Like

...........

Sunday, 14 August 2011

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നായകരും പ്രതിനായകരും .

ചരിത്രമെന്നത് അവ്യക്തത നിറഞ്ഞ ഭൂതകാലത്തിന്റെ നേര്‍ രേഖയും ആവര്‍ത്തനം അതിന്റെ നിയോഗവുമാണ് , നായകനും പ്രതിനായകനും എന്നിങ്ങനെ രണ്ട് ചേരിയായി വിഭജിക്കപ്പെടാതെ ചരിത്രത്തില്‍ വ്യക്തികള്‍ നില നില്‍ക്കുന്നില്ല , അത് ചരിത്രത്തിന്റെ നിയതമായ ബാധ്യതയുമാണ് .പല ചരിത്രങ്ങളും കൂട്ടിവായിച്ചാല്‍ വില്ലന്മാര്‍ നായകരാകുകയും നായകര്‍ വില്ലന്മാരാകുകയും ചെയ്യും .

66 - ആം സ്വാതന്ത്ര്യ സമരത്തിന്റെ അഭിമാനകരമായ ഓര്‍മ്മയിലെക്കു വരാന്‍ വിടാതെ മനപ്പൂര്‍വ്വം തടഞ്ഞു വെച്ച അനേകം ധീര യോദ്ധാക്കളുണ്ട് , മഹാന്മാരായ രാഷ്ട്രീയ നേതാക്കളുണ്ട് പക്ഷെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്ര പാണന്മാര്‍ പാടി പടര്‍ത്തിയ ബിംബങ്ങളല്ലാതെ മറ്റൊന്നു ഈ സന്ദര്‍ഭത്തില്‍ നമുക്കാവശ്യമില്ല . അനേകായിരം ധീര ദേശാഭിമാനികളുടെ ചോരയും നീരുമാണ് നമ്മളിന്നനുഭവിക്കുന്ന ഈ സ്വാതന്ത്ര്യമെന്നു ഗദഗദ കണ്ഠരായ ഓരോ സ്വാതന്ത്ര്യ ദിനത്തിലും ചര്‍വ്വിത ചര്‍വ്വണം ചെയ്യുമ്പോഴും അറിയാതെ പോകുന്ന ചിലരുണ്ട് ചരിത്രത്തീല്‍ , ഈ രാജ്യത്തിന്റെ മഹാ നേതാക്കളായി പരിഗണിക്കേണ്ടവര്‍ ,ആദരിക്കേണ്ട ചിലര്‍ .

കോണ്‍ഗ്രസ്സുകാരല്ലാത്ത ഒരു നേതാക്കളും സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടവരല്ലെന്നു നമ്മുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു ,പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു .ചരിത്രം മറന്നു പോയ നിരവധി വിപ്ലവകാരികളെപ്പോലെ തന്നെ മതേതര നാട്യങ്ങളുടെ പേരില്‍ പിന്തള്ളി പുറമ്പോക്കില്‍ വില്ലന്മാരായി നമ്മളുപേക്ഷിച്ച ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പ്രോജ്ജ്വലമായ വ്യക്തിത്വങ്ങളാണ് ഹിന്ദു മഹാ സഭയുടെ വീര്‍ സവര്‍ക്കറും പാക്കിസ്ഥാന്‍ രാഷ്ട്ര പിതാവ് മുഹമ്മദാലി ജിന്നയും . വീര്‍ സവര്‍ക്കറെ ആദരിക്കാനും ചരിത്രത്തില്‍ കൂട്ടിച്ചേര്‍ക്കാനും സംഘപരിവാര്‍ ഒപ്പമുണ്ടെന്നെങ്കിലും സമാധാനിക്കാം മുഹമ്മദ് ആലി ജിന്നയെന്ന മഹാനായ നേതാവിനെ നമ്മളൊരു കാലത്തും വില്ലന്‍ പദവിയില്‍ നിന്നു താഴെയിറക്കില്ല എന്നത് ക്രൂരമായ ചരിത്ര നിഷേധമാണ് .

വിഭജന കാലത്തെ ദയനീയമായ പലായനങ്ങള്‍ക്കും ക്രൂരമായ ആട്ടിപ്പായിക്കലുകള്‍ക്കും പഴി ചാരാന്‍ ഒരാള്‍ വേണമായിരുന്നു , ഏത് ദുരന്തത്തിനും ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ഒരു വില്ലന്‍ ആവശ്യമായി വരുന്നുണ്ടല്ലോ , എതിര്‍ ടീമിന്റെ കാപ്റ്റന്‍ വില്ലനാകുന്നത് വളരെ സ്വാഭാവികവും ഏറെ പരിചയമുള്ളതുമാണ് അത് കൊണ്ട് തന്നെ മുഹമ്മദ് അലി ജിന്ന ആ കര്‍ത്തവ്യം നമുക്ക് വേണ്ടി ഭംഗിയായി നിറവേറ്റി . ചരിത്രത്തില്‍ ഭൂതകാലത്തെ സത്യങ്ങളെക്കാള്‍ പ്രാധാന്യം വര്‍ത്തമാന കാലത്തിന്റെ നില നില്‍പ്പിനായത് കൊണ്ട് മുസ്ലീം മതമൌലിക വാദിയും വിഘടനവാദിയുമായ ഒരു ജിന്നയെ നമ്മള്‍ ചരിത്രത്തില്‍ പഠിച്ചു , പഠിച്ച് കൊണ്ടേ ഇരിക്കുന്നു .


" കാലക്രമേണ നാം ഭൂരിപക്ഷം , ന്യൂന പക്ഷം ഹിന്ദു സമുദായം , മുസ്ലീം സമുദായം എന്നിങ്ങനെയുള്ള വിഭിന്നതകള്‍ അപ്രത്യക്ഷമാകാന്‍ വേണ്ടി പ്രയത്നിക്കണം .വാസ്തവത്തില്‍ ഇവയായിരുന്നു സ്വാതന്ത്ര്യവും സ്വരാജ്യവും ലഭിക്കുന്നതിന് ഏറ്റവും തടസ്സമായിരുന്നത് , ഇവയില്ലായിരുന്നെങ്കില്‍ നാം ഇതിലും വളരെ മുമ്പ് സ്വാതന്ത്ര്യപ്രാപ്തി കൈവരിച്ചേനെ , നിങ്ങള്‍ക്ക് ഏത് ജാതിക്കാരനും മതക്കാരനുമാകാം സമ്പ്രദായക്കാരനുമാകാം , അത് രാജ്യകാര്യങ്ങളെ ബാധിക്കുന്നില്ല

1947 സെപ്തംബര്‍ 11 ന് പാക്കിസ്ഥാനെന്ന ഇസ്ലാമിക തനിമയുള്ള രാജ്യത്തിന്റെ നിയുക്ത ഗവര്‍ണര്‍ എന്ന നിലക്ക് മുഹമ്മദ് അലി ജിന്ന നടത്തിയ ആദ്യത്തെ പ്രസംഗമാണ് മേല്‍ പറഞ്ഞത് , തനിമയും ശുദ്ധിയുമുള്ള ഒരു മുസ്ലീം രാഷ്ട്രമെന്ന ലക്ഷ്യം കൈവരിച്ചതിന് ശേഷം അതിന്റെ തലവന്‍ പറഞ്ഞ വാക്കുകളാണിത് . ഇതിലും വലിയ മതേതരത്വം എന്താണ് ഒരു മതത്തിലധിഷ്ടിതമായി രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ തലവന്‍ പറയേണ്ടത് ?

ജിന്നയുടെ മതേതരത്വ സ്വഭാവത്തെക്കുറിച്ചുള്ള നിരവധി ഉദ്ധരണികളും വിഭജനത്തില്‍ ജിന്നയുടെ പങ്കിന് കാരണഭൂതമായത് ദേശീയ രാഷ്ട്രീയത്തില്‍ ആവേശത്തോടെ അലിഞ്ഞ് ചേര്‍ന്ന മുസ്ലീങ്ങളെ അവഗണിച്ച് കൊണ്ട് മതമൌലിക വാദികളെ മുസ്ലീം നേതൃത്വ നിരയിലേക്കുയര്‍ത്തിയതിന്റെ പരിണിതമാണ് എന്നും ഹിന്ദു മുസ്ലീം മതധ്രുവീകരണത്തില്‍ ജിന്ന കാര്യമായ പങ്ക് വഹിച്ചിരുന്നില്ല എന്നും തെളിവുകളോടെ കാര്യ കാരണ സഹിതം വ്യക്തമായി പറയുന്നുണ്ട് എച്ച്. വൈ ശേഷാദ്രി തന്റെ “വിഭജനത്തിന്റെ ദുഖ കഥ “ എന്ന് കൃതിയിലൂടെ .


1876 ലെ ഒരു ക്രിസ്മസ് ദിനത്തില്‍ ഗുജറാത്തിലെ ഒരു മുസ്ലീം കച്ചവട കുടുംബത്തില്‍ മൂത്ത പുത്രനായി ജനിച്ചു , ഒരു ക്രീസ്ത്യന്‍ മിഷനറി സ്കൂളില്‍ ഹൈ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും പിന്നീട് ബ്രിട്ടനില്‍ ഉന്നത വിദ്യഭ്യാസത്തിന് വേണ്ടി പോയതു അദ്ദേഹത്തില്‍ വിശാലമായ ഒരു മതേതര ദേശീയ ചിന്താഗതി വളര്‍ത്തി .മുസ്ലിം എന്ന നിലയില്‍ മതത്തോട് യാതൊരു ആഭിമുഖ്യവുമില്ലാതെ , മത നിരപേക്ഷയില്‍ വിശ്വസിക്കുന്ന , ഇസ്ലാമിന് ഹറാമായ മദ്യം കഴിക്കുകയും പുരോഗമന ചിന്താധാരകളിലൂടെ യഥാസ്ഥിതിക നിലപാടുകളിലെ സങ്കുചിതത്വത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്ന ഉന്നത വിദ്യാഭ്യാസം ലഭിച്ച അദ്ദേഹം വളരെ അപൂര്‍വ്വമായി മാത്രമേ മുസ്ലീം എന്ന നിലയില്‍ സംസാരിച്ചിരുന്നു എന്നും തനിമയുള്ള , കലര്‍പ്പില്ലാത്ത മുസ്ലീം സംസ്കാരത്തെക്കുറിച്ചുള്ള വാദങ്ങളെ അദ്ദേഹം എതിര്‍ക്കുകയും ചെയ്തിരുന്നു , ഒരിക്കല്‍ മുല്ലമാരെ കൂടെക്കൊണ്ട് നടക്കുന്നതിനെക്കുറിച്ച് “ ആ വിഡ്ഡികളെ കൂടെക്കൊണ്ട് നടക്കേണ്ടി വരുന്നുണ്ടെങ്കിലും അവരുടെ തോന്ന്യാസങ്ങളില്‍ വിശ്വസിക്കുന്നില്ലെന്നും “ പറയുക വരെ ചെയ്തു .


സുരേന്ദ്രനാഥ ബാനര്‍ജിയുടെ കാല്‍ചുവട്ടിലിരുന്നാണ് താന്‍ രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങള്‍ അഭ്യസിച്ചതെന്ന് അഭിമാനത്തോടെ പറയുന്ന ജിന്നയെക്കുറിച്ച് ദേശീയ രാഷ്ട്രീയത്തിലെ എല്ലാ നേതാക്കന്മാര്‍ക്കും അതീവ പ്രതീക്ഷ ഉണ്ടായിരുന്നു , “സകല വിഭാഗീയ ചിന്തകളില്‍ നിന്നും മുക്തനായ അദ്ദേഹം ഹിന്ദു മുസ്ലീം ഐക്യത്തിന്റെ യഥാര്‍ത്ഥ പ്രതിനിധിയായിത്തീരും “ ജിന്നയെക്കുറിച്ച് ഗോഖലെ പറഞ്ഞ വാക്കുകളാണിത് , മുസ്ലീം ലീഗില്‍ ചേരുമ്പോഴും ദേശീയ കാര്യങ്ങളോടായിരുന്നു ജിന്ന കൂടുതല്‍ പ്രതിപത്തി കാണിച്ചത് , തന്റെ അനുചരന്മാരോട് അതിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉപദേശിക്കുകയുണ്ടായി .മുസ്ലീങ്ങള്‍ക്ക് പ്രത്യേക സാമുദായിക പ്രധാന്യം നല്‍കുന്നത് ദേശീയരാഷ്ട്രീയത്തില്‍ ഹിന്ദു മുസ്ലീം ഐക്യത്തെ തകര്‍ക്കുമെന്നും അതിനാല്‍ മുസ്ലീങ്ങള്‍ക്കുള്ള പ്രത്യേക സമുദായിക താല്പര്യങ്ങള്‍ക്കെതിരായിട്ടായിരുന്നു അദ്ദേഹം 1919 ല്‍ ഇന്ത്യാ റിഫോംസ് ബില്ലിനെപ്പറ്റി സംയുക്ത പാര്‍ലമെന്ററി സെലക്റ്റ് കമ്മിറ്റിക്ക് മുമ്പാകെ തെളിവ് നല്‍കിയത് . പരിഷ്കൃതാശയനും മത നിരപേക്ഷനുമായ ജിന്ന മത മൌലിക വാദം കൊണ്ട് മാത്രം ദേശീയ സ്വാതന്ത്ര്യ സമരത്തിലിടം നേടിയ ഖിലാഫത്ത് പ്രസ്ഥാനത്തിനെതിരായിരുന്നു , പക്ഷെ കോണ്‍ഗ്രസ്സാകട്ടെ ദേശീയ വാദികളായ മുസ്ലീങ്ങളെ മാറ്റി നിര്‍ത്തി മത മൌലിക വാദികളായ മുല്ലമാരരെയും മൌലവിമാരെയും പ്രീണീപ്പിച്ച് മുസ്ലീങ്ങളെ പ്രതിനിധീകരിച്ച് ഉയര്‍ത്തിക്കൊണ്ട് വര്‍ഗ്ഗീയ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് ശ്രമിച്ചത് . ഇത്തരമൊരു പരിതസ്ഥിതിയില്‍ കഴിവുള്ള ഒരു നേതാവും ദേശീയ പ്രസ്ഥാനത്തോടെ കൂറും പ്രകടിപ്പിച്ചിരുന്ന ജിന്ന നിരന്തരമായി അവഗണിക്കപ്പെട്ട് കൊണ്ടിരുന്നു .


