില്ല
ശ്വാസത്തെക്കുറിച്ച് വിശദീകരിക്കാന്‍
എന്താണുള്ളത്
ഈ കവിതകള്‍ ചവറ്റുകുട്ടയിലോ ഹൃദയത്തിലോ എന്നത് അനുവാചകന്റെ മാനസിക നിലയ്ക്കായി വിട്ടുകൊടുക്കുന്നു.
ഉപദംശം .
തമിഴ് ഭാഷയിലെ ചില ഓണ്‍ ലൈന്‍ ഫോറങ്ങളില്‍ നിന്നും തമിഴ് ബ്ലോഗുകളില്‍ നിന്നും കിട്ടിയ ചില കവിതകള്‍ സുഹൃത്തായ മനോജ് ആറ്റിങ്ങല്‍ ഒരു പരിഭാഷകന്റെ സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ടു വിവര്‍ത്തനം ചെയ്തതാണ് .പുസ്തകരൂപത്തില്‍ ഇറങ്ങിയതുമായി ചിലപ്പോള്‍ വാക്കുകളില്‍ വ്യത്യാസം അനിഭവപ്പെട്ടേക്കാം .പുസ്തകം ലഭ്യമാകാത്തതു കൊണ്ടാണ് നേരിട്ടു വിവര്‍ത്തനമെന്ന സാഹസത്തിന് മുതിര്‍ന്നത് .കറുക്കുന്ന മൈലാഞ്ചി’ ‘കനിമൊഴി കവിതകള്‍’ എന്നിവ മലയാളത്തില്‍ ഇറങ്ങിയ കവിതാ സമാഹാരങ്ങളാണ് .
Subscribe to:
Post Comments (Atom)
അവര്‍ ഇനിയും കവിതകള്‍ എഴുതും എന്ന് ഏതോ ഒരു ദിനപത്രത്തില്‍ വായിച്ചതായി ഓര്‍ക്കുന്നു
ReplyDeleteഅവരെപ്പറ്റി മുമ്പും കേട്ടിട്ടുണ്ട്, രാഷ്ട്രീയത്തിൽ വരുന്നതിനു മുമ്പു തന്നെ.
ReplyDelete:-)
:-)
ReplyDeleteകനിമൊഴികള്‍
ReplyDeleteഎന്റെ ഊഴം
എനിക്കു പരിചയമുള്ളത്
അച്ഛന്‍ പറഞ്ഞതിനാല്‍
അഭിമാനിക്കാന്‍ ഒന്നുമില്ല
ഞാന്‍ ജോലി ചെയ്യുന്ന ഓഫിസില്‍ ഒരിക്കല്‍ കനിമൊഴി വന്നിട്ടുണ്ട്. അന്ന് അവരുടെ പ്രസംഗം കേട്ടപ്പോള്‍ തമിഴ് നാടിനു വേണ്ടത് ഇങ്ങനത്തെ ഒരു നേതാവിനെയാണ് എന്നുപോലും ചിന്തിച്ചു പോയി. simple, down to earth and sensible. അതായിരുന്നു അവര്‍ എന്നിലുണ്ടാക്കിയ impression. ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍ നക്കാതവരില്ല എന്നാ പഴമൊഴിയില്‍ പതിരില്ല എന്നാണോ അവരുടെ ഇന്നത്തെ അവസ്ഥ തെളിയിക്കുന്നത്?
ReplyDeleteഎന്റെ പ്രണയത്തെപ്പറ്റി
ReplyDeleteഅഭിമാനിക്കാന്‍ ഒന്നുമില്ല
ശ്വാസത്തെക്കുറിച്ച് വിശദീകരിക്കാന്‍
എന്താണുള്ളത്
ഇത് വായിച്ചപ്പോള്‍ തന്നെ കനിമൊഴിയിലെ എഴുത്തുകാരിയെക്കുറിച്ച് മതിപ്പ് തോന്നിയിരുന്നു. അത് വീണ്ടും മറ്റു കവിതകള്‍ കണ്ടെത്തുന്നതിനു പ്രചോദനമായി.
