Like

...........

Tuesday, 13 September 2011

ആഗോള വല്‍ക്കരണ കാലത്തെ ഡി വൈ എഫ് ഐ .
പഴയ കാല കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആദര്‍ശ ശുദ്ധിയുടെ ഗൃഹാതുരതയുടെ തണലില്‍ ഇപ്പോഴത്തെ പാര്‍ട്ടിയുടെ അപചയത്തെക്കുറിച്ചു വേവലാതിപ്പെട്ടു സി പി എമ്മിനെ വിമര്‍ശിക്കുന്നത് ഇപ്പോള്‍ ഒരു ഫാഷനും പാഷനുമാണ് . മറ്റേതു പാര്‍ട്ടികളെയും അതത് പാര്‍ട്ടികളുടെ വിരുദ്ധനായി നിന്നു വിമര്‍ശിക്കാമെങ്കിലും സി പി എമ്മിനെ വിമര്‍ശിക്കുന്നത് പഴയ കാല ആദര്‍ശ കമ്യൂണിസ്റ്റുകാരന്റെ ഓര്‍മ്മ പോലെയാകണമെന്നതൊരു ചിട്ടവട്ടമാണെന്നു തോന്നുന്നു , അതായത് പാര്‍ട്ടിയോട് സ്നേഹമുണ്ട് പക്ഷെ അതിന്റെ നേതാക്കളെല്ലാം അപചയം വന്നു , അണികളില്‍ ആദര്‍ശുദ്ധി ഇല്ലാതായി - ഇങ്ങനെയാണ് വിമര്‍ശനത്തിന്റെ ഏകദേശമൊരു ലൈന്‍ .നേതാക്കന്മാരുടെ പ്രവര്‍ത്തനങ്ങളില്‍ അപചയം സംഭവിക്കുകയും അണികള്‍ കമ്യൂണിസ്റ്റ് ആദര്‍ശം കൈ വിടുകയും ചെയ്തു എന്നു വിശ്വാസമുണ്ടെങ്കില്‍ അത്തരമൊരു പാര്‍ട്ടിയെ അഭ്യുദയകാക്ഷിയായി നിന്നു സ്നേഹിക്കുന്നതെന്തിന് ?

“ഒരു നഗരത്തില്‍ അനീതിയുണ്ടാവുകയും സൂര്യനസ്തമിക്കുന്നതു വരെ അതിനു പരിഹാരമുണ്ടാകാതിരിക്കുകയും ചെയ്താല്‍ ആ നഗരം ഇല്ലാതിരിക്കുന്നതാണ് നല്ലത് “ എന്നു പറഞ്ഞത് ബര്‍ത്തോള്‍ത്ത് ബ്രഹ്ത്താണ് അതു പോലെ തന്നെ ഒരു രാജ്യത്തു ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിരിക്കുകയും ആ രാജ്യത്തെ അടിസ്ഥാന പ്രശ്നങ്ങളില്‍ ഒന്നും ഭാഗഭാക്കാകാന്‍ കഴിയാതിരിക്കുകയും ചെയ്താല്‍ അങ്ങനെയൊരു പാര്‍ട്ടി ഇല്ലാതിരിക്കുകയാണ് നല്ലത് എന്നാണ് എന്റെ വിശ്വാസം അതു കൊണ്ട് പാര്‍ട്ടിയെ സ്നേഹിക്കുന്ന ഒരു “അഭ്യുദയകാംക്ഷിയായി “ നിന്നു അതിനെ കുറിച്ചു പറയുന്നില്ല ,അങ്ങനെ ഒരു മറയില്ലാതെ സി പി എം വിരുദ്ധനായി നിന്നു കൊണ്ട് തന്നെ പറയാം .

വീണ്ടും മാധ്യമ സിന്റിക്കേറ്റ് .

സി പി എമ്മിനെ നശിപ്പിക്കാന്‍ ഉഗ്ര ശപഥമെടുത്തിരിക്കുന്ന മാധ്യമ സിന്റിക്കേറ്റ് സി പി എം അധികാരത്തില്‍ നിന്നു പുറത്തു വന്നതോടെ മൌനത്തിലായിരുന്നു , അധികാരത്തില്‍ നിന്നു പുറത്താക്കുകയായിരുന്നല്ലോ അവരുടെ മുഖ്യ ലക്ഷ്യം .പക്ഷെ സി ഐ ഐ യുടെ പൈസ വാങ്ങി പണിയെടുക്കുന്ന സിന്റിക്കേറ്റുകാര്‍ക്കു അധിക കാലം ആ മൌനത്തില്‍ അമര്‍ന്നിരിക്കാന്‍ പറ്റുമോ ? ഇല്ലെന്നുള്ളതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം എം ബി രാജേഷെന്ന ഡി വൈ എഫ് ഐ യുവ തുര്‍ക്കിയുടെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്ത് ഇക്കണ്ട ബൂര്‍ഷ്വാ മാധ്യമങ്ങളെല്ലാം കൂടി വിവാദമാക്കിയത് . ഡി വൈ എഫ് ഐ യുടെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ദീര്‍ഘമായ പ്രസംഗത്തിലാണ് എം ബി രാജേഷിന്റെ പരാമര്‍ശം