വഹാബികളും ഇസ്ലാം മൌലിക വാദക്കാരും ഇസ്ലാം തനിമയുള്ള രാജ്യവും ഹിന്ദു മൌലികവാദക്കാര്‍ ശുദ്ധരാഷ്ട്രവാദവും പരക്കെ പരത്തിത്തുടങ്ങിയ അക്കാലത്തു തന്നെ വിഭജനമെന്നത് യാഥാര്‍ത്ഥ്യത്തില്‍ കുറഞ്ഞ ഒന്നല്ല എന്ന സാഹചര്യം അപ്പോഴെക്കും ഉടലെടുത്ത് കഴിഞ്ഞിരുന്നു ബ്രിട്ടീഷ് ഗവണ്മെന്റ് അതിന് വേണ്ട എല്ലാ ഒത്താശകളും ചെയ്തു കൊണ്ടിര്‍ക്കുന്ന സമയവും അത് കൊണ്ട് തന്നെ ബ്രിട്ടീഷ് ഉന്നത വിദ്യഭ്യാസം ലഭിച്ച , കോണ്‍ഗ്രസ്സിനാല്‍ അവഗണിക്കപ്പെട്ട , വാഗ്മിയായ ഒരു അഭിഭാഷകനെ മുസ്ലീം പ്രതിനിധിയായി ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് അവര്‍ മുന്‍ ഗണന നല്‍കി.


ദ്വിരാഷ്ട്ര വാദത്തിന്റെ ഉപജ്ഞാതാവ് ജിന്നയാണെന്ന് ഒരു ചരിത്രവും പറയുന്നില്ലെങ്കിലും അതാണ് വാസ്തവമെന്ന് വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു , സങ്കുചിതമായ മത -രാഷ്ട്രസങ്കല്‍പ്പങ്ങളെ തികഞ്ഞ അവജ്ഞയോടെ നോക്കിക്കണ്ടിരുന്ന ജിന്ന പിന്നീട് സംഭവിച്ച വിഘടന വാദത്തിന്റെ സങ്കീര്‍ണ്ണമായ രാഷ്ട്രീയത്തിലേക്ക് നയിക്കപ്പെടുകയായിരുന്നു , അനിവാര്യമായ വിഭജനം എന്ന ആ നിര്‍ണ്ണായക സന്ധിയില്‍ ചുക്കാന്‍ പിടിക്കാന്‍ ചരിത്രം നിയോഗിച്ചത് ഹിന്ദു മുസ്ലീം ഐക്യത്തിലൂടെ ഏകരാഷ്ട്രമെന്ന സ്വപ്നം താലൊലിച്ച മൊഹമ്മദ് ആലി ജിന്നയിലൂടെ ആയത് ചരിത്രത്തിന്റെ മുന്‍ നിശ്ചയിക്കപ്പെട്ട നിയോഗമായിരുന്നിരിക്കണം .വൈകാരികത മാറ്റി നിര്‍ത്തി വസ്തുതകള്‍ പരിശോധിച്ചാല്‍ ദ്വിരാഷ്ട്ര വാദം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യയുടെ ചരിത്രം ദ്രാവിഡ തമിഴും തെലുങ്കാനയും എന്തിന് സര്‍ സി പി യുടെ തിരുവിതാങ്കൂറുമടക്കം പ്രാദേശികമായ നിരവധി കൊച്ചു രാജ്യങ്ങള്‍ എന്ന സങ്കല്പത്തില്‍ അവസാനിക്കുമായിരുന്നു .


മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഉടലെടുത്ത ഇത്തരം സാഹചര്യങ്ങളുടെ പരിണിത ഫലമായിരുന്നു മത നിരപേക്ഷതയിലൂന്നിയുള്ള ദേശീയ രാഷ്ട്രം എന്ന സങ്കല്‍പ്പത്തില്‍ നിന്ന് തന്റെ ഉത്തമ താല്പര്യങ്ങളെ പോലും ബലി കഴിച്ച് മുസ്ലീം രാഷ്ടവാദമെന്ന ജിന്നയുടെ പെട്ടെന്നുള്ള രൂപാന്തരം , ഒരു പക്ഷെ മറുവശത്ത് മതനിരപേക്ഷതയില്‍ നിന്നും വീര്‍ സവര്‍ക്കര്‍ ഹിന്ദു രാഷ്ട്രവാദത്തിന്റെ വക്താവായി മാറിയതും ഏകദേശം ഒരേ സമയത്തായത് യാദൃശ്ചികം മാത്രമായിരുന്നില്ല .പ്രീണന രാഷ്ട്രീയത്തിന്റെ കോണ്‍ഗ്രസ്സ് മുഖങ്ങളും വിഭജനത്തിലൂടെയല്ലാതെ സ്വാതന്ത്ര്യം ലഭിക്കുക ആയാസകരമാണെന്ന ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള സൂചനകളും ഏറെക്കുറെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിഭജനത്തിലധിഷ്റ്റിതമായ സ്വതന്ത്ര്യപ്പോരാട്ടത്തിനും പ്രക്ഷോഭത്തിനും തുടക്കം കുറിച്ച് മുസ്ലീങ്ങള്‍ക്ക് കലര്‍പ്പില്ലാത്ത ഏക രാഷ്ട്രം വേണമെന്ന മുദ്രാവാക്യം ഉയര്‍ന്ന് ഏറെക്കഴിഞ്ഞ് മാത്രമാണ് മുഹമ്മദ് അലി ജിന്ന നേതൃസ്ഥാനത്തേക്ക് വരികയും “ഖായിദ് എ അസ്സം “ ആയിമാറുകയും ചെയ്യുന്നത് .കോണ്‍ഗ്രസ്സിന്റെ കീഴില്‍ മുസ്ലിം മത വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യവും നീതിയും ലഭിക്കില്ല എന്നുള്ള രാഷ്ട്രീയമായ ഒരു അരക്ഷിതാവസ്ഥ അതിനകം തന്നെ ഉടലെടുത്ത് കഴിഞ്ഞിരുന്നു , മറു ഭാഗത്ത് ഹിന്ദു രാഷ്ട്രവാദവുമായി വീര്‍ സവര്‍ക്കറിന്റെ നേതൃത്വത്തിലുള്ള പടയൊരുക്കത്തിന്റെ ആക്കം കൂടിക്കഴിഞ്ഞിരുന്നു , നിരന്തരമായ കലാപങ്ങളും കൂട്ടക്കുരുതികളും ഹിന്ദു - മുസ്ലീം ഐക്യത്തിലൂടെ ഏകരാഷ്ട്രമെന്ന സ്വപ്നവും ഏറെക്കുറെ അവസാനിച്ച ഘട്ടത്തില്‍ അത് വരെ വിഭജനത്തിനെതിരെ ശക്തമായി വാദിച്ച സര്‍ദാര്‍ പട്ടേല്‍ പോലും അനുകൂലഭാവത്തിലെത്തുകയായിരുന്നു ,വിഭജനം അനിവാര്യമായ ഒരു പ്രക്രിയയാകുമെന്ന് സ്വാതന്ത്ര്യ ലബ്ദിക്ക് ഏറെ മുമ്പെ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നതാണ് , ആ യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ച് മുന്നൊരുക്കങ്ങളും ശരിയായ ആസൂത്രണങ്ങളും ചെയ്തിരുന്നെങ്കില്‍ ആ നാളുകളിലെ ക്രൂരമായ പലായനങ്ങളും കൊടും ദുരിതവും ഒഴിവാക്കാന്‍ കഴിഞ്ഞേനെ .

ഇന്ത്യ്യില്‍ ചരിത്രവും കലയും സാഹിത്യവുമെല്ലാം ഊഹാപോഹങ്ങളുടെ മതമൌലികവാദങ്ങള്‍ കൊണ്ട് അടച്ച് മൂടേണ്ടി വരുന്ന അതിനിസ്സാരങ്ങളായ സ്വാതന്ത്ര്യങ്ങളാണ്, അത് തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യും . ചരിത്രത്തിന്റെ പുനര്‍ വായനയല്ല നേര്‍വായന പോലും അനുവദനീയമല്ലാത്ത ഒരു സ്വാതന്ത്ര്യം തന്നെയാണ് , അത് കൊണ്ട് തന്നെയാണ് ദേശീയ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷതയും ദേശീയത എന്ന ആവേശവും ഒഴിവാക്കിക്കൊണ്ട് കടന്ന് വന്ന ഖിലാഫത് പ്രസ്ഥാനം ഇന്നും സ്വാതന്ത്ര്യ സമരത്തിന്റെ ഉന്നതമായി മാതൃകയായി നിലകൊള്ളുന്നത് .മത നിരപേക്ഷതയല്ല മത പ്രീണനം നമ്മുടെ നയമായി നമ്മള്‍ സ്വീകരിച്ചിരിക്കുന്ന കാലത്തോളം അതിലല്‍ഭുതപ്പെടാന്‍ ഒന്നുമില്ല .

സ്വാതന്ത്ര്യ സമര ചരിത്രം പേരിനെങ്കിലും മറിച്ചു നോക്കിയവര്‍ക്കറിയാം മുഹമ്മദ് അലി ജിന്നാ എന്ന പാക്കിസ്ഥാന്‍ രാഷ്ട്രപിതാവ് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ആരായിരുന്നുവെന്നും എന്തായിരുന്നുവെന്നും എന്നിട്ടും പൊതു സമൂഹത്തിന്റെ മനസ്സാക്ഷിക്ക് മുന്നില്‍ വെറുക്കപ്പെട്ട ഒരു കഥാപാത്രമാണ് , അത് തിരുത്താ‍ന്‍ ശ്രമിക്കരുത് , അത് കൊണ്ടാണ് ജസ്വന്ത് സിങ്ങ് എന്ന ഭാജ്പാക്കാരന്‍ എഴുതിയ "Jinnah-India, Partition, Independence". എന്ന പുസ്തകം നിരോധിക്കണമെന്ന് രാജ്യമാകെ ഹിന്ദുത്വവാദികളും മതേതേര വാദികളും ഒരുമിച്ചു അലമുറയിട്ടത് അതില്‍ കോണ്‍ഗ്രസ്സുകാരും ബി ജെ പി യും എല്ലാമുണ്ട് കാരണം പടുത്തുയര്‍ത്തി വെച്ചിരിക്കുന്ന വിഗ്രഹങ്ങളെക്കാള്‍ തിളക്കമുള്ള ഒന്നു സൃഷ്ടിക്കപ്പെടുന്നത് ആര്‍ക്കും സഹിക്കില്ലല്ലോ . ഹിന്ദു വാദിയായ ലാല്‍ കൃഷ്ണ അദ്വാനി പോലും സമ്മതിച്ചതാണ് മുഹമ്മദ് ആലി ജിന്ന തികഞ്ഞ മതേതര വാദിയായ ഒരു രാഷ്ട്രീയ നേതാവായിരുന്നു എന്നു പക്ഷെ ജസ്വന്ത് സിങ്ങിന്റെ പുസ്തകത്തില്‍ ജിന്നയെക്കുറിച്ചുള്ള പരാമര്‍ശങ്ങളെല്ലാം ഇന്ത്യയിലെ പാക്കിസ്ഥാന്‍ ലോബിയുടെ കൈ കടത്തലാണ് എന്ന് ആര്‍.എസ്.എസ്സ് അസ്സന്ദിഗ്ദമായി പ്രഖ്യാപിച്ചു . മുഹമ്മദ് അലി ജിന്ന എന്നും ഇന്ത്യന്‍ ചരിത്രത്തില്‍ ക്രൂരനായ മതമൌലിക വാദിയും ഒറ്റ്കാരനുമായി നില നില്‍ക്കേണ്ടത് നമ്മുടെ ആവശ്യമാണ് മറിച്ച് ചിന്തിക്കുന്നത് നിഷ്കപടമായ നമ്മുടെ ദേശസ്നേഹത്തിന്റെ പവിത്രതക്ക് മങ്ങലേല്‍പ്പിക്കും . വാക്കും വരയും ശബ്ദവും താളവും രൂപവും ചരിത്രവുമെല്ലാം ആരെയെങ്കിലും വ്രണപ്പെടുത്തുകയും വ്രണിതഹൃദയരെ സമാശ്വസിപ്പിക്കാന്‍ അത് നിരോധിക്കുകയും നിഷേധിക്കുകയും തീയിട്ട് ചുടുകയും ചെയ്യും അതാണ് നമ്മുടെ അതാണ് നമ്മുടെ ചരിത്രം .32 comments:

 1. " കാലക്രമേണ നാം ഭൂരിപക്ഷം , ന്യൂന പക്ഷം ഹിന്ദു സമുദായം , മുസ്ലീം സമുദായം എന്നിങ്ങനെയുള്ള വിഭിന്നതകള്‍ അപ്രത്യക്ഷമാകാന്‍ വേണ്ടി പ്രയത്നിക്കണം .വാസ്തവത്തില്‍ ഇവയായിരുന്നു സ്വാതന്ത്ര്യവും സ്വരാജ്യവും ലഭിക്കുന്നതിന് ഏറ്റവും തടസ്സമായിരുന്നത് , ഇവയില്ലായിരുന്നെങ്കില്‍ നാം ഇതിലും വളരെ മുമ്പ് സ്വാതന്ത്ര്യപ്രാപ്തി കൈവരിച്ചേനെ , നിങ്ങള്‍ക്ക് ഏത് ജാതിക്കാരനും മതക്കാരനുമാകാം സമ്പ്രദായക്കാരനുമാകാം , അത് രാജ്യകാര്യങ്ങളെ ബാധിക്കുന്നില്ല “

  1947 സെപ്തംബര്‍ 11 ന് പാക്കിസ്ഥാനെന്ന ഇസ്ലാമിക തനിമയുള്ള രാജ്യത്തിന്റെ നിയുക്ത ഗവര്‍ണര്‍ എന്ന നിലക്ക് മുഹമ്മദ് അലി ജിന്ന നടത്തിയ ആദ്യത്തെ പ്രസംഗമാണ് മേല്‍ പറഞ്ഞത് , തനിമയും ശുദ്ധിയുമുള്ള ഒരു മുസ്ലീം രാഷ്ട്രമെന്ന ലക്ഷ്യം കൈവരിച്ചതിന് ശേഷം അതിന്റെ തലവന്‍ പറഞ്ഞ വാക്കുകളാണിത് . ഇതിലും വലിയ മതേതരത്വം എന്താണ് ഒരു മതത്തിലധിഷ്ടിതമായി രൂപീകരിക്കപ്പെട്ട ഒരു രാഷ്ട്രത്തിന്റെ തലവന്‍ പറയേണ്ടത് ?

  ReplyDelete
 2. പലപ്പോഴും നിങ്ങളുടെ അവസാനത്തെ പ്രവൃത്തിയുടെ,നിര്‍ണ്ണായകമായ ആ പ്രവര്‍ത്തനത്തിന്റെ ഫലംകൊണ്ടാകും
  നിങ്ങള്‍ പിന്നീട് വിലയിരുത്തപ്പെടുക. ജിന്നയുടെ കാര്യത്തിലും സംഭവിച്ചത് ഇതാകാം. ലളിതവത്കരണമാണെന്നറിയാം.
  "പാപശ്രുതികളില്‍ പാതകം പാടി നാം
  ആടീ പകലിന്റെ പ്രേതപ്രഹസനം" എന്ന ചുള്ളിക്കാടിന്റെ വരികളാണ്‌ പെട്ടെന്ന് ഓര്‍മ്മ വന്നത്.

  ReplyDelete
 3. അത് കൊണ്ട് തന്നെയാണ് ദേശീയ പ്രസ്ഥാനത്തിന്റെ മതനിരപേക്ഷതയും ദേശീയത എന്ന ആവേശവും ഒഴിവാക്കിക്കൊണ്ട് കടന്ന് വന്ന ഖിലാഫത് പ്രസ്ഥാനം ഇന്നും സ്വാതന്ത്ര്യ സമരത്തിന്റെ ഉന്നതമായി മാതൃകയായി ഇന്നും നിലകൊള്ളുന്നത്...
  ഇതൊന്നു ചെറുതായി വിശദീകരിക്കാമോ ?
  നമുക്കറിയാവുന്നത് തെറ്റാണെങ്കില്‍ തിരുത്താമല്ലോ

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. നല്ല പോസ്റ്റ്‌, പക്ഷെ അത് തയ്യാറാക്കാന്‍ വേണ്ടി താങ്കള്‍ റഫര്‍ ചെയ്ത രണ്ടു പുസ്‌തകങ്ങളും നിഷ്പക്ഷമോ വസ്തുതകളോട് കൂറ് പുലര്‍ന്നവയോ അല്ല. ഒന്ന് ഹിന്ദുത്വ വാദിയുടെ കാവി ലെന്‍സു ഘടിപ്പിച്ച കലായ്ഡോസ്കോപിലൂടെയുള്ള ചിത്ര ദര്‍ശനമാനെങ്കില്‍ രണ്ടാമാത്തെത് മൌണ്ട് ബട്ടന്‍ പ്രഭുവിനെ വെള്ള പൂശാനായി അത്യന്തം നാടകീയമായ ഭാഷയില്‍ രണ്ട് സായിപന്മാര്‍ ചെര്‍നെഴുതിയ നോവലാണ്‌. രണ്ടും റഫറന്‍സ് ആയി ഉപയോഗിക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. അതിനേക്കാള്‍ കൂടുതല്‍ അവലംബിക്കാവുന്നത്, മണ്ടോയുടെയോ, ഭീഷ്മാ സാഹ്നിയുടെയോ ഒക്കെ കഥകളാണ്. അത്തരം ഒരു കഥയിതാ, ഇതൊന്നു വായിച്ചു നോക്കൂ. http://zainocular.blogspot.com/2011/08/blog-post.html

  ReplyDelete
 6. മികച്ച ലേഖനം.അഭിനന്ദനങ്ങള്‍....

  ReplyDelete
 7. ഇന്ത്യൻ സ്വാതന്ത്യം എന്നത് ഗാന്ധിയുടെ കുത്തകയായി മാത്രം എഴുതിവച്ചിരിക്കുന്ന ചരിത്രം, അത് തന്നെ കുട്ടികളിൽ ഇഞെക്ഡ് ചെയ്യുന്ന വിദ്യാഭ്യാസം...ഗാന്ധി വീരമരണം വരിച്ചതോടെ ആ ഇമേജ് പൂർത്തിയായി...രണ്ടാം ലോകമഹാ

  കാലാനുസ്യതമായ മാറ്റങ്ങളല്ലാതെ എന്ത് വികസനമാണ് ഇന്ത്യയിൽ ഉണ്ടായിട്ടുള്ളത്...ഇരുണ്ട കാലഘട്ടത്തിൽ നിന്ന് തെറ്റുതിരുത്തി യൂറോപ്പ് പുറത്ത് വന്നു..ഇന്നും മതത്തിന്റെ ഇരുട്ടിൽ തപ്പുകയാണ് ഇന്ത്യൻ ജനത....ദൈവങ്ങളുടേയും രാജാക്കാന്മാരുടെയും പാമ്പാട്ടികളുടേയും രാജ്യം എന്ന ഇമേജിനപ്പുറം ഒന്നും ചെയ്യാൻ ഇന്ത്യയ്ക്കായിട്ടില്ല...

  എന്നാൽ ഒരു ദരിദ്രസംസ്ഥാനം എന്ന നിലയിൽ നിന്നും കേരളവും ഗോവയും സ്വപ്രയത്നത്താൽ വളരെയേറെ മുന്നോട്ട് പോയിക്കഴിഞ്ഞു...ഒരു പൌരനെ അന്യരാജ്യത്ത് വച്ച് പ്രൊട്ടക്ട് ചെയ്യാൻ കഴിവില്ലാത്ത രാജ്യം 64വർഷങ്ങൾ പിന്നെ കൊണ്ട് നേടിയതെന്താണ്?..സൌദിയിലുള്ളവർക്ക് ഇന്ത്യൻ എംബസിയുടെ പ്രവർത്തനമികവ് ശരിക്കും അറിയാൻ കഴിയും....ഇന്ത്യയെ ഭയക്കുന്ന ഏതെങ്കിലും രാജ്യങ്ങൾ ഉണ്ടോ? ചേരിചേരാ നയത്തിൽ നിൽക്കുന്നത് കൊണ്ട് ഒരു യുദ്ധം വന്നാൽ സഹായിക്കാൻ ആരെങ്കിലും കാണുമോ.
  പാകിസ്ഥാനും ഇന്ത്യയും ഏതാണ്ട് ഒരേ അവസ്ഥയിലുള്ള രണ്ട് രാജ്യങ്ങളാണ്.അമേരിക്ക എന്ന രാഷ്ട്രത്തിന്റെ കയ്യിലെ കളിപ്പാവകൾ...അരക്ഷിത മേഖലകൾ രണ്ട് രാജ്യത്തുമുണ്ട്..

  ReplyDelete
 8. ‘സ്വാതന്ത്ര്യം അർദ്ധരാത്രിയില്‍‘ റഫർ ചെയ്തിട്ട് ഇങ്ങിനെ ഒരു നിരീക്ഷണത്തിൽ എത്തിച്ചേരാൻ കഴിയുന്നതിൽ അത്ഭുതം തോന്നുന്നു..
  ഒരുപാടു മുമ്പു വായിച്ചതാണെങ്കിലും അധികാര മോഹിയും, മതത്തെ അതിന്റെ തീവ്ര വികാരത്തെ ഉത്തേജിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന നായക പരിവേഷത്തിലൂടെ നേത്രു പദവിയിലേക്കുള്ള ചവിട്ടിക്കയറുന്നവനായും ഒക്കെയായാണു ജിന്നയുടെ കധാപാത്രം മനസ്സിൽ പതിഞ്ഞു നിൽക്കുന്നത്...
  ഒട്ടും മതബോധമില്ലാത്ത, മദ്യപാനിയായ, പന്നിമാംസം കഴിക്കുന്ന , ആത്മബലം കൊണ്ടു രോഗാവസ്തകളെ മറച്ച് വെച്ചു അധികാരത്തിനായ് ആർത്തി പിടിച്ചു നടക്കുന്ന ജിന്നയെയാണു ലാപ്പിയറും കോളിൻസും വരച്ചു വെച്ചിട്ടുള്ളത്...
  ജീവിതത്തിൽ അദ്ദേഹം ഒരു നന്മയും ചെയ്തിട്ടില്ലെന്നല്ല, എന്നാൽ അതിനെയെല്ലാം മറക്കുന്ന രീതിയിൽ ഒരേസമയം മുസ്ലിം വികാരത്തെ ഉത്തേജിപ്പിച്ച് സ്വസമുദായത്തെയും സഹോദരങ്ങളായ അപര മത വിശ്വാസികളേയും ഒരേപോലെ വഞ്ചിച്ച രാഷ്ട്രീയ കുതന്ത്രങ്ങളുടെ ആചാര്യനായിരുന്നു ജിന്ന!
  മുസ്സോളിനിയും ഹിറ്റ്ലറും എല്ലാം സ്വന്തം ജനതയാൽ വാഴ്ത്തപ്പെട്ടവരാണു.പക്ഷെ ഇരകളുടെ പക്ഷത്തു നിന്നു വായിക്കുമ്പോളാണു ചരിത്രം പൂർണ്ണമാകുന്നത്...


  ഒട്ടും യോജിക്കാനാവുന്നില്ല ഈ നിലപാടുകളോട്.

  ReplyDelete
 9. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍ വായിച്ചപ്പോള്‍ തന്നെയാണ് ഹിന്ദു മുസ്ലീം എന്നിങ്ങനെ വേറിട്ട് സ്വാതന്ത്രത്തിനു ശ്രമിക്കുന്നതിനെ എതിര്‍ത്ത , ഒരൊറ്റ രാഷ്ട്രമായി ഇന്ത്യയെ കാണാനാഗ്രഹിച്ച ജിന്നയെ കുറിച്ചറിഞ്ഞത് .. കോണ്‍ഗ്രസ്സില്‍ അന്നുണ്ടായിരുന്ന ഗ്രൂപ്പിന്റെ ഭാഗമല്ലാത്തത് കൊണ്ട് തന്നെ ഒതുക്കപ്പെട്ടതും പിന്നീട് തനിക്കൊരിക്കലും പ്രിയമല്ലാത്തൊരു രൂപത്തില്‍ വന്നതും .......