വ്യക്തി ജീവിതത്തില്‍ അവര്‍ എന്തുമായിക്കൊള്ളട്ടെ - പക്ഷേ ഒരു എഴുത്തികാരിയെന്ന നിലയില്‍ കനിമൊഴിയുടെ സൃഷ്ടികള്‍ ചവറ്റുകൊട്ടയില്‍ ഉപേക്ഷിക്കപ്പ്ടേണ്ടവയല്ല.
ഫെയ്സ് ബുക്കിലെ ഒരു സംവാദത്തിനനുബന്ധമോ വിശദീകരണമോ ആയാണ് ഈ ബ്ലോഗ് എഴുതിയിരിക്കുന്നത് . ആടു ജീവിതം എഴുതിയ ബെന്യാമിന്റെ പേജിലായിരുന്നു സംവാദം .
ReplyDeleteBenny Benyamin
അഴിമതിയുടെ പേരിൽ ഒരു ‘കവി’ തീഹാർ ജയിൽ കയറുമ്പോൾ, സാഹിത്യലോകം അപമാനത്താൽ തല കുനിക്കേണ്...ടതുണ്ട്. ഇവൾ ഞങ്ങളിൽ ഒരുവളല്ല എന്ന് പ്രഖ്യാപിക്കേണ്ടതുണ്ട്. ‘കനിമൊഴിക്കവിതകൾ’ കുപ്പത്തൊട്ടിയിലേക്കെറിഞ്ഞുകൊണ്ട് ഞാൻ ആ കവിയുടെ പക്ഷത്തല്ല എന്ന് പ്രഖ്യാപിക്കുന്നു.
ഇത്തരത്തിലൊരാഹ്വാനം എഴുത്തുകാരനെന്ന നിലയില്‍ മൂല്യച്യുതിക്കു നേരെയുള്ള ധാര്‍മ്മിക രോഷം കൊണ്ടാവാം .പക്ഷെ എഴുത്തുകാരന്റെ വ്യക്തി വൈശിഷ്ട്യം വായനക്കാരനെ ബാധിക്കുന്നതല്ല .എഴുത്തുകാരന്റെ സ്വകാര്യ ജീവിതമോ സ്വഭാവ വൈകൃതങ്ങളൊ ഒന്നും തന്നെ അയാളുടെ സര്‍ഗ്ഗാത്മകതയെ അളക്കാനുള്ള മാനദണ്ഡങ്ങളല്ല . കനിമൊഴി കുറ്റക്കാരിയാണെങ്കില്‍ അവര്‍ ശിക്ഷിക്കപ്പെടട്ടെ , അതു നിയമത്തിന് വിട്ടു കൊടുക്കുക ,കവിതയുടെ കവിതയുടെ വഴിക്കും .
ബന്യാമിന്റെ ആടുജീവിതം വായിക്കുകയും ആസ്വദിക്കുകയും ചെയ്തത് ബന്യാമിന്‍ അദ്ദേഹത്തിന്റെ കമ്പനിയിലെ സത്യസന്ധനായ ജീവനക്കാരനാണോ എന്നു വിലയിരുത്തിയിട്ടല്ല . സാഹിത്യകാരന്മാരും സാധാരണ മനുഷ്യര്‍ തന്നെയാണ് , അത്യാഗ്രഹവും ദുരയും സ്വാര്‍ത്ഥതയും എല്ലാം സ്വാഭാവികം .പക്ഷെ പൊതുവില്‍ സാഹിത്യകാര്‍ക്കു വലിയ തോതിലുള്ള അഴിമതിക്കുള്ള സാധ്യതകള്‍ വിരളമാണ് . അങ്ങനെ ഉണ്ടായിരുന്നപ്പോഴൊക്കെ ഏതൊരു സാധാരണക്കാരനെ ചുറ്റിപ്പറ്റിയെന്ന പോലെ അവരെക്കുറിച്ചും ആരോപണങ്ങള്‍ ഉണ്ടായിട്ടൂണ്ട് .ഫാക്റ്റില്‍ പണിയെടുക്കുമ്പോള്‍ മലയാറ്റൂര്‍ രാമകൃഷ്ണനെതിരെ അഴിമതിയാരോപണവും അന്വേഷണവും ഉണ്ടായിരുന്നതായി അദ്ദേഹം തന്റെ സെര്‍വീസ് സ്റ്റോറിയില്‍ എഴുതിയിട്ടുണ്ട് .എം വി ദേവന്‍ എം ടി യുടെ വഴി വിട്ട സ്ത്രീ ബന്ധങ്ങളെ പറ്റി പറഞ്ഞീട്ടുണ്ട് എന്നിട്ടും നമ്മളത് ശ്രദ്ധിച്ചിട്ടില്ലല്ലോ .മാധവിക്കുട്ടീ സ്വയം പറഞ്ഞിട്ടുണ്ട് .