“ ബാലകൃഷ്ണ പിള്ളയെയും കുഞ്ഞാലിക്കുട്ടിയെയും പറ്റിയുള്ള കഥകള്‍ പൊടിപ്പും തൊങ്ങലും എരുവും പുളിയും ചേര്‍ത്ത് പറയുന്നത് കൂടുതല്‍ കൈയടി കിട്ടാനാണ് .ബാലകൃഷ്ണപിള്ളയും കുഞ്ഞാലിക്കുട്ടിയും ഉള്ളിടത്തോളം കാലം എത്ര മണിക്കൂര്‍ വേണമെങ്കിലും പ്രസംഗിക്കാനുള്ള വക കിട്ടും “ ഇതായിരുന്നു പ്രസംഗത്തില്‍ നിന്നു അടര്‍ത്തിയെടുത്ത ഭാഗം . ദുര്‍വ്യാഖ്യാനം പോയിട്ടു വ്യാഖ്യാനം പോലുമില്ലാതെ ഏതു കോണ്‍ഗ്രസ്സുകാരനും മനസ്സിലാവും കിട്ടിയ വേദികളിലെല്ലാം നീട്ടിയും വലിച്ചും പൊടിപ്പും തൊങ്ങലുമെല്ലാം ചേര്‍ത്തു കുഞ്ഞാലിക്കുട്ടിയെയും ബാലകൃഷ്ണ പിള്ളയെയും കുറിച്ച് പറയുന്ന വി എസ് അച്ചുതാനന്ദനെ ഉദ്ദേശിച്ചാണ് .

യഥാര്‍ത്ഥത്തില്‍ എം ബി രാജേഷ് അങ്ങനെ അച്ചുതാനന്ദനെ ഉദ്ദേശിച്ചാണെങ്കില്‍ തന്നെ എന്താണതിലൊരു പിശക് , മൂപ്പര്‍ ഈ ഐ സ്ക്രീം മാത്രമിങ്ങനെ പൊക്കിപ്പിടിച്ച് നടക്കാന്‍ തുടങ്ങിയിട്ടു കാലമെത്രയായി , അതിത്രക്കു ഗൌരവമേറിയ സംഗതിയാണോ ?


എന്താണ് കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിലുള്ള രാഷ്ട്രീയമായ ഗൌരവം ?


പൈസ കൊടുത്ത് ഒരു പെണ്ണിനെ പ്രാപിച്ചു എന്ന ആരോപണമല്ല അയാളുടെ പ്രവൃത്തി സമൂഹത്തിലുളവാക്കുന്ന ഗൌരവം - മറിച്ച് അതിനു വേണ്ടി എതിര്‍ പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ പോലും - ഒരു സംസ്ഥാനത്തിലെ ഉദ്യോഗസ്ഥ നീതി ന്യായ വ്യവസ്ഥ അടക്കമുള്ള എല്ലാ സിസ്റ്റത്തെയും ദുരുപയോഗം ചെയ്തു എന്നുള്ളതാണ് . ജുഡീഷ്യറിയെ , ഉദ്യോഗസ്ഥ വൃന്ദങ്ങളെ , എതിര്‍ പാര്‍ട്ടിയുടെ നേതൃത്വത്തെപ്പോലും സ്വാധീനിക്കാന്‍ കഴിഞ്ഞു എന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ കേസ് രാഷ്ട്രീയത്തിലുളവാക്കുന്ന ഗൌരവം . - അതു എം ബി രാജേഷിന് നിസ്സാരമായി തോന്നുന്നെങ്കില്‍ പണ്ട് 14 വര്‍ഷം മുമ്പു ഈ കേസ് ഉയര്‍ന്നു വന്നപ്പോള്‍ അന്നു കുഞ്ഞാലിക്കുട്ടിയുടെ അച്ചാരം വാങ്ങി കേസ് ഒതുക്കിതീര്‍ക്കാന്‍ പ്രയത്നിച്ച സി പി എം ഔദ്യോഗിക നേതൃത്വത്തിനൊപ്പം ആ പങ്ക് രാജേഷും വിഴുങ്ങിയിട്ടുണ്ടാകണം . കുഞ്ഞാലിക്കുട്ടിയുടെ കേസ് അടിസ്ഥാന പരമായി ഒരു പെണ്ണു പിടുത്തത്തിന്റേത് മാത്രമല്ല , അധികാരവും പണവും ഉപയോഗിച്ച് ജുഡീഷ്യറിയെയും ഉദ്യോഗസ്ഥരെയും എതിര്‍പാര്‍ട്ടിയെയുമെല്ലാം സ്വാധീനിക്കുന്ന പ്രതിലോമ രാഷ്ട്രീയത്തിന്റേതു കൂടിയാണ് .അതു അയാള്‍ രാഷ്ട്രീയത്തിലുള്ള കാലം വരെയും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്നത് രാഷ്ട്രീയമായ ശരി തന്നെയാണ് .


ഉടന്‍ തന്നെ രാജേഷിന്റെ വിശദീകരണവും ദുഷിച്ച് നാറിയ മാധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള പ്രസ്താവനയും വന്നു . രാജേഷിന്റെ മറുപടിയില്‍ പറയുന്നത് അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടരുതെന്നു ഉദ്ദേശിച്ചിട്ടില്ലെന്നും ചര്‍ച്ച ചെയ്യപ്പെടേണ്ട പ്രധാന വിഷയങ്ങളായ ആഗോള വല്‍ക്കരണവും അഴിമതിയുമൊക്കെയാണ് രാഷ്ട്രീയമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതു എന്നുമാണ് തന്റെ ദീര്‍ഘമായ പ്രസംഗത്തില്‍ താന്‍ പറഞ്ഞു വെച്ചതെന്നായിരുന്നു .വിവാദമായ പ്രസ്താവന അത്തരമൊരു മാനത്തില്‍ [Context ] നിന്നു വേണം പരിഗണിക്കേണ്ടത് - തീര്‍ച്ചയായും രാജേഷ് പറഞ്ഞത് ശരിയാണ് ദീര്‍ഘമായ ഒരു പ്രസംഗത്തില്‍ നിന്നു രണ്ടോ മൂന്നോ വരിയെടുത്തു കൊണ്ട് പ്രസംഗ വിഷയത്തെ ഹൈജാക്ക് ചെയ്യുന്നത് ശരിയായ രീതിയല്ല .എം ബി രാജേഷ് തന്റെ പ്രസംഗത്തില്‍ പ്രധാനമായും വിലയിരുത്തിയത് ആഗോളീകരണത്തിന്റെ പ്രശ്നങ്ങളാണ് .നമുക്കു അദ്ദേഹം ഉദ്ദേശിച്ച Context ല്‍ നിന്നു കൊണ്ട് തന്നെ അതിനെ വിലയിരുത്താം .അഗോളവല്‍ക്കരണത്തെക്കുറിച്ചു തന്നെ .