  ReplyDelete
 10. --
  @ഷംസു കുമ്പിടി - ഇസ്ലാം മത മൌലികതയുടെ വൈകാരിക പ്രകടനത്തിന്റെ മത പ്രീണനത്തിന്റെ ഏറ്റവും നാറിയ മുഖമാണ് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഖിലാഫത്തു കയറിക്കൂടിയതു കൊണ്ട് സംഭവിച്ചതു അല്ലെന്നു ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നത് മതപ്രീണനത്തിന്റെ മറ്റൊരു ചരിത്ര പാഠവും .

  ഖിലാഫത്തു കൊണ്ട് ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ ഹിന്ദു മുസ്ലീം ഐക്യദാര്‍ഡ്യമുണ്ടായി എന്നതൊക്കെ ശരിയായിരിക്കാം പക്ഷെ എന്താണ് ഖിലാഫത്തു പ്രസ്ഥാനം ?. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളാകാന്‍ അന്നാട്ടിലെ മുസ്ലീം മത മൌലിക വാദികള്‍ക്കു തുര്‍ക്കിയിലെ ആഭ്യന്തര പ്രശ്നമെന്ന മത പരമായ അജണ്ട വേണ്ടി വരുന്നു എന്ന ലജ്ജിപ്പിക്കുന്ന വസ്തുതയാണ് ഖിലാഫത്ത് .അതു വരെ ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പുറം തിരിഞ്ഞു നിന്നിരുന്ന ഒരു പറ്റം മുസ്ലീം മത മൌലിക വാദികള്‍ ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം തുര്‍ക്കിയിലെ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയും ഖലിഫയെ സ്ഥാന ഭ്രഷ്ടനാക്കിയതും കൊണ്ടു മാത്രം ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിയുകയായിരുന്നു .ഒന്നാം ലോക മഹായുദ്ധത്തില്‍ നാസി ജെര്‍മ്മനിക്കൊപ്പമായിരുന്നു തുര്‍ക്കിയെങ്കിലും അന്നു തുര്‍ക്കി ഭരിച്ചിരുന്നത് മുസ്ലീങ്ങളുടെ ആത്മീയ പിന്തുടര്‍ച്ചാവകാശിയെന്നൊക്കെ വിളിക്കാവുന്ന ഖാലിഫ് മൊഹമ്മദ് വദത്തേന്‍ ആറാമന്റെ സ്ഥാന ഭ്രഷ്ടനാക്കിയതാണ് ഇന്‍ഡ്യന്‍ മുസ്ലീങ്ങളെ സ്വാതന്ത്ര്യ സമരത്തിലേക്കു നയിച്ചതെന്ന നാണം കെട്ട ചരിത്രം കേള്‍ക്കുമ്പോള്‍ അറപ്പാണ് തോന്നേണ്ടത് . പക്ഷെ യഥാര്‍ത്ഥ വസ്തുത രാജ്യ സ്നേഹഠിലധിഷ്ടിതമായി ഒരു വലിയ വിഭാഗം മുസ്ലീങ്ങള്‍ ദേശീയ മുഖ്യ ധാരയില്‍ സജീവമായിരുന്നു .ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മത പ്രീണനം അവരെ അപമാനിക്കുന്നതിനു തുല്യമായിരുന്നു .
  ഈ പ്രീണന നയത്തില്‍ മഹാത്മാ ഗാന്ധിയായിരുന്നു മുഖ്യ ഇടനിലക്കാരന്‍ , ഉള്‍ വലിഞ്ഞു നില്‍ക്കുന്ന മുസ്ലീങ്ങളെ കൂടി പ്രീതിപ്പെടുത്തി സ്വാതന്ത്ര്യ സമരത്തിലേക്കു കൊണ്ടു വരണമെന്നു അദ്ദേഹം ആഗ്രഹിച്ചു .സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലേക്കു സ്വന്തം ജനതയെ കൊണ്ടു വരാന്‍ മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം കൊണ്ടു വരിക, അതും മനുഷ്യത്വ പരമായ സമീപനമല്ല മറിച്ചു മത പരമായ വൈകാരികതയുടെ പേരില്‍ മാത്രം .

  1920 ആഗസ്തില്‍ കല്‍ക്കത്തയില്‍ കോണ്‍ഗ്രസ്സിന്റെ അടിയന്തിര സമ്മേളനത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കാനുള്ള പ്രമേയം ഗാന്ധിജി അവതരിപ്പിച്ചു . ഖിലാഫത്ത് വിഷയമാക്കി നിസ്സഹകരണ പ്രസ്ഥാനമെന്നതായിരുന്നു പ്രമേയത്തിന്റെ കാതല്‍ .അന്നത്തെ കോണ്‍ഗ്രസ്സ് പ്രസിഡണ്ടായിരുന്ന വിജയ രാഘവാചാരി കൂടാതെ സി ആര്‍ ദാസ് , ബിപിന്‍ ചന്ദ്ര പാല്‍ , ആനി ബസന്റ് , സി എഫ് ആന്‍ഡ്രൂസ് , രവീന്ദ്ര നാഥ ടാഗൂര്‍ , മുഹമ്മദ് ആലി ജിന്ന എന്നിവര്‍ ഈ പ്രമേയത്തെ എതിര്‍ത്തു . മത നിരപേക്ഷമായ ഒരു സ്വാതന്ത്ര്യ പ്രക്ഷോഭം എന്ന സങ്കല്‍പ്പത്തിനെ അപകടപ്പെടുത്തന്നതാണ് ഖിലാഫത്ത് പ്രസ്ഥാനം എന്നു ജിന്ന ഉറച്ചു വിശ്വസിച്ചിരുന്നു .പക്ഷെ പ്രമേയം ഭൂരി പക്ഷത്തില്‍ പാസ്സാക്കപ്പെട്ടു .

  ഇത്രയുമാണ് ലഘുവായി ഞാനറിഞ്ഞ ഖിലാഫത്ത് എന്ന “മഹാ “പ്രസ്ഥാനം .മറ്റു വാദഗതികളുണ്ടെങ്കില്‍ കേള്‍ക്കാം ,പക്ഷെ പഠിച്ച പാഠങ്ങളിലെ നാറിയ ഗ്ലോറിഫികേഷനുമപ്പുറത്താണ് ഖിലാഫത്തെന്ന പ്രസ്ഥാനം .


  ഖിലാഫത്ത് പ്രസ്ഥാനത്തോടനുബന്ധിച്ചാണ് കേരളത്തിലും ഉയര്‍ന്നു വന്ന മാപ്പിള ലഹള .സിനിമയിലും കഥയിലും വലിയ വൈകാരികത കുത്തി നിറച്ച മാപ്പിള ലഹളയും വല്ലാതെ ഗ്ലോറി ഫൈ ചെയ്യപ്പെട്ട തെമ്മാടിത്തം തന്നെയായിരുന്നു .അതു കൊണ്ടു ഗുണ ഫലങ്ങള്‍ , ജന്മിമാരെ ആക്രമണങ്ങളുടെ രൂക്ഷതകള്‍ കുറച്ചുവെന്നൊക്കെ പറയാമെങ്കിലും മാപ്പിള ലഹളയുടെ പേരില്‍ വ്യാപകമായ അക്രമവും മതം മാറ്റവും തന്നെയാണ് നടന്നിട്ടുള്ളത് .പലര്‍ക്കും ഇക്കാലം വരെ ഇതൊക്കെ പറയാന്‍ അല്പം പാടാണ് പൊള്ളിയടര്‍ന്നു പോകും വികാരം .

  എന്തായാലും ഖിലാഫത്ത് പ്രസ്ഥാനത്തെക്കുറിച്ചും അതിനെ തുടര്‍ന്നുണ്ടായ മാപ്പിള ലഹളയെക്കുറിച്ചും ഏറ്റവും ആധികാരികമായി പറയാന്‍ കഴിയുന്ന ഡോക്ടര്‍ എം ഗംഗാധരന്‍ കഴിഞ്ഞ ലക്കം മാതൃഭൂമിയില്‍ “മലബാര്‍ കലാപം ആഘോഷിക്കരുത് “ എന്ന തലക്കെട്ടില്‍ ആധികാരികമായ ഒരു ലേഖനം എഴുതി വെച്ചിട്ടുണ്ട് . മലബാര്‍ കലാപം ആഘോഷിക്കാന്‍ മാത്രം അഭിമാനകരമായി ഒന്നുമില്ലെന്നും മറിച്ച് അപമാന കരമായ പല സംഗതികളും ഉണ്ടായിട്ടുണ്ട് എന്ന് അദ്ദേഹം കാര്യ കാരണ സഹിതം വിശദീകരിക്കുന്നു . ഇപ്പൊഴെങ്കിലും ഇതൊക്കെ ഒന്നു പുറത്തു പറഞ്ഞു തുടങ്ങുന്നല്ലോ എന്നത് ശുഭോദര്‍ക്കമായ സംഗതി ആണ് .

  ReplyDelete
 11. @ ആരിഫ് സെയിന്‍ - ആ രണ്ടു പുസ്തകങ്ങളില്‍ നിന്നും ചില വസ്തുതകള്‍ എടുത്തു എന്നല്ലാതെ അതല്ല ഈ പോസ്റ്റിന്റെ നിദാനം .സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ “ എന്നത് നാട്കീയ ആഖ്യാനമുള്ള വസ്തുതാ പ്രഖ്യാപനങ്ങളാണ് , അതിലെ നാടകീയത വായനാ രസമൊരുക്കുന്നു അതിലപ്പുറം വസ്തുതകള്‍ ആധികാരികവും വാസ്തവത്തോടു ഏറ്റവും അടുത്തു നില്‍ക്കുന്നവയുമാണ് അതിനെ നമ്മളെന്തിന് നിഷേധിക്കണം . ശേഷാദ്രിയുടെ “വിഭജനത്തിന്റെ ദുഖ കഥ “ ഒരു ടിപ്പിക്കല്‍ ആര്‍ എസ് എസുകാരന്റെ ജല്പനങ്ങള്‍ തന്നെയാണ് പക്ഷെ അതില്‍ സാധാരണ അജണ്ടാ കൃതികളില്‍ നിന്നു വ്യത്യസ്ഥമായി നിരവധി കൃതികളുടെ റെഫറന്‍സും ഉദ്ധരണികളും കൃത്യമായ പേജ് നമ്പറോട് കൂടി വിവരിച്ചിട്ടുണ്ട് .265 പേജ് വരുന്ന ഈ പുസ്തകത്തില്‍ ഇങ്ങനെ വ്യത്യസ്ത കൃതികളില്‍ നിന്നുമായി നൂറിലേറെ ഉദ്ധരണികള്‍ ഉണ്ട് -അത് വളരെ ആധികാരികവുമാണ് .നമുക്കു സംഘ പരിവാറിന്റെ കണ്ണട മാറ്റി വെച്ച് വസ്തുതകള്‍ എടുക്കാമല്ലൊ . കൊള്ളാവുന്നതു ലീഗുകാര് പറഞ്ഞാ പോലും തള്ളിക്കളയേണ്ട കാര്യമില്ല .


  കഥ വായിച്ചു , നന്നായിട്ടുണ്ട് തര്‍ജ്ജമയും കഥയുടെ ഇതിവൃത്തവും .

  ReplyDelete
 12. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകം എന്റെ പ്രിയപ്പെട്ടവയില്‍ ഒന്നാണ്. അത് മൌന്റ്റ്‌ ബാറ്റനെ വെള്ള പൂശാന്‍ വേണ്ടി എഴുതിയതാണെന്ന് ഞാന്‍ കരുതുന്നില്ല. ഒരു പുസ്തകം വായനക്കാരന് അരോചകമാകാതിരിക്കാന്‍ വേണ്ടി ചില പൊടിക്കൈകള്‍ ഉണ്ടാവാം എങ്കിലും.

  താങ്കള്‍ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകം ഈ രചനക്ക് വേണ്ടി അധികം റെഫര്‍ ചെയ്തിട്ടില്ല എന്ന് പറയേണ്ടി വരും.കാരണം അതില്‍ പറയുന്നത് (new edition-english- പേജ് 128 -129 ) സിരകളില്‍ പാക്കിസ്ഥാന്‍ എന്ന സ്വപ്നം മാത്രം ഉള്ള ഒറ്റയ്ക്ക് ഒരു മാന്ഷനില്‍ താമസിക്കുന്ന, മൂന്നു വര്ഷം മാത്രം ആയുസ് ഉള്ളു എന്ന കാര്യം മറച്ചു വെച്ച് അധികാരം സ്വന്തമാക്കാന്‍ വേണ്ടി കൊതിച്ച ഒരാളാണ്. വിഭജനം മൂലം ഉണ്ടായേക്കാവുന്ന ബ്ലഡ് ഷെഡ്‌ കണക്കാക്കാതെ ഫലഫൂയിഷ്ടമായ ചില പ്രോവിന്സുകള്‍ കൂട്ടിച്ചേര്‍ത്തു ഒരു രാജ്യമാക്കാന്‍ പിടിവാശി കാണിച്ച ഈ മനുഷ്യനെ ആണോ ഒരു ഫോര്ഗോട്ടന്‍ ഹീറോ എന്ന പേരില്‍ അവതരിപ്പിക്കാന്‍ താങ്കള്‍ ശ്രമിക്കുന്നത് ?