എഴുത്തുകാരന്റെ വ്യക്തിജീവിതവും സര്‍ഗ്ഗാത്മകതയും ബന്ധപ്പെടുത്തേണ്ട കാര്യമില്ല എന്നതു തന്നെയാണ് എന്റെ പക്ഷം . ഒരു ആക്റ്റിവിസ്റ്റ് അല്ലെങ്കില്‍ സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയിലുള്ള കനിമൊഴിയുടെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാനും തള്ളിക്കളയാനൂം നമുക്കവകാശമുണ്ട് .
കവിയെ കവിയുടെ പാട്ടിന് വിടുക , സാഹിത്യത്തിനെ അതിന്റെ വഴിക്കും
- താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു..സാഹിത്യകാരന്മാര്‍ വ്യക്തി ജീവിതത്തില്‍ പലപ്പോളും ജനങ്ങള്‍ക്ക് നല്ല മാതൃക ആകാറില്ല. മദ്യം തൂലികയില്‍ ഭാവന ഉണര്‍ത്തുന്നു എന്ന് പറയാതെ പറയുന്ന ഒരുപ്പാട് കവികളും കഥ എഴുത്തുകാരും മുന്‍പും ഇപ്പോളും നമ്മുടെ കൂടെയുണ്ട് .തെറ്റുകള്‍ ഒരിക്കലും വ്യക്തി പ്രഭക്കുമേല്‍ ന്യായീകരിക്ക പെടുകയില്ല. അത് ഇന്നല്ലങ്കില്‍ നാളെ ശിക്ഷിക്ക പെടെണ്ടത് തന്നെ. കനിമൊഴി നല്ല കവയത്രി തന്നെ..തര്‍ക്കമില്ല.... ഈ ജയില്‍ വാസം അവരിലെ ഭാവനയെ കൂടുതല്‍ ശാക്തീകരിചെക്കും ..തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ക്ക് കഴിയട്ടെ ....
ReplyDeleteകവയത്രി , അവരുടെ വഴിക്ക് പോട്ടെ.. കുറ്റവാളി , അവരുടെ വഴിക്കും...
ReplyDeleteനമുക്ക് കനിമൊഴിയുടെ രാഷ്ട്രീയത്തെയും കവിതയും രണ്ടായിത്തന്നെ കാണാം.
ReplyDeleteസത്യത്തിൽ കനിമൊഴി ഒരു ബലിയാടാണ്.
ReplyDeleteഅധികാരത്തിനും പണത്തിനും വേണ്ടി ആർത്തിപിടിച്ചോടുന്ന അപ്പൻ, അവരുടെ ‘ഡൌൺ ടു എർത്ത്’ ഇമേജിനെ സമർത്ഥമായി ഉപയോഗിക്കുകയായിരിന്നു. അപ്പന്റെയുടെയും പാർട്ടിയുടെയും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാനൊരു കളിപ്പാവ. ചതിക്കപ്പെട്ടതിന്റെ ഒരു നിസ്സഹായത അവരുടെ മുഖത്ത് എളുപ്പത്തിൽ തന്നെ വായിച്ചെടുക്കാനാവുന്നു.
സാമൂഹ്യജീവിതം തന്നെയാണ് കവിതയും സാഹിത്യവും ഒക്കെ. അകപ്പെട്ടുപോയതാണെങ്കിലും തെറ്റുചെയ്യേണ്ടി വന്ന ഒരാൾക്ക്, പ്രതിഭയുണ്ടെങ്കിലും എങ്ങിനെയാണ് സമൂഹത്തിനെനോക്കി കവിത ചൊല്ലാനാവുക! ഏറ്റവും കുറഞ്ഞത് ഒരു ഏറ്റുപറയലെങ്കിലും ഇല്ലാതെ.