ഇടതു പക്ഷത്തിന്റെ ആഗോള വല്‍ക്കരണം .

ആഗോളവല്‍ക്കരണത്തെക്കുറിച്ചു കമ്യൂണിസ്റ്റുകാരന്റേതായാലും ബൂര്‍ഷ്വാ ഇമ്പീരിയലിസ്റ്റിന്റേതായാലും സൊഷ്യലിസ്റ്റുകാരന്റേതായാലും ഒരൊറ്റ അര്‍ത്ഥമേ ഉള്ളൂ , അതിനെ ലളിതമായി പറഞ്ഞാല്‍ -

രാജ്യാന്തര വാണിജ്യ ബന്ധങ്ങളും തുറന്ന വിപണിയും ഒരുക്കുന്ന , പരസ്പരം വിദേശ നിക്ഷേപം സാധ്യമാക്കുന്ന ഒരു മത്സരാധിഷ്ടിതമായ ഒരു ആഗോള സാമ്പത്തികാവസ്ഥ “ .

വിദേശ നിക്ഷേപവും അമേരിക്കന്‍ സാമ്രാജ്യത്വ സൌഹൃദവുമൊക്കെ സി പി എമ്മിനെന്തോ അലര്‍ജിയാണെന്നാണ് വിക്കി ലീക്സ് പോലും കരുതിയിരിക്കുന്നതെന്നു തോന്നുന്നു , അതാണല്ലോ എന്തോ ഭീകര രഹസ്യം പോലെ - പ്ലാച്ചിമടയില്‍ കൊക്കോ കോളാ വിരുദ്ധ സമരത്തെ “പ്രാദേശിക സമരമെന്ന് “ നിസ്സാര വല്‍ക്കരിച്ചു കൊണ്ട് വിദേശ നിക്ഷേപത്തിനായി ശ്രമിക്കുന്ന പിണറായി വിജയന്റെ അമേരിക്കന്‍ സൌഹൃദ സംഭാഷണത്തെ വലിയ “ലീക്ക് “ ആയി വിക്കിലീക്സ് അവതരിപ്പിച്ചത് .പഴയ കാല കമ്യൂണിസ്റ്റുകാരന്റെ ഒളിവുജീവിത ആത്മകഥയില്‍ മാത്രമേ അമേരിക്ക ബൂര്‍ഷ്വ ആണെന്നും അവരോട് മിണ്ടിപ്പോകരുതെന്നും കട്ടന്‍ ചായയും പരിപ്പ് വടേം കഴിച്ച് കാലൊടിഞ്ഞ മര ബെഞ്ചില്‍ കിടന്നുറങ്ങുന്നവനാണ് കമ്യൂണിസ്റ്റുകാരന്‍ എന്ന കാല്പനികതയെ അനുഭവിക്കാനാകൂ . പുതിയ കാലത്തു അങ്ങനെ ചിന്തിക്കുന്നത് പരട്ടത്തരമാണെന്നു എല്ലാവര്‍ക്കും അറിയാം .സംഗതി ഇങ്ങനെയൊക്കെയാണ് വിദേശ നിക്ഷേപം വേണം , സാമ്രാജ്യത്വ ബൂര്‍ഷ്വാ അമേരിക്കക്കാരനുമായി വാണിജ്യ ഉടമ്പടികളും വേണം , സാമ്രാജ്യത്വ ഭീകരന്മാര്‍ക്കെതിരായ സമരം വെറും “ലോക്കല്‍ ഊടായിപ്പു” മാത്രമാവുകയും ചെയ്യും - പിന്നെന്താണ് സി പി എമ്മിന്റെ സാമ്രാജ്യത്വ വിരുദ്ധത എന്താണ് ആഗോളവല്‍ക്കരണത്തിനെതിരായ കൊടി പിടുത്തം ?