  ജിന്നയുടെ സംഭാവന ഒന്നേ ഉള്ളു. രാജ്യത്തെ വിഭജിച്ചതില്‍ ഒരു പ്രധാന പങ്കു.. മഹാത്മാവ് വിഭാവനം ചെയ്ത ഏക ഭാരതം എന്ന സ്വപ്നം തകര്‍ക്കാന്‍ ഏറ്റവും വലിയ കാരണക്കാരന്‍ ഈ വ്യക്തി ആയിരുന്നു എന്നാണ് ഇന്നേ വരെ ഉള്ള വായനയില്‍ നിന്നും എനിക്ക് തോന്നിയത്.

  ReplyDelete
 13. @അലിഫ് - നിങ്ങള്‍ പറഞ്ഞ അതേ കാരണങ്ങളൊക്കെ തന്നെയാണ് ഞാന്‍ അദ്ദേഹത്തെ ഒരു ഹീറോ ആയി കരുതാന്‍ കാരണം . മതബോധമില്ലാത്ത ദേശീയ മുസ്ലീമായിരുന്നു , ഈ ലോകത്തു മദ്യപിച്ചാല്‍ പരലോകത്തു ചെന്നാല്‍ കള്ളും പെണ്ണും കിട്ടില്ലെന്നു വിശ്വസിക്കാതെ ജീവിച്ച ഒരു ഡീസന്റ് മനുഷ്യനായിരുന്നു .:) .

  ReplyDelete
 14. @വില്ലേജ് മാന്‍ - സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന കൃതിയല്ല ഈ പോസ്റ്റിനു നിദാനം .അതൊരു വായനക്കായി റെഫര്‍ ചെയ്തെന്നെ ഉള്ളൂ സ്വാതന്ത്ര്യ ദിനമൊക്കെ അല്ലെ ,,,ഇരിക്കട്ടും :) . അപ്പോള്‍ പറഞ്ഞു വന്ന സംഗതി ദ്വിരാഷ്ട്ര വാദത്തിന്റെ ഉപജ്ഞാതാവാണ് ജിന്ന എന്നു അല്ലെ .

  1905 ലെ ബംഗാള്‍ വിഭജനം മുസ്ലീങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും വേറിട്ട ഒരു രാജ്യമെന്ന ആശയത്തിനു അടിത്തറ പാകിയ സംഭവമാണ് പക്ഷെ ബംഗാള്‍ 1911 ല്‍ റദ്ദ് ചെയ്തതോടെ അത് ലീഗിനെ സംബന്ധിച്ചിടത്തോളം വല്ലാത്ത തിരിച്ചടിയായിരുന്നു .അതിനെ കുറിച്ച് ദ്വിരാഷ്ട്ര വാദത്തെ പിന്തുണച്ചിരുന്ന മുസ്ലീങ്ങളുടെ ആത്മീയാചാര്യനായ ആഗാ ഖാന്റെ Memoirs of Aga khan [പേജ് 94 .] എന്ന കൃതിയില്‍ പറയുന്നു - വാസ്തവത്തില്‍ ബംഗാള്‍ വിഭജനത്തിന്റെ കാര്യത്തില്‍ ആരായിരുന്നു നമ്മുടെ കടുത്ത എതിരാളി ? .ബോംബെയില്‍ അഭിഭാഷക വൃത്തി പ്രശസ്തനായ മുസ്ലീം ബാരിസ്റ്റര്‍ മുഹമ്മദ് ആലി ജിന്ന .ആ കാലഘട്ടത്തില്‍ ഞാനും സുഹൃത്തുക്കളും ചെയ്തിരുന്ന കാര്യങ്ങളെയെല്ലാം അദ്ദേഹം ശക്തിയായി എതിര്‍ത്തു .പ്രത്യേക സമ്മതി ദാനാവകാശമെന്ന ഞങ്ങളുടെ തത്വം രാഷ്ട്രത്തെ അതിനെതിരായി തന്നെ വിഭജിക്കയാണ് എന്നദ്ദേഹം വാദിച്ചു “

  പ്രത്യേക സമ്മതി ദാനാവകാശമെന്ന തത്വം ഫലത്തില്‍ ഒരു രാജ്യത്തില്‍ തന്നെ രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന നടപടിയായിരുന്നു .ജിന്ന അത്തരം സമുദായ പ്രീണനങ്ങളെ അനുകൂലിച്ചിരുന്നില്ല എന്നു മാത്രമല്ല വിശാലമായ ദേശീയ താല്പര്യങ്ങളില്‍ ഇത്തരം നീക്കങ്ങള്‍ ഭീഷണി സൃഷ്ടിക്കുമെന്നും അദ്ദേഹം കരുതി അതു കൊണ്ടാണ് 1919 - ല്‍ ഇന്‍ഡ്യാ റിഫോംസ് ബില്ലിനെപ്പറ്റി സംയുക്ത പാര്‍ല്യമെന്ററി സെലക്റ്റ് കമ്മിറ്റിക്കു ഇതേ നിലപാട് തന്നെയാണ് അദ്ദേഹം കൈക്കൊണ്ടത് - താന്‍ ഒരു ദേശീയ വാദിയായ ഇന്‍ഡ്യക്കാരനെന്ന , നിലക്ക് മുസ്ലീങ്ങള്‍ക്ക് പ്രത്യേക സാമുദായിക പ്രാതിനിധ്യം നല്‍കുന്നത് വേഗം നിര്‍ത്തല്‍ ചെയ്ത് ദേശീയ ജീവിതത്തില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വര്‍ഗ്ഗീയ ധ്രുവീകരണം ഇല്ലായ്മ ചെയ്യുന്നതിലാണ് തന്റെ സന്തോഷമെന്നു അദ്ദേഹം പറഞ്ഞു .

  പക്ഷെ കോണ്‍ ഗ്രസ്സ് ഇന്നത്തെ പോലെ തന്നെ മത പ്രീണനത്തിലൂടെയാണ് ആ പ്രസ്ഥാനം വളര്‍ത്താന്‍ ശ്രമിച്ചത് - ദേശീയ വാദികളായ ജിന്നയെ പോലെയുള്ള മുസ്ലീങ്ങളെ അവഗണിച്ചു കൊണ്ട് മത മൌലിക വാദികളായ മുസ്ലീം നേതാക്കളെ മുസ്ലീം ജനതയെ പ്രതിനിധീകരിക്കുന്നതിനു വേണ്ടി ഉയര്‍ത്തിക്കൊണ്ടു വരികയാണ് ചെയ്തത് .അതിന്റെ ഉത്തമ ഉദാഹരണമാണ് ഖിലാഫത്ത് പ്രസ്ഥാനം . സങ്കുചിത മത ബോധത്തിന്റെ മാത്രം ഉല്‍പ്പന്നമായ ഖിലാഫത്ത് പ്രസ്ഥാനത്തെ രാജ്യത്തെ മുസ്ലീം മത വിശ്വാസികളുടെ വലിയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ട് വരികയും ഖിലാഫത്ത് പ്രസ്ഥാനത്തെ എതിര്‍ത്ത ജിന്നയെപോലെയുള്ള ദേശീയ നേതാക്കളെ അവഗണിക്കുകയുമായിരുന്നു .

  ദ്വിരാഷ്ട്ര വാദം ജിന്നയില്‍ നിന്നുടലെടുത്തതാണ് എന്നതൊക്കെ ഒരു സങ്കല്പമാണ് .മുഹമ്മദ് ആലി ജിന്ന ഒരു സ്വതന്ത്ര ഇസ്ലാം രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിനു ഏറെ മുമ്പു തന്നെ വളരെ വ്യക്തമായ വര്‍ഗ്ഗീയ ധ്രുവീകരണം ഭാരതത്തില്‍ സംഭവിച്ചു കഴിഞ്ഞിരുന്നു .വഹാബി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഫലമായി - വഹാബിസത്തിന്റെ പ്രധാന നിലപാട് തന്നെ ഇസ്ലാമിക മൌലികത ആണ് - വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ ആരംഭങ്ങള്‍ ഉണ്ടായിരുന്നു , ഹിന്ദു മഹാ സഭയും ഹിന്ദുക്കള്‍ മാത്രമടങ്ങുന്ന ഒരു ഹിന്ദു രാഷ്ടത്തെക്കുറിച്ചൊക്കെ ബോധവല്‍ക്കരിച്ചു കൊണ്ടിരുന്നു , അതിന് ശക്തി പകരാന്‍ ബ്രിട്ടീഷ് ഭരണവും ആവുമ്പോലെ ശ്രമിച്ചു , അതിന്റെ ഫലമാണല്ലോ “1905 ലെ ബംഗാള്‍ വിഭജനം .

  ReplyDelete
 15. ഇന്ത്യാ വിഭജനം വലിയ ദുഖകരമായ സംഗതിയാകുന്നതു ശരിയായ ആസൂത്രണമോ നിലപാടോ രൂപീകരിക്കാതെ പെട്ടെന്നു നടത്തിയ വൈകാരിക വിക്ഷോഭത്തിന്റെ ഫലമായുണ്ടായ പലായനങ്ങളും കൂട്ടക്കൊലകളും കൊണ്ട് മാത്രമാണ് , വിഭജനം അനിവാര്യമായ ഒരു സംഗതി തന്നെയായിരുന്നു അല്ലെന്നൊക്കെ കരുതുന്നത് മൌഡ്യമാണ് - പരസ്പരം വെട്ടിക്കീറാനും കൊന്നു കൊല വിളിക്കാനു തുനിഞ്ഞിറങ്ങിയ ഒരു ജനതയെ ഒരേ രാജ്യത്തിനു കീഴില്‍ അണി നിരത്താമെന്നതു കാല്പനികതയാണ് ഒരുമിച്ചു കഴിയാന്‍ പറ്റാത്ത വിധം വെറുപ്പും വിദ്വേഷവും വെച്ചു പുലര്‍ത്തിയിരുന്ന രണ്ടു ജനതയെ ആസൂത്രിതമായ രീതിയില്‍ രണ്ട് രാജ്യങ്ങളാക്കുകയായിരുന്നു വേണ്ടത് .അമിത വൈകാരികതക്കപ്പുറം യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാണ് അത്തരം നിര്‍ണ്ണായക ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടത് . പാക്കിസ്ഥാന്‍ രൂപീകരണം സംഭവിച്ചില്ലായിരുന്നെങ്കില്‍ പ്രാദേശിക അടിസ്ഥാനത്തില്‍ നിരവധി നാട്ടു രാജ്യങ്ങള്‍ ചേര്‍ന്ന പഴയ ആ “ഭാരതം “ തന്നെയായി തീരുമായിരുന്നു - കാരണം നൈസാമിന്റെ ഹൈദരാബാദും , തമിഴ് ദേശീയതയും , തെലുങ്കാനയും , സര്‍ സി പി യുടെ തിരുവിതാം കൂറും കാശ്മീരും പിന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും എല്ലാം സ്വതന്ത്രമായ ഒരു ഭരണാവകാശത്തിനു ആഗ്രഹിച്ചിരുന്നു - അതിനു പിന്തുണ കൊടുക്കാന്‍ പാക്കിസ്ഥാന്‍ വിഘടന വാദത്തിന്റെ വക്താക്കള്‍ ശ്രമിച്ചിരുന്നതുമാണ് . വിഭജനം ഒരു അനിവാര്യതയായിരുന്നു - അതിനു കാരണം ഏതെങ്കിലും ഒരു നേതാവല്ല രണ്ടു മതങ്ങളായിരുന്നു , അതില്‍ മൌലികമായി വിശ്വസിച്ചിരുന്ന രണ്ട ജനതയായിരുന്നു - ജനങ്ങളെല്ലാം സര്‍വ്വമത സാഹോദര്യത്തില്‍ വിശ്വസിക്കുന്ന നിരപരാധികളും നേതാക്കള്‍ മാത്രം വില്ലന്മാരുമാകുന്നതൊന്നും യുക്തിക്കു യോജിച്ചതല്ല .