കുട്ടാപ്പു - അവരെഴുതട്ടെ , നല്ല കവിതയാണെങ്കില്‍ വായിക്കപ്പെടട്ടെ.
ReplyDeleteഉപാസനാ - അവരൊരെഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായിട്ടാണ്
അറിയപ്പെട്ടിരുന്നത് .യുക്തിവാദ സമ്മേളനങ്ങളിലും കവി സംഗമങ്ങളിലും പലപ്പോഴും സജീവ സാന്നിധ്യം .
കാര്‍ന്നോരെ - :)
മായാവി - കോയമ്പത്തൂരില്‍ വെച്ചൊരിക്കല്‍ ഞാനും കണ്ടിരുന്നു അവരെ കണ്ടിട്ടുണ്ട് ഒറ്റവാക്കില്‍ ലളിതം എന്നു പറയാം .
മാഷ് - കവിതകള്‍ ഒരു പാടുണ്ട് .മേലുദ്ധരിച്ചതിനെക്കാള്‍ മനോഹരമായവ.
ആല്‍കെമിസ്റ്റ് ,
ReplyDeleteനല്ല ബ്ലോഗ് .
നല്ല പോസ്റ്റ്.
കനിമോഴിയെന്ന കവിയുടെ വ്യക്തി ജീവിതവും കവിതയും കൂട്ടിക്കുഴക്കുന്ന പ്രചരണം ശരിയല്ല എന്നതാണ് എന്റെ പക്ഷം. മേലെ കമന്റില്‍ ബെന്യാമിന്റെ ബസിപ്പറ്റി പരാമര്‍ശിച്ചു കണ്ടു, ബെന്യാമിന്റെ നിലപാട് അപക്വമാണെന്ന് പറയേണ്ടി വരും. ഇന്ന് എല്ലാറ്റിനെയും വ്യക്തി വല്ക്കരിക്കനാണ് ശ്രമങ്ങള്‍ നടക്കുന്നത്, വ്യക്തിയെ വിട്ടേക്കുക.
@സംഗീതാ സുമിത്ത് - :).
ReplyDeleteഒരു സാഹിത്യ കൃതി വായിക്കപ്പെടുമ്പോള്‍ അതിന്റെ കര്‍ത്താവിന്റെ സ്വഭാവ വൈശിഷ്ട്യം ഒരിക്കലും വായനക്കാരനെ സ്വാധീനിക്കാറില്ല എന്നതാണ് സത്യം .പല സാഹിത്യകാരന്മാരും അടുത്തു നിന്നറിയാതിരിക്കുന്നതാണ് ഭേദമെന്നു ഒരു സംസാരmundu
@വിനോദ് രാജ് - കനിമൊഴി കുറ്റക്കാരിയാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെ - കുറ്റക്കാരിയാണെങ്കില്‍ എന്നല്ല കുറ്റക്കാരിയാണ് ശിക്ഷിക്കപ്പെടട്ടെ - കവിതകള്‍ നല്ലതാണെങ്കില്‍ വായിക്കപ്പെടട്ടെ . നല്ല രചനകള്‍ കുഞ്ഞാലിക്കുട്ടിയുടേതായാല്‍ പോലും പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ് . :).
@കനകാംഭരന്‍ - അതെ .കല കലക്കു വേണ്ടി - ജീവിതം വേറെ തന്നെ .