സൌന്ദര്യ മത്സര വേദികളില്‍ മാറളവിനും തുടയളവിനുമൊപ്പം പരമ്പരാഗതമായി പരിഗണിക്കുന്ന ഒന്നാണ് മത്സരാര്‍ത്ഥിയുടെ ദീനാനുകമ്പയും മനുഷ്യത്വവും - അതായത് സൌന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവരും കാലേക്കൂട്ടി മനുഷ്യത്വത്തെക്കുറിച്ചും ദീനാനുകമ്പയെക്കുറിച്ചും സ്വല്പം വാചകങ്ങള്‍ മനപാഠം ചെയ്തു വരണം എന്നിട്ട് കിരീടം കിട്ടിയ ശേഷജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന വിധികര്‍ത്താക്കളുടെ ചോദ്യത്തിനുത്തരമായി ഉഗാണ്ടയിലും സൊമാലിയയിലുമുള്ള പാവങ്ങളെ സഹായിക്കണം , എയിഡ്സ് രോഗികളെ ശുശ്രൂഷിക്കണം - എന്നൊക്കെ തട്ടി വിടും - ഇതു ഒരു പരമ്പരാഗത നുണയാണെന്നു വിധികര്‍ത്താക്കള്‍ക്കും കണ്ടിരിക്കുന്നവര്‍ക്കും അതു പറയുന്ന മത്സരാര്‍ത്ഥികള്‍ക്കുമറിയാം അതു പോലെ ഒരു നുണക്കഥയാണ് ആഗോളീകരണത്തെക്കുറിച്ചും സാമ്രജ്യത്വ വിരുദ്ധതയെക്കുറിച്ചും സി പി എമ്മും അനുബന്ധ യുവജന സംഘടനയും കൂടി സംസ്ഥാന സമ്മേളനങ്ങളില്‍ , സെമിനാറുകളില്‍ , കണ്‍ വെന്‍ഷനുകളില്‍ വെച്ചു കാച്ചുന്നത് .പറയുന്നവര്‍ക്കറിയാം അതൊരു വലിയ കളവാണെന്നു കേള്‍ക്കുന്നവര്‍ക്കുമറിയാം പക്ഷെ പരമ്പരാഗതമായി തുടര്‍ന്നു പോരുന്ന നിര്‍ബന്ധിത കീഴ്വഴക്കമെന്ന നിലയില്‍ അതു തുടര്‍ന്നു പോരുന്നു എന്നേയുള്ളൂ .

അടുത്തതായി അഴിമതിയാണ് എം ബി രാജേഷ് സര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത് - ലാവ്ലിന്‍ കേസില്‍ നേതാവ് ഉള്‍പ്പെട്ടപ്പോഴാണ് അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കേണ്ടതിന്റെ ആവശ്യകത പാര്‍ട്ടികാര്‍ക്കു മനസ്സിലാവുന്നത് . പിന്നെ സമ്പത്തിന്റെ കാര്യത്തില്‍ ഓരോ നേതാക്കന്മാരെയും കണക്കെടുക്കുമ്പോള്‍ അതിന്റെ പ്രസക്തി കൂടുതല്‍ ബോധ്യപ്പെടുകയായിരുന്നു . ഈയടുത്ത കാലത്തു ഡി വൈ എഫ് ഐ യുടെ തലപ്പത്തുള്ള രമേശന്‍ സാറിന്റെ അനധികൃത സ്വത്ത സമ്പാദനവും ഭൂമി കയ്യേറലുമൊക്കെ ബൂര്‍ഷ്വാ മാധ്യമക്കാര്‍ പടച്ചു വിട്ടപ്പോഴാണ് അറിയുന്നത് തന്നെ .അഴിമതിക്കു കക്ഷി രാഷ്ട്രീയമില്ല എന്നത് ശരിയാണെന്നു ജസ്റ്റിസ് ബാലകൃഷ്ണന്റെയും മരുമകന്റെയും കേസിലാണ് നമുക്കു കൂടുതല്‍ വ്യക്തമാകുന്നത് - കോണ്‍ഗ്രസ്സുകാരനായ ബാലകൃഷ്ണനെയും മരുമകനെയും കുറിച്ചു കോണ്‍ഗ്രസ്സ് ബൂര്‍ഷ്വാ പത്രമായ മനോരമ പോലും നിരവധി വാര്‍ത്ത കൊടുത്തപ്പോള്‍ ദേശാഭിമാനി ആദ്യ രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷമതങ്ങ് പൂഴ്ത്തി , ലാവ്ലിന്‍ കേസില്‍ പിണറായിയുടെ കേസ് വിചാരണ നേരത്തെയാക്കാന്‍ ബാലകൃഷ്ണേട്ടന്‍ എന്തോ സഹായം ചെയ്തതിന്റെ പ്രത്യുപകാരമാണെന്നായിരുന്നു അസൂയാലുക്കള്‍ പറഞ്ഞു പരത്തിയത് - എന്തെല്ലാം കേള്‍ക്കണം .

ഡി വൈ എഫ് ഐയുടെ സമകാലിക പ്രസക്തി .

ഇതൊരു ഫലിതം നിറഞ്ഞ ചോദ്യമാണെന്നു ധരിച്ചുവെങ്കില്‍ എനിക്കൊന്നും പറയാനില്ല !!! .
ഓരോ കവലകളിലും വൈകാരിക വിപ്ലവ വാക്യങ്ങളും ബഹുവര്‍ണ്ണ ചിത്രങ്ങളുമടങ്ങിയ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെഗുവേരയെ മുദ്രണം ചെയ്ത ടീ ഷര്‍ട്ടുകള്‍ ധരിക്കുകയും ചെയ്യുകയല്ലാതെ കഴിഞ്ഞ അഞ്ചു വര്‍ഷം ഡി വൈ എഫ് ഐ എന്ന യുവ ജന സംഘടന എന്ത് ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടു എന്നു ചോദിച്ചാല്‍ “അതൊന്നും നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല , ഞങ്ങള്‍ ചോര തുടിക്കും വിപ്ലവമാണ് “ എന്ന മറുപടി തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത് .