  ReplyDelete
 16. ഇന്ത്യാ വിഭജന സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ പാക്കിസ്ഥാൻ മുസ്ലീം രാഷ്ട്രം രൂപീകരിച്ചപ്പോൾ ഹിന്ദു ഭൂരിപക്ഷമുള്ള ഇന്ത്യ അത് പിന്തുടരാതിരുന്നതാണ് ഏറ്റവും വലിയ വിഢിത്തമായതെന്നു തോന്നിപ്പോകുന്നു പാക്കിസ്ഥാന്റെ ചില നിലപാടുകൾ കാണുമ്പോൾ.

  ReplyDelete
 17. "വിഭജനം ഒരു അനിവാര്യതയായിരുന്നു - അതിനു കാരണം ഏതെങ്കിലും ഒരു നേതാവല്ല രണ്ടു മതങ്ങളായിരുന്നു , അതില്‍ മൌലികമായി വിശ്വസിച്ചിരുന്ന രണ്ട ജനതയായിരുന്നു - ജനങ്ങളെല്ലാം സര്‍വ്വമത സാഹോദര്യത്തില്‍ വിശ്വസിക്കുന്ന നിരപരാധികളും നേതാക്കള്‍ മാത്രം വില്ലന്മാരുമാകുന്നതൊന്നും യുക്തിക്കു യോജിച്ചതല്ല . "

  ഈ ചിന്തകള്‍ എന്റേത് കൂടി എന്നും അറിയക്കട്ടെ ... സത്യം തുറന്നു പറയുന്നവരോട് വാസുവിന് എന്നും മതിപ്പുണ്ട് ..അവരോടു മാത്രമേ മതിപ്പുള്ളൂ .. !അഭിവാദ്യങ്ങള്‍ !

  ReplyDelete
 18. ചരിത്രം പുനര്‍വായന നടത്തിയാല്‍ മനസ്സിലാകുക അധികാര മോഹം കാട്ടിയത് ശരിക്കും നെഹ്രു തന്നെയല്ലേ! “ജനാധിപത്യ” രീതിയിലെങ്കില്‍ നെഹ്രുവിന് പകരം പട്ടേലല്ലെ ശരിക്കും പ്രധാനമന്ത്രിയാകേണ്ടിയിരുന്നത്!

  ഗാന്ധിയോട് എതിര്‍പ്പുണ്ടായിരുന്നിട്ടും നെഹ്രു ഗാന്ധിക്ക് പുറകില്‍ തന്നെയായിരുന്നു. എന്നാല്‍ 1942ന് ശേഷം ഗാന്ധിയെ സൈഡ് ലൈന്‍ ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്. അത് വരെ ഒരണ മെമ്പര്‍ പോലുമല്ലാത്ത ഗാന്ധിയുടെ വാക്കുകളായിരുന്നു കോണ്‍ഗ്രസ്സിന് വേദ വാക്യം എന്നാല്‍ ഇന്ത്യ വിഭജിക്കരുതെന്ന ഗാന്ധിയുടെ ആഗ്രഹം നെഹ്രുവും കൂട്ടരും തള്ളി കളയുന്നു.

  ഖിലാഫത്ത് പ്രശ്നത്തില്‍ ജിന്ന ഗാന്ധിക്ക് താക്കീത് കൊടുക്കുന്നുണ്ട്. ഗാന്ധിക്ക് പറ്റിയ വലിയ തെറ്റായിരുന്നു അത് എന്ന് പിന്നീട് ജിന്ന തന്നെ തെളിയിച്ചു.ഒടുവില്‍ ജിന്നയെ കൊണ്ട് ചെന്ന് എത്തിക്കുന്നത് ജിന്ന താക്കീത് ചെയ്ത സംഭവത്തില്‍ തന്നെയാണ്!

  വിഭജിച്ച ഇന്ത്യ തന്നെയായിരുന്നു ബ്രിട്ടണും അമേരിക്കയും മറ്റും ആഗ്രഹിച്ചിരുന്നതും. പട്ടേലിന്റെ കൈ കരുത്തില്‍ ഇന്ത്യ വീണ്ടും വിഭജിക്കപ്പെടാതെ രക്ഷപ്പെട്ടു എന്നത് തന്നെ ഇന്ത്യ രണ്ട് മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടണമായിരുന്നു എന്ന വാദം തെറ്റാകും എന്ന് തോന്നുന്നു.

  അധികാര കൊതിയുടെ തിക്ത ഫലം തന്നെയാണ് ഇന്ത്യ വിഭജനത്തിന് കാരണം. അത് പക്ഷേ ആരുടെ അധികാര കൊതി എന്നതിലേ തര്‍ക്കമുള്ളൂ!

  ReplyDelete
 19. ഇതുവരെ അറിഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ-വിഭജന വിഷയത്തിൽ, ഇനിയും അറിയപ്പെടാത്ത വസ്തുതകൾ ഉണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.
  അതിൽ പ്രധാനമായി ഒരു ഇസ്ലാമിക രാഷ്ട്രം ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉണ്ടാക്കണം എന്ന കാര്യത്തിൽ പാക്കിസ്ഥാൻ ഭാഗത്ത് ഉണ്ടായിരുന്ന നേതാക്കളുടെ ആഗ്രഹമായിരുന്നു. അവരുടെയും പാശ്ചാത്യരുടെയും അതിലും മുന്നിട്ടു നിൽക്കുന്ന അജണ്ടയായിരുന്നു, ഹൈന്ദവ സംസ്കാരം നശിപ്പിക്കുക എന്നത്. മെക്കാളെയുടെ വിദ്യഭ്യാസ നയം തന്നെ അതിന്റെ മുന്നോടിയായിരുന്നു. ഇസ്ലാമിക അധിനിവേശം ഉണ്ടായ എല്ലാ രാജ്യങ്ങളിലും ആ സംസ്കാരം നിലനിർത്താൻ അവർക്ക് കഴിഞ്ഞു. 10 നൂറ്റാണ്ടോളം ഇന്ത്യ ഭരിച്ചിട്ടും ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കാൻ അവർക്ക് കഴിഞ്ഞില്ല. അത് ഇന്നും താലിബാനിസക്കാർക്ക് ഒരു തലവേദനയാണ്. അതു തന്നെയാണ് ഇന്ത്യയെ നശിപ്പിക്കുന്ന വിധ്വംസക പ്രവർത്തികളുടെ ഹിഡൻ അജണ്ട.

  സ്വാതന്ത്ര്യസമരത്തിലെ പ്രധാന നേതാക്കളെല്ലാം പലപ്പോഴും ജയിലിലായിരിക്കുമ്പോൾ ജിന്ന സ്വതന്ത്രനായിരുന്നു. അത് ജിന്നക്ക് ഇസ്ലാമികരാഷ്ട്രത്തിനുവേണ്ടിയുള്ള കരുനീക്കങ്ങൾക്ക് ബ്രിട്ടീഷുകാരുമായി ഒരുമിച്ച് ആലോചിക്കാനും പ്രവർത്തിക്കാനും വഴിയൊരുക്കി.

  1885-ൽ എ.ഒ.ഹ്യും എന്ന ബ്രിട്ടിഷുകാരനാണ് കോൺഗ്രസ് എന്ന സംഘടന രൂപീകരിച്ചത്. അതിനും 10 വർഷം മുമ്പ് 1875ൽ ആര്യസമാജം സ്ഥാപിച്ചിരുന്നു. സ്വാഭാവികമായും അക്കാലത്ത് കോൺ‌ഗ്രസ്സിനെ പ്രധാന പ്രവർത്തകർ ആര്യസമാജക്കാരായിരുന്നു. 1916 ലാണ് ഗാന്ധിജി കോൺ‌ഗ്രസ്സിലെത്തുന്നത്. 1926-ൽ സ്വാമി ശ്രദ്ധാനന്ദന്റെ രക്തസാക്ഷിത്വത്തോടെ ആര്യസമാജം കോൺ‌ഗ്രസ്സിൽ നിന്നും അകന്നു തുടങ്ങി. അതായിരുന്നു ബ്രിട്ടിഷുകാർ ആഗ്രഹിച്ചതും. റഷീദ് എന്ന സ്വാതന്ത്ര്യ സമരനായകനു നൽകിയ ആനുകൂല്യം ഗാന്ധിജി ഭഗദ്സിംഗിനു നൽകിയില്ല. അതിനാൽ ഹിന്ദുമഹാസഭയും കമ്മ്യൂണിസ്റ്റു പാർട്ടിയും കോൺ‌ഗ്രസ്സിൽ നിന്നും അകന്നു. അങ്ങിനെ ആര്യസമാജപ്രവർത്തനങ്ങളെ മന്ദീഭവിപ്പിക്കുവാനുള്ള എ.ഒ.ഹ്യുമിന്റെ സ്വപ്നം സഫലമായി.

  ഇങ്ങനെയുള്ള നിരവധി കുതന്ത്രങ്ങളുടെ പരിസമാപ്തിയായിരുന്നു, സ്വതന്ത്ര ഇന്ത്യയുടെ ഭരണം കോൺ‌ഗ്രസ്സ് പാർട്ടിക്കുമാത്രം ബ്രിട്ടിഷുകാർ നൽകിയത്. ഹിന്ദുമഹാസഭയോ കമ്മ്യൂണിസ്റ്റ് പാർട്ടിയോ മറ്റ് രാഷ്ട്രീയകക്ഷികളോ മതത്തെ അടിസ്ഥാനപ്പെടുത്തി ഭാരതത്തെ വെട്ടിമുറിക്കുന്നത് അംഗീകരിച്ചിരുന്നില്ല. ബ്രിട്ടീഷ് കോമൺ‌വെൽത്ത് രാജ്യം എന്ന പദവി കോൺഗ്രസ്സിന് സ്വീകാര്യമായിരുന്നു. ഡൊമിനിയൻ സ്റ്റാറ്റസ് എന്ന പദവിയിലൊളിപ്പിച്ചു വെച്ച എല്ലാ കരട് നിർദ്ദേശങ്ങളും കോൺ‌ഗ്രസ്സ് അംഗീകരിച്ചു.

  ReplyDelete
 20. ആതിഷ് റ്റസ്റ്റീർ പറയുന്നത് ഇങ്ങനെ :

  “ഇന്ത്യൻ മുസ്ലീമുകൾക്ക് രാഷ്ട്രീയ ധാർമ്മിക അന്തഃസത്തയുള്ള ഒരു മുസ്ലീം രാഷ്ട്രത്തിന്റെ ആവശ്യകത 1930ൽ ആൾ ഇന്ത്യ മുസ്ലീം ലീഗിന്റെ ഒരു സമ്മേളനത്തിൽ മുഹമ്മദ് ഇഖ്‌ബാൽ ഊന്നിപ്പറഞ്ഞു.”

  ലേഖനം ഇവിടെ വായിക്കുക.

  ReplyDelete
 21. താങ്കള്‍ വളരെ വ്യക്തമായി വിവരിച്ചു
  വിഭചനം ഒരിക്കലും പാടില്ല എന്ന് പറഞ്ഞ മഹാത്മാവ് ചിലപ്പോള്‍ ഉണ്ടായിരുനെങ്കിലും ഇതു തന്നെയാണ് സമ്പവിക്കുക ,കാരണം ഒരിക്കലും അത്തരം ഒരു സാഹചര്യം മുന്‍ നിര്‍ത്തി ഇന്ത്യ എന്നാ രാജ്യം മുന്നോട്ട് പോകില്ല എനത് നെഹ്റുവിന് പോലും വളരെ ക്ലിയറായി അറിയാമായിരുന്നു
  ആശംസകള്‍