@ പടിപ്പുര - ബലിയാട് എന്ന നീതീകരണത്തില്‍ അര്‍ത്ഥമില്ല .അഴിമതി നമ്മളംഗീകരിച്ച വ്യവസ്ഥിതിയാണ് പക്ഷെ അതില്‍ ഭാഗഭാക്കാവുക എന്നത് നീതികരിക്കപ്പെടേണ്ടാത്ത കുറ്റം തന്നെയാണ് . കനിമൊഴിയുടെ കേസിന് ഒട്ടേറെ സഹതാപമര്‍ഹിക്കുന്ന ഘടകങ്ങള്‍ ഉണ്ട് . ചിന്നവീട് സംബന്ധത്തിലെ മകള്‍ കോമ്പ്ലക്സിനെ ഒതുക്കാനായിട്ടാണ് കലൈഞ്ചര്‍ ടി വി യുടെ മേധാവിത്തം കനിമൊഴിയിലേക്കു കരുണാ നിധി കൊടുക്കുന്നത് .അതോടൊപ്പം മുരശൊലി മാരന്റെ സണ്‍ ഗ്രൂപ്പ് ഡി എം കെ യില്‍ ആഭ്യന്തര കലഹമുണ്ടാക്കാനുള്ള സര്‍വ്വേ നടത്തിയതോടെ [അഴഗിരി - സ്റ്റാലിന്‍ ] കരുണാ നിധിക്കു സ്വന്തമായി ഒരു ചാനല്‍ വേണ്ടതിന്റെ ആവശ്യകതയും അത് സണ്‍ ഗ്രൂപ്പിനെക്കാള്‍ മികച്ചതാകേണ്ട പ്രസ്റ്റീജ് ഇഷ്യൂവും കൂടിക്കലര്‍ന്ന് വലിയൊരു മുതല്‍ മുടക്കു ഉടന്‍ സ്വരൂപിക്കുക എന്ന തീരുമാനത്തിലെത്തുകയായിരുന്നു .അതിന് കേന്ദ്രത്തില്‍ വിദ്യാഭ്യാസവും വിവരവുമുള്ള ഒരു കരുണാ നിധി കുടുംബാംഗം വേണമായിരുന്നു .അങ്ങനെയാണ് കനിമൊഴി രാഷ്ട്രീയത്തിലേക്കു പ്രകടമായി കടന്നു വരുന്നത് .കനിമൊഴി രാഷ്ട്രീയ ബലിയാട് എന്നു പറയാനാവില്ല മറിച്ച് അച്ഛന്റെ തന്നെ ബലിയാടാണ് എന്നു പറയാം .
പടിപ്പുരയുടെ വാദഗതി - സാമൂഹ്യജീവിതം തന്നെയാണ് സാഹിത്യ ജീവിതം അല്ലെങ്കില്‍ കവിത എന്നത് ഏതെങ്കിലും ഉദാഹരണം കൊണ്ടു സ്ഥാപിക്കാനാവുമോ ? സാധ്യതയില്ല .വ്യക്തിജീവിതവും സാഹിത്യ ജീവിതവും രണ്ടും രണ്ടാണ് .മലയാളികളെ ഏറ്റവുമധികം ചിരിപ്പിച്ച സഞ്ചയന്റ്റെ വ്യക്തിജീവിതം ഒരു ട്രാജഡിയായിരുന്നു .എ. അയ്യപ്പനെ പോലെ ജീവിതം തന്നെ കവിതയാക്കിയ ചിലരുണ്ടാകാം പക്ഷെ അവരെയെല്ലാം പരാജിതരായിട്ടാണ് നാം പരിഗണിക്കാറുള്ളത് .ഇനി അതല്ല സാമൂഹിക പ്രതിബദ്ധതയാണ് താങ്കളുന്നയിക്കുന്ന വാദഗതിയെങ്കില്‍ ഓരോ കാലഘട്ടത്തിലും സാമൂഹികാനീതിക്കു നേരെ പ്രതികരിച്ച എത്ര സാഹിത്യകാരന്മാരുണ്ട് ഈ നാട്ടില്‍ ? സാമൂഹിക നീതിക്കായി തെരുവു നാടകങ്ങള്‍ കളിച്ചവരെയും കവിതയെഴുതി പാടി നടന്നവരെയും ഭാന്തന്മാരായാണ് ജനങ്ങള്‍ മുദ്ര കുത്തിയിരുന്നത് . സാമൂഹികാസമത്വങ്ങള്‍ക്കെതിരെയും ആദിവാസി ചൂഷണങ്ങള്‍ക്കെതിരെയും ഒരു പാട് കവിതയെഴുതിയിരുന്ന കടമ്മനിട്ട രാമകൃഷ്ണന്‍ നിയമ സഭയില്‍ അവര്‍ക്കു വേണ്ടി ഒരക്ഷരം ശബ്ദിച്ചില്ലെന്നു കേട്ടിട്ടുണ്ട് .ഉദാഹരണങ്ങള്‍ ഒരു പാടുണ്ട് .വിശദമായ ഒരു ചര്‍ച്ചയോ ബ്ലോഗോ തന്നെ വേണ്ട സംഗതിയാണത് .അടിസ്ഥാന പരമായി സാഹിത്യകാരന്മാരുടെ ധര്‍മ്മം സാഹിത്യം തന്നെയാണ് .