എന്റോ സള്‍ഫാന്‍ , മൂലമ്പിള്ളി കുടിയൊഴിപ്പിക്കല്‍ , കിണാലൂര്‍ ഭൂമി പ്രശ്നം എന്നിങ്ങനെ ജനകീയമായ ഒരു പാട് പ്രശ്നങ്ങളില്‍ താരതമ്യേന ചെറിയ സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ സോളിഡാരിറ്റി കാണിച്ചതിന്റെ പകുതി ആര്‍ജ്ജവമോ തന്റേടമോ കാണിക്കാന്‍ ഡി വൈ എഫ് ഐ ക്കു കഴിഞ്ഞിട്ടില്ല .കഴിഞ്ഞ അഞ്ചു വര്‍ഷവും മറ്റേതെങ്കിലും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടുകയും ചെയ്തതായി അറിവില്ല .പാര്‍ട്ടിയുടെ ഭരണം നഷ്ടപ്പെട്ടാല്‍ മാത്രം അനീതിക്കെതിരെ ഉണര്‍ന്നു പൊങ്ങുന്ന ആത്മ വീര്യമുള്ള പ്രത്യേക ജനിതകമുള്ളവരാണെന്നു തോന്നുന്നു കുട്ടി സഖാക്കന്മാര്‍ , ഭരണം പോയതിന്റെ പിറ്റേ ദിവസം മുതല്‍ ലോകത്തുള്ള സകല അനീതികളുട്ടെയും ലിസ്റ്റ് എടുക്കുന്നു പോരാട്ടം തുടങ്ങുന്നു . നല്ല രെസാല്ലെ ഈ പരിപാടി .


ഒരുവനെത്തന്നെ നിനച്ചിരുന്നാല്‍ വരുന്നതെല്ലാം അവന്‍ തന്നെയെന്നു തോന്നുമെന്നുള്ള കവിവചനം പോലെ ഒന്നിനെ കുറ്റം പറയണമെന്നു കരുതിയാല്‍ പിന്നെ പറയുന്നതു മുഴുവന്‍ കുറ്റമായിരിക്കും .പക്ഷെ ഇതിനിടയിലും ചില നല്ല വശങ്ങള്‍ നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത് - അച്ഛനും മക്കള്‍ക്കും ഒരേ സമയം അംഗത്വമെടുക്കാവുന്ന രീതിയിലുള്ള ഏക “യുവജന” സംഘടനയാണ് ഡി വൈ എഫ് ഐ . വി വി രമേശന്‍ സാറിന്റെ മകള്‍ എം ബി ബി എസ്സിനു ചേര്‍ന്നിട്ടൂം സര്‍ യുവാവായി തന്നെ സംഘടനയുടെ തലപ്പത്തിരുന്നു , ഒന്നാലോചിച്ചാല്‍ പ്രാ‍യം മനസ്സിന്റെ ഒരു തോന്നലാണ് , രമേശന്‍ സാര്‍ മാനസികമായി നല്ല യുവാവായിരുന്നിരിക്കണം . സംഗതി എന്തൊക്കെ പറഞ്ഞാലും ഭരണമില്ലെങ്കില്‍ നല്ല ഒന്നാന്തരം യുവജന സംഘടനയാണ് ഡി വൈ എഫ് ഐ -ആഗോള വലക്കരണ - സാമ്രാജ്യത്വ വിരുദ്ധ സമരവും തെരുവില്‍ അഴിഞ്ഞാട്ടവും ഘോരാവോയും കോലം കത്തിക്കലുമൊക്കെയായി നല്ല എന്റര്‍ ടെയ്ന്‍ മെന്റ് തരുന്നുണ്ട് എന്ന് തുറന്നു സമ്മതിക്കുന്നതില്‍ നിന്നുമെന്റെ സി പി എം വിരുദ്ധത എന്നെ തടയുന്നില്ല ...ശുവം .


picture courtesy - Google
picture -

10 comments:

 1. ഉം..സംഘടനയ്ക്കുള്ളിലെ വൈരുദ്ധ്യങ്ങൾ അതിന്റെ നേതാക്കൾക്കൊഴികെ പൊതുജനങ്ങൾക്കെല്ലാം മനസ്സിലാവുന്ന കാലമെത്തിയിരിക്കുന്നു.!എന്നാലും കണ്ണടച്ചാൽ കുറച്ചൊക്കെ ഇരുട്ടാക്കാം..നമ്മുടെ പാർട്ടിയല്ലേ.!!

  ReplyDelete
 2. കൊടുത്തു മൊനേ പണി.
  ചില വൈരുദ്ധ്യാത്മക കാര്യങ്ങള്‍ അങ്ങനൊക്കെയാണ്‌.
  പാര്‍ട്ടിക്കാര്‍ക്ക് വൈകിയേ മനസിലാകൂ.
  ഉഷാറായിട്ടുണ്ട്

  ReplyDelete
 3. നന്നായി എഴുതിയിട്ടുണ്ട്. സോവിയറ്റ് റവല്യൂഷന്‍ എന്ന് വിളിക്കപ്പെട്ട ആ അധികാരം പിടിച്ചടക്കല്‍ സംഭവിച്ചപ്പോള്‍ ലോകത്തുള്ള മിക്ക മനുഷ്യസ്നേഹികളും കമ്മ്യൂണിസത്തെ വാഴ്ത്തിയിരുന്നു. എന്നാല്‍ അധികം താമസിയാതെ തന്നെ കമ്മ്യൂണിസത്തിന്റെ ക്രൂരതകള്‍ ലോകം തിരിച്ചറിഞ്ഞു. അധികമധികമാളുകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരായി. അതിന്റെ ഫലമായാണ് സോവിയറ്റ് റഷ്യയിലും കി.യൂറോപ്പിലും ഒക്കെ കമ്മ്യൂണിസം തകര്‍ന്നത്. അതൊന്നും പൊടുന്നനെ സംഭവിച്ച പ്രതിഭാസങ്ങളല്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധത അതിന്റെ ആരംഭത്തില്‍ തന്നെ ആരംഭിച്ചിരുന്നു. അതിപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് ബംഗാളിലെ അവരുടെ പരാജയം.