  ReplyDelete
 22. @vishnu-ഖിലാഫത്ത് തുടങ്ങാന്‍ കാരണം തുര്‍ക്കി ഖലീഫയുമായി ബ്രിട്ടനുണ്ടായ പ്രശനം തന്നെയാണ് എന്നാണ് ഞാനും പഠിച്ചിട്ടുള്ളത് - ആയിരിക്കാം
  പക്ഷെ ഇവിടെ മുസ്ലിം സമൂഹം ഉണ്ടായതിനു ശേഷം ഇവിടേയ്ക്ക് വരുന്ന ഏതൊരു വിദേശ ശക്തിയോടും പോരാടാന്‍ ആ സമൂഹവും ഉണ്ടായിരുന്നു --- കുഞ്ഞാലി മരക്കാന്മാര്‍, വെളിയങ്കോട് ഉമാര്ഖാളി, സൈനുദ്ധീന്‍ മക്തൂമാര്‍ തുടങ്ങീ മലബാറിലെ ഒട്ടുമിക്ക ആളുകളും അതിനു നേതൃത്വം കൊടുത്തവര്‍ ആണ് - ഉമര്‍ ഖാളിയെ കരം കൊടുക്കരുത് എന്ന് പ്രഖ്യാപിച്ചതിനു
  നിരവധി തവണ വെള്ളക്കാര്‍ ജയിലില്‍ ആക്കിയിട്ടുണ്ട് [ അതുമായി ബന്ധപെട്ടു ജയിലില്‍ നിന്നും രക്ഷപെടുന്ന - വിശ്വാസപരമായ കഥകള്‍ ഇന്നും ഉണ്ട് ]
  ഏറ്റവും വല്യ ഉദാഹരണം സൈനുദ്ധീന്‍ മക്തും എഴുതിയ തുഹ്ഫതുല്‍ മുജാഹിദീന്‍ എന്നൊരു ഗ്രന്ഥം ഉണ്ട് - ഇത് ഒട്ടുമിക്ക ചരിത്ര്കാരമാരും ആധികര്കമായി
  സമ്മതിക്കുന്നടും ചരിതം രചിക്കാന്‍ ഉപയോഗിക്കുന്നതുമായ ഒരു പുസ്തകം ആണ് - അതിനകത് അദ്ദേഹം സാമൂതിരി രാജ്യത്തിന് വേണ്ടി പറങ്കികേള്ക്കെതിരെ പോരാടാന്‍ മുസ്ലിം ജനതയോട് ആഹ്വാനം ചെയ്യുന്നുണ്ട് - അത് ജിഹാദ് ആണെന്നും ശഹീദിന്റെ കൂലി [ സ്വര്‍ഗം കിട്ടും എന്നാ വിശ്വാസം ] കിട്ടുമെന്നും പ്രസ്താവിക്കുന്നു - സാമൂതിരി തികച്ചും ഹൈന്ദവന്‍ ആയ ,ഹൈന്ദവ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന രാജ്യത്തിന്റെ രാജാവ് ആണെന്ന് വ്യക്തവുമാണ്.
  ഇവിടെ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ തികച്ചും തെറ്റായ പല പ്രവണതകളും കാണാം - മതമാറ്റം ഉണ്ടായിട്ടുണ്ട് അതില്‍ ഭൂരിപക്ഷവും അവര്‍ണര്‍സവര്‍ണന്റെ ക്രൂരത് സഹിക്കാന്‍ വയ്യാതെ മാറിയതല്ലേ-
  കൂടാതെ 1921 നു ശേഷം ആണ് മുസ്ലിം സമൂഹത്തില്‍ ജമാഹ്ത് . മുജാഹിദ് പ്രസ്ഥാങ്ങള്‍ ഉടലെടുക്കുന്നത് ഇവക്കു ഭൂരിപക്ഷം വരുന്ന സുന്നി മുസ്ലിങ്ങളെ പോലെ - ഇവിടത്തെ സംസ്കാരത്തില്‍ ഉള്കൊണ്ടുള്ള ഒരു ജീവിത വീക്ഷണം ആയിരുന്നില്ല അത് കൊണ്ട് അത്തരം പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ ഈ സംഭവത്തിനു കളങ്കംവരുത്തിയിട്ടുണ്ട്. -പിന്നെ മാപ്പിള ലഹള തുടങ്ങിയപ്പോള്‍ കൊള്ളകള്‍ ഉണ്ടായിട്ടുണ്ട് അത് ഏതൊരു കലാപത്തില്‍ ഉണ്ടാവുന്ന സ്വാഭാവിക സംഭവം അല്ലെ ഇല്ലാത്തവനു [അന്ന് പ്രതേകി]ച്ചു സമ്പത്ത്‌ കാണുമ്പോള്‍ ഉള്ള ആക്രാന്തം. ഒപ്പം മരണമടഞ്ഞ നിരപരാധികളെ കുറിച്ച് സഹതാപവും ഉണ്ട് -
  ഖിലാഫത്ത് തുടങ്ങുന്നതിനു മുന്‍പും കേരളത്തിലെ ചില നാട് വഴികള്‍ ബ്രിടീഷുകരുമായി ടൈ അപ്പ്‌ ആയിരിക്കുമ്പോഴും മലബാറില്‍ മുസ്ലിം പ്രമാണിമാരും, മത നേതൃത്വവും അവരെ അനുസരിക്കുന്ന ജനങ്ങളും വെള്ളക്കാരുമായി എന്നും ശത്രുതയില്‍ ആയിരുന്നു. അതിനു ഒരു ഏകീകരണ സ്വഭാവം ഉണ്ടാക്കി എന്നതാണ് ഖിലാഫത്തിന്റെ സവിശേഷത - ചരിത്രത്തിന്റെ ചവറ്റു കോട്ടയിലേക്ക് വലിച്ചെറിയുമ്പോള്‍ വെള്ളകാര്‍ക്കെതിരെ പോരാടിയാതിനാല്‍ തീവണ്ടിക്കുള്ളില്‍ ശ്വാസം കിട്ടാതെ മരിച്ച മരിച്ച ഒരു ജനതയെ എങ്കിലും ഓര്‍ക്കുന്നത് നന്നായിരിക്കും

  ReplyDelete
 23. "Direct action day" പോലുള്ള വിഷമകരമായ കാര്യങ്ങളെ സൌകര്യപ്രദമായി ഒളിപ്പിച്ചു വെച്ച് ജിന്നയ്ക്ക് മഹത്വം ദര്ഷിക്കുമ്പോള്‍ ഹ കഷ്ടം ഇത്രമാത്ര താഴരുത്.

  ReplyDelete
 24. @ഷംസു കുമ്പിടി - ഞാന്‍ ആദ്യമേ പറഞ്ഞല്ലോ ഖിലാഫത്ത് പ്രസ്ഥാനം കൊണ്ട് ഉള്‍ വലിഞ്ഞു നിന്നിരുന്ന ഒരു പറ്റം മുസ്ലീം മത മൌലികക്കാരെ ദേശീയ ധാരയിലേക്കു കൊണ്ടു വരാനും അതു പോലെ തന്നെ അതു വരെ ശത്രുതയിലായിരുന്ന ഹിന്ദുക്കളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിലൂടെ ഹിന്ദു - മുസ്ലീം മൈത്രിയും ഉണ്ടായി -അതു ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ ഉണര്‍വ്വാണ് - സമ്മതിക്കുന്നു .

  പക്ഷെ എന്താണങ്ങനെയൊരു ഖിലാഫത്തിന്റെ ആവശ്യം ? സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് മറ്റേതോ രാജ്യത്തെ ആത്മീയ നേതാവിനോട് ചെയ്ത യുദ്ധ ഉടമ്പടി വേണ്ടി വന്നുവെന്നു പറഞ്ഞാല്‍ അതിന്റെ പരിതാപകരമായ നീതിയോര്‍ത്തു ലജ്ജിക്കുന്നതിനു പകരം ഇന്നും വലിയ മഹത്വമായി വ്യാഖ്യാനിക്കപ്പെടുന്നതു എത്ര മാത്രം അനീതിയാണ് .അതു വരെ എല്ലാ കാര്യങ്ങളിലും ഹിന്ദു വിരോധം വെച്ചു പുലര്‍ത്തിയിരുന്ന ഇസ്ലാം മത മൌലിക വാദികള്‍ ഖലിഫയുടെ പ്രശ്നത്തില്‍ ബ്രിട്ടീഷുകാരോട് എതിരിടാന്‍ വേണ്ടി മാത്രം കൃത്രിമമായ ഒരു മൈത്രി സൃഷ്ടിച്ചുവെങ്കില്‍ അതിന്റെ പേരെന്താണ് ?

  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ദേശീയ ധാരയില്‍ ഖിലാഫത്തിനു മുമ്പു തന്നെ ഒരു പാട് മുസ്ലീം നേതാക്കന്മാരും അനുയായികളും ഉണ്ടായിരുന്നു , മത നിരപേക്ഷരായ ദേശീയ് വീക്ഷണമുള്ള ആളുകള്‍ - അവരെ അപമാനിക്കുന്നതിനു തുല്യമല്ലെ ഈ പ്രസ്ഥാനം .

  എല്ലാ കലാപവും പോലെ തന്നെ വെറുമൊരു കലാപം തന്നെയാണ് മാപ്പിള കലാപം എന്നു തന്നെയാണ് ഞാനും പറയുന്നത് .ഗോധ്ര സംഭവത്തില് ട്രെയിനിലിട്ട് 58 കര്‍ സേവകരെ ചുട്ടു കരിച്ച ബലിദാന്‍ കഥ നാളെ വലിയ പ്രാധാന്യത്തോടെ പ്രഖ്യാപിക്കപ്പെട്ടാലും നമുക്കതു സമ്മതിച്ചു കൊടുക്കേണ്ടി വരും - വാഗണ്‍ ട്രാജഡി ഒരു ദുരന്തം തന്നെയാണ് അല്ലെന്നാരും പറഞ്ഞിട്ടില്ല - മാപ്പിള കലാപം ഒരു കലാപമാണ് അത് ആഘോഷിക്കപ്പെടാന്‍ മാത്രം ഒന്നുമില്ല .

  ReplyDelete
 25. കലാപത്തിന്റെ മറവില്‍ സമ്പന്നരായ അന്യ മതക്കാരെ കൊള്ളയടിക്കുന്നതും അവരെ ഉന്മൂലനം ചെയ്യുന്നതും വലിയ പുതുമയുള്ള കാര്യമല്ല - എല്ലാ കലാ‍പങ്ങളിലും അങ്ങനെ ഒക്കെ തന്നെ ആണ് നടക്കുന്നത് . മാപ്പിള കലാപം സമ്പന്നരായ ഹിന്ദു ജന്മികളെ മാത്രമാണ് ആക്രമിച്ചതെന്നൊക്കെയുള്ളത് തെറ്റായ ചരിത്രം തന്നെയാണ് ഇതര മതസ്ഥരെ സൌകര്യം പോലെ ആക്രമിക്കാനും മതം മാറ്റാനും ആ സംഭവം കൊണ്ട് സാധിച്ചിട്ടുണ്ട് .

  എസ് കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയിലെ ഒരധ്യായത്തില്‍ മാപ്പിള ലഹളക്കാരെ നേരിടാന്‍ തയ്യാറെടുക്കുന്ന ഗ്രാമീണരായ ആളുകളുടെ ഒരു സംഭാഷണമുണ്ട് - ചരിത്ര പുസ്തകങ്ങളില്‍ എന്തു പറഞ്ഞാലും പൊതുവില്‍ അക്കാലഘട്ടത്തില്‍ മാപ്പിള ലഹള ഭീതി വളര്‍ത്തിയ ഒരു സംഗതി തന്നെയായിരുന്നു .അനവധി നിര്‍ബന്ധിത മത പരിവര്‍ത്തനവും ഉണ്ടായിട്ടുണ്ട് , സവര്‍ണ്ണന്റെ അനീതി കൊണ്ട് അവര്‍ണ്ണന്‍ ഇസ്ലാമായതൊക്കെ ചുരുക്കമെ ഉള്ളൂ .

  ReplyDelete
 26. @ അനോണീ - "Direct action day" ജിന്നയാണ് അത് ചെയ്യിച്ചതെന്നാരാണ് പറഞ്ഞു തന്നത് ? പഞ്ചാബിലും നവഖാലിയിലും ഉണ്ടാ‍യ വര്‍ഗ്ഗീയ കലാപങ്ങള്‍ മത ഭ്രാന്ത് കയറിയ ഒരു പറ്റം ജനതയുടെ സൃഷ്ടി തന്നെ ആയിരുന്നു . ഇരു പറ്റവും അവരവരുടെ കാമ്പുകളില്‍ പരത്തിയ വ്യാജ വാര്‍ത്തകളും മസ്തിഷ്ക പ്രക്ഷാളനവുമായിരുന്നു അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥക്കു കാരണം .


  കിംവദന്തികള്‍ , വ്യാജ വാര്‍ത്തകള്‍ - ഇരു മതത്തിലുമുള്ള ആളുകള്‍ അന്യ മതത്തിലെ സ്ത്രീകള്‍ക്കു ലൈംഗികമായ സവിശേഷതയുണ്ടെന്നു പറഞ്ഞു പരത്തിയിരുന്നു അതായത് എന്തോ വ്യത്യസ്തത - ക്രൂരമായ കൂട്ട ബലാത്സംഗങ്ങള്‍ക്കുള്ള പ്രചോദനമായിരുന്നു - ആരും മോശക്കാരായിരുന്നില്ല - ബാധിക്കപ്പെട്ട ലക്ഷോപലക്ഷം നിരപരാധികള്‍ക്കുള്ളില്‍ തന്നെയായിരുന്നു അക്രമികളും .

  ReplyDelete
 27. കുറച്ച് സത്യങ്ങളെ, അതിലധികം കെട്ടുകഥയും സ്വതാല്പര്യങ്ങളും ചരിത്രകാരന്റെ മനോധർമ്മവും ചേർത്ത് കൃത്യമായ അനുപാതത്തിൽ ചേർത്ത് തീയതിയും സ്ഥലവും അടക്കം എഴുതി വെച്ചാൽ ചരിത്രമാവും.

  ReplyDelete
 28. This comment has been removed by the author.