അനില്‍ ബ്ലൊഗ് -
ReplyDeleteകനിമൊഴിയുടെ കവിതകളെക്കുറിച്ചും എഴുത്തുകാരന്റെ ധാര്‍മികതയെക്കുറിച്ചും എഴുതാന്‍ കാരണം ബന്യാമിന്റെ അതി വൈകാരികത നിറഞ്ഞ ആഹ്വാനം തന്നെയാണ് - ഫേയ്സ് ബുക്കിലെ ഒരു സ്റ്റാറ്റസ് മെസ്സേജില്‍ ബന്യാമിന്‍ ഇങ്ങനെ പറയുന്നു .
“Benny Benyamin
അഴിമതിയുടെ പേരിൽ ഒരു ‘കവി’ തീഹാർ ജയിൽ കയറുമ്പോൾ, സാഹിത്യലോകം അപമാനത്താൽ തല കുനിക്കേണ്ടതുണ്ട്. ഇവൾ ഞങ്ങളിൽ ഒരുവളല്ല എന്ന് പ്രഖ്യാപിക്കേണ്ടതുണ്ട്. ‘കനിമൊഴിക്കവിതകൾ’ കുപ്പത്തൊട്ടിയിലേക്കെറിഞ്ഞുകൊണ്ട് ഞാൻ ആ കവിയുടെ പക്ഷത്തല്ല എന്ന് പ്രഖ്യാപിക്കുന്നു“
http://www.facebook.com/#!/benyamin.bahrain/posts/2022857769193 .
ഒരു പൌരനെന്ന നിലയില്‍ രാജ്യത്തോടു കനിമൊഴി കാട്ടിയ വഞ്ചനക്കെതിരെ പ്രതികരിക്കാനും അതു വൈകാരികമായെടുക്കാനും ബന്യാമിന് അവകാശമുണ്ട് . പക്ഷെ അവരുടെ സൃഷ്ടികളെ ചവറ്റു കുട്ടയിലെറിയാനുള്ള ആഹ്വാനം അനില്‍ പറഞ്ഞതു പോലെ അപക്വമായ അതിവൈകാരികത തന്നെയാണ് . ഇതു അവിടെ പ്രതികരിച്ച ഞാനുള്‍പ്പെടെയുള്ള പലരും സൂചിപ്പിക്കുകയും ചെയ്തതാണ് അപ്പോള്‍ ബന്യാമിന്‍ കുറച്ചു കൂടി മയത്തില്‍ മറ്റൊരു സ്റ്റാറ്റസ് മെസ്സേജിട്ടു രംഗം ശാന്തമാക്കാനും സ്വയം ന്യായീകരിക്കാനുമാണ് ശ്രമിച്ചത് . അതെന്തെങ്കിലുമാകട്ടെ ബന്യാമിന്റെ വ്യക്തിപരമായ അഭിപ്രായത്തെ മാനിക്കുന്നു .
പക്ഷെ 2 ജി അഴിമതിയുടെ രാഷ്ട്രീയത്തെ നമ്മള്‍ വളരെ ഉപരിപ്ലവമായാണ് കാണുന്നത് .176000 കോടി രൂപ വെറും 200 കോടിയുടെ കണക്കായി ചുരുങ്ങുമ്പോള്‍ അതിന് പിന്നിലെ രാഷ്ട്രീയത്തെ നമ്മള്‍ കനിമൊഴിയുടെയും രാജയുടെയും ജയില്‍ വാസത്തോടെ കാണാതെ പോകരുത് .[ഈ 200 കോടീ കലൈഞ്ചര്‍ ടീ വി 223 കോടിയായി തിരിച്ചടച്ചു , അതായതു ഇതൊരു ലോണ്‍ ആണെന്നു തെളിയീക്കാന്‍ കഴിഞ്ഞാല്‍ അതോടെ കേസ് ദുര്‍ബലമായിതീരും .] ഒരു കൂട്ടു കക്ഷി മന്ത്രി സഭയില്‍ ഒരു പ്രധാനപ്പെട്ട കരാര്‍ സഖ്യകക്ഷികള്‍ പ്രധാന കക്ഷികളുടെ അറിവോ സമ്മതമോ ഇല്ലാതെ ചെയ്തു എന്നൊക്കെ വാദിക്കുന്നതു ശുദ്ധ ഭോഷ്കാണ് .പ്രധാന മന്ത്രി മന്മോഹന്‍ സിങ്ങ് മാപ്പു സാക്ഷിയാണ് , നിഷ്കളങ്കനാണ് അദ്ദേഹത്തെ വഞ്ചിക്കുകയായിരുന്നു ഇത്തരം വാദഗതികളാണ് അപകടകരം .2 ജി അഴിമതി കേസ് ഒരു കുറ്റകൃത്യമാണെങ്കില്‍ അതില്‍ പ്രധാന പ്രതി മന്മോഹന്‍ സിങ്ങ് തന്നെ ആണ് .