  പഴയ കാല കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ആദര്‍ശ ശുദ്ധിയുടെ ഗൃഹാതുരതയുടെ തണലില്‍ നിന്നുകൊണ്ടേ ഇപ്പോഴത്തെ പാര്‍ട്ടിഅപചയത്തെ വിമര്‍ശിക്കാവൂ എന്നൊരു കീഴ്വഴക്കമുണ്ട് എന്ന് പറഞ്ഞതിനെ ഖണ്ഡിക്കാനാണ് ഞാന്‍ ഇത്രയും പറഞ്ഞത്. എന്നോട് ചോദിച്ചാല്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധത ഇന്ന് അത്ര തീഷ്ണമല്ല. അതിന്റെ ആവശ്യമില്ല. എന്തെന്നാല്‍ അത് അത് അതിന്റെ സ്വാഭാവികമായ അന്ത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഒരു കാര്യം കൂടി എടുത്തുപറയേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ അതിന്റെ ആരംഭം മുതലേയുണ്ടെങ്കിലും അതിനെ നശിപ്പിച്ചത് കമ്മ്യൂണിസ്റ്റ് വിരുദ്ധരല്ല മറിച്ച് കമ്യൂണിസ്റ്റുകാര്‍ തന്നെയാണ്. അവര്‍ക്ക് അല്പം മാനുഷികമുഖത്തോടുകൂടി കമ്മ്യൂണിസം നടപ്പാക്കാന്‍ ശ്രമിക്കാമായിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ പ്രത്യയശാസ്ത്രത്തെ മാത്രം മുന്നില്‍ കണ്ടു. മനുഷ്യനെ കണ്ടതേയില്ല. അത്കൊണ്ട് മനുഷ്യര്‍ക്ക് കമ്മ്യൂണിസം വേണ്ടാതായി.

  ReplyDelete
 4. @ജിഗീഷ് - സംഘടനയിലെ വൈരുദ്ധ്യങ്ങള്‍ നേതാക്കള്‍ക്കു മനസ്സിലാകുന്നില്ല എന്നൊക്കെ ധരിക്കുന്നത് മൌഡ്യമാണ് . ഇതൊരു പരസ്പര ധാരണയാണ് .

  @ഇഗ്ഗോയ് - :) .

  @സുകുമാരന്‍ അഞ്ചരക്കണ്ടി - സത്യത്തില്‍ ഞാനത്രക്കു സി പി എം വിരുദ്ധനൊന്നുമല്ല , ഒരു പേച്ചുക്കു പറഞ്ഞന്നെയുള്ളൂ . അച്ഛനും അമ്മയും അടുത്ത ബന്ധുക്കളുമെല്ലാം ഇതേ പാര്‍ട്ടി തന്നെയാണ് . ഒരു മാമന്‍ പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ ഒരു രാഷ്ട്രീയ കൊലപാതകം പാര്‍ട്ടിക്കു വേണ്ടീ ചെയ്തതിന്റെ പേരില്‍ ജീവ പര്യന്തം അനുഭവിച്ച ആളും കൂടിയാണ് , ഇപ്പോ സ്ഥലത്തെ സംഘടനാ തലത്തില്‍ ഉത്തരവാദിത്തമുള്ള ആളും. സംഗതി പരമ്പരാഗതമായി കടുത്ത സി പി എം കാരനാകാനുള്ള എല്ലാ ചേരുവയും ഉള്ള അന്തരീക്ഷം .പക്ഷെ പാര്‍ട്ടിക്കാരുടെ ഹിപ്പോക്രസി സഹിക്കാന്‍ പറ്റില്ല ,പറയുന്നതോ പ്രസംഗിക്കുന്നതോ ഒന്നുമല്ല കാട്ടിക്കൂട്ടുന്നത് .

  ReplyDelete
 5. ആല്‍‌കെമിസ്റ്റിന്റെ പോസ്റ്റിനാണ് ഞാന്‍ കമന്റ് എഴുതിയത്. അല്ലാതെ എഴുതിയ ആള്‍ സി.പി.എം. അനുഭാവിയോ വിരുദ്ധനോ എന്ന് നോക്കിയിട്ടല്ല. ഞാന്‍ കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്നത് സി.പി.എമ്മിനെ നോക്കിയിട്ടുമല്ല. ക്രൂഷ്ചേവ് സോവിയറ്റ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട് വായിച്ചതിന് ശേഷം ലോകത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ ചരിത്രവും മനുഷ്യന്റെ സ്വാതന്ത്ര്യദാഹത്തെ എത്ര നിഷ്ഠൂരമായി ആ ഭരണകൂടങ്ങള്‍ അടിച്ചമര്‍ത്തുന്നു എന്ന് മനസ്സിലാക്കിയത്കൊണ്ടും കൂടിയാണ്. മനുഷ്യന്റെ ഇച്ഛാശക്തിയെയും സ്വാതന്ത്ര്യവാഞ്ചയെയും അണകെട്ടി നിര്‍ത്തുന്ന ഒരു ശക്തിയെയും ജനങ്ങള്‍ ഏറെക്കാലം സഹിക്കില്ല. കമ്മ്യൂണിസത്തിന്റെയും പതനം അത്കൊണ്ട് ഉണ്ടായതാണ്. മനുഷ്യര്‍ക്ക് സ്വാതന്ത്ര്യവും പൌരാവകാശങ്ങളും അനുവദിച്ചുകൊണ്ട് ആ പ്രത്യയശാസ്ത്രത്തെ പ്രയോഗവല്‍ക്കരിച്ചുകൂടേ എന്ന ചോദ്യത്തിന് പോലും ഇന്ന് പ്രസക്തി നഷ്ടപ്പെടുത്തിക്കളഞ്ഞു ശേഷിക്കുന്ന കമ്മ്യൂണിസ്റ്റുകളും.

  ആശംസകള്‍ !