  ReplyDelete
 29. കൂട്ടിച്ചേർത്ത് വായിക്കേണ്ടത്:- (roopesh p raj) വിനായക് ദാമോദർ സവർക്കർ എന്ന ‘വീരസവർക്കർക്ക് ’ സ്വാതന്ത്ര്യ സമര സേനാനി, ദേശീയ ഹീറൊ എന്നീ നിലകളിൽ ഹിന്ദുത്വവാദികൾ വീരാരാധന അർപ്പിക്കാൻ തുടങ്ങിയിട്ട് അധികം കാലമൊന്നും ആയിട്ടില്ല. കൃത്യമായി പറഞ്ഞാൽ ഇന്ത്യയിൽ സംഘപരിവാറിന് അധികാരം കിട്ടിയ കാലം മുതലാണ് വീരസവർക്കറുടെ കീർത്തി കുതിച്ചുയർന്നത് അല്ലെങ്കിൽ അവർ ഉയർത്തിയത്. അതിന് മുമ്പ് ആർ എസ് എസ് സ്പോൺസർ ചെയ്യുന്ന സ്കൂൾ ടെക്സ്ബുക്കുകളിലെ നാടോടിക്കഥകളിൽ മാത്രം ഒതുങ്ങിയിരുന്ന വ്യക്തിയായിരുന്നു ‘വീര സവർക്കർ’.

  സവർക്കറുടെ വക്താക്കൾ അദ്ദേഹത്തെ ദീർഘവീക്ഷണമുള്ള നേതാവായും ഭാരതമാതാവിന്റെ സ്വാതന്ത്ര്യത്തിനായി വളരെയേറെ ത്യാഗങ്ങൾ സഹിച്ച, ദേശഭക്തിയുടെ മൂർത്തിമദ്‌ഭാവമായും കാണുന്നു. വിമോചനപ്പോരാളിയായും സാമൂഹ്യപരിഷ്‌കർത്താവായും അവർ സവർക്കറെ കൊണ്ടാടുന്നു. അതേ സമയം സവർക്കറുടെ എതിരാളികൾ അദ്ദേഹത്തിന്റെ യാഥാസ്ഥിതിക രാഷ്ട്രീയ നിലപാടുകളിലേക്കും പ്രതിലോമകരമായ പ്രവർത്തനങ്ങളിലേക്കും ഫാസിസത്തിന്റെ ഓരം ചാരുന്ന വർഗ്ഗീയരാഷ്ട്രീയത്തിന് സവർക്കർ നൽകുന്ന പിന്തുണയിലേക്കും വിരൽ ചൂണ്ടുന്നു.

  ശരിക്കും വിനായക ദാമോദർ സവർക്കർ സ്വാതന്ത്ര്യപ്പോരാളി എന്ന വിശേഷണം അർഹിക്കുന്നുണ്ടോ? സവർക്കർ അത്രയും വിശേഷപ്പെട്ട മഹോന്നതനും ജീവിതത്തിലുടനീളം ധീരനായ ഒരു സ്വാതന്ത്ര്യസമരപ്പോരാളിയും വിപ്ലവനായകനും ആയിരുന്നുവോ? കൃത്യമായി പരിശോധിക്കേണ്ട ചോദ്യങ്ങളാണ്. സവർക്കറെ ദേശീയ ഹീറോയും സ്വാതന്ത്ര്യ സേനാനിയും ആയി ഉയർത്തിക്കാട്ടുന്നതിനെതിരേ വളരെയധികം ആളുകൾ വളരെയധികം എഴുതിക്കഴിഞ്ഞിട്ടുള്ളതാണ്. എന്ത് കൊണ്ട് സവർക്കർ അത്തരം വിശേഷണങ്ങൾ അർഹിക്കുന്നില്ല?

  മഹാത്മാ ഗാന്ധിയോളം പോന്ന സ്വാതന്ത്ര്യ സമര നായകനാണ് സവർക്കർ എന്ന് സ്ഥാപിക്കാൻ ഹിന്ദുത്വവാദികൾ സാധ്യമായ എല്ലാ മാർഗ്ഗങ്ങളും അവലംബിച്ചു. സവർക്കറെന്ന ധീരപോരാളിക്ക് അർഹിച്ച അംഗീകാരം കൊടുത്തില്ല എന്നവർ നിലവിളിച്ചു. ഇതിനൊരു പരിഹാരമെന്നോണം സംഘപരിവാരമെല്ലാം ചേർന്ന് - ബോധമുള്ള ഇന്ത്യാക്കാരെയെല്ലാം ഞെട്ടിച്ച് കൊണ്ട് – സവർക്കർക്ക് ‘സ്വാതന്ത്ര്യ വീർ’ എന്നൊരു വിശേഷണമങ്ങ് ചാർത്തിക്കൊടുത്തു. (H.V. Seshadri, “The Swatantrya-Veer: Epitome of ‘Swatantrata’ and ‘Veerata’, in V. Grover (ed.), V.D. Savarkar, 1993, 367-375).

  ചിലർ വിശേഷിപ്പിച്ചതാവട്ടെ, സ്വാതന്ത്ര്യ വീറും സവർക്കറും എന്നാൽ പൂവും മണവും പോലെ, വിളക്കും വെളിച്ചവും പോലെ വേർപിരിയാനാവാത്ത സംഞ്ജകളെന്നാണ് ! (J.Trehan, “Savarkarism’, 500).

  എന്ത് കൊണ്ട് സവർക്കറുടെ വീരത്വം ചോദ്യ ചെയ്യപ്പെടുന്നു?

  സവർക്കർക്ക് വീരപരിവേഷം കൽപ്പിച്ചരുളിയവർ പോലും സൗകര്യപൂർവ്വം മറച്ച് വെക്കുന്ന ചില പൊരുത്തക്കേടുകളുണ്ട്. സ്വാതന്ത്ര്യ പോരാട്ടങ്ങളിൽ സവർക്കറുടെ പങ്കിനെക്കുറിച്ചുള്ളതാണ് അത്. ബ്രിട്ടീഷ് സാ‌മ്രാജ്യത്വത്തിന് സവർക്കർ പാദസേവ ചെയ്തതും സ്വാതന്ത്ര്യപോരാട്ടത്തിൽ ഗാന്ധിജിയോടും ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടും സവർക്കർ നിസ്സഹകരിച്ചതുമായ ഘടകങ്ങളാണ് അവർ പൂഴ്‌ത്തിവെക്കുന്നത്.

  സവർക്കറുടെ കീഴടങ്ങൽ

  1911 മുതൽ 1921 വരെയുള്ള ആൻഡമാനിലെ തടവിനിടയിൽ സവർക്കറിൽ കാര്യമായ സ്വഭാവ രൂപാന്തരീകരണം സംഭവിച്ചു. ബ്രിട്ടീഷുകാർക്ക് അദ്ദേഹം സ്വയം വഴങ്ങുകയും അവരുടെ ദയാവായ്‌പിനായി യാചിക്കുകയും ചെയ്തു. ബ്രിട്ടീഷുകാരുമായി സർവാത്മനാ സഹകരിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി. ഇത് സംബന്ധിച്ച ധാരാളം രേഖകൾ നാഷണൽ ആർക്കൈ‌വ്‌സിലുണ്ട്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ ചിഹ്നങ്ങളായിരുന്ന ഗാന്ധിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും എതിരേ സവർക്കർ പ്രവർത്തിച്ചു. തുടർന്ന് അദ്ദേഹം തീവ്ര ഹിന്ദുത്വത്തിന്റെയും വർഗ്ഗീയതയുടെയും പുനഃപരിവർത്തനത്തിന്റെയും ഹിന്ദു രാജിന്റെയും തീവ്രവക്താവായി. മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, കമ്യൂണിസ്റ്റുകൾ, മതേതരവാദികൾ മുതലായവർക്കെതിരേ വിദ്വേഷം വളർത്തുന്നതിലും അവരിലൊക്കെ ഭയം വിതക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായി. അതോടെ മുഖ്യധാരാ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളിൽ നിന്ന് സവർക്കർ നിഷ്‌കാസിതനായി.

  സവർക്കർ ജയിലിൽ നിന്ന് മോചനത്തിനായി ദയാവായ്‌പിന് അപേക്ഷിച്ചു. ആദ്യം 1911ലും പിന്നെ 1913ലും. രണ്ടാമത്തേത് സർ റെജിനാൾഡ് ക്രാഡോക്കിന്റെ സന്ദർശനത്തിനിടെ ആയിരുന്നു. 1913 നവംബർ 14 ന് എഴുതിയ കത്തിൽ സവർക്കർ പറയുന്നതിങ്ങനെ :

  “എനിക്ക് ഉചിതമായ വിചാരണയും നീതിപൂർവ്വമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട് അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ് നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിന് വിധേയമാകുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. എന്നെ അനുവദിച്ചാൽ ഇതുവരെ ഒരു വിജയമായിട്ടുള്ള പരിഷ്കരണങ്ങൾ തുടർന്ന് നടപ്പാക്കുന്നതിന് ഞാൻ ഭാവിയിൽ ശ്രമിക്കുന്നതുമായിരിക്കും.”.

  (സവർക്കറുടെ കത്തിന്റെ ശരിപ്പകർപ്പിൽ നിന്ന് Frontline, April 7, 1995).

  ReplyDelete
 30. നമുക്ക് പിന്നെയും ഇങ്ങനെ വായിക്കാം:

  “ബ്രിട്ടീഷ് ഗവണ്മെന്റ് അവരുടെ അപരമായ ഔദാര്യത്താലും ദയാവായ്‌പിനാലും എന്നെ വിട്ടയക്കുകയാണെങ്കിൽ നവോത്ഥാനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് ഗവണ്മെന്റിന്റേ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂർണ്ണമായ വിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും. […] കൂടാതെ എന്റെ പരിവർത്തനം ഒരിക്കൽ എന്നെ മാർഗദർശകനായി കണ്ട, ഇന്ത്യയിലും വിദേശത്തുമുള്ള, തെറ്റായി നയിക്കപ്പെടുന്ന അനേകം യുവാക്കളെ ബ്രിട്ടീഷനുകൂല നിലപാടിലേക്ക് മടക്കിക്കൊണ്ടുവരും. […] ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൈതൃക വാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് ‘മുടിയനായ പുത്രന് ’ മടങ്ങി വരാനാവുക? ബ്രിട്ടീഷ് ഗവണ്മെന്റിന് മാത്രമേ അത്രയും കാരുണ്യം കാണിക്കാനാവൂ…"

  (സവർക്കറുടെ കത്തിന്റെ ശരിപ്പകർപ്പിൽ നിന്ന് Frontline, April 7, 1995)

  സവർക്കറുടെ അപേക്ഷ പരിഗണിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ്, രത്നഗിരിയിൽ താമസിക്കുകയും ജില്ല വിടണമെങ്കിൽ അനുവാദം വാങ്ങുകയും അനുവാദമില്ലാതെ ഒരു പൊതു-സ്വകാര്യ രാഷ്ട്രീയപ്രവവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ലെന്നുമുള്ള നിബന്ധനകളോടെ അദ്ദേഹത്തെ മോചിപ്പിച്ചു. 1937 വരെ ഈ നില തുടർന്നു.

  ഇവിടെ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം സവർക്കർ അദ്ദേഹത്തിന്റെ മാപ്പപേക്ഷയിൽ സമ്മതിക്കുന്നത് അദ്ദേഹത്തിന് ഉചിതമായ വിചാരണ ലഭ്യമായി എന്നാണ്. ഗവണ്മെന്റ് നിർദ്ദേശിച്ച മുഴുവൻ ഉപാധികളും യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. വിട്ടയച്ചാൽ ബ്രിട്ടീഷ് നയങ്ങളുടെ വക്താവായി വർത്തിച്ചു കൊള്ളാമെന്ന് സവർക്കർ താണുകേണ് പറയുന്നു. സവർക്കറുടെ ഭാഷ അദ്ദേഹത്തിലെ ദാസ്യമനോഭാവത്തെയും ഭീരുത്വത്തെയും തുറന്നു കാണിക്കുന്നതുമായിരുന്നു. 1920 ൽ ഗാന്ധിജി യംഗ് ഇന്ത്യയിൽ എഴുതിയത് നോക്കുക:

  “സവർക്കർ സഹോദരന്മാർ സ്പഷ്ടമായും ബ്രിട്ടീഷുകാരിൽ നിന്നും മോചനം ആഗ്രഹിക്കുന്നവരല്ല. ബ്രിട്ടീഷ് സഹകരണത്തോടെ മാത്രമേ ഇന്ത്യക്ക് നിലനിൽപ്പുള്ളൂ എന്ന് വിചാരിക്കുന്നവർ ആണവർ”

  (The Collected Works of Mahatma Gandhi, vol. 17, 462.Henceforth CWMG).

  ReplyDelete
 31. This comment has been removed by the author.

  ReplyDelete

വിഷയത്തെ സംബന്ധിക്കുന്ന പ്രതികൂലമായതോ അഡീഷണല്‍ ഇന്‍ഫര്‍മേഷനോ മാത്രം സ്വാഗതം ചെയ്യുന്നു .