2008 ല്‍ പുതിയ ടെലികോം നയം അവലംബമായെടുത്തു 2 ജി സ്പെക്ട്രം ഇടപാടുകളിലെ കുഴപ്പങ്ങള്‍ സി പി എമ്മിലെ സീതാറാം യെച്ചൂരി പല തവണ ബന്ധപ്പെട്ട അധികാരികളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അത് തമസ്കരിക്കുകയായിരുന്നു ചെയ്തത് .അവസാനം പ്രധാനമന്ത്രിക്കു ഔദ്യോഗികമായി കത്തയച്ചതിന് മറുപടിയായി മന്മോഹന്‍ സിങ്ങ് ചോദിച്ചത് - നിങ്ങള്‍ ഈ ഗവണ്മെന്റിന്റെ ഒപ്പമല്ലെ പിന്നെന്തിന് ഇങ്ങനെ ചെയ്യുന്നു എന്നാണ് [2008 ല്‍ സി പി എം യു പി എ ഗവണ്മെന്റിന്റെ ഭാഗമായിരുന്നു] 2 ജി സ്പെക്ട്രം അഴിമതിയെക്കുറിച്ചു ഒരു ലോക് സഭാംഗം പ്രധാന മന്ത്രിയെ ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇതായിരുന്നു [Sitaram Yechuri disclosed this in Karan thapars Devils advocate ].ഒരു ലോക്കല്‍ അധോലൊക നേതാവിന്റെ പ്രതികരണം പോലെ തോന്നുന്നു അല്ലെ ?
മന്മോഹന്‍ സിങ്ങും അദ്ദേഹത്തിന്റെ ഓഫീസും ഈ അഴിമതിയില്‍ പങ്കുകാരല്ല എന്നു വിശ്വസിക്കുന്നത് തികച്ചും ദയനീയമായ ഒരു കാഴ്ചപ്പാടാണ് .
ജെ പി സി അന്വേഷണംവേണ്ടെന്നു വെക്കുന്നതും അതിനെ എതിര്‍ക്കാനായി മാത്രം നിരവധി ദിവസം സഭയുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചതും കോങ്രസ്സിന് ഈ ഇടപാടില്‍ പങ്കുള്ളതു കൊണ്ടു തന്നെയാണ് .മുരളീ മനോഹര്‍ ജോഷിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പ്രധാന മന്ത്രിയുടെ ഓഫീസും അന്നത്തെ ധനകാര്യ മന്ത്രി ചിദംബരവും ഒക്കെ ഉള്‍പ്പെട്ടിട്ടുണ്ട് .പക്ഷെ ഈ റിപ്പോര്‍ട്ട് അട്ടിമറിക്കപ്പെടും .2 ജി അഴിമതിയുടെ കോര്‍പ്പറേറ്റ് രാഷ്ട്രീയവും അതിന് പിന്നിലുള്ള ഇടപെടലും പുറത്തു വരുമെന്ന് നമുക്കു പ്രത്യാശിക്കാം .ഇപ്പോള്‍ നമ്മുടെ ബഹുമാന്യനായ കെ ജി ബി സുപ്രീം കോടതിയില്‍ ഇല്ല എന്നതാണ് ഒരു സമാധാനം