  ReplyDelete
 6. @ സുകുമാരേട്ടന്‍ - സംഗതി നിങ്ങള്‍ പറഞ്ഞ പോയിന്റ് എനിക്കു മനസ്സിലായി , ആഗോള കമ്യൂണിസത്തിന്റെയും അത് പ്രതിനിധാനം ചെയ്യുന്ന അടിച്ചമര്‍ത്തല്‍ സ്വഭാവത്തിന്റെ ചരിത്രത്തെപ്പറ്റിയും ഉള്ള വിശാലമായ ഒരു ക്യാന്‍ വാസിലാണ് സുകുമാരേട്ടന്‍ പറഞ്ഞത് എന്നു എനിക്കു മനസ്സിലാകുന്നു ..പക്ഷെ ഈ ബ്ലോഗില്‍ അങ്ങനെയൊരു ചിന്തയോ അത്തരത്തിലുള്ള ഒരു ചര്‍ച്ചക്കോ ഉള്ള സ്ക്പോപ്പില്ലന്നറിയാവുന്നതു കൊണ്ട് ഞാന്‍ എന്റെ കമന്റില്‍ വളരെ സിമ്പ്ലി ഫൈ ചെയ്ത് പറഞ്ഞന്നെ ഉള്ളൂ ..അല്ലെങ്കില്‍ അതൊരു ചതിയാകും - ഒരു ചെറിയ് വിഷയത്തിന്മേല്‍ പിടിച്ച് വലിയ വിഷയത്തിലെ ആധികാരികമായ ചര്‍ച്ച ചെയ്യാന്‍ മാത്രമുള്ള കോപ്പൊന്നും കയ്യിലില്ല - ഞാനതിനെക്കുറിച്ച് - അതായത് ആഗോള കമ്യൂണിസത്തിന്റെ ചരിത്രം ,അതിന്റെ ഏകാധിപത്യ പ്രവണതകള്‍ എന്നിവയെക്കുറിച്ച് വലിയ അറിവില്ല - അതു കൊണ്ട് മനപ്പൂര്‍വ്വം ചര്‍ച്ച അല്ലെങ്കില്‍ കമന്റ് ചെറിയ ചട്ടക്കൂട്ടിലൊതുക്കിയതാണ് - എന്നെങ്കിലും അതിനെക്കുറിച്ചൊക്കെ വായിക്കാനും ആധികാരികമായി അറിയാനും സമയമോ സന്ദര്‍ഭമോ കിട്ടട്ടെ.

  ReplyDelete
 7. ഭരണം കൈയില്‍ ഉള്ളപ്പോള്‍ മര്യാദ രാമന്മാരായി ഇരിക്കയും, ഭരണം കൈവിടുമ്പോള്‍ എന്തിലും കേറി " പ്രതികരിക്കയും " ചെയ്യുന്ന ഒരു കൂട്ടത്തിന്റെ ഇരട്ടത്താപ്പ് ജനത്തിന് കുറെ എങ്കിലും അറിയാം.

  ഗാട്ട് കരാര്‍ അറബിക്കാടലില്‍ എന്ന് വിളിച്ചു കേരളം സ്തംഭിപ്പിച്ച ഒരു ദിവസം എനിക്ക് നല്ല ഓര്‍മ്മ ഉണ്ട്. പതിനഞ്ചു മിനിറ്റായിരുന്നു ആ സ്തംഭനം . ബഹുരാഷ്ട്ര കുത്തകകള്‍ക്കെതിരെ സിന്ദാബാദ് വിളിച്ച പാവം മനുഷ്യര്‍ നേതാക്കന്മാര്‍ മക്കളെ വിദേശത്ത് പഠിപ്പിച്ചതിനെതിരെ സിന്ദാബാദ് വിളിക്കാന്‍ മറന്നു.

  തൊഴില്‍ അല്ലെങ്കില്‍ ജയില്‍ എന്ന് പറഞ്ഞും ഇവര്‍ സമരം നടത്തി.. അന്ന് ഒരു തൊഴില്‍ രഹിതന്‍ ആയിട്ടു കൂടി ഈ സമരമുരയെ ഞാന്‍ വെറുത്തു. കാരണം ജനത്തെ ബുധിമുട്ടിച്ചുള്ള സമരമുരകളെ സാധാരണക്കാര്‍ എതിര്തുപോകും...അത് ഏതു നല്ല കാര്യതിനാനെങ്കില്‍ കൂടി.

  നല്ല ആള്‍ബലം ഉള്ള ആള്‍ക്കാരാണ് ഡിഫിക്കാര്‍ . പക്ഷെ അത് ജനോപകാരപ്രദം ആയി ഉപയോഗിക്കാന്‍ ഇവര്‍ക്കറിയില്ല. പൊതുമുതല്‍ തല്ലി തകര്‍ക്കുന്നവര്‍ തന്റെ കൂടി നികുതിപ്പണം കൊണ്ടാണ് അവ കേട്ടിയുണ്ടാക്കുന്നത് എന്നോര്‍ക്കുന്നില്ല.

  സത്യത്തില്‍ കേരളത്തില്‍ തൊഴില്‍ രഹിതര്‍ ഉണ്ടോ ? ജോലി എടുക്കാന്‍ സന്നദ്ധത ഉള്ളവര്‍ക്ക് എന്തും ചെയ്യാം. പല ജോലികള്‍ക്കും ആളെ കിട്ടാന്‍ ഇല്ലാത്ത കാലം ആണിപ്പോള്‍.

  മനസ്ഥിതി ആണ് വേണ്ടത് എന്ന് മാത്രം.

  ReplyDelete
 8. കമ്മ്യൂണിസവും മാർക്സിസവും മുന്നോട്ട് വെക്കുന്ന സ്ഥിതി സമത്വവാദം ചിന്തിച്ചാൽ ആത്യന്തികമായി ഒരു ഒട്ടോപ്പിയൻ സ്വപനം മാത്രമാണ്.
  പക്ഷെ ഒരു ഇന്ത്യൻ സാഹചര്യത്തിൽ നമ്മളിന്നും അവരെ വിശ്വസിക്കാൻ കാരണം..അതിനേക്കാൾ ശരിയായ ഒരു ചേരി ഇതു വരെ ഉയർന്ന് വരുന്നില്ല എന്നത് തന്നെയാണ്.

  ജനകീയ പ്രതിരോധങ്ങളുയരുന്ന വേദികളിൽ ഇടത് ചേരി ഇല്ലാതിരിക്കുകയും ആ സമരങ്ങൾ മറ്റാരൊക്കെയോ എറ്റെടുക്കുകയും ചെയ്യുന്നത് കാണുമ്പോൾ വേദനയുണ്ട്…
  ഇടത് പക്ഷം എന്നൊന്ന് ഇല്ലാതാവുകയാണോ…?

  ReplyDelete
 9. എല്ലാ അഭിപ്രായങ്ങളും അതത് വ്യാഖ്യാനങ്ങളെ പങ്കു വെക്കുന്നു - നന്ദി - പക്ഷെ ഞാന്‍ പറയാനുദ്ദേശിച്ചതോ ചര്‍ച്ച ചെയ്യാനുദ്ദേശിച്ചതായ വിഷയമോ ഇതല്ല - അത് വളരെ വലിയ വ്യാപ്തിയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുമല്ല .സി പി എമ്മിന്റെ അപചയവും ഇടത് പക്ഷ യുവജന സംഘടനയായ ഡി ഫി യുടെ അവസര വാദവും നേര്‍ക്കു നിന്നും മറഞ്ഞ് നിന്നുമൊക്കെ എല്ലാവരും പറയുന്ന കാര്യമാണ് . ഇവിടെ എം ബി രാജേഷിന്റെ പ്രസംഗത്തില്‍ നിന്നും ഒന്നോ രണ്ടോ വിഷയം അടര്‍ത്തി മാറ്റി പ്രസംഗ വിഷയത്തെ ഹൈജാക്ക് ചെയ്തു എന്നതാണ് പരാതി .എന്താണ് എം ബി രാജേഷ് ഒരു മണിക്കൂറിലേറെ നിന്നു പ്രസംഗിച്ചത് ? ആഗോളീകരണത്തിന്റെ സാമ്രാജ്യത്വവാദത്തിന്റെ പ്രത്യാഘാതങ്ങളും അഴിമതിയും .എന്താണ് ആഗോള വല്‍ക്കരണം ആഗോളവല്‍ക്കരണത്തെക്കുറിച്ചു കമ്യൂണിസ്റ്റുകാരന്റേതായാലും ബൂര്‍ഷ്വാ ഇമ്പീരിയലിസ്റ്റിന്റേതായാലും സൊഷ്യലിസ്റ്റുകാരന്റേതായാലും ഒരൊറ്റ അര്‍ത്ഥമേ ഉള്ളൂ , അതിനെ ലളിതമായി പറഞ്ഞാല്‍ -

  “ രാജ്യാന്തര വാണിജ്യ ബന്ധങ്ങളും തുറന്ന വിപണിയും ഒരുക്കുന്ന , പരസ്പരം വിദേശ നിക്ഷേപം സാധ്യമാക്കുന്ന ഒരു മത്സരാധിഷ്ടിതമായ ഒരു ആഗോള സാമ്പത്തികാവസ്ഥ “ .

  സി പി എമ്മിന്റ്റെ ഔദ്യോഗിക നേതൃത്വവും ഭരണത്തിലിരിക്കുമ്പോള്‍ മന്ത്രിമാരും വിദേശ നിക്ഷേപത്തെയും അതു വഴി ആഗോള വല്‍ക്കരണവും സാധ്യമാക്കുന്നതിനായി പരിശ്രമിക്കുമ്പോള്‍ , അത് തെറ്റല്ല അത് ഞങ്ങളുടെ നിലപാടാണ് എന്നു സമ്മതിക്കുമ്പോള്‍ വീണ്ടും ആഗോള വല്‍ക്കരണത്തിനെതിരെ , സാമ്രജ്യത്വ അമേരിക്കന്‍ ബൂര്‍ഷ്വാക്കതിരെ എന്നൊക്കെ പറയാന്‍ ഉളുപ്പില്ലെ കുട്ടിസഖാക്കന്മാര്‍ക്ക് ? അതായിരുന്നു എന്റെ ചോദ്യം . വിക്കി ലീക്സ് ചോര്‍ത്തിയ വാര്‍ത്തയെ തുടര്‍ന്ന് ഗൂഗിള്‍ ബസ്സിലും മറ്റും സി പി എം ഫാന്‍സിന്റെ സര്‍ക്കാസ്റ്റിക് ലേഖനങ്ങളും കമന്റുകളും കണ്ടിരുന്നു - അവരും പറയുന്നു ക്യൂബാ മുകുന്ദന്മാര്‍ മാത്രമെ വിദേശ നിക്ഷേപങ്ങളെയും ആഗോള വല്‍ക്കരണത്തെയുമൊക്കെ എതിര്‍ക്കൂ എന്ന് . അത്തരമൊരു സാഹചര്യത്തില്‍ ഡി ഫി ക്കാരെ മുഴുവന്‍ ക്യൂബാ മുകുന്ദന്മാ‍രാക്കാനാണോ വീണ്ടും ആഗോള വല്ക്കരണ സാമ്രാജ്യത്വ വിരൊധമെന്ന പൊറാട്ട് നാടകങ്ങള്‍ ?

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .